
Friday, 25 May 2012
മനസാക്ഷി മരവിച്ചിട്ടില്ലാത്തവര്‍ പ്രതികരിക്കുക.

ഹര്‍ത്താലും ബന്ദും കേരളത്തിന്റെ ദേശിയ ഉത്സവം ആണ്... ഓണവും ക്രിസ്മസും ബക്രീദും വിഷുവും ഒക്കെ കേരളത്തില്‍ വ്യാപകമായി ആഘോഷിക്കപ്പെടുന്നു എങ്കില്‍ കൂടി, അതൊക്കെ ഏതെന്കിലും മത വിഭാഗത്തിന്‍റെ വിശേഷങ്ങളും ആയി ബന്ധപ്പെട്ടു കിടക്കുന്നു. അതിനാല്‍ കേരളത്തിന്‍റെ ദേശിയ ഉത്സവം ആയി മാറിയിരിക്കയാണ് ഹര്‍ത്താലുകള്‍. ബന്ദു എന്ന ഓമനപ്പേരില്‍ കേരളത്തില്‍ ഈ ആഘോഷം നടത്തുവാന്‍ ഹൈക്കോടതി ( കോടതികള്‍ അല്ലെങ്കിലും ബൂര്‍ഷ്വാ ആണല്ലോ) അനുവാദം ഇല്ലാത്തതിനാല്‍ ആണല്ലോ നമ്മള്‍ ബന്ദിന്റെ പേര് മാറ്റി ഹര്‍ത്താല്‍ എന്ന പേരില്‍ ഈ ഉത്സവം ആഘോഷിക്കുന്നത്..
Thursday, 24 May 2012
അരാഷ്ട്ര വാദവും ഒരു പണിമുടക്കും.
പണിമുടക്കിയാലും വെറുതെ ഇരിക്കാന്‍ പറ്റില്ലല്ലോ... ഇന്ന് ദുബായ് ഷാര്‍ജ വഴിക്കൊക്കെ ഒന്നിറങ്ങി പണിമുടക്ക് ഒക്കെ എങ്ങനെ നടക്കുന്നു എന്നറിയാന്‍ ഒരു മറ്റേതു... എന്ത്? ജിജ്ഞാസ ..
ഗിസയിസില്‍ നിന്ന് എയര്‍ പോര്‍ട്ട് ടണല്‍ റോഡില്‍ കൂടി ഷാര്‍ജ ലിങ്ക റോഡു വഴി ഒരു യാത്ര... ഷാര്‍ജയിലെക്കുള്ള റോഡില്‍ വാഹനങ്ങള്‍ അത്യപൂര്‍വം ആയിരുന്നു, (മറുവശത്തെ റോഡിലേക്ക് ഞാന്‍ നോക്കാറില്ല, വളരെ സൂഷ്മമായി വാഹനം ഓടിക്കുന്ന ആള്‍ ആണ് ഞാന്‍) ആ കാഴ്ച എന്നെ അഭിമാന പുളകിതനാക്കി.. ഷാര്‍ജയിലുള്ളവര്‍ എല്ലാവരും പൊതു പണിമുടക്കില്‍ പങ്കേടുക്കുന്നല്ലോ എന്നൊരു ആശ്വാസം. ലിങ്ക റോഡു വഴി അല്‍ നാദ ഭാഗത്ത് എത്തിയപ്പോള്‍ ഷാര്‍ജ ഭാഗത്തെ അപൂര്‍വമായി മാത്രം ചില പ്രൈവറ്റു വാഹനങ്ങള്‍ വളരെ പതുക്കെ മുന്നോട്ടു നീങ്ങുന്നു... വല്ല ആശുപത്രി കേസോ, ക്ഷേത്ര ദര്‍ശനത്തിനു പോകുന്നവരോ ആയിരിക്കും.
പക്ഷെ മലയാള നാട് യു എ ഇ ഹെഡ് ക്വാര്‍ട്ടെര്സിന്റെ അടുത്തു കൂടി ഒക്കെ ഒന്ന് തിരിഞ്ഞപ്പോള്‍ സംഗതി പന്തിയല്ല എന്ന് മനസിലായി... ദുബായ് ഭാഗത്തേക്കുള്ള റോഡു ബ്ലോക്ക് ചെയ്തിരിക്കുന്നത് കാണുവാന്‍ കഴിഞ്ഞു... മുന്‍പില്‍ എവിടെയോ വാഹനങ്ങള്‍ തടഞ്ഞിരിക്കണം...ധീര വീര പണിമുടക്കികളെ മനസ്സില്‍ നമിച്ചു കൊണ്ടും നിറയെ അഭിവാദ്യങ്ങള്മായി അവിടെ കുറെ നേരം നിന്നു ..
സേവ, ( ഷാര്‍ജ എലെക്ട്രിസിറ്റി) ആഫീസില്‍ നിന് രണ്ടു പഹയന്മാര്‍ രാവിലെ 7.30 നു ഇന്‍സ്പെക്ഷന് ഷോപ്പില്‍ വരും എന്ന് പറഞ്ഞിരുന്നു.. ആ പഹയന്മാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ടോ എന്നതും വിശദമായി പരിശോധിക്കേണ്ടിയിരിക്കുന്നു... വല്ല കരിങ്കാലി പണിയും ഇവറ്റകള്‍ ചെയ്തു കൂട്ടിയാലോ... എഴരയായി, എട്ടു മണിയായി, .. അവന്മാരെ കാണുന്നില്ല... ഞാന്‍ പുളകിത ഗാത്രനായി കുറച്ചു നേരം കൂടി അവിടെ നിന്ന്...
