Sunday 24 June 2012

നെയ്യാറ്റിന്‍കര കയറിയത് സാക്ഷാല്‍ ഇടതു പക്ഷം .


നെയ്യാറ്റിന്‍കര വോട്ടെണ്ണല്‍ കഴിഞ്ഞു. ഫലപ്രഖ്യാപനവും  നടന്നു. യു ഡി എഫിന്റെ സ്ഥാനാര്‍ഥി ആയ  സെല്‍വരാജ്, വ്യക്തമായ ഭൂരിപക്ഷത്തോട് കൂടി വിജയിച്ചു. ഭൂരിപക്ഷം ആറായിരത്തിനു മുകളില്‍. കഴിഞ്ഞ തവണ, അതായത്, ഒരു വര്ഷം മുന്‍പ് ഇടതു പക്ഷ സ്ഥാനാര്‍ഥി ആയി മല്‍സരിച്ചപ്പോള്‍ കിട്ടിയ ഭൂരിപക്ഷത്തിനെക്കാള്‍ ഏതാണ്ട് നാനൂറു വോട്ടു മാത്രം കുറവ്.

സി പി എം നേതാവായിരുന്ന സെല്‍വരാജ്, കൊണ്ഗ്രെസ് മണ്ഡലം ആയ നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസിലെ പ്രമൂഖ നേതാവായിരുന്ന തമ്പാനൂര്‍ രവിയെ തോല്‍പ്പിച്ചത് നാടാര്‍ വോട്ടുകള്‍ ഏകോപിപ്പിച്ചു കൊണ്ടായിരുന്നു. ഒരു തരത്തില്‍ ഇടതു പക്ഷമായിരുന്നു ഇങ്ങനെ ഒരു ജാതീയ ധ്രുവീകരണം അന്ന് അവിടെ നടത്തിയത്. ക്വോട്ടെഷന്‍ കൊടുത്തു പാര്‍ട്ടി, തന്നെയും തന്‍റെ കുടുംബത്തെയും കൊല്ലും എന്നൊക്കെ വിളിച്ചു പറഞ്ഞു പാര്‍ട്ടി വിടുകയും, കോണ്‍ഗ്രസില്‍ ചേരുന്നത്  ആത്മഹത്യ ചെയുന്നതിനു തുല്യം ആകും എന്ന് പറഞ്ഞു രാജി വെച്ച് പോയ സെല്വരാജു, രണ്ടു മാസം ആകുന്നതിനു മുന്‍പ് കോണ്‍ഗ്രെസ് ചിഹ്നത്തില്‍ നെയ്യാറ്റിന്‍കരയില്‍ മത്സരിക്കുന്നു. ( ആത്മഹത്യ ചെയുന്നു )  വലിയൊരു വിരോധാഭാസം ആണിത്. ജനങള്‍ക്ക് സെല്‍വരാജിന്റെ ഈ മലക്കം മറിച്ചില്‍ ഒട്ടും ഇഷ്ടപ്പെട്ടില്ല. കോണ്‍ഗ്രെസ്കാര്‍ക്ക് പോലും ഇത് ഒട്ടും ദഹിച്ചില്ല.
 
നെയ്യാറ്റിന്‍ കരയിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയിച്ചതാണ് സി പി എമ്മിന്‍റെ യഥാര്‍ത്ഥ പരാജയം. കാലാകാലം ആയി സി പി എമ്മിനോടൊപ്പം നിലയുറപ്പിച്ച തിരുവനന്തപുരം ജില്ലയിലെ പഴയ കമ്മ്യുണിസ്റ്റ്‌ നേതാക്കളെ ഒക്കെ കുത്തി മലര്‍ത്തി കേരള കൊണ്ഗ്രെസ്സില്‍ നിന്ന് പാര്‍ട്ടിയില്‍ അഭയം തേടിയ ലോറെന്‍സിനെ അവര്‍ സ്ഥാനാര്‍ഥി ആക്കിയിടത്തു തുടങ്ങുന്നു സി പി എമ്മിന്‍റെ പരാജയം. വര്‍ഷങ്ങളായി പാര്‍ട്ടിക്ക് വേണ്ടി നീരും ചോരയും ഒഴുക്കിയ രതീന്ദ്രനെ,  നായര്‍ എന്ന ഒറ്റക്കാരണത്താല്‍ ആണ് ഒഴിവാക്കിയത് എന്ന് പറയുമ്പോഴും, രതീന്ദ്രനും നെയ്യാറ്റിന്‍കരയിലെ  ഒട്ടു മുഴുവന്‍ അറിയപ്പെടുന്ന നേതാക്കളും വി എസ്സിനോട് അടുപ്പമുള്ളവര്‍ ആണ് എന്നത് തന്നെ ആണ് യഥാര്‍ത്ഥ പ്രശനം. സഖാവ് എം വിജയകുമാര്‍, അല്ലെങ്കില്‍ സഖാവ് രതീന്ദ്രന്‍, അതുമല്ലെങ്കില്‍ നെയ്യാറ്റിന്‍കര  നഗരസഭയിലെ പ്രതിപക്ഷ നേതാവ് ആന്‍സലന്‍ .. പക്ഷെ ഇവര്‍ക്കൊക്കെ സഖാവ വി എസ്സിനോടുള്ള താത്പര്യം ആണ് ഇവരെ ഒഴിവാക്കുവാന്‍ സംസ്ഥാന നേതൃത്വത്തെയും, ജില്ലയിഎല്‍ കണ്ണൂര്‍ സ്റ്റൈല്‍ വീരന്‍ കടകം പള്ളിയെയും പ്രേരിപ്പിച്ച ഘടകം.. സെല്‍വ രാജിനോപ്പം, ലോറെന്‍സും പ്രമൂഖ  മുന്നണികളുടെ സ്ഥാനാര്‍ഥികള്‍ ആയി വന്നത് കൊണ്ട് മാത്രം ആണ് എന്‍ എസ് സിന്റെയും എസ എന്‍ ഡി പിയുടെയും പിന്തുണയോടെ ബി ജെ പി ശ്രീ രാജെഗോപാലിനെ ഇവിടെ മത്സരിപ്പിക്കുന്നത്. വിജയ കുമാറോ, രതീന്ദ്രണോ ഇവിടെ മത്സരിച്ചിരുന്നു എങ്കില്‍ ഒരിക്കലും രായെട്ടന്‍ ഇവിടെ മത്സരിക്കില്ലായിരുന്നു. വിജയകുമാര്‍ പെരുന്നയില്‍ പോയി സുകുമാരന്‍ നായരെ കണ്ടു സന്ധി സംഭാക്ഷണം നടത്തിയപ്പോള്‍ എല്ലാവരും കരുതി, വിജയകുമാര്‍ ആകും സ്ഥാനാര്‍ഥി എന്നാണ്. വിജയകുമാര്‍ അല്ലെങ്കില്‍ രതീന്ദ്രന്‍, ഇവരില്‍ ആര് നിന്നെങ്കിലും വിജയം ഉറപ്പായിരുന്നു ഇടതു പക്ഷത്തിന്.
 
സെല്‍വരാജ് പരാജയം രുചിക്കുന്നത് കാണുവാന്‍ സി പി എമ്മിലെ കണ്ണൂര്‍ ലോബ്ബി അനുവദിച്ചില്ല. കേരളം എന്ന് കേട്ടാല്‍ സി പി എമ്മും, . സി പി എം എന്ന് കേട്ടാല്‍ കണ്ണൂരും എന്ന് മാത്രം അറിവുള്ള  കണ്ണൂരിലെ ഗുണ്ടകള്‍ക്ക് സമയം തെറ്റി. അവര്‍ അനവസരത്തില്‍ ആണ് സഖാവ് ടി പി ചന്ദ്ര ശേഖറിനെ അറുംകൊല  ചെയ്തത്.

ഒരു രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും നെയ്യാറ്റിന്‍കര സെല്‍വരാജിനെ സഹതാപത്തോടു കൂടി നോക്കി ത്തുടങ്ങി. സെല്‍വ രാജു പറഞ്ഞതിലും എന്തെങ്കിലും സത്യം ഉണ്ടോ എന്ന് ആരാഞ്ഞു തുടങ്ങി. പക്ഷെ അഞ്ചാം മന്ത്രി പദത്തില്‍ വര്‍ഗീയ ധ്രുവീകരണം നടത്തിയ സുകുമാരന്‍ നായരും വെള്ളാപ്പള്ളിയും ആശീര്‍വദിച്ചു അനുസരിച്ച്  യോഗങ്ങളും കരയോഗങ്ങളും മുഖേന വോട്ടു പിടിച്ച രാജേട്ടന്‍ ആകെ വെട്ടിലായി. കോണ്‍ഗ്രെസിന്റെ നായര്‍ വോട്ടുകള്‍ തടുത്തു കൂട്ടി കോണ്‍ഗ്രെസിനു ഒരു പ്രഹരം മാത്രം ആഗ്രഹിച്ചിരുന്ന പെരുന്ന നായരും നടേശ ഗുരുവും ആകെ ഞെട്ടി... സെല്‍വ രാജു ജയിക്കുമോ എന്ന് കോണ്‍ഗ്രെസുകാര് പോലും ഭയപ്പെട്ടു തുടങ്ങി. ഉടന്‍ വരുന്നു ചരിത്രത്തില്‍ ആദ്യമായി ഏഴര രൂപ കൂട്ടി പെട്രോള്‍ വില വര്‍ദ്ധന. തീരദേശ വാസികള്‍ അനേകര്‍ വോട്ടര്‍ മാരായിട്ടുള്ള നെയ്യാറ്റിന്‍ കരയില്‍ കടലില്‍ പോകുവാന്‍ ആവശ്യത്തിനു മണ്ണെണ്ണ ഇല്ലാതെ വിഷമിക്കുന്ന, അവസ്ഥയില്‍ മറ്റൊരു ഇരുട്ടടി ആയി പെട്രോള്‍ വില വര്‍ദ്ധന. ഡല്‍ഹിയിലെ കോണ്‍ഗ്രെസ് കാരെ കൊണ്ട് ചെയ്യാവുന്നത് അവരും ചെയ്തു നോക്കി. ( തെരഞ്ഞെടുപ്പു കഴിഞ്ഞ ഉടനെ തന്നെ പെട്രോള്‍ വിലയില്‍ ചെറിയ ഒരു വിലക്കുറവു വരുത്തുവാനും, മണ്ണെണ്ണ നിയന്ത്രണം എടുത്തു കളയുവാനും കേന്ദ്ര സര്‍ക്കാരിനു കഴിഞ്ഞു)
 
വീണ്ടും ലോറെന്‍സ് മുന്നിലേക്ക്‌ കുതിക്കുന്നു... സെല്‍വ രാജു, ചൊറിയും കുത്തി വീട്ടില്‍ ഇരിക്കും എന്ന് ഏതാണ്ട് തീരുമാനം ആയപ്പോള്‍ ആണ് പ്രശസ്ത കാഥികന്‍ ഇടുക്കി എം എം മണിയുടെ, "ഒണ്‍, ടൂ , ത്രീ"  എന്ന വിഖ്യാത കഥ കേരളത്തില്‍ ആദ്യമായി ലൈവ് ആയി എല്ലാ ചാനലുകളും മത്സരിച്ചു പ്രക്ഷേപണം ചെയ്തത്. കേരളം ഞെട്ടി, സെല്‍വ രാജും കൂട്ടാളികളും കോരിത്തരിച്ചു. രാജേട്ടനും നടേശ ഗുരുവും പെരുന്ന നായരും അങ്കലാപ്പിലും ആയി. പ്രചാരണത്തിന് ഒടുവിലാണെങ്കിലും ജനപ്രിയനായ സഖാവ് വി എസ വന്നതിനാല്‍ കുത്തി ഒലിച്ചു പോകുമായിരുന്ന കുറെ വോട്ടുകള്‍ തടഞ്ഞു നിര്‍ത്തുവാനും സഹായിച്ചു.

വോട്ടെടുപ്പിന്റെ അന്ന് വരെയും നെയ്യാറ്റിന്‍ കരക്കാരുടെ ഹിതമറിയുവാന്‍, മനസിലാക്കുവാന്‍ ഒരു നേതാവിനും അത് പോലെ ഒരു ചാനലുകാരനും കഴിഞ്ഞില്ല. എന്തും സംഭവിക്കാം ... ആരും ജയിക്കാം എന്നായിരുന്നു പ്രതീതി. എന്തായാലും സഖാവ് വി എസ പ്രചാരണം തീരുന്നതിന്റെ തലേന്ന്  മണ്ഡലത്തില്‍ പോയി പ്രസംഗിച്ചതിന് ഒരു പ്രായ്ചിത്തം നടത്തുവാന്‍ തയ്യാറായി. നെയ്യാറ്റിന്‍കരയില്‍ ലോറെന്‍സ് ജയിച്ചേക്കും എന്ന് ഏതോ ചില പാര്‍ട്ടി  വിരുദ്ധര്‍ വി എസ്സിന് അറിവ് കൊടുക്കുന്നു. സഖാവ് വി എസ് കവടി നിരത്തി, സമയം കുറിച്ച് കൊണ്ട് നേരെ ഒന്ചിയത്തെക്ക് വച്ചടിച്ചു. ചാനലുകള്‍ ഒരിക്കലുമില്ലാത്ത വിധം ലൈവ് റിപ്പോര്‍ട്ടിംഗ് നടത്തി. ഈ യാത്ര നെയ്യാറ്റിന്‍കരയില്‍ വ്യക്തമായ സ്വാധീനം ചെലുത്തി. അത് വരെയും മൂന്നാം സ്ഥാനത്തു ആയിരുന്ന സെല്‍വ രാജു, വൈകുന്നേരം വോട്ടെടുപ്പ് സമയം കഴിഞ്ഞിട്ടും കണ്ട ക്യുവിന്റെ ഒടുവില്‍ വിജയം കണ്ടു.

