റോമായിലെ വിശേഷങ്ങള്‍
ഒരു സ്വപ്ന സാക്ഷാത്ക്കാരം. കുടുംബവുമായി ഒരു യൂറോപ്യന്‍ പര്യടനം. ഇറ്റലി, വത്തിക്കാന്‍, ആസ്ത്രിയ, സ്വിറ്റ്സര്‍ലന്‍ഡ്, ഫ്രാന്‍സ്, തുടങ്ങിയ രാജ്യങ്ങള്‍. ഞങ്ങളുടെ കമ്പനിയില്‍ നിന്ന് തന്നെയുള്ള ജോണ്‍സനും കുടുംബവും ബിജുവും അദേഹത്തിന്റെ കുടുംബവും മാത്രമല്ല ഞങ്ങളുടെ അടുത്ത സുഹൃത്തായ പാര്‍ത്ഥസാരഥിയും കുടുംബവും. ഇന്ത്യയിലെ പ്രശസ്തമായ ടൂര്‍ ഓപ്പറേറ്റിങ് കമ്പനി ആയ കോക്സ് ആന്‍ഡ് കിംഗ്സ് ആണ് ടൂര്‍ അറേഞ്ച് ചെയുന്നത്. ഞങ്ങള്‍ക്കൊപ്പം പരിചയമില്ലാത്ത മറ്റ് എട്ടു കുടുംബങ്ങള്‍ കൂടി. കുട്ടികള്‍ അടക്കം എല്ലാവരും ടൂര്‍ എന്ന് കേട്ടപ്പോള്‍ മുതലേ വലിയ ത്രില്ലില്‍ ആയിരുന്നു. യാത്രക്കുള്ള ഒരുക്കങ്ങള്‍ വളരെ മുന്നേ തുടങ്ങിയിരന്നു. ഇറ്റലി, സ്വിറ്റ്സര്‍ലന്‍ഡ് ഒഴികെയുള്ള മറ്റു രാജ്യങ്ങള്‍ ഞാന്‍ സന്ദര്ശിച്ചിട്ടുള്ളതിനാല്‍ ഈ രാജ്യങ്ങളിലെ വിവരങ്ങള്‍ അറിയുവാന്‍ ആയിരുന്നു എന്റെ ശ്രമങ്ങള്‍.
അബുദാബി എയര്‍പോര്‍ട്ടില്‍ നിന്ന് രാത്രിയുള്ള അലിറ്റാലിയ വിമാനത്തില്‍ ആണ് ഞങ്ങള്‍ യാത്ര തിരിക്കേണ്ടത്. ഒന്‍പതു മണിയോടെ ഞങ്ങള്‍ കരാമയിലെ കോക്സ് ആന്‍ഡ് കിംഗ്സ് ഓഫീസിനടുത്തുള്ള പാര്‍ക്കിങ്ങില്‍ ഞങ്ങള്‍ക്കായി കരുതിയ ബസ്സില്‍ ലഗേജും ആയി എത്തി. വാഹനത്തില്‍ ഇരുപതോളം പേരെ ഉള്ളൂ. ബാക്കിയുള്ളവര്‍ അബുദാബി എയര്‍പോര്‍ട്ടില്‍ എത്തും. പതിനൊന്നു മണിയോടെ ഞങ്ങള്‍ എയര്‍ പോര്‍ട്ടില്‍ എത്തി. ചെക്കിന്‍ ഒക്കെ വളരെ എളുപ്പത്തില്‍ നടന്നു. പരിചയമില്ലാത്ത കുടുംബങ്ങളെ ഒക്കെ ഞങ്ങള്‍ പരിചയപ്പെട്ടു. രാത്രി രണ്ടു മണിയോടെ വിമാനം ആകാശത്തിലെക്കുയര്‍ന്നു.
രാവിലെ ഏഴു മണിക്ക് അലിറ്റാലിയ വിമാനം റോമിലെ ലിയോനാര്‍ഡോ ഡാവിഞ്ചി വിമാനത്താവളത്തില്‍ പറന്നിറങ്ങി. അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് എമിഗ്രേഷന്‍ എരിയയിലെക്ക് ഉള്ള ദൂരം ട്രെയിനില്‍ ആണ് യാത്ര ചെയ്തത്. ബാഗേജും ആയി പുറത്തിറങ്ങിയപ്പോള്‍ സ്യുട്ട് ധരിച്ച ഒരു മധ്യവയസ്കന്‍ കോക്സ് ആന്‍ഡ് കിംഗിന്റെ ഒരു പോസ്റ്ററും പിടിച്ചു ആഗമന ഏരിയയില്‍ നില്‍ക്കുന്നു. ഞങ്ങള്‍ നാല്‍പ്പതു പേരും ഓരോരുത്തരായി പോയി ഹാജര്‍ വച്ച്. അവിടെ വച്ച് തന്നെ അദേഹത്തിന്റെ നാവില്‍ നിന്ന് ഹലോജി എന്ന ഒരു പുതിയ പദം കേട്ടതിലുള്ള നെടുവീര്‍പ്പില്‍ ആയിരുന്നു ഞങ്ങള്‍ എല്ലാവരും. എന്തിനും ഏതിനും ഹലോജി എന്ന അഭിസംബോധന കൊണ്ടായിരുന്നു അദേഹത്തിന്റെ തുടക്കം. എയര്‍ പോര്‍ട്ടിലെ കാശ് കൈമാറ്റം ചെയുവാനുള്ള കൌണ്ടറിനെ കുറിച്ചും പണം പിന്‍വലിക്കുവാന്‍ ഉള്ള എ ടി എം മെഷീനുകളെ കുറിച്ചും ഒരു ഹ്രസ്വ പ്രസംഗം തന്നെ അദേഹം നടത്തി. ഈ ടൂറില്‍ പല ഓപ്ഷണല്‍ പാക്കേജുകള്‍ ഉണ്ടെന്നും അതിനൊക്കെ പണം വേണമെന്നും അദേഹം ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്നു. വീണ്ടും ഹാജര്‍ എടുത്തു അദേഹം ഞങ്ങളെ ഹോട്ടലിലേക്ക് കൊണ്ട് പോകാന്‍ വന്ന ബസ്സില്‍ കയറ്റി.
