
മറ്റൊരു യാത്ര കൂടി... യാത്ര എനിക്കെന്നും ഹരം ആണ്... വളരെ ചെറുപ്പം മുതലേ , ലോകത്തിന്റെ എല്ലാ കോണുകളിലും യാത്ര ചെയ്യണം എന്ന അതിയായ ആഗ്രഹം കൊണ്ട് നടന്ന ഒരാള്‍ ആണ് ഞാന്‍.. ... യൂറോപ്പ് പോയിട്ട് ഗള്‍ഫോ, ഒരു പക്ഷെ കേരളത്തിനു വെളിയില്‍ പോലും പോകുവാന്‍ കഴിയുമോ എന്ന് കരുതിയിട്ടുണ്ടായിരുന്നില്ല ചെറുപ്പത്തില്‍ , എങ്കിലും ലോകം കാണണം എന്നാ അദമ്യമായ ആഗ്രഹം കൊണ്ടാകാം കഴിഞ്ഞ ഫെബ്രുവരിയില്‍ യൂറോപ്പും റഷ്യയും ഉക്രൈനും സന്ദര്‍ശിക്കുവാന്‍ അവസരം കിട്ടിയത് ... അന്ന് യൂറോപ്പില്‍, ജെര്‍മനി, ഫ്രാന്‍സ്, ഹോളണ്ട് തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പം റഷ്യയും ഉക്രൈനും സന്ദര്‍ശിക്കുവാന്‍ അവസരം കൈവന്നു... ഇന്നിതാ മറ്റൊരു യാത്രക്ക് കളമൊരുങ്ങുന്നു... വീണ്ടും സന്തോഷത്തിന്‍റെ നിമിഷങ്ങള്‍... , നന്ദി ആരോട് ഞാന്‍ ചൊല്ലേണം... യാതൊരു തിട്ടവും ഇല്ല... ഇത്തവണയും യാത്ര പോകുവാനായി, ഞാനും ബഷീറും ഒന്നിച്ചാണ് പ്ലാന്‍ ചെയ്തത്.. റഷ്യ, ഹോളണ്ട് തുടങ്ങിയ രാജ്യങ്ങള്‍ നിശ്ചയമായും സന്ദര്‍ശിക്കണം. കഴിഞ്ഞ തവണത്തെ യാത്രക്ക് ശേക്ഷം, ഉക്രൈന്‍, റഷ്യ, ഹോളണ്ട് തുടങ്ങിയ രാജ്യങ്ങളിലേക്ക് ഞങ്ങള്‍ മുന്തിരി, മാതളം, പൊട്ടറ്റോ തുടങ്ങിയവ കയറ്റി അയച്ചു... ആദ്യം ആയിട്ടാണ് ഞങ്ങളുടെ കമ്പനി ഈ രാജ്യങ്ങളിലേക്ക് നേരിട്ട് സാധനങ്ങള്‍ കയറ്റി അയക്കുന്നത്... ഹോളണ്ടിലേക്കും ഉക്രൈനിലേക്കും മുന്തിരിയും റഷ്യയിലേക്ക് മുന്തിരിക്കൊപ്പം, മാതള നാരങ്ങ, ഉരുളക്കിഴങ്ങു തുടങ്ങിയവയും കയറ്റി അയച്ചു... അതിനാല്‍ ആകണം , ചില പ്രശങ്ങള്‍ ഉണ്ടായിരിക്കുന്നു...ലോഡിംഗിലും കണ്ടൈനറിലെ തണുപ്പ് ക്രമീകരിക്കുന്നതിലും പറ്റിയ പിഴവാണ്. അതിനാല്‍ ആ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഞാനും ബഷീറും ഒന്ന് ചേര്‍ന്ന് പോകുന്നു.. ഇതായിരുന്നു പ്ലാന്‍..,. ബഷീര്‍ എന്‍റെ കൂടെ റഷ്യയിലും പിന്നീട് ഹോളണ്ടിലും വന്നിട്ട് തിരികെ പോരും. 45 ദിവസം ഞാന്‍ ഹോളണ്ടില്‍ താമസിച്ചു അവിടുത്തെ ഞങ്ങളുടെ കച്ചവടം ശ്രദ്ധിക്കണം. ആദ്യം ആയിട്ട് ആണ് ഇന്ത്യയില്‍ നിന്ന് റഷ്യയിലേക്ക് ഉരുളക്കിഴങ്ങ് കയറ്റി അയക്കുന്നത്. എന്തായാലും വിസയും ടിക്കറ്റും ഒക്കെ ഞങ്ങള്‍ രണ്ടു പേര്‍ക്കും എടുത്തു, പോകുന്നതിനു രണ്ടു ദിവസം മുന്‍പ് ബഷീര്‍ പറഞ്ഞു, ബഷീറിന് ഇത്തവണ എന്റെ കൂടെ വരാന്‍ കഴിയില്ല, ബിസിനെസ്സിലെ തിരക്കാണ് കാരണം, ഇന്ത്യന്‍ മാങ്ങയുടെ സീസന്‍ ആണ് ഇപ്പോള്‍, പോരാത്തതിന് ലുലു ഗ്രൂപ്പും ആയി ചേര്‍ന്ന് കൊണ്ട് ഗള്‍ഫില്‍ ഉടനീളം പത്തു ദിവസത്തെ ഇന്ത്യന്‍ മാന്‍ഗോ ഫെസ്റ്റിവല്‍ , ഈ വര്‍ഷം ഞങ്ങള്‍ ആണ് മെയിന്‍ സ്പോണ്സര്‍.,. അതിനാല്‍ ഞാന്‍ ഒറ്റയ്ക്ക് വേണം ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കേണ്ടതും അവിടത്തെ കച്ചവടങ്ങള്‍ നിയന്ത്രിക്കെണ്ടതും... ഒറ്റയ്ക്ക് യാത്ര പോകണം എന്ന് കേട്ടപ്പോള്‍ എനിക്ക് സന്തോഷം കൂടി. ഒരു പക്ഷെ മുതലാളി കൂടെ ഇല്ലാത്തതിനാല്‍ കൂടുതല്‍ സന്തോഷം. ഒരു സുഖകരമായ സന്തോഷം. ഹോളണ്ട്, റഷ്യ , മുന്‍പ് ഇവിടെ ഒക്കെ സന്ദര്‍ശിച്ചിട്ടു ഉള്ളതിനാല്‍ യാതൊരു പ്രശനവും ഇല്ല. പക്ഷെ പെട്ടെന്നാണു മറ്റൊരു തീരുമാനം വന്നത്, സ്കാണ്ടിനെവിയന്‍ രാജ്യങ്ങള്‍ ആയ സ്വീഡന്‍ , ഡെന്മാര്‍ക്ക് തുടങിയ രാജ്യങ്ങള്‍ കൂടി സന്ദര്‍ശിക്കണം. അവിടെയും ഈ വര്ഷം മറ്റൊരു ഏജന്‍റ് മുഖേന കുറച്ചു മുന്തിരി കയറ്റി അയച്ചിട്ടുണ്ട്... ആ ഏജെന്‍റ് അവിടെ ഞാന്‍ പോകുന്ന ദിവസം തന്നെ പോകുന്നു... സ്വീഡന്‍ , എന്ന് കേട്ടപ്പോള്‍ സ്റ്റോക്ക് ഹോമില്‍ പോകുന്നതിനെ കുറിച്ച് ഞാന്‍ ചിന്തിച്ചു... സ്വീഡിഷ് കാരിയായ ഒരു സുഹൃത്ത് എനിക്ക് വളരെ മുന്നേ ഉണ്ടായിരുന്നു.. ഇപ്പോള്‍ അവള്‍ യു കെ യില്‍ ആണ്... മറ്റു വിവരങ്ങള്‍ ഒനും ഇല്ല... സ്വീഡന്‍, സന്ദര്‍ശിക്കുക എന്നതും നടക്കില്ല എന്ന് കരുതിയ വലിയ ഒരു ആഗ്രഹം ആയിരുന്നു.. സ്വീഡനില്‍ എനിക്ക് പോകേണ്ടത്, സ്റ്റോക്ക്‌ഹോമില്‍ അല്ല, ഹെല്സിംഗ് ബോര്‍ഗ് എന്ന സ്ഥലത്ത് ആണ്. കേട്ടിട്ട് പോലും ഇല്ലാത്ത ഒരു സ്ഥലം. എങ്ങനെ ആണ് ഹെല്സിംഗ്ബോര്‍ഗില്‍ എത്തുക? ഹെല്സിംഗ്ബോര്‍ഗില്‍ വിമാനത്താവളം ഇല്ല... ഞാന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ നോക്കിയിട്ട് യാതൊരു മാര്‍ഗവും കാണുന്നില്ല. ഇന്‍റര്‍നെറ്റില്‍ കുത്തിയിരുന്നു നോക്കിയപ്പോള്‍ ഹെല്സിംഗ് ബോര്‍ഗിന് ഏറ്റവും അടുത്ത വിമാനത്താവളം മാല്‍മോ ആണ് എന്ന് കണ്ടു പിടിച്ചു. അവിടേക്ക് കണക്ഷന്‍ കിട്ടുക വളരെ ബുദ്ധിമുട്ട്. മാല്മോയിലേക്ക് കൂടുതലും ചാര്‍ട്ടര്‍ വിമാനങ്ങള്‍ ആണ് പോകുന്നത്. സുഹൃത്ത് ആയ ജയന്‍ മങ്ങാടും ആയി സംസാരിച്ചു...