Saturday, 25 August 2012

മേതിലും അനിലിന്‍റെ പരീക്ഷണങ്ങളും

  മേതില്‍ എടുക്കാന്‍ കയറിയത് ഡിലന്‍ തോമസ്എറിഞ്ഞ പന്ത് ആയിരുന്നു എന്ന് അറിയുവാന്‍ ഇത്ര കാലം വേണ്ടി വന്നുവല്ലോ.  രാവിലെ മേതിലിനെയും തോളിലേറ്റി ആണ് ഗര്‍ഹൂദിലെ  മിത്സുബിഷി സര്‍വീസ്സെന്‍ററില്‍ പോയത്. അദേഹത്തെ വായിച്ചിട്ടും ശ്ശി ആയി...


പുലവന്‍  ആകാശത്തിലേക്ക് കുത്തി നിര്‍ത്തിയ കയറിന്‍റെ മുകളില്‍ കയറി ഡിലന്‍ തോമസ് എറിഞ്ഞ പന്ത് എടുത്തു  തിരികെ വരണം . മറ്റൊന്നും അനിലിന്‍റെ മനസ്സില്‍ അതുവരെയും ഉണ്ടായിരുന്നില്ല. പക്ഷെ മനുഷ്യ വലയത്തിനു പുറത്തു കടന്നപ്പോള്‍  ആണ് ശോഭാ ഗോപിനാഥിനെ കാണുന്നത്. അവളോട്കുറെ ശ്രിംഗാരവും കഴിഞ്ഞു വേളിക്കാര്യം ആലോചിച്ചപ്പോള്‍ ആണ് അവള് മുന വെച്ചൊരു ചോദ്യം എറിഞ്ഞത്.  ശ്രിംഗാരം കഴിയുമ്പോള്‍ അയ്യാള്‍ ഈയിടെ ആയി എന്നും അസ്വസ്ഥനാണ്, അത് അനിലിലെ ആത്മാര്‍ഥത ഇല്ലായ്മ ആണെന്ന് ശോഭയ്ക്ക് നന്നായി അറിയാം. ആണുങ്ങള്‍ വലിയ വീണ് വാക്കുകള്‍  പറയുന്നവര്‍ ആണല്ലോ...  
"അനിലേട്ടന് ഒരു ഭാര്യേം കുടുംബോം ഉള്ളതല്ലേ... ഞാന്‍  വിവാഹ മോചനം നേടി ഇപ്പൊ ഒറ്റത്തടി ആണ്... എനിക്ക് പ്രശനം ഒന്നും ഇല്ല...ഇപ്പൊ വന്നു ശ്രിംഗരിച്ചു പോവുന്ന പോലെ ഇനിയും അങ്ങോട്ട്പോയാല്‍ പോരെ?" ഒറ്റത്തടി ആയിരിക്കുന്നതിലെ ആഹ്ലാതം ശോഭയുടെ കണ്ണുകളില്‍ അലയടിക്കുന്നത് കാണുവാന്‍ അനിലിനും കഴിഞ്ഞില്ല.
താക്കോല്‍ പഴുതിലൂടെ പത്രം ഇടുന്നതിനു പകരം മാപ്പ് എഴുതി വച്ചിട്ട് പോയവന്‍റെ ഉരുക്ക് വളകള്‍ അവന്‍റെ പോക്കറ്റില്‍ ഇപ്പോഴും കാണും.
ഞെട്ടിയുണര്‍ന്നു നോക്കിയപ്പോള്‍ ഫയലും പേപ്പറും ആയി തോമസ്മുന്നില്‍.
"ഇരുപത്തി അയ്യായിരത്തിന്‍റെ സര്‍വീസ്ആണ്..." ഞാന്‍ മൊഴിഞ്ഞു."ഇതെന്താ സാറേ, മീറ്റര്‍ മുപ്പതിനായിരം കടന്നല്ലോ, അപ്പോള്‍ ഇരുപത്തി അയ്യായിരത്തിന്റെ സര്‍വീസോ?"ചില ഇടവേളകള്‍ ഇങ്ങനെ ആണ്, അത് കാലവും ആയി ഒരു ബന്ധവും ഇല്ലാതെ കണ്ണ് മിഴിച്ചു കൊണ്ടിരിക്കും.സര്‍വീസ്കഴിഞ്ഞു പജെറോ, ഇനി നാല് മണിക്ക് മാത്രം. നീണ്ട എട്ടു മണിക്കൂറുകള്‍ എനിക്ക് മാത്രം സ്വന്തം. പോക്കറ്റിലെ നോള്‍ കാര്‍ഡില്‍ കൈ തടവി. ക്യാപ്റ്റന്‍ സുക്കൂര്‍, അപ്പോഴേക്കും ഹെലിക്കൊപ്റ്ററില്‍ നിന്നും കയര്‍ക്കോണിയില്‍ ഇറങ്ങി ഗുഹയുടെ മുന്നിലുള്ള തിട്ടില്‍ ഇറങ്ങിക്കഴിഞ്ഞിരുന്നു.  ഒരാള്‍ക്കോ അല്ലെങ്കില്രണ്ടു ഉടുമ്പിനോ മാത്രം നില്‍ക്കാവുന്ന തിട്ടയില്‍..,.ബ്രേക്കിംഗ് ന്യൂസ്കണ്മുന്നില്‍ .. അടക്കി പിടിച്ച സംസാരങ്ങള്‍ മാത്രം. ആള്‍ക്കൂട്ടങ്ങള്‍ അടക്കിപ്പിടിച്ച് മാത്രമേ ഇപ്പോള്‍ സംസാരിക്കാറുള്ളൂ. അവരുടെ ഉള്ളിലെ കത്തുന്ന തീപ്പന്തങ്ങള്‍ ഒക്കെ കരിന്തിരി ആയി. വ്യവസ്ഥിതികള്‍ ആയിരിക്കും കാരണം.
ആദ്യം അത് കണ്ടത് ആരാണ് എന്നറിയില്ല... അതി രാവിലെ ഫാക്ടറിയില്‍ ജോലിക്ക് പോയവര്‍ ആരോ ആകാം. തലേന്ന് നൈറ്റ്ക്ലബില്‍ ആടി പാടിയ ഒരു സുന്ദരിയുടെ മുഖം വേര്‍പെട്ട ഉടല്‍., . കീറിപ്പറിഞ്ഞ  ബ്ലവ്സിനുള്ളില്‍ നിന്നും മുലക്കച്ച വെളിയില്ചാടിയിരുന്നു... ഒരു മുലക്കണ്ണ്‍ ആരോ കടിച്ചു പറിച്ച  അവസ്ഥയിലും.  കയ്യിലിരുന്ന മൊബൈല്‍ ഫോണില്‍ നിന്ന് തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്‍പതില്‍ ആരുടെയോ വിരലുകള്‍ ഇക്കിളി ആയപ്പോള്‍ പട്ടാളക്കാര്‍ക്ക് പകരം വന്നത് പോലീസുകാര്‍ ആയിരുന്നു.ബ്രേക്കിംഗ് ന്യൂസില്‍ വെട്ടുകളുടെ എണ്ണം അടയാളപ്പെടുത്തി ചാനലുകാര്‍ മത്സരിച്ചപ്പോള്‍, അക്ഷരമാലയുടെ എണ്ണം കുറഞ്ഞതിനാലും , ഒരു കാരണം കൊണ്ട് തന്നെ ഗിന്നസ്ബുക്കില്‍ കയറാന്‍ സാധിക്കില്ലത്തതിന്‍റെ  വെവലാതിയിലും അവര്‍ ചര്‍ച്ചിച്ച് ശര്‍ദ്ദിച്ചു ക്ഷീണിതരായിരുന്നു.എത്ര ആയാലും അന്‍പത്തി ഒന്ന് വെട്ടു ഉണ്ടാവില്ല,  ആത്മഗതം പോലെ.മലയാളിക്ക് മാത്രമേ ഇത്രയും വെട്ടുകള്‍ക്ക് അവകാശം ഉള്ളൂ ..
രണ്ടു കെട്ടിടങ്ങല്‍ക്കിടയിലൂടെ രാജ വീഥിയിലേക്ക് കടക്കുമ്പോള്‍ വേവലാതി. ബസ്സ്റ്റോപ്പ്ഇടത്തോ വലത്തോ... കഷ്ടിച്ചു പത്തടി മുന്നോട്ടു നീങ്ങിയാല്‍ സംശയം അസ്ഥാനത്ത്  ആകും എങ്കിലും ഇടതാണോ വലതാണോ തങ്ങള്‍ എന്നറിയാതെ ആളിക്കത്തുന്ന അവസ്ഥ. ആറടിയില്‍  എല്ലാം തീരെണ്ടവന്റെ മുന്നില്‍ പത്തടി വലിയ ഒരു  സമസ്യ ആണ്. അവസ്ഥ തുടങ്ങിയിട്ടിപ്പോള്‍ കുറെ ആയി. മോഹങ്ങള്‍ ഇല്ലാതിരുന്ന പഴയ കാലം , അങ്ങനെ ഒന്നുണ്ടായിരുന്നോ. പിന്നിലേക്ക്പോകുന്ന വാച്ചുകള്‍ നിര്‍മ്മിക്കുന്ന സ്ഥാപനങ്ങള്‍ എല്ലാം പൂട്ടിപ്പോയി. കൃത്യം ഒന്‍പതര അടി നടന്നു കഴിഞ്ഞപ്പോള്‍   തന്നെ തനിക്ക് പോകേണ്ടത് ഇടത്താണ് എന്ന് ബോധ്യപ്പെട്ടു. എതിര്‍ വശത്തു നിന്ന് വരുന്നവന് വലത്താണതു. അപ്പോള്‍ ഇടത്തും വലത്തും തമ്മില്‍ ഒരു കസേര കളിയുടെ വട്ടം മാത്രം.
ബസ്സ്റ്റോപ്പില്‍ നില്‍ക്കുമ്പോഴും മേതില്‍ ഒരു തേള്‍ ആയി എന്നില്‍ പിടി മുറുക്കിക്കൊണ്ടിരുന്നു. ഇപ്പോള്‍ ആരാണ് ഗുഹയില്‍ കയറിയത്?  ഗോവിന്ദനോ, അരവിന്ദനോ? ഉടുമ്പിനെ പിടിക്കാന്‍ എന്ത് കൊണ്ടായിരിക്കണം ഗോവിന്ദന്‍ മല മുകളിലേക്ക് പോയത്? ഒരിക്കല്‍ പട്ടാളക്കാര്‍ നിരങ്ങിയ മലയില്‍ ഉടുമ്പുകള്‍ പോയിട്ട് ഒരു വേശ്യപോലും ഉണ്ടാവില്ല. കണ്ണില്‍ കണ്ട ജീവജാലങ്ങളുടെ മേല്‍ കാവടി ആടാതെ അവര്‍ തിരിച്ചു  പോകില്ല എന്നു  പത്ര വാര്‍ത്തകളില്‍ വായിച്ചത് ഇന്നലെ അല്ലെ?
ഇന്നലെകള്‍ എല്ലാം മരിച്ചു പോയത് അനില്‍ പ്രയാസപ്പെട്ടു ഓര്‍ത്തെടുത്തു.
മറക്കുവാനും മരിക്കുവാനും  വേണ്ടി മാത്രം  ജീവിക്കുന്നവര്‍!!! , !
ഗോവിന്ദനെ കാണാതായെന്നു ആരാണ് , ആരോടാണ് പറഞ്ഞത്? ഗോവിന്ദന്‍ തന്നെ ആണോ അത് പറഞ്ഞത്? നൈറ്റ്ക്ലബില്‍ ആടിയിരുന്ന സുന്ദരിയുടെ ശരീരം മുലക്കണ്ണ്‍ കടിച്ച രീതിയില്‍ ആദ്യം കണ്ടത് ആരെന്നു ഇപ്പോള്ആര്‍ക്കും തീര്‍ച്ചയില്ല. വാര്‍ത്ത എങ്ങനെ ആണ് പരന്നത് എന്ന് പോലും ഇപ്പോള്‍ എല്ലാവരും മറന്നു പോയി. ബ്രേക്കിംഗ് ന്യൂസ്കണ്ടു ഇറങ്ങി പുറപ്പെട്ട ക്യാമറക്കണ്ണുകള്‍ക്ക് അവിടെ ഒന്നും കണ്ടെത്തുവാന്‍ കഴിഞ്ഞില്ല. വാര്‍ത്ത കാണുകയാണോ, അതോ കേള്‍ക്കുകയാണോ? ഒന്നും മനസിലാകുന്നില്ല. കേള്‍ക്കുകയും കാണുകയും ചെയ്യാവുന്ന ഒന്നാണ് വാര്‍ത്ത എന്ന് അനിലിനും  മനസിലായി.
ചുവന്ന നിറമുള്ള ബസ്സുകള്‍ ചിലതൊക്കെ കടന്നു പോകുന്നു. നാലാം നമ്പര്‍ ബസ്സ് വരുന്നു, മേതിലില്‍ നിന്ന് കണ്ണെടുത്തു നോക്കി. പിന്നോരെണ്ണം സി ഒന്ന്. സി ഒന്ന് എന്ന ബസ്പോകുന്നത് കടല്‍ത്തീരത്തിലെക്ക് ആണ്. തനിക്ക് അവിടെ എന്തിനു പോകണം? തനിക്ക് പോകേണ്ടത് ഗുഹയിലേക്കാണ്. ക്യാപ്ടന്‍ സുക്കര്‍ക്ക് ഗുഹയില്‍ ഏതെന്കിലും കന്യകമാരെ കിട്ടിയിരിക്കുമോ? കിടിയെന്കില്‍ മേതില്‍ പോലും അറിയാതെ  ഒറ്റയ്ക്ക് അയാള്‍ ... ലോകത്ത് വിശ്വസിക്കാന്‍ കൊള്ളില്ലാത്തത് ക്യാപ്ടന്‍മാരെ മാത്രം ആണ് എന്ന് ചരിത്രവും വര്‍ത്തമാനവും പറഞ്ഞു തന്നിരിക്കുന്നു.
  
ഇനിയോരെണ്ണം  അറുപത്തി ഏഴ്... അതും തനിക്കുള്ളതല്ല.
അനില്‍ കണക്ക് കൂട്ടി... തനിക്ക് പോകേണ്ടത് മുപ്പത്തി മൂന്നു ആണ്... മൂന്നും മൂന്നും കൂട്ടി നോക്കി. ആറു... അറുപത്തി ആറല്ല, വെറും ആറു. മുപ്പത്തി മൂന്നിനു മാത്രമേ ഗുഹ വഴി പോകുവാന്‍ അനുവാദം ഉള്ളൂ...
കാല്‍സ്രായിയും കൈ നീളന്‍ ഷര്‍ട്ടും മഞ്ഞ കോണകം കഴുത്തില്‍ ധരിച്ചും ഗള്‍ഫില്‍ നിന്നും വന്നവന്‍ കലപ്പയെടുക്കുകയോ? സ്വന്തം ബാഗ് പോലും എടുക്കുവാന്‍ പാടില്ലാത്തവന്‍, അഥവ എടുത്താലും കണ്ടു നിന്നവന് അവന്‍ പറഞ്ഞ കൂലി കൊടുത്തില്ലെങ്കില്‍ ഉപരോധ സമരം നടത്തുവാന്‍ തയ്യാറാകുന്ന ആള്‍ക്കൂട്ടത്തിനു നേതൃത്വം കൊടുത്തത് ഗോവിന്ദന്‍.,
മേതില്കത്തിക്കയറിയപ്പോള്‍ ഒരു ചുവന്ന മുപ്പത്തി മൂന്നു  അനിലിനെ കൂടാതെ  പോയി.
നിരാശ  അനിലിനെ തെല്ലും ബാധിച്ചില്ല എന്ന് പെട്ടെന്ന്  തന്നെ അറിഞ്ഞു. തിരിച്ചറിവുകള്‍ തരുന്ന ബലത്തില്‍ വരമ്പിലെ കൊറ്റി വെറും ഒരു പാവ ആയിരുന്നോ എന്നും  സംശയം.ഇതിനിടയില്‍ ഇതെങ്ങനെ  സംഭവിച്ചു!.. എപ്പോഴോ വന്ന മറ്റൊരു മുപ്പത്തി മൂന്നില്‍ ഇപ്പോള്‍ അനില്‍ . അയ്യാള്‍ അറിയാതെ. അതെ, ഇതും ചുവന്ന മുപ്പത്തി മൂന്നു. നഗരത്തില്‍ ചുവപ്പല്ലാത്ത വാഹനം കണ്ടിട്ടില്ല. ലോകം തന്നില്‍ നിന്നും ഓടി ഒളിക്കുന്ന അനുഭവം അനിലിന്. ഇടയ്ക്കെപ്പോഴോ മേതിലില്‍ നിന്ന് മിഴികള്ഉയര്‍ത്തിയപ്പോള്‍ മുപ്പത്തി മൂന്നു പിന്നിലേക്ക്പോകുന്നത് പോലെ തോന്നി. പിന്നിലേക്കും മുന്നിലേക്കും അങ്ങനെ ഓടുന്നത് പ്രായത്തിന്റെ ഒരു ഹരം ആയിരിക്കും. പുലവന്റെ കയര്‍ ഇപ്പോഴും ആകാശത്തേക്ക് ഉയര്‍ന്നു തന്നെ നില്‍ക്കുന്നുണ്ടാവണം.ഇപ്പോള്‍ മുപ്പത്തി മൂന്നു ഒരു തുരംഗത്തിലേക്ക് കയറി. ക്യാപ്റ്റന്‍ സുക്കര്‍ ഗുഹയില്‍ കയറിയത് പോലെ... പ്രകാശം ഇപ്പോള്‍ മേതിലില്‍ നിന്ന് മാത്രം. ബാക്കിയെല്ലാം അണഞ്ഞു പോയി.ആള്‍ക്കൂട്ടത്തെ ഭക്ഷണത്തിനായി വീട്ടിലേക്കു പറഞ്ഞു വിടുന്നതിലും എളുപ്പം ആരുടെയെങ്കിലും കയ്യില്‍ അഞ്ചപ്പവും രണ്ടു മീനും ഉണ്ടോ എന്ന് പരതിക്കൂടായിരുന്നോ ക്യാപ്റ്റനു? പുരാണങ്ങളില്‍ വിശ്വാസം ഇല്ലാത്തത് കൊണ്ടോ വായിക്കാത്തത് കൊണ്ടോ?
അതല്ലെങ്കില്‍ ബര്‍ക്കാ ദത്ത  നടത്തുന്ന തല്‍സമയ ദ്രിശ്യങ്ങള്‍ വീട്ടിലിരിക്കുന്ന സ്ത്രീകളും കുട്ടികളും കാണുകയായിരിക്കണം ... ഭക്ഷണത്തിനു പിരിഞ്ഞു പോകുവാന്‍ പറഞ്ഞിട്ടും ക്യാമറ ഓഫ് ആക്കുവാന്‍ ബര്‍ക്കയും കൂട്ടരും തയ്യാര്‍ അല്ല. അവര്‍ക്ക് എല്ലാം തല്‍സമയം. ഇന്നലെകളും നാളെകളും ആയി മാത്രം ജീവിച്ചിരുന്ന മനുഷ്യര്‍ക്ക് ഇപ്പോള്‍ തല്സമയത്തില്‍ ആണ് കണ്ണുകള്‍ ... വല്ലാത്ത ധൃതി ആണിപ്പോള്‍ .. സംഭോഗം പോലും ക്ഷണത്തില്‍ തീരുന്നതില്‍   ശോഭയും പരിഭവം പറഞ്ഞു തുടങ്ങിയിരിക്കുന്നു.
തല്‍സമയം തുടങ്ങിയ ശേക്ഷം എണ്ണയില്‍ ഓടിക്കളിക്കേണ്ട കോഴികള്‍   ഇപ്പോള്‍ ശീതമുറികളില്‍ കനവുകള്‍ കണ്ടു ഞെട്ടി ഉണരുന്നു.  അടുക്കളകള്‍ ഒരു നരകം ആണെന്ന് കോഴികളെ പോലെ തന്നെ ഭാര്യയും  തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. തല്‍സമയങ്ങള്‍ നല്‍കുന്ന തിരിച്ചറിവുകള്‍
ക്യാപ്റ്റന്‍ സുക്കര്‍ കൂര്‍മ ബുദ്ധിമാന്‍ ആണ്.  ബര്‍ക്കയുടെ തല്‍സമയ ദ്രിശ്യങ്ങള്‍ക്ക് മുന്‍പേ പോലെ   കാണികള്‍ ഇല്ലാത്തതിനാല്‍, തങ്ങളുടെ ഭാര്യമാരില്‍ പലരും രഞ്ജിനിയുടെ ശരീര ഭാഷയിലും കോടീശ്വരന്റെ ശബ്ദ സൌകുമാര്യത്തിലും   കണ്ണീര്‍ തുടയ്ക്കുക ആയിരുന്നു. ഒടുവില്‍ കോടീശ്വരന്റെ ഷിറ്റില്‍ പൊതിഞ്ഞ ഷവര്‍മ കഴിച്ചു അവര്‍ തിരികെ എത്തിയപ്പോള്‍ ബസ്തുരംഗം കടന്നു വെളിയിലേക്ക് വന്നിരുന്നു.
ഒരു ഇടവേള കഴിഞ്ഞു തിരികെ വരുന്നതിനിടയില്‍ നൈറ്റ്ക്ലബ്കാരിയുടെ മരണവും ആയി അനേകം കഥകള്‍ പോലീസിലെ തിരക്കഥ കൃത്തുക്കള്‍ പത്രക്കാര്‍ക്ക് പറഞ്ഞു കൊടുത്ത് കഴിഞ്ഞിരുന്നു. മണിക്കൂറുകള്‍ കഴിയുമ്പോള്‍ കഥകള്‍ പലതും ദുര്‍ഗ്രഹം ആയി മാറുന്നു.  മരിച്ചത് ശോഭ ഗോപിനാഥ് ആണെന്നും പരിമളം ആണെന്നും രണ്ടു നിഗമങ്ങളില്‍ ചെന്നെത്തി നില്ക്കുന്നു.  ഒരു നുണ പരിശോധന മാത്രം ബാക്കി.
വളരെ അപ്രതീക്ഷിതം ആയിരുന്നു.
സോണിയോടും സുനിലിനോടുമൊപ്പം പുസ്തകങ്ങള്‍ ചികയുമ്പോള്‍ അപ്രതീക്ഷിതമായിട്ടാണ് ഡിലന്‍ തോമസ്കയ്യില്‍ വന്നു പെടുന്നത്. വീര്യം നുരഞ്ഞു പൊന്തുമ്പോള്‍ ശബ്ദിച്ച മൊബൈല്‍ ഫോണ്‍ കൂടെയിരുന്നവര്‍ അറിയാതെ ചെവിയോടടുപ്പിച്ചു.  ഗൂഡാലോചനകള്‍ മറ്റാരും അറിയുന്നതില്‍ അനിലിന് താല്പര്യം ഇല്ലാതിരുന്നത് അയ്യാളുടെ ദുരാഗ്രഹങ്ങള്‍ കൊണ്ടാണ്... ദുരാഗ്രഹങ്ങള്‍ ഉള്ളിടത്ത് മാത്രമേ ഗൂഡാലോചനകള്‍ ജനിക്കുകയുള്ളൂ.
 
