ആറുമണിക്ക് തന്നെ ഞങ്ങള്‍ റെഡി ആയി പ്രഭാത ഭക്ഷണം കഴിക്കുവാന്‍ എത്തി. പ്രഭാത ഭക്ഷണം കഴിഞ്ഞു ഏഴു മണിയോടെ എല്ലാവരും ബസ്സില്‍ കയറി ഇരിപ്പുറപ്പിച്ചു. ഞങ്ങള്‍ക്ക് ഫ്ലോറസില്‍ ഇന്ത്യന്‍ പ്രഭാത ഭക്ഷണവും മസാല ചായയും ഹലോജി ഇതിനിടയില്‍ ഏര്‍പ്പാട് ചെയ്തിരുന്നു. പക്ഷെ ഹോട്ടലില്‍ അവ വിളമ്പുവാന്‍ ഹോട്ടലുടമകള്‍ തയ്യാറായില്ല. എന്തായാലും, ട്രെയിനില്‍ ഒക്കെ കാണുന്ന രീതിയില്‍ ഒരു ചായ പാത്രത്തില്‍ ചായയും, കുറെ പ്ലാസ്റ്റിക്ക് കപ്പുകളും, അതോടൊപ്പം ഒരു കാര്‍ട്ടനില്‍ ഉരുളക്കിഴങ്ങ് ബോണ്ടയും. ഹോട്ടലിന്റെ ഗേറ്റിനു വെളിയില്‍ അനാഥമായി വച്ചിരിക്കയാണ് ഇത് രണ്ടും. എല്ലാവരും ബസില്‍ കയറിയപ്പോള്‍ ഹലോജി എന്നെ വിളിച്ചു രഹസ്യമായി പറഞ്ഞു, ഗേറ്റിനു വെളിയില്‍ ചായയും ഇന്ത്യന്‍ പ്രഭാത ഭക്ഷണവും ഉണ്ട്. ബസ് വെളിയില്‍ വരുമ്പോള്‍ അതെടുത്തു ബസ്സിന്‍റെ ലഗേജു കമ്പാര്‍ട്ട്മെന്റില്‍ വയ്ക്കണം. ഞാന്‍ സുഹൃത്തായ ജോണ്‍സനെയും കൂട്ടി ഹോട്ടലിന്റെ ഗേറ്റിനു പുറത്തു കാവല്‍ നിന്നു.
ബസ് ഇത് വരെയും സ്റ്റാര്‍ട്ട് ആയിട്ടില്ല, പതിനൊന്നു മണിക്കൂര്‍ തുടര്‍ച്ചയായി ഓഫ് ആയി കിടന്നാല്‍ മാത്രമേ ബസിലെ കമ്പ്യൂട്ടര്‍ ഓണ്‍ ആകുകയുള്ളൂ എന്നാണ് ബസ് ഡ്രൈവര്‍ പീറ്റര്‍ ഇതിനു കാരണം പറയുന്നത്. എന്തായാലും ഞാനും ജോണ്സനും ചായക്ക് കാവല്‍ നില്‍ക്കുന്നു. ഹോട്ടലിന്റെ മാനേജര്‍ ആണെന്ന് തോന്നുന്നു, ഒരു വയസായ സ്ത്രീ ഗേറ്റിനു വെളിയില്‍ വന്നു ആശ്ചര്യത്തോടു കൂടി ചായപ്പാത്രവും ബോക്സും നോക്കുന്നു. ഉടന്‍ തന്നെ ഞങ്ങള്‍ ഇവ ഞങ്ങളുടേത് അല്ല എന്ന തോന്നല്‍ അവര്‍ക്ക് കൊടുക്കുവാന്‍ വേണ്ടി പെട്ടെന്ന് ഗേറ്റിനകത്തെക്ക് ഉള്‍വലിഞ്ഞു. അനാഥ വസ്തുക്കള്‍ കണ്ടാല്‍ ഇറ്റലിക്കാര്‍ അത് പോലീസിനു റിപ്പോര്‍ട്ട് ചെയുകയാണ് പതിവ് എന്ന് കേട്ടിട്ടുണ്ട്. ഹലോജിക്ക് ഒരു പണി കൊടുക്കുകയുമാവാം, എന്നിട്ട് അതിന്‍റെ തമാശ ആസ്വദിക്കുകയുമാവാം എന്ന് കരുതിയാണ് ഞങ്ങള്‍ മാറി നിന്നത്. എന്തായാലും ആ സ്ത്രീ കുറച്ചു കൂടി മുന്നോട്ട് പോയി, ഫോണിലെ ക്യാമറ കൊണ്ട് അവയുടെ ചിത്രം എടുത്തു. അത് കഴിഞ്ഞു അവര്‍ ആരെയോ ഫോണില്‍ വിളിക്കുകയും ചെയ്തു. എന്തായാലും പെട്ടെന്ന് ബസ് സ്റ്റാര്‍ട്ട് ആയി ഗേറ്റിനു വെളിയില്‍ വന്നു. ഞങ്ങള്‍ ഞങ്ങളുടെ ചായയും ബോണ്ടയും ബസിന്‍റെ ലഗേജു കമ്പാര്‍ട്ട്മെന്റില്‍ വച്ചു. ഞങ്ങളും ബസ്സില്‍ കയറി.
