Saturday 31 March 2012

പെരുമനം: കാണാതെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍

പെരുമനം: കാണാതെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍: ഇന്നലെ മലപ്പുറത്ത് നിന്ന് ഒരു മൌലവി ഓഫീസില്‍ വന്നു...ദുബായില്‍ വിശ്വാസികളെ കാണുവാനും നാട്ടില്‍ നടത്തുന്ന സ്കൂളിന് വേണ്ടി പണം പിരിക്കുവാനും ...

കാണാതെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍

ഇന്നലെ മലപ്പുറത്ത് നിന്ന് ഒരു മൌലവി ഓഫീസില്‍ വന്നു...ദുബായില്‍ വിശ്വാസികളെ കാണുവാനും നാട്ടില്‍ നടത്തുന്ന സ്കൂളിന് വേണ്ടി പണം പിരിക്കുവാനും ആണ് വന്നത്.. എന്‍റെ മുതലാളിയെ കണ്ടു ഒരു തുക മേടിക്കുക എന്നതായിരുന്നു പദ്ധതി. പക്ഷെ എന്‍റെ മുതലാളി ഓഫീസില്‍ ഇല്ലാതിരുന്ന സമയത്ത് ആണ് അദേഹം ഓഫീസില്‍ വന്നത്. ... എന്നെ കണ്ട ഉടനെ അദേഹം പറഞ്ഞു ഞാന്‍ കാന്തപുരം മുസലിയാര്‍ വിഭാഗം ആണ് എന്ന്? ഞാന്‍ ഓര്‍ത്ത്‌ എന്നെ കണ്ടാലും അങ്ങനെ തോന്നുമോ? എന്തെ എന്നെ കണ്ട ഉടന്‍, പേര് പോലും ചോദിക്കാതെ ഇങ്ങനെ പറയുവാന്‍.,. എന്തായാലും നല്ല ഒരു മനുഷ്യന്‍.,. എനിക്കാണെങ്കില്‍ കാന്തപുരം, എ പി , സുന്നി , ചേകന്നൂര്‍ , ബോറ, ഷിയാ , ജമാ അത്തെ എന്നൊക്കെ കേട്ടിട്ടുള്ളത് അല്ലാതെ അവരെ കുറിച്ച് മറ്റൊന്നും അറിയില്ല. ഞങ്ങടെ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ പോലും, കത്തോലിക്ക, മാര്‍ത്തോമ്മ, ലണ്ടന്‍ മിഷന്‍, പെന്തകോസ്ത്, ഓര്‍ത്തഡോകസ് മുതല്‍ യഹോവ സാക്ഷികല്‍ വരെ കാക്കത്തൊള്ളായിരം സഭകള്‍ ഉണ്ടെന്നു മാത്രമറിയാം എന്നാല്‍ എന്തിനു വേണ്ടി നില കൊള്ളുന്നു എന്നതു ഒരു വലിയ സമസ്യ ആയി ഇപ്പോഴും എന്നെ പേടിപ്പിക്കാറും ഉണ്ട്...
എന്തായാലും മൌലവിയെ ഞാന്‍ സ്വീകരിച്ചിരുത്തി... ഗ്രൂപ്പുകള്‍ തമ്മില്‍ ഉള്ള വ്യത്യാസങ്ങള്‍ ഒന്നും അറിയില്ല, എന്ത് സംസാരിക്കും എന്നും അറിയില്ല.. എന്തായാലും അല്പം വിവാദം ആകാം എന്ന് കരുതി ഞാന്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ അടുത്ത കാലത്ത് നടന്ന തിരു കോശത്തെ കുറിച്ച് സംസാരിച്ചു...ഉടനെ അദേഹം ജമാ അത്തെ ഇസ്ലാമി, ഒരു വര്‍ഗീയ വിഷം വമിപ്പിക്കുന്ന സംഘടന ആണ്. അവര്‍ കേരളത്തിന്‍റെ അജണ്ട നിശ്ചയിക്കുവാന്‍ ശ്രമിക്കുകയാണ്. പാകിസ്താന്‍ കാരന്‍ ആയ മെഹ് മൂദി എന്നൊരാള്‍ ഉണ്ടാക്കിയ ഒരു സംഘടന ആണ് അത് എന്നും, മെഹ്മൂദി യുടെ പേന ലേലത്തില്‍ രണ്ടു ലക്ഷത്തിനു ( രൂപയാണോ, ഡോളര്‍ ആണോ എന്നോര്‍ക്കുന്നില്ല ) പോയെന്നും പറഞ്ഞു. സുകുമാര്‍ അഴീകൊടിന്റെ പേന പോലും ലേലത്തില്‍ വച്ചാല്‍ അതിനു പണം മുടക്കുവാനും ആളുകള്‍ തയ്യാര്‍ ആകും. മുസ്ലീംകള്‍ക്ക് നബി തിരുമേനിയുടെ മുടി വികാരപരം ആണ്. സഖാവ് പിണറായിയും ജമാ അത്തെയും കൂടി ഉള്ള കളികള്‍ ... അങ്ങനെ എനിക്ക് മനസിലാകാത്ത പലതും പറഞ്ഞു. എനിക്കാകെ കണ്‍ ഫൂഷന്‍..., എനിക്ക് ഇത്യാദി കാര്യങ്ങളെ കുറിച്ച് വലിയ പിടിയില്ല.
പെട്ടെന്ന് ഞാന്‍ മറ്റൊരു തിരു കേശത്തെ കുറിച്ചു എനിക്കുണ്ടായ അനുഭവം അദേഹത്തോട് പറഞ്ഞു.
അന്ന് ഞാന്‍ ഏതോ ചെറിയ ക്ലാസ്സുകളില്‍ പഠിക്കുന്നു എന്നാണ് ഓര്മ. ഒരു ദിവസം സന്ധ്യാ പ്രാര്‍ത്ഥന സമയത്ത് ആണ് ആ അത്ഭുതം നടക്കുന്നത്. ചേച്ചി വായിച്ചു കൊണ്ടിരുന്ന ബൈബിളില്‍ ഒരു നീളന്‍ മുടി. ചേച്ചിയുടെ കൂട്ടുകാരില്‍ ആരോ പറഞ്ഞിട്ടുണ്ട് , ബൈബിളില്‍ മുടി ചിലപ്പോള്‍ പറന്നു വരാറുണ്ട്. ഇങ്ങനെ കാണുന്ന മുടി യേശുവിന്‍റെ മുടി ആയിരിക്കും. കുരിശു വര കഴിഞ്ഞു ഞങ്ങള്‍ ഇതെക്കുറിച്ചായിരുന്നു ചര്‍ച്ച. വലിയ ഒരു അത്ഭുതം ഇതാ ഞങ്ങളുടെ വീട്ടില്‍.,. തേനും പാലും ഒഴുകുന്ന തിരു സ്വരൂപങ്ങള്‍ ഇന്ന് ഒരു പുതുമ അല്ലാത്തതിനാല്‍ ഇന്നിത് വലിയ അത്ഭുതം അല്ലെങ്കിലും ഞങ്ങളുടെ ചെറുപ്പത്തില്‍ ഇതൊരു അത്ഭുതം തന്നെ ആയിരുന്നു.
രണ്ടായിരം വര്ഷം മുന്‍പ് ജനിച്ച വിപ്ലവകാരിയും നവോഥാന നായകനും, സര്‍വോപരി കമ്മ്യുണിസ്റ്റ്‌ കാരനും ആയ സഖാവ് യേശുവിന്‍റെ മുടി ഞങ്ങളുടെ വീട്ടിലെ ബൈബിളില്‍..,. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ ആയിരുന്നു പാര്‍ട്ടിയില്‍ അംഗത്വം എടുത്തത് എങ്കിലും സഖാവ് യേശു പണ്ട് മുതലേ ഒരു കമ്മ്യുണിസ്റ്റ്‌ അനുഭാവിയായിരുന്നു എന്ന് പില്‍ക്കാലത്ത് നടന്ന ഗവേഷണങ്ങള്‍ തെളിയിച്ചിരുന്നു. (ഇല്ലെങ്കില്‍ പാര്‍ട്ടി നടത്താന്‍ ഉദ്ദേശിക്കുന്ന സ്കൂളില്‍ ഇതൊരു ഗവേഷണ വിഷയം ആക്കും)
അനിയന്‍ ആണ് പറഞ്ഞത് എന്നോര്‍ക്കുന്നു, യേശുവിന്‍റെ കാലത്ത് വിളക്കിത്തല നായന്മാര്‍ ഇല്ലായിരുന്നതിനാല്‍ യേശു മുടി വെട്ടിയിരുന്നില്ലല്ലോ എന്ന്. അപ്പോള്‍ യേശുവിന്‍റെ മുടിക്ക് നീളം കൂടുതല്‍ ആയിരുന്നില്ലേ? ഉടന്‍ തന്നെ ഞാന്‍ പോയി സ്കെയില്‍ എടുത്തു കൊണ്ടുവന്നു നീളം ഒക്കെ അളന്നു അത് യേശുവിന്‍റെ മുടി ആകുവാന്‍ ഉള്ള സാധ്യത നൂറിനു തൊണ്ണൂറ്റി ഒന്‍പതു ആണ് എന്ന് വിധി കല്‍പ്പിച്ചു.
പിറ്റേന്ന് ഞായറാഴ്ച ആയിരുന്നതിനാല്‍, പള്ളിയില്‍ പോകേണ്ടതിനാല്‍ , നാളെ പള്ളീലച്ചനെ കൊണ്ട് കവടി നിരത്തി ഇതിന്റെ വിശ്വാസ്യത തെളിയിക്കാം എന്ന് തീരുമാനമായി, ഞങ്ങള്‍ പോയി കിടന്നു. മുടി കണ്ട ബൈബിള്‍ മുടിയോടൊപ്പം ഭദ്രമായി സൂക്ഷിച്ചു. പിറ്റേന്ന് അതിരാവിലെ ആ ബൈബിളും ആയി ചേച്ചിയോടൊപ്പം ഞങ്ങളും പള്ളിയിലേക്ക്. കുര്‍ബാന കഴിഞ്ഞു വിശ്വാസികള്‍ പിരിഞ്ഞു പോകുന്നതിനു മുന്‍പ് തന്നെ ഞങ്ങള്‍ അച്ചന്റെ മുന്നില്‍ തിരു മുടിയും ആയി ജാഥ നടത്തി. അച്ചന്‍ വളരെ കൌതുകത്തോട് കൂടി തിരുമുടി എടുത്തു നോക്കി. അപ്പോഴേക്കും അവിടെ ചെറിയ വലിയ ഒരു ആള്‍ക്കൂട്ടം രൂപപ്പെടുത്തു. എല്ലാവരുടെയും കണ്ണില്‍ കൌതുകവും അത്ഭുതവും. ജനക്കൂട്ടത്തിന്റെ ശ്രദ്ധ മുഴുവന്‍ തിരു മുടിയില്‍ ആണെങ്കിലും അവര്‍ ഇടയ്ക്കിടെ ഞങ്ങളെയും നോക്കുന്നുണ്ടായിരുന്നു. ആ നോട്ടം കാണുമ്പോള്‍ ഞാന്‍ പതുക്കെ കോളര്‍ ഒക്കെ പിടിച്ചുയര്‍ത്തി, പെരുവിരലില്‍ ഗുരുവായൂര്‍ കേശവനെ പോലെ തലയെടുപ്പോടെ ഉയര്‍ന്നു നിന്ന്.. കയ്യിലെ രോമങ്ങള്‍ എല്ലാം എഴുന്നു നില്‍ക്കുന്നു. ഇപ്പോള്‍ ജനം കൂടുതല്‍ ഭക്ത്യാദരവോട് കൂടി നില്‍ക്കുന്നു.
പെട്ടെന്നാണ് അച്ചന്‍ മെഴുകു തിരി കത്തിച്ചു കൊണ്ടുവരുവാന്‍ കപ്യരോട് പറഞ്ഞത്. തിരു സ്വരൂപങ്ങള്‍ക്കും വിശേഷ പ്രാര്‍ത്ഥനകള്‍ക്കും കുര്‍ബാനയ്ക്കും ഒക്കെ മാത്രം ആണ് മെഴുകുതിരി കത്തിക്കുന്നത് പള്ളിയില്‍.,... മെഴുകു തിരി കത്തിച്ചു വരുവാന്‍ പറഞാപ്പോള്‍ വിശ്വാസികള്‍ തീച്ചയാക്കി , ഇത് നസ്രായനായ സഖാവിന്റെ തിരു മുടി തന്നെ എന്ന്...അച്ചന്‍ തിരുമുടി വെഞ്ചരിക്കാന്‍ പോവുകയാണ് എന്ന് ഞങ്ങള്‍ തീര്‍ച്ചപ്പെടുത്തി. ചിലരൊക്കെ മുട്ടുകുത്താനും സാഷ്ടാംഗം വീഴുവാനും ഒക്കെ ശ്രമം നടത്തി നോക്കിയോ എന്നത് വെറും അതിശയോക്തി ആണോ എന്ന് ഇപ്പോള്‍ ഓര്‍ക്കുന്നില്ല.
കപ്യാര്‍ മെഴുകു തിരിയും ആയി വന്നു. അച്ചന്‍ നീട്ടിപ്പിടിച്ച തിരുമുടി കയ്യില്‍ എടുത്തു ആ മെഴുകുതിരി നാളത്തിലേക്ക് കാട്ടി. അല്ഭുതമെന്നു പറയട്ടെ, ആ മെഴുകുതിരി നാളം തിരുമുടിയെ പൂര്‍ണ്ണമായും വിഴുങ്ങി. മെഴുകു തിരിയുടെ പ്രകാശ വലയത്തിലും എന്‍റെ കണ്ണില്‍ ഇരുട്ട് കയറുന്നത് പോലെ... എന്തൊക്കെ പ്രതീക്ഷകള്‍ ആയിരുന്നു. എല്ലാം ഈ അച്ചന്‍ ഒരാള്‍ തകര്‍ത്തില്ലേ... പള്ളീലച്ചന്‍ ആയത് കൊണ്ട് ആശുദ്ധമായതോന്നും അച്ചനെതിരെ ചിന്തിക്കാന്‍ പാടില്ല, ചിന്തിച്ചാല്‍ അത് ഇരട്ടി പണി ആകും. അടുത്ത കുംബസാരത്തില്‍ അച്ചനോടു തന്നെ ഇതൊക്കെ എഴുന്നള്ളിക്കെണ്ടേ...
എല്ലാ മുടിയും കത്തും എന്ന തിരു വചനം നമ്മുടെ സഖാവ് ഈ അടുത്ത കാലത്ത് ആണ് പറഞ്ഞത് എങ്കിലും ഞങ്ങളുടെ അച്ചനും ദാസ്‌ ക്യാപിറ്റല്‍ ഒക്കെ പഠിച്ച ഒരു സഖാവ് ആയിരുന്നെന്നു ഇപ്പോള്‍ ആണ് മനസിലായത്. ഞാന്‍ ഈ പഴയ ഓര്‍മ കുഴിച്ചെടുത്തു മൌലവിയോടു പറഞ്ഞപ്പോള്‍ ഞാനും ഒരു പിണര്‍ ആയി വരുന്ന മിന്നല്‍ വല്ലതും ആണോ എന്ന് നോക്കിയിട്ട് അര്‍ത്ഥ ശങ്കക്ക് ഇടയില്ലാതെ പറഞ്ഞു. വിശ്വാസം ഇല്ലാത്തവര്‍ ആണ് മുടി കത്തിക്കുന്നത്. ഞങ്ങള്‍ക്ക് ഈ തിരു കോശത്തില്‍ പരിപൂര്‍ണ്ണ വിശ്വാസം ആണ്. ഇസ്ലാം യുക്തിയില്‍ നിന്ന് ഉണ്ടായതല്ല, അത് വിശ്വാസത്തില്‍ നിന്ന് രൂപം കൊണ്ടത്‌ ആണ്...
മൌലവി എന്നെ തെറ്റിദ്ധരിച്ചോ എന്ന് എനിക്ക് ഒരു സംശയം തോന്നിയപ്പോള്‍ ഞാന്‍ ഒരു കാച്ചു കാച്ചി. നമ്മുടെ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി എന്ന് ഞാന്‍ വിശ്വസിക്കുന്നു. സത്യത്തില്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് ഞാന്‍ കണ്ടിട്ടില്ല. മൌലവി യുടെ മുഖത്ത് സന്തോഷം പടര്‍ന്നപ്പോള്‍ സുവിശേഷത്തില്‍ നിന്നും ഒരു വാചകം എന്നിലേക്ക് ചാടി വീണു. "കാണാതെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍.""","

