Monday, 16 July 2012

ഇന്ത്യയും ജനാധിപത്യത്തിലെ അപചയങ്ങളും.


രാഷ്ട്രം സുപ്രധാനമായ ഒരു കാലഘട്ടത്തിലൂടെ ആണ് കടന്നു പോകുന്നത്. ആഗോളീകരണത്തിനു ശേക്ഷം രാഷ്ട്രങ്ങള്‍ തീര്‍ത്തും ദുര്‍ബലമാകുന്ന ഒരു അവസ്ഥ ആണ് ഇന്ന് ലോകമെങ്ങും. ലോകത്തിന്റെ ഏതുമൂലയിലിരുന്നും ഒരു വിരല്‍തുമ്പില്‍ എല്ലാം സുതാര്യമായി അറിയുന്ന ഇന്റര്‍നെറ്റ് ശ്രിംഘല ആണ് ഇന്നുള്ളത്. രാഷ്ട്രങ്ങള്‍ ദുര്‍ബലമാകുന്നതിനും ഒരു കാരണം ഈ വിരല്‍ത്തുമ്പുകള്‍ ആകാം.
വിപുലമായി വളര്‍ന്ന ഒരു ടെക്നോളോജിയുടെ കാലഘട്ടത്തില്‍ ആണ് ഇന്ന് നാം ജീവിക്കുന്നത്.  സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ ഇന്ന് ജനങ്ങളിലേക്ക് അത്ര മാത്രം ഇറങ്ങി ചെന്നിരിക്കയാണ്. സര്‍ക്കാറുകള്‍ മാത്രമല്ല രാഷ്ട്രങ്ങള്‍ പോലും തകര്‍ക്കുവാനുള്ള കരുത്ത് ഇന്ന് ഈ വിരല്‍തുമ്പില്‍ ആണ് ഒളിഞ്ഞിരിക്കുന്നത്. അറബ് വസന്തത്തില്‍ ഇതൊക്കെ നാം അനുഭവിച്ചു അറിയുകയും ചെയ്തു. അറബ് വസന്തത്തിലൂടെ അറബ് നാടുകളില്‍ എങ്ങും ജനാതിപത്യത്തിനായുള്ള മുറവിളികള്‍ അലയടിക്കുകയും പല എകാധിപതികളും തുടച്ചു മാറ്റപ്പെടുകയും ചെയ്തു. അറബ് വസന്തത്തില്‍ പ്രക്ഷോഭം തുടങ്ങിയത് സോഷ്യല്‍ നെറ്റ് വര്‍ക്കുകളുടെ ശ്രമാത്താല്‍ ജനം  സ്വമേധയാ തെരുവില്‍ ഇറങ്ങി ആയിരുന്നു എങ്കില്‍ പോലും അവയ്ക്ക് നേതൃത്വം നല്‍കുവാന്‍ പ്രതിപക്ഷ കക്ഷികള്‍ മുന്നോട്ടു വരികയും ഉണ്ടായി. 


എന്നാല്‍ ഒക്കുപ്പയ്‌ വാള്‍ സ്ട്രീറ്റ്‌ പ്രക്ഷോഭത്തിലൂടെ അമേരിക്ക പോലും സമ്മര്‍ദ്ദത്തില്‍ ആവുകയും, അത് ലോകമൊട്ടുക്കും വ്യാപിക്കുകയും ചെയ്തതും ചരിത്രം ആണ് എങ്കില്‍ കൂടി കുറെ നാളത്തെ സമരത്തിനു ശേക്ഷം ഈ സമരം കെട്ടടങ്ങുക ആയിരുന്നു. ഓരോരുത്തരും സ്വമേധയാ നേതാക്കള്‍ ആകുകയും, അവരെ കൂട്ടി യോജിപ്പിച്ചു ശരിയായ ഒരു ദിശയിലേക്ക് നയിക്കുവാന്‍ പ്രാപ്തര്‍ ആയ നേതാക്കള്‍ ഇല്ലാതായതും ആണ് ഈ പ്രക്ഷോഭങ്ങള്‍ പെട്ടെന്ന്  മൃതിയടയുവാന്‍ കാരണം. സുശക്തമായ രാഷ്ട്രീയ  നേതൃത്വം ഈ മുന്നേറ്റത്തെ ശരിയായ രീതിയില്‍ നേരിടുകയും ചെയ്തു എന്നും വ്യാഖ്യാനിക്കാം. അതായത്, പ്രക്ഷോഭം നയിച്ചവരുടെ നേതൃത്വ ഗുണങ്ങളെക്കാള്‍ മികച്ചതായിരുന്നു അവരെ നേരിട്ട ഭരണ കൂടത്തിന്റെ നേതൃത്വ ഗുണം.
 
