Tuesday, 17 April 2012

പ്രണാബ് മുക്കര്‍ജി പുതിയ ഇന്ത്യന്‍ പ്രസിഡണ്ട്‌?


ആരായിരിക്കും അടുത്ത പ്രസിഡണ്ട്‌? ഇന്ത്യന്‍ പ്രസിഡണ്ട്‌ തെരഞ്ഞെടുപ്പിന് ഇനി അധിക ദിവസങ്ങള്‍ ഇല്ല. സാധാരണ അഭ്യൂഹങ്ങള്‍ക്കുപരി ശരിയായ ചര്‍ച്ചകള്‍ പോലും നടക്കുന്നില്ല എന്നാണ് ഇന്ദ്ര പ്രസ്ഥത്തില്‍ നിന്നും വരുന്ന വാര്‍ത്തകള്‍.

എന്തായാലും പ്രതിഭാ പാട്ടീല്‍ എന്ന അത്രയധികം പ്രതിഭയില്ലാത്ത ഇന്ത്യയുടെ ആദ്യ വനിതാ രാഷ്ട്രപതി സുഖവാസത്തിനായി കോടികള്‍ ചിലവിട്ടു പുതിയ ഭവനത്തിലേക്ക് ചേക്കേറുന്നു എന്ന വാര്‍ത്ത എത്തിത്തുടങ്ങി. ഇത്തവണ  ഭരണ പക്ഷമായ കൊണ്ഗ്രെസ്സ് നയിക്കുന്ന മുന്നണിക്ക് സ്വന്തമായി ഒരു പ്രസിഡന്റിനെ വിജയിപ്പിക്കുവാന്‍ കഴിയില്ല. ബി ജെ പി യോട് ഒപ്പമല്ലാത്ത, ബി എസ പി, സമാജ് വാദി, ജനതാ ദള്‍ , അല്ലെങ്കില്‍ ഇടതു പക്ഷത്തിന്‍റെയോ  സഹായം വേണം. അതിനാല്‍ കൂട്ടിക്കുറയ്ക്കലുകള്‍ നടക്കുന്നു. 

ബി ജെ പി ഉള്‍പ്പെടുന്ന പ്രതിപക്ഷം ആകട്ടെ, സഖ്യ ബലം വര്‍ദ്ധിപ്പിക്കുവാനും അടുത്ത ഭരണത്തിലേക്കുള്ള ദൂരക്കാഴ്ചയാലും, കൂട്ടത്തില്‍ കൊള്ളാവുന്നവര്‍ ഇല്ലാത്തതിനാലും പ്രസിഡണ്ട്‌ ആയിരുന്നപ്പോള്‍ നല്ല ഖ്യാതി നേടിയ  യുവ മനസ്സുകളുടെ താരമായ ശ്രീ എ പി ജെ അബ്ദുല്‍ കലാമിനെ തന്നെ ആയിരിക്കും പ്രസിഡന്റ്‌ സ്ഥാനത്തേക്ക്  കൊണ്ട് വരിക.   
 
ഏ കെ ആന്‍റണി, ഹമീദ്‌ അന്‍സാരി തുടങ്ങിയ പേരുകള്‍ ആയിരുന്നു മുന്‍പ്‌ നേതൃ സ്ഥാനത്തേക്ക് പറഞ്ഞു കേട്ടിരുന്നതെങ്കിലും ഇപ്പോള്‍ പ്രധാനമായി പറഞ്ഞു കേള്‍ക്കുന്ന പേരുകള്‍ ധന മന്ത്രി പ്രണാബ് മുക്കെര്‍ജി, പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ്, എന്നിവരുടെത്  ആണ്. പല പ്രാവശ്യം ആയി പ്രധാനമന്ത്രി, പ്രസിഡണ്ട്‌ സ്ഥാനത്തേക്ക് ഉയര്‍ന്നു വന്ന പേരാണ് പ്രണാബ് മുക്കര്‍ജിയുടെത്. രാഷ്ട തന്ത്രഞ്ഞതയ്ക്ക് പേരെടുത്ത ബംഗാളി ബാബുവാണ് കോണ്‍ഗ്രസില്‍ നിന്ന് പരിഗണിക്കപ്പെടാന്‍ ഏറ്റവും യോഗ്യനും. അദേഹത്തിന്റെ ഭരണ നിപുണതയും രാഷ്ട തന്ത്രഞ്ഞതയും ആണ് പ്രണാബ് കുമാര്‍ മുക്കര്‍ജിക്ക് പാരയാകുന്നതും. പാര്‍ട്ടിയെയും ഭരണത്തെയും പലപ്പോഴും പ്രതി സന്ധി ഘട്ടത്തില്‍ തരണം ചെയുന്നതും മുന്‍പോട്ടു നയിക്കുന്നതും ഈ ബംഗാളി ബാബുവിന്റെ മിടുക്ക് കൊണ്ട് മാത്രം ആണ്. ആണവ കരാര്‍ വിഷയത്തിലോക്കെ പ്രണാബിന്റെ ഇടപെടലുകള്‍ വിജയം കണ്ടു. 
എല്ലാ പ്രതി പക്ഷ പാര്‍ട്ടികളും ആയി വളരെ അടുത്ത അടുപ്പം സൂക്ഷിക്കുന്ന, എല്ലാവര്ക്കും സ്വീകാര്യനായ നേതാവാണ് മുക്കര്‍ജി. പ്രധാനമായും രണ്ടു ഓപ്ഷനുകള്‍ ആണ് കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ ആയ സോണിയാ ഗാന്ധിയുടെ മുന്‍പാകെ ഉള്ളത്. കോണ്‍ഗ്രസ്‌, അഴിമതി, സ്വജനപക്ഷ പാതത്തിലോക്കെ തട്ടിത്തടഞ്ഞു, തെരഞ്ഞെടുപ്പുകളില്‍ തോറ്റു തുന്നം പാടി ജനങ്ങളില്‍ നിന്ന് അകന്നു പോകുന്ന ഒരു അവസ്ഥയില്‍  ആണ്  കോണ്‍ഗ്രസ്‌ ഇന്നു.  ഭരണത്തിന്‍റെ പാപഭാരം എല്ലാം പ്രധാന മന്ത്രി മന്‍ മോഹന്‍ സിംഗിന്റെ തലയില്‍ വച്ചു അദേഹത്തെ രാജി വയ്പ്പിച്ചു പ്രസിഡണ്ട്‌ ആക്കുക എന്നതാണ് ഒരു പോം വഴി. അങ്ങനെ ഒഴിവു വരുന്ന പ്രധാന മന്ത്രി കസേരയില്‍ പ്രണാബ് മുക്കര്‍ജിയെ പ്രതിഷ്ടിച്ചു 2014 ലെ പൊതു തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസിനെ പ്രാപ്തമാക്കുക. 