നെയ്യാറ്റിന്കരയിലെ വിജയം ഒരിക്കലും സെല്‍വ രാജിന്റെത് അല്ല. കുറെ നാടാര്‍ വോട്ടുകള്‍ അദേഹത്തിന് കിട്ടിയിട്ടുണ്ടാകാം. രാഷ്ട്രീയ കൊലപാതകങ്ങളെ എതിര്‍ക്കുന്ന കുറെ സ്ത്രീകളുടെ വോട്ടും കിട്ടിയിട്ടുണ്ടാകാം. ഉമ്മന്‍ ചാണ്ടിയുടെ ഭരണത്തിനും കിട്ടി കാണും കുറെ വോട്ടു.  സെല്‍വ രാജു രാജി വച്ചപോള്‍ കൂടെ നിന്ന് എല്ലാ സഹായവും കൊടുത്ത് സംരക്ഷിച്ച വി എസ് ഡി പി ഒടുവില്‍ ഇടതു പക്ഷത്തേക്ക് നീങ്ങുകയും ഗത്യന്തരമില്ലാതെ മനസാക്ഷി വോട്ടുകള്‍ ചെയ്യണം എന്ന് പരസ്യമായി പ്രഖ്യാപനം നടത്തുകയും ചെയ്തതും നമ്മള്‍ കൂട്ടി വായിക്കണം. അത് പോലെ പരസ്യമായി സെല്‍വ രാജിനൊപ്പം നില്‍ക്കുകയും വോട്ടിംഗ് മെഷീന്‍ കണ്ടപ്പോള്‍ താമരയില്‍ ഞെക്കിയവരെയും നമുക്ക് മറന്നു കൂടാ.
 
നെയ്യാറ്റിന്‍കരയിലെ അടിയൊഴുക്കുകള്‍ വളരെ ശക്തം ആയിരുന്നു. സെല്‍വ രാജിനെ എങ്ങനെയും തോല്‍പ്പിക്കുക, ഇതായിരുന്നു, സി പി എമ്മിന്‍റെയും, ബി ജെ പി യുടെയും കോണ്‍ഗ്രസിന്റെയും ( ഒരു പറ്റം കൊണ്ഗ്രെസുകാരുടെ ) തീരുമാനം. സി പി എം , ബി ജെ പി സുകുമാരന്‍ നായര്‍, നടേശ ഗുരു എന്നിവര്‍ ചേര്‍ന്ന് തീരുമാനിച്ചത്, കോണ്‍ഗ്രെസിലെ നായര്‍ വോട്ടുകള്‍ രാജെട്ടനിലൂടെ പെട്ടിയിലാക്കുക എന്ന തന്ത്രം ആയിരുന്നു. രാജേട്ടന്‍ ജയിച്ചാലും ലോറെന്‍സ് രണ്ടാം സ്ഥാനത്താകും, അതല്ല  ലോറെന്‍സ് ജയിച്ചാല്‍ രാജേട്ടന്‍ രണ്ടാം സ്ഥാനത്താകും. ഈ ഫോര്‍മുല രണ്ടു കൂട്ടര്‍ക്കും സമ്മതവും ആയിരുന്നു. സെല്‍വ രാജു മൂന്നാം സ്ഥാനത്ത് ആകുകയും, നാണം കേട്ട് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ രാജി വെയ്ക്കേണ്ടി വരികയും ചെറു കക്ഷികളെ കൂട്ട് പിടിച്ചു ഭരണത്തില്‍ വരികയും ആയിരുന്നു സി പി എം തന്ത്രം. തങ്ങളുടെ കൂട്ടത്തില്‍ നിന്ന് പാര്‍ട്ടി ചിലവില്‍ വളര്‍ന്നു ഒടുവില്‍ കൂലം കുത്തിയായി മാറിയ സെല്‍വരാജിനെ എങ്ങനെയും തോല്‍പ്പിക്കുക , അങ്ങനെ കൂലം കുത്തികള്‍ക്ക് മറുപടി കൊടുക്കുക എന്ന തന്ത്രം പാര്‍ട്ടിയിലെ ഗുണ്ടകള്‍  തന്നെ തല്ലിക്കെടുത്തി.

വളരെ പ്രതി കൂലം ആയിരുന്നു ലോറെന്സിനു നെയ്യാറ്റിന്‍കര. കേരള കോണ്‍ഗ്രെസ് ജേക്കബ്‌ ഗ്രൂപ്പില്‍ നിന്ന് കൂറ് മാറി, സി പി എമ്മില്‍ വന്നവന്‍.  പി സി ജോര്‍ജു വില പറഞ്ഞാല്‍ പണം വാങ്ങി രംഗം വിടുന്ന ആള്‍. നെയ്യാറ്റിന്‍കര നഗര സഭ പ്രദേശങ്ങളില്‍ അറിയപ്പെടാത്തവന്‍. സ്ഥാനാര്‍ഥി പ്രഖ്യാപനം നടന്നപ്പോള്‍ അത് വരെ സ്ഥാനര്തിത്വം പ്രതീക്ഷിച്ച ആന്‍സലന്റെ അനുയായികള്‍ ലോറെന്‍സിനും പാര്‍ട്ടിക്കും എതിരെ പ്രകടനം നടത്തി. അങ്ങനെ അണികളുടെ അതൃപ്തി നേടി. പ്രചാരണ രംഗത്ത് മുന്നില്‍ നിന്നപ്പോള്‍ ആണ് ടി പി ചന്ദ്ര ശേഖരന്റെ കൊലപാതകം. എം എം മണിയുടെ കഥാ പ്രസംഗം... ഒടുവില്‍ സഖാവ് വി എസ്സിന്റെ ഒഞ്ചിയം സന്ദര്‍ശനം. ഇത്രയൊക്കെ പ്രതി കൂല സാഹചര്യം ഉണ്ടായിട്ടും തോറ്റതു വെറും ആറായിരം വോട്ടിനു മാത്രം. അതിനാല്‍ ഇതൊരു തോല്‍വി അല്ല. വലിയൊരു വിജയം ആണ്.

ശരിക്കും പറഞ്ഞാല്‍ നെയ്യാറ്റിന്‍കരയില്‍ കണ്ടത് സി പി എമ്മിന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് ആണ്. സഖാവ് പിണറായി വിജയന്‍റെ വിജയം ആണ്. സി പി എം എന്ന സംഘടനയുടെ വിജയം ആണ്. ചിട്ടയായ പ്രവര്‍ത്തനത്തിന്‍റെ വിജയം ആണ്. 

Wednesday 20 June 2012

എയര്‍ ഇന്ത്യ എന്ന പ്രേതം


എയര്‍ ഇന്ത്യയില്‍ പൈലറ്റുമാര്‍ നടത്തുന്ന സമരം  45 ദിവസം പിന്നിട്ടു. . ഇന്ത്യയുടെ പൊതു ഖജനാവിനെ മുടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഒരു വെള്ളാന ആണ് എയര്‍ ഇന്ത്യ.
എയര്‍ ഇന്ത്യയില്‍ സമരങ്ങള്‍ വളരെ സാധാരണം ആണ്.

പഴയ ഒരു കോമഡി ഓര്‍മ വരുന്നു... ഒരു ജോലി കിട്ടിയിട്ട് വേണം ഒന്ന് ലീവ് എടുക്കാന്‍ എന്ന് പറയുന്ന തൊഴില്‍ രഹിതന്റെ നിഷ്കളങ്കമായ തമാശ. അത് തമാശ ആണെങ്കില്‍ എയര്‍ ഇന്ത്യയില്‍ ജോലി കിട്ടുക എന്ന് പറഞ്ഞാല്‍ അത് സമരം ചെയ്യുവാനുള്ള ഒരു അവകാശം ആയിട്ടാണ് തൊഴിലാളികള്‍ കാണുന്നത് എന്ന് പലപ്പോഴും തോന്നാറുണ്ട്. എയര്‍ ഇന്ത്യ പോലെ ഒരു വിമാനക്കമ്പനി നമ്മുടെ രാജ്യത്തിന് വേണമോ എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.

എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ ലൈന്‍സും തമ്മില്‍ നടന്ന ലയനത്തിന് ശേക്ഷം എയര്‍ ഇന്ത്യയില്‍ ഉണ്ടായിരുന്ന പഴയ പൈലറ്റ് മാര്‍ക്ക് ഇതുവരെയും ഇന്ത്യന്‍ എയര്‍ ലൈന്‍സില്‍ നിന്ന് വന്ന സഹ പൈലറ്റുമാരെ അംഗീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. പഴയ ഇന്ത്യന്‍ എയര്‍ലൈന്‍സിലെ പൈലറ്റുമാര്‍ക്ക് ബോയിങ് ഡ്രീംലൈനര്‍ വിമാനത്തിന്റെ പരിശീലനം നല്‍കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചതാണ് സമരകാരണം. എയര്‍ഇന്ത്യയുടെ പുതിയ ഡ്രീംലൈനറിന്റെ പരിശീലനം തങ്ങള്‍ക്കു മാത്രമേ നല്‍കാവൂ എന്നാണ് പഴയ എയര്‍ ഇന്ത്യയിലുണ്ടായിരുന്ന പൈലറ്റുമാര്‍ ആവശ്യപ്പെടുന്നത്. ഇത് പൊതുവില്‍ പറയുന്ന കാര്യങ്ങള്‍ ആണ് എങ്കിലും ഇതിലുപരി എന്തൊക്കെയോ ഈ സമരത്തിനു പിന്നില്‍ ചീഞ്ഞു നാറുന്നില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

കഴിഞ്ഞ ഇരുപതു വര്‍ഷത്തിനു മേല്‍ ഒരു പ്രവാസി ആണ് ഞാന്‍. കഴിയുന്നതും എയര്‍ ഇന്ത്യ അല്ലെങ്കില്‍, എയര്‍ ഇന്ത്യ എക്പ്രെസ്സ് ആണ് ഞാന്‍ നാട്ടിലേക്ക് പോകുവാന്‍ തെരെഞ്ഞെടുക്കാറുള്ളതു. എന്റെ ഭാഗ്യം എന്നെ പറയേണ്ടു, ചില അപൂര്‍വം അവസരങ്ങളില്‍ ഒഴിച്ച് മിക്കപ്പോഴും സമയ ക്രമങ്ങളില്‍ കൃത്യത പാലിച്ചില്ല എങ്കില്‍ കൂടി വിമാനം മുടങ്ങിയ അവസ്ഥ ഉണ്ടായിട്ടില്ല. ഇന്‍ ഫ്ലൈറ്റ് സര്‍വീസില്‍ എനിക്ക് ഏറ്റവും ഇഷ്ടം എയര്‍ ഇന്ത്യയിലെ യാത്രയിലെ സൌകര്യങ്ങള്‍ ആണ്. മുന്‍പ് ഇന്ത്യയുടെ പ്രധാന സെക്ടറുകളിലേക്ക് ഒരു വിധം മോണോ പൊളി ആയിരുന്നു എയര്‍ ഇന്ത്യയുടെ സര്‍വീസ്‌. അതിനാല്‍ പല ദുരിതങ്ങളും സഹിച്ചു ഗള്‍ഫ്‌ യാത്രക്കാര്‍ ഈ വിമാനയാത്രയിലെ ദുരിതങ്ങള്‍ തങ്ങളുടെ വിധിയുടെ ഭാഗമാക്കിയിരുന്നു. സാധാരണ തൊഴിലാളികള്‍, വിമാനയാത്ര എന്ന് പറഞ്ഞാല്‍ കൃത്യത ഇല്ലാത്ത ഒരു തരം സര്‍വീസ്‌ ആണ് എന്ന് പോലും ധരിച്ചു വശായിരുന്ന കാലം ഉണ്ടായിരുന്നു.

എന്ത് കൊണ്ടാണ് എയര്‍ ഇന്ത്യാ മാനേജുമെന്റിനു ചുവരെഴുത്ത് വായിക്കാന്‍ കഴിയാതെ പോകുന്നത്? ആഗോളവല്ക്കരനത്തിനു ശേക്ഷം ലോകത്തുണ്ടായ മാറ്റങ്ങള്‍ എന്ത് കൊണ്ടാണവര്‍ കാണാതെ പോകുന്നത്? അതല്ലെങ്കില്‍ സര്‍ക്കാരിന്റെ പണം അല്ലെ, അത് എങ്ങനെ നശിപ്പിക്കാം എന്ന് കരുതി മനപ്പൂര്‍വ്വം തോന്ന്യവാസം കാണിക്കുകയാണോ?  കാട്ടിലെ തടി , തേവരുടെ ആന, വലിയെടാ വലി... എന്ന പഴഞ്ചൊല്ല് പോലെ ആണ് എയര്‍ ഇന്ത്യ ഭരിക്കുന്നവരുടെയും അതില്‍ ജോലി ചെയുന്നവരുടെയും മനോഭാവം.

