പ്ലസ് ടൂ വിനു പഠിക്കുന്ന എന്‍റെ മൂത്ത മകള്‍ അനിയത്തിയോട് ഒരു ദിവസം പറയുന്നത് കേട്ടു, ' നീ പ്ലസ് ടൂ വിനു ഈ സ്കൂളില്‍ പഠിക്കേണ്ട , മറ്റു ഏതെന്കിലും സ്കൂളില്‍ വേണം പഠിക്കുവാന്‍ "
കാരണം എന്തെന്ന് ആരാഞ്ഞ എന്നോട് മോള്‍ പറഞ്ഞത് ഇതാണ്. " ഈ വര്ഷം തന്നെ ഓരോ സബ്ജക്റ്റിനും മൂന്നും നാലും അധ്യാപകര്‍ ആണ് മാറി മാറി വരുന്നത്. ഓരോരുത്തര്‍ അവര്‍ക്കിഷ്ടം ഉള്ളത് പോലെ പഠിപ്പിക്കുന്നു. കുട്ടികള്‍ അനുഭവിക്കുന്ന സ്ട്രെസ്സ് മറ്റാരെങ്കിലും അറിയുന്നുണ്ടോ?"
ശരിയാണ്, ഇവരുടെ സ്കൂളില്‍ ഇക്കഴിഞ്ഞ വര്‍ഷം ഇംഗ്ലീഷ് പഠിപ്പിച്ചത് രണ്ടു അധ്യാപികമാര്‍, ഫിസിക്സ് മൂന്നു പേര്‍, കെമിസ്ട്രി മൂന്നു പേര്‍, മാത്തമാറ്റിക്സ് മൂന്നു പേര്‍, ഐ പി ക്ക് മാത്രം ഒരാള്‍.,. മറ്റു പല വിഷയങ്ങള്‍ക്കും ഇത് പോലെ തന്നെ ആയിരുന്നു. ഞാന്‍ എന്‍റെ മറ്റു പല സുഹൃത്തുക്കളോടും ഈ വിവരം പറഞ്ഞപ്പോള്‍, അവരുടെ മക്കള്‍ പഠിക്കുന്ന സ്കൂളുകളിലും ഇത് തന്നെ ആണ് സ്ഥിതി എന്ന് അറിയുവാന്‍ കഴിഞ്ഞു.
കുറഞ്ഞ ശമ്പളത്തില്‍ ഭര്‍ത്താവിന്‍റെ വിസയില്‍ ആണ് ഭൂരിഭാഗം അധ്യാപികമാരും. ഭര്‍ത്താവിന്റെ ജോലി നഷ്ടപ്പെടുമ്പോള്‍ ഇവര്‍ സ്കൂളില്‍ നിന്ന് പോകുന്നു., അല്ലെങ്കില്‍ കൂടുതല്‍ ശമ്പളം കിട്ടുന്ന സ്കൂളിലെക്കോ, അതുമല്ലെങ്കില്‍ നാട്ടില്‍ ഏതെങ്കിലും സ്കൂളിലോ കോളേജിലെ ജോലി കിട്ടുമ്പോള്‍ അവിടെക്കോ ഇവര്‍ പോകുന്നു. കുട്ടികളുടെ പഠനത്തില്‍ സ്കൂള്‍ അധികാരികള്‍ക്കോ, അധ്യാപകര്‍ക്കോ യാതൊരു ശ്രദ്ധയും ഇല്ല. പത്താം ക്ലാസ്സോ, പ്ലസ് ടൂ വോ ഒന്നും ഇവര്‍ക്ക് പ്രശനം അല്ല.

കച്ചവടം.
