Sunday 21 December 2014

എന്ത് പറ്റി നമ്മുടെ ആണുങ്ങള്‍ക്ക്?

നവംബറില്‍ കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ കൊച്ചിയില്‍ പോകേണ്ടി വന്നു. ഫേസ് ബുക്കിലൂടെ മാത്രം പരിചയപ്പെട്ട ചില സുഹൃത്തുക്കള്‍ ഒരു രാവില്‍ വെടിവട്ടം പറയുവാന്‍ കൂടുകയും ചെയ്തു. കൊച്ചിയിലെ തന്നെ ഒരു ഫോര്‍ സ്റ്റാര്‍ ഹോട്ടലില്‍ ആയിരുന്നു താമസം. കാര്യം ഫോര്‍ സ്റ്റാര്‍ ഹോട്ടല്‍ ആണെങ്കിലും ഈ ഹോട്ടലില്‍ ബാര്‍   ഇല്ല. സര്‍ക്കാറിന്റെ മദ്യ നിരോധനത്തിന്റെ ഭാഗമായി ഈ ഹോട്ടലില്‍ ഉണ്ടായിരുന്ന ബാര്‍ അടപ്പിക്കുകയോ, അതല്ലെങ്കില്‍ ഇവര്‍ അപേക്ഷിച്ച ബാറിനു അനുമതി കൊടുക്കാതിരിക്കുകയോ ചെയ്തതല്ല കാരണം. യു എ ഇ യില്‍ അനവധി ഹോട്ടലുകള്‍ ഉള്ള മലയാളികളുടെ ഈ ഹോട്ടലുകളില്‍ ഒരിടത്തും അവര്‍ മദ്യം വിളമ്പില്ല. മദ്യ വില്പന അവരുടെ നിഘണ്ടുവില്‍ ഇല്ല. എന്തായാലും സുഹൃത്തുക്കളോട് ഒന്നിച്ചു കൂടുവാനുള്ള മദ്യമൊക്കെ ഞാന്‍ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്നും വാങ്ങിയിരുന്നതിനാല്‍ ആര്‍ക്കും പട്ടിണി കിടക്കേണ്ടി വന്നില്ല.

പക്ഷെ എന്നെ ഞെട്ടിച്ച കാര്യങ്ങളില്‍ ഒന്ന്, കുടിയന്മാര്‍ എന്ന് കരുതിയ എന്റെ സുഹൃത്തുക്കള്‍ പലരും മുന്തിയ ഇനം മദ്യമായിട്ടു കൂടി ഒന്ന് സിപ് ചെയുവാന്‍ കൂടി മടിക്കുന്നു. സക്കാറിന്റെ മദ്യ നിരോധനത്തിന് അനുകൂലമായി മദ്യം കുടിക്കാതിരിക്കുന്നതല്ല, മറിച്ച് ട്രാഫിക്‌ നിയമങ്ങള്‍ പാലിക്കുവാനുള്ള വ്യഗ്രത ആയിരുന്നു അവരുടെ തീരുമാനത്തിന് പിന്നില്‍. മദ്യപിച്ചു വാഹനമോടിക്കുന്നത് തെറ്റാണ് എന്ന ബോധ്യം. കേരളത്തിലെ യുവ ജനങ്ങളില്‍ ഉണ്ടായ ഈ മാറ്റം തികച്ചും ആദരവുകള്‍ അര്‍ഹിക്കുന്നു. മദ്യം കണ്ടാല്‍ കമഴ്ന്നു വീണിരുന്ന മലയാളി യുവത ഉത്തരവാദിത്വ ബോധമുള്ളവരായിരിക്കുന്നു.

പക്ഷെ ഞങ്ങളുടെ കൂടിച്ചേരലില്‍  മദ്യപാനവും ചുംബന സമരവും നില്‍പ്പ് സമരവും ഒക്കെ ചര്‍ച്ചാ വിഷയം ആയി.എഴുപതുകള്‍ക്ക് ശേക്ഷം കേരളത്തിലെ യുവത തങ്ങളുടെ സ്വത്വത്തിനായി നടത്തിയ സാംസ്കാരിക വിപ്ലവം ആണ് ചുംബനസമരം. പഠിക്കുവാനുള്ള അവകാശത്തിനായി നടന്ന സമരങ്ങള്‍, മാറ് മറയ്ക്കാനായി നടത്തിയ സമരങ്ങള്‍, അയിത്തത്തിനെതിരായി നടന്ന സമരങ്ങള്‍, ക്ഷേത്ര പ്രവേശന സമരങ്ങള്‍ ഇവയ്ക്കൊക്കെ ശേക്ഷം ഇന്നിതാ വ്യക്തി സ്വാതന്ത്ര്യത്തിനായി യുവ ജനങ്ങള്‍ നടത്തിയ ഈ സമരവും ലോക ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നു. കൊച്ചിയില്‍ നടന്ന ഈ സമരത്തിന്‍റെ പ്രതിധ്വനികള്‍ ഇന്ത്യയുടെ മറ്റു  പട്ടണങ്ങളിലും കാമ്പസുകളിലും മുഴങ്ങുന്നു. 

ഭാരതത്തിലോഴികെ മറ്റെല്ലാ രാജ്യങ്ങളിലും അപരിചിതരായവര്‍ പോലും തമ്മില്‍ കണ്ടാല്‍, കെട്ടിപ്പിടിച്ചും ചുംബിച്ചും സ്നേഹ പ്രകടനങ്ങള്‍ നടത്തിയാണ് എതിരേല്‍ക്കുന്നത്. ദുബായില്‍ ഞാന്‍ മുന്നെ ജോലി ചെയ്തു കൊണ്ടിരുന്ന റിയല്‍ എസ്റ്റേറ്റ്‌ കമ്പനിയില്‍ അവിടെ അറബ് രാജ്യങ്ങളിലും യൂറോപ്പില്‍ നിന്നും അനേകം സുന്ദരി സുന്ദരന്മാര്‍ ജോലി നോക്കിയിരുന്നു. ഞങ്ങളൊക്കെയും ദിവസവും പരസ്പരം ആലിംഗനം ചെയ്തായിരുന്നു സന്തോഷാവസരങ്ങള്‍ പങ്കുവച്ചിരുന്നത്.നമ്മുടെ നാട്ടിലാകട്ടെ ഭാര്യ ഭര്‍ത്താക്കന്മാര്‍, പ്രണയിനികള്‍, സഹോദരങ്ങള്‍, കുട്ടികള്‍ മാതാപിതാക്കള്‍ , ബന്ധുക്കള്‍ തുടങ്ങിയവര്‍ ഒക്കെ പോലും അന്യോന്യം ഒന്ന് ആലിംഗനം ചെയ്യാനോ ചുംബിക്കുവാനോ മടിക്കുന്നു. കൈകള്‍ ഒന്ന് കോര്‍ത്തു പൊതു നിരത്തിലൂടെ നടക്കുവാനോ, ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുവാനോ, ഓരോ ചുംബനം കൈ മാറുവാനോ സാധിക്കാത്ത രീതിയില്‍ നമ്മുടെ നാട്ടിലെ സദാചാര ബോധം പൊതു സമൂഹത്തെ ഭയപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു.

ചര്‍ച്ചക്കിടയില്‍ പുരോഗമനവാദിയായ ഒരു സുഹൃത്ത്‌ എന്നോടും ചോദിച്ചു ഒരു ചോദ്യം. പഠിക്കാനായി പോകുന്ന നിങ്ങളുടെ മകളോ, അല്ലെങ്കില്‍ നിങ്ങളുടെ ഭാര്യയോ ഇങ്ങനെ മറ്റൊരാളും ആയി ചുംബിക്കുന്നത് കണ്ടാല്‍ എന്താകും നിങ്ങളുടെ മാനസികാവസ്ഥ. ഇക്കാര്യത്തില്‍ എനിക്ക് ഒന്ന് മാത്രമേ അദേഹത്തോട് പറയുവാനുണ്ടായിരുന്നുള്ളൂ. ഇതൊക്കെയും ഓരോരുത്തരുടെയും വ്യക്തി സ്വാതന്ത്ര്യങ്ങള്‍ ആണ്, എന്റെ ഭാര്യക്കോ, മകള്‍ക്കോ ആരെ ചുംബിക്കണം എന്നുള്ളത് അവരുടെ മാത്രം സ്വാതന്ത്ര്യം, എനിക്കതില്‍ കൈ കടത്തുവാന്‍ യാതൊരു അവകാശവും ഇല്ല. ഞാന്‍ എന്‍റെ നയം പ്രഖ്യാപിച്ചപ്പോള്‍  എന്നെ അഭിനന്ദിക്കാന്‍ അദേഹം മറന്നില്ല എന്നതും എടുത്തു പറയുന്നു.

ഹോട്ടല്‍ ചെക്ക് ഔട്ട്‌ ചെയുവാന്‍ ആയി ഞാന്‍ കൌണ്ടറില്‍ ചെന്നപ്പോള്‍  നിറ പുഞ്ചിരിയോടെ സുന്ദരികളായ രണ്ടു മലയാളി പെണ്‍കുട്ടികള്‍. ഹോട്ടലിന്‍റെ താമസ സൌകര്യങ്ങള്‍ റേറ്റ് ചെയുവാന്‍ ആ കുട്ടികള്‍ ഒരു ഫോം പൂരിപ്പിക്കുവാന്‍  ചെയുവാന്‍ എന്നെ നിര്‍ബന്ധിപ്പിച്ചു.  ഫോം കിട്ടിയപ്പോഴേ ഞാന്‍ പറഞ്ഞു, കള്ളില്ല ഇവിടെ, അത് മാത്രം ആണ് ഈ ഹോട്ടലിന്‍റെ പോരായ്മ.

“മദ്യം വിഷമല്ലേ,” പുഞ്ചിരിച്ചുകൊണ്ട് ഒരു പെണ്‍കുട്ടി മൊഴിഞ്ഞു.

പിന്നെ എന്‍റെ ഊഴം ആയിരുന്നു. മദ്യത്തിന്‍റെ ഗുണഗണങ്ങള്‍ വിവരിച്ചു കൊണ്ട് ഞാന്‍ വികാരപരമായ പ്രസംഗം തന്നെ നടത്തി.വളരെ ശ്രദ്ധയോടെ കേട്ടിരുന്ന ആ കുട്ടികള്‍ ചോദിക്കുകയാണ്,

"എന്നിട്ടാണോ, ഞങ്ങള്‍ മദ്യം ഒന്ന് രുചിക്കുവാന്‍ തുടങ്ങുമ്പോഴേക്കു നിങ്ങള്‍ ആണുങ്ങള്‍ സദാചാര ഗുണ്ടകള്‍ ചമയുന്നത്. നല്ലത് ആണുങ്ങള്‍ക്ക് മാത്രമേ കഴിക്കാവൂ എന്നുണ്ടോ?"

ഞാന്‍ സ്തബ്ദനായി. നമ്മുടെ സ്ത്രീകള്‍ , പെണ്‍കുട്ടികള്‍ ഒക്കെ ആണുങ്ങളെക്കാള്‍ എത്രയോ വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. വിപ്ലവത്തിന്റെ പൂക്കാലം ആണവരില്‍. പക്ഷെ പുരോഗമനം പ്രസംഗിച്ചു നടക്കുന്ന ആണുങ്ങള്‍, അവരില്‍ എന്നാണാവോ വിപ്ലവം വരിക.

ഫ്ലൈറ്റ് ലേറ്റ് ആണ്, ഡ്യൂട്ടി ഫ്രീയില്‍ ധാരാളം സമയം. കാപ്പി കുടിച്ചു കൊണ്ടിരുന്നപ്പോള്‍, കപ്പിലെ  കാപ്പി വീണു ഇട്ടിരുന്ന ഷര്‍ട്ട്‌ വൃത്തികേടായി. എന്തായാലും ഡ്യൂട്ടി ഫ്രീയില്‍ കണ്ട ഒരു കിയോസ്കില്‍ കയറി ഒരു ഷര്‍ട്ട്‌ വാങ്ങാന്‍ തീരുമാനിച്ചു.

മനോഹരമായി പുഞ്ചിരിച്ചുകൊണ്ട് ഒരു മലയാളി സുന്ദരി. ഷര്‍ട്ട്‌ വാങ്ങുന്നതിനിടയില്‍ ഞാങ്ങള്‍ ഒത്തിരി വര്‍ത്തമാനം പറഞ്ഞു. അതിനിടയില്‍ ചുംബന സമരവും കടന്നു വന്നു.

ആ കുട്ടി പറയുകയാണ്‌, ചുബന സമരത്തില്‍ പങ്കെടുക്കാന്‍ ആ കുട്ടിക്ക് വലിയ  ആഗ്രഹമായിരുന്നു. പക്ഷെ ഇക്കാര്യം ഭര്‍ത്താവിനോട് പറഞ്ഞപ്പോള്‍ ഭര്‍ത്താവ് പറഞ്ഞു പോലും, സമരത്തിനു പോകണമെങ്കില്‍ ആദ്യം ഡിവോഴ്സ് ചെയ്യണം പോലും.

ആ കുട്ടിയും പറയുകയാണ്‌, എന്തെ, ആണുങ്ങള്‍ കാലത്തെ കുറിച്ച് ബോധവാന്മാര്‍ ആകുന്നില്ല?

ഞാന്‍ ആ കുട്ടിയെയും മനസ്സാല്‍ നമിച്ചു, തിരിഞ്ഞു എന്നോട് തന്നെ ചോദിച്ചു, എന്ത് പറ്റി ഈ ആണുങ്ങള്‍ക്ക്?

Wednesday 26 November 2014

വത്തിക്കാന്‍ സിറ്റിയും റോമന്‍ നവോത്ഥാനവും

വത്തിക്കാന്‍ സിറ്റിയും റോമന്‍ നവോത്ഥാനവും

 വത്തിക്കാന്‍ സിറ്റിയും റോമന്‍ നവോത്ഥാനവും




രാവിലെ ഏഴു മണിക്ക് തന്നെ ഞങ്ങള്‍ ചെക്ക് ഔട്ട്‌ ചെയ്യുവാന്‍ ബാഗേജും ആയി ലോബിയില്‍ എത്തി. ആദ്യം ബ്രേക്ക് ഫാസ്റ്റ്. അത് കഴിഞ്ഞു ഞങ്ങളുടെ ബാഗേജും ആയി വാഹനത്തില്‍ കയറി. ബാഗേജ് ബസ്സില്‍ വയ്ക്കുവാന്‍ ബസ് ഡ്രൈവര്‍ പോളിഷ് വംശജനായ പീറ്റര്‍ തയ്യാര്‍. ദിവസവും ഞങ്ങള്‍ ഓരോരുത്തരും രണ്ടു യൂറോ വീതം നല്‍കുന്നത് ഇതിനു വേണ്ടി ആണ്. കൂടാതെ പീറ്ററിന് മറ്റൊരു കച്ചവടം കൂടി ഉണ്ട്. ഞങ്ങള്‍ക്ക് ആവശ്യം പോലെ മിനറല്‍ വാട്ടര്‍ തരിക എന്നത്. വാഹനത്തിന്‍റെ അടിയിലുള്ള വലിയൊരു ഏരിയയില്‍ അദ്ദേഹം വെള്ളം നിറച്ചു വച്ചിട്ടുണ്ട്. 500 എം എല്‍ കുപ്പിക്ക്‌ ഒരു യൂറോ ആണ് അദ്ദേഹം ചാര്‍ജ് ചെയുന്നത്. 



റോമന്‍ നഗരത്തില്‍ സന്ദര്‍ശകരെയും വഹിച്ചു കൊണ്ടുള്ള വലിയ വാഹനങ്ങള്‍ക്ക് ദിവസവും പാസ് എടുക്കണം. കാരണം സിറ്റിയില്‍ സാധാരണ ദിവസങ്ങളില്‍ വലിയ ട്രാഫിക്ക്‌ ജാം ആണ്. സിറ്റിയിലെ വാഹന ഗതാഗതം നിയന്ത്രിക്കുവാന്‍ ആണിത്. വളരെ പഴയ റോഡുകള്‍ ആണ്, സന്ദര്‍ശകര്‍ ദിനം പ്രതി കൂടിയും വരുന്നു. റോം സിറ്റിയിലെ പല റോഡുകളിലും വാഹന ഗതാഗതം തന്നെ നിരോധിച്ചിരിക്കയാണ്. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് റോഡുകള്‍ നിര്‍മ്മിച്ചപ്പോള്‍ വാഹനങ്ങള്‍ ഉണ്ടായിരുന്നില്ലല്ലോ... കുതിര വണ്ടിയല്ലാതെ മറ്റൊരു വാഹനം ഉണ്ടാകുമെന്ന് അന്നത്തെ ഭരണാധികാരികള്‍ സ്വപ്നം പോലും കണ്ടിരിക്കില്ല. അതിനാല്‍ പല വഴികളും വളരെ ഇടുങ്ങിയത് ആണ്. കാല്‍ നടക്കാര്‍ക്കും ഇരു ചക്ര വാഹനങ്ങള്‍ക്കും ചെറിയ കാറുകള്‍ക്കും ഒരു വശത്തേക്ക് മാത്രമേ ഈ വഴികളിലൂടെ യാത്ര ചെയ്യുവാന്‍ സാധിക്കുകയുള്ളൂ...

ഞങ്ങള്‍ വീണ്ടും റോമിലെ തെരുവില്‍ എത്തി. തലേന്ന്‍ കണ്ട പല കെട്ടിടങ്ങളും വീണ്ടും അത്ഭുതം പോലെ ഞങ്ങളുടെ മുന്നില്‍. ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം ആയ  വത്തിക്കാന്‍ സിറ്റിയും അതിലെ സെയിന്‍റ് പീറ്റേര്‍സ് ബസിലിക്കായും ഞങ്ങളുടെ മുന്നില്‍. ഇന്ന് ഉച്ച കഴിഞ്ഞുള്ള ഞങ്ങളുടെ കാഴ്ച പ്രധാനമായും വത്തിക്കാന്‍ സിറ്റി ആണ്.





ഞങ്ങളുടെ വാഹനം റോമന്‍ ഫോറവും കടന്നു കൊളോസ്സിയത്തിനു അടുക്കല്‍ നിര്‍ത്തി. തലേന്ന് ഫോട്ടോ എടുക്കാന്‍ നിര്‍ത്തിയ സ്ഥലത്തല്ല, കൊളോസിയം ഗേറ്റിനു മുന്നിലുള്ള പാര്‍ക്കിംഗില്‍ ആണ് ഞങ്ങള്‍.  ഏകദേശം അഞ്ഞൂറ് മീറ്ററില്‍ കൂടുതല്‍ നടന്നപ്പോള്‍ ഞങ്ങള്‍ കൊളോസിയത്തിനു മുന്നിലെത്തി. ആരെയും അത്ഭുത സ്തബ്ദരാക്കുന്ന വലിയ കെട്ടിടം. ഇന്ന് ഈ കെട്ടിടത്തിനു  പഴയ പ്രൌഡി ഇല്ലെങ്കിലും രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് എങ്ങനെ ഇത്ര വലിയ ഒരു ആംഫി തിയേറ്റര്‍ ഉണ്ടാക്കുവാന്‍ സാധിച്ചു  എന്ന് നമ്മള്‍ അത്ഭുതം കൊള്ളും.  രാവിലെ തന്നെ വലിയ ജന പ്രവാഹം. കൊളോസിയത്തിനകത്തു പ്രവേശിക്കുവാന്‍ വലിയ നിര. ഒരു മണിക്കൂറിനകം തിരികെ ബസ്സില്‍ കയറണം. അതിനാല്‍ കൊളോസിയത്തിനകത്തു കടക്കുക സാധ്യമല്ല.