Tuesday 27 March 2012

ആംസ്റ്റര്‍ ഡാം തെരുവുകളിലൂടെജര്‍മനിയിലെ ഫ്രൂട്ട് ലോജിസ്റ്റിക്ക എക് സിബിഷന്‍, ഞങ്ങള്‍ യാത്രയില്‍ പ്ലാന്‍ ചെയ്തത് അത് മാത്രം. എക് സിബിഷന്‍ കഴിഞ്ഞ്, ഹോളണ്ട്, ഫ്രാന്‍സ്‌, സ്പെയിന്‍, ഇറ്റലി, റൊമാനിയ, ഉക്രെയ്ന്‍ ,റഷ്യ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുക. പക്ഷെ അതിനായി ടിക്കറ്റുകള്‍ ബുക്ക്‌ ചെയുകയോ, ഹോട്ടല്‍ ബുക്കിംഗ് നടത്തുകയോ ചെയ്തില്ല, ഓരോ സ്ഥലത്തും ചെന്നിട്ട്, അപ്പോഴത്തെ സൗകര്യം അനുസരിച്ച് പ്ലാന്‍ ചെയ്യുക എന്ന നയം ആണ് ഞങ്ങള്‍ സ്വീകരിച്ചത്. ഫെബ്രുവരി ഒന്‍പതി(ബുധനാഴ്ച) ന്, തുടങ്ങിയ എക്സിബിഷന്‍, പതിനൊന്നി(വെള്ളിയാഴ്ച)ന് അവസാനിച്ചു . അന്നു തന്നെ ഹോളണ്ടിലേയ്ക്ക് പുറപ്പെട്ടാലോ എന്നാലോചിച്ചു ടിക്കറ്റ് കിട്ടാന്‍ ബുദ്ധിമുട്ടായതിനാല്‍, യാത്ര ശനിയാഴ്ചയിലേക്ക് മാറ്റി.
ശനിയാഴ്ച രാവിലെ അഞ്ചു മണിയോടെ ഞങ്ങള്‍ എയര്‍ പോര്‍ട്ടിലേക്ക് പുറപ്പെട്ടു. എട്ടേ മുക്കാലിന് ലുഫ്താന്‍സ വിമാനം ആംസ്റ്റര്‍ ഡാം സ്കിപ്പോള്‍ വിമാനത്താവളത്തില്‍ ഇറങ്ങി. യൂറോപ്പിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളില്‍ ഒന്നാണ് നെതര്‍ ലാന്‍ഡിന്‍റെ തലസ്ഥാനമായ ആംസ്റ്റര്‍ ഡാമിലെ സ്കിപ്പോള്‍ വിമാനത്താവളം. കൃഷി ആണ് ഹോളണ്ട് കാരുടെ പ്രധാന വരുമാനമാര്‍ഗം. ആംസ്റ്റര്‍ ഡാം, ടൂറിസ്റ്റുകളുടെ പറുദീസ യാണ്. ഇവിടെ ടൂറിസത്തിന് വളരെയധികം പ്രാധാന്യം കൊടുക്കുന്നു. എയര്‍ പോര്‍ട്ടില്‍ നിന്ന് ഞങ്ങള്‍ക്ക് പോകേണ്ടിയിരുന്നത് റോട്ടര്‍ ഡാമിലേയ്ക്കാണ്. അവിടെ ഒരു കമ്പനിയില്‍, രാവിലെ ഒരു മീറ്റിംഗ് അറേഞ്ച് ചെയ്തിരുന്നു. ആംസ്റ്റര്‍ ഡാം എയര്‍ പോര്‍ട്ടില്‍ ഇറങ്ങിയ ഉടനെ ഞങ്ങള്‍ക്ക് കാണേണ്ടയാളെ- റോബര്‍ട്ടിനെ- വിളിച്ചു. ഭാര്യയുടെ പിറന്നാള്‍ ആയതിനാല്‍ അന്ന് കാണാന്‍ സാധിക്കില്ല എന്നും തിങ്കളാഴ്ച രാവിലെ കാണാമെന്നുമാണ് റോബര്‍ട്ട് പറഞ്ഞത് - യൂറോപ്പിലെങ്ങും ശനിയും , ഞായറും പൊതു അവധി ആണ്. എങ്കിലും ഞങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ചാണ്, അദേഹം ശനിയാഴ്ച ഞങ്ങളെ കാണാം എന്ന് പറഞ്ഞിരുന്നത്. ഞങ്ങള്‍ക്ക് ഹോളണ്ടില്‍ ആകെ അറിയാവുന്നത് ഈ ഒരാളെ മാത്രം, അതും ജര്‍മനിയില്‍ വച്ചു മാത്രം പരിചയപ്പെട്ടത്. ഞങ്ങള്‍- ഞാനും പിള്ള ചേട്ടനും, ബഷീറും -എയര്‍ പോര്‍ട്ടില്‍ അല്‍പ സമയം ചിലവഴിച്ചു, പ്രഭാത ഭക്ഷണം കഴിച്ചു. ചില കടകളില്‍ കയറി ഇറങ്ങി. ചൈനക്കാര്‍ അവിടെയും കച്ചവടം കൈക്കലാക്കിയ ലക്ഷണം, പല കടകളും ചൈനക്കാരുടേത്.
ടൂറിസ്റ്റ്‌ കൌണ്ടറില്‍ പോയി, ഹോട്ടലില്‍. ഞങ്ങള്‍ക്ക് താമസിക്കുവാന്‍ ഉള്ള മുറി ബുക്ക്‌ ചെയ്തു. ഹോട്ടലിലേക്ക് പോകേണ്ട വഴി അവര്‍ വിശദമായി പറഞ്ഞു തന്നു. എയര്‍ പോര്‍ട്ടില്‍ നിന്നും ആംസ്റ്റര്‍ ഡാം സെന്‍ട്രല്‍ സ്റ്റേഷനിലേക്ക് ട്രെയിനില്‍ പോകണം, അവിടെ നിന്ന് ട്രാമില്‍ കയറണം. ഏഴാം നമ്പര്‍ ട്രാം. ഒരു ദിവസത്തെ ട്രാം യാത്രക്കുള്ള ടിക്കറ്റ് മേടിച്ചു ഞങ്ങള്‍ ഹോട്ടലിലേക്ക് യാത്ര തിരിച്ചു. നല്ല തണുപ്പുണ്ട് -ചെറിയ മഴയും. ആംസ്റ്റര്‍ ഡാം സ്റ്റേഷനില്‍ നിന്ന് ഞങ്ങള്‍ ട്രാം സ്റ്റോപ്പില്‍ എത്തി, ആദ്യമായാണ് ട്രാം കാണുന്നത്. വൃത്തിയുള്ള, മനോഹരമായ വാഹനം അത് റോഡിലെ ട്രാക്കിലൂടെ പോകുന്നു. ആംസ്റ്റര്‍ ഡാമില്‍ പബ്ലിക്‌ ബസ്സുകള്‍ ഒന്നും കണ്ടില്ല, ട്രാമുകള്‍ ആണ് എവിടെയും. ചെറു മഴയിലും തണുപ്പിലും അന്നത്തെ യാത്ര വളരെ കൌതുകം ഉണര്‍ത്തി.നിരത്തുകളില്‍ , വളരെ കുറച്ചു ജനങ്ങളെ മാത്രമേ കാണാന്‍ സാധിച്ചുള്ളൂ. തണുപ്പായതിനാലാവാം-ഞങ്ങള്‍ കരുതി. എന്നാല്‍ ആംസ്റ്റര്‍ ഡാമില്‍ തണുപ്പും മഴയും ഉണ്ടായിട്ടും തെരുവിലെങ്ങും നിറയെ ജനം. രണ്ടു ഡിഗ്രി ആണ് അന്നത്തെ ടെമ്പറേച്ചര്‍. നനുനനുത്ത മഴയും. എന്നിട്ടും തെരുവുകള്‍ നിറഞ്ഞു ഒഴുകുന്നു. സുന്ദരീ സുന്ദരന്മാരായ യുവ മിഥുനങ്ങള്‍ മാത്രം എവിടെയും. എതൊരു സഞ്ചാരിയെയും ഒറ്റ നോട്ടത്തില്‍ തന്നെ ആംസ്റ്റര്‍ ഡാം ഹരം കൊള്ളിക്കും.
ഇറങ്ങേണ്ട സ്റ്റോപ്പിന് അടുത്ത സ്റ്റോപ്പില്‍ ആണ് ഞങ്ങള്‍ ഇറങ്ങിയത്.. വലിയ ലഗേജും ചുമന്ന് ആ മഴയത്ത് ഞങ്ങള്‍ തിരിച്ചു നടന്നു, ഹോട്ടല്‍ കണ്ടു പിടിച്ചു. ഫ്രെഷ് ‌ ആയി, റിസപ്ഷനിസ്റ്റ് ആംസ്റ്റര്‍ ഡാമിലെ കാഴ്ചകള്‍ വിവരിച്ചു തന്നു... റിജിക് മൂസിയം, വാന്‍ഗോഗ് മൂസിയം , ആനി ഫ്രാങ്ക് മൂസിയം ടുലിപ് ഗാര്‍ഡന്‍ , ഡാം സ്ക്വയര്‍ , ഫ്ളവര്‍ മാര്‍ക്കറ്റ് , മയക്കു മരുന്നുകള്‍ വില്‍ക്കുന്ന കോഫീ ഹൗസ്‌ , കനാലിലെ ബോട്ട് യാത്ര , റെഡ് സ്ട്രീറ്റ് അങ്ങിനെ പലതും...
അതി മനോഹരമായ ഒരു പട്ടണം ആണ് ആംസ്റ്റര്‍ ഡാം . നല്ല വൃത്തിയുള്ള മനോഹരമായ കനാലുകള്‍ക്കിടയില്‍ ആണ് ഓരോ ബ്ലോക്ക്‌ കെട്ടിടങ്ങളും. കെട്ടിടങ്ങള്‍ എല്ലാം പുരാതനമായ കെട്ടിട നിര്‍മ്മാണ രീതികള്‍ അവലം ബിച്ച് നിര്‍മ്മിച്ചവയാണ് . റിനയസന്‍സ് മാതൃകയിലുള്ള കെട്ടിട സമുച്ചയ ങ്ങള്‍ ആണ് ആംസ്റ്റര്‍ ഡാമിലേത്.. ലോകമഹായുദ്ധങ്ങളില്‍ തകരാത്ത, യൂറോപ്പിലെ അപൂര്‍വം പട്ടണങ്ങളില്‍ ഒന്നാണ് ആംസ്റ്റര്‍ ഡാം.
ഞങ്ങള്‍ , ഞാനും പിള്ളയും ബഷീറും കൂടി ഹോട്ടലിനു പുറത്തേക്ക് ഇറങ്ങി, നല്ല തണുപ്പുണ്ട്, എങ്കിലും ജര്‍മനിയിലേതിനേക്കാള്‍ ഭേദം. പ്ലസ്‌ രണ്ടു ഡിഗ്രി ആയിരുന്നു അന്നത്തെ ചൂട്. മഴച്ചാറ്റലും തണുപ്പും വകവെയ്ക്കാതെ യുവ മിഥുനങ്ങള്‍, ജാഥ പോലെ കടന്നു പോകുന്നു. മറ്റൊരിടത്തും കാണാത്തത്രയും സൈക്കിള്‍ യാത്രക്കാരെയും ഇവിടെ കാണാന്‍ സാധിച്ചു. സൈക്കിള്‍ യാത്രക്കാര്‍ക്ക് വേണ്ടി വഴിയില്‍ പ്രത്യേകം പാതകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ആംസ്റ്റര്‍ ഡാമില്‍ പല സ്ഥലത്തും വലിയ സൈക്കിള്‍ സ്റ്റാന്‍റ് കാണാം - കൌതുകം ജനിപ്പിക്കുന്ന കാഴ്ച ..
എങ്ങോട്ട് പോകണം എന്ന് യാതൊരു നിശ്ചയവും ഇല്ലാതെ ആള്‍ക്കൂട്ട ത്തിനോടൊപ്പം നടന്നു. ചാറ്റല്‍ മഴയില്‍ തണുത്തു വിറച്ചു നടക്കുവാനും ഒരു രസം. ഞങ്ങളുടെ കൈവശം ഒരു ദിവസം മുഴുവന്‍ യാത്ര ചെയുവാന്‍ ഉള്ള ട്രാം ടിക്കറ്റ് ഉണ്ട്. അതിനാല്‍ ഒരു ട്രാമില്‍ കയറി വെറുതെ കാഴ്ചകള്‍ കണ്ടുകൊണ്ട് യാത്ര ചെയ്തു . ഒടുവില്‍ ട്രാം അതിന്‍റെ അവസാന സ്റ്റോപ്പില്‍ നിര്‍ത്തിയപ്പോള്‍ ഞങ്ങള്‍ വീണ്ടും നടത്തം തുടങ്ങി. ബെര്‍ലിനില്‍ ഉള്ളതിനേക്കാള്‍ അധികം ഇന്ത്യന്‍ ഭക്ഷണ ശാലകള്‍ ഇവിടെ ഉണ്ട് എന്ന്, കുറച്ചു ദൂരം നടന്നപ്പോള്‍ മനസിലായി. ഇന്ത്യന്‍ പേരുകള്‍ ഉള്ള ഭക്ഷണ ശാലകള്‍ എവിടെയും കാണാം. ഞങ്ങള്‍ വീണ്ടും നടന്നു, കാലുകള്‍ വേദനിക്കുന്നത് വരെ നടക്കാം എന്നാണ് കരുതിയത്. തണുപ്പത്ത് എത്ര ദൂരം നടന്നിട്ടും കാലുകള്‍ക്ക് വേദന തോന്നിയില്ല. സമയം ഏതാണ്ട് ആറു മണി. ഇരുട്ടി തുടങ്ങിയിരിക്കുന്നു. നല്ല വിശപ്പും. ഒരു ഇന്ത്യന്‍ ഭക്ഷണ ശാലയിലേക്ക് കയറാന്‍ തുടങ്ങുമ്പോള്‍ ,പെട്ടെന്ന് ഒരു ഇന്ത്യക്കാരന്‍ മുന്നില്‍ . അദേഹത്തിന്‍റെ കൈവശം ഒരു പ്ലക്കാര്‍ഡ് , അതില്‍ മറ്റൊരു ഹോട്ടലിന്‍റെ പേരും. വിരല്‍ കൊണ്ട് ചൂണ്ടി അയാളുടെ ഹോട്ടലിന്‍റെ ബോര്‍ഡ് ഞങ്ങളെ കാണിച്ചു തന്നു. നഗരത്തിലെ ഏറ്റവും നല്ല ഇന്ത്യന്‍ ഭക്ഷണ ശാല അതാണെന്നായിരുന്നു അദേഹത്തിന്‍റെ അഭിപ്രായം അവിടെ പോയി ഭക്ഷണം കഴിച്ചാല്‍ പത്തു ശതമാനം കിഴിവ് കിട്ടുന്ന ഒരു കൂപ്പണും അയാള്‍ ഞങ്ങള്‍ക്ക് തന്നു, എന്നിട്ട് ഞങ്ങളെ ആ ഭക്ഷണശാലയുടെ മുന്‍വശം വരെ കൊണ്ട് വിട്ടു. എന്തായാലും ഹോട്ടലില്‍ നല്ല തിരക്ക്. മലയാളികള്‍ മാത്രമല്ല, വിദേശികളും ഉണ്ട്. ഞാനും പിള്ള ചേട്ടനും ഇന്ത്യന്‍ ഭക്ഷണശാല ആയതിനാല്‍ ഞങ്ങള്‍ ഇന്ത്യന്‍ വൈന്‍ കിട്ടുമോ എന്ന് ഞങ്ങള്‍ അന്വേഷിച്ചു , മിക്കവാറും കിട്ടില്ല എന്ന് കരുതി, പക്ഷെ അതാ വരുന്നു ഇന്ത്യന്‍ വൈന്‍. രുചിയുള്ള ഇന്ത്യന്‍ ഭക്ഷണം .മെനു കാര്‍ഡില്‍ നമ്മുടെ അശോക ചക്രം പ്രിന്‍റ് ചെയ്തിരിക്കുന്നു. അതേ ചൊല്ലി ഹോട്ടലിന്‍റെ ഉടമസ്ഥനുമായി ഞാന്‍ തര്‍ക്കിച്ചു, ഒടുവില്‍ അയാള്‍ പറഞ്ഞു, സര്‍ക്കാരിന്‍റെ അനുവാദത്തോടു കൂടി ആണ് അയാള്‍ അശോക ചക്രം ഹോട്ടലിന്‍റെ മെനു കാര്‍ഡില്‍ ഉപയോഗിക്കുന്നത് എന്ന് . .
സമയം വല്ലാതെ ഇരുട്ടിയിരിക്കുന്നു. മഴ ഇപ്പോഴും ചന്നം പിന്നം പെയ്യുന്നു. വഴി അറിയാതെ ഞങ്ങള്‍ കുറെ ദൂരം നടന്നു. ഒടുവില്‍ ഒരാളോട് ചോദിച്ചു. അദേഹം ഞങ്ങളെ ഹോട്ടലിനടുത്തെത്തിച്ചു . ഞങ്ങളെ സഹായിച്ച ആ നല്ല മനുഷ്യന്‍ അവിടെ സന്ദര്‍ശനത്തിനു വന്ന ഒരു അമേരിക്കക്കാരന്‍ ആയിരുന്നു.
മഴയും തണുപ്പും കാരണം ഞങ്ങളുടെ അന്നത്തെ യാത്ര അവസാനിപ്പിച്ചു. രാത്രി വൈകിയും യുവ മിഥുനങ്ങള്‍ കൈ കോര്‍ത്തു നടക്കുന്നുണ്ടായി രുന്നു ഹോട്ടലില്‍ എത്തി,ഞങ്ങള്‍ ഫ്രെഷ് ‌ ആയി. എനിക്കും പിള്ള ചേട്ടനും മുകളിലെ നിലയില്‍ ആണ് ബെഡ്, ബഷീര്‍ താഴെയും കിടന്നു. ബഷീര്‍ കിടന്നു എന്ന് ബോധ്യമായപ്പോള്‍, പിള്ള ചേട്ടന്‍ വോഡ്ക രണ്ടു ഗ്ലാസില്‍ പകര്‍ന്നു ഞങ്ങള്‍ രാത്രിയെ നെഞ്ചോട്‌ ചേര്‍ത്തു.
രാവിലെ നേരത്തെ തന്നെ ഞങ്ങള്‍ എഴുന്നേറ്റു തയ്യാറായി ബഷീര്‍ അപ്പോഴും മൂടി പുതച്ചു കിടക്കുകയാണ്. ഒരു വിധത്തില്‍ ഒന്‍പതു മണിയോടെ പ്രഭാത ഭക്ഷണം കഴിച്ചു, ഞങ്ങള്‍ ഞായറാഴ്ചത്തെ യാത്ര പ്ലാന്‍ ചെയ്തു.