ഇന്ത്യയിലും അണ്ണ ഹസാരയുടെ നേതൃത്വത്തില്‍ അഴിമതിക്കെതിരെ ആണ് എങ്കില്‍ കൂടി ചില മുന്നേറ്റങ്ങള്‍ ഇത്തരുണത്തില്‍ ഉണ്ടാവുകയും, ചില തിരയിളക്കങ്ങള്‍ക്ക് അത് ഉപകരിക്കയും ചെയ്തു. എന്തായാലും ഹസാര ടീമിന്‍റെ പിന്നിലെ ഗൂഡ നീക്കങ്ങള്‍ ജനങ്ങളില്‍ എത്തിക്കുവാന്‍ ഭരണ കൂടത്തിനു ഒരു പരിധി വരെ കഴിയുകയും ചെയ്തു എന്നതിന്റെ തെളിവാണ് ഹസാരയുടെ സ്വന്തം തട്ടകമായ മഹാരാഷ്ട്രയിലെ മുംബയില്‍ അദേഹത്തിന്റെ സമരം പരാജയം ആയത്. ഭരണ കൂടങ്ങളെ തകര്‍ക്കുവാന്‍ കഴിയുന്ന ഒരു ബ്രാന്‍ഡ്‌ ആണ് അഴിമതി എന്നുള്ള തിരിച്ചറിവാണ് അരവിന്ദ്‌ കേജരിവാളിന്റെ ഹസാരയെ മുന്‍ നിര്‍ത്തിയുള്ള ഈ സമര രീതി. ഹസാരയുടെ സമരത്തിനു പിന്നിലെ ലക്ഷ്യത്തിലെ നിഗൂഡതകള്‍ ജനം മനസിലാക്കിയത് ആണ് ഈ സമരം ഫലപ്രാപ്തിയില്‍ എത്താതെ പോയത്.
 
അതെ അഴിമതി ആണ് ഇന്ന് ഭരണകൂടങ്ങളെ തകര്‍ക്കുവാന്‍ ഉള്ള ഏറ്റവും വലിയ ആയുധം. അഴിമതിയില്‍ മുങ്ങി ആണ് ഇന്ന് മിക്ക ഭരണ കൂടങ്ങളും നില നില്‍ക്കുന്നത്. അഴിമതി ഒരു വലിയ ബ്രാന്‍ഡ്‌ ആണ് ഇന്ന് ലോകമെങ്ങും. അഴിമതിക്ക് കൂട്ട് നിന്നില്ല എങ്കില്‍ ഭരണ കൂടങ്ങള്‍ തകരും. അതിനു ഒരു മറുവശം, അഴിമതിക്ക് കൂട്ട് നിന്നാല്‍ ജനങ്ങള്‍ സര്‍ക്കാറുകള്‍ക്ക് എതിരെ തിരിയും.   ഭരണ കൂടങ്ങളെ നിഴ്ചയിക്കുന്നതും മന്ത്രിമാരെയും സെക്രട്ടറിമാരെയും വകുപ്പ് മേധാവികളെയും പോലും നിശ്ചയിക്കുന്നത്, മാഫിയകളും ബിസിനസ് ഗ്രൂപ്പുകളും ആണ്. ഒരാളെ തെരഞ്ഞെടുപ്പില്‍ ജയിപ്പിക്കുന്നത് തോല്പിക്കുന്നതും, കഴുതകളായ ജനങ്ങള്‍ അല്ല, മറിച്ചു മാഫിയകളും ബിസിനസ് അധിപന്മാരും ആണ്. ജനങ്ങള്‍ക്ക്‌ വേണ്ടത്, വളരെ ഷോര്‍ട്ട് ആയുള്ള ആനുകൂല്യങ്ങള്‍ മാത്രം. അവര്‍ അതില്‍ സായൂജ്യം അടയുമ്പോള്‍ രാഷ്ട്രീയക്കാരും ബിസിനസ്കാരും തങ്ങളുടെ   ഭാവി സുനിസ്ചിതമാക്കുന്നു.
 