കൊളോസിയത്തിനു മുന്നില്‍ ഗ്ലാഡിയേറ്റര്‍മാര്‍ ആളുകള്‍ക്ക് ഫോട്ടോ എടുക്കുവാന്‍ വേണ്ടി പോസ് ചെയുന്നു. സോവനീര്‍ വില്‍പ്പനക്കാരില്‍ ഇറ്റലിക്കാരും കാശ്മീരികളും. കൊളോസ്സിയത്തിന്‍റെ മോഡലുകള്‍, ചായുന്ന പിസ, വത്തിക്കാന്‍റെ മോഡലുകള്‍, കൊന്ത, കീ ചെയിനുകള്‍ അങ്ങനെ പലതരം സുവനീറുകള്‍. ഇറ്റലിക്കാരന്‍റെ സ്റ്റാളില്‍ പത്തു  യൂറോക്ക് നാലു കൊന്തകള്‍ വില്‍ക്കുമ്പോള്‍ കാശ്മീരിയുടെ സ്റ്റാളില്‍ പത്തു യൂറോക്ക് പന്ത്രണ്ടു കൊന്ത. ഇക്കാര്യം ഇറ്റലിക്കാരനോട് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത് , ഇന്ത്യക്കാരന്‍ വില്‍ക്കുന്ന കൊന്തകള്‍ ചൈനയില്‍ ഉണ്ടാക്കിയത് ആണ് എന്നാണ്. നേരാണ്, ഓരോ കൊന്തയുടെ കവറിലും മെയിഡ് ഇന്‍ ചൈന എന്ന് എഴുതിയിട്ടുണ്ട്.  ഗ്രേസിയും, കൂടെയുള്ള മറ്റു സ്ത്രീകളും നാട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും കൊടുക്കുവാന്‍ സുവനീര്‍ വാങ്ങിക്കൂട്ടുന്ന തിരക്കില്‍ ആണ്.

കാലക്രമേണ ഒരു പ്രദര്‍ശനസ്ഥലം എന്ന നിലയിലുള്ള കൊളോസിയത്തിന്‍റെ പ്രശസ്തി കുറഞ്ഞു വന്നു.ഭൂമികുലുക്കങ്ങളും അവഗണനയും അതിനു ഒരു പരിധി വരെ പരിക്കേല്പ്പിച്ചു. പിന്നീട് കല്ലെടുക്കാനുള്ള ഒരു ക്വാറിയായും ഉപയോഗിക്കപ്പെട്ടു വന്നു. പതുക്കെ പതുക്കെ പുരാവസ്തു ഗവേഷകരുടെ ശ്രദ്ധയില്‍ പെട്ടതു കൊണ്ടും  ഒരുപാടു കൃസ്ത്യന്‍ പോരാളികള്‍ അവിടെ രക്തസാക്ഷിത്വം വഹിച്ചിട്ടുണ്ടെന്നതു കൊണ്ട് പോപ്പ് പ്രത്യേക പരിഗണന കൊടുത്തതു കൊണ്ടും കൊളോസിയത്തിന്‍റെ അവശേഷിക്കുന്ന ഭാഗങ്ങള്‍ കേടുകൂടാതെ അവശേഷിച്ചത്  1949 ല്‍ അന്നത്തെ പോപ്പ് ബെനഡിക്ട് പതിനാലാമന്‍ കൊളോസിയത്തെ ഒരു വിശുദ്ധ  സ്ഥലമായി പ്രഖ്യാപിക്കുകയും രക്ത സാക്ഷികളുടെ ചോര വീണ സ്ഥലമെന്നു പറഞ്ഞു വെഞ്ചരിപ്പ് കര്‍മ്മം നടത്തി, കുരിശിന്‍റെ വഴി നടത്തുവാന്‍ പതിനാലു കുരിശുകള്‍ സ്ഥാപിക്കുകയും ചെയ്തു.  തുടര്‍ന്ന് വന്ന പോപ്പുമാര്‍ എല്ലാം നടത്തുന്ന ദു:ഖവെള്ളിയാഴ്ച  കുരിശിന്‍റെ വഴിയില്‍ കൊളോസിയവും ഒരു ഭാഗമാണ്.

                                                                                          

റോമന്‍ ഫോറത്തിന്‍റെ കിഴക്കാണ് കൊളോസിയം . റോമന്‍ ഫോറത്തിന്‍റെ തൊട്ടടുത്തു പാലറ്റിന്‍ ഹില്‍. പാലറ്റിന്‍ ഹില്‍. റോമന്‍ സംസ്കാരത്തിന്‍റെ ഏറ്റവും പുരാതാനമായ അവശിഷ്ടങ്ങള്‍ ചിതറികിടക്കുന്ന സ്ഥലങ്ങളിലൊന്ന്. തകര്‍ന്നടിഞ്ഞ കെട്ടിടങ്ങളുടെയും റോമന്‍ ടെമ്പിളുകളുടെയും മാര്‍ക്കറ്റുകളുടെയും അവശിഷ്ടങ്ങള്‍ ഇവിടെ കാണാം.  റോമിന്‍റെ ഉത്ഭവം പാലറ്റിന്‍ ഹില്ലില്‍ നിന്നാണ്. റോമുളാസ്  റോം പണിയുന്നത് പാലറ്റിന്‍ ഹില്ലില്‍ ആണ്. അതിനാല്‍ റോമന്‍ സംസ്കാരം പാലറ്റിന്‍ ഹില്ലില്‍ നിന്നുമാണ് തുടങ്ങുന്നത്. ആദ്യത്തെ റോമന്‍ ചക്രവര്‍ത്തി ആയിരുന്ന അഗസ്റ്റസ്, അദേഹത്തിന്‍റെ ഭാര്യ ലിവിയ, ടൈബീരിയസ് തുടങ്ങിയവരുടെ കൊട്ടാരവും ഇവിടെയായിരുന്നു. പാലറ്റിന്‍ ഹില്ലിന് മുകളില്‍ ആണ് നീറോ ചക്രവര്‍ത്തിയുടെ ഗോള്‍ഡന്‍ ഹൌസ് നില നിന്നിരുന്നത്.



 പാലറ്റിന്‍ ഹില്ലിനും റോമന്‍ ഫോറത്തിനും ഇടയ്ക്ക് അതിമനോഹരമായ കോണ്‍സ്റ്റന്റൈന്‍ ആര്‍ച്ച് കാണാം. റോമന്‍ കലാവൈദഗ്ദ്ധ്യത്തിന്‍റെ തെളിവാണ്‌ ഈ യുദ്ധവിജയ സ്മാരകം.



പറഞ്ഞതിലും വൈകിയാണ് ഞങ്ങള്‍ ബസ്സില്‍ തിരികെയെത്തിയത് എന്നതിനാല്‍ ഹലോജി ആകെ ദേഷ്യത്തില്‍ ആയിരുന്നു. എങ്കിലും ഞങ്ങളുടെ സോറി പറച്ചിലില്‍ ഹലോജിയുടെ ദേഷ്യം പമ്പ കടന്നു. തിരികെയുള്ള യാത്രയില്‍ അവെന്റീന്‍ കുന്നുകള്‍ക്കും പാലറ്റീന്‍ കുന്നുകള്‍ക്കും ഇടയിലുള്ള സര്‍ക്കസ് മാക്സിമസ് കാണിച്ചു തന്നു. പുരാതന റോമിലെ വിനോദങ്ങള്‍ നടത്തിയിരുന്ന റോമിലെ ആദ്യത്തെയും ഏറ്റവും വലുതുമായ സ്റ്റേഡിയം. ഇവിടെ ആണ് കുതിരകളെ പൂട്ടിയ രഥങ്ങളുടെ മത്സരങ്ങള്‍ നടത്തിയിരുന്നത്. 150000 പേര്‍ക്കു ഇരിക്കുവാനുള്ള സൗകര്യം ഇവിടെ ഒരുക്കിയിരുന്നു. രഥ ഘോഷയാത്രകള്‍, കായിക വിനോദങ്ങള്‍, ഗ്ലാഡിയേറ്റര്‍ മത്സരങ്ങള്‍ എല്ലാം ഇവിടെ നടത്തിയിരുന്നു. ഇപ്പോള്‍ പൊതു ജനങ്ങള്‍ക്ക്‌ സന്ദര്‍ശന സൌകര്യം ഒരുക്കിയിട്ടുള്ള ഒരു പബ്ലിക് പാര്‍ക്കാണ്‌ സര്‍ക്കസ് മാക്സിമസ്.

 

തുടര്‍ന്ന് ഞങ്ങള്‍ പോയത് ട്രെവി ഫൌണ്ടെനിലേക്ക്... വാഹനം കടക്കാത്ത വഴിയായതിനാല്‍ നടന്നു തന്നെ ആണ് പോകേണ്ടത്. അരമണിക്കൂറിനുള്ളില്‍ ടൈം എലവേറ്റര്‍ ഷോ കാണണം. അത് നേരത്തെ ബുക്ക് ചെയ്തിട്ടുള്ളതാണ്‌. അതിനാല്‍ പതിനഞ്ചു മിനിറ്റില്‍ ഞങ്ങള്‍ക്ക് മടങ്ങണം. ട്രെവി ഫൌണ്ടെനില്‍ അറ്റകുറ്റ പണികള്‍ നടക്കുകയാണ്. ഫൌണ്ടെനുകളുടെ  നാടായ റോമിലെ ഏറ്റവും മനോഹരമായ ഫൌണ്ടെന്‍ ആണ് ട്രെവി. ഇവിടെ നിന്ന് ഈ ഫൌണ്ടെനിലേക്ക്  പിന്‍ തിരിഞ്ഞു നിന്ന്‍ വലത്തു കൈ കൊണ്ട് ഇടത്തെ തോളിനു മുകളിലൂടെ നാണയം എറിഞ്ഞാല്‍ റോമില്‍ എന്നെങ്കിലും തിരികെ വരും എന്നൊരു ചൊല്ലുണ്ട്. അതിനാല്‍ ഇവിടെ വരുന്നവര്‍ ഇവിടെയ്ക്ക്  നാണയങ്ങള്‍ വലിച്ചെറിയുക പതിവാണ്. ഞങ്ങളും കയ്യില്‍ ഉണ്ടായിരുന്നതില്‍ ഏറ്റവും ചെറിയ നാണയം ഈ ഫൌണ്ടെനിലേക്ക് എറിഞ്ഞു നിര്‍വൃതി നേടി. ഒന്ന് കൂടി റോമിലേക്ക് വരാമെന്ന പ്രതീക്ഷയില്‍.



തിരികെ വരുന്നതിനിടയില്‍ ഞങ്ങളുടെ സുഹൃത്ത് ബിജു ഒരു വൈന്‍ കടയില്‍ കയറി. ബാക്കിയുള്ളവര്‍ ടൈം എലവേറ്റര്‍ ഷോ കാണുവാന്‍ പോയി. ഒടുവില്‍ ഞാനും ബിജുവും വൈനും ആയി പിന്നാലെ ഓടിയെത്തി. ടൈം എലവേറ്റര്‍ റോമിന്‍റെ മുവായിരം വര്‍ഷത്തെ ചരിത്രം ഇരുപതു മിനിറ്റില്‍ 3-ഡി ഷോ ആയി അവതരിപ്പിക്കുകയാണ്.  ഷോ കഴിഞ്ഞു റോമന്‍ ഫോറത്തിന് മുന്നില്‍ ഫോട്ടോയ്ക്ക് പോസ്  ചെയ്തു. ജൂലിയസ് സീസറിനെ ബ്രൂട്ടസും സഹ സെനറ്റര്‍മാറും കൂടി കൊന്നതും സീസറിനെ അടക്കിയതും റോമന്‍  ഫോറത്തിലാണ്. റോമന്‍ ഫോറത്തില്‍ നിന്ന് ഭക്ഷണ ശാലയിലേക്ക് ഏതാണ്ട് രണ്ടു കിലോമീറ്റര്‍ വഴിവക്കിലെ കാഴ്ചകള്‍ കണ്ടു മയങ്ങി നടന്നു. ഞാനും, പാര്‍ഥനും ബിജുവും കൂടി ഈ നടത്തത്തിനിടയില്‍ രണ്ടു കുപ്പി വൈനും അകത്താക്കി.



വീണ്ടും മദര്‍ ഇന്ത്യ എന്ന ഭക്ഷണ ശാലയില്‍  വെജിറ്റെറിയന്‍ ഉച്ച ഭക്ഷണം. അവിടെ വച്ച് വത്തിക്കാനിലെക്ക് ഞങ്ങളെ കൊണ്ട് പോകുവാന്‍ അന്ന മരിയ എന്നൊരു ഇറ്റാലിയന്‍ ഗൈഡ് എത്തി. ഹലോജിക്ക് പകരം അന്ന ആണ് അവിടെ നിന്ന് ഞങ്ങളെ നയിച്ചത്. അന്നയുടെ പിന്നാലെ ഒരു കിലോമീറ്റര്‍ നടത്തം, വത്തിക്കാനിലേക്ക്. തോള്‍ മറയുന്നതും ഇറക്കമുള്ളതും ആയ വസ്ത്രങ്ങളിട്ടു വേണം വത്തിക്കാന്‍ സന്ദര്‍ശിക്കാന്‍ എന്ന നിയമം തലേന്ന് തന്നെ ഹലോജി പറഞ്ഞിരുന്നതിനാല്‍ എല്ലാവരും തയ്യാര്‍ ആയി തന്നെ ആണ് വന്നിരിക്കുന്നത്.



ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം  ആണ് വത്തിക്കാന്‍, ആകെ 44 ഹെക്ടര്‍ മാത്രം. സ്വന്തമായി തപാല്‍ സിസ്റ്റവും സ്റ്റാമ്പുകളും, പാസ്പോര്‍ട്ടും മാത്രമല്ല സ്വന്തമായി  നാണയങ്ങള്‍ വരെയുണ്ടു ഈ രാജ്യത്തിന്‌. മറ്റൊരു പ്രത്യേകത, യുണെസ്കോയുടെ വേള്‍ഡ് ഹെറിറ്റേജ് സൈറ്റില്‍ ആകെയൊരു രാജ്യത്തെയേ മുഴുവനായും ഉള്‍പ്പെടുത്തിയിട്ടുള്ളൂ. അത് വത്തിക്കാന്‍ ആണ്.  കത്തോലിക്കാ സഭയുടെ ആസ്ഥാനം എന്നതിലുപരി  നല്ലൊരു കലാകേന്ദ്രം കൂടിയാണ് വത്തിക്കാന്‍.

വിക്റ്റര്‍ ഇമ്മാനുവല്‍ മൂന്നാമന്‍ രാജാവിന്‍റെ കാലത്ത് മുസ്സോളിനിയും പീയൂസ് പതിനൊന്നാമന്‍ പോപ്പും തമ്മില്‍ നടത്തിയ ഉടമ്പടിയുടെ ഭാഗമായാണ് 1929 ല്‍ വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് എന്ന രാജ്യം ഉത്ഭവിക്കുന്നത്. പീയൂസ് പാപ്പയും മുസ്സോളിനിയും തമ്മില്‍ ഇത് സംബന്ധിച്ച് വിളംബരം നടത്തിയ കൊട്ടാരവും ബാല്‍ക്കണിയും ഞങ്ങള്‍ നേരത്തെ കണ്ടിരുന്നു.



 സെ. പീറ്റേര്‍സ് ബസിലിക്ക, സിസ്റ്റൈന്‍ ചാപ്പല്‍, വത്തിക്കാന്‍ മ്യുസിയം തുടങ്ങിയവ റോമിലെ ഏറ്റവും മികച്ച കലാ കേന്ദ്രങ്ങള്‍ ആണ്. റോം സന്ദര്‍ശിക്കുന്നവര്‍ വത്തിക്കാന്‍ സന്ദര്‍ശിക്കാതെ മടങ്ങില്ല. സമയക്കുറവ് കാരണം ആകും, ഞങ്ങളുടെ പ്രോഗ്രാമില്‍ സെ. പീറ്റേര്‍സ് ബസിലിക്ക മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതെ കുറിച്ച് അന്ന മരിയ പറഞ്ഞത് ഇങ്ങനെ ആണ്. സിസ്റ്റൈന്‍ ചാപ്പലില്‍ ആണ് പോപ്പിനെ തെരഞ്ഞെടുക്കുവാനുള്ള കോണ്‍ക്ലേവ് നടക്കുന്നത്. റോമന്‍ നവോത്ഥാന കാലഘട്ടത്തില്‍ 1480 കളില്‍ സിക്സ്റ്റ്സ് നാലാമന്‍ പോപ്പാണ് ഈ ചാപ്പല്‍ സംരക്ഷിച്ചതും ബോട്ടിസെല്ലി, പെറുഗിനോ, പിന്റുറുച്ചി, റോസെല്ലി, ഗിര്‍ലാന്‍ഡയോ തുടങ്ങിയ പ്രഗല്‍ഭ ചിത്രകാരന്മാരെ കൊണ്ട് മോസസ്സിന്റെയും യേശുവിന്റെയും ജീവിതം ഈ ചാപ്പലില്‍ വരപ്പിക്കുകയും ചെയ്തു. എന്നാല്‍ ജൂലിയസ് രണ്ടാമന്‍ പോപ്പിന്‍റെ കാലത്ത് വിശ്രുത ചിത്രകാരന്‍ മൈക്കലാഞ്ചലോ വരച്ച അവസാനത്തെ അത്താഴം എന്ന മാസ്റ്റര്‍പീസ്‌ ആണ് ഏറ്റവും വിഖ്യാതം.



