Sunday, 19 January 2014

ആപ്പിലായ കോണ്‍ഗ്രസ്‌

ആപ്പിലായ കോണ്‍ഗ്രസ്‌

ഡല്‍ഹിയിലും ഇന്ത്യയിലെങ്ങും രാഷ്ട്രീയ മാറ്റങ്ങള്‍ വളരെ ധൃതഗതിയില്‍ ആണ് സംഭവിക്കുന്നത്‌. കോണ്‍ഗ്രസ്‌  തങ്ങളുടെ യുവ പ്രധാനമന്ത്രി സ്ഥാനത്തേക്ക്  ആയി വളര്‍ത്തിക്കൊണ്ടു വന്ന രാഹുല്‍ ഗാന്ധിയെ, പരസ്യ കമ്പനികളുടെ നേതൃത്വത്തില്‍  പ്രതിച്ഛായ മിനുക്കിയെടുത്ത നരേന്ദ്ര മോഡി വളരെ പെട്ടെന്ന് തന്നെ മലര്‍ത്തിയടിച്ചു. എന്നാല്‍ ഈ വര്‍ഷമാദ്യം  നടക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ആരുടേയും സഹായം ഇല്ലാതെ ഒറ്റയ്ക്ക് തന്നെ വിജയിക്കാന്‍ കഴിയും എന്ന് കരുതിയ ബി ജെ പി ക്കും നരേന്ദ്രമോഡിക്കും പെട്ടെന്ന് കാലിടറുന്നത് പോലെ.

പെട്ടന്നാണ് കേജരിവാളിന്റെ രൂപത്തില്‍ വടക്ക് നിന്ന് ഒരു സൂര്യോദയം പ്രത്യക്ഷപ്പെട്ടത്.. ഡല്‍ഹി നിയമ സഭാ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത വിജയം കൊയ്ത ആം ആദ്മി പാര്ട്ടിയും അവരുടെ നേതാവ് അരവിന്ദ് കെജരിവാളും ആണിപ്പോള്‍ ഇന്ത്യന്‍ ജനതയുടെ കണ്ണുകളില്‍ ആകെയുള്ളത്. കോണ്‍ഗ്രസോ, ബി ജെ പിയോ അതല്ലെങ്കില്‍ മറ്റു പ്രാദേശിക പാര്‍ട്ടികളോ ഒന്നും ഇപ്പോള്‍ ഇന്ത്യന്‍ ജനതയുടെ റഡാറില്‍ പ്രത്യക്ഷപ്പെടുന്നില്ല. പ്രത്യേകമായ ഒരു നയമോ പരിപാടികളോ കൊണ്ട് ശ്രദ്ധേയമല്ല ആം ആദ്മി പാര്‍ട്ടിയും അവരുടെ നേതാക്കളും. മറിച്ചു ഒരു നിഷേധ വോട്ടിന്റെ ബഹിസ്ഫുരണം ആണ് ഡല്‍ഹിയില്‍ അവര്‍ നേടിയ വിജയം. വിലക്കയറ്റവും അഴിമതിയും ക്രമ സമാധാന നിര്‍വഹണത്തിലെ പാളിച്ചകളും സാധാരണക്കാരനെ പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും  സര്‍ക്കാറിനും  എതിരെ തിരിക്കുകയായിരുന്നു. സംസ്ഥാന ഭരണങ്ങളോട് ഉണ്ടായ അനുകൂലമോ പ്രതികൂലമോ ആയ നിലപാടുകള്‍ക്കുമപ്പുറം മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ ഉള്ള രണ്ടാം യു പി എ മന്ത്രി സഭയോടുള്ള എതിര്‍പ്പാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. അണ്ണാ ഹസാരയുടെയും കിരണ്‍ ബേദിയുടെയും സാമി രാംദേവിന്റെയും മൃദു ഹിന്ദുത്വ രഹസ്യ അജെണ്ടയിലൂടെ ആണ് അഴിമതിക്കെതിരായ കുരിശു യുദ്ധമായി ഡല്‍ഹിയില്‍ അണ്ണാ ഹസാരയുടെ നിരാഹാര സമരത്തിനു വഴിയൊരുങ്ങുന്നത്. അഴിമതിക്കെതിരായ സമരങ്ങള്‍ ഒരു ബുദ്ധിജീവി പരിവേഷം സാധാരണ ജനതയ്ക്ക് ചാര്‍ത്തി കൊടുത്തതിനാല്‍ ആകും ജനങ്ങള്‍ ഒന്നായി സമര രംഗത്തേക്ക് ഇറങ്ങുകയും ചെയ്തു. പരമ്പരാഗത രാഷ്ട്രീയ കക്ഷികളോടു യുവ ജനങ്ങള്‍ക്കുള്ള  അമര്‍ഷവും സോഷ്യല്‍ മീഡിയകളുടെ സാധ്യതകളും ഈ സമരങ്ങള്‍ വിജയിപ്പിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചു. കേവലം സര്‍ക്കാറിന്  എതിരായ ഒരു സമരം എന്നതില്‍ കവിഞ്ഞു ജനങ്ങളുടെ വികാരം ശരിയായി മനസിലാക്കുന്നതിനും ആ വികാരത്തെ മെറ്റീരിയലൈസ് ചെയുവാനും അരവിന്ദ് കേജരിവാളിലെ കൂര്‍മ ബുദ്ധിക്കയതാണ് ആം ആദ്മി എന്ന പാര്‍ട്ടിയുടെ പിറവിക്ക് വഴി തെളിച്ചത്. അഴിമതിക്കെതിരെ ഒരു സമരം നടത്തി കോണ്ഗ്രെസ്സിനെയും അവരുടെ നേതാക്കള്‍ക്ക് എതിരെയും ജനങ്ങളെ ഉണര്‍ത്തി  അതിനിടയില്‍ കിട്ടുന്ന ഗ്യാപ്പില്‍ നരേന്ദ്ര മോഡിയെന്ന തീവ്ര ഹിന്ദുത്വ നേതാവിനെ അവതരിപ്പിക്കുകയായിരുന്നു സംഘ പരിവാറിന്റെ പദ്ധതി., അഴിമതിക്ക് ആകെ ഉള്ള ഒരേ ഒരു ബദല്‍ ആണ് നരേന്ദ്ര മോഡി എന്ന നിലയില്‍ ഹിന്ദി സിനിമകളില്‍  വില്ലനെ അടിച്ചു തകര്‍ത്ത്  പ്രത്യക്ഷപ്പെടുന്ന നായകനായിട്ടായിരുന്നു നരേന്ദ്ര മോഡിയുടെ രംഗ പ്രവേശം. അതും ജനകീയ നേതാക്കളുടെ അഭാവം കൊണ്ട് ശ്രദ്ധേയമായ റിംഗില്‍ വളരെ കരുതലോടെ അവതരിപ്പിക്കപ്പെട്ട നായകന്‍.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു വിജയംപരിശോധിക്കുകയാണ് എങ്കില്‍ ഒരു കാര്യം മനസിലാകും.  എങ്കില്‍, രാജസ്ഥാന്‍ കണ്ട ഏറ്റവും നല്ല മുഖ്യ മന്ത്രിമാരില്‍ ഒരാളായിരുന്നു അശോക്‌ ഗെലോട്ട്. ജനങ്ങള്‍ക്ക്  വേണ്ടി അനേകം കര്‍മ  പദ്ധതികള്‍ നടത്തിയും ധാരാളം വികസന പദ്ധതികള്‍ രാജസ്ഥാനിലേക്ക് കൊണ്ട് വരികയും ചെയ്തു ഖ്യാതി നേടിയ അദേഹം തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ്  നടന്ന എക്സിറ്റ് പോളുകളില്‍ എല്ലാം മുന്നില്‍ തന്നെ ആയിരുന്നു. പക്ഷെ തെരഞ്ഞെടുപ്പു ഫലം വന്നപ്പോള്‍ രാജസ്ഥാനിലെ ഏറ്റവും കനത്ത പരാജയം ആണ് കോണ്ഗ്രസ്‌ രാജസ്ഥാനില്‍ രുചിച്ചത്. 


മദ്ധ്യപ്രദേശിലും ജനവികാരം സര്‍ക്കാറിന് എതിരായിരുന്നു. അവിടെ കോണ്ഗ്രെസ്സിലെ സ്ഥിരം തമ്മിലടിയും കുതികാല്‍ വെട്ടുകളും നേതൃത്വത്തിലെ അപാകതകളും കോണ്ഗ്രെസിനു വിനയായി. ഒടുവില്ജ്യോതിരാദിത്യ സിന്ധ്യയെ രംഗത്ത് ഇറക്കിയെങ്കിലും ഉദ്ദേശിച്ച ഫലം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. ഛത്തിസ്‌ഗഡില്‍ നക്സല്‍ ആക്രമണം കോണ്ഗ്രെസ്സിനു ഒരു സഹതാപ തരംഗം ഉണ്ടാക്കി കൊടുത്തു എങ്കില്‍ കൂടി അവിടെയെല്ലാം നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രഹസ്യമായി നടന്ന വര്‍ഗീയ  ധ്രുവീകരണം ആണ് ബി ജെ പിക്ക് വന്‍ വിജയം നേടിക്കൊടുത്തത്. ഡല്‍ഹിയിലും ആം ആദ്മി വലിയ മുന്നേറ്റം ഉണ്ടാക്കിയപ്പോള്‍ ബി ജെ പി തങ്ങളുടെ പരമ്പരാഗത  വോട്ടുകള്‍ നില നിര്ത്തുകയും ഏറ്റവും വലിയ ഒറ്റക്കക്ഷി ആയി മാറുകയും ചെയ്തു. ബി ജെ പി യുടെ വോട്ടല്ല, മറിച്ചു കോണ്ഗ്രെസ്സിന്റെ വോട്ടുകളും നിക്ഷ്പക്ഷ വോട്ടുകളും ആണ് ആം ആദ്മി പാര്ട്ടി യെ തുണച്ചത്.

ഇന്ത്യന്‍ ജനതയുടെ വികാരങ്ങളെ ഒട്ടും തന്നെ മനസിലാക്കാത്ത ഒരു നേതാവാണ്‌ രാഹുല്‍ ഗാന്ധി. ഇന്ത്യയെ കുറിച്ച് രാജീവ് ഗാന്ധി കണ്ട സ്വപനം പോലെ രാഹുലിനും ഒരു സ്വപനം ഉണ്ടെന്നു അദേഹം പറയാറുണ്ടെങ്കിലും അദേഹത്തിന്റെ സ്വപ്നങ്ങള്‍ ശരിയായ രീതിയില്‍ അവതരിപ്പിക്കുവാന്‍ അദേഹത്തിനോ അത് ഉള്‍ക്കൊള്ളുവാന്‍  പൊതുജനത്തിനോ കഴിഞ്ഞിട്ടില്ല. ജനവികാരം മാനിക്കാതെയുള്ള ബുദ്ധിജീവി പരാമര്‍ശങ്ങള്‍ ആണ് പലപ്പോഴും രാഹുലില്‍ നിന്ന് ഉണ്ടായത്. അദേഹത്തിന്റെ പരാമര്‍ശങ്ങള്‍ എല്ലാം തന്നെ ദ്രിശ്യ ശ്രാവ്യ മാധ്യമങ്ങള്‍ വളരെ നെഗറ്റീവ് ആയി ആഘോഷിക്കുകയും തല്ഫ‍ലമായി പൊതു ജനം രാഹുലിനെ തിരസ്കരിക്കുന്നതും ആണ് ഇന്ത്യ കണ്ടത്. യുവ പ്രധാനമന്ത്രി എന്ന നിലയില്‍ വളര്ത്തി കൊണ്ട് വന്ന രാഹുലിലെ നിയമനിര്മ്മാണസഭകളിലെ നിസ്സംഗതയും അനവസത്തിലെ അപക്വമായ ഇടപെടലുകളും മൂലം ജനങ്ങള്‍ അദേഹത്തെ  കയ്യൊഴിഞ്ഞു. തെരഞ്ഞെടുപ്പിന് പാര്ട്ടിയെ ഒരുക്കുന്നതിന് പകരം പാര്ട്ടിയിലെ സംഘടന വിഷയങ്ങളില്‍ ആയിരുന്നു രാഹുലിന്റെ ശ്രദ്ധ. കോണ്ഗ്രസിലെ ഗ്രൂപ്പ് വഴക്കുകളും കുതികാല്‍ വെട്ടലുകളും ഒന്നും അവസാനിപ്പിക്കുവാന്‍ ഇദേഹത്തിന് സാധിച്ചതും ഇല്ല. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള സര്ക്കാറിന്റെ അഴിമതിയും പിടിപ്പുകെടുകളും വലിയോരളവ് വരെ പാര്‍ട്ടിക്കും  രാഹുലിനും വിനയായി. 


മറിച്ചു നരേന്ദ്ര മോഡി ആകട്ടെ, ജനങ്ങളുടെ സൂഷ്മ വികാരങ്ങളെ ശരിക്കും മുതലെടുത്ത്‌ കൊണ്ട് , വളരെ ചെറിയ ഒരു ഭൂമികയില്‍ പെട്ടെന്ന് ഒരു ബദല്‍ ആയി മാറുകയും അടുത്ത പ്രധാന മന്ത്രി ആണ് താന്‍ എന്ന് ഉറക്കെ പ്രഖ്യാപിക്കുകയും അത് ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്തു. മോഡിയുടെ പ്രതിച്ഛായ വര്ദ്ധി്പ്പിക്കുവാന്‍ ആര്‍ എസ് എസ് , വി എച് പി, തുടങ്ങിയ സംഘടനകളുടെ മേല്‍നോട്ടത്തില്‍  മാധ്യമങ്ങളെ ഉപയോഗിക്കുവാന്‍ പരസ്യ കമ്പനികളെയും പബ്ലിക് റിലേഷന്സ് കമ്പനികളെയും വിദഗ്ധമായി ഉപയോഗിക്കുവാന്‍ സംഘ പരിവാറിനായി.  ഉത്തരേന്ത്യയിലെ ജനങ്ങള്‍ മോഡിയെ തങ്ങളുടെ ഭാവി മുഖ്യ മന്ത്രി ആയി അംഗീകരിക്കുകയും, മറ്റൊരു ബദല്‍ ഇല്ലാത്തതിനാല്‍ ബി ജെ പിക്ക് സ്വാധീനമില്ലാത്ത തെക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളും മോഡിയെ പ്രാധാനമന്ത്രി ആയി കാണുവാന്‍ തങ്ങളുടെ മനസിനെ പാകപ്പെടുത്തുകയും ചെയ്തു കൊണ്ടിരിക്കയായിരുന്നു. 


