Wednesday 26 November 2014

വത്തിക്കാന്‍ സിറ്റിയും റോമന്‍ നവോത്ഥാനവും

വത്തിക്കാന്‍ സിറ്റിയും റോമന്‍ നവോത്ഥാനവും

 വത്തിക്കാന്‍ സിറ്റിയും റോമന്‍ നവോത്ഥാനവും
രാവിലെ ഏഴു മണിക്ക് തന്നെ ഞങ്ങള്‍ ചെക്ക് ഔട്ട്‌ ചെയ്യുവാന്‍ ബാഗേജും ആയി ലോബിയില്‍ എത്തി. ആദ്യം ബ്രേക്ക് ഫാസ്റ്റ്. അത് കഴിഞ്ഞു ഞങ്ങളുടെ ബാഗേജും ആയി വാഹനത്തില്‍ കയറി. ബാഗേജ് ബസ്സില്‍ വയ്ക്കുവാന്‍ ബസ് ഡ്രൈവര്‍ പോളിഷ് വംശജനായ പീറ്റര്‍ തയ്യാര്‍. ദിവസവും ഞങ്ങള്‍ ഓരോരുത്തരും രണ്ടു യൂറോ വീതം നല്‍കുന്നത് ഇതിനു വേണ്ടി ആണ്. കൂടാതെ പീറ്ററിന് മറ്റൊരു കച്ചവടം കൂടി ഉണ്ട്. ഞങ്ങള്‍ക്ക് ആവശ്യം പോലെ മിനറല്‍ വാട്ടര്‍ തരിക എന്നത്. വാഹനത്തിന്‍റെ അടിയിലുള്ള വലിയൊരു ഏരിയയില്‍ അദ്ദേഹം വെള്ളം നിറച്ചു വച്ചിട്ടുണ്ട്. 500 എം എല്‍ കുപ്പിക്ക്‌ ഒരു യൂറോ ആണ് അദ്ദേഹം ചാര്‍ജ് ചെയുന്നത്. റോമന്‍ നഗരത്തില്‍ സന്ദര്‍ശകരെയും വഹിച്ചു കൊണ്ടുള്ള വലിയ വാഹനങ്ങള്‍ക്ക് ദിവസവും പാസ് എടുക്കണം. കാരണം സിറ്റിയില്‍ സാധാരണ ദിവസങ്ങളില്‍ വലിയ ട്രാഫിക്ക്‌ ജാം ആണ്. സിറ്റിയിലെ വാഹന ഗതാഗതം നിയന്ത്രിക്കുവാന്‍ ആണിത്. വളരെ പഴയ റോഡുകള്‍ ആണ്, സന്ദര്‍ശകര്‍ ദിനം പ്രതി കൂടിയും വരുന്നു. റോം സിറ്റിയിലെ പല റോഡുകളിലും വാഹന ഗതാഗതം തന്നെ നിരോധിച്ചിരിക്കയാണ്. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് റോഡുകള്‍ നിര്‍മ്മിച്ചപ്പോള്‍ വാഹനങ്ങള്‍ ഉണ്ടായിരുന്നില്ലല്ലോ... കുതിര വണ്ടിയല്ലാതെ മറ്റൊരു വാഹനം ഉണ്ടാകുമെന്ന് അന്നത്തെ ഭരണാധികാരികള്‍ സ്വപ്നം പോലും കണ്ടിരിക്കില്ല. അതിനാല്‍ പല വഴികളും വളരെ ഇടുങ്ങിയത് ആണ്. കാല്‍ നടക്കാര്‍ക്കും ഇരു ചക്ര വാഹനങ്ങള്‍ക്കും ചെറിയ കാറുകള്‍ക്കും ഒരു വശത്തേക്ക് മാത്രമേ ഈ വഴികളിലൂടെ യാത്ര ചെയ്യുവാന്‍ സാധിക്കുകയുള്ളൂ...

ഞങ്ങള്‍ വീണ്ടും റോമിലെ തെരുവില്‍ എത്തി. തലേന്ന്‍ കണ്ട പല കെട്ടിടങ്ങളും വീണ്ടും അത്ഭുതം പോലെ ഞങ്ങളുടെ മുന്നില്‍. ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം ആയ  വത്തിക്കാന്‍ സിറ്റിയും അതിലെ സെയിന്‍റ് പീറ്റേര്‍സ് ബസിലിക്കായും ഞങ്ങളുടെ മുന്നില്‍. ഇന്ന് ഉച്ച കഴിഞ്ഞുള്ള ഞങ്ങളുടെ കാഴ്ച പ്രധാനമായും വത്തിക്കാന്‍ സിറ്റി ആണ്.

ഞങ്ങളുടെ വാഹനം റോമന്‍ ഫോറവും കടന്നു കൊളോസ്സിയത്തിനു അടുക്കല്‍ നിര്‍ത്തി. തലേന്ന് ഫോട്ടോ എടുക്കാന്‍ നിര്‍ത്തിയ സ്ഥലത്തല്ല, കൊളോസിയം ഗേറ്റിനു മുന്നിലുള്ള പാര്‍ക്കിംഗില്‍ ആണ് ഞങ്ങള്‍.  ഏകദേശം അഞ്ഞൂറ് മീറ്ററില്‍ കൂടുതല്‍ നടന്നപ്പോള്‍ ഞങ്ങള്‍ കൊളോസിയത്തിനു മുന്നിലെത്തി. ആരെയും അത്ഭുത സ്തബ്ദരാക്കുന്ന വലിയ കെട്ടിടം. ഇന്ന് ഈ കെട്ടിടത്തിനു  പഴയ പ്രൌഡി ഇല്ലെങ്കിലും രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് എങ്ങനെ ഇത്ര വലിയ ഒരു ആംഫി തിയേറ്റര്‍ ഉണ്ടാക്കുവാന്‍ സാധിച്ചു  എന്ന് നമ്മള്‍ അത്ഭുതം കൊള്ളും.  രാവിലെ തന്നെ വലിയ ജന പ്രവാഹം. കൊളോസിയത്തിനകത്തു പ്രവേശിക്കുവാന്‍ വലിയ നിര. ഒരു മണിക്കൂറിനകം തിരികെ ബസ്സില്‍ കയറണം. അതിനാല്‍ കൊളോസിയത്തിനകത്തു കടക്കുക സാധ്യമല്ല.

കൊളോസിയത്തിനു മുന്നില്‍ ഗ്ലാഡിയേറ്റര്‍മാര്‍ ആളുകള്‍ക്ക് ഫോട്ടോ എടുക്കുവാന്‍ വേണ്ടി പോസ് ചെയുന്നു. സോവനീര്‍ വില്‍പ്പനക്കാരില്‍ ഇറ്റലിക്കാരും കാശ്മീരികളും. കൊളോസ്സിയത്തിന്‍റെ മോഡലുകള്‍, ചായുന്ന പിസ, വത്തിക്കാന്‍റെ മോഡലുകള്‍, കൊന്ത, കീ ചെയിനുകള്‍ അങ്ങനെ പലതരം സുവനീറുകള്‍. ഇറ്റലിക്കാരന്‍റെ സ്റ്റാളില്‍ പത്തു  യൂറോക്ക് നാലു കൊന്തകള്‍ വില്‍ക്കുമ്പോള്‍ കാശ്മീരിയുടെ സ്റ്റാളില്‍ പത്തു യൂറോക്ക് പന്ത്രണ്ടു കൊന്ത. ഇക്കാര്യം ഇറ്റലിക്കാരനോട് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത് , ഇന്ത്യക്കാരന്‍ വില്‍ക്കുന്ന കൊന്തകള്‍ ചൈനയില്‍ ഉണ്ടാക്കിയത് ആണ് എന്നാണ്. നേരാണ്, ഓരോ കൊന്തയുടെ കവറിലും മെയിഡ് ഇന്‍ ചൈന എന്ന് എഴുതിയിട്ടുണ്ട്.  ഗ്രേസിയും, കൂടെയുള്ള മറ്റു സ്ത്രീകളും നാട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും കൊടുക്കുവാന്‍ സുവനീര്‍ വാങ്ങിക്കൂട്ടുന്ന തിരക്കില്‍ ആണ്.

കാലക്രമേണ ഒരു പ്രദര്‍ശനസ്ഥലം എന്ന നിലയിലുള്ള കൊളോസിയത്തിന്‍റെ പ്രശസ്തി കുറഞ്ഞു വന്നു.ഭൂമികുലുക്കങ്ങളും അവഗണനയും അതിനു ഒരു പരിധി വരെ പരിക്കേല്പ്പിച്ചു. പിന്നീട് കല്ലെടുക്കാനുള്ള ഒരു ക്വാറിയായും ഉപയോഗിക്കപ്പെട്ടു വന്നു. പതുക്കെ പതുക്കെ പുരാവസ്തു ഗവേഷകരുടെ ശ്രദ്ധയില്‍ പെട്ടതു കൊണ്ടും  ഒരുപാടു കൃസ്ത്യന്‍ പോരാളികള്‍ അവിടെ രക്തസാക്ഷിത്വം വഹിച്ചിട്ടുണ്ടെന്നതു കൊണ്ട് പോപ്പ് പ്രത്യേക പരിഗണന കൊടുത്തതു കൊണ്ടും കൊളോസിയത്തിന്‍റെ അവശേഷിക്കുന്ന ഭാഗങ്ങള്‍ കേടുകൂടാതെ അവശേഷിച്ചത്  1949 ല്‍ അന്നത്തെ പോപ്പ് ബെനഡിക്ട് പതിനാലാമന്‍ കൊളോസിയത്തെ ഒരു വിശുദ്ധ  സ്ഥലമായി പ്രഖ്യാപിക്കുകയും രക്ത സാക്ഷികളുടെ ചോര വീണ സ്ഥലമെന്നു പറഞ്ഞു വെഞ്ചരിപ്പ് കര്‍മ്മം നടത്തി, കുരിശിന്‍റെ വഴി നടത്തുവാന്‍ പതിനാലു കുരിശുകള്‍ സ്ഥാപിക്കുകയും ചെയ്തു.  തുടര്‍ന്ന് വന്ന പോപ്പുമാര്‍ എല്ലാം നടത്തുന്ന ദു:ഖവെള്ളിയാഴ്ച  കുരിശിന്‍റെ വഴിയില്‍ കൊളോസിയവും ഒരു ഭാഗമാണ്.

                                                                                          

