Friday 3 June 2016

മാലിന്യ സംസ്കരണത്തിനാകട്ടെ സര്‍ക്കാറിന്റെ പ്രഥമ പരിഗണന

പുതിയ സര്‍ക്കാര്‍ ഏറ്റവും പ്രഥമവും പ്രധാനവും ആയി നിര്‍വഹിക്കേണ്ടത് കേരളത്തിലെ മാലിന്യ പ്രശ്നത്തിന് പരിഹാരം കാണുക ആയിരിക്കണം.
നമുക്ക് ഏറ്റവും അനുയോജ്യമായ മാലിന്യ സംസ്കരണത്തിന് പറ്റിയത് നെതര്‍ലന്‍ഡിലെ ലാന്‍സിങ്ക് ലാഡര്‍ രീതിയിലുള്ള സംസ്‌കരണ മോഡല്‍ ആണ്. ഇതുപ്രകാരം ഒരു നല്ല വെയിസ്റ്റു മാനേജ്മന്റ് പോളിസി അഞ്ചു പ്രധാന സ്റ്റെപ്പുകള്‍ ഉള്‍പ്പെട്ടതാണ്. മാലിന്യങ്ങള്‍ പരമാവധി കുറയ്ക്കുക, പഴയ സാധനങ്ങള്‍ വീണ്ടും ഉപയോഗിക്കുക, മാലിന്യങ്ങള്‍ പലതായി തരംതിരിച്ച ശേഷം റീസൈക്കിള്‍ ചെയ്യുക, മറ്റുള്ളവ കത്തിക്കുക പിന്നെ ബാക്കി വരുന്നവ മാത്രം തരിശു സ്ഥലത്ത് നിക്ഷേപിക്കുക എന്നിവയാണവ. അപ്പോള്‍ പുറത്തു നിക്ഷേപിക്കാനുള്ള മാലിന്യത്തിന്റെ അളവ് വളരെ കുറയും. ഇതിനു ആദ്യം വേണ്ടത് മാലിന്യത്തിന്റെ ഉത്ഭവ സ്ഥാനത്ത് നിന്നും തന്നെ തുടങ്ങുന്ന തരം തിരിക്കല്‍ ആണ്. ഇതിനുള്ള ഒരേ ഒരു പോംവഴി ജനങ്ങളെ ബോധവല്‍ക്കരിക്കുകയും പിന്നീടു നിയമം മൂലം നടപ്പാക്കുകയും തന്നെ.
കോവളത്ത് പരീക്ഷിച്ച സീറോ വേസ്റ്റ് പരിപാടിയും, ആലപ്പുഴ നഗരത്തില്‍ നടപ്പാക്കിയ മാലിന്യ സംസ്കരണ മോഡലുകളും ലാന്‍സിങ്ക് ലാഡര്‍ രീതിയിലുള്ളതാണ്‌.
മാലിന്യങ്ങള്‍ ശേഖരിക്കാനും തരാംതിരിക്കാനും സംസ്കരിക്കാനും സര്‍ക്കാറിന് പ്രൈവറ്റ് കമ്പനികളുടെ സഹായം തേടുകയും, പൊതുജന പങ്കാളിത്തത്തോടു കൂടി നല്ല രീതിയില്‍ നടപ്പാകുകയും ചെയ്യാം. പൊതു ജനങ്ങളെ ശുചീകരണ പ്രക്രിയകളില്‍ നിര്‍ബന്ധപൂര്‍വം പങ്കെടുപ്പിക്കുകയും വേണം.
മാലിന്യം ഇല്ലാത്ത റോഡുകളും നടവഴികളും, നദികളും, പരിസരവും പറമ്പുകളും കേരളത്തില്‍ ജീവിക്കുന്നവര്‍ക്ക് എന്തെന്നില്ലാത്ത മാനസീകവും ശാരീരികവും ആയ ആരോഗ്യം പ്രധാനം ചെയ്യും. കേരളം ഒരുവന്‍നഗരം ആണിന്നു. അതിനാല്‍ വന്‍നഗരങ്ങളിലെ പോലെ മാലിന്യ നിര്‍മ്മാര്‍ജനത്തിന് ശക്തമായ സംവിധാനം നടപ്പാക്കണം.
