Monday 20 January 2014

പെരുമനം: ആപ്പിലായ കോണ്‍ഗ്രസ്‌

പെരുമനം: ആപ്പിലായ കോണ്‍ഗ്രസ്‌:വിലക്കയറ്റവും അഴിമതിയും ക്രമ സമാധാന നിര്‍വഹണത്തിലെ പാളിച്ചകളും സാധാരണക്കാരനെ പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും  സര്‍ക്കാറിനും  എതിരെ തിരിക്കുകയായിരുന്നു. സംസ്ഥാന ഭരണങ്ങളോട് ഉണ്ടായ അനുകൂലമോ പ്രതികൂലമോ ആയ നിലപാടുകള്‍ക്കുമപ്പുറം മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ ഉള്ള രണ്ടാം യു പി എ മന്ത്രി സഭയോടുള്ള എതിര്‍പ്പാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. അണ്ണാ ഹസാരയുടെയും കിരണ്‍ ബേദിയുടെയും സാമി രാംദേവിന്റെയും മൃദു ഹിന്ദുത്വ രഹസ്യ അജെണ്ടയിലൂടെ ആണ് അഴിമതിക്കെതിരായ കുരിശു യുദ്ധമായി ഡല്‍ഹിയില്‍ അണ്ണാ ഹസാരയുടെ നിരാഹാര സമരത്തിനു വഴിയൊരുങ്ങുന്നത് 

Sunday 19 January 2014

ആപ്പിലായ കോണ്‍ഗ്രസ്‌

ആപ്പിലായ കോണ്‍ഗ്രസ്‌

ഡല്‍ഹിയിലും ഇന്ത്യയിലെങ്ങും രാഷ്ട്രീയ മാറ്റങ്ങള്‍ വളരെ ധൃതഗതിയില്‍ ആണ് സംഭവിക്കുന്നത്‌. കോണ്‍ഗ്രസ്‌  തങ്ങളുടെ യുവ പ്രധാനമന്ത്രി സ്ഥാനത്തേക്ക്  ആയി വളര്‍ത്തിക്കൊണ്ടു വന്ന രാഹുല്‍ ഗാന്ധിയെ, പരസ്യ കമ്പനികളുടെ നേതൃത്വത്തില്‍  പ്രതിച്ഛായ മിനുക്കിയെടുത്ത നരേന്ദ്ര മോഡി വളരെ പെട്ടെന്ന് തന്നെ മലര്‍ത്തിയടിച്ചു. എന്നാല്‍ ഈ വര്‍ഷമാദ്യം  നടക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ആരുടേയും സഹായം ഇല്ലാതെ ഒറ്റയ്ക്ക് തന്നെ വിജയിക്കാന്‍ കഴിയും എന്ന് കരുതിയ ബി ജെ പി ക്കും നരേന്ദ്രമോഡിക്കും പെട്ടെന്ന് കാലിടറുന്നത് പോലെ.