റോമന്‍ ഫോറത്തിന്‍റെ കിഴക്കാണ് കൊളോസിയം . റോമന്‍ ഫോറത്തിന്‍റെ തൊട്ടടുത്തു പാലറ്റിന്‍ ഹില്‍. പാലറ്റിന്‍ ഹില്‍. റോമന്‍ സംസ്കാരത്തിന്‍റെ ഏറ്റവും പുരാതാനമായ അവശിഷ്ടങ്ങള്‍ ചിതറികിടക്കുന്ന സ്ഥലങ്ങളിലൊന്ന്. തകര്‍ന്നടിഞ്ഞ കെട്ടിടങ്ങളുടെയും റോമന്‍ ടെമ്പിളുകളുടെയും മാര്‍ക്കറ്റുകളുടെയും അവശിഷ്ടങ്ങള്‍ ഇവിടെ കാണാം.  റോമിന്‍റെ ഉത്ഭവം പാലറ്റിന്‍ ഹില്ലില്‍ നിന്നാണ്. റോമുളാസ്  റോം പണിയുന്നത് പാലറ്റിന്‍ ഹില്ലില്‍ ആണ്. അതിനാല്‍ റോമന്‍ സംസ്കാരം പാലറ്റിന്‍ ഹില്ലില്‍ നിന്നുമാണ് തുടങ്ങുന്നത്. ആദ്യത്തെ റോമന്‍ ചക്രവര്‍ത്തി ആയിരുന്ന അഗസ്റ്റസ്, അദേഹത്തിന്‍റെ ഭാര്യ ലിവിയ, ടൈബീരിയസ് തുടങ്ങിയവരുടെ കൊട്ടാരവും ഇവിടെയായിരുന്നു. പാലറ്റിന്‍ ഹില്ലിന് മുകളില്‍ ആണ് നീറോ ചക്രവര്‍ത്തിയുടെ ഗോള്‍ഡന്‍ ഹൌസ് നില നിന്നിരുന്നത്. പാലറ്റിന്‍ ഹില്ലിനും റോമന്‍ ഫോറത്തിനും ഇടയ്ക്ക് അതിമനോഹരമായ കോണ്‍സ്റ്റന്റൈന്‍ ആര്‍ച്ച് കാണാം. റോമന്‍ കലാവൈദഗ്ദ്ധ്യത്തിന്‍റെ തെളിവാണ്‌ ഈ യുദ്ധവിജയ സ്മാരകം.പറഞ്ഞതിലും വൈകിയാണ് ഞങ്ങള്‍ ബസ്സില്‍ തിരികെയെത്തിയത് എന്നതിനാല്‍ ഹലോജി ആകെ ദേഷ്യത്തില്‍ ആയിരുന്നു. എങ്കിലും ഞങ്ങളുടെ സോറി പറച്ചിലില്‍ ഹലോജിയുടെ ദേഷ്യം പമ്പ കടന്നു. തിരികെയുള്ള യാത്രയില്‍ അവെന്റീന്‍ കുന്നുകള്‍ക്കും പാലറ്റീന്‍ കുന്നുകള്‍ക്കും ഇടയിലുള്ള സര്‍ക്കസ് മാക്സിമസ് കാണിച്ചു തന്നു. പുരാതന റോമിലെ വിനോദങ്ങള്‍ നടത്തിയിരുന്ന റോമിലെ ആദ്യത്തെയും ഏറ്റവും വലുതുമായ സ്റ്റേഡിയം. ഇവിടെ ആണ് കുതിരകളെ പൂട്ടിയ രഥങ്ങളുടെ മത്സരങ്ങള്‍ നടത്തിയിരുന്നത്. 150000 പേര്‍ക്കു ഇരിക്കുവാനുള്ള സൗകര്യം ഇവിടെ ഒരുക്കിയിരുന്നു. രഥ ഘോഷയാത്രകള്‍, കായിക വിനോദങ്ങള്‍, ഗ്ലാഡിയേറ്റര്‍ മത്സരങ്ങള്‍ എല്ലാം ഇവിടെ നടത്തിയിരുന്നു. ഇപ്പോള്‍ പൊതു ജനങ്ങള്‍ക്ക്‌ സന്ദര്‍ശന സൌകര്യം ഒരുക്കിയിട്ടുള്ള ഒരു പബ്ലിക് പാര്‍ക്കാണ്‌ സര്‍ക്കസ് മാക്സിമസ്.

 

തുടര്‍ന്ന് ഞങ്ങള്‍ പോയത് ട്രെവി ഫൌണ്ടെനിലേക്ക്... വാഹനം കടക്കാത്ത വഴിയായതിനാല്‍ നടന്നു തന്നെ ആണ് പോകേണ്ടത്. അരമണിക്കൂറിനുള്ളില്‍ ടൈം എലവേറ്റര്‍ ഷോ കാണണം. അത് നേരത്തെ ബുക്ക് ചെയ്തിട്ടുള്ളതാണ്‌. അതിനാല്‍ പതിനഞ്ചു മിനിറ്റില്‍ ഞങ്ങള്‍ക്ക് മടങ്ങണം. ട്രെവി ഫൌണ്ടെനില്‍ അറ്റകുറ്റ പണികള്‍ നടക്കുകയാണ്. ഫൌണ്ടെനുകളുടെ  നാടായ റോമിലെ ഏറ്റവും മനോഹരമായ ഫൌണ്ടെന്‍ ആണ് ട്രെവി. ഇവിടെ നിന്ന് ഈ ഫൌണ്ടെനിലേക്ക്  പിന്‍ തിരിഞ്ഞു നിന്ന്‍ വലത്തു കൈ കൊണ്ട് ഇടത്തെ തോളിനു മുകളിലൂടെ നാണയം എറിഞ്ഞാല്‍ റോമില്‍ എന്നെങ്കിലും തിരികെ വരും എന്നൊരു ചൊല്ലുണ്ട്. അതിനാല്‍ ഇവിടെ വരുന്നവര്‍ ഇവിടെയ്ക്ക്  നാണയങ്ങള്‍ വലിച്ചെറിയുക പതിവാണ്. ഞങ്ങളും കയ്യില്‍ ഉണ്ടായിരുന്നതില്‍ ഏറ്റവും ചെറിയ നാണയം ഈ ഫൌണ്ടെനിലേക്ക് എറിഞ്ഞു നിര്‍വൃതി നേടി. ഒന്ന് കൂടി റോമിലേക്ക് വരാമെന്ന പ്രതീക്ഷയില്‍.തിരികെ വരുന്നതിനിടയില്‍ ഞങ്ങളുടെ സുഹൃത്ത് ബിജു ഒരു വൈന്‍ കടയില്‍ കയറി. ബാക്കിയുള്ളവര്‍ ടൈം എലവേറ്റര്‍ ഷോ കാണുവാന്‍ പോയി. ഒടുവില്‍ ഞാനും ബിജുവും വൈനും ആയി പിന്നാലെ ഓടിയെത്തി. ടൈം എലവേറ്റര്‍ റോമിന്‍റെ മുവായിരം വര്‍ഷത്തെ ചരിത്രം ഇരുപതു മിനിറ്റില്‍ 3-ഡി ഷോ ആയി അവതരിപ്പിക്കുകയാണ്.  ഷോ കഴിഞ്ഞു റോമന്‍ ഫോറത്തിന് മുന്നില്‍ ഫോട്ടോയ്ക്ക് പോസ്  ചെയ്തു. ജൂലിയസ് സീസറിനെ ബ്രൂട്ടസും സഹ സെനറ്റര്‍മാറും കൂടി കൊന്നതും സീസറിനെ അടക്കിയതും റോമന്‍  ഫോറത്തിലാണ്. റോമന്‍ ഫോറത്തില്‍ നിന്ന് ഭക്ഷണ ശാലയിലേക്ക് ഏതാണ്ട് രണ്ടു കിലോമീറ്റര്‍ വഴിവക്കിലെ കാഴ്ചകള്‍ കണ്ടു മയങ്ങി നടന്നു. ഞാനും, പാര്‍ഥനും ബിജുവും കൂടി ഈ നടത്തത്തിനിടയില്‍ രണ്ടു കുപ്പി വൈനും അകത്താക്കി.വീണ്ടും മദര്‍ ഇന്ത്യ എന്ന ഭക്ഷണ ശാലയില്‍  വെജിറ്റെറിയന്‍ ഉച്ച ഭക്ഷണം. അവിടെ വച്ച് വത്തിക്കാനിലെക്ക് ഞങ്ങളെ കൊണ്ട് പോകുവാന്‍ അന്ന മരിയ എന്നൊരു ഇറ്റാലിയന്‍ ഗൈഡ് എത്തി. ഹലോജിക്ക് പകരം അന്ന ആണ് അവിടെ നിന്ന് ഞങ്ങളെ നയിച്ചത്. അന്നയുടെ പിന്നാലെ ഒരു കിലോമീറ്റര്‍ നടത്തം, വത്തിക്കാനിലേക്ക്. തോള്‍ മറയുന്നതും ഇറക്കമുള്ളതും ആയ വസ്ത്രങ്ങളിട്ടു വേണം വത്തിക്കാന്‍ സന്ദര്‍ശിക്കാന്‍ എന്ന നിയമം തലേന്ന് തന്നെ ഹലോജി പറഞ്ഞിരുന്നതിനാല്‍ എല്ലാവരും തയ്യാര്‍ ആയി തന്നെ ആണ് വന്നിരിക്കുന്നത്.ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം  ആണ് വത്തിക്കാന്‍, ആകെ 44 ഹെക്ടര്‍ മാത്രം. സ്വന്തമായി തപാല്‍ സിസ്റ്റവും സ്റ്റാമ്പുകളും, പാസ്പോര്‍ട്ടും മാത്രമല്ല സ്വന്തമായി  നാണയങ്ങള്‍ വരെയുണ്ടു ഈ രാജ്യത്തിന്‌. മറ്റൊരു പ്രത്യേകത, യുണെസ്കോയുടെ വേള്‍ഡ് ഹെറിറ്റേജ് സൈറ്റില്‍ ആകെയൊരു രാജ്യത്തെയേ മുഴുവനായും ഉള്‍പ്പെടുത്തിയിട്ടുള്ളൂ. അത് വത്തിക്കാന്‍ ആണ്.  കത്തോലിക്കാ സഭയുടെ ആസ്ഥാനം എന്നതിലുപരി  നല്ലൊരു കലാകേന്ദ്രം കൂടിയാണ് വത്തിക്കാന്‍.