എട്ടരയായി, എന്‍റെ ദേഹത്തെ രോമങ്ങള്‍ പോലും എഴുന്നേറ്റു നിന്ന് പണിമുടക്കിന് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുവാന്‍ തുടങ്ങിയപ്പോള്‍ , അതാ ഒരു പിക്കപ്പ് ട്രക്ക് ഷോപ്പിന്റെ മുന്നില്‍ നിര്‍ത്തുകയും തടിമാടന്മാരായ രണ്ടു പാക്കിസ്ഥാനികള്‍ വാഹനത്തില്‍ നിന്ന് ചാടിയിറങ്ങി ഷോപ്പിലെ കയറുവാനും നോക്കുന്നു.. ഞാന്‍ പെട്ടെന്ന് കടയുടെ വാതില്‍ ചാരിയിട്ടു പുറത്തിറങ്ങി... കണ്ടിട്ട് ഇവന്മാര്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ആയിരിക്കും. കട അടപ്പിക്കുവാന്‍ വരുന്നതാവും... അവന്മാര്‍ കയ്യില്‍ ഇരിക്കുന്ന പേപ്പറില്‍ നോക്കി, കടയിലെക്കും എന്‍റെ മുഖത്തേക്കും നോക്കുന്നു... ഒരു നിമിഷം എന്‍റെ മനസ്സില്‍ കൊള്ളിയാന്‍ മിന്നി. വല്ല ക്വോട്ടെഷനും ആകുമോ?
"ആരെങ്കിലും ഒറ്റു കൊടുത്തതാകും." എന്നിലും ആത്മ ഗതം ..
പിന്നീടാണ് അവര്‍ സേവ ആപ്പീസില്‍ നിന്നും വന്നവര്‍ ആണ് എന്ന് മനസിലായത്... വന്ന ഉടനെ അവര്‍ ക്ഷമാപണം നടത്തി... ഇന്ന് അന്തര്‍ ദേശിയ പണിമുടക്ക് ആണ്, അതിനാല്‍ രാവിലെ ഒരു മണിക്കൂര്‍ സമരത്തില്‍ പങ്കെടുത്തിട്ടാണ് വരുന്നത് എന്നും.. പിന്നെ തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ തുടങ്ങി നേതാക്കന്മാര്‍ അനുഭവിക്കുന്ന കൊടും ദാരിദ്ര്യത്തെ ( ആശയ പരം ) കുറിച്ചുമൊക്കെ വിങ്ങി പൊട്ടി ആണവര്‍ തിരികെ പോയത്...
ഒടുവില്‍ തിരികെ ദുബായിലേക്ക് പോകാം എന്ന് കരുതി ദുബായി റോഡില്‍ വരുമ്പോള്‍, ആദ്യം ബ്ലോക്ക് ആയിരുന്ന റോഡില്‍ നിന്ന് വാഹനങ്ങള്‍ ഒക്കെ കുറേശ്ശെ ആയി നീങ്ങുന്നു... വാഹനം തടഞ്ഞവരെ പോലീസ് എത്തി , ലാത്തി വീശിയും കണ്ണീര്‍ വാതകം, ജല പീരങ്കി, ഗ്രനേഡ്, വെടിവയ്പ്പ് തുടങ്ങിയ തൊഴിലാളി വിരുദ്ധ മര്‍ദ്ദന പീഡന പരിപാടി ഒക്കെ കഴിഞ്ഞു വാഹനങ്ങള്‍ നീങ്ങുന്നതായിരിക്കും.. വായില്‍ നിന്ന് പോലീസിനെതിരെ അജ്ഞാത ശബ്ദങ്ങള്‍ പുറത്തു വന്നു കൊണ്ടിരുന്നു... ( പോലീസ് ഞങ്ങള്‍ക്ക് പുല്ലാണേ, എന്ന് തുടങ്ങി പലതും ...)ഇപ്പോഴും പക്ഷെ വാഹനങ്ങള്‍ ഇഴഞ്ഞു ആണ് നീങ്ങുന്നത്... എന്തായാലും ആരോടെങ്കിലും ഒന്ന് തിരക്കാം എന്ന് കരുതി അടുത്തു കണ്ട വാഹന ഉടമയോട് ചോദിച്ചപ്പോള്‍ ആണ്, മനസിലായത്, ഇന്ന് പൊതു പണി മുടക്ക് ആയതിനാല്‍ ഷാര്‍ജയില്‍ ഉള്ള ജനങ്ങള്‍ എല്ലാവരും കൂടി ദുബായില്‍ കോഴി, കുപ്പി എന്നിവ മേടിക്കാനും മറ്റു ഉല്ലാസ പരിപാടികള്‍ക്കുമായി പോകുന്നത് ആണ് പോലും...
എന്തായാലും ദുബായ് റോഡില്‍ ഞാനും കൂടി...ഗിസയിസ് വെല്‍ കെയര്‍ ക്ലിനിക് ഏതോ മാടമ്പിയുടെതാണ് എന്ന് കേട്ടിട്ടുണ്ട്... അവിടെ സമരം നടക്കുന്നോ എന്നറിയുവാന്‍ ഉള്ള ആകാംഷയില്‍ അവിടെയും ചെന്ന്... ഇന്നലെ തന്നെ അവിടെ വിളിച്ചു ചോദിച്ചത് അനുസരിച്ച് ഇന്ന് രാവിലെ 8.30 നു ചെല്ലുവാന്‍ ആണ് പറഞ്ഞിരുന്നത്...ഇപ്പോള്‍ തന്നെ സമയം ഒന്‍പതര കഴിഞ്ഞിരിക്കുന്നു... ഒരു പക്ഷെ സമരം എല്ലാം കഴിഞ്ഞു , ക്ലിനിക് ഒക്കെ അടച്ചു അവര്‍ പോയി കാണും... എങ്കിലും ചെന്നു നോക്കി..