അനേകം രാജ്യങ്ങളില്‍ യാത്ര ചെയ്തിട്ടുള്ള ജയന് യൂറോപ്പിലെ വഴികള്‍ അച്ചട്ടാണ്... ഒടുവില്‍ ജയന്‍ ആണ് എനിക്ക് വഴി പറഞ്ഞു തന്നത്... ഡെന്മാര്‍ക്കിന്റെ തലസ്ഥാനമായ കോപ്പന്‍ ഗെഹനില്‍ ഇറങ്ങി, അവിടെ നിന്ന്, ട്രെയിന്‍, കര, കടല്‍ മാര്‍ഗം ഉള്ള ഏതെങ്കിലും വഴിയില്‍ കൂടി വേണം ഹെല്സിംഗ് ബോര്‍ഗില്‍ എത്തേണ്ടത്... ഇത്തവണയും ജര്‍മ്മന്‍ എംബസ്സി ആണ് എനിക്ക് ഷെന്ഗന്‍ വിസ തന്നത്, മൂന്നു മാസത്തെക്കിനുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ. എനിക്ക് പോകേണ്ടത് ഹോളണ്ടിനും. ട്രാവല്‍ എജെന്‍സിയിലെ മലയാളി കുട്ടി പറഞ്ഞു, ജെര്‍മനി ഇഷ്യൂ ചെയ്ത വിസ ആയതിനാല്‍ ആദ്യം ജെര്‍മനിയില്‍ ഇറങ്ങണം, അവിടെ എമിഗ്രേഷന്‍ സ്റ്റാമ്പ് പതിപ്പിച്ചു വേണം മറ്റു രാജ്യങ്ങളില്‍ പോകേണ്ടത്... അതിനാല്‍ എനിക്കവര്‍ കെ എല്‍ എം ഫ്ലൈറ്റ് ടിക്കറ്റ് തന്നത് ഇങ്ങന ആണ്.. ദുബായ്- ആംസ്റ്റര്‍ ഡാം, ആംസ്റ്റര്‍ ഡാം - ഫ്രാങ്ക് ഫര്‍ട്ട് , ഫ്രാങ്ക് ഫര്‍ട്ട് - ആംസ്റ്റര്‍ ഡാം , ആംസ്റ്റര്‍ ഡാം - കൊപ്പെന്‍ ഗെഹന്‍ എന്നിങ്ങനെ... രാവിലെ ദുബായില്‍ നിന്ന് തുടങ്ങുന്ന യാത്ര രാത്രി 12.30 തോടു കൂടി ഡെന്മാര്‍ക്കിന്റെ തലസ്ഥാനമായ കോപ്പന്‍ ഗെഹനില്‍ കൂടി സ്വീഡനിലെ ഹെല്സിംഗ് ബോര്‍ഗില്‍ അവസാനിക്കുന്നു. എനിക്ക് ഹോട്ടല്‍ ബൂക്കിംഗ് അന്ന് രാത്രി ഏര്‍പ്പെടുത്തിയിരിക്കുന്നത് സ്വീഡനിലെ ഹെല്സിംഗ് ബോര്‍ഗ് എന്നാ ചെറിയ പട്ടണത്തിലും. ദുബായില്‍ നിന്ന് ഹോളണ്ട്, ജര്‍മ്മനി, വീണ്ടും ഹോളണ്ട്, പിന്നെ ഡെന്മാര്‍ക്ക് , അവിടെ നിന്ന് സ്വീഡന്‍. . ഒരു ദിവസം അഞ്ചു രാജ്യങ്ങളില്‍ ...

യാത്ര പുറപ്പെടുവാന്‍ സമയം ആയി, കലശലായ ചുമയും ജലദോഷവും മാത്രം അല്ല, ത്രോട്ട് ഇന്ഫെക്ഷനും, കഫക്കെട്ടും. പക്ഷെ യാത്ര നീട്ടിവെക്കാന്‍ കഴിയില്ല. ഇതൊരു ത്രില്‍ ഉള്ള യാത്ര ആണ്... കഴിഞ്ഞ തവണ ജലദോഷവും ചുമയും ഒക്കെ ആയിട്ട് ഇവിടെ നിന്ന് പോയത്. പക്ഷെ ജെര്‍മനിയില്‍ കാലുകുത്തിയതോടെ രോഗാവസ്ഥ എല്ലാം പമ്പ കടന്നു.. ഇത്തവണയും യൂറോപ്പിലെ കാലാവസ്ഥയില്‍ രോഗം മാറും എന്ന ബോധ്യത്തില്‍ ഞാന്‍ വിമാനത്തില്‍ ഇരുപ്പുറപ്പിച്ചു. രാവിലെ ഏഴരക്ക് തന്നെ വിമാനം ദുബായ് വിമാനത്താവളത്തില്‍ നിന്നും ഉയര്‍ന്നു... തന്‍റെ കാമുകിയെ കാണാന്‍ സ്വിറ്റ്സര്‍ലണ്ടിലേക്ക് പോകുന്ന ലെബനീസുകാരന്‍ ഇടയ്ക്കിടയ്ക്ക് എന്‍റെ ബോറടി മാറ്റിക്കൊണ്ടിരുന്നു.. അയ്യാള്‍ ആദ്യം ആംസ്റ്റര്‍ ഡാമില്‍ പോയി, രണ്ടു ദിവസം അവിടെ താമസിചിട്ടാണ് ജെനീവക്ക് പോകുന്നത്... ആംസ്റ്റര്‍ ഡാമില്‍ പോയി അര്‍മാദിക്കണം, അതാണ് അയ്യാളുടെ ആഗ്രഹം. ആദ്യം ആയിട്ടാണ് അയ്യാള്‍ ആംസ്റ്റര്‍ ഡാമില്‍ പോകുന്നത്... ഞാന്‍ കഴിഞ്ഞ തവണ അവിടെ പോയ കാര്യം പറഞ്ഞപ്പോള്‍, പിന്നെ എന്നോട് ആംസ്റ്റര്‍ ഡാമിലെ കാര്യങ്ങള്‍ ചോദിച്ചു തുടങ്ങി... ഇത് തന്നെ അവസരം എന്ന് കരുതി, പണ്ട് നാട്ടില്‍ വരുന്ന പട്ടാളക്കാര്‍ ശത്രു സൈന്യത്തെ വെടിവച്ച വീര കഥകള്‍ പോലെ, പൊടിപ്പും തൊങ്ങലും വച്ച് ആംസ്റ്റര്‍ ഡാമിനെ കുറിച്ച് വിവരിച്ചു തുടങ്ങി.. അയ്യള്‍ക്ക് അറിയേണ്ടത് ആംസ്റ്റര്‍ ഡാമിലെ വേശ്യാലങ്ങളെയും അവിടത്തെ സ്ത്രീകളെയും കുറിച്ചായിരുന്നു... എന്‍റെ വീര കഥകള്‍ വലിയ ആവേശത്തോടെ അയ്യാള്‍ സ്വീകരിച്ചു... ഒരു മണി ആയപ്പോള്‍ ആംസ്റ്റര്‍ ഡാമില്‍ എത്തി. ആകെ ഒന്നര മണിക്കൂര്‍ മാത്രമേ ട്രാന്‍സിറ്റ് സമയം ഉള്ളൂ. ആറു റണ്‍ വേ ഉള്ള, ലോകത്തിലെ ആറാമത്തെ തിരക്കേറിയ എയര്‍ പോര്‍ട്ട് ആണ് ആംസ്റ്റര്‍ ഡാമിലെ സ്കിഫോള്‍ എയര്‍ പോര്‍ട്ട്. രണ്ടരക്ക് കെ എല്‍ എമ്മിന്‍റെ മറ്റൊരു വിമാനത്തില്‍ ഫ്രാങ്ക് ഫര്‍ട്ടിലേക്ക് പോകണം. എമിഗ്രേഷന്‍ അവിടെ ആണ് എന്ന് കരുതി ആണ് ജെര്‍മനിയിലെ ഫ്രാങ്ക് ഫര്‍ട്ടിലേക്ക് പോകുന്നത്... കഴിഞ്ഞ തവണയും ഫ്രാങ്ക് ഫര്‍ട്ടില്‍ പോയിരുന്നു. ഇത്തവണ അവിടെ നാല് മണിക്കൂര്‍ ഒറ്റയ്ക്ക് വിമാനത്താവളത്തില്‍ ഇരുന്നു ബോറടിക്കണം. എന്തായാലും ആംസ്റ്റര്‍ ഡാമില്‍ തന്നെ എമിഗ്രേഷന്‍ കഴിഞ്ഞു. ഇനി എന്തിനാണ് ജെര്‍മനിയിലേക്ക് പോകുന്നത്? പോയില്ലെങ്കില്‍ മറ്റു എന്തെങ്കിലും പ്രശനം ഉണ്ടാകുമോ? ആകെ ഒരു കണ്‍ ഫൂഷന്‍.,.. കയ്യിലിരുന്ന ബോര്‍ഡിംഗ് കാര്‍ഡിലേക്ക് നോക്കി. എന്തായാലും സമയവും ഉണ്ട് ടിക്കറ്റും ഉണ്ട്, അല്ലെങ്കില്‍ രാത്രി ഒന്‍പതര വരെ സ്കിഫോള്‍ എയര്‍ പോര്‍ട്ടില്‍ കുത്തി ഇരിക്കേണ്ടി വരും. ഏകദേശം നാല്‍പ്പതു മിനുട്ടില്‍ വിമാനം ഫ്രാങ്ക് ഫര്‍ട്ടില്‍ എത്തി. നന്നായി വിശക്കുന്നു. അവിടെ റെസ്റ്റോറെന്‍റില്‍ പോയി പിസ്സ കഴിച്ചു.. സമയം ഒത്തിരി ബാക്കി. ലാപ് ടോപ് തുറന്നു... ലാപ്ടോപ്പിന്റെ മോണിട്ടറിന്‍റെ ചില്ല് പൊട്ടിയിരിക്കുന്നു... വല്ലാത്ത വിഷമം ആയി. യാത്രയില്‍ ബോറടി മാറ്റുവാനായി കുറെ അധികം സിനിമ കൊണ്ട് വന്നിട്ടുണ്ട്... കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ , വാര്‍ത്തകള്‍ എങ്ങനെ കേള്‍ക്കും. ശരിക്കും വല്ലാത്തൊരു നിരാശ ബാധിച്ചു. യൂറോപ്പില്‍ എവിടെ എങ്കിലും കൊടുത്ത് നന്നാക്കിക്കുവാനും കഴിയില്ല...