Showing posts with label പുസ്തകം. Show all posts
Showing posts with label പുസ്തകം. Show all posts

Friday, 10 February 2017

"വെയ് രാജ വെയ് "


ജയൻ മാങ്ങാട് , ഞാൻ എന്നും അത്ഭുതത്തോടെ മാത്രം നോക്കി നിന്നിട്ടുള്ള ധിക്കാരി എന്നേ ഒറ്റ വാക്യത്തിൽ ജയനെ പരിചയപ്പെടുത്താൻ കഴിയുകയുള്ളൂ.
പട്ടാമ്പി കോളേജ്ഉം മലയാളനാട് വാരികയും സംയുക്തമായി സംഘടിപ്പിച്ച മലയാളനാട് കാർണിവലിൽ പങ്കെടുത്തു കൊണ്ടിരുന്നപ്പോൾ ആണ്, ജയൻ എന്നോട് പനങ്കള്ളിനെ കുറിച്ച് സംസാരിക്കുന്നതു. മദ്യത്തിൽ ഏറ്റവും നല്ലതു പനങ്കാള്ളാണ് എന്നും, തെങ്ങും കള്ളും ബീയറുമൊക്കെ ശരീരത്തെ ചൂടാക്കുമ്പോൾ പനങ്കള്ളു മാത്രമാണ് ശരീരത്തെ തണുപ്പിക്കുന്നതു എന്ന് പറഞ്ഞു തന്നു. ജയശീലൻ മാഷും സച്ചിതാനന്ദൻ പുഴങ്കര, ജോർജ് ആർ, സെബാസ്റ്യൻ എന്നിവർ പങ്കെടുത്ത കവി സംവാദത്തിൽ ഞാൻ മുഴുകിയിരിക്കുമ്പോൾ ആണ് മൊബൈലിൽ ജയന്റെ ഒരു കോൾ വരുന്നത്.
"ജെയിംസ് എവിടെയുണ്ട്? "
"മരച്ചുവട് മൂന്നിൽ, ഇവിടെ കവിത സംവാദം നടക്കുകയാണ്."
"നമുക്ക് പനങ്കള്ളു കുടിക്കാൻ പോയാലോ, കോളേജിന്റെ ഗേറ്റിനു വെളിയിലുണ്ട്"
പനങ്കള്ളു കുടിക്കാൻ എന്നെയും കൂടി ക്ഷണിച്ചതിലുള്ള സന്തോഷത്തോടെ ഞാൻ കോളേജ് ഗേറ്റിനു വെളിയിലേക്കു കുതിച്ചു.
ഗേറ്റിനു വെളിയിൽ ജയനും കവിയായ ശ്രീകുമാർ കാര്യാട് എന്നിവർക്കൊപ്പം പട്ടാമ്പിയുടെ ഏതോ ഒരു ഗ്രാമ ഭാഗത്തേക്ക് ഞങ്ങൾ ഓട്ടോയിൽ. സ്ഥാലം കണ്ടു പിടിക്കാൻ ഓട്ടോക്കാരൻ കൂടെയുള്ളതിനാൽ വലിയ ബുദ്ധിമുട്ട് ഉണ്ടായില്ല. അല്ലേലും ഓട്ടോക്കാർക്കു അറിയാത്ത ഏതു കള്ളു ഷാപ്പ്!
യുണൈറ്റഡ് നേഷൻസ് എങ്ങാനും കണ്ടാൽ പുരാവസ്തുവായി സംരക്ഷിക്കപ്പെടേണ്ട ഒരു കെട്ടിടത്തിന്റെ അകത്തളത്തിൽ ആണ് കള്ളുഷാപ്പ്. ഇവിടെ പനങ്കള്ളു മാത്രം വിൽക്കുന്ന ഇടമായതിനാൽ ആവും കള്ളുഷാപ്പ്പ് എന്ന ബോർഡൊന്നും വച്ചിട്ടില്ല, അതോ അനധികൃതമോ?
ഹൈസ്‌കൂൾ വരെ പഠിച്ച സ്‌കൂളിൽ കണ്ടിട്ടുള്ള, അല്ലെങ്കിൽ ഏതെങ്കിലും സ്‌കൂൾ പൂട്ടിയപ്പോൾ അവിടെ നിന്നും കൊണ്ട് വന്നതെന്നു തോന്നിപ്പിക്കുന്ന തരത്തിലുള്ള മൂന്നു ഡെസ്കും ബെഞ്ചും. ജാർക്കണ്ടിൽ നിന്നും നാട്ടിലെത്തിയ നിഷ്കളങ്കത മുട്ടി നിൽക്കുന്ന രണ്ടു ചെറുപ്പക്കാർ, അവരെ കണ്ടാൽ മലയാളം പഠിക്കാൻ വന്ന വിദ്യാർത്ഥികൾ എന്നേ തോന്നൂ. കള്ളു മാഷ് (വിൽപ്പനക്കാരൻ) ഒരു പ്രത്യേക പ്രകൃതക്കാരനാണ്, മുഷിഞ്ഞ വെള്ളമുണ്ടും തലയിൽ തോർത്ത് കൊണ്ടൊരു കെട്ടും. ഇൻഷുറൻസ് ഏജന്റിന്റെ സ്നേഹവായ്പോടെ ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു. ജാർക്കണ്ടു കുട്ടികളോടും ഞങ്ങൾ ലാൽസലാം പറഞ്ഞു, ( ബംഗാളികൾ ആണെന്ന് കരുതിയല്ല കേട്ടോ ) എന്നെയും കാര്യാടിനെയും കുട്ടികളുടെ ഇരുവശങ്ങളിലും ആയി ഇരുത്തി ജയൻ മനോഹരമായി ചിത്രങ്ങൾ എടുത്തു. ജയൻ ആ കുട്ടികളോടും വളരെ സ്നേഹത്തോടും ബഹുമാനത്തോടും കൂടിയാണ് ഇടപെട്ടത്. മലയാളികൾ ഒന്നും ഇപ്പോൾ പനങ്കള്ളു കുടിക്കുന്ന ശീലമില്ലെന്നു പരാതിപ്പെട്ട ഷാപ്പുടമയോടും അങ്ങനെ തന്നെ. യാതൊരു വലിപ്പ ചെറുപ്പവുമില്ല.
മലയാളനാട് വെബ് കമ്മ്യുണിറ്റിയിലെ വീറുറ്റ ചർച്ചകളിൽ കൂടിയാണ് ജയൻ മാങ്ങാടിനെ ഞാൻ പരിചയപ്പെടുന്നത്. നമ്മൾ ഒട്ടും കരുതാത്ത ട്വിസ്റ്റുള്ള വളരെ വിപ്ലവകരമായ ചിന്തകൾ ഇടപെടുന്നവർക്ക് ബാക്കി നൽകിയാണ് അന്നും ഇന്നും ജയൻ സംസാരിക്കുന്നതു. വളരെ ഹ്രസ്വാമായ വാക്കുകളിൽ സമൂഹത്തിലെ അഴുക്കു ചാലുകൾക്ക് എതിരെ ശക്മായി സംവദിക്കുന്ന വാക്കുകൾ ആണ് അദ്ദേഹത്തിന്റെ എഴുത്തുകൾ. നമ്മൾ ആരും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ് നൽകി, അക്ഷരങ്ങൾക്ക് മാസ്മരിക ഭാവം നൽകുകയാണ് ജയൻ തന്റെ എഴുത്തിലുടനീളം.
ആദ്യം കണ്ടു മുട്ടിയ അന്ന് മുതൽ ഇന്നും ഞാൻ ജയന്റെ വാക്കുകളെ ഫോളോ ചെയ്യുന്നുണ്ട്. ഭൂലോകത്തിലെ നാലിലൊന്നോളം രാജ്യങ്ങൾ സന്ദർശിക്കിച്ചിട്ടുള്ള ജയന് അസാമാന്യ ലോക വിവരമുണ്ട്. അതായിരിക്കാം അദ്ദേഹത്തിന്റെ എഴുത്തുകൾക്കു ഒരു അന്താരാഷ്ട്ര മാനം നൽകുന്നത്. ഒരിക്കൽ ഞാൻ സ്വീഡനിലെ ഹെൽസിംഗ്ബോർഗിൽ പോകുവാനുള്ള വഴി തിരഞ്ഞു ഗൂഗിളടക്കം തപ്പിയെങ്കിലും ജയനാണ് കൃത്യമായി വഴി പറഞ്ഞു തന്നത്.
പലപ്പോഴും ആക്ഷേപ ഹാസ്യത്തിലൂടെ ആണ് അദ്ദേഹം തന്റെ എഴുത്തുകൾ നിർവഹിക്കുക. പുതു തലമുറയിൽ ഇത്ര മനോഹരമായി, ആക്ഷേപ ഹാസ്യമെഴുതുന്നവർ വിരളമാകും. ഓരോ വാക്കിലെയും അർത്ഥം ഒന്നിലധികം തവണ വായിക്കുന്നതിലൂടെ മാത്രമേ ഗ്രഹിക്കാൻ കഴിയുകയുള്ളൂ. അത്ര ഗഗനമാണ് അദ്ദേഹത്തിന്റെ ഹാസ്യ സാഹിത്യമ. എഴുത്തിൽ മാത്രമല്ല, സംസാരത്തിലും നോട്ടത്തിലുമെല്ലാം ആൾ വലിയ തമാശക്കാരൻ ആണ്. പക്ഷെ ചിലർക്കെങ്കിലും ആ തമാശകൾ ഉൾക്കൊള്ളുവാൻ ആകുന്നില്ല എന്നതും യാഥാർഥ്യമാണ് . അദ്ദേഹത്തിന്റെ എഴുത്തിലെ ഓരോ വാക്കുകളും നൽകുന്ന അർത്ഥതലങ്ങൾ വിശാലമാണ്.
