പാരീസ് ഇന്ന് ലോകത്തിലെ ഏറ്റവും വലിയ സിറ്റികളില്‍ ഒന്നാണ്, ശാസ്ത്രം , രാഷ്ട്രീയം, കല, സംസ്കാരം , ബിസിനസ്സ്, വിദ്യാഭ്യാസം , ഫാഷന്‍ , സാഹിത്യം തുടങ്ങിയ മേഖലയില്‍ ലോകത്ത് പ്രഥമ സ്ഥാനത്ത് നില്‍ക്കുന്ന പട്ടണങ്ങളില്‍ ഒന്ന്. വളരെ ചെറുപ്പം മുതല്‍ കാണണം എന്ന് ആഗ്രഹിച്ച എന്റെ സ്വപ്ന നഗരം.. പാരീസ് കാണുക എന്നത്, ഒരു ആഗ്രഹം മാത്രം ആയിരുന്നു എങ്കിലും, ഇന്നിതാ ആ സ്വപനം സാക്ഷാല്‍കരിക്കപ്പെടുകയാണ്. റോട്ടര്‍ഡാം സ്റ്റേഷനില്‍ നിന്ന് ഞങ്ങള്‍ താലിസ് എന്ന അതി വേഗ തീവണ്ടിയില്‍ ഫ്രാന്‍സിലേക്ക് ...റോട്ടര്‍ ഡാമില്‍ നിന്ന് രണ്ടര മണിക്കൂര്‍ , പാരീസിലേക്ക്. അതിനിടക്ക് ബെല്‍ജിയം വഴിയാണ് താലിസ് പാരീസിലെത്തുക. യൂറോപ്പിലെ ഏറ്റവും ചെലവ് കൂടിയ പട്ടണം ആണ് സെയിന്‍ നദിക്കരയില്‍ സ്ഥിതി ചെയുന്ന പാരീസ്. അത് പോലെ ഏറ്റവും ലൈവ് ആയ പട്ടണവും. യുനെസ്കോ തുടങ്ങി പല ഇന്റര്‍ നാഷണല്‍ സംഘടനകളുടെയും ഹെഡ് ക്വോര്‍ട്ടേഴ്സ് പാരീസില്‍ ആണ് സ്ഥിതി ചെയുന്നത്. വളരെ വിപുലമായ , വളരെ അധികം ചരിത്രം ഉറങ്ങി കിടക്കുന്ന പട്ടണം ആണ് പാരീസ്. ചരിത്രത്തിന്‍റെ അനവധിയായ തിരുശേഷിപ്പുകള്‍ പാരീസിനു മാത്രം സ്വന്തം. യൂറോപ്പിലെ ഏറ്റവും വലിയ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളും വലിയി ബിസിനസ്സ് സ്ഥാപനങ്ങളും പാരീസിനെ മറ്റു യൂറോപ്യന്‍ പട്ടണങ്ങളുടെ ഇടയില്‍ ഒരു പടി മുന്നില്‍ നിര്‍ത്തുന്നു. ലോകത്തില്‍ ആദ്യമായി സ്ട്രീറ്റ് ലൈറ്റ്കള്‍ പ്രകാശിച്ചിരുന്നത് സിറ്റി ഓഫ് ലൈറ്റ്സ് എന്നറിയപ്പെടുന്ന പാരീസില്‍ ആയിരുന്നു. മഹത്തായ ഫ്രഞ്ച് വിപ്ലവം നടന്ന, ലൂയി പതിനാലാമാനും നെപ്പോളിയനും ഹെന്‍റിയും ഒക്കെ നാട് വാണിരുന്ന ഫ്രാന്‍സ് . ബ്രിട്ടീഷ്, ജര്‍മ്മന്‍, റഷ്യന്‍ അധിനിവേശങ്ങള്‍ ഉണ്ടായ നാടായതിനാലാകണം ഇവിടെ ജനസന്ഖ്യയില്‍ നല്ലൊരു ശതമാനം ഇമിഗ്രന്റസ് ആണ്. ജനസംഖ്യയുടെ ഏകദേശം 20% വരുന്ന ഇവരില്‍ ഭൂരിഭാഗവും അതിവസിക്കുന്നത് പാരീസില്‍ ആണ്. പത്തൊമ്പതാം നൂറ്റാണ്ടില്‍ തന്നെ ഫ്രാന്‍സ്, കച്ചവടം, കല , ആര്‍കിടെക്ചര്‍, ടെക്നോലോജി എന്നിവയില്‍ മുന്‍പന്തിയില്‍ ആയിരുന്നു. ഇരുപതാം നൂറ്റാണ്ടില്‍ അറിയപ്പെടുന്ന കലാ സാംസ്കാരിക കേന്ദ്രമായി, ലോകത്തിന്റെ സാംസ്കാരിക തലസ്ഥാനമായി പാരീസ് മാറുകയുണ്ടായി. ഇവിടുത്തെ നൈറ്റ് ലൈഫ് , നൈറ്റ് ക്ലബ്‌കള്‍ ഒക്കെ വളരെ പ്രസിദ്ധങ്ങള്‍ ആണ്. ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നും കലാകാരന്മാര്‍ പാരീസിലേക്ക് പ്രവഹിക്കുകയായിരുന്നു. ഉദ്ദേശം എട്ടു മണിയോട് കൂടിഞങ്ങളുടെ ട്രെയിന്‍ ഫ്രാന്‍സിലെ ഗെരെ ദു നോര്‍ഡ് സ്റ്റേഷനില്‍ എത്തി. ഫ്രാന്‍സില്‍ എത്തിയതിന്റെ സന്തോഷത്തില്‍ കുറച്ചു നേരം ഞങ്ങള്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഫോട്ടോ ഒക്കെ എടുത്തു, പുരാതനമായ സ്റ്റേഷന്‍ ഒക്കെ ചുറ്റി നടന്നു. ടൂറിസ്റ്റു ഇന്‍ഫോര്‍മേഷന്‍ ബൂറോ അന്വേഷിച്ചു ഞങ്ങള്‍ സ്റ്റേഷനില്‍ അലഞ്ഞു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ടൂറിസ്റ്റുകള്‍ വരുന്ന ഇവിടെ ഉള്ള ടൂറിസം കൌണ്ടര്‍ നേരത്തെ തന്നെ അടച്ചിരിക്കുന്നു എന്ന് ഞങ്ങള്‍ക്ക് മനസിലായി. ഇവിടെ ഒരാളെയും പരിചയം ഇല്ല, ഞങ്ങള്‍ക്ക് ഹോട്ടല്‍ ബുക്കിംഗ് ഇല്ല, ആര്‍ക്കും തന്നെ ഞങ്ങളുടെ ഭാഷ വശമില്ല, എല്ലാവരും ഞങ്ങള്‍ക്കറിയില്ലാത്ത ഫ്രഞ്ച് ആണ് സംസാരിക്കുന്നത്. ഇനി എന്ത് ചെയും, എവിടെ പോയി ഹോട്ടല്‍ ബുക്ക് ചെയും. ഞങ്ങളുടെ ലഗേജും വലിച്ചു കൊണ്ട് സ്റ്റേഷന് വെളിയിലേക്ക് വന്നപ്പോള്‍ കണ്ടാല്‍ ഒരു തെക്കേ ഇന്ത്യക്കാരനെ പോലെ തോന്നിച്ച ഒരാള്‍ ഞങ്ങള്‍ക്ക് ടാക്സി വേണമോ എന്ന് ഇംഗ്ലീഷില്‍ ചോദിച്ചു കൊണ്ട് ഞങ്ങളോടൊപ്പം കൂടി. ഹോട്ടല്‍ റിസര്‍വേഷന്‍ ഇല്ലാത്ത ഞങ്ങള്‍ എവിടെ ടാക്സിയില്‍ പോകാന്‍. ഞങ്ങള്‍ മലയാളികള്‍ ആണെന്ന് മനസിലായത് കൊണ്ടാകാം അദേഹം ഉടന്‍ ഭാഷ തമിഴിലേക്ക് മാറ്റി. ഭാക്ഷ അറിയാവുന്ന ഒരാളെ കണ്ടത് ഞങ്ങള്‍ക്ക് വലിയ സന്തോഷം ആയി. ഞങ്ങള്‍ക്ക് ഹോട്ടല്‍ ബുക്ക് ചെയ്തു തരാം എന്ന് പറഞ്ഞു അയ്യാള്‍ ഞങ്ങളെ സ്റ്റേഷനു മുന്നിലുള്ള ഹോട്ടലിലേക്ക് കൊണ്ട് പോയി. വളരെ പഴയ, ഒരു കാലത്ത് ഹോളിവൂഡ സിനിമകളില്‍ ഒക്കെ കണ്ടിട്ടുള്ള ഒരു ഹോട്ടല്‍ ... പക്ഷെ അയ്യാളുടെ പെരുമാറ്റം എന്ത് കൊണ്ടോ ഞങ്ങളില്‍ സംശയം ഉണ്ടാക്കി, ഞങ്ങള്‍ തൊട്ടടുത്തുള്ള മറ്റു ഹോട്ടലുകള്‍ അന്വേഷിച്ചു വീണ്ടും നടന്നു. മഴ ചെറുതായി പോടിയുന്നത് ഒന്നും കാര്യമാക്കിയില്ല. സ്റ്റേഷനു അടുത്തുള്ള ഹോട്ടലുകള്‍ എല്ലാം വളരെ പഴയ ഹോട്ടലുകള്‍ ആയിരുന്നു, ഞങ്ങള്‍ വളരെ ദൂരം ലഗേജും ആയി ആ രാത്രിയില്‍ നടന്നു. ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു യുവ മിഥുനത്തെ കണ്ടു, അവര്‍ക്കും അറിയില്ല അവിടെ ഉള്ള നല്ല ഹോട്ടലുകള്‍ .. നഗരത്തെ പറ്റി കൂടുതല്‍ അറിയില്ലാത്തതിനാല്‍ കുറെ അകലെ ഉള്ള ഹോട്ടലുകളിലേക്ക് പോകുവാനും വലിയ മടി. പല ഹോട്ടലുകളും റ്റു സ്റാര്‍ കാറ്റഗറി , ചില ഹോട്ടലില്‍ ഞങ്ങള്‍ പോയി, റൂം കണ്ടു, ഇഷ്ടപ്പെടാതെ തിരികെ ഇറങ്ങി. ഒടുവില്‍ എന്തും വരട്ടെ എന്ന് കരുതി ഞങ്ങള്‍ ഒരു ഹോട്ടല്‍ മുറിയെടുത്തു. വളരെ ചെറിയ ഒരു