പെട്ടെന്നായിരുന്നു എല്ലാം തകിടം മറിഞ്ഞത്. സോഷ്യല്‍ മീഡിയ, പത്രങ്ങള്‍, ചാനലുകളില്‍ എല്ലാം ലൈവ് ആയി നിന്നിരുന്ന മോഡിയും ഡല്‍ഹിയിലെ ആം ആദ്മി വിജയത്തോട് കൂടി കാണാമറയത്തേക്ക്  പോയിക്കൊണ്ടിരിക്കുന്നു. കോണ്ഗ്രിസിന്റെ സഹായത്തോടു കൂടി ഡല്‍ഹിയില്‍ സര്‍ക്കാര്‍  ഉണ്ടാക്കിയ അരവിന്ദ് കേജരിവാള്‍ തെരഞ്ഞെടുപ്പിന് മുന്പ് മാനിഫെസ്റ്റോയില്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം ഒന്നിന് പുറകെ ഒന്നായി നടത്തിക്കൊണ്ടിരിക്കുന്നതില്‍ ബദ്ധ ശ്രദ്ധാലുവും. വിലയിരുത്തലുകള്‍ക്ക്  സമയമായിട്ടില്ലെങ്കില്‍ കൂടി ജനങ്ങളുടെ കൈയ്യടി വാങ്ങുന്നതില്‍ കേജരിവാള്‍ ബഹുദൂരം മുന്നിലെത്തി. വീണു കിട്ടിയ അവസരം മുതലെടുത്ത്‌ ഫണ്ട്‌ പിരിവിനും അംഗംങ്ങളെ ചേര്‍ക്കുന്നതിനും ആം ആദ്മി പാര്‍ട്ടിയും മുന്നിട്ടിരങ്ങിയിരിക്കയാണ്.  എഴുപതുകളില്‍ ജെ പി മൂവ്മെന്റും അതിനു ശേക്ഷം കണ്ട ജനത പാര്‍ട്ടിയും പോലെ ആണ് ആം ആദ്മി പാര്ട്ടി നല്‍കുന്ന സ്വപനങ്ങളും. അടിയന്തിരാവസ്ഥ കഴിഞ്ഞു നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ  നിലംപരിശാക്കിക്കൊണ്ട് അധികാരത്തില്‍ വന്ന ജനതാ പാര്‍ട്ടിയില്‍ പ്രതിബദ്ധത ഉണ്ടായിരുന്ന അനേകം നേതാക്കള്‍ ഉണ്ടായിരുന്നു എങ്കില്‍ അടിയന്തിരാവസ്ഥ പോലെ തന്നെ ജനം കണക്കാക്കുന്ന അഴിമതിയവസ്ഥയില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കാന്‍ ഇറങ്ങി പുറപ്പെട്ടിരിക്കുന്ന ആള്‍ക്കൂട്ടത്തില്‍ പ്രവര്‍ത്തന പരിചയമോ നെത്രുത്വ വാസനയോ ഉള്ള നേതാക്കള്‍ വിരളം ആണ്. ശക്തമായ നയങ്ങളോ പരിപാടികളോ ഒന്നിച്ചു കൊണ്ട് പോകുവാന്‍ കെല്‍പ്പുള്ള നേതാക്കളോ ഇല്ലാത്തതിനാല്‍ ഏതു നിമിഷവും ഈ ആള്‍ക്കൂട്ടം  ചിന്നിച്ചിതറി പോകാം. 


പൊതുവേ വികാര ജീവികള്‍ ആയ ഇന്ത്യന്‍ ജനത ഇപ്പോള്‍ ആം ആദ്മി പാര്ട്ടിയില്‍ അംഗത്വം എടുക്കുന്നതിനായി ക്യൂ നില്ക്കുുകയാണ്. ഫണ്ട്‌ പിരിവും തകൃതിയായി നടക്കുന്നു. വാര്‍ത്തകളില്‍ ജനങ്ങള്‍ കാത്തിരിക്കുന്നതും ആം ആദ്മി പാര്‍ട്ടിയില്‍ ചേരുന്ന സെലിബ്രിറ്റികളുടെ എണ്ണം അറിയുവാന്‍ ആണ്. മാധ്യമങ്ങള്‍ക്കും പുതിയൊരു വിരുന്നാണ് ആം ആദ്മി. ഇതൊക്കെയാണെങ്കിലും  ഡല്‍ഹിയില്‍ ഇപ്പോള്‍ തന്നെ പാര്‍ട്ടിയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ആകാതെ കെജരിവാളും പരുങ്ങുകയാണ്. പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ എല്ലാം ആകെ അങ്കലാപ്പില്‍ ആണ്. ആം ആദ്മി പാര്‍ട്ടി ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നത്  കൊണ്ഗ്രെസ്സിനു ആണ്. കോണ്ഗ്ര്സിന്റെ വോട്ടുബാങ്കുകള്‍ ആണ് കേജരിവാള്‍ കവര്‍ന്നെടുക്കുന്നത്‌. ജനങ്ങളുടെ ഒഴിഞ്ഞു പോക്ക് കണ്ടിട്ടാവണം കൊണ്ഗ്രെസ്സ് സംസ്ഥാനഘടകങ്ങളില്‍  അഴിച്ചുപണി നടത്തുന്നു. രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ്‌, മദ്ധ്യപ്രദേശില്‍ അരുണ്‍ യാദവ്, ചത്തിസ്ഗഡില്‍ ഭുവേഷ് ബാഗല്‍, ഡല്‍ഹിയില്‍ അരവിന്ദ് സിംഗ് ലവ്ലി, ഹരിയാനയില്‍ അശോക്‌ തന്‍വര്‍ ‍, ഹിമാചലില്‍ സുഖിന്റ് സിംഗ് സുക്കു, ബീഹാറില്‍ അശോക്‌ ചൌധരി, തുടങ്ങി യുവാക്കളെ പി സി സി പ്രസിഡന്റ്‌ സ്ഥാനത്തേക്ക് കൊണ്ട് വന്നിരിക്കുന്നു. കേരളത്തില്‍ പോലും ഉമ്മന്‍ ചാണ്ടിയുടെയും രമേശിന്റെയും താല്പര്യത്തിനു വിരുദ്ധമായി ജി കാര്ത്തികേയനെ തഴഞ്ഞു വി ഡി സതീശനോ , അതെല്ലങ്കില്‍ ഒരു ഒത്തു തീര്‍പ്പ്  നോമിനിയായി വി എം സുധീരനോ കടന്നു കൂടാം. സുഖമില്ലാത്ത സോണിയ ഗാന്ധിക്ക് പകരം പ്രിയങ്ക വധേര ആകും ഇത്തവണ കോണ്‍ഗ്രസ്‌  പ്രചരണം നയിക്കുക. പക്ഷെ എന്തൊക്കെ തിരുത്തലുകള്‍ നടത്തിയാലും ജനത്തില്‍ നിന്ന് തീരെ അകന്നു പോയ കോണ്‍ഗ്രസിനും  രാഹുലിനും ഒരു തിരിച്ചു വരവിനുള്ള സമയം ഇല്ലാതായിരിക്കുന്നു. ലോകസഭയില്‍ വെറും രണ്ടക്ക സംഖ്യയിലേക്ക് മാറുന്നതോടൊപ്പം മുഖ്യ പ്രതിപക്ഷ കക്ഷി അല്ലെങ്കില്‍ രണ്ടാമത്തെ വലിയ ഒറ്റക്കക്ഷി ആകുവാന്‍ കോണ്‍ഗ്രസിന് കഴിയുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റു നോക്കുന്നത്.

എന്തായാലും പതിനേഴാം തിയതി നടക്കുന്ന എ ഐ സി സി സമ്മേളനത്തില്‍ വച്ച് പതിവിനു വിപരീതമായി കോണ്‍ഗ്രസ്‌  രാഹുലിനെ  പ്രധാനമന്ത്രി സ്ഥാനാര്ഥിയായി  പ്രഖ്യാപിച്ചു കൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടാന്‍ പാര്‍ട്ടിയെ സജ്ജമാക്കും എന്ന് കരുതിയെങ്കിലും പരസ്യമായി ഒരു പ്രഖ്യാപനം ഉണ്ടായിട്ടില്ല.  മന്മോാഹന്‍ സിംഗിനെ രാജി വയ്പിച്ചു, രാഹുലിനെ പ്രധാനമന്ത്രി ആക്കി തെരഞ്ഞെടുപ്പിനെ നേരിടണം എന്ന ആവശ്യവും കോണ്‍ഗ്രസില്‍  പരമപ്രധാനമായി അലയടിക്കുന്നുണ്ട്. ആം ആദ്മി നേടുന്ന വോട്ടുകള്‍ മിക്കതും കോണ്ഗ്രസിന്റെ വോട്ടുകള്‍ ആയതിനാല്‍ വലിയ ചില അട്ടിമറികള്‍ നടന്നില എങ്കില്‍ നരേന്ദ്ര മോഡിയുടെ വിജയം കുറച്ചു കൂടി എളുപ്പമാകുവാന്‍ നിലവിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ കാരണമായേക്കും. കോണ്‍ഗ്രെസ് എന്തായാലും ആപ്പിലായിരിക്കയാണ്.

Tuesday, 16 April 2013

ശ്രീലങ്കന്‍ വംശീയതയും തമിഴ് രാഷ്ട്രീയവും



  
 ശ്രീലങ്കന്‍ വംശീയതയും തമിഴ് രാഷ്ട്രീയവും



അടുത്ത കാലത്ത് സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലും ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലും സാധാരണക്കാരുടെ കണ്ണുകള്‍ നനയിച്ച ഒരു ചിത്രമായിരുന്നു വേലുപ്പിള്ള പ്രഭാകരന്റെ പന്ത്രണ്ടു വയസു മാത്രം പ്രായമായ മകന്റെ നിഷ്ഠുര കൊലപാതകം. വളരെ വേദനയുളവാക്കിയപ്രഭാകരന്റെ മകന്റെ മരണത്തെക്കുറിച്ചുള്ള വിവരങ്ങള്‍,   ചിത്രങ്ങള്‍, ദൃശ്യങ്ങള്‍ ഒക്കെ പുറത്തു വന്നതോട്കൂടിയാണ്  ശ്രീലങ്കയില്‍ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ തമിഴ്വികാരം   ആളിക്കത്തിക്കുവാന്‍ പ്രേരകമായത്. .  

കഴിഞ്ഞ നാല് വര്‍ഷമായി ശ്രീലങ്കയില്‍ യുദ്ധം അവസാനിച്ചിട്ട്. പക്ഷെ, തമിഴ് ജനതയുടെ മനസ്സില്‍ യുദ്ധം ഒരിക്കലും അവസാനിച്ചിരുന്നില്ല. അവരുടെ മുറിവുകള്‍ ഉണ്ടാക്കുവാന്‍ പോന്ന, അല്ലെങ്കില്‍ അവരുടെ പോരാട്ട വീര്യം നിലനിര്‍ത്തുവാന്‍ പോന്ന നേതൃത്വം വേലുപ്പിള്ള പ്രഭാകരന്റെ കൊലപാതകത്തോട് കൂടി എന്നേയ്ക്കുമായി നഷ്ടമായി. പകരം പുതിയൊരു നേതാവ് അവരില്‍ നിന്നും ഇതുവരെയും വളര്‍ന്നു വന്നില്ല. അല്ലെങ്കില്‍ വളര്‍ന്നു വരുവാന്‍ ശ്രീലങ്കന്‍ സൈന്യം അനുവദിച്ചില്ല. തമിഴ്ജനത തിങ്ങിപ്പാര്‍ക്കുന്ന വടക്കന്‍ ശ്രീലങ്ക ഇപ്പോഴും ശ്രീലങ്കന്‍ പട്ടാളത്തിന്റെ കനത്ത കാവലില്‍ ആണ്. അവിടെ ഓരോ ഇലയനങ്ങുനതും അവരുടെ ഇന്റെലിജെന്‍സ്‌ അറിയുന്നു. ഇപ്പോഴും ശ്രീലങ്കന്‍ സൈന്യത്തിന്റെ കിരാത അക്രമങ്ങള്‍ ആണ് തമിഴ് ജനതയുടെ മേല്‍ നടക്കുന്നത്. തിരുവായ്ക്ക് എതിര്‍ വായില്ല. റൈഡ് നടത്തി തമിഴ് ജനതയുടെ കയ്യില്‍ ഉണ്ടായിരുന്ന വെടിക്കോപ്പുകള്‍ എല്ലാം സൈന്യം പിടിച്ചെടുത്തു. പാലായനം ചെയ്ത അവര്‍ സ്വന്തമായി വീടും കുടിയും ഇല്ലാതെ ആട്ടിയിറക്കപ്പെട്ടവരെ പോലെ ജനിച്ചു വളര്‍ന്ന മണ്ണില്‍ ജീവിക്കുന്നു. അവരുടെ സ്ത്രീകള്‍ ബലാല്‍ക്കാരം ചെയപ്പെടുന്നു, കുട്ടികള്‍ പീഡനം അനുഭവിക്കുന്നു. രാജ്യ സുരക്ഷയുടെ പേരില്‍ അവരുടെ ഓരോ നീക്കവും ശ്രദ്ധിക്കപ്പെടുന്നു. യാതൊരു സ്വകാര്യതയുമില്ലാത്ത ജീവിതം ശ്രീലങ്കന്‍ തമിഴന്റെ ഉറക്കം കെടുത്തുന്നു.



