Friday 31 August 2012

കോപ്പന്‍ഹാഗന്‍ - ചരിത്രത്തിന്‍റെ ഹൃദയത്തുടിപ്പുകള്‍


ഞങ്ങളുടെ കാര്‍ ഡ്രോജ്ടന്‍ തുരംഗം പിന്നിട്ടു ഇപ്പോള്‍  കോപ്പന്‍ഹാഗനിലേക്ക്  എത്തിച്ചേരുന്നു. സ്വീഡനിലെ കാലാവസ്ഥയില്‍ നിന്നും അല്പം കൂടി തണുപ്പ് അനുഭവപ്പെടുന്നുണ്ട് ഇവിടെ ഇപ്പോള്‍.  കോപ്പന്‍ ഹാഗനില്‍ ഞങ്ങള്‍ കാണേണ്ട ഇടങ്ങളെ കുറിച്ചൊക്കെ ടിക്കു ഇതിനിടയ്ക്ക് ഞങ്ങളോട്  പറഞ്ഞു കൊണ്ടിരുന്നു. രാജകൊട്ടാരങ്ങള്‍, ടിവോളി പാര്‍ക്ക് ഇതൊക്കെ കാണണം എന്ന് പ്രത്യേകം പറഞ്ഞു. ടിക്കുവിന്റെ കമ്പനിയുടെ ഒരു ഓഫീസ്‌, കോപ്പന്‍ ഹാഗനിലും പ്രവര്‍ത്തിക്കുന്നു. അവിടെ കൊണ്ട് പോയി ഞങ്ങളെ പരിചയപ്പെടുത്തുകയാണ് ടിക്കുവിന്റെ ലക്‌ഷ്യം. അത് കഴിഞ്ഞു സര്‍വ തന്ത്ര സ്വതന്ത്രര്‍ ആയി ഞങ്ങളെ ഇവിടെ തുറന്നു വിടും. നാളെ അതിരാവിലെ ആണ് ആംസ്റ്റര്‍ ഡാമിലേക്കുള്ള  ടിക്കറ്റ്‌ ബുക്ക്‌ ചെയ്തിരിക്കുന്നത്.

ലോകത്തില്‍ ഏറ്റവും അധികം സന്തോഷത്തോടു കൂടി ജീവിക്കുന്ന ജനസമൂഹം ആണ് ഡെന്മാര്‍ക്കിലേത് എന്നാണ് സര്‍വേകള്‍ എല്ലാം പറയുന്നത്.  ജനങ്ങളുടെ സാമ്പത്തീക ഭദ്രതയില്‍ ഏറ്റവും തുല്യത പുലര്‍ത്തുന്ന രാജ്യവും ഡെന്മാര്‍ക്ക് ആണ് - സോഷ്യലിസം . എങ്കിലും ലോകത്തിലെ ഏറ്റവും ജീവിത ചിലവുള്ള ഒരു പട്ടണം ആണ് ഡെന്മാര്‍ക്കിന്റെ തലസ്ഥാനമായ കോപ്പന്‍ഹാഗന്‍ ലോകത്തില്‍ ഏറ്റവും അഴിമതി കുറഞ്ഞ രാജ്യങ്ങളില്‍ ഡെന്മാര്‍ക്കിന്റെ സ്ഥാനം രണ്ടാമത് ആണ്. പക്ഷെ ജീവിത ച്ചെലവ് വളരെ കൂടിയ ഒരു രാജ്യം ആണ് ഡെന്മാര്‍ക്ക്‌. വ്യക്തി സ്വാതന്ത്ര്യം ഏറ്റവുമധികം സംരക്ഷിക്കപ്പെടുന്നതും ഡെന്മാര്‍ക്കില്‍ ആണ്. എന്ത് കൊണ്ടും എല്ലാവര്ക്കും ജീവിക്കുവാന്‍ ഇഷ്ടം തോന്നുന്ന  രാജ്യം.  ഡാനിഷ് ആണ് ഈ രാജ്യത്തിന്‍റെ ഔദ്യോഗിക ഭാഷ.  ഡാനിഷ് ക്രോണ്യ ഇവിടുത്തെ നാണയവും. യൂറോപ്യന്‍ യൂണിയനില്‍ അംഗം ആണെങ്കിലും യൂറോ സോണില്‍ ഡെന്മാര്‍ക്ക്‌ അംഗം അല്ല.


ലോകത്തില്‍ ആദ്യമായി പോണോഗ്രാഫി നിയമം മൂലം അംഗീകരിച്ചതും, പോണോ ചിത്രങ്ങള്‍ നിര്‍മ്മിച്ചതും ഡെന്മാര്‍ക്കില്‍ ആണ്. അത് പോലെ സ്വവര്‍ഗ രതി, സ്വവര്‍ഗ വിവാഹം തുടങ്ങിയവ ആദ്യം നിയമപരമായി അംഗീകരിച്ചതും ഡെന്മാര്‍ക്കില്‍ ആണ്. ഡാനിഷ്  ജനങ്ങളും അതീവ സുന്ദരന്മാരും സുന്ദരികളും ആണ്.
 
കോപ്പന്‍ ഹാഗനിലെ വീഥികളും വിജനങ്ങള്‍ ആണ്, ടിക്കു ഞങ്ങളെ പ്രധാന വീഥികളില്‍ കൂടി ഒക്കെ കറക്കിയതിനു ശേക്ഷം ആണ് ഓഫീസില്‍ കൊണ്ട് പോയത്. ഓഫീസിലെ ഡിജിറ്റല്‍ ബോര്‍ഡില്‍ എന്‍റെയും രോഹിത്തിന്റെയും പേരുകള്‍ മിന്നി മറയുന്നത് അപ്പോള്‍ ആണ് ശ്രദ്ധയില്‍ പെട്ടത്. അവര്‍ ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും സ്വാഗതം അരുളുന്ന സന്ദേശം ആണ് ഡിജിറ്റല്‍ ബോര്‍ഡില്‍ ഇട്ടിരിക്കുന്നത്. ചൂടുള്ള ചായ കുടിച്ചു, മേലധികാരികളും ആയി ബിസിനസ് വിശേഷങ്ങള്‍ പങ്കു വച്ച ശേക്ഷം  ഞാനും രോഹിത്തും കൂടി ആ പച്ചക്കറി മാര്‍ക്കറ്റ് ചുറ്റി നടന്നു. വളരെ വിശാലമായ കെട്ടിടങ്ങളും സൌകര്യങ്ങളും ഒക്കെ ഉണ്ടെങ്കിലും മിക്ക കടകളും അടഞ്ഞു കിടക്കുകയാണ്. കഴിഞ്ഞ നാല് മാസം ആയി, മഞ്ഞു കാലം ആയതിനാല്‍ അവരുടെ സ്വന്തം ഉല്‍പ്പന്നങ്ങള്‍ ഒന്നും മാര്‍ക്കറ്റില്‍ വിപണനത്തിന് വരുന്നില്ല. ഇപ്പോള്‍ പച്ചക്കറി, പഴ വര്‍ഗങ്ങള്‍ എല്ലാം ഇറക്കുമതി ചെയുകയാണ്. തുര്‍ക്കികള്‍ ആണ്  ഇവിടെ കൂടുതലും കച്ചവടം നടത്തുന്നത്. അവര്‍ കൂടുതലും ജനങ്ങളെ കബളിപ്പിക്കുന്നവര്‍ ആണ്, അതിനാല്‍ ഓരോ വര്‍ഷവും അവരുടെ കച്ചവട സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ അടച്ചു പൂട്ടുകയും പിന്നെ മറ്റൊരു പുതിയ പേരില്‍ പ്രത്യക്ഷപ്പെടുകയും ആണ് ചെയ്യുക പതിവ്.
കൂടിക്കാഴ്ചകള്‍ എല്ലാം കഴിഞ്ഞു, തലേ ദിവസം ഞങ്ങളോടൊപ്പം ഹെല്‍സിംഗ്ബോര്‍ഗില്‍ അത്താഴം കഴിക്കാനുണ്ടായിരുന്ന പീറ്റ് ഞങ്ങളെ ഡെന്മാര്‍ക്കില്‍ ഹോട്ടലിലേക്ക് കൊണ്ട് പോയി. പോകുന്ന വഴിയില്‍ ഒന്ന് രണ്ടു സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ,  ചില പ്രധാന വീഥികള്‍ ഒക്കെ  ഞങ്ങള്‍ക്ക് പരിചയപ്പെടുത്തി.  എന്‍റെ ത്രോട്ട് ഇന്‍ഫെക്ഷന്‍ ആകെ പ്രശനവും ആയി, ഇത്തവണ മരുന്നില്ലാതെ മാറില്ല എന്ന് തോന്നുന്നു. എന്തായാലും ഒരു ഫാര്‍മസിയില്‍ പോയി, അത്യാവശ്യം കഫ് സിറപ്പ് കൂടി വാങ്ങി.


ഡെന്മാര്‍ക്ക്‌ , ബിയര്‍ ബിസിനസ്സില്‍ വലിയ ഒരു സംഭവം ആണ്. ബിയര്‍ വ്യവസായത്തിന്‍റെ ഉറവിടവും ഡെന്മാര്‍ക്ക്‌ ആണ്. എവിടെയും കാള്‍സ്ബെര്‍ഗ് ബിയറിന്റെ പരസ്യങ്ങള്‍. പീറ്റ്‌, ഞങ്ങളെ കാള്‍സ്ബെര്‍ഗ് ബിയര്‍ ഉല്‍പാദിപ്പിക്കുന്ന പ്ലാന്‍റുകളുടെ അടുക്കല്‍ കൂടി കൊണ്ട് പോയി. ( പക്ഷെ കള്ളന്‍,  ഒരു ബിയര്‍ പോലും മേടിച്ചു തന്നില്ല ) ഡെന്മാര്‍ക്കിലെ ബിയര്‍ വ്യവസായത്തെ കുറിച്ചൊക്കെ സംസാരിച്ചു. നമ്മുടെ നാട്ടില്‍ പച്ച വെള്ളം കുടിക്കുന്നത് പോലെ ആണ്, രാവിലെയും വൈകിട്ടും ഒക്കെ, തണുപ്പ് കാലത്തും വേനല്‍ കാലത്തും ഒക്കെ ഇവര്‍, ആണും പെണ്ണും ബിയര്‍ കുടിക്കും.

അനേകം പാകിസ്ഥാനികള്‍ ഡെന്മാര്‍ക്കില്‍ സ്ഥിരമായി താമസിക്കുന്നു . കുടിയേറ്റക്കാരില്‍ അഞ്ചാം സ്ഥാനം അവര്‍ക്കാണ്. അറുപതുകളിലും എഴുപതുകളിലും ലേബര്‍ ക്ലാസ്സില്‍ ഉള്‍പ്പെടുത്തി ആണ്, പാകിസ്ഥാനികളെ ഡെന്മാര്‍ക്കില്‍ കൊണ്ട് വരുന്നത്. തുടക്കത്തില്‍ ആണുങ്ങള്‍ മാത്രം ആയിരുന്നു ഇവിടെ വന്നിരുന്നത്. പിന്നീട് മനുഷ്യാവകാശ പ്രവര്‍ത്തന ഫലം ആയി, അവരുടെ കുടുംബാംഗങ്ങളെ കൂടി ഇവിടെ കൊണ്ട് വരുവാന്‍ അനുമതി ലഭിച്ചു. ഒരിക്കല്‍ കിട്ടിയ അവസരം മുതലെടുത്ത്, പാകിസ്ഥാനികള്‍ , വിവാഹം കഴിച്ചും കഴിപ്പിച്ചും , കള്ളത്തരത്തില്‍ ഇവിടെ കുടിയേറി തുടങ്ങിയപ്പോള്‍ ഡെന്‍മാര്‍ക്കിലെ പൌരസമൂഹം ഇവര്‍ക്കെതിരെ തിരിയുകയും ഇവരുടെ കുടിയേറ്റത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു. ഇപ്പോള്‍ ഡെന്മാര്‍ക്ക്‌ നിയമ നിര്‍മ്മാണ സഭയില്‍ പോലും പാകിസ്താന്‍ പ്രാതിനിധ്യം ഉണ്ട്.  ഇവിടെ  പാകിസ്ഥാനികള്‍ പ്രധാനമായും ഡ്രൈവര്‍മാരായിട്ടാണ് തോഴിലെടുക്കുന്നത്. ഇവരാണ് ഇവിടെ ഉള്ള ടാക്സി ഡ്രൈവര്‍മാറില്‍ ഏറെയും. ഇവരാണ് ഡെന്മാര്‍ക്കിലെ വ്യഭിചാരം, മയക്കുമരുന്ന് , മാഫിയ ശ്രിംഘല  നിയന്ത്രിക്കുന്നതും.   അധോലോകം മുഴുവന്‍ ഇവരുടെ നിയന്ത്രണത്തില്‍ ആയതിനാല്‍ ഡെന്മാര്‍ക്കുകാര്‍ ഇവരെ സംശയ ദ്രിഷ്ടിയോടു കൂടി ആണ് ഇവരെ കാണുന്നത്.