ഞാന്‍ മഹാരാഷ്ട്രയിലെ സുഹൃത്തുമായി  ആയി അവിടെ നടന്ന മുനിസിപ്പല്‍ തെരെഞെടുപ്പിലെ വോട്ടിംഗ് രീതിയെ കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത്, തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മൂന്നും നാലും മാസത്തെ വൈദ്യുതി ബില്ലുകള്‍ മഹാരാഷ്ട്രയിലെ ജനങ്ങള്‍ അടയ്ക്കില്ല. അത് പോലെ മറ്റു ചില കടങ്ങളും. വോട്ടു ചെയ്യണം എങ്കില്‍ സ്ഥാനാര്‍ഥി വേണം ഇവയൊക്കെ അടയ്ക്കുവാന്‍.. പോലും. ഒരു തെരഞ്ഞെടുപ്പില്‍ ജയിക്കുവാന്‍ ഇത് പോലെ അനേകം പേരുടെ കടങ്ങള്‍ അടയ്ക്കുവാന്‍ സ്ഥാനാര്‍ഥി നിര്‍ബന്ധിക്കപ്പെടുന്നു. ചിലര്‍ക്ക് സ്കൂട്ടര്‍, വാഷിംഗ് മെഷീന്‍, മിക്സി, ഫ്രിഡ്ജ്‌ തുടങ്ങി ഇലെട്രോണിക് ഉല്പന്നങ്ങള്‍ വാങ്ങി കൊടുക്കണം. അപ്പോള്‍ ഇവയ്ക്കൊക്കെ ചിലവാകുന്ന തുക സ്ഥാനാര്‍ഥി എവിടെ നിന്ന് ഉണ്ടാക്കും. അയ്യാളെ സ്പോന്സര്‍ ചെയുന്ന ബിസിനസ് മാഫിയ ഈ പണം അയാള്‍ക്ക്‌ വേണ്ടി മുടക്കുന്നു. ജയിക്കുന്ന ആള്‍, ജനത്തിനു വേണ്ടി അല്ല, അയ്യാളെ സ്പോണ്സര്‍ ചെയ്ത കമ്പനിക്ക് വേണ്ടി അല്ലെങ്കില്‍ മാഫിയയക്ക്‌ വേണ്ടി പ്രവര്‍ത്തിക്കുന്നു. മഹാരാഷ്ട്രയില്‍ മാത്രം അല്ല, ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളിലും ഇതാണ് സ്ഥിതി. തമിഴ് നാട്ടില്‍ പല ഇടത്തും ആഘോഷമായ സാരി വിതരണം നടത്തിയതായി നമ്മള്‍ കേട്ടിട്ടുണ്ടല്ലോ... തെരഞ്ഞെടുപ്പ് നമ്മുടെ നാട്ടില്‍ നടക്കുന്ന ഏറ്റവും വലിയ ഉത്സവം ആണ്. ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ധനികര്‍ ആകുന്നതും  ഏറ്റവും കൂടുതല്‍ പണം വിപണിയിലേക്ക് ഒഴുകുന്നതും ഈ സമയത്ത് ആണ്. മദ്യം , ഭക്ഷണം തുടങ്ങിയവയ്ക്ക് ഏറ്റവും അധികം ഡിമാന്‍ഡും ഈ സമയത്ത് ആണ്. ഏറ്റവും കൂടതല്‍ കള്ളപ്പണം ഒഴുകുന്നതും തെരഞ്ഞെടുപ്പ് മാമാങ്കങ്ങള്‍ നടക്കുമ്പോള്‍ ആണെന്നത് വളരെ പരസ്യം ആണ്.

കഴിഞ്ഞ നിയമ സഭാ തെരെജെടുപ്പിനു ശേക്ഷം മഹാരാഷ്ട്രയില്‍ നിന്ന് വന്ന വാര്‍ത്തയില്‍, വസായി മണ്ഡലത്തെ പ്രതിനിധീകരിച്ച് വിജയിച്ച സ്വതന്ത്ര  സ്ഥാനാര്‍ഥി നൂറു കണക്കിന് ഇരു ചക്ര വാഹനങ്ങള്‍ വോട്ടര്‍മാര്‍ക്ക് നല്‍കി ആണ് വിജയിച്ചത് എന്ന വാര്‍ത്ത വന്നിരുന്നു.
 
