ഷവര്‍മയും കേരളത്തിലെ ഭക്ഷണ ശുചിത്വങ്ങളും
നാലഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് നാട്ടില്‍ വന്നപ്പോള്‍, തിരുവനന്തപുരത്തു നിന്ന് ഭാര്യ വീടായ ഇടുക്കി ജില്ലയിലെ ചെമ്മന്നാറിലെക്കുള്ള യാത്രയ്ക്ക് കെ എസ് ആര്‍ ടി സി ബസിനെ ആണ് ആശ്രയിച്ചത്. അതിരാവിലെ തിരുവനന്തപുരത്തു നിന്ന് നെടുംകണ്ടം ബസ്സില്‍ കയറി. പ്രഭാത ഭക്ഷണത്തിനു വേണ്ടി രാവിലെ എട്ടു മണിയോട് കൂടി പത്തനം തിട്ടയില്‍ ഒരു ഹോട്ടലിന്‍റെ മുന്നില്‍ നിര്‍ത്തി. ഭാര്യയും കുട്ടികളും ഉണ്ട്. രാവിലെ ബസില്‍ കയറിയതിനാല്‍ ഫ്രഷ് ആകേണ്ടതുണ്ട്. ബസ് ഹോട്ടലിനു മുന്നില്‍ അര മണിക്കൂര്‍ നിര്‍ത്തും. അടുത്തെങ്ങും മറ്റു ഹോട്ടലുകള്‍ ഇല്ല. അതിനാല്‍ ഈ ഒരു ഹോട്ടലില്‍ നിന്ന് വേണം കാപ്പി കുടിക്കുവാന്‍.,. ഒട്ടും വൃത്തിയില്ലാത്ത ശുചിത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഹോട്ടല്‍. ആയിരുന്നു അത്. ഹോട്ടലിനകത്ത് കയറിയപ്പോള്‍ തന്നെ വല്ലാത്ത ദുര്‍ഗന്ധം. വളരെ പഴകിയ, അടുത്ത കാലത്തൊന്നും മെയിന്റനന്‍സ് ചെയ്തിട്ടില്ലാത്ത പണ്ടെങ്ങോ അടിച്ച കുമ്മായത്തിന്റെ നിറം പോലും കറുത്ത് ദ്രവിച്ചു കൊണ്ടിരിക്കുന്ന ചുമരുകള്‍., മേല്‍ക്കൂരയില്‍ ആണെങ്കിലോ കഴുക്കൊലിലും പട്ടികയിലും ഓടിലും ഒക്കെ അനേകം ജീവികള്‍ കൂട് കൂട്ടിയിരിക്കുന്നതു കാണാം.ചിലന്തിയുടെ മാറാലകള്‍ എങ്ങും. ഈച്ചയും പല്ലികളും പാറ്റകളും മറ്റു അനവധി ജീവികളും കുടി പാര്‍ക്കുന്ന ഇടം. അതിനിടയില്‍ ഓടി പോകുന്ന എലിക്കുഞ്ഞുങ്ങള്‍. ,. കുട്ടികള്‍ക്കും ഞങ്ങള്‍ക്കും നല്ല വിശപ്പ്..,. കൂടെ വന്ന എല്ലാവരും മൂക്ക് മുട്ടെ കഴിക്കുന്നു. ഞങ്ങളും ദോശയും ചമ്മന്തിയും ഓര്‍ഡര്‍ കൊടുത്തു. എന്തായാലും ഭക്ഷണം വന്നു കഴിച്ചു കൊണ്ടിരുന്നപ്പോഴേക്കു മക്കള്‍ രണ്ടു പേര്‍ക്കും ഓക്കാനം വന്നു. കഴിച്ചതെല്ലാം ശര്‍ദ്ദിച്ചു. വാഷ് ബെസിനിന്റെ എണ്ണം കുറവായതിനാല്‍ പുരുഷന്മാര്‍ കൂടുതലും കൈ കഴുകി തുപ്പുന്നത് റോഡിലെക്കും. ഇതിലും ശോചനീയം ആയിരുന്നു ആ ഹോട്ടലിലെ ടോയ്ലെറ്റ്.. , ഒരിക്കല്‍ പോലും വൃത്തി ആക്കിയിട്ടില്ലാത്ത , മൂത്രത്തിന്റെയും വിസര്‍ജ്ജ്യത്തിന്റെയും ദുര്‍ഗന്ധം കൊണ്ട് അടുക്കാന്‍ മേലാത്ത ഒരു സ്ഥലം. എന്ത് ചെയ്യാം, നമ്മുടെ നാട്ടില്‍ ഏറ്റവും കൂടുതല്‍ ശുചിത്വം ഉണ്ടെന്നു വീമ്പിളക്കുന്ന മലയാളിയുടെ നാട്ടില്‍ ആണ് ഇതൊക്കെ നടക്കുന്നത്. ഒരു പക്ഷെ എന്തെങ്കിലും കമ്മീഷന്‍ കിട്ടുന്നത് കൊണ്ടാകണം , ബസ് ഡ്രൈവര്‍ ഈ ഹോട്ടലിനു മുന്നില്‍ തന്നെ ബസ് നിര്‍ത്തി യാത്രക്കാരെ ഇവിടെ നിന്ന് തന്നെ കാപ്പി കുടിപ്പിക്കുന്നത്. അല്ല, അല്ലെങ്കില്‍ തന്നെ ഇവരൊക്കെ എങ്ങിനെ ഇവിടെ നിന്ന് ഭക്ഷണം കഴിക്കുന്നു.
