Saturday 28 July 2012

മഞ്ഞ വെയില്‍ മരണങ്ങള്‍


നവംബറില്‍ ഷാര്‍ജയില്‍ നടന്ന പുസ്തക വ്യാപാരമേളയില്‍, മലയാള നാട് ദുബായില്‍ സംഘടിപ്പിക്കുന്ന ഗ്രാമികയില്‍ വിശിഷ്ട അതിഥി ആയി ആട് ജീവിതം എഴുതിയ ശ്രീ ബെന്യാമിനെ പങ്കെടുപ്പിക്കുവാനും അതിലേക്കു ക്ഷണിക്കുവാനും ആണ് അവിടെ പോയത്. മയ്യഴിപ്പുഴ സമ്മാനിച്ച   പ്രിയപ്പെട്ട എഴുത്തുകാരനായ ശ്രീ എം മുകുന്ദന്‍ അന്ന് അവിടെ പ്രധാന ആകര്‍ഷണമായിരുന്നു. അവിടെ വച്ചാണ് ശ്രീ ബെന്യമിനെ പരിചയപ്പെട്ടതും അദേഹത്തിന്റെ കയ്യൊപ്പ് ചാര്‍ത്തിയ പുതിയ പുസ്തകമായ മഞ്ഞ വെയില്‍ മരണങ്ങള്‍ വാങ്ങിക്കുന്നതും.
 
ആട് ജീവിതം വായിച്ചതില്‍ നിന്ന് തികച്ചും വിപരീതമായിരുന്നു മഞ്ഞ വെയില്‍ മരണങ്ങള്‍ വായിച്ചപ്പോള്‍ ഉണ്ടായ മാനസീകാവസ്ഥ. ഏച്ചു കേട്ടലുകള്‍ ഇല്ലാതെ, അതിശയോക്തി ഇല്ലാതെ നജീബിന്‍റെ കഥ വളരെ സത്യസന്ധമായി ആണ് ആട് ജീവിതത്തില്‍ പറഞ്ഞിരുന്നത് എങ്കില്‍ ക്രിസ്റ്റി അന്ത്രപ്പേര്‍ , സെന്തില്‍, മെല്‍വിന്‍, അന്‍പു, ജസീന്ത അനിത  എന്നിവര്‍ മാത്രമല്ല, ഇതിലെ എല്ലാ കഥാ പാത്രങ്ങളും വളരെ വലിയ നിഗൂഡതകള്‍ സൂക്ഷിക്കുന്നവരായി മാറുകയാണ്, അതീവ അതിശയോക്തികളോട് കൂടി. പക്ഷെ ആട് ജീവിതത്തില്‍ നിന്ന് കഥാകാരന്‍ വളരെയധികം ഉയരത്തിലേക്ക് തന്‍റെ രചനാ വൈഭവത്തെ മുന്നോട്ടു കൊണ്ട് പോയിരിക്കുന്നു എന്ന്  നിസ്സംശയം  പറയാം. മലയാളത്തിലെ എണ്ണം പറഞ്ഞ എഴുത്തുകാരുടെ കൂട്ടത്തിലേക്ക് ബെന്യാമിനും ഈ കൃതിയിലൂടെ ഉയര്‍ന്നതായി കാണാം.

നോവല്‍, വായന തുടങ്ങിയത് മുതല്‍ മനസിലേക്ക് കടന്നു വന്നത് ശ്രീ. ടി. ഡി. രാമകൃഷ്ണന്റെ ഫ്രാന്‍സീസ്‌ ഇട്ടിക്കോര എന്ന കൃതി ആയിരുന്നു. വായനയുടെ അവസാനം വരെ ഇട്ടിക്കോര തികട്ടി വന്നിരുന്നു എങ്കില്‍ കൂടി, വായനയുടെ ഓരോ പേജും  നമുക്ക് പുതിയൊരു അനുഭവം പകര്‍ന്നു തന്നിരുന്നു.   ഇക്കാര്യം ഞാന്‍ ബെന്യാമിനും ആയി പങ്കു വയ്ക്കുകയും ഉണ്ടായി. ഒരു പക്ഷെ ഇനി ഇതേ രീതിയിലുള്ള അനേകം കഥകള്‍ കടന്നു വരുമായിരിക്കും. മലയാളികള്‍ ബഹുമുഖത്വം ഉള്ളവരും പ്രവാസ ജീവിതം ജീവിതത്തിന്‍റെ ഭാഗമായതും ആകാം കാരണം.
അന്ത്രപ്പേരും, സെന്തില്‍ തുടങ്ങി എല്ലാ കഥാപാത്രങ്ങളും ഫിക്ഷന്‍ ആയിരുന്നു എങ്കിലും താനുള്‍പ്പെടുന്ന ബഹറിനിലെ സൌഹൃത കൂട്ടായ്മയിലെ സുഹൃത്തുക്കളെ,  ജീവിക്കുന്ന കഥാ പാത്രങ്ങള്‍ ആക്കി മാറ്റുകയും അവരിലൂടെ കഥയെ മുന്നോട്ടു കൊണ്ട് പോകുവാന്‍ നടത്തിയ നീക്കങ്ങളും പ്രശംസയര്‍ഹിക്കുന്നു. കഥ ഫിക്ഷനിലുപരി യാഥാര്‍ഥ്യം ആണെന്ന് വരുത്തി ത്തീര്‍ക്കുവാന്‍ ആയിരിക്കണം ഈ സങ്കേതം കഥാകാരന്‍ പരീഷിച്ചത്. ബെന്യാമിനില്‍ നിന്ന്  ആരും ഒരിക്കലും പ്രതീക്ഷിക്കാന്‍ സാധ്യത ഇല്ലാത്ത ഒരു വലിയ ഫിക്ഷന്‍ ആണ് ഈ നോവല്‍.,. ഇതിലെ ഓരോ കഥാപാത്രങ്ങളും ഫിക്ഷന്റെ പരമ കാഷ്ടയില്‍ എത്തി നില്‍ക്കുന്നതായി കാണാം. ഓരോ വരികളിലും വാക്കുകളിലും വായനക്കാരനെ ഉദ്യോഗത്തില്‍ നിറുത്തുവാന്‍ നോവലിസ്റ്റിന് കഴിഞ്ഞിരിക്കുന്നു. വായിക്കാന്‍ തുടങ്ങിയ ഒരാളെ, അത് മുഴുമിപ്പിക്കുന്നത് വരെ ആ പുസ്തകം താഴെ വയ്ക്കുവാന്‍ അനുവദിക്കാത്ത രീതിയില്‍ വായനക്കാരനും ആയി ഓരോ കഥാ പാത്രങ്ങളും ശരിയായി സംവദിക്കുന്നു എന്ന് മാത്രമല്ല, വായന കഴിയുമ്പോള്‍ അനേകം ചോദ്യങ്ങളും ആയി കഥാപാത്രങ്ങള്‍ ഒരു ബാധ പോലെ വായനക്കാരനില്‍ സന്നിവേശിച്ചിരിക്കയാണ്. അതാണ്‌ ഈ പുസ്തകത്തിന്‍റെ വിജയവും.

വളരെ വലിയൊരു ക്യാന്‍വാസ്‌ ആണ് നോവലിസ്റ്റ് വിവരിക്കുന്നത്.ഉദയംപേരൂരിലെ  വല്യേടത്തു തറവാടും അതിലേക്ക് നയിച്ച അന്ത്രപ്പേരും അയാളുടെ പാതിയായ നോവലുമൊക്കെയാണ് മഞ്ഞ വെയിൽ മരണങ്ങളുടെ ഇതിവൃത്തം എങ്കിലും കടന്നാക്രമണങ്ങളും, കച്ചവടവും, കുടിയെറ്റങ്ങളും ഭരണ കൂടഭീകരതയും ഭരണത്തെ സംരക്ഷിക്കുന്ന മാഫിയകളെയും സാമ്പ്രജിത്വത്തെയും എല്ലാം വളരെ വിശദമായി വരച്ചു കാട്ടുന്നു. മതങ്ങളും മനുഷ്യരും രാഷ്ട്രീയവും അധികാരവും  എല്ലാം  കെട്ടു  പിണഞ്ഞു കിടക്കുന്ന ഇന്നത്തെ ഭരണ രീതിയെ ശക്തമായി വരച്ചു കാട്ടുകയാണ് കഥാകാരന്‍.,. മതങ്ങളിലെ പുഴുക്കുത്തുകള്‍ മുതല്‍ തീവ്ര വാദപ്രവര്‍ത്തനങ്ങള്‍ വരെ എങ്ങനെ പ്രചരിക്കുന്നു എന്നൊക്കെ വളരെ വിശദമായി ചര്‍ച്ച ചെയുന്നു.
 
വായനക്കാര്‍ കഥാപാത്രങ്ങളില്‍ നിന്ന്  പ്രതീക്ഷിക്കുന്നതല്ല പലപ്പോഴും കഥാ പാത്രങ്ങള്‍ വായനക്കാരനു കൊടുക്കുന്നത്.  ഡീഗോ ഗാര്‍ഷ്യയും ഉദയംപെരൂരും നിറഞ്ഞു നില്‍ക്കുന്ന ഈ പുസ്തകത്തില്‍ ആദ്യ പേജുമുതല്‍ അവസാന താള്‍ വരെ വായനയെ ഉദ്യോഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഈ പുസ്തകം മലയാളികള്‍ വായിച്ചിരിക്കേണ്ട പുസ്തകം ആണ്. 

Friday 27 July 2012

ഡല്‍ഹിയില്‍ കണ്ട നല്ല രാഷ്ട്രീയക്കാരന്‍


അതി രാവിലെ ഡല്‍ഹിയില്‍ എത്തി. മോള്‍ക്ക്‌ സെ, സ്റ്റീഫന്‍സില്‍ അഡ്മിഷന്‍ കിട്ടി എങ്കിലും, കോളേജിനകത്ത് ഹോസ്റല്‍ ശരിയായിട്ടില്ല. രാവിലെ തന്നെ പ്രിന്‍സിപ്പല്‍ കാണാമെന്ന് പറഞ്ഞു. പ്രിന്‍സിപ്പലിനെ കണ്ടു മടങ്ങുമ്പോള്‍ മധ്യ പ്രദേശുകാരനായ ഹരി സിംഗ് എന്ന ഡ്രൈവറോട് ഡല്‍ഹിയിലെ പ്രധാന കാഴ്ചകള്‍ കാണിക്കുവാന്‍ പറഞ്ഞു. കുടുംബ സമേതം ആദ്യമായിട്ടാണ് ഡല്‍ഹിയില്‍ പോകുന്നത്.

ഇന്ത്യ ഗേറ്റും രാഷ്ട്രപതി ഭവന്‍ , പാര്‍ലിമെന്റ് മന്ദിരം ഒക്കെ ഞാന്‍ കഴിഞ്ഞ തവണകളില്‍ കണ്ടിരുന്നു എങ്കിലും ഭാര്യയും കുട്ടികളും അവ കണ്ടിടുണ്ടായിരുന്നില്ല. അതിനാല്‍ ചരിട്രമുരങ്ങിക്കിടക്കുന്ന ഇന്ത്യ ഗേറ്റ്, രാഷ്ട്രപതി മന്ദിരം, പാര്‍ലിമെന്റ് ഹൌസ്‌ , രാജ ഘട്ട് തുടങ്ങിയ ഇടങ്ങള്‍ കാണിക്കുവാന്‍ അദേഹം തയ്യാറായി.  കാറില്‍ ഞങ്ങളോടൊപ്പം ഡല്‍ഹിയില്‍ താമസിക്കുന്ന ഗ്രേസിയുടെ ചേച്ചിയും ഉണ്ടായിരുന്നു ഗൈഡ്‌ ആയി. 


 

ഇന്ത്യ ഗേറ്റ് കടന്നു വാഹനം രാഷ്ട്രപതി ഭവാനെ ലക്ഷ്യമാക്കി പോകുമ്പോള്‍, റിപ്പബ്ലിക് ദിനത്തില്‍ നടക്കുന്ന പരേഡ്‌ ഗ്രൌണ്ട് കുട്ടികള്‍ക്ക് കാണിച്ചു കൊടുത്ത്. ഇതിനു മുന്നേ വരുമ്പോഴും ഹരി സിംഗ് ആയിരുന്നു ഞങ്ങളുടെ ഡ്രൈവര്‍..,. അന്നും ഇന്ത്യ ഗേറ്റില്‍ വന്നു ഇത് വഴി പോയപ്പോള്‍, പ്രണാബ് മുക്കര്‍ജി നാമ നിര്‍ദ്ദേശം കൊടുത്ത് വെളിയില്‍ വരുന്നതും മാധ്യമ പട പിന്നാലെ കൂടുന്നതും കണ്ടിരുന്നു. അതിനാല്‍ ഇത്തവണ ഹരി സിംഗിനെ കളിപ്പിക്കുവാന്‍ ചില ബഡായികള്‍ ഒപ്പിക്കുവാന്‍ തീരുമാനിച്ചു. പ്രണാബ്‌ മുക്കര്‍ജി വിളിചിട്ടാണ് ഇപ്പോള്‍ ഇവിടെ വരുന്നത് എന്നും, പക്ഷെ ഇവിടെ കുടുംബത്തോടൊപ്പം വന്നതിനാല്‍ പാര്‍ലിമെന്റ് ഹൌസില്‍ പോകുന്നില്ല എന്നും ഒരു ബഡായി. എന്തായാലും ഇതിനിടയില്‍ ഡല്‍ഹിയിലെ മലയാള നാട്‌ സുഹൃത്തുക്കളെ വിളിക്കുന്ന ഒരു പതിവില്‍ ആദ്യം അഭിലാഷിനെ വിളിച്ചു.

" ഹായ്‌, അഭിലാഷ്‌, ഞാന്‍ ഇന്ന് രാവിലെ വീണ്ടും ഡല്‍ഹിയില്‍ എത്തി. എവിടെ ഉണ്ട്? എന്താണ് ഇന്നത്തെ പ്രോഗ്രാം."
" ഞാന്‍ കാമ്പസിലേക്ക് പോകുവാന്‍ തയ്യാര്‍ എടുക്കുകയാണ്, വൈകുന്നേരം വിളിക്കാം"

തിരക്കില്‍ ആയിരുന്നിരിക്കണം, അഭിലാഷ്‌ പെട്ടെന്ന് ഫോണ്‍ വച്ച്. രാഷ്ട്രപതി ഭവന് മുന്നിലെ ട്രാഫിക്‌ സിഗ്നലില്‍ നില്‍ക്കുമ്പോള്‍ അഭിലാഷിന്റെ ഫോണ്‍ വന്നു.

" ഇപ്പോള്‍ എവിടെ ആണ്"
"രാഷ്ട്രപതി ഭവന് മുന്നില്‍ "
"ഞാന്‍ ഓഫീസില്‍ ഉണ്ട്, എങ്കില്‍ ഒരു കാര്യം ചെയുക, അവിടെ പാര്‍ക്കിങ്ങില്‍ വണ്ടി പാര്‍ക്ക് ചെയുക, ഞാന്‍ പാര്‍ലിമെന്റില്‍ കയറുവാന്‍ ഉള്ള പാസ്‌, ശരിയാക്കാം. നിങ്ങള്‍ എത്ര പേരുണ്ട് "
"ഞങ്ങള്‍, ഞാനും ഭാര്യും രണ്ടു മക്കളും പിന്നെ ഭാര്യയുടെ ചേച്ചിയും"

( അഭി ജോലി ചെയുന്നത്, പാര്‍ലിമെന്റ് ഹൌസില്‍ ആണോ?, പെട്ടെന്നൊരു സംശയം.)

എന്തായാലും, ഞങ്ങള്‍ക്ക് എല്ലാവര്ക്കും വളരെ സന്തോഷം ആയി. രാഷ്ട്രപതി മന്ദിരത്തിനു ചുറ്റും കറങ്ങി ഞങ്ങള്‍  വാഹനം അഭിലാഷ്‌ പറഞ്ഞ പാര്‍ക്കിങ്ങില്‍ നിര്‍ത്തി. ഒന്ന് രണ്ടു ഫോണ്‍ വിളികള്‍ക്ക് ശേക്ഷം ഞങ്ങളോട് പിന്നാലെ ചെല്ലാന്‍ പറഞ്ഞു മറ്റൊരു കാറില്‍ അഭിലാഷ്‌ വന്നു. പോകുന്ന വഴിയില്‍ ഞങ്ങളോട് റിസപ്ഷന്‍ ഏരിയയില്‍ നില്‍ക്കാന്‍ പറഞ്ഞു അഭിലാഷ്‌ മുന്നോട്ടു പോയി.
പാര്‍ലിമെന്റിനു മുന്നിലുള്ള റിസപ്ഷന്‍ ഏരിയയില്‍ നിന്ന് അകത്തേക്ക് വീക്ഷിച്ചു. അകത്ത് പല വിധ സെക്യുരിറ്റി ചെക്കിംഗ് ഏരിയകള്‍... , .. റിസപ്ഷന്‍ എരിയയക്ക്‌ മുന്നില്‍ കരിമ്പൂച്ചകള്‍. എ കെ 47 തോക്കുകളും ആയി നിരന്നു നില്‍ക്കുന്നു. ഇത്തിരി മൂത്ത കരിമ്പൂച്ചയോടു അവരുടെ ഒരു ഫോട്ടം എടുത്തോട്ടെ എന്ന് ചോദിച്ചപ്പോള്‍ , പറ്റില്ല എന്ന് കര്‍ശനമായ മറുപടി. അവരെ കൌതുകത്തോടെ നോക്കി നില്‍ക്കുന്നതിനിടയില്‍ പാര്‍ലിമെന്റ് ഹൌസിനകത്ത് നിന്നും അഭിലാഷ്‌ കടന്നു വരുന്നു. 