ലോകത്തിലെ ഏറ്റവും മഹത്തായ ആര്‍ട്ട് മ്യൂസിയത്തില്‍ ഒന്നാണ് വത്തിക്കാന്‍ മ്യൂസിയം. അവിടുത്തെ കാഴ്ചകള്‍ ഒരു ദിവസം കൊണ്ടോ ഒരാഴ്ച കൊണ്ടോ കണ്ടു തീരില്ല എന്നാണ് അന്ന പറയുന്നത്. എന്തായാലും അന്ന ഒരു സ്റ്റീല്‍ കമ്പിയില്‍ ഒരു കൊടിയുമായി ഞങ്ങളെ സെ. പീറ്റേര്‍സ് ബസിലിക്കായിലെക്ക് നയിച്ചു. അതിഭീമാകരങ്ങളായ കല്ലില്‍ തീര്‍ത്ത വലിയ ഉരുളന്‍ തൂണുകളില്‍ രണ്ടു ഇടനാഴികള്‍. ഈ രണ്ടു ഇടനാഴികള്‍ക്കകത്തായിട്ടാണ് റോമിലെ ഏറ്റവും വലിയ പിയസയായ സെ. പീറ്റേര്‍സ് ചത്വരം. പ്രസിദ്ധ കലാകാരനായ ബെര്‍ണിനീ ഡിസൈന്‍ ചെയ്ത ഈ ചത്വരത്തിന്‍റെ നടുക്കായി പേര്‌ അന്വര്‍ത്ഥമാക്കികൊണ്ട് ഉയര്‍ന്നു നില്ക്കുന്ന സാക്ഷി  എന്നറിയപ്പെടുന്ന  ഒറ്റക്കല്ലില്‍ നിര്‍മ്മിതമായ ഈജിപ്ഷ്യന്‍ ഒബ്ലിക്സ്. കലിഗുള  ചക്രവര്‍ത്തിയുടെ കല്‌പനയനുസരിച്ച്‌ പണ്ട്‌ ഈജിപ്‌തില്‍നിന്നും കൊണ്ടുവന്നതാണത്രേ ഈ സ്തംഭം. നീറോ ചക്രവര്‍ത്തി പീറ്ററിനെ തലകീഴായി കുരിശില്‍ തറച്ചു കൊന്നത് കലിഗുളയുടെ വിനോദക്കളരിയെ അലങ്കരിച്ചിരുന്ന ഈ സ്‌തംഭത്തിനു മുന്നില്‍ വച്ചായിരുന്നതിനാല്‍ ആണ് ഈ സ്തംഭത്തിനു സാക്ഷി സ്തംഭം എന്ന് പേര് വന്നത്. .  പിന്നീട്‌ പോപ്പ് സിക്സ്റ്റ്സ് അഞ്ചാമന്‍ ആണ് ഈ സ്തംഭത്തെ  സെ. പീറ്റര്‍സ് ചത്വരത്തിലേക്ക്‌ മാറ്റിയതാണെന്നാണ്‌ ചരിത്രം.



ചത്വരത്തില്‍ കയറുന്നതിനു മുന്നേ തന്നെ അന്ന മരിയ, ഞായറാഴ്ചകളില്‍ പോപ്പ് ഉച്ചക്ക് പന്ത്രണ്ടു മണിക്ക് സെ. പീറ്റേര്‍സ് ചത്വരത്തില്‍ തടിച്ചു കൂടുന്ന വിശ്വാസികളെ അഭിസംബോധന ചെയ്യുന്ന പേപ്പല്‍ ബാല്‍ക്കണി കാണിച്ചു തന്നു. പക്ഷെ കാലാകാലങ്ങളായി പോപ്പുമാര്‍ താമസിക്കുന്ന ഈ വലിയ വസതിയില്‍ അല്ല ഫ്രാന്‍സീസ് പാപ്പ താമസിക്കുന്നത്, അദ്ദേഹം മെത്രാനായി വത്തിക്കാനില്‍ വന്നപ്പോള്‍ മുതല്‍ 700 ചതുരശ്ര അടി മാത്രം വിസ്തീര്‍ണ്ണം ഉള്ള പഴയ രണ്ടു മുറി ഫ്ലാറ്റില്‍ ആണ് താമസിക്കുന്നത് എന്ന് പല വട്ടം ഞങ്ങളോട് പറഞ്ഞു. പാപ്പ താമസിക്കുന്നത് എന്ന് പറഞ്ഞുകൊണ്ട് , ബസിലിക്കായുടെ പിന്നിലെ ഒരു മഞ്ഞ പെയിന്‍റ് അടിച്ച പഴയ കെട്ടിടവും ഇവര്‍ ഞങ്ങള്‍ക്ക് കാണിച്ചു തന്നു.



പതിനഞ്ചാം നൂറ്റാണ്ട്, റോമിന്‍റെ നവോത്ഥാന കാലഘട്ടം എന്നാണു അറിയപ്പെടുന്നത്. ഈ കാലഘട്ടത്തില്‍ റോമിലെ ബിഷപ്പായിരുന്ന ജൂലിയസ് രണ്ടാമന്‍, (റോമിലെ ബിഷപ്പാണ് പോപ്പ്.) ആണ് ലോകത്തിലെ ഏറ്റവും വലിയ ബസിലിക്ക പണിയണമെന്ന് ആഗ്രഹിച്ച് അന്നത്തെ കലാകാരന്മാരെ കൊണ്ട് ഡിസൈന്‍ ചെയ്യിച്ചത്. എ ഡി നാലാം നൂറ്റാണ്ടില്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി പത്രോസിന്‍റെ ശവ കുടീരത്തിനു മുകളില്‍ പണിത സെ. പീറ്റേര്‍സ് ചര്‍ച്ച് പല കാരണങ്ങളാല്‍ പുതുക്കി പണിയേണ്ടിയിരുന്നു. അന്ന് നടത്തിയ ഡിസൈന്‍ മത്സരത്തില്‍ ബ്രാമന്‍റെ ഡിസൈന്‍ ആണ് തെരഞ്ഞെടുത്തത്. ജൂലിയസ് പോപ്പിന്‍റെ മരണ ശേഷം റാഫേല്‍ തുടങ്ങി മറ്റു പലരും ഡിസൈന്‍ മാറ്റിയെങ്കിലും ഒടുവില്‍ മൈക്കലാഞ്ചലോ ആണ് സെ. പീറ്റേര്‍സ് ബസിലിക്കയുടെ പണി പൂര്‍ത്തിയാക്കിയത്. ഇടനാഴി തുടങ്ങുന്ന ഇടം മുതല്‍ ബസിലിക്ക ചുറ്റി അവസാനിക്കുന്ന അര്‍ദ്ധ വൃത്താകൃതിയുള്ള ആ കെട്ടിടത്തിനു മുകളില്‍ യേശുവിന്‍റെയും ശിഷ്യരുടെയും ഉള്‍പ്പെടെ 144 വിശുദ്ധരുടെ പ്രതിമകള്‍ കെട്ടിടത്തിനു മുകളിലായി സ്ഥാപിച്ചിട്ടുണ്ട്. ലിഫ്റ്റോ വൈദ്യുതിയോ ഇല്ലാതിരുന്ന ഈ കാലഘട്ടത്തില്‍ ഇത്ര വലിയ ഒരു ബസിലിക്ക നിര്‍മ്മിക്കുക എന്നത് അചിന്തനീയം ആയി തോന്നാം.

                                                                                                             

 ബസിലിക്കയുടെ അകത്തു കയറുവാന്‍ വലിയ ക്യൂ.. അന്നയുടെ നേതൃത്വത്തില്‍ ഞങ്ങളും ആ ക്യൂവില്‍ നിന്നു. ശരീര പ്രദര്‍ശനം നടത്തുന്നവരെ തടഞ്ഞു നിര്‍ത്തി അവര്‍ക്ക് പുതയ്ക്കുവാന്‍ രണ്ടു യൂറോയ്ക്ക് ഷാള്‍ വില്‍ക്കുന്നു. ബാഗുകള്‍ എല്ലാം മെറ്റല്‍ ഡിറ്റക്റ്ററില്‍ പരിശോധിച്ച് ഞങ്ങളെ അകത്തു കടത്തി. അകത്തു കയറുമ്പോള്‍ കാണുന്ന ജനസഞ്ചയത്തില്‍ പെട്ടു കൂട്ടം തെറ്റി പോകുവാന്‍ സാധ്യത ഉള്ളതിനാല്‍ രണ്ടു മണിക്കൂറിനകം എല്ലാവരും ഒത്തു കൂടേണ്ടത് ചത്വരത്തില്‍ ഉള്ള പത്രോസിന്‍റെ പ്രതിമയ്ക്ക് മുന്നില്‍ ആകണം എന്നും പറഞ്ഞുറപ്പിച്ചു. ഇടത്തോ വലത്തോ മുന്നിലോ പിന്നിലോ മുകളിലോ എവിടെ നോക്കിയാലും കലയുടെ മഹാ വിരുന്നു ആണ് സെ. പീറ്റേര്‍സ് ബസിലിക്ക. ഒരു ആര്‍ട്ട്‌ഗ്യാലറിയിലേക്കു കയറി ചെന്ന പ്രതീതി.



തിക്കിലും തിരക്കിലും  അകത്തേക്ക് കയറി കുറെ നടന്നു വലതു വശത്ത്‌ മൈക്കലാഞ്ചലോയുടെ വിശ്വ വിഖ്യാതമായ പിയത്തോ എന്ന വെണ്ണക്കല്‍ ശില്‍പം, പിയറ്റ. അനേകം പ്രതിമകള്‍ മൈക്കലാഞ്ചാലോ നിര്‍മ്മിച്ചിടുണ്ട് എങ്കില്‍ കൂടി അദ്ദേഹത്തിന്‍റെ സ്വന്തം ഒപ്പ് ചേര്‍ത്തിട്ടുള്ള ഒരേ ഒരു പ്രതിമ ആണ് പിയറ്റ. പിയറ്റയുടെ ചുറ്റും വലിയ ആള്‍ക്കൂട്ടം, എല്ലാവരും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു. 1972 ല്‍ ലാസ്ലോ എന്നൊരാള്‍ ഒരു ചുറ്റികയും ആയി വന്നു പിയറ്റയിലെ മറിയത്തിന്‍റെ ശില്പത്തെ അടിച്ചു തകര്‍ത്തു. ഒരു കൈയും മറിയത്തിന്‍റെ മൂക്കും കണ്‍പോളയും ആണ് മാനസീക വിഭ്രാന്തിയുള്ള ഇദേഹം അടിച്ചു തകര്‍ത്തത്. ഈ ആക്രമണത്തിനു ശേഷം കേടുപാടുകള്‍ തീര്‍ത്ത പിയറ്റ എന്ന ഈ ശില്പത്തെ ബുള്ളറ്റ് പ്രൂഫ്‌ ആയ ഒരു കണ്ണാടിക്കൂട്ടില്‍ ആണ് സൂക്ഷിച്ചിരിക്കുന്നത്. അതിനാല്‍ ഇപ്പോള്‍ ആര്‍ക്കും ഈ ശില്പത്തെ തൊടുവാനോ തലോടുവാനോ ചുംബിക്കുവാനോ സാധിക്കുന്നില്ല. മൈക്കലാഞ്ചലോയുടെ ഈ ശില്പത്തെ നോക്കുന്ന നമുക്ക് ആ ശില്പത്തില്‍ നിന്ന് നോട്ടം പിന്‍വലിക്കുക സാധ്യമല്ല, അത്രക്ക് ചേതോഹരമാണത്..



ആകെ രണ്ടു മണിക്കൂര്‍ കൊണ്ടുള്ള ഒരു ഓട്ടപ്രദക്ഷിണം ആണ് ഈ ബസിലിക്കയില്‍ നടത്തുന്നത്. ബസിലിക്കയുടെ മുകളില്‍ അതി മനോഹരമായ ചിത്ര രചന. സാധാരണ ചിത്രങ്ങള്‍ അല്ല, പിന്നെയോ വളരെ ചെറിയ മൊസൈക്കുകള്‍ കൊണ്ട് ഉണ്ടാക്കിയിരിക്കുന്ന ചിത്രങ്ങള്‍ ആണ് ഇവയെന്ന് അറിയുമ്പോള്‍ ആണ് നമ്മളില്‍  അത്ഭുതമുളവാകുന്നത്. ബസിലിക്കയുടെ മുക്കിലും മൂലയിലും ചുവരിലും എല്ലാം ശില്പങ്ങള്‍. പിയറ്റ കണ്ടു മുന്‍പിലേക്ക് നടക്കുമ്പോള്‍  വലത്തുവശത്തു ആയി  1963 ല്‍  അന്തരിച്ച ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പ്പാപ്പയുടെ ഭൌതീകശരീരം ഒരു ഗ്ലാസ് കാസ്കറ്റില്‍ സൂക്ഷിച്ചിരിക്കുന്നു. മാര്‍പ്പാപ്പയെ വിശുദ്ധനാക്കുന്നതിനായി അദേഹത്തിന്‍റെ ശവ കുടീരം 2001 ല്‍ തുറന്നപ്പോള്‍ ആ ശരീരം അഴുകാതെ ഇരിക്കയായിരുന്നു. ഈ മൃതശരീരം ആണ് ഇങ്ങനെ സൂക്ഷിച്ചു വച്ചിരിക്കുന്നത്.

വീണ്ടും മുന്നിലേക്ക് പോകുമ്പോള്‍ വലതു വശത്ത് ഗ്രില്‍ പാകിയ ഗേറ്റിനപ്പുറം 24 മണിക്കൂറും ആരാധന നടക്കുന്ന ചാപ്പല്‍. അവിടെ തീര്‍ത്തും നിശ്ശബ്ദത. ആളുകള്‍ വന്നിരുന്നു നിശ്ശബ്ദമായി പ്രാര്‍ഥിക്കുന്നു. പ്രാര്‍ഥിക്കുവാന്‍ താല്പര്യമുള്ളവരെ മാത്രമേ അകത്തേക്ക് കടത്തി വിടുന്നുള്ളൂ... ഞങ്ങള്‍  വീണ്ടും മുന്നോട്ടു നടന്നു. ഇവിടെ നിന്ന് നോക്കിയാല്‍ പ്രധാന അള്‍ത്താര കാണാം. ഇവിടെ ആണ് വിശുദ്ധ പത്രോസിനെ അടക്കം ചെയ്തിരിക്കുന്നത് എന്ന് വിശ്വസിക്കുന്നത്. കത്തോലിക്ക സഭയുടെ ഏറ്റവും വലിയ വിശുദ്ധന്നായിട്ടാണ് പത്രോസിനെ വിശേഷിപ്പിക്കുന്നത്. നീറോ ചക്രവര്‍ത്തി തലകീഴായി കുരിശില്‍ തറച്ചു കൊന്ന പത്രോസിന്‍റെ കല്ലറയില്‍ നിന്നെടുത്ത ചില അസ്ഥികള്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ട് എന്ന് പറയപ്പെടുന്നു. ഈ അള്‍ത്താരക്ക് ചുറ്റുമായി ബെര്‍ണിനി  ചെമ്പില്‍ പണി കഴിപ്പിച്ച മുപ്പതു മീറ്റര്‍ ഉയരമുള്ള പന്തല്‍ പോലുള്ള ബല്‍ദാച്ചിനി. തിരികെ ഇടതു വശത്തു കൂടെ വരുമ്പോള്‍ അവിടെയും അനേകം ശില്‍പ്പങ്ങളും ചിത്രങ്ങളും. മറ്റു ചില പോപ്പുമാരുടെ മൃതദേഹങ്ങളും കേടു കൂടാതെ സൂക്ഷിച്ചു വച്ചിരിക്കുന്നു. വത്തിക്കാനില്‍, ബസിലിക്കയില്‍ ജോലി ചെയുന്ന കോട്ടയം സ്വദേശിയോട് ചോദിച്ചപ്പോള്‍, ഈ ദേവാലയത്തിന് താഴെയായി മറ്റൊരു നിലവറ ഉണ്ടെന്നും അവിടെയാണ് പോപ്പുമാരെ അടക്കിയിട്ടുള്ളത് എന്നും അറിയുവാന്‍ കഴിഞ്ഞു. താഴേക്കു പോകേണ്ട വഴി ഞങ്ങള്‍ക്ക് കാണിച്ചു തന്നു. ഞങ്ങള്‍ താഴേക്കുള്ള പടികള്‍ ഇറങ്ങി നോക്കിയപ്പോള്‍ അവിടെയെല്ലാം മരിച്ചു പോയ പോപ്പുമാരുടെ ശവകുടീരങ്ങള്‍. ഏറ്റവും ഒടുവില്‍ മരിച്ച ജോണ്‍ പോള്‍ രണ്ടാമന്‍റെ ശവ കുടീരവും ഞങ്ങള്‍ കണ്ടു. താഴേക്കു ഇറങ്ങിയാല്‍ പിന്നെ മുകളിലേക്ക് വരാന്‍ കഴിയില്ല. ഞങ്ങള്‍  ആ അറയില്‍ നിന്നും നേരിട്ട് പുറത്തേക്ക് ഇറങ്ങി. വീണ്ടും സെ. പീറ്റേര്‍സ് സ്ക്വയറില്‍ ... എല്ലാവരും ഓടി നടന്നു ഫോട്ടോയ്ക്ക് പോസ് ചെയുന്നു. കയ്യില്‍ സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും താക്കോലുകളും ആയി സെ. പീറ്റര്‍. കുതിരപ്പുറത്തു വാളും ആയി സെ, പോള്‍. ഇവരുടെ ഒക്കെ കൂടെ നിന്ന് ഫോട്ടോ എടുത്ത ശേഷം  ഞങ്ങള്‍ വീണ്ടും ബസ്സില്‍ കയറി. ഇനി ഏകദേശം രണ്ടു മണിക്കൂര്‍ ബസ് യാത്ര. ഞങ്ങള്‍ തസ്ക്കനിയിലേക്കാണ് പോകുന്നത്.



അനേകം ഇടുങ്ങിയ പടികള്‍ ദേവാലയത്തിന് അകത്തു നിന്ന് മുകളിലേക്ക് കയറിയാല്‍ പള്ളിയുടെ മുകളില്‍ കയറാം, അവിടെ നിന്ന് കൊണ്ട് റോം പട്ടണം മുഴുവനായി കാണാം. പക്ഷെ സമയക്കുറവു ഞങ്ങളെ അതിനു അനുവദിച്ചില്ല. ഇനിയും ഒരിക്കല്‍ റോമില്‍ വരണം എന്ന് വീണ്ടും ഞങ്ങള്‍ തീര്‍ച്ചയാക്കി.  റോമിന്‍റെ അവശിഷ്ടങ്ങള്‍, കെട്ടിടങ്ങള്‍ , കലാ രൂപങ്ങള്‍ എല്ലാം കാണണം. മനസ്സില്‍ അങ്ങനെ ഒരു കൊതി അവശേഷിപ്പിച്ചാണ് അവിടം വിട്ടത്.



