
പാരീസില്‍ നിന്നു ബെര്‍ലിന്‍ വരെ ട്രെയിനില്‍ വന്നു, രാത്രി ട്രെയിനില്‍ ആയതിനാല്‍ നല്ല ഉറക്കം കിട്ടി. ജെര്‍മനി, ഹോളണ്ട്, ഫ്രാന്‍സ് യാത്രകള്‍ കഴിഞ്ഞു... യൂറോപ്പിനോട് യാത്ര പറഞ്ഞു. ഇനി റഷ്യ, ഉക്രൈന്‍ .. അത് കഴിഞ്ഞു തിരികെ ദുബായിലേക്ക് ...ഇന്ന് ഫെബ്രുവരി 16. ...രാവിലെ ബെര്‍ലിന്‍ റയില്‍വേ സ്റ്റേഷനില്‍ നിന്ന് ടാക്സിയില്‍ ഷോണ്‍ഫീല്‍ഡ് എയര്‍ പോര്‍ട്ടിലേയ്ക്ക് . ബെര്‍ലിനിലെ പ്രധാനപ്പെട്ട രണ്ടു എയര്‍ പോര്‍ട്ട്കളില്‍, ഷോണ്‍ ഫീല്‍ഡ് പഴയ പൂര്‍വ ജെര്‍മനിയില്‍ ആണ്. സിറ്റിയില്‍ നിന്ന് കുറെ അകലെയുള്ള ഈ എയര്‍ പോര്‍ട്ട് ആണ് ഇനി ജെര്‍മനി വികസിപ്പിക്കുന്നത്. ടാക്സിക്കാരന്‍ ബെന്‍സ് കാറാണ് ടാക്സിയായി ഉപയോഗിക്കുന്നത്. പോയ വഴിയില്‍ ഞങ്ങള്‍ സെക്കന്റ് ഹാന്‍ഡ് കാറുകളുടെ വില്പനെയെക്കുറിച്ച് സംസാരിച്ചു. മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ മാത്രമേ ജര്‍മ്മനിക്കാര്‍ പുതിയ കാറുകള്‍ ഉപയോഗിക്കുകയുള്ളൂ എന്ന് ഡ്രൈവര്‍ പറഞ്ഞു. ടാക്സി ഓട്ടം ഒരു ജീവിതമാര്‍ഗം അല്ല അദേഹത്തിന്, കാരണം ജീവിക്കുവാനുള്ള പണം തികയില്ല എന്നാണ് അയാളുടെ പക്ഷം. ഷോണ്‍ ഫീല്‍ഡ് വിമാനത്താവളത്തില്‍ ഞങ്ങളെ എത്തിച്ചു, ഇനി അവിടെ നിന്ന് ഏറോഫ്ലോട്ട് വിമാനത്തില്‍ റഷ്യയിലെ രണ്ടാമത്തെ വലിയ സിറ്റി ആയ സെ.പീറ്റേര്‍സ് ബര്‍ഗിലേക്ക്. ബെര്‍ലിന്‍ ഷോണ്‍ ഫീല്‍ഡ് എയര്‍ പോര്‍ട്ടില്‍ നിന്ന് പ്രഭാതഭക്ഷണം കഴിഞ്ഞു. റഷ്യയിലെ കൊടും തണുപ്പ് എങ്ങനെ തരണം ചെയ്യും എന്നറിയില്ല. തണുപ്പിനെ പ്രതിരോധിക്കാന്‍ തക്കതായ വസ്ത്രങ്ങള്‍ ആണോ ധരിച്ചിരിക്കുന്നത് എന്ന് സംശയം. ഗംബൂട്ട് വാങ്ങിക്കാന്‍ വേണ്ടി പാരീസിലെ കടകള്‍ ഇന്നലെ തപ്പി നോക്കിയെങ്കിലും കിട്ടിയില്ല.തല കവര്‍ ചെയ്യാന്‍ പാരീസില്‍ നിന്ന് വാങ്ങിച്ച ക്യാപ് അവിടെ തന്നെ നഷ്ട്ടപ്പെടുകയും ചെയ്തു. എയര്‍ പോര്‍ട്ടിലെ ലോഞ്ചില്‍ ഇരിക്കുമ്പോള്‍ യാത്രക്കാര്‍ എല്ലാവരും മുട്ടുവരെയുള്ള വലിയ ലെതര്‍ ജാക്കെറ്റ് ഇട്ടിരിക്കുന്നു. സെ. പീറ്റേര്‍സ് ബര്‍ഗിലെ കാലാവസ്ഥയെക്കുറിച്ച് ഒരു റഷ്യക്കാരനോട് ചോദിച്ചു. പലര്‍ക്കും ഇംഗ്ലീഷ് അറിയില്ല, എങ്കിലും ഒരാള്‍ തന്‍റെ ഐ ഫോണ്‍ തുറന്നു അവിടത്തെ ടെംപറേചര്‍ കാണിച്ചു തന്നു. മൈനസ് പതിനെട്ടു ഡിഗ്രി... പെട്ടെന്ന് ആലോചിച്ചു, മോര്‍ച്ചറിയില്‍ പോലും ശവങ്ങള്‍ സൂക്ഷിക്കുന്നത് മൈനസ് രണ്ടു മുതല്‍ അഞ്ചു വരെ മാത്രം. മൈനസ് 18 വീണ്ടും എന്നെ ഫ്രീസ് ആക്കുന്നു. തിരികെ വരുന്നത് ജഡം ആകുമോ. പലരും നല്ല ഗ്രിപ്പുള്ള ഷൂ ആണ് ധരിച്ചിരിക്കുന്നത്. തണുപ്പ് ഒരു പേടി ആയി എന്നില്‍ അടിഞ്ഞു കൂടി, എങ്കിലും തണുത്തുറഞ്ഞു കിടക്കുന്ന മഞ്ഞു കട്ടകള്‍ കാണുവാന്‍ ഒരു കൌതുകം മനസ്സില്‍ നിറഞ്ഞിരുന്നു. വിമാനത്തില്‍ വിന്‍ഡോ സീറ്റ് തന്നെ കിട്ടി, ഞാനും ബഷീറും അടുത്തടുത്ത സീറ്റുകളില്‍ ഇരുന്നു. കനത്ത മഞ്ഞ് ആയതിനാല്‍ പകല്‍ പോലും ഇരുട്ടായിരിക്കും സെ.പീറ്റേര്‍സ് ബര്‍ഗില്‍ എന്നാണ് ധാരണ. പക്ഷെ യാത്രയില്‍ സൂര്യപ്രകാശം കാണുന്നുണ്ട്. ബെര്‍ലിനില്‍ നിന്ന് രണ്ടു മണിക്കൂര്‍ ആണ് യാത്രാ സമയം. തണുപ്പ് കാലത്ത് ബെര്‍ലിനും ആയി രണ്ടു മണിക്കൂര്‍ മുന്നോട്ടാണ് സമയ വ്യത്യസം. ദുബായിയും ആയി ഒരു മണിക്കൂര്‍ പിന്നോട്ടും. എയര്‍ ഹോസ്റ്റസ് ഭക്ഷണവുമായി വന്നു, ബഷീര്‍ സസ്യാഹാരം മാത്രമേ കഴിക്കുകയുള്ളൂ. തണുപ്പ് ഉള്ളതിനാല്‍ ഞാന്‍ വൈന്‍ അകത്താക്കി, ഭക്ഷണവും കഴിച്ചു. ഏറ്റവും രസകമായ കാര്യം, ആദ്യമായിട്ടാണ് റഷ്യയില്‍ പോകുന്നതെങ്കിലും ഹോട്ടല്‍ ബുക്കിംഗ് ഒന്നും നടത്തിയിട്ടില്ല. ബഷീറാണ് ധൈര്യം തന്നത്, അവിടെ ചെന്ന് ഒരു ഹോട്ടല്‍ ബുക്ക് ചെയ്യാം എന്ന്.