പരിചമുള്ളവർക്കെല്ലാം ജയൻ അടുത്ത സുഹൃത്ത് ആണ്. ജയനെ അറിയുന്ന എല്ലാവരും ജയനെ ഇഷ്ടാപ്പെടുവാൻ കാരണം, ജയന്റെ സ്നേഹ ബന്ധങ്ങള്ക്, പരിചയങ്ങൾക്കു വലിപ്പച്ചെച്ചെറുപ്പം ഇല്ല എന്നത് തന്നെ. പണ്ഡിതനോടും പാമരനോടും ഒരേ സ്നേഹ വാത്സല്യമെന്നതിനു ഏറ്റവും വലിയ ഉദാഹരണം ആണ് ജയൻ. സച്ചിമാഷിനോടും കെ ജി എസ്സിനോടും എല്ലാം ഉള്ള അതെ സ്നേഹബന്ധം ആണ് എന്നെ പോലുള്ളവരോടു പോലും അദ്ദേഹത്തിന് ഉള്ളത്. കള്ളുഷാപ്പിലെ ജാർക്കണ്ടുകാരോടും ( അന്യസംസ്ഥാന തൊഴിലാളി എന്ന് മലയാളികൾ ഓമനപ്പേരിട്ട് വിളിക്കുന്നവർ) ഇതേ സ്നേഹവായ്പുകൾ ആണ് ജയൻ പങ്കു വയ്ക്കുന്നത്. ഒരു പക്ഷെ മലയാളത്തിലെ ഏതാണ്ടെല്ലാ കവികളോടും സാഹിത്യകാരന്മാരോടും ഊഷ്മളമായ പരിചയവും സ്നേഹവും പങ്കു വയ്ക്കുവാൻ ജയനല്ലാതെ മറ്റാർക്ക് സാധിക്കുകയില്ല. ചലച്ചിത്രോത്സവങ്ങൾക്കാകട്ടെ, കാവ്യോത്സവങ്ങൾക്കാകട്ടെ, എല്ലാ സാഹിത്യ സാംസ്കാരിക പരിപാടികൾക്കും ജയനുണ്ടാകും കൂടെ.
ജയനോട് സംസാരിക്കുമ്പോൾ ആണ് അദ്ദേഹത്തിന് കവിതയോടും കലയോടും സാഹിത്യത്തോടുമുള്ള അഭിനിവേശവും അഗാധമായ അറിവും നമുക്ക് മനസിലാവുക. ഇത്രയേറെ അറിവുണ്ടായിട്ടും, നന്നായി എഴുതുമെന്നിരിക്കിലും കൂടുതൽ എഴുതാതെ, ഒരു പുസ്തകവും പ്രസിദ്ധീകരിക്കാതെ, ഒരു അംഗീകാരത്തിനും പിന്നാലെ പോകാതെ ജയൻ സാധാരണക്കാരുടെ കൂടെയായിരുന്നു. താൻ ജോലി ചെയുന്ന മൾട്ടി നാഷണൽ കമ്പനിയുടെ കൺട്രി ഹെഡ് ആയിട്ട് പോലും യാതൊരു ഹെഡ് വെയിറ്റും ഇല്ലാത്ത ജയന്റെ എഴുത്തിനു നല്ല വെയിറ്റ് ഉണ്ടെന്നു പറയാതെ വയ്യ.
ദീര്ഘങ്ങളായ എഴുത്തുകൾ കൊണ്ട് നമ്മെ ബോറടിപ്പിക്കുന്ന എഴുത്തല്ല ജയന്റേതു. ചിലപ്പോൾ ഒരു വരിയാകും, ഒരു ഖണ്ഡിക ആകും, അല്ലെങ്കിൽ ഒരു പേജാകും. ജയന്റെ ഓരോ ചെറു കുറിപ്പുകൾക്കും വിശാലമായ അർത്ഥതലങ്ങൾ ഉണ്ട്. അദ്ദേഹം എഴുതിയ ചൊക്ക് , കിം കിഡുക്കില്ലെങ്കിലെന്ത്? ബീമാപള്ളിയില്ലേ?, വയലൻസ് ഈസ്‌ ദി ഒൺലി സൊല്യൂഷന്‍, പൈന്റ് , കോൺക്ലേവ് തുടങ്ങി മനോഹരങ്ങളായ എഴുത്തുകൾ. ആദ്യകാലങ്ങളിൽ മലയാള നാട് ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ജയന്റെ ആർട്ടിക്കിളുകൾ പ്രമുഖ മാധ്യമങ്ങളിലും പുനഃ പ്രസിദ്ധീകരിക്കുകയുണ്ടായി.
സ്റ്റുഡൻറ് ഫെഡറേഷനിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ പ്രാഗല്ഭ്യമ തെളിയിച്ച ജയൻ, ഇന്നുള്ള കമ്മ്യുണിസ്റ്റുകാർക്കില്ലാത്ത വിപ്ലവാഗ്നി മനസ്സിൽ കെടാതെ കൊണ്ടു നടക്കുന്ന മഹത്തായ കമ്മ്യുണിസ്റ്റ് ആണ്. ( ജയൻ ഒരിക്കലും ഏതെങ്കിലും ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നു എന്ന് എന്നോട് പറഞ്ഞിട്ടും ഇല്ല, ഒരു രാഷ്ട്രീയ പാർട്ടിയുടെ ലേബലിലും അറിയപ്പെടുന്ന ആളുമല്ല. അദ്ദേഹത്തെ അടുത്തു നിന്ന് കണ്ടപ്പോൾ, അദ്ദേഹത്തിലെ മാനുഷീക വശം കണ്ടപ്പോൾ ജയൻ ഒരു മഹത്തായ കമ്മ്യൂണിസ്റ്റ് ആണെന്ന് എനിക്ക് തോന്നിയത് മാത്രം ആണ്.) ഉറച്ച നിലപാടുകളും, മികച്ച ഇടപെടലുകളും, അതാണ് ജയനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്. ജാതി അമിത ഭ്രാന്തിനു എതിരെയാണ് ജയൻ പലപ്പോഴും സോഷ്യൽ മീഡിയയിൽ പേന ചലിപ്പിക്കാറുള്ളത്. എല്ലാ പൊതു പരിപാടികളിലും സജീവ സാന്നിധ്യമാണെങ്കിലും ജയന്റെ ചങ്കു നിറയെ സുഹൃത്തുക്കളോടും കുടുംബത്തോടുമുള്ള സ്നേഹമാണ്.
ജയന്റെ എഴുത്തിലും മാനുഷീകതയിലും ആകൃഷ്ടനായതിനാൽ ആകും, കവിതയുടെ കാർണിവൽ ഒന്നാം എഡിഷനിലും ഇക്കഴിഞ്ഞ രണ്ടാം എഡിഷനിലും ജയനോടൊപ്പം സഹവസിക്കാൻ എനിക്ക് അവസരം ലഭിച്ചത്. നാലു കൊല്ലം മുൻപ് ഒരിക്കൽ ഡൽഹിയിൽ പോയപ്പോൾ അന്നും ജയന്റെ മുറിയിൽ അന്തിയുറങ്ങിയ ഓര്മ ഇപ്പോഴുമുണ്ടു.
ഞാൻ അറിയുന്ന, ഞാൻ കണ്ട ജയനിൽ നിന്നും എത്രയോ മുകളിൽ ആണ് ഞാൻ അറിയാത്ത ജയൻ. അദ്ദേഹം എഴുതിയ "വെയ് രാജ വെയ് " എന്ന മലയാളിയുടെ ചൂതാട്ടങ്ങളെ കുറിച്ചെഴുതിയ പുസ്തകം നാളെ ( ഫെബ്രുവരി 12 നു ) തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ, ശ്രീ ഗൗരീദാസൻ നായർക്ക് ആദ്യ പ്രതി നൽകിക്കൊണ്ട് പ്രശസ്ത കവി ശ്രീ കെ ജി ശങ്കരപ്പിള്ള പ്രകാശനം ചെയുന്നു. ശ്രീ സന്തോഷ് ഏച്ചിക്കാനം പുസ്തക പരിചയം നടത്തുന്നു. ഡി സി ബുക്ക്സ് ആണ് വെയ് രാജ വെയ് പ്രസിദ്ധീകരിക്കുന്നത്. ഈ പുസ്തകത്തിന്റെ കണ്ടന്റ് എന്തെന്ന് എനിക്ക് ഒരു ഊഹവും ഇല്ല, എങ്കിലും എനിക്ക് പറയാനുള്ളത് ഇത് മാത്രം, ഇത് ജയൻ മാങ്ങാട് എഴുതിയ പുസ്തകം ആയതിനാൽ നമ്മൾ മലയാളിക്ക് പലയാവർത്തി വായിക്കാനുള്ള കണ്ടന്റ് അതിൽ ഉണ്ടാവും തീർച്ച. രണ്ടാഴ്ച മുന്നേ കവിതായിട്ട് കാർണിവലിൽ പങ്കെടുക്കാൻ വന്നതിനാൽ, വെയ് രാജ വെയ് യുടെ പ്രകാശന കർമ്മത്തിൽ പങ്കെടുക്കാൻ കഴിയില്ലല്ലോ എന്ന സങ്കടം ആണെനിക്ക്. ജയന്റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കുവാൻ സാധിക്കുന്നവർ നാളെ ചടങ്ങിന് എത്തുമല്ലോ. ഡി സി ബുക്സിൽ പോകുമ്പോൾ ജയന്റെ പുസ്തകം വാങ്ങി വായിക്കുമല്ലോ?