ഭയങ്കര കാശാവും... ആറരക്ക് വീണ്ടും ഫ്രാന്‍ ഫര്‍ട്ടില്‍ നിന്ന് ആംസ്റ്റര്‍ ഡാമിലേക്ക്, കെ എല്‍ എം വിമാനത്തില്‍., ഏഴു ഇരുപതിന് ആംസ്റ്റര്‍ ഡാമില്‍.,. ഇനി രാത്രി ഒന്‍പതരയ്ക്ക് ആണ് ഡെന്മാര്‍ക്കിന്റെ തലസ്ഥാനമായ കോപ്പന്‍ ഗെഹനിലേക്ക് കെ എല്‍ എം വിമാനം. ഒന്‍പതര ആയിട്ടും സന്ധ്യ മയങ്ങുന്നതെ ഉള്ളൂ.. ദിവസത്തിനു നീളം കൂടുന്നു. ആദ്യം ആയിട്ടാണ് സ്കാന്‍ഡിനെവിയന്‍ രാജ്യങ്ങളിലേക്ക് പോകുന്നതു. ബ്ലാക്ക് ബെറിയില്‍ രോഹിത്തിന്റെ മെസ്സേജു വന്നു. രോഹിത് ഹെല്സിംഗ് ബര്‍ഗില്‍ എത്തി എന്നും എനിക്ക് താമാസിക്കുവാന്‍ ബുക്ക് ചെയ്തിരിക്കുന്നത് ബെസ്റ്റ് വെസ്റ്റേണ്‍ എന്ന ഹോട്ടലില്‍ ആണെന്നും ആ ഹോട്ടലിലേക്ക് പോകേണ്ട വഴിയും വിവരിച്ചു തന്നിരിക്കുന്നു.. സന്തോഷമായി. രാത്രി പത്തു നാല്‍പ്പതു ആയപ്പോള്‍ വിമാനം കോപ്പന്‍ ഗെഹനില്‍ ഇറങ്ങി. ഇനി ഇവടെ നിന്ന് ട്രെയിനില്‍ വേണം സ്വീഡനിലേക്ക് പോകുവാന്‍.,... എന്തായാലും വിമാനത്താവളത്തിന്റെ അടിയില്‍ തന്നെ ആണ് റെയില്‍വേ സ്റ്റേഷന്‍.,. ട്രെയിന സമയം ഒന്നും അറിയില്ല, ഓടിപ്പിടിച്ച് റെയില്‍വേ സ്റ്റേഷനിലേക്ക് ചെന്നപ്പോള്‍ ആണ് മനസിലായത്, എന്‍റെ കയ്യില്‍ ആകെ ഉള്ളത് യൂറോയും ഡോളറും മാത്രം. ഡെന്മാര്‍ക്കിന്റെ നാണയം ആയ ഡാനിഷ് ക്രോനെര്‍ എന്റെ കയ്യില്‍ ഇല്ല. ഡാനിഷ് ക്രോനെര്‍ മേടിക്കുവാന്‍ ആയി മണി എക്സ് ചേഞ്ച് അന്വഷിച്ചു പോയി. എല്ലാം അടച്ചു പൂട്ടിയിരിക്കുന്നു. പണം കൊടുത്ത് ടിക്കറ്റ് എടുക്കുന്ന ടിക്കറ്റ് കൌണ്ടറുകളും അടച്ചു പൂട്ടിയിരിക്കുന്നു. ക്രെഡിറ്റ് കാര്‍ഡു കൊണ്ട് ടിക്കെറ്റെടുക്കുന്ന മെഷീന്‍ കണ്ടു. അവിടെ നോക്കിയപ്പോള്‍ എന്റെ ക്രെഡിറ്റ് കാര്‍ഡ് അവിടെ വര്‍ക്ക് ചെയുന്നില്ല. ശരിക്കും പെട്ട് പോയി എന്ന് തന്നെ പറയാം. മിക്ക സ്റ്റാളുകളും അടയ്ക്കുന്ന തിരക്കില്‍ . മിക്കവര്‍ക്കും ഇംഗ്ലീഷ് അറിയില്ല. അവരൊക്കെ സംസാരിക്കുന്നത് ഡാനിഷ് ഭാഷ ആണ്... ഇംഗ്ലീഷ് അറിയാവുന്നവര്‍ പോലും യൂറോ മാറി ക്രോനെര്‍ തരാന്‍ തയ്യാറല്ല. എന്റെ ദുരവസ്ഥ ഞാന്‍ എല്ലാവരോടും പറഞ്ഞു നോക്കി. ഒടുവില്‍ അണ്ടര്‍ ഗ്രൗണ്ടില്‍ ഉള്ള ട്രാക്കിലേക്ക് രണ്ടും കല്‍പ്പിച്ചു പോകുവാന്‍ ശ്രമിച്ചു. ട്രോളിയില്‍ ഒരു വിധത്തില്‍ ബാഗുകള്‍ വച്ച് താഴേക്കു പോകുമ്പോള്‍ കുത്തനെ ഉള്ള ഇറക്കം. ട്രോളി, ശക്തിയായി മുകളിലേക്ക് പിടിച്ചില്ല എങ്കില്‍ അത് താഴേക്ക് പോകും. ഒന്നര മാസം