Friday, 25 May 2012

മനസാക്ഷി മരവിച്ചിട്ടില്ലാത്തവര്‍ പ്രതികരിക്കുക.

ഹര്‍ത്താലും ബന്ദും കേരളത്തിന്റെ ദേശിയ ഉത്സവം ആണ്... ഓണവും ക്രിസ്മസും ബക്രീദും  വിഷുവും ഒക്കെ കേരളത്തില്‍ വ്യാപകമായി ആഘോഷിക്കപ്പെടുന്നു എങ്കില്‍ കൂടി, അതൊക്കെ ഏതെന്കിലും മത വിഭാഗത്തിന്‍റെ വിശേഷങ്ങളും ആയി ബന്ധപ്പെട്ടു കിടക്കുന്നു. അതിനാല്‍ കേരളത്തിന്‍റെ ദേശിയ ഉത്സവം ആയി മാറിയിരിക്കയാണ്  ഹര്‍ത്താലുകള്‍. ബന്ദു എന്ന ഓമനപ്പേരില്‍ കേരളത്തില്‍ ഈ ആഘോഷം നടത്തുവാന്‍ ഹൈക്കോടതി ( കോടതികള്‍ അല്ലെങ്കിലും ബൂര്‍ഷ്വാ ആണല്ലോ) അനുവാദം ഇല്ലാത്തതിനാല്‍ ആണല്ലോ നമ്മള്‍ ബന്ദിന്റെ പേര് മാറ്റി ഹര്‍ത്താല്‍ എന്ന  പേരില്‍ ഈ ഉത്സവം ആഘോഷിക്കുന്നത്..

ഓണവും ക്രിസ്മസും വിഷുവും ബക്രീദും ഒക്കെ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ ആഘോഷിക്കുവാന്‍ അനുവാദം, അല്ലെങ്കില്‍ അവസരം ഉള്ളൂ... മാത്രമല്ല, അതൊക്കെ ഏതെന്കിലും ഇതിഹാസവും വിശ്വാസവും ആയി ബന്ധപ്പെട്ടു കിടക്കുന്നതും ആണ്.  കൊലപാതകത്തിനെതിരെ, സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ, ഗുണ്ടകളെയും കൊള്ളക്കാരെയും പോലീസ്‌ അറസ്റ്റ് ചെയുന്നതിനു എതിരെ , ക്രമസമാധനത്തിനെതിരെ, ക്രമസമാധാന പാലനത്തിനെതിരെ, ലോകത്തിന്‍റെ മുക്കിലും മൂലയിലും നടക്കുന്ന എല്ലാ അനീതിക്കും എതിരെ പ്രതികരിച്ചു, അതില്‍ ആനന്ദവും  സായൂജ്യവും കണ്ടെത്തുവാനും  ആണ് കേരളത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നത്..  എന്തിനേറെ, ബോംബു ഉണ്ടാക്കുന്നതിനു വേണ്ടി വെടി മരുന്നും മറ്റു സാമഗ്രഹികളും ആയി പിടി കൂടിയ സി പി എം നേതാവിന്‍റെ അറസ്റ്റില്‍ പ്രതിഷേധിച്ചു ഇന്ന് കണ്ണൂര്‍ ജില്ലയിലെ തൂണേരി പഞ്ചായത്തില്‍ സി പി എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നു. ആനന്ദ ലബ്ധിക്ക് ഇതില്‍ കൂടുതല്‍ എന്ത് വേണം.

മലയാളികള്‍ വിനോദ പ്രിയരാണ്. അവര്‍ക്ക്  ജീവിതം ആഘോഷം ആണ്. അവരുടെ സ്വത്വം പോലും മറന്നു ആഘോഷങ്ങളില്‍ പങ്കെടുക്കുക എന്നതാണ് മലയാളിയുടെ ഒരു രീതി. ജീവിതത്തിന്‍റെ ഓരോ കൊച്ചു കൊച്ചു നിമിഷങ്ങള്‍ പോലും ഇത്ര മാത്രം ആനന്ദ പ്രദമാക്കുന്ന മറ്റൊരു സമൂഹം ലോകത്തില്‍ ഇല്ല  എന്ന് തന്നെ പറയാം. എന്തിനും ഏതിനും നടത്താവുന്ന ആഘോഷം ആണ് ഹര്‍ത്താല്‍. അതിനു പ്രത്യേക കാരണങ്ങള്‍ ഒന്നും  വേണ്ട എന്നതാണ് ഏറ്റവും വലിയ സവിശേക്ഷത. മലയാളി ഹര്‍ത്താലില്‍ നിന്നാണ് ഓര്‍ഗാസം നേടുന്നത്. ഹര്‍ത്താലില്ലാത്ത  ഒരു ജീവിതം അവനു സ്വപ്നം കാണുവാന്‍ പോലും കഴിയില്ല.

കണ്ണൂരുകാരനായ എന്റെ ഒരു സുഹൃത്ത് വിവാഹം കഴിച്ചിരിക്കുന്നത്  ഗുജറാത്തില്‍ നിന്നാണ്. ഒരിക്കല്‍ അവര്‍ കണ്ണൂരെ ഭര്‍ത്താവിന്റെ വീട്ടില്‍ വന്നപ്പോള്‍, പിറ്റേന്നത്തെ ഹര്‍ത്താലിന് മുന്നോടി ആയുള്ള ഒരുക്കങ്ങള്‍ കണ്ടപ്പോള്‍ ഹര്‍ത്താല്‍ കേരളത്തിലെ ഏതോ വലിയ ഉത്സവം ആയി തെറ്റിദ്ധരിച്ചു പോയ  കാര്യം പങ്കു വയ്ക്കുകയുണ്ടായി. ഹര്‍ത്താലിന് മുന്നോരുക്കങ്ങള്‍  ആവശ്യം ആണ്.  ഹര്‍ത്താല്‍ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍, കേരളീയ ജനത ഉത്രാട ദിനത്തെക്കാള്‍ ആവേശത്തില്‍ ഒരു പാച്ചില്‍ ആണ്. പിറ്റേ ദിവസം ചെയ്തു കൂട്ടെണ്ടാതെല്ലാം ചെയ്തു തീര്‍ക്കണം. അതോടൊപ്പം ബിവറേജസ്‌ കോര്പോരെഷന്റെ മുന്നില്‍ ക്യു നില്‍ക്കണം. കോഴി, ആട്, കാള, പോത്ത് തുടങ്ങിയവ യഥാസമയത്ത് തന്നെ വീട്ടില്‍ എത്തിക്കണം. ഇനി, ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്ന പാര്‍ട്ടിയുടെ കുട്ടി നേതാക്കല്‍ക്ക്  ഹര്‍ത്താല്‍ വിജയത്തിനു  ആവശ്യത്തിന് വേണ്ട ബോംബു,   കുന്തം , വെടി  മരുന്ന്, കുറുവടി , കല്ലുകള്‍ തുടങ്ങിയവ  എല്ലാം കരുതി വെയ്ക്കണം. പെട്രോള്‍ വില വര്‍ദ്ധന പോലുള്ള വിഷയങ്ങള്‍ വരുമ്പോള്‍ മാത്രം ആണ് ജനങ്ങള്‍ ശരിക്കും പെട്ട് പോകുന്നത്... എല്ലാം പെട്ടെന്നായിരിക്കും. പക്ഷെ ഈയിടെ ആയി, ദേശിയ പത്രങ്ങള്‍ പെട്രോള്‍ വില കൂട്ടും എന്ന് കാലാവസ്ഥാ പ്രവചനം പോലെ മുന്നറിയിപ്പ് കൊടുക്കാറുള്ള തിനാല്‍ ഇതൊക്കെ നേരത്തെ കൂട്ടി വാങ്ങി വെയ്ക്കുക ഇപ്പോള്‍ പതിവാണ്. മാത്രമല്ല, എല്ലാ രണ്ടു  മാസത്തിലും പെട്രോള്‍ വില കൂട്ടുക എന്നതും നമ്മുടെ സര്‍ക്കാറിന്റെ കടമ ആണല്ലോ..

ഹര്‍ത്താലുകള്‍ നടത്തി വലിയ  പരിചയം ഇല്ലാത്ത യു ഡി എഫുകാര്‍ ഈയിടെ നമ്മുടെ സഖാക്കള്‍ വെട്ടിക്കൊന്ന അവരുടെ പഴയ സഖാവിന്‍റെ മരണത്തിനു എതിരെ പ്രഖ്യാപിച്ച ഹര്‍ത്താല്‍ കേരളത്തിലെ ഹര്‍ത്താല്‍ ആഘോഷിക്കുന്ന ജനത്തെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു. എല്ലാ കടകളും അടച്ചു കഴിഞ്ഞു, എല്ലാ വാഹനങ്ങളും ഓട്ടം നിരുത്തിയതിനു  ശേക്ഷം, എല്ലാവരും ഉറങ്ങിയ  നേരത്ത് ആണ് ഹര്‍ത്താല്‍ പ്രഖ്യാപനം നടന്നത്. ഈ ഹര്‍ത്താല്‍ ആയിരുന്നിരിക്കണം മലയാളിയുടെ ആദ്യ വെജിറ്റേറിയന്‍ ഹര്‍ത്താലും. ബിവറേജസ്‌ പൂട്ടി പോയതിനാല്‍ അന്നായിരുന്നിരിക്കണം മലയാളികള്‍ എല്ലാവരും തീര്‍ത്തും പച്ചയായ ദിവസം. ഈ ഹര്‍ത്താല്‍ വല്ലാത്തൊരു ചതി ആയിട്ടാണ്  കേരളീയ ജനതയ്ക്ക് ബോധ്യം ആയത്. അതിന്‍റെ പ്രതിഫലനം വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ജനം പ്രകടിപ്പിക്കും.