1) സിറ്റികളില്‍ മാത്രമല്ല, പഞ്ചായത്തുകള്‍ മുതല്‍ മാലിന്യ ശേഖരണത്തിനും സംസ്കരണത്തിനും മതിയായ ആധുനീക സംരഭങ്ങള്‍ ഏര്‍പ്പെടുത്തണം.
2) മാലിന്യം തെരുവിലോ, അന്യന്‍റെ പുരയിടത്തിലോ ജലസ്രോധസുകളിലോ നിക്ഷേപിക്കാനുള്ളതല്ല, അത് ശരിയായ സംവിധാനത്തില്‍ സംസ്കരിക്കാനുല്ലതാണ് എന്നത് കേരളത്തിലെ ഓരോ പൌരനേയും ബോധ്യപ്പെടുത്തുവാന്‍ ജനങ്ങളെ ബോധവല്‍ക്കരിക്കണം.
3) മാലിന്യങ്ങള്‍ പൊതു സ്ഥലങ്ങളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് വന്‍തുക ഫൈന്‍ ഏര്‍പ്പെടുത്തുകയും ജയിലില്‍ അടക്കുവാന്‍ വരെ ഉതകുന്ന വിധത്തില്‍ നിയമഭേദഗതി ഏര്‍പ്പെടുത്തുകയും മുഖം നോക്കാതെ നിയമം നടപ്പാക്കുകയും ചെയ്യണം.
4 ) വ്യവസായ ശാലകളിലെയും ഹോട്ടലുകള്‍, കച്ചവടസ്ഥാപനങ്ങള്‍, അറവു ശാലകള്‍, കോഴി ഫാമുകള്‍ ഇവിടങ്ങളിലെ ഖര, ദ്രവ മാലിന്യങ്ങള്‍ എല്ലാം അവയുടെ ഉടമസ്ഥര്‍ തന്നെ ആധുനീക സംവിധാനത്തില്‍ സംസ്ക്കരിക്കുവാന്‍ സര്‍ക്കാറും തദ്ദേശ ഭരണസംവിധാനങ്ങളും തീരുമാനം എടുക്കണം. അല്ലാത്ത പക്ഷം അവയുടെ ലൈസന്‍സ് റദ്ദാക്കാന്‍ നിയമം കൊണ്ട് വരണം.
5) പ്ലാസ്റ്റിക്ക് പോലുള്ള മാലിന്യങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുവാന്‍ നിയമം കൊണ്ട് വരണം. ആഘോഷവേളകളില്‍ പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കുവാന്‍ പൊതു ജനങ്ങളെ ഉത്ബോധിപ്പിക്കണം.
6) ജൈവമാലിന്യസംസ്ക്കരണത്തിന് ഓരോ വീട്ടിലും സംവിധാനം ഉണ്ടാക്കുക. ഭക്ഷണാവശിഷ്ടങ്ങള്, പച്ചക്കറി അവശിഷ്ടം എന്നിവ കുഴി ഉണ്ടാക്കി സംസ്ക്കരിക്കുക, കമ്പോസ്റ്റ് കുഴി ഉണ്ടാക്കാന് സാങ്കേതിക അറിവുകള്‍ നല്‍കുക. പുതിയ വീടുകള്‍ക്കും അനുമതി നല്‍കുമ്പോള്‍ അതിലെ മാലിന്യങ്ങള്‍ സംസ്കരിക്കുവാന്‍ ഉള്ള സംവിധാനം ഉണ്ടെന്ന് ഉറപ്പു വരുത്തണം.
