Tuesday 2 October 2012

ഹോളണ്ടിലെ ഗ്രാമങ്ങളിലേക്ക്...അതിരാവിലെ  നാലരയ്ക്ക് തന്നെ കടുത്ത ഉറക്കത്തിന്റെ കരിമ്പടം തട്ടി അകറ്റി അലാറം ശബ്ദിച്ചു. ... അഞ്ചര ആകുമ്പോള്‍ എയര്‍ പോര്‍ട്ടില്‍ എത്തണം. ഏഴു മണിക്കാണ്  ആംസ്റ്റര്‍ ഡാമിലെക്കുള്ള കെ എല്‍ എം ഫ്ലൈറ്റ്. അഞ്ചു മണി ആകുമ്പോഴേക്കും ടാക്സി അറേഞ്ച് ചെയ്യാന്‍ റിസപ്ഷനിസ്റ്റിനോട് തലേന്നേ ചട്ടം കെട്ടിയിട്ടുണ്ട്. എഴുന്നേറ്റു ഫ്രഷ്‌ ആയി ബാഗും പെട്ടിയും ആയി പൂമുഖത്തേക്ക്  എത്തിയപ്പോഴേ ടാക്സി വെയിറ്റ് ചെയുന്നുണ്ടായിരുന്നു. അതെ, ഈ ടാക്സിക്കാരനും പാകിസ്ഥാനി ആണ്. ഡെന്മാര്‍ക്കില്‍ ജനിച്ചു വളര്‍ന്ന പാകിസ്ഥാനി. 
അഞ്ചര ആയപ്പോഴേ, ചെക്ക് ഇന്‍ ചെയ്തു. ചെക്കിന്‍ ചെയ്യാന്‍ ചെന്നപ്പോള്‍ കൌണ്ടറില്‍ ഇരുന്ന ഡാനിഷ് കാരനോട് ബഹളം വെയ്ക്കേണ്ടി വന്നു. കഴിഞ്ഞ തവണ വലിയ പെട്ടി ആയപ്പോള്‍ സൌകര്യക്കുറവ് കണക്ക് കൂട്ടി ഇത്തവണ രണ്ടു പെട്ടിയിലേക്ക് ലാഗേജു മാറ്റിയിരുന്നു. പക്ഷെ ലഗേജില്‍ രണ്ടു പെട്ടി പാടില്ല എന്നതാണ് എയര്‍ ലൈന്‍ നിയമം പോലും... അപ്പോള്‍ രണ്ടാമത്തെ പെട്ടിക്കു ഞാന്‍ എക്സ്ട്രാസ് കൊടുക്കണം പോലും.. ഇതെവിടുത്തെ ന്യായം? ഞാന്‍ അങ്ങോട്ട്‌ തട്ടിക്കയറിയപ്പോള്‍ സായിപ്പ് കുട്ടി, അടുത്ത ബാഗും ലഗേജിലേക്ക് അയച്ചു വളരെ മര്യാദ രാമനായി.


വീണ്ടും ആംസ്റ്റര്‍ ഡാമിലെ സ്കിപോള്‍ വിമാനത്താവളത്തില്‍. ..........,...
രണ്ടര മാസത്തിനു മുന്‍പ് ആദ്യമായി ഇവിടെ കാലുകുത്തുമ്പോള്‍ എന്‍റെ കൂടെ ബഷീറും, പിള്ള ചേട്ടനും ഉണ്ടായിരുന്നു... അതൊരു ധൈര്യം ആയിരുന്നു. പക്ഷെ ഇത്തവണ ആദ്യമായി എന്നെ സ്വീകരിക്കാന്‍ എയര്‍ പോര്‍ട്ടില്‍ ഒരു ഹോളണ്ടുകാരന്‍ വന്നിരിക്കുന്നു. കീസ് ദെന്‍ ബോര്‍ എന്നാണ് അദേഹത്തിന്റെ പേര്... നേരില്‍ കണ്ടിട്ടില്ല.. ചില ഇ മെയില്‍ ഇടപാടുകള്‍ മാത്രം.