ആംസ്റ്റര്‍ ഡാമിനെ കുറിച്ച് ഒരു കുന്തവും അറിയില്ലെങ്കിലും മാപ്പ് നോക്കിയും റിസപ്ഷനിസ്റ്റ് പറഞ്ഞത് കേട്ടും വീണ്ടും ഞങ്ങള്‍ നടക്കാന്‍ തീരുമാനിച്ചു. വാന്‍ഗോഗ് മൂസിയത്തില്‍ പോകണം എന്നത് എന്‍റെ വലിയ ആഗ്രഹമായിരുന്നു അവിടേയ്ക്ക് ദൂരം കൂടുതലുള്ളതിനാല്‍ മറ്റു രണ്ട് പേരും ആദ്യമേ എതിര്‍ത്തു. കനാലുകളുടെ തീരം പറ്റി ഞങ്ങള്‍ വെറുതെ നടന്നു. നടന്നു നടന്നു മുന്നോട്ടു പോയപ്പോള്‍ ഒരു വലിയ ക്യു കണ്ടു. നല്ല തണുപ്പത്ത് അനേകം യുവതീ യുവാക്കള്‍ ക്യു നില്‍ക്കുന്നു. ആന്‍ ഫ്രാങ്ക് മൂസിയം ആയിരുന്നു അത്. ഞങ്ങളും ക്യുവില്‍ ചേര്‍ന്നു . എകദേശം ഒരു മണിക്കൂര്‍ സമയം, രണ്ടു ഡിഗ്രി ഊഷ്മാവില്‍ തണുത്തു വിറച്ചു നിന്നു . നല്ല തണുപ്പായിരുന്നെങ്കിലും ആ കാത്തു നില്‍പ്പ് അരോചകമായി തോന്നിയില്ല .
ആന്‍ ഫ്രാങ്കിനെ കുറിച്ച് കേള്‍ക്കാത്തവര്‍ വിരളമായിരിക്കും. 1921 ല്‍ ജര്‍മനിയില്‍ ജനിച്ച ഈ കൊച്ചു സുന്ദരി 1945 ല്‍ ഹിറ്റ്‌ലറുടെ പീഡനത്തില്‍ മരണപ്പെടുകയുണ്ടായി. നാലാം വയസ്സില്‍ മാതാപിതാക്കളോടൊപ്പം നെതര്‍ലന്‍റിന്‍റെ തലസ്ഥാനമായ ആംസ്റ്റര്‍ ഡാമിലേക്ക് പലായനം ചെയ്തതാണ് ആന്‍ ഫ്രാങ്കിന്‍റെ കുടുംബം. ഹിറ്റ്‌ലര്‍ ജൂതര്‍ക്കെതിരായ പീഡനം തുടര്‍ന്നപ്പോള്‍ കച്ചവടക്കാരനായ പിതാവിന്‍റെ ഓഫീസിനു പിന്നിലെ നിലവറയില്‍ ആ കുടുംബം ഒളിച്ചു താമസിക്കേണ്ടി വന്നു. 1942 ല്‍ പിതാവായ ഓട്ടോ ഫ്രാങ്കിന്‍റെ ഓഫീസില്‍ ഒളിവില്‍ കഴിഞ്ഞപ്പോള്‍ എഴുതിയ ഡയറികുറിപ്പുകളിലൂടെയാണ് ആന്‍ ഫ്രാങ്കിനെ ലോകം അ റിഞ്ഞത്. ഡയറികുറിപ്പുകളിലെ തീക്ഷ്ണമായ വരികള്‍ ആന്‍ ഫ്രാങ്കിന് അനേകം ആരാധകരെ നേടി കൊടുത്തു- അപ്പോഴേയ്ക്ക് ആ കുരുന്ന് ഈ ലോകത്തോട് വിട പറഞ്ഞിരുന്നുവെങ്കിലും. ലോകത്ത് ഏറ്റവും അധികം വായിക്കപ്പെട്ട ഡയറിക്കുറിപ്പുകള്‍ ആന്‍ ഫ്രാങ്കിന്‍റേതാണ്. 1944 ല്‍ ഒളിവില്‍ നിന്ന് പിടിക്കപ്പെടുന്നത് വരെയും ആന്‍ ജീവിച്ചിരുന്നതും ആംസ്റ്റര്‍ ഡാമില്‍ ആണ്. ഒളിവില്‍ നിന്ന് പിടിക്കപ്പെട്ട ആനും സഹോദരി മാര്‍ഗരീറ്റയും 1945 ല്‍ ജര്‍മനിയിലെ കോണ്‍സന്‍റ്റേഷന്‍ ക്യാമ്പില്‍ വച്ച് ടൈഫോയിഡ് ബാധിച്ചു മരിച്ചു. ആനിന്‍റെ മരണശേഷം പിതാവായ ഓട്ടോ ഫ്രാങ്ക് ആണ് ആനിന്‍റെ ഡയറി കണ്ടെടുക്കുകയും അത് പ്രസിദ്ധീകരിക്കുക യും ചെയ്തത്.
ആന്‍ ഫ്രാങ്ക് മൂസിയത്തില്‍ സീക്രട്ട് അനെക്സ്‌ എന്ന പേരില്‍ അറിയപ്പെട്ട, ഓട്ടോ ഫ്രാങ്കിന്‍റെ ഓഫീസിനു പിന്‍ ഭാഗത്തായി ഉണ്ടായിരുന്ന രഹസ്യ അറയില്‍ ഞങ്ങള്‍ എത്തി. മൂന്നു നിലകളില്‍ ആയുള്ള, പ്രകാശം പോലും മറച്ചിരുന്ന ആ മുറികള്‍ ഞങ്ങള്‍ നടന്നു കണ്ടു. ആന്‍ ഫ്രാങ്ക് ഉപയോഗിച്ച മുറിയും ഉപയോഗിച്ച വസ്തുക്കളും ഞങ്ങള്‍ കണ്ടു, ആന്‍ ഫ്രാങ്കിനെ കുറിച്ചുള്ള വീഡിയോയും ശബ്ദവും കേട്ടു . നേരില്‍ കണ്ടിട്ടില്ലാത്ത ആ കുട്ടിയോട് ഒരിക്കലും വിട്ടു മാറാത്ത ഒരടുപ്പം ഉണ്ടായത് പോലെ. ആന്‍ ഫ്രാങ്ക് ഫൌണ്ടേഷന്‍ ഇപ്പോള്‍ സ്ഥിതി ചെയ്യുന്നതും ഈ കെട്ടിടത്തില്‍ ആണ്. എല്ലാ ജനങ്ങളുടെയും സാമൂഹ്യ -സാംസ്കാരിക ജീവിതത്തിന് സഹായകമാവുന്ന ഒരു ചാരിറ്റി സ്ഥാപനമായിട്ടാണ് ഇന്ന് ഈ ഫൌണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നത്. എന്തായാലും, ആന്‍ ഫ്രാങ്ക് ഫൌണ്ടേഷന്‍ നടത്തുന്ന സുവനീര്‍ ഷോപ്പില്‍ നിന്ന് ആന്‍ ഫ്രാങ്കിന്‍റെ ഡയറി വാങ്ങി. മലയാളികളായ മൂന്നു യുവാക്കള്‍ ആന്‍ ഫ്രാങ്ക് മൂസിയം സന്ദര്‍ശിക്കുവാന്‍ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ പുഷ്പ ചന്ത ആംസ്റ്റര്‍ ഡാമില്‍ ആണ്, ഇവിടെ ലോകത്തിന്‍റെ നാനാ ഭാഗത്ത് നിന്നും വരുന്ന പുഷ്പങ്ങള്‍ ലേലം ചെയ്യപ്പെടുന്നു. ലോകത്തിലെ ഏറ്റവും വലിയ ടുലിപ് ഗാര്‍ഡന്‍ ഇവിടെ ആണുള്ളത്. പക്ഷെ ടുലിപ് പൂക്കുന്നത് ഏപ്രില്‍ , മെയ്‌ മാസങ്ങളില്‍ ആണ്. പുഷ്പ മാര്‍ക്കറ്റില്‍ പോകുവാനുള്ള വഴി അന്വേഷിച്ചപ്പോള്‍,അറിഞ്ഞത് ഞായറാഴ്ച പുഷ്പ മാര്‍ക്കറ്റിനു അവധി ആണ് എന്നാണ്, അല്ലാത്ത ദിവസങ്ങളിലും രാവിലെ പത്തു മണിക്ക് ആ മാര്‍ക്കറ്റ് അടയ്ക്കും എന്നും മനസ്സിലായപ്പോള്‍ .അവിടെ പോകാനുള്ള ശ്രമം ഞങ്ങള്‍ ഉപേക്ഷിച്ചു.
ഞങ്ങള്‍ വീണ്ടും നടത്തം തുടര്‍ന്നു. ഇടയ്ക്കു ട്രാമില്‍ കയറാന്‍ നോക്കി. തലേന്ന് എടുത്ത ഞങ്ങളുടെ ടിക്കറ്റിന്‍റെ സമയ പരിധി കഴിഞ്ഞു എന്ന് അപ്പൊഴാണറിഞ്ഞത് ടിക്കറ്റ് എടുക്കാതെ ട്രാമില്‍ കയറി.
ട്രാമില്‍ നിന്നിറങ്ങി വീണ്ടും കനാല്‍ തീരത്ത്‌ കൂടി നടന്നു. മനോഹരമായ , വൃത്തിയുള്ള കെട്ടിടങ്ങള്‍- മുന്നൂറു വര്‍ഷം മുന്‍പ് തന്നെ എത്ര നല്ല രീതിയിലുള്ള ആസൂത്രണം ആണ് അവിടത്തെ ഭരണാധികാരികള്‍ നടത്തിയത് എന്ന് അതിശയം തോന്നും . കാഴ്ചകള്‍ കണ്ടു വെറുതെ നടക്കുമ്പോള്‍ അധിക ഊര്‍ജ്ജം കൈവന്നത് പോലെ. ഞങ്ങള്‍ വീണ്ടും നടന്നു ഡാം സ്ക്വയറില്‍ വന്നു. ആംസ്റ്റര്‍ ഡാമിന്‍റെ സെന്‍റര്‍ സ്റ്റേഷന് അടുത്താണ് ഡാം സ്ക്വയര്‍. പതിനഞ്ചാം നൂറ്റാണ്ടില്‍ ആംസ്റ്റല്‍ നദിയില്‍ ഒരു ഡാം ഉണ്ടായിരുന്നു. ആ ഡാമിനോട് ചേര്‍ന്ന് ഉയര്‍ന്നു വന്ന സംസ്കാരം ആണ് ആംസ്റ്റര്‍ സംസ്കാരം. ആംസ്റ്റല്‍ നദിയില്‍ പതിനഞ്ചാം നൂറ്റാണ്ടില്‍ കെട്ടിയ ഡാം ആണ്, ഈ പേര് പോലും ഈ നഗരത്തിനു നേടി കൊടുത്തത്. ഡാം സ്ക്വയറില്‍ ആണ് റോയല്‍ പാലസ് സ്ഥിതി ചെയുന്നത് . ഡാം സ്ക്വയര്‍, ഇന്ന് ആംസ്റ്റര്‍ ഡാമിന്‍റെ വാണിജ്യ മേഖല ആണ്, വളരെ അധികം സര്‍ക്കാര്‍ ഓഫീസുകളും ഇവിടെ സ്ഥിതി ചെയ്യുന്നു. ആംസ്റ്റര്‍ ഡാമിലെ പ്രധാന ആഘോഷങ്ങള്‍ എല്ലാം ഇവിടെ ആണ് നടക്കുക. ലോകമഹാ യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ ഓര്‍മക്കായി ഇവിടെ 'വാര്‍ മെമ്മോറിയല്‍ ' സ്ഥാപിച്ചിട്ടുണ്ട്. ഡാം സ്ക്വയറില്‍ ഒരു കൂട്ടം സംഗീതജ്ഞര്‍ സംഗീത ഉപകരണങ്ങളുടെ അകമ്പടിയോടെ പാടുന്നു. വഴി യാത്രക്കാര്‍ ചില്ലറത്തുട്ടുകള്‍ എറിഞ്ഞു കൊടുക്കുന്നു. സംഗീതം ഒരു തപസ്യ ആണെന്ന പോലെ, അതൊന്നും നോക്കാതെ അവര്‍ മനോഹരമായി പാടുകയാണ്. അവിടെ നിന്ന് വീണ്ടും ഞങ്ങള്‍ മുന്നോട്ടു നടന്നു, എന്തെങ്കിലും കുടിക്കണം, എന്നാല്‍ വൈന്‍ ആകാമെന്ന് ഞാന്‍. ഒരു വൈന്‍ കടയില്‍ കയറി, അവിടെ സുന്ദരിയായ ഒരു പെണ്‍കുട്ടി വൈന്‍ വില്‍ക്കുന്നു, പക്ഷെ അവിടെ ഇരുന്നു കുടിക്കാന്‍ സൌകര്യം ഇല്ല. അക്കാര്യം പറഞ്ഞപ്പോള്‍ അവള്‍ താഴേക്ക്‌ പോകുന്ന ഒരു ഇടുങ്ങിയ ഗോവണി കാണിച്ചു തന്നു. ഞങ്ങള്‍ അത് വഴി താഴെ ഇറങ്ങി. സുമുഖനായ ഒരു യുവാവ്, അവിടെ ഇരുന്നു വൈന്‍ കുടിക്കാന്‍ ഉള്ള സൌകര്യം ഉണ്ട്. വൈനിനു അഞ്ചു യൂറോ, പക്ഷെ അവിടെ ഇരുന്നു കുടിക്കുന്നതിനു ഓരോ ഗ്ലാസിനും അഞ്ചു യൂറോ കൂടുതല്‍ കൊടുക്കണം. മൂന്നു ഗ്ലാസ്സിന് പതിനഞ്ചു യൂറോ സര്‍വീസ്‌ ചാര്‍ജ് . ഞാനും പിള്ള ചേട്ടനും കൂടി വിലപേശി, ഒടുവില്‍, സര്‍വീസ്‌ ചാര്‍ജു അഞ്ചു യൂറോയില്‍ ഒതുക്കി. ബഷീര്‍ വെറും കാഴ്ചക്കാരന്‍ ആയി ഞങ്ങളോടൊപ്പം കൂടി. വൈന്‍ കഴിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ അര്‍ജ ന്‍റീനക്കാരന്‍ ആയ ആ ചെറുപ്പക്കാരനുമായി ഞങ്ങള്‍ സൌഹൃദത്തിലായി.
ആംസ്റ്റര്‍ ഡാം, ടൂറിസം, കൃഷി, കപ്പല്‍ നിര്‍മ്മാണം, പഴം, പച്ചക്കറി , പുഷ്പം, ഡയറി, മല്‍സ്യ, മാംസ വിപണനം എന്നിവയില്‍ ലോകത്തില്‍ മുന്‍പന്തിയില്‍ ആണ്. ജനങ്ങള്‍ കഠിനാദ്ധ്വാനികള്‍ ആണ്. വളരെ സാധാരണക്കാരും, ഇന്ത്യക്കാരെ വലിയ ബഹുമാനവും .തദ്ദേശിയറില്‍ ഭൂരിഭാഗവും കൃഷിയും അനുബന്ധ വ്യവസായവും ആയി ആംസ്റ്റര്‍ ഡാമില്‍ നിന്നകന്നു ഉള്‍പ്രദേശങ്ങളില്‍ ആണ് ജീവിക്കുന്നത്. വിദേശികള്‍ ആണ് സിറ്റിയില്‍ കൂടുതലായി താമസിക്കുന്നത്. ഹോട്ടലുകള്‍ കൊണ്ട് സമൃദ്ധമാണ് ആംസ്റ്റര്‍ ഡാം.
ടൂറിസത്തിന്‍റെ ഭാഗമായി, ലോകത്തില്‍ ലഭിക്കാവുന്ന എല്ലാം ആംസ്റ്റര്‍ ഡാമില്‍ ടൂറിസ്റ്റുകള്‍ക്കായി ഒരുക്കിയിട്ടുണ്ട്. മയക്കു മരുന്നുകള്‍ വില്‍ക്കുന്ന കോഫീ ഹൌസുകള്‍ ഇവിടെ പ്രസിദ്ധമാണ്,. അത് പോലെ ചൂതാട്ട കേന്ദ്രങ്ങള്‍, ചുവന്ന തെരുവുകള്‍ എല്ലാം ടൂറിസ്റ്റുകളെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നു . സെക്സ് ടോയ്സ്‌ വില്‍ക്കുന്ന കടകള്‍ ഇവിടെ അനവധി ആണ്. ഞങ്ങള്‍ ഹോളണ്ടിലെക്ക് പോകുന്നു എന്ന് കേട്ടപ്പോള്‍ തന്നെ, ദുബായിലെ ബഷീറിന്‍റെ ഒരു സുഹൃത്ത് ആംസ്റ്റര്‍ ഡാമിലെ ലൈവ് ഷോ കളെ കുറിച്ച് പറഞ്ഞിരുന്നു. അവിടെ പോകണം എന്നും, അത് കാണണം എന്നും പറഞ്ഞു എങ്കിലും, ബഷീര്‍ കൂടെ ഉള്ളതിനാല്‍ അതൊന്നും നടക്കില്ല എന്ന് നല്ല ബോധ്യം ഉള്ളതിനാല്‍ , ആ ആഗ്രഹം ഞാന്‍ മുളയിലെ നുള്ളിക്കളഞ്ഞിരുന്നു. പിള്ള ചേട്ടന്‍ , യാത്രയില്‍, ബഷീറിനെ എങ്ങനെ എങ്കിലും ഒഴിവാക്കി ഇതൊക്കെ കാണണം എന്ന് സ്വകാര്യമായി എന്നോട് പറഞ്ഞു .ബഷീര്‍ ഉള്ളതിനാല്‍ ഞാന്‍ ഒട്ടും താല്‍പര്യം കാണിച്ചില്ല. പക്ഷെ , ആന്‍ ഫ്രാങ്ക് മൂസിയം കണ്ടു ഇറങ്ങിയപ്പോള്‍ മുതല്‍ ബഷീര്‍ പറഞ്ഞു തുടങ്ങി, ഒരു തമാശ രൂപത്തില്‍ , പിള്ള ഭായിയെ നമുക്ക് ലൈവ് ഷോ കാണിക്കേണ്ടേ എന്ന്? ഞാന്‍ ബഷീറി ന്‍റെ മുഖത്തേക്ക് അര്‍ത്ഥഗര്‍ഭമായി നോക്കിയതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല. നടപ്പിനിടയില്‍ ഇടക്കൊക്കെ ബഷീര്‍ വീണ്ടും ഇക്കാര്യം ഓര്‍മിപ്പിച്ചു കൊണ്ടിരുന്നു. ഒടുവില്‍ ഞാന്‍ പറഞ്ഞു, നമുക്ക് രാത്രിയില്‍ അവിടെ പോകാം എന്ന്.