വിക്റ്റര്‍ ഇമ്മാനുവല്‍ മൂന്നാമന്‍ രാജാവിന്‍റെ കാലത്ത് മുസ്സോളിനിയും പീയൂസ് പതിനൊന്നാമന്‍ പോപ്പും തമ്മില്‍ നടത്തിയ ഉടമ്പടിയുടെ ഭാഗമായാണ് 1929 ല്‍ വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് എന്ന രാജ്യം ഉത്ഭവിക്കുന്നത്. പീയൂസ് പാപ്പയും മുസ്സോളിനിയും തമ്മില്‍ ഇത് സംബന്ധിച്ച് വിളംബരം നടത്തിയ കൊട്ടാരവും ബാല്‍ക്കണിയും ഞങ്ങള്‍ നേരത്തെ കണ്ടിരുന്നു. സെ. പീറ്റേര്‍സ് ബസിലിക്ക, സിസ്റ്റൈന്‍ ചാപ്പല്‍, വത്തിക്കാന്‍ മ്യുസിയം തുടങ്ങിയവ റോമിലെ ഏറ്റവും മികച്ച കലാ കേന്ദ്രങ്ങള്‍ ആണ്. റോം സന്ദര്‍ശിക്കുന്നവര്‍ വത്തിക്കാന്‍ സന്ദര്‍ശിക്കാതെ മടങ്ങില്ല. സമയക്കുറവ് കാരണം ആകും, ഞങ്ങളുടെ പ്രോഗ്രാമില്‍ സെ. പീറ്റേര്‍സ് ബസിലിക്ക മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതെ കുറിച്ച് അന്ന മരിയ പറഞ്ഞത് ഇങ്ങനെ ആണ്. സിസ്റ്റൈന്‍ ചാപ്പലില്‍ ആണ് പോപ്പിനെ തെരഞ്ഞെടുക്കുവാനുള്ള കോണ്‍ക്ലേവ് നടക്കുന്നത്. റോമന്‍ നവോത്ഥാന കാലഘട്ടത്തില്‍ 1480 കളില്‍ സിക്സ്റ്റ്സ് നാലാമന്‍ പോപ്പാണ് ഈ ചാപ്പല്‍ സംരക്ഷിച്ചതും ബോട്ടിസെല്ലി, പെറുഗിനോ, പിന്റുറുച്ചി, റോസെല്ലി, ഗിര്‍ലാന്‍ഡയോ തുടങ്ങിയ പ്രഗല്‍ഭ ചിത്രകാരന്മാരെ കൊണ്ട് മോസസ്സിന്റെയും യേശുവിന്റെയും ജീവിതം ഈ ചാപ്പലില്‍ വരപ്പിക്കുകയും ചെയ്തു. എന്നാല്‍ ജൂലിയസ് രണ്ടാമന്‍ പോപ്പിന്‍റെ കാലത്ത് വിശ്രുത ചിത്രകാരന്‍ മൈക്കലാഞ്ചലോ വരച്ച അവസാനത്തെ അത്താഴം എന്ന മാസ്റ്റര്‍പീസ്‌ ആണ് ഏറ്റവും വിഖ്യാതം.ലോകത്തിലെ ഏറ്റവും മഹത്തായ ആര്‍ട്ട് മ്യൂസിയത്തില്‍ ഒന്നാണ് വത്തിക്കാന്‍ മ്യൂസിയം. അവിടുത്തെ കാഴ്ചകള്‍ ഒരു ദിവസം കൊണ്ടോ ഒരാഴ്ച കൊണ്ടോ കണ്ടു തീരില്ല എന്നാണ് അന്ന പറയുന്നത്. എന്തായാലും അന്ന ഒരു സ്റ്റീല്‍ കമ്പിയില്‍ ഒരു കൊടിയുമായി ഞങ്ങളെ സെ. പീറ്റേര്‍സ് ബസിലിക്കായിലെക്ക് നയിച്ചു. അതിഭീമാകരങ്ങളായ കല്ലില്‍ തീര്‍ത്ത വലിയ ഉരുളന്‍ തൂണുകളില്‍ രണ്ടു ഇടനാഴികള്‍. ഈ രണ്ടു ഇടനാഴികള്‍ക്കകത്തായിട്ടാണ് റോമിലെ ഏറ്റവും വലിയ പിയസയായ സെ. പീറ്റേര്‍സ് ചത്വരം. പ്രസിദ്ധ കലാകാരനായ ബെര്‍ണിനീ ഡിസൈന്‍ ചെയ്ത ഈ ചത്വരത്തിന്‍റെ നടുക്കായി പേര്‌ അന്വര്‍ത്ഥമാക്കികൊണ്ട് ഉയര്‍ന്നു നില്ക്കുന്ന സാക്ഷി  എന്നറിയപ്പെടുന്ന  ഒറ്റക്കല്ലില്‍ നിര്‍മ്മിതമായ ഈജിപ്ഷ്യന്‍ ഒബ്ലിക്സ്. കലിഗുള  ചക്രവര്‍ത്തിയുടെ കല്‌പനയനുസരിച്ച്‌ പണ്ട്‌ ഈജിപ്‌തില്‍നിന്നും കൊണ്ടുവന്നതാണത്രേ ഈ സ്തംഭം. നീറോ ചക്രവര്‍ത്തി പീറ്ററിനെ തലകീഴായി കുരിശില്‍ തറച്ചു കൊന്നത് കലിഗുളയുടെ വിനോദക്കളരിയെ അലങ്കരിച്ചിരുന്ന ഈ സ്‌തംഭത്തിനു മുന്നില്‍ വച്ചായിരുന്നതിനാല്‍ ആണ് ഈ സ്തംഭത്തിനു സാക്ഷി സ്തംഭം എന്ന് പേര് വന്നത്. .  പിന്നീട്‌ പോപ്പ് സിക്സ്റ്റ്സ് അഞ്ചാമന്‍ ആണ് ഈ സ്തംഭത്തെ  സെ. പീറ്റര്‍സ് ചത്വരത്തിലേക്ക്‌ മാറ്റിയതാണെന്നാണ്‌ ചരിത്രം.ചത്വരത്തില്‍ കയറുന്നതിനു മുന്നേ തന്നെ അന്ന മരിയ, ഞായറാഴ്ചകളില്‍ പോപ്പ് ഉച്ചക്ക് പന്ത്രണ്ടു മണിക്ക് സെ. പീറ്റേര്‍സ് ചത്വരത്തില്‍ തടിച്ചു കൂടുന്ന വിശ്വാസികളെ അഭിസംബോധന ചെയ്യുന്ന പേപ്പല്‍ ബാല്‍ക്കണി കാണിച്ചു തന്നു. പക്ഷെ കാലാകാലങ്ങളായി പോപ്പുമാര്‍ താമസിക്കുന്ന ഈ വലിയ വസതിയില്‍ അല്ല ഫ്രാന്‍സീസ് പാപ്പ താമസിക്കുന്നത്, അദ്ദേഹം മെത്രാനായി വത്തിക്കാനില്‍ വന്നപ്പോള്‍ മുതല്‍ 700 ചതുരശ്ര അടി മാത്രം വിസ്തീര്‍ണ്ണം ഉള്ള പഴയ രണ്ടു മുറി ഫ്ലാറ്റില്‍ ആണ് താമസിക്കുന്നത് എന്ന് പല വട്ടം ഞങ്ങളോട് പറഞ്ഞു. പാപ്പ താമസിക്കുന്നത് എന്ന് പറഞ്ഞുകൊണ്ട് , ബസിലിക്കായുടെ പിന്നിലെ ഒരു മഞ്ഞ പെയിന്‍റ് അടിച്ച പഴയ കെട്ടിടവും ഇവര്‍ ഞങ്ങള്‍ക്ക് കാണിച്ചു തന്നു.പതിനഞ്ചാം നൂറ്റാണ്ട്, റോമിന്‍റെ നവോത്ഥാന കാലഘട്ടം എന്നാണു അറിയപ്പെടുന്നത്. ഈ കാലഘട്ടത്തില്‍ റോമിലെ ബിഷപ്പായിരുന്ന ജൂലിയസ് രണ്ടാമന്‍, (റോമിലെ ബിഷപ്പാണ് പോപ്പ്.) ആണ് ലോകത്തിലെ ഏറ്റവും വലിയ ബസിലിക്ക പണിയണമെന്ന് ആഗ്രഹിച്ച് അന്നത്തെ കലാകാരന്മാരെ കൊണ്ട് ഡിസൈന്‍ ചെയ്യിച്ചത്. എ ഡി നാലാം നൂറ്റാണ്ടില്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി പത്രോസിന്‍റെ ശവ കുടീരത്തിനു മുകളില്‍ പണിത സെ. പീറ്റേര്‍സ് ചര്‍ച്ച് പല കാരണങ്ങളാല്‍ പുതുക്കി പണിയേണ്ടിയിരുന്നു. അന്ന് നടത്തിയ ഡിസൈന്‍ മത്സരത്തില്‍ ബ്രാമന്‍റെ ഡിസൈന്‍ ആണ് തെരഞ്ഞെടുത്തത്. ജൂലിയസ് പോപ്പിന്‍റെ മരണ ശേഷം റാഫേല്‍ തുടങ്ങി മറ്റു പലരും ഡിസൈന്‍ മാറ്റിയെങ്കിലും ഒടുവില്‍ മൈക്കലാഞ്ചലോ ആണ് സെ. പീറ്റേര്‍സ് ബസിലിക്കയുടെ പണി പൂര്‍ത്തിയാക്കിയത്. ഇടനാഴി തുടങ്ങുന്ന ഇടം മുതല്‍ ബസിലിക്ക ചുറ്റി അവസാനിക്കുന്ന അര്‍ദ്ധ വൃത്താകൃതിയുള്ള ആ കെട്ടിടത്തിനു മുകളില്‍ യേശുവിന്‍റെയും ശിഷ്യരുടെയും ഉള്‍പ്പെടെ 144 വിശുദ്ധരുടെ പ്രതിമകള്‍ കെട്ടിടത്തിനു മുകളിലായി സ്ഥാപിച്ചിട്ടുണ്ട്. ലിഫ്റ്റോ വൈദ്യുതിയോ ഇല്ലാതിരുന്ന ഈ കാലഘട്ടത്തില്‍ ഇത്ര വലിയ ഒരു ബസിലിക്ക നിര്‍മ്മിക്കുക എന്നത് അചിന്തനീയം ആയി തോന്നാം.