പ്രസിദ്ധമായ കാള്‍ട്ടന്‍ ഹോട്ടലില്‍ ആണ് ഞങ്ങള്‍ക്ക് താമസമോരുക്കിയിരിക്കുന്നത്. ഹോട്ടലില്‍ ചെന്ന് ഫ്രഷ്‌ ആയി, ഞാനും രോഹിതും കൂടി സിറ്റി കാണുവാന്‍ ഇറങ്ങി തിരിച്ചു. ഞങ്ങള്‍  കുറെ ദൂരം നടന്നു, പ്രകൃതി ദ്രിശ്യങ്ങള്‍ എല്ലാം കണ്ടു ടിവോളി പാര്‍ക്കില്‍ പോകുവാനായി ബസ്‌ കാത്തു നിന്ന്. ബസ്സില്‍ ഒരു സ്ത്രീ ആണ് ഡ്രൈവര്‍. അവര്‍ തന്നെ ഞങ്ങള്‍ക്ക് ടിക്കറ്റ് നല്‍കി. ബസ്സില്‍ പ്രായമായവരും സ്ത്രീകളും ആണ് യാത്രക്കാരില്‍ കൂടുതലും. ഞങ്ങള്‍ ടിവോളി പാര്‍ക്കിനു മുന്നിലുള്ള  സ്റ്റോപ്പില്‍ ഇറങ്ങി. സിറ്റിയുടെ ഒത്ത നടുക്കാണ് ടിവോളി പാര്‍ക്ക് സ്ഥിതി ചെയുന്നത്. ടിവോളി പാര്‍ക്കിനു മുന്നില്‍ ആണ്, കോപ്പന്‍ഹാഗന്‍ സെന്‍ട്രല്‍ റെയില്‍വെ സ്റേഷന്‍. വളരെ പുരാതനമായ സ്റ്റേഷന്‍ ആണത്. ഇന്‍റര്‍ സിറ്റി ട്രെയിനുകള്‍ എല്ലാം ഇവിടെ നിന്നാണ് പുറപ്പെടുന്നത്. 1847 ല്‍ ആണ് ഈ സ്റ്റേഷന്‍ ആദ്യമായി ഇവിടെ പണിതത്. ഞങ്ങള്‍ റെയില്‍വേ സ്റ്റേഷനില്‍ കയറി നോക്കി. ഞങ്ങളുടെ കൈയില്‍ ഡെന്മാര്‍ക്കിന്റെ കറന്‍സി ഇല്ല. ഡോളര്‍ മാറി, ഡാനിഷ് ക്രോണര്‍   കയ്യില്‍ കരുതണം. ഒരു ഡോളറിനു അഞ്ചര  ഡാനിഷ് ക്രോണര്‍ ആണ് ഞങ്ങള്‍ക്ക് കിട്ടിയത്. പണം മാറിയ ഉടനെ ഞങ്ങള്‍ സ്റേഷന് അകത്ത് തന്നെ ഉള്ള ഫുഡ്‌ കോര്‍ട്ടില്‍ നിന്ന്  ഭക്ഷണം കഴിച്ചു.  പുറത്തു ചെറിയ ചാറ്റല്‍ മഴ ഉണ്ട് എങ്കിലും പ്രസന്നമായ അന്തരീക്ഷം. 


ഞങ്ങള്‍ വെളിയില്‍ ഇറങ്ങി, ഇപ്പോള്‍ മണി രണ്ടു കഴിഞ്ഞിട്ടെ ഉള്ളൂ. രാത്രി വരെ ചുറ്റിക്കറങ്ങണം, എങ്ങോട്ടു പോകണം, എവിടെ പോകണം എന്നൊന്നും അറിയില്ല. വെറുതെ കുറെ നേരം വെളിയില്‍ ഇറങ്ങി നഗരത്തിന്‍റെ വിഗഹ വീക്ഷണം നടത്തി. മുന്നില്‍ ടിവോളി പാര്‍ക്ക് മാടി വിളിക്കുന്നു. സ്കാഡിനെവിയയിലെ ഏറ്റവും വലിയ അമ്യുസ്‌മെന്റ് പാര്‍ക്കാണ് പ്രസിദ്ധമായ ടിവോളി ഗാര്‍ഡന്‍സ്‌. 1843 ല്‍ ആരംഭിച്ച ഈ പാര്‍ക്ക് ആണ്, ലോകത്തിലെ ഏറ്റവും പഴക്കമേറിയ രണ്ടാമത്തെ പാര്‍ക്ക്. പാരീസിലെ ഡിസ്നിലാന്‍ഡ്‌ കഴിഞ്ഞാല്‍, യൂറോപ്പില്‍ ഏറ്റവും അധികം ആളുകള്‍ സന്ദര്‍ശിക്കുന്ന പാര്‍ക്കും ടിവോളി ആണ്. ഞങ്ങള്‍ ടിവോളി ഗാര്‍ഡന്റെ ഗേറ്റില്‍ പോയി, എന്‍ട്രി പാസ്‌ എടുക്കുവാന്‍ നോക്കിയപ്പോള്‍ മനസിലായി, ഇത് ഞങ്ങള്‍ക്ക് പറ്റിയ  ഇടമല്ല എന്ന്. ഗാര്‍ഡനില്‍ അകത്ത് കടക്കുവാന്‍ മാത്രം 100 ക്രോണര്‍ ആണ് ചാര്‍ജു. ഞങ്ങള്‍ അവിടെ നിന്ന് തിരിഞ്ഞു നടന്നു. നഗരത്തിന്‍റെ മറു വശത്തു, തിരക്കുള്ള ഭാഗത്ത്  ഞങ്ങള്‍ നടന്നു ചെന്നപ്പോള്‍ അവിടെ   അനേകം ബസുകള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് കണ്ടു.. അവയില്‍ സൈറ്റ്  സീയിംഗിനു ഉള്ള മുകള്‍ ഭാഗം തുറന്ന ഇരു നില ബസ്സുകളും ഉണ്ട്. സിറ്റി കാണുവാന്‍ ഇതാണ് ഏറ്റവും നല്ല മാര്‍ഗം എന്ന് കരുതി ഞങ്ങള്‍ ഒരു ബസിനു അടുക്കലേക്ക് ചെന്നു. ബസിനു അടുക്കലെയ്ക്ക് ചെന്നപ്പോഴേ ബസ്സിന്റെ ഡ്രൈവര്‍ ഹിന്ദിയില്‍ ഞങ്ങളെ ബസ്സിലേക്ക് സ്വാഗതം ചെയുന്നു. " ആയിയേ... ആയിയേ... ബായി ആയിയേ.... "  ഈ വാക്കുകള്‍ കേട്ടപ്പോള്‍  ഞങ്ങള്‍ ശരിക്കും ഞെട്ടി. ഡെന്മാര്‍ക്കിലും ഹിന്ദി ആണോ പ്രധാന ഭാഷ? അതോ, ടൂറിസത്തിന് വേണ്ടി ഇവര്‍ ഹിന്ദി ഭാഷയില്‍ ഡ്രൈവര്‍മാര്‍ക്ക് പരിശീലനം കൊടുക്കുന്നത് ആണോ? എന്തായാലും ഹിന്ദിയില്‍ ഉള്ള  ഡ്രൈവറുടെ സംഭാക്ഷണം ഞങ്ങളെ സന്തോഷിപ്പിച്ചു. ടിക്കറ്റ്  എടുക്കാനായി ചെന്ന ഞങ്ങളോട് ഡ്രൈവര്‍ പറയുകയാണ്‌, ഒരു ടിക്കറ്റിനു 150 ക്രോണര്‍ ആണ്  ചാര്‍ജു. നിങ്ങള്‍ ടിക്കറ്റ് എടുക്കണ്ട, ഇറങ്ങുമ്പോള്‍ ഇഷ്ടം ഉള്ള തുക തന്നാല്‍ മതി. ടിക്കറ്റില്ലാതെ യാത്ര ചെയ്തു ഡെന്മാര്‍ക്കിലെ ജയിലില്‍ കിടക്കേണ്ടി വരുമോ എന്ന ഞങ്ങളുടെ ഭയം അസ്ഥാനത്ത്  ആണ് എന്നും അദേഹം ഞങ്ങളെ പറഞ്ഞു മനസിലാക്കി. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഡെന്മാര്‍ക്കില്‍ ജോലിക്കായി വന്ന പാക്കിസ്ഥാനി ആയിരുന്നു ഈ വാഹനത്തിന്റെ ഡ്രൈവര്‍. എന്തായാലും ഞങ്ങള്‍ മുകളിലെ ഓപ്പന്‍ ഡെക്കില്‍ ഇരുന്നു, ഹെഡ്  ഫോണ്‍ ചെവിയില്‍ തിരുകി അതില്‍ ഇംഗ്ലീഷ്  ഭാഷ  തെരഞ്ഞെടുത്തു. ടിക്കറ്റ് എടുക്കുകയാണ് എങ്കില്‍ പണം മുഴുവന്‍ കമ്പനിക്ക് പോകും, അല്ലെങ്കില്‍ കിട്ടുന്ന പണം ഡ്രൈവറുടെ പോക്കറ്റിലും.