പെട്ടന്നാണ് കേജരിവാളിന്റെ രൂപത്തില്‍ വടക്ക് നിന്ന് ഒരു സൂര്യോദയം പ്രത്യക്ഷപ്പെട്ടത്.. ഡല്‍ഹി നിയമ സഭാ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത വിജയം കൊയ്ത ആം ആദ്മി പാര്ട്ടിയും അവരുടെ നേതാവ് അരവിന്ദ് കെജരിവാളും ആണിപ്പോള്‍ ഇന്ത്യന്‍ ജനതയുടെ കണ്ണുകളില്‍ ആകെയുള്ളത്. കോണ്‍ഗ്രസോ, ബി ജെ പിയോ അതല്ലെങ്കില്‍ മറ്റു പ്രാദേശിക പാര്‍ട്ടികളോ ഒന്നും ഇപ്പോള്‍ ഇന്ത്യന്‍ ജനതയുടെ റഡാറില്‍ പ്രത്യക്ഷപ്പെടുന്നില്ല. പ്രത്യേകമായ ഒരു നയമോ പരിപാടികളോ കൊണ്ട് ശ്രദ്ധേയമല്ല ആം ആദ്മി പാര്‍ട്ടിയും അവരുടെ നേതാക്കളും. മറിച്ചു ഒരു നിഷേധ വോട്ടിന്റെ ബഹിസ്ഫുരണം ആണ് ഡല്‍ഹിയില്‍ അവര്‍ നേടിയ വിജയം. വിലക്കയറ്റവും അഴിമതിയും ക്രമ സമാധാന നിര്‍വഹണത്തിലെ പാളിച്ചകളും സാധാരണക്കാരനെ പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും  സര്‍ക്കാറിനും  എതിരെ തിരിക്കുകയായിരുന്നു. സംസ്ഥാന ഭരണങ്ങളോട് ഉണ്ടായ അനുകൂലമോ പ്രതികൂലമോ ആയ നിലപാടുകള്‍ക്കുമപ്പുറം മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ ഉള്ള രണ്ടാം യു പി എ മന്ത്രി സഭയോടുള്ള എതിര്‍പ്പാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. അണ്ണാ ഹസാരയുടെയും കിരണ്‍ ബേദിയുടെയും സാമി രാംദേവിന്റെയും മൃദു ഹിന്ദുത്വ രഹസ്യ അജെണ്ടയിലൂടെ ആണ് അഴിമതിക്കെതിരായ കുരിശു യുദ്ധമായി ഡല്‍ഹിയില്‍ അണ്ണാ ഹസാരയുടെ നിരാഹാര സമരത്തിനു വഴിയൊരുങ്ങുന്നത്. അഴിമതിക്കെതിരായ സമരങ്ങള്‍ ഒരു ബുദ്ധിജീവി പരിവേഷം സാധാരണ ജനതയ്ക്ക് ചാര്‍ത്തി കൊടുത്തതിനാല്‍ ആകും ജനങ്ങള്‍ ഒന്നായി സമര രംഗത്തേക്ക് ഇറങ്ങുകയും ചെയ്തു. പരമ്പരാഗത രാഷ്ട്രീയ കക്ഷികളോടു യുവ ജനങ്ങള്‍ക്കുള്ള  അമര്‍ഷവും സോഷ്യല്‍ മീഡിയകളുടെ സാധ്യതകളും ഈ സമരങ്ങള്‍ വിജയിപ്പിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചു. കേവലം സര്‍ക്കാറിന്  എതിരായ ഒരു സമരം എന്നതില്‍ കവിഞ്ഞു ജനങ്ങളുടെ വികാരം ശരിയായി മനസിലാക്കുന്നതിനും ആ വികാരത്തെ മെറ്റീരിയലൈസ് ചെയുവാനും അരവിന്ദ് കേജരിവാളിലെ കൂര്‍മ ബുദ്ധിക്കയതാണ് ആം ആദ്മി എന്ന പാര്‍ട്ടിയുടെ പിറവിക്ക് വഴി തെളിച്ചത്. അഴിമതിക്കെതിരെ ഒരു സമരം നടത്തി കോണ്ഗ്രെസ്സിനെയും അവരുടെ നേതാക്കള്‍ക്ക് എതിരെയും ജനങ്ങളെ ഉണര്‍ത്തി  അതിനിടയില്‍ കിട്ടുന്ന ഗ്യാപ്പില്‍ നരേന്ദ്ര മോഡിയെന്ന തീവ്ര ഹിന്ദുത്വ നേതാവിനെ അവതരിപ്പിക്കുകയായിരുന്നു സംഘ പരിവാറിന്റെ പദ്ധതി., അഴിമതിക്ക് ആകെ ഉള്ള ഒരേ ഒരു ബദല്‍ ആണ് നരേന്ദ്ര മോഡി എന്ന നിലയില്‍ ഹിന്ദി സിനിമകളില്‍  വില്ലനെ അടിച്ചു തകര്‍ത്ത്  പ്രത്യക്ഷപ്പെടുന്ന നായകനായിട്ടായിരുന്നു നരേന്ദ്ര മോഡിയുടെ രംഗ പ്രവേശം. അതും ജനകീയ നേതാക്കളുടെ അഭാവം കൊണ്ട് ശ്രദ്ധേയമായ റിംഗില്‍ വളരെ കരുതലോടെ അവതരിപ്പിക്കപ്പെട്ട നായകന്‍.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു വിജയംപരിശോധിക്കുകയാണ് എങ്കില്‍ ഒരു കാര്യം മനസിലാകും.  എങ്കില്‍, രാജസ്ഥാന്‍ കണ്ട ഏറ്റവും നല്ല മുഖ്യ മന്ത്രിമാരില്‍ ഒരാളായിരുന്നു അശോക്‌ ഗെലോട്ട്. ജനങ്ങള്‍ക്ക്  വേണ്ടി അനേകം കര്‍മ  പദ്ധതികള്‍ നടത്തിയും ധാരാളം വികസന പദ്ധതികള്‍ രാജസ്ഥാനിലേക്ക് കൊണ്ട് വരികയും ചെയ്തു ഖ്യാതി നേടിയ അദേഹം തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ്  നടന്ന എക്സിറ്റ് പോളുകളില്‍ എല്ലാം മുന്നില്‍ തന്നെ ആയിരുന്നു. പക്ഷെ തെരഞ്ഞെടുപ്പു ഫലം വന്നപ്പോള്‍ രാജസ്ഥാനിലെ ഏറ്റവും കനത്ത പരാജയം ആണ് കോണ്ഗ്രസ്‌ രാജസ്ഥാനില്‍ രുചിച്ചത്. 