ഹോട്ടലില്‍ നിന്ന് അര മണിക്കൂര്‍ യാത്ര ചെയ്യണം ഫ്ലോറെന്‍സില്‍ എത്തുവാന്‍. മനോഹരമായിരുന്നു ആ യാത്ര. കുന്നുകളും താഴ്വരകളും പച്ച പുതച്ചു നില്‍ക്കുന്നു. നോക്കെത്താ ദൂരത്തോളം കൃഷിയിടങ്ങള്‍. ആപ്പിളും മുന്തിരിയും വിളയുന്ന തോട്ടങ്ങള്‍. ടസ്ക്കനി ലോകത്തിലെ ഏറ്റവും നല്ല വീഞ്ഞ് ഉത്പാദിപ്പിക്കുന്ന പ്രദേശം ആണ്.
അതെ, ഞങ്ങള്‍ ഇപ്പോള്‍ ടസ്ക്കനിയില്‍ ആണ്. ഐക്യ ഇറ്റലി രൂപപ്പെടുന്നതിന് മുന്നേ ഫ്ലോറന്‍സ് ഉള്‍പ്പെടുന്ന ടസ്ക്കനി പ്രദേശം ഒരു സ്വതന്ത്ര രാജ്യം ആയിരുന്നു. തസ്ക്കനിയുടെ തലസ്ഥാനം ആണ് ഫ്ലോറെന്‍സ്. ഇറ്റാലിയന്‍ നവോഥാനത്തിന്റെ ഈറ്റില്ലം ആണ് ഫ്ലോറെന്‍സ്. ലോകത്തിലെതന്നെ ഏറ്റവും പ്രശസ്തര്‍ ആയ കലാകാരന്‍മാരുടെ ജന്മം കൊണ്ട് അനുഗ്രഹീതമാണ് ഫ്ലോറന്‍സ്. മൈക്കലാഞ്ചലോ, ലിയോനാര്‍ഡോ ഡാവിഞ്ചി, ബോട്ടിസേല്ലി, വിഖ്യാത സംഗീതഞ്ജന്‍ ആയ ലോറെന്‍സോ ദി മാഗ്നിഫിഷന്റ്, ഗലീലിയോ, ഫ്ലോറന്‍സ് നൈറ്റിന്‍ഗള്‍, ഫാഷന്‍ ലോകത്തെ പ്രമൂഖരായ ഗുച്ചി, കാവല്ലി, ഇംഗ്ലീഷ് കവികളായ റോബര്‍ട്ട്, എലിസബത്ത് ബ്രൌണിംഗ് എന്നിവരുടെ എല്ലാം ജന്മദേശം ആണ് ഫ്ലോറന്‍സ്.
വിനോദ സഞ്ചാരികളുടെ പറുദീസയാണ് ഫ്ലോറന്‍സ്. ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലഘട്ടത്തില്‍ സ്വദേശികളെക്കാള്‍ വളരെയധികം സഞ്ചാരികള്‍ എത്തുന്ന പട്ടണം ആണ് ഫ്ലോറന്‍സ്. ലോത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വിനോദ സഞ്ചാര കേന്ദ്രം ആയിട്ടാണ് ഫ്ലോറന്‍സ് അറിയപ്പെടുന്നത്. യൂറോപ്പിലെ ഏറ്റവും പ്രസിദ്ധമായ മ്യൂസിയങ്ങളില്‍ ഒന്നായ യുഫിറ്റ്സി ഗാലറിയും അക്കാദമിയയും ഫ്ലോറന്‍സില്‍ ആണ്. ഇവിടെ നേരത്തെ ബുക്ക് ചെയ്യുകയോ വലിയ ക്യൂ നില്‍ക്കുകയോ വേണം അകത്തു കടക്കുവാന്‍. അതിനാല്‍ ഞങ്ങള്‍ക്ക് ഈ ഗാലറികള്‍ കാണുവാനുള്ള സാധ്യതയില്ല. നവോത്ഥാന കാലഘട്ടത്തിലെ കലാകാരന്മാരായ, റാഫേല്‍, മൈക്കലാഞ്ചലോ, ഡാവിഞ്ചി, ടിട്യന്‍, ബോട്ടിസെല്ലി , മോനകോ, ബെല്ലിനി തുടങ്ങി അനേകരുടെ ലോക പ്രശസ്തമായ പെയിന്റിങ്ങുകള്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. കലയുടെ തിരുശേഷിപ്പുകള്‍ സൂക്ഷിച്ചു വാച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പട്ടണം ആണ് ഫ്ലോറന്‍സ്.
പതിനാലാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയില്‍ യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തീക, രാഷ്ട്രീയ, കലാ കേന്ദ്രമായി അറിയപ്പെട്ടിരുന്നത് ഫ്ലോറന്‍സ് ആണ്. യൂറോപ്പിന്‍റെ വളര്‍ച്ചക്ക് ഫ്ലോറന്‍സ് പണം ആണ് ഉപയോഗിച്ചിരുന്നത്. ഇംഗ്ലീഷ് രാജാക്കന്മാര്‍ക്ക് യുദ്ധങ്ങള്‍ക്ക് സാമ്പത്തീക സഹായം നല്‍കിയിരുന്നത് ഫ്ലോറന്‍സിലെ ബാങ്കുകള്‍ ആയിരുന്നു. പ്രശസ്തമായ മെഡിസി കുടുംബം ആണ് ഫ്ലോറന്‍സിന്‍റെ ഭരണം കയ്യാളിയിരുന്നത്. പതിനാറാം നൂറ്റാണ്ടിലെ ആദ്യ രണ്ടു പോപ്പുമാര്‍ മെഡിസി കുടുംബത്തില്‍ നിന്നായിരുന്നു എന്ന് മാത്രമല്ല, ബാങ്കേര്‍സ് ആയിരുന്ന മെഡിസി കുടുംബം ആണ് വത്തിക്കാന്‍റെ ആദ്യകാല ബാങ്കിംഗ് നടത്തിയിരുന്നത്.
അരമണിക്കൂര്‍ കൊണ്ട് ഞങ്ങള്‍ ഫ്ലോറന്‍സില്‍ എത്തി. ബസ്സുകള്‍ക്ക് പാര്‍ക്ക് ചെയ്യുവാന്‍ അതി വിശാലമായ പാര്‍ക്കിംഗ് സൗകര്യം. പാര്‍ക്കിങ്ങിനോട് അനുബന്ധമായി ഒരു പാര്‍ക്ക്. ബസ് പാര്‍ക്ക് ചെയ്ത ശേക്ഷം ഞങ്ങള്‍ ഇന്ത്യന്‍ മസാല ചായയും ബോണ്ടയും ആയി പാര്‍ക്കിലെ ഒരു ബഞ്ചിനടുത്ത് ചെന്ന് എല്ലാവര്‍ക്കും ചായയും ആലു ബാജിയും നല്‍കി. കാനഡയില്‍ നിന്നും വന്ന ഡല്‍ഹിക്കാരി ശ്വേത പൊട്ടറ്റോ ബോണ്ട എന്നറിയാതെ ആവണം ആക്രാന്തത്തോടെ ഏഴെട്ടു ബോണ്ടകളും വാങ്ങി പോയി. കുറെ കഴിഞ്ഞു, മൂന്നോ നാലെണ്ണം തിരികെ കൊണ്ട് വരുന്നതും കണ്ടു. എന്തായാലും ചായയും ബോണ്ടയും എല്ലാവര്ക്കും നല്കിയതിനാലാവണം എനിക്കൊരു ബോണ്ട പോലും രുചിച്ചു നോക്കാന്‍ തോന്നിയില്ല. വാഹനം പാര്‍ക്ക് ചെയ്ത ഇടത്ത് നിന്നും ചരിത്ര പ്രസിദ്ധമായ സാന്ത മരിയ കത്തീഡ്രലും, മ്യൂസിയങ്ങളും കൊട്ടാരവും സ്ഥിതി ചെയുന്ന പ്ലാസ ഡല്‍ ദുവാമയിലേക്ക് നടന്നു. ബസ് പാര്‍ക്ക് ചെയ്തിരിക്കുന്ന സ്ഥലത്ത് നിന്ന് ഒരു കിലോമീറ്ററില്‍ അധികം നടക്കണം പ്ലാസ ഡല്‍ ദ്യുവാമയില്‍ എത്തുവാന്‍. കാലത്തെ മുതലേ ടൂറിസ്റ്റുകളുടെ ഒഴുക്കാണ്. അധികവും യുവജനങ്ങള്‍.
ഏകദേശം ഇരുനൂറിലധികം ആര്‍ട്ട് മ്യൂസിയങ്ങള്‍ ഈ പ്ലാസയില്‍ ഉണ്ടെന്നും ലോകത്തിന്‍റെ നാനാ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഈ മ്യൂസിയങ്ങള്‍ സന്ദര്‍ശിക്കാന്‍ വരാറുണ്ട് എന്നും ഹലോജി ഇതിനിടയില്‍ പറഞ്ഞു. വളരെ ദൂരം നടക്കേണ്ടിയിരുന്നതിനാല്‍ ഞങ്ങളോടൊപ്പം വന്ന ഡോ. വൈനിയും അവരുടെ ഭര്‍ത്താവ് ഡോ. മാത്യുവും പാര്‍ക്കില്‍ തന്നെ ഇരുന്നതെ ഉള്ളൂ. അതി വിശാലമായ പ്ലാസയില്‍ ജനങ്ങളുടെ തിക്കും തിരക്കും. ഫ്ലോറന്‍സിന്‍റെ പ്രിയപ്പെട്ട കലാകാരുടെ പ്രധാനപ്പെട്ട കലാരൂപങ്ങള്‍ പ്ലാസയില്‍ കാണാം. അവിടെ ഞങ്ങളെ കൂടുതല്‍ ആകര്‍ഷിച്ചത് മൈക്കലാഞ്ചലോയുടെ ശില്പ ചാതുര്യം വിളിച്ചോതുന്ന യുവാവായ ഡേവിഡിന്‍റെ പൂര്‍ണ്ണ നഗ്നമായ വിഖ്യാതമായ ശില്‍പം. ഒരു പക്ഷെ പിയാറ്റയെക്കാളും അദേഹത്തിന്റെ നമ്മള്‍ ഇഷ്ടപ്പെടുന്ന കലാരൂപം ഡേവിഡിന്റേതു ആകും. ഫ്ലോറൻസ് കത്തീഡ്രലിൽ നിന്ന് ഏതാനും മീറ്റർ അകലെയായുള്ള പിയാസ ഡെല്ല സിഗ്നോറിയ എന്ന സ്ക്വയറിലാണ് ഈ ശില്പം സ്ഥാപിച്ചിരിക്കുന്നത്. ദാവീദിനെ കൂടാതെ സമുദ്രദേവനായ നെപ്ട്യൂണിന്റെയും മെഡൂസയുടെ തല കൊയ്തെടുക്കുന്ന പെർസ്യൂസിന്റെയുമൊക്കെ ശില്പങ്ങൾ പിയാസ ഡെല്ല സിഗ്നോറിയയില്‍ കാണാം.