വിസിറ്റര്‍ ഏരിയയില്‍ പേരിനു പോലും ഒരു കുഞ്ഞും ഇല്ല, എല്ലാവരും പൊതു പണിമുടക്കില്‍ പന്കെടുക്കുന്നതാവാം കാരണം. ഒരു ഫിലിപ്പിനോ പെന്‍ കുട്ടി പറഞ്ഞത് അനുസരിച്ച് അവളുടെ പിന്നാലെ പോയി. ഒരു മുറിയില്‍ കയറ്റി, ഒരു ത്രാസ് കാണിച്ചു അതില്‍ കയറി നില്‍ക്കാന്‍ പറഞ്ഞു... എന്റെ തൂക്കം നോക്കാന്‍, ഇതെന്താ അറവു പുരയോ... "ഓ യു ലുക്ക് സെക്സി "എന്ന് അവളോട് പറയാന്‍ മനസ്സ് പറഞ്ഞതാ...മ്മടെ മമത ശര്‍മ ഇങ്ങനെ ഒക്കെ പറയാനുള്ള അവകാശം നമുക്ക് തന്നിരിക്കയല്ലേ... എന്തായാലും കയ്യിലും കാതിലും ഒക്കെ ഏതാണ്ടൊക്കെ കയറുകള്‍ കൊണ്ടവള്‍ എന്നെ വരിഞ്ഞു മുറുക്കുന്നു... ഇനി എപ്പോള്‍ വേണമെങ്കിലും എന്നെ അറുക്കും ... അന്ത്യ കൂദാശ പോലും ഇല്ലാതെ...
ഒടുവില്‍ അവള്‍ എന്നെ മറ്റൊരു മുറിയിലേക്ക് കയറ്റി കതകടച്ചു.. അവിടെ ബുദ്ധി ജീവി പരിവേഷത്തില്‍ , ബുള്‍ഗാന്‍ താടി ഉള്ള ഒരാള്‍ എന്‍റെ ചങ്കിലും പുറത്തും ഒക്കെ കുറെ തട്ടും മുട്ടും തന്നു... ഇടയ്ക്കിടക്ക് ശ്വാസം വലിച്ചു വിടുവാനും പറഞ്ഞു... ( ഇനി വലിച്ചു വിടുവാന്‍ അധികം ഉണ്ടാകുമോ എന്നൊരു ഭയം ഇപ്പോള്‍ )
വെളിയില്‍ വന്നപ്പോള്‍ പഴയ ഫിലിപ്പിനോ സെക്സി മുന്നില്‍...,...
"ഫാസ്റ്റിംഗ് ആണോ? " എന്‍റെ ദയനീയ ഭാവം കണ്ടു ചോദിച്ചതാവുമോ... എന്തെങ്കിലും കഴിക്കാന്‍ കിട്ടും എന്ന് കരുതി ഞാന്‍ 'അതെ' എന്ന് പറഞ്ഞു...എന്നെ മറ്റൊരു മുറിയില്‍ കൊണ്ട് പോയി കസേരയില്‍ ഇരുത്തി... എന്തെങ്കിലും കഴിക്കാന്‍ കിട്ടും എന്ന് നോക്കിയിരുന്ന എന്‍റെ മുന്നിലേക്ക് ഒരു സൂചിയും ആയി മറ്റൊരു സെക്സി... ഒരു മല്ലു സെക്സി...
കുറെ രക്തം ആ സെക്സി യക്ഷി കുടിച്ചു തീര്‍ത്തു എന്നു മാത്രം അല്ല... അവര്‍ പറയുകയാണ്.,... നിങ്ങള്‍ ഒരു അരാഷ്ട്ര വാദി ആണ്... അതും എന്‍റെ മുഖത്ത് നോക്കി...രക്തത്തിന്‍റെ രുചിയില്‍ നിന്നും എന്തൊക്കെ മനസിലാക്കാം....
ഇല്ല, ഇല്ല , ചോര കൊടുത്ത് നേടിയതാണീ സ്വാതന്ത്ര്യം എന്ന് എനിക്ക് വിളിച്ചു പറയണം എന്നുണ്ടായിരുന്നു...
( കഴിഞ്ഞ പൊതു പണിമുടക്ക് ദിവസം എഴുതിയത് ആണ്... സാദാരണ പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ ദുബായില്‍ നിന്ന് ഷാര്‍ജയിലെക്കുള്ള റോഡു വിജനവും, ഷാര്‍ജയില്‍ നിന്ന് ദുബായിലെക്കുള്ളത് വളരെ തിരക്കേറിയതും ആയിരിക്കും)
Sunday, 13 May 2012
ഇങ്ങനെയും ആഘോഷിക്കാം നഴ്സസ് ദിനം.