എയര്‍ ഇന്ത്യ എന്ന തങ്ങള്‍  ജോലി ചെയുന്ന കമ്പനി എങ്ങനെ പൂട്ടിക്കാം എന്ന് ശ്രമിക്കുന്ന ഈ തൊഴിലാളികള്‍ എയര്‍ ഇന്ത്യക്ക് ആവശ്യമോ? ഇന്നിപ്പോള്‍ വ്യോമയാന രംഗത്ത് അതി കഠിനമായ മല്‍സരമാണ് നേരിടുന്നത്. ഒരു കാലത്ത് ലോകത്തിലെ തന്നെ പ്രധാനപ്പെട്ട എയര്‍ ലൈന്‍ ആയിരുന്ന എയര്‍ ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ അതിന്റെ നടത്തിപ്പുകാര്‍ മനസിലാക്കുന്നത് നന്നായിരിക്കും. ഇങ്ങനെ പോയാല്‍ എത്ര പെട്ടെന്ന് എയര്‍ ഇന്ത്യ പൂട്ടാം എന്ന് മത്സരിക്കുന്ന തൊഴിലാളികളും മാനേജുമെന്റും. വളരെ ചെറിയ കാര്യങ്ങള്‍ക്ക് പോലും സമരം നടത്തുന്ന തൊഴിലാളികളും അവരുടെ സംഘടനകളും പലപ്പോഴും വലിയ തുക കമ്മീഷന്‍ മേടിച്ചു മറ്റു എയര്‍ ലൈനുകളെ സഹായിക്കുകയാണ് ചെയ്യാറുള്ളത്. നൂറ്റി അറുപതു പൈലറ്റുമാര്‍ അംഗംങ്ങള്‍ ആയ ഇന്ത്യന്‍ പൈലറ്റ് ഗില്‍ഡ്‌ എന്ന സംഘടന ആണ് ഇപ്പോള്‍ ഈ സമരത്തിനു പിന്നില്‍. ശരദ്‌ പവാര്‍ നയിക്കുന്ന നാഷണല്‍ കോണ്‍ഗ്രെസ് പാര്‍ട്ടി ആണ് ഈ സംഘടനയെ നിയന്ത്രിക്കുന്നത്. ഒന്നോര്‍ക്കണം, കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ ആയി, എന്‍ സി പി ആയിരുന്നു ഈ വകുപ്പ് ഭരിച്ചിരുന്നത്. അവരുടെ നേതാവും വ്യവസായിയും ആയ പ്രഭുല്‍ പട്ടേല്‍ ആയിരുന്നു മന്ത്രി. ഒടുവില്‍ വമ്പന്‍ അഴിമതി നടത്തിയതിന്റെ പേരില്‍ ഈ വകുപ്പ്, വയലാര്‍ രവിയെ ഏല്‍പ്പിക്കുകയും, രാഷ്ട്രീയ നീക്കു പോക്കുകല്‍ക്കൊടുവില്‍ കഴിഞ്ഞ ഉത്തര്‍ പ്രദേശ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടി ആയി, രാഷ്ട്രീയ ലോക്ദള്‍ നേതാവ് അജിത്‌ സിംഗിനെ ഈ വകുപ്പ് ഏല്‍പ്പിക്കുകയും ചെയ്തു. വയലാര്‍ രവിക്ക്, കാര്യമായി ഒന്നും ഈ വകുപ്പില്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല, എന്നതിലുപരി, വ്യോമ ഗതാഗത വ്യവസായത്തെ നിയന്ത്രിക്കുന്ന പശ്ചിമ ഉത്തര ലോബികളുടെ ഇടയില്‍ കിടന്നു ശ്വാസം മുട്ടുകയായിരുന്നു വയലാര്‍ രവി. ഒരു വലിയ മാഫിയ ആണ് ഇന്ന് എയര്‍ ഇന്ത്യയെ കഴുത്തു ഞെരിച്ചു കൊല്ലുന്നത്‌. അത് ഇന്നോ ഇന്നലെയോ തുടങ്ങിയത് അല്ല.
അന്തരിച്ച മുന്‍ വ്യോമയാന മന്ത്രി, മാധവ റാവു സിന്ധ്യ ഒരിക്കല്‍ പൈലറ്റുമാരുടെ സമരത്തെ ശക്തമായി നേരിടുകയും, റഷ്യയില്‍ നിന്ന് പകരം പൈലറ്റുമാരെ കൊണ്ട് വന്നു സര്‍വീസുകള്‍ നടത്തുകയും ചെയ്തു. നിര്‍ഭാഗ്യവശാല്‍ അതിലൊരു വിമാനം തകര്‍ന്നു വീഴുകയും, ( ഒരു പക്ഷെ പൈലറ്റു മാരുടെ സംഘടനകള്‍ സൃഷ്ട്ടിച്ച അട്ടിമറി ആയിരുന്നോ എന്നും തിരിച്ചറിയേണ്ടതുണ്ട്) അങ്ങനെ ആ സമരം വിജയിക്കുകയും ഉണ്ടായി.

ഇപ്പോള്‍ നടക്കുന്ന സമരത്തില്‍ മന്ത്രി അജിത്‌ സിംഗ് തുടക്കത്തില്‍  വളരെ ശക്തമായ നടപടികളും ആയിട്ടാണ് മുന്നോട്ടു പോകുന്നത്. മുന്നറിയിപ്പ്‌ പോലും കൊടുക്കാതെ സമരം നടത്തിയ ഇന്ത്യന്‍ പൈലറ്റ് ഗില്‍ഡ്‌ എന്നാ സംഘടനയുടെ അംഗീകാരം റദ്ദാക്കുകയും, സമരത്തില്‍ പങ്കെടുത്ത പല പൈലറ്റുമാരെ പിരിച്ചു വിടുകയും ചെയ്തു കൊണ്ടായിരുന്നു ധീരമായ നടപടി. ഫ്ലയിംഗ് മണിക്കൂറുകള്‍ കൂടിയതിനാല്‍ ഉണ്ടായ മൂലക്കുരുവിന്റെ അസ്കിതയില്‍ കഴിഞ്ഞ പൈലറ്റുമാരുടെ വീടുകളില്‍ ഡോക്ടര്‍മാരെ വിട്ടു അവരുടെ മൂലക്കുരു ദീനം സുഖമാകുവാനും അദേഹം നിര്‍ദ്ദേശിച്ചു. രണ്ടു റിട്ട് ഹര്‍ജികള്‍ കോടതിയില്‍ കൊടുത്ത്, രണ്ടിടത്തും പൈലറ്റ് സംഘടന പരാജയപ്പെട്ടു. നിര്‍ബന്ധമായും പൈലറ്റുമാര്‍ ജോലിക്ക് കയറണം എന്ന് കോടതി കല്‍പ്പിക്കുകയും ചെയ്തു. എന്നിട്ടും, ഇന്ത്യന്‍ നീതി ന്യായ വ്യവസ്ഥയെ പോലും വെല്ലു വിളിച്ചു കൊണ്ടാണ് ഇപ്പോള്‍ പൈലറ്റുമാര്‍ സമരം നടത്തുന്നത്. കാരണം, ശരദ്‌ പവാറിനെ പോലുള്ള ലോകത്തിലെ ഏറ്റവും വലിയ ഒരു മാഫിയ ആണ് ഈ സമരത്തിനു പിന്നില്‍. ഭരിക്കുന്ന മുന്നണിയിലെ തന്നെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ തൊഴിലാളി പ്രസ്ഥാനം ആണ് ഇന്ത്യന്‍ നീതി ന്യായ കോടതിയോടും ജനാതിപത്യ സംവിധാനത്തോടും, സര്‍വോപരി ഇന്ത്യന്‍ ജനതയോടും ഈ വെല്ലുവിളി നടത്തുന്നത്. സമരം തുടങ്ങിയതിനു ശേക്ഷം മാത്രം ഏതാണ്ട് 500 കോടി രൂപയ്ക്ക് മുകളില്‍ ആണ് എയര്‍ ഇന്ത്യക്ക് നഷ്ടം. പതിനാലായിരം കോടിക്ക് മുകളില്‍ നഷ്ടത്തില്‍ ഓടുന്ന എയര്‍ ഇന്ത്യക്ക് ഈ നഷ്ടം ഒരു പുത്തരിയല്ല. 


ആദ്യ ദിവസങ്ങളില്‍, യൂറോപ്പ്‌, അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇപ്പോള്‍ നടത്തുന്ന അപൂര്‍വ്വം സര്‍വീസുകള്‍ തടസപ്പെടുക ഉണ്ടായെങ്കിലും രണ്ടു മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ അതൊക്കെ പുനസ്ഥാപിക്കപ്പെടുവാന്‍ എയര്‍ ഇന്ത്യക്ക് കഴിഞ്ഞു. ഇപ്പോള്‍ കൊച്ചി, കോഴിക്കോട്‌, തിരുവനന്തപുരം, പൂന, ഹൈദരാബാദ് തുടങ്ങിയ ഇടങ്ങളില്‍ നിന്ന് ഗള്‍ഫിലേക്കുള്ള സര്‍വീസുകള്‍ ആണ് കൂടുതലായി റദ്ദാക്കപ്പെടുന്നത്. ഇപ്പോള്‍ ഈ പട്ടണങ്ങളില്‍ നിന്ന് ഒന്നിരാടം ദിവസങ്ങില്‍ ആണ് മിക്ക രാജ്യങ്ങളിലേക്കും സര്‍വീസുകള്‍ നടത്തുന്നത്. ഇവിടങ്ങളില്‍ നിന്ന് വളരെ കുറച്ചു യാത്രക്കാര്‍ മാത്രമേ എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്യാറുള്ളൂ എന്നതും കൂട്ടി വായിക്കേണ്ടതാണ്. സ്ഥിരമായി സര്‍വീസ്‌ ഉള്ളപ്പോള്‍ പോലും ഈ വിമാനങ്ങളില്‍ യാത്രക്കാര്‍ വളരെ കുറവായിരിക്കും. അതിനാല്‍ രണ്ടു ദിവസത്തെ യാത്രക്കാരെ ഒന്നിച്ചു കൊണ്ട് പോകുന്നതിനാല്‍ എയര്‍ ഇന്ത്യക്ക് ഈ സമരം പോലും അവരുടെ നഷ്ടം കുറയ്ക്കാന്‍ ഇട നല്‍കും.

പൈലറ്റുമാരുടെ  ഈ സമരം, എയര്‍ ഇന്ത്യ എന്ന കമ്പനിക്ക് ചില റൂട്ടുകളില്‍ നഷ്ടം ഉണ്ടായപ്പോള്‍ മറ്റു പല റൂട്ടുകളിലും ലാഭവും ഉണ്ടായി എന്ന കാര്യം എടുത്തു പറയാതിരിക്കാന്‍ കഴിയില്ല. പക്ഷെ ഈ സമരം കൊണ്ട്, ഏറ്റവും അധികം ബുദ്ധിമുട്ടുന്നത് ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാര്‍ ആണ്. കേരളത്തിലെ ഒട്ടു മിക്ക, സാധാരണക്കാരുടെ യാത്രകളും എയര്‍ ഇന്ത്യ എക്സ്പ്രെസ്സ് എന്ന വിമാന കമ്പനിയെ ആശ്രയിച്ചാണ് നടക്കുന്നത്. വടക്കേ ഇന്ത്യക്കാര്‍ക്ക് എയര്‍ ഇന്ത്യ അത്ര വലിയ ഒരു ആവശ്യം ആയിരുന്നില്ല, ഡല്‍ഹി, മുംബൈ സെക്ടറുകളിലേക്ക്  അനേകം വിമാനങ്ങള്‍ സര്‍വീസ്‌ നടത്തുന്നുണ്ട്. ജെറ്റ്‌ എയര്‍വേയ്സ്‌ , കിംഗ്‌ ഫിഷര്‍ തുടങ്ങിയ കമ്പനികള്‍ ഈ റൂട്ടില്‍ നിരവധി സര്‍വീസുകള്‍ നടത്തുന്നു.

എയര്‍ ഇന്ത്യ പൈലറ്റുമാരുടെ സമര പ്രഖ്യാപനത്തിനു ശേക്ഷം ആണ്, ഇന്ത്യയിലെ ബഡ്ജെറ്റ്‌ എയര്‍ കമ്പനികളായ ഇന്‍ഡിഗോ, സ്പൈസ് ജെറ്റ്‌, തുടങ്ങിയ കമ്പനികള്‍ക്കും വിദേശത്തേക്ക് പറക്കുവാനുള്ള അനുവാദം നല്‍കിയത്. എയര്‍ ഇന്ത്യ പൈലറ്റുമാര്‍ സമരം നടത്തുന്നതിനാല്‍, എയര്‍ ഇന്ത്യ വിമാനത്തില്‍ വിശ്വസിച്ചു യാത്ര ചെയുവാന്‍ കഴിയില്ലാത്തതിനാല്‍ ഇപ്പോള്‍ മിക്കവാറും എല്ലാവരും ഈ പുതു വിമാനങ്ങളെ ആണ് ആശ്രയിക്കുക. യാത്രക്കാരെ ഞെക്കി പിഴിഞ്ഞ് അമിത കൂലി ഈടാക്കി ആണ് ഈ വിമാനങ്ങള്‍ എല്ലാം ഇപ്പോള്‍ സര്‍വീസ്‌ നടത്തുന്നത്. കേരളത്തിലേക്ക് ഈ നവ വിമാനക്കമ്പനികള്‍ ആവശ്യത്തിന് സര്‍വീസ്‌ നടത്തുന്നില്ല എന്ന കാര്യം പ്രത്യേകം പ്രസ്താവ്യം ആണ്.
ഒന്നുകില്‍ സാമ്പത്തീക പരാധീനത അനുഭവിക്കുന്ന ഈ കമ്പനി അടച്ചു പൂട്ടുക, എന്നിട്ട് വളരെ പ്രൊഫഷണല്‍ ആയ മാനേജുമെന്റ് വിദഗ്ധരുടെ മേല്‍ നോട്ടത്തില്‍ പുതിയ ഒരു വിമാന കമ്പനി തുടങ്ങുക. ഇന്ന് കാര്യഷമമായി നടത്തിയാല്‍ ലാഭത്തില്‍ നടത്തുവാന്‍ കഴിയുന്ന വ്യവസായം ആണ്, വ്യോമയാന സര്‍വീസ്‌.

വാല്‍ക്കക്ഷണം:- 

പക്ഷെ വ്യോമയാന  മന്ത്രി അജിത്‌ സിംഗ്  ഈ സമരത്തെ തുടക്കം മുതല്‍ എതിര്‍ത്തു എങ്കില്‍ പോലും, ഇപ്പോള്‍ പഴയ പൈലറ്റുമാരെ തിരിച്ചു വിളിക്കുന്നതു  കാണുമ്പോള്‍ വീണ്ടും ഇതിനു പിന്നിലെ കള്ളക്കളികളില്‍ അദേഹത്തിനും പങ്കുണ്ടോ എന്ന് സംശയം ബാക്കി നില്‍ക്കുന്നു.  ഇന്ത്യയില്‍ നിന്ന്, ജെറ്റ്‌ എയര്‍ വേയ്സ്‌, കിംഗ്‌ ഫിഷര്‍, ഇന്‍ഡിഗോ, സ്പൈസ് ജെറ്റ്‌, തുടങ്ങിയ കമ്പനികളെയും മറ്റു വിദേശ വിമാന കമ്പനികളെയും പ്രോത്സാഹിപ്പിക്കുവാന്‍ അറിഞ്ഞു കൊണ്ട് നടത്തുന്ന ഒരു നീക്കം ആകുമോ ഇതിനു പിന്നില്‍? ഇന്ത്യയിലെ സ്വകാര്യ വിമാനക്കമ്പനികള്‍ക്ക് വേണ്ടി എയര്‍ ഇന്ത്യയെ കരുവാക്കുന്ന  ആ പഴഞ്ചന്‍ രീതിയില്‍ നിന്ന് മന്ത്രിമാരും, ഉദ്യോഗസ്ഥരും ഇനി എന്നാണാവോ നടുവ് നിവര്‍ക്കുക?. 

Tuesday 19 June 2012

ഗള്‍ഫിലെ ഇന്ത്യന്‍ വിദ്യാഭ്യാസ രംഗം.