ഇന്‍-ഫ്ലൈറ്റ് മാഗസിന്‍ മറിച്ചു നോക്കി, പരസ്യങ്ങള്‍ കൂടുതലും റഷ്യയിലെ ആഡംബര ഹോട്ടലുകളെയും അവിടെയുള്ള ക്ലബുകളെയും കുറിച്ചാണ്. സെക്സ് പരസ്യങ്ങള്‍ ആണ് കൂടുതലും, വിദേശികളെ ആകര്‍ഷിക്കാന്‍ ഏറ്റവും മെച്ചം ഈ പരസ്യങ്ങള്‍ ആകും. അതില്‍ ഒരു പരസ്യം ഇങ്ങനെ, സ്ത്രീകള്‍ക്ക് മാത്രം ആയി ലോകത്ത് ഉള്ള ഒരേ ഒരു സ്ട്രിപ്പ് ക്ലബ് സെ. പീറ്റേര്‍സ് ബര്‍ഗില്‍ ആണ് പോലും. യാത്രയിലുടനീളം സമുദ്രം മുഴുവന്‍ മഞ്ഞു മൂടി കിടക്കുന്നു. സെ. പീറ്റേര്‍സ് ബര്‍ഗ് റഷ്യയുടെ രണ്ടാമത്തെ വലിയ പട്ടണം ആണ്. മോസ്കോ ആണ് ഏറ്റവും വലിയ പട്ടണം , തലസ്ഥാനവും. ബാള്‍ട്ടിക് സമുദ്രത്തില്‍ നെവാ പുഴയുടെ തീരത്താണ് സെ. പീറ്റേര്‍സ് ബര്‍ഗ്. സര്‍ രാജവംശത്തിലെ സര്‍ പീറ്റര്‍ ദി ഗ്രേറ്റ് എന്ന ചക്രവര്‍ത്തി 1703 ല്‍ ആണ് മനോഹരമായ ഈ പട്ടണം നിര്‍മ്മിച്ചത്. 1914 ല്‍ സെ.പീറ്റേര്‍സ് ബര്‍ഗിന് പെട്രോബര്‍ഗ് എന്ന് പേര് മാറ്റിയെങ്കിലും വീണ്ടും 1924 ല്‍ ലെനിന്‍ഗ്രാന്‍ഡ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ പട്ടണം 1991 ല്‍ ആണ് പഴയ പേരിലേക്ക് തിരികെ വന്നത്. 1918 വരെ സെ പീറ്റേര്‍സ് ബര്‍ഗ് ആയിരുന്നു റഷ്യയുടെ തലസ്ഥാനം. 4.6 മില്ല്യണ്‍ ജനങ്ങള്‍ ആണ് ഈ പട്ടണത്തിലെ ഇപ്പോഴത്തെ ജനസംഖ്യ. ലോകത്തിലെ ഏറ്റവും വലിയ ആര്‍ട്ട് മ്യൂസിയം സെ. പീറ്റേര്‍സ് ബര്‍ഗിലെ ഹെര്മിറ്റേജ് മ്യൂസിയം ആണ്. യൂറോപ്പിന്‍റെ സാംസ്കാരിക സിറ്റികളില്‍ പ്രമുഖസ്ഥാനം സെ. പീറ്റേര്‍സ് ബര്‍ഗിന് ഉണ്ടായിരുന്നു. വിമാനം സെ.പീറ്റേര്‍സ് ബര്‍ഗില്‍ ഇറങ്ങുന്നു, ഗള്‍ഫില്‍ ചൂട് കാലത്ത് കാണുന്നത്ര സൂര്യപ്രകാശം സെ. പീറ്റേര്‍സ് ബര്‍ഗില്‍ ..പുറത്താകട്ടെ രക്തം കട്ട പിടിക്കുന്ന തണുപ്പും. എവിടെയും വലിയ മഞ്ഞു കട്ടകള്‍ ... ഐസ് കട്ടകള്‍ അല്ലാതെ മറ്റൊന്നും കാണുന്നില്ല. റണ്‍വെയില്‍ പോലും ഐസ് പാളികള്‍ ... ഒടുവില്‍ വിമാനം ലാന്‍ഡ് ചെയ്തു. നമ്മുടെ തിരുവനന്തപുരം വിമാനത്താവളം പോലെ ഉള്ള ഒരു വിമാനത്താവളം. വിമാനത്തില്‍ നിന്നും ഇറങ്ങി, ഒരു ബസ്സില്‍ ടെര്‍മിനലിലേക്ക് ... ഇനി ഇമിഗ്രേഷന്‍-ചെക്ക് ചെയ്യണം. വിമാനത്തില്‍ നിന്ന് വെളിയിലേക്ക് ഇറങ്ങിയപ്പോള്‍ തന്നെ അസ്ഥികള്‍ അരിക്കുന്ന തണുപ്പ്. വിമാനത്തില്‍ വെച്ച് തന്നെ ഇമിഗ്രേഷന്‍ ഫോം ഫില്‍ ചെയ്യാന്‍ തന്നിരുന്നു. ബെലാറസ് ഇപ്പോള്‍ സ്വതന്ത്ര രാഷ്ട്രം ആണ്.പക്ഷെ ഇപ്പോഴും അവിടത്തെ ഇമിഗ്രേഷന്‍ കാര്യങ്ങള്‍ നടത്തുന്നത് റഷ്യ ആണ്. അതിനാല്‍ ഇമിഗ്രേഷന്‍ ഫോം ബെലാറസിനും റഷ്യക്കും ഒന്ന് തന്നെ ആണ്. ഞങ്ങള്‍ റഷ്യന്‍ ഇമിഗ്രേഷന്‍ കൌണ്ടറില്‍ നില്‍ക്കുന്നു, ഞങ്ങളുടെ പാസ്പോര്‍ട്ട് കണ്ടിട്ട്, ഞങ്ങളോട് സീറ്റില്‍ പോയിരിക്കാന്‍ പറഞ്ഞു. കൌണ്ടറിലെ റഷ്യന്‍ സ്ത്രീ അവര്‍ അവരുടെ മേലധികാരിയെ ഫോണില്‍ വിളിച്ചു. ദുബായില്‍ നിന്ന് എജെന്റ് വഴി ആണ് ഞങ്ങള്‍ വിസ എടുത്തത്. വിസക്ക് വേണ്ടി അവര്‍ ഞങ്ങള്‍ക്ക് നല്‍കിയ ഹോട്ടല്‍ ബുക്കിംഗ് മോസ്കോയിലെതാണ്. വിസക്ക് വേണ്ടി മാത്രം നടത്തിയ ആ ബുക്കിംഗ് വെറും ഡമ്മി ബുക്കിംഗ് ആണ്. ആ ഹോട്ടല്‍ ആണ് ഞങ്ങള്‍ക്ക് ടൂറിസ്റ്റു വിസ നല്‍കിയത്. മുന്‍പ് ഇന്ത്യക്കാര്‍ക്ക് റഷ്യ നല്‍കിയിരുന്ന സൌകര്യങ്ങള്‍ ഒക്കെ പിന്‍വലിച്ചു , ഇപ്പോള്‍ അവര്‍ക്ക് ഇന്ത്യക്കാരോട് പഴയ മമതയോന്നും ഇല്ല. എന്തായാലും എമിഗ്രേഷന്‍ ഓഫീസര്‍ വന്നു, വീണ്ടും ചോദ്യങ്ങള്‍ ... നിങ്ങളുടെ ഹോട്ടല്‍ ബുക്കിംഗ് മോസ്കോയില്‍ അല്ലെ, പിന്നെ എന്തിനു നിങ്ങള്‍ സെ. പീറ്റേര്‍സ് ബര്‍ഗില്‍ ഇറങ്ങി,, ഞങ്ങള്‍ പറഞ്ഞു , ഇവിടെ നിന്ന് ട്രെയിനില്‍ ഞങ്ങള്‍ മോസ്കോയ്ക്ക് പോകും. ഒടുവില്‍ ഇമിഗ്രേഷന്‍ സ്റ്റാമ്പ് അടിച്ചു, ഞങ്ങള്‍ പുറത്തിറങ്ങി. ഹോട്ടല്‍ ബുക്ക് ചെയ്യാന്‍, ടൂറിസ്റ്റു കിയോസ്ക് കണ്ടു. അവിടെ ഇംഗ്ലീഷ് സംസാരിക്കുന്ന സുന്ദരിയായ റഷ്യന്‍ പെണ്‍കുട്ടി ... ഞങ്ങള്‍ക്ക് പോകേണ്ടത് സോഫിസ്ക്യാ എന്ന സ്ഥലത്താണ് . അതിനടുത്തു ആകെ മൂന്നു ഹോട്ടലുകള്‍ ആണ് അവരുടെ ലിസ്റ്റില്‍ ... ഏറ്റവും അടുത്ത് എന്ന് തോന്നിയ ഹോട്ടലില്‍ ഞങ്ങള്‍ ബുക്ക് ചെയ്തു. ഒരു ദിവസം 2500 റൂബിള്‍ ആണ് ചാര്‍ജ് . ഇപ്പോള്‍ ഓഫ് സീസന്‍ ആണ് പോലും. പിന്നെ ഞങ്ങള്‍ എക്സ്ചേഞ്ചില് നിന്ന് പണം മാറി, ടാക്സി ബുക്ക് ചെയ്തു ഹോട്ടലിലേക്ക്. 800 റൂബിള്‍ ആണ് ടാക്സി ചാര്‍ജു. ചെറിയ ചില ഇംഗ്ലീഷ് വാക്കുകള്‍ ടാക്സികാരനും അറിയാം. ഒടുവില്‍ അയാള്‍ ഞങ്ങളെ ടാക്സിയില്‍ ഹോട്ടലില്‍ എത്തിച്ചു. ലഗേജു വച്ചിട്ട് ഞങ്ങള്‍ക്ക് സോഫിസ്ക്യാ മാര്‍ക്കറ്റില്‍ പോകണം. സമയം ഏകദേശം അഞ്ചു മണി ആയെങ്കിലും വെളിച്ചം ഉണ്ട്. ടാക്സിക്കാരനോട് വെയിറ്റ് ചെയാന്‍ പറഞ്ഞു. വലിയ ആര്‍ഭാടം ഒന്നും ഇല്ലാത്ത പഴയ രീതിയിലുള്ള ഒരു കെട്ടിടം ആണ് ഹോട്ടല്‍. റിസപ്ഷനിസ്റ്റ്‌നു ഇംഗ്ലീഷ് അറിയില്ല, ഏതാണ്ട് മദ്ധ്യവയസ്സ് കഴിഞ്ഞ ഒരു സ്ത്രീ. ഒടുവില്‍ ഞങ്ങള്‍ ഡിസ്കൌണ്ട് ചോദിച്ചു. ഞങ്ങള്‍ ഇന്ത്യക്കാര്‍ ആണ് അതിനാല്‍ ഡിസ്കൌണ്ട് വേണം എന്ന് പറഞ്ഞു ഒരു വിധത്തില്‍ 400 റൂബിള്‍ ഡിസ്കൌണ്ട് മേടിച്ചു. അപ്പോഴേക്കും ടാക്സിക്കാരന്‍ തന്‍റെ വെയിറ്റിംഗ് ചാര്‍ജു വേണം എന്ന് പറഞ്ഞു ഒച്ചയുണ്ടാക്കി. സോഫിസ്ക്യായില്‍ എത്തിയപ്പോള്‍ അതിനു വേണ്ടി അയാള്‍ വലിയ ബഹളം ഉണ്ടാക്കി. പക്ഷെ ഞങ്ങള്‍ ഇംഗ്ലീഷില്‍ പറഞ്ഞത് കൊണ്ടാകും ഞങ്ങളോട് അധികം തര്‍ക്കിച്ചിട്ടു കാര്യം ഇല്ല എന്ന് വിചാരിച്ചു അയാള്‍ പോയി.