ലിഫ്റ്റ് , അതില്‍ കുറെ ലഗേജും ഞാനും മാത്രം, ബഷീറും പിള്ളച്ചെട്ടനും കൂടി ആ ലിഫ്റ്റില്‍ വരാന്‍ ഇടമില്ല. ലിഫ്റ്റ് മുകളിലേക്ക് കയറുമ്പോള്‍ എവിടെയും അന്ധകാരം മാത്രം. ശരിക്കും ഒരു ഭാര്‍ഗവി നിലയത്തില്‍ വന്നു പെട്ട അവസ്ഥ. നാലാം നിലയിലെ റൂമിലേക്ക് പോകുവാനായി , നാലാം നിലയില്‍ ഇറങ്ങിയപ്പോള്‍ അവിടെയും പ്രകാശം ഇല്ല, ഒരു സ്വിച് ഇട്ടു, ഞാന്‍ റൂം കണ്ടു പിടിച്ചു തുറന്നു. ദുര്‍ഗന്ധം എന്ന് പറയാന്‍ കഴിയില്ല എങ്കിലും, വല്ലാത്ത ഒരു സ്മെല്‍. പേസ്റ്റ് കണ്ട്രോള്‍ ചെയ്തതിന്റെയോ ഒക്കെ. എന്തായാലും അവിടെ താമസിക്കാന്‍ കഴിയില്ല എന്ന് എനിക്ക് ഉറപ്പായി. ഞാന്‍ താഴെ ചെന്ന് , പിള്ളയും ബഷീരിനോടും കാര്യം പറഞ്ഞു. ഒടുവില്‍ എന്റെയും പിള്ള ചേട്ടന്റെയും വാദഗതി മാനിച്ചു ഞങ്ങള്‍ പുറത്തിറങ്ങി. പക്ഷെ ക്രെഡിറ്റ് കാര്‍ഡ് മുഖേന ഹോട്ടലില്‍ പേ ചെയുകയും ചെയ്തു. ഒടുവില്‍ അയ്യാള്‍, ഞങ്ങള്‍ അടച്ച പണം പിറ്റേന്ന് കാലത്ത് തിരികെ തരാം എന്ന് പറഞ്ഞു. ഞങ്ങള്‍ വീണ്ടും പെട്ടിയും തൂക്കി അടുത്തൊരു ഹോട്ടലിലേക്ക് പോയി. ബെസ്റ്റ് വെസ്റ്റേണ്‍ ഗ്രൂപ്പിന്റെ ഒരു ഹോട്ടല്‍ ആണ് ഞങ്ങള്‍ എത്തിയത്. അതും പഴയ ഹോട്ടല്‍ ആണ് എങ്കിലും റൂം ഒക്കെ ഭംഗി ആയി ഉടച്ചു വാര്‍ത്തിട്ടുണ്ട്. എന്തായാലും ഒരു രാത്രി ഉറങ്ങുവാന്‍ മാത്രമല്ലേ ഞങ്ങള്‍ ഉപയോഗിക്കുന്നുള്ളൂ എന്ന് കരുതി ഞങ്ങള്‍ അന്ന് രാത്രി അവിടെ തങ്ങി. പിറ്റേന്ന്, പ്രഭാതത്തില്‍ ഞങ്ങള്‍ റണ്ഗിസ് എന്ന , പാരീസിന്റെ ഹൃദയ ഭാഗത്തിന് പുറത്തുള്ള യൂറോപ്പിലെ ഏറ്റവും വലിയ ഫ്രൂട്ട് മാര്‍ക്കറ്റിലേക്ക് പോകുവാന്‍ തയ്യാറായി. ബെര്‍ലിനില്‍ വച്ച് പരിചയപ്പെട്ട ഫ്രെഞ്ചുകാരന്‍ ഫെര്‍ഡിനാന്‍ഡ് , വളരെ പെട്ടെന്ന് തന്നെ സുഹൃത്ത് ആയി, അദേഹത്തിന്‍റെനിര്‍ദ്ദേശ പ്രകാരം ആണ് ഞങ്ങള്‍ രണ്ഗിസ്ലേക്ക് പോകുന്നത്. ഫ്രാന്‍സില്‍ ഞങ്ങള്‍ക്ക് പ്രത്യേക പരിപാടികള്‍ ഒന്നും തന്നെ ഇല്ല താനും, ബെര്‍ലിനില്‍ വച്ച് പരിചയപ്പെട്ട മറ്റൊരു ആപ്പിള്‍ കയറ്റുമതിക്കാരന്‍ ഞങ്ങളെ അദേഹത്തിനെ പട്ടണത്തിലേക്ക് വിളിച്ചിരുന്നു എങ്കിലും പാരീസില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെ ഉള്ള ആ പട്ടണത്തില്‍ പോയി വരുവാന്‍ ഉള്ള സമയം ഇല്ല. ഇന്ന് തന്നെ ഞങ്ങള്‍ക്ക് മടങ്ങണം. നാളെ രാവിലെ ഞങ്ങള്‍ക്ക് ബെര്‍ലിനില്‍ എത്തി അവിടെ നിന്ന് സെ. പീറ്റേര്‍സ്ബര്‍ഗ്ലേക്ക് പോകണം. പിള്ള ചേട്ടനു റഷ്യക്ക് വിസ ഇല്ലാത്തതിനാല്‍ അദേഹം ഇന്ന് വൈകുന്നേരം പാരീസില്‍ നിന്ന് ദുബായിലേക്കുള്ള എമിറേറ്റ്‌സ് ഫ്ലൈറ്റില്‍ പോകുന്നു.