വളരെ സൌമ്യനും നിറഞ്ഞ മന്ദഹാസവും ആയി ഖാദിയില്‍ വെളുത്ത കുര്‍ത്തയും നീല ജീന്‍സും ധരിച്ച അഭിലാഷ്‌ ജി രമേശ്‌..,. സാധാരണ നമ്മള്‍ കാണുന്ന രാഷ്ട്രീയക്കാരുടെ ധാര്‍ഷ്ട്യമോ, അഹങ്കാരമോ, വളിച്ച ചിരിയോ, ആവശ്യമില്ലാത്ത വായാടിത്തരമോ ഒന്നും ഇല്ലാത്ത ഒരു സാധാരണക്കാരന്‍. ,. ചോദിക്കുന്നതിനു മാത്രം ഉത്തരം പറയുന്ന മാന്യന്‍,..

ഞങ്ങള്‍ ആദ്യ സുരക്ഷ പരിശോധന കേന്ദ്രത്തില്‍ എത്തി. രാഷ്ടപതി തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ നടക്കുന്നതു ഞായറാഴ്ച ആയതിനാല്‍ മട് സംസ്ഥാനങ്ങളിലെ ബാലറ്റുപെട്ടികള്‍ ഇന്ന് മുതല്‍ ഇവടെ എത്തി തുടങ്ങും. അതിനാല്‍ ഈ ദിവസങ്ങളില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം ഇല്ല. ആദ്യത്തെ സുരക്ഷാ സംവിധാനത്തില്‍ തന്നെ ആകെ പൊല്ലാപ്പായി. ഞങ്ങളുടെ മൊബൈലുകള്‍ അവര്‍ മേടിച്ചു വച്ച്. ഗ്രേസിയുടെയും ചേച്ചിയുടെയും ബാഗുകള്‍ പരിശോധിക്കുമ്പോള്‍ ആണ് പ്രശ്നം ആയത്. ഗ്രേസിയുടെ ചേച്ചിയുടെ ബാഗില്‍ ഒരു ചെറിയ കത്തി. ഞങ്ങള്‍ മാങ്ങ കൊതിയന്മാര്‍ ആയതിനാല്‍  മാങ്ങ മുറിക്കുവാന്‍ വേണ്ടി ബാഗില്‍ കരുതിയതാന്, കരങ്ങാല്‍ പോവുകയല്ലേ.. അവര്‍ ഒരിക്കലും ഓര്‍ത്തില്ല പാര്‍ലിമെന്റ് മന്ദിരത്തില്‍ കയറുമെന്ന്. എന്തായാലും അതീവ സുരക്ഷയുള്ള മന്ദിരത്തില്‍ കത്തിയുമായി കയറുക വലിയ പ്രശ്നം. എന്തായാലും, അഭിലാഷും ആയുള്ള സൌഹൃദത്തില്‍ അവര്‍ ആ കത്തി മേടിച്ചു വയ്ക്കുകയും തിരികെ വരുമ്പോള്‍ തിരിച്ചു തരികയും ചെയ്തു.

ആദ്യത്തെ സെക്യുരിറ്റി ചെക്ക് കഴിഞ്ഞു വിശാലമായ ഒരു ഓഫീസ്‌., അവിടെ വച്ച് അവര്‍ ഫോട്ടോ ഒക്കെ എടുത്തു ഒരു  പാസ്‌ തരുന്നു. അതുമായി മുന്നോട്ടു പോയി വീണ്ടും മറ്റൊരു ദേഹ പരിശോധന. കോണ്‍ഗ്രെസ് കാരനായതിനാല്‍ ആകണം, അഭിലാഷ്‌ കോണ്‍ഗ്രസ്‌ ഓഫീസിലേക്കാണ് ഞങ്ങളെ കൊണ്ട് പോയത്. കൊടിക്കുന്നില്‍ സുരേഷ്, പി ജെ കുര്യന്‍ എന്നിവരുടെ ഓഫീസ്‌ ബോര്‍ഡുകള്‍ ക ണ്ട് പോകുന്ന വഴിയില്‍. , അത് കഴിഞ്ഞു ഞങ്ങളെ കൊണ്ട് പോയതു  സോണിയ ഗാന്ധിയുടെ ഓഫീസിലേക്കാണ്. വളരെ ചെറിയ ഒരു ഓഫീസ്‌, അതിനോട് ചേര്‍ന്ന് അവര്‍ പാര്‍ട്ടി അംഗംങ്ങളെ അഭിസംഭോധന ചെയുന്ന വളരെ ചെറിയ ഹാള്‍. ..,
ഈ ഹാളിനു അപ്പുറത്താണ്, വിശാലമായ ഒരു ഹാള്‍, അതിനപ്പുറത്ത്, വിശാലമായ, ലോക സഭ. അതിനും അപ്പുറത്താണ്, രാജ്യ സഭ. തിരികെ വരുമ്പോള്‍, ഇന്ത്യന്‍ പാര്‍ലി മെന്റിനു നേരെ നടന്ന ഭീകരാക്രമണത്തിന്റെ മുറിപ്പാടുകള്‍ അവിടെ ഉള്ള കെട്ടിടങ്ങളില്‍ കാണാം. 


 

യാത്രയില്‍ വളരെ മിത ഭാഷി ആയ അഭിലാഷിനോട് ഞാന്‍ പാര്‍ലിമെന്ററി മോഹങ്ങളേ കുറിച്ച് ചോദിച്ചു. അഭിലാഷ പറഞ്ഞു, രാഷ്ട്രീയ പാരമ്പര്യം ഉള്ള കുടുംബത്തില്‍ ആണ് ജനിച്ചത്‌ എങ്കില്‍ പോലും കുടുംബത്തിലെ ആരും അങ്ങനെ പാര്ളിമെന്ററി വ്യാമോഹങ്ങള്‍ക്ക് വഴിപ്പെടാത്തവര്‍ ആയിരുന്നു. മുത്തശ്ശന്‍ ഈശ്വരപിള്ളഗോപാല പിള്ള അറിയപ്പെട്ടിരുന്ന സ്വാതന്ത്ര്യ സമര സേനാനി ആയിരുന്നു. സ്വദേശം അടൂര്‍ ആണ് എങ്കിലും ഇപ്പോള്‍ പ്രവര്‍ത്തന മണ്ഡലം തിരുവനന്തപുരം ആണ്. കെ പി സി സി യും ആയിട്ട് ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നു. അച്ഛന്‍  ജി രമേശ്‌, കൊണ്ഗ്രെസ് പാര്‍ട്ടിയിലും , ഇപ്പോള്‍ ജി കാര്‍ത്തികെയനോട് ഒപ്പവും ആണ് പ്രവര്‍ത്തിക്കുന്നത്. സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേക്ഷം  മദ്രാസ്‌ യൂണിവേര്സിറ്റിയില്‍ നിന്ന് ബി ബി എ പാസായി, തുടര്‍ന്ന് കേരള യൂനിവേര്സിറ്റിയില്‍ നിന്ന് ബി എ പൊളിറ്റിക്സ് ഡിഗ്രീ. കാര്യവട്ടം കാമ്പസ്സില്‍ നിന്ന് പൊളിറ്റിക്സില്‍ എം എ., ഡല്‍ഹിയിലെ പ്രസിദ്ധമായ  ജവഹര്‍ ലാല്‍ നെഹ്‌റു യൂണിവേര്സിറ്റിയില്‍ നിന്ന് എം ഫില്‍. ,. ഇപ്പോള്‍ ജെ എന്‍ യു വില്‍ തന്നെ പി എച്ചു ഡി ചെയുന്നു.

ബുദ്ധി ജീവികള്‍ തുലോം കുറവായ കോണ്‍ഗ്രസിലെ പുതു തലമുറയിലെ അറിയപ്പെടുന്ന നേതാവാണ്  ഈ ചെറുപ്പക്കാരന്‍., എന്‍ എസ യു, യൂത്ത് കൊണ്ഗ്രെസ്സ് എന്നീ സംഘടനകളില്‍ പ്രത്യക്ഷമായ  സ്ഥാനങ്ങള്‍ വഹിച്ചില്ല  എങ്കില്‍ കൂടി പാര്‍ട്ടിയുടെ യുവജന വിഭാഗത്തിന്റെ പല നിര്‍ണ്ണായക രേഖകളും ഡ്രാഫ്റ്റ്‌ ചെയുന്നത്, വയനാട്‌ എം പി    എം. ഐ. ഷാനവാസിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി കൂടി ആയ ഈ മുപ്പത്തി എഴുകാരന്‍ ആണ്. പരന്ന വായനയും വിപുലമായ അറിവും ഉള്ള ഇദേഹം അനവധിയായ സുഹൃത് വലയത്തിന് ഉടമ കൂടി ആണ്. വളരെ സിമ്പിള്‍ ജീവിതം നയിക്കുന്ന ഇദേഹം വിവാഹിതന്‍ ആണ്, ഭാര്യ സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയുന്നു.

അത്യാവശ്യം ആയി ജെ എന്‍ യു വില്‍ പോകേണ്ടാതിനാല്‍ ഉച്ച ഭക്ഷണം കഴിക്കാം എന്നാ ഞങ്ങളുടെ ആഗ്രഹം  നിരസിച്ചു അദേഹം പെട്ടെന്ന് യാത്രയായി. ഡല്‍ഹിയില്‍ വരുമ്പോള്‍ എന്ത് സഹായവും അദേഹം വാഗ്ദാനം നല്‍കിയിരിക്കയാണ്. ഞാനും ആയുള്ള പരിചയം ഫേസ്‌ ബുക്കിലെ മലയാള നാട് എന്നാ ഒരു കൂട്ടായ്മയാണ്. രാഷ്ട്രീയം നോക്കാതെ , ആര്‍ക്കും എന്ത് സഹായവും നല്‍കുവാന്‍ തയ്യാറായി ഡല്‍ഹിയില്‍ ഉള്ള ഈ ബുദ്ധി ജീവി നമ്മുടെ നാടിനു ഒരു മുതല്‍ക്കൂട്ടാണ്. ഇത് പോലെ കഴിവും പ്രാഗല്‍ഭ്യവും ഉള്ളവര്‍ ആകണം നമ്മുടെ നാടിനെ നിയമസഭയിലും ലോകസഭയിലും ഒക്കെ പ്രതികരിക്കേണ്ടത്. പക്ഷെ നമ്മുടെ നാട്ടിലെ ചപ്പടാച്ചി രാഷ്ട്രീയക്കാര്‍ ഇതിനൊക്കെ തയ്യാറാകുമോ?
 

Thursday 19 July 2012

ഷവര്‍മയും കേരളത്തിലെ ഭക്ഷണ ശുചിത്വങ്ങളും


നാലഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ നാട്ടില്‍ വന്നപ്പോള്‍, തിരുവനന്തപുരത്തു നിന്ന് ഭാര്യ വീടായ ഇടുക്കി ജില്ലയിലെ ചെമ്മന്നാറിലെക്കുള്ള യാത്രയ്ക്ക് കെ എസ് ആര്‍ ടി സി ബസിനെ ആണ് ആശ്രയിച്ചത്. അതിരാവിലെ തിരുവനന്തപുരത്തു നിന്ന് നെടുംകണ്ടം ബസ്സില്‍ കയറി. പ്രഭാത ഭക്ഷണത്തിനു വേണ്ടി രാവിലെ എട്ടു മണിയോട് കൂടി പത്തനം തിട്ടയില്‍ ഒരു ഹോട്ടലിന്‍റെ മുന്നില്‍ നിര്‍ത്തി. ഭാര്യയും കുട്ടികളും ഉണ്ട്. രാവിലെ ബസില്‍ കയറിയതിനാല്‍ ഫ്രഷ്‌ ആകേണ്ടതുണ്ട്. ബസ്‌ ഹോട്ടലിനു മുന്നില്‍ അര മണിക്കൂര്‍ നിര്‍ത്തും. അടുത്തെങ്ങും മറ്റു ഹോട്ടലുകള്‍ ഇല്ല. അതിനാല്‍ ഈ ഒരു ഹോട്ടലില്‍ നിന്ന് വേണം കാപ്പി കുടിക്കുവാന്‍.,. ഒട്ടും വൃത്തിയില്ലാത്ത ശുചിത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഹോട്ടല്‍. ആയിരുന്നു അത്. ഹോട്ടലിനകത്ത് കയറിയപ്പോള്‍ തന്നെ വല്ലാത്ത ദുര്‍ഗന്ധം. വളരെ പഴകിയ, അടുത്ത കാലത്തൊന്നും മെയിന്റനന്‍സ്‌ ചെയ്തിട്ടില്ലാത്ത പണ്ടെങ്ങോ അടിച്ച കുമ്മായത്തിന്റെ നിറം പോലും കറുത്ത് ദ്രവിച്ചു കൊണ്ടിരിക്കുന്ന ചുമരുകള്‍., മേല്‍ക്കൂരയില്‍ ആണെങ്കിലോ കഴുക്കൊലിലും പട്ടികയിലും ഓടിലും ഒക്കെ അനേകം ജീവികള്‍ കൂട് കൂട്ടിയിരിക്കുന്നതു കാണാം.ചിലന്തിയുടെ മാറാലകള്‍ എങ്ങും.  ഈച്ചയും പല്ലികളും പാറ്റകളും  മറ്റു അനവധി ജീവികളും കുടി പാര്‍ക്കുന്ന ഇടം. അതിനിടയില്‍ ഓടി പോകുന്ന എലിക്കുഞ്ഞുങ്ങള്‍. ,. കുട്ടികള്‍ക്കും ഞങ്ങള്‍ക്കും നല്ല വിശപ്പ്‌..,. കൂടെ വന്ന എല്ലാവരും മൂക്ക് മുട്ടെ കഴിക്കുന്നു. ഞങ്ങളും ദോശയും ചമ്മന്തിയും ഓര്‍ഡര്‍ കൊടുത്തു. എന്തായാലും ഭക്ഷണം വന്നു കഴിച്ചു കൊണ്ടിരുന്നപ്പോഴേക്കു മക്കള്‍ രണ്ടു പേര്‍ക്കും ഓക്കാനം വന്നു. കഴിച്ചതെല്ലാം ശര്‍ദ്ദിച്ചു. വാഷ്‌ ബെസിനിന്റെ എണ്ണം കുറവായതിനാല്‍ പുരുഷന്മാര്‍ കൂടുതലും കൈ കഴുകി തുപ്പുന്നത് റോഡിലെക്കും. ഇതിലും ശോചനീയം ആയിരുന്നു ആ ഹോട്ടലിലെ ടോയ്ലെറ്റ്‌.. , ഒരിക്കല്‍ പോലും വൃത്തി ആക്കിയിട്ടില്ലാത്ത , മൂത്രത്തിന്റെയും  വിസര്‍ജ്ജ്യത്തിന്റെയും ദുര്‍ഗന്ധം കൊണ്ട് അടുക്കാന്‍ മേലാത്ത ഒരു സ്ഥലം. എന്ത് ചെയ്യാം, നമ്മുടെ നാട്ടില്‍ ഏറ്റവും കൂടുതല്‍ ശുചിത്വം ഉണ്ടെന്നു വീമ്പിളക്കുന്ന മലയാളിയുടെ നാട്ടില്‍ ആണ് ഇതൊക്കെ നടക്കുന്നത്. ഒരു പക്ഷെ എന്തെങ്കിലും കമ്മീഷന്‍ കിട്ടുന്നത് കൊണ്ടാകണം , ബസ്‌ ഡ്രൈവര്‍ ഈ ഹോട്ടലിനു മുന്നില്‍ തന്നെ ബസ്‌ നിര്‍ത്തി യാത്രക്കാരെ ഇവിടെ നിന്ന് തന്നെ കാപ്പി കുടിപ്പിക്കുന്നത്. അല്ല, അല്ലെങ്കില്‍ തന്നെ ഇവരൊക്കെ എങ്ങിനെ ഇവിടെ നിന്ന് ഭക്ഷണം കഴിക്കുന്നു.
ഏതായാലും അന്നത്തെ ഒരു യാത്രയോട് കൂടി ഒരിക്കലും ദീര്‍ഘ ദൂര യാത്രയ്ക്ക് സര്‍ക്കാര്‍ വാഹനത്തെ ആശ്രയിക്കില്ല എന്നുറപ്പിച്ചു.