പ്ലസ്‌ ടൂ വിനു പഠിക്കുന്ന എന്‍റെ മൂത്ത മകള്‍ അനിയത്തിയോട് ഒരു ദിവസം പറയുന്നത് കേട്ടു, ' നീ പ്ലസ്‌ ടൂ വിനു ഈ സ്കൂളില്‍ പഠിക്കേണ്ട , മറ്റു  ഏതെന്കിലും സ്കൂളില്‍ വേണം പഠിക്കുവാന്‍ " 

കാരണം എന്തെന്ന് ആരാഞ്ഞ എന്നോട് മോള്‍ പറഞ്ഞത് ഇതാണ്. " ഈ വര്ഷം തന്നെ ഓരോ സബ്ജക്റ്റിനും മൂന്നും നാലും അധ്യാപകര്‍ ആണ് മാറി മാറി വരുന്നത്. ഓരോരുത്തര്‍ അവര്‍ക്കിഷ്ടം ഉള്ളത് പോലെ പഠിപ്പിക്കുന്നു. കുട്ടികള്‍ അനുഭവിക്കുന്ന സ്ട്രെസ്സ് മറ്റാരെങ്കിലും അറിയുന്നുണ്ടോ?"

ശരിയാണ്, ഇവരുടെ സ്കൂളില്‍ ഇക്കഴിഞ്ഞ വര്‍ഷം ഇംഗ്ലീഷ് പഠിപ്പിച്ചത് രണ്ടു അധ്യാപികമാര്‍, ഫിസിക്സ് മൂന്നു പേര്‍, കെമിസ്ട്രി മൂന്നു പേര്‍, മാത്തമാറ്റിക്സ് മൂന്നു പേര്‍, ഐ പി ക്ക് മാത്രം  ഒരാള്‍.,. മറ്റു പല വിഷയങ്ങള്‍ക്കും ഇത് പോലെ തന്നെ ആയിരുന്നു. ഞാന്‍ എന്‍റെ മറ്റു പല സുഹൃത്തുക്കളോടും ഈ വിവരം പറഞ്ഞപ്പോള്‍, അവരുടെ മക്കള്‍ പഠിക്കുന്ന സ്കൂളുകളിലും ഇത് തന്നെ ആണ് സ്ഥിതി എന്ന് അറിയുവാന്‍ കഴിഞ്ഞു. 
കുറഞ്ഞ ശമ്പളത്തില്‍ ഭര്‍ത്താവിന്‍റെ വിസയില്‍ ആണ് ഭൂരിഭാഗം അധ്യാപികമാരും. ഭര്‍ത്താവിന്റെ ജോലി നഷ്ടപ്പെടുമ്പോള്‍ ഇവര്‍ സ്കൂളില്‍ നിന്ന് പോകുന്നു., അല്ലെങ്കില്‍ കൂടുതല്‍ ശമ്പളം കിട്ടുന്ന സ്കൂളിലെക്കോ, അതുമല്ലെങ്കില്‍ നാട്ടില്‍ ഏതെങ്കിലും സ്കൂളിലോ കോളേജിലെ ജോലി കിട്ടുമ്പോള്‍ അവിടെക്കോ ഇവര്‍ പോകുന്നു. കുട്ടികളുടെ പഠനത്തില്‍ സ്കൂള്‍ അധികാരികള്‍ക്കോ, അധ്യാപകര്‍ക്കോ യാതൊരു ശ്രദ്ധയും ഇല്ല. പത്താം ക്ലാസ്സോ, പ്ലസ്‌ ടൂ വോ ഒന്നും ഇവര്‍ക്ക് പ്രശനം അല്ല. 

കച്ചവടം. 

ഗള്‍ഫില്‍ ഒമാനിലോഴികെ മിക്ക രാജ്യങ്ങളിലും ഇന്ത്യന്‍ വിദ്യാഭ്യാസവും മറ്റേതൊരു കച്ചവടം പോലെ ഉള്ള ഒരു കച്ചവടം മാത്രം. യാതൊരു തത്വ ദീക്ഷയും ഇല്ലാത്ത കച്ചവടക്കാര്‍.,. ഒമാനില്‍ അപൂര്‍വം ചില സ്കൂളുകള്‍ ഒഴികെ, ബാക്കി എല്ലാം അവിടെ ഉള്ള ഇന്ത്യന്‍ എംബസ്സിയുടെ നിയന്ത്രണത്തില്‍ അധ്യാപക രക്ഷാകര്‍തൃ യോഗങ്ങള്‍ ആണ് നടത്തുന്നത്. എന്നാല്‍ യു എ ഇ, കുവൈറ്റ്‌, ഖത്തര്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ സ്വകാര്യ കുത്തക മുതലാളികള്‍ ആണ് സ്കൂള്‍ വിദ്യാഭ്യാസ രംഗം നിയന്ത്രിക്കുന്നത്‌..,. എത്ര കിട്ടിയാലും മതിയാകാത്ത ആര്‍ത്തിപ്പണ്ടാരങ്ങള്‍. .

ഭര്‍ത്താവിന്‍റെ വിസയില്‍ ഉള്ള അധ്യാപികമാരെ സ്കൂളില്‍ നിയമിക്കുമ്പോള്‍, എമിഗ്രേഷന്‍, വിസ, ലേബര്‍ ഫീസുകള്‍ ഒന്നും ഇവര്‍ക്ക് കൊടുക്കേണ്ട. 1500 ദിര്‍ഹം മുതല്‍ 5000 ദിര്‍ഹം വരെ ശമ്പളം. കുട്ടികളില്‍ നിന്നും പിരിക്കുന്ന തുകയില്‍ തുശ്ചമായ ഈ ശമ്പളം കൊടുത്ത് കഴിഞ്ഞാല്‍ ബാക്കി വരുന്നതെല്ലാം, സ്കൂള്‍ നടത്തിപ്പുകാരനായ മുതലാളിക്ക് സ്വന്തം. അടുത്ത കാലം വരെ അടിസ്ഥാന സൌകര്യങ്ങള്‍ പോലും വളരെ കുറവായിരുന്നു പല സ്കൂളുകളിലും. 
2006 ല്‍ രക്ഷാകര്‍ത്താക്കളുടെ നിരന്തരമായ പരാതി കാരണം, അനാവശ്യമായി വര്‍ഷാവര്‍ഷം സ്കൂള്‍ ഫീസ്‌ വര്‍ദ്ധിപ്പിക്കുന്നതിന് ചില നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ കൊണ്ട് വന്നു. അത് പോലെ തന്നെ ഗുണപരമായ വിദ്യഭ്യാസത്തിന്റെ അപര്യാപ്തതയെക്കുറിച്ച് ബോധോദയം ഉണ്ടായത് കൊണ്ടും, ദുബായിയുടെ യശസ്‌ ഉയര്‍ത്തിപ്പിടിക്കുവാനും ആയി ദുബായ് സര്‍ക്കാര്‍ രൂപീകരിച്ച അതോറിറ്റി ആണ് നോളെദ്ജു & ഹുമന്‍ ടെവേലപ്‌മെന്‍റ് അതോറിറ്റി. ( കെ എച്ചു ഡി എ ).
ദുബായിലെ സ്കൂളുകളിലെ ഇന്‍ഫ്രാ സ്ട്രക്ചര്‍ മെച്ചെപ്പെടുത്തുന്നതിനോപ്പം എക്സ്ട്രാ കറിക്കുലര്‍ രംഗത്തും കെ. എച്ച്. ഡി. എ. ശ്രദ്ധ പതിപ്പിക്കുവാന്‍ തുടങ്ങി. സ്കൂളുകളില്‍ ഗ്രേഡിംഗ് സമ്പ്രദായം തുടങ്ങി. ഓരോ സ്കൂളിനും ഗ്രേഡിംഗ് അനുസരിച്ച് മാത്രം ഫീസ്‌ വര്‍ദ്ധിപ്പിക്കുവാന്‍ കഴിയുകയുള്ളൂ എന്നതും സ്കൂളിന്‍റെ പ്രവര്‍ത്തന മികവും ഫീസും തമ്മില്‍ ബന്ധിപ്പിക്കുവാനും, അത്യാഗ്രഹികള്‍ ആയ മാനേജുമേന്റിനെ നിയന്ത്രിക്കാനും ഒരു പരിധി വരെ കെ എച്ച് ഡി എ ക്ക് സാധിച്ചു. ഓരോ വര്‍ഷവും എല്ലാ സ്കൂളുകളും സന്ദര്‍ശിച്ചു, വിദ്യാര്‍ഥികള്‍, അധ്യാപകര്‍ , രക്ഷകര്‍ത്താക്കള്‍ എന്നിവരെ നേരിട്ട് കണ്ടും ഓണ്‍ ലൈനിലൂടെയും അഭിപ്രായങ്ങള്‍ അറിഞ്ഞും സര്‍വേകള്‍ നടത്തിയും വിദ്യാഭ്യാസ പുരോഗതിക്ക് കെ എച്ച് ഡി എ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയം ആണ്. പക്ഷെ ദുബായ് ഒഴികെ മറ്റു പ്രദേശങ്ങളില്‍ സ്കൂളുകളുടെ കാര്യം ഒട്ടും അഭികാമ്യം അല്ല. നല്ല  യൂണിഫോമും സ്കൂള്‍ ബാഗും കണ്ടാല്‍ മെച്ചമായ വിദ്യാഭ്യാസം ലഭിക്കുന്നു എന്നാ അബദ്ധ ധാരണ ആണ് ഗള്‍ഫില്‍ പലര്‍ക്കും. 
വിദ്യാഭ്യാസ രംഗത്ത് കെ. എച്ച്. ഡി. എ.  പിടി മുറുക്കിയപ്പോള്‍, മാനേജുമെന്റുകള്‍ സ്കൂള്‍ ട്രാന്‍സ്പോര്‍ട്ട് ഫീസുകള്‍ ഉയര്‍ത്തിയും സ്റെഷനറി, പുസ്തകങ്ങള്‍ യൂണിഫോം എന്നിവ ഒക്കെ വില കൂട്ടിയും ലാഭം ഉയര്‍ത്തുവാന്‍ ശ്രമിക്കുന്നു. 
2008 ല്‍ തുടങ്ങിയ ആഗോള മാന്ദ്യത്തില്‍ ദുബായ്ക്ക് സംഭവിച്ച നഷ്ടം ഒരര്‍ഥത്തില്‍ അബുദാബിയുടെ വളര്‍ച്ചയിലേക്ക് നയിക്കുകയായിരുന്നു. അബുദാബിയില്‍ താമസിച്ചു ദുബായില്‍ ജോലി ചെയ്തു കൊണ്ടിരുന്ന അവസ്ഥക്ക് പകരം ദുബായില്‍ താമസിച്ചു അബുദാബിയില്‍ ജോലി ചെയുന്ന രീതിയിലേക്ക് മാറി കാര്യങ്ങള്‍. അബുദാബിയില്‍ അനേകം വികസന പ്രവര്‍ത്തനങ്ങള്‍ ഇക്കാലയളവില്‍ നടന്നപ്പോള്‍ ആവശ്യത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇല്ലാതായി. പല കുടുംബങ്ങളും ദുബായില്‍ താമസിച്ചു അബുദാബിയില്‍ ജോലി ചെയുവാന്‍ കാരണവും മറ്റൊന്നല്ല, തങ്ങളുടെ കുട്ടികളുടെ വിധ്യഭ്യ്സത്തിനു വേണ്ടി ആണ്. ഇപ്പോഴും അബുദാബിയില്‍ ഇന്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അപ്രര്യപ്തത  വലിയൊരു പ്രശനം തന്നെ ആണ്. 

ഉന്നത വിദ്യാഭ്യാസ രംഗം. 

ഗള്‍ഫിലെ ഇന്ത്യന്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ ആകര്‍ഷണ കേന്ദ്രം ദുബായ് ആണ്.  2004 ല്‍ ദുബായ്  നോളെഡ്ജൂ വില്ലേജു സ്ഥാപിച്ചതിനു ശേക്ഷം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അനേകം വിദ്യാഭ്യസ സ്ഥാപനങ്ങള്‍ ഇവിടെ തുടങ്ങുകയായിരുന്നു. ഇക്കൂട്ടത്തില്‍ ഇന്ത്യയില്‍ നിന്നുള്ള പല പ്രഗല്‍ഭ സ്ഥാപനങ്ങളും കടന്നു വരികയുണ്ടായി. ബിറ്റ്സ് പിലാനി, ജെയിന്‍ മാനെജുമേന്റു സ്കൂള്‍, മണിപ്പാല്‍ സ്കൂള്‍  തുടങ്ങിയവയ്ക്കൊപ്പം മഹാത്മ ഗാന്ധി യൂണിവെഴ്സിറ്റിയും നോളെഡ് ജൂ വില്ലേജില്‍ ആദ്യ ക്ലാസ്സുകള്‍ തുടങ്ങി. അത് വരെയും ഇന്ദിരാ ഗാന്ധി ഓപ്പെന്‍ യൂണിവെഴ്സിറ്റി മാത്രമായിരുന്നു ഇന്ത്യന്‍ തുടര്‍ വിദ്യാഭ്യാസത്തിനു ഏക അത്താണി. 
മഹാത്മ ഗാന്ധി സര്വകലാശാലയുടെതായി വന്ന വാര്‍ത്തകളും പരസ്യങ്ങളും കണ്ടു അഡ്മിഷന്‍ നേടിയവരും പഠിച്ചവരും അറിഞ്ഞിരുന്നില്ല, മഹാത്മ ഗാന്ധി സര്‍വകലാ ശാല നേരിട്ടല്ല , ഈ സ്ഥാപനം നടത്തുന്നത് എന്ന്. 2007 ല്‍ അല ഐന്‍ റോഡില്‍ പുതുതായി പണിത അക്കാദമിക് സിറ്റിയിലേക്ക്  കാമ്പസ്‌ മാറ്റിയപ്പോള്‍, ദുബായ് സര്‍ക്കാര്‍ വച്ച മാനടണ്ടാങ്ങള്‍ മഹത്താമ ഗാന്ധി സര്‍വകലാശാലയെ ദുബായില്‍ നിന്ന് കുടിയിറക്കി. ഇന്ത്യയിലെയും മിഡില്‍ ഈസ്റ്റിലെയും പ്രമൂഖ വിദ്യാഭ്യസ  ദല്ലാള്‍ ആയ  സുധീര്‍ ഗോപി ആണ് മഹാത്മ ഗാന്ധി സര്‍വകലാശാലയുടെതടക്കം പല വിദ്യാഭ്യസ സ്ഥാപനങ്ങളുടെയും ഇടനിലക്കാരന്‍. എം ജി സര്‍വകലാശാല തുടക്കത്തില്‍ അനേകം വിദ്യാര്‍ത്ഥികളെ തങ്ങളുടെ സ്ഥാപനത്തിലേക്ക് ആകര്‍ഷിക്കുന്നത് കണ്ടപ്പോള്‍ ഡിസ്റ്റന്‍സ് എട്യക്കെഷന്‍ സെന്‍റര്‍ നടത്തിയിരുന്ന മറ്റു പല സ്ഥാപനങ്ങളും പല  ട്യൂഷന്‍ സെന്ററുകളും സര്‍വകലാശാലകളുടെ ഫ്രാഞ്ചാസി എടുക്കുകയും തങ്ങളുടെ കച്ചവട സാംബ്രാജ്യം വിപുലപ്പെടുത്തുകയും ചെയ്തു. ദുബായിലെ അക്കാദമിക്‌ സിറ്റിയില്‍ നിന്ന് നാട് കടത്തപ്പെട്ട എം ജി സര്‍വകലാശാല  കാമ്പസിനോടൊപ്പം കാലിക്കറ്റ് സര്‍വകലാശാലയും റാസ് അല്‍ ഖൈമ  പടുത്തുയര്‍ത്തിയ  തുടര്‍ വിദ്യാഭ്യാസ  കേന്ദ്രത്തിലേക്ക്  കടന്നു കയറി. ഈ സ്ഥാപനങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ കൂടുതലും ഇവിടെ ജോലി ചെയുന്നവരും, ജോലിക്കിടയില്‍ പാര്‍ട്ട് ടൈം വിദ്യാഭ്യസം നടത്തുന്നവരും ആണ്. അറ്റന്‍ഡന്‍സ് ഇല്ലാത്ത കുട്ടികള്‍ക്ക് അത് ആവശ്യാനുസരണം നല്‍കിയും ,വിജയത്തിനു  അനിവാര്യമായ പരീക്ഷാ നടത്തിപ്പുകളും കുട്ടികള്‍ക്ക് ഡിഗ്രി എളുപ്പത്തില്‍ കിട്ടുവാനും നൂറു ശതമാനം വിജയം വരിക്കുവാന്‍ സ്ഥാപനഗള്‍ക്ക് കഴിയുന്നതും ഇങ്ങനെ ഉള്ള സര്‍വകലാശാലകളുടെ  കച്ചവട സാധ്യത വര്‍ദ്ധിപ്പിക്കുന്നു.   
 