താമസിക്കെണ്ടതിനാല്‍ അതിനു തക്ക ലഗ്ഗെജും. ഒരു വിധത്തില്‍ ഫ്ലാറ്റ് ഫോമില്‍ ചെന്ന് കള്ളവണ്ടി കയറാന്‍ നോക്കുമ്പോള്‍ ആണ് അറിയുന്നത് , അത് ഹെല്‍സിങ്ങോര്‍ എന്ന് പറയുന്ന ഡെന്മാര്‍ക്കിലെ തന്നെ മറ്റൊരു പട്ടണത്തിലേക്ക് പോകുന്ന ട്രെയിന്‍ ആണ്. ഹെല്സിങ്ങോര്‍ എന്ന ഡെന്മാര്‍ക്കിലെ പട്ടണത്തില്‍ നിന്ന് കപ്പലില്‍ നാല് കിലോമീറ്റര്‍ കൊണ്ട് ഹെല്സിംഗ്ബോര്‍ഗ് എന്നാ സീഡിഷു പട്ടണത്തില്‍ പോകാം, പക്ഷെ ഈ നട്ടപ്പാതിരയ്ക്ക് അവിടുന്ന്, ബോട്ടുകള്‍ കാണുമോ? അതിനാല്‍ ലഗ്ഗെജു തള്ളി കയറ്റി മുകളില്‍ വന്നു. മുകളില്‍ വരുമ്പോള്‍ ഞാന്‍ വീണ്ടും ടിക്കറ്റ് എടുക്കുവാന്‍ ശ്രമിച്ചു, വീണ്ടും പരാജയപ്പെട്ടു. ഡാനിഷ് ഭാഷയില്‍ ആയതിനാല്‍ ഹെല്‍സിങ്ങോര്‍ , ഹെല്സിങ്ങ്ബോര്ഗ് എന്നാ അക്ഷരങ്ങള്‍ക്ക് തമ്മില്‍ വലിയ വ്യത്യസം ഇല്ല. എങ്കിലും അടുത്തു കണ്ട സ്റ്റാളില്‍ ചോദിച്ചു. ഇത്തവണ അവര്‍ പറഞ്ഞതനുസരിച്ച് മറ്റൊരു ഫ്ലാറ്റ് ഫോമിലേക്ക് ഇറങ്ങി. കഷ്ടപ്പെട്ട് താഴെ ചെന്നപ്പോള്‍ ആണ് അറിയുന്നത് അവിടെയും അല്ല ട്രെയിന്‍ വരുന്നത്. വീണ്ടും മുകളിലേക്ക്. ഇത്തവണ മറ്റൊരു സ്റ്റാളില്‍ ചെന്ന് എന്റെ ദയനീയാവസ്ഥ പറഞ്ഞപ്പോള്‍ , അവിടെ കണ്ട ഡാനിഷ് ചേച്ചിക്കും എന്നോട് സഹതാപം, പക്ഷെ അവര്‍ എന്‍റെ കയ്യില്‍ നിന്ന് യൂറോ വാങ്ങുവാന്‍ തയ്യാര്‍ അല്ല. വീണ്ടും മറ്റൊരു ഫ്ലാറ്റ് ഫോമിലേക്ക്. അവിടെ ചെന്നപ്പോള്‍ ആണ് അറിയുന്നത് , അത് ഹെല്സിംഗ് ബോര്‍ഗില്‍ നിന്ന് തിരികെ വരുന്ന ട്രെയിനിന്റെ ഫ്ലാറ്റ് ഫോം ആണ് എന്ന്. ഇനി ഒരു ഫ്ലാറ്റ് ഫോം കൂടി മാത്രം. ഒടുവില്‍ ആരോടും ചോദിക്കാതെ അവിടെ ചെന്നു നിന്ന്.ഹെല്സിംഗ് ബാര്‍ഗിലെക്കുള്ള അന്നത്തെ അവസാനത്ത ട്രെയിന്‍ ആണ് അത്. ട്രെയിന്‍ സമയം 11.35... കയ്യില്‍ ടിക്കറ്റില്ല. അടുത്തു കണ്ട സുന്ദരിയായ ഒരു കുട്ടിയോട് കാര്യം പറഞ്ഞു. അവള്‍ പറഞ്ഞു ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുക, പിന്നെ എക്സാമിനര്‍ വന്നു പിടിച്ചാല്‍ 600 ക്രോണ്യെ പിഴ കൊടുക്കുക. വളരെ ലളിതമായി അവള്‍ അക്കാര്യം വിശദീകരിച്ചു. ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തു പിടിച്ചാല്‍ പിഴ ഒടുക്കണം. അത് എനിക്കും അറിയാവുന്ന കാര്യം അല്ലെ. പക്ഷെ നിങ്ങളുടെ അവസ്ഥ പറഞ്ഞാല്‍ ചിലപ്പോള്‍ അവര്‍ ഫൈന്‍ തരുകില്ല. അവര്‍ ഹെല്സിംഗ്ബോര്‍ഗ് ട്രെയിനിനു മുന്‍പ് മാല്‍മോ എന്നാ സ്ഥലത്തെക്ക് പോകുന്ന മറ്റൊരു ട്രെയിനില്‍ ആണ് പോകുന്നത്. അതില്‍ യാത്ര ചെയ്യുവാന്‍ എന്നെ സ്നേഹ പൂര്‍വം നിര്‍ബന്ധിച്ചു... മാല്‍മോ എന്ന സ്റ്റേഷനില്‍ നിന്ന് വീണ്ടും ഇതിനു പിന്നാലെ വരുന്ന ട്രെയിനിലേക്ക് തന്നെ മാറി കയറണം. എനിക്കെന്താ വട്ടുണ്ടോ? എന്തായാലും എന്‍റെ നിരന്തരമായ അന്വേഷണങ്ങള്‍ക്ക് ഉത്തരം ഉണ്ടായി. ചെറുപ്പക്കാരനായ ഒരു സ്വീഡിഷ് പയ്യനും ആയി ഞാന്‍ പെട്ടെന്ന് സൌഹൃദം സ്ഥാപിച്ചു. അയ്യാള്‍ എന്നെ സഹായിക്കാന്‍ സന്മനസ് കാണിച്ചു. എന്‍റെ കയ്യില്‍ നിന്ന് 20 യൂറോ വാങ്ങി, അതിനു പകരം തന്റെ ക്രെഡിറ്റ് കാര്‍ഡു കൊണ്ട് എനിക്ക് ടിക്കറ്റും ആയി നിമിഷത്തിനകം തിരികെ എത്തി. പാരീസില്‍ പഠിക്കുന്ന ഒരു സ്വീഡന്‍ കാരന്‍ ആണ് ഇദേഹം. മാല്‍മോ എന്നാ പട്ടണത്തില്‍ താമസിക്കുന്നു.

ഏകദേശം മുക്കാല്‍ മണിക്കൂര്‍ കൊണ്ട് ട്രെയിന്‍ ഹെല്സിംഗ് ബോര്‍ഗ് സ്റ്റേഷനില്‍ എത്തുന്നു... കോപ്പന്‍ ഗേഹനില്‍ നിന്ന് കയറുമ്പോള്‍ നിറയെ ജനം ഉണ്ടായിരുന്ന ട്രെയിനില്‍ ഇപ്പോള്‍ ഞാനും ഒരു വൃദ്ധനും അയ്യാളുടെ ഭാര്യയും മാത്രം. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഹോട്ടലിലേക്ക് എങ്ങനെ ഞാന്‍ പോകും? എന്‍റെ കയ്യില്‍ സ്വീഡിഷ് ക്രോണ്യെ ഇല്ല. തല വീണ്ടും പുകയുവാന്‍ വിട്ടു കൊടുത്ത്. ടാക്സി കിട്ടുമോ, കിട്ടിയാലും അയ്യാള്‍ യൂറോ മേടിച്ചില്ലെങ്കില്‍ എന്ത് ചെയ്യും. ഞാന്‍ ഈ വൃദ്ധ ദാമ്പതികളോട് കാര്യം പറയാം എന്ന് കരുതി. സാദാരണ ചെറുപ്പക്കാര്‍ പോലും ഇംഗ്ലീഷ് പറയാത്ത രാജ്യത്ത്, ഇവര്‍ക്ക് മനസിലാകില്ലയിരിക്കും , എന്നിട്ടും ഞാന്‍ അവരോടു സംസാരിക്കാന്‍ തീരുമാനിച്ചു. ആവശ്യം എന്റേത് ആണല്ലോ... ഭാഗ്യം അവര്‍ക്ക് ഇംഗ്ലീഷ് നന്നായറിയാം. അവരും പറഞ്ഞു, ടാക്സിക്കാര്‍ യൂറോ സ്വീകരിക്കില്ല എന്ന്...സ്റ്റേഷനില്‍ നിന്ന് അകലെ അല്ല എനിക്ക് താമസിക്കേണ്ട ഹോട്ടല്‍ എന്നവര്‍ പറഞ്ഞു. നടന്നു പോകാവുന്ന ദൂരമേ ഉള്ളു എന്നും. യൂറോപ്പില്‍ നടന്നു പോകുന്നവര്‍ വളരെയധികം ആണ്, അതിനാല്‍ നടന്നു പോകാവുന്ന ദൂരത്തിനു ചിലപ്പോള്‍ കിലോമീറ്ററുകള്‍ നീളം കാണും. വഴി അറിയാമെങ്കില്‍ നടക്കുന്നതിനും പ്രശനമില്ല. എന്തായാലും സ്റ്റേഷനില്‍ ഇറങ്ങി, പരിചയം ഇല്ലാത്ത രാജ്യത്ത്, അതും നാട്ടപ്പാതിരാക്കു ,വലിയ ലഗ്ഗെജും വലിച്ചു കൊണ്ട് നടക്കുക തന്നെ... 