യൂറോപ്പിന്റെ നവോത്ഥാനത്തിന് വിത്തു പാകിയ നഗരം എന്ന പേരിലാണ് ഫ്ലോറൻസ് ലോകമെങ്ങും പ്രസിദ്ധിയാർജ്ജിച്ചത്. റോമൻ സാമ്രാജ്യത്തിന്റെ അധഃപതനത്തിനു ശേഷം കലാരംഗത്തും ശാസ്ത്രരംഗത്തും കാര്യമായ പുരോഗതിയൊന്നുമില്ലാതെ ദീർഘകാലം ഇരുണ്ടയുഗത്തിലായിരുന്നു യൂറോപ്പ്. ഈ ഇരുണ്ട യുഗത്തിൽ നിന്ന് യൂറോപ്പിനെ കൈപിടിച്ചുയർത്തിയത് ഡാവിഞ്ചി, ഗലീലിയോ, മൈക്കൽ ആഞ്ചലോ, ബോട്ടിസെല്ലി തുടങ്ങിയരുടെ ബഹുമുഖ സംഭാവനകളാണ്.
പിയാസയിലെക്കുള്ള പ്രവേശന കവാടത്തില്‍ രണ്ടു മണിക്കൂര്‍ കഴിയുമ്പോള്‍ എത്തേണ്ട ഇടം കാട്ടി തന്ന ശേക്ഷം ഹലോജി മുങ്ങി. മുങ്ങുന്നതിനു മുന്നേ, ഫ്ലോറന്‍സ് നല്ല ഐസ് ക്രീം ലഭിക്കുന്ന ഇടം ആണെന്ന് ഞങ്ങളോട് പറഞ്ഞു. പ്ലാസായിലെ പ്രധാന ശില്പങ്ങള്‍ ആസ്വദിച്ച ശേക്ഷം ഞങ്ങള്‍ സാന്താ മരിയ കത്തീഡ്രല്‍ ലക്ഷ്യമാക്കി മുന്നോട്ടു നീങ്ങി. വേനൽക്കാലമായിരുന്നതിനാൽ ജനനിബിഡമായിരുന്നു പിയാസ ഡെല്ല സിഗ്നോറിയ. തെരുവു ഗായകരും മജീഷ്യന്മാരും ടൂറിസ്റ്റുകളുമൊക്കെയായി വലിയൊരു സംഘം ജനക്കൂട്ടത്തിനു മിഴിവേകി..
നവോത്ഥാനകാലയൂറോപ്യൻ നിർമ്മിതിയുടെ മകുടോദാഹരണമാണ് ഫ്ലോറൻസിലെ പ്രധാന ദേവാലയമായ ബസലിക്ക ഡി സാന്താ മരിയ ഡെൽ ഫ്ലൊറെ. പൂർണ്ണമായും മാർബിൾ കൊണ്ടു നിർമ്മിച്ചതാണ് ഫ്ലോറൻസ് കത്തീഡ്രൽ. ദേവാലയത്തിന്റെ അസ്ഥിവാരം മുതൽ മേൽക്കൂര വരെ മനോഹരമായ ചുവർചിത്രങ്ങളും ശില്പങ്ങളും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.
യൂറോപ്പില്‍ ഏറ്റവും അധികം സന്ദര്‍ശകര്‍ വരുന്ന ഇടങ്ങളില്‍ ഒന്നാണ് പ്ലാസ ഡല്‍ ദ്യോമോ. ഇവിടെ സാന്താ മരിയ കത്തീഡ്രല്‍ കൂടാതെ, ജിയോട്ട രൂപ കല്പന ചെയ്ത മണി മന്ദിരം, വി ജോണിന്‍റെ നാമധേയത്തിലുള്ള മാമോദീസ പള്ളി. ഇതാണ് ഫ്ലോറന്‍സിലെ ഏറ്റവും പുരാതനമായ കെട്ടിടം. മണി മന്ദിരത്തിനോട് ചേര്‍ന്നാണ് സാന്താ മരിയ കത്തീഡ്രല്‍. ഫ്ലോറന്‍സിലെ പ്രധാന ബസിലിക്കയും സാന്ത മരിയ ആണ്. 1296 ല്‍ പണി തുടങ്ങി 1436 ല്‍ പൂര്‍ത്തിയാക്കിയ ഈ ബസിലിക്ക പച്ച, പിങ്ക്, ചുവപ്പ് എന്ന മൂന്നു കളറുള്ള മാര്‍ബിളിനാല്‍ മോടി പിടിപ്പിച്ചിരിക്കുന്നു. മുഴുവനായി ഒരു ക്യാമറയില്‍ ഒതുക്കാന്‍ പറ്റാത്ത വലിയ കെട്ടിടം. വലിയ ജന സഞ്ചയം ആണ് ഈ ബസിലിക്കക്ക് ചുറ്റും.