കടലാസു സംഘടനകള്‍ പോലും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്ന രീതിയില്‍ നിന്നൊക്കെ മാറി ഇപ്പോള്‍ കേരളത്തിലെ ഹര്‍ത്താലുകളില്‍ ഗണ്യമായ കുറവ് വരുന്നത് മലയാളിയെ വേദനാജനകമായ അവസ്ഥയിലേക്ക് തള്ളി വിടുകായ്നു. അതിനാല്‍ ഇപ്പോള്‍ പലരും ഡിപ്രഷനില്‍ ആണ് ഇപ്പോള്‍. അതിരാവിലെ എഴുന്നേറ്റു വരുമ്പോള്‍ കയ്യും കാലും വിറയ്ക്കുന്ന അവസ്ഥ. ഈ വര്ഷം ഇത് വരെ ആകെ 16 ഹര്‍ത്താലുകള്‍ മാത്രം ആണ് കേരളത്തില്‍ നടന്നത്. കേരള ശരാശരിയുടെ നാലിലൊന്ന് ആണിത്.

എങ്കിലും മലയാളിയെ ഏറ്റവും അധികം വേദനിപ്പിച്ചത്  ഈ മാസം 31നു ദേശിയ തലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളും ഇടതു പാര്‍ട്ടികളും സംയുക്തമായി നടത്തുന്ന ഹര്‍ത്താലില്‍ നിന്ന് കേരളത്തെ ഒഴിവാക്കുന്ന വാര്‍ത്ത കേട്ടപ്പോള്‍ ആണ്. കേരളീയ മനസാക്ഷിയോടെ ചെയ്യാവുന്ന ഏറ്റവും വലിയ നെറികേടാണിത്. കേരളത്തിന്‍റെ ദേശിയ ഉത്സവം ദേശിയ തലത്തില്‍ കൊണ്ടാടപെടുന്ന ഈ അവസരത്തില്‍ കേരളത്തെ ഇതില്‍ ഇന്ന് ഒഴിവാക്കിയത്  കേരളത്തോട് ചെയ്ത ഏറ്റവും വലിയ അനീതി ആണ്. ഈ വാര്‍ത്ത കേട്ടപ്പോള്‍ മുതല്‍, അത് ഉള്‍ക്കൊള്ളുവാന്‍ കഴിയാതെ പലരും മദ്യത്തിനും മയക്കുമരുന്നിനും അടിമയായി കഴിയുകയാണ് എന്നാണ് കേരളത്തില്‍ നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍. ചില സംഘടനകള്‍ ഒക്കെ ഈ വാര്‍ത്ത കേട്ടപ്പോള്‍ തന്നെ, വടകര, കോഴിക്കോട്, ഒഞ്ചിയം, കണ്ണൂര്‍ തുടങ്ങിയ മേഖലകളില്‍ ബോംബുകള്‍ ഉണ്ടാക്കുവാനും  പോലീസ്‌സ്റ്റേഷന്‍ ആക്രമണം നടത്താനും ഒക്കെ അവരുടെ അനുയായികളെ ഇളക്കി വിടുന്നു...

കേരളത്തിന്‍റെ ദേശിയ ഉത്സവം ആയ ഹര്‍ത്താല്‍ കേരളത്തില്‍ നടത്താത്തതില്‍ പ്രതിഷേധിച്ചു കേരളത്തില്‍ മറ്റൊരു ഹര്‍ത്താല്‍ നടത്തുവാന്‍ കേരളീയ ജനത  സടകുടഞ്ഞു എഴുന്നെല്‍ക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇന്ത്യയില്‍ എന്നല്ല, ലോകത്തില്‍ എവിടെ ഹര്‍ത്താല്‍ നടത്തിയാലും അന്നെ ദിവസം കേരളത്തിലും ആ ആഘോഷം നടത്തുവാന്‍ കേരളത്തിലെ ഹര്‍ത്താല്‍ അനുകൂല സംഘടനകള്‍ തയ്യാറാകണം. ഹര്‍ത്താലിന്‍റെ പേറ്റന്റ് കേരളത്തിനു മാത്രം അവകാശപ്പെട്ടത് ആണ്.
എന്തായാലും 31 നു കേരളം കരിദിനം ആയി ആചരിക്കണം.  മനസാക്ഷി തെല്ലും മരവിച്ചിട്ടില്ലാത്ത മലയാളികള്‍ കേരളത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയ ഈ കിരാത നടപടിക്കെതിരെ പ്രതികരിക്കണം.  എല്ലാവര്ക്കും ഹര്‍ത്താല്‍ അഭിവാദ്യങ്ങള്‍. 


2 comments:

  1. ഹര്‍ത്താലിനെ നമ്മുടെ ദേശീയോത്സവമായി പ്രഖ്യാപിക്കണം..

    ReplyDelete
  2. മുന്‍കൂട്ടി അറിയിക്കാതെ ഹര്‍ത്താലുകള്‍ വരാന്‍ പാടില്ല, അതിനായി നിയമ വേണം ...!

    ആക്ഷേപഹാസ്യം നന്നായിട്ടുണ്ട്.

    (ഈ വേര്‍ഡ് വേരിഫിക്കേഷന്‍ ഒന്നു മാറ്റണേ...)

    ReplyDelete