 രണ്ഗിസില്‍ ഉള്ള സുഹൃത്ത് അവിടെ എത്തുവാനുള്ള വഴികള്‍ ഒക്കെ ഞങ്ങള്‍ക്ക് വിശദമാക്കി , റൂട്ട് മാപ്പ് അയച്ചു തന്നു. ട്രെയിന്‍ , ബസ്സ് ഒക്കെ മാറി കേറണം. ആ തല വേദന വേണ്ട,ടാക്സിയില്‍ പോകാന്‍ തന്നെ തീരുമാനിച്ചു. അതിനു മുന്‍പ് തന്നെ തലേദിവസം ബുക്ക് ചെയ്തു താമസിക്കാതെ പോന്ന ഹോട്ടലില്‍ ചെന്ന് പണം വീണ്ടും ക്രെഡിറ്റ് കാര്‍ഡിലേക്ക് മാറ്റണം. ഞാന്‍ അതിരാവിലെ തന്നെ ആ ഹോട്ടലില്‍ പോയി വേണ്ട ക്രമീകരണങ്ങള്‍ ചെയ്തു. കുറച്ചധികം സമയം അവിടെ ചിലവഴിച്ചപ്പോള്‍ അവിടെ നിന്ന് പാരീസിലെ റെയില്‍വേ സ്റേഷന്‍റെ സൌന്ദര്യം നുകരാന്‍ തോന്നി. ഒരു പക്ഷെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ മനോഹര ശില്പങ്ങള്‍ കൊത്തി വച്ചിരിക്കുന്നത് ഫ്രാന്‍സില്‍ ആയിരിക്കണം. അത്രക്ക് മനോഹരമായ ശില്പങ്ങള്‍ , പാരീസിന്‍റെ പ്രതാപം വിളിച്ചോതുന്നു. ഞങ്ങള്‍ രണ്ഗിസിലേക്ക് ടാക്സിയില്‍ തന്നെ യാത്ര തിരിച്ചു , ഏകദേശം ഒരു മണിക്കൂര്‍ യാത്ര. പാതകല്‍ക്കിരുവശവും മനോഹരമായ വാസ്തു ശില്പ കലയാല്‍ നിര്‍മ്മിക്കപ്പെട്ട കെട്ടിടങ്ങള്‍ . ശരിക്കും അത്ഭുതപ്പെടുത്തുന്ന കൊത്തു പണികള്‍ . പോകുന്ന വഴിയില്‍ ഈഫല്‍ ഗോപുരം, ലോക മഹാത്ഭുതങ്ങളില്‍ ഒന്ന്. എന്തായാലും തിരികെ വരുമ്പോള്‍ ഈഫല്‍ ഗോപുരം കാണാം എന്ന പ്ലാനില്‍ ഞങ്ങള്‍ രണ്ഗിസില്‍ ... രണ്ഗിസ് ഫ്രൂട്ട് മാര്‍ക്കറ്റിലെ സുരക്ഷ പരിശോധനക്ക് ശേക്ഷം ഞങ്ങളുടെ വാഹനം അകത്ത് കയറ്റി വിട്ടു. മാര്‍ക്കറ്റിനു പുറത്തുള്ള ഒരു കെട്ടിടത്തില്‍ ആയിരുന്നു ഞങ്ങളുടെ സുഹൃത്തിന്റെ ഓഫീസ്. അവിടെ ചെന്നപ്പോള്‍ തന്നെ ഞങ്ങളെ പ്രതീക്ഷിച്ചു ഇരിക്കയായിരുന്നു സുഹൃത്ത് ഫെര്‍ഡിനാന്‍ഡ്.കച്ചവട കാര്യങ്ങള്‍ ഒക്കെ സംസാരിച്ച ശേക്ഷം ഞങ്ങളെ അദേഹം മാര്‍ക്കറ്റ് കാണിക്കുവാന്‍ കൊണ്ട് പോയി. യൂറോപ്പിലെ ഏറ്റവും വലിയ ഫ്രൂട്ട് മാര്‍ക്കറ്റ് ആണ് രണ്ഗിസ് മാര്‍ക്കറ്റ്. രാവിലെ 4 മണി മുതല്‍ 9 മണി വരെ മാത്രം ആണ് ആ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുക. ഇപ്പോള്‍ 11 ആയി സമയം. മിക്ക കച്ചവട സ്ഥാപനങ്ങളും അടച്ചു കഴിഞ്ഞു. എങ്കിലും ഞങ്ങള്‍ ആ മാര്‍ക്കറ്റ് വെറുതെ ചുറ്റി നടന്നു കണ്ടു. ഓരോ ബില്‍ഡിങ്ങിലും അണ്ടര്‍ ഗ്രൗണ്ടില്‍ ആണ് സ്റ്റോറിങ്ങിനുള്ള സംവിധാനം. ഗ്രൌണ്ട് ഫ്ലോറില്‍ കച്ചവടം നടത്തുവാന്‍ ഉള്ള ഷോ റൂം , ഫസ്റ്റ് ഫ്ലോറില്‍ ഓഫീസും. വളരെ അനുകരണീയമായ പ്ലാനിംഗ് ആണ് ഈ മാര്‍ക്കറ്റിന്റെ രൂപ കല്‍പ്പന. പഴം , പച്ചക്കറി , ഫ്ളവര്‍ എന്നിങ്ങനെ ഓരോന്നിനും വ്യത്യസ്ത ബ്ലോക്കുകള്‍. ഫ്ളവര്‍ മാര്‍ക്കറ്റ് അടച്ചിരുന്നില്ല, അതിനാല്‍ ഞങ്ങള്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അലങ്കാര പൂക്കള്‍ ഒക്കെ കണ്ടു തിരികെ ഓഫീസില്‍ വന്നു. ഞങ്ങള്‍ വന്ന ടാക്സികാരന്‍ ഞങ്ങളെ കാത്തു കിടപ്പുണ്ടായിരുന്നു. തിരികെ ടാക്സിയില്‍ പോകുമ്പോള്‍ ഇംഗ്ലീഷ് അറിയാത്ത ഡ്രൈവര്‍ ഈഫല്‍ ഗോപുരത്തെ കുറിച്ച് എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. 