എയര്‍ ഇന്ത്യ എന്ന പ്രേതം
എയര്‍ ഇന്ത്യയില്‍ പൈലറ്റുമാര്‍ നടത്തുന്ന സമരം 45 ദിവസം പിന്നിട്ടു. . ഇന്ത്യയുടെ പൊതു ഖജനാവിനെ മുടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഒരു വെള്ളാന ആണ് എയര്‍ ഇന്ത്യ.
എയര്‍ ഇന്ത്യയില്‍ സമരങ്ങള്‍ വളരെ സാധാരണം ആണ്.
പഴയ ഒരു കോമഡി ഓര്‍മ വരുന്നു... ഒരു ജോലി കിട്ടിയിട്ട് വേണം ഒന്ന് ലീവ് എടുക്കാന്‍ എന്ന് പറയുന്ന തൊഴില്‍ രഹിതന്റെ നിഷ്കളങ്കമായ തമാശ. അത് തമാശ ആണെങ്കില്‍ എയര്‍ ഇന്ത്യയില്‍ ജോലി കിട്ടുക എന്ന് പറഞ്ഞാല്‍ അത് സമരം ചെയ്യുവാനുള്ള ഒരു അവകാശം ആയിട്ടാണ് തൊഴിലാളികള്‍ കാണുന്നത് എന്ന് പലപ്പോഴും തോന്നാറുണ്ട്. എയര്‍ ഇന്ത്യ പോലെ ഒരു വിമാനക്കമ്പനി നമ്മുടെ രാജ്യത്തിന് വേണമോ എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.
എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ ലൈന്‍സും തമ്മില്‍ നടന്ന ലയനത്തിന് ശേക്ഷം എയര്‍ ഇന്ത്യയില്‍ ഉണ്ടായിരുന്ന പഴയ പൈലറ്റ് മാര്‍ക്ക് ഇതുവരെയും ഇന്ത്യന്‍ എയര്‍ ലൈന്‍സില്‍ നിന്ന് വന്ന സഹ പൈലറ്റുമാരെ അംഗീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. പഴയ ഇന്ത്യന്‍ എയര്‍ലൈന്‍സിലെ പൈലറ്റുമാര്‍ക്ക് ബോയിങ് ഡ്രീംലൈനര്‍ വിമാനത്തിന്റെ പരിശീലനം നല്‍കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചതാണ് സമരകാരണം. എയര്‍ഇന്ത്യയുടെ പുതിയ ഡ്രീംലൈനറിന്റെ പരിശീലനം തങ്ങള്‍ക്കു മാത്രമേ നല്‍കാവൂ എന്നാണ് പഴയ എയര്‍ ഇന്ത്യയിലുണ്ടായിരുന്ന പൈലറ്റുമാര്‍ ആവശ്യപ്പെടുന്നത്. ഇത് പൊതുവില്‍ പറയുന്ന കാര്യങ്ങള്‍ ആണ് എങ്കിലും ഇതിലുപരി എന്തൊക്കെയോ ഈ സമരത്തിനു പിന്നില്‍ ചീഞ്ഞു നാറുന്നില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
കഴിഞ്ഞ ഇരുപതു വര്‍ഷത്തിനു മേല്‍ ഒരു പ്രവാസി ആണ് ഞാന്‍. കഴിയുന്നതും എയര്‍ ഇന്ത്യ അല്ലെങ്കില്‍, എയര്‍ ഇന്ത്യ എക്പ്രെസ്സ് ആണ് ഞാന്‍ നാട്ടിലേക്ക് പോകുവാന്‍ തെരെഞ്ഞെടുക്കാറുള്ളതു. എന്റെ ഭാഗ്യം എന്നെ പറയേണ്ടു, ചില അപൂര്‍വം അവസരങ്ങളില്‍ ഒഴിച്ച് മിക്കപ്പോഴും സമയ ക്രമങ്ങളില്‍ കൃത്യത പാലിച്ചില്ല എങ്കില്‍ കൂടി വിമാനം മുടങ്ങിയ അവസ്ഥ ഉണ്ടായിട്ടില്ല. ഇന്‍ ഫ്ലൈറ്റ് സര്‍വീസില്‍ എനിക്ക് ഏറ്റവും ഇഷ്ടം എയര്‍ ഇന്ത്യയിലെ യാത്രയിലെ സൌകര്യങ്ങള്‍ ആണ്. മുന്‍പ് ഇന്ത്യയുടെ പ്രധാന സെക്ടറുകളിലേക്ക് ഒരു വിധം മോണോ പൊളി ആയിരുന്നു എയര്‍ ഇന്ത്യയുടെ സര്‍വീസ്. അതിനാല്‍ പല ദുരിതങ്ങളും സഹിച്ചു ഗള്‍ഫ് യാത്രക്കാര്‍ ഈ വിമാനയാത്രയിലെ ദുരിതങ്ങള്‍ തങ്ങളുടെ വിധിയുടെ ഭാഗമാക്കിയിരുന്നു. സാധാരണ തൊഴിലാളികള്‍, വിമാനയാത്ര എന്ന് പറഞ്ഞാല്‍ കൃത്യത ഇല്ലാത്ത ഒരു തരം സര്‍വീസ് ആണ് എന്ന് പോലും ധരിച്ചു വശായിരുന്ന കാലം ഉണ്ടായിരുന്നു.