ചരിത്രമുറങ്ങുന്ന പട്ടണം ആണ് കോപ്പന്‍ഹാഗന്‍,..  മനോഹരമായ റോഡുകളും തടാകങ്ങളും കനാലുകളും നിറഞ്ഞ തെരുവിലൂടെ ഞങ്ങളുടെ വാഹനം മുന്നോട്ടു നീങ്ങി. ഓരോ തെരുവിന്‍റെയും അവിടെ ഉള്ള കെട്ടിടങ്ങളുടെയും പ്രധാന ആകര്‍ഷണങ്ങളുടെയും വിശദാംശംങ്ങള്‍ ഹെഡ്‌ ഫോണിലൂടെ പറഞ്ഞു തന്നു കൊണ്ടിരുന്നു.
യാത്ര തുടങ്ങുമ്പോള്‍ ടിവോളി ഗാര്‍ഡന് എതിര്‍ ഭാഗത്ത്  പ്രമൂഖ ബിയര്‍ നിര്‍മ്മാതാവായ കാര്‍ല്സ്ബര്‍ഗ് നിര്‍മ്മിച്ച  ആര്‍ട്ട്‌ മ്യുസിയം കടന്നാണ് ഞങ്ങളുടെ ബസ്‌ മുന്നോട്ടു  പോകുന്നത്. മ്യുസിയത്തില്‍ ഞങ്ങള്‍ കയറിയില്ല എങ്കിലും അതിന്റെ പരിസരം പോലും അതി മനോഹരം എന്നെ പറയേണ്ടു. സ്കല്‍പ്ചറിനും പെയിന്റിംഗിനും പ്രാമുഖ്യം കൊടുക്കുന്ന ആര്‍ട്ട്‌ മ്യുസിയം ആണ് ഇത്. അതി പുരാതന സംസ്കാരങ്ങളുടെ   ഈജിപ്റ്റ്‌ , ഗ്രീസ്, റോമ, ഫ്രഞ്ച് തുടങ്ങിയ ഇടങ്ങളിലെ പുരാതനമായ സ്കല്‍പ്ചറുകളും ചിത്രങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ഡെന്മാര്‍ക്കിലെ ഏറ്റവും പ്രസിദ്ധനായിരുന്ന രാജാവ്‌, ക്രിസ്ത്യന്‍ നാലാമനെ കുറിച്ചാണ്  കൂടുതല്‍ കമന്ററിയും. 1588 മുതല്‍  1648 വരെ ഡെന്മാര്‍ക്ക്‌ ഭരിച്ച ക്രിസ്ത്യന്‍ നാലാമന്‍ ആണ് ഡെന്മാര്‍ക്കിന്റെ ഏറ്റവും ആദരണീയനായ, ജനങ്ങള്‍ ഏറ്റവും അധികം ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന രാജാവ്. യുദ്ധങ്ങള്‍ ജയിക്കുകയും തോല്‍ക്കുകയും, ഏറ്റവും സമ്പന്നനും ഏറ്റവും ദരിദ്രനും ആയ  രാജാവായിരുന്നു അദേഹം. സുന്ദരികള്‍ ആയ സ്ത്രീകള്‍ എന്നും ഇദേഹത്തിന്റെ ഒരു ബലഹീനത ആയിരുന്നു എന്നും ചരിത്രം പറയുന്നു.  സ്കാന്‍ഡിനെവിയന്‍ രാജ്യങ്ങളില്‍ ഏറ്റവും വലിയ ഉരുക്ക് മുഷ്ടി ഉണ്ടായിരുന്ന രാജ്യം ആയിരുന്നു ഡെന്മാര്‍ക്ക്‌. ഒരു കാലത്ത്, സ്വീഡനെയും, നോര്‍വേയെയും, ഇംഗ്ലണ്ടിനെയും ജെര്‍മനി, ഹോളണ്ട് തുടങ്ങിയ രാജ്യങ്ങളുടെ ഒരു ഭാഗത്തെയും ഭരിച്ചിരുന്നത് ഡെന്മാര്‍ക്ക്‌ ആണ്. വളരെ ശക്തവും സമ്പന്നവും ആയിരുന്നു ഡെന്മാര്‍ക്ക്‌. കലയ്ക്കും വിനോദത്തിനും അതിരറ്റ സംഭാവന  നല്‍കിയ  നാട് കൂടി ആണ്  ഡെന്മാര്‍ക്ക്‌..

 
ബസ്‌ മുന്നോട്ടു നീങ്ങുമ്പോള്‍ കോട്ടകളും കൊട്ടാരങ്ങളും മുന്നില്‍ നിറയുന്നു. നാലുവശവും കടല്‍ ആയതിനാല്‍ ആകും, ലോകത്തിലെ ഏറ്റവും ശക്തരായ നാവികര്‍ ആണ് ഡാനിഷ് കാര്‍. പല യുദ്ധങ്ങളും ഇവര്‍ ജയിച്ചത്‌, ഇവരുടെ നാവിക പ്പടയുടെ ശക്തി കൊണ്ടാണ്. പതിനഞ്ചാം നൂറ്റാണ്ടില്‍ നാവികര്‍ക്കും പട്ടാളക്കാര്‍ക്കും താമസിക്കുവാന്‍ ഒരുക്കിയിരുന്ന ബാരക്കുകളും കെട്ടിടങ്ങളും ഇന്നും ചരിത്രമായി അവശേഷിക്കുന്നു.

ഷേക്സ്പിയറുടെ ഹാംലെറ്റ് എന്ന കൃതിയില്‍ വിശേഷിപ്പിക്കുന്ന  ക്രോന്ബോര്ഗ് കോട്ട ആണ് ഡെന്മാര്‍ക്കിലെ എല്സ്നോറിലെ  മറ്റൊരു ആകര്‍ഷണം. കടലിനടുത്ത് ആണ്  മനോഹരമായ ഈ കോട്ട സ്ഥിതി ചെയുന്നത്.

ഡെന്മാര്‍ക്കിലെ പാര്‍ലിമെന്റ് മന്ദിരം , മന്ത്രി മന്ദിരങ്ങള്‍, സുപ്രീം കോര്‍ട്ട് എല്ലാം സ്ഥിതി ചെയുന്നത്  ക്രിസ്ത്യന്‍ബോര്‍ഗ് പാലസില്‍ ആണ്. അതി മനോഹരമാണ് ഈ കൊട്ടാര സമുച്ചയങ്ങള്‍. പഴമയുടെ വിശുദ്ധി അതി മനോഹരമായി സമജ്ജയിപ്പിച്ചിരിക്കുന്നു ഈ കൊട്ടാരവളപ്പില്‍.   അനേകം ശില്പങ്ങള്‍ കൊണ്ട്  നിറഞ്ഞിരിക്കയാണ് ഈ കൊട്ടാര വളപ്പ്...

കടല്‍ക്കരയില്‍ ഒരിടത്ത് ഞങ്ങളുടെ ബസ്‌ നിര്‍ത്തി, ഒരു ചെറിയ പാര്‍ക്കായിരുന്നു. അവിടെ ആണ്   എച്ചു. സി.  ആണ്ടെര്‍സന്‍ എന്ന വിഖ്യാത എഴുത്തുകാരന്‍ വിവരിച്ചു തന്ന  മേര്‍ മെയിഡ്  എന്ന മത്സ്യ കന്യക. മത്സ്യ കന്യകയുടെ ശില്‍പം ഡെന്മാര്‍ക്കിലെ വിനോദ സഞ്ചാരികളുടെ ഒരു വലിയ ആകര്‍ഷണം ആണ്. കുട്ടികാലത്ത് പഠിച്ച  ഹാന്‍ ക്രിസ്ത്യന്‍ ആണ്ടെര്സനെ കുറിച്ച് കൂടുതല്‍ അറിയുവാനും ഈ യാത്ര ഉപകരിച്ചു. 1805 ല്‍ ജനിച്ചു  1875 വരെ ജീവിച്ച ആണ്ടെര്സന്‍ കുട്ടികളുടെ സാഹിത്യത്തിന് വിലപ്പെട്ട സംഭാവനകള്‍ ആണ് തന്‍റെ ഫെയറി കഥകളിലൂടെ നല്‍കിയിട്ടുള്ളത്. ഇദേഹത്തിന്റെ പ്രധാന കൃതികള്‍  "The Steadfast Tin Soldier," "The Snow Queen," "The Little Mermaid," "Thumbelina," "The Little Match Girl," and "The Ugly Duckling." ഇവയാണ്.  ഡാനിഷ് ജനത കടലും ആയി അഗാധ ബന്ധം പുലര്‍ത്തുന്ന  നാവികര്‍ ആണ്. ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനികള്‍  ടെന്മാര്‍ക്കിന്റെത് ആണ്. ഇവയെല്ലാം ഞങ്ങളുടെ ഹെഡ്‌ ഫോണില്‍ കൂടി വിവരിച്ചു തരുന്നു. വീണ്ടും മുന്നോട്ടു പോകുമ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനി ആയ എ പി എല്‍ മേര്‍സ്കിന്റെ ആസ്ഥാന മന്ദിരം കാണിച്ചു തന്നു. മനോഹരമായ വീഥികള്‍, പ്രകാശമുള്ള നല്ല കാലാവസ്ഥ. മഴ മാറിയിരിക്കുന്നതിനാല്‍ നല്ല തെളിഞ്ഞ അന്തരീക്ഷം.

ഇപ്പോള്‍ ഞങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന കെട്ടിടം റോസെന്‍ബെര്‍ഗ് പാലസ് ആണ്. ലോകത്തിലെ എല്ലാ സുഖഭോഗങ്ങളും  അനുഭവിക്കുവാന്‍ ക്രിസ്ത്യന്‍ നാലാമന്‍ തന്‍റെ കാലത്ത് പണി കഴിപ്പിച്ച അതി മനോഹരമായ കൊട്ടാരം ആണ്  റോസെന്‍ബെര്‍ഗ് കൊട്ടാരം. ഡാനിഷ് റിനൈസനന്‍സ്‌ മോഡലില്‍ ആണ് പ്രസിദ്ധമായ ഈ കൊട്ടാരം പണി കഴിപ്പിചിട്ടുള്ളത്.
റോസെന്‍ബെര്‍ഗ് കൊട്ടാര വീഥികല്‍ കടന്നു ബസ്‌ വീണ്ടും മുന്നോട്ടു പോയി കൊണ്ടിരുന്നു, ഇപ്പോള്‍ ഞങ്ങളുടെ മുന്നില്‍ മനോഹരമായ കനാലുകള്‍ കാണാം. നിഹാവുന്‍ എന്ന അതി മനോഹരമായ വാട്ടര്‍ ഫ്രന്റ് ആണ് ഇവിടം. ഡെന്മാര്‍ക്കില്‍ വരുന്ന വിനോദ സഞ്ചാരികള്‍ എല്ലാവരും ഇവിടെ വന്നു ഈ കനാലുകളുടെ സൌന്ദര്യം നുകരുന്നു. വളരെ പുരാതനമായ തടി കൊണ്ടുള്ള ബോട്ടുകള്‍ ഇപ്പോഴും ഇവിടെ ഉണ്ട്. കനാലുകളില്‍ ബോട്ടിംഗ് നടത്തുന്ന  ജനങ്ങള്‍.,.... എല്ലാ ബോട്ടുകളും നിറഞ്ഞു കവിഞ്ഞു  ജനങ്ങള്‍. എല്ലാവരുടെ കൈ വശവും ബിയര്‍ ടിന്നുകള്‍.,.... ജനങ്ങള്‍ ശരിക്കും ആഘോഷത്തിന്റെ തിമിര്‍പ്പില്‍ ആണ്. പല നിറത്തില്‍ വര്‍ണ്ണങ്ങള്‍ ചാലിച്ച പുരാതനമായ കെട്ടിടങ്ങള്‍ ആണ് കനാലുകള്‍ക്ക് ഇരുവശവും. അതി മനോഹരമായ വര്‍ണ്ണ ഉത്സവം.

ഫ്രീ ടൌണ്‍ ക്രിസ്ത്യാനിയയുടെ അടുക്കല്‍ കൂടി ആണ് ഇപ്പോള്‍ ബസ്‌ നീങ്ങുന്നത്. ഫ്രീ ടൌണ്‍ ക്രിസ്ത്യാനിയ  എന്നത് പേര് പോലെ തന്നെ ഒരു ഫ്രീ ടൌണ്‍ ആണ്. ഇവിടെ ആര്‍ക്കും എന്തും ആകാം. ഒരു രാജ്യത്തിനകത്ത് മറ്റൊരു നിയമവും ആയി പുതിയൊരു പ്രദേശം.   1617 ല്‍ ക്രിസ്ത്യന്‍ നാലാമന്‍ ആണ്, പഴയ കാല പട്ടാള ബാരക്കുകള്‍ ഉണ്ടായിരുന്ന ഈ പ്രദേശത്തെ ക്രിസ്ത്യാനിയ എന്ന പേര് നല്‍കി പ്രത്യേക നിയമങ്ങള്‍ ഉള്ള പ്രദേശം ആക്കി തിരിച്ചത്. കോപ്പന്‍ഹാഗന്‍ സിറ്റിക്ക് അകത്ത്, 34 ഹെക്ടര്‍ സ്ഥലത്താണ്, ലോകത്തെ എല്ലാ തോന്ന്യവാസങ്ങളും നടമാടുന്ന ഈ പ്രദേശം സ്ഥിതി ചെയുന്നത്. 