പെട്ടെന്ന് ഒന്ന് പതറി. പ്രതീഷിച്ചിരുന്നു എങ്കിലും ഇത്ര പെട്ടെന്ന് ഇങ്ങനെ സംഭവിക്കും എന്ന് കരുതിയില്ല. അനില്‍ തന്നിലേക്ക് ഒന്ന് നോക്കി. സ്വന്തം സ്വത്വത്തെ കുറിച്ച് ഓര്‍ത്തപ്പോള്‍ ഒരു വിങ്ങല്‍ ... കോലത്തില്‍ എങ്ങനെ പ്രത്യക്ഷപ്പെടും. ഒരു ഫേഷ്യല്‍ ചെയുന്നതിനു പോലും സമയം ഇല്ലല്ലോ. നേരിട്ട് മുന്നില്‍ ചെല്ലുന്നതിനാല്‍ ഫോട്ടോ ഷോപ്പ് ഉപകാരപ്പെടില്ലല്ലോ. മുഖ പുസ്തകവും മുഖവും തമ്മില്‍ പൊരുത്തപ്പെടുത്തുക തന്നെ. അതത്ര എളുപ്പമല്ലെങ്കില്‍ കൂടി.  പെണ്‍കുട്ടികള്‍ വന്ന വിമാനം ഉടനെ തിരികെ പോകുമത്രേ. ഡിലന്‍ തോമസിന്റെ പന്തും കയ്യിലെടുത്തു സദസ്സില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷനായി.
സ്റ്റിയറിംഗ് വീലിനു പിന്നിലിരിക്കുമ്പോള്‍ കുതിരകള്‍ മുന്നോട്ടു പാഞ്ഞു കൊണ്ടിരുന്നു. കുറെ വയസ്സന്മാര്‍ക്കൊപ്പം സുന്ദരികള്‍ വീര്‍പ്പു മുട്ടുന്നു. സുന്ദരികളെ എങ്ങനെ ഗ്രീറ്റ് ചെയ്യണം എന്നതായിരുന്നു അനിലിന്റെ ചിന്ത.   പാശ്ചാത്യ രീതിയില്‍ ഗ്രീറ്റ് ചെയ്യുവാന്‍ മനക്കൊട്ടയും ആയി എത്തിയെങ്കിലും മുണ്ടും ജൂബയും  ധരിച്ച തനി നാടന്‍ മേല്‍ ഷേവുനിസ്റ്റുകളെ കൂട്ടത്തില്‍ കണ്ടപ്പോള്‍ കൈകള്‍ കൂപ്പി വെറും നമസ്കാരങ്ങള്‍ കൊണ്ട് തരുണീ രത്നങ്ങളെ അനുഗ്രഹിച്ചു.
അതല്ല, ഇപ്പോള്‍ ചീക്സില്‍ മുത്തം കൊടുത്ത് ഗ്രീറ്റ് ചെയ്താലും പ്രശ്നങ്ങള്‍ ആകും. തന്നെക്കാള്‍ പൊക്കം കൂടിയ സുന്ദരികളെ ചീക്സില്‍  മുത്തം കൊടുക്കുമ്പോള്‍ അത് കഴുത്തില്‍ ആയേക്കാം. പൊക്കം കുറഞ്ഞവര്‍ക്ക് ആണെങ്കില്‍ അത് നിറുകയില്‍ ആവാനും ഉള്ള സാധ്യതകളെ നല്ലൊരു മാത്തമറ്റീക്ഷ്യനെ പോലെ ആരാഞ്ഞു.   രണ്ടായാലും  പണി പാളും. ലൈവ് സ്ട്രീമിംഗ് ഉള്ളതായതിനാല്‍ സംശയമില്ല. കരങ്ങള്‍ കൊണ്ടുള്ള ഗ്രീറ്റിംഗ് വെറും ഒരു ഉപചാരം മാത്രമായിരുന്നു എന്ന് കണ്ണുകള്‍ തമ്മിലുള്ള ആശ്ലെഷത്തില്‍ അറിഞ്ഞു. കരങ്ങള്‍ക്കും ചുംബനങ്ങള്‍ക്കും എത്രയോ കാതം അകലെ ആണ്  കണ്ണുകള്‍ ...
പക്ഷെ അനിലിന് ഒന്ന് നിശ്ചയം ഉണ്ടായിരുന്നു. ഇനി ഇത് പോലെ ഒരവസരം കൂടി ഉണ്ടാകരുത്. അതിനാല്‍ വീടിനകലെ റഷ്യന്‍ സ്കൂളിന്‍റെ മുന്നിലെ സ്റ്റോപ്പില്‍ തന്നെ ഇറങ്ങി. പച്ചപ്പില്ലാത്ത ചൂടന്‍ പ്രഭാതത്തില്‍ ചുറ്റും കാണുന്നതു  തീപ്പെട്ടിക്കൂടരങ്ങള്‍ മാത്രം.ഇംഗ്ലീഷ് അക്ഷരമാലയിലെ , എഫ് എന്നീ അക്ഷരങ്ങള്‍ പോലുള്ള വഴികള്‍ ആണ് എവിടെ നോക്കിയാലും. വളവുകള്ഇല്ലാത്ത നേരായ പാതകള്‍...,  അല്ലെങ്കിലും വളഞ്ഞ വഴികള്‍ നമ്മുടെ നാട്ടിലല്ലേ ഉള്ളൂ.. നേരെ വലത്തോട്ടു നടന്നു, ഇടത്ത് നിന്നും വലത്തോട്ടെക്കുള്ള ചുവടു മാറ്റം ഒരു അസ്വസ്ഥതയും അനിലില്‍ ഉണ്ടാക്കിയില്ല.
വളവില്ലാത്ത സി പോലുള്ള കെട്ടിടം. സി യ്ക്ക് അകത്ത് മുഴുവന്‍ ബൂര്‍ഷ കാറുകള്‍,.. സി പോലെ നടന്നാല്‍, സാരിയും ചുരിദാറും ഉടുപ്പിച്ച ഗ്ലാസ് ഹൌസിലെ പ്രതിമകളില്‍ നോക്കി നയന സുഖം പേറി കുളിര്മയില്‍ നടക്കാം.  ജീവിതത്തിലെ പരുപരുത്ത യാഥാര്‍ത്യങ്ങള്‍ അറിയണമെങ്കില്‍ വളവുകള്‍ ഇല്ലാതെ നേരെ നടക്കണം. സി എന്ന അക്ഷരം അങ്ങനെ ഡി ആയി മാറി. ഡി കയറിച്ചെന്നപ്പോള്‍ മുന്നില്‍ സലൂണ്‍.,.  ഈര്‍ച്ച വാള്‍, വെട്ടു കത്തി എസ് കത്തി, വടിവാള്‍, കൊടുവാള്‍, കോടാലി, എന്നിവയ്ക്ക് പകരം ചുറ്റികയും ഉളിയും മാത്രം. ഒന്ന് ഫേഷ്യല്‍ ചെയ്യണം. ഫഹദ്ഫാസിലിന്റെ മുടി പോലെ ഒന്ന് ക്രോപ്പ് ചെയ്യണം.
മേതിലിനെ കണ്ടിട്ടില്ല. എവിടെയോ ഒരു ഫോട്ടോ കണ്ടിട്ടുള്ളത് പോലെ. ആയിരത്തി തൊള്ളായിരത്തി എഴുപത്തി നാലില്‍ പബ്ലിഷ് ചെയ്ത പുസ്തകം. മീശയില്ലാത്ത സീരിയസ് ആയ മേതിലിനെ ഓര്‍മ്മിച്ചെടുക്കാന്‍ ശ്രമിക്കുമ്പോള്‍, ഫേസ്ബുക്കിലെ കെ സുധീഷിനെ ആണ് മുന്നിലേക്ക്കൊണ്ട് വരുന്നത്. ഒടുവില്‍ പുറം ചിട്ടയില്‍ കണ്ട മേതിലിന്റെ  പടത്തിനു  തന്റേ  തന്നെ ച്ഛായ. അനില്‍ ഒന്ന് ഞെട്ടി.   മേതിലില്‍ ഇപ്പോള്‍ താടി വളര്‍ന്നതായി സങ്കല്‍പ്പിക്കാന്‍ ഒരു വിഫല ശ്രമം നടത്തി. ഒരു വ്യത്യസ്തത...
നേരെ ചെന്നപ്പോള്‍, കിട്ടിയ ഇരിപ്പിടത്തില്‍ ഉപവിഷ്ടനായി.  സമയം ഇനിയും ആയിട്ടില്ല പോലും ,  മേതിലിനെ വായിക്കാന്‍ ഇനിയും സമയം.  ഇനി ഇപ്പോള്‍ പഴുതാരയെ എങ്ങനെ കൊല്ലാം എന്നൊരു വിദ്യ തന്നെ പഠിച്ചെടുക്കണം.   കഴിഞ്ഞ വാരം ആണ്, സുരേഷ് കോവിലകം പഴുതാര പിടിത്തം തൊഴില്‍ ആക്കിയതിനെ കുറിച്ച് സംസാരിച്ചത്. കൂട്ടത്തില്‍ ജോലി ചെയുന്ന കൊറിയക്കാര്‍ക്ക് പിടിച്ചു കൊടുക്കുന്ന ഓരോ പഴുതാരയ്ക്കും പത്തു ഡോളര്‍ വീതം കിട്ടുന്ന വിദ്യ.  പക്ഷെ പഴുതാരയെ കൊല്ലുന്ന വിദ്യ സുരേഷിനു അറിയില്ല. കൊല്ലുന്ന വിദ്യക്ക് കൂടുതല്‍ പണം ലഭിക്കുമെന്നതിനാല്‍ പറഞ്ഞു തരാത്തതാവും. പ്രവാസിക്കും വിദ്യ അറിഞ്ഞിരുന്നാല്‍ ക്വോട്ടെഷന്‍ ജോലി എങ്കിലും നടത്തി നാട്ടില്‍ ജീവിക്കാം. പ്രവാസ ജീവിതത്തിനു അങ്ങനെ വിരാമാമിടാം. അല്ലെങ്കിലും  കൊല ചെയ്യാന്‍ അറിയാത്തവരും ഭീരുക്കളും ആണ് പ്രവാസികള്‍ .
എന്തായാലും പരിമളത്തിന്‍റെ പാവടയ്ക്കിടയില്‍ കൂടി കയറുമെന്ന് പേടിപ്പിച്ച പഴുതാര, സ്പോഞ്ച് മണ്ണിലെ ചെടിയില്‍ ആണ് കയറിയതു. അതും ഒരൊറ്റ രാത്രി കൊണ്ട്. കുവൈറ്റിലെ പഴുതാരകള്‍ ഏതു ജാതി ആണ് എന്ന് പറയാന്‍ കഴിയില്ലല്ലോ.. ബ്രായില്‍ കൂടി കയറുമെന്ന് പേടിപ്പിച്ച തേള്‍ എന്തായാലും ഇത് വരെ മുലക്കണ്ണുകള്‍ ഇറുക്കാന്‍ തുടങ്ങിയിട്ടില്ല.
പരിമളം ആയിരുന്നോ, പരിമളം നഷ്ടപ്പെട്ടു റോഡരികില്‍ മുലക്കണ്ണുകള്‍ കടിച്ചു പറിച്ച  നിലയില്‍ കണ്ടത്. ഏതു പ്രത്യയ ശാസ്ത്രത്തിനു എതിരായാണ് പരിമളം പ്രവര്‍ത്തിച്ചത്?  കൊല്ലാന്‍ വിട്ടു പോയ ഒരു തേളും പഴുതാരയും കൂടി ആയിരിക്കുമോ കൊല നടത്തിയിരിക്കുക?
എന്തായാലും ഏലിയാസ്ഈര്‍ച്ചക്കാരനും പെരുന്തച്ചനും തമ്മിലുള്ള പങ്കു കച്ചവടം ഇഷ്ടപ്പെട്ടു. ഭരണപക്ഷവും പ്രതിപക്ഷവും പോലെ ഏണിയും പാമ്പും കളിക്കുന്നവര്‍..,.   ശവപ്പെട്ടി ഉണ്ടാക്കാന്‍ ഓര്‍ഡര്‍  കൊടുത്ത ഏലിയാസിനെ തന്നെ ശവപ്പെട്ടിക്കകത്ത് ഇട്ടു പെട്ടി ആഴിയുടെ അഗാതതയിലേക്ക് തള്ളിയത് ഏതു പ്രത്യയ ശാസ്ത്രം? നിലമുഴുവാന്‍ പോത്തിനെയും കൊണ്ട് പോയ അരവിന്ദനെ പിടിക്കാന്‍ ചൂണ്ടയും ആയി പോയ പാര്‍ട്ടി പ്രത്യയ ശാസ്ത്രം അല്ലിവിടെ. പക്ഷെ എലിയാസും പെരുന്തച്ചനും ഉറഞ്ഞു തുള്ളുന്ന ജാതിക്കൊമാരങ്ങള്‍, . കുത്തനെയും വിലങ്ങനെയും മാറി മാറി കുത്തി ചോര കുടിച്ചും വിശപ്പടക്കിയും  ഒടുവില്‍ രണ്ടു പേരും ജയിക്കുകയും രണ്ടു പേരും തോല്‍ക്കുകയും ചെയുമ്പോള്‍ ശവപ്പെട്ടിക്കച്ചവടം നടത്തുവാന്‍ തീരുമാനിക്കുമ്പോള്‍ ആണ് നാസര്‍ ഇക്കയുടെ സ്വരം.
"
ഇനി നിങ്ങള്‍... ", .. "
അനിലിന്‍റെ ഊഴം വന്നു. അയ്യള്‍ക്കും ഒരു ഊഴം ഉണ്ട്.
വെളുത്ത തുണി ഉടുത്ത  നസീറിക്ക, ആദ്യം അനിലിന്‍റെ കഴുത്തില്‍ ഒരു വെളുത്ത  ടേപ്പ് ചുറ്റി. പിന്നെ ഒരു വെളുത്ത തുണി, കസേരയിലിരുന്ന അനിലിന്‍റെ ദേഹമാകെ പുതപ്പിച്ചു. മുന്നിലെ കണ്ണാടിയില്‍ കണ്ട രൂപത്തില്‍ നോക്കിയപ്പോള്‍ ഭയം പല രൂപത്തില്‍ ...
മുന്നിലെ മേശമേല്‍, ഒരു ചെറിയ പാത്രത്തില്‍ വെളുത്ത പഞ്ഞി കൊണ്ട് ചെറിയ ഉരുളകള്‍ ഉരുട്ടി വച്ചിരിക്കുന്നു. മൂക്കിന്മേല്‍ വയ്ക്കുവാന്‍ ആകും.... കൊടുവാളും എസ് കത്തിയും ആയി നസീറിക്ക...പിന്നെ അനിലിന് ഒന്നും ഓര്‍മയില്ല.പുലവന്റെ തൂങ്ങിക്കിടക്കുന്ന ജഡം അഴിച്ചു മാറ്റി, മുകളിലേക്ക് കുത്തനെ ഉയര്‍ത്തി നിര്‍ത്തിയിരിക്കുന്ന കയറിലൂടെ അനില്‍ മുകളിലേക്ക് കയറി.  കയറ്റത്തില്‍ അനിലിന് തന്‍റെ കുട്ടിക്കാലം ഓര്മ വന്നു. അന്ന് പുലവന്‍ കൊടുത്ത പണം വീട്ടിലെ പട്ടിണി മാറ്റാന്‍ അമ്മയെ ഏല്‍പ്പിച്ചു കയറില്‍ കയറിയതും മുകളില്‍ എത്തുന്നതിനു മുന്‍പ് തന്നെ കയ്യില്‍ കരുതിയ കോഴിയെ ആള്‍ക്കൂട്ടത്തിലേക്ക് എറിഞ്ഞു കൊടുത്ത് പൂവലന്റെയും ആള്‍ക്കൂട്ടത്തിന്റെയും  ശ്രദ്ധ തിരിക്കുകയും ഒരു നിമിഷത്തില്‍ കയറിലൂടെ ഊര്‍ന്നിറങ്ങി ആള്‍ക്കൂട്ടത്തില്‍ ഒരാളായി മാറിയതും.എന്തായാലും ഇന്ന് ഡിലന്‍ തോമസ്എറിഞ്ഞ പന്ത് എടുത്ത മേതില്‍ കയറിയ സ്ഫടിക കൊട്ടാരത്തില്‍ തനിക്കും കയറണം. അനില്‍ മുകളിലേക്ക് കയറിക്കൊണ്ടിരുന്നു. പട്ടിണി കിടക്കുന്ന അമ്മയുടെ ശബ്ദം ഇന്നവനെ പിന്നിലേക്ക്വിളിക്കുന്നില്ല. അനില്‍ മുകളിലേക്ക് കയറിക്കൊണ്ടിരുന്നു. മുകളിലേക്ക് മാത്രം.