ഇന്നിപ്പോള്‍, ഗള്‍ഫില്‍ അനേകം വിദ്യാഭ്യസ സ്ഥാപനങ്ങള്‍ അവയുടെ പഠന കേന്ദ്രങ്ങള്‍ തുടങ്ങിയിരിക്കുന്നു. ബിറ്റ്സ് പിലാനി, മണിപ്പാല്‍ , ജെയിന്‍ സ്കൂള്‍ തുടങ്ങിയവക്കൊപ്പം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മാനേജുമെന്റ്, അമിറ്റി യൂണിവേര്സ്സിറ്റി തുടങ്ങി അനേകം ഇന്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അമേരിക, യു കെ, ആസ്ട്രേലിയ തുടങ്ങിയ  രാജ്യങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നമ്മുടെ കുട്ടികള്‍ വിദ്യാഭ്യാസം നേടുന്നു. 

വാല്‍ക്കക്ഷണം:- ഗള്‍ഫിലെ വിദ്യാര്‍ഥികള്‍ ബ്രോയിലര്‍ ചിക്കന്‍ പോലെ ആണ്. അതി രാവിലെ സ്കൂള്‍  ബസ്സില്‍ അവര്‍ സ്കൂളിലേക്ക് പോകുന്നു. ഉച്ചക്ക് സ്കൂള്‍ പഠനം കഴിഞ്ഞാല്‍ തിരികെ വീട്ടിലേക്കും. പല സ്കൂളുകള്‍ക്കും അത് നില്‍ക്കുന്ന കെട്ടിടത്തിനപ്പുരം ആവശ്യമായ ഗ്രൌണ്ട് , സ്റ്റേഡിയം തുടങ്ങിയവ ഒന്നും ഇല്ലാത്തതിനാലും മറ്റു പാട്യെതര വിഷയങ്ങളില്‍ ശ്രദ്ധ ചെലുത്താത്തതിനാലും അവരിലെ കായിക ക്ഷമത വളരെ കുറവാണ്. സ്കൂളിനും വീടിനും ഏതാനും ഷോപ്പിംഗ്‌ മാളുകള്‍ക്കും അപ്പുറം ജീവിതം ഇല്ല എന്ന് കരുതുന്ന നിസ്സഹായരായ  കുട്ടികള്‍ ആണ് ഗള്‍ഫില്‍ നിന്നും പടിയിറങ്ങുന്ന വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും.

Monday 18 June 2012

പെരുമനം: പാരീസ്‌ - സ്വപ്ന നഗരം

പെരുമനം: പാരീസ്‌ - സ്വപ്ന നഗരം: പാരീസ്‌ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ സിറ്റികളില്‍ ഒന്നാണ്, ശാസ്ത്രം , രാഷ്ട്രീയം, കല, സംസ്കാരം , ബിസിനസ്സ്, വിദ്യാഭ്യാസം , ഫാഷന...

Sunday 17 June 2012

പെരുമനം: ബെര്‍ലിന്‍ വസന്തം.

പെരുമനം: ബെര്‍ലിന്‍ വസന്തം.: ജെര്‍മനിയുടെ തലസ്ഥാനം ആയ ബെര്‍ലിനിലേക്ക് ഒരു യാത്ര. വളരെ അവിശ്വസനീയം ആയ ഒരു സ്വപ്നം. യാത്രകള്‍ വലിയ ആഗ്രഹം ആയിരുന്നു എങ്കിലും ഇങ്ങനെ ഒര...

Saturday 2 June 2012

സുന്ദരിമാരുടെയും സുന്ദരന്മാരുടെയും നാട്ടില്‍


വെള്ളി, 02 മാര്‍ച്ച് 2012 01:30

ഏറോ സ്വിഫ്റ്റ്‌ വിമാനം ഉക്രൈനിന്‍റെ തലസ്ഥാനമായ  കീവില്‍ എത്തിയിരിക്കുന്നു. ഞങ്ങള്‍ വിമാനത്തില്‍ നിന്ന് പുറത്തു കടന്നു. നല്ല തണുപ്പ്, എങ്കിലും സെ. പീറ്റേര്‍സ്ബര്‍ഗിനെ അപേക്ഷിച്ചു തണുപ്പ് കുറവാണ്. ഇവിടെ ഇപ്പോള്‍    മൈനസ് -16 ആണ് തണുപ്പ്. സെ.പീറ്റേര്‍സ് ബര്‍ഗില്‍ മൈനസ് 25 ആയിരുന്നു തണുപ്പ്. കയ്യിലെ ഗ്ലൌസ് എവിടെയോ നഷ്ടപ്പെട്ടതിനാല്‍ കൈകള്‍ മരവിച്ച പോലെ ആയി.

ഞങ്ങള്‍ക്ക് കാണേണ്ടത് മരിയയെ ആണ്. മരിയ ഒഡീസ എന്നാ തുറമുഖ നഗരത്തില്‍ ആണ് എന്ന് പറഞ്ഞതിനാല്‍ , ഞങ്ങള്‍   ഒഡീസയിലേക്കാണ് ടിക്കറ്റ് എടുത്തിരിക്കുന്നത്. കീവില്‍ നിന്ന് ഒഡീസയിലേക്ക് രണ്ടു  മണിക്കൂര്‍ കഴിഞ്ഞാണ് വിമാനം. അതുവരെയും കീവ് എയര്‍പോര്‍ട്ടില്‍ വെയിറ്റ്‌ ചെയ്യണം.. എന്തായാലും ഞങ്ങള്‍ മരിയയെ വിളിച്ചു. മരിയ കീവില്‍ ഉണ്ട്, അവള്‍ ഞങ്ങള്‍ക്ക് ആയി ഹോട്ടല്‍ ബുക്ക്‌ ചെയ്തിരിക്കുന്നത് കീവില്‍ ആണ് പോലും. ടൂറിസ്റ്റ്‌ ക്ലബ്‌ ഹോട്ടലില്‍ ആണ് ഞങ്ങള്‍ക്ക് താമസിക്കാന്‍ സൗകര്യം ചെയ്തിരിക്കുന്നത്. ഞങ്ങളോടെ എയര്‍പോര്‍ട്ടില്‍ നിന്ന് ടാക്സി പിടിച്ചു ഹോട്ടലില്‍ എത്താനും, പിറ്റേന്ന് അവള്‍ ഞങ്ങളെ ഹോട്ടലില്‍ വന്നു കണ്ടു കൊള്ളാമെന്നും പറഞ്ഞു. ഞങ്ങളുടെ ഒഡീസ വിമാനത്തിന്റെ ടിക്കറ്റ്‌ ക്യാന്‍സല്‍ ചെയ്യണം.

ഞങ്ങള്‍ എമിഗ്രേഷന്‍ കൌണ്ടറില്‍   എത്തി. വളരെ വലിയ സൌകര്യങ്ങള്‍ ഒന്നും ഇല്ലാത്ത ഒരു എയര്‍ പോര്‍ട്ട്‌. . ഏഴു മണി ആകുന്നു  ഇപ്പോള്‍,  പുറത്തു നല്ല ഇരുട്ട് വീണു. എമിഗ്രേഷന്‍ കൌണ്ടറില്‍ വലിയ തിരക്ക് കാണാം. കൂടുതല്‍ യാത്രക്കാരും റഷ്യക്കാര്‍ ... ഉക്രൈനില്‍ റഷ്യക്കാര്‍ക്ക് വളരെ കണിശമായ എമിഗ്രേഷന്‍ ചെക്കിംഗ് ആണ്. ഞങ്ങള്‍ ഒരു ക്യുവിന്റെ പിന്നില്‍ നിന്ന്. ഏകദേശം അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ കൌണ്ടറില്‍ എത്തി. ഞങ്ങളുടെ പാസ്പോര്‍ട്ട്‌ കണ്ട ഉടനെ , ഞങ്ങളോടെ അവിടെ മാറി നില്‍ക്കാന്‍ പറഞ്ഞു. ഒരു മാതിരി തടവ്‌ പുള്ളികളെ പോലെ. 
കുറച്ചു കഴിഞ്ഞു ഒരു ഓഫീസര്‍ ഞങ്ങളെ ഓരോരുത്തരെ ആയി അയാളുടെ മുറിയിലേക്ക് വിളിച്ചു. എന്തിനാണ് ഉക്രൈനില്‍ വന്നത്? ടൂറിസം വിസ ആയതിനാല്‍ ടൂറിസത്തിനു വേണ്ടി എന്ന് ഞാന്‍ പറഞ്ഞു? എത്ര നാള്‍ ഉക്രൈനില്‍ തങ്ങും? വിവാഹം കഴിച്ചതാണോ? കയ്യില്‍ എത്ര പണം ഉണ്ട്? ഉക്രൈനില്‍ പരിചയക്കാര്‍ ഉണ്ടോ? എവിടെ ആണ് താമസം തുടങ്ങി കുറെ ചോദ്യങ്ങള്‍ .ഫെബ്രുവരി 23 ബുധനാഴ്ച ആണ് ഞങ്ങള്‍ക്ക് തിരികെ മോസ്കോയിലേക്ക് ടിക്കറ്റ് ബുക്ക്‌ ചെയ്തിരിക്കുന്നത്. ടിക്കറ്റും അദേഹത്തിന് കാട്ടി കൊടുത്തു.   ഒടുവില്‍ ഞങ്ങളുടെ പാസ്പോര്‍ട്ടില്‍ എന്‍ട്രി സ്റ്റാമ്പ് അടിച്ചു. ഞങ്ങള്‍ പുറത്തിറങ്ങി. തിരക്ക് നന്നേ കുറഞ്ഞിരിക്കുന്നു. നേരെ ഏറോ സ്വിഫ്റ്റ്‌ കൌണ്ടറില്‍ പോയി ഞങ്ങളുടെ ഒഡീസ ടിക്കറ്റ്‌ ക്യാന്‍സല്‍ ചെയ്തു. പ്രായമായ ഒരു സ്ത്രീ ആണ് കൌണ്ടറില്‍.. വളരെ തര്‍ക്കിച്ഛതിനു ശേക്ഷം ആണ് അവര്‍ ഞങ്ങള്‍ക്ക് ടിക്കറ്റ്‌ ക്യാന്‍സല്‍ ചെയ്തു തന്നത്.
നമ്മുടെ നാട്ടിലെ പോലെ തന്നെ ഇവിടെ ടാക്സിക്കാര്‍, എല്ലാം പ്രൈവറ്റ് ടാക്സികള്‍.,   വിമാനത്താവളത്തില്‍ ടാക്സിക്കാരെ മുട്ടിയിട്ടു നടക്കാന്‍ കഴിയില്ല. എല്ലാവരും വലിയ തുകകള്‍ ആണ് ചോദിക്കുന്നത്. ആദ്യം  ചോദിച്ചതിന്‍റെ പകുതി തുകക്ക് ഒടുവില്‍ ഹോട്ടലിലേക്ക് പോകാന്‍ ടാക്സി ക്കാരന്‍ തയ്യാര്‍ ആയി. അത്ര മാത്രം ഞങ്ങള്‍ക്ക്  ബാര്‍ഗയിന്‍ ചെയ്യേണ്ടി വന്നു.

ഇരുപതു മിനിറ്റില്‍ ഞങ്ങള്‍ ഹോട്ടലില്‍ എത്തി. ഇത് വരെ പോയ ഹോട്ടലുകളില്‍ നിന്ന് വ്യത്യസ്തം ആയി, ഹോട്ടലില്‍ നിന്ന് പരിചാരകര്‍ വന്നു ഞങ്ങളുടെ ബാഗുകള്‍ കൊണ്ടുപോയി. നമ്മുടെ നാടിന്റെ ഒരു രീതി.   എന്തു കൊണ്ടോ, യൂറോപ്പ്, റഷ്യ എന്നീ രാജ്യങ്ങളില്‍  നിന്ന് വ്യത്യസ്തം ആയ നമ്മുടെ രീതികളും ആയി ഇടപഴകാന്‍ പറ്റുന്ന ആളുകള്‍ ആണ് ഉക്രൈന്‍ ജനങ്ങള്‍..,.  അധികം ജാഡകള്‍ ഒന്നും ഇല്ലാത്ത സാധാരണക്കാരായ ജനങ്ങള്‍, . ഒരു പക്ഷെ മറ്റു റഷ്യ, യൂറോപ്യന്‍ രാജ്യങ്ങളിലെ അത്ര സാമ്പത്തീക ശക്തി ആയിരുന്നില്ല ഉക്രൈന്‍ , അത് കൊണ്ടാകാം.