പുറത്ത് കനത്ത മഴ. മഴ കണ്ടപ്പോള്‍ ഗള്‍ഫില്‍ നിന്ന് പോയ ഞങ്ങള്‍ക്ക് ആദ്യം ഒരു കുളിര്‍മ തോന്നിയെങ്കിലും പലരുടെയും മുഖം മഴക്കാറ് നിറഞ്ഞ ആകാശം പോലെയായി. ഇത്രേം പണോം കൊടുത്ത് ഇറ്റലി കാണാന്‍ വന്നപ്പോള്‍ ഇത് പോലെ കനത്ത മഴ പെയ്താല്‍ ഇറ്റലിയില്‍ എന്തു കാണും എന്ന ആശങ്ക. ഹലോജി എന്ന പേര് ഞങ്ങള്‍ ചാര്‍ത്തി കൊടുത്ത യെസ്ഡി എന്ന ഞങ്ങളുടെ, ലണ്ടനില്‍ സ്ഥിര താമസമാക്കിയ മുംബൈക്കാരന്‍ ടൂര്‍ മാനേജര്‍ എന്ന ഗൈഡ് ബസ്സിലെ മൈക്ക് അപ്പോഴേക്കും കൈക്കലാക്കി, ഞങ്ങളെ സമാധാനിപ്പിച്ചു. കഴിഞ്ഞ നാല് ദിവസമായി ഇറ്റലിയില്‍ നല്ല ചൂടായിരുന്നു. സാധാരണ നാല് ദിവസം നല്ല ചൂടുണ്ടായാല്‍ അഞ്ചാം ദിവസം ഇറ്റലിയില്‍ മഴ പെയ്യുമെന്നും, മഴ കഴിഞ്ഞാല്‍ വീണ്ടും പഴയ പോലെ ആകാശം സൂര്യ ശോഭയില്‍ തിളങ്ങുമെന്നും അറിയിച്ചപ്പോള്‍ ആണ് പലര്‍ക്കും ശ്വാസം നേരെ വീണത്. ഏകദേശം ഒരു മണിക്കൂര്‍ ബസ്സില്‍ യാത്ര ചെയ്തു വേണം റോമിന്റെ പ്രാന്ത പ്രദേശമായ ഫിയാനോ എന്ന ചെറു പട്ടണത്തില്‍ എത്തുവാന്‍... യൂറോപ്പിനെ കുറിച്ച് സ്വപ്നങ്ങളുമായി വന്ന പലരുടെയും മുഖം കരുവാളിച്ചിരിക്കുന്നത് ഞാന്‍ കണ്ടു. കാരണം എന്തെന്നല്ലേ, കുറെ സൂര്യകാന്തി പാടങ്ങളും പുല്‍മേടുകളും കൃഷിയിടങ്ങളും മാത്രം ഉള്ള ഒരു പ്രദേശത്തു കൂടി ആണ് ഞങ്ങളുടെ വാഹനം മുന്നോട്ടു പോയിക്കൊണ്ടിരുന്നത്. ഒരു മാതിരി തമിഴ്നാട്ടിലെ കൃഷിയിടങ്ങളില്‍ കൂടി പോകുന്ന അനുഭവം. ഇതാണോ ഇറ്റലി, ഇത് കാണാനാണോ നമ്മള്‍ വന്നത് എന്ന മുഖഭാവം.
ഇതിനിടയില്‍ ഹലോജി, ഇറ്റലിയെ കുറിച്ചും ഞങ്ങളുടെ ട്രിപ്പിനെ കുറിച്ചും വാചാലനാകാന്‍ തുടങ്ങി. പിന്നില്‍ ഇരിക്കുന്ന ഞങ്ങള്‍ കരുതി ഹലോജി, ഏതോ ബുക്ക് നോക്കി വായിക്കുകയാണ് എന്ന്. അത്രക്ക് വ്യക്തതയോടെ ഓരോ സ്ഥലത്തെ കുറിച്ചും അയ്യാള്‍ വിക്കിപീഡിയ പോലെ ഞങ്ങളോടെ സംസാരിച്ചു കൊണ്ടിരുന്നു. യൂറോപ്പില്‍ നിയമം ഭയങ്കര കാര്‍ക്കശ്യം ആണെന്നും അതിനാല്‍ നിയമം അനുസരിക്കണം, ബസ്സില്‍ പോലും പൊടിയോ പോട്ടോ ഇടാന്‍ പാടില്ല, പോലീസ് ചെക്ക് ചെയ്യും, എന്നൊക്കെ പേടിപ്പിച്ചു. അത് പോലെ രണ്ടു ഓപ്ഷണല്‍ ടൂര്‍ ഈ യാത്രയില്‍ ഉണ്ടാകും, അതില്‍ ഒന്ന് സ്വിറ്റ്സര്‍ലാന്‍ഡിലെ യുങ്ങ്ഫ്രു എന്ന യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയിലേക്കുള്ള യാത്ര ആണ്. അതിനു പോകണം എങ്കില്‍ ആളൊന്നിനു 135 യൂറോ നല്‍കണം. രണ്ടു ഫ്രാന്‍സിലെ ലിഡോ ഷോ ആണ്. മോളിന്‍ റോ എന്ന ഈ ഷോയില്‍ കാബറെ ഡാന്‍സും പാരീസിലെ സുന്ദരികളായ നര്‍ത്തകികളുടെ നഗ്ന മാറിട പ്രദര്‍ശനവും ആണ്. ഇതില്‍ പതിനാറു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനമില്ല. ഇതിനായി ഓരോരുത്തരും 150 യൂറോ കൊടുക്കണം. അത് പോലെ ബസ്സിന്‍റെ ഡ്രൈവര്‍ക്ക് ഓരോ ആളും ഓരോ ദിവസം രണ്ടു യൂറോ വീതം ടിപ്പ് നല്‍കണം. പന്ത്രണ്ടു ദിവസത്തിനു പകരം പത്തു ദിവസത്തെ ടിപ്പ് ആയ ഇരുപതു യൂറോ ഒരാള്‍ക്ക് വീതം എല്ലാവരും ആദ്യ ദിവസം തന്നെ ഈ ടിപ്പ് തുക നല്‍കണം. യുങ്ങ്ഫ്രുവില്‍ പോകുവാന്‍ എല്ലാവരും തയ്യാര്‍ ആയി, ടിപ്പ് നല്‍കാനും. പക്ഷെ ലിഡോ ഷോയില്‍ പങ്കെടുക്കുവാന്‍ എന്തു കൊണ്ടോ ആരും തയ്യാറായില്ല, ഒരു പക്ഷെ എല്ലാവരും കുട്ടികളും ആയി ടൂറിനു വന്നത് കൊണ്ടാവും. .