ഇന്നലെ 12-05-2012 ഫ്ലോരെന്‍സ് നയിറ്റിംഗേളിന്‍റെ ജന്മദിനം ആയിരുന്നു. രാത്രിയില്‍ പോലും വിളക്കും തെളിച്ചു യുദ്ധത്തില്‍ മുറിവും ചതവും പറ്റിയവര്‍ക്ക്, രോഗികള്‍ക്ക് മരുന്ന് സഞ്ചിയും ആയി വീടുകള്‍ തോറും പരിചരിച്ച നഴ്സ്. നഴ്സിംഗ് എന്ന പ്രോഫെഷന് ശാസ്ത്രിയമായ അടിത്തറയിട്ടത് ഈ മഹതി ആണ്. "ലേഡി വിത്ത് ദി ലാമ്പ് " എന്ന പേരില്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആണ് ഈ ആതുര ശുശ്രൂഷകയെ ആദ്യമായി അറിയാന്‍ ഇടവന്നത്. ലണ്ടനിലെ സെ.തോമസ് ഹോസ്പിറ്റലില്‍ ആണ് ഇവര്‍ ആദ്യമായി നഴ്സിംഗ് സ്കൂള്‍ തുടങ്ങിയത്. ഫ്ലോരെന്സിന്റെ ജന്മദിനം ആണ് ഇന്ന് ആഗോള തലത്തില്‍ നഴ്സസ് ദിനമായി ആചരിക്കുന്നത്.
ഇന്നലെ രാവിലെ പത്രം തുറന്നു നോക്കിയപ്പോള്‍ ദുബായിലെ പ്രസിദ്ധമായ ഒരു ആശുപത്രിയുടെ പരസ്യം കണ്ടു ഒന്ന് ഞെട്ടാതിരുന്നില്ല. ആഗോള നഴ്സ് ദിനം പ്രമാണിച്ചു തങ്ങളുടെ ഹോസ്പിറ്റലിലെ നഴ്സ്മാര്‍ക്ക് അഭിവാദ്യം നേര്‍ന്നു കൊണ്ട് ഒരു നഴ്സ് രോഗിയെ ശുശ്രൂഷിക്കുന്ന ഫോട്ടോയും ആയുള്ള കളര്‍ പരസ്യം. എന്ന് മുതല്‍ ആണ് ആശുപത്രിക്കാര്‍ നഴ്സുമാരെ അംഗീകരിച്ചു തുടങ്ങിയത് എന്ന് ഞാന്‍ ഓര്‍ത്തു കണ്ണ് മിഴിച്ചു. മലയാളി ചെയര്‍മാനായുള്ള ദുബായിലെ വലിയ ഒരു ആശുപത്രി ശ്രിംഘല ആണ് ഈ പരസ്യം നല്‍കിയത്. എന്‍റെ ഭാര്യ ജോലി ചെയുന്ന ഈ ആശുപത്രിയില്‍ ആണ്, ദുബായില്‍ ഏറ്റവും കൂടുതല്‍ ശമ്പളം കൊടുക്കുന്നതും. ഇവിടത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ കൊടുക്കുന്നതിലും കൂടുതല്‍ ശമ്പളം ഇവിടെ ലഭിക്കും. മാത്രമല്ല, എല്ലാ വര്‍ഷവും മാന്യമായ ഇന്ക്രിമെന്റും ഇവര്‍ക്ക് ലഭിക്കുന്നു. അതിനൊപ്പം വാര്‍ഷിക ബോണസും.
ശനിയാഴ്ച ആയിരുന്നു നഴ്സസ് ദിനമെന്കിലും അന്ന് പ്രവര്‍ത്തി ദിവസം അല്ലതിരുന്നതിനാല്‍ ഇന്ന് ആണ് ഹോസ്പിറ്റലില്‍ നഴ്സ് ദിനത്തോട് അനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ നടന്നത്. ഡ്യൂട്ടിക്ക് ചെന്നപ്പോള്‍ മുതല്‍, അതായത് രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം അഞ്ചു മണിവരെ അനേകം ഗെയിംസ് ഇവര്‍ക്ക് വേണ്ടി നടത്തി. രാവിലെ പൊതുവായും , പിന്നെ ഓരോ യൂണിറ്റിലും കേക്ക് മുറിക്കുകയും സമ്മാന വിതരണങ്ങള്‍ നടത്തുകയും ഉണ്ടായി. എല്ലാ നഴ്സ് മാരും ഈ ഒരു ദിവസത്തിനു വേണ്ടി ആശുപത്രി നല്‍കിയ പ്രത്യേക ടീ ഷര്‍ട്ടുകള്‍ ഇട്ടു കൊണ്ടാണ് ജോലി ചെയ്തത്. ഇത് രോഗികള്‍ക്കും പൊതു ജനത്തിനും ഒരു ബോധവല്‍ക്കരണം കൂടി ആയിരുന്നു. തങ്ങളെ മാനേജുമെന്റ് കെയര്‍ ചെയുന്നു എന്നതില്‍ അവിടെ ജോലി ചെയുന്ന നഴ്സുമാര്‍ക്ക് അഭിമാനം നല്‍കിയ നിമിഷങ്ങളും. ഒടുവില്‍ മാനേജുമെന്റിന്റെ വക സമ്മാനവും എല്ലാ നഴ്സുമാര്‍ക്കും ലഭിക്കുകയും ചെയ്തു.