Tuesday, 1 December 2015

വിജയ വഴികള്‍ - ടെക്നോപാര്‍ക്ക് സ്മരണകള്‍

ഇക്കഴിഞ്ഞ ഷാര്‍ജ പുസ്തകോത്സവത്തില്‍ നിന്നാണ് കേരളത്തിലെ ടെക്കി വിപ്ലവത്തിന് തുടക്കം കുറിച്ച തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്കിന്റെ ശില്‍പി ജി വിജയരാഘവന്‍ എഴുതിയ - വിജയ വഴികള്‍ ; എന്‍റെ ടെക്നോപാര്‍ക്ക് സ്മരണകള്‍ വാങ്ങിക്കുവാന്‍ ഇടയായത്.
സര്‍ക്കാര്‍ തലത്തിലെ ഒരു ബ്രഹത് പദ്ധതി സര്‍ക്കാറിന്റെ ഒരു നൂലാമാലകളും, രാഷ്ട്രീയ ഇടപെടലുകളും ഇല്ലാതെ എങ്ങനെ നടപ്പില്‍ വരുത്താമെന്നും അത് വഴി ഒരു പുതു തൊഴില്‍ സംസ്കാരം തന്നെയും രൂപപ്പെടുത്തുകയും കേരളത്തിലെ ആയിരക്കണക്കിന് യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുവാനുള്ള ഒരു നവീനാശയത്തെ നിശ്ചിത സമയത്തിനകം എങ്ങനെ വിജയകരമായി പ്രാവര്‍ത്തീകമാക്കാമെന്നും മലയാളിക്ക് മുന്നില്‍ കാണിച്ചു തന്ന ഒരു ഉദ്യോഗസ്ഥനാണ് ജി വിജയ രാഘവന്‍. ദീര്‍ഘവീക്ഷണത്തോടെയും തികഞ്ഞ പ്രൊഫഷണല്‍ സമീപനത്തോടെയും ഒരു പ്രസ്ഥാനത്തിന് അടിത്തറയിട്ടയതിന്റെ നാള്‍ വഴി വളരെ കൃത്യമായി വിശദീകരിക്കുകയാണ് ഈ പുസ്തത്തിലൂടെ.
കഴക്കൂട്ടത്ത് കാടുകയറികിടന്ന വൈദ്യന്‍കുന്നിനെ വ്യവസായ വിപ്ലത്തിലേക്ക് വഴിതെളിച്ച കഥയും , അതിന് പിന്നിലെ പരിശ്രമങ്ങളും വായനക്കാരന്റെ മുന്നിലെത്തിക്കുകയാണ് വിജയവഴികള്‍ എന്റെ ടെക്‌നോപാര്‍ക്ക് സ്‍മരണകള്‍. കേരളത്തിലെ യുവതയും സാമ്പത്തീക രംഗവും എന്നെന്നും കടപ്പെട്ടിരിക്കേണ്ടത് ഈ പദ്ധതി വിജയകരമായി പ്രാവര്‍ത്തീകമാക്കുവാന്‍ ഈ പദ്ധതിക്ക് പിന്നില്‍ യാതൊരു വിട്ടു വീഴ്ചക്കും വഴങ്ങാതെ അര്‍പ്പണബോധത്തോടെ, പ്രവര്‍ത്തിച്ച, അഴിമതിയെ തീണ്ടാപ്പാടകലെ നിര്‍ത്തിയ വിജയരാഘവനു പലപ്പോഴും മന്ത്രിമാരില്‍ നിന്നും രാഷ്ട്രീയക്കാരില്‍ നിന്നും മേലുദ്യോഗസ്ഥരില്‍ നിന്നും ഉണ്ടായ സമ്മര്‍ദ്ദങ്ങളെ എങ്ങനെ അതി ജീവിച്ചു എന്നും ഈ പുസ്തകത്തിലൂടെ വിശദീകരിക്കുന്നു.
കംപ്യൂട്ടര്‍വത്കരണത്തെ അടിമുടി എതിര്‍ത്തിരുന്ന ഇ. കെ. നായനാരും ഗൌരിയമ്മയും കേരളത്തിലെ ഇലട്രോണിക്സ് വിപ്ലവത്തിന്‍റെ പിതാവായ ശ്രീ കെ പി പി നമ്പ്യാരുടെ ടെക്നോപാര്‍ക്ക് എന്ന ആശയത്തെ കേരളത്തിലെത്തിക്കുന്നതില്‍ വഹിച്ച പങ്കിനെയും തുടര്‍ന്ന് കേരളം ഭരിച്ച കെ. കരുണാകരന്‍, എ കെ ആന്റണി, വി എസ് അച്ചുതാനന്ദന്‍, വ്യവസായ മന്ത്രിമാരായിരുന്ന പി കെ കുഞ്ഞാലിക്കുട്ടി, സുശീല ഗോപാലന്‍ തുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങളെയും വിലയിരുത്തുന്നുണ്ട്. ഒരു വിപ്ലവ പാര്‍ട്ടിയുടെ നേതാവായിരുന്നിട്ടും സാംബ്രാജിത്വ രാഷ്ട്രമായ അമേരിക്ക സന്ദര്‍ശിക്കുകയും സിലിക്കന്‍ വാലിയില്‍ പോയി അവിടുത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും കംപ്യുട്ടര്‍ വന്നാല്‍ തൊഴില്‍ നഷ്ടപ്പെടുമെന്ന് പറഞ്ഞ പാര്‍ട്ടി ലൈനിന് മുകളില്‍ ജനപക്ഷത്തു നിന്ന ഇ.കെ. നായനാരുടെ ഉറച്ച തീരുമാനവും ശ്രീ കെ പി പി നമ്പ്യാരുടെ ദീര്‍ഘവീക്ഷണവും വിജയരാഘവന്‍റെ പ്രതിബദ്ധതയും കുഞ്ഞാലിക്കുട്ടിയുടെ സര്‍വാത്മ പിന്തുണയും ആണ് ടെക്നോപാര്‍ക്ക്.
