Sunday 24 June 2012

നെയ്യാറ്റിന്‍കര കയറിയത് സാക്ഷാല്‍ ഇടതു പക്ഷം .


നെയ്യാറ്റിന്‍കര വോട്ടെണ്ണല്‍ കഴിഞ്ഞു. ഫലപ്രഖ്യാപനവും  നടന്നു. യു ഡി എഫിന്റെ സ്ഥാനാര്‍ഥി ആയ  സെല്‍വരാജ്, വ്യക്തമായ ഭൂരിപക്ഷത്തോട് കൂടി വിജയിച്ചു. ഭൂരിപക്ഷം ആറായിരത്തിനു മുകളില്‍. കഴിഞ്ഞ തവണ, അതായത്, ഒരു വര്ഷം മുന്‍പ് ഇടതു പക്ഷ സ്ഥാനാര്‍ഥി ആയി മല്‍സരിച്ചപ്പോള്‍ കിട്ടിയ ഭൂരിപക്ഷത്തിനെക്കാള്‍ ഏതാണ്ട് നാനൂറു വോട്ടു മാത്രം കുറവ്.

സി പി എം നേതാവായിരുന്ന സെല്‍വരാജ്, കൊണ്ഗ്രെസ് മണ്ഡലം ആയ നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസിലെ പ്രമൂഖ നേതാവായിരുന്ന തമ്പാനൂര്‍ രവിയെ തോല്‍പ്പിച്ചത് നാടാര്‍ വോട്ടുകള്‍ ഏകോപിപ്പിച്ചു കൊണ്ടായിരുന്നു. ഒരു തരത്തില്‍ ഇടതു പക്ഷമായിരുന്നു ഇങ്ങനെ ഒരു ജാതീയ ധ്രുവീകരണം അന്ന് അവിടെ നടത്തിയത്. ക്വോട്ടെഷന്‍ കൊടുത്തു പാര്‍ട്ടി, തന്നെയും തന്‍റെ കുടുംബത്തെയും കൊല്ലും എന്നൊക്കെ വിളിച്ചു പറഞ്ഞു പാര്‍ട്ടി വിടുകയും, കോണ്‍ഗ്രസില്‍ ചേരുന്നത്  ആത്മഹത്യ ചെയുന്നതിനു തുല്യം ആകും എന്ന് പറഞ്ഞു രാജി വെച്ച് പോയ സെല്വരാജു, രണ്ടു മാസം ആകുന്നതിനു മുന്‍പ് കോണ്‍ഗ്രെസ് ചിഹ്നത്തില്‍ നെയ്യാറ്റിന്‍കരയില്‍ മത്സരിക്കുന്നു. ( ആത്മഹത്യ ചെയുന്നു )  വലിയൊരു വിരോധാഭാസം ആണിത്. ജനങള്‍ക്ക് സെല്‍വരാജിന്റെ ഈ മലക്കം മറിച്ചില്‍ ഒട്ടും ഇഷ്ടപ്പെട്ടില്ല. കോണ്‍ഗ്രെസ്കാര്‍ക്ക് പോലും ഇത് ഒട്ടും ദഹിച്ചില്ല.
 
നെയ്യാറ്റിന്‍ കരയിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയിച്ചതാണ് സി പി എമ്മിന്‍റെ യഥാര്‍ത്ഥ പരാജയം. കാലാകാലം ആയി സി പി എമ്മിനോടൊപ്പം നിലയുറപ്പിച്ച തിരുവനന്തപുരം ജില്ലയിലെ പഴയ കമ്മ്യുണിസ്റ്റ്‌ നേതാക്കളെ ഒക്കെ കുത്തി മലര്‍ത്തി കേരള കൊണ്ഗ്രെസ്സില്‍ നിന്ന് പാര്‍ട്ടിയില്‍ അഭയം തേടിയ ലോറെന്‍സിനെ അവര്‍ സ്ഥാനാര്‍ഥി ആക്കിയിടത്തു തുടങ്ങുന്നു സി പി എമ്മിന്‍റെ പരാജയം. വര്‍ഷങ്ങളായി പാര്‍ട്ടിക്ക് വേണ്ടി നീരും ചോരയും ഒഴുക്കിയ രതീന്ദ്രനെ,  നായര്‍ എന്ന ഒറ്റക്കാരണത്താല്‍ ആണ് ഒഴിവാക്കിയത് എന്ന് പറയുമ്പോഴും, രതീന്ദ്രനും നെയ്യാറ്റിന്‍കരയിലെ  ഒട്ടു മുഴുവന്‍ അറിയപ്പെടുന്ന നേതാക്കളും വി എസ്സിനോട് അടുപ്പമുള്ളവര്‍ ആണ് എന്നത് തന്നെ ആണ് യഥാര്‍ത്ഥ പ്രശനം. സഖാവ് എം വിജയകുമാര്‍, അല്ലെങ്കില്‍ സഖാവ് രതീന്ദ്രന്‍, അതുമല്ലെങ്കില്‍ നെയ്യാറ്റിന്‍കര  നഗരസഭയിലെ പ്രതിപക്ഷ നേതാവ് ആന്‍സലന്‍ .. പക്ഷെ ഇവര്‍ക്കൊക്കെ സഖാവ വി എസ്സിനോടുള്ള താത്പര്യം ആണ് ഇവരെ ഒഴിവാക്കുവാന്‍ സംസ്ഥാന നേതൃത്വത്തെയും, ജില്ലയിഎല്‍ കണ്ണൂര്‍ സ്റ്റൈല്‍ വീരന്‍ കടകം പള്ളിയെയും പ്രേരിപ്പിച്ച ഘടകം.. സെല്‍വ രാജിനോപ്പം, ലോറെന്‍സും പ്രമൂഖ  മുന്നണികളുടെ സ്ഥാനാര്‍ഥികള്‍ ആയി വന്നത് കൊണ്ട് മാത്രം ആണ് എന്‍ എസ് സിന്റെയും എസ എന്‍ ഡി പിയുടെയും പിന്തുണയോടെ ബി ജെ പി ശ്രീ രാജെഗോപാലിനെ ഇവിടെ മത്സരിപ്പിക്കുന്നത്. വിജയ കുമാറോ, രതീന്ദ്രണോ ഇവിടെ മത്സരിച്ചിരുന്നു എങ്കില്‍ ഒരിക്കലും രായെട്ടന്‍ ഇവിടെ മത്സരിക്കില്ലായിരുന്നു. വിജയകുമാര്‍ പെരുന്നയില്‍ പോയി സുകുമാരന്‍ നായരെ കണ്ടു സന്ധി സംഭാക്ഷണം നടത്തിയപ്പോള്‍ എല്ലാവരും കരുതി, വിജയകുമാര്‍ ആകും സ്ഥാനാര്‍ഥി എന്നാണ്. വിജയകുമാര്‍ അല്ലെങ്കില്‍ രതീന്ദ്രന്‍, ഇവരില്‍ ആര് നിന്നെങ്കിലും വിജയം ഉറപ്പായിരുന്നു ഇടതു പക്ഷത്തിന്.
 
സെല്‍വരാജ് പരാജയം രുചിക്കുന്നത് കാണുവാന്‍ സി പി എമ്മിലെ കണ്ണൂര്‍ ലോബ്ബി അനുവദിച്ചില്ല. കേരളം എന്ന് കേട്ടാല്‍ സി പി എമ്മും, . സി പി എം എന്ന് കേട്ടാല്‍ കണ്ണൂരും എന്ന് മാത്രം അറിവുള്ള  കണ്ണൂരിലെ ഗുണ്ടകള്‍ക്ക് സമയം തെറ്റി. അവര്‍ അനവസരത്തില്‍ ആണ് സഖാവ് ടി പി ചന്ദ്ര ശേഖറിനെ അറുംകൊല  ചെയ്തത്.