 ) 


( മേതില്‍ രാധാകൃഷ്ണന്‍റെ 'ഡിലന്‍ തോമസിന്‍റെ പന്ത്' എന്ന കഥാ സമാഹാരം വായിച്ചപ്പോള്‍ ഇങ്ങനെ എഴുതുവാന്‍ തോന്നി. ) 

Friday, 17 August 2012

നേതാക്കളില്ലാതെ ഇന്ത്യ.


ഏറെ ആശങ്കാകുലരാണ് ഇന്ത്യയിലെ മധ്യവര്‍ഗ ജന വിഭാഗം. 2014 ലെ പൊതു തെരഞ്ഞെടുപ്പ് എല്ലാവരും ആശങ്കയോട് കൂടി ആണ് ഉറ്റു നോക്കുന്നത്. ഇപ്പോള്‍ തന്നെ ജനങ്ങള്‍ക്ക്‌ ഭരണത്തോടും ഭരണാധികാരികളോടും മതിപ്പില്ല. രാഷ്ട്രീയക്കാരെ ജനം കൂടുതല്‍ ആയി വെറുത്തു തുടങ്ങി. ഒരു കക്ഷിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ കൂടി വ്യക്തമായ ഭൂരിപക്ഷത്തോട് കൂടി  ആണ് യു പി ഐ യെ അധികാരത്തില്‍ ഏറ്റിയത് എങ്കിലും കോമണ്‍ വെല്‍ത്ത്‌ അഴിമതിയും സ്പെക്ട്രം അഴിമതിയും ഫ്ലാറ്റ് കുംഭകൊണവും എല്ലാം ഭരണ വര്‍ഗത്തെ ജനങ്ങളില്‍ നിന്ന് അകറ്റിയിരിക്കുന്നു. ഇപ്പോള്‍ ഇതാ മറ്റൊരു വലിയ കുംഭകോണം, കല്‍ക്കരി കുംഭ കോണം. അതിലാകട്ടെ പ്രതി സ്ഥാനത്ത് സാക്ഷാല്‍ മന്‍മോഹന്‍ സിംഗും. ശരിയായ തീരുമാനങ്ങള്‍ എടുക്കുവാന്‍ ത്രാണിയില്ലാത്ത ഒരു സര്‍ക്കാര്‍ ആണ് ഭരിക്കുന്നത് എന്ന ഒരു തോന്നല്‍ അവര്‍ തന്നെ ജനങ്ങള്‍ക്ക്‌ ഉണ്ടാക്കി കൊടുത്തു കൊണ്ടിരിക്കുന്നത്. ആര്‍ജ്ജവമുള്ള  നേതാക്കന്മാരുടെ കുറവാണ് ഇതിനു പ്രധാന കാരണം. മുന്നണിയിലെ ഘടക കക്ഷികളുടെ തന്‍പോരിമയും സമ്മര്‍ദ്ദങ്ങളും സര്‍ക്കാറിനെ ദുര്‍ബലപ്പെടുത്തുന്ന കാഴ്ചകള്‍ ആണ് നാം ദിവസേന കാണുന്നത്.
 
2014 - ലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വത്തെ കുറിച്ച് ഒരു അന്വേഷണം നടത്തുകയായിരുന്നു ഞാന്‍.,. പ്രായാധിക്യം കാരണം മന്‍ മോഹന്‍ സിംഗ് ഇനി ഒരു  സര്‍ക്കാറിനെ നയിക്കുവാന്‍ ഉണ്ടാകില്ല. രണ്ടാമനായി കണ്ടിരുന്ന പ്രണാബ് മുക്കര്‍ജി പ്രസിഡന്റ്‌ ആയി. എല്‍ കെ അദ്വാനി മുഖ്യ ധാര രാഷ്ട്രീയത്തില്‍ നിന്ന് മറഞ്ഞു പോയി, പ്രായവും  ഒരു ഘടകം ആണ് അദേഹത്തിന്.
ഇന്ത്യയില്‍ പ്രധാന മന്ത്രി സ്ഥാനം വഹിക്കുവാന്‍ കഴിയും ആര്‍ജ്ജവവും ഉള്ള എത്ര നേതാക്കള്‍ ഇന്നുണ്ട്? പ്രധാനമന്ത്രി ക്കുപ്പായം ധരിക്കുവാന്‍ അനേകര്‍ മുന്നോട്ടു വരുന്നുണ്ട് എങ്കില്‍ പോലും അവരെ അംഗീകരിക്കുവാന്‍ ഇന്ത്യന്‍ മനസുകള്‍ സന്നദ്ധമാണോ? ഒരു അന്വേഷണം നടത്തുവാന്‍ ഒരു ചെറിയ ശ്രമം നടത്തി നോക്കി. നേരില്‍ കണ്ടവരോട്, അവരുടെ ഭാഷയോ, സംസ്കാരമോ, ജോലിയോ അങ്ങനെ  ഒന്നും അന്വേഷിക്കാതെ എല്ലാവരോടും ചോദിച്ചത് ഒരേ ചോദ്യം മാത്രം. ഇതില്‍ ബുദ്ധി ജീവികള്‍, രാഷ്ട്രീയക്കാര്‍, പത്രപ്രവര്‍ത്തകര്‍, ടാക്സി ഡ്രൈവര്‍മാര്‍ തുടങ്ങി ജീവിതത്തിന്റെ എല്ലാ തുറകളിലും ഉള്ളവര്‍ ഉണ്ടായിരുന്നു. എല്ലാവരോടയൂം ചോദിച്ചത് ഈ ചോദ്യം ആയിരുന്നു. ഇന്ത്യ ഭരിക്കാന്‍ യോഗ്യരായ, അല്ലെങ്കില്‍ ഇന്ത്യയില്‍ അധികാര സ്ഥാനത്ത് വരുവാന്‍ പ്രാപ്തിയുള്ള അഞ്ചു നേതാക്കളുടെ പേരുകള്‍ പറയുക, എന്ന വളരെ ചെറിയ ഒരു ചോദ്യം? രാഷ്ട്രീയ പാര്‍ട്ടികള്‍ ഇവിടെ പ്രസക്തം അല്ല, നേതാക്കളുടെ പേരുകള്‍ ആണ് പ്രസക്തം എന്നും പറയുകയുണ്ടായി. സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ പോലും ഇതേ ചോദ്യം ചോദിച്ചിരുന്നു എങ്കില്‍ കൂടി ഫലം നിരാശാജനകം ആയിരുന്നു.
 
വളരെ ഞെട്ടിപ്പിക്കുന്നതായിരുന്നു ഉത്തരങ്ങള്‍., നൂറ്റി ഇരുപതു കോടി ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ രാജ്യത്ത് അഞ്ചു പേരുടെ പേര് പോലും പറയുവാന്‍ മിക്കവര്‍ക്കും സാധിച്ചില്ല. ഉത്തരം പറഞ്ഞവര്‍ ഉയര്‍ത്തിക്കാട്ടിയ പേരുകള്‍ ഇവയൊക്കെ ആണ്. മുലായം സിംഗ് യാദവ്‌, മയാവതി, ജയലളിത, നിതിഷ്‌ കുമാര്‍, നവീന്‍ പട്നായിക്‌, നരേന്ദ്ര മോഡി, രാഹുല്‍ ഗാന്ധി, സുഷില്‍ കുമാര്‍ ഷിന്‍ഡ, മീരാ കുമാര്‍, ഷീല ദീക്ഷിത്, സുഷമ സ്വരാജ്, അരുണ്‍ ജൈറ്റിലി, സിതാറാം യെച്ചൂരി, ദിഗ് വിജയ്‌ സിംഗ്, എ കെ ആന്റണി. വളരെയധികം പ്രാദേശികം ആയി മാത്രം ചിന്തിക്കുന്നവരോ, ഒരു പ്രദേശത്തോ, ഒരു സമുദായത്തെയോ മാത്രം പ്രതിനിധീകരിക്കുന്നവാരോ  ആണ് ഇവരില്‍ പലരും. ഇവരില്‍ ചിലര്‍ക്കൊക്കെ, തങ്ങള്‍ ഭരിക്കുന്ന സംസ്ഥാനത്തിനപ്പുറം ഇന്ത്യ ഉണ്ടോ എന്നുപോലും സംശയിക്കുന്നവര്‍, . ചരന്‍ സിംഗും ദേവ ഗൌഡയും വരെ പ്രധാനമന്ത്രിമാര്‍ ആയിരുന്ന നമ്മുടെ നാട്ടില്‍ ഇവര്‍ക്കും പ്രധാനമന്ത്രി ആകുവാന്‍ സാധ്യത ഉണ്ട്. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ വിവിധ ഭാഷകള്‍ സംസാരിക്കുന്ന, വിവിധ ജാതി മത വിഭാഗങ്ങള്‍ ഒന്നിച്ചു തിങ്ങി പാര്‍ക്കുന്ന ഇന്ത്യയില്‍ , എല്ലാ ജന വിഭാഗങ്ങള്‍ക്കും അംഗീകരിക്കുവാന്‍ കഴിയുന്ന എത്ര നേതാക്കള്‍ ഇക്കൂട്ടത്തില്‍ ഉണ്ട് എന്നത് എല്ലാവരിലും ഉത്കണ്ഠ ജനിപ്പിക്കുന്ന ഒന്നാണ്.

ഡല്‍ഹിയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ പറഞ്ഞു കേള്‍ക്കുന്ന പേരുകളില്‍ പ്രധാനമായത് കോണ്‍ഗ്രസില്‍ നിന്നു  പഴയ മധ്യപ്രദേശ്‌ മുഖ്യമന്ത്രിയും ഇപ്പോള്‍ രാഹുലിന്‍റെ വിശ്വസ്തന്‍ ആയി ഉത്തര്‍ പ്രദേശില്‍ പാര്‍ട്ടിയുടെ ചുക്കാന്‍ പിടിക്കുന്ന ദിഗ് വിജയ്‌ സിംഗ് ആണ്. സംഘ പരിവാരിനെയും ബി ജെ പി , ആര്‍ എസ് എസ് പ്രസ്ഥാനത്തെയും കടന്നാക്രമിക്കുന്ന ദിഗ് വിജയ്‌ സിംഗ് , മത ന്യൂനപക്ഷങ്ങളുടെ വോട്ടു ബാങ്കുകളിലെ കോണ്‍ഗ്രസിന്റെ സ്വപ്നം ആണ്. അതുവഴി ഇടതു പക്ഷത്തിനെ വോട്ടിലും കോണ്‍ഗ്രസ്‌ കണ്ണ് വയ്ക്കുക ആണ്. ഒരു കാലത്ത് പ്രധാനമാന്ത്രിക്കസേരയ്ക്ക് മുന്നില്‍ നിന്ന നരേന്ദ്ര മോഡിയും രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രി ആവുക ഇപ്പോള്‍ അതില്‍ നിന്ന് വളരെ വിദൂരത്തു ആണ്. രാഹുല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് വരില്ല എന്ന് തോന്നല്‍ ശക്തമായതോട് കൂടി, പ്രിയങ്ക വദേരയെ വീണ്ടും ഉയര്‍ത്തിക്കാട്ടാന്‍ കോണ്‍ഗ്രസിലെ ഉപജാപക സംഘം മുന്നോട്ടു വന്നിരിക്കുന്നതും ശ്രദ്ധയോടെ നോക്കി കാണേണ്ടതുണ്ട്.
ബി ജെ പിയിലെ പടലപ്പിണക്കങ്ങള്‍ അരുണ്‍ ജയിട്ടിലിയുടെയും സുഷമ സ്വരാജിന്റെയും പ്രതീക്ഷകള്‍ തല്ലിക്കെടുത്തുക ആണ് ചെയുന്നത്. ബീഹാര്‍ സംസ്ഥാനം ഭരിക്കുന്ന നിതീഷ്‌ കുമാര്‍ ആയിരിക്കാം ഒരു പക്ഷെ നേതൃത്വത്തില്‍ വരാന്‍ സാധ്യതയുള്ള ഒരു നേതാവ്. ബി ജെ പി യും ആയി കുറേശ്ശെ അകന്നു കഴിയുന്ന ഇദേഹത്തെ ഒരു പക്ഷെ കോണ്‍ഗ്രെസ് പ്രധാന മന്ത്രി സ്ഥാനത്ത്യ്ക്ക് പിന്തുണച്ചു കൂടായ്കയില്ല. ഇക്കാര്യം ബി ജെ പി യും ഗൌരവം ആയി കണ്ടു, അവരുടെ സ്ഥാനാര്‍ഥി ആയി നിതീഷ്‌ കുമാറിനെ പ്രഖ്യാപിക്കാനും സാധ്യത ഉണ്ട്.
 