ഇറ്റാലിയന്‍ പെയിന്‍റിംഗ് വില്‍ക്കുന്ന ഏഷ്യക്കാരെ പോലെ തോന്നിക്കുന്ന ചിലര്‍ ഞങ്ങളുടെ അടുക്കലും എത്തി. 25 യൂറോയില്‍ തുടങ്ങിയ വില പേശല്‍ അഞ്ചു യൂറോയില്‍ എത്തിയപ്പോള്‍ ഗ്രേസി രണ്ടു പെയിന്റിംഗുകള്‍ വാങ്ങി. ഞങ്ങളുടെ കൂടെ നിന്ന് കൂട്ടം തെറ്റി പോയ പലരെയും ഞങ്ങള്‍ കണ്ടപ്പോള്‍ ഗ്രേസി മേടിച്ച പെയിന്റിംഗ് അവര്‍ക്ക് കാട്ടി കൊടുത്തു. മനോഹരമായ ഈ പെയിന്റിംഗ് കണ്ടപ്പോള്‍ അവരില്‍ പലര്‍ക്കും വാങ്ങണം. ഒന്ന് രണ്ടു പേര്‍ പണം കൊടുത്ത് മേടിക്കുകയും മറ്റു ചിലര്‍ വാങ്ങുവാന്‍ തയ്യാറെടുക്കുകയും ചെയ്തപ്പോഴേക്കും എങ്ങു നിന്നോ പോലീസുകാര്‍ ചാടി വീണു. പെയിന്റിംഗ് വിറ്റുകൊണ്ടിരുന്നവര്‍ ഇതിനിടയില്‍ സ്ഥലം വിട്ടു. പെയിന്റിംഗ് വാങ്ങിച്ചവരുടെ കയ്യില്‍ നിന്ന് അതെല്ലാം പോലീസ് പിടിച്ചു വാങ്ങി. ഗ്രേസി കയ്യിലിരുന്ന പെയിന്റിംഗ് പോലീസിനു കൊടുക്കാതെ ഒരൊറ്റ ഓട്ടം. വനിതാ പോലീസ് ഗ്രെസിക്ക് പിന്നാലെ. എന്തായാലും ഓട്ട മത്സരത്തില്‍ ഇറ്റാലിയന്‍ പോലീസിനെ ബഹു ദൂരം പിന്നിലാക്കി ഗ്രേസി മുന്നിലെത്തി. അതിനാല്‍ ഗ്രേസിയുടെ കയ്യിലെ പെയിന്റിംഗ് നഷ്ടമായില്ല. ഇംഗ്ലീഷ് അറിഞ്ഞു കൂടാതതിനാല്‍ ആവോ എന്തോ, ഞാന്‍ പോലീസുകാരുടെ പിന്നാലെ പോയി പെയിന്റിംഗ് തിരികെ ആവശ്യപ്പെട്ടു. എന്നെ ഒന്ന് കണ്ണുരുട്ടി നോക്കി ആ പെയിന്റിംഗ് തരാതെ അവര്‍ പോയി. അന്ന് മാത്രം അവിടെ സന്ദര്‍ശിക്കാന്‍ വന്ന ഞങ്ങള്‍ക്ക് അറിയില്ലല്ലോ ഈ പെയിന്റിംഗ് ഒക്കെ ഡ്യൂപ്ലിക്കേറ്റ് ആണെന്നും അതവിടെ വില്‍ക്കാന്‍ പാടില്ലെന്നും അത് മേടിക്കാന്‍ പാടില്ല എന്നും. ഇതൊക്കെ ഞാന്‍ പറഞ്ഞത് ഇറ്റാലിയന്‍ പോലീസുകാര്‍ക്ക് മനസിലായ ലക്ഷണം പോലും ഇല്ല.
ഫ്ലോറന്‍സ് കലയ്ക്കു മാത്രമല്ല ഐസ് ക്രീമിനും വളരെ പ്രസിദ്ധമാണ്. എവിടെയും കൊതിപ്പിക്കുന്ന ഐസ് ക്രീം പാര്‍ലറുകള്‍. പല നിറത്തിലുള്ള ഐസ് ക്രീം. പിസാരിയത്തിനോട് ചേര്‍ന്നുള്ള അനേകം ഐസ് ക്രീം പാര്‍ലറുകളില്‍ ഒന്നില്‍ ഞങ്ങള്‍ മതി വരുവോളം ഐസ് ക്രീം കഴിച്ചു. ഐസ് ക്രീം കഴിച്ചു മീറ്റിംഗ് പോയിന്‍റില്‍ എത്തിയപ്പോള്‍ അവിടെ ഹലോജി ഞങ്ങളെ കാത്തു നില്‍ക്കുന്നു. വീണ്ടും ഞങ്ങള്‍ പിസാരിയത്തിനുള്ളിലെ തിരക്കില്‍ നിന്ന് വെളിയില്‍ വന്നു ആര്‍നോ നദിക്കു സമാന്തരമായി നടന്നു ഞങ്ങളുടെ ബസ്സിനെ ലക്ഷ്യമാക്കി മുന്നോട്ടു നീങ്ങി. ആര്‍നോ നദി വലിയൊരു താഴ്ചയില്‍ ആണ്. അധികം വെള്ളമില്ല. ആര്‍നോ നദിക്കു അക്കരെയുള്ള കുന്നിന്‍ മുകളില്‍ ഏതോ പള്ളിയില്‍ നിന്നും ബാന്‍ഡ് മേളത്തിന്റെ അകമ്പടിയോടെ നമ്മുടെ നാട്ടിലെ പള്ളിപ്പെരുന്നാളുകള്‍ നടക്കുമ്പോള്‍ കാണുന്ന രീതിയിലുള്ള ഒരു പ്രദക്ഷിണം കാണുവാന്‍ കഴിയും.