മുന്നൊക്കെ, വേഷ്ടി, സാരി, കുട്ടികള്‍ക്ക് പുസ്തകങ്ങള്‍, മദ്യം, പണം എന്നിവ ആണ് വോട്ടര്‍മാര്‍ക്ക് സ്ഥാനാര്‍ഥികള്‍ കൊടുത്തിരുന്നത് എങ്കില്‍ ഇന്ന് കാലം മാറി. ഇപ്പോള്‍ ഇരു ചക്ര വാഹങ്ങള്‍ മാത്രം അല്ല, കാറുകള്‍, ഇലെട്രോണിക്‌ ഉപകരണങ്ങള്‍ തുടങ്ങിയവയും സമ്മാനങ്ങളില്‍ ഉള്‍പ്പെടുന്നു. സമ്മര്‍ദ്ദ ഗ്രൂപ്പുകള്‍ക്കും സമുദായങ്ങള്‍ക്കും ലഭിക്കുന്നത് ഇതിലും എത്രയോ അധികമാണ്. കോടിക്കണക്കിനു രൂപ വിലമതിക്കുന്ന കണ്ണായ ഭാഗത്തുള്ള ഭൂമി ആണ് പലപ്പോഴും സമുദായങ്ങള്‍ക്ക് ലഭിക്കുക. ഇതിനൊക്കെ പുറമേ ചില ഓര്‍ഡിനന്സ് വഴി അനേക കോടികള്‍ ലാഭം ഉണ്ടാകുവാന്‍ ഉള്ള അവസരങ്ങള്‍ കമ്പനികള്‍ക്കും.

ഓരോ സ്ഥാനാര്‍ഥിക്കും തെരഞ്ഞെടുപ്പില്‍ ചിലവാക്കുവാന്‍ ഒരു നിശ്ചിത സംഖ്യ അനുവദിച്ചിട്ടുണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍., എന്നാല്‍ അതിലും എത്രയോ മടങ്ങ്‌ ആണ് ഇക്കാലത്ത് ഓരോരുത്തരും ചിലവഴിക്കുക. എവിടെ നിന്നാണ് ഇത്രയധികം പണം ചിലവഴിക്കുവാന്‍ ഓരോ സ്ഥാനാര്‍ഥിക്കും കഴിയുക. അല്ലെങ്കില്‍ ഇത്ര മാത്രം പണം മുടക്കുവാന്‍ ഏതു രാഷ്ട്രീയ കക്ഷികല്‍ക്കാന് കഴിയുക. എങ്ങനെ ആണ് ഓരോ തെരഞ്ഞെടുപ്പിലും ഒഴുകുന്ന കോടികള്‍ നിയന്ത്രിക്കുന്നത്‌..,.

ഓരോ തെരെഞ്ഞെടുപ്പും ബിസിനസ് കാര്‍ക്ക് കച്ചവടം ആണ്. അവര്‍ പണം മുടക്കുന്നത് അതിന്‍റെ പല മടങ്ങ്‌ ലാഭം തിരിച്ചു പിടിക്കുവാന്‍ ആണ്. പല വിധമായ ബിസിനസ് താല്‍പ്പര്യങ്ങള്‍ ഉള്ള ഇന്ത്യക്ക് അകത്തും പുറത്തും ഉള്ള സമ്മര്‍ദ്ദ ഗ്രൂപ്പുകള്‍ ആണ് ഓരോ പാര്‍ട്ടിക്കും, സ്ഥാനാര്‍ഥിക്കും വേണ്ടി കോടികള്‍ മുടക്കുന്നത്. ഇതില്‍ ബിസിനസ് ഗ്രൂപ്പുകള്‍ ഉണ്ടാകാം, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നശീകരണം കാണുവാന്‍ ആഗ്രഹിക്കുന്ന, വിഘടന വാദികള്‍ കണ്ടേക്കാം. മത മൌലീക വാദികള്‍ ഉണ്ടാവാം, ദേശിയവും അന്തര്‍ ദേശിയവും ആയ അധോലോകം ഉണ്ടാവാം, ലഹരി വിപണിയിലെ ആഗോള ഭീമന്മാര്‍ ഉണ്ടാവാം. അവര്‍ ഓരോരുത്തരും പണം മുടക്കുന്നത് അവരുടെ രാഷ്ട്രീയവും കച്ചവടവും ആയ താല്പര്യങ്ങള്‍ക്ക് വേണ്ടി മാത്രം ആണ്.
 