എന്ത് കൊണ്ടാണ് എയര്‍ ഇന്ത്യാ മാനേജുമെന്റിനു ചുവരെഴുത്ത് വായിക്കാന്‍ കഴിയാതെ പോകുന്നത്? ആഗോളവല്ക്കരനത്തിനു ശേക്ഷം ലോകത്തുണ്ടായ മാറ്റങ്ങള്‍ എന്ത് കൊണ്ടാണവര്‍ കാണാതെ പോകുന്നത്? അതല്ലെങ്കില്‍ സര്‍ക്കാരിന്റെ പണം അല്ലെ, അത് എങ്ങനെ നശിപ്പിക്കാം എന്ന് കരുതി മനപ്പൂര്‍വ്വം തോന്ന്യവാസം കാണിക്കുകയാണോ? കാട്ടിലെ തടി , തേവരുടെ ആന, വലിയെടാ വലി... എന്ന പഴഞ്ചൊല്ല് പോലെ ആണ് എയര്‍ ഇന്ത്യ ഭരിക്കുന്നവരുടെയും അതില്‍ ജോലി ചെയുന്നവരുടെയും മനോഭാവം.
എയര്‍ ഇന്ത്യ എന്ന തങ്ങള്‍ ജോലി ചെയുന്ന കമ്പനി എങ്ങനെ പൂട്ടിക്കാം എന്ന് ശ്രമിക്കുന്ന ഈ തൊഴിലാളികള്‍ എയര്‍ ഇന്ത്യക്ക് ആവശ്യമോ? ഇന്നിപ്പോള്‍ വ്യോമയാന രംഗത്ത് അതി കഠിനമായ മല്‍സരമാണ് നേരിടുന്നത്. ഒരു കാലത്ത് ലോകത്തിലെ തന്നെ പ്രധാനപ്പെട്ട എയര്‍ ലൈന്‍ ആയിരുന്ന എയര്‍ ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ അതിന്റെ നടത്തിപ്പുകാര്‍ മനസിലാക്കുന്നത് നന്നായിരിക്കും. ഇങ്ങനെ പോയാല്‍ എത്ര പെട്ടെന്ന് എയര്‍ ഇന്ത്യ പൂട്ടാം എന്ന് മത്സരിക്കുന്ന തൊഴിലാളികളും മാനേജുമെന്റും. വളരെ ചെറിയ കാര്യങ്ങള്‍ക്ക് പോലും സമരം നടത്തുന്ന തൊഴിലാളികളും അവരുടെ സംഘടനകളും പലപ്പോഴും വലിയ തുക കമ്മീഷന്‍ മേടിച്ചു മറ്റു എയര്‍ ലൈനുകളെ സഹായിക്കുകയാണ് ചെയ്യാറുള്ളത്. നൂറ്റി അറുപതു പൈലറ്റുമാര്‍ അംഗംങ്ങള്‍ ആയ ഇന്ത്യന്‍ പൈലറ്റ് ഗില്‍ഡ് എന്ന സംഘടന ആണ് ഇപ്പോള്‍ ഈ സമരത്തിനു പിന്നില്‍. ശരദ് പവാര്‍ നയിക്കുന്ന നാഷണല്‍ കോണ്‍ഗ്രെസ് പാര്‍ട്ടി ആണ് ഈ സംഘടനയെ നിയന്ത്രിക്കുന്നത്. ഒന്നോര്‍ക്കണം, കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ ആയി, എന്‍ സി പി ആയിരുന്നു ഈ വകുപ്പ് ഭരിച്ചിരുന്നത്. അവരുടെ നേതാവും വ്യവസായിയും ആയ പ്രഭുല്‍ പട്ടേല്‍ ആയിരുന്നു മന്ത്രി. ഒടുവില്‍ വമ്പന്‍ അഴിമതി നടത്തിയതിന്റെ പേരില്‍ ഈ വകുപ്പ്, വയലാര്‍ രവിയെ ഏല്‍പ്പിക്കുകയും, രാഷ്ട്രീയ നീക്കു പോക്കുകല്‍ക്കൊടുവില്‍ കഴിഞ്ഞ ഉത്തര്‍ പ്രദേശ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടി ആയി, രാഷ്ട്രീയ ലോക്ദള്‍ നേതാവ് അജിത് സിംഗിനെ ഈ വകുപ്പ് ഏല്‍പ്പിക്കുകയും ചെയ്തു. വയലാര്‍ രവിക്ക്, കാര്യമായി ഒന്നും ഈ വകുപ്പില്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല, എന്നതിലുപരി, വ്യോമ ഗതാഗത വ്യവസായത്തെ നിയന്ത്രിക്കുന്ന പശ്ചിമ ഉത്തര ലോബികളുടെ ഇടയില്‍ കിടന്നു ശ്വാസം മുട്ടുകയായിരുന്നു വയലാര്‍ രവി. ഒരു വലിയ മാഫിയ ആണ് ഇന്ന് എയര്‍ ഇന്ത്യയെ കഴുത്തു ഞെരിച്ചു കൊല്ലുന്നത്. അത് ഇന്നോ ഇന്നലെയോ തുടങ്ങിയത് അല്ല.