1889 ല്‍ ആണ് ഫ്രാന്‍സിലെ ഏറ്റവും ഉയരം കൂടിയ ഈഫല്‍ ഗോപുരം പണിതത്. ഈ ഗോപുരം ഡിസൈന്‍ ചെയ്ത എഞ്ചിനിയര്‍ ഗുസ്താവ് ഈഫല്‍ ആയതിനാല്‍ ഇദേഹത്തിന്റെ പേരില്‍ ആണ് ഈ ഗോപുരം അറിയപ്പെടുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദരിച്ചിട്ടുള്ള ഈ സ്മാരകം ഇന്നും ലക്ഷക്കണക്കിന് ആളുകളെ ആകര്‍ഷിക്കുന്നു. ഫ്രഞ്ച് വിപ്ലവത്തിന്‍റെ ഓര്‍മ പുതുക്കുന്ന എക്ഷ്പൊസിഷന്‍ യൂണിവെഴ്സല്‍ എന്നാ വേള്‍ഡ് ഫെയര്‍ പ്രമാണിച്ചു ആണ് ഈഫെല്‍ ഗോപുരം പണിയുന്നത്. ഞങ്ങള്‍ ഈഫല്‍ ഗോപുരത്തിനു അടുത്തെത്തി, ചെറിയ മഴയും നല്ല തണുപ്പും ഉള്ള കാലാവസ്ഥ ആയിരുന്നതിനാല്‍ ആയിരിക്കും സന്ദര്‍ശകര്‍ വളരെ കുറവാണ്. ഞങ്ങള്‍ ഈഫല്‍ ഗോപുരം താഴെ നിന്ന് കണ്ടത് മാത്രമേ ഉള്ളു, അതിനടുത്തുള്ള പുല്‍ത്തകിടിയും അതിനോട് ചേര്‍ന്നുള്ള അനേകം ശില്പങ്ങളും കണ്ണിനു കൌതുകം നല്‍കുന്നതാണ്. മനോഹരമായ് ആ ലോക വിസ്മയം കണ്ടു ഞങ്ങള്‍ വീണ്ടും ടാക്സിയില്‍ പാരീസിലേക്ക് . സെയിന്‍ നദിയുടെ തീരത്ത് കൂടെയുള്ള ആ പാതയില്‍ പോകുമ്പോള്‍ സെയിന്‍ നദിയില്‍ സ്റ്റാച്ചു ഓഫ് ലിബര്‍ട്ടി എന്ന മനോഹരമായ ശില്‍പം. ഡയാന രാജകുമാരി ആക്സിഡന്റില്‍ കൊല്ലപ്പെട്ട അല്‍മ ടണല്‍, അവിടെ ആ ഓര്‍മക്കായി ഇപ്പോള്‍ ഒരു സ്മാരകം കൊത്തി വച്ചിട്ടുണ്ട്. ആ ടണലില്‍ കൂടി പോകുമ്പോള്‍ കാലം മറച്ച ഡയാനയെ ഓര്‍ത്ത്. മുന്നോട്ടു നീങ്ങുമ്പോള്‍ സെയിന്‍ നദിക്കരയില്‍ മനോഹരമായ കെട്ടിടങ്ങള്‍ , ഫ്രഞ്ച് അസംബ്ലി മന്ദിരം , നോത്രഡാം കത്തീഡ്രല്‍ , ഡാവിഞ്ചിയുടെ ‘മൊണാലിസ’ പെയിന്റിഗ് സൂക്ഷിച്ചിരിക്കുന്ന ലുവര്‍ മൂസിയം , അങ്ങനെ നിരവധി ആയ ചരിത്ര സ്മാരകങ്ങള്‍ ... ലോകത്തിലെ തന്നെ ഏറ്റവും ചിലവേറിയ ഫാഷന്‍ സ്ട്രീറ്റിലൂടെ ടാക്സി വീണ്ടും പാരീസ് നഗര മധ്യത്തില്‍ ... ഏകദേശം റെയില്‍വെ സ്റ്റേഷന് അടുത്തെത്തി എന്ന് തോന്നിച്ചപ്പോള്‍ ഞങ്ങള്‍ ടാക്സിയിലുള്ള യാത്ര നിര്‍ത്തി നടത്തം തുടങ്ങി. സ്ട്രീറ്റുകള്‍ മാറി മാറി , വിസ്മയം തോന്നിപ്പിക്കുന്ന കെട്ടിടങ്ങളും അവയിലെ ശില്പ സൌന്ദര്യവും ഒക്കെ ആസ്വദിച്ചു നടന്നു. നല്ല വിശപ്പ്, കുറച്ചു നാള്‍ ആയി ബഷീര്‍ വെജിറ്റേറിയന്‍ ഭക്ഷണം മാത്രം കഴിക്കുന്നു. അടുത്തൊരു കെന്‍റക്കി ചിക്കന്‍ ഷോപ്പ് കണ്ടപ്പോള്‍ ബഷീര്‍ അവിടെ കയറി. അവിടെ ഹലാല്‍ ഭക്ഷണം കിട്ടുമോ എന്നു ചോദിച്ചപ്പോള്‍ , സെയില്‍സ്മാന്‍ തന്‍റെ നെയിം ബോര്‍ഡ് കാണിച്ചിട്ട് പറഞ്ഞു, താന്‍ ഒരു മുസ്ലിം ആണ്, ഇവിടെ ഹലാല്‍ ഫുഡ് മാത്രമേ ഉള്ളു എന്ന്. എന്തായാലും ഞങ്ങള്‍ ഭക്ഷണം കഴിച്ചു വീണ്ടും പുറത്തിറങ്ങി.വീണ്ടും നടന്നു. ആ നടത്തത്തില്‍ പാരിസിന്‍റെ, അത്ര തന്നെ പ്രകാശമാനമാല്ലാത്ത ഒരു മുഖം ആണ് ഞങ്ങള്‍ കണ്ടത്.