രാഷ്ട്രീയ നേതാക്കളില്‍ ശ്രീ വി എസ് അച്യുതാനന്ദനെ മാത്രമാണ് ഈ പുസ്തകത്തില്‍ നിശിതമായി വിമര്‍ശിക്കുന്നത്. അദേഹത്തിന്റെ വാക്കുകള്‍ - "
ഇടതുപക്ഷത്തെ മുഖ്യപാര്‍ട്ടിയുടെ രണ്ടു പ്രബല നേതാക്കളാണ് ഇ.കെ.നായനാരും വി.എസ്.അച്ചുതാനന്ദനും. രണ്ടു പേരും പാര്‍ട്ടിയുടെ സംസ്ഥാന ഘടകത്തിന്‍റെ തലവന്മാരും ദേശിയ തലത്തില്‍ പാര്‍ട്ടിയുടെ പരമോന്നത സമിതിയില്‍ അംഗംങ്ങളുമായിരുന്നു. ഇരുവരും പ്രതിപക്ഷ നേതാവായി നിയമസഭയിലും മുഖ്യമന്ത്രിയായി ഭരണരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചവരുമാണ്. എന്നിട്ടും വികസന കാര്യത്തില്‍ ഇരുവരുടെയും സമീപനങ്ങളില്‍ എങ്ങനെ ഇത്രമാത്രം അന്തരമുണ്ടായി എന്നത് ചിന്തിക്കേണ്ട വിഷയമാണ്. സമീപനങ്ങളിലെ ഈ വ്യത്യാസം പ്രത്യയശാസ്ത്രപരമോ സൈദ്ധാന്തികമോ അല്ല, വ്യക്തിപരമായ വീക്ഷണത്തിന്‍റെതാണ്. നായനാരുടെ സമീപനം എപ്പോഴും 'പോസിറ്റീവ്' ആണ്. ജനനന്മയാണ് അദേഹത്തിന്റെ ലക്ഷ്യം; സാമൂഹിക വികസനമെന്നതാണ് കാഴ്ചപ്പാട്. അച്ചുതാനന്ദനാകട്ടെ, നിലവിലുള്ള ഏതു സംവിധാനത്തില്‍ നിന്നുള്ള ഏതു മാറ്റത്തെയും എതിര്‍ക്കുന്നതിലാണ് രസം; വികസനത്തെ സംശയത്തോടെ വീക്ഷിക്കുക എന്നതാണ് സിദ്ധാന്തം. ഒരാള്‍ക്ക്‌ രാജ്യത്തിന്‍റെ സാമൂഹിക, സാമ്പത്തീക വികാസങ്ങളിലാണ് നോട്ടമെങ്കില്‍ വികസനത്തിന്‍റെ വഴികളില്‍ പുറംതിരിഞ്ഞു നില്‍ക്കുകയാണ് മറ്റെയാള്‍ "
അച്ചുതാനന്ദന്‍ ഒരാള്‍ കാരണം ആണ്, അമേരിക്കന്‍ കമ്പനിയായ സീ ഗേറ്റ് എന്ന കമ്പനി കേരളത്തിനു നഷ്ടമായതെന്നും ചൈനയില്‍ ഇപ്പോള്‍ പതിനായിരത്തിലധികം ജോലിക്കാര്‍ ചൈനയില്‍ സീ ഗേറ്റ് കമ്പനിയില്‍ ജോലി ചെയ്യുന്നു എന്നും വിജയരാഘവന്‍ പറയുന്നു. അച്ചുതാനന്ദന്‍ കേരള മുഖ്യമന്ത്രി ആയാല്‍ അതൊരു ഡിസാസ്റ്റര്‍ ആയിരിക്കും എന്ന അമരിക്കന്‍ കൊണ്സല്‍ ജെനറലിന്റെ അഭിപ്രായവും വിജയരാഘവന്‍ ഈ പുസ്തകത്തില്‍ എടുത്തു പറയുന്നുണ്ട്.
തുടക്കം മുതല്‍ ഒടുക്കം വരെ ഒറ്റ ഇരുപ്പില്‍ യാതൊരു മുഷിവും ഇല്ലാതെ വായിച്ചിരിക്കാവുന്ന ഗ്രന്ഥം. വ്യവസായികള്‍ കേരളത്തില്‍ നിന്നും മുഖം തിരിക്കുകയും വ്യവസായങ്ങള്‍ പിന്‍വാങ്ങുകയും ചെയ്തിരുന്ന ഒരു കാലഘട്ടത്തില്‍ നിന്നും ക്രമേണ സംസ്ഥാനത്തിന് നിക്ഷേപ സൗഹൃദസംസ്ഥാനമെന്ന അന്തരാഷ്ട്രപ്രശസ്തി നേടിക്കൊടുത്ത ഒരു പൊതുമേഖലാസ്ഥാപനത്തിന്റെ വളര്‍ച്ചയാണ് ഈ പുസ്തകത്തിലൂടെ വിജയരാഘവന്‍ വരച്ചു കാട്ടുന്നത്. ഒപ്പം കേരളത്തിന്റെ സാമൂഹിക സാമ്പത്തിക തൊഴില്‍ രംഗങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കു വഴിവെച്ച ഐ.ടി യുഗത്തിന്റെ കടന്നു വരവിന്റെ ചരിത്രവും.
അഴിമതി തൊട്ടു തീണ്ടാത്ത , സ്ഥിരം അഴിമതിക്കാര്‍ക്ക് പോലും അഴിമതിക്ക് ഒരവസരവും നല്‍കാതെ ടെക്നോപാര്‍ക്കിനെ രാജ്യാന്തര പ്രശസ്തിയിലെക്കുയര്‍ത്തിയ വിജയരാഘവന് കേരളത്തില്‍ ഇതുപോലുള്ള പദ്ധതികള്‍ ഇനിയും ഏറ്റെടുത്തു നടത്തുവാനുള്ള അവസരം കൈവരട്ടെ എന്ന് പ്രത്യാശിക്കുന്നു