കസ്റ്റംസ്‌ ക്ലിയര്‍ കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ തന്നെ കീസിനെ കണ്ടു. അദേഹത്തിന്റെ വാഹനം പാര്‍ക്കിംഗ് ഏരിയയില്‍ ആണ്... എന്‍റെ ബാഗേജു എടുക്കുവാന്‍ കീസും എന്നെ ഹെല്‍പ്‌ ചെയ്തു. ആംസ്റ്റര്‍ ഡാമിലെ ഏതെങ്കിലും ഹോട്ടലില്‍ ആയിരിക്കും എനിക്ക് താവളമോരുക്കുക എന്ന എന്‍റെ കണക്കു കൂട്ടല്‍ തെറ്റിച്ചു കൊണ്ട് വാഹനം നഗര പരിധി വിട്ടു മുന്നോട്ടു കുതിക്കുകയാണ്. ആംസ്റ്റര്‍ ഡാമില്‍ നിന്ന് ഏകദേശം നൂറ്റമ്പത് കിലോമീറ്റര്‍ അകലെ ഉള്ള ഒരു ഗ്രാമത്തിലേക്ക് ആണ് അദേഹം എന്നെ കൊണ്ട് പോയത്... വൃത്തിയുള്ള ഹൈവേ ....ചെറിയ വൃഷങ്ങളും പൂക്കളും വഴിയരികില്‍ എല്ലായിടത്തും കാണാം. സൂര്യന്‍ പതുക്കെ തല കാണിക്കുന്നതെ ഉള്ളൂ... പുറത്തു തണുപ്പ് പന്ത്രണ്ടു ഡിഗ്രീ മാത്രം... ജെല്‍ദര്‍ മേല്‍സന്‍ എന്ന സ്ഥലത്ത് ആണ് ഫ്രൂട്ട് മാസ്റ്റെര്സ് എന്ന കീസിന്റെ കമ്പനിയുടെ ആസ്ഥാനം, അതിനടുത്തു സബാമ്മള്‍  എന്ന ഒരു ചെറിയ പട്ടണത്തില്‍ ആണ് എനിക്ക് താമസ സൌകരും ഒരുക്കിയിരിക്കുന്നത്... 
സബാമ്മള്‍ എന്നതു ഒരു ചെറിയ ബിസിനസ് പട്ടണം ആണ്... ആകെ മുപ്പതോളം കെട്ടിടങ്ങള്‍ മാത്രം. ബിസിനസ് കാര്‍ക്ക് താമസിക്കുന്നതിനായി രണ്ടു ഹോട്ടലുകള്‍. ... , അടുത്തെങ്ങും ജനവാസം ഇല്ലാത്ത ഒരു പ്രദേശം എന്ന് തോന്നിപ്പോകും. കെട്ടിടങ്ങളില്‍ ഹോട്ടലുകള്‍ ഒഴിച്ച് എല്ലാം ഓഫീസ്‌ കെട്ടിടങ്ങള്‍ ആണ്. എനിക്ക് വേണ്ടി താമസ സൌകര്യം ഒരുക്കിയത് മനോഹരമായ അപ്പോളോ ഹോട്ടലില്‍ ആണ്... കീസ് എന്നെ ആ ഹോട്ടലില്‍ കൊണ്ട് ചെന്നാക്കി, കുറച്ചു കഴിയുമ്പോള്‍ തിരികെ വരാം എന്ന് പറഞ്ഞു യാത്രയായി.