ഓരോ തെരെഞ്ഞെടുപ്പു വിജയവും തങ്ങളുടെ വരുതിയിലാക്കുന്നത് കേവലം പത്തു ശതമാനം മാത്രം  വരുന്ന ഈ കൊള്ള സംഘങ്ങള്‍ ആയ സമ്മര്‍ദ്ദ ഗ്രൂപ്പുകള്‍ ആണ്. ഈ ഒരു ചെറിയ സമൂഹം ആണ് ഇന്ത്യയിലെ  വലിയ ഒരു വിഭാഗത്തിന്‍റെ മേല്‍ എന്നും കുതിര കയറുന്നത്. ഇതിങ്ങനെ എത്ര നാള്‍ നാം സഹിക്കേണ്ടി വരും?

ഇന്ത്യയില്‍ ജാനതിപത്യം ബിസിനസ് മാഫിയയക്ക്‌ വേണ്ടി  ബിസിനസ് മാഫിയ കണ്ട്രോള്‍ ചെയുന്ന രാഷ്ട്രീയക്കാരുടെ ഒരു കൂട്ടം നടത്തുന്ന ഭരണം ആണ് എന്ന് പറയേണ്ടിയിരിക്കുന്നു.

ഇതെഴുതുവാന്‍ പ്രേരിപ്പിച്ച ഘടകം, രാഷ്ട്രീയ കക്ഷികള്‍ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ തങ്ങള്‍ക്ക് ലഭിച്ച തുകയുടെ കണക്കുകള്‍ വെളിപ്പെടുത്തിയതു കണ്ടപ്പോള്‍  ആണ്. ഇതില്‍ ഇന്ത്യ ഭരിക്കുന്ന കോണ്‍ഗ്രെസ് എന്നോ, ഭരണം കയ്യില്‍ ഇല്ലാത്ത ബി ജെ പി എന്നോ, വര്‍ഗ ബഹുജന പുരോഗമന പാര്‍ട്ടി എന്ന സി പി എമ്മോ എന്നുള്ള വ്യത്യാസം ഇല്ല എന്നതാണ്. ഇന്ത്യയുടെ സാമ്പത്തീക നില കീഴോട്ടു വളരുമ്പോഴും മുഖ്യധാര പാര്‍ട്ടികളുടെ വരവുകള്‍ കൂടുന്നു. ഇതില്‍ ഏറ്റവും രസകരമായ വസ്തുത, ഇവര്‍ക്ക് പണം കൊടുക്കുന്നവര്‍ ആരും തങ്ങളുടെ പേരുകള്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല എന്നതാണ്. ഉറവിടം വെളിപ്പെടുത്താതെ ഉള്ള ഈ ഡോണെഷന്‍സ് അനുവദിക്കാന്‍ പാടില്ല. ഒരു ജനാധിപത്യ രാജ്യത്തെ ജനങ്ങള്‍ക്ക്‌, ആ രാജ്യത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്നവരുടെ പേര് വിവരം അറിയുവാന്‍ ഉള്ള അവകാശം ഉണ്ടായിരിക്കണം. ഒരു രാഷ്ട്രീയ കക്ഷിയുടെ പ്രവര്‍ത്തകനും, അതിലുപരി ഓരോ വോട്ടര്‍മാര്‍ക്കും ഇതറിയുവാനുള്ള കടമയുണ്ട്. എങ്കില്‍ മാത്രമേ നമ്മുടെ രാജ്യത്ത് നടക്കുന്നത് ശരിയായ ജനാധിപത്യം എന്ന് അവകാശപ്പെടുവാന്‍ കഴിയുകയുള്ളൂ. അഴിമതിയെ ഒരു പരിധിവരെ കണ്ട്രോള്‍ ചെയുവാന്‍ ഇത് ഉപകരിക്കുകയും ചെയ്യും.  


1 comment:

  1. >>ഇന്ത്യയുടെ സാമ്പത്തീക നില കീഴോട്ടു വളരുമ്പോഴും മുഖ്യധാര പാര്‍ട്ടികളുടെ വരവുകള്‍ കൂടുന്നു<<

    നല്ല ലേഖനം.

    ReplyDelete