 ഞങ്ങള്‍ ചെന്ന സമയമായതുകൊണ്ടാകും മാര്‍ക്കറ്റില്‍ ആളുകള്‍ വളരെ കുറവാണ്. അസര്‍ബൈജാനി ആയ ഒരു കച്ചവടക്കാരനെ ഞങ്ങള്‍ കണ്ടു. ഓഫീസിലും മാര്‍ക്കറ്റിലും എല്ലാം ഹീറ്റര്‍ ഉണ്ട്, തണുപ്പില്‍ നിന്നും രക്ഷപെടാന്‍ . ഇടയ്ക്കു ടി വി യിലെവാര്‍ത്തയില്‍ നോക്കി അയാള്‍ പറയുന്നത് കേട്ടു , പിറ്റേന്നു കാലാവസ്ഥ വീണ്ടും മോശം ആകുന്നു. മൈനസ് 25 ആകും എന്ന്. തൊപ്പിയും കാലുറയും കൈയ്യുറയും ധരിച്ചിട്ടുണ്ട്, എന്നിട്ടും തണുപ്പ് അസ്ഥികളെ തുളയ്ക്കുന്നു. എട്ടു മണി ആയപ്പോള്‍ ഉസ്ദാര്‍ എന്ന ഈ വ്യാപാരി ഓഫീസ് അടച്ചു, പോകുന്ന വഴിയില്‍ ഞങ്ങളെ ഹോട്ടലില്‍ കൊണ്ട് വിട്ടു. പിറ്റേന്ന് ഞങ്ങളെ ഡിന്നറിനു ക്ഷണിക്കുകയും ചെയ്തു. ഫ്രഷ് ആയി, ഭക്ഷണം കഴിക്കണം.. ഹോട്ടലിനു തൊട്ടു ചേര്‍ന്ന് ഒരു ഭക്ഷണ ശാല. അവിടെ ഡിന്നറിനു പോയി. വലിപ്പമുള്ള ഹാള്‍ ആണ് എങ്കിലും ഞങ്ങളെ കൂടാതെ നാലഞ്ചു പേര്‍ മാത്രം. റഷ്യന്‍ സംഗീതം ഒഴുകുന്നു, നല്ല കേള്‍ക്കാന്‍ രസമുള്ള, ഈണമുള്ള സംഗീതം, ഒന്നും മനസിലായില്ലെങ്കിലും കേട്ടിരുന്നു. ഇപ്പോള്‍ ആകെ ഒരു പ്രശ്നം , അവിടെ ആര്‍ക്കും റഷ്യന്‍ ഭാക്ഷ അല്ലാതെ മറ്റൊന്നും അറിയില്ല, മെനുവും റഷ്യന്‍ ഭാഷയില്‍ ... ബഷീര്‍ പച്ചക്കറിക്കാരനും..എന്ത് ചെയ്യും. റെവ എന്ന മല്‍സ്യം റഷ്യയിലെ പ്രധാന മല്‍സ്യം ആണ്. വെന്ത മത്സ്യത്തില്‍ ചില ക്രീമുകള്‍ ഒഴിച്ചതു ഒരു പ്ലേറ്റ് ഞാന്‍ ഓര്‍ഡര്‍ ചെയ്തു. ബഷീര്‍ ആകെ വിഷമത്തില്‍ ആയി. ഒടുവില്‍ ഷെഫ് വന്നു. അദേഹത്തിനും അറിയില്ല ഭാഷ , ഞങ്ങള്‍ അടുക്കളയില്‍ പോയി പച്ചക്കറികള്‍ കാണിച്ചുകൊടുത്തു . ബഷീറിന് ഒടുവില്‍ സാലഡും എനിക്ക് മീനും. ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുക്കണ്ടം തിന്നണം എന്ന ബോധ്യത്തോടെ ഞങ്ങള്‍ ഭക്ഷണം കഴിച്ചു. ഹോട്ടലില്‍ പ്രഭാത ഭക്ഷണം, അതിന്‍റെ കൂപ്പണ്‍ വാങ്ങണം . അതിനായി ചെന്നപ്പോള്‍ അവര്‍ക്ക് ആദ്യം മനസിലായില്ല, കൈ കൊണ്ട് ആംഗ്യം കാണിച്ചപ്പോള്‍ "ഞം ഞം " എന്ന് പറഞ്ഞു കൂപ്പണ്‍ തന്നു. ഞം ഞം എന്നായിരിക്കുമോ ഭക്ഷണത്തിനു റഷ്യയില്‍? ഹഹ, ഞം ഞം ... പ്രഭാത ഭക്ഷണത്തിനു പോയി, കുറച്ചധികം റഷ്യക്കാര്‍ അവിടെ ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നു. ചീസും ഹാമും ഒക്കെ കൊണ്ട് വച്ചു . ബഷീര്‍ മുട്ട മതിയെന്ന് പറഞ്ഞത് അവര്‍ക്ക് മനസിലായില്ല, ഒടുവില്‍ ഒരു റഷ്യന്‍ സുന്ദരി ഞങ്ങള്‍ക്ക് പരിഭാഷ നടത്തി. ഒരു വിധം ബ്രേക്ക് ഫാസ്റ്റ് കഴിച്ചു. ബുക്ക് ചെയ്ത ടാക്സി വരുന്നത് വരെ ഞങ്ങള്‍ ഹോട്ടലിനു വെളിയിലെ ഐസ് കൂമ്പാരത്തിന് മുകളില്‍ പോയി നിന്ന് ഫോട്ടോ എടുത്തു. വീണ്ടും സോഫിസ്ക്യായില്‍ , ഇത്തവണ ഞങ്ങള്‍ക്ക് കാണേണ്ടത് മറ്റൊരു വ്യാപാരിയെ. ബെര്‍ലിനില്‍ വച്ച് കണ്ടു മുട്ടിയ ഇയാളും അസര്‍ബൈജാന്‍ സ്വദേശി ആണ്. സോഫിസ്ക്യായില്‍ ഗേറ്റിനടുത്ത് ഞങ്ങള്‍ ടാക്സിയില്‍ നിന്നും ഇറങ്ങി നടക്കാന്‍ തുടങ്ങി. നടക്കാന്‍ വളരെ ബുദ്ധിമുട്ടുള്ള പ്രതലം. ഐസ് ആയതിനാല്‍ തെന്നും, വളരെ സൂക്ഷിക്കണം. നമ്മുടെ മുഖ്യന്‍ പണ്ട് ദാവോസില്‍ പോയപ്പോള്‍ ഐസില്‍ നടന്നു കാലോടിഞ്ഞതൊക്കെ പത്രവാര്‍ത്ത ആയിരുന്നല്ലോ. ഞാനും ബഷീറും അന്യോന്യം സൂക്ഷിക്കണം എന്ന് പറഞ്ഞു മുന്നോട്ടു നടന്നു., പറഞ്ഞു തീരുന്നതിനു മുന്‍പേ, ഇതാ ഞാന്‍ പിന്നിലേക്ക് മറിഞ്ഞു വീണു. അസ്തി തുളയ്ക്കുന്ന തണുപ്പ്..നടക്കാന്‍ വയ്യാത്ത പ്രതലവും. ഒടുവില്‍ അടുത്തു കണ്ട ഒരു കടയില്‍ കയറി, ഞങ്ങള്‍ക്ക് കാണേണ്ട വ്യാപാരിയുടെ വിസിറ്റിംഗ് കാര്‍ഡ് അവരെ കാണിച്ചു കൊടുത്തു . ആ കാര്‍ഡില്‍ ഒരു വശത്തു റഷ്യന്‍ ഭാഷയിലും അഡ്രസ് ഉണ്ടായിരുന്നതിനാല്‍ അവര്‍ കടയില്‍ കൊണ്ടുവിട്ടു . വളരെ സൂക്ഷിച്ചു തന്നെ നടന്നു. ശരീര ഭാഗങ്ങള്‍ ഒട്ടും വെളിയില്‍ കാണാത്ത കറുത്ത കോട്ടിട്ട പ്രേതങ്ങള്‍ മാത്രം എവിടെയും. എല്ലായിടത്തും ഹീറ്ററുകള്‍. ജോലിക്കിടയില്‍ കുറച്ചു നേരം ചൂട് കൊള്ളും, പിന്നെ ജോലി, വീണ്ടും ഹീറ്ററിനരികില്‍ ... എല്ലാവരുടെയും ചുണ്ടില്‍ എരിയുന്ന സിഗാര്‍ ...