ഞങ്ങള്‍ വീണ്ടും ബസില്‍ കയറി, ഇനി അടുത്ത ഞങ്ങളുടെ ലക്ഷ്യം ചായുന്ന പിസ ടവര്‍ ആണ്. ഏകദേശം ഒരു മണിക്കൂര്‍ യാത്ര വേണം പിസാ നഗരത്തില്‍ എത്തുവാന്‍. പിസ കാണുന്നതിനു മുന്‍പ് തന്നെ ഉച്ച ഭക്ഷണം കഴിക്കണം. പിസയിലെക്കുള്ള പ്രധാന വീഥിയില്‍ ഭക്ഷണ ശാലകളുടെ ഒരു സങ്കേതം. ടൂറിസ്റ്റുകള്‍ മാത്രമാണ് ഇവിടെ ഭക്ഷണം കഴിക്കുവാന്‍ എത്തുക. നഗരം പിസ ആയിരുന്നതിനാലും, കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ഇന്ത്യന്‍ ഭക്ഷണം കഴിച്ചതിനാലും കുട്ടികള്‍ മാത്രമല്ല അവരുടെ മാതാപിതാക്കളും പിസയോ മറ്റു ഇറ്റാലിയന്‍ ഭക്ഷണമോ കഴിക്കണം എന്ന വാശിയില്‍ ആണ്. പക്ഷെ എന്ത് ഫലം, നേരത്തെ ബുക്ക് ചെയ്തിരുന്നതനുസരിച്ചു മറ്റൊരു ഇന്ത്യന്‍ ഭക്ഷണ ശാലയിലേക്ക് ആണ് ഞങ്ങളെ കൂട്ടിക്കൊണ്ടു പോയത്. പേരിനു വെജിറ്റബിള്‍ പാസ്റ്റ ഉണ്ടവിടെ. എന്തായാലും ഞാനും പാര്‍ത്ഥനും ബിജുവും ഷാജിയും ഒരു ടേബിളിനു ചുറ്റും ഇരുന്നു രണ്ടെണ്ണം വീശി. കുട്ടികള്‍ ഇതിനിടയില്‍ കലാപം ഉണ്ടാക്കിക്കൊണ്ടിരുന്നു, നോണ്‍ വെജിറ്റെറിയന്‍ കിട്ടാത്തതിനാല്‍. ഞങ്ങള്‍ ഈ വിഷയം ഏറ്റു പിടിച്ചു. ഭക്ഷണം ആര്‍ക്കും ഇഷ്ടപ്പെട്ടില്ല എന്ന കാര്യം ഞാന്‍ ഹോട്ടലിന്‍റെ ഉടമയായ് രാജസ്ഥാന്‍കാരനോട് പറഞ്ഞു. ആദ്യം അയാള്‍ ഞങ്ങളോട് വാഗ്വാദത്തിന് നിന്നെങ്കിലും ഒടുവില്‍ അയാള്‍ ഞങ്ങള്‍ക്ക് ഒരു കുപ്പി വൈന്‍ തന്നു ഞങ്ങളെ സമാധാനിപ്പിച്ചു.
രണ്ടു മണിയോടെ ഞങ്ങള്‍ പിസയില്‍ പിസാ ഗോപുരത്തിലെക്കുള്ള ടിക്കറ്റ് വില്‍ക്കുന്ന പാര്‍ക്കിങ്ങില്‍ എത്തി. ഹലോജി ഇതിനോടകം പോയി ടിക്കറ്റും ആയി വന്നു. ഡ്യൂപ്ലിക്കേറ്റ് ബാഗുകള്‍, കണ്ണടകള്‍, സോപ്പ് ചീപ്പ് ഒക്കെ വില്‍ക്കുന്നവര്‍ ഇവിടെ അധികവും ആഫ്രിക്കന്‍ വംശജര്‍ ആണ്. സുമയും ഗ്രേസിയും അടക്കം സ്ത്രീ ജനങ്ങള്‍ എല്ലാം തന്നെ ഈ ഡ്യൂപ്ലിക്കേറ്റ് ഐറ്റംസ് വാങ്ങുന്നത് കണ്ടു. തിരികെ വരുമ്പോള്‍ സ്മരണിക ആയി കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും എന്തെങ്കിലും കൊടുക്കേണ്ടേ? ഗ്രേസിയുടെ കൂട്ടുകാര്‍ ഒരു ലിസ്റ്റും ആയാണ് വിട്ടിരിക്കുന്നത്.