തമിഴന്റെ മനസ് വളരെ തീവ്രമാണ്. തമിഴ് എന്ന വാക്ക് എവിടെയെല്ലാം കേള്‍ക്കുന്നോ, അവിടെ എല്ലാം തമിഴന്‍ ഓടിയെത്തും. വല്ലാത്തൊരു വൈകാരികത ആണ്, തമിഴ് എന്ന ഈ പദത്തിനോട്. തമിഴ് ദേശിയത ഒരു പ്രത്യേക ഈലം രൂപീകരിക്കുവാന്‍ പോലും തമിഴന്റെ മനസ്സിനെ രൂപപ്പെടുത്തിയിരിക്കയാണ്. നദീജല കാര്യത്തില്‍ ആയാലും, ഭാഷാ പ്രശ്നത്തില്‍ ആയാലും,  തമിഴ്‌നാടിന് ബാധകമാകുന്ന അല്ലെങ്കില്‍ തമിഴന്റെ സംസ്ഥാനത്തിന് ഏതെങ്കിലും തരത്തില്‍ ബാധകമായേക്കാവുന്ന ഒരു വിഷയമുണ്ടെങ്കില്‍ തമിഴ് ജനതയുടെ മനസ്സ് ആളിക്കത്തുംഅത്രയും തീവ്രമാണ് ഓരോ തമിഴന്റെയും മനസ്സ്. പലപ്പോഴും ഈ തീവ്രമനോഭാവം തന്നെയാണ് തമിഴ്‌നാട്ടിലെ മാറി മാറി വരുന്ന രാഷ്‌ട്രീയ കക്ഷികളും മുതലെടുക്കുന്നത്.  ലോകത്തിന്റെഏതു  ഭാഗത്ത് ജീവിക്കുന്ന തമിഴന്‍ ആണെങ്കിലും അവന്റെ മനസ് തമിഴ് ദേശിയതയില്‍ ഇഴുകി ചേര്‍ന്നിരിക്കുകയാണ്.

ശ്രീലങ്ക ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ തന്ത്രപ്രധാനമായ രാജ്യമാണ്.  അതിര്‍ത്തി  രാജ്യങ്ങളും ആയി അത്ര നല്ല ബന്ധം അല്ല ഇപ്പോള്‍ ഇന്ത്യക്ക് ഉള്ളത്. പാകിസ്ഥാന്‍ ഒഴികെയുള്ള അയല്‍പക്കക്കാരുമായി നല്ല ബന്ധം ഉണ്ടായിരുന്ന നമ്മുടെ രാജ്യത്തിന്‌, ഇപ്പോള്‍ ശ്രീലങ്ക, നേപ്പാള്‍, അഫ്ഘാനിസ്ഥാന്‍, മ്യാന്മാര്‍ തുടങ്ങിയ രാജ്യങ്ങളുമായി അത്ര സുഖകരമായ ബന്ധത്തില്‍ അല്ല. ഇത് ശക്തമായി തിരിച്ചറിയുന്ന ചൈന, ഇന്ത്യക്ക് ചുറ്റും തങ്ങളുടെ കോളനികള്‍ പണിയുകയാണ്. പാകിസ്ഥാനില്‍ ഗൌഡര്‍ തുറമുഖം മാത്രമല്ല, ആ പട്ടണം മുഴുവന്‍ അവര്‍ തങ്ങളുടെ നിയന്ത്രണത്തില്‍ ആക്കിയിരിക്കയാണ്. നേപ്പാളിലും, ബംഗ്ലാദേശിലും, ശ്രീലങ്കയിലും തങ്ങളുടെ കോളനികള്‍ സ്ഥാപിക്കുവാനുള്ള ഒരുക്കത്തില്‍ ആണ്. ഇത് ഫലത്തില്‍ ഇന്ത്യക്ക് വളരെ ദോഷകരമായി ഭാവിക്കും.

ശ്രീലങ്കയില്‍ നടക്കുന്നത്

 ശ്രീലങ്കന്‍ സൈന്യവും എല്‍.ടി.ടി.ഇ.യും തമ്മില്‍ നടന്ന യുദ്ധത്തിന്റെ അവസാനഘട്ടത്തില്‍ അന്താരാഷ്ട്ര മനുഷ്യത്വ നിയമത്തിന്റെയും യുദ്ധധാര്‍മികതയുമായി ബന്ധപ്പെട്ട വിവിധ ഉടമ്പടികളുടെയും നഗ്‌നമായ ലംഘനമാണ് നടന്നതെന്ന് യു.എന്‍. സെക്രട്ടറി ജനറല്‍ നിയോഗിച്ച സമിതി കണ്ടെത്തി. എല്‍.ടി.ടി.ഇ.ക്കെതിരായ ആക്രമണമെന്ന പേരില്‍ തമിഴ്‌വംശജരെ ഉന്‍മൂലനം ചെയ്യാന്‍ ശ്രമിക്കുകയാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍. അതില്‍ അവര്‍ മുന്നേറിക്കൊണ്ടിരിക്കുകയുമാണ്.  പരക്കെ ഷെല്ലാക്രമണം നടത്തി സാധാരണക്കാരെ കൊന്നൊടുക്കിപരിക്കേറ്റവരെ പ്രവേശിപ്പിച്ച ആസ്പത്രികള്‍ക്കും ആതുരസേവനം നടത്തിയിരുന്ന പ്രസ്ഥാനങ്ങളുടെ താവളങ്ങള്‍ക്കും നേരെ അവര്‍ ആക്രമണം നടത്തിയുദ്ധത്തില്‍ സര്‍വം നഷ്ടപ്പെട്ടവര്‍ക്ക് സഹായമെത്തിക്കുന്നത് വരെ  തടഞ്ഞുയുദ്ധമേഖലയ്ക്ക് വെളിയിലും അവര്‍ ആക്രമണം നടത്തിമാധ്യമങ്ങളെയും സര്‍ക്കാറിന്റെ വിമര്‍ശകരെയും ആക്രമിച്ചു തുടങ്ങിയ മനുഷ്യാവകാശ ലംഘനങ്ങള്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ നടത്തിയെന്നാണ് യു.എന്‍. സമിതി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇവയൊക്കെയും അന്താരാഷ്ട്ര മനുഷ്യത്വനിയമത്തിനു എതിരാണ്. 

എല്‍.ടി.ടി.ഇ.യുടെ ശക്തികേന്ദ്രമായ വന്നിയില്‍ 3,30,000 സാധാരണക്കാരെയാണ് അവര്‍ തടഞ്ഞുവെച്ചിരുന്നത്. യുദ്ധത്തിന്റെ അവസാനഘട്ടത്തില്‍ ഇവിടെ മനപ്പൂര്‍വം ഷെല്ലാക്രമണം നടത്തിയ ലങ്കന്‍സേന ഇവരില്‍ നല്ലൊരു ശതമാനത്തെ കൊന്നൊടുക്കി. ഇതിനെതിരെ ശബ്ദമുയര്‍ത്തിയ മാധ്യമങ്ങളെയും വിമര്‍ശകരെയും പലവിധ ഭീഷണികള്‍ വഴി നിശ്ശബ്ദരാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. ചിലരെ തട്ടിക്കൊണ്ടുപോയി. സ്ത്രീകളെയും പെണ്‍കുട്ടികളെയും ബലാല്‍സസംഗം ചെയ്തു. ഇവരില്‍ പലരും  എവിടെയെന്ന് ഇപ്പോഴും ആര്‍ക്കും  അറിയില്ല എന്നതാണ് വസ്തുത.

സാധാരണക്കാര്‍ക്ക് സുരക്ഷിതരായി കഴിയാമെന്ന് സര്‍ക്കാര്‍ തന്നെ പ്രഖ്യാപിച്ച യുദ്ധരഹിത മേഖലയില്‍ പിന്നീട് വ്യാപകമായ ഷെല്ലാക്രമണം നടത്തി. യു.എന്നും റെഡ്‌ക്രോസും ഭക്ഷണവും മറ്റവശ്യവസ്തുക്കളും സൂക്ഷിച്ചിരുന്ന ഇടങ്ങള്‍ ആക്രമിച്ചു. പരിക്കേറ്റവരെ കൊണ്ടുപോകാന്‍ തീരങ്ങളിലെത്തിയ റെഡ്‌ക്രോസിന്റെ കപ്പലുകള്‍ക്കു നേരെയും ആക്രമണമുണ്ടായി. ആസ്പത്രികളില്‍ ഷെല്ലുകള്‍ വര്‍ഷിച്ചു. വന്നിയിലെ എല്ലാ ആസ്പത്രികള്‍ക്കുനേരെയും പീരങ്കിയാക്രമണം നടത്തി. യുദ്ധമേഖലയില്‍ ഉണ്ടായിരുന്ന സാധാരണക്കാരുടെ എണ്ണം കുറച്ചുകാട്ടിബാക്കിയുണ്ടായിരുന്നവരെ  കൊന്നൊടുക്കി. യുദ്ധത്തിന്റെ അവസാനദിവസങ്ങളിലായിരുന്നു ഏറ്റവുമധികം കൂട്ടക്കുരുതിയെന്നാണ്  റിപ്പോര്‍ട്ട്.   
യുദ്ധത്തിന്റെ അവസാന അഞ്ചു മാസത്തിനിടെ ഏതാണ്ട് അറുപതിനായിരത്തോളം പേര്‍ കൊല്ലപ്പെട്ടിരിക്കാമെന്നാണ് ഐക്യരാഷ്ട്ര സഭ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. 




അമേരിക്കന്‍ തന്ത്രം.

ലോകത്ത് മനുഷ്യാവകാശ പ്രശ്നങ്ങള്‍ ശ്രീലങ്കയില്‍ മാത്രമല്ല. പലസ്തീനിലും സിറിയയിലും ഈജിപ്തിലും ലിബിയയിലും ഇറാക്കിലും അഫ്ഘാനിസ്ഥാനിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും   തികഞ്ഞ മനുഷ്യാവകാശ ധ്വംസനങ്ങള്‍ ആണ് നടക്കുന്നത് എന്നതില്‍ അമേരിക്കക്കും മറ്റു  ലോകരാജ്യങ്ങള്‍ക്കും യാതൊരു സംശയവും ഇല്ല. ഇവയില്‍ പല രാജ്യങ്ങളിലും അമേരിക്ക ആണ്  മനുഷ്യ്വവകാശ ധ്വംസനങ്ങള്‍ നടത്തുന്നത് എന്ന കാര്യം  മറച്ചു പിടിച്ചു കൊണ്ടാണ് അവര്‍ ശ്രീലങ്കന്‍ വിഷയം ഉയര്‍ത്തി കൊണ്ട് വരുന്നത് എന്നതും അവരുടെ നയങ്ങളിലെ ഇരട്ടത്താപ്പാണ് തുറന്നുകാട്ടുന്നത്.  

 ലോകസഭ തെരഞ്ഞെടുപ്പു അടുത്തു വരുന്ന സാഹചര്യത്തില്‍, നൂതന സാമ്പത്തീക ശകതിയായി വളര്‍ന്നു വരുന്ന, അമേരിക്കയ്ക്ക് ഭീഷണി സൃഷ്ടിച്ചേക്കാവുന്ന ഇന്ത്യയെ, ഇന്ത്യന്‍ ജനാധിപത്യത്തെ തന്നെ തച്ചുതകര്‍ക്കാന്‍ നടക്കുന്ന ഒരു അന്താരാഷ്ട്ര ഗൂഡാലോചനയുടെ ഭാഗമായിട്ടാണ് അമേരിക്ക യുഎന്നില്‍ ശ്രീലങ്കയിലെ തമിഴ് മക്കളുടെ മേല്‍ നടക്കുന്ന മനുഷ്യാവകാശ വിഷയത്തെ അവതരിപ്പിച്ചത്. ഒരു പക്ഷെ ഇതൊരു അമേരിക്കന്‍ - സീനായ് ഗൂഡാലോചന ആണോ എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു. വോട്ടെടുപ്പില്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യ മാത്രമാണ് അമേരിക്കയുടെ നിലപാടിനെ അനുകൂലിച്ചത്. ചൈനയും, പാകിസ്ഥാനും ഉള്‍പ്പെടെ മറ്റു രാജ്യങ്ങള്‍ അമേരിക്കന്‍ പ്രമേയത്തെ എതിര്‍ത്തു എങ്കിലും പ്രമേയം പതിമൂന്നിനു എതിരെ ഇരുപത്തിയഞ്ച് വോട്ടുമായി വിജയം നേടി.