ഏതായാലും അന്നത്തെ ഒരു യാത്രയോട് കൂടി ഒരിക്കലും ദീര്‍ഘ ദൂര യാത്രയ്ക്ക് സര്‍ക്കാര്‍ വാഹനത്തെ ആശ്രയിക്കില്ല എന്നുറപ്പിച്ചു.
ഇത് കേരളത്തിലെ ഒറ്റപ്പെട്ട ഒരു സംഭവം അല്ല. തിരുവനന്ത പുരത്തു നിന്ന്, പഠിച്ചിരുന്ന ചങ്ങനാശ്ശേരിയിലേക്കുള്ള യാത്രകളില്‍ കൊട്ടാരക്കരയില്‍ ചിലപ്പോഴൊക്കെ ഈച്ച പരന്നിരിക്കുന്ന ഭക്ഷണ സാധനങ്ങള്‍ കണ്ടിട്ടുണ്ട്. കേരളത്തിലെ ഏതാണ്ട് എല്ലാ സ്ഥലങ്ങളിലും ഇത് പോലുള്ള വൃത്തി ഹീനമായ അന്തരീഷം ആണ് നിലവില്‍ ഉള്ളത്. ട്രെയിനുകളില്‍ വിളമ്പുന്ന ഭക്ഷണങ്ങള്‍ നിവര്‍ത്തിയില്ലാത്തതിനാല്‍ കണ്ണുമടച്ചു കഴിക്കുന്നു എന്ന് മാത്രം. മൂത്രപ്പുരകള്‍ ആണെങ്കിലോ അകത്ത് കയറിയാല്‍ ബോധം കേട്ട് വീഴുമോ എന്ന് പേടിച്ചാണ് അകത്ത് കയറുന്നത്. പൈസ കൊടുത്ത് മൂത്രം ഒഴിക്കുന്ന ഇടങ്ങളിലും ഇത് തന്നെ ആണ് സ്ഥിതി.
തിരുവനന്തപുരത്തു വഴുതക്കാട്ടുള്ള, സല്‍വ കഫേയില്‍ ഷവര്‍മ കഴിച്ച പത്തോളം പേര്‍ക്ക് ഗുരുതരമായ ഭഷ്യ വിഷ ബാധ ഉണ്ടാകുകയും അതില്‍ ഇവിടെ നിന്നും ഷവര്‍മ കഴിച്ച ശേഷം ബാംഗ്ലൂരിലേക്ക് പോയ ആലപ്പുഴ വീയപുരം മേല്‍പ്പാടം ആറ്റുമാലില്‍ സച്ചിന്‍ റോയ്മാത്യു അവിടെ വെച്ച് മരിക്കുകയും ചെയ്തു. വളരെ രുചികരമായ ഷവര്‍മയുടെ കുഴപ്പം കൊണ്ടല്ല മരണം സംഭവിച്ചത്. അതിനു ഉപയോഗിച്ച പഴയ ചീഞ്ഞളിഞ്ഞ കോഴിയും വൃത്തി ഹീനമായ് അന്തരീഷവും ആണ് ഇതില്‍ വിഷാംശം കടക്കുവാന്‍ കാരണം. മലയാളത്തിലെ അമൂല്യ നടനായ തിലകന്‍റെ മകന്‍ ഷോബി തിലകനും ഇവടെ നിന്ന് ഷവര്‍മ്മ കഴിച്ചു ആശുപത്രിയിലായി. ഒരു പക്ഷെ ഷോബി തിലകന്‍റെ പേര് വന്നതിനാലാകണം കാര്യമായ അന്വേഷണം ഉണ്ടായത്.