കയ്യില്‍ ഇരുന്ന മാപ്പ് നോക്കിയും, ചില കടകളില്‍ ചോദിച്ചും ഞങ്ങള്‍ റെഡ്‌ സ്ട്രീറ്റ്‌ ലക്ഷ്യം ആക്കി മുന്നോട്ടു പോയി. ഒടുവില്‍ ഒരു ഇന്ത്യന്‍ റെസ്റ്റോറ ന്‍റില്‍ നിന്ന് ഭക്ഷണം കഴിച്ചു. ഗുജറാത്തി ആയ കടക്കാരന്‍ , റെഡ്‌ സ്ട്രീറ്റ്‌നെ കുറിച്ച് വാചാലമായി സംസാരിച്ചു. ഭക്ഷണം കഴിഞ്ഞ്, ഞങ്ങള്‍ വീണ്ടും ലൈവ് ഷോ കാണുവാനായി റെഡ്‌ സ്ട്രീറ്റിലേക്ക് പുറപ്പെട്ടു. ഒടുവില്‍ അനേകം സെക്സ് ഷോപ്പുകള്‍ സ്ഥിതി ചെയ്യുന്ന ഒരു വീഥിയില്‍ എത്തി. വലിയ സെക്സ് ഷോപ്പുകള്‍ .. ഇന്ന് വരെ കേട്ടിട്ടുള്ളതല്ലാതെ കണ്ടിട്ടില്ല. എന്തായാലും ഞങ്ങള്‍ അകത്ത് കടന്നു. ആണും പെണ്ണും ഒന്നിച്ചും പെണ്ണുങ്ങള്‍ കൂട്ടായും, ആ കടക്കകത്ത് വലിയ തിരക്കാണ്. കൂടുതലും യുവ മിധുനങ്ങള്‍ ഒന്നിച്ചാണ് ഷോപ്പിംഗ്‌. ആര്‍ക്കും ഒരു ലജ്ജയും കൌതുകവും ഇല്ല. ഞങ്ങള്‍ക്ക് രണ്ടും കൂടുതലും. വിവിധ തരത്തിലുള്ള ലൈംഗീക ഉപകരണങ്ങള്‍, ലൈംഗീക ഉത്തേജന മരുന്നുകള്‍, വിവിധയിനം ക്രീമുകള്‍ , സെക്സ് വീഡിയോകള്‍ ( മലയാളത്തില്‍ അശ്ലീല ചിത്രങ്ങള്‍ ) ഇവയുടെ ഒക്കെ വലിയ കച്ചവട കേന്ദ്രം.
കടയില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ ചുവന്ന ബള്‍ബുകള്‍ പ്രകാശം പരത്തുന്ന തെരുവ്. റെഡ്‌ സ്ട്രീറ്റ്‌ എന്ന ബോര്‍ഡിനു പകരം എല്ലായിടത്തും റെഡ്‌ ബള്‍ബുകള്‍ പ്രകാശിക്കുന്നു. മറ്റു പ്രദേശവും ആയി വേര്‍ തിരിക്കു ന്നതിനാണ് ഈ ചുവന്ന പ്രകാശം . ആവശ്യക്കാര്‍ മാത്രം ഇവിടെ വനാല്‍ മതിയല്ലോ. മങ്ങിയ പ്രകാശത്തില്‍ ഞങ്ങള്‍ നടന്നു. സെക്സ് ഷോപ്പുകള്‍ , മദ്യം വില്‍ക്കുന്ന ഷോപ്പുകള്‍ , കാസിനോകള്‍ , ഗ്രോസറി ഷോപ്പുകള്‍ , മയക്കു മരുന്ന് വില്‍ക്കുന്ന ചെറിയ കോഫീ ഹൌസുകള്‍ , ലൈംഗീക ഉത്തേജന വസ്തുക്കള്‍ വില്‍ക്കുന്ന കേന്ദ്രങ്ങള്‍ തുടങ്ങി ചെറിയ ഷോപ്പുകള്‍ അനവധി. കെട്ടിടങ്ങളുടെ ബാല്‍ക്കണികളളില്‍ ചെറിയ ഗ്ലാസ്‌ മുറികള്‍ക്കകത്ത് സുന്ദരികളായ അല്‍പ വസ്ത്ര ധാരികള്‍. ഇവിടെ സെക്സ് ഒരു വ്യവസായം ആണ്. സര്‍ക്കാര്‍ അംഗീകരിച്ച ഒരു തൊഴില്‍ ആണ് വ്യഭിചാരം. ഇവിടെ ചെറുപ്പക്കാരികള്‍ പലരും രണ്ടും മൂന്നും വര്‍ഷത്തേക്ക് ഒരു തൊഴില്‍ എന്ന നിലക്കാണ് ഈ ജോലി ഏറ്റെടുക്കുന്നത്. ഈ ജോലിയില്‍ നിന്ന് അത്യാവശ്യം കാശ് ഉണ്ടാക്കി കഴിയുമ്പോള്‍ ഇവര്‍ ഈ ജോലിയില്‍ നിന്ന് പിന്മാറി കല്യാണം കഴിച്ചു കുടുംബ ജീവിതം നയിക്കുന്നു. സൗത്ത്‌ അമേരിക്കന്‍ , അര്‍ജെന്റിന, സുരിനാം, അള്‍ജീരിയ, മൊറോക്കോ, ടുണീഷ്യ, കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ , ഇറാന്‍ , റഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ പേരും ഈ തൊഴിലിനു വരുന്നത്.
കുറച്ചു ദൂരം നടന്നപ്പോള്‍ , ലൈവ് സെക്സ് നടക്കുന്ന തിയേറ്ററുകള്‍ കണ്ടു. ചില സ്ഥലത്ത് വെന്‍ഡിംഗ് മെഷീന്‍ പോലും വച്ചിട്ടുണ്ട്. ഒരു യൂറോ മെഷീനില്‍ ഇട്ടു നോക്കുമ്പോള്‍ അതിലൂടെ ലൈവ് സെക്സ് കാണുവാന്‍ സാധിക്കും. കനാലിനടുത്തു ഒരു വലിയ ലൈവ് തിയേറ്ററില്‍ ആണ് ഞങ്ങള്‍ ലൈവ് ഷോ കാണുവാന്‍ കയറിയത്. ഒരാള്‍ക്ക്‌ 35 യൂറോ ആണ് പ്രവേശന ഫീസ്‌. ഞങ്ങള്‍ മൂന്നു ടിക്കറ്റ്‌ എടുത്തു, ഞാനും പിള്ള ചേട്ടനും ഓരോ ബീയറും ആയി അകത്ത് കയറി. ബഷീര്‍ ഒരു കുപ്പി വെള്ളവും മേടിച്ചു. വെള്ളത്തിനു ബിയറിനെക്കാള്‍ വിലക്കൂടുതല്‍ . ടിക്കറ്റില്‍ യാതൊരു വിധമായ് സമയ നിഷ്ഠയും ഇല്ല, എത്ര സമയം വേണമെങ്കിലും ഷോ കാണാം. തിയേറ്ററില്‍ അനേകം പേര്‍ ഷോ കാണുന്നു, കൂടുതലും സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചിരുന്നു. ഏകദേശം ഇരുനൂറു പേര്‍ക്കിരിക്കാവുന്ന തിയേറ്ററില്‍ നിറയെ ആളുകള്‍ , ഞാനും പിള്ളയും ഒരേ നിലയില്‍ ഇരുന്നപ്പോള്‍ ബഷീര്‍ ഞങ്ങള്‍ക്ക് പിന്നില്‍ മറ്റൊരു നിരയില്‍ ആണിരുന്നത്.
തിയേറ്ററിലെ സ്റ്റേജില്‍ പുരുഷനും സ്ത്രീയും പൂര്‍ണ്ണ നഗ്നരായി വിവിധ തരത്തിലുള്ള ലൈംഗീക കേളികള്‍ ആടുകയാണ്. സുന്ദരികളും സുന്ദര ന്മാരും ആയ ഇവര്‍ക്ക് ഇത്ര പരസ്യം ആയി , ഇത്ര മാത്രം ജനങ്ങളുടെ ഇട യില്‍ ഇത് പോലൊക്കെ ചെയ്യുവാന്‍ നാണം ആകില്ലേ? പല ദേശങ്ങളില്‍ നിന്നും വന്ന പല പ്രായത്തിലുള്ളവര്‍, സ്ത്രീയും പുരുഷനും ഇടകലര്‍ന്നി രു ന്നാണ് പ്രദര്‍ശനം കാണുന്നത്. കൂട്ടത്തില്‍ ഇന്ത്യക്കാരായ ചില സ്ത്രീ പുരുഷ ന്മാരെയും അവിടെ കണ്ടു. ഇതിനിടയില്‍ സ്റ്റേജില്‍ നിന്ന് പൂര്‍ണ്ണ നഗ്നയായ ഒരു സ്ത്രീ കാണികള്‍ക്ക്‌ ഇടയിലേക്ക് ഇറങ്ങി വന്നു ഒരാളെ ബലമായി പിടിച്ചു കൊണ്ട് സ്റ്റേജിലേക്ക് പോകാന്‍ ശ്രമിച്ചു, അയാളുടെ ദയനീയത കണ്ടു ബാക്കി ഉള്ളവര്‍ തകര്‍ത്ത് ചിരിക്കുന്നു, എന്തായാലും സ്റ്റേജില്‍ എത്തുന്നതിനു മുന്‍പ് അയാള്‍ കുതറി ഓടി. കുറച്ചു നേരം കൂടി ഞങ്ങള്‍ അവിടെ ഇരുന്നു, ബിയര്‍ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ പുറത്തേക്കിറങ്ങി. ഈ പ്രദര്‍ശനം വളരെ കൌതുകത്തോടെയാണ് കാണാന്‍ പോയതെങ്കിലും , ഇത് നേരില്‍ കണ്ടപ്പോള്‍ സെക്സിനോടു തന്നെ ഒരു തരം വിരക്തിയാണ് തോന്നിയത് .
പുറത്തിറങ്ങി, കനാലിലേക്ക് വെറുതെ കണ്ണ് മിഴിച്ചു, അവിടെ ആ തണുപ്പിലും അരയന്നങ്ങള്‍ നീന്തുന്നു. അവിടെ നിന്ന് നടന്നു,ഞങ്ങള്‍ ഹോട്ടലില്‍ എത്തി. അതിരാവിലെ തന്നെ റോട്ടര്‍ ഡാമിലേക്ക് പോകണം.
നാലര ആയപ്പോള്‍ ഉണര്‍ന്നു, തൊട്ടടുത്തുള്ള ടാക്സി സ്റ്റാന്‍ഡില്‍ പോയി, ട്രാമുകള്‍ ഇവിടെ രാവിലെ ആറു മണി മുതലേ ഓട്ടം തുടങ്ങു. അതിനാല്‍ ടാക്സിയില്‍ കയറി. പൊതുവേ ആംസ്റ്റര്‍ ഡാമില്‍ ടാക്സി കാണാറില്ലായി രുന്നു. അഞ്ചരക്കുള്ള ട്രെയിനില്‍ ഞങ്ങള്‍ റോട്ടര്‍ ഡാമിലേക്ക് തിരിച്ചു. ആംസ്റ്റര്‍ ഡാമില്‍ നിന്നും ഒരു മണിക്കൂര്‍ ആണ് റോട്ടര്‍ ഡാമിലേക്കുള്ള ദൂരം. റോട്ടര്‍ ഡാം , യൂറോപ്പിലെ ആദ്യത്തെ ഫ്രീ പോര്‍ട്ട്‌ ആണ്. യൂറോപ്പി ലേക്കുള്ള പ്രധാന തുറമുഖം ആണ് റോട്ടര്‍ ഡാം. അത് പോലെ ലോകത്തിലെ തന്നെ ഏറ്റവും വലിയ പഴം പച്ചക്കറി മാര്‍ക്കറ്റും റോട്ടര്‍ ഡാം ആണ്. രാവിലത്തെ ട്രെയിനില്‍ വളരെ കുറച്ചു ആളുകള്‍ മാത്രം. ഒരു മണിക്കൂര്‍ കൊണ്ട് ഞങ്ങള്‍ റോട്ടര്‍ ഡാമില്‍ എത്തി. ഞങ്ങളുടെ ലഗേജുകള്‍ ലോക്ക റില്‍ വെക്കണം. ഹോട്ടലില്‍ നിന്ന് ചെക്ക് ഔട്ട്‌ ചെയ്തിട്ടാണ് പോന്നത്. റോട്ടര്‍ ഡാമില്‍ നിന്ന് പാരീസിലേക്ക് ആണ് പോകേണ്ടത്. എന്തായാലും ലോക്കര്‍ സൌകര്യം റെയില്‍ വേ സ്റ്റേഷനില്‍ ഉള്ളത് കണ്ടു പിടിച്ചു. ആരും സഹായിക്കാനില്ല, ഒഴിവുള്ള ലോക്കര്‍ തുറന്നു ലഗേജു അകത്ത് വച്ച് , ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിച്ച് ലോക്ക് ചെയ്തു. പുറത്തു വന്നു ടാക്സി യില്‍ കയറി. റോട്ടര്‍ ഡാം സ്റ്റേഷനില്‍ നിന്നും കുറച്ചധികം അകലെ ആണ് പോര്‍ട്ട്‌. അതിനടുത്താണ് ഞങ്ങള്‍ക്ക് പോകാനുള്ള ഓഫീസ്‌. ടാക്സിക്കാ രന്‍ നന്നായി ഹിന്ദി സംസാരിക്കുന്നു. അയാള്‍ പാകിസ്ഥാനി ആണ്. പാകിസ്ഥാനില്‍ നിന്ന് പണ്ടെങ്ങോ കുടിയേറി പാര്‍ത്ത ഒരു പാക്കിസ്ഥാന്‍ കാരന്‍റെ മകളെ കല്യാണം കഴിച്ചത് വഴി ആണ് അയാള്‍ക്ക് ഇവിടെ പൌരത്വം കിട്ടിയത്. അയാള്‍ ഞങ്ങളെ , ഞങ്ങള്‍ക്ക് പോകേണ്ട ഓഫീസ്‌ കെട്ടിടത്തിനു മുന്നില്‍ എത്തിച്ചു. പ്രഭാതത്തിലെ തണുപ്പ് അസഹനീയ മായിരുന്നു. സീറോ ഡിഗ്രി ആയിരുന്നു ഊഷ്മാവ്. രണ്ടാം നിലയിലുള്ള ഓഫീസില്‍ ഞങ്ങള്‍ എത്തി, അറിയിച്ച പോലെ ഞങ്ങളെ കാത്തു വെള്ളക്കാരനായ സൗത്ത്‌ ആഫ്രിക്കന്‍ റോബര്‍ട്ട് അവിടെ ഉണ്ടായിരുന്നു. ഞങ്ങളെ കോണ്‍ഫറന്‍സ് ഹാളില്‍ ഇരുത്തി അദേഹം ചായ ഉണ്ടാക്കി , ചായ കുടിച്ചപ്പോള്‍ നല്ല ഉന്മേഷം.
മീറ്റിംഗ് കഴിഞ്ഞു പുറത്തിറങ്ങി. ഇനി എവിടെ പോകണം? ഇത് വരെ വന്ന സ്ഥിതിക്ക് രണ്ടു മൂന്നു കമ്പനികളില്‍ കൂടി പോകണം. തൊട്ടടുത്ത ഓഫീസില്‍ വെറുതെ കയറി, അവര്‍ ഞങ്ങളെ വളരെ അധികം സഹായിച്ചു. ഞങ്ങളുടെ ബിസിനസ്സിനു സഹായം ലഭിക്കാവുന്ന കുറെ കമ്പനികളെ കുറിച്ചൊക്കെ വിവരം തന്നു. ഞങ്ങള്‍ ഇന്ത്യക്കാര്‍ ആയത് കൊണ്ടാവും, ആ ഓഫീസിലെ മാനേജര്‍ അദേഹത്തിന്‍റെ വാഹനത്തില്‍ ഞങ്ങളെ കുറച്ചകലെ ഉള്ള ഒരു ഓഫീസിനു മുന്നില്‍ കൊണ്ട് വിട്ടു, അതിന്‍റെ ഉടമസ്ഥനെ പരിച യപ്പെടുത്തി തരികയും ചെയ്തു. അവിടെ നിന്നും കിട്ടിയ വിവരങ്ങള്‍ വെച്ച് ഞങ്ങള്‍ മറ്റു പല ഓഫീസുകളിലും പോയി. നെതര്‍ലാന്‍റ്കാര്‍ വളരെ നല്ല മനുഷ്യര്‍ ആണ്. മറ്റുള്ളവരെ സഹായിക്കുന്നതില്‍ മുന്‍പന്തിയില്‍ ആണ്. നല്ല ആതിഥേയര്‍ . അവസാനം പോയ ഓഫീസിലെ ഒരു സുഹൃത്ത് ഞങ്ങളെ തിരികെ റെയില്‍ വേ സ്റ്റേഷനില്‍ കൊണ്ട് വിട്ടു. സമയം നാലര കഴിഞ്ഞു. ഞങ്ങള്‍ അടുത്തു കണ്ട ഭക്ഷണ ശാലയില്‍ നിന്നും ഭക്ഷണം കഴിച്ചു.
വീണ്ടും റെയില്‍ വേ സ്റ്റേഷനില്‍ . ഇവിടെയും ടോയ് ലെറ്റ് ‌ സൌകര്യം ഉപയോഗിക്കുന്നതിന് നമ്മുടെ നാട്ടിലെ പോലെ കോയിന്‍ ( ഒരു യൂറോ) വേണം. ഞങ്ങള്‍ പാരീസിലേക്കുള്ള ഫാസ്റ്റ് ട്രെയിനിനു ടിക്കറ്റ്‌ എടുത്തു. താലിസ് എന്ന ട്രെയിന്‍ ആണ് ഉടനെ പാരീസിലേക്കുള്ളത്. ഒരാള്‍ക്ക്‌ 186 ഡോളര്‍ ആണ് ടിക്കറ്റ് ചാര്‍ജ് . വിമാന ടിക്കറ്റിനേക്കാള്‍ വളരെ കൂടിയ ചാര്‍ജ് . താലിസ് (Thalys) യൂറോ റെയിലിന്‍റെ ഭാഗം ആണ് എങ്കിലും ഫ്രഞ്ച്, ഹോളണ്ട് , ബെല്‍ജിയം സര്‍ക്കാരിന്‍റെ കീഴില്‍ ആണ് പ്രവര്‍ത്തിക്കുന്നത്. തുടക്കത്തില്‍ ബ്രസ്സല്‍സിനെയും പാരീസിനെയും തമ്മില്‍ ബന്ധിപ്പിച്ച ഈ ട്രെയിന്‍ പിന്നീട് ആംസ്റ്റര്‍ ദാമിനെയും പാരീസിനെയും ബന്ധിപ്പിക്കുന്ന പ്രധാന ട്രെയിന്‍ ആയി മാറി. മണിക്കൂറില്‍ 300 കിലോ മീറ്റര്‍ വരെ ആണ് ഈ ട്രെയിനിന്‍റെ സ്പീഡ്‌. ട്രെയിന്‍ വരുന്ന മുന്നറിയിപ്പു കിട്ടി, ഞങ്ങള്‍ പാരീസിലേക്ക് പോകുവാന്‍ തയ്യാറായി ...