ഒരു രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും നെയ്യാറ്റിന്‍കര സെല്‍വരാജിനെ സഹതാപത്തോടു കൂടി നോക്കി ത്തുടങ്ങി. സെല്‍വ രാജു പറഞ്ഞതിലും എന്തെങ്കിലും സത്യം ഉണ്ടോ എന്ന് ആരാഞ്ഞു തുടങ്ങി. പക്ഷെ അഞ്ചാം മന്ത്രി പദത്തില്‍ വര്‍ഗീയ ധ്രുവീകരണം നടത്തിയ സുകുമാരന്‍ നായരും വെള്ളാപ്പള്ളിയും ആശീര്‍വദിച്ചു അനുസരിച്ച്  യോഗങ്ങളും കരയോഗങ്ങളും മുഖേന വോട്ടു പിടിച്ച രാജേട്ടന്‍ ആകെ വെട്ടിലായി. കോണ്‍ഗ്രെസിന്റെ നായര്‍ വോട്ടുകള്‍ തടുത്തു കൂട്ടി കോണ്‍ഗ്രെസിനു ഒരു പ്രഹരം മാത്രം ആഗ്രഹിച്ചിരുന്ന പെരുന്ന നായരും നടേശ ഗുരുവും ആകെ ഞെട്ടി... സെല്‍വ രാജു ജയിക്കുമോ എന്ന് കോണ്‍ഗ്രെസുകാര് പോലും ഭയപ്പെട്ടു തുടങ്ങി. ഉടന്‍ വരുന്നു ചരിത്രത്തില്‍ ആദ്യമായി ഏഴര രൂപ കൂട്ടി പെട്രോള്‍ വില വര്‍ദ്ധന. തീരദേശ വാസികള്‍ അനേകര്‍ വോട്ടര്‍ മാരായിട്ടുള്ള നെയ്യാറ്റിന്‍ കരയില്‍ കടലില്‍ പോകുവാന്‍ ആവശ്യത്തിനു മണ്ണെണ്ണ ഇല്ലാതെ വിഷമിക്കുന്ന, അവസ്ഥയില്‍ മറ്റൊരു ഇരുട്ടടി ആയി പെട്രോള്‍ വില വര്‍ദ്ധന. ഡല്‍ഹിയിലെ കോണ്‍ഗ്രെസ് കാരെ കൊണ്ട് ചെയ്യാവുന്നത് അവരും ചെയ്തു നോക്കി. ( തെരഞ്ഞെടുപ്പു കഴിഞ്ഞ ഉടനെ തന്നെ പെട്രോള്‍ വിലയില്‍ ചെറിയ ഒരു വിലക്കുറവു വരുത്തുവാനും, മണ്ണെണ്ണ നിയന്ത്രണം എടുത്തു കളയുവാനും കേന്ദ്ര സര്‍ക്കാരിനു കഴിഞ്ഞു)
 
വീണ്ടും ലോറെന്‍സ് മുന്നിലേക്ക്‌ കുതിക്കുന്നു... സെല്‍വ രാജു, ചൊറിയും കുത്തി വീട്ടില്‍ ഇരിക്കും എന്ന് ഏതാണ്ട് തീരുമാനം ആയപ്പോള്‍ ആണ് പ്രശസ്ത കാഥികന്‍ ഇടുക്കി എം എം മണിയുടെ, "ഒണ്‍, ടൂ , ത്രീ"  എന്ന വിഖ്യാത കഥ കേരളത്തില്‍ ആദ്യമായി ലൈവ് ആയി എല്ലാ ചാനലുകളും മത്സരിച്ചു പ്രക്ഷേപണം ചെയ്തത്. കേരളം ഞെട്ടി, സെല്‍വ രാജും കൂട്ടാളികളും കോരിത്തരിച്ചു. രാജേട്ടനും നടേശ ഗുരുവും പെരുന്ന നായരും അങ്കലാപ്പിലും ആയി. പ്രചാരണത്തിന് ഒടുവിലാണെങ്കിലും ജനപ്രിയനായ സഖാവ് വി എസ വന്നതിനാല്‍ കുത്തി ഒലിച്ചു പോകുമായിരുന്ന കുറെ വോട്ടുകള്‍ തടഞ്ഞു നിര്‍ത്തുവാനും സഹായിച്ചു.