ഐക്യരാഷ്ട്രസഭയില്‍ അമേരിക്ക അവതരിപ്പിച്ച  പ്രമേയത്തിന്റെ പ്രധാന  ഭാഗങ്ങള്‍ ഇന്നലെ ആയിരുന്നു. ലങ്കയിലെ മനുഷ്യാവകാശ ധ്വംസനങ്ങളെപറ്റി ശ്രീലങ്ക തന്നെ സ്വതന്ത്രവും വിശ്വസനീയവുമായ അന്വേഷണ നടത്തണമെന്ന്‌ പ്രമേയം ആവശ്യപ്പെടുന്നു. ലങ്കയിലെ വടക്കന്‍ പ്രവിശ്യയില്‍ തെരഞ്ഞെടുപ്പ്‌ നടത്താഌള്ള സര്‍ക്കാരിന്റെ തീരുമാനത്തെ പ്രമേയം സ്വാഗതം ചെയ്യുന്നുണ്ട്‌. എന്നാല്‍ തെരഞ്ഞെടുപ്പിന്‌ ശേഷം അധികാരം കൈമാറ്റം നടത്തണമെന്ന ജനങ്ങളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കണമെന്ന്‌ പ്രമേയം ആവശ്യപ്പെടുന്നു. നിതീന്യായ വ്യവസ്ഥ അറിയാതെ ലങ്കയില്‍ കൊലപാതകങ്ങളും പലരുടെയും തിരോധാനവും ഉണ്ടായിട്ടുണ്ട്‌. ഇത്‌ ലങ്കന്‍ സര്‍ക്കാര്‍ അന്വേഷിക്കണം. വടക്കന്‍ ശ്രീലങ്കയെ പട്ടാളമുക്തമാക്കുകനിഷ്‌പക്ഷമായ പരാതിപരിഹാരസംവിധാനം ഉണ്ടാക്കുകകരുതല്‍തടങ്കല്‍ നയം പുനപരിശോധിക്കുകപ്രവിശ്യകള്‍ക്കു അധികാരം നല്‍കുന്നതിന്‌ രാഷ്ട്രീയസമവായം കൊണ്ടുവരുകഎല്ലാവര്‍ക്കും സ്വതന്ത്രമായ ആശയപ്രകടനത്തിനുള്ള അവകാശം നല്‍കുക തുടങ്ങിയ ആവശ്യങ്ങളും പ്രമേയത്തില്‍ ഉന്നയിക്കുന്നുണ്ട്‌.
ശ്രീലങ്കയില്‍ ഇപ്പോഴും തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ അതീവ ഗുരുതരമാണെന്ന്‌ പ്രമേയം പറയുന്നു. സമാധാനപരമായി സംഘടിക്കാഌള്ള അവകാശം പോലും ലങ്കയില്‍ ഇല്ല. മാധ്യമപ്രവര്‍ത്തകര്‍ പോലും സ്വതന്ത്രരല്ല. മതത്തിന്റെയും ജാതിയുടെയും പേരില്‍  സമൂഹം ചേരിതിരിഞ്ഞിരിക്കുന്നവെന്നും നിയമസംവിധാനങ്ങള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നില്ലെന്നും പ്രമേയം കുറ്റപ്പെടുത്തുന്നുണ്ട്‌.  
ഇന്ത്യയുടെ ഇടപെടല്‍ മൂലം, കാതലായ ഒരു മാറ്റം ഈ പ്രമേയത്തില്‍ വരുത്തിയിരുന്നു. എല്ലാ മനുഷ്യാവകാശ ധ്വംസനങ്ങളെയും രാജ്യാന്തര മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷിക്കണം എന്ന ആദ്യ പ്രമേയത്തെ ഇന്ത്യയുടെ ഇടപെടല്‍ മൂലം ശ്രീലങ്ക അന്വേഷിക്കണം എന്നാക്കുവാന്‍ കഴിഞ്ഞു. പ്രമേയാവതരണത്തിനു മുന്‍പ് തന്നെ ഇന്ത്യന്‍ സര്‍ക്കാരിനെ കൂടുതല്‍ സമ്മര്‍ദ്ദത്തില്‍ ആക്കി കൊണ്ട് തമിഴ് നാട്ടിലെ പ്രബല കക്ഷിയായ കരുണാനിധിയുടെ ഡി എം കെ തമിഴ് വികാരം ആളിക്കത്തിച്ചു, സര്‍ക്കാരിനു നല്‍കിയിരുന്ന പിന്തുണ പിന്‍വലിക്കുകയും യു പി എ മുന്നണിയില്‍ നിന്ന് പടിയിറങ്ങുകയും ചെയ്തു.
തമിഴ് രാഷ്ട്രീയം.
തമിഴ് ദേശീയത ആളിക്കത്തിക്കുന്നതും അവരില്‍ തമിഴ് വൈകാരികത വളര്‍ത്തി തീവ്രഭാവത്തില്‍ നിലനിര്‍ത്തുന്നതും ലാഭം കൊയ്യുന്നതും തമിഴ്നാട്ടിലെ പ്രബല രാഷ്ട്രീയകക്ഷികള്‍ ആണ്. ദ്രാവിഡ കക്ഷികള്‍ മാത്രമാണ് ഇതില്‍ നിന്ന് ലാഭം കൊയ്യുന്നത്. ഇന്ത്യയേക്കാള്‍, തമിഴ്മക്കള്‍ എന്ന വികാരം ആണ് അവരില്‍ കുടി കൊള്ളുന്നത്‌. അല്ലെങ്കില്‍ ബോധ പൂര്‍വ്വം അവരില്‍ വളര്‍ത്തി എടുത്തിരിക്കുന്നത്.
ശ്രീലങ്കയിലെ തമിഴ്വംശജരുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുന്നതിൽ ഇന്ത്യയിലെ രാഷ്ട്രീയപാർട്ടികൾ ആത്മാർത്ഥമായ പരിശ്രമം നടത്തുന്നു എന്നതിലുപരി അധികാര കസേരയില്‍ മാത്രമാണ് അവരുടെ കണ്ണ് എന്നത് പ്രത്യേകം പറയേണ്ടത് ആണ്. നരകയാതന അനുഭവിക്കുന്ന ശ്രീലങ്കയിലെ തമിഴ്വംശജർക്ക് വേണ്ടി കഴിഞ്ഞ മൂന്നു വർഷവും ഒന്നും ചെയ്യാത്ത തമിഴ്നാട്ടിലെ രാഷ്ട്രീയ നേതൃത്വം പൊതുതിരഞ്ഞെടുപ്പ് അടുത്തതോടെ ബഹളം വയ്ക്കുകയാണ്.  പാലസ്തീനിലെയും മറ്റും മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ പ്രതികരിക്കുന്ന ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വം ലോകത്തിൽ ഏറ്റവും വലിയ വംശീയ വിദ്വേഷവും ആക്രമണവും നേരിട്ട തമിഴ്വംശജരുടെ ദുരിതത്തിൽ വേണ്ട വിധത്തിൽ പ്രതികരിക്കുകയോ ഇടപെടുകയോ ചെയ്തിട്ടില്ല എന്നതും ഓര്‍ക്കേണ്ടതാണ്.
തമിഴ് രാഷ്ട്രീയം, ദ്രാവിഡദേശീയതയില്‍ ആകെ കുഴഞ്ഞുമറിഞ്ഞു കിടക്കുകയാണ്. ഏറ്റവും പ്രബലനായിരുന്ന കരുണാനിധിയുടെ ഇപ്പോഴത്തെ അവസ്ഥ ഏറെ പരിതാപകരവും. ടൂ ജി സ്പെക്ട്രം മുതലുള്ള അഴിമതി  പ്രശ്നങ്ങള്‍, മക്കള്‍, മരുമക്കള്‍ , അനന്തരാവകാശി വിഷയങ്ങള്‍, പ്രായാധിക്യം ഇങ്ങനെ പ്രശ്നങ്ങള്‍ കൂനിന്മേല്‍ കുരു പോലെ ഒന്നിന് പിറകെ ഒന്നായി വന്നു അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ എട്ടു നിലയില്‍ പൊട്ടും എന്ന ബോധ്യത്തില്‍ ആണ് ശ്രീലങ്കന്‍ വിഷയത്തില്‍ തമിഴ് ദേശിയത എന്ന ബോംബിനെ മാറിലെറ്റി തമിഴ് ജനതയുടെ വികാരത്തെ ആളിക്കത്തിച്ചത്. ഒരുപക്ഷെ ജയലളിതക്കും മറ്റു രാഷ്ട്രീയ പ്രതിയോഗികള്‍ക്കും പോലും ചിന്തിക്കാന്‍ കഴിയാതിരുന്ന സമയത്ത് തമിഴ്നാടിനെ ഒറ്റയടിക്ക് തീക്കുണ്ടത്തിലേക്ക് എടുത്തെറിയാന്‍ കരുണാനിധിയുടെ കൌശലത്തിനു കഴിഞ്ഞു. തമിഴ് രാഷ്ട്രീയം ചുരുങ്ങിയ ദിവസം കൊണ്ട് വീണ്ടും കരുണാനിധിയുടെ കാല്‍ക്കീഴില്‍ അമരുന്നു. തമിഴ്ജനതയുടെ വികാരങ്ങള്‍, സമരങ്ങളായും, ആത്മാഹുതി ആയും പൊതു പണിമുടക്ക് ആയും തകര്‍ത്താടിയപ്പോള്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുവാനും, ഒരു പക്ഷെ സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിന് വഴങ്ങിയില്ലെങ്കില്‍ രാജി ഭീഷണി മുഴക്കുവാനും കരുണാനിധിയിലും സമ്മര്‍ദ്ദം ഉണ്ടായി. അമരിക്കന്‍ പ്രമേയം ഇന്ത്യ ഇടപെട്ടു ലഘൂകരിച്ചു എന്നറിഞ്ഞപ്പോള്‍ കേന്ദ്ര സര്‍ക്കാരില്‍നിന്ന് രാജി വയ്ക്കുക മാത്രമേ മാര്‍ഗമുള്ളൂ എന്ന നിലയിലേക്കായി ഡി എം കെ. അയല്‍പക്കമായ ശ്രീലങ്കന്‍ സര്‍ക്കാരിനെ തള്ളിപ്പറഞ്ഞു, അമേരിക്കക്കൊപ്പം നില്‍ക്കുവാന്‍ ഇന്ത്യ തയ്യാറായി എങ്കിലും, ശ്രീ ലങ്കയില്‍ നടന്ന മനുഷ്യാവകാശ ലംഘനത്തിനോപ്പം, നരഹത്യക്കും വംശീയ ഉണ്മൂലനത്തിനും എതിരെ ഭേദഗതി അവതരിപ്പിക്കാനും ശ്രീലങ്കന്‍ സര്‍ക്കാരിന്റെ അന്വേഷണത്തിന് പകരം യു എന്നിന്റെ മേനോട്ടത്തില്‍ സ്വതന്ത്രമായ ഒരു അന്വേഷണ ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കാനും സര്‍ക്കാരിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തുവാന്‍ ആണ് ഡി എം കെ ശ്രമിച്ചത്‌. അങ്ങനെ പ്രമേയത്തിന് ഭേദഗതി അവതരിപ്പിക്കുകയാണ് എങ്കില്‍ പിന്തുണ വീണ്ടും നല്‍കാം എന്നും ഡി എം കെ ഉറപ്പു നല്‍കി.
 ശ്രീലങ്കയില്‍ തമിഴര്‍ നേരിടുന്ന കൊടിയ പീഡനങ്ങള്‍ ദേശീയ രാഷ്ട്രീയത്തില്‍ ഭൂകമ്പം സൃഷ്ടിക്കുന്നതിനിടയില്‍, പ്രശ്‌നം തമിഴ്നാട്ടില്‍ പ്രതിഷേധാഗ്നി പടര്‍ത്തുന്നു. ഇന്നിപ്പോള്‍ ഡി എം കെ മാത്രമല്ല, തമിഴ് ദേശീയതയുടെ  പേരും പറഞ്ഞു, ചെറുതും വലുതുമായ എല്ലാ സംഘടനകളും സമരത്തിന്റെ മുന്‍ നിരയില്‍ തന്നെ ഉണ്ട്.  വിദ്യാര്‍ഥികളില്‍ നിന്നാരംഭിച്ച ലങ്കന്‍ വിരുദ്ധ പ്രക്ഷോഭം വൈകാരികമായി മറ്റുള്ള സംഘടനകളിലേയ്ക്കും രാഷ്ട്രീയ പാര്‍ട്ടികളിലേയ്ക്കും കത്തിപ്പടരുകയാണ്. പ്രൊഫഷണല്‍ കോളേജുകളടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും  അനിശ്ചിതകാലത്തേയ്ക്ക് അടച്ചിട്ടിരിക്കുകയാണ്. പലയിടത്തും പ്രതിഷേധം റോഡ് ഗതാഗതത്തെ ബാധിച്ചു. ചിലയിടങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കു നേരെ ആക്രമണമുണ്ടായി. പലരും ആത്മാഹുതി നടത്തുന്നു.
ഫലത്തില്‍ ശ്രീലങ്കന്‍ വിഷയം കരുണാനിധിക്കും ഡി എം കെ ക്കും ഒരു തിരിച്ചു വരവാണ്. ടൂ ജി സ്പെക്ട്രം അഴിമതിയില്‍ ഒരു വില പേശലിനു ഒരവസരവും. കേന്ദ്രത്തില്‍ അടുത്ത ലോകസഭ തെരഞ്ഞെടുപ്പു ഫലവും എന്താവും എന്ന് പ്രവചിക്കുക വയ്യ. ആര് അധികാരത്തില്‍ വന്നാലും, കോണ്‍ഗ്രെസ്സിനോടും ബി ജെ പി യോടും കൂട്ട് കൂടുവാന്‍ ഇനി ഡി എം കെ ക്ക് ആവും. കരുണാനിധിയുടെ കണക്കു കൂട്ടല്‍ കൃത്യമായിരുന്നു. വെടികൊള്ളേണ്ടിടത്ത്  കൊള്ളേണ്ടതു പോലെ കൊണ്ടു. കരുണാനിധിക്ക് മനസമാധാനത്തോടെ ഉറങ്ങാം. 




Friday, 8 March 2013

കെ. എസ്. ആർ. ടി. സി ക്ക് മരണമണി


കെ. എസ്. ആർ. ടി. സി ക്ക് മരണമണി
കേരളത്തിലെ സര്‍ക്കാര്‍ നേതൃത്വത്തിലുള്ള ഗതാഗത സംവിധാനമായ കെ എസ് ആര്‍.ടി. സി എന്ന സ്ഥാപനം വല്ലാത്തൊരു പ്രതിസന്ധിയിലാണ് . മുപ്പതിനായിരത്തിലധികം ജീവനക്കാര്‍ ജോലി ചെയ്യുന്ന ഈ പൊതു മേഖല കമ്പനിയെ കുറിച്ച്  കാലാ കാലങ്ങളായി മലയാളികള്‍ക്ക് പരാതിക ളുണ്ട്. 5555 സര്‍വീസുകളും 6200 ഓളം ബസ്സുകളും സ്വന്തമായുള്ള ഈ വന്‍ കമ്പനി  ഇന്ന് അടച്ചു പൂട്ടലിന്‍റെ  വക്കിലാണ്. ഏകദേശം 19 ലക്ഷം കിലോമീറ്റര്‍ ആണ് ഓരോ ദിവസത്തേയ്ക്കും ഷെഡ്യൂള്‍  ചെയ്തിരിക്കുന്ന ദൂരം. ഓടിയെത്തുന്നതാകട്ടെ  15 ലക്ഷത്തോളം കിലോമീറ്ററും.  ഏകദേശം അഞ്ചു കോടി രൂപയാണ് നാല്‍പ്പതു  ലക്ഷത്തോളം യാത്രക്കാര്‍ ഓരോ ദിവസവും യാത്രക്കായി ഉപയോഗിക്കുന്ന കെ എസ് ആര്‍ ടി സിയുടെ വരുമാനം.  ഇന്ത്യയിലെ തന്നെ ഏറ്റവും കൂടിയ യാത്രാക്കൂലി ഈടാക്കുന്ന  കെ.എസ്.ആര്‍.ടി.സി.,ഏറ്റവും കൂടുതല്‍ നഷ്ടം രേഖപ്പെടുത്തുന്ന പൊതു മേഖല സ്ഥാപനങ്ങളിലും ഉള്‍പ്പെടുന്നു  എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം

കേരളത്തിലെ ഒട്ടു മിക്ക സര്‍ക്കാര്‍ വക കമ്പനികളും നഷ്ടത്തിലാണ്. അത് നികത്തിയെടുക്കാനോ  കുറയ്ക്കാനോ  ഫലപ്രദമായ എന്തെങ്കിലും നടപടി സ്വീകരിക്കാനുള്ള താത്പര്യം അധികൃതരുടെ പക്ഷത്തുള്ളതായി പലപ്പോഴും തോന്നാറില്ല .