ഞാന്‍ ഇതെഴുതുവാന്‍ കാരണം നമ്മുടെ നാട്ടിലെ ആശുപത്രികളില്‍ മാലാഖാമാരെ പോലെ ജോലി ചെയുന്ന നഴ്സുമാരുടെ ജോലിയിലുള്ള പീഡനങ്ങള്‍ കണ്ടപ്പോള്‍, സ്വന്തം ജോലിക്കാരെ നന്നായി കെയര്‍ ചെയുന്ന ആശുപത്രികളും ഈ ലോകത്ത് ഉണ്ട് എന്ന് കാണിക്കുവാന്‍ ആണ്. ഇതൊരു മാതൃക ആയി സ്വീകരിക്കവുന്നത്തെ ഉള്ളു, നമ്മുടെ നാട്ടിലെ ഹോസ്പിറ്റലുകള്‍ക്കും.
ഈ അടുത്ത കാലത്താണ് ഇന്ത്യയില്‍ നഴ്സ് മാരുടെ പ്രശ്നങ്ങള്‍ ദേശിയ ശ്രദ്ധ നേടുന്നത്. രാത്രിയിലും പകലും ഒന്ന് പോലെ ജോലി ചെയുന്ന , മൂന്നരയും അഞ്ചും വര്ഷം പടിപ്പു കഴിഞ്ഞു, കടുത്ത പരിശീലനത്തിന് ശേക്ഷം മാത്രം കിട്ടുന്ന ജോലി ആണ് നഴ്സിംഗ്. നമ്മുടെ നാട്ടില്‍ , ഒരു വിദ്യാഭ്യാസവും ഇല്ലാത്ത സാധാരണ കൂലിപ്പണിക്കാര്‍ക്ക് പോലും അഞ്ഞൂറും അതില്‍ കൂടുതലും വേതനം ദിവസവും കിട്ടുമ്പോള്‍ ഇന്നും ഇരുനൂറു രൂപ ദിവസക്കൂലിക്ക് ചില വി ഐ പി ആശുപത്രിയില്‍ പോലും ജോലി നോക്കുന്ന നഴ്സ്മാര്‍ പോലും ഇന്ത്യയില്‍ ഉണ്ടെന്നു കേള്‍ക്കുമ്പോള്‍ മൂക്കത്ത് വിരല്‍ വച്ച് പോകും. പല വി ഐ പി ഹോസ്പിറ്റലിലും പന്ത്രണ്ടു മണിക്കൂര്‍ വീതം ആഴ്ചയില്‍ ആറു ദിവസവും ജോലി ചെയുന്ന നഴ്സുമാര്‍ ഉണ്ട്. രാവിലെ ഡ്യൂട്ടിക്ക് ചെന്നാല്‍ കാപ്പി കുടിക്കുവാനോ, ഭക്ഷണം കഴിക്കുവാണോ കഴിയാതെ രോഗികളെ പരിചരിക്കുക ആണ് അവരുടെ കടമ. വി ഐ പി രോഗികള്‍ ആണ് എങ്കില്‍, രോഗികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ഇഷ്ടപ്പെടുന്ന രീതിയില്‍ ആയിരിക്കണം ജോലി ചെയെണ്ടതു. പലപ്പോഴും രോഗികളും അവരുടെ ബന്ധുക്കളും ചെയേണ്ട പണികള്‍ പോലും ഇവരെ കൊണ്ടാണ് ചെയിക്കുന്നത്. അവരുടെ വായിലിരിക്കുനന്തു എല്ലാം കേള്‍ക്കേണ്ടതും നഴ്സുമാര്‍ ആണ്.
കഴിഞ്ഞ വര്ഷം ഏഷ്യന്‍ ഹാര്‍ട്ട് ഹോസ്പിറ്റലില്‍ മാനസീക പീഡനം താങ്ങാനാവാതെ മലയാളിയായ നഴ്സ് ആത്മഹത്യ ചെയ്തപ്പോള്‍ മാത്രം ആണ് നഴ്സുമാരുടെ പ്രശ്നങ്ങള്‍ ദേശിയ ശ്രദ്ധ ആകര്‍ഷിച്ചത്. അതെ തുടര്‍ന്ന്, നഴ്സുമാര്‍ തങ്ങളുടെ അവകാശങ്ങളെ കുറിച്ച് ബോധവതികള്‍ ആകുകയും, ഒരു രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണ ഇല്ലാതെ സ്വയം സംഘടിച്ചു സമരത്തിന് ഇറങ്ങി തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കുകയും ഉണ്ടായി. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇപ്പോള്‍ തൊഴിലാളി ക്ഷേമത്തില്‍ അല്ല മുതലാളി ക്ഷേമത്തില്‍ ആണല്ലോ താല്പര്യം. സമരം നടത്തിയ നഴ്സുമാരെ മുതലാളിമാര്‍ എത്ര നീചമായിട്ടാണ് അപമാനിച്ചതും പീഡിപ്പിച്ച്ചതും എന്ന് കൂടി നാം ചേര്‍ത്തു വായിക്കേണ്ടതുണ്ട്.