എല്ലാവരും കാലാവസ്ഥയെ കുറിച്ച് മാത്രം സംസാരിക്കുന്നു. ഇന്ന് ടെംപറെചര്‍ - 25 ഡിഗ്രീ . ഓഫീസില്‍ചെന്നപ്പോഴേ ചൂടുള്ള ചായ, ടേബിളില്‍ വിവിധയിനം മദ്യങ്ങള്‍ ...എനിക്കും ഒരെണ്ണം അടിക്കണം എന്നുണ്ട്, പക്ഷെ ഡ്യൂട്ടി സമയം .. സുഹൃത്ത് ആണെങ്കിലും ബഷീര്‍, മുതലാളി കൂടി ആണല്ലോ. കച്ചവടം ഉറപ്പിച്ച് ഇറങ്ങിയപ്പോള്‍ മറ്റൊരു കച്ചവടക്കാരന്‍ ഫോണ്‍ ചെയ്തു, അദേഹം വണ്ടിയുമായി വരാം എന്ന് പറഞ്ഞു. സ്റ്റാസ് പറഞ്ഞ സമയത്ത് തന്നെ എത്തി, വാഹനത്തില്‍ കയറ്റി, സോഫിസ്ക്യയില്‍ നിന്നും ഇരുപതു കിലോമീറ്റര്‍ അകലെ ഉള്ള മറ്റൊരു മാര്‍ക്കറ്റില്‍ ആണ് അദേഹം ഞങ്ങളെ കൊണ്ട് പോയത്. സ്റ്റാസ് നന്നായി ഇംഗ്ലീഷ് സംസാരിക്കും, യാത്രയിലുടനീളം കാലാവസ്ഥയെക്കുറിച്ചും സെ. പീറ്റേര്‍സ് ബാര്‍ഗിനെക്കുറിച്ചും സംസാരിച്ചു. നാളെ വീണ്ടും തണുപ്പ് കൂടും എന്നാണു സ്റ്റാസ് പറയുന്നത്. നെവ നദിക്കു കുറുകെ കടന്നപ്പോള്‍ പുഴ മുഴുവന്‍ ഐസ് ആയി കിടക്കുന്നു. . പോയ വഴിയില്‍ കണ്ട കാഴ്ച റോഡരുകില്‍ നിര്‍ത്തി ഇട്ടിരുന്ന പല വാഹനങ്ങളും ഐസ് മൂടി കിടക്കുന്നു. ഇനി മഞ്ഞു കാലം മാറിയിട്ട് മാത്രമേ ആ വാഹനങ്ങള്‍ ഉപയോഗിക്കുകയുള്ളൂ എന്ന് സ്ടാസ് പറഞ്ഞു. ഓഫീസുകളില്‍ ഹീറ്റര്‍ ഉള്ളതിനാല്‍ തണുപ്പ് സഹിക്കാം. എല്ലാ ഓഫീസുകളിലും ചെല്ലുമ്പോള്‍ നമ്മുടെ കോട്ട് തൂക്കിയിടുവാന്‍ ഉള്ള സൌകര്യം ഉണ്ട്. അതിനായി റിസപ് ഷനിസ്റ്റ് നമ്മളെ സഹായിക്കും. ചായക്ക് പകരം അവര്‍ ഞങ്ങള്‍ക്ക് ഓഫര്‍ ചെയ്തത് വോഡ്ക ആണ്. വീണ്ടും ബഷീര്‍ ഒരു പാരയായി എന്റെ അടുത്തു, അതിനാല്‍ നന്ദി പറഞ്ഞു, ചായ കുടിച്ചു. റഷ്യക്കാരും ചായ എന്ന് തന്നെ ആണ് ഉച്ചരിക്കുന്നത്. സ്റ്റാസിന്റെ ഓഫീസിലെ മീറ്റിംഗ് കഴിഞ്ഞു, വീണ്ടും ഞങ്ങളെ സോഫിസ്ക്യായില്‍ തിരികെ എത്തിച്ചു. സ്ടാസ് ജോലിക്കിടയില്‍ പഠനവും നടത്തുന്നു. മോസ്കോയില്‍ കാലാവസ്ഥ -30 ആയ കാര്യം സ്ടാസ് ആണ് പറഞ്ഞത്. സെ. പീറ്റേര്‍സ് ബര്‍ഗില്‍ -26 ഡിഗ്രിയും .ഉസദര്‍ ഇന്ന് രാത്രിയില്‍ ഞങ്ങളെ ഡിന്നറിനു ക്ഷണിച്ചിട്ടുണ്ട്. തണുപ്പ് കൂടുതലായതിനാല്‍ ബഷീര്‍ പറഞ്ഞു " നമുക്ക് മോസ്കോ യാത്ര വേണ്ട എന്ന് വെയ്ക്കാം " . ഞങ്ങള്‍ വെള്ളിയാഴ്ച തന്നെ ഉക്രൈനിന് പുറപ്പെടുവാനുള്ള ടിക്കെറ്റ് ബുക്ക് ചെയ്തു. രാത്രിയില്‍ ഉസ്ദാറിനൊപ്പം ഡിന്നര്‍ ... പോയ വഴി അദ്ധേഹത്തിന്‍റെ ഒരു സുഹൃത്തിനെയും കൂട്ടി. വീഥികളില്‍ വാഹനങ്ങള്‍ ഇല്ല. ജനങ്ങളും. തണുപ്പ് അത്രമേല്‍ കൂടിയിരിക്കുന്നു. എവിടെയും ചെറിയ ഐസ് കൂമ്പാരങ്ങള്‍ മാത്രം. വളരെ വിശാലമായ ഒരു കെട്ടിടത്തില്‍ ആണ് ഉസ്ദാര്‍ ഞങ്ങളെ കൊണ്ട് പോയത്. വലിയ ഒരു ഹാള്‍.. അനേകം ഡൈനിങ്ങ് ടേബിളുകള്‍ , പക്ഷെ അമ്പതോ അറുപതോ ആളുകള്‍ മാത്രം. മനോഹരമായി വസ്ത്രം ധരിച്ചവര്‍ .. തങ്ങളുടെ ജാക്കറ്റുകളില്‍ നിന്നും കോട്ടുകളില്‍ നിന്നും മോചനം നേടി, ഹാളിന്‍റെ മുന്നിലുള്ള ഡാന്‍സ് ഫ്ലോറിലേക്ക് എല്ലാവരും എത്തുന്നു. ഡാന്‍സ് കാണുവാന്‍ കഴിയുന്ന തരത്തില്‍ ഒരു ടേബിളില്‍ ഞങ്ങള്‍ ഇരുന്നു. തണുപ്പ് ആണെങ്കിലും ഉസ്ദാര്‍ ബിയര്‍ ആണ് ഓര്‍ഡര്‍ ചെയ്തത്. ബിയര്‍ നുരയുമ്പോള്‍ പച്ച മത്സ്യവും പച്ച മാംസവും മേശമേല്‍ നിരന്നു. സലാഡുകള്‍ തന്നെ അനവധി, ഇതെല്ലാം എങ്ങനെ കഴിച്ചു തീര്‍ക്കും നാലുപേര്‍ എന്ന് ഞാന്‍ വിചാരിച്ചുവെങ്കിലും റഷ്യക്കാര്‍ തീറ്റയില്‍ ഒട്ടും മോശം അല്ല. പ്രധാന ഡിഷുകള്‍ വീണ്ടും വന്നു. ഡാന്‍സ് ഫ്ലോറില്‍ റഷ്യന്‍ സുന്ദരന്മാരും സുന്ദരികളും തിമിര്‍ത്തു ആടുന്നു, റഷ്യന്‍ സംഗീതം കര്‍ണ്ണാനന്ദകരം . ഭക്ഷണം കഴിഞ്ഞു വാഹനത്തിന്‍റെ അടുക്കല്‍ ചെന്നപ്പോള്‍ ആണ് കണ്ടത് ഐസ് വീണ് വാഹനത്തിന്റെ മുകളില്‍ നിറഞ്ഞിരിക്കുന്നു. ഉസ്ദാര്‍ തന്നെ ഐസ് നീക്കി, ഞങ്ങളെ രാത്രിയില്‍ ഹോട്ടലില്‍ എത്തിച്ചു. ഫ്രഷ് ആയി കിടക്കയിലേക്ക് വീണപ്പോള്‍ അടുത്ത മുറിയില്‍ നിന്നും രതിയുടെ സീല്‍ക്കാരങ്ങള്‍ കേള്‍ക്കാം , ഒരു താരാട്ട് പോലെ ആ ശബ്ദം ഞങ്ങളെ നിദ്രയിലാഴ്ത്തി.