ഉത്തര്‍ പ്രദേശിലെയും പഞാബിലെയും അത് പോലെ ഡല്‍ഹി മുനിസിപ്പല്‍ കൊര്‍പ്പോറേഷനില്‍ ഉണ്ടാകുന്ന തോല്‍വിയും രാഹുല്‍ ഗാന്ധിയെ ഒരിക്കലും പ്രധാന മന്ത്രി സ്ഥാനത്തേക്ക്‌ കൊണ്ടുവരുവാന്‍ സോണിയയും കൂട്ടാളികളും ശ്രമിക്കില്ല. അങ്ങനെ പല നിര്‍ദ്ദേശം ഉണ്ടായാലും രാഹുലിന്‍റെ പ്രകൃതം അനുസരിച്ച് രാഹുല്‍ അതിനു തയ്യാറാവുകയും ഇല്ല. അപ്പോള്‍ പ്രണാബ് മുക്കര്‍ജി അല്ലാതെ മറ്റൊരാള്‍ ഇപ്പോള്‍ സോണിയക്ക് മുന്നില്‍ ഇല്ല. ഭരണത്തിന്‍റെ പരമോന്നത  പീഠത്തിനു കോണ്‍ഗ്രസില്‍ നിന്ന് തികച്ചും അര്‍ഹത ഉള്ളതും അദേഹത്തിനു മാത്രം ആണ്. ധനകാര്യത്തോടൊപ്പം വിദേശകാര്യം കൈകാര്യം ചെയ്ത പഴക്കവും പ്രണാബിന് സ്വന്തം.   പ്രണാബ് മുക്കര്‍ജിയെ പിന്തുണയ്ക്കാതിരിക്കുവാന്‍ മമതയ്ക്കോ യു പി ഐ സഖ്യ കക്ഷികള്‍ക്കോ കഴിയില്ല. മായാവതിയും മുലായവും ആയും നല്ല ബന്ധമാണ് പ്രനാബിനുള്ളത്.

2014 ലെ പൊതു തെരഞ്ഞെടുപ്പില്‍ കൂടുതല്‍ ബലഹീനമായ ഒരു ഫലം ആകും കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം പുറത്തു വരിക. ആദ്യമായി, ഒരു പക്ഷെ രണ്ടക്ക സംഖ്യയിലേക്ക് കോണ്‍ഗ്രസ്‌ കൂപ്പു കുത്താന്‍ ഉള്ള സാധ്യത ഇന്നത്തെ അവസ്ഥയില്‍ തള്ളിക്കളയാന്‍ കഴിയില്ല. തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ജയലളിതയും, മുലായവും, മായാവതിയും, നിതീഷും, നവീന്‍ പട്നായിക്കും, ചന്ദ്ര ബാബു നായിഡുവും ഒക്കെ കാലം നിരഞാടുവാന്‍ സാധ്യത  കൂടുതല്‍ ആണ്. ബി ജെ പി യെ കാലത്തിനു പുറത്തു നിര്‍ത്തുവാന്‍ ഒരു പക്ഷെ ചില കടുത്ത കളികള്‍ കളിക്കേണ്ടി വന്നേക്കാം. ഒരു പക്ഷെ രാഷ്ട്രപതി ഭവനില്‍ നിന്ന് ആയിരിക്കും ആ കളികള്‍ നടത്തേണ്ടി വരിക. അപ്പോള്‍ അവിടെ അതി സമര്‍ത്ഥനായ കൌശലക്കാരനായ  ഒരു പ്രസിഡന്റിനെ ആണ് കോണ്‍ഗ്രസിനു ആവശ്യം. അതല്ല ഒരു പക്ഷെ പ്രതി പക്ഷം ഭരണത്തില്‍ വന്നാലും പ്രസിഡന്റിനു പല രീതിയിലും ബി ജെ പി ഉള്‍പ്പെടുന്ന പുതിയ ഭരണത്തെ ബാലഹീനമാകുവാന്‍ കഴിയും. അതിനാല്‍ പ്രണാബ് മുക്കര്‍ജി ആകും കോണ്‍ഗ്രസിന്‍റെ പ്രസിഡന്റ്‌ നോമിനി. 

No comments:

Post a Comment