ഉക്രൈന്‍ സുന്ദരികള്‍, ദുബായില്‍ ഒരു കാലത്ത് വളരെ ഉണ്ടായിരുന്നു എങ്കിലും അവരെ റഷ്യക്കാര്‍ എന്നാണ് പൊതുവേ വിളിച്ചിരുന്നത്‌..  ഒരു പക്ഷെ ലോകത്തിലെ ഏറ്റവും സുന്ദരന്മാരും സുന്ദരികളും ഉക്രൈന്‍ കാരാണ്. നല്ല കടഞ്ഞെടുത്ത ശരീര ഘടന. മനോഹരമായ മുഖങ്ങള്‍ , നല്ല വിനയാന്വിതമായ സംഭാക്ഷണം. വളരെ ആകര്‍ഷകമായി തോന്നി.  എന്ത് കൊണ്ടോ ഉക്രൈനോടും അവിടുത്തെ ജനങ്ങളോടും പെട്ടെന്നോരടുപ്പം ഉണ്ടായ പോലെ... ഹോട്ടലില്‍ പലരും ആയി പരിചയപ്പെട്ടു... പാശ്ചാത്യര്‍ പലരും ഉക്രൈനില്‍ എത്തുന്നത് സെക്സ് ടൂറിസത്തിന് വേണ്ടി ആണ് എന്ന് അവരുടെ വര്‍ത്തമാനത്തില്‍ നിന്നും മനസിലായി. ഉക്രൈനിലെ ജനങ്ങളുടെ സാമ്പത്തീക സ്ഥിതി , യൂറോപ്യന്‍ നഗരങ്ങളുടെതില്‍ നിന്നും വളരെ പിന്നിലാണ്. മാത്രമല്ല, മറ്റു കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് കിട്ടുന്ന പരിഗണന, യൂറോപ്യന്‍ യൂണിയനില്‍ അംഗം അല്ലാത്ത ഉക്രൈന് ലഭിക്കുന്നും ഇല്ല. യൂറോപ്യന്‍ യൂണിയനില്‍ അംഗം അല്ലാത്തതിനാല്‍ , മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍ സഞ്ചരിക്കണം എങ്കില്‍ ഉക്രൈന്‍ നിവാസികള്‍ക്ക് വിസ വേണം, സ്വതന്ത്രമായി യൂറോപ്യന്‍ രാജ്യങ്ങളില്‍ ജോലി ചെയ്യണോ, ബിസിനെസ്സ്‌ നടത്തുവാനോ സാധ്യമല്ല. 


ഉക്രൈന്‍ , കൃഷിയെ അതി ജീവിച്ചു കഴിയുന്ന ഒരു രാജ്യം ആണ്. സോവിയറ്റ് യൂണിയന്‍ വിഭജിക്കപ്പെട്ടു കഴിഞ്ഞപ്പോള്‍ സാമ്പതീകമായി വളരെ പിന്നിലേക്ക്‌ പോയി എങ്കിലും രണ്ടായിരത്തി നാലോടെ വീണ്ടും പുരോഗതിയുടെ പാതയിലേക്ക് വന്നു. ആഗോള സാമ്പത്തീക മാന്ദ്യത്തില്‍ വീണ്ടും മുട്ടുകുത്തി താഴേക്കു പതിക്കുകയുണ്ടായി, ഈ രാജ്യം. ലോകത് ഏറ്റവും അധികം സണ്‍ ഫ്ളവര്‍ ഓയില്‍ ഉല്പാദിപ്പിക്കുന്ന രാജ്യം ആണ് ഉക്രൈന്‍ . കൃഷിയിടങ്ങള്‍ ഇപ്പോഴും പൊതു മേഖലയില്‍ തന്നെ ആണ്, എന്നത് കൃഷിയെ കൂടുതല്‍ കാര്യക്ഷമത ഉള്ളതാക്കുന്നു. കൃഷി പോലെ തന്നെ , പ്രധാനം ആണ് ഉക്രൈനിലെ ധാതു സമ്പത്ത്. ഏറ്റവും അധികം ഇരുമ്പയിര്‍ ഉല്പാദിപ്പിക്കുന്ന രാജ്യം കൂടി ആണ് ഉക്രൈന്‍.. . , ഞങ്ങള്‍ ചെല്ലുമ്പോള്‍ ഇന്ത്യയെ കുറിച്ചും ഇന്ത്യയിലെ വ്യവസായികളെ കുറിച്ചും ഒക്കെ ഉക്രൈനില്‍ വലിയ ചര്‍ച്ച നടക്കുന്ന കാലം ആയിരുന്നു. ആയിടക്കാണ്, ഉക്രൈനിലെ ഏറ്റവും വലിയ സ്റ്റീല്‍ കമ്പനി, ഇന്ത്യന്‍ വംശജനായ് ലക്ഷ്മി മിത്തല്‍ വാങ്ങുന്നത്. സ്വതെവേ പട്ടിണി രാജ്യം ആണ് ഉക്രൈന്‍ എങ്കിലും, ഇന്ത്യയെ , ദരിദ്ര നാരായണന്‍ മാരുടെ രാജ്യം എന്ന നിലയില്‍ ആണ് ഉക്രൈനികള്‍ കണ്ടിരുന്നത്. ലക്ഷ്മി മിത്തലിന്റെ സ്റ്റീല്‍ പ്ലാന്‍റ കച്ചവടം ഉക്രിനികളുടെ മനസ്സില്‍ ഇന്ത്യന്‍ ജനങ്ങള്‍ പണക്കാര്‍ ആണെന്ന് കൂടി തോന്നിപ്പിച്ചു തുടങ്ങിയിരിക്കുന്നു.
ശരിയായ ഒരു രാഷ്ട്രീയ നേതൃത്വത്തിന്റെ അപര്യാപ്തത ആണ് ഉക്രൈനില്‍.. . , ജനങ്ങള്‍ രണ്ടായി വിഘടിച്ചു നില്‍ക്കുകയാണ്. നമ്മുടെ തമിഴ് നാട് സ്റ്റൈല്‍ ആണ് അവിടെ.  ഉക്രൈനെ യൂറോപ്യന്‍ യൂണിയനില്‍ അംഗം ആക്കുവാനും അതുവഴി യൂറോപ്പുമായി അടുക്കാനും ആണ്, മുന്‍ പ്രധാനമന്ത്രി യൂലിയയുടെ നേതൃത്വത്തില്‍ നടക്കുന്ന ശ്രമം. എന്നാല്‍ ഇപ്പോഴത്തെ പ്രസിഡന്റ്‌ കൂടുതല്‍ റഷ്യന്‍ ചായ്‌വുള്ള നേതാവാണ്. ഉക്രൈനില്‍ റഷ്യന്‍ അധിനിവേശം ഉണ്ടായ സമയത്ത് തലസ്ഥാനമായ കീവിലും പ്രമൂഖ പട്ടണങ്ങളിലും റഷ്യന്‍ ജനതയെ മാറ്റി പാര്‍പ്പിക്കുകയുണ്ടായി. ഈ ജനത ആണ് ഉക്രൈനിലെ പ്രബല വിഭാഗം ഇപ്പോള്‍, ഇവര്‍ക്ക് ഭരണത്തില്‍ കാര്യമായ സ്വാധീനം ഉണ്ട്.

അഴിമതിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ ആണ്, ഉക്രൈനില്‍ ഏറ്റവും അധികം.  എല്ലാവരും ഏറ്റവും അധികം സംസാരിക്കുന്നതും , നടത്തുന്നതും  അഴിമതി ആണ്. ഓരോ ചെറിയ കാര്യത്തിനും കൈക്കൂലി കൊടുക്കുന്നവരും വാങ്ങുന്നവരും ആണ് ഇവര്‍., പത്രങ്ങളില്‍ ഉക്രൈനിലെ അഴിമതിക്കഥകള്‍ ഓരോ ദിവസവും അച്ചടിച്ചു വരുന്നു. സോവിയറ്റ് യൂണിയന്‍റെ തകര്‍ച്ചക്ക് ശേക്ഷം നടന്ന അധികാര ട്രാന്‍സിഷന്‍ ഒരിക്കലും നീതി പൂര്‍വകം ആയിരുന്നില്ല എന്നതായിരുന്നു വ്യാപകമായ പരാതി. അത് ഉക്രൈനില്‍ മാത്രമല്ല , റഷ്യയിലും ഇപ്പോഴും ജനങ്ങള്‍ സംസാരിക്കുന്ന വിഷയം ആണ്. കയ്യൂക്കുള്ളവന്‍ കാര്യക്കാരനായി. സാമൂഹിക നീതി നിറഞ്ഞാടിയ ഒരു സമൂഹത്തില്‍ നിന്ന് കമ്പോള സംസ്കൃതിയിലേക്ക് ഒരു രാത്രി കൊണ്ട് എടുത്തെറിയപ്പെടുകയായിരുന്നു. ഓരോരുത്തവര്‍ക്കും അവരവര്‍ താമസിച്ചിരുന്ന കിടപ്പടങ്ങള്‍ കിട്ടി. കമ്പനികള്‍, കച്ചവട സ്ഥാപനങ്ങള്‍ ഒക്കെ, കയൂക്കുണ്ടായിരുന്നവര്‍, മാഫിയയുടെ സഹായത്തോടെ തട്ടിയെടുത്തു. എല്ലാവരുടെതും ആയിരുന്നതൊക്കെ, ഒരു ദിവസം ചിലരുടെ മാത്രം സ്വന്തം ആകുന്ന കാഴ്ച, അതാണ്‌ സോവിയറ്റ് രാഷ്ട്രങ്ങളില്‍ ഉണ്ടായത്. ഒന്ന് പോലെ കഴിഞ്ഞവരില്‍ ചിലര്‍ തീര്‍ത്തും പട്ടിണിക്കാരും മറ്റു ചിലര്‍ ശത കോടീശ്വരന്മാരും.