                                                                                                             

 ബസിലിക്കയുടെ അകത്തു കയറുവാന്‍ വലിയ ക്യൂ.. അന്നയുടെ നേതൃത്വത്തില്‍ ഞങ്ങളും ആ ക്യൂവില്‍ നിന്നു. ശരീര പ്രദര്‍ശനം നടത്തുന്നവരെ തടഞ്ഞു നിര്‍ത്തി അവര്‍ക്ക് പുതയ്ക്കുവാന്‍ രണ്ടു യൂറോയ്ക്ക് ഷാള്‍ വില്‍ക്കുന്നു. ബാഗുകള്‍ എല്ലാം മെറ്റല്‍ ഡിറ്റക്റ്ററില്‍ പരിശോധിച്ച് ഞങ്ങളെ അകത്തു കടത്തി. അകത്തു കയറുമ്പോള്‍ കാണുന്ന ജനസഞ്ചയത്തില്‍ പെട്ടു കൂട്ടം തെറ്റി പോകുവാന്‍ സാധ്യത ഉള്ളതിനാല്‍ രണ്ടു മണിക്കൂറിനകം എല്ലാവരും ഒത്തു കൂടേണ്ടത് ചത്വരത്തില്‍ ഉള്ള പത്രോസിന്‍റെ പ്രതിമയ്ക്ക് മുന്നില്‍ ആകണം എന്നും പറഞ്ഞുറപ്പിച്ചു. ഇടത്തോ വലത്തോ മുന്നിലോ പിന്നിലോ മുകളിലോ എവിടെ നോക്കിയാലും കലയുടെ മഹാ വിരുന്നു ആണ് സെ. പീറ്റേര്‍സ് ബസിലിക്ക. ഒരു ആര്‍ട്ട്‌ഗ്യാലറിയിലേക്കു കയറി ചെന്ന പ്രതീതി.തിക്കിലും തിരക്കിലും  അകത്തേക്ക് കയറി കുറെ നടന്നു വലതു വശത്ത്‌ മൈക്കലാഞ്ചലോയുടെ വിശ്വ വിഖ്യാതമായ പിയത്തോ എന്ന വെണ്ണക്കല്‍ ശില്‍പം, പിയറ്റ. അനേകം പ്രതിമകള്‍ മൈക്കലാഞ്ചാലോ നിര്‍മ്മിച്ചിടുണ്ട് എങ്കില്‍ കൂടി അദ്ദേഹത്തിന്‍റെ സ്വന്തം ഒപ്പ് ചേര്‍ത്തിട്ടുള്ള ഒരേ ഒരു പ്രതിമ ആണ് പിയറ്റ. പിയറ്റയുടെ ചുറ്റും വലിയ ആള്‍ക്കൂട്ടം, എല്ലാവരും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു. 1972 ല്‍ ലാസ്ലോ എന്നൊരാള്‍ ഒരു ചുറ്റികയും ആയി വന്നു പിയറ്റയിലെ മറിയത്തിന്‍റെ ശില്പത്തെ അടിച്ചു തകര്‍ത്തു. ഒരു കൈയും മറിയത്തിന്‍റെ മൂക്കും കണ്‍പോളയും ആണ് മാനസീക വിഭ്രാന്തിയുള്ള ഇദേഹം അടിച്ചു തകര്‍ത്തത്. ഈ ആക്രമണത്തിനു ശേഷം കേടുപാടുകള്‍ തീര്‍ത്ത പിയറ്റ എന്ന ഈ ശില്പത്തെ ബുള്ളറ്റ് പ്രൂഫ്‌ ആയ ഒരു കണ്ണാടിക്കൂട്ടില്‍ ആണ് സൂക്ഷിച്ചിരിക്കുന്നത്. അതിനാല്‍ ഇപ്പോള്‍ ആര്‍ക്കും ഈ ശില്പത്തെ തൊടുവാനോ തലോടുവാനോ ചുംബിക്കുവാനോ സാധിക്കുന്നില്ല. മൈക്കലാഞ്ചലോയുടെ ഈ ശില്പത്തെ നോക്കുന്ന നമുക്ക് ആ ശില്പത്തില്‍ നിന്ന് നോട്ടം പിന്‍വലിക്കുക സാധ്യമല്ല, അത്രക്ക് ചേതോഹരമാണത്..ആകെ രണ്ടു മണിക്കൂര്‍ കൊണ്ടുള്ള ഒരു ഓട്ടപ്രദക്ഷിണം ആണ് ഈ ബസിലിക്കയില്‍ നടത്തുന്നത്. ബസിലിക്കയുടെ മുകളില്‍ അതി മനോഹരമായ ചിത്ര രചന. സാധാരണ ചിത്രങ്ങള്‍ അല്ല, പിന്നെയോ വളരെ ചെറിയ മൊസൈക്കുകള്‍ കൊണ്ട് ഉണ്ടാക്കിയിരിക്കുന്ന ചിത്രങ്ങള്‍ ആണ് ഇവയെന്ന് അറിയുമ്പോള്‍ ആണ് നമ്മളില്‍  അത്ഭുതമുളവാകുന്നത്. ബസിലിക്കയുടെ മുക്കിലും മൂലയിലും ചുവരിലും എല്ലാം ശില്പങ്ങള്‍. പിയറ്റ കണ്ടു മുന്‍പിലേക്ക് നടക്കുമ്പോള്‍  വലത്തുവശത്തു ആയി  1963 ല്‍  അന്തരിച്ച ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പ്പാപ്പയുടെ ഭൌതീകശരീരം ഒരു ഗ്ലാസ് കാസ്കറ്റില്‍ സൂക്ഷിച്ചിരിക്കുന്നു. മാര്‍പ്പാപ്പയെ വിശുദ്ധനാക്കുന്നതിനായി അദേഹത്തിന്‍റെ ശവ കുടീരം 2001 ല്‍ തുറന്നപ്പോള്‍ ആ ശരീരം അഴുകാതെ ഇരിക്കയായിരുന്നു. ഈ മൃതശരീരം ആണ് ഇങ്ങനെ സൂക്ഷിച്ചു വച്ചിരിക്കുന്നത്.