Saturday 24 March 2012

ഒരു വടക്കന്‍ തെരഞ്ഞെടുപ്പിന്റെ ബാക്കി പത്രം.

ഉത്തര്‍ പ്രദേശ്‌, ഉത്തരാഖണ്ഡ്‌, പഞ്ചാബ്‌, ഗോവ, മണിപ്പൂര്‍ നിയമ സഭാ തെരഞ്ഞെടുപ്പുകള്‍ വളരെ സമാധാനപരമായി നടത്തുന്നത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ നിപുണതയില്‍ സന്തോഷിക്കാം. പല ഘട്ടങ്ങളില്‍ ആയി നടത്തിയ ആ തെരെഞ്ഞെടുപ്പുകള്‍ക്കൊടുവില്‍ ഈ മാസമാദ്യം തന്നെ അതിന്‍റെ ഫലം പുറത്തു വന്നപ്പോള്‍ ഏറെക്കുറെ പ്രതീക്ഷിച്ച ഫലങ്ങള്‍ തന്നെ ആയിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തെ എക്കാലവും നിയന്ത്രിക്കുവാന്‍ തക്ക അംഗ ബലമുള്ള, ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍ പ്രദേശും , ചെറുതെന്കില്‍ കൂടി പ്രബല ശക്തിയായ പഞ്ചാബും ആയിരുന്നു എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബ്രഹ്മിന്‍ ദളിത്‌ ഐക്യം ഉണ്ടാക്കി, എല്ലാ പ്രവചനങ്ങളെയും കട പുഴക്കി അധികാരത്തില്‍ വന്ന മായാവതി സര്‍ക്കാരിനെതിരെ ജനങ്ങള്‍ ഈ വോട്ടെടുപ്പില്‍ അണി നിരന്നു. പ്രതി പക്ഷത്തിരുന്നപ്പോള്‍ , അലസത കൈ വെടിഞ്ഞു ജനങ്ങളുടെ ക്ഷേമ പ്രവര്‍ത്തനത്തില്‍ ജാഗരൂകരായിരുന്ന മുലായം സിംഗ് യാദവും മകന്‍ അഖിലേഷ്‌ സിംഗ് യാദവും വ്യക്തമായ ഭൂരിപക്ഷത്തോട് കൂടി അധികാരത്തില്‍ തിരിച്ചെത്തിയിരിക്കയാണ്.

ലോകസഭാ തെരഞ്ഞെടുപ്പില്‍ നിന്ന് കിട്ടിയ ഉര്‍ജ്ജവുമായി യു പി പിടിച്ചെടുക്കാന്‍ സര്‍വ സന്നാഹവും ആയി പുറപ്പെട്ട ഡല്‍ഹി രാജാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ്സും ഒരു പറ്റം നേതാക്കളുടെ മാത്രം ഇടയില്‍ പെട്ട് നട്ടം തിരിയുന്ന കാഴ്ച നാം കണ്ടു. പടല പിണക്കങ്ങള്‍ കൊണ്ട് ജീര്‍ണ്ണാവസ്ഥയില്‍ ആയിരുന്ന ബി ജെ പി നില മെച്ചപ്പെടുത്തി ഇല്ലെങ്കില്‍ പോലും യു പി യില്‍ തങ്ങള്‍ അവഗണിക്കാനാവാത്ത ഒരു ശക്തി ആണ് എന്ന് വിളിച്ചറിയിക്കുന്നു..

ജാതി രാഷ്ട്രീയം ഏറ്റവും ശക്തമായ നിലയില്‍ ആണ് ഇന്നും യു പി യില്‍., എങ്കിലും ഒരു വലിയ ഭരണ വിരുദ്ധ തരംഗം ആണ് യു പിയില്‍ സമാജ് വാദി പാര്‍ട്ടിയെ അധികാരത്തില്‍ എത്തിച്ചത്. കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് തന്നെ യു പി യില്‍ അഴിമതിയും താന്‍പോരിമയും പക്ഷപാതവും കൊണ്ട് കളം നിറഞ്ഞാടിയ മായാവതിക്കും ജനങ്ങളുടെ കോടതിയില്‍ നിന്നു ശിക്ഷ ഏറ്റു വാങ്ങേണ്ടി വന്നു.


ജനാധിപത്യത്തിന്റെ ഏറ്റവും വലിയ വിജയം ആണിത്. ജനാധിപത്യത്തില്‍ ഒരിക്കല്‍ തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാല്‍ എന്ത് തോന്ന്യവാസവും കാണിക്കാം എന്ന് കരുതുന്ന ഈ നേതാക്കള്‍ ജനങ്ങളുടെ പ്രതികരണങ്ങള്‍ അറിയുന്നത് നന്നായിരിക്കും. മുഖ്യ മന്ത്രി ആകുന്നതോട് കൂടി, ഒരു സംസ്ഥാനത്തിന്‍റെ മുഴുവന്‍ സ്വന്തം ആണ്, അല്ലാതെ സ്വന്തം കീശ വീര്‍പ്പിക്കുന്നതിനും സ്വന്തക്കാര്‍ക്കും ഇഷ്ടക്കാര്‍ക്കും പാര്‍ട്ടിക്കാര്‍ക്കും മാത്രം വേണ്ടി ഭരണം നടത്തുന്ന നേതാക്കള്‍ ആണ് എന്ന മിഥ്യാ ബോധത്തില്‍ നിന്ന് ഇനിയെങ്കിലും തിരികെ വരണം.

യു പി യിലുടനീളം മുലായം സിംഗിനും അഖിലെഷിനും അനുകൂലമായ ഒരു തരംഗം തന്നെ വീശി അടിച്ചു. അതില്‍ പല വന്‍ മരങ്ങളും കട പുഴകി വീണു. വലിയ വീമ്പു പറച്ചിലും ആയി യു പി പിടികുവാന്‍ മാസങ്ങളോളം ദളിത്‌ ഭവനങ്ങളില്‍ ഉണ്ടും ഉറങ്ങിയും നടന്ന രാഹുലിന് സംഭവിച്ചത്, തന്‍റെ ഉപജാപ സംഘത്തില്‍ കുറെ കൂടി ആളെ കൂട്ടാന്‍ സാധിച്ചു എന്ന് മാത്രം. അതല്ലാതെ ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് അവരുടെ പ്രശ്നങ്ങള്‍ അറിയുന്ന, അവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സാധാരണ പ്രവര്‍ത്തകരെ കണ്ടെത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല. കുടുംബ പാരമ്പര്യം തനിക്ക് തന്നെ പാരയാകുന്ന ഒരു കാഴ്ച ആണ് യുവ രാജാവിന് യു പി യില്‍ അനുഭവിക്കേണ്ടി വന്നത്. പല പല്ല് കൊഴിഞ്ഞ സിംഹംങ്ങളും തങ്ങളുടെ മക്കള്‍ക്കും ആശ്രീതര്‍ക്കും സീറ്റ് സംഘടിപ്പിച്ചു കൊടുക്കുന്നത് തടയുവാന്‍ രാഹുലിന് ആയില്ല. സീറ്റ് കിട്ടാതെ വന്നവര്‍ മറ്റു പാര്‍ട്ടികളില്‍ അഭയവും തേടി.

മുസ്ലീം വോട്ടുകള്‍ ഏകീകരിക്കുക ആയിരുന്നു യു പിയില്‍ കോണ്‍ഗ്രസ്‌ നടത്തിയ മറ്റൊരു ശ്രമം. സമാജ് വാദി പാര്‍ട്ടി, ബി എസ പി എന്നിവരുടെ കൂടെ കൂടിയ മുസ്ലീം വോട്ടുകളെ തിരികെ കൊണ്ടുവരുവാന്‍ നടത്തിയ നീക്കവും വിവാദങ്ങളിലും വാഗ്ദാനങ്ങളിലും മാത്രമൊതുങ്ങി. സല്‍മാന്‍ ഖുര്‍ഷിദിനെ പോലുള്ള കേന്ദ്ര മന്ത്രിമാര്‍ ഈ വിഷയത്തില്‍ ശരിക്കും പുലി വാല് പിടിച്ചു. യു പി യിലെ മുസ്ലീം വോട്ടു ബാങ്കുകളില്‍ വ്യക്തമായ വില്ല വീഴ്ത്തിയ മറ്റൊരു പ്രധാന പാര്‍ട്ടി, യു പി യില്‍ മുസ്ലീംകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന പീസ്‌ പാര്‍ട്ടി ആണ്. മുസ്ലീംകള്‍ക്കിടയില്‍ നല്ല സ്വാധീനം ഉണ്ടാക്കുവാനും ചില സീറ്റുകളില്‍ വിജയിക്കാനും ഇവര്‍ക്കായി.


മറ്റൊരു സവിശേഷത, യു പി യിലെ ജനങ്ങള്‍ കാറ്ററിഞ്ഞു തൂറ്റി എന്നുള്ളതാണ്. വോട്ടുകള്‍ പലതായി വീതിച്ചു പോകാതെ ജയിക്കും എന്ന് തോന്നിയ പാര്‍ട്ടിക്ക് വേണ്ടി വോട്ടു ചെയ്തു. അതിനാല്‍ ഒരു രാഷ്ട്രീയ പ്രതി സന്ധി യു പിയില്‍ ഉണ്ടായില്ല. കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും വില പേശല്‍ തന്ത്രവും ഇതോടെ പൊളിഞ്ഞു.

പഞ്ചാബില്‍ ആന്‍റി എസ്റ്റാബ്ലിഷ്മെന്റ് വോട്ടുകള്‍ മാറി മാറി സര്‍ക്കാറുകളെ വരിച്ചിരുന്നു എങ്കിലും ഇത്തവണ കൊണ്ഗ്രെസ്സിന്റെ ആ പ്രത്യാശയും ഗുണം ചെയ്തില്ല. വികസനമെന്ന അജണ്ട ആയിരുന്നു പഞ്ചാബില്‍ പ്രകാശ്‌ സിംഗ് ബാദലിന്റെ മന്ത്രിസഭ നടത്തിയിരുന്നത്. ജന പ്രതിനിധികള്‍ ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ചതും പ്രവചനങ്ങളെ കാറ്റില്‍ പറത്തി അകാളിദലിനെ വീണ്ടും അധികാരത്തിലെത്തിച്ചു.

അഴിമതിയുടെ ആള്‍ രൂപമായിരുന്ന രമേഷ് പോഖര്യാല്‍ നിഷാന്‍ഖ വരുത്തി വച്ച പേര് ദോഷം ബി സി ഖണ്ഡൂരി എന്ന അഴിമതി വിരുദ്ധ നേതാവിന്റെ നേതൃത്വത്തില്‍ ഉത്തരാഖണ്ടില്‍ ബി ജെ പിക്ക് കുറച്ചെങ്കിലും മാറ്റി മറിക്കാനായത് കോണ്‍ഗ്രസിലെ വിമത ശല്യം ഒന്ന് കൊണ്ട് മാത്രം ആണ്. പത്തിലധികം സീറ്റുകളില്‍ കോണ്‍ഗ്രസ്‌ വിമതര്‍ കോണ്‍ഗ്രസിന്‍റെ പരാജയത്തിന് വഴി തെളിച്ചു എന്നത് പ്രത്യേകം പ്രസ്ഥാവ്യം ആണ്. ഒടുവില്‍ റിബല്‍ ആയി ജയിച്ചു വന്ന ചില എം എല്‍ എ മാരെ കൂട്ടി ഒരു മന്ത്രി സഭ ഉണ്ടാക്കുവാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞു എങ്കില്‍ കൂടി ഗ്രൂപ്പിസം പാര്‍ട്ടിയെ വല്ലാതെ കാര്‍ന്നു തിന്നുകയാണ് .


ഗോവയില്‍ കോണ്‍ഗ്രസിനു പ്രതീക്ഷിച്ച തോല്‍വി താന്നെ ആണ് പിണഞ്ഞിരിക്കുന്നത്. കോണ്‍ഗ്രസ്‌ എന്നാല്‍ ചില കുടുംബങ്ങള്‍ മാത്രം ആണ് ഗോവയില്‍.,. ഭാര്യക്കും, മക്കള്‍ക്കും, മരുമക്കള്‍ക്കും, സഹോദരങ്ങള്‍ക്കും കൊച്ചു മക്കള്‍ക്കും ഒക്കെ സീറ്റ് മേടിച്ചു കൊടുക്കുവാന്‍ ആയിരുന്നു അവിടെ നേതാക്കള്‍ക്ക് താലപര്യം. കൂടാതെ അഴിമതി അതിന്‍റെ പാരമ്യതയില്‍ ആയിരുന്നു പരുലെക്കറിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ ഇരുന്ന കോണ്‍ഗ്രസ്‌ മന്ത്രിസഭയില്‍.,. ഗോവയില്‍ ബി ജെ പി അല്ലാതെ മറ്റൊരു ഓപ്ഷന്‍ വോട്ടര്‍ മാര്‍ക്കിടയില്‍ ഇല്ലയിര്‍ന്നു..


മണിപ്പൂരില്‍ ഇപ്പോഴും കൊണ്ഗ്രെസ്സിനു ഒരു ബദല്‍ ഇല്ല എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു...


ഈ തെരഞ്ഞെടുപ്പ് ഓരോ രാഷ്ട്രീയ കക്ഷികള്‍ക്കും നല്‍കുന്ന പാഠം, അധികാരത്തില്‍ കയറിക്കഴിഞ്ഞാല്‍ ജനങ്ങളുടെ നെഞ്ചത്തേക്ക് കയറുന്നവര്‍ക്ക് അടുത്ത തെരഞ്ഞെടുപ്പില്‍ വീണ്ടും ജനങ്ങളുടെ കാല്‍ക്കീഴില്‍ ചവിട്ടി അരയെണ്ടി വരും എന്നുള്ളതാണ്. അഴിമതിയിലുപരി ജനം നോക്കുന്നത് അവരുടെ കൈ അകലത്ത് തങ്ങളുടെ ജന പ്രതിനിധികളെ കിട്ടുന്ന എന്നുള്ളതാണ്. അഴിമതി നടത്തിയാലും ജനകീയന്‍ ആകുക എന്നതായിരിക്കണം ജന പ്രതിനിധികള്‍ ഇനി ചെയ്യേണ്ടത്.

Friday 23 March 2012

ലജ്ജിക്കുന്നു, നിങ്ങളെയോര്‍ത്തു.

ഓശാന ഞായറാഴ്ച നടക്കുന്ന മെഡിക്കല്‍ എന്‍ട്രന്‍സ്‌ പരീക്ഷയുടെ തിയതി മാറ്റി വെക്കണം എന്ന് ആവശ്യപ്പെട്ടു സി പി എം നിയമസഭാ കക്ഷി നേതാവ് കോടിയേരി ബാലകൃഷ്ണന്‍ നിയമ സഭയില്‍ സബ്മിഷന്‍ അവതരിപ്പിച്ചു. ക്രൈസ്തവ വിശ്വാസികള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് ഓശാന ഞായറാഴ്ചയിലെ പരീക്ഷയെന്നു കോടിയേരി പറഞ്ഞു. പരീക്ഷയെഴുതുന്ന കുട്ടികള്‍ക്കൊപ്പം രക്ഷാകര്‍ത്താക്കളും പോകേണ്ടി വരുമെന്നതിനാല്‍ പള്ളിയില്‍ പോകാനും ഓശാന ഞായര്‍ ആചരിക്കാനും ക്രൈസ്തവ വിശ്വാസികള്‍ക്കു പ്രയാസമാകുമെന്നു കോടിയേരി പറഞ്ഞു.

അല്ല, സഭാ വിശ്വാസികളുടെ കാര്യം മൊത്തം സി പി എം ഏറ്റെടുത്തോ? പള്ളികളില്‍ വിശ്വാസികള്‍ കുറയുന്നതിന് ഇദേഹത്തിനു വല്ലാത്ത വിഷമം ആണ് എന്ന് തോന്നുന്നു. ഇന്ത്യ പോലൊരു സെക്കുലര്‍ രാജ്യത്ത്‌ ഒരു മതത്തെയും പ്രീണിപ്പിക്കുവാന്‍ രാഷ്ട്രീയ കക്ഷികള്‍ ശ്രമിക്കുന്നത് നന്നല്ല ഏന് മാത്രം അല്ല അപലപനീയവും ആണ്. കെ സി ബി സി പോലും പേരിനു പ്രസ്താവന ഇറക്കി എന്നല്ലാതെ ഈ വിഷയത്തില്‍ മുന്നോട്ടു പോയിട്ടില്ല.

രാഷ്ട്രീയ കക്ഷി നേതാക്കള്‍ ഒന്ന് രണ്ടു കാര്യങ്ങള്‍ ശ്രദ്ധിക്കുക.

1) ഓശാന ഞായര്‍ ക്രിസ്ത്യാനിക്ക് ഒഴിച്ച് കൂടാന്‍ വയ്യാത്ത ഒരു തിരുനാള്‍ ഒന്നും അല്ല. അന്ന് പള്ളിയില്‍ പോയില്ലെങ്കില്‍ അതിന്റെ പേരില്‍ നരകത്തില്‍ പോകില്ല. (അച്ചായന്മാര്‍ക്ക് പറ്റിയ സ്ഥലം ആണ്, പോയാലും അവിടെയും അവര്‍ ജീവിച്ചു കൊള്ളും)

2) ഇത് ആള്‍ ഇന്ത്യ ലെവലില്‍ നടക്കുന്ന ഒരു പ്രവേശന പരീക്ഷ ആണ്. കേരളത്തില്‍ മാത്രം ആയി ഈ പരീക്ഷ മാറ്റി വെക്കാന്‍ പറ്റില്ല. ഇന്ത്യയില്‍ രണ്ടു ശതമാനം മാത്രം ഉള്ള ക്രിസ്ത്യാനിക്ക് വേണ്ടി, അവരുടെ അത്ര പ്രധാനമല്ലാത്ത ഒരു തിരുനാളിനു വേണ്ടി ഇന്ത്യ ഒട്ടാകെ പരീക്ഷ മാറ്റി വെക്കണം എന്ന് പറയുന്നത് ശുദ്ധ അസംബന്ധം ആണ്.