മദ്ധ്യപ്രദേശിലും ജനവികാരം സര്‍ക്കാറിന് എതിരായിരുന്നു. അവിടെ കോണ്ഗ്രെസ്സിലെ സ്ഥിരം തമ്മിലടിയും കുതികാല്‍ വെട്ടുകളും നേതൃത്വത്തിലെ അപാകതകളും കോണ്ഗ്രെസിനു വിനയായി. ഒടുവില്ജ്യോതിരാദിത്യ സിന്ധ്യയെ രംഗത്ത് ഇറക്കിയെങ്കിലും ഉദ്ദേശിച്ച ഫലം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. ഛത്തിസ്‌ഗഡില്‍ നക്സല്‍ ആക്രമണം കോണ്ഗ്രെസ്സിനു ഒരു സഹതാപ തരംഗം ഉണ്ടാക്കി കൊടുത്തു എങ്കില്‍ കൂടി അവിടെയെല്ലാം നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രഹസ്യമായി നടന്ന വര്‍ഗീയ  ധ്രുവീകരണം ആണ് ബി ജെ പിക്ക് വന്‍ വിജയം നേടിക്കൊടുത്തത്. ഡല്‍ഹിയിലും ആം ആദ്മി വലിയ മുന്നേറ്റം ഉണ്ടാക്കിയപ്പോള്‍ ബി ജെ പി തങ്ങളുടെ പരമ്പരാഗത  വോട്ടുകള്‍ നില നിര്ത്തുകയും ഏറ്റവും വലിയ ഒറ്റക്കക്ഷി ആയി മാറുകയും ചെയ്തു. ബി ജെ പി യുടെ വോട്ടല്ല, മറിച്ചു കോണ്ഗ്രെസ്സിന്റെ വോട്ടുകളും നിക്ഷ്പക്ഷ വോട്ടുകളും ആണ് ആം ആദ്മി പാര്ട്ടി യെ തുണച്ചത്.