വീണ്ടും മുന്നിലേക്ക് പോകുമ്പോള്‍ വലതു വശത്ത് ഗ്രില്‍ പാകിയ ഗേറ്റിനപ്പുറം 24 മണിക്കൂറും ആരാധന നടക്കുന്ന ചാപ്പല്‍. അവിടെ തീര്‍ത്തും നിശ്ശബ്ദത. ആളുകള്‍ വന്നിരുന്നു നിശ്ശബ്ദമായി പ്രാര്‍ഥിക്കുന്നു. പ്രാര്‍ഥിക്കുവാന്‍ താല്പര്യമുള്ളവരെ മാത്രമേ അകത്തേക്ക് കടത്തി വിടുന്നുള്ളൂ... ഞങ്ങള്‍  വീണ്ടും മുന്നോട്ടു നടന്നു. ഇവിടെ നിന്ന് നോക്കിയാല്‍ പ്രധാന അള്‍ത്താര കാണാം. ഇവിടെ ആണ് വിശുദ്ധ പത്രോസിനെ അടക്കം ചെയ്തിരിക്കുന്നത് എന്ന് വിശ്വസിക്കുന്നത്. കത്തോലിക്ക സഭയുടെ ഏറ്റവും വലിയ വിശുദ്ധന്നായിട്ടാണ് പത്രോസിനെ വിശേഷിപ്പിക്കുന്നത്. നീറോ ചക്രവര്‍ത്തി തലകീഴായി കുരിശില്‍ തറച്ചു കൊന്ന പത്രോസിന്‍റെ കല്ലറയില്‍ നിന്നെടുത്ത ചില അസ്ഥികള്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ട് എന്ന് പറയപ്പെടുന്നു. ഈ അള്‍ത്താരക്ക് ചുറ്റുമായി ബെര്‍ണിനി  ചെമ്പില്‍ പണി കഴിപ്പിച്ച മുപ്പതു മീറ്റര്‍ ഉയരമുള്ള പന്തല്‍ പോലുള്ള ബല്‍ദാച്ചിനി. തിരികെ ഇടതു വശത്തു കൂടെ വരുമ്പോള്‍ അവിടെയും അനേകം ശില്‍പ്പങ്ങളും ചിത്രങ്ങളും. മറ്റു ചില പോപ്പുമാരുടെ മൃതദേഹങ്ങളും കേടു കൂടാതെ സൂക്ഷിച്ചു വച്ചിരിക്കുന്നു. വത്തിക്കാനില്‍, ബസിലിക്കയില്‍ ജോലി ചെയുന്ന കോട്ടയം സ്വദേശിയോട് ചോദിച്ചപ്പോള്‍, ഈ ദേവാലയത്തിന് താഴെയായി മറ്റൊരു നിലവറ ഉണ്ടെന്നും അവിടെയാണ് പോപ്പുമാരെ അടക്കിയിട്ടുള്ളത് എന്നും അറിയുവാന്‍ കഴിഞ്ഞു. താഴേക്കു പോകേണ്ട വഴി ഞങ്ങള്‍ക്ക് കാണിച്ചു തന്നു. ഞങ്ങള്‍ താഴേക്കുള്ള പടികള്‍ ഇറങ്ങി നോക്കിയപ്പോള്‍ അവിടെയെല്ലാം മരിച്ചു പോയ പോപ്പുമാരുടെ ശവകുടീരങ്ങള്‍. ഏറ്റവും ഒടുവില്‍ മരിച്ച ജോണ്‍ പോള്‍ രണ്ടാമന്‍റെ ശവ കുടീരവും ഞങ്ങള്‍ കണ്ടു. താഴേക്കു ഇറങ്ങിയാല്‍ പിന്നെ മുകളിലേക്ക് വരാന്‍ കഴിയില്ല. ഞങ്ങള്‍  ആ അറയില്‍ നിന്നും നേരിട്ട് പുറത്തേക്ക് ഇറങ്ങി. വീണ്ടും സെ. പീറ്റേര്‍സ് സ്ക്വയറില്‍ ... എല്ലാവരും ഓടി നടന്നു ഫോട്ടോയ്ക്ക് പോസ് ചെയുന്നു. കയ്യില്‍ സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും താക്കോലുകളും ആയി സെ. പീറ്റര്‍. കുതിരപ്പുറത്തു വാളും ആയി സെ, പോള്‍. ഇവരുടെ ഒക്കെ കൂടെ നിന്ന് ഫോട്ടോ എടുത്ത ശേഷം  ഞങ്ങള്‍ വീണ്ടും ബസ്സില്‍ കയറി. ഇനി ഏകദേശം രണ്ടു മണിക്കൂര്‍ ബസ് യാത്ര. ഞങ്ങള്‍ തസ്ക്കനിയിലേക്കാണ് പോകുന്നത്.അനേകം ഇടുങ്ങിയ പടികള്‍ ദേവാലയത്തിന് അകത്തു നിന്ന് മുകളിലേക്ക് കയറിയാല്‍ പള്ളിയുടെ മുകളില്‍ കയറാം, അവിടെ നിന്ന് കൊണ്ട് റോം പട്ടണം മുഴുവനായി കാണാം. പക്ഷെ സമയക്കുറവു ഞങ്ങളെ അതിനു അനുവദിച്ചില്ല. ഇനിയും ഒരിക്കല്‍ റോമില്‍ വരണം എന്ന് വീണ്ടും ഞങ്ങള്‍ തീര്‍ച്ചയാക്കി.  റോമിന്‍റെ അവശിഷ്ടങ്ങള്‍, കെട്ടിടങ്ങള്‍ , കലാ രൂപങ്ങള്‍ എല്ലാം കാണണം. മനസ്സില്‍ അങ്ങനെ ഒരു കൊതി അവശേഷിപ്പിച്ചാണ് അവിടം വിട്ടത്.റോം നഗരത്തില്‍ നിന്നും ബസ് മായുന്നത് വരെ ഞങ്ങള്‍ റോമന്‍ സംസ്കാരത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടു കൊണ്ടിരുന്നു. നഗരത്തിനു പുറത്തു കടന്നാല്‍ വിജനമായ കൃഷിയിടങ്ങളും പുല്‍ മേടുകളും മാത്രം. ഞങ്ങള്‍ പിന്നിലിരിക്കുന്ന  കുട്ടികളെയും പാട്ടുപാടുന്നവരെയും ഒക്കെ സംഘടിപ്പിച്ചു അന്താക്ഷരി നടത്തി. അബുദാബിയില്‍ നിന്നും ഞങ്ങളോടൊപ്പം  ചേര്‍ന്ന രാജേഷിന്‍റെ ഭാര്യ ഹേമ, അന്ഷുല്‍, ദീപ്തി, ഏകയായി ഞങ്ങളോടൊപ്പം ചേര്‍ന്ന ഡല്‍ഹിക്കാരി നമ്രത, കാനഡയില്‍ നിന്നും വന്ന ജാഗ്രുതി, ഞങ്ങളുടെ കുടുംബ സദസ്സുകളിലെ പാട്ടുകാരി പാര്‍ഥന്‍റെ  മോള്‍ ശ്വേത തുടങ്ങിയവര്‍ ഒക്കെ അസ്സലായി പാടി.