പൌരാണികതയും ആധുനികതയും ഇഴുകി ചേര്‍ന്ന് നില്‍ക്കുന്ന അതി മനോഹരമായ ഒരു പട്ടണം ആണ്, നിപേര്‍ നദിയുടെ തീരത്ത്‌ സ്ഥിതി ചെയുന്ന ഉക്രൈനിന്റെ തലസ്ഥാനമായ കീവ്. ഞാന്‍ നേരത്തെ സൂചിപ്പിച്ചത് പോലെ, സുന്ദരന്മാരും സുന്ദരികളും നിറഞ്ഞ സുന്ദരമായ പട്ടണം. ഞങ്ങള്‍ ചെല്ലുമ്പോള്‍ മൈനസ് 16 ഡിഗ്രി ആയിരുന്നു ഇവിടുത്തെ തണുപ്പ്. പക്ഷെ പിറ്റേന്ന് രാവിലെ അത് - 21 ഡിഗ്രീയിലേക്ക് മാറി. എവിടെയും ഐസ് കൊണ്ടുള്ള പരവതാനി.രാവിലെ പ്രഭാത ഭക്ഷണം കഴിഞാപ്പോള്‍ തന്നെ മരിയ വന്നു. ശനിയാഴ്ച ആയതിനാല്‍ ഓഫീസുകള്‍ എല്ലാം ഒഴിവാണ്. തണുപ്പായതിനാല്‍  ഒരിടത്തും ഇറങ്ങാനും മനസ്സ് തോന്നുന്നില്ല. എങ്കിലും നേരത്തെ വിവരം അറിയിച്ചതിനാല്‍ ഞങ്ങള്‍ക്ക് കാണുവാനുള്ള ഒരു ഓഫീസില്‍ പര്‍ച്ചേസ്‌ മാനേജര്‍ ഞങ്ങള്‍ക്ക് വേണ്ടി ഓഫീസില്‍ വരാം  എന്ന് പറഞ്ഞു... മരിയ ഞങ്ങളോടൊപ്പം കൂടി, നീല കണ്ണുകളുള്ള ഒരു സുന്ദരി. പോളിഷ് കാരിയായ അമ്മയെ, പോളണ്ടില്‍ നിന്ന് കീവില്‍ സേവനം ചെയ്യുവാന്‍ സോവിയറ്റ് യൂണിയന്‍ എത്തിച്ചതാണ്. കല്‍ക്കരി തൊഴിലാളിയായ, രാഷ്യക്കാരനും ആയിട്ടായിരുന്നു അവരുടെ വിവാഹം, അവരുടെ ഏക സന്തതി ആണ് 27 കാരിയായ മരിയ. വിവാഹ മോചനം നേടി, അമ്മ ഇപ്പോള്‍ പുതിയ ഭര്‍ത്താവിനൊപ്പം ഫ്രാന്‍സിലും, അപ്പന്‍ പുതിയ ഭാര്യയും  ആയി റഷ്യയിലും. പതിനാലു വയസ്സ് മുതല്‍ കീവില്‍ ഒറ്റയ്ക്ക് നിന്ന് പൊരുതി ജയിച്ച ഒരു വലിയ കഥ, മരിയ പറഞ്ഞു.  കേട്ടപ്പോള്‍ വലിയ സങ്കടവും അതോടൊപ്പം ബഹുമാനവും തോന്നി. മരിയ ഇപ്പോള്‍ ബിസിനസ്സില്‍ മാസ്റ്റര്‍ ഡിഗ്രി നേടിയ, ഉക്രൈനിലെ ഒരു കമ്പനിയുടെ മാര്‍ക്കറ്റിംഗ് മാനേജര്‍ ആണ്. ഇന്ന് മരിയക്ക്‌ ഞങ്ങളെ അവളുടെ കമ്പനിയില്‍ കൊണ്ട് പോകുവാനും കഴിയില്ല, കാരണം അവളുടെ കമ്പനിക്കും ശനിയാഴ്ച അവധി ആണ്.
എങ്കിലും ഞങ്ങള്‍ മരിയയോടൊപ്പം ടാക്സിയില്‍ നേരത്തെ തീരുമാനിക്കപ്പെട കമ്പനിയില്‍ പോയി. യാത്രയില്‍ പെട്ടെന്ന് തിരികെ പോകുന്നതിനെ കുറിച്ച് ഞാനും ബഷീറും ചിന്തിച്ചു. ഇന്ന് ശനി, നാളെ ഞായര്‍, ഈ രണ്ടു ദിവസവും വെറുതെ തള്ളി നീക്കണം. പിന്നെ തിങ്കള്‍ മാത്രം, അന്ന് അത്ര  വലിയ മീറ്റിംഗ് ഒന്നും ഫിക്സ് ചെയ്തിട്ടും ഇല്ല, എന്ത് കൊണ്ട് ഇന്ന് വൈകിയോ, നാളെയോ    തിരികെ പോയിക്കൂട. ഇങ്ങനെ ഒരു ചിന്ത വന്നപ്പോഴേക്കു, എങ്ങനെ എങ്കിലും എത്രയും പെട്ടെന്ന് വീട്ടില്‍ തിരിച്ചെത്തണം എന്ന ഒരു വികാരം വളരെ ശക്തമായി തന്നെ ഞങ്ങളെ തലോടി. ഇപ്പോഴത്തെ പ്ലാന്‍ അനുസരിച്ച്, ചൊവാഴ്ച മോസ്കോയില്‍ നിന്നാണ് ഞങ്ങളുടെ ഫ്ലൈറ്റ്.  എത്രയും പെട്ടെന്ന് തിരികെ പോകണം എന്നത്, വലിയ ഒരു ആവേശം ആയി. ശരിക്കും വിരഹം എന്തെന്ന് തിരിച്ചറിഞ്ഞ ചില നിമിഷങ്ങള്‍ ആയിരുന്നു അത്. വീട്ടില്‍ എത്രയും നേരത്തെ തിരികെ എത്തുക. ഒടുവില്‍ യാത്ര നേരത്തെ ആക്കുവാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു.
ഓഫീസില്‍ , ഞങ്ങളെ കാത്തു പര്‍ച്ചേസ്‌ മാനേജര്‍ മാത്രം, മറ്റൊരു നീല കണ്ണുകാരി യുവതി.. മീറ്റിംഗ് കഴിഞ്ഞു ഞങ്ങള്‍ തിരികെ പോകുവാനുള്ള ടിക്കറ്റുകള്‍ അവരുടെ ഓഫീസില്‍ വച്ച് തന്നെ ചെക്കു  ചെയ്തു. അന്നോ, അല്ലെങ്കില്‍ ഞായറാഴാചയോ തിരികെ പോരുവാന്‍ ഉള്ള ടിക്കറ്റുകള്‍ ഇല്ല. അതറിഞ്ഞപ്പോള്‍ വീണ്ടും നിരാശയായി. ...
എന്തായാലും തിരികെ ഞങ്ങള്‍ ഹോട്ടലിലേക്ക് വരുമ്പോള്‍ കണ്ട ന്യൂ ബോംബെ പാലസ് എന്ന ഇന്ത്യന്‍ റെസ്റ്റോറന്റില്‍ ഉച്ച ഭക്ഷണം കഴിക്കുവാന്‍ കയറി. മരിയ ആദ്യം ആയിട്ടാണ് ഇന്ത്യന്‍ ഭക്ഷണം കഴിക്കുന്നത്. ഇന്ത്യന്‍ ഭക്ഷണം എന്ന് കേട്ടപ്പോഴേ മരിയ വളരെ ഉത്സാഹത്തോടും ജിജ്ഞാസയോഡും കൂടി  ഞങ്ങളോടൊപ്പം കൂടി. മഞ്ഞുമലകള്‍ക്കിടയില്‍ മനോഹരമായ ഭക്ഷണശാല. വളരെ ലക്ഷുറി ആയി അണിയിച്ചൊരുക്കിയ ഹാള്‍.. , അവിടെ ഇന്ത്യന്‍ വേഷമണിഞ്ഞ ഉക്രൈനിയന്‍ സുന്ദരിമാര്‍. ....,... ഇന്ത്യന്‍ വേഷം ഉക്രൈനിയന്‍ സുന്ദരിമാര്‍ക്ക് നന്നായി ഇണങ്ങും, അവരെ കണ്ടാല്‍ നോര്‍ത്ത്‌ ഇന്ത്യന്‍ സുന്ദരിമാര്‍ , അല്ലെങ്കില്‍ ബോളിവുഡ്‌ താരങ്ങള്‍ ആണോ എന്ന് പോലും തോന്നിപ്പോകും. ഞങ്ങള്‍ക്ക് തിരിച്ചു എവിടെയും പോകാന്‍ ഇല്ലാതിരുന്നതിനാല്‍ ആ ഭക്ഷണശാലയില്‍ ഭക്ഷണം ആസ്വദിച്ചു കൊണ്ട് വളരെ നേരം ഇരുന്നു. അങ്ങനെ ഇരിക്കാന്‍ മറ്റൊരു കാരണം, ഉക്രൈനിലെ ഒരു കച്ചവടക്കാരനെകുറിച്ചുള്ള വിവരം ബഷീറിന് കിട്ടിയത് അനുസരിച്ച്, അയാളുടെ നമ്പറില്‍ വിളിച്ചു, അയ്യാള്‍ കീവിലേക്ക് വരികയാണ് എന്നും, കീവില്‍ ഞങ്ങള്‍ ഭക്ഷണം കഴിക്കുന്ന റെസ്റ്റോറന്റില്‍ എത്താമെന്നും പറഞ്ഞു. ശഫാക്കത്ത് എന്നാ ഒരു പാകിസ്ഥാനി ബിസിനസ്കാരന്‍ ആയിരുന്നു അയ്യാള്‍.. ,... കണ്ടാല്‍ ചെറുപ്പക്കാരന്‍ ആയ അയ്യാള്‍, പഠനത്തിനു ആയാണ് ആദ്യം കീവില്‍ എത്തിയത് എന്നും, പഠനത്തിനു ശേക്ഷം ഒരു ഉക്രൈന്‍ സുന്ദരിയെ വിവാഹം കഴിച്ചു ലീവ് എന്നാ ഉക്രൈന്‍ നഗരത്തില്‍ ജീവിക്കുകയാണ് എന്നും പറഞ്ഞു. ബിസിനസ് കാര്യങ്ങള്‍ ഒക്കെ ശഫാക്കത്തും ആയി ഞങ്ങള്‍ സംസാരിച്ചു, ഏകദേശം ആറു മണിയായപ്പോള്‍ ആണ് ഞങ്ങള്‍ ഹോട്ടലിലേക്ക് പോയതു. എന്തായാലും പിറ്റേന്ന്, ഞായറാഴ്ച ഞങ്ങള്‍ ശഫാക്കത്തിനോടൊപ്പം ഒഡീസ എന്ന ഉക്രയിനിലെ തുറമുഖ പട്ടണത്തിലേക്ക് പോകുവാന്‍ തീരുമാനിച്ചു.
മരിയ ഞായറാഴ്ച ഞങ്ങളെ കീവിലെ കത്തീഡ്രലുകള്‍ , ചെര്‍ണോബില്‍ മ്യുസിയം തുടങ്ങിയ പ്രദേശങ്ങള്‍ ഒക്കെ കാണിക്കാം എന്ന് വാക്ക് തന്നത് ആയിരുന്നു. പക്ഷെ ഞങ്ങള്‍ രാവിലെ ഒഡീസക്ക് പോകുന്നു എന്ന് കേട്ടപ്പോള്‍ അവളുടെ മുഖം മ്ലാനമായി. എന്തായാലും അവള്‍ ഞങ്ങള്‍ക്കോപ്പം രാത്രി ഡിന്നര്‍ കഴിച്ചു, വീണ്ടും തിങ്കള്‍ ഒന്നിച്ചു കൂടാം എന്ന് പറഞ്ഞു പിരിഞ്ഞു. അതിരാവിലെ തന്നെ ഞങ്ങള്‍ പ്രഭാത ഭക്ഷണം കഴിച്ചു ശഫാക്കത്തിനോപ്പം ഒഡീസയിലേക്ക് തിരിച്ചു. ശഫാക്കത്തിന്റെ കാറില്‍ ആണ് ഞങ്ങള്‍ 450 കിലോമീറ്റര്‍ അകലെയുള്ള ഒഡീസയിലേക്ക് പോയത്. കൃഷിയിടങ്ങള്‍ എല്ലാം മഞ്ഞില്‍ പുതഞ്ഞു കിടക്കുന്നു. പൈന്‍ മരക്കാടുകള്‍ എല്ലാം ഇല പൊഴിച്ച് മഞ്ഞില്‍ കുളിച്ചു നില്‍ക്കുന്നു. വസന്തം വരുമ്പോള്‍ മഞ്ഞിന്‍റെ നിറം മാറി പച്ച നിറം ധരിക്കും ഈ കൃഷിയിടങ്ങള്‍, അപ്പോള്‍ ഉക്രൈന്‍ കാണുവാന്‍ മനോഹരം എന്നാണ് ശഫാക്കത്ത് പറഞ്ഞത്. മഞ്ഞു മാത്രം അല്ല, ഇടയ്ക്കിടയ്ക്ക് മഴയും തൂളുന്നു. കൊടും തണുപ്പും അവധി ദിവസവും ആയതിനാലാകണം, റോഡുകളില്‍ വാഹനങ്ങള്‍ തീരെ ഇല്ല. ദാരിദ്ര്യം വീര്‍പ്പു മുട്ടിച്ച ഉക്രൈന്‍കാരുടെ കഥകള്‍ ശഫാക്കത്ത് പറഞ്ഞു കൊണ്ടേ ഇരുന്നു. പണക്കാര്‍ കൂടുതല്‍ പണക്കാര്‍ ആയതും, പാവപ്പെട്ടവര്‍ കൂടുതല്‍ പാവപ്പെട്ടവര്‍ ആയതുമായ കഥകള്‍, അഴിമതിയുടെയും മാഫിയ സംഘങ്ങളുടെയും കഥകള്‍. ,ഉക്രൈനിലെ സുന്ദരികള്‍ വിശപ്പ്‌ മാറ്റുവാന്‍ തങ്ങളുടെ ശരീരം വില്‍ക്കുവാന്‍ ദുബായിലും പാശ്ചാത്യ നഗരങ്ങളിലും കുടിയേറിയ കഥകള്‍., ഇപ്പോഴും പാശ്ചാത്യര്‍ ഉക്രൈന്‍ സുന്ദരികളെ തേടി ഉകൈനില്‍ എത്തുന്ന കഥകള്‍.,.

യാത്രക്കിടയില്‍ ഒരു റഡാര്‍ ചെക്ക് പോയിന്‍റില്‍ പോലീസ്‌ ഞങ്ങളെ പിടികൂടി. വാഹനത്തിന്റെ അമിത വേഗം ആണ് കാരണം. ഫയിന്‍ അടക്കെണ്ടാതിന്റെ പകുതി പണം കൈക്കൂലി ആയി കൊടുത്ത് അവിടുന്ന് തടിയൂരി. ഒഡീസയോട് അടുക്കുമ്പോള്‍  കടല്‍ വെള്ളം ഐസ് കക്ഷണം ആയി കിടക്കുന്ന കാഴ്ച. ഏകദേശം ഉച്ചയോടു കൂടി ഞങ്ങള്‍ ഒഡീസ പട്ടണത്തില്‍ എത്തി.
ശഫാക്കത്തിന്റെ ഒഡീസയിലെ പാര്‍ട്ണര്‍മാരെ കണ്ടു, അവരോടൊപ്പം അറബിക് ഭക്ഷണം കഴിച്ചു. വൈകുന്നേരം അവരോടൊപ്പം ഒഡീസ പട്ടണം കണ്ടു. മഞ്ഞു മൂടി കിടക്കുന്ന പാര്‍ക്കുകളില്‍ കുട്ടികളെ കളിപ്പിക്കാന്‍ കൊണ്ട് വരുന്ന മാതാപിതാക്കളെ കണ്ടപ്പോള്‍ അമ്പരപ്പ് ഉണ്ടാകാതിരുന്നില്ല. ഒഡീസ വളരെ പുരാതനമായ സിറ്റി ആണ്, വളരെ മനോഹരവും. പക്ഷെ മഞ്ഞില്‍ കുളിചിരിക്കുമ്പോള്‍ ആ മനോഹാരിത ഭാവനയില്‍ മാത്രമേ കാണുവാന്‍ കഴിയുകയുള്ളൂ. ഇലകള്‍ പൊഴിഞ്ഞ മരങ്ങള്‍ മഞ്ഞില്‍ പുതഞ്ഞിരിക്കുന്നു. ഒഡീസ തീരത്ത്‌  നിന്ന് നോക്കുമ്പോള്‍ കടലില്‍ , ബുര്‍ജ്‌ അല്‍ അറബിനേ അനുസ്മരിപ്പിക്കുന്ന ഹോട്ടല്‍ കാണാം. ബുര്‍ജ്‌ അല്‍ അറബിന് മുന്‍പ് തന്നെ കടലില്‍ പണിത ഹോട്ടല്‍ ആണ് എന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.