ടിക്കറ്റ് കിട്ടിയപ്പോള്‍ ഞങ്ങള്‍ മറ്റൊരു ബസിലേക്ക് മാറി കയറി. ഏകദേശം പത്തു മിനിട്ടുകള്‍ക്കകം ഞങ്ങള്‍ പിസ ഗോപുരത്തിന് അടുത്തെത്തി. ബസ്സിറങ്ങി ഗോപുര വാതിക്കല്‍ പോകുന്നത് വരെ രണ്ടു വശത്തും ഫാന്‍സി ഡ്രെസ് മത്സരം പോലെ കുറെ പ്രച്ഛന്ന വേഷധാരികള്‍ തെണ്ടാന്‍ ഇരിക്കുന്നു, അവരോടൊപ്പം തെരുവ് വില്പ്പനക്കാരും. ടവറിന്റെ സ്റ്റോപ്പിലിറങ്ങി ഗേറ്റും കടന്ന് കത്തീഡ്രലിന്റെ കോമ്പൌണ്ടിലേക്ക് കടക്കുമ്പോഴേ കാണാം ജനക്കൂട്ടം.. യൂറോപ്പിലെ യുവജനങ്ങള്‍ മുഴുവന്‍ ഇറ്റലിയില്‍ ആണോ എന്ന് തോന്നിപ്പോകും സഞ്ചാരികളെ കാണുമ്പോള്‍.
ടവറിനെക്കാളും മുൻപേ കണ്ണിൽ പേടുന്നത് കത്തീഡ്രലാണ്.. പച്ചക്കളർ മൈതാനത്തിനു നടുക്ക് വെണ്ണക്കൽ ശില്പം പോലെ പ്രൌഢഗംഭീരമായ കത്തീഡ്രൽ.. ഒരു പക്ഷേ ചരിഞ്ഞ ഗോപുരത്തിന്റെ സാന്നിധ്യം ഒന്നു കൊണ്ടു മാത്രം സന്ദർശകരുടെ ശ്രദ്ധ കിട്ടാതെ പോയ ഒരു മനോഹര സൗധമാണ് പിസാ കത്തീഡ്രൽ. 11 ആം നൂറ്റാണ്ടിലാണ് പിസാ കത്തീഡ്രൽ നിർമ്മിക്കുന്നത്. വീണ്ടും ഒരു നൂറു വർഷം കൂടി കഴിഞ്ഞാണ് കത്തീഡ്രലിനോട് ചേർന്നുള്ള ബെൽ ടവറിന്റെ നിർമ്മാണം ആരംഭിക്കുന്നത്.
പിസാ ടവർ കാണുന്നതിനെക്കാൾ രസമാണ് അവിടെയുള്ള ടൂറിസ്റ്റുകളെ നിരീക്ഷിക്കുന്നത്. . ടവറിനെ താങ്ങി നിർത്താനും തള്ളിയിടാനുമൊക്കെയുള്ള ഭാവത്തിൽ വലിഞ്ഞമർന്നും മസിലുപിടിച്ചുമൊക്കെ ഫോട്ടോകൾക്ക് പോസു ചെയ്യുകയാണ് ലോകമെമ്പാടും നിന്ന് ഈ മഹാല്ഭുതം കാണാൻ എത്തിയിട്ടുള്ള ടൂറിസ്റ്റുകൾ. ഞങ്ങളും കൂടെയുള്ളവരും ടൂറിസ്റ്റുകളെ അനുകരിച്ചു ഫോട്ടോക്ക് പോസ് ചെയ്തു.
ഫോട്ടോ സെക്ഷന്‍ എല്ലാം കഴിഞ്ഞാണ് ഞങ്ങള്‍ പിസക്ക് മുന്നിലേക്ക് പോകുന്നത്. അതിമനോഹരമായ കത്തീഡ്രല്‍, അതിനോട് ചേര്‍ന്നുള്ള മാമോദീസ പള്ളി, അതും കഴിഞ്ഞാണ് ബെല്‍ ടവര്‍. മൂന്നു ഘട്ടം ആയി 199 വര്‍ഷത്തിനിടയില്‍ ആണ് ഈ ടവര്‍ പണിതത്. പണി തുടങ്ങി 5 വർഷം കഴിഞ്ഞപ്പോഴേ ബെൽ ടവർ ചരിഞ്ഞു തുടങ്ങി. കളിമണ്ണും മറ്റും കൂടിക്കുഴഞ്ഞ് ഉറപ്പില്ലാത്ത ബേസില്‍ ആണ് അടിത്തറ കെട്ടീയത്.. മുകളിലേക്ക് വെയ്റ്റ് വന്നപ്പോഴേക്കും ടവർ ചരിയാനും തുടങ്ങി. എന്തായാലും എല്ലാരും പേടിച്ച് പണി നിർത്തി വച്ചു. .. ഒന്നും രണ്ടുമല്ല .. 100 വർഷം!! സിമോണി ആണ് ജിയോവാനി പിസനോയുടെ നേതൃത്വത്തില്‍ മാര്‍ബിള്‍ കൊണ്ടുള്ള ഈ ബെല്‍ ടവര്‍ ഇന്നത്തെ നിലയില്‍ പൂര്‍ത്തിയാക്കിയത്. ഏകദേശം 56 മീറ്ററിലധികം ഉയരമുള്ള പിസ ടവര്‍ .5 ഡിഗ്രീ ചരിഞ്ഞാണ് നില്പ്പ്.. അതായതു ഇതിന്റെ മുകൾഭാഗം , ഒരു 4.5 മീറ്റർ ചരിവ്. .. വീഴ്ചയിൽ നിന്നും കരകയറ്റാൻ വേണ്ടിയുള്ള പണികളൊക്കെ മുറയ്ക്കു നടക്കുന്നുണ്ട്.. സപ്പോർട്ട് കൊടുത്തും, ബേസിൽ കോൺക്രീറ്റിടുത്തു കൊടുത്തും മറ്റും. അടിയിലെ മണ്ണിന്റെ ബലക്കുറവു കാരണം ഇപ്പോഴും ചരിഞ്ഞു കൊണ്ടിരിക്കുകയാണ് പിസാ ഗോപുരം.