Saturday, 22 August 2015

സുഗന്ധി എന്ന ആണ്ടാൾ ദേവനായകി


സുഗന്ധി എന്ന ആണ്ടാൾ ദേവനായകിയാണ് ഇത്തവണ നാട്ടില്‍ പോയി വന്നപ്പോള്‍ വാങ്ങിയ പുസ്തകങ്ങളില്‍ ഒരെണ്ണം. ആദ്യംവായിച്ചതും അത് തന്നെ. മലയാളിയുടെ ഗള്‍ഫ് പ്രണയത്തിനു മുന്നേയുള്ള ആവാസ കേന്ദ്രമായിരുന്ന കൊളംബും ലങ്കയും ഗള്‍ഫ് പണത്തില്‍ ഓര്‍മ പോലും അല്ലാതെ മാറിയപ്പോള്‍ ടിഡി രാമകൃഷ്ണന്‍ ചരിത്രവും മിത്തും രാഷ്ട്രീയവും ദേശിയതയും ചേര്‍ത്തിണക്കി മനോഹരമായൊരു വായനയിലൂടെ ലങ്കയെ നമുക്ക് തിരികെ നല്‍കിയിരിക്കയാണ്.
ഈ പുസ്തകവും ആയി ഫ്ലൈറ്റില്‍ ഇരിക്കുമ്പോഴാണ് @കെ എം ജയഹരി മലയാളനാട് വാരികയില്‍ എഴുതിയ ആദ്യാക്ഷരമാണ് ആല്‍ഫ (http://malayalanatu.com/comp…/…/item/200-2015-07-31-16-00-04) എന്ന ലേഖനം വായിക്കുന്നത്. വിഷയം സദാചാരം ആയിരുന്നെങ്കിലും ആല്‍ഫ എന്ന നോവലിന് ഇക്കാലയളവില്‍ എഴുതപ്പെട്ട ഒരു പഠനമായിട്ടാണ് വായനയില്‍ തെളിഞ്ഞുവന്നത്.
. ഫ്രാന്‍സിസ് ഇട്ടിക്കോരയാകട്ടെ മലയാളക്കര ഒന്നടങ്കംഏറ്റെടുത്ത ഒരു മായാ പ്രപഞ്ചം തന്നെ വായനക്കാരുടെ മുന്നില്‍ സൃഷ്‌ടിച്ച നോവല്‍ ആണ്. വിവാദങ്ങളും വിമര്‍ശനങ്ങളും അതിലേറെസ്വീകാര്യതയും ഏറ്റുവാങ്ങിയ ഇട്ടിക്കോരക്ക് ശേക്ഷം എഴുതിയ കൃതിയെന്ന നിലയ്ക്ക് വളരെ ആകാംഷയോടെ ആണ് സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി വായനക്കാര്‍ ഏറ്റു വാങ്ങിയത്. പ്രമേയവും ആഖ്യാനവും ഇട്ടിക്കോരയില്‍ നിന്ന് തുലോം വ്യത്യസ്തമാണ് എന്ന് നോവലിസ്റ്റ് ആവര്‍ത്തിക്കുമ്പോള്‍ പോലും നോവലിന്‍റെ ശൈലിയില്‍ ഇട്ടിക്കോര ഒളിഞ്ഞു നോക്കുന്നത് വായനക്കാര്‍ക്ക് കാണാം.
. ജാഫ്ന മെഡിക്കല്‍ കോളജിലെ ഡോക്ടറായിരുന്ന രജനി തിരണഗാമ എന്ന മനുഷ്യാവകാശ പ്രവര്‍ത്തക 1989ല്‍ ശ്രീലങ്കയില്‍ വധിക്കപ്പെട്ടു.. എല്‍.ടി.ടി.ഇയോട് അനുഭാവമുണ്ടായിരുന്ന അവര്‍ പുലികളുടെയും സിംഹള പട്ടാളത്തിന്‍െറയും മനുഷ്യാവകാശ ധ്വംസനങ്ങളെ നിശിതമായി വിമര്‍ശിച്ചതിന്‍െറ ഫലമായിട്ടാണ് അവര്‍ വധിക്കപ്പെടുന്നത്. ആരാണ് രജനി തിരണഗാമയെ വധിച്ചത് എന്നത് ഇപ്പോഴും വളരെ ദുരൂഹമാണ്. മനുഷ്യാവകാശ പ്രവര്‍ത്തകയായ രജനി തിരണഗാമയെയും വീരപരിവേഷമുള്ള സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി എന്ന മിസ്റ്റിക്കല്‍ കഥാപാത്രത്തെയും സംയോജിപ്പിച്ചു കൊണ്ടുള്ള ഒരു ഞാണിന്‍മേല്‍ കളിയില്‍ ഭൂതവും വര്‍ത്തമാനവും ഭാവനയില്‍ ചാലിക്കുകയായിരുന്നു നോവലിസ്റ്റ് എന്നു വേണം കരുതാന്‍. ആധുനിക സാങ്കേതിക വിദ്യയും പ്രണയമില്ലാത്ത രതിയും യാഥാര്‍ത്ഥ്യങ്ങള്‍ക്കും മിത്തുകള്‍ക്കുമിടയില്‍ പലയാവര്‍ത്തി ഉരുവിടുന്നത് വായനക്കാര്‍ക്ക് അരോചകമാകുന്നു എന്ന് വേണം പറയാന്‍.
ചരിത്രവും വര്‍ത്തമാനവും ഒന്നുപോലെ ഹിംസകളുടെ നാടാണെന്നാണ് ശ്രീലങ്കന്‍ ചരിത്രം പറഞ്ഞു തരുന്നത്. പോരാട്ടങ്ങളുടെ ചിത്രമാണ്, ചരിത്രമാണ് ഈ നോവല്‍. സിംഹള പാണ്ഡ്യ ചേര ചോള യുദ്ധങ്ങള്‍ തുടങ്ങി തമിഴ് - സിംഹള വംശീയ പോരാട്ടങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ല ഇതിലെ യുദ്ധങ്ങള്‍ . മഹീന്ദ്ര രാജപക്സെയുടെ കാലത്ത് ചൈനയുടെ നീരാളിപ്പിടുത്തത്തില്‍ പെട്ടുപോയ ലങ്കയില്‍ പിടിമുറുക്കാന്‍ തത്രപ്പെടുന്ന അമേരിക്കന്‍ സി ഐ എ യെ തുറന്നു കാണിച്ചും ഇന്ത്യന്‍ താല്പര്യങ്ങളെയും അസഹിഷ്ണതെയെയും പറയാതെ തൊട്ടു കാണിച്ചും ഈ നോവല്‍ ഒടുവില്‍ ഫാസിസത്തിനും സര്‍ക്കാരിനുമെതിരായ പ്രക്ഷോഭങ്ങള്‍ക്ക് ഭാവിയില്‍ ജനാതിപത്യവിരുദ്ധതക്ക് സ്ഥാനമില്ല എന്ന് ഓര്‍മപ്പെടുത്തുന്നു.
യുദ്ധങ്ങള്‍ എന്നും സ്ത്രീകള്‍ക്ക് എതിരാണ്. യുദ്ധങ്ങളും പ്രഷോഭങ്ങളും പോരാട്ടങ്ങളും എല്ലാം മുന്‍നിരയില്‍ സ്ത്രീകള്‍ ഇല്ലെങ്കില്‍ പോലും യുദ്ധ കെടുതികള്‍ അനുഭവിക്കുന്നത് അവരാണ്. ക്രൂരമായ ബലാത്സംഗം, പട്ടിണി, കൊടുംപീഡനങ്ങള്‍ ഇവയെല്ലാം വിധിക്കപ്പെട്ടത് സ്ത്രീകള്‍ക്കാണ്. രജനിയും സുഗന്ധിയും മാത്രമല്ല ഈ നോവലിലെ സ്ത്രീ കഥാപാത്രങ്ങള്‍ എല്ലാം വിധിക്ക് മുന്നില്‍ തോല്‍ക്കുന്നതിനു കാരണവും വ്യക്തി എന്ന നിലയിലും സ്ത്രീ എന്ന നിലയിലും യുദ്ധത്തിന്‍െറ മനുഷ്യത്വരഹിതമായ വെല്ലുവിളികളെ നേരിടാന്‍ കഴിയാത്തത് കൊണ്ട്. മാത്രമാണ്. സ്ത്രീകള്‍ക്കെതിരായ എല്ലാവിധ അക്രമങ്ങള്‍ക്കും മനുഷ്യാവകാശ ധ്വംസനത്തിനും എതിരെ ഈ നോവല്‍ ശക്തമായ സന്ദേശം നല്‍കുന്നുണ്ട് എന്നതാണ് ഈ തോല്‍വിയിലും പ്രചോദനം നല്‍കുന്നത്.
മിത്തോളജിക്കലായി, രാഷ്ട്രീയപരമായി, വംശീയമായി, സാംസ്കാരികമായി വളരെ സങ്കീര്‍ണമായ ഒരു രാജ്യമാണ് ശ്രീലങ്ക. അത് കൊണ്ടാകാം നോവലിസ്റ്റ് പ്രമേയത്തില്‍ രാഷ്ട്രീയവും മിത്തും വംശീയതയും പോരാട്ടങ്ങളും കൊണ്ട് നോവലിനേയും സങ്കീര്‍ണ്ണമാക്കിയത്.
സിഗിരിയ വിവരണം ഇന്നും ലോകത്തിന്‍റെ പല ഭാഗത്തും ഉന്നത ശ്രേണിയില്‍ നടക്കുന്ന കച്ചവടങ്ങളുടെയും കാപട്യങ്ങളുടെയും ചതിയുടെയും കൂട്ടിക്കൊടുപ്പിന്റെയും വ്യഭിചാരത്തിന്‍റെയും ലോബിയിങ്ങിന്റെയും യാഥാര്‍ത്ഥ്യം വിളിച്ചു പറയുകയാണ്‌.
ചരിത്രമേത്, മിത്തേത്, യാഥാര്‍ഥ്യമേത്, ഭാവനയേത് എന്ന് തിരിച്ചറിയാന്‍ കഴിയാത്തവിധത്തില്‍ ഒരു സംഭ്രമം വായനക്കാരനുണ്ടാക്കുകയാണ് ഈ നോവലിലൂടെ. ഫ്രാന്‍സിസ് ഇട്ടിക്കോരയിലും ഇതേ ശൈലി തന്നെയാണ് കഥാകാരന്‍ ഉപയോഗിച്ചത്. ചില അവസരങ്ങളില്‍ പത്ര റിപ്പോര്‍ട്ടുകള്‍ പോലെ ആഖ്യാനം വഴിമറന്നു പോയോ എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു.
ഈഴത്തിനോടോ മറ്റേതെങ്കിലും പോരാട്ടങ്ങളോടോ ഒരു പ്രതിപത്തിയും ഇല്ല എന്ന് പറയുമ്പോള്‍ കൂടി തമിഴ് വംശീയതക്ക് പിന്തുണ നല്‍കുന്ന ഒരു ശൈലി സ്വീകരിച്ചിരിക്കുന്നത് ഈ നോവലിന്‍റെ തമിഴ് പരിഭാഷയ്ക്ക് കിട്ടാനിടയുള്ള സ്വീകാര്യതക്ക് വേണ്ടിയിട്ടാകണം. ഇത് പറയാന്‍ കാരണം ഇട്ടിക്കോര എഴുതുമ്പോള്‍ നോവലിസ്റ്റ് ആ നോവലിന്‍റെ കച്ചവട സാധ്യത പരിഗണിച്ചിരുന്നില്ല എന്ന് പ്രസ്താവിച്ചത് ശ്രദ്ധയില്‍ പെട്ടത്കൊണ്ടാണ്.