അന്തരിച്ച മുന്‍ വ്യോമയാന മന്ത്രി, മാധവ റാവു സിന്ധ്യ ഒരിക്കല്‍ പൈലറ്റുമാരുടെ സമരത്തെ ശക്തമായി നേരിടുകയും, റഷ്യയില്‍ നിന്ന് പകരം പൈലറ്റുമാരെ കൊണ്ട് വന്നു സര്‍വീസുകള്‍ നടത്തുകയും ചെയ്തു. നിര്‍ഭാഗ്യവശാല്‍ അതിലൊരു വിമാനം തകര്‍ന്നു വീഴുകയും, ( ഒരു പക്ഷെ പൈലറ്റു മാരുടെ സംഘടനകള്‍ സൃഷ്ട്ടിച്ച അട്ടിമറി ആയിരുന്നോ എന്നും തിരിച്ചറിയേണ്ടതുണ്ട്) അങ്ങനെ ആ സമരം വിജയിക്കുകയും ഉണ്ടായി.
ഇപ്പോള്‍ നടക്കുന്ന സമരത്തില്‍ മന്ത്രി അജിത് സിംഗ് തുടക്കത്തില്‍ വളരെ ശക്തമായ നടപടികളും ആയിട്ടാണ് മുന്നോട്ടു പോകുന്നത്. മുന്നറിയിപ്പ് പോലും കൊടുക്കാതെ സമരം നടത്തിയ ഇന്ത്യന്‍ പൈലറ്റ് ഗില്‍ഡ് എന്നാ സംഘടനയുടെ അംഗീകാരം റദ്ദാക്കുകയും, സമരത്തില്‍ പങ്കെടുത്ത പല പൈലറ്റുമാരെ പിരിച്ചു വിടുകയും ചെയ്തു കൊണ്ടായിരുന്നു ധീരമായ നടപടി. ഫ്ലയിംഗ് മണിക്കൂറുകള്‍ കൂടിയതിനാല്‍ ഉണ്ടായ മൂലക്കുരുവിന്റെ അസ്കിതയില്‍ കഴിഞ്ഞ പൈലറ്റുമാരുടെ വീടുകളില്‍ ഡോക്ടര്‍മാരെ വിട്ടു അവരുടെ മൂലക്കുരു ദീനം സുഖമാകുവാനും അദേഹം നിര്‍ദ്ദേശിച്ചു. രണ്ടു റിട്ട് ഹര്‍ജികള്‍ കോടതിയില്‍ കൊടുത്ത്, രണ്ടിടത്തും പൈലറ്റ് സംഘടന പരാജയപ്പെട്ടു. നിര്‍ബന്ധമായും പൈലറ്റുമാര്‍ ജോലിക്ക് കയറണം എന്ന് കോടതി കല്‍പ്പിക്കുകയും ചെയ്തു. എന്നിട്ടും, ഇന്ത്യന്‍ നീതി ന്യായ വ്യവസ്ഥയെ പോലും വെല്ലു വിളിച്ചു കൊണ്ടാണ് ഇപ്പോള്‍ പൈലറ്റുമാര്‍ സമരം നടത്തുന്നത്. കാരണം, ശരദ് പവാറിനെ പോലുള്ള ലോകത്തിലെ ഏറ്റവും വലിയ ഒരു മാഫിയ ആണ് ഈ സമരത്തിനു പിന്നില്‍. ഭരിക്കുന്ന മുന്നണിയിലെ തന്നെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ തൊഴിലാളി പ്രസ്ഥാനം ആണ് ഇന്ത്യന്‍ നീതി ന്യായ കോടതിയോടും ജനാതിപത്യ സംവിധാനത്തോടും, സര്‍വോപരി ഇന്ത്യന്‍ ജനതയോടും ഈ വെല്ലുവിളി നടത്തുന്നത്. സമരം തുടങ്ങിയതിനു ശേക്ഷം മാത്രം ഏതാണ്ട് 500 കോടി രൂപയ്ക്ക് മുകളില്‍ ആണ് എയര്‍ ഇന്ത്യക്ക് നഷ്ടം. പതിനാലായിരം കോടിക്ക് മുകളില്‍ നഷ്ടത്തില്‍ ഓടുന്ന എയര്‍ ഇന്ത്യക്ക് ഈ നഷ്ടം ഒരു പുത്തരിയല്ല.