റോം നഗരത്തില്‍ നിന്നും ബസ് മായുന്നത് വരെ ഞങ്ങള്‍ റോമന്‍ സംസ്കാരത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടു കൊണ്ടിരുന്നു. നഗരത്തിനു പുറത്തു കടന്നാല്‍ വിജനമായ കൃഷിയിടങ്ങളും പുല്‍ മേടുകളും മാത്രം. ഞങ്ങള്‍ പിന്നിലിരിക്കുന്ന  കുട്ടികളെയും പാട്ടുപാടുന്നവരെയും ഒക്കെ സംഘടിപ്പിച്ചു അന്താക്ഷരി നടത്തി. അബുദാബിയില്‍ നിന്നും ഞങ്ങളോടൊപ്പം  ചേര്‍ന്ന രാജേഷിന്‍റെ ഭാര്യ ഹേമ, അന്ഷുല്‍, ദീപ്തി, ഏകയായി ഞങ്ങളോടൊപ്പം ചേര്‍ന്ന ഡല്‍ഹിക്കാരി നമ്രത, കാനഡയില്‍ നിന്നും വന്ന ജാഗ്രുതി, ഞങ്ങളുടെ കുടുംബ സദസ്സുകളിലെ പാട്ടുകാരി പാര്‍ഥന്‍റെ  മോള്‍ ശ്വേത തുടങ്ങിയവര്‍ ഒക്കെ അസ്സലായി പാടി.

ടസ്ക്കനിയിലേക്കുള്ള യാത്രാമദ്ധ്യേ പഞാബികള്‍ നടത്തുന്ന ഇന്ത്യന്‍ ഭക്ഷണ ശാലയില്‍ നിന്നായിരുന്നു രാത്രി ഭക്ഷണം. പരിപ്പും കിഴങ്ങും പച്ചക്കറികളും നോര്‍ത്ത് ഇന്ത്യന്‍ ചിക്കന്‍ കറിയും കണ്ടപ്പോഴേ എല്ലാവരുടെയും വയറുകള്‍ നിറഞ്ഞു, കുട്ടികളുടെ കണ്ണുകളും. ഇറ്റലിയില്‍ വന്നിട്ട് നോര്‍ത്ത് ഇന്ത്യന്‍ ഫുഡ്‌ കഴിക്കുന്നതിലെ നീരസം എല്ലാവരും പങ്കു വച്ചു. ഭക്ഷണം കഴിഞ്ഞു അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഹോട്ടലില്‍ എത്തി. പുതുതായി പണി കഴിപ്പിച്ച മനോഹരമായ ഹോട്ടല്‍. പക്ഷെ ഞങ്ങള്‍ ഒഴികെ മറ്റാരും അവിടെ ഉണ്ടെന്നു തോന്നിയില്ല. ഹലോജി ഞങ്ങള്‍ക്ക് രാവിലെ ഇന്ത്യന്‍ പ്രഭാത ഭക്ഷണം ഏര്‍പ്പാടാക്കിയിട്ടുണ്ട്, എന്നാല്‍ ഹോട്ടലിലെ റെസ്റ്റോറന്റില്‍ വച്ചു അത് കഴിക്കാന്‍ പാടില്ല എന്ന് പറഞ്ഞതിനാല്‍ ഹോട്ടല്‍ അധികൃതരും ഹലോജിയും തമ്മില്‍ വഴക്കും വക്കാണവും. പക്ഷെ നല്ല ഹോട്ടല്‍ ആയതിനാല്‍ ആ ഹോട്ടലില്‍ എത്തിയതില്‍ ഞങ്ങള്‍ക്ക് വലിയ സന്തോഷവും.



മുറിയില്‍ കയറി ചെക്കിന്‍ ചെയ്തു കഴിഞ്ഞു ഞാനും പാര്‍ത്ഥനും ഇന്ധനം അന്വേഷിച്ച് ഹോട്ടല്‍ ലോബിയില്‍ എത്തി. അപ്പോഴേക്കും ഹോട്ടലിലെ ബാര്‍ അടച്ചു കഴിഞ്ഞിരുന്നു. ഇതിനിടയില്‍ ജോണ്‍സനും എത്തി. ഞങ്ങളുടെ നിര്‍ബന്ധം കൊണ്ടായിരിക്കാം, അവര്‍ ഞങ്ങള്‍ക്ക് വേണ്ടി വീണ്ടും ബാര്‍ തുറന്നു. ബംഗ്ലാദേശുകാരന്‍ ആയ ബാര്‍മാന്‍ ഞങ്ങളോട് ഇന്ധനത്തിന്‍റെ പണം പോലും വാങ്ങിയില്ല. ഇതിനിടയില്‍ ബസ് ഡ്രൈവര്‍ , പോളണ്ട്കാരന്‍ പീറ്ററും ബാറില്‍ എത്തി.  പീറ്ററിന് ഞങ്ങള്‍ വയര്‍ നിറയെ ബിയര്‍  വാങ്ങി കൊടുത്തത് കൊണ്ടാവും പീറ്ററും ഞങ്ങളും തമ്മില്‍ യാത്രയിലുടനീളം നല്ല ബന്ധം പുലര്‍ത്തിപ്പോന്നു.  എന്തായാലും രാവിലെ ഏഴു മണിക്ക് റെഡി ആകണം, ഞങ്ങള്‍ ഉറങ്ങുവാന്‍ പോയി.


Thursday 30 October 2014

റോമായിലെ വിശേഷങ്ങള്‍

   റോമായിലെ വിശേഷങ്ങള്‍

ഒരു സ്വപ്ന സാക്ഷാത്ക്കാരം. കുടുംബവുമായി ഒരു യൂറോപ്യന്‍ പര്യടനം. ഇറ്റലി, വത്തിക്കാന്‍, ആസ്ത്രിയ, സ്വിറ്റ്സര്‍ലന്‍ഡ്, ഫ്രാന്‍സ്, തുടങ്ങിയ രാജ്യങ്ങള്‍. ഞങ്ങളുടെ കമ്പനിയില്‍ നിന്ന് തന്നെയുള്ള  ജോണ്‍സനും കുടുംബവും ബിജുവും അദേഹത്തിന്റെ കുടുംബവും മാത്രമല്ല ഞങ്ങളുടെ അടുത്ത സുഹൃത്തായ പാര്‍ത്ഥസാരഥിയും കുടുംബവും. ഇന്ത്യയിലെ പ്രശസ്തമായ ടൂര്‍ ഓപ്പറേറ്റിങ് കമ്പനി ആയ കോക്സ് ആന്‍ഡ്‌ കിംഗ്സ് ആണ് ടൂര്‍ അറേഞ്ച് ചെയുന്നത്. ഞങ്ങള്‍ക്കൊപ്പം പരിചയമില്ലാത്ത മറ്റ് എട്ടു കുടുംബങ്ങള്‍ കൂടി. കുട്ടികള്‍ അടക്കം എല്ലാവരും ടൂര്‍ എന്ന് കേട്ടപ്പോള്‍ മുതലേ വലിയ  ത്രില്ലില്‍ ആയിരുന്നു. യാത്രക്കുള്ള ഒരുക്കങ്ങള്‍ വളരെ മുന്നേ തുടങ്ങിയിരന്നു.  ഇറ്റലി, സ്വിറ്റ്സര്‍ലന്‍ഡ് ഒഴികെയുള്ള മറ്റു രാജ്യങ്ങള്‍ ഞാന്‍ സന്ദര്ശിച്ചിട്ടുള്ളതിനാല്‍ ഈ രാജ്യങ്ങളിലെ  വിവരങ്ങള്‍ അറിയുവാന്‍ ആയിരുന്നു എന്റെ ശ്രമങ്ങള്‍. 

അബുദാബി എയര്‍പോര്‍ട്ടില്‍ നിന്ന് രാത്രിയുള്ള അലിറ്റാലിയ വിമാനത്തില്‍ ആണ് ഞങ്ങള്‍ യാത്ര തിരിക്കേണ്ടത്. ഒന്‍പതു മണിയോടെ   ഞങ്ങള്‍ കരാമയിലെ കോക്സ് ആന്‍ഡ്‌ കിംഗ്സ് ഓഫീസിനടുത്തുള്ള പാര്‍ക്കിങ്ങില്‍ ഞങ്ങള്‍ക്കായി കരുതിയ ബസ്സില്‍ ലഗേജും ആയി എത്തി. വാഹനത്തില്‍ ഇരുപതോളം പേരെ ഉള്ളൂ. ബാക്കിയുള്ളവര്‍ അബുദാബി എയര്‍പോര്‍ട്ടില്‍ എത്തും. പതിനൊന്നു മണിയോടെ ഞങ്ങള്‍ എയര്‍ പോര്‍ട്ടില്‍ എത്തി. ചെക്കിന്‍ ഒക്കെ വളരെ എളുപ്പത്തില്‍ നടന്നു. പരിചയമില്ലാത്ത കുടുംബങ്ങളെ ഒക്കെ ഞങ്ങള്‍ പരിചയപ്പെട്ടു. രാത്രി രണ്ടു മണിയോടെ വിമാനം ആകാശത്തിലെക്കുയര്‍ന്നു. 

രാവിലെ ഏഴു മണിക്ക് അലിറ്റാലിയ  വിമാനം റോമിലെ ലിയോനാര്‍ഡോ ഡാവിഞ്ചി വിമാനത്താവളത്തില്‍ പറന്നിറങ്ങി. അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് എമിഗ്രേഷന്‍ എരിയയിലെക്ക് ഉള്ള ദൂരം ട്രെയിനില്‍ ആണ് യാത്ര ചെയ്തത്. ബാഗേജും ആയി പുറത്തിറങ്ങിയപ്പോള്‍ സ്യുട്ട് ധരിച്ച ഒരു മധ്യവയസ്കന്‍ കോക്സ് ആന്‍ഡ്‌ കിംഗിന്റെ ഒരു പോസ്റ്ററും പിടിച്ചു  ആഗമന ഏരിയയില്‍ നില്‍ക്കുന്നു. ഞങ്ങള്‍ നാല്‍പ്പതു  പേരും ഓരോരുത്തരായി പോയി ഹാജര്‍ വച്ച്. അവിടെ  വച്ച് തന്നെ അദേഹത്തിന്റെ നാവില്‍ നിന്ന് ഹലോജി എന്ന   ഒരു പുതിയ പദം കേട്ടതിലുള്ള നെടുവീര്‍പ്പില്‍ ആയിരുന്നു ഞങ്ങള്‍ എല്ലാവരും. എന്തിനും ഏതിനും ഹലോജി എന്ന അഭിസംബോധന   കൊണ്ടായിരുന്നു അദേഹത്തിന്റെ തുടക്കം. എയര്‍ പോര്‍ട്ടിലെ കാശ് കൈമാറ്റം ചെയുവാനുള്ള കൌണ്ടറിനെ കുറിച്ചും പണം പിന്‍വലിക്കുവാന്‍ ഉള്ള എ ടി എം മെഷീനുകളെ കുറിച്ചും ഒരു ഹ്രസ്വ പ്രസംഗം തന്നെ അദേഹം നടത്തി. ഈ ടൂറില്‍ പല ഓപ്ഷണല്‍ പാക്കേജുകള്‍ ഉണ്ടെന്നും അതിനൊക്കെ പണം വേണമെന്നും അദേഹം ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്നു. വീണ്ടും  ഹാജര്‍ എടുത്തു അദേഹം ഞങ്ങളെ ഹോട്ടലിലേക്ക് കൊണ്ട് പോകാന്‍ വന്ന ബസ്സില്‍ കയറ്റി. 

 പുറത്ത് കനത്ത മഴ. മഴ കണ്ടപ്പോള്‍ ഗള്‍ഫില്‍ നിന്ന് പോയ ഞങ്ങള്‍ക്ക് ആദ്യം ഒരു കുളിര്‍മ തോന്നിയെങ്കിലും പലരുടെയും മുഖം മഴക്കാറ് നിറഞ്ഞ ആകാശം പോലെയായി. ഇത്രേം പണോം കൊടുത്ത് ഇറ്റലി കാണാന്‍ വന്നപ്പോള്‍ ഇത് പോലെ കനത്ത മഴ പെയ്താല്‍ ഇറ്റലിയില്‍ എന്തു കാണും എന്ന ആശങ്ക.  ഹലോജി എന്ന പേര് ഞങ്ങള്‍  ചാര്‍ത്തി കൊടുത്ത യെസ്ഡി എന്ന ഞങ്ങളുടെ, ലണ്ടനില്‍ സ്ഥിര താമസമാക്കിയ  മുംബൈക്കാരന്‍ ടൂര്‍ മാനേജര്‍ എന്ന ഗൈഡ് ബസ്സിലെ മൈക്ക് അപ്പോഴേക്കും കൈക്കലാക്കി, ഞങ്ങളെ സമാധാനിപ്പിച്ചു. കഴിഞ്ഞ നാല് ദിവസമായി ഇറ്റലിയില്‍ നല്ല ചൂടായിരുന്നു. സാധാരണ നാല് ദിവസം നല്ല ചൂടുണ്ടായാല്‍ അഞ്ചാം ദിവസം ഇറ്റലിയില്‍ മഴ പെയ്യുമെന്നും, മഴ കഴിഞ്ഞാല്‍ വീണ്ടും പഴയ പോലെ ആകാശം സൂര്യ ശോഭയില്‍ തിളങ്ങുമെന്നും അറിയിച്ചപ്പോള്‍ ആണ് പലര്‍ക്കും ശ്വാസം നേരെ വീണത്‌. ഏകദേശം ഒരു മണിക്കൂര്‍ ബസ്സില്‍ യാത്ര ചെയ്തു വേണം റോമിന്റെ പ്രാന്ത പ്രദേശമായ ഫിയാനോ എന്ന ചെറു പട്ടണത്തില്‍ എത്തുവാന്‍... യൂറോപ്പിനെ കുറിച്ച് സ്വപ്നങ്ങളുമായി വന്ന പലരുടെയും മുഖം കരുവാളിച്ചിരിക്കുന്നത് ഞാന്‍ കണ്ടു. കാരണം എന്തെന്നല്ലേ, കുറെ സൂര്യകാന്തി പാടങ്ങളും പുല്‍മേടുകളും കൃഷിയിടങ്ങളും മാത്രം ഉള്ള ഒരു പ്രദേശത്തു കൂടി ആണ് ഞങ്ങളുടെ  വാഹനം മുന്നോട്ടു പോയിക്കൊണ്ടിരുന്നത്. ഒരു മാതിരി തമിഴ്നാട്ടിലെ കൃഷിയിടങ്ങളില്‍  കൂടി പോകുന്ന അനുഭവം. ഇതാണോ ഇറ്റലി, ഇത് കാണാനാണോ നമ്മള്‍ വന്നത് എന്ന മുഖഭാവം. 

ഇതിനിടയില്‍ ഹലോജി, ഇറ്റലിയെ കുറിച്ചും ഞങ്ങളുടെ ട്രിപ്പിനെ  കുറിച്ചും വാചാലനാകാന്‍  തുടങ്ങി. പിന്നില്‍ ഇരിക്കുന്ന ഞങ്ങള്‍ കരുതി ഹലോജി, ഏതോ ബുക്ക് നോക്കി വായിക്കുകയാണ് എന്ന്. അത്രക്ക് വ്യക്തതയോടെ ഓരോ സ്ഥലത്തെ കുറിച്ചും അയ്യാള്‍ വിക്കിപീഡിയ പോലെ ഞങ്ങളോടെ സംസാരിച്ചു കൊണ്ടിരുന്നു. യൂറോപ്പില്‍ നിയമം ഭയങ്കര കാര്‍ക്കശ്യം ആണെന്നും അതിനാല്‍ നിയമം അനുസരിക്കണം, ബസ്സില്‍ പോലും പൊടിയോ പോട്ടോ ഇടാന്‍ പാടില്ല, പോലീസ് ചെക്ക് ചെയ്യും, എന്നൊക്കെ പേടിപ്പിച്ചു. അത് പോലെ രണ്ടു ഓപ്ഷണല്‍ ടൂര്‍ ഈ യാത്രയില്‍ ഉണ്ടാകും, അതില്‍ ഒന്ന് സ്വിറ്റ്സര്‍ലാന്‍ഡിലെ യുങ്ങ്ഫ്രു എന്ന യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയിലേക്കുള്ള യാത്ര ആണ്. അതിനു പോകണം എങ്കില്‍ ആളൊന്നിനു 135 യൂറോ നല്‍കണം. രണ്ടു ഫ്രാന്‍സിലെ ലിഡോ ഷോ ആണ്. മോളിന്‍ റോ എന്ന ഈ ഷോയില്‍ കാബറെ ഡാന്‍സും പാരീസിലെ സുന്ദരികളായ നര്‍ത്തകികളുടെ നഗ്ന മാറിട പ്രദര്‍ശനവും ആണ്. ഇതില്‍ പതിനാറു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനമില്ല. ഇതിനായി ഓരോരുത്തരും 150 യൂറോ കൊടുക്കണം. അത് പോലെ ബസ്സിന്‍റെ ഡ്രൈവര്‍ക്ക് ഓരോ ആളും ഓരോ ദിവസം രണ്ടു യൂറോ വീതം ടിപ്പ് നല്‍കണം. പന്ത്രണ്ടു ദിവസത്തിനു പകരം പത്തു ദിവസത്തെ ടിപ്പ് ആയ ഇരുപതു യൂറോ ഒരാള്‍ക്ക് വീതം എല്ലാവരും ആദ്യ ദിവസം  തന്നെ ഈ ടിപ്പ് തുക  നല്‍കണം. യുങ്ങ്ഫ്രുവില്‍ പോകുവാന്‍ എല്ലാവരും തയ്യാര്‍ ആയി, ടിപ്പ് നല്‍കാനും. പക്ഷെ ലിഡോ ഷോയില്‍ പങ്കെടുക്കുവാന്‍ എന്തു കൊണ്ടോ ആരും തയ്യാറായില്ല, ഒരു പക്ഷെ എല്ലാവരും കുട്ടികളും ആയി ടൂറിനു വന്നത് കൊണ്ടാവും. . 