 പാതകൾക്കിരുവശത്തും കാണുന്ന കെട്ടിടങ്ങളില്‍ കച്ചവടം വളരെ കുറവാണ്. പക്ഷെ ഓരോ കച്ചവട സ്ഥാപനത്തിന് മുന്നിലും സുരക്ഷക്ക് എന്നാ പോലെ രണ്ടും മൂന്നും ആഫ്രിക്കന്‍ യുവാക്കള്‍ ( സുരക്ഷാ വേഷത്തില്‍ ഒന്നും അല്ല) നില്‍ക്കുന്നു. സത്യത്തില്‍ അവരുടെ രൂക്ഷമായ നോട്ടം കണ്ടാല്‍ പേടി തോന്നും. പാരീസിനെ റിസഷന്‍ വല്ലാണ്ട് ഉലച്ചിരിക്കുന്നു, ജോലി ഇല്ലാത്ത കുടിയേറ്റക്കാര്‍ ആണ് ഇവരെന്നു പിന്നീടാണ് മനസിലായത്. കറന്‍സി മാറുവാനായി ഞങ്ങള്‍ ഒരു എക്സ് ചെഞ്ചില്‍ കയറി, അവിടെ ശ്രി ലങ്കയില്‍ നിന്ന് കുടിയേറിയവര്‍. അവര്‍ പറഞ്ഞു, ഈ ആഫ്രിക്കക്കാര്‍ പുറമേ കറുത്തവര്‍ ആണ് എങ്കിലും അകത്ത് പൊതുവേ കളങ്കം ഇല്ലാത്തവര്‍ ആണ്. പുറമേ വെളുപ്പ് ഉള്ള മറ്റു ചില ആഫ്രിക്കന്‍ രാജ്യക്കാര്‍ ഉണ്ട്, അവരെ ആണ് സൂക്ഷിക്കേണ്ടത് എന്ന്. കുറെ മുന്നോട്ടു പോയപ്പോള്‍ ഭിക്ഷാടനം നടത്തുന്നവര്‍ , അത് പോലെ മദ്യപിച്ചു പാമ്പായി റോഡില്‍ കിടക്കുന്നവരെയും അവിടെ കണ്ടു. മറ്റൊരു സ്ട്രീറ്റില്‍ ഇന്ത്യന്‍ ഷോപ്പുകള്‍ എന്ന് എഴുതി വച്ചിരിക്കുന്ന നിരവധി കടകള്‍ .. പക്ഷെ പല കടകളും നടത്തുന്നത് പാകിസ്ഥാനികള്‍ ആണ്. പക്ഷെ കേരളത്തിലെ കപ്പ മുതല്‍ മിക്കവാറും പലവ്യഞ്ജനങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പിള്ള ചേട്ടന് വിമാനത്താവളത്തില്‍ പോകേണ്ട സമയം ആയി , നാലു മണിയോടെ ഞങ്ങള്‍ തിരികെ ഹോട്ടലില്‍ വന്നു, പിള്ള ചേട്ടനെ ടാക്സിയില്‍ യാത്ര ആക്കി. ഞങ്ങള്‍ക്ക് രാത്രി 9 മണിക്ക് ഫ്രാന്‍സില്‍ നിന്ന് ബെര്‍ലിനിലെക്കുള്ള രാത്രി ട്രെയിനില്‍ ആണ് ടിക്കറ്റ്. രാവിലെ 8 മണിയോടെ ട്രെയിന്‍ ബെര്‍ലിനില്‍ എത്തും. അതിനാല്‍ ഇനിയും ധാരാളം സമയം ഉണ്ട്. ഞങ്ങള്‍ വീണ്ടും പാരീസിന്‍റെ വഴിയോരക്കാഴ്ചകള്‍ കാണുവാന്‍ ഇറങ്ങി. 6 ഡിഗ്രി ആണ് അന്നത്തെ കാലാവസ്ഥ. ഞങ്ങളുടെ യാത്രയിലെ ഏറ്റവും കൂടുതല്‍ ചൂട് ഇന്നാണ്. പക്ഷെ ചന്നം പിന്നം പെയുന്ന മഴത്തുള്ളികള്‍ , നമ്മുടെ മൂഡ് കളയും. ഇതിനിടയില്‍ ബഷീറിന് ഒരാഗ്രഹം, ഒരു മുസ്ലിം പള്ളി കണ്ടു പിടിച്ചു ഒന്ന് നിസ്ക്കരിക്കണം. അതിനായി പലരോടും ചോദിച്ചു, ഒടുവില്‍ വഴി കണ്ടു പിടിച്ചു. ഞങ്ങള്‍ ആദ്യം പോയ ഒരു സ്ട്രീറ്റില്‍ ആണ് മുസ്ലീം പള്ളി. പുറമേ നിന്ന് നോക്കിയാല്‍ ഒരു പള്ളി എന്ന് തോന്നുകയില്ല. വൃത്തി കുറഞ്ഞ ഈ സ്ട്രീറ്റില്‍ ഒരു ഗേറ്റ് ഉള്ള കെട്ടിടം. പല നാട്ടുകാരായ മുസ്ലിംകള്‍ അവിടെ നിസ്കരിക്കാന്‍ ആയിട്ടു വരുന്നു. ഒരു വലിപ്പ ചെറുപ്പവും ഇല്ല. ബഷീറും അവരോടൊപ്പം അകത്ത് പോയി.