 എന്തൊക്കെ ആണെങ്കിലും ദൂരക്കാഴ്ച്ചകള്‍ ഇല്ലാത്ത ചുരുക്കം ചില നേതാക്കളില്‍ ചുറ്റിത്തിരിയുക ആണ് ഇന്ത്യന്‍ രാഷ്ട്രീയം എന്ന് പറയാതെ വയ്യ. 2014 ലെ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഒരു മുന്‍തൂക്കം ഇല്ലാതെ വരികയും പ്രാദേശിക നേതൃത്വങ്ങള്‍ സര്‍ക്കാരിനെ നയിക്കുകയും ചെയുന്ന ഒരു അസ്ഥിര ഭരണത്തിനു ശേക്ഷം വീണ്ടും 2016 ല്‍ മറ്റൊരു തെരഞ്ഞെടുപ്പ് ഇന്ത്യയില്‍ ഉണ്ടാവും എന്നാണ് രാഷ്ട്രീയ വിശാരദന്മാരുടെ കണക്ക് കൂട്ടല്‍.,.
 
വാല്‍ക്കഷണം.
--------------------
ഇന്ത്യയെ നേരായ മാര്‍ഗത്തില്‍ നയിക്കാന്‍ കഴിവുള്ള നേതാക്കളുടെ അഭാവം ആണ്, അരാഷ്ട്രീയ ശക്തികള്‍ക്ക് ഇന്ത്യയില്‍ ഇടം കണ്ടെത്തുവാന്‍ അവസരം ഒരുക്കിയത്. ഭരണ പക്ഷവും പ്രതിപക്ഷവും എന്നല്ല, എല്ലാ രാഷ്ട്രീയ കക്ഷികളും അഴിമതിയില്‍ മുങ്ങി നില്‍ക്കുന്നു എന്ന സന്ദേശം പ്രചരിപ്പിക്കുവാന്‍ സാമ്ബ്രാജിത്വ ശക്തികളുടെ പിന്തുണയോടെ അണ്ണാ ഹാസരെയും സ്വാമി രാംദേവും ഉള്‍പ്പെടുന്ന സംഘങ്ങള്‍ക്ക് കഴിഞ്ഞു. നേതൃത്വത്തില്‍ വലിയ ഒരു വിടവ് ഉണ്ടായത് കാരണം ആണ് ഇവര്‍ക്ക് ഇതിനൊക്കെ സാധ്യമായത്. തുടക്കത്തില്‍ വലിയ കോളിളക്കങ്ങള്‍ ഉണ്ടാക്കിയ അണ്ണാ ഹസാരെയും സംഘവും ജനങ്ങളില്‍ നിന്ന് അകന്നു പോകുന്നു എന്നൊരു തോന്നല്‍ ആണ് കഴിഞ്ഞ സമരത്തില്‍ കണ്ടത്.  എങ്കിലും രാംദേവിന് അണ്ണാ ഹസാരയേക്കാള്‍ ചലനം സൃഷ്ടിക്കുവാന്‍ കഴിഞ്ഞു എന്നത് എടുത്തു പറയേണ്ടത് ആണ്. രാം ദേവിന്‍റെ സമരപ്പന്തലില്‍ മുലായം സിംഗ് യാദവ്‌, മായാവതി, ജനതാദള്‍ യു , ബിജു ജനതാദള്‍, തെലുങ്ക് ദേശം, എ ഐ എ ഡി എം കെ, തുടങ്ങിയ പാര്‍ട്ടികളുടെ നേതാക്കള്‍ സന്നിഹീതരായിഒരുന്നത് ജനങ്ങളില്‍ ആശങ്കയും അമ്പരപ്പും ഉളവാക്കുന്നു. കള്ളപ്പണം ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടു വരണം എന്ന് പ്രസംഗിക്കുന്ന ഇദേഹവും ഇന്ത്യക്ക് പുറത്തു കോടിക്കണക്കിനു ഡോളര്‍ ഉപയോഗിച്ച് ബിസിനസ് നടത്തുന്ന സ്വാമി ആണ് എന്നതു ഏറ്റവും കൌതുകകരം ആണ്. 

Saturday, 4 August 2012

വരാന്‍ പോകുന്നത് വിലക്കയറ്റത്തിന്റെയും വറുതിയുടെയും നാളുകള്‍


ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ്, ആദ്യം ഒമാനില്‍ വിമാനമിറങ്ങുമ്പോള്‍ സഹ പ്രവത്തകര്‍ പറഞ്ഞു.. ഇവിടെ ചൂട് വളരെ കൂടുതല്‍ ആണ്, പക്ഷെ അത് 50 ഡിഗ്രീ സെന്റി ഗ്രേഡിന് മുകളില്‍ പോയാല്‍ രാജ്യം അവധി പ്രഖ്യാപിക്കും എന്നും. പക്ഷെ ഒരിക്കലും സര്‍ക്കാറിന്റെ ഉഷ്ണ മാപിനി 50 ഡിഗ്രീ  ചൂട് രേഖപ്പെടുത്തി കണ്ടില്ല. പക്ഷെ ഒരിക്കല്‍ അവിടെ കാര്‍ഷിക രംഗത്ത് ജോലി ചെയുന്ന കാലത്ത് ഞങ്ങളുടെ തോട്ടത്തില്‍ ഓരോ മണിക്കൂറിലും എടുക്കുന്ന ഡാറ്റയില്‍ ഒന്ന് രണ്ടു തവണ ചൂട്‌ 50 ഡിഗ്രീ  കടക്കുകയും, അക്കാര്യം എം ഡി യെ അറിയിക്കുകയും ചെയതപ്പോള്‍ രാവിലെ പത്തു മണി മുതല്‍ നാല് മണി വരെ ആരെയും ജോലിക്ക് ഇറക്കാതിരിക്കുകയും ചെയ്തു.

ഇന്നിപ്പോള്‍ ഗള്‍ഫിലാകമാനം ചൂട് ക്രമാതീതമായി ഉയര്‍ന്നു കൊണ്ടിരിക്കുന്നു. ഗള്‍ഫില്‍ പല ഭാഗത്തും ഉഷ്ണമാപിനി 50 ഡിഗ്രീക്ക് മുകളില്‍, ചില സ്ഥലങ്ങളില്‍ അത് 55 ഡിഗ്രിക്ക് മുകളില്‍ ആയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഒരു രാജ്യവും ചൂട് കൂടി എന്നതിനാല്‍ അവധി കൊടുത്തിട്ടില്ല എന്നതും ശ്രദ്ധേയം. യു എ യിലും മറ്റു രാജ്യങ്ങളിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന തൊഴിലാളികള്‍ക്ക് ഉച്ചക്ക്‌ പന്ത്രണ്ടു മുതല്‍ മൂന്നു മണി വരെ ഒഴിവു സമയം പ്രഖ്യാപിച്ചിരിക്കയാണ്. ജൂണ്‍ മുത ആഗസ്റ്റ്‌ വരെ ആണ് ഈ ഉച്ചക്ക് നിര്‍ബന്ധിതമായ അവധി കൊടുക്കുന്നത്. 


കേരളത്തിലും ഇന്ത്യ ഒട്ടുക്കും വരള്‍ച്ച രൂക്ഷമാവുകയാണ്. നമുക്ക് ലഭിക്കേണ്ട മഴയുടെ നാല്പതു ശതമാനത്തോളം കുറവാണ് ഈ വര്ഷം കിട്ടിയത്. കേരളം മാത്രം അല്ല, നോര്‍ത്ത്‌ ഈസ്റ്റ്‌ ഒഴികെ മറ്റു എല്ലായിടത്തും മഴയുടെ അളവ് വളരെ കുറഞ്ഞിരിക്കുന്നു. പ്രത്യേകിച്ച് കൃഷിയെ ആശ്രയിക്കുന്ന, കര്‍ണാടക, മഹാ രാഷ്ട്ര, രാജസ്ഥാന്‍, ആന്ധ്ര, മധ്യ പ്രദേശ് എന്നിവിടങ്ങളില്‍ വരള്‍ച്ച അതീവ രൂക്ഷം ആണ്. പസിഫിക് സമുദ്രത്തില്‍ ഉണ്ടാകുന്ന എല്‍ നീനോ എന്ന പ്രതിഭാസം ആണ് ഇങ്ങനെ ക്രമാതീതം ആയി ചൂട്‌ കൂടുവാന്‍ കാരണം. ആഗസ്റ്റ് മാസം മുതല്‍ ഡിസംബര്‍ വരെയും മഴ കുറവായിരിക്കും എന്നാണു കാലാവസ്ഥ പ്രവചനങ്ങള്‍.,  ഭൂഗര്‍ഭ ജലത്തെയും നദികളെയും  മാത്രം ആശ്രയിക്കുന്ന രാജ്യം ആണ് ഇന്ത്യ. മഴയുടെ അളവ് കുറഞ്ഞാല്‍ കുടിവെള്ളം ലഭ്യത കുറയുകയും അത് മനുഷ്യരെയും കൃഷിയും മറ്റു ജീവജാലങ്ങളെയും സാരമായി ബാധിക്കും.

കേരളത്തിലോ ഇന്ത്യയിലോ, ഗള്‍ഫിലോ മാത്രമല്ല, ലോകം മുഴുവന്‍ വല്ലാത്ത വരള്‍ച്ചയുടെ നടുവില്‍ ആണ്. പാക്കിസ്ഥാനിലും ഏഷ്യയിലും  ആഫ്രിക്കയിലും, അമേരിക്കയിലും വരള്‍ച്ച വളരെ കടുത്ത രീതിയില്‍ തുടരുകയാണ്. അമേരിക്കയിലെ  കടുത്ത വരള്‍ച്ച കാരണം ഭക്ഷ്യ വസ്തുക്കളുടെ വിലയില്‍ ഭയങ്കരമായ കുതിച്ചു ചാട്ടം ആണ് കഴിഞ്ഞ ഒരു മാസത്തിനകത്ത് ഉണ്ടായത്. ഗോതമ്പ്‌, ചോളം തുടങ്ങിയവയുടെ വില പ്രവചനങ്ങള്‍ക്ക് അതീതമായി കുതിച്ചുയരുകയാണ്.
കൃഷിയിടങ്ങള്‍ തരിശാകുകയും ജല ലഭ്യത കുറയുകയുയും  ചെയ്‌താല്‍ വിലക്കയറ്റം വളരെ ഉയരുവാന്‍ സാധ്യത ഉണ്ട്. ലോകത്തില്‍ എവിടെ എങ്കിലും ഭക്ഷ്യ ലഭ്യത കുറഞ്ഞാല്‍ ആഗോളതലത്തില്‍ വിലയില്‍ അത് പ്രതിഫലിക്കും. 2009 ല്‍ കനത്ത വരള്‍ച്ച കാരണം ഇന്ത്യ അത്യാവശ്യ സാധങ്ങള്‍ ഇറക്ക്മതി ചെയ്തപ്പോള്‍ ഭക്ഷ്യ വില ഗണ്യമായി ഉയര്‍ന്നത് നാം  കണ്ടത് ആണ്. എന്നാല്‍ വരള്‍ച്ച കാരണം, ഇന്ത്യക്ക് പുറമേ പാക്കിസ്ഥാന്‍ , അമേരിക്ക തുടങ്ങിയ രാജ്യങ്ങളും  ഇറക്കുമതിയെ കൂടുതല്‍ ആശ്രയിക്കേണ്ടി വരും. അതിനാല്‍ ഈ വര്ഷം വില ക്രമാതീതമായി ഉയരുവാന്‍ സാധ്യത ഉണ്ട്. ഇന്ത്യയുടെ സാമ്പത്തീക വളര്‍ച്ചയും അഞ്ചില്‍ താഴെ ആകുവാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല. 


 

ചൈന, റഷ്യ, യൂറോപ്പ്, വടക്ക് കിഴക്കന്‍ പ്രദേശങ്ങള്‍ മഴ അധികമായി വെള്ളപ്പൊക്കം കാരണം പല കൃഷിയിടങ്ങളും ഒലിച്ചു പോവുകയും കൃഷി നശിക്കുകയും ചെയ്തതും ആഗോള വിപണിയില്‍ ഭക്ഷ്യ വില കൂടുവാന്‍ കാരണമാകും എന്നതും എടുത്തു പറയേണ്ടതായി വരും. ഒരു വശത്തു കഠിന വരള്‍ച്ച മൂലവും മറു വശത്തു മഴയും വെള്ളപ്പൊക്കവും കാരണവും ആകും ഭക്ഷ്യ മേഖല തകരുന്നത്. പക്ഷെ കാലാവസ്ഥയുടെ ഈ മാറ്റങ്ങള്‍ കാരണം ബുദ്ധിമുട്ടുക ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ  ജനങ്ങളും.