ബസ്സില്‍ വച്ച് തന്നെ ഹലോജി പറഞ്ഞു, ഹോട്ടല്‍ ചെക്ക് ഇന്‍  ടൈം രണ്ടു മണിയാണ്, പക്ഷെ പന്ത്രണ്ടു മണി മുതല്‍ റൂം കിട്ടിത്തുടങ്ങും. അത് വരെ ഞങ്ങള്‍ ലോബ്ബിയില്‍ ഇരിക്കണം. അത് പോലെ ഒഫീഷ്യല്‍ ടൂര്‍ ആരംഭിക്കുന്നത് അന്ന് വൈകുന്നേരം മുതല്‍ ആണ്. അതിനാല്‍  ബ്രേക്ക്ഫാസ്റ്റ്, ലഞ്ച് എന്നിവ ഞങ്ങള്‍ തന്നെ കണ്ടെത്തണം. എല്ലാവരും  പിറുപിറുത്തു കൊണ്ട്  പ്രിന്‍സ് ഇന്‍ എന്ന ഞങ്ങളുടെ ആദ്യ ദിവസത്തെ ഹോട്ടലിലേക്ക് കയറി. അതാ ഒരു പറ്റം ചൈനക്കാര്‍ ഹോട്ടലില്‍ നിന്നും ചെക്ക് ഔട്ട്‌ നടത്തുകയാണ്. ഞങ്ങള്‍ ലോബ്ബിയില്‍ ഇരുന്നു. അനേകം റൂമുകള്‍ ഉണ്ടെങ്കിലും മൂന്നു നിലയുള്ള ആ ഹോട്ടല്‍ പഴകിയതും ചെറുതും ആണ് എന്ന് ഞങ്ങള്‍ക്ക് തോന്നി. പക്ഷെ ഹലോജി, ഞങ്ങളോട് പറഞ്ഞിരുന്നു. യൂറോപ്പിലെ ഹോട്ടലുകള്‍ ദുബായിലേതു പോലെ ആര്‍ഭാടങ്ങള്‍ ഉള്ളതല്ല. അത് പോലെ റോമ സിറ്റിയില്‍ ഗ്രൂപ്പുകള്‍ക്ക് താമസിക്കുവാന്‍ ഹോട്ടലുകള്‍ കിട്ടില്ല. അതിനാല്‍ നഗരത്തില്‍ നിന്ന് മാറി  ഹൈവേയ്ക്ക് അടുത്തുള്ള ഹോട്ടലുകളില്‍ ആണ് താമസ സൌകര്യം ഒരുക്കിയത് എന്ന്. ( ആദ്യമായി ടൂറിനു വരുന്ന ഞങ്ങളെയൊക്കെ കളിപ്പിച്ചത് ആണോ എന്ന് സംശയം തോന്നാതിരുന്നില്ല)

ഞായര്‍ ആയതിനാല്‍ വളരെ ചെറിയ ആ പ്രദേശത്തെ മിക്ക കടകളും അടഞ്ഞു കിടക്കുന്നു. ഭക്ഷണ ശാലകള്‍ അടുത്തെങ്ങും ഉള്ളതായി കാണുന്നില്ല. അവിടെ ടൂറിസ്റ്റുകള്‍ക്ക് താമസിക്കുവാന്‍ വേണ്ടി  മാത്രമുള്ള കുറെ ഹോട്ടലുകള്‍, ഒരു അനിമല്‍ സൂപ്പര്‍ മാര്‍ക്കറ്റ്, റോഡിനു എതിര്‍ ഭാഗത്തായി ഒരു സെക്സ് ഷോപ്പ് , അതിനോടനുബന്ധിച്ചു ബാര്‍, അങ്ങനെ ചിലതൊക്കെ മാത്രം ആണ് ഞങ്ങള്‍ക്ക് കാണുവാന്‍ സാധിക്കുന്നത്. ലോബ്ബിക്കടുത്തുള്ള വാഷ് റൂമില്‍ പോയി എല്ലാവരും പല്ലു തേച്ചെന്നു വരുത്തി. കുട്ടികള്‍ക്ക് വിശക്കുന്നു, ഞങ്ങള്‍ പതുക്കെ ഇട വഴിയിലൂടെ നടന്നു. പെട്ടിക്കടകള്‍ പോലുള്ള ഭക്ഷണ ശാലകള്‍ക്കും ബാര്‍ എന്ന ബോര്‍ഡ്, പക്ഷെ എല്ലാം അടച്ചിട്ടിരിക്കുന്നു. നമ്മുടെ ഗ്രാമ പ്രദേശത്തെ ബേക്കറി പോലെ തോന്നിപ്പിക്കുന്ന ഒരു ചെറിയ ബാര്‍ മാത്രം തുറന്നിരിക്കുന്നു. അവിടെ ഇറ്റലിയിലെ ചില ബേക്കറി ഐറ്റംസ്, കേക്കുകള്‍, കോഫി, പലതരം വൈന്‍ തുടങ്ങിയവ ഉണ്ട്... ഞങ്ങള്‍ നാല്‍പ്പതു പേരെ കൊണ്ട് കടയും പരിസരവും നിറഞ്ഞു. ആദ്യം ഒരാള്‍ മാത്രമുണ്ടായിരുന്ന കടയിലേക്ക് ഉടനെ തന്നെ മറ്റു രണ്ടു സ്ത്രീകള്‍ കൂടി എത്തി. അവരെല്ലാവരും ഞങ്ങളുടെ ഓര്‍ഡര്‍ എടുക്കുകയാണ്. ഇറ്റാലിയന്‍ അല്ലാതെ മറ്റൊരു ഭാക്ഷ അവര്‍ക്ക് മനസിലാകില്ല. തൊട്ടു കാണിച്ചും എഴുതി കൂട്ടിയും സാധനങ്ങള്‍ വാങ്ങി ഞങ്ങള്‍ അത്യാവശ്യം വിശപ്പ്‌ മാറ്റി. ആദ്യ സിപ്പ്, വീനോ റോസായില്‍ തുടങ്ങി ഞങ്ങളുടെ ഞങ്ങളുടെ യൂറോപ്യന്‍ പര്യടനം. ഇറ്റലിയില്‍ റെഡ് വൈനിന് പറയുന്നത് വീനോ റോസാ എന്നാണ്. അഞ്ചു വയസാകുന്ന കുട്ടികള്‍ മുതല്‍ എല്ലാവരും അവിടെ വൈന്‍ കുടിക്കും എന്ന് ഹലോജി ബസ്സില്‍ വച്ച് തന്നെ ഞങ്ങളെ ഓര്‍മിപ്പിച്ചിരുന്നു. 

തിരികെ വന്നപ്പോഴേക്ക് ഹോട്ടല്‍ റൂം റെഡി. ഫ്രഷ് ആയി ഒരു ഉറക്കം കഴിഞ്ഞപ്പോള്‍ വീണ്ടും വിശപ്പിന്റെ വിളി. രണ്ടു മണി കഴിഞ്ഞതെ ഉള്ളൂ... ഹോട്ടലില്‍ ഉണ്ടായിരുന്ന ഭക്ഷണ ശാല രണ്ടു മണിക്ക് അടയ്ക്കും പോലും. എന്തായാലും പുറത്തിറങ്ങിയപ്പോള്‍ കൂടെ വന്നവരില്‍ പലരും ഞങ്ങളെ പോലെ ഭക്ഷണം കഴിക്കാനായി കറങ്ങിത്തിരിയുന്നു. ഹോട്ടല്‍ റിസപ്ഷനിസ്റ്റ് ആണ് ഹോട്ടലിനു തൊട്ടു പിന്നിലുള്ള ഷോപ്പിംഗ്‌ മാളിനെ കുറിച്ച് പറഞ്ഞത്. . ഞങ്ങള്‍ ഹോട്ടലിനു പിന്നിലെ ഷോപ്പിംഗ്‌ മാളില്‍ എത്തിയപ്പോള്‍ അവിടെ നിരവധി ഭക്ഷണ ശാലകള്‍, വലിയൊരു ഹൈപ്പര്‍ മാര്‍ക്കറ്റ്. എന്തായാലും ഞങ്ങള്‍,  ഞാനും സുഹൃത്തായ പാര്‍ഥനും കുടുംബവും ഒന്നിച്ചു വയറു നിറയുവോളം പിസ കഴിച്ചു. എട്ടു പേര്‍ പിസ കഴിച്ചതിനു വന്ന ബില്‍ വെറും എട്ടു യൂറോ മാത്രം. ഹൈപ്പര്‍ മാര്‍ക്കറ്റില്‍ കയറി അത്യാവശ്യം അന്ന് രാത്രി സേവയ്ക്ക്  വേണ്ടുന്ന മദ്യം വാങ്ങി. കുറച്ചു പഴങ്ങളും. പഴങ്ങള്‍ക്ക് വളരെ വിലക്കുറവ്. 

ഓരോ ബിയറും നുണഞ്ഞു കൊണ്ട് ഹോട്ടലിലേക്ക് വന്നപ്പോള്‍ മുന്നില്‍ രണ്ടു കന്യാസ്ത്രികള്‍, അതും മലയാളികള്‍. കൂട്ടത്തില്‍ ഞങ്ങളോടൊപ്പം ടൂറിനു വന്ന റോയിയും. തൃശൂര്‍ നിവാസികള്‍ ആയ ഈ കന്യസ്ത്രിമാര്‍ വളരെ വര്‍ഷങ്ങള്‍ ആയി റോമിന് അടുത്തുള്ള ഒരു പുണ്യ കേന്ദ്രത്തിലെ മഠത്തില്‍ ആണ് പോലും താമസം. റോയി വരുന്നതിനാല്‍ റോയിയെ കാണാന്‍ ആണവര്‍ വന്നത്. അവര്‍ വരുമ്പോള്‍ ട്രെയിന്‍ സമരമായിരുന്നു, അതിനാല്‍ കുറെ ബുദ്ധിമുട്ടി ആണ് എത്തിയത് എന്ന് പറഞ്ഞു. കേരളത്തില്‍ മാത്രമല്ല ഇറ്റലിയിലും സമരങ്ങള്‍ നടക്കാറുണ്ട് എന്നവര്‍ പറഞ്ഞു. പിണറായി ഭക്തയായ ജാസ്മിന്‍ ആണ് റോയിയുടെ ഭാര്യ. അവര്‍ക്കൊരു മോനും. 

അഞ്ചു മണിയായപ്പോള്‍ എല്ലാവരും റോമിലേക്ക് പോകുവാന്‍ തയ്യാറായി ബസ്സില്‍ കയറി. ഹലോജി എല്ലാവരുടെയും ഹാജര്‍ എടുക്കുന്നുണ്ടായിരുന്നു. രാവിലെ എയര്‍പോര്‍ട്ടില്‍ നിന്ന് ഞങ്ങളെ കൊണ്ട് വന്ന ബസ്സല്ല, പുതിയൊരു ബസ്സ്‌. ബസ്സില്‍ കയറാന്‍ നേരത്ത് ഞങ്ങള്‍ അറിയാത്ത നാല് പുതിയ കുടുംബങ്ങള്‍. കാനഡയില്‍ നിന്ന് കൈക്കുഞ്ഞുങ്ങളുമായി ഒരു ഡല്‍ഹി കുടുംബം. ഡോ.ആശിഷും അമ്മയും ഭാര്യയും രണ്ടു കൈക്കുഞ്ഞുങ്ങളും. കാനഡയില്‍ നിന്ന് തന്നെ പട്ടേലും ഭാര്യയും. കുവൈറ്റില്‍ നിന്ന് ഒരു അച്ചായനും കുടുംബവും. കുവൈറ്റില്‍ നിന്ന് തന്നെ മറ്റൊരു ഗുപ്തയും കുടുംബവും. അഞ്ചു മണിയായപ്പോള്‍ ഞങ്ങള്‍ എല്ലാവരും ബസ്സില്‍ കയറി. ജോണ്‍സണ്‍ എന്ന എന്‍റെ സുഹൃത്തിനെയും കുടുംബത്തെയും മാത്രം കാണുന്നില്ല. ഒടുവില്‍ ഹലോജി തന്നെ അവരെ തപ്പിപ്പിടിച്ചു കൂടെ കൊണ്ട് വന്നു. 

ഹലോജി മൈക്കിലൂടെ റോമിനെ കുറിച്ചുള്ള കമന്ററി തുടങ്ങി. ബസ്സില്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ ഇടയ്ക്കിടയ്ക്ക് തന്നു കൊണ്ടിരുന്നു. ഞായറാഴ്ച ആയതിനാല്‍ ഒരു മണിക്കൂര്‍ കൊണ്ട് റോമില്‍ എത്താമെന്നും, വിക്കി പീഡിയയില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ ഈ ഒരു മണിക്കൂറില്‍ ഹലോജി ഞങ്ങള്‍ക്ക് പറഞ്ഞു തന്നു. തസ്കരന്മാര്‍ ധാരാളം ഉള്ള പട്ടണം ആണ് റോം, ഇന്ത്യന്‍ പാസ്സ്പോര്‍ട്ട് മോഷ്ടിക്കുവാന്‍ പ്രത്യേക സംഘം ഉണ്ടെന്നു പറഞ്ഞപ്പോള്‍ തന്നെ പാസ്പോര്‍ട്ട് സൂക്ഷിക്കുന്ന കുടുംബ നാഥമാര്‍ കൂടുതല്‍ ജാഗരൂകരായി. റോമിലെ റോഡുകളിലെ തിരക്കുകളെ കുറിച്ചും റോമില്‍ വലിയ ബസ്സുകള്‍ കടത്തിവിടണമെങ്കില്‍ പ്രത്യേക പാസ് എടുക്കെണ്ടുന്നതിനെ കുറിച്ചും ഗ്രൂപ്പായി വരുന്ന ടൂറിസ്റ്റുകള്‍ക്ക് സിറ്റിക്കകത്ത് ഹോട്ടലുകള്‍ താമസ സൌകര്യം പോലും കൊടുക്കില്ല. ഇതെല്ലാം സിറ്റിയിലെ തിരക്ക് നിയന്ത്രിക്കാന്‍ വേണ്ടി ആണ്. 

ഇപ്പോള്‍ ഞങ്ങള്‍ പുരാതന റോമിലെത്തി. ടൈബര്‍ നദിക്കരയില്‍ സ്ഥിതി ചെയുന്ന ഈ പുരാതനവും മനോഹരവുമായ പട്ടണത്തിനു 2500 ല്‍ അധികം വര്‍ഷത്തെ പഴക്കമുണ്ട്. ഐതീഹങ്ങള്‍ പറയുന്നതു ചെന്നായ വളര്‍ത്തിയ ഇരട്ട സഹോദരങ്ങള്‍ ആയ റോമുളാസ്, റെമുസ് എന്നീ സഹോദരന്മാര്‍ ആണ് റോം സിറ്റി പണിയുവാന്‍ തീരുമാനിച്ചത് എന്നാണ്. മലമുകളില്‍ സിറ്റി പണിയണമെന്ന് റോമുളാസും നദിക്കരയില്‍ പണിയണമെന്നു റെമുസും തീരുമാനമെടുക്കുകയും അവര്‍ തമ്മിലുണ്ടായ വാക്കു തര്‍ക്കം റെമുസിന്റെ മരണത്തില്‍ കലാശിക്കുകയും ചെയ്തു എന്നാണ് വിശ്വാസം. ബി സി 504 ല്‍ തന്നെ റിപ്പപ്ളിക്ക് ആയി അറിയപ്പെട്ടിരുന്ന റോമ സമ്പത്തിലും അധികാരശേക്ഷിയിലും വളരെ മുന്നിലായിരുന്നു. ബി സി 27 ല്‍ ആണ് അഗസ്റ്റസ് സീസറിന്റെ നേത്രുത്വത്തില്‍    റോമാ സാബ്രാജ്യം നിലവില്‍ വരുന്നത്. പ്രഗല്‍ഭന്മാരും വികടന്മാരും വിടന്മാരുമായ അനേകം ചക്രവര്‍ത്തിമാര്‍ ( അഗസ്റ്റസ് സീസര്‍, ജൂലിയസ് സീസര്‍, കലിഗുള, നീറോ, ടൈബീരിയസ് തുടങ്ങിയവര്‍) ഭരിച്ച റോമാ സാബ്രാജ്യം.  ഇതില്‍  ജൂലിയസ് സീസറിനെ അറിയാത്തവര്‍ വിരളമായിരിക്കും, കലിഗുള തികഞ്ഞ സെക്സ് മാനിയാക്കും.  നീറോ  ആകട്ടെ റോമ സാബ്രാജ്യം അഗ്നിക്കിരയാക്കുവാന്‍ കല്‍പ്പന കൊടുത്തിട്ട് നഗരത്തെ അഗ്നി വിഴുങ്ങുന്നത് കണ്ടു വീണ വായിച്ചിരുന്നത് വളരെ പ്രസിദ്ധവുമാണ്. കൂടാതെ ക്രിസ്തു ശിക്ഷ്യന്‍ ആയ പത്രോസിനെ തലകീഴായി കുരിശില്‍ തറച്ചതും നീറോ ആണെന്ന് പറയപ്പെടുന്നു.

ക്രിസ്ത്യാനിറ്റിയുടെ തുടക്കം മുതല്‍ വത്തിക്കാന്‍ രൂപീകൃതമാകുന്നത് വരെ പോപ്പിന്‍റെ വാസസ്ഥലവും റോം ആയിരുന്നു. റോമിന്‍റെ ഭരണത്തില്‍ പോപ്പിന്‍റെ ഇടപെടലുകള്‍ ഉണ്ടാവുക പതിവായിരുന്നു. റോമിന്‍റെ പുനരുദ്ധാരണത്തിനും നഗരം കെട്ടിപ്പോക്കുന്നതിനും അതാതു കാലങ്ങളിലെ പോപ്പുമാരുടെ ഇടപെടലുകളും ഉണ്ടായിട്ടുണ്ട്. 


ആദ്യ ദിനം റോമിലെ വീഥികളിലൂടെ ഒരു പനോരമിക് ടൂര്‍ ആണ് പ്ലാന്‍ ചെയ്തിരുന്നത്. വരുന്ന വഴിയില്‍ മാര്‍ക്കസ് അഗ്രിപ്പ പുരാതന റോമിലെ എല്ലാ ദൈവങ്ങള്‍ക്കും ആയി പണി കഴിപ്പിച്ച പന്തിയോന്‍ എന്ന ക്ഷേത്രം കണ്ടു. അത് പോലെ തന്നെ റോമില്‍ അവശേഷിച്ചിട്ടുള്ള ഹെര്‍ക്കുലീസ് ദേവന്‍റെ ക്ഷേത്രവും ഹലോജി ഞങ്ങള്‍ക്ക് കാണിച്ചു തന്നു. 

വഴിയില്‍ ഞങ്ങള്‍ക്ക് വത്തിക്കാന്‍ സിറ്റി എന്ന ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം ഞങ്ങള്‍ക്ക് ഹലോജി കാണിച്ചു തന്നു. നാളെയാണ് വത്തിക്കാന്‍ സിറ്റി കാണുവാന്‍ പോകുന്നത്. റോമിലൂടെ ഒഴുകുന്ന ടൈബര്‍ നദിയില്‍ 2500 വര്‍ഷത്തിനു മുന്‍പ് പണിത പാലം ഇപ്പോഴും ജനങ്ങള്‍ ഉപയോഗിക്കുന്ന വിവരം ആ പാലം കാണിച്ചു തന്നു കൊണ്ട് ഹലോജി പറഞ്ഞപ്പോള്‍ ഞാന്‍ നമ്മുടെ നാട്ടിലെ പാലങ്ങളുടെ അവസ്ഥ ഓര്‍ത്തുപോയി. 