 പാരീസ്, ഒരു ദിവസം കൊണ്ട് ഒരിക്കലും കണ്ടു തീര്‍ക്കാന്‍ പറ്റില്ല, ലുമാര്‍ മൂസിയം മാത്രം ഒരു ദിവസം വേണം കണ്ടു തീര്‍ക്കാന്‍. പിന്നെ അനവധിയായ ചരിത്ര സ്മാരകങ്ങള്‍ , ശില്പങ്ങള്‍ , നിശാ ക്ലബ്ബുകള്‍ , ഫാഷന്‍ സ്ട്രീറ്റ് , നെപ്പോളിയന്റെ ശവ കുടീരം, പള്ളികള്‍, അങ്ങനെ പലതും. പാരീസ് ഒരു രാത്രി നഗരം ആണ്, രാത്രിയില്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന ഒരു സര്‍പ്പ സുന്ദരി ആണ് പാരീസ്. അത് പോലെ പാരീസ് കാണുവാന്‍ ആഗ്രഹിക്കുന്നവര്‍ വസന്ത കാലത്ത് മാത്രം പാരീസ് സന്ദര്‍ശിക്കുക, അത് വലിയ ഒരനുഭവം ആകും. പാരീസ് കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ കണ്ടിട്ടുണ്ട് എന്ന് പറയുവാന്‍ മാത്രം കഴിയും, അതല്ലാതെ മറ്റൊന്നിനും ഈ യാത്ര പ്രയോജനപ്പെട്ടില്ലല്ലോ എന്ന് പരിതപിക്കയായിരുന്നു ഞാന്‍. ബഷീര്‍ , നിസ്കാരം കഴിഞ്ഞു വന്നു, വീണ്ടും ഞങ്ങള്‍ കുറെ നേരം ചില ഷോപ്പുകളില്‍ ഒക്കെ കയറി സമയം കളഞ്ഞു. നാളെ മഞ്ഞു മൂടി കിടക്കുന്ന രാഷ്യയിലെക്കാന് പോകേണ്ടത്, എന്ന ചിന്ത ഞങ്ങളെ അലട്ടുന്നു, തണുപ്പ് അകറ്റാന്‍ പറ്റുന്ന കയ്യുറയും മങ്കി ക്യാപ് ഒക്കെ മേടിച്ചു. ഇപ്പോള്‍ നേരം വല്ലാതെ ഇരുട്ടി. ഞങ്ങള്‍ വീണ്ടും ഹോട്ടലില്‍ ചെന്ന്, ഞങ്ങളുടെ ലഗേജുകള്‍ എടുത്തു റെയില്‍വെ സ്റ്റേഷനിലേക്ക് നടന്നു. ഞങ്ങള്‍ വന്നത് ഗരെ ടെല്‍ നോര്‍ഡ് സ്റ്റേഷനില്‍ നിന്നാണ് എങ്കിലും തിരികെ ബെര്‍ലിനിലേക്ക് പോകുന്നത് ഗരെ ടെല്‍ ഇസ്റ്റ് എന്ന റെയില്‍വെ സ്റ്റേഷനില്‍ നിന്നും ആണ്. രണ്ടു സ്റ്റേഷനുകള്‍ക്കും ഇടയിലാണ് ഞങ്ങളുടെ ഹോട്ടല്‍. ഞങ്ങള്‍ ലഗേജും ആയി സ്റ്റേഷനില്‍ എത്തി, സ്റ്റേഷനിലെ ഫുഡ് കോര്‍ട്ടില്‍ നിന്നും ഡിന്നര്‍ കഴിഞ്ഞു. ട്രെയിനിലേക്ക് കയറുവാന്‍ നോക്കുമ്പോള്‍ ആണ്, ബഷീറിന്റെ കയ്യില്‍ ഉണ്ടായിരുന്ന ഒരു ബാഗ് കാണുന്നില്ല എന്ന് മനസിലായത്. ട്രെയിന്‍ പോകാന്‍ ഇനി വെറും 10 മിനിറ്റ് മാത്രം. ബഷീര്‍ പെട്ടെന്ന് ഹോട്ടലിലേക്ക് ഓടി, എന്‍റെയും ബഷീറിന്റെയും ലഗേജും ആയി ട്രെയിനിനടുത്തെക്ക്. പെട്ടെന്ന് ഒരു ശ്രീലങ്കക്കാരന്‍ , അദേഹത്തിന്‍റെ പണം ആരോ പോക്കറ്റടിച്ചു, അതിനാല്‍ കുറച്ചു പണം കൊടുക്കണം എന്ന് പറഞ്ഞു എന്‍റെ പിന്നില്‍ കൂടി. അതും ഒരു ഫ്രോഡ് ആണ് എന്ന് എനിക്ക് സംശയം. ഒരു വിധത്തില്‍ ഞാന്‍ അയാളെ ഓടിച്ചു വിട്ടു, എന്നിട്ട് ട്രെയിനിലേക്ക് കയറുവാനായി