ഇത് കേരളത്തിലെ ഒറ്റപ്പെട്ട ഒരു സംഭവം അല്ല. തിരുവനന്ത പുരത്തു നിന്ന്, പഠിച്ചിരുന്ന ചങ്ങനാശ്ശേരിയിലേക്കുള്ള യാത്രകളില്‍ കൊട്ടാരക്കരയില്‍ ചിലപ്പോഴൊക്കെ ഈച്ച പരന്നിരിക്കുന്ന ഭക്ഷണ സാധനങ്ങള്‍ കണ്ടിട്ടുണ്ട്. കേരളത്തിലെ ഏതാണ്ട് എല്ലാ സ്ഥലങ്ങളിലും ഇത് പോലുള്ള വൃത്തി ഹീനമായ അന്തരീഷം ആണ് നിലവില്‍ ഉള്ളത്. ട്രെയിനുകളില്‍ വിളമ്പുന്ന ഭക്ഷണങ്ങള്‍ നിവര്‍ത്തിയില്ലാത്തതിനാല്‍ കണ്ണുമടച്ചു കഴിക്കുന്നു എന്ന് മാത്രം. മൂത്രപ്പുരകള്‍ ആണെങ്കിലോ അകത്ത് കയറിയാല്‍ ബോധം കേട്ട് വീഴുമോ എന്ന് പേടിച്ചാണ് അകത്ത് കയറുന്നത്. പൈസ കൊടുത്ത് മൂത്രം ഒഴിക്കുന്ന ഇടങ്ങളിലും ഇത് തന്നെ ആണ് സ്ഥിതി.

തിരുവനന്തപുരത്തു വഴുതക്കാട്ടുള്ള, സല്‍വ കഫേയില്‍ ഷവര്‍മ കഴിച്ച പത്തോളം പേര്‍ക്ക് ഗുരുതരമായ ഭഷ്യ വിഷ ബാധ ഉണ്ടാകുകയും അതില്‍ ഇവിടെ നിന്നും ഷവര്‍മ കഴിച്ച ശേഷം ബാംഗ്ലൂരിലേക്ക് പോയ ആലപ്പുഴ വീയപുരം മേല്‍പ്പാടം ആറ്റുമാലില്‍ സച്ചിന്‍ റോയ്മാത്യു അവിടെ വെച്ച് മരിക്കുകയും ചെയ്തു. വളരെ രുചികരമായ ഷവര്‍മയുടെ കുഴപ്പം കൊണ്ടല്ല മരണം സംഭവിച്ചത്. അതിനു ഉപയോഗിച്ച പഴയ ചീഞ്ഞളിഞ്ഞ കോഴിയും വൃത്തി ഹീനമായ്‌ അന്തരീഷവും ആണ് ഇതില്‍ വിഷാംശം കടക്കുവാന്‍ കാരണം. മലയാളത്തിലെ അമൂല്യ നടനായ തിലകന്‍റെ മകന്‍ ഷോബി തിലകനും ഇവടെ നിന്ന് ഷവര്‍മ്മ കഴിച്ചു ആശുപത്രിയിലായി. ഒരു പക്ഷെ ഷോബി തിലകന്‍റെ പേര് വന്നതിനാലാകണം കാര്യമായ അന്വേഷണം ഉണ്ടായത്. 


അറബ് നാട്ടിലെ പ്രിയപ്പെട്ട ഭക്ഷണമാണ് ഷവര്‍മ. സിറിയ, ലബനോന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഷവര്‍മ ഗള്‍ഫിലേക്ക് വന്നത്. ഷവര്‍മ മേക്കറില്‍ ഒരു കമ്പിയില്‍ കുത്തി ഇറച്ചി നല്ല തീയില്‍ ചുട്ടെടുക്കുന്നു. വേകുന്ന ഭാഗങ്ങള്‍ അരിഞ്ഞു അതില്‍ വിന്നാഗിരിയും തൈരും വെളുത്തുള്ളിയും സലാഡും ചേര്‍ത്തു കുബൂസില്‍ പൊതിഞ്ഞു ടിഷ്യൂപേപ്പറില്‍ ചുരുട്ടി തരുന്ന കൊതിയൂറുന്ന വിഭവം. ആദ്യ കാലങ്ങളില്‍ ബീഫ്‌ മാത്രം ആയിരുന്നു ഇതിനായി ഉപയോഗിച്ചത് എങ്കിലും ഇപ്പോള്‍ ചിക്കന്‍ ആണ് കൂടുതല്‍ പേരുടെയും ഇഷ്ട വിഭവം. നല്ല വൃത്തിയില്‍ ശരിയായി ഉണ്ടാക്കിയാല്‍ കൊതിയൂറും വിഭവം ആണിത്. ഗള്‍ഫില്‍ മലയാളികളുടെ ഇഷ്ട വിഭവം , കടല്‍ കടന്നു നമ്മുടെ നാട്ടിലെയും ഇഷ്ട വിഭവം ആയി. മസ്കറ്റില്‍ ആയിരുന്നപ്പോള്‍ എന്റെയും കുടുംബാത്തിന്റെയും ഇഷ്ട ഭക്ഷണം ആയിരുന്നു ഈ ഷവര്‍മ്മ. പക്ഷെ ദുബായില്‍ വന്നു അറബികള്‍ ഉണ്ടാക്കുന്ന ഷവര്‍മ്മ കഴിച്ചതോട് കൂടി മലയാളികള്‍ ഉണ്ടാക്കുന്ന ഷവര്‍മ കഴിക്കുന്നത്‌ നിര്‍ത്തി. 


ഇന്ത്യയില്‍ ഒരു പക്ഷെ ഏറ്റവും വൃത്തിഹീനമായ സംസ്ഥാനം ആയി കേരളം മാറുകയാണ്. ഭക്ഷണ ശാലകളില്‍ പോലും മായം ചേര്‍ക്കുന്ന നാടായി മാറുന്നു നമ്മുടെ നാട്. ഏറ്റവും കൂടുതല്‍ രോഗികളും, അതിനാല്‍ ഏറ്റവും കൂടുതല്‍ മരുന്ന് ഉപയോഗിക്കുന്നതും കേരളത്തില്‍ ആണ്. രോഗങ്ങള്‍  കൂടുതലും മാലിന്യങ്ങളില്‍ കൂടി പകരുന്നവയാണ് എന്നതാണ് ഏറ്റവും പേടിപ്പിക്കുന്ന സംഗതി. മാലിന്യ സംസ്കരണത്തില്‍ കേരളം ഇടവും പരാജയം ആണ്. രോഗം പരത്തുന്ന എല്ലാ മൈക്രോ ഓര്‍ഗാനിസംസും കേരളത്തില്‍ സുലഭം ആണ്. അതിനിടയില്‍ ആണ് യാതൊരു എത്തിക്സും ഇല്ലാതെ ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്ന ഒരു വിഭാഗം.

മുളകു പൊടിയില്‍ ഇഷ്ടികപ്പൊടി ചേര്‍ക്കുക, മഞ്ഞള്‍ പൊടിയില്‍ ചായം കലര്‍ത്തുക, വെള്ള അരി ചെമ്പാവ് അരി ആക്കുക, പട്ടി ഇറച്ചി മട്ടന്‍ കറിക്ക് ഉപയോഗിക്കുക, രോഗം മൂലം ചത്തു പോകുന്ന നാല്‍ക്കാലികളെയും കോഴിയെയും തീന്‍ മേശയില്‍ വിളമ്പുക. വില്‍ക്കാത്ത പഴകിയ ആഹാര സാധനങ്ങള്‍ ദിവസങ്ങളോളം വച്ച് വിളമ്പുക. മാലിന്യ ജലം ഉപയോഗിക്കുക. കഴുകാതെ പാത്രങ്ങള്‍ ഭക്ഷണം തയ്യാറാക്കാനും സംസ്കരിക്കാനും ഉപയോഗിക്കുക. വൃത്തി ഹീനമായ അന്തരീഷത്തില്‍ അവയൊക്കെ തയ്യാറാക്കുക. ഇങ്ങനെ മനുഷ്യന് ഭക്ഷിക്കുവാന്‍ കഴിയാത്ത രീതിയില്‍ ഭക്ഷണം തയ്യാര്‍ ചെയ്യുക. കേരളത്തിലെ ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിക്കുന്നവര്‍ക്ക് രോഗങ്ങള്‍ തീര്‍ച്ചയാണ്.. ചിലര്‍ക്ക് ഉടനെ രോഗാവസ്ഥ പ്രത്യക്ഷപ്പെടുന്നു... മറ്റു പലര്‍ക്കും പല നാളുകള്‍ കൊണ്ടാവും രോഗ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുക.

മറ്റു പല സംസ്ഥാനങ്ങളെ അപേക്ഷിച്ചു വളരെ സമ്പന്നമായ നാടാണ് കേരളം. ഭക്ഷണത്തിനു വേണ്ടി ഏറ്റവും അധികം പണം ചിലവാക്കുന്നതും കേരളം ആണ്. ഹോട്ടലുകളില്‍ എത്ര ചാര്‍ജു കൂട്ടിയാലും അതൊക്കെ മേടിച്ചു കഴിക്കുവാന്‍ മലയാളി ഇന്ന് തയ്യാര്‍ ആണ്. പിന്നെ എന്ത് കൊണ്ടാണ്, നല്ല രീതിയില്‍ ഹൈജീന്‍ ആയ രീതിയില്‍ നല്ല ഭക്ഷണം വെച്ച് വിളമ്പുവാന്‍ മലയാള നാട്ടിലെ ഹോട്ടലുടമകള്‍ മടിക്കുന്നു. എങ്ങനെ എങ്കിലും ആരെ എങ്കിലും കൊന്നായാലും പണം ഉണ്ടാക്കണം എന്ന ഒറ്റ ചിന്ത മാത്രം ആണ് ഈ ആര്‍ത്തിപ്പണ്ടാരങ്ങള്‍ക്ക് ഉള്ളൂ... കൂടുതല്‍ ദൈവ വിശ്വാസികള്‍ ഉള്ള നാടാണ് കേരളം... ഭക്ഷണം ജീവന്‍ ആണ്... അത് ദൈവം ആണ് എന്ന് ചിന്തിക്കുന്നവര്‍ പോലും മനുഷ്യനെ കൊന്നാണ് ജീവിക്കുന്നത്. അന്‍പത്തി ഒന്ന് വെട്ടു വെട്ടി ടി പി യെ കൊന്നത് പോലെ അതിലും കൂടുതല്‍ വിഷാംശം കലര്‍ന്ന ഭക്ഷണം നല്‍കി ആണ് ഇന്ന് ഹോട്ടലുടമകള്‍ മലയാളിയെ കൊല്ലുന്നത്‌....,.

 

എന്തായാലും സല്‍വ കഫേയിലെ ഷവര്‍മ പ്രശ്നം അധികാരികള്‍ ഏറ്റെടുത്തു എന്ന് തോന്നുന്നു. ഇത്ര നാളും ഉറങ്ങി കിടന്നിരുന്ന ഫുഡ്‌ ഇന്‍സ്പെക്റ്റര്‍മാര്‍ കേരളമെമ്പാടും ഭക്ഷണ ശാലകള്‍ പരിശോധിക്കുന്നു... ഏറണാകുളത്ത് ഒരാഴ്ചത്തേക്ക് ഷവര്‍മ നിരോധിച്ചു... അനേകം ഭക്ഷണ ശാലകളും പൂട്ടി സീല്‍ വച്ച്. ആയിരക്കണക്കിന് റെസ്റ്റോരേന്റുകള്‍ക്ക് ഇമ്പ്രൂവ്‌മെന്റിനു നോട്ടീസ്‌ നല്‍കിയിരിക്കുന്നു.   ഒരു ഹോട്ടലിന്‍റെ അടുക്കളയില്‍ നിന്ന് മനുഷ്യ വിസര്‍ജ്ജ്യം പോലും പിടിച്ചിരിക്കുന്നു. പല സ്ഥലത്തും മാലിന്യ ജലം ആണ് പാചകത്തിന് ഉപയോഗിക്കുന്നത്. മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകള്‍ ആണ് കേരളത്തിലെ ഹോട്ടലുകളില്‍ നടത്തുന്ന റൈഡില്‍ കേരളം കാണുന്നത്... മലയാളി സമൂഹം ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

മൂന്നു ലക്ഷത്തില്‍ അധികം ഭക്ഷണ ശാലകള്‍ ഉള്ള കേരളത്തില്‍ ഏതാണ്ട് ഇരുപതിനായിരത്തില്‍ താഴെ മാത്രമേ ഇത് വരെ രെജിസ്റ്റര്‍ ചെയ്തിട്ടുള്ളൂ. കഴിഞ്ഞ വര്ഷം മാത്രം ആണ് ഇന്ത്യയില്‍ ഭഷ്യ സുരക്ഷാ നിയമം പ്രാബല്യത്തില്‍ വന്നത്. ഭക്ഷണ ശാലകള്‍ പരിശോധന നടത്തേണ്ട ഫുഡ്‌ ഇന്‍സ്പെക്ടര്‍ മാര്‍ നക്കാപ്പിച്ച കൈക്കൂലി മേടിച്ചു ഹോട്ടലുകാര്‍ നടത്തുന്ന കൊലപാതകങ്ങള്‍ക്ക് കൂട്ട് നില്‍ക്കുന്നു... മലയാളി എന്ത് കൊണ്ട് ഇങ്ങനെ ആകുന്നു... അഴിമതിക്ക്‌ എതിരെ ഘോരാഘോരം പ്രസംഗിക്കുന്ന ഇവര്‍ അഴിമതിക്ക്‌ കൂട്ട് നില്‍ക്കുന്നു...