ആദ്യ ദിവസങ്ങളില്‍, യൂറോപ്പ്, അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇപ്പോള്‍ നടത്തുന്ന അപൂര്‍വ്വം സര്‍വീസുകള്‍ തടസപ്പെടുക ഉണ്ടായെങ്കിലും രണ്ടു മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ അതൊക്കെ പുനസ്ഥാപിക്കപ്പെടുവാന്‍ എയര്‍ ഇന്ത്യക്ക് കഴിഞ്ഞു. ഇപ്പോള്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, പൂന, ഹൈദരാബാദ് തുടങ്ങിയ ഇടങ്ങളില്‍ നിന്ന് ഗള്‍ഫിലേക്കുള്ള സര്‍വീസുകള്‍ ആണ് കൂടുതലായി റദ്ദാക്കപ്പെടുന്നത്. ഇപ്പോള്‍ ഈ പട്ടണങ്ങളില്‍ നിന്ന് ഒന്നിരാടം ദിവസങ്ങില്‍ ആണ് മിക്ക രാജ്യങ്ങളിലേക്കും സര്‍വീസുകള്‍ നടത്തുന്നത്. ഇവിടങ്ങളില്‍ നിന്ന് വളരെ കുറച്ചു യാത്രക്കാര്‍ മാത്രമേ എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്യാറുള്ളൂ എന്നതും കൂട്ടി വായിക്കേണ്ടതാണ്. സ്ഥിരമായി സര്‍വീസ് ഉള്ളപ്പോള്‍ പോലും ഈ വിമാനങ്ങളില്‍ യാത്രക്കാര്‍ വളരെ കുറവായിരിക്കും. അതിനാല്‍ രണ്ടു ദിവസത്തെ യാത്രക്കാരെ ഒന്നിച്ചു കൊണ്ട് പോകുന്നതിനാല്‍ എയര്‍ ഇന്ത്യക്ക് ഈ സമരം പോലും അവരുടെ നഷ്ടം കുറയ്ക്കാന്‍ ഇട നല്‍കും.
പൈലറ്റുമാരുടെ ഈ സമരം, എയര്‍ ഇന്ത്യ എന്ന കമ്പനിക്ക് ചില റൂട്ടുകളില്‍ നഷ്ടം ഉണ്ടായപ്പോള്‍ മറ്റു പല റൂട്ടുകളിലും ലാഭവും ഉണ്ടായി എന്ന കാര്യം എടുത്തു പറയാതിരിക്കാന്‍ കഴിയില്ല. പക്ഷെ ഈ സമരം കൊണ്ട്, ഏറ്റവും അധികം ബുദ്ധിമുട്ടുന്നത് ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാര്‍ ആണ്. കേരളത്തിലെ ഒട്ടു മിക്ക, സാധാരണക്കാരുടെ യാത്രകളും എയര്‍ ഇന്ത്യ എക്സ്പ്രെസ്സ് എന്ന വിമാന കമ്പനിയെ ആശ്രയിച്ചാണ് നടക്കുന്നത്. വടക്കേ ഇന്ത്യക്കാര്‍ക്ക് എയര്‍ ഇന്ത്യ അത്ര വലിയ ഒരു ആവശ്യം ആയിരുന്നില്ല, ഡല്‍ഹി, മുംബൈ സെക്ടറുകളിലേക്ക് അനേകം വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്. ജെറ്റ് എയര്‍വേയ്സ് , കിംഗ് ഫിഷര്‍ തുടങ്ങിയ കമ്പനികള്‍ ഈ റൂട്ടില്‍ നിരവധി സര്‍വീസുകള്‍ നടത്തുന്നു.
