Friday 27 April 2012

നെയ്യാറ്റിന്‍കരയില്‍ നിന്നും എന്തെങ്കിലും പഠിക്കെണ്ടതുണ്ടോ?


ജൂലൈ രണ്ട്... 


അന്ന് നെയ്യാറ്റിന്‍കരയില്‍  വീണ്ടും ഉപ തെരഞ്ഞെടുപ്പ് നടക്കുകയാണ്...
ഒരു നിയമസഭാംഗം രാജിവച്ചാലോ മരിച്ചാലോ ആണ് സാധാരണ ഉപ തെരഞ്ഞെടുപ്പുകള്‍ ഉണ്ടാവുക... ഇവിടെ ഇടതു പക്ഷ നേതാവായിരുന്നു ശ്രീ സെല്‍വരാജ്  എന്ന സി പി എം അംഗം ഒരു വര്ഷം പോലും കാലാവധി തികയുന്നതിനു മുന്‍പ്‌ പാര്‍ട്ടിയില്‍ നിന്നും നിയമസഭയില്‍ നിന്നും രാജി വെക്കുന്നു...  രാഷ്ട്രീയ കേരളത്തെ ഞെട്ടിപ്പിച്ച , ആര്‍ക്കും ഒരു അഭ്യൂഹത്തിനും അവസരം പോലും കൊടുക്കാത്ത ഒരു ഇടി വെട്ടു രാജി ആയിരുന്നു അത്.... ആ രാജി വാര്‍ത്ത കേട്ട്, കേരളം വിറങ്ങലിച്ചു പോയി. പിറവം പനിച്ചൂടില്‍ ആയിരുന്ന നേതാക്കളും ജനങ്ങളും ആകെ പകച്ചു പോയി ആ രാജി വാര്‍ത്ത കേട്ട്.... സി പി എം നേതാക്കളുടെ മുഖത്തിന്‍റെ കരുവാളിപ്പ്  ഇത് വരെയും മാറിയിട്ടില്ല. ബിന്‍ ലാദന്റെ വിമാനങ്ങള്‍ അമേരിക്കയുടെ തല മണ്ടയും നെഞ്ചിന്‍കൂടും ബോംബിട്ടു തകര്‍ത്തപ്പോള്‍ ബുഷിനും അമേരിക്കന്‍ ജനതക്കും ഉണ്ടായ നാണക്കെടിനെക്കാള്‍ വളരെ വലുതായിരുന്നു സെല്‍വരാജിന്‍റെ രാജി സി പി എമ്മിനും പിണറായി വിജയനും.

എന്ത് കൊണ്ടാണ് ഈ രാജി? അല്ലെങ്കില്‍ എന്തിനു വേണ്ടി രാജി വച്ച്? സ്വന്തം പാര്‍ട്ടിയിലെ നിസ്സാരമായ  പ്രശ്നങ്ങളില്‍ പാര്‍ട്ടി മേലാളന്മാര്‍  സ്വേച്ചാതിപത്യപരമായി ഇട പെട്ടതിനാല്‍ ആണ് പോലും. സഖാവ് വി എസ്സിന്‍റെ അനുയായി ആയതിനാല്‍ അദേഹത്തെ പാര്‍ട്ടി നേതൃത്വം പാര്‍ട്ടി പരിപാടികളില്‍ പങ്കെടുപ്പിച്ചില്ല പോലും...അദേഹത്തെയും കുടുംബത്തെയും തകര്‍ക്കാന്‍ പാര്‍ട്ടി പദ്ധതി ഇട്ടു പോലും. തിരുവന്തോരത്തെ വലിയ പുള്ളി, കടകംപള്ളി സഖാവ്, ഇ , പി ജയരാജന്‍ സ്റ്റൈലില്‍ കണ്ണൂര്‍ മോഡല്‍ നടപ്പാക്കുവാന്‍ ശ്രമിച്ചു പോലും... പള്ളി പാട്ടു പാടി നടന്ന യുവ സഖാവ് സിന്ധു ജോയിയുടെ രാജി പോലെ,  കാരണങ്ങള്‍ ഒന്നും ഇല്ലാത്ത ഒരു രാജി. അതിലപ്പുറം ഈ രാജിയില്‍ ഒന്നും ഇല്ല. പാറശാല  മണ്ഡലത്തില്‍ നിന്ന് ആനാവൂര്‍ നാഗപ്പനുമായി കൊമ്പ് കോര്‍ത്തപ്പോള്‍ തുടങ്ങിയ, ആനാവൂരിന്റെ തോല്‍വിക്കു ശേക്ഷം പാര്‍ട്ടി ഇദേഹത്തെ ഒറ്റപ്പെടുത്തി പോലും.