നമ്മുടെ നിത്യ ജീവിതത്തിന്‍റെ ഭാഗമായിക്കഴിഞ്ഞ ഒരു സര്‍ക്കാര്‍ സ്ഥാപനം ഈ അവസ്ഥയില്‍ എത്തിപ്പെടാനുണ്ടായ കാരണങ്ങള്‍ എന്താണ്?.  


ചരിത്രം.


രാജ്യത്തിന്‍റെ  ഗതാഗത ആവശ്യങ്ങൾ നിറവേറ്റുക എന്ന ലക്ഷ്യത്തോടെ  തിരുവിതാംകൂര്‍ സര്‍ക്കാര്‍ 1937 ല്‍ തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപാർട്ട്മെന്‍റ്  എന്ന പേരില്‍ ആരംഭിച്ച പൊതു ഗതാഗത സംവിധാനം ആണ് പിന്നീട്  കെ എസ് ആര്‍ ടി സി ആയി രൂപാന്തരം പ്രാപിച്ചത്.   കേരള സര്‍ക്കാരിന്‍റെ  വിജ്ഞാ‍പന പ്രകാരം കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ 1965 മാര്‍ച്ച്‌ 15 നു സ്ഥാപിതമായി.

ഇംഗ്ലണ്ടില്‍  നിന്ന് ഇറക്കുമതി ചെയ്ത, കോമറ്റ് ഷാസിയിൽ പെർകിൻസ് ഡീസൽ എഞ്ചിൻ ഘടിപ്പിച്ച 60 ബസ്സുകളായിരുന്നു ആദ്യത്തെ ബസ്സുകളുടെ ശ്രേണി. ലണ്ടൻ പാസഞ്ചർ ട്രാൻസ്പോർട്ട് ബോർഡിന്‍റെ  അസിസ്റ്റന്‍റ്  ഓപറേറ്റിംഗ് സൂപ്പരിന്‍റെന്‍ഡന്‍റ്  ആയിരുന്ന ഇ ജി സാൾട്ടറുടെ മേൽനോട്ടത്തിൽ തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപാർട്ട്മെന്‍റ്   ജീവനക്കാർ തന്നെയായിരുന്നു ബസ്സുകളുടെ ബോഡി നിർമ്മിച്ചത്. സംസ്ഥാന മോട്ടോർ സർവ്വീസ് ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവ് 1938 ഫെബ്രുവരി 20 നു  ഉദ്ഘാടനം ചെയ്തു. മഹാരാജാവും ബന്ധുജനങ്ങളുമായിരുന്നു ആദ്യ യാത്രയിലെ യാത്രക്കാർ.


പാതകള്‍ ദേശാസല്‍കരിക്കുന്നതിനു  മുമ്പ്  നിരത്തുകളില്‍ സ്വകാര്യ വാഹനങ്ങളും ബസുകളും യാതക്കാരെയും വഹിച്ചു കൊണ്ട് യാത്ര ചെയ്തിരുന്നു.  തിരുവനന്തപുരം - കന്യാകുമാരി പാത ദേശസാൽക്കരിച്ചതിനാൽ സ്വകാര്യ ഗതാഗത സ്ഥാപനങ്ങളിൽ നിന്ന് ജോലി നഷ്ടപ്പെടാൻ സാദ്ധ്യതയുള്ളവർക്ക് കെ.എസ്.ആർ.ടി.സിയിൽ നിയമനത്തിന് മുൻ‌ഗണന നൽകി. തുടര്‍ന്ന് പാലക്കാട് - കോയമ്പത്തൂര്‍ റോഡുകള്‍ ഉള്‍പ്പടെ പല പ്രധാന റോഡുകള്‍ കൂടി ദേശ സാല്‍ക്കരിച്ചപ്പോള്‍ കെ എസ് ആര്‍ ടി സി വളര്‍ച്ചയുടെ പാതയിലേക്ക് കുതിപ്പുകള്‍ നടത്തി. റോഡുകള്‍ ദേശസാല്‍ക്കരിക്കുന്നതിനനുസരിച്ച്  സ്വകാര്യ ബസുകളിലെ ജോലിക്കാര്‍ക്ക് പ്രാതിനിഥ്യം  നല്‍കി ആണ് ജോലിക്കാരെ നിയമിച്ചിരുന്നത്.



പെട്ടെന്നുണ്ടായ പ്രതിസന്ധി.


കെ എസ് ആര്‍.ടി സിയില്‍ പ്രതിസന്ധി പെട്ടെന്നുണ്ടായ ഒന്നല്ല. വന്‍കിട ഡീസല്‍ ഉപഭോക്താക്കള്‍ ക്ക് സബ്സിഡി നല്‍കേണ്ടെന്ന എണ്ണക്കമ്പനികളുടെ തീരുമാനം അതിനെ രൂക്ഷമാക്കിയെന്നു മാത്രം.  സാധാരണ ഡീസല്‍ വില ഉയര്‍ത്തുമ്പോള്‍ അത് എല്ലാവര്‍ക്കും ബാധകമായിരിക്കും. എന്നാല്‍ ഇത്തവണ വന്‍കിട ഉപയോക്താക്കളെ സബ്സിഡിയുടെ പരിധിയില്‍ നിന്നും ഒഴിവാക്കുക യായിരുന്നു. അതിനാല്‍ ചെറുകിടക്കാരായ സ്വകാര്യ ബസുടമകള്‍ക്ക് സബ്സിഡി വിഹിതത്തിലും സര്‍ക്കാര്‍ വക കെ എസ് ആര്‍ ടി സിക്ക് സബ്സിഡി ഇല്ലാതെയും  ആണ് ഡീസല്‍ ലഭിക്കുക.  വിവിധ ബാധ്യതകളാല്‍ നട്ടംതിരിയുന്ന കോര്‍പറേഷന് സബ്സിഡി ഒഴിവാക്കുന്നത് കാരണം പ്രതിമാസം 18 കോടി രൂപയുടെ അധികച്ചെലവാണ്  ഉണ്ടാവുക . വന്‍തോതില്‍ ഡീസല്‍ വാങ്ങുന്ന (ബള്‍ക്ക് പര്‍ച്ചേസ്) കമ്പനികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനാല്‍ ഒരു ലിറ്റര്‍ ഡീസലിന് 11.50 രൂപ അധികമായി നല്‍കേണ്ടി വരും . പ്രതിദിനം നാലേകാല്‍  ലക്ഷം ലിറ്റര്‍ ഡീസലാണ് കെ.എസ്ആര്‍.ടി.സിക്ക് ആവശ്യം.  കോര്‍പറേഷന്‍റെ  നിലവിലെ പ്രതിമാസ വരവ് 152 കോടിയും വായ്പാ തിരിച്ചടവ് ഉള്‍പ്പെടെ  ചെലവ് 220 കോടിയുമാണ്.

സബ്സിഡി ഇല്ലാത്ത അവസ്ഥ എല്ലാവര്‍ക്കും ഒരുപോലെ ബാധകമാക്കിയിരുന്നെങ്കില്‍ പൊതുവായി ഉണ്ടാകുമായിരുന്ന ചാര്‍ജ് വര്‍ദ്ധന വഴി നഷ്ടം കുറയ്ക്കാമായിരുന്നു. ട്രാന്‍സ്പോര്‍ട്ട് ബസ്സില്‍ രണ്ടു രൂപ വരെ ചാര്‍ജു കൂട്ടിയാല്‍ മാത്രമേ ഇപ്പോള്‍ ഉണ്ടാവുന്ന അധികനഷ്ടം ഇല്ലാതാക്കാന്‍ കഴിയു. ചാര്‍ജു വര്‍ദ്ധനയെ കുറിച്ച് ചര്‍ച്ച നടന്നു എങ്കിലും പൊതുജനം കെ എസ് ആര്‍ ടി സിയെ പാടെ കൈയൊഴിയുന്ന അവസ്ഥയിലേക്കാവും അത് നയിക്കുക.


വരവും ചെലവും തമ്മില്‍ 68 കോടിയോളം രൂപയുടെ,നിലവിലുള്ള അന്തരം ഇതുവഴി 14 കോടി കൂടി 82 കോടിയായി വളരും.  ഓരോ മാസവും ഡീസല്‍ വില 50 പൈസ വീതം വര്‍ധിപ്പിക്കാന്‍ തീരുമാനമുള്ളതിനാല്‍ കോര്‍പറേഷന്‍റെ  ചെലവിലും വര്‍ധനയുണ്ടാകും. ഈ മാസം മുതല്‍ ശമ്പള പരിഷ്കരണം അനുസരിച്ചുള്ള ശമ്പളം നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതുവഴി പ്രതിമാസം 12 കോടിയുടെ അധിക ബാധ്യതയുണ്ടാകും. ഫെബ്രുവരി മുതല്‍ പെന്‍ഷനും  വര്‍ധിപ്പിക്കുന്നുണ്ട്. വിവിധ ആവശ്യങ്ങള്‍ക്കായി ഒറ്റയടിക്ക് 36 കോടിയുടെ അധിക ചെലവാണ് കോര്‍പറേഷന് വരുന്നത്.സര്‍ക്കാര്‍, രണ്ടു മാസത്തേക്ക് ഖജനാവില്‍ നിന്ന് , കൂടിയ ഡീസലിന്‍റെ  വില നല്‍കാം എന്ന് ഏറ്റാലും ഫലത്തില്‍ പണം പോകുന്നത് പൊതു ജനങ്ങളുടെ പോക്കറ്റില്‍  നിന്ന് തന്നെ അല്ലെ?

നാടിന്‍റെ  വികസനത്തിന് ഉപയോഗപ്പെടേണ്ട പണം ആണ് ഒരു കമ്പനിയുടെ നഷ്ടത്തിലൂടെ പാഴായിപ്പോകുന്നത് എന്ന് പറയുമ്പോൾ തന്നെ മറ്റ് ചില വസ്തുതകളും കണക്കിലെടുക്കണം. ലാഭത്തില്‍ ഓടാത്ത ബസുകള്‍ റദ്ദാക്കുക എന്ന നയം സാധാരണക്കാരെയാണ്  ബാധിക്കുക, പ്രത്യേകിച്ചും സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്താത്ത ഇടങ്ങളില്‍. കെ.എസ്.ആര്‍.ടി.സി  ലാഭത്തെക്കാള്‍ മുന്‍‌തൂക്കം കൊടുക്കേണ്ടത് ജനസേവനത്തിനാണ് എന്ന വസ്തുതയും മറക്കരുത്. സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്താത്ത പല പ്രദേശങ്ങളിലേക്കും കെ.എസ്.ആര്‍.ടി.സിയാണ് ആശ്രയം. ദേശസാല്‍കൃത റൂട്ടുകളുടെ കാര്യവും മറിച്ചല്ല. ഈ റൂട്ടുകളില്‍ സര്‍വീസ് റദ്ദാക്കുന്നത് പൊതുജനത്തിന് വലിയ ദുരിതം സൃഷ്ടിക്കും.


പോം വഴികള്‍:

1966ലെ വിജ്ഞാപന പ്രകാരം സംസ്ഥാനത്ത്  73 ദേശസാത്കൃത റൂട്ടുകളാണുള്ളത്. കെ.എസ്.ആര്‍.ടി.സിക്ക് ആവശ്യത്തിന് സര്‍വീസ് നടത്താന്‍ കഴിയാത്തതിനാല്‍ സാധാരണക്കാര്‍ക്ക് ചെലവുകുറഞ്ഞ യാത്രാസൗകര്യം ഉണ്ടാകണമെന്ന താല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് ഈ റൂട്ടുകളില്‍ സ്വകാര്യ ഓര്‍ഡിനറി ബസുകള്‍ അനുവദിച്ചത്. എന്നാല്‍, ഇവ ഫാസ്റ്റാക്കിയതോടെ പൊതുജന താല്‍പ്പര്യം നഷ്ടപ്പെട്ടു.  കെ.എസ്.ആര്‍.ടി.സി വരുമാനത്തിലും കുറവുണ്ടായി. ദേശസാത്കൃത റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസ് നഷ്ടത്തിലായാല്‍ തൊട്ടുമുന്നിലെ സ്വകാര്യബസ് നിര്‍ത്തലാക്കാമെന്നാണ് ചട്ടം. ഇത്തരം റൂട്ടുകളിലെ കെ.എസ്.ആര്‍.ടി.സി ബസുകള്‍ ശേഷിയുടെ പകുതിയില്‍ താഴെ യാത്രക്കാരുമായാണ് മിക്കപ്പോഴും സര്‍വീസ് നടത്താറ്. ഈ കാരണം കൊണ്ടുതന്നെ സ്വകാര്യ ഫാസ്റ്റുകള്‍ നിര്‍ത്തലാക്കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് കഴിയും.

സാധാരണ അഞ്ചുവര്‍ഷത്തേക്കാണ് സ്വകാര്യബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കാറ്. ഇതില്‍ ഓരോ മാസത്തിനും 250 രൂപ വീതം നഷ്ടപരിഹാരം നല്‍കിയാല്‍ കാലാവധി തീരുംമുമ്പ് പോലും സ്വകാര്യബസ് പെര്‍മിറ്റുകള്‍ ഏറ്റെടുക്കാം. ഇത് കോടതിയില്‍  ചോദ്യം ചെയ്യാനാകില്ലെന്നിരിക്കെ കടുത്ത പ്രതിസന്ധിക്കിടയിലും ഇത്തരമൊരു നീക്കത്തിന് സര്‍ക്കാര്‍ തയാറായിട്ടില്ല. ഇവ ഏറ്റെടുക്കാന്‍ കെ.എസ്.ആര്‍.ടി.സി  എം.ഡി മാത്രം വിചാരിച്ചാല്‍ മതിയായിരുന്നു.