12.25 ആയപ്പോള്‍ ട്രെയിന്‍ ഹെല്‍സിംഗ്ബോര്‍ഗില്‍ എത്തി. എന്റെ തടിമാടന്‍ പെട്ടിയും വലിച്ചു ഞാന്‍ ഒരു ഉദ്ദേശം വച്ച് നടക്കുവാന്‍ തുടങ്ങി. തണുപ്പാണെങ്കില്‍ അസഹനീയം. വഴി ചോദിക്കാന്‍ ഒരു മനുഷ്യനെ പോലും കാണുവാന്‍ ഇല്ല... ബോര്‍ഡുകള്‍ വായിക്കാന്‍ മാര്‍ഗവും ഇല്ല...സ്റ്റേഷനില്‍ ഇറങ്ങി മുന്‍പോട്ടു പോയപ്പോള്‍ ഒരു വലിയ ഫ്ലാഗ് കണ്ടു. രോഹിത് അയച്ച ബ്ലാക്ക് ബെറി മെസേജു നോക്കി മുന്‍പോട്ടു നടന്നു. വീണ്ടും മുന്നോട്ടു പോയി, വലത്തോട്ടുള്ള വഴിയില്‍ കുറെ കെട്ടിടങ്ങള്‍ അതില്‍ ചിലത് ഹോട്ടലുകളും. ഭാഗ്യം എനിക്ക് താമസിക്കേണ്ട ഹോട്ടല്‍ ഞാന്‍ കണ്ടു പിടിച്ചു... ഹോട്ടലില്‍ വിളക്കുകള്‍ എല്ലാം അണഞ്ഞിരിക്കുന്നു. ഞാന്‍ വാതിലില്‍ മുട്ടി, ചെറുപ്പക്കാരനായ റിസപ്ഷനിസ്റ്റ് ഉറക്കത്തിനിടയില്‍ നിന്ന് വന്നു വാതില്‍ തുറന്നു തന്നു. ഞാന്‍ ഒരാള്‍ക്ക് വേണ്ടി അയ്യാള്‍ കാത്തിരിക്കയായിരുന്നു പോലും. രാത്രി അത്രയും ആയപ്പോള്‍ അയ്യാള്‍ കരുതി, ഞാന്‍ ഏതോ സുന്ദരിയുടെ കൂടെ നൈറ്റ് ക്ലബില്‍ ചുറ്റിതിരിയുക ആയിരിക്കും എന്ന്. സ്വീഡിഷ് പെണ്ണുങ്ങള്‍ നൈറ്റ് ക്ലബുകളില്‍ ചിലവഴിക്കുന്നവര്‍ ആണ് എന്നും അവന്‍ പറഞ്ഞു... റൂമില്‍ പോയി, ഫ്രഷ് ആയി. കിടന്നിട്ട് ഉറക്കം വരുന്നില്ല. ഭയങ്കര ചൂട്.., പുറത്താണെങ്കില്‍ നല്ല തണുപ്പ്. എനിക്ക് ഉറക്കം വരുന്നില്ല.. യാത്രയുടെ ക്ഷീണം അലട്ടുന്നുണ്ട് എങ്കില്‍ കൂടിയും. എയര്‍ കണ്ടീഷണര്‍ ഓണ്‍ ചെയ്യാന്‍ നോക്കിയിട്ട് കാണുന്നില്ല... ഹീറ്റര്‍ മുറിയില്‍ ഉണ്ട്... എന്തായാലും റിസപ്ഷനില്‍ വിളിച്ചു.. അയ്യാള്‍ പറഞ്ഞതൊന്നും എനിക്ക് മനസിലായില്ല. ഒടുവില്‍ അയ്യാള്‍ വന്നു, എയര്‍ കണ്ടീഷണര്‍ ഓണ്‍ ചെയ്യണം, ഭയങ്കര ചൂട്... ഞാന്‍ ഇത്രയും പറഞ്ഞപ്പോള്‍ അയ്യാള്‍, എയര്‍ കണ്ടീഷണര്‍ ഓണ്‍ ചെയ്യുകയാണ് എന്ന് പറഞ്ഞു ജനാലയുടെ വാതില്‍ തുടന്നിട്ടു. അതെ അപ്പോള്‍ നാച്ചുറല്‍ എയര്‍ കണ്ടീഷണര്‍ മാത്രമേ ആ ഹോട്ടലില്‍ ഉള്ളൂ എന്ന് മനസിലായി... ഞാന്‍ എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു.
|
യൂറോപ്യൻ യാത്രാനുഭവങ്ങൾ വായിക്കാൻ നല്ല രസമാണ്. എഴുത്തിന്റെ ഭംഗി കൂടിയാവുമ്പോൾ വിശേഷിച്ചും
ReplyDeleteഉറങ്ങിയെണീച്ചതിനു ശേഷമുള്ള സ്വീഡിഷ് വിശേഷങ്ങൾക്കായി ഉറങ്ങാതെ കാത്തിരിക്കട്ടെ?
അൽപ്പമൊക്കെ യാത്ര ചെയ്തിട്ടുള്ള ഞാനൊരു ചെറുശ്രമം നടത്തിയിരുന്നു. പറ്റിയാൽ ഒന്ന് വായിച്ച് നോക്കണേ
http://cheeramulak.blogspot.com/2011_10_01_archive.html