7) പൊതു ഇടങ്ങളില്‍ കൃത്യമായി ഇടവിട്ട്‌ ആവശ്യത്തിന് മാലിന്യ ശേഖരണപ്പെട്ടികള്‍ - കുപ്പത്തൊട്ടികള്‍ , സ്ഥാപിക്കുകയും, അതിലെല്ലാം പേപ്പര്‍, പ്ലാസ്റ്റിക്ക്, ജൈവമാലിന്യം എന്നിങ്ങനെ തരം തിരിച്ച് ശേഖരിച്ച് സംസ്ക്കരിക്കാനുമുള്ള സംവിധാനം വ്യാപകമായ തോതില്‍ത്തന്നെ ഉണ്ടാക്കുകയും വേണം. ജനങ്ങള്‍ അതില്‍ തരം തിരിച്ച് തന്നെ മാലിന്യം നിക്ഷേപിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തണം.
8) ഫ്ലക്സ് ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ കൊണ്ട് നഗരം വൃത്തികേടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാവണം. റോഡുകള്‍, മതിലുകള്‍ എന്നിവ വൃത്തിയായി സൂക്ഷിക്കുവാന്‍ ശ്രദ്ധിക്കണം.
9) നദികള്‍, കായലുകള്‍, കുളങ്ങള്‍, മറ്റ് ജലസ്രോധസ്സുകള്‍ തുടങ്ങിയവ സംരക്ഷിക്കുന്നതിന് പ്രദെശവാസികളുമായി ചേര്‍ന്ന് സര്‍ക്കാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവരുടെ സഹകരണത്തോടു കൂടി ഇവയുടെ സംരക്ഷണ സമിതികള്‍ ഉണ്ടാക്കുക.
10 ) പൊതുസ്ഥാപനങ്ങളിലെയും ഹോട്ടലുകളിലെയും മറ്റ് സ്ഥാപനങ്ങളിലെയും ദ്രവ മാലിന്യങ്ങള്‍ സംസ്കരിക്കാനും സംവിധാനം ഉണ്ടാകണം.
11) ജൈവ മാലിന്യങ്ങളില്‍ നിന്നും ബയോഗ്യാസ് ഉണ്ടാക്കുവാനും കമ്പോസ്റ്റ് ഉണ്ടാക്കുവാനും ഉള്ള സംവിധാനങ്ങള്‍ ഭവനങ്ങള്‍ക്കും പൊതുവായും ഉണ്ടാകണം. റീസൈക്കിള്‍ ചെയ്ത ശേക്ഷം കത്തിച്ചു കളയുന്ന മാലിന്യങ്ങള്‍ കൊണ്ട്വൈ ദ്യുതി ഉണ്ടാക്കുവാനും ശ്രമിക്കണം.
ഇവയോടൊപ്പം പുതു തലമുറയെ മാലിന്യങ്ങളെ കുറിച്ചും അതുവഴി ഉണ്ടാകുന്ന ആരോഗ്യ പ്രശനങ്ങളെ കുറിച്ചും അറിവ് നല്‍കണം.
ബോധവല്‍ക്കരണം കുട്ടികളില്‍ നിന്ന് ആദ്യം തുടങ്ങണം. ചെറിയ ക്ലാസ്സുകളില്‍ ഇതൊക്കെ പാഠ്യവിഷയമാക്കണം. ജൈവമാലിന്യവും റീസൈക്കിള്‍ ചെയ്യാന്‍ പറ്റുന്ന മാലിന്യവും വെവ്വേറെ നിക്ഷേപിക്കുന്നതിന്റെ ആവശ്യകത സിലബസ്സില്‍ ഉള്‍ക്കൊള്ളിക്കണം. കുട്ടികള്‍ ചെയ്യുന്നത് കാണാന്‍ തുടങ്ങിയാല്‍ ഏത് തലതിരിഞ്ഞ മാതാപിതാക്കളും അവരുടെ രീതികള്‍ പിന്തുടര്‍ന്നുകൊള്ളും. പഴയ തലമുറ നേര്‍വഴിക്ക് വന്നില്ലെങ്കിലും ഇനി വരുന്ന തലമുറകളിലൂടെ ശരിയുടെ പാതകളിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കാന്‍ പറ്റിയെന്ന് വരും.
(ഇതില്‍ ഇനിയും കൂട്ടിച്ചെരലുകള്‍ ആകാം. അഭിപ്രായങ്ങള്‍ അറിയിക്കുക. )