ആരോഗ്യ മേഖല എന്നത് കുറെ ഡോക്ടര്‍മാര്‍ക്കും മുതലാളിമാര്‍ക്കും മാത്രം പണമുണ്ടാക്കാന്‍ ഉള്ള ഒരു സംവിധാനം ആയിട്ടാണ് എല്ലാവരും കണ്ടു വരുന്നത്. ഒരു രോഗിയുടെ ജീവന്‍ രക്ഷിക്കുന്നതില്‍ ഡോക്ടര്‍ക്ക് മാത്രം അല്ല , ആ മേഖലയും ആയി പ്രവര്‍ത്തിക്കുന്ന നഴ്സുമാര്‍, ഫാര്‍മസിസ്റ്റുമാര്‍, ലാബ് ടെക്നീഷ്യന്മാര്‍ തുടങ്ങി എല്ലാവര്ക്കും അതില്‍ പങ്കുണ്ട്. പക്ഷെ സാധാരണയായി ഡോക്ടര്‍മാര്‍ക്ക് മാത്രം ആണ് ഇക്കൂട്ടത്തില്‍ മാന്യമായ ശമ്പളം ലഭിക്കുന്നത്. ഒരു പക്ഷെ ആശുപത്രിയില്‍ കിടന്നിട്ടുള്ളവര്‍ക്ക് അറിയാം, പലപ്പോഴും നഴ്സുമാര്‍ ആണ് രോഗികള്‍ക്ക് സ്വാന്തനം നല്‍കുന്നതും ആശ്വസിപ്പിക്കുന്നതും, പരിച്ചരിക്കുന്നതും.
കേരളത്തിലും ഇന്ത്യയിലും ഒരു പക്ഷെ ഏറ്റവും അവസാനമായി നടക്കുന്ന വര്‍ഗ സമരമായിരിക്കും ഈ നഴ്സസ് സമരം. വര്‍ഗ വിപ്ലവ പാര്‍ട്ടികള്‍ പോലും ഇന്നിപ്പോള്‍ അവരുടെ തൊഴിലാളി പ്രസ്ഥാനങ്ങളെ തള്ളിപ്പറയുന്ന കാലം ആണല്ലോ ഇത്. ഒട്ടും സംഘടിതമല്ലാത്ത ഈ തൊഴിലാളി വര്‍ഗം അവരുടെ കര്‍ത്തവ്യ്ങ്ങള്‍ക്കായി സ്വയം സംഘടിക്കുന്നു. ഒരു രാഷ്ട്രീയ പ്രസ്ഥാനവും കൂട്ടിനില്ലാതെ ഒറ്റയക്ക് സമരം ചെയുന്നു. നാടുകാരെ ബുദ്ധിമുട്ടിലാക്കാനുള്ള ഒരു വെറും സമരം ആകാതെ, തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാനും ഇവര്‍ക്കാകുന്നു.
ഇവരുടെ ശമ്പളം കാലോചിതമായി പരിഷ്ക്കരിക്കുവാന്‍ സര്‍ക്കാര്‍ നിയമിച്ച ഡോ.ബലരാമന്‍ കമ്മിഷന്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ നടപ്പാക്കും എന്ന് പ്രത്യാശിക്കാം.
Friday, 11 May 2012
കൊല വെറിയും കൊല വിളിയും.

കഴിഞ്ഞ ദിവസങ്ങള്‍ ശോകമൂകമായിരുന്നു. വല്ലാത്ത ഒരു അസ്വസ്ഥത ആയിരുന്നു മനസ് മുഴുവന്‍. ഇന്നും ആ വിങ്ങല്‍ വിട്ടു പോയിട്ടില്ല. എന്നാലും ഒരു മനുഷ്യ ജീവനെ ഇങ്ങനെ കീറി നുറുക്കാന്‍ ഇവനൊക്കെ എങ്ങനെ മനസു വന്നു.
ഇതിനു മുന്‍പും കൊലപാതകങ്ങള്‍ വിങ്ങലുകള്‍ ആയിട്ടുണ്ട്. ഇന്ദിരയെ കൊന്നത് വെടിവെച്ചാണ്. രാജീവും ബേനസീറും ഒക്കെ കൊല്ലപ്പെട്ടത് ബോംബാക്രമണത്തില്‍ ആണ്. ഇറാക്കിലെ പട്ടാള ഭരണാധികാരി സദ്ദാം ഹുസൈനെ തൂക്കി കൊല്ലുകയാണ് ഉണ്ടായത്. ഗദ്ദാഫിയും അപമൃത്യുവിനു ഇരയാകുകയാണ് ഉണ്ടായത്. നേതാക്കന്മാരുടെ കാര്യം മാത്രമല്ല, യുദ്ധത്തിലും അപകടങ്ങളിലും ബോംബാക്രമണങ്ങളിലും അനേകം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ആര്‍ എസ്സ എസ്സ കാരന്‍ എന്ന ലേബല്‍ ഉണ്ടായിരുന്ന ജയകൃഷ്ണന്‍ മാഷിനെ പിഞ്ചു കുട്ടികളുടെ മുന്നില്‍ വച്ച് കൊന്നതാണ് ഇതിനു മുന്‍പ് മനസിനെ പിടിച്ചുലച്ച സംഭവങ്ങളില്‍ ഒന്ന്. ഒരു കൊലപാതകത്തിലൂടെ അന്ന് ആ ക്ലാസ്സിലുണ്ടായിരുന്ന എത്ര കുഞ്ഞുങ്ങളെ ആണവര്‍ കൊന്നത്. രാഷ്ട്രീയം ഇത്ര വലിയ വെറിയന്മാരെ എങ്ങനെ പടുത്തുയര്‍ത്തുന്നു.
ഒരു തോക്ക് കൊണ്ടോ, ഒരു പിച്ചാത്തി കൊണ്ടോ, വടി വാള്‍ കൊണ്ടോ, ഒരു 'എസ്" കത്തി കൊണ്ടോ, ഒരു മഴു കൊണ്ടോ, ഒരു ബോംബു കൊണ്ടോ, വാഹനം കൊണ്ടുള്ള ഒരു ഇടി കൊണ്ടോ, ഒരു നിമിഷം കൊണ്ട് ഇങ്ങനെ ഒരു കൊല നടത്താമായിരുന്നു. ഇത് ഒന്നും രണ്ടും അല്ല, അമ്പത് വെട്ടുകള്‍. അതില്‍ മിക്കതും തലയ്ക്കും മുഖത്തും. തലയോട്ടി വെട്ടിപ്പൊളിച്ച്... മുഖം തിരിച്ചരിയാവാനാത്ത വിധം വികൃതമാക്കി.... തീര്‍ത്തും പൈശാചികമായ ഒരു കൊല പാതകം.