3) ഇത് പോലുള്ള വിഷയത്തില്‍ പരീക്ഷകള്‍ , മറ്റു പൊതു പരിപാടികള്‍ ഒക്കെ മാറ്റി വെക്കുവാന്‍ പോവുകയാണ് എങ്കില്‍ ഇന്ത്യയില്‍ എന്നും എന്തെങ്കിലും ഒക്കെ മതങ്ങളുടെ അആചാരങ്ങളും ആഘോഷങ്ങളും ഒക്കെ ഉണ്ടാകും. അതിനാല്‍ എന്നും അവധി കൊടുക്കേണം എന്ന് പറയേണ്ടി വരും.

4) പരീഷ സീരിയസ് ആയി കാണുന്നവര്‍ പരീക്ഷ എഴുതട്ടെ, അതല്ല മത ആചാരങ്ങള്‍ ആണ് പ്രധാനം എങ്കില്‍ അവര്‍ അതിനു പോകട്ടെ. പിന്നെ വിശ്വാസികള്‍ക്ക് ഈ ആചാരത്തിനൊക്കെ പോകണം എന്നുണ്ടെങ്കില്‍ പരീക്ഷ സമയം കഴിഞ്ഞും പള്ളികളില്‍ ഈ ആചാരങ്ങള്‍ നടത്തവുന്നതെ ഉള്ളൂ...

നിയമസഭയില്‍ സബ്മിഷന്‍ ആയി അവതരിപ്പിക്കുവാന്‍ ജനങ്ങളെ ബാധിക്കുന്ന മറ്റു പ്രശ്നങ്ങള്‍ ഒന്നും ഇല്ലേ? വളരെ ഉത്തരവാദിത്വപ്പെട്ട ഒരു നേതാവില്‍ നിന്ന്, അതും ഒരു വിപ്ലവ പാര്‍ട്ടിയുടെ നേതാവില്‍ നിന്ന് ഇങ്ങനെ ഉള്ള ബാലിശമായ കാര്യങ്ങള്‍ കാണുമ്പോള്‍ കേരളം നാണിച്ചു പോകുന്നു... ഉളിപ്പില്ലാത്ത നേതാക്കള്‍ ആണ് പാര്‍ട്ടിക്കും നാടിനും ദോഷം.

വാല്‍ക്കക്ഷണം: കത്തോലിക്ക രാഷ്ട്രം ആയി പ്രഖ്യാപിച്ചിട്ടുള്ള ആസ്ത്രിയ പോലെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍, ക്രിസ്ത്യാനികള്‍ ഏറ്റവും പാവനം എന്ന് കരുതുന്ന ദുഃഖ വെള്ളിയാഴ്ചയ്ക്ക് പോലും പേരിനു ഒരു അവധി പോലും കൊടുത്തിട്ടില്ല. അവിടെ അന്ന് ഒരു സാധാരണ പ്രവര്‍ത്തി ദിവസം ആണ്. എന്നിട്ടാണ് ഇവിടെ ഓരോരുത്തരുടെ ഹാലിളക്കം.

Thursday 22 March 2012

വേദനാജനകം ഈ വേര്‍പാട്.

വേദനയോടെ ആണ് ആ വാര്‍ത്ത ശ്രവിച്ചത്. സഖാവ് സി കെ ചന്ദ്രപ്പന്‍ കഥാവശേഷനായി.

സാധാരണ നേതാക്കള്‍ മരിക്കുമ്പോള്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്ന ഒരു പ്രഹെളികയ്ക്ക് അപ്പുറം ഹൃദയത്തില്‍ നിന്ന് ഊര്‍ന്നു വന്നു കണ്ണുകളെ ഈറനണിയിച്ച വേദന. എന്‍റെ മനസ്സ് പറയുകയായിരുന്നു, അവസാനത്തെ കമ്മ്യുണിസ്റ്റ്‌ കാരനും അങ്ങനെ യാത്രാ മൊഴി ചൊല്ലുന്നു എന്ന്..

സഖാവ് പി കൃഷ്ണപിള്ള, സഖാവ് എ കെ ജി, ഇ എം എസ, ആര്‍ സുഗതന്‍, എം എന്‍ ഗോവിന്ദന്‍ നായര്‍ , പി കെ വി, ടി വി തോമസ്‌, സി അച്യുതമേനോന്‍ , പി സുരേന്ദ്ര നാഥ് തുടങ്ങിയ നേതാക്കളുടെ ശരിയായ് പിന്‍ഗാമി.

എന്ത് കൊണ്ടോ സഖാവ് സി കെ ചന്ദ്രപ്പനെ വല്ലാതങ്ങു ഇഷ്ടമായിരുന്നു. ഒരു പക്ഷെ അദേഹത്തിന്റെ ലാളിത്യവും വിനയവും എന്നാല്‍ കാര്‍ക്കശ്യവും നിറഞ്ഞ സമീപനമായിരുന്നിരിക്കണം. ജന്മിയായി ജനിച്ചു ലളിതമായി ജീവിച്ചു ആരോടും പകയില്ലാതെ മരിച്ച ഒരു രാഷ്ട്ര സ്നേഹി. ആദര്‍ശത്തിന്‍റെ ആള്‍ രൂപമായിരുന്നു സഖാവ് സി കെ. തലശ്ശേരിയില്‍ നിന്ന് ആദ്യം പാര്‍ലിമെന്റില്‍ എത്തിയപ്പോള്‍ തന്നെ മികച്ച പാര്‍ലിമെന്റെറിയന്‍ എന്ന് പേരെടുത്തിരുന്നു സഖാവ് സി കെ. വിഷയങ്ങള്‍ ആഴത്തില്‍ പഠിച്ചു മാത്രം പ്രസംഗിച്ചും പ്രവര്‍ത്തിച്ചും ജനങ്ങള്‍ക്ക്‌ വേണ്ടി മാത്രം ജീവിച്ച നേതാവ്. തലശ്ശേരി, കണ്ണൂര്‍, തൃശ്ശൂര്‍ മണ്ഡലങ്ങളെ ലോകസഭയിലും സ്വദേശമായ ചെര്‍ത്തലയെ നിയമ സഭയിലും പ്രതിനിധീകരിച്ച സഖാവ് സി കെ ചന്ദ്രപ്പന്‍ ആണ് , കഴിഞ്ഞ ലോക സഭയില്‍ ഏറ്റവും അധികം ബില്ലുകള്‍ അവതരിപ്പിച്ച ലോകസഭാംഗം എന്ന് കേള്‍ക്കുമ്പോള്‍ അതിശപ്പെടെണ്ടതില്ല.

എം പി എന്ന നിലയില്‍ പെന്‍ഷന്‍ കിട്ടിയപ്പോള്‍ എം എല്‍ എ എന്ന നിലയിലെ പെന്‍ഷന്‍ വേണ്ട എന്ന് പറഞ്ഞു തിരികെ കൊടുക്കുവാന്‍ ആദര്‍ശം പറയുന്ന മറ്റൊരു നേതാവിനും സാധിക്കുകയില്ല. ദേശിയ കാഴ്ചപ്പാടുള്ള ഒരു നേതാവായിരുന്നു സഖാവ് സി കെ. സംസ്ഥാന വിഷയങ്ങള്‍ക്കൊപ്പം തന്നെ ദേശിയ വിഷയങ്ങളിലും അദേഹം ശ്രദ്ധ പുലര്‍ത്തിയിരുന്നു.

വളരെ സൌമ്യന്‍ ആയിരുന്നു എങ്കിലും പറയേണ്ട സത്യങ്ങള്‍ ഒരു സങ്കോചവും കൂടാതെ ആരുടെ മുന്നിലും വെട്ടിത്തുറന്നു പറയുവാന്‍ ആര്‍ജ്ജവം ഉള്ള നേതാവായിരുന്നു സഖാവ് സി കെ ചന്ദ്രപ്പന്‍..,. വല്യേട്ടന്‍ മനോഭാവം വാക്കിലും പ്രവര്‍ത്തിയിലും കാണിച്ചു പോന്ന സി പി എമ്മിനെതിരെ പോലും ശബ്ദമുയര്‍ത്തുവാന്‍ അദേഹം ഒരു മടിയും കാട്ടിയിരുന്നില്ല.

ഒരു കാലത്ത് ജന്മിയായി ജനിച്ചു, ഉണ്ടായിരുന്നതെല്ലാം പാര്‍ട്ടിക്കും പൊതു ജനത്തിനും ആയി നീക്കി വച്ച കുമാരപ്പനിക്കാരുടെ മകന്‍ സഖാവ് സി കെ ചന്ദ്രപ്പന്‍, ആഗോളീ കരണകാലത്ത് ജന്മിത്തത്തിലേക്ക് തിരികെ പോകുന്ന കമ്മ്യുണിസ്റ്റ്‌കള്‍ക്ക് തിരിച്ചറിയാന്‍ കഴിയാത്ത ഒരു സമസ്യ ആണ്.

കുറച്ചു വൈകിപ്പോയി, സഖാവ് ചന്ദ്രപ്പന് സി പി ഐ നേതൃത്വത്തിലേക്ക് കടന്നു വരുവാന്‍. നിയമ സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേകഷവും പാര്‍ട്ടിക്ക് പുത്തനുണര്‍വും ഊര്‍ജ്ജ്വസ്വലതയും നല്‍കി പാര്‍ട്ടിയെ വിജയ പഥത്തി ലേക്ക് തിരികെ കൊണ്ട് വരുമ്പോള്‍ ആയിരുന്നു തികച്ചും ആകസ്മികമായ ഈ വേര്‍പാട്. സഖാവ് ചന്ദ്രപ്പനില്‍ നിന്ന് മലയാളികള്‍ കൂടുതല്‍ പ്രതീക്ഷിച്ചു. തനിക്ക് കാന്‍സര്‍ എന്ന മാരക രോഗം ആണെന്നറിഞ്ഞിട്ടും മുന്നണിയില്‍ യാതൊരു വിധ തെറ്റിദ്ധാരണയും ഉണ്ടാകാതിരിക്കാന്‍ അദേഹം പിറവത്ത് പോലും പോയി പ്രസംഗിച്ചു. അവിടെ നിന്ന് നേരെ ആശുപത്രിയിലെക്കും ആയിരുന്നു ആ യാത്ര.

അതെ സഖാവ് ചന്ദ്രപ്പന്‍ മരിച്ചിട്ടില്ല, ജനഹൃദയങ്ങളില്‍ അമരത്വം ഉള്ള നേതാവാണ് സഖാവ്.

Wednesday 21 March 2012

ഘോഷയാത്ര


ടി ജെ എസ് ജോര്‍ജു പത്ര പ്രവര്‍ത്തക രംഗത്തെ അതികായനാണ്. അദേഹത്തിന്റെ ഓര്‍മ്മകള്‍ വലിയൊരു നിധിയാണ്. ചരിത്രം അറിയാത്തവര്‍ക്ക് അതൊരു ചരിത്രം ആണ്. ഘോഷയാത്ര, പേര് പോലെ തന്നെ അദേഹത്തിന്റെ ഓര്‍മ്മകള്‍ ഒരു ഘോഷയാത്ര അനുഭവം വായനക്കാരന് നല്‍കുന്നു. വായിച്ചു തുടങ്ങിയ നിമിഷം മുതല്‍ പുസ്തകത്തിന്‍റെ അവസാന വാക്യങ്ങള്‍ വായിക്കുന്നത് വരെ വായനക്കാരന് ഒരു ഘോഷയാത്രയില്‍ പങ്കെടുത്ത പ്രതീതി.

ടി ജെ എസ് ജോര്‍ജിന്‍റെ സഹപ്രവര്‍ത്തകനും മലയാള സാഹിത്യത്തറവാട്ടിലെ കുലപതിയും ആയ നാണപ്പന്‍ എന്ന സാക്ഷാല്‍ എം പി നാരായണ പിള്ളയുടെ അവതാരികയും. ഓരോ വാക്കുകളും ഓരോ വരികളും വായനക്കാരനെ തീഷ്ണമായ ഉള്‍പുളകത്തിലേക്ക് നയിക്കുന്ന വായനാനുഭവം.

തന്‍റെ വിദ്യാഭ്യസ കാലം തൊട്ടു തുടങ്ങുന്ന സതീര്‍ത്ഥ്യരെ കുറിച്ചുള്ള ഓര്‍മ്മകള്‍, മുംബയും ഹോങ്കോംഗും , ഡല്‍ഹിയും ന്യൂയോര്‍ക്കും ബാംഗളൂരും കടന്നു കേരളത്തില്‍ എത്തി നില്‍ക്കുന്നു.

തന്‍റെ ജീവിത ഘോഷയാത്രയില്‍ കണ്ടു മുട്ടിയ നിരവധി വ്യക്തിത്വങ്ങള്‍, കലാ രംഗത്തും പത്ര പ്രവര്‍ത്തന രംഗത്തും നിറഞ്ഞു നിന്നവര്‍ മാത്രമല്ല, രാഷ്ട്രീയ , നയതന്ത്ര നേതാക്കള്‍ക്കൊപ്പം ചില രാഷ്ട്ര നേതാക്കളുടെ വരെ ജീവ ചരിത്രം നമുക്ക് മുന്നില്‍ വരച്ചു കാട്ടുന്ന ഒരു അപൂര്‍വ റഫറന്‍സ്‌ ഗ്രന്ഥം ആണ് ഘോഷയാത്ര.

സ്വാതന്ത്ര്യാനന്തര ഇന്ത്യയെ ഒരു പത്ര പ്രവര്‍ത്തകന്‍ എന്ന നിലയില്‍ നോക്കി കാണുകയാണ് ടി ജെ എസ് ജോര്‍ജു ഈ പുസ്തകത്തിലൂടെ... ദൂരെ നിന്ന് മാത്രം നമ്മള്‍ നോക്കിക്കണ്ട ബഹുമുഖ വ്യക്തിത്വങ്ങളെ വളരെ അടുത്തു, അവരുടെ ഗുണ ഗണങ്ങള്‍ക്കൊപ്പം തന്നെ അവരുടെ ബലഹീനതകള്‍ വരെ തുറന്നു പറയുന്നു, അവരോടു അടുത്തു സഹാവസിച്ച ടി ജെ എസ്.

344 പേജു മാത്രം വരുന്ന ഈ പുസ്തകം സമകാലിക വാരികയില്‍ ഒരു പരമ്പര ആയിട്ട് പ്രസിദ്ധീകരിച്ചിരുന്നു എങ്കിലും വീണ്ടും ഓരോ പുനര്‍ വായന പോലും ഒരു പുതു വായനാനുഭവം ആണ് വായനക്കാരന് നല്‍കുക.

അനേകം ജീവചരിത്ര ഗ്രന്ഥങ്ങള്‍ ഒന്നിച്ചു വായിച്ച ഒരു അനുഭവം. മധ്യ തിരുവിതാംകൂറില്‍ തുടങ്ങി, കുട്ടനാട്ടിലെ ജന്മി ആയ ജോസഫ്‌ മുരിക്കന്‍ മുതല്‍ ഹോങ്കോംഗിലെ ബിസിനസ്സുകാരനായിരുന്ന കണ്ണൂര്‍ ചന്ത്രോത്ത് ഹരി രാഘവന്‍ വരെ എത്ര എത്ര പേരുടെ ജീവല്‍ ചിത്രങ്ങള്‍..,. അതെ ഘോഷയാത്ര ഒരു വിസ്മയം ആണ്, ഒരു അക്ഷയ ഖനി ആണ്.

കൌമുദി ബാലകൃഷ്ണന്‍, എം ശ്രീകണ്ടന്‍ നായര്‍, അടൂര്‍ ഭാസി, ഈ. വി . കൃഷ്ണപിള്ള, മലയാറ്റൂര്‍ രാമകൃഷ്ണന്‍, എം പി നാരായണ പിള്ള, കാര്ട്ടൂണിസ്റ്റ് ശങ്കര്‍, ആര്‍ പി നായര്‍, സി പി രാമചന്ദ്രന്‍, ഏടത്തട്ട നാരായണന്‍ , കെ ശിവറാം, വി കെ മാധവന്‍ കുട്ടി, വി കെ കൃഷ്ണമേനോന്‍, മാധവിക്കുട്ടി, മാധവദാസ്‌ അങ്ങനെ മലയാളി ജീവിതത്തിലൂടെ കടന്നു പോയ അനേകരുടെ ജീവ ചരിത്ര സ്കെച്ചുകള്‍ ടി ജെ എസ ജോര്‍ജ് സമര്‍ത്ഥമായി വരച്ചു വെക്കുന്നു.

പഠനം കഴിഞ്ഞു ജോലി അന്വേഷിച്ചു മദ്രാസില്‍ നിന്നും ബോംബേക്കു പോയതും അവിടെ ഫ്രീ പ്രസ്‌ ജേര്‍ണലില്‍ ജോലിയില്‍ പ്രവേശിച്ച അന്ന് മുതലുള്ള സംഭവ ബഹുലമായ തന്‍റെ പത്ര പ്രവര്‍ത്തന സമസ്യയും ആ നാളുകളില്‍ പരിചയപ്പെട്ട പ്രമൂഖ പത്രപ്രവര്‍ത്തകരെ എല്ലാം ടി ജെ എസ് വളരെ വിശദമായി വരച്ചു കാട്ടിയിരിക്കുന്നു. വളരെ സുപ്രധാനമായ അനേകം രാഷ്ട്രീയ തീരുമാനങ്ങള്‍ കൈക്കൊണ്ട ഒരു കാലഘട്ടം അദേഹം പിന്‍തലമുറക്കായി ഘോഷയാത്രയിലൂടെ വിവരിക്കുന്നു. ഫ്രീ പ്രസ്‌ പത്രത്തിന്റെ ഉടമ സദാനന്ദ്‌, ബോബി തലയാര്ഖാന്‍ , വിശ്വം, ഡോം മോറൈസ് , ഹോമി തലയാര്‍ഖാന്‍, എം വി കമ്മത്ത്, ബാല്‍ താക്കറെ , ബ്ലിറ്റ്സിന്റെ ആര്‍. കെ കറഞ്ചിയ, ജി വി ദശാനി, വിക്ടര്‍ പരന്ജ്യോതി, ടാര്സി വിറ്റാച്ചി, രാധാനാദ്‌ ദത്ത്, വി കെ നരസിംഹന്‍, നിഖില്‍ ചക്രവര്‍ത്തി, ആര്‍ വി പണ്ഡിറ്റ്‌ , പി വിശ്വനാഥന്‍ തുടങ്ങി പത്ര ലോകത്തെ കുലപതികളെ എല്ലാം വിശദമായി വരച്ചു കാട്ടിയിരിക്കുന്നു.