ഭക്ഷ്യ സുരക്ഷാ നിയമം കേന്ദ്ര  സര്‍ക്കാര്‍ പാസ്സാക്കി എങ്കിലും അത് നമ്മുടെ നാട്ടിലെ ഹോട്ടലുകളിലും റെസ്റ്റോറെന്‍ടുകളിലും ചായക്കടകളിലും തട്ടുകടകളിലും എല്ലാം എങ്ങനെ പ്രാവര്‍ത്തീകമാക്കും എന്ന് നമ്മുടെ നാട്ടിലെ ഉദ്യോഗസ്ഥര്‍ക്ക് ഇത് വരെയും ഒരു പിടിയും കിട്ടിയിട്ടില്ല എന്ന് വേണം കരുതുവാന്‍.,. ആ നിയമനുസരിച്ച് നമ്മുടെ നാട്ടില്‍ ഭക്ഷണ പാനിയങ്ങള്‍ ഉല്‍പാദിപ്പിച്ചു വില്‍ക്കുന്ന കടകള്‍ക്ക് ഓരോ ഗ്രേഡ്‌ നിശ്ചയിക്കുകയും ആ ഗ്രേഡ്‌ അനുസരിച്ച് ഭക്ഷണത്തിനു വില നിശ്ചയിക്കേണ്ടതും ആണ്. നിയതമായ ഒരു ഗുണനിലവാരം ഓരോ ഗ്രേഡ്‌ അനുസരിച്ചും സ്വീകരിക്കേണ്ടത് ആണ്.
കേന്ദ്ര സര്‍ക്കാറിന്റെ നിയമമനുസരിച്ച് കേരളത്തിലെ സാഹചര്യങ്ങളും ചുറ്റുപാടുകളും മനസിലാക്കി, കേരളത്തില്‍   വെച്ചു വിളമ്പി കൊടുക്കുന്ന ഭക്ഷ്യ സാധനങ്ങള്‍ക്ക് ഗുണ നിലവാരം ഉറപ്പു വരുത്തുവാന്‍ സര്‍ക്കാര്‍ നിയമം കൊണ്ട് വരണം. ഇതിനായി ഹോട്ടലുകള്‍ നടത്തുന്നവരില്‍ നിന്നും പൊതു ജനങ്ങളില്‍ നിന്നും സാമൂഹിക പ്രവര്‍ത്തകരില്‍ നിന്നും സര്‍ക്കാരിനു നിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കാവുന്നത് ആണ്.
താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ പരിഗനിക്കാവുന്നത് ആണ്.
1) ചോദിക്കുന്ന ആര്‍ക്കും ഭക്ഷണ ശാലകള്‍ തുടങ്ങുവാനുള്ള അനുമതി കൊടുക്കാതെ, ഭക്ഷണ ശാല തുടങ്ങുവാന്‍ അനുയോജ്യമായ സ്ഥലത്ത് ആണോ അത് തുടങ്ങുന്നത് എന്ന് ഉറപ്പു വരുത്തുക. ഭക്ഷണ ശാല തുടങ്ങുമ്പോള്‍ അതിനെ അടുക്കളയുടെ വലിപ്പം, അതിനകത്ത് അടുപ്പുകള്‍, പാത്രം കഴുകാനുള്ള ഇടം, പാചകത്തിന് മുന്‍പ് അവ ഒരുക്കുന്നതിനുള്ള ഇടം, ഭക്ഷണ ശാലകളില്‍ പാചകത്തിന് മുന്‍പും പാചകത്തിന് ശേക്ഷവും ഉണ്ടാവുന്ന മാലിന്യം സംസ്കരിക്കുവാനുള്ള സംവിധാനം എന്നിവ ഫുഡ്‌ കണ്ട്രോള്‍ ഉദ്യോഗസ്ഥര്‍ ചെക്ക് ചെയ്തു വേണം പെര്‍മിറ്റ്‌ അനുവദിക്കേണ്ടത്. ഭക്ഷണ ശാലകളിലേക്ക്  പാചകത്തിന് ഉപയോഗിക്കുന്ന വെള്ളത്തിന്‍റെ അളവ്, ഗുണം, അവയില്‍ ക്ലോറോ ഫോം ബാക്ടീരിയ ഉണ്ടോ എന്നും ടെസ്റ്റ്‌ ചെയ്തു  സര്‍ട്ടിഫിക്കറ്റ് കൊടുക്കണം.
2) ഭക്ഷണ ശാലയില്‍ കീടങ്ങള്‍ കടന്നു വരാതിരിക്കാനുള്ള സംവിധാനം, ഇന്സേക്റ്റ്‌ കില്ലര്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക.
3) പാചകത്തിനും അത് വിളമ്പുന്നതിനും യോഗ്യമായ പാത്രങ്ങള്‍ ആണ് ഉള്ളത് എന്ന് ഉറപ്പു വരുത്തുക.
4) പാചകം കഴിഞ്ഞു അത് ശരിയായ രീതിയല്‍ ആണോ സംരക്ഷിച്ചു വെയ്ക്കുന്നത് എന്ന് ഉറപ്പു വരുത്തുക. അവയൊക്കെ, അവയുടെ ഊഷമാവ്‌ അനുസരിച്ച് സൂക്ഷിക്കുവാന്‍ ഉള്ള യന്ത്ര സാമഗ്രഹികള്‍ ഉണ്ട് എന്ന് ഉറപ്പു വരുത്തുക.
5) പാചകം ചെയ്ത ഭക്ഷണ പദാര്‍ഥങ്ങള്‍ക്ക് അത് ഭക്ഷിക്കുന്നതിനു  ഒരു സമയ പരിധി നിഴ്ചയിക്കുകയും, ആ സമയ പരിധി കഴിഞ്ഞാല്‍ അത് ആരുംഭക്ഷിക്കുന്നില്ല എന്ന് ഉറപ്പു വരുത്തുകയും ചെയ്യുക.
6) പാചകം ചെയുന്നവരും വിളമ്പുന്നവരും തീര്‍ച്ചയായും യൂണിഫോം ധരിക്കണം എന്ന് നിയമം കൊണ്ട് വരിക.
7) പാചകക്കാരും മറ്റു ജീവനക്കാരുടെയും ആരോഗ്യാവസ്ഥ എല്ലാ ആറു മാസവും നിര്‍ബന്ധമായും ടെസ്റ്റ്‌ ചെയ്യിക്കുകയും ആ റിപ്പോര്‍ട്ടുകള്‍ സ്ഥാപനത്തില്‍ സൂക്ഷിക്കുകയും ചെയുക. ആര്‍ക്കും പകരുന്ന രോഗങ്ങള്‍ ഇല്ല എന്ന് ഉറപ്പു വരുത്തുക.
8) ശുചീകരണ പ്രവര്‍ത്തങ്ങള്‍ യഥാ കാലം നടത്തുന്നുണ്ട് എന്ന് ഉറപ്പു വരുത്തുക.
9) വിളമ്പുകാര്‍ തങ്ങളുടെ കൈകള്‍ കൊണ്ടും ത്വക്ക്‌ കൊണ്ടും ഭക്ഷണ സാധനത്തില്‍ തോടാതിരിക്കുവാന്‍ ഗ്ലൌസോ സ്പൂണോ ഉപയോഗിച്ച് മാത്രം അവ വിളമ്പുക. ഹൈജീന്‍ കാര്യങ്ങളില്‍ പൂര്‍ണ്ണ ശ്രദ്ധ കാത്തു സൂക്ഷിക്കുക.
10) നിരോധിക്കപ്പെട്ട രാസ വസ്തുക്കള്‍, പല പ്രാവശ്യം ഉപയോഗിച്ച എണ്ണ ഇവയൊന്നും പാചകത്തിന് ഉപയോഗിക്കില്ല എന്ന് ഉറപ്പു വരുത്തുക.
11) മെനു കാര്‍ഡുകള്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കുകയും, കസ്റ്റമര്‍ക്ക് താന്‍ കഴിക്കുന്ന ഭക്ഷണത്തിന്‍റെ ചെരുവകകള്‍ അറിയുവാന്‍ ഉള്ള സ്വാതന്ത്ര്യം ഉണ്ടാവുകയും വേണം. മാത്രമല്ല, ഫുഡ്‌ ഇന്‍സ്പെക്ടര്‍ മാരുടെ അംഗീകാരം കിട്ടിയ  മെനു  മാത്രമേ ഭക്ഷണ ശാലകളില്‍  വിളമ്പാവൂ.
12) മൂന്നു മാസത്തില്‍ ഒരിക്കലെങ്കിലും ഭക്ഷണ ശാലകള്‍ നിര്‍ബന്ധമായും സന്ദര്‍ശിക്കുവാന്‍ ഇന്‍സ്പെക്ടര്‍മാര്‍ തയ്യാറാവണം.
13) ഓരോ ഭക്ഷണ ശാലയ്ക്കും അതോടനുബന്ധിച്ചു വൃത്തിയും വെടിപ്പും ഉള്ള ടോയിലെറ്റ്‌ സൌകര്യങ്ങള്‍ ഉണ്ട് എന്ന് ഉറപ്പു വരുത്തുക. 

Monday 16 July 2012

ഇന്ത്യയും ജനാധിപത്യത്തിലെ അപചയങ്ങളും.


രാഷ്ട്രം സുപ്രധാനമായ ഒരു കാലഘട്ടത്തിലൂടെ ആണ് കടന്നു പോകുന്നത്. ആഗോളീകരണത്തിനു ശേക്ഷം രാഷ്ട്രങ്ങള്‍ തീര്‍ത്തും ദുര്‍ബലമാകുന്ന ഒരു അവസ്ഥ ആണ് ഇന്ന് ലോകമെങ്ങും. ലോകത്തിന്റെ ഏതുമൂലയിലിരുന്നും ഒരു വിരല്‍തുമ്പില്‍ എല്ലാം സുതാര്യമായി അറിയുന്ന ഇന്റര്‍നെറ്റ് ശ്രിംഘല ആണ് ഇന്നുള്ളത്. രാഷ്ട്രങ്ങള്‍ ദുര്‍ബലമാകുന്നതിനും ഒരു കാരണം ഈ വിരല്‍ത്തുമ്പുകള്‍ ആകാം.
വിപുലമായി വളര്‍ന്ന ഒരു ടെക്നോളോജിയുടെ കാലഘട്ടത്തില്‍ ആണ് ഇന്ന് നാം ജീവിക്കുന്നത്.  സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ ഇന്ന് ജനങ്ങളിലേക്ക് അത്ര മാത്രം ഇറങ്ങി ചെന്നിരിക്കയാണ്. സര്‍ക്കാറുകള്‍ മാത്രമല്ല രാഷ്ട്രങ്ങള്‍ പോലും തകര്‍ക്കുവാനുള്ള കരുത്ത് ഇന്ന് ഈ വിരല്‍തുമ്പില്‍ ആണ് ഒളിഞ്ഞിരിക്കുന്നത്. അറബ് വസന്തത്തില്‍ ഇതൊക്കെ നാം അനുഭവിച്ചു അറിയുകയും ചെയ്തു. അറബ് വസന്തത്തിലൂടെ അറബ് നാടുകളില്‍ എങ്ങും ജനാതിപത്യത്തിനായുള്ള മുറവിളികള്‍ അലയടിക്കുകയും പല എകാധിപതികളും തുടച്ചു മാറ്റപ്പെടുകയും ചെയ്തു. അറബ് വസന്തത്തില്‍ പ്രക്ഷോഭം തുടങ്ങിയത് സോഷ്യല്‍ നെറ്റ് വര്‍ക്കുകളുടെ ശ്രമാത്താല്‍ ജനം  സ്വമേധയാ തെരുവില്‍ ഇറങ്ങി ആയിരുന്നു എങ്കില്‍ പോലും അവയ്ക്ക് നേതൃത്വം നല്‍കുവാന്‍ പ്രതിപക്ഷ കക്ഷികള്‍ മുന്നോട്ടു വരികയും ഉണ്ടായി. 


എന്നാല്‍ ഒക്കുപ്പയ്‌ വാള്‍ സ്ട്രീറ്റ്‌ പ്രക്ഷോഭത്തിലൂടെ അമേരിക്ക പോലും സമ്മര്‍ദ്ദത്തില്‍ ആവുകയും, അത് ലോകമൊട്ടുക്കും വ്യാപിക്കുകയും ചെയ്തതും ചരിത്രം ആണ് എങ്കില്‍ കൂടി കുറെ നാളത്തെ സമരത്തിനു ശേക്ഷം ഈ സമരം കെട്ടടങ്ങുക ആയിരുന്നു. ഓരോരുത്തരും സ്വമേധയാ നേതാക്കള്‍ ആകുകയും, അവരെ കൂട്ടി യോജിപ്പിച്ചു ശരിയായ ഒരു ദിശയിലേക്ക് നയിക്കുവാന്‍ പ്രാപ്തര്‍ ആയ നേതാക്കള്‍ ഇല്ലാതായതും ആണ് ഈ പ്രക്ഷോഭങ്ങള്‍ പെട്ടെന്ന്  മൃതിയടയുവാന്‍ കാരണം. സുശക്തമായ രാഷ്ട്രീയ  നേതൃത്വം ഈ മുന്നേറ്റത്തെ ശരിയായ രീതിയില്‍ നേരിടുകയും ചെയ്തു എന്നും വ്യാഖ്യാനിക്കാം. അതായത്, പ്രക്ഷോഭം നയിച്ചവരുടെ നേതൃത്വ ഗുണങ്ങളെക്കാള്‍ മികച്ചതായിരുന്നു അവരെ നേരിട്ട ഭരണ കൂടത്തിന്റെ നേതൃത്വ ഗുണം.
 
ഇന്ത്യയിലും അണ്ണ ഹസാരയുടെ നേതൃത്വത്തില്‍ അഴിമതിക്കെതിരെ ആണ് എങ്കില്‍ കൂടി ചില മുന്നേറ്റങ്ങള്‍ ഇത്തരുണത്തില്‍ ഉണ്ടാവുകയും, ചില തിരയിളക്കങ്ങള്‍ക്ക് അത് ഉപകരിക്കയും ചെയ്തു. എന്തായാലും ഹസാര ടീമിന്‍റെ പിന്നിലെ ഗൂഡ നീക്കങ്ങള്‍ ജനങ്ങളില്‍ എത്തിക്കുവാന്‍ ഭരണ കൂടത്തിനു ഒരു പരിധി വരെ കഴിയുകയും ചെയ്തു എന്നതിന്റെ തെളിവാണ് ഹസാരയുടെ സ്വന്തം തട്ടകമായ മഹാരാഷ്ട്രയിലെ മുംബയില്‍ അദേഹത്തിന്റെ സമരം പരാജയം ആയത്. ഭരണ കൂടങ്ങളെ തകര്‍ക്കുവാന്‍ കഴിയുന്ന ഒരു ബ്രാന്‍ഡ്‌ ആണ് അഴിമതി എന്നുള്ള തിരിച്ചറിവാണ് അരവിന്ദ്‌ കേജരിവാളിന്റെ ഹസാരയെ മുന്‍ നിര്‍ത്തിയുള്ള ഈ സമര രീതി. ഹസാരയുടെ സമരത്തിനു പിന്നിലെ ലക്ഷ്യത്തിലെ നിഗൂഡതകള്‍ ജനം മനസിലാക്കിയത് ആണ് ഈ സമരം ഫലപ്രാപ്തിയില്‍ എത്താതെ പോയത്.
 
അതെ അഴിമതി ആണ് ഇന്ന് ഭരണകൂടങ്ങളെ തകര്‍ക്കുവാന്‍ ഉള്ള ഏറ്റവും വലിയ ആയുധം. അഴിമതിയില്‍ മുങ്ങി ആണ് ഇന്ന് മിക്ക ഭരണ കൂടങ്ങളും നില നില്‍ക്കുന്നത്. അഴിമതി ഒരു വലിയ ബ്രാന്‍ഡ്‌ ആണ് ഇന്ന് ലോകമെങ്ങും. അഴിമതിക്ക് കൂട്ട് നിന്നില്ല എങ്കില്‍ ഭരണ കൂടങ്ങള്‍ തകരും. അതിനു ഒരു മറുവശം, അഴിമതിക്ക് കൂട്ട് നിന്നാല്‍ ജനങ്ങള്‍ സര്‍ക്കാറുകള്‍ക്ക് എതിരെ തിരിയും.   ഭരണ കൂടങ്ങളെ നിഴ്ചയിക്കുന്നതും മന്ത്രിമാരെയും സെക്രട്ടറിമാരെയും വകുപ്പ് മേധാവികളെയും പോലും നിശ്ചയിക്കുന്നത്, മാഫിയകളും ബിസിനസ് ഗ്രൂപ്പുകളും ആണ്. ഒരാളെ തെരഞ്ഞെടുപ്പില്‍ ജയിപ്പിക്കുന്നത് തോല്പിക്കുന്നതും, കഴുതകളായ ജനങ്ങള്‍ അല്ല, മറിച്ചു മാഫിയകളും ബിസിനസ് അധിപന്മാരും ആണ്. ജനങ്ങള്‍ക്ക്‌ വേണ്ടത്, വളരെ ഷോര്‍ട്ട് ആയുള്ള ആനുകൂല്യങ്ങള്‍ മാത്രം. അവര്‍ അതില്‍ സായൂജ്യം അടയുമ്പോള്‍ രാഷ്ട്രീയക്കാരും ബിസിനസ്കാരും തങ്ങളുടെ   ഭാവി സുനിസ്ചിതമാക്കുന്നു.
 


ഞാന്‍ മഹാരാഷ്ട്രയിലെ സുഹൃത്തുമായി  ആയി അവിടെ നടന്ന മുനിസിപ്പല്‍ തെരെഞെടുപ്പിലെ വോട്ടിംഗ് രീതിയെ കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത്, തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മൂന്നും നാലും മാസത്തെ വൈദ്യുതി ബില്ലുകള്‍ മഹാരാഷ്ട്രയിലെ ജനങ്ങള്‍ അടയ്ക്കില്ല. അത് പോലെ മറ്റു ചില കടങ്ങളും. വോട്ടു ചെയ്യണം എങ്കില്‍ സ്ഥാനാര്‍ഥി വേണം ഇവയൊക്കെ അടയ്ക്കുവാന്‍.. പോലും. ഒരു തെരഞ്ഞെടുപ്പില്‍ ജയിക്കുവാന്‍ ഇത് പോലെ അനേകം പേരുടെ കടങ്ങള്‍ അടയ്ക്കുവാന്‍ സ്ഥാനാര്‍ഥി നിര്‍ബന്ധിക്കപ്പെടുന്നു. ചിലര്‍ക്ക് സ്കൂട്ടര്‍, വാഷിംഗ് മെഷീന്‍, മിക്സി, ഫ്രിഡ്ജ്‌ തുടങ്ങി ഇലെട്രോണിക് ഉല്പന്നങ്ങള്‍ വാങ്ങി കൊടുക്കണം. അപ്പോള്‍ ഇവയ്ക്കൊക്കെ ചിലവാകുന്ന തുക സ്ഥാനാര്‍ഥി എവിടെ നിന്ന് ഉണ്ടാക്കും. അയ്യാളെ സ്പോന്സര്‍ ചെയുന്ന ബിസിനസ് മാഫിയ ഈ പണം അയാള്‍ക്ക്‌ വേണ്ടി മുടക്കുന്നു. ജയിക്കുന്ന ആള്‍, ജനത്തിനു വേണ്ടി അല്ല, അയ്യാളെ സ്പോണ്സര്‍ ചെയ്ത കമ്പനിക്ക് വേണ്ടി അല്ലെങ്കില്‍ മാഫിയയക്ക്‌ വേണ്ടി പ്രവര്‍ത്തിക്കുന്നു. മഹാരാഷ്ട്രയില്‍ മാത്രം അല്ല, ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളിലും ഇതാണ് സ്ഥിതി. തമിഴ് നാട്ടില്‍ പല ഇടത്തും ആഘോഷമായ സാരി വിതരണം നടത്തിയതായി നമ്മള്‍ കേട്ടിട്ടുണ്ടല്ലോ... തെരഞ്ഞെടുപ്പ് നമ്മുടെ നാട്ടില്‍ നടക്കുന്ന ഏറ്റവും വലിയ ഉത്സവം ആണ്. ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ധനികര്‍ ആകുന്നതും  ഏറ്റവും കൂടുതല്‍ പണം വിപണിയിലേക്ക് ഒഴുകുന്നതും ഈ സമയത്ത് ആണ്. മദ്യം , ഭക്ഷണം തുടങ്ങിയവയ്ക്ക് ഏറ്റവും അധികം ഡിമാന്‍ഡും ഈ സമയത്ത് ആണ്. ഏറ്റവും കൂടതല്‍ കള്ളപ്പണം ഒഴുകുന്നതും തെരഞ്ഞെടുപ്പ് മാമാങ്കങ്ങള്‍ നടക്കുമ്പോള്‍ ആണെന്നത് വളരെ പരസ്യം ആണ്.