Saturday, 28 July 2012

മഞ്ഞ വെയില്‍ മരണങ്ങള്‍


നവംബറില്‍ ഷാര്‍ജയില്‍ നടന്ന പുസ്തക വ്യാപാരമേളയില്‍, മലയാള നാട് ദുബായില്‍ സംഘടിപ്പിക്കുന്ന ഗ്രാമികയില്‍ വിശിഷ്ട അതിഥി ആയി ആട് ജീവിതം എഴുതിയ ശ്രീ ബെന്യാമിനെ പങ്കെടുപ്പിക്കുവാനും അതിലേക്കു ക്ഷണിക്കുവാനും ആണ് അവിടെ പോയത്. മയ്യഴിപ്പുഴ സമ്മാനിച്ച   പ്രിയപ്പെട്ട എഴുത്തുകാരനായ ശ്രീ എം മുകുന്ദന്‍ അന്ന് അവിടെ പ്രധാന ആകര്‍ഷണമായിരുന്നു. അവിടെ വച്ചാണ് ശ്രീ ബെന്യമിനെ പരിചയപ്പെട്ടതും അദേഹത്തിന്റെ കയ്യൊപ്പ് ചാര്‍ത്തിയ പുതിയ പുസ്തകമായ മഞ്ഞ വെയില്‍ മരണങ്ങള്‍ വാങ്ങിക്കുന്നതും.
 
ആട് ജീവിതം വായിച്ചതില്‍ നിന്ന് തികച്ചും വിപരീതമായിരുന്നു മഞ്ഞ വെയില്‍ മരണങ്ങള്‍ വായിച്ചപ്പോള്‍ ഉണ്ടായ മാനസീകാവസ്ഥ. ഏച്ചു കേട്ടലുകള്‍ ഇല്ലാതെ, അതിശയോക്തി ഇല്ലാതെ നജീബിന്‍റെ കഥ വളരെ സത്യസന്ധമായി ആണ് ആട് ജീവിതത്തില്‍ പറഞ്ഞിരുന്നത് എങ്കില്‍ ക്രിസ്റ്റി അന്ത്രപ്പേര്‍ , സെന്തില്‍, മെല്‍വിന്‍, അന്‍പു, ജസീന്ത അനിത  എന്നിവര്‍ മാത്രമല്ല, ഇതിലെ എല്ലാ കഥാ പാത്രങ്ങളും വളരെ വലിയ നിഗൂഡതകള്‍ സൂക്ഷിക്കുന്നവരായി മാറുകയാണ്, അതീവ അതിശയോക്തികളോട് കൂടി. പക്ഷെ ആട് ജീവിതത്തില്‍ നിന്ന് കഥാകാരന്‍ വളരെയധികം ഉയരത്തിലേക്ക് തന്‍റെ രചനാ വൈഭവത്തെ മുന്നോട്ടു കൊണ്ട് പോയിരിക്കുന്നു എന്ന്  നിസ്സംശയം  പറയാം. മലയാളത്തിലെ എണ്ണം പറഞ്ഞ എഴുത്തുകാരുടെ കൂട്ടത്തിലേക്ക് ബെന്യാമിനും ഈ കൃതിയിലൂടെ ഉയര്‍ന്നതായി കാണാം.

നോവല്‍, വായന തുടങ്ങിയത് മുതല്‍ മനസിലേക്ക് കടന്നു വന്നത് ശ്രീ. ടി. ഡി. രാമകൃഷ്ണന്റെ ഫ്രാന്‍സീസ്‌ ഇട്ടിക്കോര എന്ന കൃതി ആയിരുന്നു. വായനയുടെ അവസാനം വരെ ഇട്ടിക്കോര തികട്ടി വന്നിരുന്നു എങ്കില്‍ കൂടി, വായനയുടെ ഓരോ പേജും  നമുക്ക് പുതിയൊരു അനുഭവം പകര്‍ന്നു തന്നിരുന്നു.   ഇക്കാര്യം ഞാന്‍ ബെന്യാമിനും ആയി പങ്കു വയ്ക്കുകയും ഉണ്ടായി. ഒരു പക്ഷെ ഇനി ഇതേ രീതിയിലുള്ള അനേകം കഥകള്‍ കടന്നു വരുമായിരിക്കും. മലയാളികള്‍ ബഹുമുഖത്വം ഉള്ളവരും പ്രവാസ ജീവിതം ജീവിതത്തിന്‍റെ ഭാഗമായതും ആകാം കാരണം.
അന്ത്രപ്പേരും, സെന്തില്‍ തുടങ്ങി എല്ലാ കഥാപാത്രങ്ങളും ഫിക്ഷന്‍ ആയിരുന്നു എങ്കിലും താനുള്‍പ്പെടുന്ന ബഹറിനിലെ സൌഹൃത കൂട്ടായ്മയിലെ സുഹൃത്തുക്കളെ,  ജീവിക്കുന്ന കഥാ പാത്രങ്ങള്‍ ആക്കി മാറ്റുകയും അവരിലൂടെ കഥയെ മുന്നോട്ടു കൊണ്ട് പോകുവാന്‍ നടത്തിയ നീക്കങ്ങളും പ്രശംസയര്‍ഹിക്കുന്നു. കഥ ഫിക്ഷനിലുപരി യാഥാര്‍ഥ്യം ആണെന്ന് വരുത്തി ത്തീര്‍ക്കുവാന്‍ ആയിരിക്കണം ഈ സങ്കേതം കഥാകാരന്‍ പരീഷിച്ചത്. ബെന്യാമിനില്‍ നിന്ന്  ആരും ഒരിക്കലും പ്രതീക്ഷിക്കാന്‍ സാധ്യത ഇല്ലാത്ത ഒരു വലിയ ഫിക്ഷന്‍ ആണ് ഈ നോവല്‍.,. ഇതിലെ ഓരോ കഥാപാത്രങ്ങളും ഫിക്ഷന്റെ പരമ കാഷ്ടയില്‍ എത്തി നില്‍ക്കുന്നതായി കാണാം. ഓരോ വരികളിലും വാക്കുകളിലും വായനക്കാരനെ ഉദ്യോഗത്തില്‍ നിറുത്തുവാന്‍ നോവലിസ്റ്റിന് കഴിഞ്ഞിരിക്കുന്നു. വായിക്കാന്‍ തുടങ്ങിയ ഒരാളെ, അത് മുഴുമിപ്പിക്കുന്നത് വരെ ആ പുസ്തകം താഴെ വയ്ക്കുവാന്‍ അനുവദിക്കാത്ത രീതിയില്‍ വായനക്കാരനും ആയി ഓരോ കഥാ പാത്രങ്ങളും ശരിയായി സംവദിക്കുന്നു എന്ന് മാത്രമല്ല, വായന കഴിയുമ്പോള്‍ അനേകം ചോദ്യങ്ങളും ആയി കഥാപാത്രങ്ങള്‍ ഒരു ബാധ പോലെ വായനക്കാരനില്‍ സന്നിവേശിച്ചിരിക്കയാണ്. അതാണ്‌ ഈ പുസ്തകത്തിന്‍റെ വിജയവും.