ബസ്സില്‍ വച്ച് തന്നെ ഹലോജി പറഞ്ഞു, ഹോട്ടല്‍ ചെക്ക് ഇന്‍ ടൈം രണ്ടു മണിയാണ്, പക്ഷെ പന്ത്രണ്ടു മണി മുതല്‍ റൂം കിട്ടിത്തുടങ്ങും. അത് വരെ ഞങ്ങള്‍ ലോബ്ബിയില്‍ ഇരിക്കണം. അത് പോലെ ഒഫീഷ്യല്‍ ടൂര്‍ ആരംഭിക്കുന്നത് അന്ന് വൈകുന്നേരം മുതല്‍ ആണ്. അതിനാല്‍ ബ്രേക്ക്ഫാസ്റ്റ്, ലഞ്ച് എന്നിവ ഞങ്ങള്‍ തന്നെ കണ്ടെത്തണം. എല്ലാവരും പിറുപിറുത്തു കൊണ്ട് പ്രിന്‍സ് ഇന്‍ എന്ന ഞങ്ങളുടെ ആദ്യ ദിവസത്തെ ഹോട്ടലിലേക്ക് കയറി. അതാ ഒരു പറ്റം ചൈനക്കാര്‍ ഹോട്ടലില്‍ നിന്നും ചെക്ക് ഔട്ട് നടത്തുകയാണ്. ഞങ്ങള്‍ ലോബ്ബിയില്‍ ഇരുന്നു. അനേകം റൂമുകള്‍ ഉണ്ടെങ്കിലും മൂന്നു നിലയുള്ള ആ ഹോട്ടല്‍ പഴകിയതും ചെറുതും ആണ് എന്ന് ഞങ്ങള്‍ക്ക് തോന്നി. പക്ഷെ ഹലോജി, ഞങ്ങളോട് പറഞ്ഞിരുന്നു. യൂറോപ്പിലെ ഹോട്ടലുകള്‍ ദുബായിലേതു പോലെ ആര്‍ഭാടങ്ങള്‍ ഉള്ളതല്ല. അത് പോലെ റോമ സിറ്റിയില്‍ ഗ്രൂപ്പുകള്‍ക്ക് താമസിക്കുവാന്‍ ഹോട്ടലുകള്‍ കിട്ടില്ല. അതിനാല്‍ നഗരത്തില്‍ നിന്ന് മാറി ഹൈവേയ്ക്ക് അടുത്തുള്ള ഹോട്ടലുകളില്‍ ആണ് താമസ സൌകര്യം ഒരുക്കിയത് എന്ന്. ( ആദ്യമായി ടൂറിനു വരുന്ന ഞങ്ങളെയൊക്കെ കളിപ്പിച്ചത് ആണോ എന്ന് സംശയം തോന്നാതിരുന്നില്ല)
ഞായര്‍ ആയതിനാല്‍ വളരെ ചെറിയ ആ പ്രദേശത്തെ മിക്ക കടകളും അടഞ്ഞു കിടക്കുന്നു. ഭക്ഷണ ശാലകള്‍ അടുത്തെങ്ങും ഉള്ളതായി കാണുന്നില്ല. അവിടെ ടൂറിസ്റ്റുകള്‍ക്ക് താമസിക്കുവാന്‍ വേണ്ടി മാത്രമുള്ള കുറെ ഹോട്ടലുകള്‍, ഒരു അനിമല്‍ സൂപ്പര്‍ മാര്‍ക്കറ്റ്, റോഡിനു എതിര്‍ ഭാഗത്തായി ഒരു സെക്സ് ഷോപ്പ് , അതിനോടനുബന്ധിച്ചു ബാര്‍, അങ്ങനെ ചിലതൊക്കെ മാത്രം ആണ് ഞങ്ങള്‍ക്ക് കാണുവാന്‍ സാധിക്കുന്നത്. ലോബ്ബിക്കടുത്തുള്ള വാഷ് റൂമില്‍ പോയി എല്ലാവരും പല്ലു തേച്ചെന്നു വരുത്തി. കുട്ടികള്‍ക്ക് വിശക്കുന്നു, ഞങ്ങള്‍ പതുക്കെ ഇട വഴിയിലൂടെ നടന്നു. പെട്ടിക്കടകള്‍ പോലുള്ള ഭക്ഷണ ശാലകള്‍ക്കും ബാര്‍ എന്ന ബോര്‍ഡ്, പക്ഷെ എല്ലാം അടച്ചിട്ടിരിക്കുന്നു. നമ്മുടെ ഗ്രാമ പ്രദേശത്തെ ബേക്കറി പോലെ തോന്നിപ്പിക്കുന്ന ഒരു ചെറിയ ബാര്‍ മാത്രം തുറന്നിരിക്കുന്നു. അവിടെ ഇറ്റലിയിലെ ചില ബേക്കറി ഐറ്റംസ്, കേക്കുകള്‍, കോഫി, പലതരം വൈന്‍ തുടങ്ങിയവ ഉണ്ട്... ഞങ്ങള്‍ നാല്‍പ്പതു പേരെ കൊണ്ട് കടയും പരിസരവും നിറഞ്ഞു. ആദ്യം ഒരാള്‍ മാത്രമുണ്ടായിരുന്ന കടയിലേക്ക് ഉടനെ തന്നെ മറ്റു രണ്ടു സ്ത്രീകള്‍ കൂടി എത്തി. അവരെല്ലാവരും ഞങ്ങളുടെ ഓര്‍ഡര്‍ എടുക്കുകയാണ്. ഇറ്റാലിയന്‍ അല്ലാതെ മറ്റൊരു ഭാക്ഷ അവര്‍ക്ക് മനസിലാകില്ല. തൊട്ടു കാണിച്ചും എഴുതി കൂട്ടിയും സാധനങ്ങള്‍ വാങ്ങി ഞങ്ങള്‍ അത്യാവശ്യം വിശപ്പ് മാറ്റി. ആദ്യ സിപ്പ്, വീനോ റോസായില്‍ തുടങ്ങി ഞങ്ങളുടെ ഞങ്ങളുടെ യൂറോപ്യന്‍ പര്യടനം. ഇറ്റലിയില്‍ റെഡ് വൈനിന് പറയുന്നത് വീനോ റോസാ എന്നാണ്. അഞ്ചു വയസാകുന്ന കുട്ടികള്‍ മുതല്‍ എല്ലാവരും അവിടെ വൈന്‍ കുടിക്കും എന്ന് ഹലോജി ബസ്സില്‍ വച്ച് തന്നെ ഞങ്ങളെ ഓര്‍മിപ്പിച്ചിരുന്നു.
തിരികെ വന്നപ്പോഴേക്ക് ഹോട്ടല്‍ റൂം റെഡി. ഫ്രഷ് ആയി ഒരു ഉറക്കം കഴിഞ്ഞപ്പോള്‍ വീണ്ടും വിശപ്പിന്റെ വിളി. രണ്ടു മണി കഴിഞ്ഞതെ ഉള്ളൂ... ഹോട്ടലില്‍ ഉണ്ടായിരുന്ന ഭക്ഷണ ശാല രണ്ടു മണിക്ക് അടയ്ക്കും പോലും. എന്തായാലും പുറത്തിറങ്ങിയപ്പോള്‍ കൂടെ വന്നവരില്‍ പലരും ഞങ്ങളെ പോലെ ഭക്ഷണം കഴിക്കാനായി കറങ്ങിത്തിരിയുന്നു. ഹോട്ടല്‍ റിസപ്ഷനിസ്റ്റ് ആണ് ഹോട്ടലിനു തൊട്ടു പിന്നിലുള്ള ഷോപ്പിംഗ് മാളിനെ കുറിച്ച് പറഞ്ഞത്. . ഞങ്ങള്‍ ഹോട്ടലിനു പിന്നിലെ ഷോപ്പിംഗ് മാളില്‍ എത്തിയപ്പോള്‍ അവിടെ നിരവധി ഭക്ഷണ ശാലകള്‍, വലിയൊരു ഹൈപ്പര്‍ മാര്‍ക്കറ്റ്. എന്തായാലും ഞങ്ങള്‍, ഞാനും സുഹൃത്തായ പാര്‍ഥനും കുടുംബവും ഒന്നിച്ചു വയറു നിറയുവോളം പിസ കഴിച്ചു. എട്ടു പേര്‍ പിസ കഴിച്ചതിനു വന്ന ബില്‍ വെറും എട്ടു യൂറോ മാത്രം. ഹൈപ്പര്‍ മാര്‍ക്കറ്റില്‍ കയറി അത്യാവശ്യം അന്ന് രാത്രി സേവയ്ക്ക് വേണ്ടുന്ന മദ്യം വാങ്ങി. കുറച്ചു പഴങ്ങളും. പഴങ്ങള്‍ക്ക് വളരെ വിലക്കുറവ്.
ഓരോ ബിയറും നുണഞ്ഞു കൊണ്ട് ഹോട്ടലിലേക്ക് വന്നപ്പോള്‍ മുന്നില്‍ രണ്ടു കന്യാസ്ത്രികള്‍, അതും മലയാളികള്‍. കൂട്ടത്തില്‍ ഞങ്ങളോടൊപ്പം ടൂറിനു വന്ന റോയിയും. തൃശൂര്‍ നിവാസികള്‍ ആയ ഈ കന്യസ്ത്രിമാര്‍ വളരെ വര്‍ഷങ്ങള്‍ ആയി റോമിന് അടുത്തുള്ള ഒരു പുണ്യ കേന്ദ്രത്തിലെ മഠത്തില്‍ ആണ് പോലും താമസം. റോയി വരുന്നതിനാല്‍ റോയിയെ കാണാന്‍ ആണവര്‍ വന്നത്. അവര്‍ വരുമ്പോള്‍ ട്രെയിന്‍ സമരമായിരുന്നു, അതിനാല്‍ കുറെ ബുദ്ധിമുട്ടി ആണ് എത്തിയത് എന്ന് പറഞ്ഞു. കേരളത്തില്‍ മാത്രമല്ല ഇറ്റലിയിലും സമരങ്ങള്‍ നടക്കാറുണ്ട് എന്നവര്‍ പറഞ്ഞു. പിണറായി ഭക്തയായ ജാസ്മിന്‍ ആണ് റോയിയുടെ ഭാര്യ. അവര്‍ക്കൊരു മോനും.