ഫ്രഷ്‌ ആയി വന്നു പ്രഭാത ഭക്ഷണവും കഴിഞ്ഞപ്പോഴെക്ക് കീസ് എത്തി. അദേഹത്തോടൊപ്പം ജെല്‍ദര്‍മേല്സനിലെ അദേഹത്തിന്റെ കമ്പനി ആയ ഫ്രൂട്ട് മാസ്റ്റെര്സ് എന്ന കമ്പനിയിലേക്ക് പുറപ്പെട്ടു. ഹോളണ്ടിലെ ഏറ്റവും വലിയ പഴ വര്‍ഗങ്ങള്‍ കച്ചവടം ചെയുന്ന കമ്പനി ആണ് ഫ്രൂട്ട് മാസ്റ്റെര്സ്. സോഫ്റ്റ്‌ പഴങ്ങള്‍ ആയ ബെറി വര്‍ഗത്തില്‍ പെട്ട സ്ട്രോബെറി, റെഡ്‌ കറന്‍റ്, ബ്ലാക്‌ കറന്‍റ്, ബ്ലു ബെറി, ക്രാന്‍ ബെറി ഇവയുടെ ഉല്‍പാദനത്തിലും വിപണനത്തിലും ഇവര്‍ വളരെ പ്രശസ്തര്‍ ആണ്. അതോടൊപ്പം, ഹോളണ്ടില്‍ വിളയുന്ന ആപ്പിള്‍ , പിയെര്സ് എന്നിവയുടെ സിംഹ ഭാഗവും കച്ചവടം ചെയുന്നത് ഫ്രൂട്ട് മാസ്റ്റെര്സ് ആണ്. സ്വയമായി കൃഷി ചെയുന്നതിലുപരി മറ്റു രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയുന്നുണ്ട്. ഇന്ത്യയില്‍ നിന്ന് മഹാരാഷ്ട്രയിലെ നാസിക്‌, സാംഗ്ലി എന്നീ പ്രദേശങ്ങളില്‍ വിളയുന്ന മുന്തിരി ആണ് ഇവര്‍ ഇറക്കുമതി നടത്തുന്നത്. ഞങ്ങളുടെ കമ്പനി ആദ്യ വര്ഷം ഏതാണ്ട് നാല്പതു കണ്ടൈനര്‍ മുന്തിരി ആണ് ഇവര്‍ക്ക് കൊടുത്തത്. ഇവരും ആയി നേരിട്ട്  ഒരു പരിചയവും ഉണ്ടായിട്ടില്ല, വെറും ഇന്റര്‍നെറ്റ് വഴിയുള്ള പരിചയം മാത്രം.


ചിന്നി ചിന്നി പെയുന്ന മഴയും നല്ല തണുപ്പും, കീസ് അവരുടെ ഓഫീസ്‌, സ്റ്റോര്‍, പായ്ക്ക് ഹൗസ്‌ തുടങ്ങിയവ ചുറ്റിനടന്നു കാണിച്ചു. ദുബായിലെ വെജിട്ടബിള്‍ ഫ്രൂട്ട് മാര്‍ക്കറ്റിന്റെ അത്ര മാത്രം വലിപ്പം ഉള്ള അതി വിപുലം ആയ സന്നാഹങ്ങള്‍ ആണ് അവരുടെ ആസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്. അത് കൂടാതെ റോട്ടര്‍ ഡാമില്‍, ഇറക്കുമതി ചെയുന്ന സാധനങ്ങള്‍ സൂക്ഷിക്കുന്ന ബ്രഹത്തായ ഓട്ടോമാറ്റിക് സ്റ്റോര്‍.,. ഏകദേശം ഒരു മണിക്കൂറില്‍ കൂടുതല്‍ സമയം എടുത്തു അവരുടെ പായ്ക്ക് ഹൗസ്‌ ചുറ്റി നടന്നു കാണുവാന്‍, ആപ്പിള്‍ , പിയെര്സ് എന്നിവ പായ്ക്ക്‌ ചെയുന്ന മെഷീനുകളും കണ്ടു. അവിടെ കൂടുതല്‍ ആയി ജോലി ചെയുന്നത് പോളണ്ടില്‍ നിന്ന് വന്ന തൊഴിലാളികള്‍ ആണ്. പോളണ്ട് യൂറോപ്യന്‍ യൂണിയന്റെ ഭാഗം ആയപ്പോള്‍ അവര്‍ക്ക് കിട്ടിയ അവസരം അവര്‍ നന്നായി വിനിയോഗിക്കുന്നു. ലേബര്‍ ക്യാമ്പുകളില്‍ താമസിക്കുന്ന അവര്‍, കൃത്യ സമയത്ത് വരുന്നു, ജോലി ചെയുന്നു, പോകുന്നു.
