ലണ്ടന്‍ ഒളിമ്പ്ക്സ് അടുത്തു വരുന്നു.. ഇനി ഏതാനും ദിവസങ്ങള്‍ മാത്രം.
ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷ യില്‍ ഷൂട്ടിംഗ്, ഗുസ്തി, ബോക്സിംഗ് തുടങ്ങിയവയ്ക്കൊപ്പം ടെന്നീസും മികച്ചു നില്‍ക്കുന്നു. പെയ്സും ഭൂപതിയും ചേര്‍ന്നുള്ള ഡബിള്‍സ്, പിന്നെ സാനിയയോടൊപ്പം മിക്സഡ് ഡബിള്‍സ്... ഇവയാണ് ടെന്നീസിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ ..പക്ഷെ കളിക്കാര്‍ക്കിടയിലെ തന്‍പോരിമ നമ്മുടെ മെഡല്‍ പ്രതീക്ഷകള്‍ തകര്‍ക്കുമോ?
ഇന്ത്യന്‍ ടെന്നീസ് എന്ന് കേള്‍ക്കുമ്പോള്‍ അമൃതരാജ് സഹോദരന്മാര്‍ ആണ് ഓര്‍മയില്‍ ഓടി വരുന്നത്. എന്റെ ചെറുപ്പത്തില്‍ വിജയ് , ആനന്ദ് , അശോക് അമൃത രാജുമാര്‍ ആയിരുന്നു, ടെന്നീസില്‍ ഇന്ത്യക്ക് മേല്‍വിലാസം കൊടുത്തത്.. രാമനാഥന്‍ കൃഷ്ണന് ശേക്ഷം ഇന്ത്യയില്‍ ടെന്നീസ് എന്തെന്ന് മനസിലാക്കി കൊടുത്തതും അമൃത രാജു സഹോദരന്മാര്‍ ആയിരുന്നു. വിജയ അമൃതരാജായിരുന്നു കൂട്ടത്തിലെ കേമന്‍. ലോക ഒന്നാം നമ്പര്‍ താരങ്ങള്‍ ആയിരുന്ന, ജോണ്‍ മക്കന്റൊയെ ഒരിക്കലും, ജിമ്മി കൊണെര്സിനെ അഞ്ചു പ്രാവശ്യവും തോല്പ്പിച്ചിട്ടുള്ള വിജയ് ലോക റാങ്കിങ്ങില്‍ ഒരിക്കല്‍ പതിനാറാം റാങ്കില്‍ എത്തുകയും ചെയ്തിരുന്നു. ഏതെന്കിലും ഒരു ഇന്ത്യന്‍ താരം നേടുന്ന ഏറ്റവും ഉയര്‍ന്ന റാങ്കിംഗ് ആയിരുന്നു അത്. ഇന്ത്യയില്‍ സീരിയസ് ആയി ടെന്നീസ് കളിച്ചതും, പലപ്പോഴും പല വന്പന്മാരെയും തോല്‍പ്പിച്ചു ഡേവിസ് കപ്പില്‍ ഇന്ത്യയ്ക്ക് അമ്പരപ്പിക്കുന്ന പല വിജയങ്ങളും നേടി കൊടുത്ത ആളും ആണ് വിജയ്. 1970 ല്‍ പ്രൊഫെഷണല്‍ ആയ വിജയിന്‍റെ ടെന്നീസ് ജീവിതം 1993 വരെ നീണ്ടു..