അഞ്ചു മണിയായപ്പോള്‍ എല്ലാവരും റോമിലേക്ക് പോകുവാന്‍ തയ്യാറായി ബസ്സില്‍ കയറി. ഹലോജി എല്ലാവരുടെയും ഹാജര്‍ എടുക്കുന്നുണ്ടായിരുന്നു. രാവിലെ എയര്‍പോര്‍ട്ടില്‍ നിന്ന് ഞങ്ങളെ കൊണ്ട് വന്ന ബസ്സല്ല, പുതിയൊരു ബസ്സ്. ബസ്സില്‍ കയറാന്‍ നേരത്ത് ഞങ്ങള്‍ അറിയാത്ത നാല് പുതിയ കുടുംബങ്ങള്‍. കാനഡയില്‍ നിന്ന് കൈക്കുഞ്ഞുങ്ങളുമായി ഒരു ഡല്‍ഹി കുടുംബം. ഡോ.ആശിഷും അമ്മയും ഭാര്യയും രണ്ടു കൈക്കുഞ്ഞുങ്ങളും. കാനഡയില്‍ നിന്ന് തന്നെ പട്ടേലും ഭാര്യയും. കുവൈറ്റില്‍ നിന്ന് ഒരു അച്ചായനും കുടുംബവും. കുവൈറ്റില്‍ നിന്ന് തന്നെ മറ്റൊരു ഗുപ്തയും കുടുംബവും. അഞ്ചു മണിയായപ്പോള്‍ ഞങ്ങള്‍ എല്ലാവരും ബസ്സില്‍ കയറി. ജോണ്‍സണ്‍ എന്ന എന്‍റെ സുഹൃത്തിനെയും കുടുംബത്തെയും മാത്രം കാണുന്നില്ല. ഒടുവില്‍ ഹലോജി തന്നെ അവരെ തപ്പിപ്പിടിച്ചു കൂടെ കൊണ്ട് വന്നു.
ഹലോജി മൈക്കിലൂടെ റോമിനെ കുറിച്ചുള്ള കമന്ററി തുടങ്ങി. ബസ്സില്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ ഇടയ്ക്കിടയ്ക്ക് തന്നു കൊണ്ടിരുന്നു. ഞായറാഴ്ച ആയതിനാല്‍ ഒരു മണിക്കൂര്‍ കൊണ്ട് റോമില്‍ എത്താമെന്നും, വിക്കി പീഡിയയില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ ഈ ഒരു മണിക്കൂറില്‍ ഹലോജി ഞങ്ങള്‍ക്ക് പറഞ്ഞു തന്നു. തസ്കരന്മാര്‍ ധാരാളം ഉള്ള പട്ടണം ആണ് റോം, ഇന്ത്യന്‍ പാസ്സ്പോര്‍ട്ട് മോഷ്ടിക്കുവാന്‍ പ്രത്യേക സംഘം ഉണ്ടെന്നു പറഞ്ഞപ്പോള്‍ തന്നെ പാസ്പോര്‍ട്ട് സൂക്ഷിക്കുന്ന കുടുംബ നാഥമാര്‍ കൂടുതല്‍ ജാഗരൂകരായി. റോമിലെ റോഡുകളിലെ തിരക്കുകളെ കുറിച്ചും റോമില്‍ വലിയ ബസ്സുകള്‍ കടത്തിവിടണമെങ്കില്‍ പ്രത്യേക പാസ് എടുക്കെണ്ടുന്നതിനെ കുറിച്ചും ഗ്രൂപ്പായി വരുന്ന ടൂറിസ്റ്റുകള്‍ക്ക് സിറ്റിക്കകത്ത് ഹോട്ടലുകള്‍ താമസ സൌകര്യം പോലും കൊടുക്കില്ല. ഇതെല്ലാം സിറ്റിയിലെ തിരക്ക് നിയന്ത്രിക്കാന്‍ വേണ്ടി ആണ്.
ഇപ്പോള്‍ ഞങ്ങള്‍ പുരാതന റോമിലെത്തി. ടൈബര്‍ നദിക്കരയില്‍ സ്ഥിതി ചെയുന്ന ഈ പുരാതനവും മനോഹരവുമായ പട്ടണത്തിനു 2500 ല്‍ അധികം വര്‍ഷത്തെ പഴക്കമുണ്ട്. ഐതീഹങ്ങള്‍ പറയുന്നതു ചെന്നായ വളര്‍ത്തിയ ഇരട്ട സഹോദരങ്ങള്‍ ആയ റോമുളാസ്, റെമുസ് എന്നീ സഹോദരന്മാര്‍ ആണ് റോം സിറ്റി പണിയുവാന്‍ തീരുമാനിച്ചത് എന്നാണ്. മലമുകളില്‍ സിറ്റി പണിയണമെന്ന് റോമുളാസും നദിക്കരയില്‍ പണിയണമെന്നു റെമുസും തീരുമാനമെടുക്കുകയും അവര്‍ തമ്മിലുണ്ടായ വാക്കു തര്‍ക്കം റെമുസിന്റെ മരണത്തില്‍ കലാശിക്കുകയും ചെയ്തു എന്നാണ് വിശ്വാസം. ബി സി 504 ല്‍ തന്നെ റിപ്പപ്ളിക്ക് ആയി അറിയപ്പെട്ടിരുന്ന റോമ സമ്പത്തിലും അധികാരശേക്ഷിയിലും വളരെ മുന്നിലായിരുന്നു. ബി സി 27 ല്‍ ആണ് അഗസ്റ്റസ് സീസറിന്റെ നേത്രുത്വത്തില്‍ റോമാ സാബ്രാജ്യം നിലവില്‍ വരുന്നത്. പ്രഗല്‍ഭന്മാരും വികടന്മാരും വിടന്മാരുമായ അനേകം ചക്രവര്‍ത്തിമാര്‍ ( അഗസ്റ്റസ് സീസര്‍, ജൂലിയസ് സീസര്‍, കലിഗുള, നീറോ, ടൈബീരിയസ് തുടങ്ങിയവര്‍) ഭരിച്ച റോമാ സാബ്രാജ്യം. ഇതില്‍ ജൂലിയസ് സീസറിനെ അറിയാത്തവര്‍ വിരളമായിരിക്കും, കലിഗുള തികഞ്ഞ സെക്സ് മാനിയാക്കും. നീറോ ആകട്ടെ റോമ സാബ്രാജ്യം അഗ്നിക്കിരയാക്കുവാന്‍ കല്‍പ്പന കൊടുത്തിട്ട് നഗരത്തെ അഗ്നി വിഴുങ്ങുന്നത് കണ്ടു വീണ വായിച്ചിരുന്നത് വളരെ പ്രസിദ്ധവുമാണ്. കൂടാതെ ക്രിസ്തു ശിക്ഷ്യന്‍ ആയ പത്രോസിനെ തലകീഴായി കുരിശില്‍ തറച്ചതും നീറോ ആണെന്ന് പറയപ്പെടുന്നു.