സ്വാതന്ത്ര്യം എന്ന പേരില്‍ എല്ലാവിധമായ  തെണ്ടിത്തരങ്ങളും നടക്കുന്ന സ്ഥലം എന്നാണ്, ഗൈഡ് ഇതേക്കുറിച്ച് വിശദീകരിച്ചു തന്നത്. ക്രിസ്ത്യന്‍ നാലാമന്‍ ആണ് ഇത് പണി കഴിപ്പിച്ചത് എങ്കിലും അതിനു ശേക്ഷം വന്ന എല്ലാ രാജാക്കന്മാരും ഭരണാധികാരികളും ഈ പ്രദേശത്തെ സംരക്ഷിച്ചു പോന്നു.  മുനിസിപ്പാലിറ്റിക്കോ അല്ലെങ്കില്‍ സര്‍ക്കാരിനോ, ഇവിടെ യാതൊരു അധികാരവും ഇല്ല. ഈ ചെറിയ പ്രദേശത്തു താമസിക്കുന്നവര്‍ക്ക് അവരുടെതായ നിയമം ആണ് ഉള്ളത്. ഫ്രീ ടൌണിനെക്കുറിച്ച്  വളരെ മോശമായ അഭിപ്രായങ്ങള്‍ ഉള്ളപ്പോള്‍ പോലും, ഇവിടെ ഉള്ള പഴയകാല ശില്പ സൌന്ദര്യം സംരക്ഷിക്കേണ്ട ഒന്നാണ്. ഇവടെ അനേകം കലാകാരന്മാര്‍ വന്നു തങ്ങളുടെ കലാവിരുത് പ്രകടിപ്പിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയം. 


ലോകത്തിലെ ഏറ്റവും ശക്തമായ ലഹരി പദാര്‍ഥങ്ങള്‍ ഇവിടെ വളരെ ഫ്രീ ആയി വിറ്റഴിയുന്നു. മാരിജുവാനയും കൊക്കയ്നും  കഞ്ചാവും ഹാഷിഷും എല്ലാം യാതൊരു മറയും ഇല്ലാതെ വില്‍ക്കുന്ന പ്രദേശം ആണ് ഫ്രീ ടൌണ്‍,... അത് പോലെ വസ്ത്രം ധരിച്ചും ധരിക്കാതെയും ഇഷ്ടം പോലെ ജനങ്ങള്‍ക്ക്‌ ഈ പ്രദേശത്തു കഴിയാം. ഇവിടെ ഗുണ്ടാ സംഘങ്ങള്‍ തിമിര്‍ത്തു വാഴുന്ന പ്രദേശം കൂടിയാണ്. ഈ പ്രദേശത്തു ഫോട്ടോ എടുക്കുവാന്‍ ആര്‍ക്കും അവകാശം ഇല്ല. ഇവിടെ മെഡിറ്റേഷ ന്‍, യോഗ എന്നിവയ്ക്ക് അനേകം പേര്‍ എത്തുന്നു എന്നതും വളരെ കൌതുകകരം ആണ്. സ്വവര്‍ഗ രതിയുടെ തലസ്ഥാനം ആയിട്ടാണ് ക്രിസ്ത്യാനിയ അറിയപ്പെടുന്നത് എങ്കിലും ഇവിടെ   വേശ്യാവൃത്തിയും അതിന്റെ ഉച്ചസ്ഥായിയില്‍ ആണ്. സ്വവര്‍ഗ രതിക്കാരുടെ ഫെസ്റ്റിവലുകള്‍ ഇവിടെ സംഘടിപ്പിക്കാറുണ്ട് എന്നതും പ്രത്യേകം എടുത്തു പറയേണ്ടത് ആണ്. സ്വകാര്യ വാഹനങ്ങള്‍ക്ക് പോലും ഈ പ്രദേശത്ത് കടക്കുവാന്‍ അനുവാദം ഇല്ല. കഴിഞ്ഞ കുറെ കാലങ്ങള്‍ ആയി, ഡെന്മാര്‍ക്ക്‌ സര്‍ക്കാര്‍, ഈ പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുവാന്‍ ശ്രമിച്ചു എങ്കിലും , ഈ പ്രദേശത്തെ ജനങ്ങളുടെ ചെറുത്തു നില്‍പ്പ് കാരണം അതിനു ഇത് വരെ കഴിഞ്ഞിട്ടില്ല. അത്ര മാത്രം ശ്കതമാണ്  ഇവിടെയുള്ള  മാഫിയ. സര്‍ക്കാര്‍ പരാജയപ്പെടുന്നത് ഇവരുടെ മുന്നില്‍ ആണ്.. നമ്മുടെ നാട്ടിലെ പാര്‍ട്ടി ഗ്രാമങ്ങള്‍ പോലെ... 


 
കോപ്പന്‍ ഹാഗനില്‍ യാത്ര ചെയുന്ന സഞ്ചാരികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട കൊട്ടാരം ആണ്, അമാലിയന്‍ബോര്‍ഗ് കൊട്ടാരം. ഇതാണ്  ഡെന്മാര്‍ക്കിലെ റോയല്‍ കുടുംബം താമസിക്കുന്ന മന്ദിരം. 1700 ല്‍ ആണ് ഡാനിഷ് ശില്പ കലാ സൗന്ദര്യത്താല്‍ ഈ കെട്ടിടം രൂപകല്‍പന ചെയ്തത്. നാല്  രാജകീയ കൊട്ടാരങ്ങള്‍ അടങ്ങിയ സൌധം ആണ് അമാലിയന്‍ബോര്‍ഗ്. ഡാനിഷ് റോയല്‍ ഗാര്‍ഡ്‌ ആണ് ഈ കൊട്ടാരത്തെ സംരക്ഷിക്കുന്നത്. ഇവിടെ റോയല്‍ ഗാര്‍ഡ്‌ ചേഞ്ച്‌ ചെയുന്നത് കാണുന്നത്  വളരെ വലിയ ഒരു ആകര്‍ഷണം ആണ്. അത് കാണുവാന്‍ പോലും സഞ്ചാരികള്‍ ഇവിടെ വരാറുണ്ട്. എല്ലാ ദിവസവും 11.45 നു ആണ് ഇവിടെ റോയല്‍ ഗാര്‍ഡ്‌ മാറുന്നത്...

ഞങ്ങളുടെ ബസ്‌ ഇപ്പോള്‍ എത്തി നില്‍ക്കുന്നത് അതി പുരാതനമായ സ്ട്രോഗേറ്റ്‌ സ്ട്രീറ്റില്‍ ആണ്. ഷോപ്പിംഗ്‌ ഏരിയ ആയതിനാല്‍ ആകണം, ഞങ്ങളുടെ ബസ്സില്‍ വന്നവരില്‍ പലരും ഇവിടെ തങ്ങളുടെ യാത്ര മുഴുമിപ്പിച്ചു ഷോപ്പിങ്ങിന് ആയി ഇറങ്ങി. വളരെ പഴക്കം ചെന്ന   എങ്കിലും മനോഹരമായി പരിപാലിച്ചിട്ടുള്ള  കെട്ടിടങ്ങള്‍ നിറഞ്ഞ വീഥി. ഇവിടെ ആണ് കോപ്പന്‍ ഹാഗനിലെ ഏറ്റവും വലിയ ഷോപ്പിംഗ്‌ കവാടം. ലോകത്തിലെ പ്രസിദ്ധമായ എല്ലാ ബ്രാന്‍ഡുകളും ഇവിടെ തങ്ങളുടെ ഷോപ്പുകള്‍ തുറന്നിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ കാല്‍നടക്കാരുടെ വീഥി എന്നാണു ഇത് അറിയപ്പെടുന്നത്. വീഥിയുടെ പ്രധാന കവലകളില്‍ ഇവിടം ഭരിച്ചിരുന്ന രാജാക്കന്മാരുടെ പ്രതിമകള്‍ തലയുയര്‍ത്തി നില്‍ക്കുന്നു.

അതെ, ഞങ്ങളുടെ ബസ്‌ യാത്ര അവസാനിക്കുകയാണ്. വീണ്ടും ടിവോളി ഗാര്‍ഡന് സമീപം ഞങ്ങളെ ബസ്സില്‍ നിന്നും ഇറക്കി. ഞാനും രോഹിതും ടിക്കറ്റ് എടുക്കാതെ ആണ് ബസില്‍ കയറിയത്. ഇറങ്ങുമ്പോള്‍ ഇഷ്ടം ഉള്ള തുക കൊടുക്കുവാന്‍ ആണ് ഞങ്ങളോട് പറഞ്ഞത്. ഞാനും രോഹിതും അമ്പതു ക്രോണര്‍ വീതം ഡ്രൈവര്‍ക്ക് കൊടുത്ത്  സലാം പറഞ്ഞു ബസ്സില്‍ നിന്നിറങ്ങി.  അയ്യാള്‍ക്കതു വലിയ സന്തോഷം നല്‍കി.

 ഇപ്പോള്‍ സമയം അഞ്ചു മണി ആകുന്നു.. ഇനിയും ധാരാളം സമയം ഉണ്ട്. മഴ ചെറുതായി പൊടിയുന്നു. എങ്കിലും ഞങ്ങള്‍ സ്ര്ടോഗറ്റ്‌ സ്ട്രീറ്റിലെക്ക് തന്നെ വീണ്ടും നടന്നു. ഡെന്മാര്‍ക്കിന്റെ ഓര്‍മ്മകള്‍ കാത്തു സൂക്ഷിക്കുവാന്‍ ചെറിയ ഒരു ഷോപ്പിംഗ്‌...,... ഒന്ന് രണ്ടു കടകളില്‍ കയറി വളരെ ചെറിയ  ചില തിരുശേഷിപ്പുകള്‍ ഒക്കെ സ്വന്തമാക്കി, തെരുവുകളില്‍ തലങ്ങും വിലങ്ങും നടന്നു. പാട്ടുകള്‍ പാടിയും, ഫാന്‍സി ഡ്രെസ് നടത്തിയും കുരങ്ങു കളിച്ചും ഒക്കെ പണം പിടുങ്ങുന്ന യാചകര്‍ തെരുവിന്‍റെ വശങ്ങളില്‍ സ്ഥിര താമസം ആക്കിയവരെ പോലെ... മനോഹരമായ ഒരു പാര്‍ക്കില്‍ എത്തിപ്പെട്ടു. അവിടെ കുറെ നേരം ഇരുന്നു, വീണ്ടും ഏതൊക്കെയോ തെരുവിലൂടെ ചുറ്റിക്കറങ്ങി, ലക്ഷ്യ ബോധമില്ലാതെ നടന്നു. ഇരുട്ട് വീണിട്ടില്ല എങ്കിലും ചെറിയ ചാറ്റല്‍ മഴ ഇപ്പോഴും അലോസരപ്പെടുത്തുന്നു. തിരികെ റെയില്‍വെ സ്റ്റേഷന് അടുത്തുള്ള ബസ്‌ സ്റ്റോപ്പിലേക്ക് ഞങ്ങള്‍ നടന്നു... 