കൂടെ ജോലി ചെയ്ത ബാല്‍ താക്കറെയെയും അദേഹത്തിന്റെ സ്വഭാവ വൈശിഷ്ട്യത്തെയും മുതല്‍ ശിവസേന ഉണ്ടാകുവാനുള്ള കാരണത്തെയും തുടങ്ങി താന്‍ കണ്ട പത്ര മുതലാളിമാരുടെ വളര്‍ച്ചയെയും പത്ര വ്യവസായത്തില്‍ ഉണ്ടായ സാങ്കേതിക വളര്‍ച്ചയെയും എല്ലാം വളരെ നര്‍മം കലര്‍ന്ന ഭാക്ഷയില്‍ ടി ജെ എസ് ജോര്‍ജ് വിവരിച്ചിരിക്കുന്നു.

തെക്ക് കിഴക്കന്‍ രാജ്യങ്ങളിലൂടെ നടത്തിയ ഓട്ട പ്രദക്ഷിണത്തില്‍ സിംഗപ്പൂര്‍ , ഹോങ്കോങ്ങ് , മലേഷ്യ, ഇന്തോനെഷ്യ, ഫിലിപ്പിന്‍സ്‌ , വിയറ്റ്നാം , കംബോഡിയ തുടങ്ങിയ രാജ്യങ്ങളെയും അവിടുത്തെ പുകള്‍ പെറ്റ ഭരണാധികാരികളോട് കൂടി തനിക്ക് അടുത്തിടപഴകുവാന്‍ ലഭിച്ച അവസരങ്ങളും മഹാതീര്‍ മുഹമ്മദ്‌, പ്രിന്‍സ്‌ സിഹാനുക്ക്‌, സുഹാര്‍ത്തോ, ലി ക്വാന്‍ യു, മാര്‍ക്കോസ്, ഇമെല്‍ഡ മാര്‍ക്കോസ്, അക്വിനോ, തുടങ്ങിയ രാഷ്ട്രത്തലവന്മാരെ കുറിച്ചുള്ള വിലയിരുത്തലുകളും മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.

പ്രശസ്ത ഇംഗ്ലീഷ് കവിയായ ഫ്രാങ്ക് മോറൈസിന്‍റെ ജീവല്‍ രേഖകളും അദേഹത്തിന്റെ ഭാര്യ ആയിരുന്ന പ്രശസ്ത സിനിമാ നടി കൂടിയായിരുന്ന ലീല നായിഡുവിന്റെ കഥ, ആശ്ചര്യത്തോടൊപ്പം ദുഖവും വാരി വിതറുന്നു. കമലാദാസ്‌ എന്നാ മാധവിക്കുട്ടിയെയും അവരുടെ കുടുംബത്തെയും കുറിച്ച് അടുത്തറിയുവാനും ഘോഷയാത്ര ഉപകരിക്കും. അടൂര്‍ ഭാസി, മലയാറ്റൂര്‍ രാമകൃഷ്ണന്‍ , എം പി നാരായണപിള്ള എന്നിവരുടെ ജീവിതത്തിലെ സവിശേഷതകള്‍ രസകരം ആയി വരച്ചു കാട്ടിയിരിക്കുന്നു.

ഒരു പത്ര പ്രവര്‍ത്തകന്‍ ആകേണ്ടി വന്നതിനാല്‍ അനുഭവിക്കേണ്ടി വന്ന ജയില്‍ വാസവും ചില രാഷ്ട്രീയ നെഹ്ടാകളും ആയുള്ള സഹവാസവും എല്ലാ വിശദമായി പ്രതി പാടിക്കുന്നു ഈ പുസ്തകത്തിലൂടെ.. ജവഹര്‍ ലാല്‍, നെഹ്‌റു, മൊറാര്‍ജി ദേശായി, ഇന്ദിരാ ഗാന്ധി, വി കെ കൃഷ്ണ മേനോന്‍ എന്നിവരെയും ടി ജെ എസ ഘോഷ യാത്രയില്‍ കൂട്ടി കൊണ്ട് വരുന്നു.

ഇന്ത്യന്‍ സ്വാതന്ത്ര്യാനന്തര ചരിത്രം അറിയാത്തവര്‍, ചരിത്രകാരെ അറിയാത്തവര്‍ , ചരിത്രം എഴുതിയ പത്രപ്രവര്‍ത്തകരെ, അവരിലൂടെ ചരിത്രം സ്വായത്തമാക്കുവാന്‍ കിട്ടിയ ഒരു സുവര്‍ണ്ണാവസരം. വായിച്ചു കഴിഞ്ഞാല്‍ വീണ്ടും വായിക്കുവാന്‍ ഈ പുസ്തകം നമ്മെ പ്രേരിപ്പിക്കും. വായനയുടെ സുഖത്തെക്കാള്‍ ഈ പുസ്തകം അനേകം അറിവ് നമുക്ക് പ്രധാനം ചെയുന്നു... നിര്‍ബന്ധമായും, ചരിത്രം അറിയുവാന്‍ എല്ലാവരും വായിച്ചിരിക്കേണ്ട ഒരു അപൂര്‍വ ഗ്രന്ഥം ആണ് ഘോഷയാത്ര. ഒരു റെഫറെന്‍സ് പുസ്തകം ആയി നമ്മുടെ സ്വകാര്യ പുസ്തക ശേഖരത്തില്‍ ഉണ്ടായിരിക്കേണ്ട പുസ്തകം. അതെ ഇതൊരു ഘോഷയാത്ര ആണ്. ഈ ഘോഷയാത്രയില്‍ നാമോരോരുത്തരും കണ്ണിയാകുമ്പോള്‍ നമ്മുടെ അറിവിന്‍റെ ചക്രവാളം വികസിക്കും.

Monday 19 March 2012

ആര്‍ത്തിക്കും അത്യര്‍ത്തിക്കും ഇടയില്‍ ചില പ്രകാശ നാമ്പുകള്‍ .

ലോകം പരിഭ്രാന്തിയില്‍ ...

വളരെ വലിയ ഒരു വിസ്ഫോടനത്തിലെക്കാണോ ലോകം നീങ്ങിക്കൊണ്ടിരിക്കുന്നത്? ഇന്നലെ വരെ സ്വന്തം എന്ന് കരുതിയതൊക്കെ കുത്തിയൊലിച്ചു പോകുന്ന ഒരു അനുഭവം.

മാന്ദ്യം പലപ്പോഴും ഒന്നും രണ്ടും കൊല്ലങ്ങള്‍ കൊണ്ട് മാറുകയാണ് പതിവ് എങ്കിലും 2008 ല്‍ ലോകം മുഴുവന്‍ വീശിയടിച്ച റിസഷന്‍ കൊടും കാറ്റ് ഒരു പ്രേതം പോലെ ഇപ്പോഴും ലോകത്തെ മൊത്തമായും വേട്ടയാടിക്കൊണ്ടിരിക്കുന്നു. ആദ്യ വര്‍ഷങ്ങളില്‍ താരതമ്യേനെ റിസഷന്‍ മറ്റൊരു പ്രതിവിധി ഇല്ലാത്തതിനാലാകണം ജനങ്ങള്‍ക്ക്‌ അത് സ്വീകരിക്കേണ്ടി വന്നു, വളരെ പെട്ടെന്ന് നടന്ന ഒരു സംഭവ വികാസം ആയതിനാല്‍ ജനങ്ങള്‍ നിലയില്ലക്കയത്തിലേക്ക് ആഴ്ന്നു പോവുകയാണുണ്ടായത്. സാധാരണ മാന്ദ്യങ്ങള്‍ക്ക് ശേക്ഷം ഉണ്ടാകുന്ന റിക്കവറി നടപടികള്‍ക്കൊന്നും ജനങ്ങളുടെ നഷ്ടം നികത്തുവാന്‍ ആയില്ല. പക്ഷെ നിയമങ്ങള്‍ കോര്‍പൊറേറ്റുകളെ സംരക്ഷിക്കുന്നതായിരുന്നതിനാല്‍ സാധാരണ ജനങ്ങള്‍ക്കാണ് മാന്ദ്യം പരിഹരിക്കാനാകാത്ത അത്ര വലിയ നഷ്ടം ഉണ്ടായത്.

പക്ഷെ ജനങ്ങള്‍ പ്രതീക്ഷയിലായിരുന്നു. മാന്ദ്യം ഉടനെ അവസാനിക്കും എന്നും എല്ലാം പഴയതിലും ഭംഗിയായി മുന്നോട്ടു പോകുമെന്നും സര്‍ക്കാറും സാമ്പത്തീക മേഖലയിലെ അനാലിസ്റ്റുകളും ജനങ്ങളെ പറഞ്ഞു കബളിപ്പിച്ചു കൊണ്ടിരുന്നു.

പക്ഷെ ജനങ്ങളുടെ പ്രതീക്ഷകള്‍ , കാത്തിരുപ്പുകള്‍ ഒക്കെ വിഫലം ആകുക മാത്രമല്ല, കൂടുതല്‍ കൂടുതല്‍ റിസഷന്‍ വാര്‍ത്തകള്‍ വന്നു കൊണ്ടിരിക്കുന്നു...

എന്ത് കൊണ്ട് മാന്ദ്യം സംഭവിച്ചു.

ജനങ്ങളുടെ ജീവിത ശൈലി യില്‍ വന്ന മാറ്റം എന്ന് ഒറ്റ വാക്കില്‍ പറയാം. എല്ലാവരും സുഖലോലുപതയില്‍ മാത്രം ജീവിക്കാന്‍ ശ്രമിക്കുന്നു. തങ്ങളുടെ പഴയ ജീവിത ക്രമങ്ങളെ തീരെ ഓര്‍ക്കാന്‍ പോലും ഇഷ്ടപ്പെടുന്നില്ല. പണം, പണം എത്ര കിട്ടിയാലും തികയാതെ വരുന്നു. പഴയ കാലത്ത് ഒരു ചൊല്ലുണ്ടായിരുന്നു, പണം കൊണ്ട് എന്തും വാങ്ങാം, സ്നേഹമോഴിച്ചു..എന്നാല്‍ ഇന്ന് സ്നേഹം പോലും പണം കൊടുത്ത് വാങ്ങാന്‍ കഴിയുന്ന അവസ്ഥ ആയി. പണം എന്ന ഒരൊറ്റ വസ്തുവിലേക്ക് കേന്ദ്രീകരിച്ചാണ് ഭൂമിയുടെ അച്ചുതണ്ട് പോലും കറങ്ങുന്നത് എന്ന് തോന്നുന്ന രീതിയില്‍ കാലം മുന്നോട്ടു പോകുന്നു. എല്ലാം കൈപ്പിടിയിലോതുക്കുവാനുള്ള വാശി, അല്ലെങ്കില്‍ അത്യാര്‍ത്തി, അത് സാധാരണക്കാരനെ തുടങ്ങി കോര്‍പൊറേറ്റുകളെ വരെ മോഹവലയത്തില്‍ എത്തിച്ചു.

അധികം ആരും ശ്രദ്ധിക്കാതെ പോയ ഒരു കാരണം, സാങ്കേതിക വിദ്യയുടെ വളര്‍ച്ച തന്നെ ആണ്. സാങ്കേതിക വിദ്യയുടെ വളര്‍ച്ച വളരെ പോസിറ്റീവ് ആണ് എങ്കില്‍ പോലും അത് കൈപ്പിടിയിലോതുക്കുവാന്‍ ഉള്ള ധനാഗമന മാര്‍ഗങ്ങള്‍ ഇല്ലാതിരുന്നത്, സാധാരണ ജനങളുടെ വരുമാന്‍ സ്രോതസ്സുകള്‍ക്ക് നെഗറ്റീവ് ഇമ്പാക്ത് ഉണ്ടാക്കി കൊടുത്ത്.

സാങ്കേതിക വിദ്യകള്‍ ഓരോ സെക്കന്റിലും മാറുന്ന ഒരു കാലഘട്ടത്തില്‍ ആണല്ലോ ഇന്ന് നാം.

ഏറ്റവും നൂതനമായ സാങ്കേതിക വിദ്യ കൈക്കലാക്കുവാന്‍ കാണിക്കുന്ന വെമ്പലില്‍ കയ്യില്‍ കരുതി വെക്കുന്ന പണമെല്ലാം നഷ്ടപ്പെടുന്നു എന്നതാണ് സാദാരണക്കാരന്റെ വേവലാതി. ഈ നൂറ്റാണ്ടില്‍ നടന്ന സാമ്പത്തീക മാന്ദ്യത്തിന് ഉത്തരവാദി ശാസ്ത്രവും എന്ജിനിയരിംഗ് ശാഖയുടെ അഭൂത പൂര്‍വമായ വളര്‍ച്ചയും ആണ് എന്ന് പറഞ്ഞാലും അതിശയോക്തി ആകില്ല. ശാസ്ത്രം വളര്‍ന്നപ്പോള്‍ ജനങ്ങള്‍ക്ക്‌ ആ വളര്ച്ചക്കനുസരിച്ചു ജീവിക്കുവാന്‍ കറന്‍സി ആവശ്യമായി വന്നു. അമേരിക്ക പോലുള്ള സമ്പന്ന രാഷ്ട്രങ്ങള്‍ അവരുടെ ട്രഷറി ആവശ്യത്തിനായി പരസ്യമായി കള്ള നോട്ടു അടിച്ചു സാമ്പത്തികരംഗം ഒരളവു വരെ പിടിച്ചു നിര്‍ത്തി എങ്കിലും 2008 ല്‍ ഉണ്ടായ മലവെള്ളപ്പാച്ചിലിനെ തടഞ്ഞു നിര്‍ത്താന്‍ അവര്‍ക്ക് പോലും ആയില്ല എന്നത് ചരിത്രം.

സാങ്കേതിക വൈദഗ്ധ്യം അതിന്റെ പാരമ്യതയില്‍ നില്‍ക്കുമ്പോള്‍ കൊതിയൂറുന്ന ഇലക്ട്രോണിക്ക് സാമഗ്രികള്‍ കയ്യെത്തും ദൂരത്തിരിക്കുമ്പോള്‍ അവയെല്ലാം സ്വന്തമാക്കുവാന്‍ ഉണ്ടായ വ്യഗ്രതയില്‍ ഓരോരുത്തരും സ്വന്തം സ്വത്വം പോലും മറന്നു, പണമിടപാട് സ്ഥാപനങ്ങളില്‍ നിന്ന് കിട്ടാവുന്ന ലോണോക്കെ എടുത്തു ഈ കാര്യ കളിപ്പാട്ടങ്ങള്‍ സ്വന്തമാക്കിയപ്പോള്‍ അവരവര്‍ നിന്നിരുന്ന മണ്ണ് ഒലിച്ചു പോകുന്നത് മനസിലാക്കിയില്ല. ഇത് പോലെ ആയിരുന്നു എല്ലാക്കാര്യങ്ങളിലും മനുഷ്യന്റെ പരക്കം പാച്ചില്‍ ... സ്വന്തമായി വീടുണ്ടായിരുന്നവര്‍ പോലും മാറ്റക്കച്ഛവടത്തിനായി ഇഹലോകത്തും പരലോകത്തും ഉള്ള സ്വത്തുക്കള്‍ സ്വന്തമാക്കാന്‍ ശ്രമിച്ചതും സ്വന്തം വിയര്‍പ്പ് കൊണ്ടുണ്ടാക്കിയ പണം കൊണ്ടായിരുന്നില്ല. പണമിടപാട് സ്ഥാപനങ്ങളും കൂടുതല്‍ കൂടുതല്‍ പണ സമ്പാദനത്തിനായി അന്യന്‍റെ വസ്തുക്കള്‍ പണയം വച്ച് കൊണ്ടിരുന്നു...എവിടെയും അത്യാഗ്രഹം ... ലോകം മുഴുവന്‍ പിടിച്ചടക്കി കാല്‍ കീഴിലിട്ടു കളിക്കുവാനുള്ള ശ്രമത്തില്‍ കയ്യിളിരുന്നതും ഉത്തരത്തിളിരുനന്തും നിന്നിരുന്ന മണ്ണും ഒലിച്ചു പോയ അനുഭവം.

നൂതന സാങ്കേതിക വളര്‍ച്ച സ്വയത്തമാകാന്‍ ഇന്ന് എല്ലാ രംഗത്തും മല്‍സരം ആണ്. കാര്‍ഷിക മേഖലയില്‍ ഇന്ന് മനുഷ്യശേക്ഷി കുറയുന്നതിനാല്‍ അവിടെയും സാങ്കേതിക വിദ്യ പരീക്ഷിക്കുകയും, വലിയ മുതല്‍ മുടക്കുകള്‍ ആവശ്യമായും വരുന്നു. അതോടൊപ്പം വിപരീത കാലാവസ്ഥയും പലപ്പോഴും ഭക്ഷണ സാമഗ്രികളുടെ വില വര്‍ദ്ധിപ്പിക്കുകയും ചെയുന്നു.

സര്‍ക്കാരുകളുടെ കാര്യക്ഷമാമായ പ്രവര്‍ത്തനങ്ങള്‍ക്ക് നികുതി വരുമാനം വര്‍ദ്ധിപ്പിക്കുവാന്‍ നികുതിദായകരെ കൂടുതല്‍ പിഴിയുന്നു.

സാധാരണ മാന്ദ്യങ്ങളില്‍ നിന്ന് വിഭിന്നമായി, അമേരിക്കയേക്കാള്‍ മാന്ദ്യം നേരിടുന്നത് യൂറോപ്യന്‍ രാജ്യങ്ങള്‍ ആണ്. ഗ്രീസ്, പോര്‍ച്ചുഗല്‍ , അയര്‍ലണ്ട് തുടങ്ങിയ രാജ്യങ്ങളിലെ കടക്കെണി ആണ് യൂറോപ്പിനെ തകര്‍ക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളുടെ പൊതു കറന്‍സി ആയ യൂറോ പോലും തകര്‍ച്ചയുടെ വക്കിലാണ്. ഇന്ന് പല യൂറോപ്യന്‍ രാജ്യങ്ങളും യൂറോ വിഷയത്തില്‍ ഒരു പുനര്‍ ചിന്ത നടത്തുന്നു എന്നാണ് സംസാരം. താരതമ്യേന കടിനാദ്ധ്വനികള്‍ ആയ ജര്‍മ്മന്‍ ജനങ്ങള്‍ ആണ് യൂറോയില്‍ നിന്ന് ജെര്‍മനി പുറത്തു വരണം എന്ന് ആഗ്രഹിക്കുന്നത്. തങ്ങള്‍ കഠിനമായി അദ്ധ്വാനിക്കുകയും ഗ്രീസ് പോലുള്ള രാജ്യങ്ങളിലെ ജനങ്ങള്‍ സുഖലോലുപതക്കായി പണം ദുര്‍വ്യയം ചെയുന്നു എന്നും ആണ് അവരുടെ പരാതി.