അറബ് നാട്ടിലെ പ്രിയപ്പെട്ട ഭക്ഷണമാണ് ഷവര്‍മ. സിറിയ, ലബനോന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഷവര്‍മ ഗള്‍ഫിലേക്ക് വന്നത്. ഷവര്‍മ മേക്കറില്‍ ഒരു കമ്പിയില്‍ കുത്തി ഇറച്ചി നല്ല തീയില്‍ ചുട്ടെടുക്കുന്നു. വേകുന്ന ഭാഗങ്ങള്‍ അരിഞ്ഞു അതില്‍ വിന്നാഗിരിയും തൈരും വെളുത്തുള്ളിയും സലാഡും ചേര്‍ത്തു കുബൂസില്‍ പൊതിഞ്ഞു ടിഷ്യൂപേപ്പറില്‍ ചുരുട്ടി തരുന്ന കൊതിയൂറുന്ന വിഭവം. ആദ്യ കാലങ്ങളില്‍ ബീഫ് മാത്രം ആയിരുന്നു ഇതിനായി ഉപയോഗിച്ചത് എങ്കിലും ഇപ്പോള്‍ ചിക്കന്‍ ആണ് കൂടുതല്‍ പേരുടെയും ഇഷ്ട വിഭവം. നല്ല വൃത്തിയില്‍ ശരിയായി ഉണ്ടാക്കിയാല്‍ കൊതിയൂറും വിഭവം ആണിത്. ഗള്‍ഫില്‍ മലയാളികളുടെ ഇഷ്ട വിഭവം , കടല്‍ കടന്നു നമ്മുടെ നാട്ടിലെയും ഇഷ്ട വിഭവം ആയി. മസ്കറ്റില്‍ ആയിരുന്നപ്പോള്‍ എന്റെയും കുടുംബാത്തിന്റെയും ഇഷ്ട ഭക്ഷണം ആയിരുന്നു ഈ ഷവര്‍മ്മ. പക്ഷെ ദുബായില്‍ വന്നു അറബികള്‍ ഉണ്ടാക്കുന്ന ഷവര്‍മ്മ കഴിച്ചതോട് കൂടി മലയാളികള്‍ ഉണ്ടാക്കുന്ന ഷവര്‍മ കഴിക്കുന്നത് നിര്‍ത്തി.

ഇന്ത്യയില്‍ ഒരു പക്ഷെ ഏറ്റവും വൃത്തിഹീനമായ സംസ്ഥാനം ആയി കേരളം മാറുകയാണ്. ഭക്ഷണ ശാലകളില്‍ പോലും മായം ചേര്‍ക്കുന്ന നാടായി മാറുന്നു നമ്മുടെ നാട്. ഏറ്റവും കൂടുതല്‍ രോഗികളും, അതിനാല്‍ ഏറ്റവും കൂടുതല്‍ മരുന്ന് ഉപയോഗിക്കുന്നതും കേരളത്തില്‍ ആണ്. രോഗങ്ങള്‍ കൂടുതലും മാലിന്യങ്ങളില്‍ കൂടി പകരുന്നവയാണ് എന്നതാണ് ഏറ്റവും പേടിപ്പിക്കുന്ന സംഗതി. മാലിന്യ സംസ്കരണത്തില്‍ കേരളം ഇടവും പരാജയം ആണ്. രോഗം പരത്തുന്ന എല്ലാ മൈക്രോ ഓര്‍ഗാനിസംസും കേരളത്തില്‍ സുലഭം ആണ്. അതിനിടയില്‍ ആണ് യാതൊരു എത്തിക്സും ഇല്ലാതെ ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്ന ഒരു വിഭാഗം.