വലിയ വരള്‍ച്ച നമ്മുടെ രാജ്യത്തെ ഉറ്റു നോക്കുമ്പോള്‍, സര്‍ക്കാരില്‍ മാത്രം ആശ്രയിക്കാതെ , അല്ലെങ്കില്‍ വിലക്കയറ്റത്തിന് സര്‍ക്കാരിനെ മാത്രം കുറ്റം പറയാതെ, ഓരോ പൌരനും തന്നാല്‍ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യുവാന്‍ ശ്രമിക്കണം. ഒരു തുള്ളി വെള്ളം പോലും പാഴാക്കാതിരിക്കാനും, വെള്ളത്തിനു ജീവന്‍റെ വില ആണുള്ളത് എന്നറിഞ്ഞു സൂക്ഷിച്ചു ഉപയോഗിക്കുവാനും നമ്മള്‍ ശ്രദ്ധ ചെല്‍ത്തെണ്ടത് ആണ്. നമ്മുടെ കൃഷിയിടങ്ങള്‍ തരിശിടാതെ, കഴിയുന്നതും പച്ചക്കറികള്‍ എങ്കിലും ഉല്പാദിപ്പിക്കുകയും അങ്ങനെ വിലക്കയറ്റത്തെ പിടിച്ചു നിറുത്തുവാന്‍ നമ്മളാല്‍ കഴിയുന്നത് നമ്മള്‍  ചെയ്യുകയും വേണം. നമ്മുടെ വികസന പ്രക്രിയകള്‍ തുലോം ഹ്രസ്വകാല പദ്ധതികളും അത് പാരിസ്ഥിതികമായ അസന്തുലനം സൃഷ്ടിക്കുന്നതും ആണ്. കാടുകള്‍ വെട്ടി വെളുപ്പിക്കുന്നത്, മലകളും കുന്നുകളും ഇടിച്ചു നിരത്തുന്നത്. കായലുകളും നെല്‍വയലുകളും നിരത്തുന്നത്. നീര്‍ത്തടങ്ങള്‍ വറ്റി വരണ്ടു പോകുന്ന കാര്യം എന്ത് കൊണ്ട് നാം അറിയുന്നില്ല. നമ്മുടെ വികസന പ്രക്രിയകള്‍ പാരിസ്ഥിതിക്ക് അനുയോജ്യം അല്ല എങ്കില്‍ അതിനെതിരെ ഒറ്റക്കെട്ടായി നിന്ന് ചെറുക്കുവാന്‍ ഉള്ള കടമ ഓരോ പൌരന്റെതും ആണ് എന്ന ഉത്തമ ബോധ്യം ഓരോരുത്തര്‍ക്കും ഉണ്ടായിരിക്കുകയും അതനുസരിച്ച് ഓരോരുത്തരും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതം ആണ്. അവസാനത്തെ മരവും വീണു കഴിഞ്ഞു, അവസാനത്തെ ശ്വാസവും നിലച്ചു കഴിഞ്ഞു നമുക്ക് യാതൊന്നും ചെയ്യുവാന്‍ കഴിയില്ല.

Wednesday, 1 August 2012

സ്വീഡനിലെ ഹെല്‍സിംഗ് ബോർഗില്‍



സ്വീഡനിലെ അതി മനോഹരമായ വളരെ ചെറിയ ഒരു തുറമുഖ നഗരം ആണ് ഹെല്‍സിംഗ് ബോര്‍ഗ്. ഏകദേശം ഒരു ലക്ഷത്തില്‍ താഴെ മാത്രം ആണിവിടുത്തെ ജനസംഖ്യ. സ്വീഡന്‍റെ തെക്ക് ഭാഗത്തായി,ഡെന്‍മാര്‍ക്കിനോട് വളരെ അടുത്തു കാണുന്ന ശാന്തമായ നഗരം. ഹെല്സിംഗ്ബോര്‍ഗില്‍ നിന്ന് നോക്കിയാല്‍ നാല് കിലോമീറ്റര്‍ അപ്പുറം ഉള്ള ഡെന്മാര്‍ക്കിലെ ഹെല്സിങ്ങോര്‍ എന്ന പട്ടണം കാണാം.
ആയിരം വര്‍ഷത്തിലധികം ചരിത്രം ഉണ്ട് ഈ കൊച്ചു പട്ടണത്തിന്. ഹെല്സിംഗ്ബോര്‍ഗിനെ ചൊല്ലി, ഡെന്‍ന്മാര്‍ക്കും സ്വീഡനും പല പ്രാവശ്യം യുദ്ധങ്ങള്‍ നടത്തിയിട്ടുണ്ട്. ചരിത്രത്തിന്‍റെ തിരുശേക്ഷിപ്പുകള്‍ ആയി കല്ലുകള്‍ കൊണ്ടുള്ള വലിയ പള്ളികളും യുദ്ധാനന്തരം നിര്‍മ്മിച്ച കോട്ടയും നവീന ശില്പകലയാല്‍ നിര്‍മ്മിച്ച കെട്ടിടങ്ങളും കൊണ്ട് അലംകൃതമാണ് ഹെല്സിങ്ങ്ബോര്‍ഗ് എന്ന ഈ കൊച്ചു സുന്ദരി. അനേകം യുദ്ധങ്ങള്‍ക്കൊടുവില്‍ 1770 ല്‍ ആണ് ഹെല്സിങ്ങ്ബോര്‍ഗ് ഇന്നത്തെ നിലയില്‍ പൂര്‍ണ്ണമായും സ്വീഡന്റെ അധീനതയില്‍ ആകുന്നതു. പിന്നീടങ്ങോട്ട് വളര്‍ച്ചയുടെ ചരിത്രമേ ഈ കുഞ്ഞു പട്ടണത്തിനു പറയുവാനുള്ളൂ...
മറ്റു യൂറോപ്യന്‍ പട്ടണങ്ങളും ആയുള്ള നെറ്റ് വര്‍ക്ക് ആയാണ് സ്വീഡനിലേക്ക് ചരക്കു നീക്കത്തിനു ഈ തുറമുഖത്തെ കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത്. സ്വീഡനിലേക്ക് കടല്‍ മാര്‍ഗം വരുന്ന ചരക്കുകള്‍ ഹെല്സിംഗ് ബോര്‍ഗില്‍ നിന്നാണ് മറ്റു പട്ടണങ്ങളിലേക്ക് പോകുന്നത്. അതിനാല്‍ ഗതാഗത വ്യവസായം ഇവിടെ വലിയ വളര്‍ച്ച ആണ് നേടിയിരിക്കുന്നത്.
പക്ഷികളുടെ കളകളാരവം കേട്ടാണ് അതിരാവിലെ ഉറക്കം ഉണര്‍ന്നത്, അതോടൊപ്പം നേര്‍ത്ത സൂര്യ പ്രകാശവും മുറിയിലേക്ക്... പക്ഷികളുടെ ശബ്ദം കേട്ടപ്പോള്‍, ഒരല്പ സമയത്തേക്ക്, ഞാന്‍ നാട്ടില്‍ എത്തപ്പെട്ടത്‌ പോലെ. തലേന്ന്, എയര്‍ കണ്ടീഷന്‍ ഓണ്‍ ചെയ്യാന്‍ പറഞ്ഞപ്പോള്‍ ജനല്‍ തുറന്നിട്ട്‌ പോയ റിസപ്ഷണിസ്റ്റ് കാരണം ആണ്, അതിരാവിലെ ഈ കളകളനാദം കേള്‍ക്കുവാന്‍ എനിക്ക് അവസരം കിട്ടിയത്. ചുമരിലെ ക്ലോക്കില്‍ ഇപ്പോള്‍ സമയം അഞ്ചു മണി ആയതെ ഉള്ളൂ... ഉറക്കം കണ്ണുകളില്‍ നിന്നകന്നു പോയിരിക്കുന്നു. അതിരാവിലെ കുറെ നടക്കണം.
യാത്രയുടെ തലേ ദിവസം ആണ്, ബ്ലഡ്‌ ടെസ്റ്റ്‌ നടത്തിയതിന്‍റെ റിപ്പോര്‍ട്ട് കിട്ടിയത്. ഷുഗര്‍, കൊലെസ്ട്രോള്‍ ലെവല്‍ ഒക്കെ അതി ഭീമമാം വിധം കൂടിയെന്നും അതിനാല്‍ യാത്ര പോലും റിസ്ക്‌ ആണ് എന്നും ഡോക്ടര്‍ പറഞ്ഞിരിക്കുന്നു... എനിക്ക് ആ റിപ്പോര്‍ട്ട് ഒരിക്കലും വിശ്വാസ യോഗ്യം ആയിരുന്നില്ല, കാരണം ഇതിനു മുന്‍പ് നടത്തിയ ടെസ്റ്റുകളില്‍ എപ്പോഴും എന്‍റെ റിപ്പോര്‍ട്ടുകള്‍ നോര്‍മല്‍ ആയിരുന്നു. എന്തായാലും രണ്ടാമതൊരു ടെസ്റ്റിനുള്ള സമയവും ഇല്ല. അതിനാല്‍ എക്സര്‍സൈസ് എടുക്കേണ്ടതിന്റെ ആവശ്യകതെയെ കുറിച്ച് ഭാര്യ പറഞ്ഞ കാര്യങ്ങള്‍ എനിക്കും ബോധ്യപ്പെട്ടു തുടങ്ങി. ഡോക്ടര്‍ തന്ന മരുന്ന് ഭാര്യ അറിയാതെ സ്നേഹ പൂര്‍വം നിരസിക്കുകയും അതിനു പകരമായി ഇങ്ങനെ എകസ്ര്‍സൈസ് ചെയുന്നതിലൂടെ മാത്രമേ പരിഹരിക്കപ്പെടുകയുള്ളൂ എന്നും ഒരു തോന്നല്‍ . പക്ഷെ ജീവിതത്തില്‍ ഇന്ന് വരെ ഒരു എക്സര്‍സൈസും ചെയ്തിട്ടില്ല. നടത്തം പോലും പരമാവധി ഒഴിവാക്കിയിരിക്കുന്ന ഞാന്‍ എന്തായാലും ഹെല്‍സിംഗ്ബോര്‍ഗില്‍ വന്നു നടക്കുവാന്‍ തീരുമാനിച്ചു. നടത്തത്തിന്റെ തുടക്കം ഇവിടെ ആകട്ടെ.

അഞ്ചു മണി ആയതെ ഉള്ളു എങ്കിലും നല്ല വെളിച്ചം. നഗരം വളരെ ശാന്തം. ഒച്ചയനക്കം ഒന്നും ഇല്ല. അപരിചിതമായ നഗരവും അതിലെ നിരത്തുകളും. അപൂര്‍വമായി മാത്രം വാഹനങ്ങള്‍ കടന്നു പോകുന്നു. തദ്ദേശിയരായ ചില ജോലിക്കാര്‍ നഗരം ശുചിയാക്കുന്ന തിരക്കില്‍ ആണ്. പത്തു ഡിഗ്രി തണുപ്പ് ആണ്. നല്ല കുളിര്... ഹോട്ടലിനു പുറത്തിറങ്ങിയപ്പോള്‍ മുകളിലായി ഒരു കോട്ട. എന്തായാലും നിരത്തുകളിലൂടെ നടന്നു.. മുന്നോട്ടു പോകുമ്പോള്‍ ചെറിയ കേടിടങ്ങള്‍, കച്ചവട സ്ഥാപനങ്ങളും വീടുകളും. നമ്മുടെ നഗരങ്ങളില്‍ ഉള്ളതിനേക്കാള്‍ വളരെ ചെറിയ കേട്ടിടങ്ങള്‍. വളരെ പഴയ കെട്ടിടങ്ങള്‍ ആണ് എങ്കിലും അവയെല്ലാം മനോഹരമായി സംരഷിച്ചിരിക്കുന്നു. കുറച്ചു ദൂരം നടന്നപ്പോള്‍ മനോഹരമായി പരിപാലിക്കുന്ന പാര്‍ക്കുകള്‍ കാണാം. മതത്തിന്‍റെ അതി പ്രസരം ഏറ്റവും കുറഞ്ഞ രാജ്യങ്ങളില്‍ ഒന്നാണ് സ്വീഡന്‍. അതിനാല്‍ ആകും പള്ളികള്‍ ഇവിടെ വളരെ കുറവാണ് മറ്റു യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ചു. ലൂഥറന്‍ വിശ്വാസം ആണ് ഇവിടത്തുകാരുടെ മതം. ഇപ്പോള്‍ ആരും ഈ മത വിശ്വാസങ്ങള്‍ ഒന്നും അന്ധമായി അനുകരിക്കുന്നില്ല. നടന്നു നടന്നു ഞാന്‍ പട്ടണത്തിന്‍റെ മറു വശത്തു എത്തി. അവിടെ നിന്ന് വീണ്ടും തിരികെ നടന്നു. ഇപ്പോള്‍ ഞാന്‍ കടല്‍ പരപ്പില്‍ കൂടി ആണ് വരുന്നത്. വിരളമായി മാത്രം ചില ആളുകള്‍ ജോഗ്ഗിങ്ങിനു പോകുന്നു. പലയിനം പക്ഷികള്‍ ആകാശ നീലിമയില്‍ ചിറകിട്ടടിച്ചു പറന്നു പോകുന്നു... മനോഹരമായ കാഴ്ചകള്‍. ഒറ്റയ്ക്ക് നടക്കുന്നതിന്‍റെ മടിയാകാം, തിരികെ ഹോട്ടലിലേക്ക് നടന്നു. രാത്രിയില്‍ വന്നിറങ്ങിയ റെയിവേ സ്റ്റേഷന്‍ ഒന്ന് കൂടി കണ്ടു, അതിനടുത്തു ആണ് ചെറിയ തുറമുഖം. ചെറിയ കപ്പലുകളും ഫെറികളും ബോട്ടുകളും ആണ് അവിടെ. ഡെന്മാര്‍ക്കിലെ ഹെല്സിങ്ങോര്‍ എന്ന പട്ടണത്തില്‍ നിന്ന് സ്വീഡനിലെ ഹെല്‍സിംഗ്ബോര്‍ഗിലെക്കുള്ള നാല് കിലോമീറ്റര്‍ ദൂരം താണ്ടുന്ന ഫെറികളും യാത്രാ ബോട്ടുകളും ആണ് കൂടുതലും. ഹോളണ്ടിന്റെ തുറമുഖ നഗരമായി റോട്ടര്‍ഡാമില്‍ നിന്ന് നോര്‍ഡിക്‌ രാജ്യങ്ങളിലേക്ക് വരുന്ന ചരക്കുകളും എത്തുന്നത് ഇവിടെ ആണ്. അതിരാവിലെ ഈ കടല്‍ പരപ്പില്‍ ഒച്ചയനക്കം ഒന്നും ഇല്ല, കടലും തുറമുഖവും ശാന്തമാണ്. കടലില്‍ നിറുത്തിയിട്ടിയിരിക്കുന്ന ബോട്ടുകള്‍ പലതും രാത്രി ഭക്ഷണശാലകള്‍ ആണെന്ന് ബോധ്യപ്പെടുത്തുന്ന ബോര്‍ഡുകള്‍ വ്യക്തമാക്കുന്നു.