പി സി ജോര്‍ജും ഉമ്മന്‍ ചാണ്ടിയും മാത്രമറിഞ്ഞു വളരെ രഹസ്യമായി നടത്തിയ  കൂറുമാറ്റം. അഞ്ചു കോടി മേടിച്ചു മലക്കം മറിഞ്ഞു എന്നാണ്  കടകം പള്ളിയും സഖാക്കളും ആരോപിച്ചത് എങ്കില്‍ കൂടി സെല്‍വ രാജിനെ അറിയാവുന്ന  ഒരാളും ഇത് വിശ്വസിക്കും എന്ന് തോന്നുന്നില്ല, കാരണം കമ്മ്യുണിസ്റ്റ്‌ പാര്‍ട്ടിയിലെ ഒരു പാവം മാന്യന്‍ ആണ് അന്നും ഇന്നും ഇദേഹം. കണ്ണൂര്‍ സഖാക്കലുടെയോ, പാര്‍ട്ടിയിലെ മണല്‍, മദ്യ, ഭൂമി മാഫിയകളുടെയോ ഇടയില്‍ ഒരിക്കലും ഇദേഹത്തിനു കിടന്നുറങ്ങാന്‍ കഴിയില്ല. എന്നും തന്റെ ചെറിയ വീട്ടില്‍ ഉള്ളത് കൊണ്ട്  ഓണം പോലെ ജീവിച്ചു പോകണം എന്ന് കരുതുന്ന ഒരു സാധു.
 
ആരായിരുന്നു സെല്‍വ രാജ്? ഒരു പാവം പാര്‍ട്ടി പ്രവര്‍ത്തകന്‍. അത്ര വലിയ കഴിവുകള്‍ ഒന്നും ഇല്ലാത്ത ഒരു സാധു പാര്‍ട്ടി പ്രവര്‍ത്തകന്‍. സാധാരണക്കാരുടെ എന്ത് കാര്യത്തിനും കൂടെ ഉണ്ടാകും എന്ന് മാത്രം. 2001 ല്‍ പാറശ്ശാലയില്‍ സുന്ദരം നാടാര്‍ക്ക് എതിരെ മത്സരിക്കാന്‍ ആളില്ലാതെ നടന്നിരുന്ന സമയത്ത്  നാടാര്‍ സമുദായത്തില്‍ നിന്ന് ഒരു നേതാവിനെ തപ്പി ഇറങ്ങിയപ്പോള്‍, ഇദേഹത്തെ മുന്നില്‍ നിറുത്തി പിന്നില്‍ നിന്ന് ചരട് വലികുവാന്‍ ആണ്  സി പി എം തയ്യാര്‍ ആയത്. അന്ന് സെല്‍വ രാജു തോറ്റു എങ്കിലും തന്‍റെ എളിയ പ്രവര്‍ത്തനം കൊണ്ട് 2006 ല്‍ സാക്ഷാല്‍ സുന്ദരം നാടാരെ തറ പറ്റിച്ചു നിയമ സഭയില്‍ വന്നു. പുതുമുഖം ആയപ്പോള്‍ എം എല്‍ എ എന്ന പേരിനപ്പുറം, കാര്യങ്ങള്‍ നടത്തിയിരുന്നത്  ആനാവൂര്‍ നാഗപ്പന്‍ ആയിരുന്നു.  ആനാവൂര്‍ നാഗപ്പന്‍ ആയിരുന്നു സെല്‍വ രാജിനെ നിയന്ത്രിച്ചിരുന്നത് എങ്കിലും പാറശ്ശാലക്കാര്‍ക്ക് സെല്‍വ രാജ് അവരുടെ സ്വന്തം ആയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അവിടെ മത്സരിക്കാന്‍ സീറ്റ് കിട്ടുമെന്നും തീര്‍ത്തും ജയിക്കും എന്നും ഉറപ്പുണ്ടായപ്പോള്‍ ആണ്, രായ്ക്കു രാമാനം, യു ഡി എഫിന്‍റെ ഉറച്ച  സീറ്റായ നെയ്യാറ്റിന്‍കരയിലെക്ക് നാട് കടത്തിയത്. നെയ്യാറ്റിന്‍കരയിലെ ജാതി വോട്ടുകള്‍ മുന്നില്‍ കണ്ടു ജാതി കാര്‍ഡു ഉപയോഗിച്ച് ആണ് സി പി എം അന്ന് ഹാട്രിക്‌ തികച്ചു മന്ത്രി മോഹവുമായി നിന്ന തമ്പാനൂര്‍ രവിയെ ചെവിക്കു പിടിച്ചു പുറത്താക്കിയത്. വി എസ്‌ ഡി പി എന്ന ജാതി സംഘടനയെ നിയന്ത്രിക്കാന്‍ സി പി എം ഏല്‍പ്പിച്ചത് സെല്‍വ രാജിനെയും...