സബാമ്മള്‍, ജെല്ദര്‍ മേല്സന്‍, എന്നിവ അടുത്തടുത്തുള്ള ചെറിയ മുനിസിപ്പാലിറ്റികള്‍ ആണ്. ഒരിടത്തും ജനവാസം ഉള്ളതായി കാണാന്‍ കഴിയില്ല. എട്ടും പത്തും ചെറിയ ഗ്രാമങ്ങള്‍ ചേര്‍ന്നതാണ് ഓരോ മുനിസിപ്പാലിറ്റിയും. ഓഫീസിലെ പണികള്‍ കഴിഞ്ഞു, കീസ് എന്നെയും കൊണ്ട് ഗ്രാമങ്ങള്‍ ചുറ്റിക്കറങ്ങുവാന്‍ പോയി. എല്ലാ ഗ്രാമത്തിലും മൂന്നു പതിറ്റാണ്ട് പഴക്കം ഉള്ള കാറ്റാടി യന്ത്രങ്ങള്‍ കാണാം. ചുവപ്പും കറുപ്പും വെളുപ്പും ചേര്‍ന്ന പെയിന്‍റ് ചെയ്ത ഇരു നില മാളികകള്‍, വീടുകള്‍ എല്ലാം വളരെ അടുത്തടുത്ത് ആണ് സ്ഥിതി ചെയുന്നതു. ഏകദേശം രണ്ടു മൂന്നു കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ ആണ് വീടുകള്‍ എല്ലാം. നമ്മുടെ നാട്ടിലെ പോലെ നാട്ടുകാരെ കാണിക്കുവാന്‍ വേണ്ടി അല്ല ഹോളണ്ടുകാര്‍ വീട് വച്ചിരിക്കുന്നത്. മിക്കവാറും എല്ലാ വീടുകളും ഒരു പോലെ. മിക്ക കമ്മ്യുണിട്ടികളിലും ഓരോ പള്ളിയും കുറെ  ചെറിയ റെസ്റ്റോരെന്റുകളും സ്കൂളും ഒക്കെ ഉണ്ട്. ഹോളണ്ടിലെ മനുഷ്യര്‍ പൊതുവേ സുന്ദരികളും സുന്ദരന്മാരും അല്ല. സ്കൂള്‍ ജീവിതം കഴിയുന്നതോടു കൂടി അവരുടെ സൌന്ദര്യം ഒക്കെ നഷ്ടപ്പെടുന്നത് പോലെ തോന്നുന്നു. വളരെ ഉയരമുള്ള ഇവര്‍ കൂടുതലും മെലിഞ്ഞ പ്രകൃതം ആണ്. എല്ലാവരും കൃഷി തുടങ്ങിയ കാര്യങ്ങളില്‍ വളരെ ഉത്സുകരാണ്. പാടത്തും, ഫാക്ടറികളിലും പണി എടുക്കുന്നവര്‍.,. എവിടെയും പച്ച നിറം . കുന്നുകള്‍ , മലകള്‍ ഒന്നും ഇല്ലാതെ നീണ്ടു നിവര്‍ന്നു കിടക്കുന്ന കൃഷിയിടങ്ങള്‍., അതിനടുത്തായി, കൃഷി ഉല്പന്നങ്ങള്‍ ശേഖരിക്കുവാനായി സ്റ്റോര്‍, പാലുല്‍പ്പാദനവും ഈ കൊച്ചു രാജ്യത്തെ ഏറ്റവും വലിയ വ്യവസായം ആണ്. അനേകം കന്നുകാലികള്‍ തോട്ടങ്ങളില്‍ മേയുന്നത് കാണുന്നത് കണ്ണിനു കൌതുക കരം. വയലില്‍ മേയുന്ന പഴുക്കള്‍ ഒക്കെയും, കറവ സമയം ആകുമ്പോള്‍ തന്നത്താന്‍ കറവ യന്ത്രത്തിനടുത്തെക്ക് പോകുന്നു. ഓരോ ഫാമുകല്‍ക്കിടയിലും ചാലുകളില്‍ കൂടി വെള്ളം ഒഴുകുന്നത്‌ കാണാം.