രഹസ്യ ബാന്ധവം

ഇതിനിടയില്‍ സര്‍ക്കാരും കോര്‍പൊറേറ്റുകളും തമ്മില്‍ നടക്കുന്ന രഹസ്യ ബന്ധങ്ങള്‍ , സാധാരണ ജനങ്ങളെ പിഴിയുന്നു എന്ന തിരിച്ചറിവ് മുന്പെന്നത്തെക്കാള്‍ സുതാര്യമായി. ഈ സുതാര്യത ഇന്ന് സര്‍ക്കാരിനും കോര്‍പൊറേറ്റുകള്‍ക്കും വലിയ ഒരു ശാപമായി മാറുന്നു. രഹസ്യങ്ങള്‍ എല്ലാം പരസ്യം ആയി. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ ഉള്ള യു പി എ മന്ത്രിസഭ രൂപികരിച്ചപ്പോള്‍ മന്ത്രിമാരെ നിശ്ചയിച്ചത് പോലും നമ്മുടെ നാട്ടിലെ കോര്‍പോറേറ്റകള്‍ ആയിരുന്നു എന്ന കാര്യം ബര്‍ക്കാഗേറ്റിലൂടെ നമ്മള്‍ എല്ലാവരും അറിഞ്ഞതാണല്ലോ. ലോകത്ത് എല്ലായിടത്തും സര്‍ക്കാരുകളെ നിയന്ത്രിക്കുന്നതും താങ്ങി നിര്‍ത്തുന്നതും കോര്‍പൊറേറ്റുകള്‍ ആണ്. കര്‍ണാടകയിലെ കോണ്‍ഗ്രസ്‌ സര്‍ക്കാരിനെ താഴെ ഇറക്കി ബി ജെ പി ഭരണം കൊണ്ട് വരുവാന്‍ റെഡി സഹോദരന്മാര്‍ നിക്ഷേപം നടത്തിയതാകട്ടെ കേവലം 4000 കോടി രൂപ മാത്രം! സര്‍ക്കാരുകള്‍ ജനിക്കുന്നതും അത് നില നിന്ന് പോകുന്നതും കോര്‍പൊറേറ്റുകള്‍ക്ക് വേണ്ടി ആണ്, അവരുടെ അത്യാര്‍ത്തിക്ക് വേണ്ടി ആണ്. അപ്പോള്‍ ഭരണം നടക്കുന്നതും സാധാരണ ജനത്തിനു വേണ്ടി അല്ല. നിക്ഷേപം ഇറക്കുന്നത് കോര്‍പൊറേറ്റുകള്‍ . സര്‍ക്കാരുകള്‍ ജനങ്ങളെ കോര്‍പൊരേറ്റുകളുടെ കസ്റ്റമര്‍ ആക്കുവാന്‍ പണിപ്പെടുന്ന എജെന്സി മാത്രം ആകുകയാണ്.

സോഷ്യല്‍ നെറ്റ് വര്‍ക്കുകളുടെ ബലം.

സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ ആണ് ഇന്ന് ജനങ്ങള്‍ ഏറ്റവും അധികം ആശയവിനിമയത്തിനായി ഉപയോഗിക്കുന്നതും. ഇവിടെ അവര്‍ക്ക് വലിയ പണം മുടക്കില്ലാതെ തന്നെ പ്രതികരിക്കാന്‍ കഴിയും. ഇന്ന് ജനം ഈ ആശയോപാദന രീതി ആണ് കൂട്ടായ ചിന്തകള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും വരെ തെരഞ്ഞെടുക്കുന്നത്. ഇന്ന് ഭരണകൂടങ്ങള്‍ ഏറ്റവും ഭയക്കുന്നത്, സുതാര്യതയും അത് ചര്‍ച്ച ചെയ്യപ്പെടുന്ന സോഷ്യല്‍ നെറ്റ് വര്‍ക്കുകളെയും ആണ്.

അറബ് വസന്തം എന്ന പേരില്‍ ലോകം കൊണ്ടാടിയ താഹിര്‍ സ്ക്വയര്‍ പ്രതിഷേധവും കോര്‍പൊറേറ്റുകള്‍ നടത്തിയ അണ്ണ സത്യഗ്രഹവും പോലുള്ള പ്രധിഷേധങ്ങള്‍ ഇപ്പോള്‍ അമേരിക്കന്‍ മണ്ണില്‍ മാത്രം അല്ല ലോകമെമ്പാടും അലയടിക്കുന്നു. എവിടെയും വിഷയം പലതായിരുന്നു എങ്കിലും ലക്ഷ്യം ഒന്നു മാത്രം. അഴിമതിക്കും സ്വജന പക്ഷപാതത്തിനും എതിരെയും , ജനാതിപത്യത്തിനു വേണ്ടിയും ആയിരുന്നു സമരമെങ്കിലും ഇന്നത്‌ വന്നെത്തി നില്‍ക്കുന്നത് സര്‍വോപരി സാമൂഹ്യനീതിക്കും കോര്‍പൊറേറ്റുകളുടെ അത്യാര്‍ത്തിക്കെതിരെയും.

വാള്‍ സ്ട്രീറ്റ്‌ കയ്യേറ്റം

അമേരിക്കയിലെ ന്യൂയോര്‍ക്ക് പട്ടണത്തിലെ ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്റ്റ് ആയ വാള്‍ സ്ട്രീറ്റ്‌ ആണ് , സാമ്പത്തീക കോര്‍പൊറേറ്റ് ഭീമന്മാരുടെ തലസ്ഥാനം. ലോകത്തിലെ ഏറ്റവും വലിയ ഓഹരി മാര്‍ക്കറ്റ് ഇവിടെയാണ്‌. ഈ വാള്‍ സ്ട്രീറ്റ്‌ കയ്യടക്കുക എന്ന ഒരു സമരം ആയിട്ടാണ് ഈ സമരം തുടങ്ങിയത് എങ്കിലും ഇപ്പോള്‍ 80 രാജ്യങ്ങളിലെ 1500 ല്‍ അധികം പട്ടണങ്ങളില്‍ ഈ സമരം കത്തിപ്പടരുന്നു.

ജൂലൈ പകുതിയോടു കൂടി, കാനഡ ആസ്ഥാനമായി പ്രസിദ്ധീകരിക്കുന്ന അട്ബസ്റ്റെര്സ് എന്ന ഇടതുപക്ഷ ആഭിമുഖ്യമുള്ള വാരിക ആണ് വാള്‍ സ്ട്രീറ്റ്‌ കേന്ദ്രമാകി ഇങ്ങനെ ഒരു പ്രതിഷേധത്തിന് ആഹ്വാനം നല്‍കിയത്. കോര്‍പൊറേറ്റുകളുടെ അത്യാര്‍ത്തിക്ക് വേണ്ടി അവര്‍ സര്‍ക്കാരുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ പോലും ഇടപെടുന്ന പ്രക്രിയക്ക് എതിരെ ആയിരുന്നു സമാധാനപൂര്‍വ്വം ഈ സമരത്തിനു അട്ബസ്റ്റെര്സ് മാഗസിന്‍ ആഹ്വാനം ചെയ്തത്. ജനാതിപത്യ നടപടി ക്രമങ്ങളിലെ കോര്‍പൊറേറ്റുകളുടെ ഇടപെടലുകള്‍, അത് മൂലം പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള അന്തരം ക്രമാതീതമായി വര്‍ദ്ധിക്കുക എന്നതൊക്കെ ഈ സമരത്തിനു കാരണം ആയി മാറി. ലോകത്തില്‍ എല്ലായിടത്തും രാഷ്ട്രീയവും സമ്പത്തും തമ്മിലുള്ള അവിശുദ്ധ ബന്ധം സാധാരണക്കാരന്‍റെ അന്നം മുടക്കുന്ന വ്യവസ്ഥ ജനം തിരിച്ചറിയുക, അതിനെതിരെ ജനങ്ങളെ ബോധാവാന്മാര്‍ ആക്കുക എന്നതായിരുന്നു ലക്ഷ്യമെങ്കിലും, സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ ഇത് ചര്ച്ചയായപ്പോള്‍ ജനങ്ങള്‍ സ്വമേധയാ പ്രതിഷേധം നടത്തുവാന്‍ ഇറങ്ങി പുറപ്പെടുകയായിരുന്നു.

അമേരിക്കയിലും അമേരിക്ക തുടര്‍ന്ന് വന്ന നയങ്ങള്‍ കൊണ്ട് നടത്തിയ നിയമ നിര്‍മ്മാണങ്ങള്‍ കാരണം, എന്ത് സാമ്പത്തീക അച്ചടക്ക ലന്ഘനം നടത്തിയാലും കോര്‍പൊറേറ്റ് ഭീമന്മാര്‍ക്ക് രക്ഷപെടാന്‍ ഉള്ള അനേകം കുറുക്കുവഴികള്‍ അവര്‍ മുതലെടുത്തിരുന്നു, ലേമാന്‍ ബ്രതെര്സ് എന്നാ ബാങ്ക് സാമ്പത്തീക മാന്ദ്യത്തില്‍ തകര്ന്നപ്പോഴും അവരുടെ മേധാവികള്‍ സസുഖം വാഴുന്ന അവസ്ഥ വളരെ വൈകി ആണ് എങ്കിലും അമേരിക്കന്‍ ജനങ്ങളും തിരിച്ചറിയുന്നു എന്നത് സന്തോഷം നല്‍കുന്ന കാര്യം ആണ്.

സര്‍ക്കാരിലെ അഴിമതിക്കെതിരെ നടന്ന അണ്ണ ഹസാരയുടെ സമരത്തിനു കോര്‍പൊറേറ്റുകള്‍ പിന്തുണച്ചു വെങ്കില്‍ അമേരിക്കയിലെ സമരം കോര്‍പൊറേറ്റുകള്‍ക്ക് എതിരെ ആണ് എന്നത് പ്രത്യേകം പ്രസ്താവ്യം ആണ്. സര്‍ക്കാരും കോര്‍പൊറേറ്റുകളും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിനും കോര്‍പൊറേറ്റുകളുടെ അഴിമതിക്കുമെതിരെ ആണ് അമേരിക്കയില്‍ തുടങ്ങിയ ഈ സമരം. അത് കൊണ്ടാകാം, ഈ സമരം വ്യക്തി കേന്ദ്രീക്രിതം അല്ലാതായത്., നായകനില്ലത്ത, ജനങ്ങള്‍ ഒന്നടങ്കം ഏറ്റെടുത്തു ഒന്നിച്ചു നടത്തുന്ന ഒരു സമരം എന്ന പ്രത്യേകത ഈ പ്രധിഷേധത്തിനു ഉള്ളത്.

ജനങ്ങള്‍ ഒന്നടങ്കം തങ്ങളുടെ പുതപ്പുകളും ടെന്റുകളും അടുക്കള പാത്രങ്ങളും ആയി വീഥികള്‍ , വഴിയോരങ്ങള്‍ , പാര്‍ക്കുകള്‍ എല്ലാം കയ്യടക്കുന്നു. അവിടെ ടെന്റു കെട്ടി താമസിക്കുന്നു, ഭക്ഷണം പാകം ചെയുന്നു, അവിടെ താമസിച്ചു കൊണ്ടുള്ള സമരം. ശരിക്കും ഒരു കയ്യേറ്റം, നമ്മുടെ ചെങ്ങറ സമരം പോലെ ഒരെണ്ണം. തുടക്കത്തില്‍ ഈ സമരത്തിനു മുന്നില്‍ നിന്നത് ചെറുപ്പക്കാര്‍ ആയിരുന്നു എങ്കില്‍ സമരം മുന്നോട്ടു നീങ്ങിയപ്പോള്‍ ജീവിതത്തിന്റെ വിവിധ തുറകളില്‍ ഉള്ളവര്‍ ഈ സമരത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു. തുടക്കത്തില്‍ ചെറിയ കുട്ടികളുടെ സമരം എന്ന നിലക്ക് ആരും ഗൌനിക്കാതിരുന്ന സമരത്തിന്റെ ഫലമായി സമരക്കാരുടെ ആവശ്യങ്ങളില്‍ ഒന്നായ പണക്കാരനു കൂടുതല്‍ നികുതി ഏര്‍പ്പെടുത്താന്‍ പ്രസിഡന്റ്‌ ഒബാമയും നിര്‍ബന്ധിതനായി.

സമ്പത്തീകമായി ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ ഈ തുടരന്‍ മാന്ദ്യത്തിന് ക്യാപിറ്റലിസത്തെയും ഓഹരി മാര്‍ക്കറ്റുകളെയും ആണ് പഴിക്കുന്നത്. ജനങ്ങളുടെ , പുതു തലമുറയുടെ നഷ്ടപ്പെട്ടു എന്നു കരുതിയ വിപ്ലവാഗ്നി വീണ്ടും കത്തി ജ്വലിക്കുന്ന കാഴ്ച ആണ് ഇന്ന് ലോകം മുഴുവന്‍ കാണുന്നത്.

ഈ സമര മുറക്ക് ഇതുവരെയും ഒരു നേതൃത്വം മുന്നോട്ടു വന്നിട്ടില്ല എങ്കില്‍ പോലും മിക്ക രാജ്യങ്ങളിലെയും ഇടതു പക്ഷ സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. യു എന്‍ സെക്രെട്ടറി ജെനെറല്‍ ബാന്‍ കി മൂണ്‍ ആണ് ഈ സമര രീതിയെ പിന്തുണച്ചവരില പ്രമുഖന്‍.

നുറുങ്ങു വെട്ടം.

പൊതുവേ അമേരിക്കന്‍ സമൂഹത്തില്‍ നഷ്ടപ്പെട്ടു പോയ ഇടതു പക്ഷ സ്വാധീനം ഒരു ഉയിര്‍ത്തെഴുന്നെല്‍പ്പിന്റെ പാതയിലാണ് ഈ സമരത്തിലൂടെ പ്രകടമാവുന്നത്. 1960 ല്‍ ന്യൂ ലെഫ്റ്റ് മൂവ്മെന്റ് എന്ന പ്രസ്ഥാനം രൂപീകരിച്ച മൈക്കില്‍ കസിന്‍ പറയുന്നു, " ഇത്ര നാള്‍ വിസ്മൃതിയില്‍ ആണ്ടിരുന്ന ഒരു ജനതയുടെ തിരിച്ചു വരവ് " അദേഹം പറയുന്നു, ഞങ്ങള്‍ ഇങ്ങനെ ഒരു അവസരം നോക്കി ഇരിക്കയായിരുന്നു, അതാ അതിപ്പോള്‍ വന്നു കഴിഞ്ഞു. വാള്‍ സ്ട്രീറ്റ്‌ കയ്യടക്കുക, എന്ന ഈ സമര മുഖം ഇപ്പോഴും അതിന്റെ ശൈശവ ദശയില്‍ ആണ്. ഒരു പക്ഷെ ഇതില്‍ നിന്ന്, നേതാക്കള്‍ ഉരുത്തിരിഞ്ഞു വന്നേക്കാം, ഇതിനൊരു രാഷ്ട്രീയ മാനം തന്നെ ലഭിച്ചേക്കാം. മറ്റൊരു കക്ഷി തന്നെ ഇതില്‍ നിന്ന് രൂപീക്രിതമായെക്കാം, എല്ലാവരും ഉറ്റു നോക്കുന്നതും അതിനു വേണ്ടി ആണ്. ഇന്ന് ലോകം മുഴുവന്‍ പാര്‍ശ്വ വല്ക്കരിക്കപ്പെട്ട ജനം പുതിയ ഒരു മുന്നേറ്റത്തിനായി കാതോര്‍ത്ത് നില്‍ക്കുന്നു. പഴയ സങ്കല്‍പ്പങ്ങള്‍ , മാമൂലുകള്‍ ഒക്കെ പിഴുതു മാറ്റി, പുതിയ ഒരു സാമൂഹ്യനീതി നിര്‍വഹണത്തിന് വേണ്ടി, ഒരു നവലോകം കേട്ടിപ്പെടുക്കാന്‍ വേണ്ടി, രാഷ്ട്രീയത്തിനെയും അത് വഴി രാഷ്ട്രത്തിനെയും അഴിമതിയില്‍ നിന്ന് വിമുക്തമാക്കുവാന്‍, ആര്‍ത്തിയില്‍ നിന്നും അത്യാര്തിയില്‍ നിന്നും കര കയറ്റുവാന്‍ ...

അമേരിക്കയില്‍ തുടങ്ങിയ വാള്‍ സ്ട്രീറ്റ്‌ കയ്യേറുക എന്നാ ഈ സമരം 80ല്‍ അധികം രാജ്യങ്ങളിലെ 1500 ല്‍ അധികം നഗരങ്ങളില്‍ പൊതുവില്‍ സമാധാനപരം ആയി നടന്നു എങ്കില്‍ പോലും ഒക്ടോബര്‍ 15 നു റോം തുടങ്ങിയ നഗരങ്ങളില്‍ അക്രമാസക്തമാവുകയും ചെയ്തു. ഒക്ടോബര്‍ 15 നു നടന്ന റാലിയിലും സമരത്തിലും ഇറ്റലിയിലെ റോമിലും, സ്പെയിനിലെ മാഡ്രിഡ, പോര്‍ച്ചുഗലിലെ ലിസ്ബന്‍ എന്നീ നഗരങ്ങളില്‍ പതിനായിരക്കണക്കിനു ജനങ്ങള്‍ ആണ് തെരുവിലിറങ്ങി തങ്ങളുടെ രോഷം പ്രകടമാക്കിയത്. ഈ സമരമുറക്കെതിരെ ഭരണകൂടങ്ങള്‍ ഉണര്‍ന്നു തുടങ്ങിയെങ്കിലും ഈ വിപ്ലവത്തിന്റെ ജ്വാലകള്‍ കൂടുതല്‍ കൂടുതല്‍ ജനമനസ്സിലേക്ക് പകര്‍ന്നു കൊണ്ട് മുന്നോട്ടു പോകുന്നതില്‍ പുതിയ പ്രതീക്ഷകള്‍ നാമ്പിടുന്നു.