ഗള്‍ഫില്‍ ഒമാനിലോഴികെ മിക്ക രാജ്യങ്ങളിലും ഇന്ത്യന്‍ വിദ്യാഭ്യാസവും മറ്റേതൊരു കച്ചവടം പോലെ ഉള്ള ഒരു കച്ചവടം മാത്രം. യാതൊരു തത്വ ദീക്ഷയും ഇല്ലാത്ത കച്ചവടക്കാര്‍.,. ഒമാനില്‍ അപൂര്‍വം ചില സ്കൂളുകള്‍ ഒഴികെ, ബാക്കി എല്ലാം അവിടെ ഉള്ള ഇന്ത്യന്‍ എംബസ്സിയുടെ നിയന്ത്രണത്തില്‍ അധ്യാപക രക്ഷാകര്‍തൃ യോഗങ്ങള്‍ ആണ് നടത്തുന്നത്. എന്നാല്‍ യു എ ഇ, കുവൈറ്റ്, ഖത്തര്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ സ്വകാര്യ കുത്തക മുതലാളികള്‍ ആണ് സ്കൂള്‍ വിദ്യാഭ്യാസ രംഗം നിയന്ത്രിക്കുന്നത്..,. എത്ര കിട്ടിയാലും മതിയാകാത്ത ആര്‍ത്തിപ്പണ്ടാരങ്ങള്‍. .
ഭര്‍ത്താവിന്‍റെ വിസയില്‍ ഉള്ള അധ്യാപികമാരെ സ്കൂളില്‍ നിയമിക്കുമ്പോള്‍, എമിഗ്രേഷന്‍, വിസ, ലേബര്‍ ഫീസുകള്‍ ഒന്നും ഇവര്‍ക്ക് കൊടുക്കേണ്ട. 1500 ദിര്‍ഹം മുതല്‍ 5000 ദിര്‍ഹം വരെ ശമ്പളം. കുട്ടികളില്‍ നിന്നും പിരിക്കുന്ന തുകയില്‍ തുശ്ചമായ ഈ ശമ്പളം കൊടുത്ത് കഴിഞ്ഞാല്‍ ബാക്കി വരുന്നതെല്ലാം, സ്കൂള്‍ നടത്തിപ്പുകാരനായ മുതലാളിക്ക് സ്വന്തം. അടുത്ത കാലം വരെ അടിസ്ഥാന സൌകര്യങ്ങള്‍ പോലും വളരെ കുറവായിരുന്നു പല സ്കൂളുകളിലും.
2006 ല്‍ രക്ഷാകര്‍ത്താക്കളുടെ നിരന്തരമായ പരാതി കാരണം, അനാവശ്യമായി വര്‍ഷാവര്‍ഷം സ്കൂള്‍ ഫീസ് വര്‍ദ്ധിപ്പിക്കുന്നതിന് ചില നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ കൊണ്ട് വന്നു. അത് പോലെ തന്നെ ഗുണപരമായ വിദ്യഭ്യാസത്തിന്റെ അപര്യാപ്തതയെക്കുറിച്ച് ബോധോദയം ഉണ്ടായത് കൊണ്ടും, ദുബായിയുടെ യശസ് ഉയര്‍ത്തിപ്പിടിക്കുവാനും ആയി ദുബായ് സര്‍ക്കാര്‍ രൂപീകരിച്ച അതോറിറ്റി ആണ് നോളെദ്ജു & ഹുമന്‍ ടെവേലപ്‌മെന്‍റ് അതോറിറ്റി. ( കെ എച്ചു ഡി എ ).