ഇന്ത്യന്‍ ജനതയുടെ വികാരങ്ങളെ ഒട്ടും തന്നെ മനസിലാക്കാത്ത ഒരു നേതാവാണ്‌ രാഹുല്‍ ഗാന്ധി. ഇന്ത്യയെ കുറിച്ച് രാജീവ് ഗാന്ധി കണ്ട സ്വപനം പോലെ രാഹുലിനും ഒരു സ്വപനം ഉണ്ടെന്നു അദേഹം പറയാറുണ്ടെങ്കിലും അദേഹത്തിന്റെ സ്വപ്നങ്ങള്‍ ശരിയായ രീതിയില്‍ അവതരിപ്പിക്കുവാന്‍ അദേഹത്തിനോ അത് ഉള്‍ക്കൊള്ളുവാന്‍  പൊതുജനത്തിനോ കഴിഞ്ഞിട്ടില്ല. ജനവികാരം മാനിക്കാതെയുള്ള ബുദ്ധിജീവി പരാമര്‍ശങ്ങള്‍ ആണ് പലപ്പോഴും രാഹുലില്‍ നിന്ന് ഉണ്ടായത്. അദേഹത്തിന്റെ പരാമര്‍ശങ്ങള്‍ എല്ലാം തന്നെ ദ്രിശ്യ ശ്രാവ്യ മാധ്യമങ്ങള്‍ വളരെ നെഗറ്റീവ് ആയി ആഘോഷിക്കുകയും തല്ഫ‍ലമായി പൊതു ജനം രാഹുലിനെ തിരസ്കരിക്കുന്നതും ആണ് ഇന്ത്യ കണ്ടത്. യുവ പ്രധാനമന്ത്രി എന്ന നിലയില്‍ വളര്ത്തി കൊണ്ട് വന്ന രാഹുലിലെ നിയമനിര്മ്മാണസഭകളിലെ നിസ്സംഗതയും അനവസത്തിലെ അപക്വമായ ഇടപെടലുകളും മൂലം ജനങ്ങള്‍ അദേഹത്തെ  കയ്യൊഴിഞ്ഞു. തെരഞ്ഞെടുപ്പിന് പാര്ട്ടിയെ ഒരുക്കുന്നതിന് പകരം പാര്ട്ടിയിലെ സംഘടന വിഷയങ്ങളില്‍ ആയിരുന്നു രാഹുലിന്റെ ശ്രദ്ധ. കോണ്ഗ്രസിലെ ഗ്രൂപ്പ് വഴക്കുകളും കുതികാല്‍ വെട്ടലുകളും ഒന്നും അവസാനിപ്പിക്കുവാന്‍ ഇദേഹത്തിന് സാധിച്ചതും ഇല്ല. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള സര്ക്കാറിന്റെ അഴിമതിയും പിടിപ്പുകെടുകളും വലിയോരളവ് വരെ പാര്‍ട്ടിക്കും  രാഹുലിനും വിനയായി. 


മറിച്ചു നരേന്ദ്ര മോഡി ആകട്ടെ, ജനങ്ങളുടെ സൂഷ്മ വികാരങ്ങളെ ശരിക്കും മുതലെടുത്ത്‌ കൊണ്ട് , വളരെ ചെറിയ ഒരു ഭൂമികയില്‍ പെട്ടെന്ന് ഒരു ബദല്‍ ആയി മാറുകയും അടുത്ത പ്രധാന മന്ത്രി ആണ് താന്‍ എന്ന് ഉറക്കെ പ്രഖ്യാപിക്കുകയും അത് ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്തു. മോഡിയുടെ പ്രതിച്ഛായ വര്ദ്ധി്പ്പിക്കുവാന്‍ ആര്‍ എസ് എസ് , വി എച് പി, തുടങ്ങിയ സംഘടനകളുടെ മേല്‍നോട്ടത്തില്‍  മാധ്യമങ്ങളെ ഉപയോഗിക്കുവാന്‍ പരസ്യ കമ്പനികളെയും പബ്ലിക് റിലേഷന്സ് കമ്പനികളെയും വിദഗ്ധമായി ഉപയോഗിക്കുവാന്‍ സംഘ പരിവാറിനായി.  ഉത്തരേന്ത്യയിലെ ജനങ്ങള്‍ മോഡിയെ തങ്ങളുടെ ഭാവി മുഖ്യ മന്ത്രി ആയി അംഗീകരിക്കുകയും, മറ്റൊരു ബദല്‍ ഇല്ലാത്തതിനാല്‍ ബി ജെ പിക്ക് സ്വാധീനമില്ലാത്ത തെക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളും മോഡിയെ പ്രാധാനമന്ത്രി ആയി കാണുവാന്‍ തങ്ങളുടെ മനസിനെ പാകപ്പെടുത്തുകയും ചെയ്തു കൊണ്ടിരിക്കയായിരുന്നു. 