ടസ്ക്കനിയിലേക്കുള്ള യാത്രാമദ്ധ്യേ പഞാബികള്‍ നടത്തുന്ന ഇന്ത്യന്‍ ഭക്ഷണ ശാലയില്‍ നിന്നായിരുന്നു രാത്രി ഭക്ഷണം. പരിപ്പും കിഴങ്ങും പച്ചക്കറികളും നോര്‍ത്ത് ഇന്ത്യന്‍ ചിക്കന്‍ കറിയും കണ്ടപ്പോഴേ എല്ലാവരുടെയും വയറുകള്‍ നിറഞ്ഞു, കുട്ടികളുടെ കണ്ണുകളും. ഇറ്റലിയില്‍ വന്നിട്ട് നോര്‍ത്ത് ഇന്ത്യന്‍ ഫുഡ്‌ കഴിക്കുന്നതിലെ നീരസം എല്ലാവരും പങ്കു വച്ചു. ഭക്ഷണം കഴിഞ്ഞു അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഹോട്ടലില്‍ എത്തി. പുതുതായി പണി കഴിപ്പിച്ച മനോഹരമായ ഹോട്ടല്‍. പക്ഷെ ഞങ്ങള്‍ ഒഴികെ മറ്റാരും അവിടെ ഉണ്ടെന്നു തോന്നിയില്ല. ഹലോജി ഞങ്ങള്‍ക്ക് രാവിലെ ഇന്ത്യന്‍ പ്രഭാത ഭക്ഷണം ഏര്‍പ്പാടാക്കിയിട്ടുണ്ട്, എന്നാല്‍ ഹോട്ടലിലെ റെസ്റ്റോറന്റില്‍ വച്ചു അത് കഴിക്കാന്‍ പാടില്ല എന്ന് പറഞ്ഞതിനാല്‍ ഹോട്ടല്‍ അധികൃതരും ഹലോജിയും തമ്മില്‍ വഴക്കും വക്കാണവും. പക്ഷെ നല്ല ഹോട്ടല്‍ ആയതിനാല്‍ ആ ഹോട്ടലില്‍ എത്തിയതില്‍ ഞങ്ങള്‍ക്ക് വലിയ സന്തോഷവും.മുറിയില്‍ കയറി ചെക്കിന്‍ ചെയ്തു കഴിഞ്ഞു ഞാനും പാര്‍ത്ഥനും ഇന്ധനം അന്വേഷിച്ച് ഹോട്ടല്‍ ലോബിയില്‍ എത്തി. അപ്പോഴേക്കും ഹോട്ടലിലെ ബാര്‍ അടച്ചു കഴിഞ്ഞിരുന്നു. ഇതിനിടയില്‍ ജോണ്‍സനും എത്തി. ഞങ്ങളുടെ നിര്‍ബന്ധം കൊണ്ടായിരിക്കാം, അവര്‍ ഞങ്ങള്‍ക്ക് വേണ്ടി വീണ്ടും ബാര്‍ തുറന്നു. ബംഗ്ലാദേശുകാരന്‍ ആയ ബാര്‍മാന്‍ ഞങ്ങളോട് ഇന്ധനത്തിന്‍റെ പണം പോലും വാങ്ങിയില്ല. ഇതിനിടയില്‍ ബസ് ഡ്രൈവര്‍ , പോളണ്ട്കാരന്‍ പീറ്ററും ബാറില്‍ എത്തി.  പീറ്ററിന് ഞങ്ങള്‍ വയര്‍ നിറയെ ബിയര്‍  വാങ്ങി കൊടുത്തത് കൊണ്ടാവും പീറ്ററും ഞങ്ങളും തമ്മില്‍ യാത്രയിലുടനീളം നല്ല ബന്ധം പുലര്‍ത്തിപ്പോന്നു.  എന്തായാലും രാവിലെ ഏഴു മണിക്ക് റെഡി ആകണം, ഞങ്ങള്‍ ഉറങ്ങുവാന്‍ പോയി.