നാളെ അതിരാവിലെ എനിക്ക് ആംസ്റ്റര്‍ ഡാമിലേക്ക് പോകണം. ആറര  മണിക്കാണ് ഫ്ലൈറ്റ്, അഞ്ചുയ്ക്ക് മുന്‍പെങ്കിലും എയര്‍ പോര്‍ട്ടില്‍ എത്തണം. രോഹിത്തും ഞാനും ഇവിടെ കോപ്പന്‍ ഗെഹനില്‍ വച്ച് വഴി പിരിയുകയാണ്. രോഹിത്തും നാളെ ആംസ്റ്റര്‍ ഡാമിലേക്ക് പോകും, മറ്റൊരു ഫ്ലൈറ്റില്‍, അവിടെ നിന്ന്  രണ്ടു നാള്‍ക്കകം നാട്ടിലേക്കും. എനിക്ക് ഈ ഒരു മാസം മുഴുവന്‍ ഹോളണ്ടിലും റഷ്യയിലും ആയി കഴിയണം... എന്തായാലും നേരത്തെ ഹോട്ടലില്‍ പോയി റസ്റ്റ്‌ എടുക്കാന്‍ തീരുമാനിച്ചു.
നല്ല വിശപ്പും ഉണ്ട്, പക്ഷെ എന്ത് കഴിക്കണം, ഇന്ത്യന്‍ ഭക്ഷണം വല്ലതും കിട്ടുമോ? രോഹിത്തിനു പ്രിയം ഇന്ത്യന്‍ ഭക്ഷണവും. ഞങ്ങള്‍ മുന്നോട്ടു നടക്കുമ്പോള്‍ റോഡു വക്കില്‍ ഇന്ത്യന്‍ ഹോട്ടലിന്‍റെ പരസ്യ ബോര്‍ഡും  ആയി ഒരു പാകിസ്ഥാനി പയ്യന്‍ നില്‍ക്കുന്നു. ഞങ്ങള്‍ അവനോടു പോയി വിവരങ്ങള്‍ തിരക്കി. അവന്‍ ഹിന്ദിയില്‍  തന്നെ  ഞങ്ങളോട്  ഹോട്ടലിന്‍റെ ലൊക്കേഷന്‍ വിശദീകരിച്ചു തന്നു. എന്തായാലും അവന്‍ തന്ന നിര്‍ദ്ദേശം അനുസരിച്ച് ഞങ്ങള്‍ ഇന്ത്യന്‍ ഹോട്ടല്‍ തപ്പി  കണ്ടു പിടിച്ചു. വളരെ ഇടുങ്ങിയ ഒരു ഹോട്ടല്‍., താഴെ വളരെ കുറച്ചു ഇരിപ്പിടങ്ങള്‍ മാത്രം. താഴെ രണ്ടു മേശകളും അവയ്ക്ക് നാല് കസേരകള്‍ വീതവും. അതില്‍ വെളുത്ത വര്‍ഗക്കാരായ രണ്ടു മൂന്നു പേര്‍.,  ഞങ്ങള്‍ മുകളിലെ നിലയിലേക്ക് പോയി, അവിടെ രണ്ടു വരികളില്‍ ആയി ആറു മേശകളും ഓരോന്നിനും നാല് കസാലകള്‍ വീതവും. വളരെ ചെറിയ റെസ്റ്റൊരെന്‍റ്. ഓര്‍ഡര്‍ എടുക്കാന്‍ വന്ന  ആള്‍ പാകിസ്ഥാനി ആണ്, പക്ഷെ മെനു കാര്‍ഡില്‍ എല്ലാം ഇന്ത്യന്‍ വിഭവങ്ങളും. ഞങ്ങള്‍ ഓര്‍ഡര്‍ കൊടുത്ത് കുറെ നേരം ഇരുന്നു, അതിനിടയില്‍ എല്ലാ മേശകളും ആളുകളെ കൊണ്ട് നിറഞ്ഞു. ഞങ്ങള്‍ ഒഴിച്ച് ബാക്കി ഉള്ളവര്‍ എല്ലാം വെളുത്ത വര്‍ഗക്കാര്‍, തദ്ദേശിയരോ, വിനോദ സഞ്ചാരികളോ... അറിയില്ല. എന്തായാലും വളരെ നേരത്തിനു ശേക്ഷം ഭക്ഷണം വന്നു... സര്‍വീസ്‌ ചെയ്യാന്‍ ഒരാള്‍ മാത്രവും... കുറെ കഴിഞ്ഞപ്പോള്‍ വഴിയില്‍ പ്ലക്കാര്‍ഡും പിടിച്ചു നിന്ന പയ്യനും സര്‍വീസിംഗിന് വന്നു... കച്ചവടത്തിന് വേണ്ടി മാത്രം, ഇന്ത്യന്‍ പേരുകള്‍ ഉപയോഗിക്കുന്നു എന്ന് മാത്രം, അല്ലാതെ ഇതൊരു ഇന്ത്യന്‍ റെസ്റ്റൊരെന്‍റ് അല്ല, പാക്കിസ്ഥാനി റെസ്റ്റൊരെന്‍റ് ആണ് എന്ന് ഞങ്ങള്‍ക്ക് മനസിലായി. കച്ചവട താല്പര്യത്തിന് വേണ്ടി മാത്രം ആണ് ഇന്ത്യയുടെ പേര് ഇവര്‍ ഉപയോഗിക്കുന്നത്. ചെറിയ  ഇടുങ്ങിയ  റെസ്റ്റൊരെന്‍റ് ആണെങ്കിലും ഇന്ത്യന്‍ എന്ന പേര് കേട്ടപ്പോള്‍ എല്ലാ മേശകളും വളരെ പെട്ടെന്ന് നിറഞ്ഞു.  ഇന്ത്യന്‍ ഭക്ഷണങ്ങള്‍ക്ക് വലിയ ഇഷ്ടം ആണ് വിദേശിയര്‍ക്കു, പലപ്പോഴും അവര്‍ കബളിപ്പിക്കപ്പെടുക ആണ് പതിവ്.

ഭക്ഷണം കഴിഞ്ഞു ഞങ്ങള്‍ ചെറു ചാറ്റല്‍ മഴയുടെ സൌന്ദര്യവും നുകര്‍ന്ന്, ബസ്‌ സ്റ്റോപ്പില്‍ നിന്നും ബസില്‍ കയറി, ഹോട്ടലിനു സമീപം ഉള്ള സ്റ്റോപ്പില്‍ ഇറങ്ങി. അടുത്തു കണ്ട മെട്രോ  ഹൈപ്പര്‍ മാര്‍ക്കറ്റില്‍ പോകുവാന്‍ എത്തിയപ്പോള്‍ അത് പൂട്ടിയിരിക്കുന്നതായി കണ്ടു. യൂറോപ്പിലെ ഏറ്റവും വലിയ സൂപ്പര്‍ മാര്‍ക്കറ്റ്‌ ചെയിനുകളില്‍ ഒന്നാണ് മെട്രോ, എങ്കിലും യൂറോപ്പില്‍ ഒരിടത്തും അത് ആറു മണിക്ക് ശേക്ഷം തുറന്നു പ്രവര്‍ത്തിക്കില്ല. തിരികെ ഹോട്ടലില്‍ എത്തി, ഫ്രഷ്‌ ആയി കിടക്കയിലേക്ക് ... 

Saturday 25 August 2012

മേതിലും അനിലിന്‍റെ പരീക്ഷണങ്ങളും

  മേതില്‍ എടുക്കാന്‍ കയറിയത് ഡിലന്‍ തോമസ്എറിഞ്ഞ പന്ത് ആയിരുന്നു എന്ന് അറിയുവാന്‍ ഇത്ര കാലം വേണ്ടി വന്നുവല്ലോ.  രാവിലെ മേതിലിനെയും തോളിലേറ്റി ആണ് ഗര്‍ഹൂദിലെ  മിത്സുബിഷി സര്‍വീസ്സെന്‍ററില്‍ പോയത്. അദേഹത്തെ വായിച്ചിട്ടും ശ്ശി ആയി...