പിസ ടവറിന്റെ മുകളിലെ നിലയില്‍ കയറുവാന്‍ പ്രത്യേക സംവിധാനം ഉണ്ട്. അതിനായി വലിയ ക്യൂ. വലിയ ടീം ആയി വരുമ്പോള്‍ ഒരിക്കലും ഇത്ര വലിയ ക്യൂവില്‍ നിന്ന് ടിക്കറ്റെടുത്ത് മുകളില്‍ കയറുക ആയാസം ആണ്. അതിനാല്‍ ആകും ഞങ്ങളുടെ ഇറ്റിനറിയില്‍ പിസ പുറമേ നിന്ന് കണ്ടാല്‍ മതിയെന്ന് ആശ്വസിച്ചതു. കൃത്യം നാലുമണിക്ക് തന്നെ ഞങ്ങള്‍ തിരികെ ബസിലെത്തി. ഇനി അടുത്ത സ്റ്റേഷന്‍ പാദുവ ആണ്. അവിടെ ആണ് ഞങ്ങള്‍ അന്ന് ഹാള്‍ട്ട് ചെയുന്നത്. രണ്ടു മണിക്കൂറിലധികം യാത്ര ചെയ്തപ്പോള്‍ ഞങ്ങള്‍ പാദുവയില്‍ എത്തി. ആദ്യ ദിവസങ്ങളിലെ അന്താക്ഷരിയുടെ ഉശിരൊന്നും ആര്‍ക്കും ഇല്ലായിരുന്നു. പാദുവയിലാണ് ഞങ്ങളുടെ രാത്രി ഭക്ഷണം. അവിടെയും ഇന്ത്യന്‍ ഭക്ഷണം. പക്ഷെ ഉച്ച ഭക്ഷണത്തേക്കാള്‍ മികച്ചതായിരുന്നു അന്നത്തെ ഭക്ഷണം. ഭക്ഷണ ശാലയിലെക്കുള്ള വഴിമദ്ധ്യേ പാദുവായിലെ ഏറ്റവും പ്രസിദ്ധമായ വി. അന്തോണീസിന്‍റെ പള്ളിയും ഞങ്ങള്‍ കണ്ടു.
ഭക്ഷണം കഴിഞ്ഞു ഞങ്ങള്‍ ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്തു. സമയം എട്ടു മണിപോലും ആയിട്ടില്ല, ഞാനും പാര്‍ത്ഥനും ജോണ്‍സനും ഡ്രൈവര്‍ ആയ പീറ്ററും ഒപ്പം രാത്രിയില്‍ പാദുവ സിറ്റിയിലൂടെ നടക്കാനിറങ്ങി. ഓരോ ബിയര്‍ അടിക്കുക ആയിരുന്നു ഞങ്ങളുടെ ലക്ഷ്യം. റോഡിനു ഇരു വശത്തും ആയി ഇറ്റാലിയന്‍ സുന്ദരികള്‍ വേശ്യാവൃത്തി നടത്തുന്നു. വാഹനങ്ങളില്‍ വരുന്നവര്‍ അവ നിര്‍ത്തി ഇവരെ കയറ്റികൊണ്ട് പോകുന്നു. പീറ്റര്‍ തന്ന വിവരണങ്ങള്‍ ശരിയാണോ എന്നറിയാന്‍ ഞങ്ങള്‍ പീറ്ററെ പിരി കയറ്റി. ഇറ്റാലിയന്‍ അറിയാവുന്ന പീറ്റര്‍ ഒരു പെണ്ണിനോട് എന്തൊക്കെയോ ഇറ്റാലിയനില്‍ സംസാരിച്ചു. അമ്പതു യൂറോ ആണ് അവള്‍ അര മണിക്കൂര്‍ നേരത്തേക്ക് ഫീസ് ആയി ഇടാക്കുന്നത് എന്നും, വാഹനമോ, താമസ സ്ഥലമോ വേണമെന്നും അവള്‍ ആവശ്യപ്പെട്ടു എന്നും ആണ് പീറ്റര്‍ പരിഭാഷപ്പെടുത്തിയത്. വീണ്ടും കുറെ ദൂരം നടന്നു, ഒരു പെട്ടിക്കടയില്‍ നിന്നും ഓരോ ബിയര്‍ അടിച്ചു ഞങ്ങള്‍ തിരികെ ഹോട്ടലില്‍ എത്തി.
വളരെ നല്ല വിവരണം. ആസ്വദിച്ച് വായിച്ചു.
ReplyDeleteപത്ത് കൊല്ലം മുൻപ് ഒരു ബിസിനസ് ആവശ്യത്തിനു ഇറ്റലിയിൽ പോയ അന്ന് മുതൽ ചിന്തിക്കുന്നതാണു അവിടെ ഒരു വെക്കേഷൻ. ഇതുവരെ പറ്റിയിട്ടില്ല!!
പിസാ!!!
ReplyDelete