വളരെ വലിയൊരു ക്യാന്‍വാസ്‌ ആണ് നോവലിസ്റ്റ് വിവരിക്കുന്നത്.ഉദയംപേരൂരിലെ  വല്യേടത്തു തറവാടും അതിലേക്ക് നയിച്ച അന്ത്രപ്പേരും അയാളുടെ പാതിയായ നോവലുമൊക്കെയാണ് മഞ്ഞ വെയിൽ മരണങ്ങളുടെ ഇതിവൃത്തം എങ്കിലും കടന്നാക്രമണങ്ങളും, കച്ചവടവും, കുടിയെറ്റങ്ങളും ഭരണ കൂടഭീകരതയും ഭരണത്തെ സംരക്ഷിക്കുന്ന മാഫിയകളെയും സാമ്പ്രജിത്വത്തെയും എല്ലാം വളരെ വിശദമായി വരച്ചു കാട്ടുന്നു. മതങ്ങളും മനുഷ്യരും രാഷ്ട്രീയവും അധികാരവും  എല്ലാം  കെട്ടു  പിണഞ്ഞു കിടക്കുന്ന ഇന്നത്തെ ഭരണ രീതിയെ ശക്തമായി വരച്ചു കാട്ടുകയാണ് കഥാകാരന്‍.,. മതങ്ങളിലെ പുഴുക്കുത്തുകള്‍ മുതല്‍ തീവ്ര വാദപ്രവര്‍ത്തനങ്ങള്‍ വരെ എങ്ങനെ പ്രചരിക്കുന്നു എന്നൊക്കെ വളരെ വിശദമായി ചര്‍ച്ച ചെയുന്നു.
 
വായനക്കാര്‍ കഥാപാത്രങ്ങളില്‍ നിന്ന്  പ്രതീക്ഷിക്കുന്നതല്ല പലപ്പോഴും കഥാ പാത്രങ്ങള്‍ വായനക്കാരനു കൊടുക്കുന്നത്.  ഡീഗോ ഗാര്‍ഷ്യയും ഉദയംപെരൂരും നിറഞ്ഞു നില്‍ക്കുന്ന ഈ പുസ്തകത്തില്‍ ആദ്യ പേജുമുതല്‍ അവസാന താള്‍ വരെ വായനയെ ഉദ്യോഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഈ പുസ്തകം മലയാളികള്‍ വായിച്ചിരിക്കേണ്ട പുസ്തകം ആണ്. 

Wednesday, 21 March 2012

ഘോഷയാത്ര


ടി ജെ എസ് ജോര്‍ജു പത്ര പ്രവര്‍ത്തക രംഗത്തെ അതികായനാണ്. അദേഹത്തിന്റെ ഓര്‍മ്മകള്‍ വലിയൊരു നിധിയാണ്. ചരിത്രം അറിയാത്തവര്‍ക്ക് അതൊരു ചരിത്രം ആണ്. ഘോഷയാത്ര, പേര് പോലെ തന്നെ അദേഹത്തിന്റെ ഓര്‍മ്മകള്‍ ഒരു ഘോഷയാത്ര അനുഭവം വായനക്കാരന് നല്‍കുന്നു. വായിച്ചു തുടങ്ങിയ നിമിഷം മുതല്‍ പുസ്തകത്തിന്‍റെ അവസാന വാക്യങ്ങള്‍ വായിക്കുന്നത് വരെ വായനക്കാരന് ഒരു ഘോഷയാത്രയില്‍ പങ്കെടുത്ത പ്രതീതി.

ടി ജെ എസ് ജോര്‍ജിന്‍റെ സഹപ്രവര്‍ത്തകനും മലയാള സാഹിത്യത്തറവാട്ടിലെ കുലപതിയും ആയ നാണപ്പന്‍ എന്ന സാക്ഷാല്‍ എം പി നാരായണ പിള്ളയുടെ അവതാരികയും. ഓരോ വാക്കുകളും ഓരോ വരികളും വായനക്കാരനെ തീഷ്ണമായ ഉള്‍പുളകത്തിലേക്ക് നയിക്കുന്ന വായനാനുഭവം.

തന്‍റെ വിദ്യാഭ്യസ കാലം തൊട്ടു തുടങ്ങുന്ന സതീര്‍ത്ഥ്യരെ കുറിച്ചുള്ള ഓര്‍മ്മകള്‍, മുംബയും ഹോങ്കോംഗും , ഡല്‍ഹിയും ന്യൂയോര്‍ക്കും ബാംഗളൂരും കടന്നു കേരളത്തില്‍ എത്തി നില്‍ക്കുന്നു.

തന്‍റെ ജീവിത ഘോഷയാത്രയില്‍ കണ്ടു മുട്ടിയ നിരവധി വ്യക്തിത്വങ്ങള്‍, കലാ രംഗത്തും പത്ര പ്രവര്‍ത്തന രംഗത്തും നിറഞ്ഞു നിന്നവര്‍ മാത്രമല്ല, രാഷ്ട്രീയ , നയതന്ത്ര നേതാക്കള്‍ക്കൊപ്പം ചില രാഷ്ട്ര നേതാക്കളുടെ വരെ ജീവ ചരിത്രം നമുക്ക് മുന്നില്‍ വരച്ചു കാട്ടുന്ന ഒരു അപൂര്‍വ റഫറന്‍സ്‌ ഗ്രന്ഥം ആണ് ഘോഷയാത്ര.

സ്വാതന്ത്ര്യാനന്തര ഇന്ത്യയെ ഒരു പത്ര പ്രവര്‍ത്തകന്‍ എന്ന നിലയില്‍ നോക്കി കാണുകയാണ് ടി ജെ എസ് ജോര്‍ജു ഈ പുസ്തകത്തിലൂടെ... ദൂരെ നിന്ന് മാത്രം നമ്മള്‍ നോക്കിക്കണ്ട ബഹുമുഖ വ്യക്തിത്വങ്ങളെ വളരെ അടുത്തു, അവരുടെ ഗുണ ഗണങ്ങള്‍ക്കൊപ്പം തന്നെ അവരുടെ ബലഹീനതകള്‍ വരെ തുറന്നു പറയുന്നു, അവരോടു അടുത്തു സഹാവസിച്ച ടി ജെ എസ്.

344 പേജു മാത്രം വരുന്ന ഈ പുസ്തകം സമകാലിക വാരികയില്‍ ഒരു പരമ്പര ആയിട്ട് പ്രസിദ്ധീകരിച്ചിരുന്നു എങ്കിലും വീണ്ടും ഓരോ പുനര്‍ വായന പോലും ഒരു പുതു വായനാനുഭവം ആണ് വായനക്കാരന് നല്‍കുക.

അനേകം ജീവചരിത്ര ഗ്രന്ഥങ്ങള്‍ ഒന്നിച്ചു വായിച്ച ഒരു അനുഭവം. മധ്യ തിരുവിതാംകൂറില്‍ തുടങ്ങി, കുട്ടനാട്ടിലെ ജന്മി ആയ ജോസഫ്‌ മുരിക്കന്‍ മുതല്‍ ഹോങ്കോംഗിലെ ബിസിനസ്സുകാരനായിരുന്ന കണ്ണൂര്‍ ചന്ത്രോത്ത് ഹരി രാഘവന്‍ വരെ എത്ര എത്ര പേരുടെ ജീവല്‍ ചിത്രങ്ങള്‍..,. അതെ ഘോഷയാത്ര ഒരു വിസ്മയം ആണ്, ഒരു അക്ഷയ ഖനി ആണ്.

കൌമുദി ബാലകൃഷ്ണന്‍, എം ശ്രീകണ്ടന്‍ നായര്‍, അടൂര്‍ ഭാസി, ഈ. വി . കൃഷ്ണപിള്ള, മലയാറ്റൂര്‍ രാമകൃഷ്ണന്‍, എം പി നാരായണ പിള്ള, കാര്ട്ടൂണിസ്റ്റ് ശങ്കര്‍, ആര്‍ പി നായര്‍, സി പി രാമചന്ദ്രന്‍, ഏടത്തട്ട നാരായണന്‍ , കെ ശിവറാം, വി കെ മാധവന്‍ കുട്ടി, വി കെ കൃഷ്ണമേനോന്‍, മാധവിക്കുട്ടി, മാധവദാസ്‌ അങ്ങനെ മലയാളി ജീവിതത്തിലൂടെ കടന്നു പോയ അനേകരുടെ ജീവ ചരിത്ര സ്കെച്ചുകള്‍ ടി ജെ എസ ജോര്‍ജ് സമര്‍ത്ഥമായി വരച്ചു വെക്കുന്നു.

പഠനം കഴിഞ്ഞു ജോലി അന്വേഷിച്ചു മദ്രാസില്‍ നിന്നും ബോംബേക്കു പോയതും അവിടെ ഫ്രീ പ്രസ്‌ ജേര്‍ണലില്‍ ജോലിയില്‍ പ്രവേശിച്ച അന്ന് മുതലുള്ള സംഭവ ബഹുലമായ തന്‍റെ പത്ര പ്രവര്‍ത്തന സമസ്യയും ആ നാളുകളില്‍ പരിചയപ്പെട്ട പ്രമൂഖ പത്രപ്രവര്‍ത്തകരെ എല്ലാം ടി ജെ എസ് വളരെ വിശദമായി വരച്ചു കാട്ടിയിരിക്കുന്നു. വളരെ സുപ്രധാനമായ അനേകം രാഷ്ട്രീയ തീരുമാനങ്ങള്‍ കൈക്കൊണ്ട ഒരു കാലഘട്ടം അദേഹം പിന്‍തലമുറക്കായി ഘോഷയാത്രയിലൂടെ വിവരിക്കുന്നു. ഫ്രീ പ്രസ്‌ പത്രത്തിന്റെ ഉടമ സദാനന്ദ്‌, ബോബി തലയാര്ഖാന്‍ , വിശ്വം, ഡോം മോറൈസ് , ഹോമി തലയാര്‍ഖാന്‍, എം വി കമ്മത്ത്, ബാല്‍ താക്കറെ , ബ്ലിറ്റ്സിന്റെ ആര്‍. കെ കറഞ്ചിയ, ജി വി ദശാനി, വിക്ടര്‍ പരന്ജ്യോതി, ടാര്സി വിറ്റാച്ചി, രാധാനാദ്‌ ദത്ത്, വി കെ നരസിംഹന്‍, നിഖില്‍ ചക്രവര്‍ത്തി, ആര്‍ വി പണ്ഡിറ്റ്‌ , പി വിശ്വനാഥന്‍ തുടങ്ങി പത്ര ലോകത്തെ കുലപതികളെ എല്ലാം വിശദമായി വരച്ചു കാട്ടിയിരിക്കുന്നു.

കൂടെ ജോലി ചെയ്ത ബാല്‍ താക്കറെയെയും അദേഹത്തിന്റെ സ്വഭാവ വൈശിഷ്ട്യത്തെയും മുതല്‍ ശിവസേന ഉണ്ടാകുവാനുള്ള കാരണത്തെയും തുടങ്ങി താന്‍ കണ്ട പത്ര മുതലാളിമാരുടെ വളര്‍ച്ചയെയും പത്ര വ്യവസായത്തില്‍ ഉണ്ടായ സാങ്കേതിക വളര്‍ച്ചയെയും എല്ലാം വളരെ നര്‍മം കലര്‍ന്ന ഭാക്ഷയില്‍ ടി ജെ എസ് ജോര്‍ജ് വിവരിച്ചിരിക്കുന്നു.

തെക്ക് കിഴക്കന്‍ രാജ്യങ്ങളിലൂടെ നടത്തിയ ഓട്ട പ്രദക്ഷിണത്തില്‍ സിംഗപ്പൂര്‍ , ഹോങ്കോങ്ങ് , മലേഷ്യ, ഇന്തോനെഷ്യ, ഫിലിപ്പിന്‍സ്‌ , വിയറ്റ്നാം , കംബോഡിയ തുടങ്ങിയ രാജ്യങ്ങളെയും അവിടുത്തെ പുകള്‍ പെറ്റ ഭരണാധികാരികളോട് കൂടി തനിക്ക് അടുത്തിടപഴകുവാന്‍ ലഭിച്ച അവസരങ്ങളും മഹാതീര്‍ മുഹമ്മദ്‌, പ്രിന്‍സ്‌ സിഹാനുക്ക്‌, സുഹാര്‍ത്തോ, ലി ക്വാന്‍ യു, മാര്‍ക്കോസ്, ഇമെല്‍ഡ മാര്‍ക്കോസ്, അക്വിനോ, തുടങ്ങിയ രാഷ്ട്രത്തലവന്മാരെ കുറിച്ചുള്ള വിലയിരുത്തലുകളും മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.

പ്രശസ്ത ഇംഗ്ലീഷ് കവിയായ ഫ്രാങ്ക് മോറൈസിന്‍റെ ജീവല്‍ രേഖകളും അദേഹത്തിന്റെ ഭാര്യ ആയിരുന്ന പ്രശസ്ത സിനിമാ നടി കൂടിയായിരുന്ന ലീല നായിഡുവിന്റെ കഥ, ആശ്ചര്യത്തോടൊപ്പം ദുഖവും വാരി വിതറുന്നു. കമലാദാസ്‌ എന്നാ മാധവിക്കുട്ടിയെയും അവരുടെ കുടുംബത്തെയും കുറിച്ച് അടുത്തറിയുവാനും ഘോഷയാത്ര ഉപകരിക്കും. അടൂര്‍ ഭാസി, മലയാറ്റൂര്‍ രാമകൃഷ്ണന്‍ , എം പി നാരായണപിള്ള എന്നിവരുടെ ജീവിതത്തിലെ സവിശേഷതകള്‍ രസകരം ആയി വരച്ചു കാട്ടിയിരിക്കുന്നു.

ഒരു പത്ര പ്രവര്‍ത്തകന്‍ ആകേണ്ടി വന്നതിനാല്‍ അനുഭവിക്കേണ്ടി വന്ന ജയില്‍ വാസവും ചില രാഷ്ട്രീയ നെഹ്ടാകളും ആയുള്ള സഹവാസവും എല്ലാ വിശദമായി പ്രതി പാടിക്കുന്നു ഈ പുസ്തകത്തിലൂടെ.. ജവഹര്‍ ലാല്‍, നെഹ്‌റു, മൊറാര്‍ജി ദേശായി, ഇന്ദിരാ ഗാന്ധി, വി കെ കൃഷ്ണ മേനോന്‍ എന്നിവരെയും ടി ജെ എസ ഘോഷ യാത്രയില്‍ കൂട്ടി കൊണ്ട് വരുന്നു.

ഇന്ത്യന്‍ സ്വാതന്ത്ര്യാനന്തര ചരിത്രം അറിയാത്തവര്‍, ചരിത്രകാരെ അറിയാത്തവര്‍ , ചരിത്രം എഴുതിയ പത്രപ്രവര്‍ത്തകരെ, അവരിലൂടെ ചരിത്രം സ്വായത്തമാക്കുവാന്‍ കിട്ടിയ ഒരു സുവര്‍ണ്ണാവസരം. വായിച്ചു കഴിഞ്ഞാല്‍ വീണ്ടും വായിക്കുവാന്‍ ഈ പുസ്തകം നമ്മെ പ്രേരിപ്പിക്കും. വായനയുടെ സുഖത്തെക്കാള്‍ ഈ പുസ്തകം അനേകം അറിവ് നമുക്ക് പ്രധാനം ചെയുന്നു... നിര്‍ബന്ധമായും, ചരിത്രം അറിയുവാന്‍ എല്ലാവരും വായിച്ചിരിക്കേണ്ട ഒരു അപൂര്‍വ ഗ്രന്ഥം ആണ് ഘോഷയാത്ര. ഒരു റെഫറെന്‍സ് പുസ്തകം ആയി നമ്മുടെ സ്വകാര്യ പുസ്തക ശേഖരത്തില്‍ ഉണ്ടായിരിക്കേണ്ട പുസ്തകം. അതെ ഇതൊരു ഘോഷയാത്ര ആണ്. ഈ ഘോഷയാത്രയില്‍ നാമോരോരുത്തരും കണ്ണിയാകുമ്പോള്‍ നമ്മുടെ അറിവിന്‍റെ ചക്രവാളം വികസിക്കും.