വെള്ളിയാഴ്ച രാവിലെ തന്നെ ഞം ഞം കഴിച്ചു, ടാക്സിയില്‍ നെവ നദിക്കരികില്‍ പ്രധാന സിറ്റിയിലുള്ള ഒരു കമ്പനിയില്‍ പോകുവാന്‍ തീരുമാനിച്ചു. വൈകുന്നേരം 5.35 നു ആണ് ഉക്രൈനിലെക്കുള്ള ഫ്ലൈറ്റ്. മൂന്നു മണിയോട് കൂടി ചെക്ക്-ഇന്‍ ചെയ്യണം. റൂം ചെക്ക്-ഔട്ട് ചെയ്തു, ലഗേജു ഹോട്ടലില്‍ തന്നെ സൂക്ഷിക്കാന്‍ ഏല്പിചിട്ടാണ് യാത്ര. ഇന്നത്തെ യാത്രയില്‍ രാവിലെ പത്തു മണിക്ക് നെവയില്‍ ഒരു മീറ്റിംഗ്, പിന്നെ ബഷീറിന് ജുമാ നമ്സകരിക്കണം. എന്തായാലും പതിനൊന്നു മണിയോട് കൂടി ഞങ്ങളുടെ മീറ്റിംഗ് കഴിഞ്ഞു. വീണ്ടും ടാക്സിയില്‍ ഗോര്‍ഗിസ്ക്യോവ എന്ന സ്ഥലത്തേക്ക്. ഗോര്‍ഗിസ്കൊയോവ എന്ന സ്ഥലത്താണ് സെ. പീറ്റേര്‍സ് ബര്‍ഗിലെ ഏക മോസ്ക് സ്ഥിതി ചെയ്യുന്നത് . സെ. പീറ്റേര്‍സ് ബര്‍ഗിലെ എല്ലാ മുസ്ലീംങ്ങളും ജുമാ നമസകാരത്തിനു വരുന്നത് അവിടെ ആണ്. പക്ഷെ ഞങ്ങള്‍ സംസാരിച്ച മുസ്ലീം സുഹൃത്തുക്കള്‍ ഒന്നും ജുമാ നിസ്കരിക്കാന്‍ പോകുന്നവര്‍ അല്ല, അവര്‍ പറഞ്ഞു, അള്ളാഹു ഓരോരുത്തരുടെയും മനസ്സില്‍ ആണ്, പക്ഷെ ഞങ്ങള്‍ ഞങ്ങളുടെ കുട്ടികളെ ഖുറാന്‍ പഠിപ്പിക്കാന്‍ സംവിധാനം ഉണ്ടാക്കിയിട്ടുണ്ട്. ഞങ്ങള്‍ ജുമാ നിസ്കാരത്തിനു വളരെ നേരത്തെ തന്നെ അവിടെ എത്തി. വളരെ പഴയ മോസ്ക്ക് ആണത്. 1913 ല്‍ ആണ് ഇവിടെ ഈ മോസ്ക് പണിതത്. ഇപ്പോള്‍ നൂറു വര്‍ഷം ആകുന്നു. 5000 പേര്‍ക്ക് നിസ്കരിക്കാന്‍ സൌകര്യം ഉണ്ട് ഈ മോസ്കില്‍. പന്ത്രണ്ടു മണി ആയി. ബഷീര്‍ പറഞ്ഞു " പന്ത്രണ്ടരക്ക് ജുമാ, അത് കഴിയുമ്പോള്‍ ടാക്സിയില്‍ ഹോട്ടലില്‍ ചെന്ന് ലഗേജും എടുത്തു എയര്‍ പോര്‍ട്ടിലേക്ക് " ...എല്ലാം ഞങ്ങള്‍ പ്ലാന്‍ ചെയ്തു. ബഷീര്‍ ജുമാ നമസ്കാരത്തിനായി മോസ്കിലേക്ക് പോയി. പക്ഷെ എനിക്ക് പുറത്തു നില്‍ക്കാന്‍ കഴിയില്ല. എല്ലായിടത്തും ഐസ് കൂമ്പാരങ്ങള്‍ മാത്രം. അപ്പോഴാണ് അടുത്തു കണ്ട ഹലാല്‍ സാധനങ്ങള്‍ വില്‍ക്കുന്ന കടയിലേക്ക് കയറിയത്. അവിടെ അടുത്തെങ്ങും മറ്റൊരു കടയോ ഒന്നും കാണുന്നില്ല. അവിടെ ഹലാല്‍ മാംസം കച്ചവടം ചെയ്യുന്ന ഒരു മുസ്ലീം കട ആണ്. നിസ്കരിക്കാന്‍ വന്നവരും നിസ്കരിച്ചു കഴിഞ്ഞവരും അവിടെ വന്നു സാധനങ്ങള്‍ വാങ്ങിച്ചു പോകുന്നു. കടയ്ക്കകത്ത് മൂന്നു നാല് മുസ്ലീം യുവതികള്‍ ആണ് കച്ചവടം നടത്തുന്നത്. നിസ്കാരം കഴിഞ്ഞു ഇപ്പോള്‍ വരും എന്ന് കരുതി ഞാന്‍ ബഷീറിനെ നോക്കുന്നു. ഒരു മണി ആയിട്ടും കാണുന്നില്ല, ഞാന്‍ എസ് എം എസ് അയച്ചു, മറുപടി ഇല്ല. ഫോണ്‍ ഓഫ് ആണ്. എന്‍റെ മനസ് മുഴുവന്‍ എയര്‍പോര്‍ട്ട്, എനിക്ക് ആരോടും സംസാരിക്കാനും കഴിയുന്നില്ല, തണുപ്പ് അസഹ്യവും. ടാക്സി വിളിക്കുകയാണെങ്കില്‍ പോലും ടാക്സി വരാന്‍ കുറഞ്ഞത് 10 മിനിറ്റെങ്കിലും എടുക്കും. ഒന്നര കഴിഞ്ഞപ്പോള്‍ ബഷീര്‍ വന്നു. ഞാന്‍ വളരെ സന്തോഷത്തെ പോകാനുള്ള ശ്രമം നടത്തി, ടാക്സി വിളിക്കണം. പെട്ടെന്ന് ബഷീര്‍ പറഞ്ഞു, ജുമാ ഇവിടെ ലേറ്റ് ആണ്, 1.50 നു ആണ്, പോയിട്ട് കൃത്യം രണ്ടു മണിയോടെ വരാം, ഒരു മണിക്കൂര്‍ മതിയാകും എയര്‍ പോര്‍ട്ടില്‍ പോകാന്‍. എന്തായാലും ഒരു ടാക്സി അന്വേഷിക്കാന്‍ പറഞ്ഞു. ഏകദേശം രണ്ടു മണിക്കൂര്‍ ആ കടയില്‍ ഒരു പ്രതിമ പോലെ നിന്നത് കൊണ്ടാകും ( കടക്കു പുറത്തു നിന്നിരുന്നേല്‍ പ്രതിമ ആകുവാന്‍ അധികം സമയം വേണ്ടി വരുമായിരുന്നില്ല.അത്രയ്ക്കാണ് തണുപ്പ്.യുവതികള്‍ എന്നെ നോക്കി ചിരിക്കാന്‍ തുടങ്ങി. ഒടുവില്‍ ടാക്സി വിളിക്കുന്ന കാര്യം ഞാന്‍ ഇംഗ്ലീഷില്‍ പറഞ്ഞത് അവര്‍ക്ക് റഷ്യന്‍ ഭാഷയില്‍ മനസിലായി. അവര്‍ അകത്ത് പോയി ഒരു മനുഷ്യനെ കൂട്ടിക്കൊണ്ടു വന്നു. അദേഹം മൊറോക്കോകാരന്‍ ആണ്. കുറച്ചു ഇംഗ്ലീഷ് തട്ടി മുട്ടി പറയും. അയാള്‍ പറഞ്ഞു, ഈ യുവതിയുടെ ഭര്‍ത്താവിന് ജോലി ഇല്ല, വണ്ടി ഉണ്ട്, ഞങ്ങളെ എയര്‍പോര്‍ട്ടില്‍ കൊണ്ടു വിടും . അഞ്ചു മിനിട്ടിനകം ഒരു വയസ്സന്‍ വണ്ടിയുമായി പുറത്തു വന്നു. ഒരു മണിക്കൂര്‍ മിനിമം വേണം എയര്‍ പോര്‍ട്ടില്‍ എത്താന്‍, നാലായിരം റൂബിള്‍ ആണ് അദേഹം ചോദിച്ചത്. അത് വളരെ കൂടുതല്‍ ആണെന്ന് തോന്നി. ഞാന്‍ വണ്ടിയില്‍ നിന്നിറങ്ങി. ബഷീര്‍ ഇപ്പോള്‍ വരുമല്ലോ, ഇനി കടയ്ക്കകത്ത് കയറാനും പറ്റില്ല. ഞാന്‍ പുറത്തു തന്നെ നിന്നു. പള്ളിയില്‍ നിന്ന് വളരെയധികം ആളുകള്‍ പുറത്തേക്ക്. ഞാന്‍ എല്ലാവരോടും സംസാരിക്കാന്‍ ശ്രമിക്കുന്നു. ഒടുവില്‍ കുറച്ചു ഇംഗ്ലീഷ് സംസാരിക്കുന്ന ഒരാളെ കിട്ടി, ഒരു ടുണീഷ്യ കാരന്‍. ഞാന്‍ അയാളോട് കാര്യം പറഞ്ഞു. അദേഹം പറഞ്ഞു, ടാക്സിയില്‍ പോയാല്‍ അവിടെ സമയത്ത് എത്തില്ല, ഒരൊറ്റ മാര്‍ഗം, അണ്ടര്‍ ഗ്രൌണ്ട് മെട്രോയില്‍ പോവുക. മെട്രോ എവിടെ എന്നോ, എങ്ങനെ പോകുമോ എന്നൊന്നും അറിയില്ല, 2.15 ആയി, ഞാന്‍ വീണ്ടും ബഷീറിന് വേണ്ടി കണ്ണുകള്‍ ഉഴിയുന്നു. മനസ്സില്‍ തണുപ്പും വെറുപ്പും ഒന്നിച്ചു പ്രഷാളണം നടക്കുന്നു. ഉദ്ദേശം രണ്ടരയോടെ ബഷീര്‍ എത്തി, പള്ളിയില്‍ നിന്ന് ഇറങ്ങാന്‍ കഴിയാതെ പെട്ടുപോയതാണ്. ഞാന്‍ തൂണ് പോലെ ആയി. അസ്ഥിയും മാംസവും രക്തവും എല്ലാം കട്ടയായത് പോലെ. എന്തായാലും ബഷീര്‍ ടുണീഷ്യ ക്കരനുമായി സംസാരിച്ചു. വിശദമായി കാര്യങ്ങള്‍ പറഞ്ഞു. എന്തായാലും അദേഹത്തിന്റെ കൂടെ നടക്കാന്‍ കല്പിച്ചു. ഐസില്‍ സ്ലിപ്പ് ആകുന്ന പ്രതലം, എങ്കിലും ഓടുകയായിരുന്നു, ഒരു വിധത്തില്‍ റോഡു മുറിച്ചു കടന്നു മെട്രോ സ്റ്റേഷനില്‍ എത്തി. പെട്ടെന്ന് തന്നെ ടിക്കറ്റ് എടുത്തു, ഇനി അണ്ടര്‍ ഗ്രൌണ്ടിലേക്ക് പോകണം, അതിനായി എലെവേറ്ററില്‍ കയറി. അതെ , എലെവേറ്റര്‍ താഴേക്കു പോയിക്കൊണ്ടിരിക്കുന്നു, പെട്ടെന്ന് അകാരണമായ ഭീതി മനസിലേക്ക് വന്നു. എലെവേറ്റര്‍ യാതൊരു അവസാനവും ഇല്ലാതെ താഴേക്ക് പോകുന്നു, പാതാളത്തില്‍ മഹാബലിയെ ചവിട്ടി താഴ്ത്തിയത് ചെറിയ ക്ലാസ്സുകളില്‍ പഠിച്ചിട്ടുണ്ട്...ഓണക്കാലത്ത് വീണ്ടും വീണ്ടും അതൊക്കെ ഓര്‍മിക്കുകയും ചെയുന്നു, ഒരു അവസാനവും ഇല്ലാതെ എലെവേറ്റര്‍ ഇതാ താഴേക്കു പോകുന്നു. ഇനി ഇതായിരിക്കുമോ അണ്ടര്‍ഗ്രൌണ്ട് ട്രെയിന്‍ എന്ന് പറയുന്നത് . ഈ എലെവേറ്ററില്‍ കൂടി ആണോ അടുത്ത സ്റ്റേഷനില്‍ ചെല്ലുന്നത്. ഭയം വിട്ടു മാറിയിട്ടില്ല. ക്യാമറ എടുത്തില്ല , അല്ലെങ്കില്‍ ഫോട്ടോ എടുക്കാമായിരുന്നു. ഞങ്ങള്‍ ഇറങ്ങുന്നതിനു സമാന്തരമായി മറ്റൊരു എലെവേറ്ററില്‍ പാതാളത്തില്‍ നിന്നും ആളുകള്‍ വരുന്നുണ്ട്. അവരും ഞങ്ങളെ പോലെ കറുത്ത പ്രേതങ്ങള്‍ ആണ്. എല്ലാവരും കറുത്ത കോട്ടുകള്‍ ആണ് ധരിച്ചിരിക്കുന്നത്, കണ്ണും മുഖവും ഒഴിച്ച് ബാക്കി എല്ലാം തുണികള്‍ കൊണ്ട് മൂടിയിരിക്കുന്നു. ഏതാനും ചില സ്ത്രീകള്‍ ഒഴികെ മിക്കവരും കറുത്ത കുപ്പായങ്ങള്‍ ആണ് ധരിച്ചിരിക്കുന്നത്. കറുത്ത പ്രേതങ്ങള്‍ ആണ് എവിടെ നോക്കിയാലും. പീറ്റേര്‍സ് ബര്‍ഗില്‍ ആണ്. ഏകദേശം നൂറു മീറ്റര്‍ ആഴമുള്ള റെയില്‍വേ. വിശ്വസിക്കാന്‍ പ്രയാസം.. 126 മീറ്റര്‍ ആഴമുള്ള എലെവേറ്റര്‍ ഭൂമിക്കടിയിലേക്ക് നമ്മളെ കൊണ്ട് പോകുന്നു. വല്ലാത്തൊരു ഭീതി തോന്നിയ നിമിഷങ്ങള്‍, ഏകദേശം ഏഴു മിനിട്ട് നേരം എലെവേറ്ററില്‍ ഭൂമിക്കടിയിലേക്ക്. വിസ്മയം സൃഷ്ടിച്ച ഈ റയില്‍വേ, യാത്രക്കാര്‍ക്ക് വലിയ അനുഗ്രഹം ആണ്. ഈ റെയില്‍വേയില്‍ എത്ര ദൂരം യാത്ര ചെയ്യണമെങ്കിലും ഇരുപതു റൂബിള്‍ മാത്രം മതി. റഷ്യയില്‍ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് വളരെ ചെലവ് കുറഞ്ഞതാണ്. എലെവേറ്ററില്‍ നിന്നിറങ്ങി മെയിന്‍ ഗേറ്റ് കടന്നപ്പോള്‍ അവിടെ റെയില്‍പാത. അതി മനോഹരമായ വൃത്തിയും വെടിപ്പും ഉള്ള സ്റ്റേഷന്‍. എഴുപതു കൊല്ലം മുന്‍പ് ഇത്ര മനോഹരമായി ഈ അണ്ടര്‍ ഗ്രൌണ്ട് സ്റ്റേഷന്‍ നിര്‍മ്മിച്ച ഭരണാധികാരികളെയും അതിന്റെ എഞ്ചിനിയറിംഗ് വൈദഗ്ധ്യത്തെയും പ്രകീര്‍ത്തിക്കാതെ വയ്യ. ഇതൊക്കെ കാണുമ്പോള്‍ ഇതിലും അനേകം മടങ്ങ് ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന നമ്മുടെ നാട്ടിലെ കൊടുകാര്യസ്ഥമുതല്‍കൂട്ടായ ഭരണവര്‍ഗത്തെ ആരും ശപിച്ചു പോകും. ടുണീഷ്യക്കാരന്‍ ഞങ്ങളോടൊപ്പം ട്രെയിനില്‍ വന്നു, അടുത്ത സ്റേഷനില്‍ ചെല്ലുമ്പോള്‍ ട്രെയിന്‍ മാറി കയറണം, അതിനും അദേഹം ഞങ്ങളെ സഹായിച്ചു എന്നുമാത്രമല്ല , ട്രെയിനില്‍ നിന്നിറങ്ങി ഞങ്ങള്‍ക്കൊപ്പം വന്നു ടാക്സികാരനോട് റഷ്യന്‍ ഭാക്ഷയില്‍ സംസാരിച്ചു, ഞങ്ങള്‍ക്ക് വിമാനത്താവളത്തില്‍ പോകണമെന്നും പോകുന്ന വഴിക്ക് ഹോട്ടലില്‍ പോയി ബാഗേജു എടുക്കണമെന്നും പറഞ്ഞു. ആയിരം റൂബിള്‍ വാടകയും