പക്ഷെ ഇതിനു വിപരീതമായി കെ എസ് ആര്‍ ടി സി ലാഭത്തില്‍ ഓടിക്കുന്ന ദേശ സാല്‍കൃത റൂട്ടുകളില്‍ പോലും സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ്‌ കൊടുക്കുകയാണ് ഗതാഗത വകുപ്പ് ചെയ്യു ന്നത്. ഇക്കഴിഞ്ഞ വര്‍ഷം മാത്രം ഇത് പോലുള്ള റോഡുകളില്‍ കൊടുത്ത പെര്‍മിറ്റുകള്‍ നോക്കിയാല്‍ സര്‍ക്കാരിന് കെ എസ് ആര്‍ ടി സിയെ ഒരിക്കലും ലാഭത്തില്‍ കൊണ്ട് വരുവാന്‍ താല്പര്യം ഇല്ല എന്ന് മനസിലാകും.

കെ.എസ്.ആര്‍.ടി.സിയുടെ നഷ്ടം കുറക്കാനുള്ള പോംവഴികളില്‍ പ്രധാനം  സ്വകാര്യ ഫാസ്റ്റ് പെര്‍മിറ്റുകള്‍ ഏറ്റെടുക്കല്‍ ആണ്.അതിനായി  ദേശസാത്കൃത റൂട്ടുകളില്‍ ഓടുന്ന സ്വകാര്യഫാസ്റ്റ് അടക്കമുള്ള സൂപ്പര്‍ ക്ളാസ് സര്‍വീസുകളുടെ പെര്‍മിറ്റ് ഏറ്റെടുക്കാന്‍ 2012 ആഗസ്റ്റ് രണ്ടിന് ഗതാഗത വകുപ്പ് വിജ്ഞാപനം  പുറപ്പെടുവിച്ചിരുന്നു. ഇത് യഥാസമയം നടപ്പാക്കിയിരുന്നെങ്കില്‍ ഡീസല്‍ വില വര്‍ധനയില്‍ പോലും നഷ്ടമില്ലാതെ പ്രവര്‍ത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് കഴിയുമായിരുന്നു. നിലവില്‍ സംസ്ഥാനത്ത് ഫാസ്റ്റും അതിന് മുകളിലും പെര്‍മിറ്റുള്ള 1500 സ്വകാര്യബസുകള്‍ ഓടുന്നുണ്ട്. വിജ്ഞാപനം പുറപ്പെടുവിക്കുക എന്നതിലുപരി ഇക്കാര്യത്തില്‍ യാതൊരു നടപടിക്കും സര്‍ക്കാര്‍ ഇത് വരെ തുനിഞ്ഞിട്ടില്ല എന്നത് ആശങ്ക ഉണര്‍ത്തുന്ന കാര്യമാണ്


കെ.എസ്.ആര്‍.ടി.സിക്കു നല്‍കുന്ന ഡീസലിന്‍റെ  നികുതി എടുത്തുകളയുകയോ സ്വകാര്യ പമ്പുകളില്‍നിന്ന് ഡീസല്‍ നിറക്കുന്നതിന്  അനുമതി നല്‍കുകയോ ചെയ്യണമെന്ന  നിര്‍ദേശം  ഗൗരവത്തോടെ പരിഗണിക്കണം. ഡീസലിന്‍റെ  നികുതി  എടുത്തുകളയുക എന്നത് അത്ര പ്രായോഗികം അല്ല.  സര്‍ക്കാറിന് സാമ്പത്തികമായി നേട്ടം ചെയ്യുക സപ്ലൈകോയുടെ പമ്പുകളില്‍ നിന്നോ സ്വകാര്യ പമ്പുകളില്‍ നിന്നോ ഡീസല്‍ അടിക്കുക എന്നുള്ളതാണ്.. പക്ഷെ സ്വകാര്യ പമ്പുകളില്‍ നിന്ന് ഡീസല്‍ നിറയ്ക്കുന്നതിനു അതിന്‍റേതായ ബുദ്ധിമുട്ടുകള്‍ ഉണ്ട്. ഡ്രൈവറുടെ അത്യാഗ്രഹം ചിലപ്പോള്‍ കെ എസ് ആര്‍ ടി സി ക്ക് വലിയ ബാധ്യതകള്‍ ഉണ്ടാക്കിക്കൂടായ്കയില്ല.

കോഴിക്കോട് ഡിപ്പോ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി കോഴിക്കോട് ജില്ലയിലെ  ഡിപ്പോകളിലെ ബസുകള്‍ സപ്ലൈകോയുടെ പമ്പുകളെയാണ് ആശ്രയിക്കുന്നത്.   സബ്‌സിഡി എടുത്തുകളഞ്ഞ തീരുമാനം ഈ ഡിപ്പോകളെ ബാധിച്ചിട്ടില്ല എന്നതിനാല്‍ ഈ സംവിധാനം സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കുന്ന കാര്യം സര്‍ക്കാറിന് പരിഗണിക്കാവുന്നതാണ്. വ്യവസ്ഥകള്‍ക്ക് വിധേയമായി കെ.എസ്.ആര്‍.ടി.സിക്കു ഡീസല്‍ നല്‍കാമെന്ന്  സിവില്‍ സപ്ലൈസ് വകുപ്പും സ്വകാര്യ പമ്പ് ഉടമകളുടെ സംഘടനയും വ്യക്തമാക്കിയിട്ടുമുണ്ട്.  ആറു ജില്ലകളിലാണ് നിലവില്‍ സപ്ലൈകോക്ക് പമ്പുകള്‍ ഉള്ളത്. ഈ ജില്ലകളില്‍ സപ്ലൈകോയുമായും മറ്റു ജില്ലകളില്‍ സ്വകാര്യ പമ്പുകളുമായും ധാരണയുണ്ടാക്കിയാല്‍ ഇപ്പോഴത്തെ പ്രതിസന്ധി തല്‍ക്കാലത്തേക്ക് മറികടക്കാനാവും.


അതേസമയം ശമ്പള പരിഷ്‌കരണം ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനാല്‍, ഇതിലൂടെ മാത്രം പ്രതിസന്ധി പൂര്‍ണമായും മറികടക്കാനാവില്ല. കെ.എസ്.ആര്‍.ടി.സി സര്‍വീസുകളെ കൂടുതല്‍ ജനകീയമാക്കി സ്വകാര്യ സര്‍വീസുകളോട് മത്സരിക്കാന്‍ പര്യാപ്തമാക്കുകയാണ് ഇതിനുള്ള ഏക പോംവഴി.  ജീവനക്കാരില്‍നിന്നുണ്ടാകുന്ന നല്ല പെരുമാറ്റം-  സ്വകാര്യ ബസുകളില്‍ നിന്ന് വ്യത്യസ്തമായി  അനാവശ്യ മത്സര ഓട്ടത്തിനു മുതിരാത്ത അവസ്ഥ -അടുത്ത കാലത്ത്  ആനവണ്ടികളിലേക്ക് യാത്രക്കാര്‍  കൂടുതല്‍  ആകര്‍ഷിക്കപ്പെടുന്നുവങ്കില്‍ ചില കാരണങ്ങള്‍ ഇവയാണ്,ദീര്‍ഘദൂര സര്‍വീസുകളില്‍ പ്രത്യേകിച്ചും.


സേവനം  മെച്ചപ്പെടുത്തിയാല്‍ കെ.എസ്.ആര്‍.ടി.സിയെ ആശ്രയിക്കുന്ന ആളുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടാകും എന്ന് ന്യായമായി കരുതാം . സ്വകാര്യ ബസുകളില്‍ യാത്രക്കാരെ വിളിച്ചുകയറ്റുമ്പോള്‍ കൈകാണിച്ചിട്ടും നിര്‍ത്താതെ പോകുന്ന കെ.എസ്.ആര്‍.ടി.സികള്‍ ഇപ്പോഴുമുണ്ട്. ഈ മനസ്ഥിതി മാറ്റിയെടുക്കാന്‍ ജീവനക്കാര്‍തന്നെ മുന്നോട്ടു വരണം.


കെ.എസ്.ആര്‍.ടി.സി പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ പ്രതിസന്ധിയില്‍ അകപ്പെടുമ്പോള്‍ സാധാരണക്കാരന്‍റെ  ആശ്രയം മാത്രമല്ല നഷ്ടമാകുന്നത്, വലിയൊരു ജനവിഭാഗം ആശ്രയിച്ചു കഴിയുന്ന തൊഴില്‍ മേഖല കൂടിയാണ്. അതുകൊണ്ടുതന്നെ കെ.എസ്.ആര്‍.ടി.സിയെ കട്ടപ്പുറത്തുനിന്ന് ഇറക്കാന്‍ മറ്റാരേക്കാളും കൂടുതല്‍ ജാഗ്രതയും താല്‍പര്യവും കാണിക്കേണ്ടത് ജീവനക്കാര്‍ തന്നെയാണ്.


ഡീസല്‍ വിലയിലെ സബ്സിഡി നീക്കിയ ശേഷം കെ.എസ്.ആര്‍.ടി.സിക്ക് ഒരു കി.മീ. സര്‍വീസ് നടത്താന്‍ 40.97 രൂപയാണ് ചെലവ്. ഇതില്‍ ബസ് ഓടിയാലും ഇല്ലെങ്കിലും നല്‍കേണ്ടിവരുന്ന ശമ്പളം, പലിശ, നികുതി, ഇന്‍ഷുറന്‍സ് എന്നിവയടങ്ങുന്ന ഫിക്സഡ് കോസ്റ്റ് മാത്രം 24.10 രൂപ വരും. ഓടിയാല്‍ മാത്രം ചെലവാകുന്ന ഡീസല്‍, അറ്റകുറ്റപ്പണി എന്നിവയടങ്ങുന്ന വേരിയബിള്‍ കോസ്റ്റാകട്ടെ 16.87രൂപയാണ്. കെ.എസ്.ആര്‍.ടി.സി കണക്കുപ്രകാരം നാല് കി.മീ. ആണ് മൈലേജ്. ഒരു കിലോ മീറ്റര്‍ ഓട്ടത്തില്‍ നിന്ന് കെ എസ് ആര്‍ ടി സിക്ക് ലഭിക്കുന്ന തുകയോ കേവലം മുപ്പതു രൂപയില്‍ താഴെയും.  കെ എസ് ആര്‍ ടി സിയുടെ വേരിയബിള്‍ കോസ്റ്റ് സ്വകാര്യ മേഖലയെ അപേക്ഷിച്ച് വളരെ കൂടുതല്‍ ആണ്.    ഒരു കി.മീ. സര്‍വീസ് നടത്താന്‍ സ്വകാര്യമേഖലക്ക് 30.70 രൂപയാണ് ചെലവാകുന്നത്. കെ.എസ്.ആര്‍.ടി.സിയും സ്വകാര്യമേഖലയും തമ്മിലെ പ്രധാന വ്യത്യാസം ശമ്പളത്തിലാണ്. സ്വകാര്യബസുകള്‍ ഒരു കി.മീറ്ററിന് 7.86 രൂപ ശമ്പളയിനത്തില്‍ ചെലവാക്കുന്നുണ്ടെന്നാണ് നാറ്റ്പാക്കിന്‍റെ  കണക്ക്. കെ.എസ്.ആര്‍.ടി.സിയില്‍ 18 രൂപയാണ്. പെന്‍ഷന്‍ നല്‍കുന്ന ഏക ഗതാഗത കോര്‍പറേഷനും കെ.എസ്.ആര്‍.ടി.സിയാണ്. ശമ്പളത്തിലെ ഈ വ്യത്യാസത്തിനു  പ്രധാന കാരണം ഒരു  ട്രാന്‍സ്പോര്‍ട്ട് ബസിനു ശരാശരി  എട്ടോളം ജീവനക്കാര്‍ ഉണ്ട്   എന്നതാണ് . സ്വകാര്യ മേഖലയില്‍ ഇത് അഞ്ചില്‍ താഴെയാണ്.

ബസ് ഓടിക്കാന്‍ മാത്രം ചെലവാകുന്ന തുകയായ ( വേരിയബിള്‍ കോസ്റ്റ് ) 16.87 രൂപ പോലും ലഭിക്കാത്ത 1750 ഓര്‍ഡിനറി സര്‍വീസുകളാണ് കെ.എസ്.ആര്‍.ടി.സിക്കുള്ളത്. ഇതില്‍ ജനങ്ങള്‍ക്ക് ഏക ആശ്രയമായി സര്‍വീസ് നടത്തുന്നവ 350 എണ്ണം മാത്രമേയുള്ളൂ. സ്വകാര്യബസുകളുമായി മത്സരിക്കേണ്ടി വരുന്നതിനാലാണ് ബാക്കിയുള്ളവയ്ക്ക് വരുമാനം കുറയുന്നത്.  കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറിയായി സര്‍വീസ് നടത്തുമ്പോള്‍ 6000 രൂപയാണ് ശരാശരി വരുമാനം കിട്ടുന്നതെങ്കില്‍ ഇതേ സര്‍വീസ് ഫാസ്റ്റാക്കി മാറ്റിയാല്‍ ചെലവില്‍ വ്യത്യാസമില്ലാതെ  15,000 രൂപ നേടാന്‍ കഴിയുമെന്നാണ് കണക്ക്. ഡബിള്‍ ഡ്യൂട്ടി സംവിധാനത്തില്‍ 250 കി.മീ. ഓടുന്ന കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ഫാസ്റ്റാക്കിയാല്‍ അതേ അധ്വാന ഭാരത്തില്‍ 450 കി.മീ. ഓടിക്കാനാകും. 

28% ബസ്സുകള്‍ മാത്രം ആണ് ഇന്ന് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ള കെ എസ് ആര്‍ ടി സി യുടെ ഭാഗമായിട്ടുള്ളത്.   17000 സ്വകാര്യ ബസുകള്‍ ഉള്ള സംസ്ഥാനത്ത് 5555  ബസുകള്‍ മാത്രമാണ്   കെ.എസ്.ആര്‍.ടി.സി ഓടിക്കുന്നത്.  കേരളത്തില്‍ പ്രധാന റോഡുകള്‍  എല്ലാം തന്നെ ദേശ സാല്‍ക്കരിക്കപ്പെട്ട തിരുവനന്തപുരം ജില്ലയില്‍ പോലും മാറി മാറി വരുന്ന സര്‍ക്കാരുകള്‍ സ്വകാര്യ മുതലാളിമാര്‍ക്ക് ഒത്താശ ചെയ്യുന്നതിലാണ് ശ്രദ്ധിക്കുന്നത് . 80% ത്തിനു മുകളില്‍ എങ്കിലും റോഡുകളും വാഹനങ്ങളും സര്‍ക്കാര്‍ കമ്പനിയുടെ കീഴില്‍ വരാത്തിടത്തോളം കെ എസ് ആര്‍ ടി സി ലാഭത്തില്‍ പ്രവര്‍ത്തിക്കില്ല. പ്രധാന റോഡുകളെല്ലാം ദേശ സാല്‍ക്കരിക്കുന്നതിനെ കുറിച്ച് കാര്യമായി ആലോചിക്കാവുന്നതാണ്.