ഏഴു മണി ആയപ്പോള്‍ തന്നെ ഫ്രഷ്‌ ആയി, ഹോട്ടലില്‍ ബ്രേക്ക്‌ ഫാസ്റ്റ്‌ കഴിക്കുവാന്‍ ഇരുന്നു. വളരെ വിഭവ സമൃദ്ധമായ പ്രഭാത ഭക്ഷണം. പ്രഭാത ഭക്ഷണം ഹോട്ടല്‍ പാക്കേജിന്‍റെ കൂടെ ഉള്ളതായതിനാല്‍ ഒരു മണിക്കൂര്‍ അവിടെ ചിലവഴിച്ചു.
എട്ടു മണി ആയപ്പോഴേക്കു രോഹിത്‌ വന്നു. രോഹിത്‌ മഹാരാഷ്ട്രയിലെ പൂനയില്‍ നിന്നുള്ള ആള്‍ ആണ്. ഇന്ത്യന്‍ ഗ്രേപ്സ്, യൂറോപ്പില്‍ വിപണനം ചെയുന്ന ബിസിനസ് ആണ് രോഹിതിന്. കൃഷിക്കാര്‍ക്ക് പലര്‍ക്കും ഭാഷ അറിയാത്തതിനാലും വിദേശ രാജ്യങ്ങളിലെ കച്ചവടത്തില്‍ പരിചയം ഇല്ലാത്തതിനാലും രോഹിത്‌ മുഖേന ആണ് അവര്‍ കച്ചവടം ചെയുന്നത്. യൂറോപ്യന്‍ കച്ചവടക്കാര്‍ രോഹിതിന് കമ്മീഷന്‍ കൊടുക്കുന്നു. ഒരു ബ്രോക്കര്‍ പണി ആണ് രോഹിത്തിന്റെത്. ഒരു സാധാരണ മനുഷ്യന്‍. ഇന്നലെ ആണ് രോഹിത്‌ ബോംബെയില്‍ നിന്ന് ജെനീവ വഴി ഇവിടെ എത്തിയത്. രോഹിത് മറ്റൊരു ഹോട്ടലില്‍ ആണ് താമസം. ഞങ്ങള്‍ കുറെ നേരം വര്‍ത്തമാനം പറഞ്ഞിരുന്നപ്പോഴെക്ക് ടിക്കൂ കത്താരിയ എത്തി.
ടിക്കു കത്താരിയ പേര് കൊണ്ട് പഞ്ചാബി ആണ് എങ്കിലും ഇപ്പോള്‍ സ്വീഡിഷ്‌ നാഷണല്‍ ആണ്. ഒരു സ്വീഡിഷ്‌ വനിതയെ വിവാഹം കഴിച്ചു ഹെല്സിംഗ് ബോര്‍ഗില്‍ ജീവിക്കുന്നു. ടിക്കു ജോലി ചെയുന്ന ടോട്ടല്‍ പ്രൊഡ്യുസ് എന്ന കമ്പനിയില്‍ ഇമ്പോര്‍ട്ട് മാനേജര്‍ ആണ് . സ്കാന്‍ഡിനേവിയയിലെ ഏറ്റവും വലിയ പഴം പച്ചക്കറി വിപണനം നടത്തുന്ന ടോട്ടല്‍ പ്രൊഡ്യുസ് എന്ന കമ്പനിയില്‍ ആണ് ടിക്കൂ.. അവരുടെ പ്രധാന ഓഫീസ് ഹെല്സിംഗ് ബോര്‍ഗില്‍ ആണ്. ടിക്കുവിന്റെ വാഹനത്തില്‍ ഞങ്ങള്‍ ഓഫീസിലേക്ക് പോയി. അനേകം കൃഷിയിടങ്ങല്‍ക്കിടയിലൂടെ ആണ് ഞങ്ങള്‍ പോയത്. ശരിക്കും ഒരു നാട്ടിന്‍ പുറം. ഒടുവില്‍ ഒരു വലിയ മതില്‍ കെട്ടിന് അകത്ത് ഞങ്ങള്‍ എത്തി. അതി വിപുലമായ ഒരു ഓഫീസും വളരെ വലിയ ഗോഡൌണുകളും. അനേകം ട്രെയിലറുകളും കണ്ടെയ്‌ണറുകളും ട്രക്കുകളും പാര്‍ക്ക് ചെയ്തിരിക്കുന്നു. പല നാട്ടുകാരായ തൊഴിലാളികള്‍ അവിടെ ജോലി ചെയുന്നു. ടിക്കു ഞങ്ങളെ ഗോഡൌണ്‍ മുഴുവന്‍ ചുറ്റി കാണിച്ചു.
ലോകത്തിന്‍റെ എല്ലാ ഭാഗത്തും ഉള്ള പഴം പച്ചക്കറികളുടെ ഒരു വിപുല ശേഖരം. അവിടെ വലിയ റോബോട്ടുകള്‍ ആണ് പണി എടുക്കുന്നത്. ആദ്യമായിട്ടാണ് റോബോട്ടുകളെ നേരില്‍ കാണുന്നതും അവര്‍ ജോലി ചെയുന്നത് കാണുന്നതും. കമ്പ്യുട്ടര്‍ കൊടുക്കുന്ന ഓര്‍ഡര്‍ അനുസരിച്ച് ഓരോ വാഹനത്തിലെക്കും ആവശ്യമായ പഴ വര്‍ഗങ്ങള്‍ റോബോട്ടുകള്‍ ആണ് തൂക്കം നോക്കി ലോഡ്‌ ചെയുന്നത്. ടിക്കു പറഞ്ഞു, ജോലിക്കാരെ കിട്ടാന്‍ ഇല്ല, അത് മാത്രം അല്ല, ഈ റോബോട്ടുകള്‍ ഒക്കെ വളരെ വേഗത്തില്‍ യാതൊരു പിഴവും വരുത്താതെ ജോലി ചെയ്തു കൊള്ളും പോലും.
ഏകദേശം മുന്നൂറിലധികം പേര്‍ പണിയെടുക്കുന്ന ആ സ്ഥാപനത്തിലെ അംഗംങ്ങളോടൊപ്പം ആയിരുന്നു ഞങ്ങളുടെ ഉച്ച ഭക്ഷണം. സ്റ്റാര്‍ ഹോട്ടലുകളെ വെല്ലുന്ന ഭക്ഷണം ആണ് അവിടെ ഒരുക്കിയിരിക്കുന്നത്. ഭക്ഷണം കഴിഞ്ഞു ഞങ്ങളെ വീണ്ടും പട്ടണത്തിലേക്ക് കൂട്ടി കൊണ്ട് വന്നു. വരുന്ന വഴിയില്‍ ടിക്കുവിന്റെ വീടിനടുത്തായി വാഹനം പാര്‍ക്ക് ചെയ്തു ഞങ്ങളുമായി ബീച്ചു റോഡിലൂടെ നടന്നു.

വളരെ മനോഹരമായ കാലാവസ്ഥ. മഴക്കായി വേഴാമ്പല്‍ കാത്തിരിക്കുന്നത് പോലെ നല്ല സൂര്യ പ്രകാശത്തിനായി കാത്തിരുന്ന ജനങ്ങള്‍..,.  ഹെല്സിംഗ് ബോര്‍ഗ് പട്ടണം ഒന്നാകെ ആനന്ദ ലഹരിയില്‍ ആണ്. അവര്‍ ആ നല്ല കാലാവസ്ഥയെ എതിരെല്‍ക്കുവാന്‍ ഒന്നടങ്കം വെളിയില്‍ ഇറങ്ങിയിരിക്കയാണ്. ഒരു ഉത്സവ പ്രതീതി. വളരെ നാളുകള്‍ക്കു ശേക്ഷം ഉഷ്ണമാപിനി പതിനാറു ഡിഗ്രിക്ക് മുകളില്‍ എത്തിയിരിക്കുന്നതിന്റെ സന്തോഷത്തില്‍ ആണ് ആ നാട്ടിലെ ജനങ്ങള്‍, പ്രത്യേകിച്ചും സ്ത്രീകള്‍. തങ്ങളുടെ ഉടയാടകള്‍ എല്ലാം ഊരിയെറിഞ്ഞു അല്‍പ വസ്ത്ര ധാരികളായും പിറന്നപടിയും ബീച്ചില്‍ കാറ്റ് കൊള്ളുകയും കുളിക്കുകയും ചെയുന്ന സുന്ദരികള്‍.,  കണ്ണുകള്‍ അവിടെ നിന്ന് പറിച്ചെടുക്കാന്‍ കഴിയുന്നില്ല, എങ്കില്‍ കൂടി കൂടുതല്‍ വായി നോട്ടം നടത്തുക നമ്മുടെ സ്റ്റാറ്റസിനു മോശം അല്ലെ... നമ്മള്‍ മലയാളികള്‍ അല്ലെ... നമ്മുടെ ഡീസന്‍സി കാണിക്കേണ്ടേ... കൂട്ടത്തില്‍ പ്രായം കുറഞ്ഞവന്‍ ഞാന്‍ ആണെന്നു കൂടെയുള്ളവര്‍ ഒന്ന് മനസിലാക്കണ്ട... അവര്‍ രണ്ടു പേരും വലിയ സ്പീഡില്‍ ആണ് നടക്കുന്നത്... എന്തായാലും കണ്ണുകള്‍ക്ക്‌ നവ യവ്വനം പ്രധാനം ചെയുന്ന ആ യാത്ര വ്യത്യസ്ത അനുഭവം ആയിരുന്നു.