പറഞ്ഞു. ഞങ്ങള്‍ ഹോട്ടലില്‍ ചെന്ന് ബാഗേജ് എടുത്തു, എയര്‍ പോര്‍ട്ടിലേക്ക് യാത്രയായി. സെ. പീറ്റേര്‍സ് ബര്‍ഗില്‍ രണ്ടു വിമാനത്താവളമാണ് ഉള്ളത്, പുലിക്കോവ 1 , പുലിക്കോവ 2 എന്ന പേരുകളില്‍ ആണ് ഇവ അറിയപ്പെടുന്നത്. ഞങ്ങള്‍ക്ക് പോകേണ്ടത് പുലിക്കോവ രണ്ടില്‍ ആണ്, അത് ഞങ്ങള്‍ ടാക്സികാരനോട് പറയുകയും ചെയ്തു. പക്ഷെ പോകുന്ന വഴിക്ക് ഡ്രൈവര്‍ ആരെയൊക്കെയോ വിളിച്ചു സംസാരിച്ചു, എന്നിട്ട് പറഞ്ഞു ഉക്രൈന്‍ വിമാനം പുറപ്പെടുന്നത് പുലിക്കോവ ഒന്നില്‍ നിന്നാണ് എന്ന്. ഒടുവില്‍ ഡ്രൈവര്‍ ഞങ്ങളെ പുലിക്കോവ ഒന്നില്‍ കൊണ്ട് പോയി വിട്ടു, പക്ഷെ ബഷീറിനെ കാറിനടുത്ത് നിര്‍ത്തി ഞാന്‍ പോയി സംശയനിവാരണം നടത്തി. അല്ല, ഡ്രൈവര്‍ പറഞ്ഞത് തെറ്റാണ്, ഞങ്ങള്‍ക്ക് പോകേണ്ടത് പുലിക്കോവ രണ്ടില്‍ നിന്ന് തന്നെ. ടാക്സിക്കാരന്റെ മുഖത്ത് അതൃപ്തി. ഇപ്പോള്‍ സമയം നാലു മണി കഴിഞ്ഞിരിക്കുന്നു. വിമാനം പോകാന്‍ ഇനി ഒന്നൊര മണിക്കൂര്‍ മാത്രം. സമയത്തിനു എത്തി എന്നൊരാശ്വാസം . പക്ഷെ അധികനേരം നീണ്ടു നിന്നില്ല. പുലിക്കോവ രണ്ടില്‍ പോയി, അവിടെ കണ്ട കാഴ്ച ഞങ്ങളെ വല്ലാതെ നിരാശപ്പെടുത്തി.

വിമാനത്താവളത്തിലേക്ക് കയറാന്‍ ഒരു മാര്‍ഗവും ഇല്ല. തണുത്തു വിറച്ചു ഒരു വലിയ ക്യു വിമാനത്താവളത്തിനു പുറത്ത് . ഈ ക്യു വിമാനത്താവളത്തിനു അകത്ത് കടക്കണം എങ്കില്‍ ഒരു മണിക്കൂറില്‍ കൂടുതല്‍ എടുക്കും. അപ്പോഴേക്കും വിമാനം പോയിരിക്കും. എന്തായാലും ഞാന്‍ ഇടിച്ചു കയറാന്‍ തന്നെ തീരുമാനിച്ചു. ഞാന്‍ ഉച്ചത്തില്‍ പറയുന്നു, ഞങ്ങളുടെ വിമാനം ഇപ്പോള്‍ പോകും, കൌണ്ടര്‍ ക്ലോസ് ചെയ്യും എന്നൊക്കെ, ആരു കേള്‍ക്കാന്‍, ഒടുവില്‍ ഞാന്‍ ഗേറ്റില്‍ ഇടിച്ചു കയറി. അകത്തു വലിയ ഒരു ജനക്കൂട്ടം ലഗേജുമായി. പുറത്തു കണ്ടതിലും വലിയ ജനക്കൂട്ടം അകത്ത്. അവിടെ സെക്യൂരിറ്റി ചെക്കിംഗ്. ഒരു വിധത്തില്‍ ക്യു വില്‍ നിന്ന് മുന്നോട്ടു, മുന്‍പില്‍ സുന്ദരിയായ ഒരു പെണ്‍കുട്ടി. ഞാന്‍ അവളോടും എന്‍റെ ദുര്യോഗം പറഞ്ഞു, അവള്‍ പറഞ്ഞു, എന്‍റെ വിമാനത്തിനും അഞ്ചു മിനിറ്റ് മുന്‍പേ പോകേണ്ട ബ്രിട്ടീഷ് എയര്‍ വെയ്സ് വിമാനത്തില്‍ ആണ് അവള്‍ക്കു പോകേണ്ടത്, എങ്കിലും അവള്‍ എന്നെ കടത്തി വിട്ടു. ആദ്യ സെക്യുരിറ്റി കടമ്പ കടന്നു, ബഷീര്‍ ഇപ്പോള്‍ വിമാനത്താവളത്തിലേക്ക് കയറി . ഞാന്‍ അടുത്ത സെക്യുരിറ്റി കടമ്പയിലേക്ക്, ബഷീര്‍ ഇപ്പോഴും ആദ്യ സെക്യൂരിറ്റിയില്‍ എത്തിയിട്ടില്ല.. ലൈനില്‍ എന്‍റെ ബാഗേജു വച്ച് ഞാന്‍ മുന്നോട്ടു പോയി. അവിടെ കണ്ട സെക്യുരിറ്റികാരനോടും യാത്രക്കാരോടും എന്‍റെ ടിക്കറ്റ് കാണിച്ചു സംസാരിക്കുന്നു. ലണ്ടനില്‍ നിന്നും വന്ന ഒരു ടൂറിസ്റ്റ് ഗ്രൂപ്പ് ആണ് എനിക്ക് മുന്നില്‍ ഇനി. സെക്യുരിറ്റിക്കാരുടെ മുഖത്ത് അനുകൂലമായ മനോഭാവം. ഒന്ന് രണ്ടു ബ്രിട്ടീഷ് അമ്മച്ചിമാരോടും ഞാന്‍ പറഞ്ഞു, അവരും എന്‍റെ വെപ്രാളം കണ്ടു എന്നെ കേറ്റിവിടാം എന്ന് പറയുന്നു. അതിനിടയില്‍ ഞാന്‍ പോയി എന്‍റെ ലഗേജു മുന്നിലേക്ക്‌കൊണ്ടു വന്നു. ബ്രിട്ടീഷ് സംഘത്തിന്റെ നേതാവ് എന്ന് പറയുന്ന സ്ത്രീ എന്നെ ഒരു കാരണവശ്ശാലും അകത്ത് വിടില്ല, അവരുടെ ലഗേജു ട്രോളി കൊണ്ട് അവര്‍ എന്നെ തടുക്കുന്നു. ആ ഗ്രൂപ്പില്‍ ഏകദേശം ഇരുപതോളം പേരുണ്ട്. ബ്രിട്ടീഷ് സംഘം അകത്ത് കയറി ..പിന്നെ ഉണ്ടായ കൂട്ടപ്പൊരിച്ചിലില്‍ ഞാനും അകത്ത് കയറി. ഉടനെ ഞാന്‍ ചെക്ക്-ഇന്‍ കൌണ്ടറിലേക്ക് ഓടി. കൌണ്ടര്‍ അടച്ചിട്ടില്ല, ഞാന്‍ ടിക്കറ്റ്, പാസ്പോര്‍ട്ട് കൊടുത്തു , ഇപ്പോള്‍ സമയം അഞ്ചു പത്തു. ഞാന്‍ അവരോടു പറയുന്നു, എന്‍റെ കൂടെ മറ്റൊരു പാസഞ്ചര്‍ കൂടെ ഉണ്ട്, ഉടനെ അവര്‍ക്ക് ബഷീറിന്റെ പാസ്പോര്‍ട്ട് വേണം. ഞാന്‍ വീണ്ടും സെക്യുരിറ്റി ചെക്കിലേക്ക് ചെന്നു . ബഷീര്‍ ഇപ്പോള്‍ രണ്ടാമത്തെ സെക്യുരിറ്റി ചെക്കില്‍ എത്തിയതെ ഉള്ളു, എനിക്കിനി അപ്പുറം കടക്കാന്‍ പറ്റില്ല. ബഷീര്‍ മുന്നോട്ടു വന്നു, ഞാന്‍ കാര്യം പറഞ്ഞു. പാസ്പോര്‍ട്ട് വാങ്ങി , കൌണ്ടറില്‍ പോയി ചെക്ക് ഇന്‍ ചെയ്തു. ബഷീറും രണ്ടാം സെക്യുരിറ്റി കഴിഞ്ഞു. ഇനി മറ്റൊരു സെക്യുരിറ്റി, അതും കഴിഞ്ഞു .. തയ്യാറായി നില്‍ക്കുന്ന ബസ്സില്‍ ...