പുരാതന റോമിന്റെ രാഷ്ട്രീയ-സാമ്പത്തിക സിരാകേന്ദ്രമായിരുന്നു റോമൻ ഫോറം. റോമന്‍ ഫോറം റോമിന്‍റെ പുരാതന ജീവിതത്തിന്‍റെ നാഴികക്കല്ലാണ്. പുരാതന റോമിന്‍റെ അവശിഷ്ടങ്ങള്‍,  റോമാ സാംബ്രാജിത്വത്തിന്റെ തിരുശേഷിപ്പുകള്‍  ഒക്കെ ചേര്‍ന്ന ഈ സ്മാരകം റോമില്‍ എത്തുന്ന സഞ്ചാരികളെ വളരെയധികം ആകര്‍ഷിക്കുന്നുണ്ട്.  പുരാതന റോമിന്‍റെ മറ്റൊരു പ്രധാന സ്മാരകം ആണ് കറക്കല്ല ബാത്ത്. റോമന്‍ ജനതക്ക് പരസ്യമായി കുളിക്കുവാന്‍ വേണ്ടി ഒരുക്കിയ കുളി മാളിക ആണ് കറക്കല്ല ബാത്ത്. 

വയ ഡേല്‍  കോര്‍സൊ  എന്ന പ്രസിദ്ധമായ വീഥിയിലൂടെയായി ഞങ്ങളുടെ യാത്ര. റോമിലെ പൌരാണികമായ പാലസുകള്‍, മനോഹരങ്ങളായ  കെട്ടിടങ്ങള്‍ എല്ലാം ഈ വീഥിയുടെ മാറ്റ് കൂട്ടുന്നു. വത്തിക്കാന്‍ രൂപീകൃതമാകുന്നതിനു മുന്നേ റോമില്‍ പോപ്പുമാര്‍ താമസിച്ചിരുന്നതും ഈ വീഥികളിലെ പാലസുകളില്‍ ആയിരുന്നു. ഏറ്റവും രസകരമായ ഒരു വസ്തുത 2500 വര്‍ഷം മുന്‍പ് ഈ പട്ടണം പണിയുമ്പോള്‍ പണിത റോഡുകളില്‍ വാഹനങ്ങള്‍ക്ക് പോകുവാന്‍ തക്ക വലിപ്പമില്ല. മോട്ടോര്‍ വാഹനങ്ങള്‍ കണ്ടു പിടിക്കപ്പെടും എന്ന ഒരു വീക്ഷണം ഇല്ലാതിരുന്നതിനാല്‍ ആകും തെരുവുകള്‍ വളരെ ഇടുങ്ങിയവ ആണ്. 

അവിടെ നിന്ന് ഞങ്ങള്‍ പോയത് ഇറ്റാലിയന്‍ പ്രസിഡന്റിന്‍റെ കൊട്ടാരം സ്ഥിതി ചെയുന്ന വഴിയിലൂടെ ആണ്. അതിനു തൊട്ടടുത്താണ് ഇന്ത്യന്‍ എംബസ്സി. വീണ്ടും ഞങ്ങള്‍ റോമന്‍ ഫോറത്തിന്‍റെ അരികില്‍ എത്തി. അവിടെ ഞങ്ങളെ ബസ്സില്‍ നിന്ന് ഇറക്കി വിട്ടു. തുടര്‍ന്ന് കാല്‍ നട  ആയി ഞങ്ങള്‍ കൊളോസ്സിയത്തിലെക്ക് പോയി. വളരെ ദൂരെ നിന്ന് തന്നെ ഞങ്ങള്‍  ആ അത്ഭുത കെട്ടിടം കണ്ടു. ഒരു കാലത്ത് മാര്‍ബിളില്‍ തീര്‍ത്ത ആ ആംഫിതീയേറ്റർ,  ഇന്ന് ഒരൊറ്റ മാര്‍ബിള്‍ കല്ലുകള്‍ പോലും ഇല്ലാതെ ഗതകാല സ്മരണകള്‍ അയവിറക്കി നില്‍ക്കുകയായിരുന്നു എങ്കില്‍ കൂടി ആ അന്തി വെയിലില്‍ അതൊരു മനോഹര കാഴ്ച ആയിരുന്നു. അഗ്നി ബാധയും ഭൂമി കുലുക്കവും മൂലം ഉണ്ടായ കേടുപാടുകള്‍, മാത്രമല്ല മാര്‍ബിളും കല്ലുകളും മോഷ്ടിക്കപ്പെടുകയും,   ചെയ്തിട്ടുംഇന്നും കൊളോസ്സിയം വലിയൊരു അത്ഭുതമായി നില കൊള്ളുന്നു. 

നീറോയുടെ കിരാത ഭരണത്തിനു ശേക്ഷം അധികാരത്തില്‍ വന്ന വെസ്പാവിയസ്, യുദ്ധ വിജയങ്ങള്‍ ആഘോഷിക്കുവാനും ഗ്ളാഡിയേറ്റർ ഫൈറ്റുകള്‍ നടത്താനും ജനങ്ങളെ രസിപ്പിക്കുവാന്‍ വേണ്ടിയുള്ള പോരാട്ട മത്സരങ്ങള്‍, നാടകങ്ങള്‍, മൃഗങ്ങളും ആയുള്ള പോരാട്ടങ്ങള്‍, പൊതു ശിക്ഷകള്‍ നടത്തുവാനും വേണ്ടി ആണ് ഈ ആംഫി തിയറ്റര്‍ സ്ഥാപിച്ചത്. ആദിമ കാലത്ത് ക്രിസ്തു മതം സ്വീകരിച്ചവരെ വന്യ മൃഗങ്ങള്‍ക്ക് ഇട്ടു കൊടുത്തതും അതിലൂടെ അനേകര്‍ രക്ത സാക്ഷിത്വം വരിച്ചതും ഈ കൊളോസിയത്തില്‍ ആണ്. 

എ ഡി 70 ല്‍ വെസ്പാവിയസ്  ചക്രവര്‍ത്തിയുടെ കാലത്ത് തുടങ്ങിയ കൊളോസിയത്തിന്റെ പണി അദേഹത്തിന്റെ പിന്‍ഗാമി ആയ ടൈറ്റസ്  എ ഡി  80 ല്‍ ആണ് പൂര്‍ത്തിയാക്കിയത്. വെസ്പാവിയസ്, ടൈറ്റസ് തുടങ്ങിയവരുടെ കുടുംബ പേരായ ഫ്ലാവിയന്‍ എന്ന പേരിട്ട ആംഫിതീയേറ്റർ, പക്ഷെ അറിയപ്പെട്ടത് അതിനടുത്തു സ്ഥാപിച്ചിരുന്ന നീറോയുടെ കൊളോസസ് എന്നറിയപ്പെട്ട  ചെമ്പ് പ്രതിമയുടെ പേരില്‍ ആണെന്ന് മാത്രം. കൊളോസസ് എന്ന നീറോയുടെ പ്രതിമ നശിപ്പിക്കപ്പെട്ടു എങ്കില്‍ കൂടി കൊളോസിയം എന്ന പേരില്‍ ഈ ലോകാത്ഭുതം ശ്രദ്ധ നേടി. 50,000 മുതല്‍ 80,000 വരെ പേര്‍ക്കിരിക്കാവുന്ന ഈ ആംഫിതീയേറ്റർ റോമന്‍ സാങ്കേതിക വിദ്യയുടെയും വാസ്തു ശില്‍പ വിദ്യയുടെയും ഉത്തമ ഉദാഹരണം ആണ്. റോമില്‍ തന്നെ, റോം ഒളിമ്പിക്സിന് വേണ്ടി നിര്‍മ്മിച്ച ഒരു ലക്ഷം പേര്‍ക്കിരിക്കാവുന്ന ഒളിമ്പിക്സ് സ്റ്റേഡിയത്തില്‍ എല്ലാവര്ക്കും അകത്തു പ്രവേശിക്കുവാന്‍ കുറഞ്ഞത്‌ ഒരു മണിക്കൂര്‍ വേണമെന്നിരിക്കെ, കേവലം 18 മിനിറ്റ് കൊണ്ട് കൊളോസിയം നിറയ്ക്കുവാന്‍ സാധിക്കുമായിരുന്നു. 

കൊളോസിയത്തിന്‍റെ മുകള്‍ ഭാഗത്തുള്ള റോഡിന്‍റെ പിന്‍വശത്തുള്ള  പുല്‍ത്തകിടിയില്‍ ഞങ്ങള്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തു. ഇതിനിടയില്‍ ഹലോജി ഞങ്ങളെ സമാധാനിപ്പിച്ചു. നാളെ ഞങ്ങളെ കൊളോസിയത്തില്‍ കൊണ്ട് പോകാം, ഇപ്പോള്‍ രാത്രി ഭക്ഷണത്തിനുള്ള സമയമാണ്. ഞങ്ങള്‍ കാല്‍നടയായി തിരക്കേറിയ റോമന്‍ വീഥിയിലൂടെ തിരികെ  നടന്നു. വഴിയരികില്‍ ജെര്‍മനിയുടെയും അര്‍ജെന്റീനയുടെയും മെസ്സിയുടെയും ജേര്‍സി അണിഞ്ഞു മുഖം മുഴുവന്‍ ഈ രാജ്യങ്ങളുടെ പതാകയുടെ ചായവും പുരട്ടി യുവതികളും യുവാക്കളും ചെറിയ പിസ്സേറിയകളില്‍ ടെലിവിഷന് മുന്നില്‍ കുത്തിയിരിക്കുന്നു.  അതെ, ലോക കപ്പ്‌ ഫൈനല്‍ മത്സരം കാണുവാന്‍ ആണിവര്‍ ഒത്തു കൂടിയിരിക്കുന്നത്. ഇറ്റലിക്കാരേക്കാള്‍ സന്ദര്‍ശകരാണ്‌ കൂടുതല്‍ ഈ നഗരത്തില്‍. ഇറ്റലിക്കാര്‍ക്ക് ഇഷ്ടം അര്‍ജെന്റീനയോടാണ് എന്ന് ഞങ്ങള്‍ ഇതിനിടയില്‍ സംസാരിച്ച ഇറ്റലിക്കാരില്‍ നിന്നും മനസിലാക്കി. എന്തായാലും കളി തുടങ്ങുന്നതിനു മുന്‍പ് തന്നെ ഹോട്ടലില്‍ എത്തണം. ഞങ്ങള്‍ നടന്നു മദര്‍ ഇന്ത്യ എന്ന ഇന്ത്യന്‍ ഭക്ഷണ ശാലയിലെത്തി.

മദര്‍ ഇന്ത്യ എന്ന ചെറിയ ബോര്‍ഡു കണ്ടു, ഇതേതോ ചെറിയ ഭക്ഷണ ശാല ആണ് എന്ന് കരുതി അകത്തു കയറിയപ്പോള്‍ പല മുറികളിലായി അനേകം പേര്‍ക്കിരിക്കാവുന്ന വലിയ ഭക്ഷണ ശാല ആണിതെന്നു മനസിലായി. പ്രഭാത ഭക്ഷണവും ഉച്ച ഭക്ഷണവും പിസ്സയും ഇറ്റാലിയന്‍ ഭക്ഷണവും ആയിരുന്നതിനാലാകണം, ചോറും വടക്കേ ഇന്ത്യന്‍ കറികളും കൂട്ടിയുള്ള ഭക്ഷണം കണ്ടപ്പോള്‍ ഒരു ആക്രാന്തം ആയിരുന്നു ഞങ്ങള്‍ക്ക്. കുട്ടികളും മുതിര്‍ന്നവരും അടക്കം എല്ലാവരും മത്സരിച്ചു ചിക്കന്‍ കറിയും ദാല്‍ കറിയും പൊട്ടറ്റോ കറികളും ഒക്കെ അകത്താക്കി. നല്ല എരിവുള്ള ഭക്ഷണം. ഞങ്ങള്‍ തിരികെ നടന്നു ബസ്സില്‍ കയറി. ബസ്സില്‍ കുട്ടികളും മുതിര്‍ന്നവരും ജെര്‍മനിക്കും അര്‍ജെന്റീനക്കും വേണ്ടി ചേരി തിരിഞ്ഞുള്ള ഗ്വാഗ്വ വിളികള്‍ ഇതിനിടയില്‍ തുടങ്ങി കഴിഞ്ഞിരുന്നു. 

ബസ് ഹോട്ടലില്‍ എത്തിയപ്പോഴേക്ക് ജെര്‍മനി - അര്‍ജെന്റീന മത്സരം ഇരുപതു മിനിറ്റ് പിന്നിട്ടിരുന്നു. ഞങ്ങള്‍ക്കൊപ്പം വലിയ ഒരു സംഘം ചൈന ടൂറിസ്റ്റുകളും മത്സരം കാണുവാന്‍ ലോബിയില്‍ ഒത്തു കൂടി. രണ്ടു ടീമുകള്‍ക്കും പിന്തുണക്കുവാന്‍ ഇന്ത്യക്കാരും ചൈനക്കാരും. കൂട്ടത്തില്‍ ഞാങ്ങളുടെ  കൂടെയുണ്ടായിരുന്ന രാജേഷിന്റെയും ഹേമയുടെയും മകന്‍ ജെര്‍മനിയുടെ ഒരു അസാധ്യ ഫാന്‍ ആണെന്ന് തെളിയിച്ചു കൊണ്ടിരുന്നു. 
                                                                                               

Thursday 28 August 2014

മാര്‍ഷല്‍ ടിറ്റോയുടെ നാട്ടില്‍

ഫെബ്രുവരി അവസാനം സെര്‍ബിയയില്‍  പോകുവാന്‍ ഞാന്‍ ടിക്കറ്റ് ബുക്ക് ചെയ്തു. ആദ്യം എന്നോട് ഒറ്റയ്ക്ക് പോകുവാന്‍ ആണ് ആവശ്യപ്പെട്ടത് എന്നിരുന്നാലും ഞാന്‍ ഒറ്റയ്ക്ക് പോയത് കൊണ്ട് ശരിയായ ഗുണം ചെയ്യില്ല എന്ന കാര്യം മാനേജ്മെന്റിനെ ബോദ്ധ്യപ്പെടുത്തിയപ്പോള്‍ ഞാന്‍ ആവശ്യപ്പെട്ട പ്രകാരം ഞങ്ങളുടെ ഫാം മാനജര്‍ ആയ എമിലിനെ കൂടി എന്നോടൊപ്പം യാത്രയ്ക്ക് അനുവദിച്ചു.  

പക്ഷെ   ഫെബ്രുവരി, അഞ്ചു, ആറു, ഏഴു എന്നീ ദിവസങ്ങളില്‍ ബെര്‍ലിനില്‍  ഫ്രൂട്ട് ലോജിസ്റ്റിക്ക പ്രദര്‍ശനം നടക്കുന്നു. .   കമ്പനിയില്‍ നിന്ന് ഞങ്ങള്‍ അഞ്ചു പേര്‍ പ്രദര്‍ശനം കാണാന്‍ എത്തി. മുപ്പത്തി അഞ്ചോളം ഹാളുകളില്‍ നടക്കുന്ന പ്രദര്‍ശനം ആയതിനാല്‍ ഞങ്ങള്‍ ഓരോരുത്തരും പ്രത്യേകം പ്രത്യേകം ആയിരുന്നു സ്റ്റാളുകള്‍ ചുറ്റിയടിച്ചത്. എന്തെങ്കിലും പൊതുവായ താല്പര്യം ഉള്ള സ്റ്റാളുകളില്‍ ഞങ്ങള്‍ ഒന്നിച്ചു കണ്ടു മുട്ടുകയും ചെയ്തിരുന്നു. സായിദ് ഒഴികെ മറ്റെല്ലാവരും തിരികെ അബുദാബിയിലേക്ക് തിരികെ പോരുന്നു.  സായിദ് പ്രദര്‍ശനം കഴിയുന്ന അന്ന് തന്നെ രാത്രി സെര്‍ബിയയിലേക്ക് പോകും.  പൊതുവേ ഞാനും എമിലും സായിദും ഒന്നിച്ചാണ് പല മീറ്റിങ്ങുകളിലും പങ്കെടുത്തത്. തിരികെ ഹോട്ടലില്‍ വരുമ്പോഴും ഞങ്ങള്‍ ഒന്നിച്ചായിരിക്കും.  ബെര്‍ലിനിലെ രാത്രി കൌതുകങ്ങള്‍ ആസ്വദിക്കാനും  ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ഫാദിയെയും മൈക്കിളിനെയും  ഒഴിവാക്കിയാണ് ഞങ്ങള്‍ പൊയ്ക്കൊണ്ടിരുന്നത്. ആറാം തിയതി രാത്രിയില്‍ ആണ് സായിദ് പെട്ടെന്ന് തീരുമാനം മാറ്റിയത്. ഞാനും എമിലും പുള്ളിയോടൊപ്പം സെര്ബിയയിലെക്ക് പോകുന്നു. രാത്രി തന്നെ സായിദ്, സെക്രെട്ടറിക്ക് മെസേജ് അയക്കുകയും, അതി രാവിലെ തന്നെ ഞങ്ങളുടെ ടിക്കറ്റ് കണ്‍ഫേം ചെയ്തു കൊണ്ടുള്ള അറിയിപ്പ് വരികയും ചെയ്തു. ഞങ്ങള്‍ ഉടന്‍ തന്നെ സായിദ് ബുക്ക് ചെയ്ത ബെല്‍ഗ്രേഡിലെ ഹോട്ടലില്‍ റിസര്‍വേഷന്‍ ഉറപ്പാക്കുകയും ചെയ്തു. 


ഏഴാം തിയതി രാവിലെ തന്നെ പെട്ടിയൊക്കെ പായ്ക്ക് ചെയ്തു. വൈകിട്ട് ആറു മണിയോടെ എക്സിബിഷനില്‍ നിന്നും ഹോട്ടലില്‍ എത്തി ചെക്ക് ഔട്ട്‌ ചെയ്തു, നേരെ ബെര്‍ലിന്‍ എയര്‍ പോര്‍ട്ടില്‍. സെര്‍ബിയ ബെര്‍ലിന് അടുത്താണ് ഉള്ളതെങ്കിലും രാവിലെ മാത്രം ഒരു ഫ്ലൈറ്റ് ബെര്‍ലിനും സെര്ബിയക്കും  ഇടയില്‍ ഉള്ളൂ... അതിനാല്‍ ഞങ്ങള്‍ ഒന്‍പതു മണിയോടെ ബെര്‍ലിനില്‍ നിന്നും ഫ്രാങ്ക് ഫര്‍ട്ടിലേക്കുള്ള വിമാനത്തില്‍ ഫ്രാങ്ക് ഫര്‍ട്ടില്‍ എത്തുകയും അവിടെ നിന്ന് 11.30 നുള്ള ബെല്‍ ഗ്രേഡ് ഫ്ലൈറ്റില്‍ ബെല്‍ഗ്രേഡിലേക്ക് പോവുകയും ചെയ്തു. 