നെതര്‍ലണ്ടിലെ പ്രസിദ്ധമായ റൈന്‍ നദിയും വാല്‍ നദിയും ഒഴുകുന്നത്‌ ഈ പ്രദേശങ്ങളില്‍ കൂടി ആണ്. വാല്‍ നദിയിലൂടെ ആണ് മധ്യ യൂറോപ്പിലെ ചരക്കു ഗതാഗതം നീങ്ങുന്നത്. റോട്ടര്‍ ഡാമില്‍ നിന്ന് കപ്പലുകള്‍ വാല്‍ നദിയിലൂടെ ആണ് ജെര്‍മനി, ആസ്ട്രിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലേക്ക് ചരക്കുകള്‍  കൊണ്ട് പോകുന്നത്. നെതര്‍ലണ്ടിസ്ന്റെ മൂന്നില്‍ രണ്ടു ഭാഗവും വെള്ളപ്പൊക്ക കെടുതികള്‍ ഉണ്ടാകുവാന്‍ സാധ്യത ഉള്ള പ്രദേശമാണ്. മഴക്കാലങ്ങളില്‍ ഈ നദികളില്‍ ക്രമാതീതമായ രീതിയില്‍ ജലനിരപ്പ്‌ ഉയരാറുണ്ട്. പലപ്പോഴും കടല്‍ വെള്ളം ആണ് ഈ നദിയിലൂടെ ഒഴുകുന്നത്‌., കാരണം സമുദ്ര നിരപ്പില്‍ നിന്ന് താഴെ ആണ് നെതര്‍ലാന്‍ഡിലെ പല പ്രദേശങ്ങളും.
ജന സാന്ദ്രത ഒട്ടുമില്ലാത്ത വിജനമായ ഗ്രാമ റോഡുകള്‍ പോലും വളരെ വലിയ പ്ലാനിംഗില്‍ ആണ് നിര്‍മ്മിച്ചിട്ടുള്ളത്. ചെറിയ റോഡുകള്‍ക്ക് പോലും പാരലല്‍ ആയി ഇരു വശത്തും സൈക്കിള്‍ റോഡുകള്‍ ഉണ്ടെന്നുള്ളത് ആണ് പ്രത്യേകത. പ്രധാന വീഥികള്‍ ക്രോസ് ചെയുന്നിടങ്ങളില്‍ സൈക്കിള്‍ റോഡുകളില്‍ പോലും സിഗ്നലുകള്‍ ഉണ്ട്.
ഉച്ചക്ക് ശേക്ഷം കീസ് എന്നെ ഹോട്ടലില്‍ കൊണ്ടാക്കി, പിറ്റേന്ന് വരാം എന്ന് പറഞ്ഞു പോയി. ഹോട്ടലില്‍ ഇരുന്നു ബോറടിച്ചു, എന്തായാലും പുറത്തേക്കിറങ്ങി. ഹോട്ടലിനടുത്തായി കുറെ സ്റ്റേഡിയങ്ങള്‍ ഞാന്‍ കണ്ടു. ഫുട്ബാള്‍ കളി കാണാം എന്ന് കരുതി. റൂഡ്‌ ഗുല്ലിട്ടും മാര്‍ക്കോ വാന്‍ ബാസ്റ്റനും ഒക്കെ ഹോളണ്ടുകാര്‍ ആയിരുന്നല്ലോ. . സ്കൂള്‍ കുട്ടികള്‍ ആയിരിക്കണം, കുറച്ചധികം കുട്ടികള്‍ സൈക്കിളില്‍ അങ്ങോട്ട്‌ പോകുന്നത് കാണാം. സ്റ്റേഡിയത്തില്‍ ചെന്നപ്പോള്‍ ആണ് മനസിലായത് ഇത് ഹോക്കി സ്റ്റേഡിയം ആണ് എന്ന്. നാല് ഗ്രൌണ്ട്, നാലും ഹോക്കി കളിക്കുവാന്‍ വേണ്ടി. രണ്ടു ഗ്രൗണ്ടില്‍ പെണ്‍കുട്ടികളും രണ്ടു ഗ്രൗണ്ടില്‍ ആണ്‍കുട്ടികളും പ്രാക്ടീസ് ചെയുന്നു. സ്കൂള്‍ കുട്ടികള്‍ ആണ് എല്ലാം. ജനവാസം വളരെ കുറവായ ചെറിയ സ്ഥലങ്ങളില്‍ പോലും വിശാലമായ കളിക്കളങ്ങള്‍ ഹോളണ്ടില്‍ ഉണ്ടെന്നുള്ളത് എന്നെ അത്ഭുതപ്പെടുത്തി. വെറുതെ അല്ല, ഹോക്കിയില്‍ ഹോളണ്ട് വലിയ മുന്നേറ്റങ്ങള്‍ നടത്തുന്നത്. സമയം ഇരുട്ടി തുടങ്ങുന്നത് വരെ കളി കണ്ടു അവിടെ നിന്ന്, പതുക്കെ ഹോട്ടലിലേക്ക് നടന്നു. ഹോട്ടലില്‍ രാത്രിയില്‍ ഒരു റെസ്റ്റോറെന്റ് മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ, രണ്ടോ മൂന്നോ പേര്‍ മാത്രം അവിടെ. കോണിയാക് സിപ്‌ ചെയുമ്പോള്‍ ഒരു ഒറ്റപ്പെടലിന്‍റെ ഭീകരത മുന്നിലേക്ക്‌..