1954 ല്‍ ചരിത്രത്തില്‍ ആദ്യമായി വിംബിള്‍ഡന്‍ ബോയ്സ് കിരീടം നേടുന്ന ഏഷ്യക്കാരന്‍ എന്ന ബഹുമതി കരസ്ഥമാക്കി, അറുപതുകളില്‍ ഇന്ത്യന്‍ ടെന്നീസില്‍ സജീവ സാന്നിധ്യം ആയിരുന്ന രാമനാഥന്‍ കൃഷ്ണന്റെ മകന്‍ രമേശ് കൃഷ്ണന്‍ 1978 ല്‍ ആണ് ഇന്ത്യന്‍ ടെന്നീസില്‍ പ്രൊഫെഷണല്‍ കുപ്പായം ചാര്‍ത്തുന്നത്. വിജയിനൊപ്പം, ഇന്ത്യന്‍ ടെന്നീസിനെ വളര്‍ച്ചയുടെ പടവുകള്‍ കയറ്റുന്നതില്‍ വലിയ പങ്കു വഹിച്ച ഇദേഹവും ലോക റാങ്കിങ്ങില്‍ 23 മത് വരെ എത്തി അഭിമാനാര്‍ഹമായ നേട്ടം കാഴ്ച വച്ചിട്ടുണ്ട്. 1993 ല്‍ ആണ്, രമേശ് കൃഷ്ണനും കളിക്കളത്തോട് വിട പറയുന്നത്.
രമേശ് കൃഷ്ണനും, വിജയ് അമൃതരാജും 1993 ല്‍ റിട്ടയര്‍ ചെയുന്നതിനു മുന്‍പായി, 1991 ല്‍ തന്നെ ലിയാണ്ടര്‍ പെയ്സ് , തന്‍റെ വളരെ ചെറിയ പ്രായത്തില്‍ തന്നെ പ്രൊഫെഷണല്‍ കുപ്പായം ഇട്ടു, ഇന്ത്യക്ക് മനം കുളിര്‍പ്പിക്കുന്ന വിജയങ്ങള്‍ നേടിത്തുടങ്ങിയിരുന്നു. അരങ്ങേറിയ വര്ഷം തന്നെ ലോക ജൂനിയര്‍ ഒന്നാം നമ്പര്‍ താരം ആയി ലിയാണ്ടര്‍ ഏവരെയും അമ്പരപ്പിച്ചു. 1992 ല്‍ ചെറു പ്രായത്തില്‍ തന്നെ, ബാര്‍സലോണ ഒളിമ്പിക്സില്‍ രമേശ് കൃഷ്ണനോപ്പം കോര്‍ട്ട് നിറഞ്ഞു കളിച്ച ഇന്ത്യന്‍ ടീം ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തി. നാല് വര്‍ഷങ്ങള്‍ക്കപ്പുറം 1996 ല്‍ അറ്റ്‌ലാന്റ ഒളിമ്പിക്സില്‍ ടെന്നീസ് വിഭാഗത്തില്‍ നേടിയ വെങ്കല മെഡല്‍ 1952 നു ശേഷം ഏതെങ്കിലും ഒരു ഇന്ത്യക്കാരന്‍ നേടുന്ന ആദ്യ വ്യക്തിപരമായ മെഡലും ആണ് എന്നത് എടുത്തു പറയേണ്ട നേട്ടം ആണ്. പക്ഷെ തുടര്‍ന്നു വന്ന മൂന്ന് ഒളിമ്പിക്സിലും , മഹേഷ് ഭൂപതിയും ആയി ചേര്‍ന്ന് മത്സരിച്ച ഡബിള്‍സില്‍ എല്ലാം പരാജയങ്ങള്‍ ആണ് രുചിച്ചത്. പെയ്സിനെ സംബന്ധിച്ചിടത്തോളം ലണ്ടന്‍ ഒളിമ്പിക്സ് തന്‍റെ ആറാമത് ഒളിമ്പിക്സ് ആണ്. ഒരു പക്ഷെ മറ്റൊരു താരത്തിനും കഴിയാത്ത ഒരു ഭാഗ്യം. തുടര്‍ച്ചയായി ആറു ഒളിമ്പിക്സില്‍ മത്സരിക്കുക എന്ന ഭാഗ്യം.