മുളകു പൊടിയില്‍ ഇഷ്ടികപ്പൊടി ചേര്‍ക്കുക, മഞ്ഞള്‍ പൊടിയില്‍ ചായം കലര്‍ത്തുക, വെള്ള അരി ചെമ്പാവ് അരി ആക്കുക, പട്ടി ഇറച്ചി മട്ടന്‍ കറിക്ക് ഉപയോഗിക്കുക, രോഗം മൂലം ചത്തു പോകുന്ന നാല്‍ക്കാലികളെയും കോഴിയെയും തീന്‍ മേശയില്‍ വിളമ്പുക. വില്‍ക്കാത്ത പഴകിയ ആഹാര സാധനങ്ങള്‍ ദിവസങ്ങളോളം വച്ച് വിളമ്പുക. മാലിന്യ ജലം ഉപയോഗിക്കുക. കഴുകാതെ പാത്രങ്ങള്‍ ഭക്ഷണം തയ്യാറാക്കാനും സംസ്കരിക്കാനും ഉപയോഗിക്കുക. വൃത്തി ഹീനമായ അന്തരീഷത്തില്‍ അവയൊക്കെ തയ്യാറാക്കുക. ഇങ്ങനെ മനുഷ്യന് ഭക്ഷിക്കുവാന്‍ കഴിയാത്ത രീതിയില്‍ ഭക്ഷണം തയ്യാര്‍ ചെയ്യുക. കേരളത്തിലെ ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിക്കുന്നവര്‍ക്ക് രോഗങ്ങള്‍ തീര്‍ച്ചയാണ്.. ചിലര്‍ക്ക് ഉടനെ രോഗാവസ്ഥ പ്രത്യക്ഷപ്പെടുന്നു... മറ്റു പലര്‍ക്കും പല നാളുകള്‍ കൊണ്ടാവും രോഗ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുക.
മറ്റു പല സംസ്ഥാനങ്ങളെ അപേക്ഷിച്ചു വളരെ സമ്പന്നമായ നാടാണ് കേരളം. ഭക്ഷണത്തിനു വേണ്ടി ഏറ്റവും അധികം പണം ചിലവാക്കുന്നതും കേരളം ആണ്. ഹോട്ടലുകളില്‍ എത്ര ചാര്‍ജു കൂട്ടിയാലും അതൊക്കെ മേടിച്ചു കഴിക്കുവാന്‍ മലയാളി ഇന്ന് തയ്യാര്‍ ആണ്. പിന്നെ എന്ത് കൊണ്ടാണ്, നല്ല രീതിയില്‍ ഹൈജീന്‍ ആയ രീതിയില്‍ നല്ല ഭക്ഷണം വെച്ച് വിളമ്പുവാന്‍ മലയാള നാട്ടിലെ ഹോട്ടലുടമകള്‍ മടിക്കുന്നു. എങ്ങനെ എങ്കിലും ആരെ എങ്കിലും കൊന്നായാലും പണം ഉണ്ടാക്കണം എന്ന ഒറ്റ ചിന്ത മാത്രം ആണ് ഈ ആര്‍ത്തിപ്പണ്ടാരങ്ങള്‍ക്ക് ഉള്ളൂ... കൂടുതല്‍ ദൈവ വിശ്വാസികള്‍ ഉള്ള നാടാണ് കേരളം... ഭക്ഷണം ജീവന്‍ ആണ്... അത് ദൈവം ആണ് എന്ന് ചിന്തിക്കുന്നവര്‍ പോലും മനുഷ്യനെ കൊന്നാണ് ജീവിക്കുന്നത്. അന്‍പത്തി ഒന്ന് വെട്ടു വെട്ടി ടി പി യെ കൊന്നത് പോലെ അതിലും കൂടുതല്‍ വിഷാംശം കലര്‍ന്ന ഭക്ഷണം നല്‍കി ആണ് ഇന്ന് ഹോട്ടലുടമകള്‍ മലയാളിയെ കൊല്ലുന്നത്....,.