പുലവന്‍  ആകാശത്തിലേക്ക് കുത്തി നിര്‍ത്തിയ കയറിന്‍റെ മുകളില്‍ കയറി ഡിലന്‍ തോമസ് എറിഞ്ഞ പന്ത് എടുത്തു  തിരികെ വരണം . മറ്റൊന്നും അനിലിന്‍റെ മനസ്സില്‍ അതുവരെയും ഉണ്ടായിരുന്നില്ല. പക്ഷെ മനുഷ്യ വലയത്തിനു പുറത്തു കടന്നപ്പോള്‍  ആണ് ശോഭാ ഗോപിനാഥിനെ കാണുന്നത്. അവളോട്കുറെ ശ്രിംഗാരവും കഴിഞ്ഞു വേളിക്കാര്യം ആലോചിച്ചപ്പോള്‍ ആണ് അവള് മുന വെച്ചൊരു ചോദ്യം എറിഞ്ഞത്.  ശ്രിംഗാരം കഴിയുമ്പോള്‍ അയ്യാള്‍ ഈയിടെ ആയി എന്നും അസ്വസ്ഥനാണ്, അത് അനിലിലെ ആത്മാര്‍ഥത ഇല്ലായ്മ ആണെന്ന് ശോഭയ്ക്ക് നന്നായി അറിയാം. ആണുങ്ങള്‍ വലിയ വീണ് വാക്കുകള്‍  പറയുന്നവര്‍ ആണല്ലോ...  
"അനിലേട്ടന് ഒരു ഭാര്യേം കുടുംബോം ഉള്ളതല്ലേ... ഞാന്‍  വിവാഹ മോചനം നേടി ഇപ്പൊ ഒറ്റത്തടി ആണ്... എനിക്ക് പ്രശനം ഒന്നും ഇല്ല...ഇപ്പൊ വന്നു ശ്രിംഗരിച്ചു പോവുന്ന പോലെ ഇനിയും അങ്ങോട്ട്പോയാല്‍ പോരെ?" ഒറ്റത്തടി ആയിരിക്കുന്നതിലെ ആഹ്ലാതം ശോഭയുടെ കണ്ണുകളില്‍ അലയടിക്കുന്നത് കാണുവാന്‍ അനിലിനും കഴിഞ്ഞില്ല.
താക്കോല്‍ പഴുതിലൂടെ പത്രം ഇടുന്നതിനു പകരം മാപ്പ് എഴുതി വച്ചിട്ട് പോയവന്‍റെ ഉരുക്ക് വളകള്‍ അവന്‍റെ പോക്കറ്റില്‍ ഇപ്പോഴും കാണും.
ഞെട്ടിയുണര്‍ന്നു നോക്കിയപ്പോള്‍ ഫയലും പേപ്പറും ആയി തോമസ്മുന്നില്‍.
"ഇരുപത്തി അയ്യായിരത്തിന്‍റെ സര്‍വീസ്ആണ്..." ഞാന്‍ മൊഴിഞ്ഞു."ഇതെന്താ സാറേ, മീറ്റര്‍ മുപ്പതിനായിരം കടന്നല്ലോ, അപ്പോള്‍ ഇരുപത്തി അയ്യായിരത്തിന്റെ സര്‍വീസോ?"ചില ഇടവേളകള്‍ ഇങ്ങനെ ആണ്, അത് കാലവും ആയി ഒരു ബന്ധവും ഇല്ലാതെ കണ്ണ് മിഴിച്ചു കൊണ്ടിരിക്കും.സര്‍വീസ്കഴിഞ്ഞു പജെറോ, ഇനി നാല് മണിക്ക് മാത്രം. നീണ്ട എട്ടു മണിക്കൂറുകള്‍ എനിക്ക് മാത്രം സ്വന്തം. പോക്കറ്റിലെ നോള്‍ കാര്‍ഡില്‍ കൈ തടവി. ക്യാപ്റ്റന്‍ സുക്കൂര്‍, അപ്പോഴേക്കും ഹെലിക്കൊപ്റ്ററില്‍ നിന്നും കയര്‍ക്കോണിയില്‍ ഇറങ്ങി ഗുഹയുടെ മുന്നിലുള്ള തിട്ടില്‍ ഇറങ്ങിക്കഴിഞ്ഞിരുന്നു.  ഒരാള്‍ക്കോ അല്ലെങ്കില്രണ്ടു ഉടുമ്പിനോ മാത്രം നില്‍ക്കാവുന്ന തിട്ടയില്‍..,.ബ്രേക്കിംഗ് ന്യൂസ്കണ്മുന്നില്‍ .. അടക്കി പിടിച്ച സംസാരങ്ങള്‍ മാത്രം. ആള്‍ക്കൂട്ടങ്ങള്‍ അടക്കിപ്പിടിച്ച് മാത്രമേ ഇപ്പോള്‍ സംസാരിക്കാറുള്ളൂ. അവരുടെ ഉള്ളിലെ കത്തുന്ന തീപ്പന്തങ്ങള്‍ ഒക്കെ കരിന്തിരി ആയി. വ്യവസ്ഥിതികള്‍ ആയിരിക്കും കാരണം.
ആദ്യം അത് കണ്ടത് ആരാണ് എന്നറിയില്ല... അതി രാവിലെ ഫാക്ടറിയില്‍ ജോലിക്ക് പോയവര്‍ ആരോ ആകാം. തലേന്ന് നൈറ്റ്ക്ലബില്‍ ആടി പാടിയ ഒരു സുന്ദരിയുടെ മുഖം വേര്‍പെട്ട ഉടല്‍., . കീറിപ്പറിഞ്ഞ  ബ്ലവ്സിനുള്ളില്‍ നിന്നും മുലക്കച്ച വെളിയില്ചാടിയിരുന്നു... ഒരു മുലക്കണ്ണ്‍ ആരോ കടിച്ചു പറിച്ച  അവസ്ഥയിലും.  കയ്യിലിരുന്ന മൊബൈല്‍ ഫോണില്‍ നിന്ന് തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്‍പതില്‍ ആരുടെയോ വിരലുകള്‍ ഇക്കിളി ആയപ്പോള്‍ പട്ടാളക്കാര്‍ക്ക് പകരം വന്നത് പോലീസുകാര്‍ ആയിരുന്നു.ബ്രേക്കിംഗ് ന്യൂസില്‍ വെട്ടുകളുടെ എണ്ണം അടയാളപ്പെടുത്തി ചാനലുകാര്‍ മത്സരിച്ചപ്പോള്‍, അക്ഷരമാലയുടെ എണ്ണം കുറഞ്ഞതിനാലും , ഒരു കാരണം കൊണ്ട് തന്നെ ഗിന്നസ്ബുക്കില്‍ കയറാന്‍ സാധിക്കില്ലത്തതിന്‍റെ  വെവലാതിയിലും അവര്‍ ചര്‍ച്ചിച്ച് ശര്‍ദ്ദിച്ചു ക്ഷീണിതരായിരുന്നു.എത്ര ആയാലും അന്‍പത്തി ഒന്ന് വെട്ടു ഉണ്ടാവില്ല,  ആത്മഗതം പോലെ.മലയാളിക്ക് മാത്രമേ ഇത്രയും വെട്ടുകള്‍ക്ക് അവകാശം ഉള്ളൂ ..
രണ്ടു കെട്ടിടങ്ങല്‍ക്കിടയിലൂടെ രാജ വീഥിയിലേക്ക് കടക്കുമ്പോള്‍ വേവലാതി. ബസ്സ്റ്റോപ്പ്ഇടത്തോ വലത്തോ... കഷ്ടിച്ചു പത്തടി മുന്നോട്ടു നീങ്ങിയാല്‍ സംശയം അസ്ഥാനത്ത്  ആകും എങ്കിലും ഇടതാണോ വലതാണോ തങ്ങള്‍ എന്നറിയാതെ ആളിക്കത്തുന്ന അവസ്ഥ. ആറടിയില്‍  എല്ലാം തീരെണ്ടവന്റെ മുന്നില്‍ പത്തടി വലിയ ഒരു  സമസ്യ ആണ്. അവസ്ഥ തുടങ്ങിയിട്ടിപ്പോള്‍ കുറെ ആയി. മോഹങ്ങള്‍ ഇല്ലാതിരുന്ന പഴയ കാലം , അങ്ങനെ ഒന്നുണ്ടായിരുന്നോ. പിന്നിലേക്ക്പോകുന്ന വാച്ചുകള്‍ നിര്‍മ്മിക്കുന്ന സ്ഥാപനങ്ങള്‍ എല്ലാം പൂട്ടിപ്പോയി. കൃത്യം ഒന്‍പതര അടി നടന്നു കഴിഞ്ഞപ്പോള്‍   തന്നെ തനിക്ക് പോകേണ്ടത് ഇടത്താണ് എന്ന് ബോധ്യപ്പെട്ടു. എതിര്‍ വശത്തു നിന്ന് വരുന്നവന് വലത്താണതു. അപ്പോള്‍ ഇടത്തും വലത്തും തമ്മില്‍ ഒരു കസേര കളിയുടെ വട്ടം മാത്രം.
ബസ്സ്റ്റോപ്പില്‍ നില്‍ക്കുമ്പോഴും മേതില്‍ ഒരു തേള്‍ ആയി എന്നില്‍ പിടി മുറുക്കിക്കൊണ്ടിരുന്നു. ഇപ്പോള്‍ ആരാണ് ഗുഹയില്‍ കയറിയത്?  ഗോവിന്ദനോ, അരവിന്ദനോ? ഉടുമ്പിനെ പിടിക്കാന്‍ എന്ത് കൊണ്ടായിരിക്കണം ഗോവിന്ദന്‍ മല മുകളിലേക്ക് പോയത്? ഒരിക്കല്‍ പട്ടാളക്കാര്‍ നിരങ്ങിയ മലയില്‍ ഉടുമ്പുകള്‍ പോയിട്ട് ഒരു വേശ്യപോലും ഉണ്ടാവില്ല. കണ്ണില്‍ കണ്ട ജീവജാലങ്ങളുടെ മേല്‍ കാവടി ആടാതെ അവര്‍ തിരിച്ചു  പോകില്ല എന്നു  പത്ര വാര്‍ത്തകളില്‍ വായിച്ചത് ഇന്നലെ അല്ലെ?
ഇന്നലെകള്‍ എല്ലാം മരിച്ചു പോയത് അനില്‍ പ്രയാസപ്പെട്ടു ഓര്‍ത്തെടുത്തു.
മറക്കുവാനും മരിക്കുവാനും  വേണ്ടി മാത്രം  ജീവിക്കുന്നവര്‍!!! , !
ഗോവിന്ദനെ കാണാതായെന്നു ആരാണ് , ആരോടാണ് പറഞ്ഞത്? ഗോവിന്ദന്‍ തന്നെ ആണോ അത് പറഞ്ഞത്? നൈറ്റ്ക്ലബില്‍ ആടിയിരുന്ന സുന്ദരിയുടെ ശരീരം മുലക്കണ്ണ്‍ കടിച്ച രീതിയില്‍ ആദ്യം കണ്ടത് ആരെന്നു ഇപ്പോള്ആര്‍ക്കും തീര്‍ച്ചയില്ല. വാര്‍ത്ത എങ്ങനെ ആണ് പരന്നത് എന്ന് പോലും ഇപ്പോള്‍ എല്ലാവരും മറന്നു പോയി. ബ്രേക്കിംഗ് ന്യൂസ്കണ്ടു ഇറങ്ങി പുറപ്പെട്ട ക്യാമറക്കണ്ണുകള്‍ക്ക് അവിടെ ഒന്നും കണ്ടെത്തുവാന്‍ കഴിഞ്ഞില്ല. വാര്‍ത്ത കാണുകയാണോ, അതോ കേള്‍ക്കുകയാണോ? ഒന്നും മനസിലാകുന്നില്ല. കേള്‍ക്കുകയും കാണുകയും ചെയ്യാവുന്ന ഒന്നാണ് വാര്‍ത്ത എന്ന് അനിലിനും  മനസിലായി.
ചുവന്ന നിറമുള്ള ബസ്സുകള്‍ ചിലതൊക്കെ കടന്നു പോകുന്നു. നാലാം നമ്പര്‍ ബസ്സ് വരുന്നു, മേതിലില്‍ നിന്ന് കണ്ണെടുത്തു നോക്കി. പിന്നോരെണ്ണം സി ഒന്ന്. സി ഒന്ന് എന്ന ബസ്പോകുന്നത് കടല്‍ത്തീരത്തിലെക്ക് ആണ്. തനിക്ക് അവിടെ എന്തിനു പോകണം? തനിക്ക് പോകേണ്ടത് ഗുഹയിലേക്കാണ്. ക്യാപ്ടന്‍ സുക്കര്‍ക്ക് ഗുഹയില്‍ ഏതെന്കിലും കന്യകമാരെ കിട്ടിയിരിക്കുമോ? കിടിയെന്കില്‍ മേതില്‍ പോലും അറിയാതെ  ഒറ്റയ്ക്ക് അയാള്‍ ... ലോകത്ത് വിശ്വസിക്കാന്‍ കൊള്ളില്ലാത്തത് ക്യാപ്ടന്‍മാരെ മാത്രം ആണ് എന്ന് ചരിത്രവും വര്‍ത്തമാനവും പറഞ്ഞു തന്നിരിക്കുന്നു.
  
ഇനിയോരെണ്ണം  അറുപത്തി ഏഴ്... അതും തനിക്കുള്ളതല്ല.
അനില്‍ കണക്ക് കൂട്ടി... തനിക്ക് പോകേണ്ടത് മുപ്പത്തി മൂന്നു ആണ്... മൂന്നും മൂന്നും കൂട്ടി നോക്കി. ആറു... അറുപത്തി ആറല്ല, വെറും ആറു. മുപ്പത്തി മൂന്നിനു മാത്രമേ ഗുഹ വഴി പോകുവാന്‍ അനുവാദം ഉള്ളൂ...
കാല്‍സ്രായിയും കൈ നീളന്‍ ഷര്‍ട്ടും മഞ്ഞ കോണകം കഴുത്തില്‍ ധരിച്ചും ഗള്‍ഫില്‍ നിന്നും വന്നവന്‍ കലപ്പയെടുക്കുകയോ? സ്വന്തം ബാഗ് പോലും എടുക്കുവാന്‍ പാടില്ലാത്തവന്‍, അഥവ എടുത്താലും കണ്ടു നിന്നവന് അവന്‍ പറഞ്ഞ കൂലി കൊടുത്തില്ലെങ്കില്‍ ഉപരോധ സമരം നടത്തുവാന്‍ തയ്യാറാകുന്ന ആള്‍ക്കൂട്ടത്തിനു നേതൃത്വം കൊടുത്തത് ഗോവിന്ദന്‍.,
മേതില്കത്തിക്കയറിയപ്പോള്‍ ഒരു ചുവന്ന മുപ്പത്തി മൂന്നു  അനിലിനെ കൂടാതെ  പോയി.
നിരാശ  അനിലിനെ തെല്ലും ബാധിച്ചില്ല എന്ന് പെട്ടെന്ന്  തന്നെ അറിഞ്ഞു. തിരിച്ചറിവുകള്‍ തരുന്ന ബലത്തില്‍ വരമ്പിലെ കൊറ്റി വെറും ഒരു പാവ ആയിരുന്നോ എന്നും  സംശയം.ഇതിനിടയില്‍ ഇതെങ്ങനെ  സംഭവിച്ചു!.. എപ്പോഴോ വന്ന മറ്റൊരു മുപ്പത്തി മൂന്നില്‍ ഇപ്പോള്‍ അനില്‍ . അയ്യാള്‍ അറിയാതെ. അതെ, ഇതും ചുവന്ന മുപ്പത്തി മൂന്നു. നഗരത്തില്‍ ചുവപ്പല്ലാത്ത വാഹനം കണ്ടിട്ടില്ല. ലോകം തന്നില്‍ നിന്നും ഓടി ഒളിക്കുന്ന അനുഭവം അനിലിന്. ഇടയ്ക്കെപ്പോഴോ മേതിലില്‍ നിന്ന് മിഴികള്ഉയര്‍ത്തിയപ്പോള്‍ മുപ്പത്തി മൂന്നു പിന്നിലേക്ക്പോകുന്നത് പോലെ തോന്നി. പിന്നിലേക്കും മുന്നിലേക്കും അങ്ങനെ ഓടുന്നത് പ്രായത്തിന്റെ ഒരു ഹരം ആയിരിക്കും. പുലവന്റെ കയര്‍ ഇപ്പോഴും ആകാശത്തേക്ക് ഉയര്‍ന്നു തന്നെ നില്‍ക്കുന്നുണ്ടാവണം.ഇപ്പോള്‍ മുപ്പത്തി മൂന്നു ഒരു തുരംഗത്തിലേക്ക് കയറി. ക്യാപ്റ്റന്‍ സുക്കര്‍ ഗുഹയില്‍ കയറിയത് പോലെ... പ്രകാശം ഇപ്പോള്‍ മേതിലില്‍ നിന്ന് മാത്രം. ബാക്കിയെല്ലാം അണഞ്ഞു പോയി.ആള്‍ക്കൂട്ടത്തെ ഭക്ഷണത്തിനായി വീട്ടിലേക്കു പറഞ്ഞു വിടുന്നതിലും എളുപ്പം ആരുടെയെങ്കിലും കയ്യില്‍ അഞ്ചപ്പവും രണ്ടു മീനും ഉണ്ടോ എന്ന് പരതിക്കൂടായിരുന്നോ ക്യാപ്റ്റനു? പുരാണങ്ങളില്‍ വിശ്വാസം ഇല്ലാത്തത് കൊണ്ടോ വായിക്കാത്തത് കൊണ്ടോ?
അതല്ലെങ്കില്‍ ബര്‍ക്കാ ദത്ത  നടത്തുന്ന തല്‍സമയ ദ്രിശ്യങ്ങള്‍ വീട്ടിലിരിക്കുന്ന സ്ത്രീകളും കുട്ടികളും കാണുകയായിരിക്കണം ... ഭക്ഷണത്തിനു പിരിഞ്ഞു പോകുവാന്‍ പറഞ്ഞിട്ടും ക്യാമറ ഓഫ് ആക്കുവാന്‍ ബര്‍ക്കയും കൂട്ടരും തയ്യാര്‍ അല്ല. അവര്‍ക്ക് എല്ലാം തല്‍സമയം. ഇന്നലെകളും നാളെകളും ആയി മാത്രം ജീവിച്ചിരുന്ന മനുഷ്യര്‍ക്ക് ഇപ്പോള്‍ തല്സമയത്തില്‍ ആണ് കണ്ണുകള്‍ ... വല്ലാത്ത ധൃതി ആണിപ്പോള്‍ .. സംഭോഗം പോലും ക്ഷണത്തില്‍ തീരുന്നതില്‍   ശോഭയും പരിഭവം പറഞ്ഞു തുടങ്ങിയിരിക്കുന്നു.
തല്‍സമയം തുടങ്ങിയ ശേക്ഷം എണ്ണയില്‍ ഓടിക്കളിക്കേണ്ട കോഴികള്‍   ഇപ്പോള്‍ ശീതമുറികളില്‍ കനവുകള്‍ കണ്ടു ഞെട്ടി ഉണരുന്നു.  അടുക്കളകള്‍ ഒരു നരകം ആണെന്ന് കോഴികളെ പോലെ തന്നെ ഭാര്യയും  തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. തല്‍സമയങ്ങള്‍ നല്‍കുന്ന തിരിച്ചറിവുകള്‍
ക്യാപ്റ്റന്‍ സുക്കര്‍ കൂര്‍മ ബുദ്ധിമാന്‍ ആണ്.  ബര്‍ക്കയുടെ തല്‍സമയ ദ്രിശ്യങ്ങള്‍ക്ക് മുന്‍പേ പോലെ   കാണികള്‍ ഇല്ലാത്തതിനാല്‍, തങ്ങളുടെ ഭാര്യമാരില്‍ പലരും രഞ്ജിനിയുടെ ശരീര ഭാഷയിലും കോടീശ്വരന്റെ ശബ്ദ സൌകുമാര്യത്തിലും   കണ്ണീര്‍ തുടയ്ക്കുക ആയിരുന്നു. ഒടുവില്‍ കോടീശ്വരന്റെ ഷിറ്റില്‍ പൊതിഞ്ഞ ഷവര്‍മ കഴിച്ചു അവര്‍ തിരികെ എത്തിയപ്പോള്‍ ബസ്തുരംഗം കടന്നു വെളിയിലേക്ക് വന്നിരുന്നു.
ഒരു ഇടവേള കഴിഞ്ഞു തിരികെ വരുന്നതിനിടയില്‍ നൈറ്റ്ക്ലബ്കാരിയുടെ മരണവും ആയി അനേകം കഥകള്‍ പോലീസിലെ തിരക്കഥ കൃത്തുക്കള്‍ പത്രക്കാര്‍ക്ക് പറഞ്ഞു കൊടുത്ത് കഴിഞ്ഞിരുന്നു. മണിക്കൂറുകള്‍ കഴിയുമ്പോള്‍ കഥകള്‍ പലതും ദുര്‍ഗ്രഹം ആയി മാറുന്നു.  മരിച്ചത് ശോഭ ഗോപിനാഥ് ആണെന്നും പരിമളം ആണെന്നും രണ്ടു നിഗമങ്ങളില്‍ ചെന്നെത്തി നില്ക്കുന്നു.  ഒരു നുണ പരിശോധന മാത്രം ബാക്കി.
വളരെ അപ്രതീക്ഷിതം ആയിരുന്നു.
സോണിയോടും സുനിലിനോടുമൊപ്പം പുസ്തകങ്ങള്‍ ചികയുമ്പോള്‍ അപ്രതീക്ഷിതമായിട്ടാണ് ഡിലന്‍ തോമസ്കയ്യില്‍ വന്നു പെടുന്നത്. വീര്യം നുരഞ്ഞു പൊന്തുമ്പോള്‍ ശബ്ദിച്ച മൊബൈല്‍ ഫോണ്‍ കൂടെയിരുന്നവര്‍ അറിയാതെ ചെവിയോടടുപ്പിച്ചു.  ഗൂഡാലോചനകള്‍ മറ്റാരും അറിയുന്നതില്‍ അനിലിന് താല്പര്യം ഇല്ലാതിരുന്നത് അയ്യാളുടെ ദുരാഗ്രഹങ്ങള്‍ കൊണ്ടാണ്... ദുരാഗ്രഹങ്ങള്‍ ഉള്ളിടത്ത് മാത്രമേ ഗൂഡാലോചനകള്‍ ജനിക്കുകയുള്ളൂ.
 