ക്രിസ്ത്യാനിറ്റിയുടെ തുടക്കം മുതല്‍ വത്തിക്കാന്‍ രൂപീകൃതമാകുന്നത് വരെ പോപ്പിന്‍റെ വാസസ്ഥലവും റോം ആയിരുന്നു. റോമിന്‍റെ ഭരണത്തില്‍ പോപ്പിന്‍റെ ഇടപെടലുകള്‍ ഉണ്ടാവുക പതിവായിരുന്നു. റോമിന്‍റെ പുനരുദ്ധാരണത്തിനും നഗരം കെട്ടിപ്പോക്കുന്നതിനും അതാതു കാലങ്ങളിലെ പോപ്പുമാരുടെ ഇടപെടലുകളും ഉണ്ടായിട്ടുണ്ട്.
ആദ്യ ദിനം റോമിലെ വീഥികളിലൂടെ ഒരു പനോരമിക് ടൂര്‍ ആണ് പ്ലാന്‍ ചെയ്തിരുന്നത്. വരുന്ന വഴിയില്‍ മാര്‍ക്കസ് അഗ്രിപ്പ പുരാതന റോമിലെ എല്ലാ ദൈവങ്ങള്‍ക്കും ആയി പണി കഴിപ്പിച്ച പന്തിയോന്‍ എന്ന ക്ഷേത്രം കണ്ടു. അത് പോലെ തന്നെ റോമില്‍ അവശേഷിച്ചിട്ടുള്ള ഹെര്‍ക്കുലീസ് ദേവന്‍റെ ക്ഷേത്രവും ഹലോജി ഞങ്ങള്‍ക്ക് കാണിച്ചു തന്നു.
വഴിയില്‍ ഞങ്ങള്‍ക്ക് വത്തിക്കാന്‍ സിറ്റി എന്ന ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം ഞങ്ങള്‍ക്ക് ഹലോജി കാണിച്ചു തന്നു. നാളെയാണ് വത്തിക്കാന്‍ സിറ്റി കാണുവാന്‍ പോകുന്നത്. റോമിലൂടെ ഒഴുകുന്ന ടൈബര്‍ നദിയില്‍ 2500 വര്‍ഷത്തിനു മുന്‍പ് പണിത പാലം ഇപ്പോഴും ജനങ്ങള്‍ ഉപയോഗിക്കുന്ന വിവരം ആ പാലം കാണിച്ചു തന്നു കൊണ്ട് ഹലോജി പറഞ്ഞപ്പോള്‍ ഞാന്‍ നമ്മുടെ നാട്ടിലെ പാലങ്ങളുടെ അവസ്ഥ ഓര്‍ത്തുപോയി.
പുരാതന റോമിന്റെ രാഷ്ട്രീയ-സാമ്പത്തിക സിരാകേന്ദ്രമായിരുന്നു റോമൻ ഫോറം. റോമന്‍ ഫോറം റോമിന്‍റെ പുരാതന ജീവിതത്തിന്‍റെ നാഴികക്കല്ലാണ്. പുരാതന റോമിന്‍റെ അവശിഷ്ടങ്ങള്‍, റോമാ സാംബ്രാജിത്വത്തിന്റെ തിരുശേഷിപ്പുകള്‍ ഒക്കെ ചേര്‍ന്ന ഈ സ്മാരകം റോമില്‍ എത്തുന്ന സഞ്ചാരികളെ വളരെയധികം ആകര്‍ഷിക്കുന്നുണ്ട്. പുരാതന റോമിന്‍റെ മറ്റൊരു പ്രധാന സ്മാരകം ആണ് കറക്കല്ല ബാത്ത്. റോമന്‍ ജനതക്ക് പരസ്യമായി കുളിക്കുവാന്‍ വേണ്ടി ഒരുക്കിയ കുളി മാളിക ആണ് കറക്കല്ല ബാത്ത്.
വയ ഡേല്‍ കോര്‍സൊ എന്ന പ്രസിദ്ധമായ വീഥിയിലൂടെയായി ഞങ്ങളുടെ യാത്ര. റോമിലെ പൌരാണികമായ പാലസുകള്‍, മനോഹരങ്ങളായ കെട്ടിടങ്ങള്‍ എല്ലാം ഈ വീഥിയുടെ മാറ്റ് കൂട്ടുന്നു. വത്തിക്കാന്‍ രൂപീകൃതമാകുന്നതിനു മുന്നേ റോമില്‍ പോപ്പുമാര്‍ താമസിച്ചിരുന്നതും ഈ വീഥികളിലെ പാലസുകളില്‍ ആയിരുന്നു. ഏറ്റവും രസകരമായ ഒരു വസ്തുത 2500 വര്‍ഷം മുന്‍പ് ഈ പട്ടണം പണിയുമ്പോള്‍ പണിത റോഡുകളില്‍ വാഹനങ്ങള്‍ക്ക് പോകുവാന്‍ തക്ക വലിപ്പമില്ല. മോട്ടോര്‍ വാഹനങ്ങള്‍ കണ്ടു പിടിക്കപ്പെടും എന്ന ഒരു വീക്ഷണം ഇല്ലാതിരുന്നതിനാല്‍ ആകും തെരുവുകള്‍ വളരെ ഇടുങ്ങിയവ ആണ്.