ഇന്ന് വെള്ളിയാഴ്ച, ഇന്നും കീസ് വന്നു, ഓഫീസില്‍ പോയി. വൈകുന്നേരം വീണ്ടും  ഹോക്കി കളി കാണാന്‍ പോയി. അടുത്തെങ്ങും സൂപ്പര്‍ മാര്‍ക്കറ്റ്, ഗ്രോസറി എന്നിവ ഇല്ല. നല്ല തണുപ്പ് ഉള്ളതിനാല്‍ പുറത്തിറങ്ങി നടക്കാനും ആവേശം ഇല്ല. രണ്ടു മനുഷ്യരെ കാണുവാന്‍ ഉള്ള യാതൊരു മാര്‍ഗവും ഇല്ല. ലോഞ്ചില്‍ പോയിരുന്നാല്‍, അവിടെയും ആരും ഇല്ല. നാളെ ശനിയാഴ്ച ആയതിനാല്‍, ഓഫീസുകള്‍ അവധിയും. അതിനാല്‍ ബിസിനസ് ആവശ്യങ്ങള്‍ക്ക് വന്നവര്‍ എല്ലാം മടങ്ങി പോയിരിക്കുന്നു.
ശനിയാഴ്ച, ഇന്നാണ് ഏറ്റവും ബോറന്‍ ദിനം. കീസ് വരില്ല, രാവിലെ  മുതല്‍ വൈകുന്നേരം വരെ എങ്ങനെ ഹോട്ടലില്‍ കഴിച്ചു കൂട്ടും. പുറത്തിറങ്ങിയാല്‍ മറു വശം കാണാന്‍ കഴിയാത്ത അത്ര ദൂരത്തില്‍ കൃഷി ഫാമുകള്‍ മാത്രം. ഹൈ വേയിലൂടെ ചില ട്രക്കുകള്‍ മാത്രം ചീറി പാഞ്ഞു പോകുന്നു. ഒരു മരമോ, കുന്നോ മലയോ ഇല്ലാത്ത ഏറ്റവും ബോറന്‍ താഴ്വര. എവിടെയും ഒരേ കാഴ്ചകള്‍.,. എന്തായാലും നാല് മണി കഴിഞ്ഞപ്പോള്‍ തൊട്ടടുത്ത പട്ടണത്തിലേക്ക് ( ഗ്രാമ സിരാകേന്ദ്രത്തിലേക്ക്) നടന്നു. റോഡുകള്‍ക്ക് യെല്ലോ ഷോള്‍ഡര്‍ ഇല്ലാത്തതിനാല്‍ സൈക്കിള്‍ വീഥിയിലൂടെ നടന്നു. കുറെ ദൂരം നടന്നപ്പോള്‍ ഒരു ചെറിയ റൌണ്ട് എബൌട്ട്‌ കണ്ടു. അത് മുറിച്ചു കടക്കുമ്പോള്‍ കാറില്‍ വന്ന ആള്‍ കാറ് നിര്‍ത്തി അതില്‍ കയറാന്‍ പറഞ്ഞു. ആരാണെന്നും ഏതാണെന്നും അറിയില്ല, എങ്കിലും രണ്ടും കല്‍പ്പിച്ചു കയറി. അയ്യാള്‍ എന്നെ ഗ്രാമത്തില്‍ കൊണ്ട് ചെന്നാക്കി. ഒരു വലിയ സൂപ്പര്‍ മാര്‍ക്കറ്റ്‌, കുറെ ചെറിയ കടകള്‍,  റെസ്റ്റോറന്റുകള്‍, ഇത്രയും മാത്രമേ അവിടെ കണ്ടുള്ളൂ...നമ്മുടെ ഗ്രാമങ്ങളില്‍ കാണുന്നത് പോലെ മാത്രം. ഒരു വലിയ പള്ളിയുടെ മിനാരങ്ങള്‍ കാണാം. കുറെ നേരം അതിലെ കറങ്ങി നടന്നു. ഒറ്റയ്ക്ക് കറങ്ങാന്‍ ഉള്ള താല്പര്യം ഇല്ലാത്തതിനാല്‍ വീണ്ടും ഹോട്ടലിലേക്ക് നടന്നു. വീടുകളുടെ മുന്നില്‍ ചെറിയ കായ്കളും ആയി പിയെര്സ് ചെടികള്‍, പഴയ വീടുകള്‍ ആണെങ്കിലും മുറ്റം നിറയെ പല വിധത്തിലുള്ള ചെടികള്‍ പൂവിട്ടു നില്‍ക്കുന്നു. മിക്ക വീടുകള്‍ക്കും മതിലുകള്‍ ഉണ്ടാക്കിയിരിക്കുന്നത് ഈ ഫലവൃഷങ്ങള്‍ അടുപ്പിച്ചു നാട്ടു കൊണ്ടാണ്.