പൊതുവേ ജര്‍മനിയിലെ ജനങ്ങള്‍ നല്ലവര്‍ ആണ്, വളരെ മാന്യമായി പെരുമാറുന്നവര്‍. പക്ഷെ ബെര്‍ലിന്‍ എയര്‍പോര്‍ട്ടില്‍ ഒരു ജര്‍മ്മന്‍ കാരി എനിക്ക് മുന്നേ ഹാന്‍ഡ് ലഗേജ് സ്കാന്‍ ചെയ്യാന്‍ നിന്ന എമിലിനോട് ആവശ്യമില്ലാതെ കയര്‍ക്കുന്നത് കണ്ടു. എമില്‍ ഒന്നും മിണ്ടുന്നില്ല.  തുടര്‍ന്ന് എന്‍റെ ഊഴം ആയിരുന്നു, ഞാന്‍ ആദ്യം എന്‍റെ ഹാന്‍ഡ് ലഗേജ് സ്ക്രീന്‍  ചെയ്യാന്‍ വിട്ടപ്പോള്‍, ആ സ്ത്രീ എന്നോടും കയര്‍ത്തു. ആദ്യം പാസ്പോര്‍ട്ടും ബോര്‍ഡിംഗ് കാര്‍ഡും കാണിച്ചിട്ട് വേണം പോലും ലഗേജ് സ്കാന്‍ ചെയ്യാന്‍ പോലും. എന്തായാലും ഞാന്‍ അവരോടു ചൂടായി. എന്തു കൊണ്ട് ഇക്കാര്യം അറിയിക്കുന്ന ഒരു ബോര്‍ഡ് വച്ചില്ല, അല്ലെങ്കില്‍ ഇന്‍ഫോം  ചെയ്തില്ല എന്ന  എന്‍റെ ചോദ്യം അവരെ ഉത്തരം മുട്ടിച്ചു... എന്തായാലും എനിക്ക് പിന്നില്‍ നിന്നവര്‍ അടക്കം എല്ലാവരും എനിക്ക് പിന്തുണ നല്‍കി, ആ സ്ത്രീ പെട്ടെന്ന് മര്യാദക്കാരിയായി. ചെക്കിന്‍ കഴിഞ്ഞു ഞങ്ങള്‍ ലോഞ്ചില്‍ പോയിരുന്നു കോണിയാക്ക് രുചിച്ചു കൊണ്ടിരുന്നപ്പോഴേക്കും ബോര്‍ഡിംഗ് അറിയിപ്പ് കിട്ടി. .  

അര മണിക്കൂര്‍ താമസിച്ചാണ് വിമാനം ഫ്രാങ്ക് ഫര്‍ട്ടില്‍ ലാന്‍ഡ് ചെയ്തത്. അവിടെ നിന്ന് വീണ്ടും ലുഫ്താന്‍സ വിമാനത്തില്‍ ബെല്‍ ഗ്രേഡിലേക്ക്, അര മണിക്കൂര്‍ താമസിച്ചതിനാല്‍, വളരെ വേഗത്തില്‍ തന്നെ ഞങ്ങള്‍ ചെക്കിന്‍ ചെയ്തു. എന്തായാലും ഒരു മണി ആയപ്പോള്‍ ഞങ്ങളുടെ  വിമാനം ബെല്‍ഗ്രേഡിലെ നിക്കോളോ  ടെസ്ല   അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പറന്നിറങ്ങി. 

1856 ല്‍  ജനിച്ച പില്‍ക്കാലത്ത് അമേരിക്കന്‍ സിറ്റിസന്‍ ആയ സെര്‍ബിയക്കാരനായ   നിക്കോളാസ് ടെസ്ല എന്ന ശാസ്ത്രഞ്ജന്‍റെ പേരാണ് വിമാനത്താവളത്തിനു നല്‍കിയിരിക്കുന്നത്.  ആള്‍ട്ടര്‍നേറ്റീവ് വൈദ്യതി സപ്ലൈ സിസ്റ്റം തോമസ്‌ ആല്‍വ എഡിസനോടൊപ്പം വികസിപ്പിച്ച ശാസ്ത്രഞ്ജന്‍ ആണ് നിക്കോളാസ് ടെസ്ല. ടെസ്ലയുടെ ചിത്രമാണ് സെര്‍ബിയന്‍ ദിനാര്‍ എന്ന അവരുടെ കറന്‍സിയിലും ആലേഖനം ചെയ്തിരിക്കുന്നത്.

തെക്കന്‍ യൂറോപ്പിലെ ഏറ്റവും വലിയ സിറ്റികളില്‍ ഒന്നും ഏറ്റവും പുരാതനവും ആയ നഗരവും  ആണ് ബെല്‍ ഗ്രേഡ്. ഡാന്യുബ് നദിയും സാവ നദിയും ഒന്ന് ചേരുന്ന പ്രദേശം ആണ് സെര്‍ബിയക്കാര്‍ ബിയോ ഗാര്‍ഡ് എന്ന് വിളിക്കുന്ന ബെല്‍ഗ്രേഡ് പട്ടണം. ക്രിസ്തുവിനു മുന്‍പ് അയ്യായിരം വര്‍ഷത്തെ പാരമ്പര്യം അവകാശപ്പെടുന്ന സെര്‍ബിയ അനേകം കുടിയേറ്റങ്ങളുടെയും പ്രതികാരത്തിന്റെയും പിടിച്ചടക്കലുകളുടെയും ആകെത്തുകയാണ്. 

 ഒരു കാലത്ത് യുഗോസ്ലാവ്യ എന്ന പേരും മാര്‍ഷല്‍ ടിറ്റോ എന്ന് അറിയപ്പെട്ടിരുന്ന ഭാരണാധികാരിയെയും അറിയാത്ത ഇന്ത്യക്കാര്‍ കുറയും.  ഇന്ത്യന്‍ പ്രധാനമന്ത്രി ആയിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു, ഈജിപ്ഷ്യന്‍ പ്രസിഡന്റ്‌ ആയിരുന്ന ഗമാല്‍ അബ്ദുല്‍ നാസര്‍, യുഗോസ്ലാവ്യന്‍ പ്രസിഡന്റ്‌ ആയിരുന്ന മാര്‍ഷല്‍ ജോസെഫ് ടിറ്റോ, ഇന്തോനേഷ്യയുടെ ആദ്യ പ്രസിഡന്റ്‌ സുക്കാര്‍ണോ, ഘാനയുടെ ക്വാമെ നികുറ എന്നിവര്‍ ചേര്‍ന്ന് ബെല്‍ഗ്രേഡില്‍ വച്ച് രൂപം കൊടുത്ത ചേരി ചേരാ പ്രസ്ഥാനം വന്‍ ശക്തികള്‍ക്ക് എന്നും തലവേദന ആയിരുന്നു. ഇന്ത്യയും ഈജിപ്റ്റും യുഗോസ്ലാവ്യയും ആയിരുന്നു ചേരി ചേരാ പ്രസ്ഥാനത്തിന്‍റെ അമരക്കാര്‍. അതിനാല്‍ അമേരിക്കന്‍ പാശ്ചാത്യ ശക്തികളുടെ  കണ്ണിലെ കരടായി നില കൊണ്ട പ്രസ്ഥാനം ആയിരുന്നു ചേരി ചേരാ പ്രസ്ഥാനം. ചേരി ചേരാ പ്രസ്ഥാനത്തെ കുറിച്ച് പഠിച്ചപ്പോള്‍ ആണ് മാര്‍ഷല്‍ ടിറ്റോയും യുഗോസ്ലാവ്യയും മനസില്‍ നിറഞ്ഞു നിന്നത്. സെര്ബിയിലെക്കുള്ള യാത്രയെ കുറിച്ചോര്‍ത്തപ്പോള്‍ തന്നെ മാര്‍ഷല്‍ ടിറ്റോയുടെ ഗാംഭീര്യം തുളുമ്പുന മുഖഭാവങ്ങള്‍ ആണ് മനസിലേക്ക് ഓടി വന്നത്. 

ണ്ടാം ലോകമഹായുദ്ധത്തിന്‍റെ അന്ത്യം മുതല്‍ 1980 വരെ യൂഗോസ്ളോവിയയുടെ ഭരണാധികാരിയായിരുന്ന മാര്‍ഷല്‍ ജോസിഫ് ബോര്‍സ് ടിറ്റോ .രാജ്യയത്തിന്‍റെ അഭിവൃദ്ധിക്ക് വേണ്ടി അദ്ദേഹം പോരാടി. ടിറ്റോയുടെ നേതൃത്വത്തില്‍ യൂഗോസ്ളോവിയ ചേരിചേരാ പ്രസ്ഥാനത്തിന്‍റെ സ്ഥാപക രാജ്യങ്ങളിലൊന്നായി . നെഹ്രുവും ടിറ്റോവും ഈജിപ്തിലെ നാസറുമായിരുന്നു ചേരിചേരാ പ്രസ്ഥാനത്തിന്‍റെ ത്രിമൂര്‍ത്തികള്‍  ചേരിചേരാപ്രസ്ഥാനത്തിന്‍റെ വക്താവ് എന്ന നിലയില്‍ നെഹ്രുവുമായും ഇന്ത്യയുമായും മാര്‍ഷല്‍ ടിറ്റോവിനു അടുത്ത ബന്ധമുണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലൂടെ വരെ യൂഗോസ്ളോവിയയെ നോക്കിക്കണ്ട ധീരനായ നേതാവായിരുന്നു ടിറ്റോ. 1948 ല്‍ സ്റ്റാലിന്‍റെ നേതൃത്വത്തെ എതിര്‍ത്ത ആദ്യ കമ്മ്യൂണിസ്റ്റ് നേതാവാണ്. മാര്‍ഷല്‍ ടിറ്റോയുടെ മരണദിനം കേരളത്തില്‍ പൊതു അവധി ആയിരുന്നു എന്നതിനാല്‍ തന്നെ മലയാളികള്‍ക്ക് മാര്‍ഷല്‍ ടിറ്റോ വളരെയധികം സ്നേഹാദരവുകള്‍ ഉണ്ടായിരുന്ന നേതാവായിരുന്നു. 

വിമാനം ഇറങ്ങിയപ്പോള്‍ ആണ്, കയ്യിലുള്ള യൂറോ ഇവിടെ ചിലവാകില്ല, സെര്‍ബിയയുടെ കറന്‍സി സെര്‍ബിയന്‍ ദിനാര്‍ ആണ്, അതിനാല്‍ കറന്‍സി മാറ്റുന്ന മെഷീനില്‍ നൂറു യൂറോ മാറ്റിയെടുത്തു. കൈ നിറയെ നോട്ടുകള്‍ കിട്ടി. ഒരു യൂറോ എന്നത് ഏകദേശം 115 സെര്‍ബിയന്‍ ദിനാര്‍. ഇമിഗ്രേഷന്‍ ചെക്കിംഗ് കഴിഞ്ഞ ശേക്ഷം ഞങ്ങള്‍ ടാക്സിയില്‍ ഹോട്ടലിലേക്ക് പോയി. നഗര മദ്ധ്യത്തില്‍ എയര്‍ പോര്‍ട്ടില്‍ നിന്നും പതിനഞ്ചു കിലോമീറ്റെര്‍ അകലെയുള്ള ഫാല്‍ക്കന്‍സ്റ്റെയിനാര്‍ എന്ന ഹോട്ടലില്‍ ആണ് ഞങ്ങള്‍  താമസിച്ചത്. രാത്രി   രണ്ടു മണി ആയപ്പോള്‍ ആണ് ഞങ്ങള്‍  ഹോട്ടലില്‍ എത്തുന്നത്. 

1945 ല്‍ രണ്ടാം ലോക മഹാ യുദ്ധത്തിനു ശേക്ഷം മാസിഡോണിയ, ക്രോയേഷ്യ, സെര്‍ബിയ, മോണ്ടിനെഗ്രോ, ബോസ്നിയ ഹെര്സ്ഗോവിന, സ്ലോവനിയ  എന്നീ സോഷ്യലിസ്റ്റ്‌  റിപ്പപ്ലിക്കുകള്‍ ചേര്‍ന്ന്  രൂപം കൊണ്ട യുഗോസ്ലാവ്യ എന്ന രാജ്യം  1992 ല്‍ യുഗോസ്ലാവ്യന്‍ യുദ്ധത്തിനു ശേക്ഷം വീണ്ടും  ആറു കഷണങ്ങള്‍ ആയി രൂപപ്പെട്ടു.  കൊസൊവ, വോജ്വോദിന എന്നീ രണ്ടു സ്വയം ഭരണ പ്രദേശങ്ങള്‍ കൂടി യുഗോസ്ലാവിയയോട് കൂട്ടി ചേര്‍ക്കപ്പെട്ടു എങ്കില്‍ കൂടി ഇപ്പോള്‍ കൊസൊവ സ്വതന്ത്ര രാജ്യം ആയി മാറുവാനുള്ള ശ്രമത്തില്‍ സെര്‍ബിയയില്‍ നിന്നും വേര്‍പെട്ടു സ്വയം ഭരണം നടത്തുകയാണ്. സെര്‍ബിയയിലെ ജനങ്ങളും ആയി പഴയ യുഗോസ്ലാവ്യ, മാര്‍ഷല്‍ ടിറ്റോ എന്നിവരെ കുറിച്ചൊക്കെ സംസാരിച്ചപ്പോള്‍ അവരും ഇന്ത്യ, ജവഹര്‍ലാല്‍ നെഹ്‌റു , വി കെ കൃഷ്ണമേനോന്‍ എന്നിവരെ കുറിച്ചൊക്കെ വാചാലരായി. ചേരി ചേരാ പ്രസ്ഥാനത്തിനു നേതൃത്വം കൊടുത്തതിനാല്‍ ആണ് വിദേശ ശക്തികള്‍ യുഗോസ്ലാവ്യന്‍ യുദ്ധത്തിലൂടെ യുഗോസ്ലാവ്യയെ കീറി മുറിച്ചത് എന്നാണ് നാട്ടുകാരുടെ ഭാഷ്യം. മാര്‍ഷല്‍ ടിറ്റോയുടെ കാലത്ത് യുഗോസ്ലാവ്യ വലിയ് സാമ്പത്തീക ശക്തി ആയിരുന്നു എന്നാണ് സെര്‍ബിയക്കാര്‍ പറയുന്നത്. ഇന്നാകട്ടെ കൊടിയ സാമ്പത്തീക വിഷമതയില്‍ ജനങ്ങള്‍ പൊറുതി മുട്ടുകയാണ്. എത്ര സാമ്പത്തീക ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും സെര്‍ബിയക്കാര്‍ തങ്ങളുടെ പാരമ്പര്യത്തില്‍ ഏറെ അഭിമാനിക്കുന്നവര്‍ ആണ്, ജീവിത ശൈലി യൂറോപ്പിനോട് കിട പിടിക്കുന്നതും ആണ്. ഇപ്പോള്‍ സെര്‍ബിയ തങ്ങളുടെ റഷ്യന്‍ പിന്തുണയില്‍ നിന്ന്യൂ വഴുതി മാറി യൂറോപ്പും ആയി അടുക്കുകയാണ്. യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം ലഭിക്കുവാന്‍ ഇനി ഏതാനും കടമ്പകള്‍ മാത്രം. 

എമില്‍, ഒരു കാസിനോ ഭ്രാന്തന്‍ ആണ്. ഞാന്‍ കാസിനോ എന്ന ബോര്‍ഡ് കണ്ടിട്ടുള്ളത്  അല്ലാതെ ഇത് വരെ അകത്തു കയറിയിട്ടില്ല. വിമാനത്തില്‍ അടുത്തടുത്ത സീറ്റുകളില്‍ ഇരുന്നപ്പോള്‍ തന്നെ, കാസിനോയില്‍ പോകുന്ന കാര്യത്തില്‍ എന്നോട് ശട്ടം കെട്ടിയിരുന്നു. സായിദ്, രാവിലെ എട്ടു മണി ആകുമ്പോള്‍ ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞു ലോബിയില്‍ കാണണം എന്ന് പറഞ്ഞിട്ടാണ് ഉറങ്ങാന്‍ പോയത്. ഞങ്ങള്‍  റൂമില്‍ പോയി ലഗേജ് വച്ച് ഉടന്‍ തിരികെ വന്നു അടുത്തുള്ള കാസിനോയെ കുറിച്ചാണ് അന്വേഷിച്ചത്. വളരെ അടുത്തുള്ള പ്രസിദ്ധമായ കാസിനോയെ കുറിച്ച് റിസ്പ്ഷനിലുള്ള സുന്ദരി വാചാലയാകുകയും ഞങ്ങള്‍ക്ക് വേണ്ടി  ടാക്സി അറേഞ്ച് ചെയുകയും ചെയ്തു. എമില്‍ ഹോട്ടലില്‍ ഉള്ള വെണ്ടിംഗ് മെഷീനില്‍ വീണ്ടും യൂറോ മാറ്റി സെര്‍ബിയന്‍ ദിനാര്‍ എടുത്തിരുന്നു ഇതിനകം. 

ബെല്‍ഗ്രേഡിലെ ഏറ്റവും വലിയ കാസിനോ ആയ ഗ്രാന്‍ഡ്‌ കാസിനോ ബിയോഗ്രാഡ്  എന്ന വലിയ കാസിനോയുടെ മുന്നില്‍ ഞങ്ങള്‍ ടാക്സിയിറങ്ങി. വലിയ സെക്യുരിറ്റിയുള്ള വലിയ ഒരു കെട്ടിടത്തിലേക്ക് ഞങ്ങള്‍ ആനയിക്കപ്പെട്ടു. മെറ്റല്‍ ഡിക്റ്ററ്റര്‍ കടന്നു എയര്‍ പോര്ട്ടിലെതിനു സമാനമായ സെക്യൂരിറ്റി കടന്നു അകത്തു ചെന്നപ്പോള്‍ റിസപ്ഷന്‍ ഡെസ്കില്‍ ഞങ്ങളുടെ പാസ്പോര്‍ട്ട് കാണിച്ചു. അവര്‍ അത് മേടിച്ചു നോക്കിയതിനു ശേക്ഷം ഞങ്ങള്‍ക്ക് അകത്തു കടക്കുവാനുള്ള എന്‍ട്രി പാസ് നല്‍കി. അതുമായി വീണ്ടും സെക്യൂരിറ്റി കടമ്പ കടന്നു അകത്തു ചെന്നപ്പോള്‍ കാഷ്യര്‍ ഞങ്ങളെ സ്വാഗതം ചെയ്തു കൊണ്ട് ഞങ്ങളുടെ കയ്യില്‍ നിന്ന് പണം വാങ്ങി കാര്‍ഡിലേക്ക്‌ ട്രാന്‍സ്ഫര്‍ ചെയ്തു, ആ കാര്‍ഡ്‌ ഞങ്ങളെ തിരികെ ഏല്‍പ്പിച്ചു. കൂടെ രണ്ടു ഡ്രിങ്ക്സ് ഫ്രീ ആയി കഴിക്കാനുള്ള കൂപ്പണും. 