ഇനി തെരഞ്ഞെടുപ്പിലേക്ക്...

യു ഡി എഫിലേക്ക് മാറിയാല്‍ അത് ആത്മഹത്യ ആയിരിക്കും എന്ന് പറഞ്ഞു രാജി വച്ച സെല്‍വരാജ് , ഇതാ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുന്നു. കോണ്‍ഗ്രസിനു അനേകം ഭൌമീകാമുകന്മാര്‍ ഉള്ള മണ്ഡലം ആണ് നെയാറ്റിന്‍കര.  സെല്‍വ രാജിനെ എങ്ങനെ എങ്കിലും തോല്‍പ്പിക്കുക, അതിനു പതിനെട്ടു അടവും പയറ്റുക , സി പി എം സ്ഥാനാര്‍ഥി ആക്കുവാന്‍ കൊള്ളാവുന്ന നാടാര്‍ നേതാക്കളുടെ എല്ലാം പിന്നാലെ പോയി. വി എസ്‌ പക്ഷക്കാരന്‍ ആയ ആന്സലന്‍ മാത്രമേ അവര്‍ക്ക് അവിടെ കണ്ടെത്തുവാന്‍ കഴിഞ്ഞുള്ളു... ക്യാപിറ്റല്‍ പണിഷ്മെന്റ് കാത്തു കഴിയുന്ന വി എസിന്‍റെ ആശ്രിതന്  സീറ്റ് കൊടുക്കാന്‍ എന്തായാലും പിണറായി സഖാവ് ഒരുക്കമല്ല. നെയ്യാറ്റിന്‍കരക്കാരന്‍ ആയ ഹരീന്ദ്രന്‍, മുന്‍ സ്പീക്കര്‍ വിജയകുമാര്‍ ഒക്കെ മത്സരിച്ചേക്കും എന്ന പ്രതീതി പരന്നു. സെല്‍വ രാജിനെ തോല്‍പ്പിക്കുവാന്‍ കഴിയുന്ന സ്ഥാനാര്‍ഥികള്‍ ആയിരുന്നു എം വിജയകുമാറും, ഹരീന്ദ്രനും. പക്ഷെ ജാതി സന്തുലനം ആണല്ലോ ഇപ്പോള്‍ സി പി എമ്മിന്‍റെ പ്രത്യയ ശാസ്ത്രം. അതിനവര്‍ ഒടുവില്‍ തപ്പി പിടിച്ചതോ, കേര കൊണ്ഗ്രെസ് ജോസഫ്‌ ഗ്രൂപ്പില്‍ നിന്ന് കാലു മാറിയ  പാറ ശ്ശാലക്കാരന്‍ ആയ ലോറെന്‍സ് എന്ന സഖാവിനെയും. ലോറെന്‍സിനെ സ്ഥാനാര്‍ഥി ആയി പ്രഖ്യാപിച്ച അന്ന് തന്നെ നെയ്യാറ്റിന്‍ കരയില്‍ അദേഹത്തിന് എതിരായി സി പി എം  പ്രകടനവും നടന്നു.