സ്വകാര്യ പങ്കാളിത്തം


സ്വകാര്യ പങ്കാളിത്തം ആണ് മറ്റൊരു പോംവഴി. നെടുമ്പാശ്ശേരി എയര്‍ പോര്‍ട്ട്‌ മാതൃകയില്‍ പൊതു ജനങ്ങള്‍ക്കും ജോലിക്കാര്‍ക്കും യാത്രക്കാര്‍ക്കും വേണ്ടി  പൊതു ജന പങ്കാളിത്തത്തോടു കൂടി   പുതിയ ബസ് കമ്പനി (കള്‍)  തുടങ്ങുക. ഇപ്പോള്‍ സ്വകാര്യ ബസു സര്‍വീസ് നടത്തുന്നവര്‍ക്ക് അവരുടെ ബസ്സുകള്‍ ഈ കമ്പനിക്കു കൈമാറുകയും ലാഭ വിഹിതം നേടുകയും ആകാം. ഭൂരി ഭാഗം ബസുകളും സ്വന്തം നിയന്ത്രണത്തില്‍ ആകുമ്പോള്‍ മാത്രമേ വിപണി കൈയടക്കുവാന്‍ കെ എസ് ആര്‍ ടി സിക്ക് കഴിയുകയുള്ളൂ.


ഇന്ത്യയില്‍ മൂന്നു ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ മാത്രം ആണ് ലാഭത്തില്‍ ഓടുന്നത്. കര്‍ണാടക, ബാംഗളൂര്‍, മഹാരാഷ്ട്ര കോര്‍പ്പറേഷനുകള്‍. ഇവ സര്‍വീസ് നടത്തുന്ന റൂട്ടുകളില്‍ സ്വകാര്യ സര്‍വീസുകള്‍ ഇല്ല എന്ന് എടുത്തു പറയേണ്ടത് ആണ്.


 സര്‍ക്കാര്‍ സര്‍വീസില്‍ ഇരുന്നു ശമ്പളം പറ്റുന്ന പല ജീവനക്കാരും സ്വകാര്യ മേഖലയില്‍ നിന്ന് കിമ്പളം പറ്റി അവര്‍ക്ക് കൂടുതല്‍ ലാഭമുണ്ടാക്കുന്ന രീതികള്‍ അവലംബിക്കുന്നുണ്ട്.  പ്രവര്ത്തിക്കുന്നുണ്ട്     ലാഭത്തില്‍ ഓടുന്ന കെ എസ ആര്‍ ടി സി ബസുകളുടെ റൂട്ടുകളില്‍ പോലും അവയുടെ സമയത്തിനു തൊട്ടു മുമ്പായി വാഹനം ഓടിക്കുവാന്‍ സ്വകാര്യ ബസുടമകള്‍ക്ക് പെര്‍മിറ്റ്‌  കൊടുക്കുക- പിന്നാലെ വരുന്ന സ്വകാര്യ ബസുകള്‍ക്ക്, മുന്നില്‍ പോയി യാത്രക്കാരെ കയറ്റുവാന്‍ സൗകര്യം  ചെയ്തു കൊടുക്കുക- തുടങ്ങി  തരം  താണ പണികളില്‍ നിന്ന് ജീവനക്കാര്‍ മാറണം.


രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍


രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ ആണ് കെ എസ് ആര്‍ ടി സി യെ പരാജയത്തിലേക്ക് നയിക്കുന്ന ഒരു പ്രധാന ഘടകം. റൂട്ടുകളും ഷെഡ്യൂളുകളും  സമ്മര്‍ദ്ദം ഉപയോഗിച്ച് നേടിയെടുക്കുകയോ സമയ ക്രമം തെറ്റിക്കുകയോ ചെയ്യുന്നതൊക്കെ സാധാരണമാണ്.ശാസ്ത്രിയമായി വിശകലനം നടത്തി, ലാഭം മുന്നില്‍ കണ്ടു വേണം റൂട്ടുകളും  ഷെഡ്യൂളുകളും ക്രമീകരിക്കാന്‍. ശരിയായ ഒരു മാനേജുമെന്‍റു   നേതൃ നിര ഇല്ല എന്നതും  കെ എസ് ആര്‍ ടി സി യുടെ ശാപമാണ്  . മാറി മാറി വരുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കും യൂണിയന്‍ നേതാക്കള്‍ക്കും വേണ്ടി ഭരണം നടത്തുന്ന ഒരു രീതി ആണ് ഇന്ന് കെ എസ് ആര്‍ ടി സി യില്‍ കണ്ടു വരുന്നത്. സ്വന്തം കഴിവും പ്രാപ്തിയും ഉപയോഗിച്ച് സ്ഥാപനത്തെ മുകളിലേയ്ക്ക് കൊണ്ടുവരുന്നതിനു പകരം ഭരണ രംഗത്ത് വരുന്നവര്‍ ട്രെയ്ഡ് യൂണിയന്‍ വളര്‍ത്തുന്നതിലും ആശ്രിതര്‍ക്ക് ജോലി സമ്പാദിച്ചു കൊടുക്കുന്നതിലും ആണ് മുഴുവന്‍ ഊര്‍ജ്ജവും ചെലവഴിച്ചു കാണുന്നത്.

 ആര്‍ ബാല കൃഷ്ണ പിള്ള മന്ത്രി ആയിരുന്നപ്പോള്‍, കൊട്ടാരക്കര മണ്ഡലത്തിലെ ഓരോ കുടുംബത്തില്‍ നിന്നും ഓരോരുത്തര്‍ക്കെങ്കിലും  കെ എസ് ആര്‍ ടി സിയില്‍ ജോലി എന്നത് ഒരു വസ്തുതയായിരുന്നു. പിള്ള  പ്രസിഡന്‍റ്   ആയ ഡ്രൈവേര്‍സ് യൂണിയന്‍ ആയിരുന്നു കെ എസ് ആര്‍ ടി സിയിലെ ഏറ്റവും വലിയ യൂണിയന്‍.. ,.  . ഇങ്ങനെ കെ എസ് ആര്‍ ടി സിയെ നേതാക്കളുടെയും യൂണിയനുകളുടെയും ചൊല്‍പ്പടിക്ക് നിര്‍ത്തുന്ന രീതി അവസാനിക്കണം .

കേരളത്തിലെ പട്ടണങ്ങളില്‍ കണ്ണായ ഭാഗത്തെല്ലാം കെ എസ് ആര്‍ ടി സിക്ക് ഡിപ്പോകളും സ്ഥലങ്ങളും ഉണ്ട്.അവിടെയൊക്കെ ആധുനിക സൌകര്യങ്ങള്‍ ലഭ്യമാക്കുക- അതിനോട് ചേര്‍ന്ന്  ഷോപ്പിംഗ്‌ കോംപ്ലെക്സുകള്‍ പണിത്,കച്ചവടക്കാര്‍ക്ക് വാടകയ്ക്ക് കൊടുത്തും കെ എസ് ആര്‍ ടി സി യുടെ നഷ്ടം ഒരളവു വരെ നികത്തുവാന്‍ കഴിഞ്ഞേക്കും.

റോഡുകള്‍ കൃത്യമായി അറ്റകുറ്റപ്പണികള്‍ നടത്തി നിലനിര്‍ത്താനും അധികൃതര്‍ ശ്രദ്ധിക്കണം . കെ എസ് ആര്‍ ടി സിക്ക് പ്രതിമാസം കൊടുക്കേണ്ട നഷ്ടം ആയ 100 കോടി, കേരളത്തിലെ റോഡുകള്‍ നന്നാക്കുവാന്‍ വകയിരുത്തുകയും അങ്ങനെ ഗതാഗത വകുപ്പിന്‍റെ  നഷ്ടം നികത്തുകയും ചെയ്യുന്നതായിരിക്കും പ്രായോഗികം .

അനുബന്ധം
കെ എസ് ആര്‍ ടി സി യെ കുറിച്ചുള്ള ഈ ലേഖനം മുഴുമിപ്പിച്ചപ്പോള്‍ ആണ് മറ്റൊരു ദുരന്ത വാര്‍ത്ത കൂടി വരുന്നത്. ഡീസല്‍ വില വീണ്ടും വര്‍ദ്ധിപ്പിക്കുവാന്‍  എണ്ണക്കമ്പനികള്‍ തീരുമാനിച്ചു.  ജനവരി 18ന് വിലകൂടിയപ്പോള്‍ സാധാരണ ഉപഭോക്താക്കള്‍ക്ക് 50 പൈസയും കെ.എസ്.ആര്‍.ടി.സിക്ക് 11.50 രൂപയുമാണ് കൂടിയത്. മറ്റ് ഉപഭോക്താക്കള്‍ക്ക് മാസം 50 പൈസവീതം കൂടുമ്പോള്‍ വന്‍കിട ഉപഭോക്താക്കള്‍ക്ക് കൂടില്ലെന്നും ഒരുവര്‍ഷം കൊണ്ട് ഇരുകൂട്ടര്‍ക്കും ഡീസല്‍വില തുല്യമാവുമെന്നായിരുന്നു പ്രചരണം. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ എണ്ണക്കമ്പനി ഉദ്യോഗസ്ഥരും  വെളിപ്പെടുത്തിയതും മറ്റൊന്നല്ല.

എന്നാല്‍, വന്‍കിട ഉപഭോക്താക്കള്‍ക്കുള്ള വിലയെ അന്തരാഷ്ട്രവിപണിയിലെ ഏറ്റക്കുറച്ചിലുമായി ബന്ധിപ്പിച്ച കാര്യം  കെ എസ് ആര്‍ ടി സി അറിയുന്നത് വൈകി മാത്രം ആണ്.

 കെ.എസ്.ആര്‍.ടി.സി. ഇപ്പോള്‍ ആകെ ബെജാറിലാണ്, ഒന്നും ഒരിക്കലും പ്ലാന്‍ ചെയ്യാന്‍ പറ്റാത്ത അവസ്ഥ.   അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കൂടുന്തോറും വന്‍കിട ഉപഭോക്താവ് എന്നനിലയ്ക്ക് കെ.എസ്.ആര്‍.ടി.സിക്കുള്ള ഡീസല്‍വിലയും  വര്‍ധിച്ചു കൊണ്ടേയിരിക്കും. ഒരിക്കലും സാധാരണ ഉപഭോക്താക്കളുടെ ഡീസല്‍വിലയുമായി തുല്യതയില്‍ എത്താത്ത സാഹചര്യമാണിപ്പോള്‍. അതിനാല്‍ വീട്നും സര്‍വീസ് വെട്ടിക്കുറയ്ക്കുന്ന തിരക്കില്‍ ആണ് കെ എസ് ആര്‍ ടി സി.

ഡീസല്‍ വില വര്‍ധനവ് ഇങ്ങനെ  തുടര്‍ന്നാല്‍ കെ.എസ്.ആര്‍.ടി.സി തനിയെ നിന്നുപോകുമെന്ന  ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ ഏറ്റവും ഒടുവിലത്തെ പ്രസ്താവന കെ എസ് ആര്‍ ടി സി യുടെ മരണം ഏതാണ്ട് ഉറപ്പായി എന്നതിന്റെ തെളിവാണ്. കെ എസ് ആര്‍ ടി സി ക്ക് ഒരിക്കലും ചിന്തിക്കാന്‍ കഴിയാത്ത അത്ര വലിയ നഷ്ടം ആയിരിക്കും വില വര്‍ധന തുടരുന്ന പക്ഷം ഈ വര്ഷം ഉണ്ടാവുക. ഏകദേശം  രണ്ടായിരം  കോടിയുടെ വാര്‍ഷിക നഷ്ടമാകും ഇങ്ങനെ ഉണ്ടാവുക.  അങ്ങനെ സംഭവിക്കുകയാണെങ്കില്‍ നമ്മള്‍ കണ്ടു ശീലിച്ച ആന വണ്ടികള്‍ നമ്മുടെ റോഡുകളില്‍ നിന്ന് എന്നേക്കുമായി  ഓടി മറയുന്ന ദുരവസ്ഥയും നമ്മെ വേട്ടയാടുന്നു.    കേരള ജനത ഉണര്‍ന്നു ചിന്തിക്കേണ്ട സമയമായിരിക്കുന്നു.

Wednesday, 20 February 2013

ഹോളണ്ടിലെ ദിനങ്ങൾ



 ഹോളണ്ടിലെ  ദിനങ്ങൾ
അതിരാവിലെ വീണ്ടും ആംസ്റ്റര്‍ ഡാം വിമാനത്താവളത്തില്‍.  വെളിയില്‍ കാത്ത് നിന്നിരുന്ന കീസ്,എന്നെ  സാബമ്മാളിലെ അപ്പോളോ ഹോട്ടലിലെത്തിച്ചു. കുളിയും പ്രാതലും കഴിഞ്ഞു വന്നപ്പോഴെക്കു കീസ് വീണ്ടും ഹോട്ടലില്‍ പ്രത്യക്ഷപ്പെട്ടു. കീസിനോപ്പം ജെല്ദര്‍മല്സനിലെ അവരുടെ ഓഫീസില്‍ പോയി . ആപ്പിള്‍ തോട്ടങ്ങളില്‍ കൂടിയായിരുന്നു യാത്ര. ചെടികളില്‍ നിറയെ പൂക്കളും ചെറിയ കായ്കളും. ആദ്യമായാണ്‌ ഒരു ആപ്പിള്‍ തോട്ടം  കാണുന്നത്. മരങ്ങള്‍ നിര നിരയായി നില്‍ക്കുന്ന കാഴ്ച മനോഹരം തന്നെ . ആപ്പിള്‍ പറിക്കുന്ന സമയത്ത് ഇതെങ്ങനെയുണ്ടാവും  ഞാന്‍ വെറുതെ ആലോചിച്ചു.