ഞാന്‍ ആദ്യമായിട്ടാണ് ഒരു കാസിനോയില്‍ എത്തിപ്പെടുന്നത്. ആയിരം സെര്‍ബിയന്‍ ദിനാര്‍ മാത്രമേ ഞാന്‍ എന്‍റെ കാര്‍ഡില്‍ ചാര്‍ജ് ചെയ്തിട്ടുള്ളൂ. എമില്‍ ആകട്ടെ, 20000 സെര്‍ബിയന്‍ ദിനാര്‍ ആണ് ആദ്യമേ തന്നെ ചാര്‍ജ് ചെയ്തിരിക്കുന്നത്. കുറച്ചു നേരം എമില്‍ തന്‍റെ കാര്‍ഡ് സ്ലോട്ട് മെഷീനില്‍ ഇട്ടു കളി തുടര്‍ന്ന്. ഞാന്‍ അത് കണ്ടു പഠിക്കുകയായിരുന്നു. അപ്പോഴേക്കും ഒരു സെര്‍ബിയന്‍ സുന്ദരി ഡ്രിങ്ക്സും ആയി വന്നു. അവളോട്‌ സെര്‍ബിയയിലെ ജീവിത രീതികള്‍ ചോദിച്ചറിഞ്ഞു. ചെറുപ്പക്കാരിയായ  അവരും മാര്‍ഷല്‍ ടിറ്റോയുടെ അപദാനങ്ങള്‍ വാഴ്ത്തുക ആയിരുന്നു. സെര്‍ബിയന്‍ ഭാഷ മാത്രം പഠിച്ചിരുന്നവര്‍ ഇപ്പോള്‍ ഇംഗ്ലീഷ് പരിജ്ഞാനത്തിനായി മുന്നിട്ടിറങ്ങുകയാണ്. കൃഷി ആണ് ജനങ്ങളുടെ പ്രധാന വരുമാന മാര്‍ഗം.  ലോക മഹായുദ്ധങ്ങള്‍ തുടങ്ങി ഇരുപതാം നൂറ്റാണ്ടിന്‍റെ അവസാനം വരെ നടന്ന യുദ്ധങ്ങള്‍ കാരണം സെര്‍ബിയക്ക് നഷ്ടപ്പെട്ടത് യുദ്ധ വീരന്മാരായ ആണുങ്ങളെ മാത്രമല്ല, ജനങ്ങളുടെ സമ്പത്തും ആണ്. 

കളി തുടങ്ങി അധികം സമയം ആകുന്നതിനു മുന്നേ എന്‍റെ പണം മുഴുവന്‍ മെഷീന്‍ അടിച്ചു മാറ്റി.   ഇതിനിടയ്ക്ക് എമിലിന് പണം ഇരട്ടിയാകുന്നത് ഞാനറിഞ്ഞു. എന്തായാലും അഞ്ചു മണിക്ക് ഞങ്ങള്‍ കാസിനോയില്‍ നിന്നും ഇറങ്ങിയപ്പോള്‍ എമിലും പാപ്പരായിരുന്നു. 

രാവിലെ ബ്രേക്ക് ഫാസ്റ്റ്.  ഹോസ്പിറ്റാലിറ്റിയുടെ കാര്യത്തില്‍ സെര്‍ബിയ തന്നെ ഏറ്റവും മികച്ചത് എന്ന് ആ ഹോട്ടലിലെ സ്റ്റാഫിന്റെ സേവനങ്ങളില്‍ നിന്നും മനസിലായി. ബ്രേക്ക് ഫാസ്റ്റിനിടയ്ക്കാണ് ഓഫീസിലെ മറ്റൊരു പരിചിത മുഖം കൂടി ശ്രദ്ധയില്‍ പെട്ടത്. അമീര്‍ കലാഫ്, ഈജിപ്റ്റുകാരനായ  ഞങ്ങളുടെ ഫിനാന്‍സ് മാനേജര്‍. അദേഹം തലേ ദിവസം നേരത്തെ തന്നെ ഹോട്ടലില്‍ എത്തിയിരുന്നു. 

ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞു ഞാനും എമിലും കൂടി പച്ചക്കറി മാര്‍ക്കറ്റ് സന്ദര്‍ശിക്കാനും തുടര്‍ന്ന് വൈവോദിനിയ എന്ന പ്രദേശം സന്ദര്‍ശിക്കാനും റിജിക് സ്വാന്‍ എന്ന കമ്പനിയുടെ പ്രതിനിധി ബോബനും ആയി അദേഹത്തിന്റെ കാറില്‍ സെര്‍ബിയയുടെ ഉള്‍പ്രദേശങ്ങളിലേക്ക് പോയി. ബോബന്‍, സെര്‍ബിയക്കാരന്‍ ആണ്, ഉച്ചരിക്കാന്‍ പ്രയാസമുള്ള സെര്‍ബിയന്‍ പേരായതിനാല്‍ ആവും ബോബന്‍ എന്നാണ് അദേഹം ഞങ്ങള്‍ക്ക് പരിചയപ്പെടുത്തിയത്.    അത്യാധുനിക രീതിയിലുള്ള നഴ്സറിയും ലെറ്റൂസ് ഇലകള്‍ കൃഷി ചെയുന്നതുമായ അതി വിപുലമായ ഗ്രീന്‍ ഹൌസിലേക്കാണ് ആദ്യം പോയത്. യാത്രയിലുട നീളം സെര്‍ബിയയുടെ ചരിത്രവും അതിലുപരി നാട്ടിലെ കൃഷി രീതികളെ പറ്റിയും മുന്തിരിത്തോട്ടങ്ങളെയും കുറിച്ചായിരുന്നു ബോബന്‍റെ വര്‍ത്തമാനം. ഒരു മതേതര രാജ്യമാണ് സെര്‍ബിയ എങ്കിലും ഭൂരി ഭാഗവും ഈസ്റ്റെണ്‍ ഓര്‍ത്തഡോക്സ് വിശ്വാസികള്‍ ആണ്. മലകള്‍ക്കിടയിലെ മുന്തിരിത്തോട്ടങ്ങള്‍ ഭൂരിഭാഗവും ഈ സഭയിലെ മൊണാസ്ട്രികളുടെ സ്വന്തം ആണ് എന്നാണ് ബോബന്‍ പറയുന്നത്. മലകളും കുന്നുകളും വന പ്രദേശങ്ങളും ചെറിയ ഗ്രാമങ്ങളും കടന്നു ഞങ്ങള്‍ ഒരു കുന്നിന്‍ മുകളിലെ മോഡേണ്‍ ആയ ഭക്ഷണ ശാലയിലെത്തി. അവിടെ ആഡംബര ഭക്ഷണ ശാലയില്‍ ആവോളം മേല്‍ത്തരം വീഞ്ഞു നുകര്‍ന്ന് ഞങ്ങള്‍ വീണ്ടും ബെല്‍ഗ്രേഡിലേക്ക് തിരിച്ചു. പട്ടണത്തില്‍ എത്തിയപ്പോള്‍ തന്നെ സായിദും അമീറും ഞങ്ങളെ സര്‍ക്കാറിന്റെ ഗസ്റ്റ് ഹൌസിലേക്ക് വിളിപ്പിച്ചു. അവിടെ ഒരു മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ മറ്റൊരു ഉച്ച ഭക്ഷണം. സെര്‍ബിയന്‍ ഭക്ഷണം രുചിക്കുവാനുള്ള അവസരം ഞങ്ങളുടെ നിറഞ്ഞ വയറുകള്‍ അനുവദിച്ചില്ല. 

തിരക്ക് കാരണം നഗര ഭംഗി ആസ്വദിക്കാനോ അവിടുത്തെ മോനുമെന്റ്സ് സന്ദര്‍ശിക്കാനോ സമയം കിട്ടിയില്ല. കാലങ്ങളായി യുദ്ധങ്ങള്‍ നടന്ന സ്ഥലമായതിനാല്‍ മിക്ക സ്മാരകങ്ങളും നശിച്ചു പോയി. രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ പണിത അതി പുരാതനമായ ബെല്‍ഗ്രേഡ് കോട്ടകള്‍ ആണ് സെര്‍ബിയ സംരക്ഷിക്കുന്ന ഏറ്റവും വലിയ സ്മാരകം. ഈ കോട്ടയ്ക്ക് ചുറ്റുമാണ് സെര്‍ബിയന്‍ സംസ്കാരം വളര്‍ന്നു പന്തലിച്ചത്.  മറ്റൊരു പ്രധാന ആകര്‍ഷണം നിക്കോള ടെസ്ല സയന്‍സ്  മ്യൂസിയം ആണ്. ലോകത്തിലെ ഏറ്റവും വലിയ ഓര്‍ത്തഡോക്സ് പള്ളിയായ സെയിന്‍റ് സാവ ചര്‍ച്ച് ബെല്‍ഗ്രേഡില്‍ ആണ്. യുഗോസ്ലാവിയന്‍ ചരിത്ര മ്യൂസിയം ആണ് പ്രധാനപ്പെട്ട മറ്റൊരു സ്മാരകം. ഇതില്‍ പൂക്കളുടെ വീട് എന്നറിയപ്പെടുന്ന ബ്ലോക്കില്‍ ആണ് മാര്‍ഷല്‍ ടിറ്റോയുടെ ശവ കുടീരം ഉള്ളത്. 

കഠിനമായ തണുപ്പിലും നനുനനുത്ത മഴയിലും ഞാനും അമീറും നഗര ഭംഗി കാണുവാനും ചില നൈറ്റ്‌ ക്ലബുകള്‍ സന്ദര്‍ശിക്കാനും ഇറങ്ങി. മറ്റു യൂറോപ്യന്‍ സിറ്റികളെ അപേക്ഷിച്ച് വളരെ കുറച്ചു നൈറ്റ്‌ ക്ലബുകള്‍ മാത്രമേ ബെല്‍ ഗ്രേഡില്‍ ഉള്ളൂ എന്നാണ് കേട്ടത്.  എങ്കിലും ഞങ്ങള്‍ ഒന്ന് രണ്ടു നൈറ്റ്‌ ക്ലബുകളില്‍ ഒരു ഓട്ട പ്രദക്ഷിണം നടത്തി തിരികെ വന്നു. തലേ ദിവസത്തെ ഉറക്ക ക്ഷീണം കാരണം നന്നായി ഉറങ്ങി. 

രാവിലെ പ്രഭാത ഭക്ഷണത്തിനു ശേക്ഷം ഞങ്ങള്‍ ഹംഗറിയുടെ അതിര്‍ത്തിയോടടുത്തുള്ള നൊവി സാദ് എന്ന മനോഹര പട്ടണത്തിലേക്ക് യാത്രയായി. സെര്‍ബിയന്‍ അധികൃതരും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നതിനാല്‍ നാല് വാഹനങ്ങളില്‍ ആയാണ് ഞങ്ങള്‍ യാത്രയായത്. പോകുന്ന വഴിയില്‍ മനോഹരമായ കൃഷിയിടങ്ങളും, ചെറു പട്ടണങ്ങളും കുന്നിന്‍ ചെരുവുകളും യുദ്ധത്തില്‍ തകര്‍ന്ന പ്രദേശങ്ങളും ഞങ്ങള്‍ സന്ദര്‍ശിച്ചു.  സെര്‍ബിയയിലെ വൈന്‍യാര്‍ഡുകള്‍ വളരെ പ്രസിദ്ധമാണ്. റഷ്യന്‍ പ്രസിഡന്റ്‌ വ്ലാഡിമര്‍ പുട്ടിന്‍ വൈന്‍ നുകരാന്‍ സെര്‍ബിയ സന്ദര്‍ശിച്ച കാര്യം ബോബന്‍ ഞങ്ങളെ ഓര്‍മിപ്പിച്ചു. സുന്ദരന്മാരും സുന്ദരികളും അടങ്ങുന്ന സെര്‍ബിയന്‍ ജനത അതിഥി സല്‍ക്കാരത്തില്‍ വളരെ മുന്നിലാണ് എന്നത് ഞങ്ങളുടെ യാത്രയില്‍ ബോധ്യമായി. മറ്റു യൂറോപ്യന്‍ ജനതയെക്കാള്‍ കുടുംബ മൂല്യങ്ങളില്‍ ഉറച്ചു വിശ്വസിക്കുന്നവര്‍ ആണ് ഭൂരിഭാഗം സെര്ബിയക്കാരും. ചെറിയ ഗ്രാമങ്ങളും പട്ടണങ്ങളും എല്ലാം വൃത്തിയായി, മനോഹരമായി സംരക്ഷിച്ചിരിക്കുന്നു. സെര്‍ബിയക്കാര്‍ വല്ലാത്ത യുദ്ധക്കൊതിയന്മാര്‍ ആണ് എന്ന് വേണം കരുതാന്‍. ലോക മഹായുദ്ധം തുടങ്ങുവാന്‍ തന്നെ ഒരു കാരണം സെര്‍ബിയ പിടിച്ചടക്കാന്‍ ഹംഗറിയും ഓസ്ട്രിയയും ചേര്‍ന്ന് നടത്തിയ ശ്രമത്തിന്‍റെ ഫലമായിട്ടാണല്ലോ. ഏറ്റവും ഒടുവില്‍ തൊണ്ണൂറുകളുടെ അവസാനം യുഗോസ്ലാവ്യ നാമാവശേഷമാകുന്നത് വരെ സെര്‍ബിയ യുദ്ധത്തില്‍ ആയിരുന്നു. നാറ്റോയുടെ ബോംബിംഗും യു എന്നിന്‍റെ സാന്ക്ഷന്‍സും കാരണം വാണിജ്യ, വ്യവസായ മേഖലകള്‍  പൂര്‍ണ്ണമായും തകരുകയും സെര്‍ബിയയുടെ സാമ്പത്തീക സ്ഥിതി താറുമാറാവുകയും ചെയ്തു. വലിയ കോള്‍ നിലങ്ങള്‍ ഉള്ള സെര്‍ബിയ വലിയ തോതില്‍ വൈദ്യുതി കയറ്റിയയക്കുന്ന ഒരു രാജ്യം ആണ്. 

നൊവി സാദ് വളരെ മനോഹരമായ ഒരു സിറ്റി ആണ്. ഇവിടെ കൂടുതലും ഹംഗറിയും ആയി ബന്ധം ഉള്ളവര്‍ ആണ് താമസിക്കുന്നത്. ഡാന്യുബ് നദിയുടെ തീരത്തുള്ള ഈ മനോഹര പട്ടണം വൈവോദിനിയ പ്രവിശ്യയുടെ തലസ്ഥാനവും സെര്‍ബിയയിലെ രണ്ടാമത്തെ വലിയ പട്ടണവും ആണ്. സെര്‍ബിയയിലെ ഏറ്റവും ഫലഭൂയിഷ്ടമായ കൃഷിയിടങ്ങള്‍ ഇവിടെയാണ്‌. സെര്‍ബിയന്‍ സാമ്പത്തീക ശക്തി കേന്ദ്രം കൂടി ആണ് നൊവി സാദ് പട്ടണം. ഇവിടെ വലിയ ഉയരമുള്ള കെട്ടിടങ്ങള്‍ ഒന്നും കാണുവാന്‍ കഴിയില്ല. വളരെ കുറച്ചു ജനങ്ങള്‍ മാത്രമുള്ള ചെറിയ പട്ടണം. യാത്രയിലെവിടെയും കൃഷിയിടങ്ങള്‍. ആപ്പിള്‍ , പീച്ച്, പ്ലം, ബെറീസ്, ആപ്രിക്കോട്ട്, നെക്ട്രിന്‍ തുടങ്ങിയ പഴ വര്‍ഗങ്ങള്‍ ആണിവിടുത്തെ പ്രധാന കൃഷി. ബാള്‍ക്കന്‍ പ്രവ്യശ്യയിലെ പ്രധാന മദ്യം ആയ റാക്കിയ പ്ലമ്മില്‍ നിന്നുമാണ് ഉത്പാദിപ്പിക്കുന്നത്. വൈന്‍ പോലെ തന്നെ റാക്കിയയും ഇവിടെ സര്‍വ സാധാരണമായി ഉപയോഗിക്കുന്നു. നോവിസാദിലെ പ്രസിദ്ധമായ് ഒരു ആപ്പിള്‍ തോട്ടവും ആപ്പിള്‍ സംസ്കരണ ശാലയും സന്ദര്‍ശിച്ച ശേക്ഷം ഞങ്ങള്‍ ഹോട്ടലിലേക്ക് മടങ്ങി. ഹോട്ടലില്‍ മടങ്ങിയെത്തി ഫ്രെഷ് ആയ ശേക്ഷം ഞങ്ങള്‍ സവാ നദിയോട് ചേര്‍ന്നുള്ള ഭക്ഷണശാലയില്‍ ഞങ്ങളുടെ സെര്‍ബിയന്‍ കമ്പനി നടത്തിയ വിരുന്നു സത്ക്കാരത്തില്‍ പങ്കെടുത്തു. മത്സ്യം പല രുചികളില്‍ ഇവിടെ പാകം ചെയ്യപ്പെടുന്നു. എരിവും പുളിയും ഇല്ലാതെ ആയിട്ട് കൂടി വീഞ്ഞിനോപ്പം മത്സ്യം വളരെ രുചികരം ആയിരുന്നു. 

രാവിലെ പ്രഭാത ഭക്ഷണം കഴിഞ്ഞു ചെറിയ ചില മീറ്റിങ്ങുകള്‍ക്ക് ശേക്ഷം ഞങ്ങള്‍ അബുദാബിയിലേക്ക് യാത്ര തിരിക്കാനായി ബെല്ഗ്രേഡ് അന്തരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചു. സമയം ധാരാളം ഉണ്ടായിരുന്നതിനാല്‍ ഡ്യൂട്ടി ഫ്രീ ഷോപ്പ് ചുറ്റി നടന്നു കണ്ടു. ദുബായ് ഡ്യൂട്ടി ഫ്രീ ഷോപ്പിനെക്കാള്‍ വളരെ ആദായകരം ആണ് ഷോപ്പിംഗ്‌. പന്ത്രണ്ടു മുപ്പതിന് പുറപ്പെട്ട ഇത്തിഹാദ് വിമാനത്തില്‍ അബുദാബിയിലേക്ക് പറന്നു. 

വാല്‍ക്കഷ്ണം 
സെര്‍ബിയയിലെ മസാജു പാര്‍ലറുകള്‍ വളരെ പ്രസിദ്ധമാണ്. വിദേശികള്‍ പോലും ഇവിടെ മസാജ് പാര്‍ലറുകള്‍ സന്ദര്‍ശിക്കുവാന്‍ എത്താറുണ്ട്. എന്‍റെ നടുവിനെ കുറെ നാളായി വേദനയുണ്ടെന്ന് കാര്യം അറിയാമായിരുന്ന ഞങ്ങളുടെ എം ഡി എന്നെയും മസാജിനായി നിര്‍ബന്ധിച്ചു. ഞാനും അവിടെ ഉണ്ടായിരുന്ന രണ്ടു ദിവസം ഹോട്ടലില്‍ തന്നെയുള്ള മസാജ് പാര്‍ലറില്‍ പോയി. ഏതോ ഹെര്‍ബല്‍ എണ്ണ ഉപയോഗിച്ച് ചെയ്ത ആ മസാജു എന്‍റെ നടുവ് വേദന ഗണ്യമായി കുറയ്ക്കുകയും ചെയ്തു.