എന്തായാലും സല്‍വ കഫേയിലെ ഷവര്‍മ പ്രശ്നം അധികാരികള്‍ ഏറ്റെടുത്തു എന്ന് തോന്നുന്നു. ഇത്ര നാളും ഉറങ്ങി കിടന്നിരുന്ന ഫുഡ് ഇന്‍സ്പെക്റ്റര്‍മാര്‍ കേരളമെമ്പാടും ഭക്ഷണ ശാലകള്‍ പരിശോധിക്കുന്നു... ഏറണാകുളത്ത് ഒരാഴ്ചത്തേക്ക് ഷവര്‍മ നിരോധിച്ചു... അനേകം ഭക്ഷണ ശാലകളും പൂട്ടി സീല്‍ വച്ച്. ആയിരക്കണക്കിന് റെസ്റ്റോരേന്റുകള്‍ക്ക് ഇമ്പ്രൂവ്‌മെന്റിനു നോട്ടീസ് നല്‍കിയിരിക്കുന്നു. ഒരു ഹോട്ടലിന്‍റെ അടുക്കളയില്‍ നിന്ന് മനുഷ്യ വിസര്‍ജ്ജ്യം പോലും പിടിച്ചിരിക്കുന്നു. പല സ്ഥലത്തും മാലിന്യ ജലം ആണ് പാചകത്തിന് ഉപയോഗിക്കുന്നത്. മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകള്‍ ആണ് കേരളത്തിലെ ഹോട്ടലുകളില്‍ നടത്തുന്ന റൈഡില്‍ കേരളം കാണുന്നത്... മലയാളി സമൂഹം ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
മൂന്നു ലക്ഷത്തില്‍ അധികം ഭക്ഷണ ശാലകള്‍ ഉള്ള കേരളത്തില്‍ ഏതാണ്ട് ഇരുപതിനായിരത്തില്‍ താഴെ മാത്രമേ ഇത് വരെ രെജിസ്റ്റര്‍ ചെയ്തിട്ടുള്ളൂ. കഴിഞ്ഞ വര്ഷം മാത്രം ആണ് ഇന്ത്യയില്‍ ഭഷ്യ സുരക്ഷാ നിയമം പ്രാബല്യത്തില്‍ വന്നത്. ഭക്ഷണ ശാലകള്‍ പരിശോധന നടത്തേണ്ട ഫുഡ് ഇന്‍സ്പെക്ടര്‍ മാര്‍ നക്കാപ്പിച്ച കൈക്കൂലി മേടിച്ചു ഹോട്ടലുകാര്‍ നടത്തുന്ന കൊലപാതകങ്ങള്‍ക്ക് കൂട്ട് നില്‍ക്കുന്നു... മലയാളി എന്ത് കൊണ്ട് ഇങ്ങനെ ആകുന്നു... അഴിമതിക്ക് എതിരെ ഘോരാഘോരം പ്രസംഗിക്കുന്ന ഇവര്‍ അഴിമതിക്ക് കൂട്ട് നില്‍ക്കുന്നു...
ഭക്ഷ്യ സുരക്ഷാ നിയമം കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കി എങ്കിലും അത് നമ്മുടെ നാട്ടിലെ ഹോട്ടലുകളിലും റെസ്റ്റോറെന്‍ടുകളിലും ചായക്കടകളിലും തട്ടുകടകളിലും എല്ലാം എങ്ങനെ പ്രാവര്‍ത്തീകമാക്കും എന്ന് നമ്മുടെ നാട്ടിലെ ഉദ്യോഗസ്ഥര്‍ക്ക് ഇത് വരെയും ഒരു പിടിയും കിട്ടിയിട്ടില്ല എന്ന് വേണം കരുതുവാന്‍.,. ആ നിയമനുസരിച്ച് നമ്മുടെ നാട്ടില്‍ ഭക്ഷണ പാനിയങ്ങള്‍ ഉല്‍പാദിപ്പിച്ചു വില്‍ക്കുന്ന കടകള്‍ക്ക് ഓരോ ഗ്രേഡ് നിശ്ചയിക്കുകയും ആ ഗ്രേഡ് അനുസരിച്ച് ഭക്ഷണത്തിനു വില നിശ്ചയിക്കേണ്ടതും ആണ്. നിയതമായ ഒരു ഗുണനിലവാരം ഓരോ ഗ്രേഡ് അനുസരിച്ചും സ്വീകരിക്കേണ്ടത് ആണ്.
കേന്ദ്ര സര്‍ക്കാറിന്റെ നിയമമനുസരിച്ച് കേരളത്തിലെ സാഹചര്യങ്ങളും ചുറ്റുപാടുകളും മനസിലാക്കി, കേരളത്തില്‍ വെച്ചു വിളമ്പി കൊടുക്കുന്ന ഭക്ഷ്യ സാധനങ്ങള്‍ക്ക് ഗുണ നിലവാരം ഉറപ്പു വരുത്തുവാന്‍ സര്‍ക്കാര്‍ നിയമം കൊണ്ട് വരണം. ഇതിനായി ഹോട്ടലുകള്‍ നടത്തുന്നവരില്‍ നിന്നും പൊതു ജനങ്ങളില്‍ നിന്നും സാമൂഹിക പ്രവര്‍ത്തകരില്‍ നിന്നും സര്‍ക്കാരിനു നിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കാവുന്നത് ആണ്.
താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ പരിഗനിക്കാവുന്നത് ആണ്.
1) ചോദിക്കുന്ന ആര്‍ക്കും ഭക്ഷണ ശാലകള്‍ തുടങ്ങുവാനുള്ള അനുമതി കൊടുക്കാതെ, ഭക്ഷണ ശാല തുടങ്ങുവാന്‍ അനുയോജ്യമായ സ്ഥലത്ത് ആണോ അത് തുടങ്ങുന്നത് എന്ന് ഉറപ്പു വരുത്തുക. ഭക്ഷണ ശാല തുടങ്ങുമ്പോള്‍ അതിനെ അടുക്കളയുടെ വലിപ്പം, അതിനകത്ത് അടുപ്പുകള്‍, പാത്രം കഴുകാനുള്ള ഇടം, പാചകത്തിന് മുന്‍പ് അവ ഒരുക്കുന്നതിനുള്ള ഇടം, ഭക്ഷണ ശാലകളില്‍ പാചകത്തിന് മുന്‍പും പാചകത്തിന് ശേക്ഷവും ഉണ്ടാവുന്ന മാലിന്യം സംസ്കരിക്കുവാനുള്ള സംവിധാനം എന്നിവ ഫുഡ് കണ്ട്രോള്‍ ഉദ്യോഗസ്ഥര്‍ ചെക്ക് ചെയ്തു വേണം പെര്‍മിറ്റ് അനുവദിക്കേണ്ടത്. ഭക്ഷണ ശാലകളിലേക്ക് പാചകത്തിന് ഉപയോഗിക്കുന്ന വെള്ളത്തിന്‍റെ അളവ്, ഗുണം, അവയില്‍ ക്ലോറോ ഫോം ബാക്ടീരിയ ഉണ്ടോ എന്നും ടെസ്റ്റ് ചെയ്തു സര്‍ട്ടിഫിക്കറ്റ് കൊടുക്കണം.
2) ഭക്ഷണ ശാലയില്‍ കീടങ്ങള്‍ കടന്നു വരാതിരിക്കാനുള്ള സംവിധാനം, ഇന്സേക്റ്റ് കില്ലര്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക.
3) പാചകത്തിനും അത് വിളമ്പുന്നതിനും യോഗ്യമായ പാത്രങ്ങള്‍ ആണ് ഉള്ളത് എന്ന് ഉറപ്പു വരുത്തുക.
4) പാചകം കഴിഞ്ഞു അത് ശരിയായ രീതിയല്‍ ആണോ സംരക്ഷിച്ചു വെയ്ക്കുന്നത് എന്ന് ഉറപ്പു വരുത്തുക. അവയൊക്കെ, അവയുടെ ഊഷമാവ് അനുസരിച്ച് സൂക്ഷിക്കുവാന്‍ ഉള്ള യന്ത്ര സാമഗ്രഹികള്‍ ഉണ്ട് എന്ന് ഉറപ്പു വരുത്തുക.
5) പാചകം ചെയ്ത ഭക്ഷണ പദാര്‍ഥങ്ങള്‍ക്ക് അത് ഭക്ഷിക്കുന്നതിനു ഒരു സമയ പരിധി നിഴ്ചയിക്കുകയും, ആ സമയ പരിധി കഴിഞ്ഞാല്‍ അത് ആരുംഭക്ഷിക്കുന്നില്ല എന്ന് ഉറപ്പു വരുത്തുകയും ചെയ്യുക.
6) പാചകം ചെയുന്നവരും വിളമ്പുന്നവരും തീര്‍ച്ചയായും യൂണിഫോം ധരിക്കണം എന്ന് നിയമം കൊണ്ട് വരിക.
7) പാചകക്കാരും മറ്റു ജീവനക്കാരുടെയും ആരോഗ്യാവസ്ഥ എല്ലാ ആറു മാസവും നിര്‍ബന്ധമായും ടെസ്റ്റ് ചെയ്യിക്കുകയും ആ റിപ്പോര്‍ട്ടുകള്‍ സ്ഥാപനത്തില്‍ സൂക്ഷിക്കുകയും ചെയുക. ആര്‍ക്കും പകരുന്ന രോഗങ്ങള്‍ ഇല്ല എന്ന് ഉറപ്പു വരുത്തുക.
8) ശുചീകരണ പ്രവര്‍ത്തങ്ങള്‍ യഥാ കാലം നടത്തുന്നുണ്ട് എന്ന് ഉറപ്പു വരുത്തുക.
9) വിളമ്പുകാര്‍ തങ്ങളുടെ കൈകള്‍ കൊണ്ടും ത്വക്ക് കൊണ്ടും ഭക്ഷണ സാധനത്തില്‍ തോടാതിരിക്കുവാന്‍ ഗ്ലൌസോ സ്പൂണോ ഉപയോഗിച്ച് മാത്രം അവ വിളമ്പുക. ഹൈജീന്‍ കാര്യങ്ങളില്‍ പൂര്‍ണ്ണ ശ്രദ്ധ കാത്തു സൂക്ഷിക്കുക.
10) നിരോധിക്കപ്പെട്ട രാസ വസ്തുക്കള്‍, പല പ്രാവശ്യം ഉപയോഗിച്ച എണ്ണ ഇവയൊന്നും പാചകത്തിന് ഉപയോഗിക്കില്ല എന്ന് ഉറപ്പു വരുത്തുക.
11) മെനു കാര്‍ഡുകള്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കുകയും, കസ്റ്റമര്‍ക്ക് താന്‍ കഴിക്കുന്ന ഭക്ഷണത്തിന്‍റെ ചെരുവകകള്‍ അറിയുവാന്‍ ഉള്ള സ്വാതന്ത്ര്യം ഉണ്ടാവുകയും വേണം. മാത്രമല്ല, ഫുഡ് ഇന്‍സ്പെക്ടര്‍ മാരുടെ അംഗീകാരം കിട്ടിയ മെനു മാത്രമേ ഭക്ഷണ ശാലകളില്‍ വിളമ്പാവൂ.
12) മൂന്നു മാസത്തില്‍ ഒരിക്കലെങ്കിലും ഭക്ഷണ ശാലകള്‍ നിര്‍ബന്ധമായും സന്ദര്‍ശിക്കുവാന്‍ ഇന്‍സ്പെക്ടര്‍മാര്‍ തയ്യാറാവണം.
13) ഓരോ ഭക്ഷണ ശാലയ്ക്കും അതോടനുബന്ധിച്ചു വൃത്തിയും വെടിപ്പും ഉള്ള ടോയിലെറ്റ് സൌകര്യങ്ങള്‍ ഉണ്ട് എന്ന് ഉറപ്പു വരുത്തുക.
എത്ര പറഞ്ഞാലും അമിതമായ പണത്തിന്റെ ആലസ്യത്തോടെ ഇരിക്കുന്ന നവമലയാളി ങാ, പോട്ട് എന്ന ലേബലോടെ ഒക്കെ തള്ളിക്കളയും
ReplyDeleteനന്നായി ഈ പോസ്റ്റ്. ഒരാളുടെ മരണം വേണ്ടി വന്നു അധികൃതരുടെ കണ്ണ് തുറക്കുവാന്‍ .ഷവര്‍മ്മ നിരോധിക്കുന്നത് എലിയെ പേടിച്ചു ഇല്ലം ചുടുന്നത് പോലെയാണ്. കാശു മേടിച്ചു പെട്ടിയില്‍ ഇടുമ്പോള്‍ കുറച്ചു വൃത്തിയില്‍ ഉണ്ടാക്കിക്കൊടുക്കുവാന്‍ കൂടെ ഹോട്ടലുകാര്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ ദിവസം വാര്‍ത്തയില്‍ ഏറണാകുളത്ത് ബദാം മില്‍ക്കുണ്ടാക്കി വില്‍ക്കുന്നത് കാണിച്ചപ്പോള്‍ ഓക്കാനിച്ചു പോയി. മൈദപ്പൊടിയും പാല്‍പ്പൊടിയും കൂടെ ഒരു പായല്‍ പിടിച്ചു വൃത്തികെട്ട ബക്കറ്റില്‍ ഇട്ടു കലക്കുന്നു. എന്നിട്ടു അതില്‍ മീനിന്റെ മേല്‍ ഇടുന്ന പോലെയുള്ള വൃത്തികെട്ട ഐസും .
ReplyDeleteതീര്‍ത്തും കാലികമായ പോസ്റ്റ്.. അഭിനന്ദനങ്ങള്‍
ReplyDelete