ദുബായിലെ സ്കൂളുകളിലെ ഇന്‍ഫ്രാ സ്ട്രക്ചര്‍ മെച്ചെപ്പെടുത്തുന്നതിനോപ്പം എക്സ്ട്രാ കറിക്കുലര്‍ രംഗത്തും കെ. എച്ച്. ഡി. എ. ശ്രദ്ധ പതിപ്പിക്കുവാന്‍ തുടങ്ങി. സ്കൂളുകളില്‍ ഗ്രേഡിംഗ് സമ്പ്രദായം തുടങ്ങി. ഓരോ സ്കൂളിനും ഗ്രേഡിംഗ് അനുസരിച്ച് മാത്രം ഫീസ് വര്‍ദ്ധിപ്പിക്കുവാന്‍ കഴിയുകയുള്ളൂ എന്നതും സ്കൂളിന്‍റെ പ്രവര്‍ത്തന മികവും ഫീസും തമ്മില്‍ ബന്ധിപ്പിക്കുവാനും, അത്യാഗ്രഹികള്‍ ആയ മാനേജുമേന്റിനെ നിയന്ത്രിക്കാനും ഒരു പരിധി വരെ കെ എച്ച് ഡി എ ക്ക് സാധിച്ചു. ഓരോ വര്‍ഷവും എല്ലാ സ്കൂളുകളും സന്ദര്‍ശിച്ചു, വിദ്യാര്‍ഥികള്‍, അധ്യാപകര്‍ , രക്ഷകര്‍ത്താക്കള്‍ എന്നിവരെ നേരിട്ട് കണ്ടും ഓണ്‍ ലൈനിലൂടെയും അഭിപ്രായങ്ങള്‍ അറിഞ്ഞും സര്‍വേകള്‍ നടത്തിയും വിദ്യാഭ്യാസ പുരോഗതിക്ക് കെ എച്ച് ഡി എ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയം ആണ്. പക്ഷെ ദുബായ് ഒഴികെ മറ്റു പ്രദേശങ്ങളില്‍ സ്കൂളുകളുടെ കാര്യം ഒട്ടും അഭികാമ്യം അല്ല. നല്ല യൂണിഫോമും സ്കൂള്‍ ബാഗും കണ്ടാല്‍ മെച്ചമായ വിദ്യാഭ്യാസം ലഭിക്കുന്നു എന്നാ അബദ്ധ ധാരണ ആണ് ഗള്‍ഫില്‍ പലര്‍ക്കും.
വിദ്യാഭ്യാസ രംഗത്ത് കെ. എച്ച്. ഡി. എ. പിടി മുറുക്കിയപ്പോള്‍, മാനേജുമെന്റുകള്‍ സ്കൂള്‍ ട്രാന്‍സ്പോര്‍ട്ട് ഫീസുകള്‍ ഉയര്‍ത്തിയും സ്റെഷനറി, പുസ്തകങ്ങള്‍ യൂണിഫോം എന്നിവ ഒക്കെ വില കൂട്ടിയും ലാഭം ഉയര്‍ത്തുവാന്‍ ശ്രമിക്കുന്നു.
2008 ല്‍ തുടങ്ങിയ ആഗോള മാന്ദ്യത്തില്‍ ദുബായ്ക്ക് സംഭവിച്ച നഷ്ടം ഒരര്‍ഥത്തില്‍ അബുദാബിയുടെ വളര്‍ച്ചയിലേക്ക് നയിക്കുകയായിരുന്നു. അബുദാബിയില്‍ താമസിച്ചു ദുബായില്‍ ജോലി ചെയ്തു കൊണ്ടിരുന്ന അവസ്ഥക്ക് പകരം ദുബായില്‍ താമസിച്ചു അബുദാബിയില്‍ ജോലി ചെയുന്ന രീതിയിലേക്ക് മാറി കാര്യങ്ങള്‍. അബുദാബിയില്‍ അനേകം വികസന പ്രവര്‍ത്തനങ്ങള്‍ ഇക്കാലയളവില്‍ നടന്നപ്പോള്‍ ആവശ്യത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇല്ലാതായി. പല കുടുംബങ്ങളും ദുബായില്‍ താമസിച്ചു അബുദാബിയില്‍ ജോലി ചെയുവാന്‍ കാരണവും മറ്റൊന്നല്ല, തങ്ങളുടെ കുട്ടികളുടെ വിധ്യഭ്യ്സത്തിനു വേണ്ടി ആണ്. ഇപ്പോഴും അബുദാബിയില്‍ ഇന്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അപ്രര്യപ്തത വലിയൊരു പ്രശനം തന്നെ ആണ്.
ഉന്നത വിദ്യാഭ്യാസ രംഗം.