നാളെ ഞായറാഴ്ച റഷ്യയിലെ സെ. പീറ്റേര്‍സ് ബര്‍ഗിലേക്ക് പോകണം, അവിടെ ബഷീര്‍ വരാം എന്നാണ് പറഞ്ഞിട്ടുള്ളത്. ആംസ്റ്റര്‍ഡാം എയര്‍ പോര്‍ട്ടില്‍ നിന്ന് വളരെ അകലെ ആണ് ഞാന്‍ താമസിക്കുന്ന സബമ്മാള്‍, എയര്‍ പോര്‍ട്ടില്‍ കൊണ്ട് വിടാന്‍ കീസ് വരാമെന്നു സമ്മതിച്ചു എങ്കിലും ഞാന്‍ സ്നേഹ പൂര്‍വം അത് നിരസിക്കുകയായിരുന്നു . ഞായറാഴ്ച ഹോട്ടല്‍ വെക്കേറ്റ് ചെയ്യണം, പക്ഷെ തിരിയെ വീണ്ടും വരേണ്ടത്, ഈ ഹോട്ടലിലേക്ക് തന്നെ ആണ്. എന്തായാലും റിസപ്ഷനില്‍ പോയി, അവിടെ മേരി എന്ന റിസപ്ഷനിസ്റ്റ് മാത്രമേ ഉള്ളൂ. ഹോട്ടലില്‍ മറ്റാരും ഉള്ളതായി തോന്നുന്നില്ല. എല്ലാവരും വീക്കെന്‍ഡ് ആഘോഷിക്കുവാന്‍ പോയിരിക്കുന്നു. ആംസ്റ്റര്‍ ഡാം വിമാനത്താവളത്തിലേക്ക് പോകേണ്ട  മാര്‍ഗം മേരി വിവരിച്ചു തന്നു. 
രാവിലെ പതിനോന്നു മണിക്ക്  എയര്‍ പോര്‍ട്ടില്‍ എത്തണം. മേരി തന്നെ ടാക്സി ബുക്ക്‌ ചെയ്തിരുന്നു. ടാക്സിയില്‍ ദെന്‍ ബോഷ് എന്ന സ്ഥലത്തേക്ക് പോകണം, അവിടെ നിന്ന് ആംസ്റ്റര്‍ ഡാം റെയില്‍വേ സ്റേഷന്‍, വീണ്ടും അവിടെ നിന്ന് ഷിഫോള്‍ എയര്‍ പോര്ട്ടിലേക്ക്. എട്ടരയോടെ ടാക്സിക്കാരന്‍ വന്നു. വന്നപാടെ പറഞ്ഞു, മിനിമം ചാര്‍ജ്‌ 20 യൂറോ ആണ്, അത് കേട്ടതും ഞാന്‍ ഞെട്ടി പോയി. എങ്കിലും പോവാതെ തരമില്ല. ഒന്‍പതു മണിയോട് കൂടി ദെന്‍ ബോഷില്‍ എത്തി. വളരെ പുരാതനമായ ഒരു സിറ്റി ആണ് ദെന്‍ ബോഷ്. സാധാരണ ജനങ്ങള്‍ മതങ്ങളില്‍ നിന്ന് അകന്നു ജീവിക്കുന്ന രാജ്യം ആണ് നെതര്‍ലാന്‍ഡ്‌.., പ്രോട്ടസ്ഥന്‍റ് വിഭാഗം ആണ് രാജ്യത്ത്  ഉള്ളതില്‍ കൂടുതല്‍ ,  എങ്കിലും, ദെന്‍ ബോഷ് , കത്തോലിക്കര്‍ കൂടുതല്‍ തിങ്ങി പാര്‍ക്കുന്ന ഒരു പ്രദേശം ആണെന്നും, അതോരു റിലീജിയസ് സെന്റര്‍ ആണെന്നും ജൂത വംശജനായ ഡ്രൈവര്‍ പറഞ്ഞു. നോര്‍ത്ത്‌ ബ്രാബന്‍ എന്ന പ്രോവിന്‍സിന്റെ തലസ്ഥാനം കൂടി ആണ് ദെന്‍ ബോഷ്. ഇവിടെ നടക്കുന്ന തവള കാര്‍ണിവല്‍ വളരെ പ്രസിദ്ധം ആണ്.