വോട്ടെടുപ്പിന്റെ അന്ന് വരെയും നെയ്യാറ്റിന്‍ കരക്കാരുടെ ഹിതമറിയുവാന്‍, മനസിലാക്കുവാന്‍ ഒരു നേതാവിനും അത് പോലെ ഒരു ചാനലുകാരനും കഴിഞ്ഞില്ല. എന്തും സംഭവിക്കാം ... ആരും ജയിക്കാം എന്നായിരുന്നു പ്രതീതി. എന്തായാലും സഖാവ് വി എസ പ്രചാരണം തീരുന്നതിന്റെ തലേന്ന്  മണ്ഡലത്തില്‍ പോയി പ്രസംഗിച്ചതിന് ഒരു പ്രായ്ചിത്തം നടത്തുവാന്‍ തയ്യാറായി. നെയ്യാറ്റിന്‍കരയില്‍ ലോറെന്‍സ് ജയിച്ചേക്കും എന്ന് ഏതോ ചില പാര്‍ട്ടി  വിരുദ്ധര്‍ വി എസ്സിന് അറിവ് കൊടുക്കുന്നു. സഖാവ് വി എസ് കവടി നിരത്തി, സമയം കുറിച്ച് കൊണ്ട് നേരെ ഒന്ചിയത്തെക്ക് വച്ചടിച്ചു. ചാനലുകള്‍ ഒരിക്കലുമില്ലാത്ത വിധം ലൈവ് റിപ്പോര്‍ട്ടിംഗ് നടത്തി. ഈ യാത്ര നെയ്യാറ്റിന്‍കരയില്‍ വ്യക്തമായ സ്വാധീനം ചെലുത്തി. അത് വരെയും മൂന്നാം സ്ഥാനത്തു ആയിരുന്ന സെല്‍വ രാജു, വൈകുന്നേരം വോട്ടെടുപ്പ് സമയം കഴിഞ്ഞിട്ടും കണ്ട ക്യുവിന്റെ ഒടുവില്‍ വിജയം കണ്ടു.

നെയ്യാറ്റിന്കരയിലെ വിജയം ഒരിക്കലും സെല്‍വ രാജിന്റെത് അല്ല. കുറെ നാടാര്‍ വോട്ടുകള്‍ അദേഹത്തിന് കിട്ടിയിട്ടുണ്ടാകാം. രാഷ്ട്രീയ കൊലപാതകങ്ങളെ എതിര്‍ക്കുന്ന കുറെ സ്ത്രീകളുടെ വോട്ടും കിട്ടിയിട്ടുണ്ടാകാം. ഉമ്മന്‍ ചാണ്ടിയുടെ ഭരണത്തിനും കിട്ടി കാണും കുറെ വോട്ടു.  സെല്‍വ രാജു രാജി വച്ചപോള്‍ കൂടെ നിന്ന് എല്ലാ സഹായവും കൊടുത്ത് സംരക്ഷിച്ച വി എസ് ഡി പി ഒടുവില്‍ ഇടതു പക്ഷത്തേക്ക് നീങ്ങുകയും ഗത്യന്തരമില്ലാതെ മനസാക്ഷി വോട്ടുകള്‍ ചെയ്യണം എന്ന് പരസ്യമായി പ്രഖ്യാപനം നടത്തുകയും ചെയ്തതും നമ്മള്‍ കൂട്ടി വായിക്കണം. അത് പോലെ പരസ്യമായി സെല്‍വ രാജിനൊപ്പം നില്‍ക്കുകയും വോട്ടിംഗ് മെഷീന്‍ കണ്ടപ്പോള്‍ താമരയില്‍ ഞെക്കിയവരെയും നമുക്ക് മറന്നു കൂടാ.
 