അവിടെ നിന്ന് ഞങ്ങള്‍ പോയത് ഇറ്റാലിയന്‍ പ്രസിഡന്റിന്‍റെ കൊട്ടാരം സ്ഥിതി ചെയുന്ന വഴിയിലൂടെ ആണ്. അതിനു തൊട്ടടുത്താണ് ഇന്ത്യന്‍ എംബസ്സി. വീണ്ടും ഞങ്ങള്‍ റോമന്‍ ഫോറത്തിന്‍റെ അരികില്‍ എത്തി. അവിടെ ഞങ്ങളെ ബസ്സില്‍ നിന്ന് ഇറക്കി വിട്ടു. തുടര്‍ന്ന് കാല്‍ നട ആയി ഞങ്ങള്‍ കൊളോസ്സിയത്തിലെക്ക് പോയി. വളരെ ദൂരെ നിന്ന് തന്നെ ഞങ്ങള്‍ ആ അത്ഭുത കെട്ടിടം കണ്ടു. ഒരു കാലത്ത് മാര്‍ബിളില്‍ തീര്‍ത്ത ആ ആംഫിതീയേറ്റർ, ഇന്ന് ഒരൊറ്റ മാര്‍ബിള്‍ കല്ലുകള്‍ പോലും ഇല്ലാതെ ഗതകാല സ്മരണകള്‍ അയവിറക്കി നില്‍ക്കുകയായിരുന്നു എങ്കില്‍ കൂടി ആ അന്തി വെയിലില്‍ അതൊരു മനോഹര കാഴ്ച ആയിരുന്നു. അഗ്നി ബാധയും ഭൂമി കുലുക്കവും മൂലം ഉണ്ടായ കേടുപാടുകള്‍, മാത്രമല്ല മാര്‍ബിളും കല്ലുകളും മോഷ്ടിക്കപ്പെടുകയും, ചെയ്തിട്ടുംഇന്നും കൊളോസ്സിയം വലിയൊരു അത്ഭുതമായി നില കൊള്ളുന്നു.
നീറോയുടെ കിരാത ഭരണത്തിനു ശേക്ഷം അധികാരത്തില്‍ വന്ന വെസ്പാവിയസ്, യുദ്ധ വിജയങ്ങള്‍ ആഘോഷിക്കുവാനും ഗ്ളാഡിയേറ്റർ ഫൈറ്റുകള്‍ നടത്താനും ജനങ്ങളെ രസിപ്പിക്കുവാന്‍ വേണ്ടിയുള്ള പോരാട്ട മത്സരങ്ങള്‍, നാടകങ്ങള്‍, മൃഗങ്ങളും ആയുള്ള പോരാട്ടങ്ങള്‍, പൊതു ശിക്ഷകള്‍ നടത്തുവാനും വേണ്ടി ആണ് ഈ ആംഫി തിയറ്റര്‍ സ്ഥാപിച്ചത്. ആദിമ കാലത്ത് ക്രിസ്തു മതം സ്വീകരിച്ചവരെ വന്യ മൃഗങ്ങള്‍ക്ക് ഇട്ടു കൊടുത്തതും അതിലൂടെ അനേകര്‍ രക്ത സാക്ഷിത്വം വരിച്ചതും ഈ കൊളോസിയത്തില്‍ ആണ്.
എ ഡി 70 ല്‍ വെസ്പാവിയസ് ചക്രവര്‍ത്തിയുടെ കാലത്ത് തുടങ്ങിയ കൊളോസിയത്തിന്റെ പണി അദേഹത്തിന്റെ പിന്‍ഗാമി ആയ ടൈറ്റസ് എ ഡി 80 ല്‍ ആണ് പൂര്‍ത്തിയാക്കിയത്. വെസ്പാവിയസ്, ടൈറ്റസ് തുടങ്ങിയവരുടെ കുടുംബ പേരായ ഫ്ലാവിയന്‍ എന്ന പേരിട്ട ആംഫിതീയേറ്റർ, പക്ഷെ അറിയപ്പെട്ടത് അതിനടുത്തു സ്ഥാപിച്ചിരുന്ന നീറോയുടെ കൊളോസസ് എന്നറിയപ്പെട്ട ചെമ്പ് പ്രതിമയുടെ പേരില്‍ ആണെന്ന് മാത്രം. കൊളോസസ് എന്ന നീറോയുടെ പ്രതിമ നശിപ്പിക്കപ്പെട്ടു എങ്കില്‍ കൂടി കൊളോസിയം എന്ന പേരില്‍ ഈ ലോകാത്ഭുതം ശ്രദ്ധ നേടി. 50,000 മുതല്‍ 80,000 വരെ പേര്‍ക്കിരിക്കാവുന്ന ഈ ആംഫിതീയേറ്റർ റോമന്‍ സാങ്കേതിക വിദ്യയുടെയും വാസ്തു ശില്‍പ വിദ്യയുടെയും ഉത്തമ ഉദാഹരണം ആണ്. റോമില്‍ തന്നെ, റോം ഒളിമ്പിക്സിന് വേണ്ടി നിര്‍മ്മിച്ച ഒരു ലക്ഷം പേര്‍ക്കിരിക്കാവുന്ന ഒളിമ്പിക്സ് സ്റ്റേഡിയത്തില്‍ എല്ലാവര്ക്കും അകത്തു പ്രവേശിക്കുവാന്‍ കുറഞ്ഞത് ഒരു മണിക്കൂര്‍ വേണമെന്നിരിക്കെ, കേവലം 18 മിനിറ്റ് കൊണ്ട് കൊളോസിയം നിറയ്ക്കുവാന്‍ സാധിക്കുമായിരുന്നു.