ആറായിരം മാത്രം വോട്ടു നെയ്യാറ്റിന്‍ കരയിലുള്ള , മുപ്പതു ശതമാനം നായന്മാര്‍ ഉള്ള നെയ്യാറ്റിന്‍ കരയില്‍ ബി ജെ പി , അവര്‍ക്ക് നല്‍കാവുന്ന ഏറ്റവും നല്ല സ്ഥാനാര്‍ഥിയെ തന്നെ കാഴ്ച വച്ച്.
എന്‍ എസ്സ് എസ്സിന്‍റെ സെക്രെട്ടറി സുകുമാരന്‍ നായര്‍ , എസ്‌ എന്‍ ഡി പി യുടെ വെള്ളാപ്പള്ളി നടേശന്‍ ഒക്കെ വര്‍ഗീയ കാര്‍ഡു ഇറക്കി ,  ഗോദയില്‍ ഇറങ്ങിയിരിക്കയാണ്. എല്ലാ നായര്‍ സര്‍വീസ്‌ കരയോഗങ്ങളും ബി ജെ പി യെ ജയിപ്പിക്കുവാന്‍ ഉണര്‍ന്നു പ്രവര്‍ത്തിന്ക്കുന്നു. സാമുദായിക സന്തുലനം അഞ്ചാം മന്ത്രിയിലൂടെ അട്ടിമറിച്ചപ്പോള്‍ തുടങ്ങി കലി  പൂണ്ട നായരുടെ കളി മുഴുവന്‍ പോയി മേടിച്ചു തിരുവന്തോരത്തു വന്നു സി പി എമ്മും ആയുള്ള പ്രശ്നങ്ങള്‍ എല്ലാം തീര്‍ന്നു എന്ന് പ്രഖ്യാപിച്ച വിജയകുമാര്‍ കാണുന്നതോ, സുകുമാരന്‍ നായരുടെ വര്‍ഗീയ കളികളും!!!

വിജയ കുമാറിനെ മത്സരിപ്പിച്ചു നേടാമായിരുന്ന ഒരു മണ്ഡലം ആണ്, ജാതി സന്തുലനത്തിലൂടെ സി പി എം നഷ്ടപ്പെടുത്തിയിരിക്കുന്നത്... പഴയ കേരള കൊണ്ഗ്രെസ്സ് കാരനായ്തിനാല്‍ പി സി ജോര്‍ജിന്റെ ചുണ്ടയില്‍ ലോറെന്‍സ് കൊത്തുകയില്ല എന്നാരു കണ്ടു... ഇതാണ് നെയാറ്റിന്‍കരയിലെ സഖാക്കള്‍ ചോദിക്കുന്നത്. മല്‍സരം ഇപ്പോള്‍ ഓ. രാജഗോപാലും സെല്‍വ രാജും ആയി മാറി എന്നതാണ് സി പി എമ്മിനുണ്ടായ  പ്രശനം. വിജയ കുമാര്‍ ആയിരുന്നു സി പി എം സ്ഥാനാര്‍ഥി എങ്കില്‍ ഒരിക്കലും വന്ദ്യ വയോധികനായ് രാജഗോപാല്‍ അണ്ണന്‍ നെയ്യാറ്റിന്‍കരയില്‍ മത്സരിക്കാന്‍ വരില്ലായിരുന്നു. ഇനി രാജ ഗോപാല്‍ അണ്ണന്‍ എങ്കിലും സെല്‍വ രാജിനെ തോല്‍പ്പിച്ചാല്‍ മതി എന്നുണ്ടോ? തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതെ ഉള്ളൂ. ഇനിയും ജനങ്ങളുടെ ഇടയില്‍ വലിയ ബന്ധം ഇല്ലാത്ത ലോറെന്‍സിനെ മാറ്റി സെല്‍വ രാജിന് നല്ലൊരു മല്‍സരം കൊടുക്കുവാന്‍ സി പി എമ്മിന് കഴിഞ്ഞേക്കും.  എന്തായാലും കൊണ്ഗ്രെസ്സില്‍ നിന്ന് വിമത പട മത്സരിക്കാന്‍ ഉണ്ടായേക്കും. ആയിര സുരേന്ദ്രന്‍ അതിനുള്ള അരം മിനുക്കുന്നുമുണ്ട്...