സഖാവ് ടി പി ചന്ദ്രശേഖരനെ കൊന്നു എന്ന് പറയപ്പെടുന്ന കൊടി സുനി, റഫീക്ക് എന്നിവരെ ഒരിക്കല്‍ പോലും സഖാവ് ചന്ദ്രശേഖര്‍ കണ്ടിട്ടില്ല. ഇവരുടെ ആരുടേയും അമ്മയെയോ, സഹോദരിയെയോ ഒന്നും ഇദേഹം പീഡിപ്പിച്ചിട്ടില്ല. അല്ലെങ്കില്‍ ബലാല്‍സംഘം ചെയ്തിട്ടില്ല. ഇവരുടെ അപ്പനെയോ ബന്ധുക്കളെയോ ഇദേഹം കൊന്നിട്ടില്ല. ഇവരില്‍ ആരുമായോ, ഒരു അടിപിടിയോ, ഒരു വസ്തു തര്‍ക്കമോ ഇദേഹം നടത്തിയിട്ടില്ല. ഇവര്‍ക്കെതിരെ ഒരു കേസിനും കള്ളസാക്ഷി പറഞ്ഞിട്ടില്ല. പിന്നെ എന്തിനായിരിക്കണം ഇദേഹത്തെ കൊന്നത്.
പ്രത്യയ ശാസ്ത്രപരമായ ഭിന്നതകള്‍ കാരണം ആണ്, സഖാവ് ചന്ദ്രശേഖര്‍ സി പി എമ്മില്‍ നിന്നും പുറത്തു പോയത്. ഒരു കാലത്ത് പാര്‍ട്ടിയുടെ ആരാധ്യനായ സഖാവ് വി എസ്സിന്റെ കൂട്ടാളി ആയ ഒരേ ഒരു കാരണം കൊണ്ട്, വെട്ടി നിരത്തലിനു ഉള്ള ശ്രമം ഉണ്ടായത് കൊണ്ടാണ് ആണ് അദേഹം പാര്‍ട്ടി വിട്ടത്. താന്‍ വിശ്വസിച്ചിരുന്ന പാര്‍ട്ടി, ആശയങ്ങളില്‍ നിന്ന് പിന്നോക്കം പോവുകയും, കൊള്ളക്കാരുടെയും മാഫിയ നേതൃത്വത്തിന്റെയും പിടിയില്‍ അമരുന്നത് കണ്ടു നില്‍ക്കാന്‍ ത്രാണി ഇല്ലാതെ പാര്‍ട്ടി വിട്ടു താന്‍ വളര്‍ത്തികൊണ്ട് വന്ന രാഷ്ട്രീയ വിശ്വാസത്തില്‍ അടിയുറച്ചു നില്‍ക്കുവാനും അങ്ങനെ തന്റെ മേഖലയില്‍ രാഷ്ട്രീയത്തിലെ മാന്യത തിരിച്ചു കൊണ്ട് വരുവാനും ശ്രമിച്ച ധീരനായ പോരാളി ആയിരുന്നു സഖാവ് ടി പി. പാര്‍ട്ടിയില്‍ നിന്ന് വിട്ടു പോയവര്‍ പലരും വലതു പക്ഷ പാളയത്തില്‍ അഭയം തേടിയപ്പോള്‍, തനിക്ക് കിട്ടുമായിരുന്ന എം പി സ്ഥാനം പോലും വേണ്ട എന്ന് പറഞ്ഞു, ശരിയായ കമ്മ്യുണിസ്റ്റ് ആയി ജീവിച്ച സഖാവിനെ ആണ് കൂലം കുത്തികള്‍ അവരുടെ കൊല വെറിക്ക് ഇരയാക്കിയത്.
റെവലൂഷനറി മാര്‍ക്സിക്സ്റ്റു പാര്‍ട്ടിയുടെ നേതാവായിരുന്ന സഖാവ് ടി പി ചന്ദ്രശേഖര്‍ ഒരു പ്രദേശത്തെ ജനങ്ങളുടെ മുഴുവന്‍ വാല്‍സല്യം ആയിരുന്നു. ജനങ്ങളുടെ ഏതു ആവശ്യങ്ങള്‍ക്കും അവര്‍ക്കിടയില്‍ ഒരു നേതാവായിട്ടായിരുന്നില്ല, അവര്‍ക്കിടയില്‍ അവരിലൊരാള്‍ ആയിട്ടായിരുന്നു ഈ ചെറുപ്പക്കാരന്‍ പ്രവര്‍ത്തിച്ചിരുന്നത്. കായികമായും താര്‍ക്കീകമായും ആര്‍ക്കും അത്ര എളുപ്പത്തില്‍ ചന്ദ്ര ശേഖറിനെ എതിരുടുക പ്രയാസം ആയിരുന്നു.