ഇതിനിടയില്‍ ക്യുവില്‍ ഉച്ചത്തില്‍ ഫോണില്‍ മലയാളം സംസാരിക്കുന്ന രണ്ടു പേര്‍ ... പക്ഷെ ശ്രദ്ധിക്കാന്‍ സമയം കിട്ടുന്നില്ല, രണ്ടു യുവാക്കള്‍ ആണ്. അതേ വിമാനത്തിലെക്കുള്ള ബസ്സില്‍ വീണ്ടും ഈ മലയാളി യുവാക്കള്‍ ... അവര്‍ ഇപ്പോഴും ഫോണില്‍ ആണ്, ക്യു വിശേഷങ്ങള്‍ ഉച്ചത്തില്‍ തന്നെ കൂട്ടുകാര്‍ക്ക് പറഞ്ഞു കൊടുക്കുന്നു. റഷ്യയില്‍, ആദ്യമായി മലയാളം കേള്‍ക്കുന്നു. ലോകത്തിന്റെ ഏതു കോണില്‍ ചെന്നാലും മലയാളി ഉണ്ടാവും എന്നതിന് ഇതാ വീണ്ടും ഒരു തെളിവ്.
വിമാനത്തില്‍ കയറി, വാച്ചില്‍ നോക്കി, അഞ്ചു നാല്പത് . ഞങ്ങള്‍ക്ക് ഉക്രൈനില്‍ ഒഡീസ എയര്‍ പോര്ട്ടിലെക്കാന് പോകേണ്ടത്. സെ.പീറ്റേര്‍സ് ബര്‍ഗില്‍ നിന്ന് കീവ്.. കീവില്‍ നിന്ന് രണ്ടു മണിക്കൂര്‍ കഴിഞ്ഞു ഒഡീസയിലേക്ക്. വിമാനത്തില്‍ ഞങ്ങളുടെ സീറ്റിനു പിന്നിലായി മലയാളികള്‍ ക്ക് ഇരിപ്പിടം കിട്ടി. വിമാനം പത്തു മിനുട്ട് താമസിച്ചു, 5.45 നു ടേക്ക് -ഓഫ് ചെയ്തു. ഞാന്‍ മലയാളികളും ആയി സംസാരിച്ചു, രണ്ടു പേരും കോട്ടയം സ്വദേശികള്‍, ഒരാള്‍ നേഴ്സ് ആണ്, പക്ഷെ ജോലി രണ്ടുപേര്‍ക്കും ഒന്ന് തന്നെ, ഓട്ടോ മെക്കാനിക്ക്. തണുപ്പ് കാലം ആയാല്‍ വണ്ടിപ്പണി കുറവാണ് റഷ്യക്കാര്‍ക്ക് ഇന്ത്യന്‍ ഓട്ടോ മെക്കാനിക്കുകളെ ആണ് കൂടുതല്‍ ഇഷ്ടം എന്നും അവര്‍ പറഞ്ഞു. ഇപ്പോള്‍ പണി കുറവായതിനാല്‍ വീടുകളുടെ മുകളിലുള്ള ഐസ് കുത്തിക്കളയണം, റോഡിലെ ഐസ് നീക്കം ചെയ്യണം . രാവിലെ എഴുന്നേറ്റാല്‍ കാപ്പിക്ക് പകരം വോഡ്ക, പിന്നെ ഒരു കുപ്പി വോഡ്ക ജാക്കറ്റിനടിയില്‍ തിരുകണം, തണുപ്പില്‍ നിന്ന് രക്ഷപെടാന്‍. പക്ഷെ തണുപ്പ് ഒരിക്കലും സഹിക്കാന്‍ കഴിയില്ല, അതില്‍ നിന്ന് രക്ഷപ്പെടണം പോലും . പക്ഷെ തണുപ്പില്ലാത്ത സമയത്ത് അവര്‍ വലിയ സന്തോഷവാന്മാര്‍ ആണ് എന്നും പറഞ്ഞു. റഷ്യന്‍ സുന്ദരികളെ കുറിച്ചൊക്കെ അവര്‍ ആവശ്യത്തിലധികം വാചാലരാകുന്നുണ്ടായിരുന്നു. തുടക്കത്തില്‍ എന്നോട് പലതും പറയുവാന്‍ മടി കാണിച്ചിരുന്ന അവര്‍ അവരുടെ ജീവിതം പങ്കു വെയ്ക്കുവാന്‍ കാരണം, ഏറോ സ്വിഫ്റ്റ് വിമാനത്തിലെ എയര്‍ ഹോസ്റ്റസ്മാര്‍ ഒഴിച്ച് കൊടുത്ത മദ്യം ആയിരുന്നിരിക്കണം. ബഷീറിന്റെ അടുത്തു നിന്ന് മാറി ഇരുന്നതിനാല്‍ ഞാനും മദ്യം കഴിച്ചു. മരിയയെ വിളിക്കണം. ഉക്രൈനിലെക്ക് വരുന്ന കാര്യം പറഞ്ഞിരുന്നു, അവള്‍ ഹോട്ടല്‍ ബുക്ക് ചെയ്യാം എന്നും പറഞ്ഞിരുന്നു. ഏതു ഹോട്ടല്‍ ആണ് എന്നൊന്നും അവള്‍ പറഞ്ഞില്ല, തിരക്കിനിടയില്‍ വിളിക്കാന്‍ വിട്ടു പോയി. ഇനി കീവില്‍ ചെന്ന് വിളിക്കാം. അവിടെ രണ്ടു മണിക്കൂര്‍ ട്രാന്‍സിറ്റ് സമയം ഉണ്ടല്ലോ എന്ന് സമാധാനിച്ചു. വിമാനം കീവിലേക്ക് അടുക്കുകയായിരുന്നു.
|
very good,u r a good writer ,very natuaral, l felt like , l went to all these places , thank u for sharing your experience , keep writing .
ReplyDeletegracy
വാഹ് ഗുരു വാഹ് , അപ്പോഴല്ലേ അച്ചാ യാ വെള്ളമോ ഐസോ ചേര്‍ക്കാതെ വോട്ക്ക പിടിച്ചു പിടിച്ചു നില്‍ക്കേണ്ടത് ,, ഈ മഞ്ഞുമലയില്‍ നിങ്ങള്‍ അല്ലാതെ പോക്കറ്റില്‍ വോട്ക്കയും ചുണ്ടില്‍ പൈപ്പും ഇല്ലാതെ ചിലവ്ഴിക്കുമോ ?
ReplyDeleteഈ വെള്ള പുതച്ച വഴിയോരങ്ങൾ കാണാൻ നല്ല രസമാണല്ലേ.......
ReplyDeleteനന്നായി വിവരിച്ചു, ഇനിയും ഒരു പാട് യാത്രകൾ ഉണ്ടവട്ടെ
ആശംസകൾ
ഈ ബ്ലോഗിനെ കുറിച്ച് ഇരിപ്പിടം പറയുന്നത്
ReplyDeleteഹാവൂ..ഇത് വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു ദീര്‍ഘ യാത്ര കഴിഞ്ഞു വന്ന സുഖം...
ReplyDeleteപിന്നെ..ഈ ഞം ഞം ഭാഷ എല്ലായിടത്തും ഒരു പോലെ തന്നെയാണ് അല്ലേ..ഹ ! ഹ..
നല്ല എഴുത്ത്..ആശംസകള്‍..
വിവരണം നന്നായി.
ReplyDeletenannayi
ReplyDeleteഒരുപാട് അധ്വാനിച്ച എഴുത്ത്. രണ്ട് ഭാഗങ്ങളായി തിരിച്ച് അല്‍പം കൂടി ഫോട്ടോകള്‍ കൊടുക്കേണ്ടതായിരുന്നു എന്നതൊഴിച്ചാല്‍ ബാക്കിയോക്കേ :)
ReplyDelete