രാത്രി പതിനോന്നു  മണിയോട് കൂടി കീവിലെക്കുള്ള സ്ലീപ്പിംഗ് ട്രെയിനില്‍ ആണ് ഞങ്ങള്‍ ടിക്കറ്റ് ബുക്ക്‌ ചെയ്തിരിക്കുന്നതു.  സുഹൃത്ത് താമസിക്കുന്ന ഹോട്ടലില്‍ പോയി ഫ്രഷ്‌ ആയ ശേക്ഷം ഞങ്ങള്‍ റെയില്‍വേ സ്റെഷനിലേക്ക് ടാക്സിയില്‍ പോയി. നമ്മുടെ നാട്ടിലെ പോലെ ബാര്‍ഗയിന്‍ ചെയ്തു വേണം ടാക്സിയില്‍ കയറുവാന്‍. , നമ്മുടെ നാട്ടിലെ ഒരു ജില്ല തലസ്ഥാനം പോലെ തോന്നിച്ചു ഓടീസയിലെ രീതികള്‍ കണ്ടപ്പോള്‍.,. വൃത്തിയില്‍ മാത്രം കേരളത്തിലെ പട്ടണങ്ങളില്‍ നിന്നും വളരെ ഉന്നത നിലവാരം പുലര്‍ത്തുന്നു, ബാക്കിയൊക്കെ നമ്മുടെ നാട് പോലെ.
ട്രെയിനില്‍ കിടക്കുവാന്‍ നല്ല സൌകര്യം ഉള്ള ബെര്‍ത്ത്. പാരീസില്‍  നിന്ന് ബെര്‍ലിനിലേക്ക് വന്ന ട്രെയിനിനെക്കാള്‍ വൃത്തിയുള്ള ട്രെയിന്‍...,. വൃത്തിയുള്ള നല്ല ബെഡ് ഷീറ്റ്, തലയിണ, ഒരു ചെറിയ 3 സ്റാര്‍ സൌകര്യം. ട്രെയിനില്‍ എല്ലാവരും ഉറക്കം തുടങ്ങി.പ്രഭാതത്തില്‍ ചൂടുള്ള കാപ്പിയും ചായയും ആയി ഞങ്ങളെ വിളിച്ചുണര്‍ത്തി.    രാവിലെ ഏഴു മണിക്ക് തന്നെ ട്രെയിന്‍ കീവ് സ്റ്റേഷനില്‍ എത്തി... ട്രെയിനും റെയില്‍വേ ട്രാക്കുകളും എല്ലാം മഞ്ഞില്‍ മൂടി കിടക്കുന്നു... തണുത്തു വിറക്കുന്നു എങ്കിലും മനോഹരമായ കാഴ്ചകള്‍. ,. അന്ന് ഉക്രൈനില്‍ രേഖപ്പെടുത്തിയ തണുപ്പ്, മൈനാസ് 22 ഡിഗ്രി... വളരെ ബാര്‍ഗയിന്‍ ചെയ്ത ശേക്ഷം ഒരു ടാക്സിയില്‍ ഞങ്ങളുടെ ഹോട്ടലിലേക്ക്. വഴിയില്‍ എങ്ങും റോഡിലെ ഐസ് കോരിക്കളയുന്ന തൊഴിലാളികളും വാഹങ്ങളും. തലേന്നത്തെക്കാള്‍ തണുപ്പ് വളരെയധികം കൂടിയിരിക്കുന്നു. റോഡുകള്‍ നിറഞ്ഞു വാഹനങ്ങളും. റോഡുകളില്‍ മഞ്ഞുകട്ടകള്‍ കൂടിക്കിടക്കുന്നതിനാല്‍ യാത്ര ദുഷ്കരവും. ഹോട്ടലില്‍ വന്നു ഫ്രഷ്‌ ആയി, പ്രഭാത ഭക്ഷണവും കഴിച്ചപ്പോഴേക്കും മരിയ അവളുടെ കമ്പനിയിലേക്ക് ചെല്ലുവാന്‍ കാര്‍ അയച്ചു. റഷ്യനും ഉക്രിനിയും മാത്രം സംസാരിക്കുന്ന ഡ്രൈവര്‍. ,. തണുപ്പില്‍ ബസ്‌ കാത്തു നില്‍ക്കുന്ന ജനങ്ങള്‍., തിങ്കള്‍ ആയതിനാല്‍ റോഡില്‍ അനേകം വാഹനങ്ങള്‍., യൂറോപ്പിലെയും റഷ്യയിലെയും വച്ച് നോക്കുമ്പോള്‍ റോഡുകള്‍ വളരെ മോശം. പണ്ട് റഷ്യക്കാര്‍ പണിത റോഡുകള്‍ അല്ലാതെ പുതിയവ ഒന്നും ഇവിടെ പണിതിട്ടില്ല. മരിയ വളരെ സന്തോഷത്തോടെ ഞങ്ങളെ അവളുടെ, ഇംഗ്ലീഷ് അറിയില്ലാത്ത ബോസ്സിന് ഞങ്ങളെ പരിചയപ്പെടുത്തി. മരിയ ആണ് അവരുടെ കമ്പനിയുടെ സെയില്‍സ്‌ മാനേജര്‍..,. വളരെ ചടുലതയോടെ, ഉത്സാഹത്തോടെ ആണ്  മരിയ ജോലി ചെയുന്നത്. വളരെ പ്രൊഫെഷണല്‍ ആണവര്‍..,. അന്നത്തെ ബിസിനസ്സ് എല്ലാം ചില ഇ മയിളിലും ഫോണ്‍ വിളികളിലും അവസാനിപ്പിച്ചു, അവള്‍ ഞങ്ങളോടൊപ്പം , ഞങ്ങളെ സിറ്റി കാണിക്കുവാന്‍ തയ്യാറായി വന്നു.
മരിയ ഞങ്ങളെ പുരാതന കീവിലേക്ക് ആണ് കൊണ്ട് പോയത്. അതി മനോഹരമായ പഴയ രീതിയിലുള്ള സുന്ദരമായ  കെട്ടിടങ്ങള്‍.. , നിരത്തുകള്‍ ചെറുതെങ്കിലും വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു. അനേകം കത്തീദ്രലുകള്‍, പള്ളികള്‍. , ഇത് ഒരിക്കലും ഒരു കമ്മ്യുണിസ്റ്റ്‌ രാജ്യം ആയിരുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മരിയ പോകുന്ന പള്ളിയും അവള്‍ ഞങ്ങള്‍ക്ക് കാണിച്ചു തന്നു. കീവിലെ പ്രധാന മാര്‍ക്കറ്റും സബ്വേയും  എല്ലാം ചുറ്റി നടന്നു കണ്ടു. തണുപ്പ് വളരെ അധികം ആയിരുന്നതിനാല്‍ നഗരം കാണുക അത്ര സന്തോഷം ഉള്ള കാര്യം ആയി തോന്നിയില്ല. നാല് മണി കഴിഞ്ഞപ്പോഴേക്കു ഞങ്ങള്‍ ഹോട്ടലില്‍ തിരികെ എത്തി.
തിരികെ വരുമ്പോള്‍ വളരെ രസകരമായി ഒരു കാഴ്ച. നിപ്പേര്‍ നദിയുടെ തീരത്താണല്ലോ കീവ്, ആ നദിയിലെ വെള്ളം തണുത്തു മഞ്ഞുകട്ട ആയി മാറിയിരിക്കുന്നു. ധാരാളം മീന്‍ പിടുത്തക്കാര്‍ ഈ മഞ്ഞു കട്ടയുടെ മുകളില്‍ കൂടി നടന്നു, മഞ്ഞു കട്ടകള്‍ തുരന്നു ചൂണ്ടയിട്ടു മീന്‍ പിടിക്കുന്ന കാഴ്ച അല്ഭുതാവാഹം ആയി തോന്നി.

നിസ്കരിക്കാനും ഫ്രഷ്‌ ആകാനും ആയി ബഷീര്‍ റൂമിലേക്ക്‌ പോയി. കയ്യില്‍ ഉണ്ടായിരുന്ന കുറെ ഡോളറുകള്‍ മാറ്റി, ഉക്രൈനിന്റെ കറന്‍സി ആയ ഗ്രീവ്ന മേടിച്ചു. ഞങ്ങള്‍ നേരെ ഹോട്ടലിന്‍റെ ബാറിലേക്ക് പോയി. സമയം പോയതറിഞ്ഞില്ല, കഥകള്‍ ഒക്കെ പറഞ്ഞു മദ്യപിച്ചു ഇരുന്നപ്പോള്‍, ബഷീറിന്‍റെ ഫോണ്‍. , ബഷീര്‍ ഫ്രഷ്‌ ആയി , ഒരു ചെറിയ മയക്കവും കഴിഞ്ഞിരിക്കുന്നു. ഞങ്ങള്‍ ബാറിലുണ്ട് എന്ന് പറഞ്ഞപ്പോള്‍ ഭക്ഷണത്തിനായി ബഷീറും അവിടെ വന്നു. അതിനിടയില്‍ മരിയയുടെ ഒരു കൂട്ടുകാരിയും ഞങ്ങള്‍ക്കൊപ്പം കൂടി. ബഷീര്‍ മദ്യപിക്കില്ല എന്നറിഞ്ഞപ്പോള്‍ ബാറിലെ പരിചാരികക്ക് ബഷീറിനെ കല്യാണം കഴിക്കണം എന്നു മോഹം. ഉക്രൈനിലെ ഭക്ഷണം വളരെ രുചികരം ആയി തോന്നി. നാളെ രാവിലെ ഈ പട്ടണത്തോടു വിട പറയുന്നു, കുടുംബത്തോടൊപ്പം ചേരാം എന്നാ സന്തോഷം ആകാം, രാത്രി വളരെ നേരം അവിടെ ചിലവഴിച്ചു. ഞങ്ങള്‍ക്ക് കീവില്‍ മരിയ ഒരു വലിയ സഹായം ആയിരുന്നു.
രാവിലെ ഹോട്ടലില്‍ നിന്ന് പ്രഭാത ഭക്ഷണം കഴിച്ചു ഞങ്ങള്‍ വിമാനത്താവളത്തിലേക്ക് യാത്രയായി. അവിടെ ചെന്നപ്പോള്‍ ആണ് അറിയുന്നത്, ഞങ്ങള്‍ പോകേണ്ട ഏറോ സ്വിഫ്റ്റ്‌ വിമാനം പോകുന്നത് വിനുകോവ എയര്‍ പോര്‍ട്ടില്‍ ആണ്, പക്ഷെ ഞങ്ങള്‍ക്ക് പോകേണ്ടത് ഡോമൊദേവോ എയര്‍പോര്‍ട്ടിലും. ടിക്കറ്റ്‌ ബുക്ക്‌ ചെയ്തപ്പോള്‍ ഇക്കാര്യം ശ്രദ്ധിച്ചില്ല. മോസ്കോയില്‍ മൂന്നാമത് മറ്റൊരു എയര്‍ പോര്‍ട്ട് കൂടി ഉണ്ട്, ഷെറിമേത്യോവ എയര്‍ പോര്‍ട്ട്. എന്തായാലും ഏറോസിഫ്റ്റ്‌ ടിക്കറ്റ് മാറ്റി ട്രാന്‍സ്‌ഏറോ വിമാനത്തിലേക്ക് അവര്‍ കണക്ഷന്‍ തന്നു. ഉക്രൈന്‍ വിമാനത്താവളത്തിലെ ഫ്ലൈറ്റ് ഇന്‍ഫോര്‍മേഷന്‍ ബോര്‍ഡില്‍ , ഉക്രൈനിലെ കാലാവസ്ഥ കാണിക്കുന്നു, -24 അത് പോലെ ഞങ്ങള്‍ ഇറങ്ങേണ്ട ദുബായിലെ താപനില  + 24. എന്തൊരു വൈരുദ്ധ്യം .ട്രാന്‍സ്‌ ഏറോ വിമാനം മോസ്കോയില്‍ ലാന്‍ഡ്‌ ചെയ്തു, ഏകദേശം ഒരു മാസത്തിനു മുന്‍പ് ഭീകരാക്രമണം നടന്ന ഡോമോദേവോ എയര്‍പോര്‍ട്ട് ആണ്, എങ്കിലും അധികം സുരക്ഷ ക്രമീകരണങ്ങള്‍ ഒന്നും ഉള്ളതായി തോന്നിയില്ല. കുറെ നേരം ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ കൂടി ഒക്കെ ചുറ്റി നടന്നു. എമിരേറ്റ്സ് വിമാനത്തിന്റെ ലോഞ്ചില്‍ പോയി ഇരുന്നു. ദുബായിലേക്കുള്ള വിമാനത്തില്‍ കൂടുതലും റഷ്യക്കാര്‍ ആണ്. പെട്ടെന്ന് ചിരിച്ചു കൊണ്ട് ഒരു ഇന്ത്യന്‍ പെണ്‍കുട്ടി മുന്നില്‍., അപൂര്‍വമായി മാത്രം ഇന്ത്യക്കാരെ കണ്ടത് കൊണ്ടാകണം ആ കുട്ടി ചിരിച്ചത്. മോസ്കോയില്‍ മെഡിസിന് പഠിക്കുന്ന ബോംബേയില്‍ നിന്നുള്ള കുട്ടി ആണ്. പ്രതികൂല കാലാവസ്ഥ കാരണം തണുപ്പ് കഴിയുന്നത് വരെ നാട്ടിലേക്ക് പോവുകയാണ്. നാലരക്ക് ആണ് വിമാനം പുറപ്പെടെണ്ടത്. ഞങ്ങള്‍ എല്ലാവരും വിമാനത്തില്‍, നാലര കഴിഞ്ഞപ്പോള്‍ പൈലറ്റിന്റെ അറിയിപ്പ് വന്നു. തണുപ്പ് കാരണം വിമാനത്തിന്റെ എഞ്ചിന്‍ സ്റ്റാര്‍ട്ട്‌ ആകുന്നില്ല. ഏകദേശം ഒരു മണിക്കൂര്‍ വൈകി 5.30 നു  ആണ് വിമാനം മോസ്കോവില്‍ നിന്ന് പുറപ്പെട്ടത്‌..,. എന്റെ സീറ്റിനടുത്ത് ശ്രീലങ്കയിലെ കൊളോമ്പോയിലേക്ക് പോകുന്ന  യുവമിഥുനങ്ങള്‍.,.
റഷ്യന്‍ ഹോളിഡെ മേക്കെര്സ് ഇപ്പോള്‍ ഇന്ത്യന്‍ പട്ടണമായ ഗോവയെക്കാള്‍ പ്രാധാന്യം കൊടുക്കുന്നത് കൊളോബോ പട്ടണത്തിനു ആണ്. അനേകം റഷ്യന്‍ യാത്രക്കാര്‍ ആണ് ഇപ്പോള്‍ ശ്രീലങ്കയിലേക്ക് പോകുന്നത്.
വിമാനത്തില്‍ നിന്ന് കിട്ടിയ ഹോട്ട് ഡ്രിങ്ക്സ്നു  ശേക്ഷം ഭക്ഷണം കഴിച്ചു, ഇനി ഒന്ന് മയങ്ങാം എന്ന് കരുതിയപ്പോള്‍ ആണ്, അടുത്തിരുന്ന്ന യുവാവ് തന്‍റെ ബാഗ് തുറന്നു ഒരു ഷിവാസ് റീഗല്‍ പുറത്തെടുത്തത്. ഇതിനിടയില്‍ നല്ല സൌഹൃതം സ്ഥാപിച്ചതിനാല്‍ അയ്യാള്‍ രണ്ടിന് പകരം മൂന്നു ഗ്ലാസ്സുകള്‍ പുറത്തെടുത്തു. ഞാന്‍ പതുക്കെ പതുക്കെ സിപ്പ് ചെയ്തപ്പോള്‍ അവര്‍ കാമുകനും കാമുകിയും കൂടി, വിമാനം ദുബായില്‍ എത്തുമ്പോഴേക്കു ആ കുപ്പി കാലി ആക്കി. നമ്മടെ മലയാളികളെ കടത്തി വെട്ടുന്ന വീശുകാര്‍ ആണോ ഇവര്‍ എന്ന് അത്ഭുതപ്പെട്ടു. പന്ത്രണ്ടു മണി കഴിഞ്ഞപ്പോള്‍ വിമാനം ദുബായില്‍ ലാന്റു ചെയ്തു. പതിനാറ് ദിവസത്തെ യാത്ര നല്‍കിയ അനുഭവങ്ങളും  ഓര്‍മ്മകളും എന്നെന്നും നില നില്‍ക്കും.