കൊളോസിയത്തിന്‍റെ മുകള്‍ ഭാഗത്തുള്ള റോഡിന്‍റെ പിന്‍വശത്തുള്ള പുല്‍ത്തകിടിയില്‍ ഞങ്ങള്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തു. ഇതിനിടയില്‍ ഹലോജി ഞങ്ങളെ സമാധാനിപ്പിച്ചു. നാളെ ഞങ്ങളെ കൊളോസിയത്തില്‍ കൊണ്ട് പോകാം, ഇപ്പോള്‍ രാത്രി ഭക്ഷണത്തിനുള്ള സമയമാണ്. ഞങ്ങള്‍ കാല്‍നടയായി തിരക്കേറിയ റോമന്‍ വീഥിയിലൂടെ തിരികെ നടന്നു. വഴിയരികില്‍ ജെര്‍മനിയുടെയും അര്‍ജെന്റീനയുടെയും മെസ്സിയുടെയും ജേര്‍സി അണിഞ്ഞു മുഖം മുഴുവന്‍ ഈ രാജ്യങ്ങളുടെ പതാകയുടെ ചായവും പുരട്ടി യുവതികളും യുവാക്കളും ചെറിയ പിസ്സേറിയകളില്‍ ടെലിവിഷന് മുന്നില്‍ കുത്തിയിരിക്കുന്നു. അതെ, ലോക കപ്പ് ഫൈനല്‍ മത്സരം കാണുവാന്‍ ആണിവര്‍ ഒത്തു കൂടിയിരിക്കുന്നത്. ഇറ്റലിക്കാരേക്കാള്‍ സന്ദര്‍ശകരാണ് കൂടുതല്‍ ഈ നഗരത്തില്‍. ഇറ്റലിക്കാര്‍ക്ക് ഇഷ്ടം അര്‍ജെന്റീനയോടാണ് എന്ന് ഞങ്ങള്‍ ഇതിനിടയില്‍ സംസാരിച്ച ഇറ്റലിക്കാരില്‍ നിന്നും മനസിലാക്കി. എന്തായാലും കളി തുടങ്ങുന്നതിനു മുന്‍പ് തന്നെ ഹോട്ടലില്‍ എത്തണം. ഞങ്ങള്‍ നടന്നു മദര്‍ ഇന്ത്യ എന്ന ഇന്ത്യന്‍ ഭക്ഷണ ശാലയിലെത്തി.
മദര്‍ ഇന്ത്യ എന്ന ചെറിയ ബോര്‍ഡു കണ്ടു, ഇതേതോ ചെറിയ ഭക്ഷണ ശാല ആണ് എന്ന് കരുതി അകത്തു കയറിയപ്പോള്‍ പല മുറികളിലായി അനേകം പേര്‍ക്കിരിക്കാവുന്ന വലിയ ഭക്ഷണ ശാല ആണിതെന്നു മനസിലായി. പ്രഭാത ഭക്ഷണവും ഉച്ച ഭക്ഷണവും പിസ്സയും ഇറ്റാലിയന്‍ ഭക്ഷണവും ആയിരുന്നതിനാലാകണം, ചോറും വടക്കേ ഇന്ത്യന്‍ കറികളും കൂട്ടിയുള്ള ഭക്ഷണം കണ്ടപ്പോള്‍ ഒരു ആക്രാന്തം ആയിരുന്നു ഞങ്ങള്‍ക്ക്. കുട്ടികളും മുതിര്‍ന്നവരും അടക്കം എല്ലാവരും മത്സരിച്ചു ചിക്കന്‍ കറിയും ദാല്‍ കറിയും പൊട്ടറ്റോ കറികളും ഒക്കെ അകത്താക്കി. നല്ല എരിവുള്ള ഭക്ഷണം. ഞങ്ങള്‍ തിരികെ നടന്നു ബസ്സില്‍ കയറി. ബസ്സില്‍ കുട്ടികളും മുതിര്‍ന്നവരും ജെര്‍മനിക്കും അര്‍ജെന്റീനക്കും വേണ്ടി ചേരി തിരിഞ്ഞുള്ള ഗ്വാഗ്വ വിളികള്‍ ഇതിനിടയില്‍ തുടങ്ങി കഴിഞ്ഞിരുന്നു.
ബസ് ഹോട്ടലില്‍ എത്തിയപ്പോഴേക്ക് ജെര്‍മനി - അര്‍ജെന്റീന മത്സരം ഇരുപതു മിനിറ്റ് പിന്നിട്ടിരുന്നു. ഞങ്ങള്‍ക്കൊപ്പം വലിയ ഒരു സംഘം ചൈന ടൂറിസ്റ്റുകളും മത്സരം കാണുവാന്‍ ലോബിയില്‍ ഒത്തു കൂടി. രണ്ടു ടീമുകള്‍ക്കും പിന്തുണക്കുവാന്‍ ഇന്ത്യക്കാരും ചൈനക്കാരും. കൂട്ടത്തില്‍ ഞാങ്ങളുടെ കൂടെയുണ്ടായിരുന്ന രാജേഷിന്റെയും ഹേമയുടെയും മകന്‍ ജെര്‍മനിയുടെ ഒരു അസാധ്യ ഫാന്‍ ആണെന്ന് തെളിയിച്ചു കൊണ്ടിരുന്നു.
റോമിൽ നിങ്ങളുടെയൊപ്പം ചുറ്റി വരുമ്പോൾ പെട്ടന്ന് വഴി തീർന്നു പോയ പോലെ നിറുത്തിക്കളഞ്ഞതെന്തേ ....? അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു...
ReplyDeleteറോമിലെ അടുത്തറൗണ്ട് കാഴ്ചകൾക്കായി നോട്ടമിടുന്നു.
ReplyDelete