ഗള്‍ഫിലെ ഇന്ത്യന്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ ആകര്‍ഷണ കേന്ദ്രം ദുബായ് ആണ്. 2004 ല്‍ ദുബായ് നോളെഡ്ജൂ വില്ലേജു സ്ഥാപിച്ചതിനു ശേക്ഷം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അനേകം വിദ്യാഭ്യസ സ്ഥാപനങ്ങള്‍ ഇവിടെ തുടങ്ങുകയായിരുന്നു. ഇക്കൂട്ടത്തില്‍ ഇന്ത്യയില്‍ നിന്നുള്ള പല പ്രഗല്‍ഭ സ്ഥാപനങ്ങളും കടന്നു വരികയുണ്ടായി. ബിറ്റ്സ് പിലാനി, ജെയിന്‍ മാനെജുമേന്റു സ്കൂള്‍, മണിപ്പാല്‍ സ്കൂള്‍ തുടങ്ങിയവയ്ക്കൊപ്പം മഹാത്മ ഗാന്ധി യൂണിവെഴ്സിറ്റിയും നോളെഡ് ജൂ വില്ലേജില്‍ ആദ്യ ക്ലാസ്സുകള്‍ തുടങ്ങി. അത് വരെയും ഇന്ദിരാ ഗാന്ധി ഓപ്പെന്‍ യൂണിവെഴ്സിറ്റി മാത്രമായിരുന്നു ഇന്ത്യന്‍ തുടര്‍ വിദ്യാഭ്യാസത്തിനു ഏക അത്താണി.
മഹാത്മ ഗാന്ധി സര്വകലാശാലയുടെതായി വന്ന വാര്‍ത്തകളും പരസ്യങ്ങളും കണ്ടു അഡ്മിഷന്‍ നേടിയവരും പഠിച്ചവരും അറിഞ്ഞിരുന്നില്ല, മഹാത്മ ഗാന്ധി സര്‍വകലാ ശാല നേരിട്ടല്ല , ഈ സ്ഥാപനം നടത്തുന്നത് എന്ന്. 2007 ല്‍ അല ഐന്‍ റോഡില്‍ പുതുതായി പണിത അക്കാദമിക് സിറ്റിയിലേക്ക് കാമ്പസ് മാറ്റിയപ്പോള്‍, ദുബായ് സര്‍ക്കാര്‍ വച്ച മാനടണ്ടാങ്ങള്‍ മഹത്താമ ഗാന്ധി സര്‍വകലാശാലയെ ദുബായില്‍ നിന്ന് കുടിയിറക്കി. ഇന്ത്യയിലെയും മിഡില്‍ ഈസ്റ്റിലെയും പ്രമൂഖ വിദ്യാഭ്യസ ദല്ലാള്‍ ആയ സുധീര്‍ ഗോപി ആണ് മഹാത്മ ഗാന്ധി സര്‍വകലാശാലയുടെതടക്കം പല വിദ്യാഭ്യസ സ്ഥാപനങ്ങളുടെയും ഇടനിലക്കാരന്‍. എം ജി സര്‍വകലാശാല തുടക്കത്തില്‍ അനേകം വിദ്യാര്‍ത്ഥികളെ തങ്ങളുടെ സ്ഥാപനത്തിലേക്ക് ആകര്‍ഷിക്കുന്നത് കണ്ടപ്പോള്‍ ഡിസ്റ്റന്‍സ് എട്യക്കെഷന്‍ സെന്‍റര്‍ നടത്തിയിരുന്ന മറ്റു പല സ്ഥാപനങ്ങളും പല ട്യൂഷന്‍ സെന്ററുകളും സര്‍വകലാശാലകളുടെ ഫ്രാഞ്ചാസി എടുക്കുകയും തങ്ങളുടെ കച്ചവട സാംബ്രാജ്യം വിപുലപ്പെടുത്തുകയും ചെയ്തു. ദുബായിലെ അക്കാദമിക് സിറ്റിയില്‍ നിന്ന് നാട് കടത്തപ്പെട്ട എം ജി സര്‍വകലാശാല കാമ്പസിനോടൊപ്പം കാലിക്കറ്റ് സര്‍വകലാശാലയും റാസ് അല്‍ ഖൈമ പടുത്തുയര്‍ത്തിയ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തിലേക്ക് കടന്നു കയറി. ഈ സ്ഥാപനങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ കൂടുതലും ഇവിടെ ജോലി ചെയുന്നവരും, ജോലിക്കിടയില്‍ പാര്‍ട്ട് ടൈം വിദ്യാഭ്യസം