നെയ്യാറ്റിന്‍കര  കേരള ജനതയ്ക്ക് നല്‍കുന്ന പാഠം എന്താണ്? ആര്‍ക്കെങ്കിലും മനസിലായോ? കോടികള്‍ ചിലവാകുന്ന ഒരു തെരഞ്ഞെടുപ്പ്  ഒന്നാം ക്ലാസ്സിലെ കുട്ടികളുടെ സൌന്ദര്യപിണക്കം പോലെ ഉള്ള ഒന്നു പറഞ്ഞു തീര്‍ക്കാന്‍ പാര്‍ട്ടി ആശാന്മാര്‍ തയ്യരാകാതിരുന്നതിനാല്‍ ഉണ്ടായതോ? അതോ ജാതി സന്തുലനം മാത്രം നോക്കി സ്ഥാനാര്‍ഥിയെ നിര്‍ത്തുന്ന  ഇടതു പക്ഷ പ്രത്യയ ശാസ്ത്രമോ? ആരോഗ്യം വല്ലാതെ നഷ്ടപ്പെട്ട അണ്ണനെ ബി ജെ പി ഗോദയില്‍ ഇറക്കണമായിരുന്നോ? ഇപ്പോള്‍ സത്യത്തില്‍ വിശ്രമം അനുവദിക്കേണ്ട കാലമായിരുന്നില്ലേ അണ്ണന്?.. എന്തായാലും നെയ്യാറ്റിന്‍കരയില്‍ നടക്കുന്നത് തികച്ചും നാണം  കെട്ട ഒരു തെരഞ്ഞെടുപ്പ് ആണ്... 

4 comments:

  1. ഇത് ഒരു രാഷ്ട്രീയ ചിന്തയല്ല, പൗര ചിന്തയാണ്, കോടികൾ ചിലവിട്ട് ഇലക്ഷൻ നടത്തിയിട്ട് ഒരു കൂസലും കൂടതെ ഞാൻ രാജിവെക്കുന്നു എന്ന് പറയുന്നത് ശെരിക്കും വോട്ടർമാരെ വഞ്ചിക്കുകയാണ്,
    ഇങ്ങനെ രാജിവെക്കുന്ന ആതൊരു ആളിനേയിം പിന്നെ ഒരു നേതാവാക്കരുത്, ഇന്ത്യയിൽ മൽസരിപ്പിക്കുകയു ചെയ്യരുത്

    ReplyDelete
  2. ഒരു ഭ്രാന്തന്റെ വിലാപം

    ReplyDelete
  3. ദയവായി കാര്യം അറിയാതെ വലിയ കഥകള്‍ ഉണ്ടാക്കരുത്

    ReplyDelete
  4. ഞാന്‍ ഈ നാട്ടുകാരനേ അല്ല.

    ReplyDelete