തിരികെ ഹോട്ടലില്‍ വന്നു, കുറച്ചു നേരം ഉറങ്ങി. ആറുമണിക്ക് ടിക്കുവും രോഹിതും വരും എന്നറിയിച്ചു. അവര്‍ വരുന്നതിനു മുന്‍പ് തന്നെ പട്ടണത്തിലെ ഗള്ളികളില്‍ കൂടെ കുറെ നേരം നടന്നു. ടിക്ക് ആണ് ആദ്യം വന്നത്. റെസ്റ്റോറന്റില്‍ ഇരുന്നു വീഞ്ഞ് നുകരുന്നതിനിടയില്‍ കോപ്പന്‍ ഗെഹനില്‍ നിന്ന് ടിക്കുവിന്റെ മറ്റൊരു സുഹൃത്തും വന്നിരുന്നു, ഡെന്മാര്‍ക്ക്കാരന്‍ ആയ് പീറ്റ്‌. പീറ്റിന്റെ നിര്‍ദ്ദേശ പ്രകാരം ആ റെസ്റ്റോറന്റിലെ വീഞ്ഞ് കുടി മതിയാക്കി ഞങ്ങള്‍ ചില ഗള്ളികള്‍ നടന്നു മറ്റൊരു റെസ്റ്റോറന്റില്‍ എത്തി... നമ്മുടെ നാട്ടില്‍ സാധാരണ കാണുന്ന ചെറിയ ഭക്ഷണശാലകള്‍ പോലുള്ള കടകളിലും അവിടെ മദ്യം സുലഭം ആണ്. വൈന്‍ ആണ് ആ നാട്ടുകാരുടെ ഇഷ്ട മദ്യം. വളരെ വ്യത്യസ്ത രുചിയുള്ള വീഞ്ഞ് ആദ്യം രുചിച്ചു നോക്കിയതിനു ശേക്ഷം ആണ് അവര്‍ വീഞ്ഞ് സെലക്ട്‌ ചെയുന്നത്. സന്ധ്യ ആകുന്നതോട് കൂടി റെസ്റ്റോറന്റുകള്‍ ഒഴികെ ഉള്ള എല്ലാ സ്ഥാപനങ്ങളും അടഞ്ഞു കിടക്കുന്നു. അതിനാല്‍ ജനങ്ങള്‍ എല്ലാം വീടുകളിലേക്ക് പോയിരിക്കുന്നു. പട്ടണം ഉറങ്ങിയ പ്രതീതി. റെസ്റ്റോറന്റുകള്‍ പോലും ഒന്‍പതു, പത്തു മണി കഴിയുമ്പോഴേക്ക് അടയ്ക്കുന്നു. എന്തായാലും നല്ല ഭക്ഷണവും വീഞ്ഞും ഒക്കെ ആയി ഹെല്‍സിംഗ്ബോര്‍ഗില്‍ രാത്രി ആഘോഷിച്ചു. രാവിലെ കോപ്പന്‍ ഗെഹനിലെക്കുള്ള യാത്രക്കായി ഞങ്ങളെ കൊണ്ട് പോകുവാന്‍ ടിക്കു എത്താം എന്ന് യാത്ര പറഞ്ഞു പിരിഞ്ഞു. വീഞ്ഞ് കുടിച്ചു മദോന്മത്തന്‍ ആയതിനാലാവണം കിടക്ക കണ്ടതെ ഉറക്കം കണ്ണുകളെ തഴുകി.
നന്നേ പുലര്‍ച്ചെ തന്നെ എഴുന്നേറ്റു. ശാന്തമായ തെരുവോരത്ത് കൂടി ഒരു മണിക്കൂര്‍ നടത്തം. തിരികെ വന്നപ്പോള്‍ ആണ് ഹോട്ടലിനു അരികെയുള്ള കുന്നിന്‍ മുകളിലെ കോട്ട യില്‍ ഒന്ന് കയറി നോക്കാം എന്ന് കരുതിയത്‌. കഴിഞ്ഞ ദിവസം ഇവിടെ കുറെ സന്ദര്‍ശകര്‍ കയറി പോകുന്നത് കണ്ടിരുന്നു. എന്തായാലും ചെങ്കുത്തായി കിടക്കുന്ന പടവുകള്‍ കയറി ഞാന്‍ മുകളില്‍ എത്തി. അതി മനോഹരമായ , അതി പുരാതനമായ കോട്ട. പതിനാലാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച കോട്ട ആണ് ഇതെന്നു രേഖകള്‍ സൂചിപ്പിക്കുന്നു. അന്ന് കടല്‍ ക്ഷോഭിക്കുമ്പോള്‍ ജനം അഭയം തേടുക ഈ കുന്നിന്‍ പുറത്തായിരുന്നു. പിന്നീട് സ്വീഡനും ഡെന്മാര്‍ക്കും ഈ പ്രദേശത്തിന് വേണ്ടി യുദ്ധം ചെയ്തപ്പോള്‍ സൈന്യം ഇവിടെ ആയിരുന്നു നിലയുറപ്പിച്ചിരുന്നത്. കുന്നിന്‍ മുകളില്‍ നിന്ന് നോക്കുമ്പോള്‍ ഹെല്‍സിംഗ്ബോര്‍ഗ് പട്ടണം മാത്രമല്ല, അങ്ങകലെ കടലിനപ്പുരത്തുള്ള ഡെന്മാര്‍ക്കിലെ ഹെല്സിങ്ങോര്‍ എന്ന പട്ടണവും കാണാം. കുന്നിന്‍ മുകളില്‍ വലിയ വൃക്ഷത്തപ്പുകള്‍ക്കിടയില്‍ കൂടി ഭാര്‍ഗവീ നിലയം പോലെ ഉള്ള ചില കെട്ടിടങ്ങളും കാണുന്നു. ഒരു മനുഷ്യ ജീവി പോലും ഇല്ല. ഏകാന്തതയുടെ ഭയപ്പെടുത്തുന്ന നിമിഷങ്ങള്‍. എന്തായാലും കുറെ നേരം അവിടെയൊക്കെ കറങ്ങി, ഹോട്ടലില്‍ വന്നു ഫ്രഷ്‌ ആയി . പ്രഭാതഭക്ഷണം കഴിഞ്ഞപ്പോള്‍ തന്നെ രോഹിതും ടിക്കുവും എത്തി.
ടിക്കുവിന്റെ കാറില്‍ ഞങ്ങള്‍ കോപ്പന്‍ഹാഗനിലേക്ക്. പോകുന്ന വഴിയില്‍ സ്വീഡനിലെ ജീവിത രീതിയെയും സ്ഥലങ്ങളെയും ഒക്കെ കുറിച്ച് ടിക്കു വിശദമായി പറഞ്ഞു കൊണ്ടിരുന്നു. ഫെറിയില്‍ കൂടി ഹെല്സിങ്ങോര്‍ വഴി കോപ്പന്‍ ഹാഗനില്‍ പോകാന്‍ , കഴിയും. ഇതിപ്പോള്‍ ഒരു മണിക്കൂറിലധികം കാറില്‍ സഞ്ചരിച്ചു ആണ് ഞങ്ങള്‍ ലാന്‍ഡ്സ്കര്‍ണ, മാല്‍മോ വഴി ആണ് യാത്ര.


നിരത്തുകളില്‍ അപൂര്‍വമായി മാത്രം വാഹനങ്ങള്‍. കുട്ടനാട്ടിലെ പാട ശേഖരങ്ങള്‍ പോലെ കൃഷിക്കായി ഒരുക്കിയിട്ടിരിക്കുന്ന പാടങ്ങള്‍. ഇപ്പോള്‍ റാപ്സീഡ്‌ ആണ് അവിടെ കൃഷി ചെയുന്നത്. നിരന്നു കിടക്കുന്ന മഞ്ഞപ്പൂക്കള്‍ കാണുവാന്‍ വലിയ മനോഹാരിത. മഞ്ഞവയല്‍... കണ്ടാല്‍ കൊന്നപ്പൂക്കള്‍ പോലിരിക്കുന്ന റാപ് സീഡ്‌ പാഠങ്ങള്‍ , മഞ്ഞപ്പട്ടു പുതച്ചു കിടക്കുന്ന തു കാണുവാന്‍ കൌതുകം തോന്നും. എന്ത് കൊണ്ടാണ് വന പ്രദേശം ഇല്ലാത്തത് എന്ന ചോദ്യത്തിന് ടിക്കുവിന്‍റെ മറുപടി ഇങ്ങനെ... തണുപ്പ് കാലത്ത് മഞ്ഞുകള്‍ കൊണ്ട് മൂടുന്ന സ്വീഡനിലെ ഏറ്റവും കൂടിയ കാലാവസ്ഥ 25 C ആണ്. ചൂട് കൂടുമ്പോള്‍ മണ്ണിലെ ഈര്‍പ്പം മുഴുവന്‍ അകന്നു പോയി മരങ്ങള്‍ തീ പിടിച്ചു നശിച്ചു പോകും. അതിനാല്‍ ആണ് അവിടെ വനങ്ങള്‍ ഉണ്ടാകാത്തത്.
ഞങ്ങള്‍ ഇപ്പോള്‍ ലാന്‍ഡ്സ് കര്‍ണയിലൂടെ ആണ് പോകുന്നത്. ലാന്‍ഡ്സ്കര്‍ണ ഒരു കാലത്ത് വലിയ കപ്പല്‍ നിര്‍മ്മാണ ശാലയുടെ ഉറവിടം ആയിരുന്നു പോലും. ഇന്ത്യ, ചൈന, മറ്റു കിഴക്ക് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ എല്ലാം കപ്പല്‍ നിര്‍മ്മണത്തിലേക്ക് തിരിഞ്ഞപ്പോള്‍ നഷ്ടത്തിലായ് ഒരു വ്യവസായം ആയി കപ്പല്‍ നിര്‍മ്മാണം. അങ്ങനെ സ്വീഡന്‍ ആ വ്യവസായത്തില്‍ നിന്ന് പൂര്‍ണ്ണമായും മാറി.
വരുന്ന വഴിയില്‍ ലുണ്ട് യൂണിവേര്സിറ്റിയുടെ കെട്ടിടങ്ങള്‍, മരുന്ന് കമ്പനി ആയ ഫൈസര്‍ എന്നിവ ഒക്കെ കണ്ടു. ഇപ്പോള്‍ ഞങ്ങള്‍ മാല്‍മോ എന്ന വ്യവസായ നഗരത്തില്‍ ആണ്. സ്വീഡനിലെ രണ്ടാമത്തെ വലിയ പട്ടണം ആണ് മാല്‍മോ. ഇവിടെ ആണ് ഭൂരിഭാഗവും വ്യവസായ ശാലകള്‍.
ജൂണ്‍ ജൂലൈ മാസങ്ങള്‍ സ്വീഡനില്‍ എങ്ങും അവധിക്കാലം ആണ്. തൊഴിലാളികള്‍ കൂട്ടമായി അവധി എടുത്തു വിനോദ സഞ്ചാരത്തിനു പോകുന്നത് ഈ മാസങ്ങളില്‍ ആണ്. ടിക്കു പറയുന്നു, ചില കമ്പനികള്‍ ഇക്കാലയളവില്‍ ഇവിടങ്ങളില്‍ വേനല്‍ക്കാലത്ത് അടച്ചിടുക പോലും ഉണ്ട് എന്ന്. നല്ല കാലാവസ്ഥ ആയതിനാല്‍ ഇവിടങ്ങളില്‍ ഉള്ളവര്‍ യൂറോപ്പിന്റെ തെക്കന്‍ രാജ്യങ്ങളില്‍ ആണ് വിനോദ സഞ്ചാരത്തിന് പോകുന്നത്.


മാല്മോയില്‍ നിന്ന് ഇനി അധിക ദൂരം ഇല്ല. സ്വീഡനെയും ഡെന്‍മാര്‍ക്കിനെയും യോജിപ്പിക്കുന്ന വലിയ ഒരു ബ്രിഡ്ജു ഞങ്ങളുടെ കണ്ണില്‍ പെട്ടു. നോക്കെത്താ ദൂരത്തോളം കിടക്കുന്ന ഈ ബ്രിഡ്ജു ആണ് യൂറോപ്പിലെ ഏറ്റവും വലിയ ബ്രിഡ്ജു. ഏകദേശം 16 കിലോമീറ്റര്‍ ആണ് ഈ ബ്രിഡ്ജിന്റെ നീളം എന്ന് കേള്‍ക്കുമ്പോഴേ നമ്മള്‍ അത്ഭുതപ്പെടും. സ്വീഡനും ഡെന്മാര്‍ക്കിനുമിടയില്‍ ഉള്ള ഓറസുണ്ട് കടലിടുക്കില്‍ ആണ് ഈ പാലം പണിതിരിക്കുന്നത്. അതിനാല്‍ ഈ പാലത്തിനു ഓറസുണ്ട്സ്ബ്രോണ്‍ എന്നാണ് വിളിക്കുന്നത്‌.  സ്വീഡനെയും ഡെന്മാര്‍ക്കിനെയും അത് വഴി  പശ്ചിമ മദ്ധ്യ യൂറോപ്പിനെയും തമ്മില്‍ ബന്ധിപ്പിക്കുന്നത് ഈ പാലം ആണ്. റോഡു മാര്‍ഗവും റെയില്‍ മാര്‍ഗവും ഈ പാലത്തിലൂടെ ആണ് രണ്ടു രാജ്യങ്ങളിലേക്കും ഉള്ള യാത്ര. 1995 ല്‍ നിര്‍മ്മാണം ആരംഭിച്ച ഈ പാലം 1999 ല്‍ പണി പൂര്‍ത്തീകരിച്ചു എങ്കിലും രാഷ്ട്രത്തിനു സമര്‍പ്പിച്ചത് 2000 ല്‍ മാത്രമാണ്. നാലുവരി റോഡു ഗതാഗതവും രണ്ടു വരി റയില്‍വേ ട്രാക്കും ആണ് ഈ പാലത്തില്‍ ഉള്ളത്. പാലത്തിനു മദ്ധ്യ ഭാഗത്ത് കൂടി കപ്പലുകള്‍ക്ക് യഥേഷ്ടം സഞ്ചരിക്കാവുന്ന കപ്പല്‍ പാതയും ഉണ്ട് എന്നതാണ് ഈ പാലത്തിന്‍റെ സവിശേക്ഷത. അത്ര മാത്രം ഉയരത്തില്‍ ആണ് ഈ പാലം നില നില്‍ക്കുന്നത്. ഒറ്റയ്ക്ക് വാഹനം ഓടിക്കുകയാണ് എങ്കില്‍ ഭയം തോന്നിക്കും ഈ പാലത്തിലൂടെ ഉള്ള യാത്ര. ഡെന്മാര്‍ക്കിനോട് അടുക്കുന്ന ഭാഗം ഒരു തുരംഗമാണ്. ഏകദേശം അഞ്ചു കിലോമീറ്റര്‍ ദൂരം ഈ തുരംഗത്തിലൂടെ വേണം യാത്ര ചെയുവാന്‍. ദ്രോജ്ടെന്‍ എന്ന പേരില്‍ ആണ് ഈ തുരംഗം അറിയപെടുന്നത്. ഇതും ഒരു അസാധാരണ അനുഭവം ആണ്. ഈ പാലം ക്രോസ് ചെയുവാന്‍ 37 യൂറോ ആണ് ടോള്‍ ചാര്‍ജു.
ഞങ്ങള്‍ ടോള്‍ കൊടുത്ത് പാളത്തിലേക്ക് കയറി. നോക്കെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന പാലത്തിലൂടെ ഉള്ള യാത്ര പേടിപ്പെടുത്തുന്നതും ആണ്. മറ്റൊരു മനോഹര ദൃശ്യം കടലില്‍ കണ്ട കാറ്റാടി യന്ത്രങ്ങള്‍ ആണ്. ഇരുനൂറിലധികം കാറ്റാടി യന്ത്രങ്ങള്‍ കടലിനു നടുക്ക് തല ഉയര്‍ത്തി നില്‍ക്കുന്നത് കാണുന്നത് കണ്ണുകള്‍ക്ക്‌ കൌതുകം ആണ്. ഓറസുണ്ട് പാലം കടന്നു ഞങ്ങള്‍ ഇപ്പോള്‍ ദ്രോജ്ടെന്‍ തുരംഗത്തില്‍ ആണ്. തുരംഗം കഴിഞ്ഞു ഇറങ്ങുന്നത് ഡെന്മാര്‍ക്കിന്റെ തലസ്ഥാനമായ കോപ്പന്‍ഗെഹനിലും.