നെയ്യാറ്റിന്‍കരയിലെ അടിയൊഴുക്കുകള്‍ വളരെ ശക്തം ആയിരുന്നു. സെല്‍വ രാജിനെ എങ്ങനെയും തോല്‍പ്പിക്കുക, ഇതായിരുന്നു, സി പി എമ്മിന്‍റെയും, ബി ജെ പി യുടെയും കോണ്‍ഗ്രസിന്റെയും ( ഒരു പറ്റം കൊണ്ഗ്രെസുകാരുടെ ) തീരുമാനം. സി പി എം , ബി ജെ പി സുകുമാരന്‍ നായര്‍, നടേശ ഗുരു എന്നിവര്‍ ചേര്‍ന്ന് തീരുമാനിച്ചത്, കോണ്‍ഗ്രെസിലെ നായര്‍ വോട്ടുകള്‍ രാജെട്ടനിലൂടെ പെട്ടിയിലാക്കുക എന്ന തന്ത്രം ആയിരുന്നു. രാജേട്ടന്‍ ജയിച്ചാലും ലോറെന്‍സ് രണ്ടാം സ്ഥാനത്താകും, അതല്ല  ലോറെന്‍സ് ജയിച്ചാല്‍ രാജേട്ടന്‍ രണ്ടാം സ്ഥാനത്താകും. ഈ ഫോര്‍മുല രണ്ടു കൂട്ടര്‍ക്കും സമ്മതവും ആയിരുന്നു. സെല്‍വ രാജു മൂന്നാം സ്ഥാനത്ത് ആകുകയും, നാണം കേട്ട് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ രാജി വെയ്ക്കേണ്ടി വരികയും ചെറു കക്ഷികളെ കൂട്ട് പിടിച്ചു ഭരണത്തില്‍ വരികയും ആയിരുന്നു സി പി എം തന്ത്രം. തങ്ങളുടെ കൂട്ടത്തില്‍ നിന്ന് പാര്‍ട്ടി ചിലവില്‍ വളര്‍ന്നു ഒടുവില്‍ കൂലം കുത്തിയായി മാറിയ സെല്‍വരാജിനെ എങ്ങനെയും തോല്‍പ്പിക്കുക , അങ്ങനെ കൂലം കുത്തികള്‍ക്ക് മറുപടി കൊടുക്കുക എന്ന തന്ത്രം പാര്‍ട്ടിയിലെ ഗുണ്ടകള്‍  തന്നെ തല്ലിക്കെടുത്തി.

വളരെ പ്രതി കൂലം ആയിരുന്നു ലോറെന്സിനു നെയ്യാറ്റിന്‍കര. കേരള കോണ്‍ഗ്രെസ് ജേക്കബ്‌ ഗ്രൂപ്പില്‍ നിന്ന് കൂറ് മാറി, സി പി എമ്മില്‍ വന്നവന്‍.  പി സി ജോര്‍ജു വില പറഞ്ഞാല്‍ പണം വാങ്ങി രംഗം വിടുന്ന ആള്‍. നെയ്യാറ്റിന്‍കര നഗര സഭ പ്രദേശങ്ങളില്‍ അറിയപ്പെടാത്തവന്‍. സ്ഥാനാര്‍ഥി പ്രഖ്യാപനം നടന്നപ്പോള്‍ അത് വരെ സ്ഥാനര്തിത്വം പ്രതീക്ഷിച്ച ആന്‍സലന്റെ അനുയായികള്‍ ലോറെന്‍സിനും പാര്‍ട്ടിക്കും എതിരെ പ്രകടനം നടത്തി. അങ്ങനെ അണികളുടെ അതൃപ്തി നേടി. പ്രചാരണ രംഗത്ത് മുന്നില്‍ നിന്നപ്പോള്‍ ആണ് ടി പി ചന്ദ്ര ശേഖരന്റെ കൊലപാതകം. എം എം മണിയുടെ കഥാ പ്രസംഗം... ഒടുവില്‍ സഖാവ് വി എസ്സിന്റെ ഒഞ്ചിയം സന്ദര്‍ശനം. ഇത്രയൊക്കെ പ്രതി കൂല സാഹചര്യം ഉണ്ടായിട്ടും തോറ്റതു വെറും ആറായിരം വോട്ടിനു മാത്രം. അതിനാല്‍ ഇതൊരു തോല്‍വി അല്ല. വലിയൊരു വിജയം ആണ്.

ശരിക്കും പറഞ്ഞാല്‍ നെയ്യാറ്റിന്‍കരയില്‍ കണ്ടത് സി പി എമ്മിന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് ആണ്. സഖാവ് പിണറായി വിജയന്‍റെ വിജയം ആണ്. സി പി എം എന്ന സംഘടനയുടെ വിജയം ആണ്. ചിട്ടയായ പ്രവര്‍ത്തനത്തിന്‍റെ വിജയം ആണ്. 

1 comment:

  1. I think the article talks about C. K Hareendran, Not rathindran! Please correct, If I am right!!!

    ReplyDelete