കഴിഞ്ഞ നിയമ സഭാ തെരെജെടുപ്പിനു ശേക്ഷം മഹാരാഷ്ട്രയില്‍ നിന്ന് വന്ന വാര്‍ത്തയില്‍, വസായി മണ്ഡലത്തെ പ്രതിനിധീകരിച്ച് വിജയിച്ച സ്വതന്ത്ര  സ്ഥാനാര്‍ഥി നൂറു കണക്കിന് ഇരു ചക്ര വാഹനങ്ങള്‍ വോട്ടര്‍മാര്‍ക്ക് നല്‍കി ആണ് വിജയിച്ചത് എന്ന വാര്‍ത്ത വന്നിരുന്നു.
 
മുന്നൊക്കെ, വേഷ്ടി, സാരി, കുട്ടികള്‍ക്ക് പുസ്തകങ്ങള്‍, മദ്യം, പണം എന്നിവ ആണ് വോട്ടര്‍മാര്‍ക്ക് സ്ഥാനാര്‍ഥികള്‍ കൊടുത്തിരുന്നത് എങ്കില്‍ ഇന്ന് കാലം മാറി. ഇപ്പോള്‍ ഇരു ചക്ര വാഹങ്ങള്‍ മാത്രം അല്ല, കാറുകള്‍, ഇലെട്രോണിക്‌ ഉപകരണങ്ങള്‍ തുടങ്ങിയവയും സമ്മാനങ്ങളില്‍ ഉള്‍പ്പെടുന്നു. സമ്മര്‍ദ്ദ ഗ്രൂപ്പുകള്‍ക്കും സമുദായങ്ങള്‍ക്കും ലഭിക്കുന്നത് ഇതിലും എത്രയോ അധികമാണ്. കോടിക്കണക്കിനു രൂപ വിലമതിക്കുന്ന കണ്ണായ ഭാഗത്തുള്ള ഭൂമി ആണ് പലപ്പോഴും സമുദായങ്ങള്‍ക്ക് ലഭിക്കുക. ഇതിനൊക്കെ പുറമേ ചില ഓര്‍ഡിനന്സ് വഴി അനേക കോടികള്‍ ലാഭം ഉണ്ടാകുവാന്‍ ഉള്ള അവസരങ്ങള്‍ കമ്പനികള്‍ക്കും.

ഓരോ സ്ഥാനാര്‍ഥിക്കും തെരഞ്ഞെടുപ്പില്‍ ചിലവാക്കുവാന്‍ ഒരു നിശ്ചിത സംഖ്യ അനുവദിച്ചിട്ടുണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍., എന്നാല്‍ അതിലും എത്രയോ മടങ്ങ്‌ ആണ് ഇക്കാലത്ത് ഓരോരുത്തരും ചിലവഴിക്കുക. എവിടെ നിന്നാണ് ഇത്രയധികം പണം ചിലവഴിക്കുവാന്‍ ഓരോ സ്ഥാനാര്‍ഥിക്കും കഴിയുക. അല്ലെങ്കില്‍ ഇത്ര മാത്രം പണം മുടക്കുവാന്‍ ഏതു രാഷ്ട്രീയ കക്ഷികല്‍ക്കാന് കഴിയുക. എങ്ങനെ ആണ് ഓരോ തെരഞ്ഞെടുപ്പിലും ഒഴുകുന്ന കോടികള്‍ നിയന്ത്രിക്കുന്നത്‌..,.

ഓരോ തെരെഞ്ഞെടുപ്പും ബിസിനസ് കാര്‍ക്ക് കച്ചവടം ആണ്. അവര്‍ പണം മുടക്കുന്നത് അതിന്‍റെ പല മടങ്ങ്‌ ലാഭം തിരിച്ചു പിടിക്കുവാന്‍ ആണ്. പല വിധമായ ബിസിനസ് താല്‍പ്പര്യങ്ങള്‍ ഉള്ള ഇന്ത്യക്ക് അകത്തും പുറത്തും ഉള്ള സമ്മര്‍ദ്ദ ഗ്രൂപ്പുകള്‍ ആണ് ഓരോ പാര്‍ട്ടിക്കും, സ്ഥാനാര്‍ഥിക്കും വേണ്ടി കോടികള്‍ മുടക്കുന്നത്. ഇതില്‍ ബിസിനസ് ഗ്രൂപ്പുകള്‍ ഉണ്ടാകാം, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നശീകരണം കാണുവാന്‍ ആഗ്രഹിക്കുന്ന, വിഘടന വാദികള്‍ കണ്ടേക്കാം. മത മൌലീക വാദികള്‍ ഉണ്ടാവാം, ദേശിയവും അന്തര്‍ ദേശിയവും ആയ അധോലോകം ഉണ്ടാവാം, ലഹരി വിപണിയിലെ ആഗോള ഭീമന്മാര്‍ ഉണ്ടാവാം. അവര്‍ ഓരോരുത്തരും പണം മുടക്കുന്നത് അവരുടെ രാഷ്ട്രീയവും കച്ചവടവും ആയ താല്പര്യങ്ങള്‍ക്ക് വേണ്ടി മാത്രം ആണ്.
 
ഓരോ തെരെഞ്ഞെടുപ്പു വിജയവും തങ്ങളുടെ വരുതിയിലാക്കുന്നത് കേവലം പത്തു ശതമാനം മാത്രം  വരുന്ന ഈ കൊള്ള സംഘങ്ങള്‍ ആയ സമ്മര്‍ദ്ദ ഗ്രൂപ്പുകള്‍ ആണ്. ഈ ഒരു ചെറിയ സമൂഹം ആണ് ഇന്ത്യയിലെ  വലിയ ഒരു വിഭാഗത്തിന്‍റെ മേല്‍ എന്നും കുതിര കയറുന്നത്. ഇതിങ്ങനെ എത്ര നാള്‍ നാം സഹിക്കേണ്ടി വരും?

ഇന്ത്യയില്‍ ജാനതിപത്യം ബിസിനസ് മാഫിയയക്ക്‌ വേണ്ടി  ബിസിനസ് മാഫിയ കണ്ട്രോള്‍ ചെയുന്ന രാഷ്ട്രീയക്കാരുടെ ഒരു കൂട്ടം നടത്തുന്ന ഭരണം ആണ് എന്ന് പറയേണ്ടിയിരിക്കുന്നു.

ഇതെഴുതുവാന്‍ പ്രേരിപ്പിച്ച ഘടകം, രാഷ്ട്രീയ കക്ഷികള്‍ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ തങ്ങള്‍ക്ക് ലഭിച്ച തുകയുടെ കണക്കുകള്‍ വെളിപ്പെടുത്തിയതു കണ്ടപ്പോള്‍  ആണ്. ഇതില്‍ ഇന്ത്യ ഭരിക്കുന്ന കോണ്‍ഗ്രെസ് എന്നോ, ഭരണം കയ്യില്‍ ഇല്ലാത്ത ബി ജെ പി എന്നോ, വര്‍ഗ ബഹുജന പുരോഗമന പാര്‍ട്ടി എന്ന സി പി എമ്മോ എന്നുള്ള വ്യത്യാസം ഇല്ല എന്നതാണ്. ഇന്ത്യയുടെ സാമ്പത്തീക നില കീഴോട്ടു വളരുമ്പോഴും മുഖ്യധാര പാര്‍ട്ടികളുടെ വരവുകള്‍ കൂടുന്നു. ഇതില്‍ ഏറ്റവും രസകരമായ വസ്തുത, ഇവര്‍ക്ക് പണം കൊടുക്കുന്നവര്‍ ആരും തങ്ങളുടെ പേരുകള്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല എന്നതാണ്. ഉറവിടം വെളിപ്പെടുത്താതെ ഉള്ള ഈ ഡോണെഷന്‍സ് അനുവദിക്കാന്‍ പാടില്ല. ഒരു ജനാധിപത്യ രാജ്യത്തെ ജനങ്ങള്‍ക്ക്‌, ആ രാജ്യത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്നവരുടെ പേര് വിവരം അറിയുവാന്‍ ഉള്ള അവകാശം ഉണ്ടായിരിക്കണം. ഒരു രാഷ്ട്രീയ കക്ഷിയുടെ പ്രവര്‍ത്തകനും, അതിലുപരി ഓരോ വോട്ടര്‍മാര്‍ക്കും ഇതറിയുവാനുള്ള കടമയുണ്ട്. എങ്കില്‍ മാത്രമേ നമ്മുടെ രാജ്യത്ത് നടക്കുന്നത് ശരിയായ ജനാധിപത്യം എന്ന് അവകാശപ്പെടുവാന്‍ കഴിയുകയുള്ളൂ. അഴിമതിയെ ഒരു പരിധിവരെ കണ്ട്രോള്‍ ചെയുവാന്‍ ഇത് ഉപകരിക്കുകയും ചെയ്യും.  


Tuesday 3 July 2012

നാത്തൂന്‍ പോരും ഇന്ത്യന്‍ ടെന്നീസും...


ലണ്ടന്‍ ഒളിമ്പ്ക്സ് അടുത്തു വരുന്നു.. ഇനി ഏതാനും ദിവസങ്ങള്‍ മാത്രം.
ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷ യില്‍ ഷൂട്ടിംഗ്, ഗുസ്തി, ബോക്സിംഗ്  തുടങ്ങിയവയ്ക്കൊപ്പം ടെന്നീസും മികച്ചു നില്‍ക്കുന്നു. പെയ്സും ഭൂപതിയും ചേര്‍ന്നുള്ള ഡബിള്‍സ്, പിന്നെ സാനിയയോടൊപ്പം മിക്സഡ്‌ ഡബിള്‍സ്... ഇവയാണ് ടെന്നീസിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ ..പക്ഷെ കളിക്കാര്‍ക്കിടയിലെ തന്‍പോരിമ നമ്മുടെ മെഡല്‍ പ്രതീക്ഷകള്‍ തകര്‍ക്കുമോ?
ഇന്ത്യന്‍ ടെന്നീസ്‌ എന്ന് കേള്‍ക്കുമ്പോള്‍ അമൃതരാജ് സഹോദരന്മാര്‍ ആണ്  ഓര്‍മയില്‍ ഓടി വരുന്നത്. എന്റെ ചെറുപ്പത്തില്‍ വിജയ്‌ , ആനന്ദ്‌ , അശോക്‌ അമൃത രാജുമാര്‍ ആയിരുന്നു, ടെന്നീസില്‍ ഇന്ത്യക്ക് മേല്‍വിലാസം കൊടുത്തത്..   രാമനാഥന്‍ കൃഷ്ണന് ശേക്ഷം ഇന്ത്യയില്‍ ടെന്നീസ്‌ എന്തെന്ന് മനസിലാക്കി കൊടുത്തതും അമൃത രാജു സഹോദരന്മാര്‍ ആയിരുന്നു. വിജയ അമൃതരാജായിരുന്നു കൂട്ടത്തിലെ കേമന്‍. ലോക ഒന്നാം നമ്പര്‍ താരങ്ങള്‍ ആയിരുന്ന, ജോണ്‍ മക്കന്റൊയെ ഒരിക്കലും, ജിമ്മി കൊണെര്സിനെ അഞ്ചു പ്രാവശ്യവും തോല്പ്പിച്ചിട്ടുള്ള വിജയ് ലോക റാങ്കിങ്ങില്‍ ഒരിക്കല്‍ പതിനാറാം റാങ്കില്‍ എത്തുകയും ചെയ്തിരുന്നു. ഏതെന്കിലും ഒരു ഇന്ത്യന്‍ താരം നേടുന്ന ഏറ്റവും ഉയര്‍ന്ന റാങ്കിംഗ് ആയിരുന്നു അത്. ഇന്ത്യയില്‍ സീരിയസ് ആയി ടെന്നീസ് കളിച്ചതും, പലപ്പോഴും പല വന്പന്മാരെയും തോല്‍പ്പിച്ചു ഡേവിസ്‌ കപ്പില്‍ ഇന്ത്യയ്ക്ക് അമ്പരപ്പിക്കുന്ന പല വിജയങ്ങളും നേടി കൊടുത്ത ആളും ആണ് വിജയ്. 1970 ല്‍ പ്രൊഫെഷണല്‍ ആയ വിജയിന്‍റെ ടെന്നീസ്‌ ജീവിതം  1993 വരെ നീണ്ടു..
1954 ല്‍ ചരിത്രത്തില്‍ ആദ്യമായി വിംബിള്‍ഡന്‍ ബോയ്സ്  കിരീടം നേടുന്ന ഏഷ്യക്കാരന്‍ എന്ന ബഹുമതി കരസ്ഥമാക്കി, അറുപതുകളില്‍ ഇന്ത്യന്‍ ടെന്നീസില്‍ സജീവ സാന്നിധ്യം ആയിരുന്ന രാമനാഥന്‍ കൃഷ്ണന്റെ മകന്‍ രമേശ്‌ കൃഷ്ണന്‍ 1978 ല്‍ ആണ് ഇന്ത്യന്‍ ടെന്നീസില്‍ പ്രൊഫെഷണല്‍ കുപ്പായം ചാര്‍ത്തുന്നത്. വിജയിനൊപ്പം, ഇന്ത്യന്‍ ടെന്നീസിനെ വളര്‍ച്ചയുടെ പടവുകള്‍ കയറ്റുന്നതില്‍ വലിയ പങ്കു വഹിച്ച ഇദേഹവും ലോക റാങ്കിങ്ങില്‍ 23 മത്  വരെ എത്തി അഭിമാനാര്‍ഹമായ നേട്ടം കാഴ്ച വച്ചിട്ടുണ്ട്. 1993 ല്‍ ആണ്, രമേശ്‌ കൃഷ്ണനും കളിക്കളത്തോട് വിട പറയുന്നത്.