പെട്ടെന്ന് ഒന്ന് പതറി. പ്രതീഷിച്ചിരുന്നു എങ്കിലും ഇത്ര പെട്ടെന്ന് ഇങ്ങനെ സംഭവിക്കും എന്ന് കരുതിയില്ല. അനില്‍ തന്നിലേക്ക് ഒന്ന് നോക്കി. സ്വന്തം സ്വത്വത്തെ കുറിച്ച് ഓര്‍ത്തപ്പോള്‍ ഒരു വിങ്ങല്‍ ... കോലത്തില്‍ എങ്ങനെ പ്രത്യക്ഷപ്പെടും. ഒരു ഫേഷ്യല്‍ ചെയുന്നതിനു പോലും സമയം ഇല്ലല്ലോ. നേരിട്ട് മുന്നില്‍ ചെല്ലുന്നതിനാല്‍ ഫോട്ടോ ഷോപ്പ് ഉപകാരപ്പെടില്ലല്ലോ. മുഖ പുസ്തകവും മുഖവും തമ്മില്‍ പൊരുത്തപ്പെടുത്തുക തന്നെ. അതത്ര എളുപ്പമല്ലെങ്കില്‍ കൂടി.  പെണ്‍കുട്ടികള്‍ വന്ന വിമാനം ഉടനെ തിരികെ പോകുമത്രേ. ഡിലന്‍ തോമസിന്റെ പന്തും കയ്യിലെടുത്തു സദസ്സില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷനായി.
സ്റ്റിയറിംഗ് വീലിനു പിന്നിലിരിക്കുമ്പോള്‍ കുതിരകള്‍ മുന്നോട്ടു പാഞ്ഞു കൊണ്ടിരുന്നു. കുറെ വയസ്സന്മാര്‍ക്കൊപ്പം സുന്ദരികള്‍ വീര്‍പ്പു മുട്ടുന്നു. സുന്ദരികളെ എങ്ങനെ ഗ്രീറ്റ് ചെയ്യണം എന്നതായിരുന്നു അനിലിന്റെ ചിന്ത.   പാശ്ചാത്യ രീതിയില്‍ ഗ്രീറ്റ് ചെയ്യുവാന്‍ മനക്കൊട്ടയും ആയി എത്തിയെങ്കിലും മുണ്ടും ജൂബയും  ധരിച്ച തനി നാടന്‍ മേല്‍ ഷേവുനിസ്റ്റുകളെ കൂട്ടത്തില്‍ കണ്ടപ്പോള്‍ കൈകള്‍ കൂപ്പി വെറും നമസ്കാരങ്ങള്‍ കൊണ്ട് തരുണീ രത്നങ്ങളെ അനുഗ്രഹിച്ചു.
അതല്ല, ഇപ്പോള്‍ ചീക്സില്‍ മുത്തം കൊടുത്ത് ഗ്രീറ്റ് ചെയ്താലും പ്രശ്നങ്ങള്‍ ആകും. തന്നെക്കാള്‍ പൊക്കം കൂടിയ സുന്ദരികളെ ചീക്സില്‍  മുത്തം കൊടുക്കുമ്പോള്‍ അത് കഴുത്തില്‍ ആയേക്കാം. പൊക്കം കുറഞ്ഞവര്‍ക്ക് ആണെങ്കില്‍ അത് നിറുകയില്‍ ആവാനും ഉള്ള സാധ്യതകളെ നല്ലൊരു മാത്തമറ്റീക്ഷ്യനെ പോലെ ആരാഞ്ഞു.   രണ്ടായാലും  പണി പാളും. ലൈവ് സ്ട്രീമിംഗ് ഉള്ളതായതിനാല്‍ സംശയമില്ല. കരങ്ങള്‍ കൊണ്ടുള്ള ഗ്രീറ്റിംഗ് വെറും ഒരു ഉപചാരം മാത്രമായിരുന്നു എന്ന് കണ്ണുകള്‍ തമ്മിലുള്ള ആശ്ലെഷത്തില്‍ അറിഞ്ഞു. കരങ്ങള്‍ക്കും ചുംബനങ്ങള്‍ക്കും എത്രയോ കാതം അകലെ ആണ്  കണ്ണുകള്‍ ...
പക്ഷെ അനിലിന് ഒന്ന് നിശ്ചയം ഉണ്ടായിരുന്നു. ഇനി ഇത് പോലെ ഒരവസരം കൂടി ഉണ്ടാകരുത്. അതിനാല്‍ വീടിനകലെ റഷ്യന്‍ സ്കൂളിന്‍റെ മുന്നിലെ സ്റ്റോപ്പില്‍ തന്നെ ഇറങ്ങി. പച്ചപ്പില്ലാത്ത ചൂടന്‍ പ്രഭാതത്തില്‍ ചുറ്റും കാണുന്നതു  തീപ്പെട്ടിക്കൂടരങ്ങള്‍ മാത്രം.ഇംഗ്ലീഷ് അക്ഷരമാലയിലെ , എഫ് എന്നീ അക്ഷരങ്ങള്‍ പോലുള്ള വഴികള്‍ ആണ് എവിടെ നോക്കിയാലും. വളവുകള്ഇല്ലാത്ത നേരായ പാതകള്‍...,  അല്ലെങ്കിലും വളഞ്ഞ വഴികള്‍ നമ്മുടെ നാട്ടിലല്ലേ ഉള്ളൂ.. നേരെ വലത്തോട്ടു നടന്നു, ഇടത്ത് നിന്നും വലത്തോട്ടെക്കുള്ള ചുവടു മാറ്റം ഒരു അസ്വസ്ഥതയും അനിലില്‍ ഉണ്ടാക്കിയില്ല.
വളവില്ലാത്ത സി പോലുള്ള കെട്ടിടം. സി യ്ക്ക് അകത്ത് മുഴുവന്‍ ബൂര്‍ഷ കാറുകള്‍,.. സി പോലെ നടന്നാല്‍, സാരിയും ചുരിദാറും ഉടുപ്പിച്ച ഗ്ലാസ് ഹൌസിലെ പ്രതിമകളില്‍ നോക്കി നയന സുഖം പേറി കുളിര്മയില്‍ നടക്കാം.  ജീവിതത്തിലെ പരുപരുത്ത യാഥാര്‍ത്യങ്ങള്‍ അറിയണമെങ്കില്‍ വളവുകള്‍ ഇല്ലാതെ നേരെ നടക്കണം. സി എന്ന അക്ഷരം അങ്ങനെ ഡി ആയി മാറി. ഡി കയറിച്ചെന്നപ്പോള്‍ മുന്നില്‍ സലൂണ്‍.,.  ഈര്‍ച്ച വാള്‍, വെട്ടു കത്തി എസ് കത്തി, വടിവാള്‍, കൊടുവാള്‍, കോടാലി, എന്നിവയ്ക്ക് പകരം ചുറ്റികയും ഉളിയും മാത്രം. ഒന്ന് ഫേഷ്യല്‍ ചെയ്യണം. ഫഹദ്ഫാസിലിന്റെ മുടി പോലെ ഒന്ന് ക്രോപ്പ് ചെയ്യണം.
മേതിലിനെ കണ്ടിട്ടില്ല. എവിടെയോ ഒരു ഫോട്ടോ കണ്ടിട്ടുള്ളത് പോലെ. ആയിരത്തി തൊള്ളായിരത്തി എഴുപത്തി നാലില്‍ പബ്ലിഷ് ചെയ്ത പുസ്തകം. മീശയില്ലാത്ത സീരിയസ് ആയ മേതിലിനെ ഓര്‍മ്മിച്ചെടുക്കാന്‍ ശ്രമിക്കുമ്പോള്‍, ഫേസ്ബുക്കിലെ കെ സുധീഷിനെ ആണ് മുന്നിലേക്ക്കൊണ്ട് വരുന്നത്. ഒടുവില്‍ പുറം ചിട്ടയില്‍ കണ്ട മേതിലിന്റെ  പടത്തിനു  തന്റേ  തന്നെ ച്ഛായ. അനില്‍ ഒന്ന് ഞെട്ടി.   മേതിലില്‍ ഇപ്പോള്‍ താടി വളര്‍ന്നതായി സങ്കല്‍പ്പിക്കാന്‍ ഒരു വിഫല ശ്രമം നടത്തി. ഒരു വ്യത്യസ്തത...
നേരെ ചെന്നപ്പോള്‍, കിട്ടിയ ഇരിപ്പിടത്തില്‍ ഉപവിഷ്ടനായി.  സമയം ഇനിയും ആയിട്ടില്ല പോലും ,  മേതിലിനെ വായിക്കാന്‍ ഇനിയും സമയം.  ഇനി ഇപ്പോള്‍ പഴുതാരയെ എങ്ങനെ കൊല്ലാം എന്നൊരു വിദ്യ തന്നെ പഠിച്ചെടുക്കണം.   കഴിഞ്ഞ വാരം ആണ്, സുരേഷ് കോവിലകം പഴുതാര പിടിത്തം തൊഴില്‍ ആക്കിയതിനെ കുറിച്ച് സംസാരിച്ചത്. കൂട്ടത്തില്‍ ജോലി ചെയുന്ന കൊറിയക്കാര്‍ക്ക് പിടിച്ചു കൊടുക്കുന്ന ഓരോ പഴുതാരയ്ക്കും പത്തു ഡോളര്‍ വീതം കിട്ടുന്ന വിദ്യ.  പക്ഷെ പഴുതാരയെ കൊല്ലുന്ന വിദ്യ സുരേഷിനു അറിയില്ല. കൊല്ലുന്ന വിദ്യക്ക് കൂടുതല്‍ പണം ലഭിക്കുമെന്നതിനാല്‍ പറഞ്ഞു തരാത്തതാവും. പ്രവാസിക്കും വിദ്യ അറിഞ്ഞിരുന്നാല്‍ ക്വോട്ടെഷന്‍ ജോലി എങ്കിലും നടത്തി നാട്ടില്‍ ജീവിക്കാം. പ്രവാസ ജീവിതത്തിനു അങ്ങനെ വിരാമാമിടാം. അല്ലെങ്കിലും  കൊല ചെയ്യാന്‍ അറിയാത്തവരും ഭീരുക്കളും ആണ് പ്രവാസികള്‍ .
എന്തായാലും പരിമളത്തിന്‍റെ പാവടയ്ക്കിടയില്‍ കൂടി കയറുമെന്ന് പേടിപ്പിച്ച പഴുതാര, സ്പോഞ്ച് മണ്ണിലെ ചെടിയില്‍ ആണ് കയറിയതു. അതും ഒരൊറ്റ രാത്രി കൊണ്ട്. കുവൈറ്റിലെ പഴുതാരകള്‍ ഏതു ജാതി ആണ് എന്ന് പറയാന്‍ കഴിയില്ലല്ലോ.. ബ്രായില്‍ കൂടി കയറുമെന്ന് പേടിപ്പിച്ച തേള്‍ എന്തായാലും ഇത് വരെ മുലക്കണ്ണുകള്‍ ഇറുക്കാന്‍ തുടങ്ങിയിട്ടില്ല.
പരിമളം ആയിരുന്നോ, പരിമളം നഷ്ടപ്പെട്ടു റോഡരികില്‍ മുലക്കണ്ണുകള്‍ കടിച്ചു പറിച്ച  നിലയില്‍ കണ്ടത്. ഏതു പ്രത്യയ ശാസ്ത്രത്തിനു എതിരായാണ് പരിമളം പ്രവര്‍ത്തിച്ചത്?  കൊല്ലാന്‍ വിട്ടു പോയ ഒരു തേളും പഴുതാരയും കൂടി ആയിരിക്കുമോ കൊല നടത്തിയിരിക്കുക?
എന്തായാലും ഏലിയാസ്ഈര്‍ച്ചക്കാരനും പെരുന്തച്ചനും തമ്മിലുള്ള പങ്കു കച്ചവടം ഇഷ്ടപ്പെട്ടു. ഭരണപക്ഷവും പ്രതിപക്ഷവും പോലെ ഏണിയും പാമ്പും കളിക്കുന്നവര്‍..,.   ശവപ്പെട്ടി ഉണ്ടാക്കാന്‍ ഓര്‍ഡര്‍  കൊടുത്ത ഏലിയാസിനെ തന്നെ ശവപ്പെട്ടിക്കകത്ത് ഇട്ടു പെട്ടി ആഴിയുടെ അഗാതതയിലേക്ക് തള്ളിയത് ഏതു പ്രത്യയ ശാസ്ത്രം? നിലമുഴുവാന്‍ പോത്തിനെയും കൊണ്ട് പോയ അരവിന്ദനെ പിടിക്കാന്‍ ചൂണ്ടയും ആയി പോയ പാര്‍ട്ടി പ്രത്യയ ശാസ്ത്രം അല്ലിവിടെ. പക്ഷെ എലിയാസും പെരുന്തച്ചനും ഉറഞ്ഞു തുള്ളുന്ന ജാതിക്കൊമാരങ്ങള്‍, . കുത്തനെയും വിലങ്ങനെയും മാറി മാറി കുത്തി ചോര കുടിച്ചും വിശപ്പടക്കിയും  ഒടുവില്‍ രണ്ടു പേരും ജയിക്കുകയും രണ്ടു പേരും തോല്‍ക്കുകയും ചെയുമ്പോള്‍ ശവപ്പെട്ടിക്കച്ചവടം നടത്തുവാന്‍ തീരുമാനിക്കുമ്പോള്‍ ആണ് നാസര്‍ ഇക്കയുടെ സ്വരം.
"
ഇനി നിങ്ങള്‍... ", .. "
അനിലിന്‍റെ ഊഴം വന്നു. അയ്യള്‍ക്കും ഒരു ഊഴം ഉണ്ട്.
വെളുത്ത തുണി ഉടുത്ത  നസീറിക്ക, ആദ്യം അനിലിന്‍റെ കഴുത്തില്‍ ഒരു വെളുത്ത  ടേപ്പ് ചുറ്റി. പിന്നെ ഒരു വെളുത്ത തുണി, കസേരയിലിരുന്ന അനിലിന്‍റെ ദേഹമാകെ പുതപ്പിച്ചു. മുന്നിലെ കണ്ണാടിയില്‍ കണ്ട രൂപത്തില്‍ നോക്കിയപ്പോള്‍ ഭയം പല രൂപത്തില്‍ ...
മുന്നിലെ മേശമേല്‍, ഒരു ചെറിയ പാത്രത്തില്‍ വെളുത്ത പഞ്ഞി കൊണ്ട് ചെറിയ ഉരുളകള്‍ ഉരുട്ടി വച്ചിരിക്കുന്നു. മൂക്കിന്മേല്‍ വയ്ക്കുവാന്‍ ആകും.... കൊടുവാളും എസ് കത്തിയും ആയി നസീറിക്ക...പിന്നെ അനിലിന് ഒന്നും ഓര്‍മയില്ല.പുലവന്റെ തൂങ്ങിക്കിടക്കുന്ന ജഡം അഴിച്ചു മാറ്റി, മുകളിലേക്ക് കുത്തനെ ഉയര്‍ത്തി നിര്‍ത്തിയിരിക്കുന്ന കയറിലൂടെ അനില്‍ മുകളിലേക്ക് കയറി.  കയറ്റത്തില്‍ അനിലിന് തന്‍റെ കുട്ടിക്കാലം ഓര്മ വന്നു. അന്ന് പുലവന്‍ കൊടുത്ത പണം വീട്ടിലെ പട്ടിണി മാറ്റാന്‍ അമ്മയെ ഏല്‍പ്പിച്ചു കയറില്‍ കയറിയതും മുകളില്‍ എത്തുന്നതിനു മുന്‍പ് തന്നെ കയ്യില്‍ കരുതിയ കോഴിയെ ആള്‍ക്കൂട്ടത്തിലേക്ക് എറിഞ്ഞു കൊടുത്ത് പൂവലന്റെയും ആള്‍ക്കൂട്ടത്തിന്റെയും  ശ്രദ്ധ തിരിക്കുകയും ഒരു നിമിഷത്തില്‍ കയറിലൂടെ ഊര്‍ന്നിറങ്ങി ആള്‍ക്കൂട്ടത്തില്‍ ഒരാളായി മാറിയതും.എന്തായാലും ഇന്ന് ഡിലന്‍ തോമസ്എറിഞ്ഞ പന്ത് എടുത്ത മേതില്‍ കയറിയ സ്ഫടിക കൊട്ടാരത്തില്‍ തനിക്കും കയറണം. അനില്‍ മുകളിലേക്ക് കയറിക്കൊണ്ടിരുന്നു. പട്ടിണി കിടക്കുന്ന അമ്മയുടെ ശബ്ദം ഇന്നവനെ പിന്നിലേക്ക്വിളിക്കുന്നില്ല. അനില്‍ മുകളിലേക്ക് കയറിക്കൊണ്ടിരുന്നു. മുകളിലേക്ക് മാത്രം.


 ) 


( മേതില്‍ രാധാകൃഷ്ണന്‍റെ 'ഡിലന്‍ തോമസിന്‍റെ പന്ത്' എന്ന കഥാ സമാഹാരം വായിച്ചപ്പോള്‍ ഇങ്ങനെ എഴുതുവാന്‍ തോന്നി. )