സഖാവ് ചന്ദ്രശേഖര്‍ ഒഞ്ചിയം മേഖലയിലെ ജനങ്ങളുടെ കണ്ണിലുണ്ണി ആയിരുന്നു. എല്ലാവരുടെയും പ്രിയപ്പെട്ടവനായിരുന്ന ഇദേഹ ത്തിനു എങ്ങനെ ശത്രുക്കള്‍ ഉണ്ടായി? ഒരിക്കലും ഇദേഹത്തോട് യാതൊരു വിധ ശത്രുതയും ആരും വ്യക്തിപരമായി വച്ചു പുലര്‍ത്തിയിരുന്നില്ല. ഇതിനു മുന്‍പും സഖാവിനെ വധിക്കുവാന്‍ സി പി എം മൂന്നു പ്രാവശ്യം ശ്രമിച്ചിരുന്നു. ഒഞ്ചിയത്തു നടന്ന പാര്‍ട്ടി സമ്മേളനങ്ങളില്‍ സഖാവിനെ ചന്ദ്രശേഖറിനെ വെള്ള പുതപ്പിച്ചു കിടത്തും എന്നായിരുന്നു സി പി എമ്മിന്റെ മുദ്രാവാക്യം. കഴിഞ്ഞ മൂന്നു തവണയും പരാജയപ്പെട്ടത് പോലെ ആവരുതു എന്ന് കരുതി ആകണം ഇവര്‍ പൈശാചികമായി ഈ കൊല നടത്തിയത്.
വളരെ ആസൂത്രിതമായ ഒരു കൊലപാതകം ആയിരന്നു ഇത്. വളരെയധികം ഹോം വര്‍ക്ക് നടത്തി, ആണ് ഈ കൊലപാതകം നടന്നത്. അതിനാല്‍ പ്രതികള്‍ പിടിക്കപ്പെടാതിരിക്കാനും, പിടിക്കപ്പെട്ടാല്‍ തന്നെ, ഒരിക്കലും ഇതിനു പ്രേരിപ്പിച്ചവരുടെ പേര് വിവരങ്ങള്‍ പുറത്തു പറയാതിരിക്കാന്‍ ഉള്ള ശിക്ഷണവും ഇവര്‍ക്ക് കൊടുത്തിരിക്കും. വിഗ്രഹങ്ങള്‍ തകര്‍ന്നു വീഴാന്‍ പാടില്ലല്ലോ.
ഒരു ജീവന്‍ വെട്ടി നുറുക്കി കൊലവിളി നടത്തിയത് കൊണ്ട് ഒരു ആശയത്തെ ഒരിക്കലും തോല്‍പ്പിക്കാന്‍ കഴിയില്ല. ഒരു ഭര്‍ത്താവ് നഷ്ടപ്പെട്ട ഭാര്യ. ഒരു മകന്‍ നഷ്ടപ്പെട്ട അമ്മ. ഒരു അപ്പന്‍ നഷ്ടപെട്ട മകന്‍. ഇതാണ് ഈ കൊലവേരിയുടെ ബാക്കി പത്രം.
Thursday, 10 May 2012
പെരുമനം: നെയ്യാറ്റിന്‍കരയില്‍ നിന്നും എന്തെങ്കിലും പഠിക്കെണ...
പെരുമനം: നെയ്യാറ്റിന്‍കരയില്‍ നിന്നും എന്തെങ്കിലും പഠിക്കെണ...: ജൂലൈ രണ്ട്... അന്ന് നെയ്യാറ്റിന്‍കരയില്‍ വീണ്ടും ഉപ തെരഞ്ഞെടുപ്പ് നടക്കുകയാണ്... ഒരു നിയമസഭാംഗം രാജിവച്ചാലോ മരിച്ചാലോ ആണ് സാധാരണ ഉപ ത...
Tuesday, 1 May 2012
സെ. പീറ്റേര്‍സ് ബര്‍ഗ് ഓര്‍മ്മകള്‍
സെ. പീറ്റേര്‍സ് ബര്‍ഗ് ഓര്‍മ്മകള്‍ | ![]() | ![]() | ![]() |
![]()
പാരീസില്‍ നിന്നു ബെര്‍ലിന്‍ വരെ ട്രെയിനില്‍ വന്നു, രാത്രി ട്രെയിനില്‍ ആയതിനാല്‍ നല്ല ഉറക്കം കിട്ടി. ജെര്‍മനി, ഹോളണ്ട്, ഫ്രാന്‍സ് യാത്രകള്‍ കഴിഞ്ഞു... യൂറോപ്പിനോട് യാത്ര പറഞ്ഞു. ഇനി റഷ്യ, ഉക്രൈന്‍ .. അത് കഴിഞ്ഞു തിരികെ ദുബായിലേക്ക് ...ഇന്ന് ഫെബ്രുവരി 16. ...രാവിലെ ബെര്‍ലിന്‍ റയില്‍വേ സ്റ്റേഷനില്‍ നിന്ന് ടാക്സിയില്‍ ഷോണ്‍ഫീല്‍ഡ് എയര്‍ പോര്‍ട്ടിലേയ്ക്ക് . ബെര്‍ലിനിലെ പ്രധാനപ്പെട്ട രണ്ടു എയര്‍ പോര്‍ട്ട്കളില്‍, ഷോണ്‍ ഫീല്‍ഡ് പഴയ പൂര്‍വ ജെര്‍മനിയില്‍ ആണ്. സിറ്റിയില്‍ നിന്ന് കുറെ അകലെയുള്ള ഈ എയര്‍ പോര്‍ട്ട് ആണ് ഇനി ജെര്‍മനി വികസിപ്പിക്കുന്നത്.
|
Subscribe to:
Posts (Atom)