രമേശ്‌ കൃഷ്ണനും, വിജയ്‌ അമൃതരാജും 1993 ല്‍ റിട്ടയര്‍ ചെയുന്നതിനു മുന്‍പായി,  1991 ല്‍ തന്നെ ലിയാണ്ടര്‍ പെയ്സ്‌ , തന്‍റെ വളരെ ചെറിയ പ്രായത്തില്‍ തന്നെ പ്രൊഫെഷണല്‍ കുപ്പായം ഇട്ടു, ഇന്ത്യക്ക് മനം കുളിര്‍പ്പിക്കുന്ന വിജയങ്ങള്‍ നേടിത്തുടങ്ങിയിരുന്നു. അരങ്ങേറിയ വര്ഷം തന്നെ ലോക ജൂനിയര്‍ ഒന്നാം നമ്പര്‍ താരം ആയി ലിയാണ്ടര്‍ ഏവരെയും അമ്പരപ്പിച്ചു. 1992 ല്‍ ചെറു പ്രായത്തില്‍ തന്നെ, ബാര്‍സലോണ ഒളിമ്പിക്സില്‍ രമേശ്‌ കൃഷ്ണനോപ്പം കോര്‍ട്ട് നിറഞ്ഞു കളിച്ച  ഇന്ത്യന്‍ ടീം ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തി. നാല് വര്‍ഷങ്ങള്‍ക്കപ്പുറം 1996 ല്‍ അറ്റ്‌ലാന്റ ഒളിമ്പിക്സില്‍  ടെന്നീസ്‌ വിഭാഗത്തില്‍ നേടിയ വെങ്കല മെഡല്‍ 1952 നു ശേഷം ഏതെങ്കിലും ഒരു ഇന്ത്യക്കാരന്‍ നേടുന്ന ആദ്യ  വ്യക്തിപരമായ മെഡലും ആണ് എന്നത് എടുത്തു പറയേണ്ട നേട്ടം ആണ്. പക്ഷെ തുടര്‍ന്നു വന്ന മൂന്ന് ഒളിമ്പിക്സിലും  , മഹേഷ്‌ ഭൂപതിയും ആയി ചേര്‍ന്ന്  മത്സരിച്ച ഡബിള്‍സില്‍ എല്ലാം പരാജയങ്ങള്‍ ആണ് രുചിച്ചത്.  പെയ്സിനെ സംബന്ധിച്ചിടത്തോളം ലണ്ടന്‍ ഒളിമ്പിക്സ് തന്‍റെ ആറാമത് ഒളിമ്പിക്സ് ആണ്. ഒരു പക്ഷെ മറ്റൊരു താരത്തിനും കഴിയാത്ത ഒരു ഭാഗ്യം. തുടര്‍ച്ചയായി ആറു ഒളിമ്പിക്സില്‍ മത്സരിക്കുക എന്ന ഭാഗ്യം.
1995 ല്‍ പ്രൊഫെഷണല്‍ ആയി, ലിയാണ്ടര്‍ പെയ്സിന്  തുണയായി, പല ഡബിള്‍സ് മത്സരങ്ങിലും പെയ്സിനെക്കാള്‍ തിളങ്ങുകയും ചെയ്ത മഹത്തായ കളിക്കാരന്‍ ആണ്  മഹേഷ്‌ ഭൂപതി. ഒരു കാലയളവില്‍ പെയ്സും ഭൂപതിയും ചേര്‍ന്ന ഇന്ത്യന്‍ ഡബിള്‍സ് ടീം, മറ്റു ടീമുകള്‍ക്ക് എല്ലാം ഒരു പേടി സ്വപനം ആയി നില കൊണ്ടിരുന്നു. അതായിരുന്നു ഇന്ത്യന്‍ ടെന്നീസിന്റെ സുവര്‍ണ്ണ കാലവും. ഇവര്‍ ഒന്ന് ചേര്‍ന്ന ജോഡി, മൂന്നു തവണ ഗ്രാന്‍ഡ്‌ സ്ലാം നേടുകയും മൂന്നു തവണ രണ്ടാം സ്ഥാനത്ത് വരികയും ചെയ്തു.
ടെന്നീസില്‍ ഇന്ത്യന്‍ വസന്തമായിരുന്ന  പെയിസ്‌ - ഭൂപതി ജോഡികള്‍ക്ക് എന്താണ് സംഭവിച്ചത്? ഡബിള്‍സിലും മിക്സഡ്‌ ഡബിള്‍സിലും ഇവര്‍ രണ്ടു പേരും ഒന്നിച്ചും മറ്റു കളിക്കാരും ആയി ചേര്‍ന്ന് നേടിയ  നേട്ടങ്ങള്‍ ഇന്നും അല്ഭുതാവാഹം ആണ്. ഇതിനു പുറമേ രണ്ടാളും ചേര്‍ന്ന് നേടിയ ഡേവിസ്‌ കപ്പിലെ മിന്നുന്ന വിജയങ്ങള്‍ എത്രയോ മഹത്തരം. 1997 മുതല്‍ 2002 വരെയുള്ള കാലഘട്ടത്തില്‍ ആണ് ഇവര്‍ നേടിയ  കിരീടങ്ങളില്‍ അധികവും. പെയ്സ്‌ ആയിരുന്നു, എല്ലായ്പ്പോഴും കളിയില്‍ കേമന്‍ എങ്കിലും, കൂടുതല്‍ ഗ്രാന്‍ഡ്‌ സ്ലാം  നേടുന്നതിനും, ഡബിള്‍സില്‍ പലപ്പോഴും മികച്ച റാങ്കിംഗ് നേടുന്നതിനും ഭൂപതിക്കായി. ഇവര്‍ തമ്മില്‍ ഉണ്ടായ അകല്‍ച്ചയ്ക്ക് തുടക്കം ഈ സിബിലിംഗ് ജെലസി ആണ് കാരണം എന്ന് പറഞ്ഞു കേള്‍ക്കുന്നു. 

ആരാണ് കളിയില്‍ കേമന്‍? തുടക്കം ഇവിടെ ആയിരുന്നു. സിംഗിള്‍സില്‍ എപ്പോഴും മുന്നില്‍ നിന്നിരുന്നത് പെയ്സ്‌ ആയിരുന്നു എങ്കില്‍ കൂടി ഡബിള്‍സില്‍ മിക്കപ്പോഴും മഹേഷ്‌ ആയിരുന്നു റാങ്കിങ്ങില്‍ മുന്നില്‍ നിന്നിരുന്നത്. താളം തെറ്റല്‍ അതിന്‍റെ പൂര്‍ണ്ണതയില്‍ എത്തിയത് സാനിയ മിര്‍സയുടെ താരോദയത്തോട് കൂടി ആയിരുന്നു. അത് വരെ ഡബിള്‍സില്‍ മാത്രം ഉണ്ടായിരുന്ന  വിജയ സാധ്യത  മിക്സഡ്‌ ഡബിള്‍സില്‍ കൂടി കണ്ടപ്പോള്‍, രണ്ടു പേര്‍ക്കും സാനിയയോട് ചേര്‍ന്ന് കളിക്കുവാന്‍   നടത്തിയ ശ്രമങ്ങളില്‍ നിന്നാണ് ഇവരിലെ അകല്‍ച്ച വ്യക്തമാകുന്നത്.  പക്ഷെ പലപ്പോഴും റാങ്കിങ്ങില്‍ മുന്നില്‍ ആയിരുന്നതിനാല്‍  ഇന്ത്യയെ പ്രതിനിധീകരികുമ്പോള്‍ പെയ്സിന് ആയിരുന്നു സാനിയയോടൊപ്പം കളിക്കുവാന്‍ ഭാഗ്യം സിദ്ധിച്ചത്. ഇതിനിടയില്‍ മഹേഷും പെയ്സും കളിക്കപ്പുറത്തു  ബിസിനസ് ലോകത്തെയ്ക്കും കടന്നു കയറി. രണ്ടു പേരും ടെന്നീസിനെ വളര്‍ത്തുവാനുള്ള  ബിസിനെസ് ആണ് തെരഞ്ഞെടുത്തത്. കളിയിലെ മികവിനൊപ്പം, കച്ചവടത്തിലും മഹേഷ്‌ മികവ് പുലര്‍ത്തി. ഒരു പക്ഷെ കളിയില്‍ തന്നെക്കാള്‍ കേമന്‍ പെയ്സ്‌ ആയിരുന്നു എങ്കില്‍ കൂടി, കച്ചവടത്തില്‍ ആ അപ്രമാദിത്വം വിട്ടുകൊടുക്കുവാന്‍ മഹേഷ്‌ തയ്യാറായില്ല. ബാങ്കര്‍ ആയ  അച്ഛന്‍റെ മാര്‍ഗദര്‍ശിത്വം ഗ്ലോബോസ്പോര്‍ട്ട് എന്ന തന്‍റെ കമ്പനിയെ ബിസിനെസില്‍ വളരെ മുന്നിലെത്തിക്കുവാന്‍ മഹേഷിനു കഴിഞ്ഞു. സാനിയ മിര്‍സയും ആയുള്ള  കരാറും വ്യക്തി ബന്ധവും ഇക്കാര്യത്തില്‍ മഹേഷിനു തുണയായി. ഭൂപതിയുടെ കമ്പനി ആണ് സാനിയയുടെ കളികള്‍ മാനേജു ചെയുന്നതും വേണ്ട മാര്‍ഗ  നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നതും എങ്കില്‍ കൂടി റാങ്കിങ്ങിന്‍റെ മികവ് പലപ്പോഴും പെയ്സിന് ആയതിനാല്‍  ഇന്ത്യക്ക് വേണ്ടി കളിക്കുമ്പോള്‍ സാനിയക്ക്  മഹേഷിനോപ്പം കളിക്കാന്‍ ഭാഗ്യം സിദ്ധിക്കാറില്ല. അതിനാല്‍ ഗ്രാന്‍ഡ്സ്ലാം മല്‍സരങ്ങളില്‍ സാനിയ - മഹേഷ്‌ ജോഡി ആണ്  കളിക്കളത്തില്‍ ഇറങ്ങുന്നത്.
എന്റിക്കോ പിപ്പെര്ണോ എന്ന മുന്‍ ദേശിയ കളിക്കാരന്‍ ആണ് മഹേഷിന്റെ കോച്ച്.. എന്റിക്കോയും  പെയ്സിന്റെ അപ്പന്‍ വെയില്‍സ്‌ പെയ്സും തമ്മില്‍ ഉള്ള ശീതസമരവും  ഇവരുടെ പിളര്‍പ്പിന്  വഴി തെളിച്ചു. പെയ്സിനോപ്പം ഡബിള്‍സ് കളിക്കണമെങ്കില്‍ എന്റിക്കൊയെ ഒഴിവാക്കണം എന്ന വെയില്‍സ്‌ പെയ്സിന്റെ ആവശ്യം മഹേഷ്‌ നിരാകരിച്ചു. രണ്ടു പേരും പ്രൊഫെഷണല്‍ ആണ് എങ്കിലും തീരെ പ്രൊഫെഷണല്‍ അല്ലാത്ത കളിക്കളത്തിലെ രാഷ്ട്രീയം ആണ് ഇവരെ വീണ്ടും പിളര്ത്തിയത്. 

എന്തായാലും വളരെ കുറഞ്ഞ ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോള്‍ ലോക ഏഴാം നമ്പര്‍ ആയ പെയ്സ്‌, തന്നെക്കാള്‍ വളരെ അധികം പിന്നില്‍ ഉള്ള,  റാങ്കിങ്ങില്‍ 328 മത് നില്‍ക്കുന്ന യുവ താരം വിഷ്ണു വര്‍ദ്ധനോടൊപ്പം ആണ്  ഇന്ത്യക്ക് വേണ്ടി ലണ്ടന്‍ ഒളിമ്പിക്സില്‍ മാറ്റുരയ്ക്കുക. പെയ്സിനോപ്പം കളിക്കുവാന്‍  പതിനഞ്ചാം റാങ്കുള്ള ഭൂപതി ആയിരുന്നു ഇന്ത്യന്‍ ടീമില്‍ ആദ്യം തെരെഞ്ഞെടുക്കപ്പെട്ടത്‌ി എങ്കില്‍ കൂടി, പെയ്സിനോടൊപ്പം കളിക്കാന്‍ താന്‍ ഇല്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീട് ലോക റാങ്കിങ്ങില്‍ പതിമൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന രോഹന്‍ ബൊപ്പണ്ണയെ, പെയ്സിന് ജോഡി ആയി തെരഞ്ഞെടുത്തു എങ്കിലും മഹേഷിനോടൊപ്പം കളിക്കുവാന്‍ ആണ് തനിക്ക് താല്പര്യം എന്ന് പറഞ്ഞു ബൊപ്പണ്ണയും മാറിയപ്പോള്‍, ഇന്ത്യയില്‍ അഞ്ചാം റാങ്കുള്ള യുവ താരം ആയ വിഷ്ണു വര്‍ദ്ധനെ തന്‍റെ ജോഡി ആയി തെരഞ്ഞെടുക്കുകയായിരുന്നു.  മിക്സഡ്‌ ഡബിള്‍സില്‍ സാനിയയെ തന്നോടൊപ്പം കളിപ്പിക്കണം എന്ന  കരാറില്‍ ആണ് പെയ്സ്‌  വിഷ്ണു വര്‍ദ്ധനോപ്പം കളിക്കുവാന്‍ സമ്മതിച്ചത്.
എന്തായാലും ഒളിമ്പിക്സില്‍ ടെന്നീസില്‍ ഇന്ത്യക്ക് പ്രതീക്ഷകള്‍ വാനോളം ഇല്ലെങ്കിലും, മഹേഷ്‌ ബോപ്പണ്ണ സഖ്യവും പെയ്സ്‌ വിഷ്ണു  സഖ്യവും, പെയ്സ്‌ സാനിയ സഖ്യവും മെഡലുകള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുവാന്‍ നമുക്ക് പ്രത്യാശിക്കാം. 