പ്ലാറ്റ്ഫോമിലേക്ക് നടന്നു.. ടിക്കറ്റ് , നോക്കിയപ്പോള്‍ ഞങ്ങളുടെ നമ്പര്‍ ഏറ്റവും പിന്നിലെ കമ്പാര്‍ട്ട്മെന്റില്‍ ... ഒരു വിധത്തില്‍ ഞങ്ങളുടെ രണ്ടു പേരുടെയും ലഗ്ഗെജു ഞാന്‍ ട്രെയിനില്‍ കയറ്റി. അപ്പോഴേക്കും ബഷീര്‍ ഓടിയെത്തി, നഷ്ടപ്പെട്ടത് തിരികെ കിട്ടി ഇല്ല. സ്ലീപ്പിംഗ് ട്രെയിന്‍ ആയതിനാല്‍ ബെഡ് ഷീറ്റ്, തലയിണ തുടങ്ങിയവ ഒക്കെ ഉണ്ടായിരുന്നു. വളരെ സാവധാനം , 11 മണിക്കൂര്‍ കൊണ്ട് ബെര്‍ലിനില്‍ എത്തുന്ന ട്രെയിന്‍ . എന്തായാലും ഉറക്കം കണ്ണുകളെ തഴുകി ...
|
നല്ല ഒരു യാത്ര വിവരണം
ReplyDeleteയാത്രാ വിവരണം നന്നായിട്ടുണ്ട്; അഭിനന്ദനങ്ങള്‍. അക്ഷരങ്ങള്‍ കുറച്ചു കൂടി വലുതായിരുന്നെങ്കില്‍, വായന അനായാസമാകുമായിരുന്നു എന്നെനിക്കു തോന്നി.
ReplyDeleteമറ്റൊന്ന്, ഈ Word verification ഒഴിവാക്കുന്നതായിരിക്കും നല്ലത്. ഇത്രയും കഷ്ടപ്പെട്ടു കമന്‍റ് ഇടുവാന്‍, ഇക്കാലത്ത് ആരും മിനക്കെടില്ല. (ഇത് എന്റെ മാത്രം അഭിപ്രായമാണ്.)
:)കൊള്ളാം.. പാരിസ് യാത്ര നടത്തിയീട്ടുള്ളതിനാലായിരിക്കണം, ഓറ്റിനടന്ന് പാരിസ് കണ്ടത്പോലെ തോന്നി. എന്റെ പാരീസ് വിവരണം ദേ ഇവിടെ. http://www.sijogeorge.blogspot.co.uk/2010/11/1.html മുകളിൽ അപ്പച്ചൻ കമന്റിയത് റിപിറ്റ് ചെയ്യുന്നു. : ഈ Word verification ഒഴിവാക്കുന്നതായിരിക്കും നല്ലത്. ഇത്രയും കഷ്ടപ്പെട്ടു കമന്‍റ് ഇടുവാന്‍, ഇക്കാലത്ത് ആരും മിനക്കെടില്ല.
ReplyDeleteവിവരണം നന്നായി. ഒരു ഹോട്ടൽ ബുക്കിംഗ് പോലുമില്ലാത ആ രാത്രിയിൽ പാരീസിൽ കറങ്ങിയത് ഓർക്കുമ്പോൾ.... യാത്രക്കൊരുങ്ങുന്നതിനു മുമ്പ് www.tripadvisor.com ഒന്നു നോക്കാമായിരുന്നില്ലേ !
ReplyDeleteരണ്ടു തവണ ഞാന്‍ ഫ്രാന്‍സില്‍ പോയിട്ടുണ്ട്(In Lyon,600 km from Paris). പക്ഷെ എനിക്ക് പാരിസ് സന്ദര്‍ശിക്കാന്‍ കഴിഞ്ഞിട്ടില്ല ഈ യാത്രാവിവരണം വായിച്ചതിനു ശേഷം വല്ലാത്തൊരു നഷ്ടബോധം.
ReplyDeleteവായിച്ചു. തിരക്കുപിടിച്ച ദിവസത്തിന്റെ ധൃതി എഴുത്തിലുടനീളം കാണുന്നുണ്ട്. പാരീസിൽ പോയിട്ട് എന്തെങ്കിലും നഷ്ടപ്പെടാതെ കുറഞ്ഞത് ഒരു പോക്കറ്റടിക്കെങ്കിലും വിധേയമാവാതെ തിരികെയെത്തുന്നത് വിരളമാണെന്ന് കേട്ടിട്ടുണ്ട്.
ReplyDeleteഅക്ഷരച്ചെറുപ്പം വായനയെ ബുദ്ധിമുട്ടിക്കുന്നുണ്ട്.
ഈയ്യുള്ളവന്റെ ഒരു പാരീസ് യാത്ര ദാ ഇവിടെ
http://cheeramulak.blogspot.ae/2012/11/1.html