പെട്ടെന്നായിരുന്നു എല്ലാം തകിടം മറിഞ്ഞത്. സോഷ്യല്‍ മീഡിയ, പത്രങ്ങള്‍, ചാനലുകളില്‍ എല്ലാം ലൈവ് ആയി നിന്നിരുന്ന മോഡിയും ഡല്‍ഹിയിലെ ആം ആദ്മി വിജയത്തോട് കൂടി കാണാമറയത്തേക്ക്  പോയിക്കൊണ്ടിരിക്കുന്നു. കോണ്ഗ്രിസിന്റെ സഹായത്തോടു കൂടി ഡല്‍ഹിയില്‍ സര്‍ക്കാര്‍  ഉണ്ടാക്കിയ അരവിന്ദ് കേജരിവാള്‍ തെരഞ്ഞെടുപ്പിന് മുന്പ് മാനിഫെസ്റ്റോയില്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം ഒന്നിന് പുറകെ ഒന്നായി നടത്തിക്കൊണ്ടിരിക്കുന്നതില്‍ ബദ്ധ ശ്രദ്ധാലുവും. വിലയിരുത്തലുകള്‍ക്ക്  സമയമായിട്ടില്ലെങ്കില്‍ കൂടി ജനങ്ങളുടെ കൈയ്യടി വാങ്ങുന്നതില്‍ കേജരിവാള്‍ ബഹുദൂരം മുന്നിലെത്തി. വീണു കിട്ടിയ അവസരം മുതലെടുത്ത്‌ ഫണ്ട്‌ പിരിവിനും അംഗംങ്ങളെ ചേര്‍ക്കുന്നതിനും ആം ആദ്മി പാര്‍ട്ടിയും മുന്നിട്ടിരങ്ങിയിരിക്കയാണ്.  എഴുപതുകളില്‍ ജെ പി മൂവ്മെന്റും അതിനു ശേക്ഷം കണ്ട ജനത പാര്‍ട്ടിയും പോലെ ആണ് ആം ആദ്മി പാര്ട്ടി നല്‍കുന്ന സ്വപനങ്ങളും. അടിയന്തിരാവസ്ഥ കഴിഞ്ഞു നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ  നിലംപരിശാക്കിക്കൊണ്ട് അധികാരത്തില്‍ വന്ന ജനതാ പാര്‍ട്ടിയില്‍ പ്രതിബദ്ധത ഉണ്ടായിരുന്ന അനേകം നേതാക്കള്‍ ഉണ്ടായിരുന്നു എങ്കില്‍ അടിയന്തിരാവസ്ഥ പോലെ തന്നെ ജനം കണക്കാക്കുന്ന അഴിമതിയവസ്ഥയില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കാന്‍ ഇറങ്ങി പുറപ്പെട്ടിരിക്കുന്ന ആള്‍ക്കൂട്ടത്തില്‍ പ്രവര്‍ത്തന പരിചയമോ നെത്രുത്വ വാസനയോ ഉള്ള നേതാക്കള്‍ വിരളം ആണ്. ശക്തമായ നയങ്ങളോ പരിപാടികളോ ഒന്നിച്ചു കൊണ്ട് പോകുവാന്‍ കെല്‍പ്പുള്ള നേതാക്കളോ ഇല്ലാത്തതിനാല്‍ ഏതു നിമിഷവും ഈ ആള്‍ക്കൂട്ടം  ചിന്നിച്ചിതറി പോകാം. 