Sunday 1 July 2012

ഒരു യാത്രയുടെ പെടാപ്പാടുകള്‍മറ്റൊരു യാത്ര കൂടി...
യാത്ര എനിക്കെന്നും ഹരം ആണ്... വളരെ ചെറുപ്പം മുതലേ , ലോകത്തിന്റെ എല്ലാ കോണുകളിലും യാത്ര ചെയ്യണം എന്ന അതിയായ ആഗ്രഹം കൊണ്ട് നടന്ന ഒരാള്‍ ആണ് ഞാന്‍.. ...
യൂറോപ്പ്  പോയിട്ട് ഗള്‍ഫോ, ഒരു പക്ഷെ കേരളത്തിനു വെളിയില്‍ പോലും പോകുവാന്‍ കഴിയുമോ എന്ന് കരുതിയിട്ടുണ്ടായിരുന്നില്ല ചെറുപ്പത്തില്‍ , എങ്കിലും ലോകം കാണണം എന്നാ അദമ്യമായ ആഗ്രഹം കൊണ്ടാകാം കഴിഞ്ഞ ഫെബ്രുവരിയില്‍ യൂറോപ്പും റഷ്യയും  ഉക്രൈനും സന്ദര്‍ശിക്കുവാന്‍ അവസരം കിട്ടിയത് ... അന്ന് യൂറോപ്പില്‍, ജെര്‍മനി, ഫ്രാന്‍സ്‌, ഹോളണ്ട് തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പം റഷ്യയും  ഉക്രൈനും സന്ദര്‍ശിക്കുവാന്‍ അവസരം കൈവന്നു... ഇന്നിതാ മറ്റൊരു യാത്രക്ക് കളമൊരുങ്ങുന്നു... വീണ്ടും സന്തോഷത്തിന്‍റെ നിമിഷങ്ങള്‍... ,  നന്ദി ആരോട് ഞാന്‍ ചൊല്ലേണം... യാതൊരു തിട്ടവും ഇല്ല...
ഇത്തവണയും യാത്ര പോകുവാനായി, ഞാനും ബഷീറും ഒന്നിച്ചാണ് പ്ലാന്‍ ചെയ്തത്.. റഷ്യ, ഹോളണ്ട് തുടങ്ങിയ രാജ്യങ്ങള്‍ നിശ്ചയമായും സന്ദര്‍ശിക്കണം. കഴിഞ്ഞ തവണത്തെ യാത്രക്ക് ശേക്ഷം, ഉക്രൈന്‍, റഷ്യ, ഹോളണ്ട് തുടങ്ങിയ രാജ്യങ്ങളിലേക്ക് ഞങ്ങള്‍  മുന്തിരി, മാതളം, പൊട്ടറ്റോ തുടങ്ങിയവ കയറ്റി അയച്ചു... ആദ്യം ആയിട്ടാണ് ഞങ്ങളുടെ കമ്പനി ഈ രാജ്യങ്ങളിലേക്ക് നേരിട്ട് സാധനങ്ങള്‍ കയറ്റി അയക്കുന്നത്... ഹോളണ്ടിലേക്കും  ഉക്രൈനിലേക്കും  മുന്തിരിയും റഷ്യയിലേക്ക് മുന്തിരിക്കൊപ്പം, മാതള നാരങ്ങ, ഉരുളക്കിഴങ്ങു തുടങ്ങിയവയും കയറ്റി അയച്ചു... അതിനാല്‍ ആകണം , ചില പ്രശങ്ങള്‍ ഉണ്ടായിരിക്കുന്നു...ലോഡിംഗിലും കണ്ടൈനറിലെ തണുപ്പ് ക്രമീകരിക്കുന്നതിലും പറ്റിയ പിഴവാണ്. അതിനാല്‍ ആ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഞാനും ബഷീറും ഒന്ന് ചേര്‍ന്ന് പോകുന്നു.. ഇതായിരുന്നു പ്ലാന്‍..,. ബഷീര്‍ എന്‍റെ കൂടെ റഷ്യയിലും പിന്നീട് ഹോളണ്ടിലും വന്നിട്ട് തിരികെ പോരും. 45 ദിവസം ഞാന്‍ ഹോളണ്ടില്‍ താമസിച്ചു അവിടുത്തെ ഞങ്ങളുടെ കച്ചവടം ശ്രദ്ധിക്കണം.  ആദ്യം ആയിട്ട് ആണ് ഇന്ത്യയില്‍ നിന്ന് റഷ്യയിലേക്ക്  ഉരുളക്കിഴങ്ങ് കയറ്റി അയക്കുന്നത്.
എന്തായാലും വിസയും ടിക്കറ്റും ഒക്കെ ഞങ്ങള്‍ രണ്ടു പേര്‍ക്കും എടുത്തു, പോകുന്നതിനു രണ്ടു ദിവസം മുന്‍പ്‌ ബഷീര്‍ പറഞ്ഞു, ബഷീറിന് ഇത്തവണ എന്റെ കൂടെ വരാന്‍ കഴിയില്ല, ബിസിനെസ്സിലെ തിരക്കാണ് കാരണം, ഇന്ത്യന്‍ മാങ്ങയുടെ സീസന്‍ ആണ് ഇപ്പോള്‍, പോരാത്തതിന് ലുലു ഗ്രൂപ്പും ആയി ചേര്‍ന്ന് കൊണ്ട് ഗള്‍ഫില്‍ ഉടനീളം പത്തു ദിവസത്തെ ഇന്ത്യന്‍ മാന്‍ഗോ ഫെസ്റ്റിവല്‍ , ഈ വര്‍ഷം  ഞങ്ങള്‍ ആണ് മെയിന്‍ സ്പോണ്സര്‍.,. അതിനാല്‍ ഞാന്‍ ഒറ്റയ്ക്ക് വേണം ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കേണ്ടതും അവിടത്തെ കച്ചവടങ്ങള്‍ നിയന്ത്രിക്കെണ്ടതും...
ഒറ്റയ്ക്ക് യാത്ര പോകണം എന്ന് കേട്ടപ്പോള്‍  എനിക്ക് സന്തോഷം കൂടി.  ഒരു പക്ഷെ മുതലാളി കൂടെ ഇല്ലാത്തതിനാല്‍ കൂടുതല്‍ സന്തോഷം. ഒരു സുഖകരമായ സന്തോഷം. ഹോളണ്ട്, റഷ്യ , മുന്‍പ് ഇവിടെ ഒക്കെ സന്ദര്‍ശിച്ചിട്ടു ഉള്ളതിനാല്‍ യാതൊരു പ്രശനവും ഇല്ല. പക്ഷെ പെട്ടെന്നാണു മറ്റൊരു തീരുമാനം വന്നത്, സ്കാണ്ടിനെവിയന്‍ രാജ്യങ്ങള്‍  ആയ സ്വീഡന്‍ , ഡെന്മാര്‍ക്ക്‌ തുടങിയ രാജ്യങ്ങള്‍ കൂടി സന്ദര്‍ശിക്കണം. അവിടെയും ഈ വര്ഷം മറ്റൊരു ഏജന്‍റ് മുഖേന കുറച്ചു മുന്തിരി കയറ്റി അയച്ചിട്ടുണ്ട്... ആ ഏജെന്‍റ് അവിടെ ഞാന്‍ പോകുന്ന ദിവസം തന്നെ പോകുന്നു...
സ്വീഡന്‍ , എന്ന് കേട്ടപ്പോള്‍ സ്റ്റോക്ക്‌ ഹോമില്‍ പോകുന്നതിനെ കുറിച്ച് ഞാന്‍ ചിന്തിച്ചു... സ്വീഡിഷ്‌ കാരിയായ ഒരു സുഹൃത്ത് എനിക്ക് വളരെ മുന്നേ ഉണ്ടായിരുന്നു.. ഇപ്പോള്‍ അവള്‍ യു കെ യില്‍ ആണ്... മറ്റു വിവരങ്ങള്‍ ഒനും ഇല്ല... സ്വീഡന്‍, സന്ദര്‍ശിക്കുക എന്നതും നടക്കില്ല എന്ന് കരുതിയ വലിയ ഒരു ആഗ്രഹം ആയിരുന്നു..
സ്വീഡനില്‍ എനിക്ക് പോകേണ്ടത്, സ്റ്റോക്ക്‌ഹോമില്‍ അല്ല, ഹെല്സിംഗ് ബോര്‍ഗ് എന്ന സ്ഥലത്ത് ആണ്. കേട്ടിട്ട് പോലും ഇല്ലാത്ത ഒരു സ്ഥലം. എങ്ങനെ ആണ് ഹെല്സിംഗ്ബോര്‍ഗില്‍ എത്തുക? ഹെല്സിംഗ്ബോര്‍ഗില്‍ വിമാനത്താവളം ഇല്ല... ഞാന്‍ ടിക്കറ്റ് ബുക്ക്‌ ചെയ്യാന്‍ നോക്കിയിട്ട് യാതൊരു മാര്‍ഗവും കാണുന്നില്ല. ഇന്‍റര്‍നെറ്റില്‍ കുത്തിയിരുന്നു നോക്കിയപ്പോള്‍ ഹെല്സിംഗ് ബോര്‍ഗിന് ഏറ്റവും അടുത്ത വിമാനത്താവളം മാല്‍മോ ആണ് എന്ന് കണ്ടു പിടിച്ചു. അവിടേക്ക് കണക്ഷന്‍ കിട്ടുക വളരെ ബുദ്ധിമുട്ട്. മാല്മോയിലേക്ക് കൂടുതലും ചാര്‍ട്ടര്‍ വിമാനങ്ങള്‍ ആണ് പോകുന്നത്. സുഹൃത്ത് ആയ ജയന്‍ മങ്ങാടും ആയി സംസാരിച്ചു...അനേകം രാജ്യങ്ങളില്‍ യാത്ര ചെയ്തിട്ടുള്ള ജയന് യൂറോപ്പിലെ വഴികള്‍ അച്ചട്ടാണ്... ഒടുവില്‍ ജയന്‍ ആണ് എനിക്ക് വഴി പറഞ്ഞു തന്നത്... ഡെന്മാര്‍ക്കിന്റെ തലസ്ഥാനമായ കോപ്പന്‍ ഗെഹനില്‍ ഇറങ്ങി, അവിടെ നിന്ന്, ട്രെയിന്‍, കര, കടല്‍ മാര്‍ഗം ഉള്ള ഏതെങ്കിലും വഴിയില്‍ കൂടി വേണം ഹെല്സിംഗ് ബോര്‍ഗില്‍ എത്തേണ്ടത്...
ഇത്തവണയും ജര്‍മ്മന്‍ എംബസ്സി ആണ് എനിക്ക് ഷെന്ഗന്‍ വിസ തന്നത്, മൂന്നു മാസത്തെക്കിനുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ. എനിക്ക് പോകേണ്ടത് ഹോളണ്ടിനും. ട്രാവല്‍ എജെന്‍സിയിലെ  മലയാളി കുട്ടി പറഞ്ഞു, ജെര്‍മനി ഇഷ്യൂ ചെയ്ത വിസ ആയതിനാല്‍ ആദ്യം ജെര്‍മനിയില്‍ ഇറങ്ങണം, അവിടെ എമിഗ്രേഷന്‍ സ്റ്റാമ്പ്‌ പതിപ്പിച്ചു വേണം മറ്റു രാജ്യങ്ങളില്‍ പോകേണ്ടത്... അതിനാല്‍ എനിക്കവര്‍ കെ എല്‍ എം ഫ്ലൈറ്റ് ടിക്കറ്റ് തന്നത് ഇങ്ങന ആണ്.. ദുബായ്- ആംസ്റ്റര്‍ ഡാം,  ആംസ്റ്റര്‍ ഡാം - ഫ്രാങ്ക് ഫര്‍ട്ട് , ഫ്രാങ്ക് ഫര്‍ട്ട് - ആംസ്റ്റര്‍ ഡാം , ആംസ്റ്റര്‍ ഡാം - കൊപ്പെന്‍ ഗെഹന്‍ എന്നിങ്ങനെ... രാവിലെ ദുബായില്‍ നിന്ന് തുടങ്ങുന്ന യാത്ര രാത്രി 12.30 തോടു കൂടി   ഡെന്മാര്‍ക്കിന്റെ തലസ്ഥാനമായ കോപ്പന്‍ ഗെഹനില്‍  കൂടി സ്വീഡനിലെ ഹെല്സിംഗ് ബോര്‍ഗില്‍ അവസാനിക്കുന്നു. എനിക്ക് ഹോട്ടല്‍ ബൂക്കിംഗ്   അന്ന് രാത്രി ഏര്‍പ്പെടുത്തിയിരിക്കുന്നത് സ്വീഡനിലെ ഹെല്സിംഗ് ബോര്‍ഗ് എന്നാ ചെറിയ പട്ടണത്തിലും. ദുബായില്‍ നിന്ന് ഹോളണ്ട്, ജര്‍മ്മനി, വീണ്ടും ഹോളണ്ട്, പിന്നെ ഡെന്മാര്‍ക്ക്‌  , അവിടെ നിന്ന് സ്വീഡന്‍. . ഒരു ദിവസം അഞ്ചു രാജ്യങ്ങളില്‍ ...യാത്ര പുറപ്പെടുവാന്‍ സമയം ആയി, കലശലായ ചുമയും ജലദോഷവും മാത്രം അല്ല, ത്രോട്ട് ഇന്ഫെക്ഷനും, കഫക്കെട്ടും. പക്ഷെ യാത്ര നീട്ടിവെക്കാന്‍ കഴിയില്ല. ഇതൊരു ത്രില്‍ ഉള്ള യാത്ര ആണ്... കഴിഞ്ഞ തവണ ജലദോഷവും ചുമയും ഒക്കെ ആയിട്ട് ഇവിടെ നിന്ന് പോയത്. പക്ഷെ ജെര്‍മനിയില്‍ കാലുകുത്തിയതോടെ രോഗാവസ്ഥ എല്ലാം പമ്പ കടന്നു.. ഇത്തവണയും യൂറോപ്പിലെ കാലാവസ്ഥയില്‍ രോഗം മാറും എന്ന ബോധ്യത്തില്‍ ഞാന്‍ വിമാനത്തില്‍ ഇരുപ്പുറപ്പിച്ചു. രാവിലെ ഏഴരക്ക് തന്നെ വിമാനം ദുബായ് വിമാനത്താവളത്തില്‍ നിന്നും ഉയര്‍ന്നു... തന്‍റെ കാമുകിയെ കാണാന്‍ സ്വിറ്റ്സര്‍ലണ്ടിലേക്ക് പോകുന്ന ലെബനീസുകാരന്‍ ഇടയ്ക്കിടയ്ക്ക് എന്‍റെ ബോറടി മാറ്റിക്കൊണ്ടിരുന്നു.. അയ്യാള്‍ ആദ്യം ആംസ്റ്റര്‍ ഡാമില്‍ പോയി, രണ്ടു ദിവസം അവിടെ താമസിചിട്ടാണ് ജെനീവക്ക് പോകുന്നത്... ആംസ്റ്റര്‍ ഡാമില്‍ പോയി അര്‍മാദിക്കണം, അതാണ്‌ അയ്യാളുടെ ആഗ്രഹം. ആദ്യം ആയിട്ടാണ് അയ്യാള്‍ ആംസ്റ്റര്‍ ഡാമില്‍ പോകുന്നത്... ഞാന്‍ കഴിഞ്ഞ തവണ അവിടെ പോയ കാര്യം പറഞ്ഞപ്പോള്‍, പിന്നെ എന്നോട് ആംസ്റ്റര്‍ ഡാമിലെ കാര്യങ്ങള്‍ ചോദിച്ചു തുടങ്ങി... ഇത് തന്നെ അവസരം എന്ന് കരുതി, പണ്ട് നാട്ടില്‍ വരുന്ന പട്ടാളക്കാര്‍ ശത്രു സൈന്യത്തെ വെടിവച്ച വീര കഥകള്‍ പോലെ,   പൊടിപ്പും തൊങ്ങലും വച്ച് ആംസ്റ്റര്‍ ഡാമിനെ കുറിച്ച് വിവരിച്ചു തുടങ്ങി.. അയ്യള്‍ക്ക് അറിയേണ്ടത് ആംസ്റ്റര്‍ ഡാമിലെ വേശ്യാലങ്ങളെയും അവിടത്തെ സ്ത്രീകളെയും കുറിച്ചായിരുന്നു... എന്‍റെ വീര കഥകള്‍ വലിയ ആവേശത്തോടെ അയ്യാള്‍ സ്വീകരിച്ചു...
ഒരു മണി ആയപ്പോള്‍ ആംസ്റ്റര്‍ ഡാമില്‍ എത്തി. ആകെ ഒന്നര  മണിക്കൂര്‍ മാത്രമേ ട്രാന്‍സിറ്റ് സമയം ഉള്ളൂ. ആറു റണ്‍ വേ ഉള്ള, ലോകത്തിലെ ആറാമത്തെ തിരക്കേറിയ എയര്‍ പോര്‍ട്ട് ആണ് ആംസ്റ്റര്‍ ഡാമിലെ സ്കിഫോള്‍ എയര്‍ പോര്‍ട്ട്. രണ്ടരക്ക്  കെ എല്‍ എമ്മിന്‍റെ മറ്റൊരു വിമാനത്തില്‍ ഫ്രാങ്ക് ഫര്‍ട്ടിലേക്ക്  പോകണം. എമിഗ്രേഷന്‍ അവിടെ ആണ് എന്ന് കരുതി ആണ് ജെര്‍മനിയിലെ ഫ്രാങ്ക് ഫര്‍ട്ടിലേക്ക് പോകുന്നത്... കഴിഞ്ഞ തവണയും ഫ്രാങ്ക് ഫര്‍ട്ടില്‍ പോയിരുന്നു. ഇത്തവണ അവിടെ നാല് മണിക്കൂര്‍ ഒറ്റയ്ക്ക് വിമാനത്താവളത്തില്‍ ഇരുന്നു ബോറടിക്കണം. എന്തായാലും ആംസ്റ്റര്‍ ഡാമില്‍ തന്നെ എമിഗ്രേഷന്‍ കഴിഞ്ഞു.  ഇനി എന്തിനാണ്  ജെര്‍മനിയിലേക്ക് പോകുന്നത്? പോയില്ലെങ്കില്‍ മറ്റു എന്തെങ്കിലും പ്രശനം ഉണ്ടാകുമോ? ആകെ ഒരു കണ്‍ ഫൂഷന്‍.,.. കയ്യിലിരുന്ന ബോര്‍ഡിംഗ് കാര്‍ഡിലേക്ക് നോക്കി. എന്തായാലും സമയവും ഉണ്ട് ടിക്കറ്റും ഉണ്ട്, അല്ലെങ്കില്‍ രാത്രി ഒന്‍പതര വരെ സ്കിഫോള്‍ എയര്‍ പോര്‍ട്ടില്‍ കുത്തി ഇരിക്കേണ്ടി വരും. ഏകദേശം നാല്‍പ്പതു മിനുട്ടില്‍ വിമാനം ഫ്രാങ്ക് ഫര്‍ട്ടില്‍ എത്തി.  നന്നായി വിശക്കുന്നു. അവിടെ റെസ്റ്റോറെന്‍റില്‍ പോയി പിസ്സ കഴിച്ചു.. സമയം ഒത്തിരി ബാക്കി. ലാപ്‌ ടോപ്‌ തുറന്നു... ലാപ്ടോപ്പിന്റെ മോണിട്ടറിന്‍റെ ചില്ല് പൊട്ടിയിരിക്കുന്നു... വല്ലാത്ത വിഷമം ആയി. യാത്രയില്‍ ബോറടി മാറ്റുവാനായി  കുറെ അധികം സിനിമ കൊണ്ട് വന്നിട്ടുണ്ട്... കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ , വാര്‍ത്തകള്‍ എങ്ങനെ കേള്‍ക്കും. ശരിക്കും വല്ലാത്തൊരു നിരാശ ബാധിച്ചു. യൂറോപ്പില്‍ എവിടെ എങ്കിലും കൊടുത്ത് നന്നാക്കിക്കുവാനും കഴിയില്ല...ഭയങ്കര കാശാവും...
ആറരക്ക് വീണ്ടും ഫ്രാന്‍ ഫര്‍ട്ടില്‍ നിന്ന് ആംസ്റ്റര്‍ ഡാമിലേക്ക്, കെ എല്‍ എം വിമാനത്തില്‍., ഏഴു ഇരുപതിന് ആംസ്റ്റര്‍ ഡാമില്‍.,. ഇനി രാത്രി ഒന്‍പതരയ്ക്ക് ആണ് ഡെന്മാര്‍ക്കിന്റെ തലസ്ഥാനമായ കോപ്പന്‍ ഗെഹനിലേക്ക് കെ എല്‍ എം വിമാനം.
ഒന്‍പതര ആയിട്ടും  സന്ധ്യ മയങ്ങുന്നതെ ഉള്ളൂ.. ദിവസത്തിനു നീളം കൂടുന്നു. ആദ്യം ആയിട്ടാണ് സ്കാന്‍ഡിനെവിയന്‍ രാജ്യങ്ങളിലേക്ക് പോകുന്നതു. ബ്ലാക്ക് ബെറിയില്‍ രോഹിത്തിന്റെ മെസ്സേജു വന്നു. രോഹിത്‌ ഹെല്സിംഗ് ബര്‍ഗില്‍ എത്തി എന്നും എനിക്ക് താമാസിക്കുവാന്‍ ബുക്ക്‌ ചെയ്തിരിക്കുന്നത് ബെസ്റ്റ്‌ വെസ്റ്റേണ്‍ എന്ന ഹോട്ടലില്‍ ആണെന്നും ആ ഹോട്ടലിലേക്ക് പോകേണ്ട വഴിയും വിവരിച്ചു തന്നിരിക്കുന്നു.. സന്തോഷമായി. രാത്രി പത്തു നാല്‍പ്പതു ആയപ്പോള്‍ വിമാനം കോപ്പന്‍ ഗെഹനില്‍ ഇറങ്ങി. ഇനി ഇവടെ നിന്ന് ട്രെയിനില്‍ വേണം സ്വീഡനിലേക്ക് പോകുവാന്‍.,... എന്തായാലും വിമാനത്താവളത്തിന്റെ അടിയില്‍ തന്നെ ആണ് റെയില്‍വേ സ്റ്റേഷന്‍.,. ട്രെയിന സമയം ഒന്നും അറിയില്ല, ഓടിപ്പിടിച്ച് റെയില്‍വേ സ്റ്റേഷനിലേക്ക് ചെന്നപ്പോള്‍ ആണ് മനസിലായത്, എന്‍റെ കയ്യില്‍ ആകെ ഉള്ളത് യൂറോയും ഡോളറും മാത്രം. ഡെന്മാര്‍ക്കിന്റെ നാണയം ആയ ഡാനിഷ് ക്രോനെര്‍ എന്റെ കയ്യില്‍ ഇല്ല. ഡാനിഷ് ക്രോനെര്‍ മേടിക്കുവാന്‍ ആയി മണി എക്സ് ചേഞ്ച് അന്വഷിച്ചു പോയി. എല്ലാം അടച്ചു പൂട്ടിയിരിക്കുന്നു. പണം കൊടുത്ത് ടിക്കറ്റ് എടുക്കുന്ന ടിക്കറ്റ് കൌണ്ടറുകളും അടച്ചു പൂട്ടിയിരിക്കുന്നു. ക്രെഡിറ്റ്‌ കാര്‍ഡു കൊണ്ട് ടിക്കെറ്റെടുക്കുന്ന മെഷീന്‍ കണ്ടു. അവിടെ നോക്കിയപ്പോള്‍ എന്റെ ക്രെഡിറ്റ്‌ കാര്‍ഡ്‌ അവിടെ വര്‍ക്ക് ചെയുന്നില്ല. ശരിക്കും പെട്ട് പോയി എന്ന് തന്നെ പറയാം. മിക്ക സ്റ്റാളുകളും അടയ്ക്കുന്ന തിരക്കില്‍ . മിക്കവര്‍ക്കും ഇംഗ്ലീഷ് അറിയില്ല. അവരൊക്കെ സംസാരിക്കുന്നത് ഡാനിഷ് ഭാഷ ആണ്... ഇംഗ്ലീഷ് അറിയാവുന്നവര്‍ പോലും യൂറോ മാറി ക്രോനെര്‍ തരാന്‍ തയ്യാറല്ല. എന്റെ ദുരവസ്ഥ ഞാന്‍ എല്ലാവരോടും പറഞ്ഞു നോക്കി.
ഒടുവില്‍ അണ്ടര്‍ ഗ്രൗണ്ടില്‍ ഉള്ള ട്രാക്കിലേക്ക് രണ്ടും കല്‍പ്പിച്ചു പോകുവാന്‍ ശ്രമിച്ചു. ട്രോളിയില്‍ ഒരു വിധത്തില്‍ ബാഗുകള്‍ വച്ച് താഴേക്കു പോകുമ്പോള്‍ കുത്തനെ ഉള്ള ഇറക്കം. ട്രോളി, ശക്തിയായി മുകളിലേക്ക് പിടിച്ചില്ല എങ്കില്‍ അത് താഴേക്ക് പോകും. ഒന്നര മാസം താമസിക്കെണ്ടതിനാല്‍ അതിനു തക്ക ലഗ്ഗെജും. ഒരു വിധത്തില്‍ ഫ്ലാറ്റ് ഫോമില്‍ ചെന്ന് കള്ളവണ്ടി കയറാന്‍ നോക്കുമ്പോള്‍ ആണ് അറിയുന്നത് , അത് ഹെല്‍സിങ്ങോര്‍ എന്ന് പറയുന്ന ഡെന്മാര്‍ക്കിലെ തന്നെ  മറ്റൊരു  പട്ടണത്തിലേക്ക് പോകുന്ന ട്രെയിന്‍ ആണ്. ഹെല്സിങ്ങോര്‍ എന്ന ഡെന്മാര്‍ക്കിലെ പട്ടണത്തില്‍ നിന്ന് കപ്പലില്‍ നാല് കിലോമീറ്റര്‍ കൊണ്ട് ഹെല്സിംഗ്ബോര്‍ഗ് എന്നാ സീഡിഷു പട്ടണത്തില്‍ പോകാം, പക്ഷെ ഈ നട്ടപ്പാതിരയ്ക്ക് അവിടുന്ന്, ബോട്ടുകള്‍ കാണുമോ?  അതിനാല്‍ ലഗ്ഗെജു തള്ളി കയറ്റി മുകളില്‍ വന്നു. മുകളില്‍ വരുമ്പോള്‍ ഞാന്‍ വീണ്ടും ടിക്കറ്റ് എടുക്കുവാന്‍ ശ്രമിച്ചു, വീണ്ടും  പരാജയപ്പെട്ടു. ഡാനിഷ് ഭാഷയില്‍  ആയതിനാല്‍ ഹെല്‍സിങ്ങോര്‍ , ഹെല്സിങ്ങ്ബോര്ഗ് എന്നാ അക്ഷരങ്ങള്‍ക്ക് തമ്മില്‍ വലിയ വ്യത്യസം ഇല്ല. എങ്കിലും അടുത്തു കണ്ട സ്റ്റാളില്‍ ചോദിച്ചു. ഇത്തവണ അവര്‍ പറഞ്ഞതനുസരിച്ച് മറ്റൊരു ഫ്ലാറ്റ് ഫോമിലേക്ക് ഇറങ്ങി. കഷ്ടപ്പെട്ട് താഴെ ചെന്നപ്പോള്‍ ആണ് അറിയുന്നത്  അവിടെയും അല്ല ട്രെയിന്‍ വരുന്നത്. വീണ്ടും മുകളിലേക്ക്.  ഇത്തവണ മറ്റൊരു സ്റ്റാളില്‍ ചെന്ന് എന്റെ ദയനീയാവസ്ഥ പറഞ്ഞപ്പോള്‍ , അവിടെ കണ്ട ഡാനിഷ് ചേച്ചിക്കും എന്നോട് സഹതാപം, പക്ഷെ അവര്‍ എന്‍റെ കയ്യില്‍ നിന്ന് യൂറോ വാങ്ങുവാന്‍ തയ്യാര്‍ അല്ല. വീണ്ടും മറ്റൊരു ഫ്ലാറ്റ് ഫോമിലേക്ക്. അവിടെ ചെന്നപ്പോള്‍ ആണ് അറിയുന്നത് , അത് ഹെല്സിംഗ് ബോര്‍ഗില്‍ നിന്ന് തിരികെ വരുന്ന  ട്രെയിനിന്റെ ഫ്ലാറ്റ് ഫോം ആണ് എന്ന്.
ഇനി ഒരു ഫ്ലാറ്റ് ഫോം കൂടി മാത്രം. ഒടുവില്‍ ആരോടും ചോദിക്കാതെ അവിടെ ചെന്നു നിന്ന്.ഹെല്സിംഗ് ബാര്‍ഗിലെക്കുള്ള അന്നത്തെ  അവസാനത്ത ട്രെയിന്‍ ആണ് അത്. ട്രെയിന്‍ സമയം 11.35... കയ്യില്‍ ടിക്കറ്റില്ല. അടുത്തു കണ്ട സുന്ദരിയായ ഒരു കുട്ടിയോട് കാര്യം പറഞ്ഞു. അവള്‍ പറഞ്ഞു ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുക, പിന്നെ എക്സാമിനര്‍ വന്നു പിടിച്ചാല്‍ 600 ക്രോണ്യെ പിഴ  കൊടുക്കുക. വളരെ ലളിതമായി അവള്‍ അക്കാര്യം വിശദീകരിച്ചു.  ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തു പിടിച്ചാല്‍ പിഴ ഒടുക്കണം. അത് എനിക്കും അറിയാവുന്ന കാര്യം അല്ലെ. പക്ഷെ നിങ്ങളുടെ അവസ്ഥ പറഞ്ഞാല്‍ ചിലപ്പോള്‍ അവര്‍ ഫൈന്‍ തരുകില്ല. അവര്‍ ഹെല്സിംഗ്ബോര്‍ഗ് ട്രെയിനിനു മുന്‍പ്‌ മാല്‍മോ എന്നാ സ്ഥലത്തെക്ക് പോകുന്ന  മറ്റൊരു ട്രെയിനില്‍ ആണ് പോകുന്നത്. അതില്‍ യാത്ര ചെയ്യുവാന്‍ എന്നെ സ്നേഹ പൂര്‍വം നിര്‍ബന്ധിച്ചു... മാല്‍മോ എന്ന സ്റ്റേഷനില്‍ നിന്ന് വീണ്ടും ഇതിനു പിന്നാലെ വരുന്ന ട്രെയിനിലേക്ക് തന്നെ  മാറി കയറണം. എനിക്കെന്താ വട്ടുണ്ടോ?
എന്തായാലും എന്‍റെ നിരന്തരമായ  അന്വേഷണങ്ങള്‍ക്ക് ഉത്തരം ഉണ്ടായി. ചെറുപ്പക്കാരനായ ഒരു സ്വീഡിഷ്‌ പയ്യനും ആയി ഞാന്‍ പെട്ടെന്ന് സൌഹൃദം സ്ഥാപിച്ചു. അയ്യാള്‍ എന്നെ സഹായിക്കാന്‍ സന്മനസ് കാണിച്ചു. എന്‍റെ കയ്യില്‍ നിന്ന് 20 യൂറോ വാങ്ങി, അതിനു പകരം തന്റെ ക്രെഡിറ്റ്‌ കാര്‍ഡു കൊണ്ട് എനിക്ക് ടിക്കറ്റും ആയി നിമിഷത്തിനകം തിരികെ എത്തി. പാരീസില്‍ പഠിക്കുന്ന ഒരു സ്വീഡന്‍ കാരന്‍ ആണ് ഇദേഹം. മാല്‍മോ എന്നാ പട്ടണത്തില്‍ താമസിക്കുന്നു.