ചെറിയ മഴയും കഠിനമായ തണുപ്പും ആണെങ്കിലും എവിടെയും പച്ചപ്പുകള്‍ കാണാം. അതിപുരാതനമായ കെട്ടിടങ്ങള്‍, കത്തീഡ്രലുകള്‍ , വ്യാപാര സമുച്ചയങ്ങള്‍ ഒക്കെ ദെന്‍ ബോഷിനെ മനോഹരിയാക്കുന്നു. താരതമ്യേന വലിയ റെയില്‍വേ സ്റ്റേഷന്‍ ആണ് എസ - ഹെത്രോജെന്ബോഷ്‌ എന്ന് മുഴുവന്‍ പേരുള്ള ദെന്‍ ബോഷിലെത്. സ്റ്റേഷനില്‍ പോയി ടിക്കറ്റെടുത്തു ഫ്ലാറ്റ് ഫോമില്‍ ചെന്ന്. പഴയതെങ്കിലും വളരെ വൃത്തിയായി സംരക്ഷിച്ചിരിക്കുന്ന സ്റ്റേഷന്‍.


എന്തായാലും ഏകദേശം ഒരു മണിക്കൂര്‍ സമയം കൊണ്ട്  ദെന്‍ ബാഷില്‍ നിന്ന്   ആംസ്റ്റര്‍ ഡാം സ്റ്റേഷനില്‍ എത്തി. ഞായര്‍ ആയതിനാല്‍ ആകണം ട്രെയിനില്‍ വളരെ കുറച്ചു പേര്‍ മാത്രം. അവിടെ നിന്നും എയര്‍ പോര്ട്ടിലേക്ക് അര മണിക്കൂര്‍ വീണ്ടും ട്രെയിനില്‍ യാത്ര. സ്ക്യ്പോള്‍ വിമാനത്താവളത്തിലെ ചെക്ക് ഇന്‍ മെഷീനില്‍ പോയി ചെക്ക് ഇന്‍ ചെയ്തു. കെ എല്‍ എം വിമാനത്തില്‍ തന്നെ വീണ്ടും റഷ്യയിലേക്ക്. ഇത്  രണ്ടാം പ്രാവശ്യം ആണ്  റഷ്യയിലെ സെ. പീറ്റേര്‍സ് ബര്‍ഗിലേക്ക്. തണുത്തുറഞ്ഞു ഐസ് മലകള്‍ മാത്രം ആയിരുന്ന റഷ്യയിലേക്ക് പോകുമ്പോള്‍ പക്ഷെ ഇത്തവണ കാലാവസ്ഥ വളരെ പ്രസന്നമാണ്. പഴയ യാത്രയിലെ ഓര്‍മ്മകള്‍ ഓരോന്നായി തെളിഞ്ഞു വന്നിരുന്നു വെങ്കിലും ഒറ്റക്കായത്തിന്റെ അന്യതാബോധം ഫ്ലൈറ്റില്‍ നിന്ന് കഴിച്ച മദ്യത്തിനും മാറ്റുവാന്‍ കഴിഞ്ഞില്ല.