നടത്തുന്നവരും ആണ്. അറ്റന്‍ഡന്‍സ് ഇല്ലാത്ത കുട്ടികള്‍ക്ക് അത് ആവശ്യാനുസരണം നല്‍കിയും ,വിജയത്തിനു അനിവാര്യമായ പരീക്ഷാ നടത്തിപ്പുകളും കുട്ടികള്‍ക്ക് ഡിഗ്രി എളുപ്പത്തില്‍ കിട്ടുവാനും നൂറു ശതമാനം വിജയം വരിക്കുവാന്‍ സ്ഥാപനഗള്‍ക്ക് കഴിയുന്നതും ഇങ്ങനെ ഉള്ള സര്‍വകലാശാലകളുടെ കച്ചവട സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

ഇന്നിപ്പോള്‍, ഗള്‍ഫില്‍ അനേകം വിദ്യാഭ്യസ സ്ഥാപനങ്ങള്‍ അവയുടെ പഠന കേന്ദ്രങ്ങള്‍ തുടങ്ങിയിരിക്കുന്നു. ബിറ്റ്സ് പിലാനി, മണിപ്പാല്‍ , ജെയിന്‍ സ്കൂള്‍ തുടങ്ങിയവക്കൊപ്പം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മാനേജുമെന്റ്, അമിറ്റി യൂണിവേര്സ്സിറ്റി തുടങ്ങി അനേകം ഇന്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അമേരിക, യു കെ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നമ്മുടെ കുട്ടികള്‍ വിദ്യാഭ്യാസം നേടുന്നു.
വാല്‍ക്കക്ഷണം:- ഗള്‍ഫിലെ വിദ്യാര്‍ഥികള്‍ ബ്രോയിലര്‍ ചിക്കന്‍ പോലെ ആണ്. അതി രാവിലെ സ്കൂള്‍ ബസ്സില്‍ അവര്‍ സ്കൂളിലേക്ക് പോകുന്നു. ഉച്ചക്ക് സ്കൂള്‍ പഠനം കഴിഞ്ഞാല്‍ തിരികെ വീട്ടിലേക്കും. പല സ്കൂളുകള്‍ക്കും അത് നില്‍ക്കുന്ന കെട്ടിടത്തിനപ്പുരം ആവശ്യമായ ഗ്രൌണ്ട് , സ്റ്റേഡിയം തുടങ്ങിയവ ഒന്നും ഇല്ലാത്തതിനാലും മറ്റു പാട്യെതര വിഷയങ്ങളില്‍ ശ്രദ്ധ ചെലുത്താത്തതിനാലും അവരിലെ കായിക ക്ഷമത വളരെ കുറവാണ്. സ്കൂളിനും വീടിനും ഏതാനും ഷോപ്പിംഗ് മാളുകള്‍ക്കും അപ്പുറം ജീവിതം ഇല്ല എന്ന് കരുതുന്ന നിസ്സഹായരായ കുട്ടികള്‍ ആണ് ഗള്‍ഫില്‍ നിന്നും പടിയിറങ്ങുന്ന വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും.
വളരെ വിജ്ഞാനപ്രദവും ചിന്തനീയവുമായ പല കാര്യങ്ങളും പറഞ്ഞത് സ്ലാഖനീയമാണ്.
ReplyDeleteവ്യക്തമായ ഒരു മാര്‍ഗനിര്‍ദേശമോ പോംവഴിയോ നല്‍കാന്‍ കഴിയാത്തതിനാല്‍ പോസ്റ്റിന്റെ പര്യവസാനം വായനക്കാരന് പാതി കഴിച്ചു എണീറ്റ ഭക്ഷണം പോലെ അനുഭവപ്പെടാം..
സിലബസ് പഠനങ്ങളില്‍ വളരെ മുന്നില്‍ നില്‍ക്കുന്ന ഗള്‍ഫ് വിദ്യാര്‍ഥികള്‍ക്ക് വേണ്ടത്ര ക്രിയേറ്റിവിറ്റി ഉണ്ടാകുന്നില്ല എന്ന ആക്ഷേപം കുറേ മുമ്പ് മുതലേ ഉണ്ട്...
ReplyDeleteഅതിന് പരിഹാരം കാണേണ്ടുന്ന കാലം അതിക്രമിച്ച് കൊണ്ടിരിക്കുന്നു..
നല്ല പോസ്റ്റ്..