ഏകദേശം മുക്കാല്‍ മണിക്കൂര്‍ കൊണ്ട് ട്രെയിന്‍ ഹെല്സിംഗ് ബോര്‍ഗ് സ്റ്റേഷനില്‍ എത്തുന്നു... കോപ്പന്‍ ഗേഹനില്‍ നിന്ന് കയറുമ്പോള്‍ നിറയെ ജനം ഉണ്ടായിരുന്ന ട്രെയിനില്‍ ഇപ്പോള്‍ ഞാനും ഒരു വൃദ്ധനും അയ്യാളുടെ ഭാര്യയും മാത്രം. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഹോട്ടലിലേക്ക് എങ്ങനെ ഞാന്‍ പോകും? എന്‍റെ കയ്യില്‍ സ്വീഡിഷ്‌ ക്രോണ്യെ ഇല്ല. തല വീണ്ടും പുകയുവാന്‍ വിട്ടു കൊടുത്ത്. ടാക്സി കിട്ടുമോ, കിട്ടിയാലും അയ്യാള്‍ യൂറോ മേടിച്ചില്ലെങ്കില്‍  എന്ത് ചെയ്യും. ഞാന്‍ ഈ വൃദ്ധ ദാമ്പതികളോട് കാര്യം പറയാം എന്ന് കരുതി. സാദാരണ ചെറുപ്പക്കാര്‍ പോലും ഇംഗ്ലീഷ് പറയാത്ത രാജ്യത്ത്, ഇവര്‍ക്ക് മനസിലാകില്ലയിരിക്കും , എന്നിട്ടും ഞാന്‍ അവരോടു സംസാരിക്കാന്‍ തീരുമാനിച്ചു. ആവശ്യം എന്റേത് ആണല്ലോ... ഭാഗ്യം അവര്‍ക്ക് ഇംഗ്ലീഷ് നന്നായറിയാം. അവരും പറഞ്ഞു, ടാക്സിക്കാര്‍ യൂറോ സ്വീകരിക്കില്ല എന്ന്...സ്റ്റേഷനില്‍ നിന്ന് അകലെ അല്ല എനിക്ക് താമസിക്കേണ്ട ഹോട്ടല്‍ എന്നവര്‍ പറഞ്ഞു. നടന്നു പോകാവുന്ന ദൂരമേ ഉള്ളു എന്നും. യൂറോപ്പില്‍ നടന്നു പോകുന്നവര്‍ വളരെയധികം ആണ്, അതിനാല്‍ നടന്നു പോകാവുന്ന ദൂരത്തിനു ചിലപ്പോള്‍ കിലോമീറ്ററുകള്‍ നീളം കാണും. വഴി അറിയാമെങ്കില്‍ നടക്കുന്നതിനും പ്രശനമില്ല.  എന്തായാലും സ്റ്റേഷനില്‍ ഇറങ്ങി, പരിചയം ഇല്ലാത്ത രാജ്യത്ത്, അതും നാട്ടപ്പാതിരാക്കു ,വലിയ ലഗ്ഗെജും വലിച്ചു കൊണ്ട് നടക്കുക തന്നെ...
12.25 ആയപ്പോള്‍ ട്രെയിന്‍ ഹെല്‍സിംഗ്ബോര്‍ഗില്‍ എത്തി. എന്റെ തടിമാടന്‍ പെട്ടിയും വലിച്ചു ഞാന്‍ ഒരു ഉദ്ദേശം വച്ച് നടക്കുവാന്‍ തുടങ്ങി. തണുപ്പാണെങ്കില്‍  അസഹനീയം. വഴി  ചോദിക്കാന്‍   ഒരു മനുഷ്യനെ പോലും കാണുവാന്‍  ഇല്ല... ബോര്‍ഡുകള്‍ വായിക്കാന്‍ മാര്‍ഗവും ഇല്ല...സ്റ്റേഷനില്‍ ഇറങ്ങി മുന്‍പോട്ടു പോയപ്പോള്‍ ഒരു വലിയ ഫ്ലാഗ് കണ്ടു.  രോഹിത്‌ അയച്ച ബ്ലാക്ക്‌ ബെറി മെസേജു നോക്കി മുന്‍പോട്ടു നടന്നു. വീണ്ടും മുന്നോട്ടു പോയി, വലത്തോട്ടുള്ള വഴിയില്‍ കുറെ കെട്ടിടങ്ങള്‍ അതില്‍  ചിലത് ഹോട്ടലുകളും.  ഭാഗ്യം എനിക്ക് താമസിക്കേണ്ട ഹോട്ടല്‍ ഞാന്‍ കണ്ടു പിടിച്ചു...
ഹോട്ടലില്‍ വിളക്കുകള്‍ എല്ലാം അണഞ്ഞിരിക്കുന്നു. ഞാന്‍ വാതിലില്‍ മുട്ടി, ചെറുപ്പക്കാരനായ റിസപ്ഷനിസ്റ്റ്‌ ഉറക്കത്തിനിടയില്‍ നിന്ന് വന്നു വാതില്‍ തുറന്നു തന്നു. ഞാന്‍ ഒരാള്‍ക്ക്‌ വേണ്ടി അയ്യാള്‍ കാത്തിരിക്കയായിരുന്നു പോലും. രാത്രി അത്രയും ആയപ്പോള്‍ അയ്യാള്‍ കരുതി, ഞാന്‍ ഏതോ സുന്ദരിയുടെ കൂടെ നൈറ്റ്‌ ക്ലബില്‍ ചുറ്റിതിരിയുക ആയിരിക്കും എന്ന്. സ്വീഡിഷ്‌ പെണ്ണുങ്ങള്‍ നൈറ്റ്‌ ക്ലബുകളില്‍ ചിലവഴിക്കുന്നവര്‍ ആണ് എന്നും അവന്‍ പറഞ്ഞു...
റൂമില്‍ പോയി, ഫ്രഷ്‌ ആയി. കിടന്നിട്ട് ഉറക്കം വരുന്നില്ല. ഭയങ്കര ചൂട്‌..,  പുറത്താണെങ്കില്‍ നല്ല തണുപ്പ്. എനിക്ക് ഉറക്കം വരുന്നില്ല.. യാത്രയുടെ ക്ഷീണം അലട്ടുന്നുണ്ട് എങ്കില്‍ കൂടിയും. എയര്‍ കണ്ടീഷണര്‍ ഓണ്‍ ചെയ്യാന്‍ നോക്കിയിട്ട് കാണുന്നില്ല... ഹീറ്റര്‍ മുറിയില്‍ ഉണ്ട്... എന്തായാലും റിസപ്ഷനില്‍ വിളിച്ചു.. അയ്യാള്‍ പറഞ്ഞതൊന്നും എനിക്ക് മനസിലായില്ല. ഒടുവില്‍ അയ്യാള്‍ വന്നു, എയര്‍ കണ്ടീഷണര്‍ ഓണ്‍ ചെയ്യണം, ഭയങ്കര ചൂട്... ഞാന്‍ ഇത്രയും പറഞ്ഞപ്പോള്‍ അയ്യാള്‍, എയര്‍ കണ്ടീഷണര്‍ ഓണ്‍ ചെയ്യുകയാണ് എന്ന് പറഞ്ഞു ജനാലയുടെ വാതില്‍ തുടന്നിട്ടു. അതെ അപ്പോള്‍ നാച്ചുറല്‍ എയര്‍ കണ്ടീഷണര്‍ മാത്രമേ ആ ഹോട്ടലില്‍ ഉള്ളൂ എന്ന് മനസിലായി... ഞാന്‍ എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു.