Wednesday 1 August 2012

സ്വീഡനിലെ ഹെല്‍സിംഗ് ബോർഗില്‍സ്വീഡനിലെ അതി മനോഹരമായ വളരെ ചെറിയ ഒരു തുറമുഖ നഗരം ആണ് ഹെല്‍സിംഗ് ബോര്‍ഗ്. ഏകദേശം ഒരു ലക്ഷത്തില്‍ താഴെ മാത്രം ആണിവിടുത്തെ ജനസംഖ്യ. സ്വീഡന്‍റെ തെക്ക് ഭാഗത്തായി,ഡെന്‍മാര്‍ക്കിനോട് വളരെ അടുത്തു കാണുന്ന ശാന്തമായ നഗരം. ഹെല്സിംഗ്ബോര്‍ഗില്‍ നിന്ന് നോക്കിയാല്‍ നാല് കിലോമീറ്റര്‍ അപ്പുറം ഉള്ള ഡെന്മാര്‍ക്കിലെ ഹെല്സിങ്ങോര്‍ എന്ന പട്ടണം കാണാം.
ആയിരം വര്‍ഷത്തിലധികം ചരിത്രം ഉണ്ട് ഈ കൊച്ചു പട്ടണത്തിന്. ഹെല്സിംഗ്ബോര്‍ഗിനെ ചൊല്ലി, ഡെന്‍ന്മാര്‍ക്കും സ്വീഡനും പല പ്രാവശ്യം യുദ്ധങ്ങള്‍ നടത്തിയിട്ടുണ്ട്. ചരിത്രത്തിന്‍റെ തിരുശേക്ഷിപ്പുകള്‍ ആയി കല്ലുകള്‍ കൊണ്ടുള്ള വലിയ പള്ളികളും യുദ്ധാനന്തരം നിര്‍മ്മിച്ച കോട്ടയും നവീന ശില്പകലയാല്‍ നിര്‍മ്മിച്ച കെട്ടിടങ്ങളും കൊണ്ട് അലംകൃതമാണ് ഹെല്സിങ്ങ്ബോര്‍ഗ് എന്ന ഈ കൊച്ചു സുന്ദരി. അനേകം യുദ്ധങ്ങള്‍ക്കൊടുവില്‍ 1770 ല്‍ ആണ് ഹെല്സിങ്ങ്ബോര്‍ഗ് ഇന്നത്തെ നിലയില്‍ പൂര്‍ണ്ണമായും സ്വീഡന്റെ അധീനതയില്‍ ആകുന്നതു. പിന്നീടങ്ങോട്ട് വളര്‍ച്ചയുടെ ചരിത്രമേ ഈ കുഞ്ഞു പട്ടണത്തിനു പറയുവാനുള്ളൂ...
മറ്റു യൂറോപ്യന്‍ പട്ടണങ്ങളും ആയുള്ള നെറ്റ് വര്‍ക്ക് ആയാണ് സ്വീഡനിലേക്ക് ചരക്കു നീക്കത്തിനു ഈ തുറമുഖത്തെ കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത്. സ്വീഡനിലേക്ക് കടല്‍ മാര്‍ഗം വരുന്ന ചരക്കുകള്‍ ഹെല്സിംഗ് ബോര്‍ഗില്‍ നിന്നാണ് മറ്റു പട്ടണങ്ങളിലേക്ക് പോകുന്നത്. അതിനാല്‍ ഗതാഗത വ്യവസായം ഇവിടെ വലിയ വളര്‍ച്ച ആണ് നേടിയിരിക്കുന്നത്.
പക്ഷികളുടെ കളകളാരവം കേട്ടാണ് അതിരാവിലെ ഉറക്കം ഉണര്‍ന്നത്, അതോടൊപ്പം നേര്‍ത്ത സൂര്യ പ്രകാശവും മുറിയിലേക്ക്... പക്ഷികളുടെ ശബ്ദം കേട്ടപ്പോള്‍, ഒരല്പ സമയത്തേക്ക്, ഞാന്‍ നാട്ടില്‍ എത്തപ്പെട്ടത്‌ പോലെ. തലേന്ന്, എയര്‍ കണ്ടീഷന്‍ ഓണ്‍ ചെയ്യാന്‍ പറഞ്ഞപ്പോള്‍ ജനല്‍ തുറന്നിട്ട്‌ പോയ റിസപ്ഷണിസ്റ്റ് കാരണം ആണ്, അതിരാവിലെ ഈ കളകളനാദം കേള്‍ക്കുവാന്‍ എനിക്ക് അവസരം കിട്ടിയത്. ചുമരിലെ ക്ലോക്കില്‍ ഇപ്പോള്‍ സമയം അഞ്ചു മണി ആയതെ ഉള്ളൂ... ഉറക്കം കണ്ണുകളില്‍ നിന്നകന്നു പോയിരിക്കുന്നു. അതിരാവിലെ കുറെ നടക്കണം.
യാത്രയുടെ തലേ ദിവസം ആണ്, ബ്ലഡ്‌ ടെസ്റ്റ്‌ നടത്തിയതിന്‍റെ റിപ്പോര്‍ട്ട് കിട്ടിയത്. ഷുഗര്‍, കൊലെസ്ട്രോള്‍ ലെവല്‍ ഒക്കെ അതി ഭീമമാം വിധം കൂടിയെന്നും അതിനാല്‍ യാത്ര പോലും റിസ്ക്‌ ആണ് എന്നും ഡോക്ടര്‍ പറഞ്ഞിരിക്കുന്നു... എനിക്ക് ആ റിപ്പോര്‍ട്ട് ഒരിക്കലും വിശ്വാസ യോഗ്യം ആയിരുന്നില്ല, കാരണം ഇതിനു മുന്‍പ് നടത്തിയ ടെസ്റ്റുകളില്‍ എപ്പോഴും എന്‍റെ റിപ്പോര്‍ട്ടുകള്‍ നോര്‍മല്‍ ആയിരുന്നു. എന്തായാലും രണ്ടാമതൊരു ടെസ്റ്റിനുള്ള സമയവും ഇല്ല. അതിനാല്‍ എക്സര്‍സൈസ് എടുക്കേണ്ടതിന്റെ ആവശ്യകതെയെ കുറിച്ച് ഭാര്യ പറഞ്ഞ കാര്യങ്ങള്‍ എനിക്കും ബോധ്യപ്പെട്ടു തുടങ്ങി. ഡോക്ടര്‍ തന്ന മരുന്ന് ഭാര്യ അറിയാതെ സ്നേഹ പൂര്‍വം നിരസിക്കുകയും അതിനു പകരമായി ഇങ്ങനെ എകസ്ര്‍സൈസ് ചെയുന്നതിലൂടെ മാത്രമേ പരിഹരിക്കപ്പെടുകയുള്ളൂ എന്നും ഒരു തോന്നല്‍ . പക്ഷെ ജീവിതത്തില്‍ ഇന്ന് വരെ ഒരു എക്സര്‍സൈസും ചെയ്തിട്ടില്ല. നടത്തം പോലും പരമാവധി ഒഴിവാക്കിയിരിക്കുന്ന ഞാന്‍ എന്തായാലും ഹെല്‍സിംഗ്ബോര്‍ഗില്‍ വന്നു നടക്കുവാന്‍ തീരുമാനിച്ചു. നടത്തത്തിന്റെ തുടക്കം ഇവിടെ ആകട്ടെ.

അഞ്ചു മണി ആയതെ ഉള്ളു എങ്കിലും നല്ല വെളിച്ചം. നഗരം വളരെ ശാന്തം. ഒച്ചയനക്കം ഒന്നും ഇല്ല. അപരിചിതമായ നഗരവും അതിലെ നിരത്തുകളും. അപൂര്‍വമായി മാത്രം വാഹനങ്ങള്‍ കടന്നു പോകുന്നു. തദ്ദേശിയരായ ചില ജോലിക്കാര്‍ നഗരം ശുചിയാക്കുന്ന തിരക്കില്‍ ആണ്. പത്തു ഡിഗ്രി തണുപ്പ് ആണ്. നല്ല കുളിര്... ഹോട്ടലിനു പുറത്തിറങ്ങിയപ്പോള്‍ മുകളിലായി ഒരു കോട്ട. എന്തായാലും നിരത്തുകളിലൂടെ നടന്നു.. മുന്നോട്ടു പോകുമ്പോള്‍ ചെറിയ കേടിടങ്ങള്‍, കച്ചവട സ്ഥാപനങ്ങളും വീടുകളും. നമ്മുടെ നഗരങ്ങളില്‍ ഉള്ളതിനേക്കാള്‍ വളരെ ചെറിയ കേട്ടിടങ്ങള്‍. വളരെ പഴയ കെട്ടിടങ്ങള്‍ ആണ് എങ്കിലും അവയെല്ലാം മനോഹരമായി സംരഷിച്ചിരിക്കുന്നു. കുറച്ചു ദൂരം നടന്നപ്പോള്‍ മനോഹരമായി പരിപാലിക്കുന്ന പാര്‍ക്കുകള്‍ കാണാം. മതത്തിന്‍റെ അതി പ്രസരം ഏറ്റവും കുറഞ്ഞ രാജ്യങ്ങളില്‍ ഒന്നാണ് സ്വീഡന്‍. അതിനാല്‍ ആകും പള്ളികള്‍ ഇവിടെ വളരെ കുറവാണ് മറ്റു യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ചു. ലൂഥറന്‍ വിശ്വാസം ആണ് ഇവിടത്തുകാരുടെ മതം. ഇപ്പോള്‍ ആരും ഈ മത വിശ്വാസങ്ങള്‍ ഒന്നും അന്ധമായി അനുകരിക്കുന്നില്ല. നടന്നു നടന്നു ഞാന്‍ പട്ടണത്തിന്‍റെ മറു വശത്തു എത്തി. അവിടെ നിന്ന് വീണ്ടും തിരികെ നടന്നു. ഇപ്പോള്‍ ഞാന്‍ കടല്‍ പരപ്പില്‍ കൂടി ആണ് വരുന്നത്. വിരളമായി മാത്രം ചില ആളുകള്‍ ജോഗ്ഗിങ്ങിനു പോകുന്നു. പലയിനം പക്ഷികള്‍ ആകാശ നീലിമയില്‍ ചിറകിട്ടടിച്ചു പറന്നു പോകുന്നു... മനോഹരമായ കാഴ്ചകള്‍. ഒറ്റയ്ക്ക് നടക്കുന്നതിന്‍റെ മടിയാകാം, തിരികെ ഹോട്ടലിലേക്ക് നടന്നു. രാത്രിയില്‍ വന്നിറങ്ങിയ റെയിവേ സ്റ്റേഷന്‍ ഒന്ന് കൂടി കണ്ടു, അതിനടുത്തു ആണ് ചെറിയ തുറമുഖം. ചെറിയ കപ്പലുകളും ഫെറികളും ബോട്ടുകളും ആണ് അവിടെ. ഡെന്മാര്‍ക്കിലെ ഹെല്സിങ്ങോര്‍ എന്ന പട്ടണത്തില്‍ നിന്ന് സ്വീഡനിലെ ഹെല്‍സിംഗ്ബോര്‍ഗിലെക്കുള്ള നാല് കിലോമീറ്റര്‍ ദൂരം താണ്ടുന്ന ഫെറികളും യാത്രാ ബോട്ടുകളും ആണ് കൂടുതലും. ഹോളണ്ടിന്റെ തുറമുഖ നഗരമായി റോട്ടര്‍ഡാമില്‍ നിന്ന് നോര്‍ഡിക്‌ രാജ്യങ്ങളിലേക്ക് വരുന്ന ചരക്കുകളും എത്തുന്നത് ഇവിടെ ആണ്. അതിരാവിലെ ഈ കടല്‍ പരപ്പില്‍ ഒച്ചയനക്കം ഒന്നും ഇല്ല, കടലും തുറമുഖവും ശാന്തമാണ്. കടലില്‍ നിറുത്തിയിട്ടിയിരിക്കുന്ന ബോട്ടുകള്‍ പലതും രാത്രി ഭക്ഷണശാലകള്‍ ആണെന്ന് ബോധ്യപ്പെടുത്തുന്ന ബോര്‍ഡുകള്‍ വ്യക്തമാക്കുന്നു.


ഏഴു മണി ആയപ്പോള്‍ തന്നെ ഫ്രഷ്‌ ആയി, ഹോട്ടലില്‍ ബ്രേക്ക്‌ ഫാസ്റ്റ്‌ കഴിക്കുവാന്‍ ഇരുന്നു. വളരെ വിഭവ സമൃദ്ധമായ പ്രഭാത ഭക്ഷണം. പ്രഭാത ഭക്ഷണം ഹോട്ടല്‍ പാക്കേജിന്‍റെ കൂടെ ഉള്ളതായതിനാല്‍ ഒരു മണിക്കൂര്‍ അവിടെ ചിലവഴിച്ചു.
എട്ടു മണി ആയപ്പോഴേക്കു രോഹിത്‌ വന്നു. രോഹിത്‌ മഹാരാഷ്ട്രയിലെ പൂനയില്‍ നിന്നുള്ള ആള്‍ ആണ്. ഇന്ത്യന്‍ ഗ്രേപ്സ്, യൂറോപ്പില്‍ വിപണനം ചെയുന്ന ബിസിനസ് ആണ് രോഹിതിന്. കൃഷിക്കാര്‍ക്ക് പലര്‍ക്കും ഭാഷ അറിയാത്തതിനാലും വിദേശ രാജ്യങ്ങളിലെ കച്ചവടത്തില്‍ പരിചയം ഇല്ലാത്തതിനാലും രോഹിത്‌ മുഖേന ആണ് അവര്‍ കച്ചവടം ചെയുന്നത്. യൂറോപ്യന്‍ കച്ചവടക്കാര്‍ രോഹിതിന് കമ്മീഷന്‍ കൊടുക്കുന്നു. ഒരു ബ്രോക്കര്‍ പണി ആണ് രോഹിത്തിന്റെത്. ഒരു സാധാരണ മനുഷ്യന്‍. ഇന്നലെ ആണ് രോഹിത്‌ ബോംബെയില്‍ നിന്ന് ജെനീവ വഴി ഇവിടെ എത്തിയത്. രോഹിത് മറ്റൊരു ഹോട്ടലില്‍ ആണ് താമസം. ഞങ്ങള്‍ കുറെ നേരം വര്‍ത്തമാനം പറഞ്ഞിരുന്നപ്പോഴെക്ക് ടിക്കൂ കത്താരിയ എത്തി.
ടിക്കു കത്താരിയ പേര് കൊണ്ട് പഞ്ചാബി ആണ് എങ്കിലും ഇപ്പോള്‍ സ്വീഡിഷ്‌ നാഷണല്‍ ആണ്. ഒരു സ്വീഡിഷ്‌ വനിതയെ വിവാഹം കഴിച്ചു ഹെല്സിംഗ് ബോര്‍ഗില്‍ ജീവിക്കുന്നു. ടിക്കു ജോലി ചെയുന്ന ടോട്ടല്‍ പ്രൊഡ്യുസ് എന്ന കമ്പനിയില്‍ ഇമ്പോര്‍ട്ട് മാനേജര്‍ ആണ് . സ്കാന്‍ഡിനേവിയയിലെ ഏറ്റവും വലിയ പഴം പച്ചക്കറി വിപണനം നടത്തുന്ന ടോട്ടല്‍ പ്രൊഡ്യുസ് എന്ന കമ്പനിയില്‍ ആണ് ടിക്കൂ.. അവരുടെ പ്രധാന ഓഫീസ് ഹെല്സിംഗ് ബോര്‍ഗില്‍ ആണ്. ടിക്കുവിന്റെ വാഹനത്തില്‍ ഞങ്ങള്‍ ഓഫീസിലേക്ക് പോയി. അനേകം കൃഷിയിടങ്ങല്‍ക്കിടയിലൂടെ ആണ് ഞങ്ങള്‍ പോയത്. ശരിക്കും ഒരു നാട്ടിന്‍ പുറം. ഒടുവില്‍ ഒരു വലിയ മതില്‍ കെട്ടിന് അകത്ത് ഞങ്ങള്‍ എത്തി. അതി വിപുലമായ ഒരു ഓഫീസും വളരെ വലിയ ഗോഡൌണുകളും. അനേകം ട്രെയിലറുകളും കണ്ടെയ്‌ണറുകളും ട്രക്കുകളും പാര്‍ക്ക് ചെയ്തിരിക്കുന്നു. പല നാട്ടുകാരായ തൊഴിലാളികള്‍ അവിടെ ജോലി ചെയുന്നു. ടിക്കു ഞങ്ങളെ ഗോഡൌണ്‍ മുഴുവന്‍ ചുറ്റി കാണിച്ചു.
ലോകത്തിന്‍റെ എല്ലാ ഭാഗത്തും ഉള്ള പഴം പച്ചക്കറികളുടെ ഒരു വിപുല ശേഖരം. അവിടെ വലിയ റോബോട്ടുകള്‍ ആണ് പണി എടുക്കുന്നത്. ആദ്യമായിട്ടാണ് റോബോട്ടുകളെ നേരില്‍ കാണുന്നതും അവര്‍ ജോലി ചെയുന്നത് കാണുന്നതും. കമ്പ്യുട്ടര്‍ കൊടുക്കുന്ന ഓര്‍ഡര്‍ അനുസരിച്ച് ഓരോ വാഹനത്തിലെക്കും ആവശ്യമായ പഴ വര്‍ഗങ്ങള്‍ റോബോട്ടുകള്‍ ആണ് തൂക്കം നോക്കി ലോഡ്‌ ചെയുന്നത്. ടിക്കു പറഞ്ഞു, ജോലിക്കാരെ കിട്ടാന്‍ ഇല്ല, അത് മാത്രം അല്ല, ഈ റോബോട്ടുകള്‍ ഒക്കെ വളരെ വേഗത്തില്‍ യാതൊരു പിഴവും വരുത്താതെ ജോലി ചെയ്തു കൊള്ളും പോലും.
ഏകദേശം മുന്നൂറിലധികം പേര്‍ പണിയെടുക്കുന്ന ആ സ്ഥാപനത്തിലെ അംഗംങ്ങളോടൊപ്പം ആയിരുന്നു ഞങ്ങളുടെ ഉച്ച ഭക്ഷണം. സ്റ്റാര്‍ ഹോട്ടലുകളെ വെല്ലുന്ന ഭക്ഷണം ആണ് അവിടെ ഒരുക്കിയിരിക്കുന്നത്. ഭക്ഷണം കഴിഞ്ഞു ഞങ്ങളെ വീണ്ടും പട്ടണത്തിലേക്ക് കൂട്ടി കൊണ്ട് വന്നു. വരുന്ന വഴിയില്‍ ടിക്കുവിന്റെ വീടിനടുത്തായി വാഹനം പാര്‍ക്ക് ചെയ്തു ഞങ്ങളുമായി ബീച്ചു റോഡിലൂടെ നടന്നു.

വളരെ മനോഹരമായ കാലാവസ്ഥ. മഴക്കായി വേഴാമ്പല്‍ കാത്തിരിക്കുന്നത് പോലെ നല്ല സൂര്യ പ്രകാശത്തിനായി കാത്തിരുന്ന ജനങ്ങള്‍..,.  ഹെല്സിംഗ് ബോര്‍ഗ് പട്ടണം ഒന്നാകെ ആനന്ദ ലഹരിയില്‍ ആണ്. അവര്‍ ആ നല്ല കാലാവസ്ഥയെ എതിരെല്‍ക്കുവാന്‍ ഒന്നടങ്കം വെളിയില്‍ ഇറങ്ങിയിരിക്കയാണ്. ഒരു ഉത്സവ പ്രതീതി. വളരെ നാളുകള്‍ക്കു ശേക്ഷം ഉഷ്ണമാപിനി പതിനാറു ഡിഗ്രിക്ക് മുകളില്‍ എത്തിയിരിക്കുന്നതിന്റെ സന്തോഷത്തില്‍ ആണ് ആ നാട്ടിലെ ജനങ്ങള്‍, പ്രത്യേകിച്ചും സ്ത്രീകള്‍. തങ്ങളുടെ ഉടയാടകള്‍ എല്ലാം ഊരിയെറിഞ്ഞു അല്‍പ വസ്ത്ര ധാരികളായും പിറന്നപടിയും ബീച്ചില്‍ കാറ്റ് കൊള്ളുകയും കുളിക്കുകയും ചെയുന്ന സുന്ദരികള്‍.,  കണ്ണുകള്‍ അവിടെ നിന്ന് പറിച്ചെടുക്കാന്‍ കഴിയുന്നില്ല, എങ്കില്‍ കൂടി കൂടുതല്‍ വായി നോട്ടം നടത്തുക നമ്മുടെ സ്റ്റാറ്റസിനു മോശം അല്ലെ... നമ്മള്‍ മലയാളികള്‍ അല്ലെ... നമ്മുടെ ഡീസന്‍സി കാണിക്കേണ്ടേ... കൂട്ടത്തില്‍ പ്രായം കുറഞ്ഞവന്‍ ഞാന്‍ ആണെന്നു കൂടെയുള്ളവര്‍ ഒന്ന് മനസിലാക്കണ്ട... അവര്‍ രണ്ടു പേരും വലിയ സ്പീഡില്‍ ആണ് നടക്കുന്നത്... എന്തായാലും കണ്ണുകള്‍ക്ക്‌ നവ യവ്വനം പ്രധാനം ചെയുന്ന ആ യാത്ര വ്യത്യസ്ത അനുഭവം ആയിരുന്നു.


തിരികെ ഹോട്ടലില്‍ വന്നു, കുറച്ചു നേരം ഉറങ്ങി. ആറുമണിക്ക് ടിക്കുവും രോഹിതും വരും എന്നറിയിച്ചു. അവര്‍ വരുന്നതിനു മുന്‍പ് തന്നെ പട്ടണത്തിലെ ഗള്ളികളില്‍ കൂടെ കുറെ നേരം നടന്നു. ടിക്ക് ആണ് ആദ്യം വന്നത്. റെസ്റ്റോറന്റില്‍ ഇരുന്നു വീഞ്ഞ് നുകരുന്നതിനിടയില്‍ കോപ്പന്‍ ഗെഹനില്‍ നിന്ന് ടിക്കുവിന്റെ മറ്റൊരു സുഹൃത്തും വന്നിരുന്നു, ഡെന്മാര്‍ക്ക്കാരന്‍ ആയ് പീറ്റ്‌. പീറ്റിന്റെ നിര്‍ദ്ദേശ പ്രകാരം ആ റെസ്റ്റോറന്റിലെ വീഞ്ഞ് കുടി മതിയാക്കി ഞങ്ങള്‍ ചില ഗള്ളികള്‍ നടന്നു മറ്റൊരു റെസ്റ്റോറന്റില്‍ എത്തി... നമ്മുടെ നാട്ടില്‍ സാധാരണ കാണുന്ന ചെറിയ ഭക്ഷണശാലകള്‍ പോലുള്ള കടകളിലും അവിടെ മദ്യം സുലഭം ആണ്. വൈന്‍ ആണ് ആ നാട്ടുകാരുടെ ഇഷ്ട മദ്യം. വളരെ വ്യത്യസ്ത രുചിയുള്ള വീഞ്ഞ് ആദ്യം രുചിച്ചു നോക്കിയതിനു ശേക്ഷം ആണ് അവര്‍ വീഞ്ഞ് സെലക്ട്‌ ചെയുന്നത്. സന്ധ്യ ആകുന്നതോട് കൂടി റെസ്റ്റോറന്റുകള്‍ ഒഴികെ ഉള്ള എല്ലാ സ്ഥാപനങ്ങളും അടഞ്ഞു കിടക്കുന്നു. അതിനാല്‍ ജനങ്ങള്‍ എല്ലാം വീടുകളിലേക്ക് പോയിരിക്കുന്നു. പട്ടണം ഉറങ്ങിയ പ്രതീതി. റെസ്റ്റോറന്റുകള്‍ പോലും ഒന്‍പതു, പത്തു മണി കഴിയുമ്പോഴേക്ക് അടയ്ക്കുന്നു. എന്തായാലും നല്ല ഭക്ഷണവും വീഞ്ഞും ഒക്കെ ആയി ഹെല്‍സിംഗ്ബോര്‍ഗില്‍ രാത്രി ആഘോഷിച്ചു. രാവിലെ കോപ്പന്‍ ഗെഹനിലെക്കുള്ള യാത്രക്കായി ഞങ്ങളെ കൊണ്ട് പോകുവാന്‍ ടിക്കു എത്താം എന്ന് യാത്ര പറഞ്ഞു പിരിഞ്ഞു. വീഞ്ഞ് കുടിച്ചു മദോന്മത്തന്‍ ആയതിനാലാവണം കിടക്ക കണ്ടതെ ഉറക്കം കണ്ണുകളെ തഴുകി.
നന്നേ പുലര്‍ച്ചെ തന്നെ എഴുന്നേറ്റു. ശാന്തമായ തെരുവോരത്ത് കൂടി ഒരു മണിക്കൂര്‍ നടത്തം. തിരികെ വന്നപ്പോള്‍ ആണ് ഹോട്ടലിനു അരികെയുള്ള കുന്നിന്‍ മുകളിലെ കോട്ട യില്‍ ഒന്ന് കയറി നോക്കാം എന്ന് കരുതിയത്‌. കഴിഞ്ഞ ദിവസം ഇവിടെ കുറെ സന്ദര്‍ശകര്‍ കയറി പോകുന്നത് കണ്ടിരുന്നു. എന്തായാലും ചെങ്കുത്തായി കിടക്കുന്ന പടവുകള്‍ കയറി ഞാന്‍ മുകളില്‍ എത്തി. അതി മനോഹരമായ , അതി പുരാതനമായ കോട്ട. പതിനാലാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച കോട്ട ആണ് ഇതെന്നു രേഖകള്‍ സൂചിപ്പിക്കുന്നു. അന്ന് കടല്‍ ക്ഷോഭിക്കുമ്പോള്‍ ജനം അഭയം തേടുക ഈ കുന്നിന്‍ പുറത്തായിരുന്നു. പിന്നീട് സ്വീഡനും ഡെന്മാര്‍ക്കും ഈ പ്രദേശത്തിന് വേണ്ടി യുദ്ധം ചെയ്തപ്പോള്‍ സൈന്യം ഇവിടെ ആയിരുന്നു നിലയുറപ്പിച്ചിരുന്നത്. കുന്നിന്‍ മുകളില്‍ നിന്ന് നോക്കുമ്പോള്‍ ഹെല്‍സിംഗ്ബോര്‍ഗ് പട്ടണം മാത്രമല്ല, അങ്ങകലെ കടലിനപ്പുരത്തുള്ള ഡെന്മാര്‍ക്കിലെ ഹെല്സിങ്ങോര്‍ എന്ന പട്ടണവും കാണാം. കുന്നിന്‍ മുകളില്‍ വലിയ വൃക്ഷത്തപ്പുകള്‍ക്കിടയില്‍ കൂടി ഭാര്‍ഗവീ നിലയം പോലെ ഉള്ള ചില കെട്ടിടങ്ങളും കാണുന്നു. ഒരു മനുഷ്യ ജീവി പോലും ഇല്ല. ഏകാന്തതയുടെ ഭയപ്പെടുത്തുന്ന നിമിഷങ്ങള്‍. എന്തായാലും കുറെ നേരം അവിടെയൊക്കെ കറങ്ങി, ഹോട്ടലില്‍ വന്നു ഫ്രഷ്‌ ആയി . പ്രഭാതഭക്ഷണം കഴിഞ്ഞപ്പോള്‍ തന്നെ രോഹിതും ടിക്കുവും എത്തി.
ടിക്കുവിന്റെ കാറില്‍ ഞങ്ങള്‍ കോപ്പന്‍ഹാഗനിലേക്ക്. പോകുന്ന വഴിയില്‍ സ്വീഡനിലെ ജീവിത രീതിയെയും സ്ഥലങ്ങളെയും ഒക്കെ കുറിച്ച് ടിക്കു വിശദമായി പറഞ്ഞു കൊണ്ടിരുന്നു. ഫെറിയില്‍ കൂടി ഹെല്സിങ്ങോര്‍ വഴി കോപ്പന്‍ ഹാഗനില്‍ പോകാന്‍ , കഴിയും. ഇതിപ്പോള്‍ ഒരു മണിക്കൂറിലധികം കാറില്‍ സഞ്ചരിച്ചു ആണ് ഞങ്ങള്‍ ലാന്‍ഡ്സ്കര്‍ണ, മാല്‍മോ വഴി ആണ് യാത്ര.


നിരത്തുകളില്‍ അപൂര്‍വമായി മാത്രം വാഹനങ്ങള്‍. കുട്ടനാട്ടിലെ പാട ശേഖരങ്ങള്‍ പോലെ കൃഷിക്കായി ഒരുക്കിയിട്ടിരിക്കുന്ന പാടങ്ങള്‍. ഇപ്പോള്‍ റാപ്സീഡ്‌ ആണ് അവിടെ കൃഷി ചെയുന്നത്. നിരന്നു കിടക്കുന്ന മഞ്ഞപ്പൂക്കള്‍ കാണുവാന്‍ വലിയ മനോഹാരിത. മഞ്ഞവയല്‍... കണ്ടാല്‍ കൊന്നപ്പൂക്കള്‍ പോലിരിക്കുന്ന റാപ് സീഡ്‌ പാഠങ്ങള്‍ , മഞ്ഞപ്പട്ടു പുതച്ചു കിടക്കുന്ന തു കാണുവാന്‍ കൌതുകം തോന്നും. എന്ത് കൊണ്ടാണ് വന പ്രദേശം ഇല്ലാത്തത് എന്ന ചോദ്യത്തിന് ടിക്കുവിന്‍റെ മറുപടി ഇങ്ങനെ... തണുപ്പ് കാലത്ത് മഞ്ഞുകള്‍ കൊണ്ട് മൂടുന്ന സ്വീഡനിലെ ഏറ്റവും കൂടിയ കാലാവസ്ഥ 25 C ആണ്. ചൂട് കൂടുമ്പോള്‍ മണ്ണിലെ ഈര്‍പ്പം മുഴുവന്‍ അകന്നു പോയി മരങ്ങള്‍ തീ പിടിച്ചു നശിച്ചു പോകും. അതിനാല്‍ ആണ് അവിടെ വനങ്ങള്‍ ഉണ്ടാകാത്തത്.
ഞങ്ങള്‍ ഇപ്പോള്‍ ലാന്‍ഡ്സ് കര്‍ണയിലൂടെ ആണ് പോകുന്നത്. ലാന്‍ഡ്സ്കര്‍ണ ഒരു കാലത്ത് വലിയ കപ്പല്‍ നിര്‍മ്മാണ ശാലയുടെ ഉറവിടം ആയിരുന്നു പോലും. ഇന്ത്യ, ചൈന, മറ്റു കിഴക്ക് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ എല്ലാം കപ്പല്‍ നിര്‍മ്മണത്തിലേക്ക് തിരിഞ്ഞപ്പോള്‍ നഷ്ടത്തിലായ് ഒരു വ്യവസായം ആയി കപ്പല്‍ നിര്‍മ്മാണം. അങ്ങനെ സ്വീഡന്‍ ആ വ്യവസായത്തില്‍ നിന്ന് പൂര്‍ണ്ണമായും മാറി.
വരുന്ന വഴിയില്‍ ലുണ്ട് യൂണിവേര്സിറ്റിയുടെ കെട്ടിടങ്ങള്‍, മരുന്ന് കമ്പനി ആയ ഫൈസര്‍ എന്നിവ ഒക്കെ കണ്ടു. ഇപ്പോള്‍ ഞങ്ങള്‍ മാല്‍മോ എന്ന വ്യവസായ നഗരത്തില്‍ ആണ്. സ്വീഡനിലെ രണ്ടാമത്തെ വലിയ പട്ടണം ആണ് മാല്‍മോ. ഇവിടെ ആണ് ഭൂരിഭാഗവും വ്യവസായ ശാലകള്‍.
ജൂണ്‍ ജൂലൈ മാസങ്ങള്‍ സ്വീഡനില്‍ എങ്ങും അവധിക്കാലം ആണ്. തൊഴിലാളികള്‍ കൂട്ടമായി അവധി എടുത്തു വിനോദ സഞ്ചാരത്തിനു പോകുന്നത് ഈ മാസങ്ങളില്‍ ആണ്. ടിക്കു പറയുന്നു, ചില കമ്പനികള്‍ ഇക്കാലയളവില്‍ ഇവിടങ്ങളില്‍ വേനല്‍ക്കാലത്ത് അടച്ചിടുക പോലും ഉണ്ട് എന്ന്. നല്ല കാലാവസ്ഥ ആയതിനാല്‍ ഇവിടങ്ങളില്‍ ഉള്ളവര്‍ യൂറോപ്പിന്റെ തെക്കന്‍ രാജ്യങ്ങളില്‍ ആണ് വിനോദ സഞ്ചാരത്തിന് പോകുന്നത്.


മാല്മോയില്‍ നിന്ന് ഇനി അധിക ദൂരം ഇല്ല. സ്വീഡനെയും ഡെന്‍മാര്‍ക്കിനെയും യോജിപ്പിക്കുന്ന വലിയ ഒരു ബ്രിഡ്ജു ഞങ്ങളുടെ കണ്ണില്‍ പെട്ടു. നോക്കെത്താ ദൂരത്തോളം കിടക്കുന്ന ഈ ബ്രിഡ്ജു ആണ് യൂറോപ്പിലെ ഏറ്റവും വലിയ ബ്രിഡ്ജു. ഏകദേശം 16 കിലോമീറ്റര്‍ ആണ് ഈ ബ്രിഡ്ജിന്റെ നീളം എന്ന് കേള്‍ക്കുമ്പോഴേ നമ്മള്‍ അത്ഭുതപ്പെടും. സ്വീഡനും ഡെന്മാര്‍ക്കിനുമിടയില്‍ ഉള്ള ഓറസുണ്ട് കടലിടുക്കില്‍ ആണ് ഈ പാലം പണിതിരിക്കുന്നത്. അതിനാല്‍ ഈ പാലത്തിനു ഓറസുണ്ട്സ്ബ്രോണ്‍ എന്നാണ് വിളിക്കുന്നത്‌.  സ്വീഡനെയും ഡെന്മാര്‍ക്കിനെയും അത് വഴി  പശ്ചിമ മദ്ധ്യ യൂറോപ്പിനെയും തമ്മില്‍ ബന്ധിപ്പിക്കുന്നത് ഈ പാലം ആണ്. റോഡു മാര്‍ഗവും റെയില്‍ മാര്‍ഗവും ഈ പാലത്തിലൂടെ ആണ് രണ്ടു രാജ്യങ്ങളിലേക്കും ഉള്ള യാത്ര. 1995 ല്‍ നിര്‍മ്മാണം ആരംഭിച്ച ഈ പാലം 1999 ല്‍ പണി പൂര്‍ത്തീകരിച്ചു എങ്കിലും രാഷ്ട്രത്തിനു സമര്‍പ്പിച്ചത് 2000 ല്‍ മാത്രമാണ്. നാലുവരി റോഡു ഗതാഗതവും രണ്ടു വരി റയില്‍വേ ട്രാക്കും ആണ് ഈ പാലത്തില്‍ ഉള്ളത്. പാലത്തിനു മദ്ധ്യ ഭാഗത്ത് കൂടി കപ്പലുകള്‍ക്ക് യഥേഷ്ടം സഞ്ചരിക്കാവുന്ന കപ്പല്‍ പാതയും ഉണ്ട് എന്നതാണ് ഈ പാലത്തിന്‍റെ സവിശേക്ഷത. അത്ര മാത്രം ഉയരത്തില്‍ ആണ് ഈ പാലം നില നില്‍ക്കുന്നത്. ഒറ്റയ്ക്ക് വാഹനം ഓടിക്കുകയാണ് എങ്കില്‍ ഭയം തോന്നിക്കും ഈ പാലത്തിലൂടെ ഉള്ള യാത്ര. ഡെന്മാര്‍ക്കിനോട് അടുക്കുന്ന ഭാഗം ഒരു തുരംഗമാണ്. ഏകദേശം അഞ്ചു കിലോമീറ്റര്‍ ദൂരം ഈ തുരംഗത്തിലൂടെ വേണം യാത്ര ചെയുവാന്‍. ദ്രോജ്ടെന്‍ എന്ന പേരില്‍ ആണ് ഈ തുരംഗം അറിയപെടുന്നത്. ഇതും ഒരു അസാധാരണ അനുഭവം ആണ്. ഈ പാലം ക്രോസ് ചെയുവാന്‍ 37 യൂറോ ആണ് ടോള്‍ ചാര്‍ജു.
ഞങ്ങള്‍ ടോള്‍ കൊടുത്ത് പാളത്തിലേക്ക് കയറി. നോക്കെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന പാലത്തിലൂടെ ഉള്ള യാത്ര പേടിപ്പെടുത്തുന്നതും ആണ്. മറ്റൊരു മനോഹര ദൃശ്യം കടലില്‍ കണ്ട കാറ്റാടി യന്ത്രങ്ങള്‍ ആണ്. ഇരുനൂറിലധികം കാറ്റാടി യന്ത്രങ്ങള്‍ കടലിനു നടുക്ക് തല ഉയര്‍ത്തി നില്‍ക്കുന്നത് കാണുന്നത് കണ്ണുകള്‍ക്ക്‌ കൌതുകം ആണ്. ഓറസുണ്ട് പാലം കടന്നു ഞങ്ങള്‍ ഇപ്പോള്‍ ദ്രോജ്ടെന്‍ തുരംഗത്തില്‍ ആണ്. തുരംഗം കഴിഞ്ഞു ഇറങ്ങുന്നത് ഡെന്മാര്‍ക്കിന്റെ തലസ്ഥാനമായ കോപ്പന്‍ഗെഹനിലും.


12 comments:

 1. നന്ദി ഒരു യാത്രയ്ക്ക് കൂടെ കൂട്ടിയതിനു ,,,,,,,ആശംസകള്‍ ..വീണ്ടും വരാം

  ReplyDelete
  Replies
  1. വളരെ വിപുലമായി ഈ നഗരത്തെ കുറിച്ച് എഴുതി ഈ നഗരത്തില്‍ കൂടെ നടത്തി മുക്കും മൂലയും കാണിച്ചു തന്നതിന് കോടി കോടി നന്ദി .... ഇനിയും കാത്തിരിക്കുന്നു വിശേഷങ്ങള്‍ അറിയാന്‍

   Jessy George

   Delete
 2. വിവരണത്തിനു നന്ദി....“സ്കാന്‍ഡിനേവിയയെയും പശ്ചിമ മദ്ധ്യ യൂറോപ്പിനെയും തമ്മില്‍ ബന്ധിപ്പിക്കുന്നത് ഈ പാലം ആണ്” ഇത് ശരിയാണോ ? ഡന്മാർക്കിനെ സ്കാൻഡിനേവിയൻ രാജ്യമായല്ലേ കണക്കാക്കുന്നത്

  ReplyDelete
  Replies
  1. തെറ്റ് ചൂണ്ടിക്കാണിച്ചതിനു നന്ദി. ഡെന്മാര്‍ക്ക്‌ സ്കാന്‍ഡിനേവിയ രാജ്യങ്ങളില്‍ പെട്ട ഒരു രാജ്യം ആണ്. ഒരെസണ്ട് പാലം ഡെന്മാര്‍ക്കിനെയും സ്വീഡനെയും ബന്ധിപ്പിക്കുന്ന പാലം ആണ്.

   Delete
 3. യാത്ര വിവരണം മനോഹരമായി ..............പച്ചപ്പ്‌ കാണാത്ത ഞങ്ങളെ പോലുള്ള ഗള്‍ഫ്കാര്‍ക്ക് അസൂയ ജനിപ്പിക്കുന്ന വിവരണം ...............അവിടെ പോയി വന്ന പോലെ ആയി ...............വായിക്കാന്‍ സുഖമുള്ള എഴുത്ത് , ആശംസകള്‍ !!!!

  ReplyDelete
 4. പുതിയ സ്ഥലത്തെ പറ്റിയുളള വിവരണം നന്നായി..

  ReplyDelete
 5. അങ്ങിനെ സ്വീഡനും സന്ദര്‍ശിച്ച പോലെയായി....നല്ല യാത്രാവിവരണം ആയിരുന്നു...മനോഹരമായി പറഞ്ഞു...ശരിക്കും ഒരു യാത്ര പോയപോലെ ഒരു ഫീല്‍ കിട്ടി....അഭിനന്ദനങ്ങള്‍

  ReplyDelete
 6. സാധാരണ സഞ്ചാരികൾ വിവിധ നഗരങ്ങൾ മാത്രമാണു കാണുക. പച്ചക്കറിയുമായി ബന്ധപ്പെട്ടായത് കൊണ്ട് അനുബന്ധ ഗ്രാമങ്ങളും കാണാമായിരിക്കും ലേ.

  നല്ല എഴുത്ത്,ആരോഗ്യം സൂക്ഷിക്കുക.ആശംസകൾ

  ReplyDelete
 7. നല്ല വിവരണം. സ്വീഡനിലേക്ക് യാത്രപോയത് പോലെ. കോപ്പന്‍ഗെഹനിലെ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു.

  ReplyDelete
 8. നല്ല വിവരണം..

  ReplyDelete