എയര്‍ ഇന്ത്യ പൈലറ്റുമാരുടെ സമര പ്രഖ്യാപനത്തിനു ശേക്ഷം ആണ്, ഇന്ത്യയിലെ ബഡ്ജെറ്റ് എയര്‍ കമ്പനികളായ ഇന്‍ഡിഗോ, സ്പൈസ് ജെറ്റ്, തുടങ്ങിയ കമ്പനികള്‍ക്കും വിദേശത്തേക്ക് പറക്കുവാനുള്ള അനുവാദം നല്‍കിയത്. എയര്‍ ഇന്ത്യ പൈലറ്റുമാര്‍ സമരം നടത്തുന്നതിനാല്‍, എയര്‍ ഇന്ത്യ വിമാനത്തില്‍ വിശ്വസിച്ചു യാത്ര ചെയുവാന്‍ കഴിയില്ലാത്തതിനാല്‍ ഇപ്പോള്‍ മിക്കവാറും എല്ലാവരും ഈ പുതു വിമാനങ്ങളെ ആണ് ആശ്രയിക്കുക. യാത്രക്കാരെ ഞെക്കി പിഴിഞ്ഞ് അമിത കൂലി ഈടാക്കി ആണ് ഈ വിമാനങ്ങള്‍ എല്ലാം ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. കേരളത്തിലേക്ക് ഈ നവ വിമാനക്കമ്പനികള്‍ ആവശ്യത്തിന് സര്‍വീസ് നടത്തുന്നില്ല എന്ന കാര്യം പ്രത്യേകം പ്രസ്താവ്യം ആണ്.
ഒന്നുകില്‍ സാമ്പത്തീക പരാധീനത അനുഭവിക്കുന്ന ഈ കമ്പനി അടച്ചു പൂട്ടുക, എന്നിട്ട് വളരെ പ്രൊഫഷണല്‍ ആയ മാനേജുമെന്റ് വിദഗ്ധരുടെ മേല്‍ നോട്ടത്തില്‍ പുതിയ ഒരു വിമാന കമ്പനി തുടങ്ങുക. ഇന്ന് കാര്യഷമമായി നടത്തിയാല്‍ ലാഭത്തില്‍ നടത്തുവാന്‍ കഴിയുന്ന വ്യവസായം ആണ്, വ്യോമയാന സര്‍വീസ്.
വാല്‍ക്കക്ഷണം:-
പക്ഷെ വ്യോമയാന മന്ത്രി അജിത് സിംഗ് ഈ സമരത്തെ തുടക്കം മുതല്‍ എതിര്‍ത്തു എങ്കില്‍ പോലും, ഇപ്പോള്‍ പഴയ പൈലറ്റുമാരെ തിരിച്ചു വിളിക്കുന്നതു കാണുമ്പോള്‍ വീണ്ടും ഇതിനു പിന്നിലെ കള്ളക്കളികളില്‍ അദേഹത്തിനും പങ്കുണ്ടോ എന്ന് സംശയം ബാക്കി നില്‍ക്കുന്നു. ഇന്ത്യയില്‍ നിന്ന്, ജെറ്റ് എയര്‍ വേയ്സ്, കിംഗ് ഫിഷര്‍, ഇന്‍ഡിഗോ, സ്പൈസ് ജെറ്റ്, തുടങ്ങിയ കമ്പനികളെയും മറ്റു വിദേശ വിമാന കമ്പനികളെയും പ്രോത്സാഹിപ്പിക്കുവാന്‍ അറിഞ്ഞു കൊണ്ട് നടത്തുന്ന ഒരു നീക്കം ആകുമോ ഇതിനു പിന്നില്‍? ഇന്ത്യയിലെ സ്വകാര്യ വിമാനക്കമ്പനികള്‍ക്ക് വേണ്ടി എയര്‍ ഇന്ത്യയെ കരുവാക്കുന്ന ആ പഴഞ്ചന്‍ രീതിയില്‍ നിന്ന് മന്ത്രിമാരും, ഉദ്യോഗസ്ഥരും ഇനി എന്നാണാവോ നടുവ് നിവര്‍ക്കുക?.
No comments:
Post a Comment