പൊതുവേ വികാര ജീവികള്‍ ആയ ഇന്ത്യന്‍ ജനത ഇപ്പോള്‍ ആം ആദ്മി പാര്ട്ടിയില്‍ അംഗത്വം എടുക്കുന്നതിനായി ക്യൂ നില്ക്കുുകയാണ്. ഫണ്ട്‌ പിരിവും തകൃതിയായി നടക്കുന്നു. വാര്‍ത്തകളില്‍ ജനങ്ങള്‍ കാത്തിരിക്കുന്നതും ആം ആദ്മി പാര്‍ട്ടിയില്‍ ചേരുന്ന സെലിബ്രിറ്റികളുടെ എണ്ണം അറിയുവാന്‍ ആണ്. മാധ്യമങ്ങള്‍ക്കും പുതിയൊരു വിരുന്നാണ് ആം ആദ്മി. ഇതൊക്കെയാണെങ്കിലും  ഡല്‍ഹിയില്‍ ഇപ്പോള്‍ തന്നെ പാര്‍ട്ടിയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ആകാതെ കെജരിവാളും പരുങ്ങുകയാണ്. പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ എല്ലാം ആകെ അങ്കലാപ്പില്‍ ആണ്. ആം ആദ്മി പാര്‍ട്ടി ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നത്  കൊണ്ഗ്രെസ്സിനു ആണ്. കോണ്ഗ്ര്സിന്റെ വോട്ടുബാങ്കുകള്‍ ആണ് കേജരിവാള്‍ കവര്‍ന്നെടുക്കുന്നത്‌. ജനങ്ങളുടെ ഒഴിഞ്ഞു പോക്ക് കണ്ടിട്ടാവണം കൊണ്ഗ്രെസ്സ് സംസ്ഥാനഘടകങ്ങളില്‍  അഴിച്ചുപണി നടത്തുന്നു. രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ്‌, മദ്ധ്യപ്രദേശില്‍ അരുണ്‍ യാദവ്, ചത്തിസ്ഗഡില്‍ ഭുവേഷ് ബാഗല്‍, ഡല്‍ഹിയില്‍ അരവിന്ദ് സിംഗ് ലവ്ലി, ഹരിയാനയില്‍ അശോക്‌ തന്‍വര്‍ ‍, ഹിമാചലില്‍ സുഖിന്റ് സിംഗ് സുക്കു, ബീഹാറില്‍ അശോക്‌ ചൌധരി, തുടങ്ങി യുവാക്കളെ പി സി സി പ്രസിഡന്റ്‌ സ്ഥാനത്തേക്ക് കൊണ്ട് വന്നിരിക്കുന്നു. കേരളത്തില്‍ പോലും ഉമ്മന്‍ ചാണ്ടിയുടെയും രമേശിന്റെയും താല്പര്യത്തിനു വിരുദ്ധമായി ജി കാര്ത്തികേയനെ തഴഞ്ഞു വി ഡി സതീശനോ , അതെല്ലങ്കില്‍ ഒരു ഒത്തു തീര്‍പ്പ്  നോമിനിയായി വി എം സുധീരനോ കടന്നു കൂടാം. സുഖമില്ലാത്ത സോണിയ ഗാന്ധിക്ക് പകരം പ്രിയങ്ക വധേര ആകും ഇത്തവണ കോണ്‍ഗ്രസ്‌  പ്രചരണം നയിക്കുക. പക്ഷെ എന്തൊക്കെ തിരുത്തലുകള്‍ നടത്തിയാലും ജനത്തില്‍ നിന്ന് തീരെ അകന്നു പോയ കോണ്‍ഗ്രസിനും  രാഹുലിനും ഒരു തിരിച്ചു വരവിനുള്ള സമയം ഇല്ലാതായിരിക്കുന്നു. ലോകസഭയില്‍ വെറും രണ്ടക്ക സംഖ്യയിലേക്ക് മാറുന്നതോടൊപ്പം മുഖ്യ പ്രതിപക്ഷ കക്ഷി അല്ലെങ്കില്‍ രണ്ടാമത്തെ വലിയ ഒറ്റക്കക്ഷി ആകുവാന്‍ കോണ്‍ഗ്രസിന് കഴിയുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റു നോക്കുന്നത്.

എന്തായാലും പതിനേഴാം തിയതി നടക്കുന്ന എ ഐ സി സി സമ്മേളനത്തില്‍ വച്ച് പതിവിനു വിപരീതമായി കോണ്‍ഗ്രസ്‌  രാഹുലിനെ  പ്രധാനമന്ത്രി സ്ഥാനാര്ഥിയായി  പ്രഖ്യാപിച്ചു കൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടാന്‍ പാര്‍ട്ടിയെ സജ്ജമാക്കും എന്ന് കരുതിയെങ്കിലും പരസ്യമായി ഒരു പ്രഖ്യാപനം ഉണ്ടായിട്ടില്ല.  മന്മോാഹന്‍ സിംഗിനെ രാജി വയ്പിച്ചു, രാഹുലിനെ പ്രധാനമന്ത്രി ആക്കി തെരഞ്ഞെടുപ്പിനെ നേരിടണം എന്ന ആവശ്യവും കോണ്‍ഗ്രസില്‍  പരമപ്രധാനമായി അലയടിക്കുന്നുണ്ട്. ആം ആദ്മി നേടുന്ന വോട്ടുകള്‍ മിക്കതും കോണ്ഗ്രസിന്റെ വോട്ടുകള്‍ ആയതിനാല്‍ വലിയ ചില അട്ടിമറികള്‍ നടന്നില എങ്കില്‍ നരേന്ദ്ര മോഡിയുടെ വിജയം കുറച്ചു കൂടി എളുപ്പമാകുവാന്‍ നിലവിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ കാരണമായേക്കും. കോണ്‍ഗ്രെസ് എന്തായാലും ആപ്പിലായിരിക്കയാണ്.