1995 ല്‍ പ്രൊഫെഷണല്‍ ആയി, ലിയാണ്ടര്‍ പെയ്സിന് തുണയായി, പല ഡബിള്‍സ് മത്സരങ്ങിലും പെയ്സിനെക്കാള്‍ തിളങ്ങുകയും ചെയ്ത മഹത്തായ കളിക്കാരന്‍ ആണ് മഹേഷ് ഭൂപതി. ഒരു കാലയളവില്‍ പെയ്സും ഭൂപതിയും ചേര്‍ന്ന ഇന്ത്യന്‍ ഡബിള്‍സ് ടീം, മറ്റു ടീമുകള്‍ക്ക് എല്ലാം ഒരു പേടി സ്വപനം ആയി നില കൊണ്ടിരുന്നു. അതായിരുന്നു ഇന്ത്യന്‍ ടെന്നീസിന്റെ സുവര്‍ണ്ണ കാലവും. ഇവര്‍ ഒന്ന് ചേര്‍ന്ന ജോഡി, മൂന്നു തവണ ഗ്രാന്‍ഡ് സ്ലാം നേടുകയും മൂന്നു തവണ രണ്ടാം സ്ഥാനത്ത് വരികയും ചെയ്തു.
ടെന്നീസില്‍ ഇന്ത്യന്‍ വസന്തമായിരുന്ന പെയിസ് - ഭൂപതി ജോഡികള്‍ക്ക് എന്താണ് സംഭവിച്ചത്? ഡബിള്‍സിലും മിക്സഡ് ഡബിള്‍സിലും ഇവര്‍ രണ്ടു പേരും ഒന്നിച്ചും മറ്റു കളിക്കാരും ആയി ചേര്‍ന്ന് നേടിയ നേട്ടങ്ങള്‍ ഇന്നും അല്ഭുതാവാഹം ആണ്. ഇതിനു പുറമേ രണ്ടാളും ചേര്‍ന്ന് നേടിയ ഡേവിസ് കപ്പിലെ മിന്നുന്ന വിജയങ്ങള്‍ എത്രയോ മഹത്തരം. 1997 മുതല്‍ 2002 വരെയുള്ള കാലഘട്ടത്തില്‍ ആണ് ഇവര്‍ നേടിയ കിരീടങ്ങളില്‍ അധികവും. പെയ്സ് ആയിരുന്നു, എല്ലായ്പ്പോഴും കളിയില്‍ കേമന്‍ എങ്കിലും, കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം നേടുന്നതിനും, ഡബിള്‍സില്‍ പലപ്പോഴും മികച്ച റാങ്കിംഗ് നേടുന്നതിനും ഭൂപതിക്കായി. ഇവര്‍ തമ്മില്‍ ഉണ്ടായ അകല്‍ച്ചയ്ക്ക് തുടക്കം ഈ സിബിലിംഗ് ജെലസി ആണ് കാരണം എന്ന് പറഞ്ഞു കേള്‍ക്കുന്നു.
ആരാണ് കളിയില്‍ കേമന്‍? തുടക്കം ഇവിടെ ആയിരുന്നു. സിംഗിള്‍സില്‍ എപ്പോഴും മുന്നില്‍ നിന്നിരുന്നത് പെയ്സ് ആയിരുന്നു എങ്കില്‍ കൂടി ഡബിള്‍സില്‍ മിക്കപ്പോഴും മഹേഷ് ആയിരുന്നു റാങ്കിങ്ങില്‍ മുന്നില്‍ നിന്നിരുന്നത്. താളം തെറ്റല്‍ അതിന്‍റെ പൂര്‍ണ്ണതയില്‍ എത്തിയത് സാനിയ മിര്‍സയുടെ താരോദയത്തോട് കൂടി ആയിരുന്നു. അത് വരെ ഡബിള്‍സില്‍ മാത്രം ഉണ്ടായിരുന്ന വിജയ സാധ്യത മിക്സഡ് ഡബിള്‍സില്‍ കൂടി കണ്ടപ്പോള്‍, രണ്ടു പേര്‍ക്കും സാനിയയോട് ചേര്‍ന്ന് കളിക്കുവാന്‍ നടത്തിയ ശ്രമങ്ങളില്‍ നിന്നാണ് ഇവരിലെ അകല്‍ച്ച വ്യക്തമാകുന്നത്. പക്ഷെ പലപ്പോഴും റാങ്കിങ്ങില്‍ മുന്നില്‍ ആയിരുന്നതിനാല്‍ ഇന്ത്യയെ പ്രതിനിധീകരികുമ്പോള്‍ പെയ്സിന് ആയിരുന്നു സാനിയയോടൊപ്പം കളിക്കുവാന്‍ ഭാഗ്യം സിദ്ധിച്ചത്. ഇതിനിടയില്‍ മഹേഷും പെയ്സും കളിക്കപ്പുറത്തു ബിസിനസ് ലോകത്തെയ്ക്കും കടന്നു കയറി. രണ്ടു പേരും ടെന്നീസിനെ വളര്‍ത്തുവാനുള്ള ബിസിനെസ് ആണ് തെരഞ്ഞെടുത്തത്. കളിയിലെ മികവിനൊപ്പം, കച്ചവടത്തിലും മഹേഷ് മികവ് പുലര്‍ത്തി. ഒരു പക്ഷെ കളിയില്‍ തന്നെക്കാള്‍ കേമന്‍ പെയ്സ് ആയിരുന്നു എങ്കില്‍ കൂടി, കച്ചവടത്തില്‍ ആ അപ്രമാദിത്വം വിട്ടുകൊടുക്കുവാന്‍ മഹേഷ് തയ്യാറായില്ല. ബാങ്കര്‍ ആയ അച്ഛന്‍റെ മാര്‍ഗദര്‍ശിത്വം ഗ്ലോബോസ്പോര്‍ട്ട് എന്ന തന്‍റെ കമ്പനിയെ ബിസിനെസില്‍ വളരെ മുന്നിലെത്തിക്കുവാന്‍ മഹേഷിനു കഴിഞ്ഞു. സാനിയ മിര്‍സയും ആയുള്ള കരാറും വ്യക്തി ബന്ധവും ഇക്കാര്യത്തില്‍ മഹേഷിനു തുണയായി. ഭൂപതിയുടെ കമ്പനി ആണ് സാനിയയുടെ കളികള്‍ മാനേജു ചെയുന്നതും വേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നതും എങ്കില്‍ കൂടി റാങ്കിങ്ങിന്‍റെ മികവ് പലപ്പോഴും പെയ്സിന് ആയതിനാല്‍ ഇന്ത്യക്ക് വേണ്ടി കളിക്കുമ്പോള്‍ സാനിയക്ക് മഹേഷിനോപ്പം കളിക്കാന്‍ ഭാഗ്യം സിദ്ധിക്കാറില്ല. അതിനാല്‍ ഗ്രാന്‍ഡ്സ്ലാം മല്‍സരങ്ങളില്‍ സാനിയ - മഹേഷ് ജോഡി ആണ് കളിക്കളത്തില്‍ ഇറങ്ങുന്നത്.
എന്റിക്കോ പിപ്പെര്ണോ എന്ന മുന്‍ ദേശിയ കളിക്കാരന്‍ ആണ് മഹേഷിന്റെ കോച്ച്.. എന്റിക്കോയും പെയ്സിന്റെ അപ്പന്‍ വെയില്‍സ് പെയ്സും തമ്മില്‍ ഉള്ള ശീതസമരവും ഇവരുടെ പിളര്‍പ്പിന് വഴി തെളിച്ചു. പെയ്സിനോപ്പം ഡബിള്‍സ് കളിക്കണമെങ്കില്‍ എന്റിക്കൊയെ ഒഴിവാക്കണം എന്ന വെയില്‍സ് പെയ്സിന്റെ ആവശ്യം മഹേഷ് നിരാകരിച്ചു. രണ്ടു പേരും പ്രൊഫെഷണല്‍ ആണ് എങ്കിലും തീരെ പ്രൊഫെഷണല്‍ അല്ലാത്ത കളിക്കളത്തിലെ രാഷ്ട്രീയം ആണ് ഇവരെ വീണ്ടും പിളര്ത്തിയത്.
എന്തായാലും വളരെ കുറഞ്ഞ ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോള്‍ ലോക ഏഴാം നമ്പര്‍ ആയ പെയ്സ്, തന്നെക്കാള്‍ വളരെ അധികം പിന്നില്‍ ഉള്ള, റാങ്കിങ്ങില്‍ 328 മത് നില്‍ക്കുന്ന യുവ താരം വിഷ്ണു വര്‍ദ്ധനോടൊപ്പം ആണ് ഇന്ത്യക്ക് വേണ്ടി ലണ്ടന്‍ ഒളിമ്പിക്സില്‍ മാറ്റുരയ്ക്കുക. പെയ്സിനോപ്പം കളിക്കുവാന്‍ പതിനഞ്ചാം റാങ്കുള്ള ഭൂപതി ആയിരുന്നു ഇന്ത്യന്‍ ടീമില്‍ ആദ്യം തെരെഞ്ഞെടുക്കപ്പെട്ടത്‌ി എങ്കില്‍ കൂടി, പെയ്സിനോടൊപ്പം കളിക്കാന്‍ താന്‍ ഇല്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീട് ലോക റാങ്കിങ്ങില്‍ പതിമൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന രോഹന്‍ ബൊപ്പണ്ണയെ, പെയ്സിന് ജോഡി ആയി തെരഞ്ഞെടുത്തു എങ്കിലും മഹേഷിനോടൊപ്പം കളിക്കുവാന്‍ ആണ് തനിക്ക് താല്പര്യം എന്ന് പറഞ്ഞു ബൊപ്പണ്ണയും മാറിയപ്പോള്‍, ഇന്ത്യയില്‍ അഞ്ചാം റാങ്കുള്ള യുവ താരം ആയ വിഷ്ണു വര്‍ദ്ധനെ തന്‍റെ ജോഡി ആയി തെരഞ്ഞെടുക്കുകയായിരുന്നു. മിക്സഡ് ഡബിള്‍സില്‍ സാനിയയെ തന്നോടൊപ്പം കളിപ്പിക്കണം എന്ന കരാറില്‍ ആണ് പെയ്സ് വിഷ്ണു വര്‍ദ്ധനോപ്പം കളിക്കുവാന്‍ സമ്മതിച്ചത്.
എന്തായാലും ഒളിമ്പിക്സില്‍ ടെന്നീസില്‍ ഇന്ത്യക്ക് പ്രതീക്ഷകള്‍ വാനോളം ഇല്ലെങ്കിലും, മഹേഷ് ബോപ്പണ്ണ സഖ്യവും പെയ്സ് വിഷ്ണു സഖ്യവും, പെയ്സ് സാനിയ സഖ്യവും മെഡലുകള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുവാന്‍ നമുക്ക് പ്രത്യാശിക്കാം.
ഹും
ReplyDeleteഎതല്ലാം പുകിലുകൾ അല്ലേ
പ്രത്യാശിക്കാം.
പുകഞ്ഞുകൊണ്ടിരിക്കുന്ന ടെന്നീസ് എയ്സുകള്‍" വിശദമായി അറിയിച്ചതില്‍ ആദ്യമേ നന്ദി അറിയിക്കട്ടെ.
ReplyDeleteമെഡല്‍ കിട്ടുമെന്ന് എനിക്ക് വലിയ പ്രതീക്ഷയൊന്നുമില്ല.
(remove comment verification)
എല്ലാം നല്ലതിന്
ReplyDelete