പുതിയ രീതിയില്‍ ബ്രീഡിംഗ് ചെയ്തു പുതിയ ഇനം ആപ്പിളുകള്‍ ഉത്പാദിപ്പിക്കാനുള്ള പരീക്ഷണങ്ങള്‍ ആണ്  നടക്കുന്നത്.  മുന്‍ കാലങ്ങളില്‍ ഉണ്ടായിരുന്ന റെഡ് ഡെലീഷ്യസ്, ഗോള്‍ഡന്‍ ഡെലീഷ്യസ്, ഗ്രാനി സ്മിത്ത് , റോയല്‍ ഗാല എന്നീ പൊതുവായ ഇനം ആപ്പിളുകള്‍ യൂറോപ്പില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു
. പകരം പിങ്ക് ലേഡി, ഹണി ക്രിസ്പ്സ്, അംബ്രോസിയാ, ജാസ്, കണ്‍സി, റോയല്‍ ഗ്രീന്‍, തുടങ്ങി  ആയിരക്കണക്കിന് ന്യൂ ജെനറേഷന്‍  ആപ്പിളുകള്‍ ആണ് ഇന്ന് വിപണി കീഴടക്കുന്നത്‌. ഫ്രാന്‍സ്, ഹോളണ്ട്, ജെര്‍മനി, ന്യൂ സിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ ആണ് ഈ മുന്നേറ്റത്തിനു പിന്നില്‍. ഹോളണ്ട് ആണ് ഏറ്റവും കൂടുതല്‍ കണ്സി ആപ്പിളുകള്‍ ഉത്പാദിപ്പിക്കുന്ന രാജ്യം.


ഓഫീസില്‍, മീറ്റിംഗുകളും, റിക്കോര്‍ഡ്സ് പരിശോധനയും കഴിഞ്ഞു. എല്ലാം നോക്കി  കൃത്യത വരുത്തി. പിറ്റേന്ന്  റോട്ടര്‍ ഡാമില്‍ പോകേണ്ടിയിരുന്നു . അവിടെ ആണ് ഞങ്ങളുടെ മുന്തിരി സ്റ്റോക്ക്‌ ചെയ്തിരിക്കുന്നത്. ഈ മാസം കൊണ്ട് മുഴുവന്‍ സ്റ്റോക്കും വിറ്റഴിക്കണം, അടുത്ത മാസം ആദ്യം മുതല്‍ ഈജിപ്റ്റ്‌ മുന്തിരി മാര്‍ക്കറ്റില്‍ വരും, അപ്പോള്‍ സ്വാഭാവികമായും വില കുറയും. അടുത്ത വര്‍ഷത്തെ ബിസിനസില്‍ അനുവര്‍ത്തിക്കേണ്ട നയങ്ങളെ കുറിച്ചായിരുന്നു പ്രധാനമായും കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ ഗബ്രി വാണ്ടെര്‍ബെര്‍ഗ് സംസാരിച്ചത്. ഗബ്രിയെ കുറിച്ച് കൂടുതല്‍ മനസിലാക്കിയപ്പോള്‍ ശരിക്കും അത്ഭുതം തോന്നി. അദേഹത്തിന് ഒരു  ഭാര്യയും പതിമൂന്നു കുട്ടികളും ഉണ്ട്. ഭാര്യ പതിനാലാമത് ഗര്‍ഭിണിയും ആണ്. ഇന്നത്തെ കാലത്ത് കേട്ട് കേള്‍വി പോലും ഇല്ലാത്ത ഒരു സംഭവം, അതും യൂറോപ്പില്‍.,
  
മൂന്നു മണിയോട് കൂടി ഹോട്ടലില്‍ തിരിച്ചെത്തി .വെറുതെ ഇരിക്കുന്നതിനു പകരം അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ വരെ നടക്കാമെന്നു കരുതി . രണ്ടു കിലോമീറ്റര്‍ അകലെ ആണ് സബാമ്മല്‍ റെയില്‍വേ സ്റ്റേഷന്‍. വഴിക്കാണ് ഹോക്കിയുടെയും ഫുട്ബാളിന്‍റേയും സ്റ്റേഡിയങ്ങള്‍. പക്ഷെ ഇന്ന് അവിടെയൊന്നും  ഒച്ചയും അനക്കവും ഇല്ല. കുട്ടനാടില്‍ കൂടി നടക്കുന്ന പോലെ ഒരനുഭവം. പുല്ല്  കൃഷി ചെയ്യുന്നതോ താനേ വളര്‍ന്നു വരുന്നതോ ? കുട്ടനാട്ടില്‍ നെല്‍ച്ചെടികള്‍ നില്‍ക്കുന്നത് പോലെ റോഡിന്‍റെ  രണ്ടു വശവും സമൃദ്ധമായി പുല്ല്  വിളഞ്ഞു നില്‍ക്കുന്നു.

നാട്ടുകാരില്‍ ചിലര്‍ സൈക്കിള്‍ സവാരി നടത്തുന്നു. നല്ല തണുപ്പ് ഉണ്ടായിരുന്നെങ്കിലും കുറെ നടന്നു റെയില്‍വേ സ്റ്റേഷനില്‍ എത്തി. നമ്മുടെ നാട്ടിലെ സ്റ്റേഷനുകളില്‍ നിന്ന് തികച്ചും വ്യത്യസ്തം. ട്രെയിനില്‍ കയറാന്‍ വന്ന ചുരുക്കം ചില ആളുകള്‍ മാത്രമാണ് സ്റ്റേഷനില്‍. റെയില്‍വേ ജീവനക്കാരാരും  ഇല്ല. ടിക്കറ്റ് വാങ്ങുക മെഷീനില്‍ നിന്നാണ് . റെയില്‍വേ സ്റ്റേഷനില്‍ ഓഫീസുമായി ബന്ധപ്പെട്ട ഒന്നുമില്ല. ട്രെയിനുകള്‍ വന്നു നില്‍ക്കും യാത്രക്കാര്‍ കയറുകയും ഇറങ്ങുകയും ചെയ്യും. അത്ര തന്നെ. ഒന്ന് രണ്ടു ട്രെയിനുകള്‍ വന്നു പോകുന്നത് വരെ അവിടെ നിന്ന്, തിരികെ ഹോട്ടലിലേക്ക് പോന്നു. ശാന്തമായ അന്തരീക്ഷം--
ഇന്ത്യ കണ്ടിട്ടില്ലാത്ത സുറിനാംകാരായ ഒരു ഇന്ത്യന്‍ ഫാമിലി, ഇങ്ങോട്ട് വന്നു പരിചയപ്പെട്ടു. അവര്‍ ഇന്ത്യക്കാര്‍ ആണ് എന്ന് പറയില്ല- ഇന്ത്യക്കാരാണെന്ന്  മേനി നടിക്കുന്നുണ്ടെങ്കിലും. അവരുടെ പ്രപിതാമഹന്മാര്‍ സുറിനാം എന്ന രാജ്യത്തേക്ക് വളരെ മുന്നേ കുടിയേറിയത് ആണ്. സുറിനാം കുറെ നാള്‍ ഹോളണ്ടിന്‍റെ  കോളനി  ആയിരുന്നു. അതിനാല്‍ സുറിനാംകാര്‍ക്ക് വിസ ഇല്ലാതെ തന്നെ ഹോളണ്ടില്‍ വന്നു പോകാം.

അതിരാവിലെ തന്നെ ഉറക്കമുണര്‍ന്നു. പ്രഭാത ഭക്ഷണം കഴിഞ്ഞപ്പോഴേക്ക് കീസ് എത്തി. പതിവ് പോലെ ഓഫീസില്‍ ചെന്നു ഓഫീസ് വര്‍ക്കുകള്‍ ഒക്കെ കഴിഞ്ഞു എന്നെ റോട്ടര്‍ ഡാമിലേക്ക് കൊണ്ട് പോയി. റോട്ടര്‍ ഡാം ആണ് ഹോളണ്ടിലെ പ്രധാന തുറമുഖം. വാട്ടര്‍ സിറ്റി എന്നും  റോട്ടര്‍ ഡാം അറിയപ്പെടുന്നു. യൂറോപ്പിലെ എന്നല്ല  ലോകത്തിലെ തന്നെ പഴങ്ങളുടേയും  പച്ചക്കറികളുടേയും  കയറ്റിറക്ക് നടക്കുന്ന ഏറ്റവും വലിയ തുറമുഖം ആണ് റോട്ടര്‍ ഡാം. യൂറോപ്പിലേക്കുള്ള പ്രവേശന കവാടം ആയിട്ടാണ് ഇവിടം  അറിയപ്പെടുന്നത്.  അതിനാല്‍ പഴങ്ങളും പച്ചക്കറികളും വില്‍ക്കുന്ന  കമ്പനികള്‍ ആണ് റോട്ടര്‍ ഡാമില്‍. കൂടുതലും.  കീസ് അവരുടെ കമ്പനിയുടെ ഗോ ഡൌണ്‍ കാണിച്ചു തന്നു. അതി വിപുലമായ, നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച, വെയര്‍ ഹൌസ് ആണ് അത്. കണ്‍ടെയ്നറില്‍ വരുന്ന പഴങ്ങളും  പച്ചക്കറികളും  ടെസ്റ്റ്‌ ചെയ്തു കോഡ് ചെയ്തതിനു ശേഷം റോബോട്ടുകളുടെ സഹായത്തോടെ ശീതീകരിച്ച വെയര്‍ ഹൌസിന്‍റെ  ഏതെങ്കിലും ഒരു മൂലയില്‍ എത്തിക്കുന്നു. പ്രത്യേക കോഡിംഗ് ഉപയോഗിച്ചിരിക്കുന്നതിനാല്‍ എപ്പോള്‍ വേണമെങ്കിലും ഈ പാലറ്റ് തിരിച്ചു വിളിക്കാം. ഒരു  പ്രത്യേക പാലറ്റിലെ സാധനങ്ങള്‍ക്ക് കേടു വന്നാല്‍ ഉടന്‍ ക്വാളിറ്റി കണ്ട്രോളറുടെ മുന്നിലെ കംപ്യൂട്ടറില്‍ വിവരങ്ങള്‍ തെളിയുകയും അത് ഉടന്‍ തന്നെ അവിടെ നിന്ന് മാറ്റുകയും ചെയ്യും. മനുഷ്യര്‍ക്ക്‌ ഒരു കാരണവശാലും ഈ വെയര്‍ ഹൌസില്‍ പ്രവേശിക്കുവാന്‍ സാധിക്കില്ല. എല്ലാം മെഷീനുകളാല്‍ നിയന്ത്രിക്കപ്പെടുന്നു.

മാസ് നദിക്കു കുറുകെ കെട്ടിയിരിക്കുന്ന ഏറാമസ് പാലം---! 2600 അടി നീളമുള്ള ഈ ബ്രിഡ്ജ് കേബിളില്‍ ആണ് ഉറപ്പിച്ചിരിക്കുന്നത്.
തിരികെ എന്നെ ഹോട്ടലില ആക്കി, കീസ് യാത്രയായി.

അതെ നാളെ ആണ്, കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം അറിയുക. നേരിയ ഭൂരിപക്ഷത്തില്‍ ഇടതു മുന്നണി ചരിത്ര വിജയം നേടും എന്നായിരുന്നു തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ ഞാന്‍ നടത്തിയ പ്രവചനം. അത് അങ്ങിനെ ആകാനേ  തരമുള്ളൂ. എങ്കിലും വാര്‍ത്തകള്‍ അതാതു സമയങ്ങളില്‍ അറിയണം, ലോകത്ത് എവിടെ ആയിരുന്നാലും മലയാളി കേരളത്തിലെ തെരഞ്ഞെടുപ്പു വിഷയങ്ങളില്‍ നിതാന്ത ജാഗരൂകത പുലര്‍ത്തുന്നവന്‍ ആണ്. എന്‍റെ  ലാപ് ടോപ്‌ സ്ക്രീന്‍ പൂട്ടിയിരിക്കുന്നതിനാല്‍ ഉപയോഗിക്കാന്‍ കഴിയില്ല.
ഹോട്ടലിന്‍റെ  ബിസിനസ് റൂമില്‍ പോയി, ഒരു കമ്പ്യൂട്ടറില്‍ മലയാളം  ഫോണ്ട്  ഡൌണ്‍ ലോഡ് ചെയ്തു കഴിഞ്ഞാണ് ഉറങ്ങാന്‍ കിടന്നത് .


രാവിലെ, അപ്രതീക്ഷിതമായി ലാപ് ടോപ്‌ ഓണ്‍ ആയി! അവ്യക്തമായിട്ടാണ് എങ്കിലും തെരഞ്ഞെടുപ്പു ഫലങ്ങള്‍ കണ്ടു. ചരിത്ര വിജയം പ്രതീക്ഷിച്ച എനിക്ക് ചരിത്രം ആവര്‍ത്തിക്കുന്നത് ആണ് കാണുവാന്‍ കഴിഞ്ഞത്.

എന്നെയും കൊണ്ട് കീസ് നേരെ പോയത് കിന്ദര്‍ദിജ്ക് എന്ന സ്ഥലത്തേക്കാണ്. യുനെസ്കോയുടെ ലോക പൈതൃക മാപ്പില്‍ ഇടം നേടിയ സ്ഥലം ആണ്  കിന്ദര്‍ദിജ്ക്. ഇവിടെ ആണ് ഹോളണ്ടിലെ ആദ്യ കാല വിൻഡ് മില്ലുകൾ സ്ഥിതി ചെയ്യുന്നത്. പതിനേഴാം  നൂറ്റാണ്ടില്‍ നിര്‍മ്മിച്ച പത്തൊന്‍പതു വിൻഡ് മില്ലുകൾ ആണ് ഇവിടെ സംരക്ഷിച്ചിരിക്കുന്നത് . വളരെ മനോഹരമായ ഭൂപ്രകൃതി ആണ് കിന്ദര്‍ദിജ്ക്കില്‍. അതിനാലാകണം ഇത്രയധികം സന്ദര്‍ശകര്‍ ഇവ കാണുവാന്‍ ദിവസേന ഇവിടെ എത്തുന്നത്. ഗേറ്റ് കടന്നു ഞങ്ങള്‍ വിൻഡ് മില്ലുകളുടെ ഭാഗത്തേക്ക് നടന്നു. കടല്‍ നിരപ്പിനേക്കാള്‍ താഴ്ന്ന പ്രദേശമാണ് ഡച്ചുകാരുടെ ഈ നാട്. പ്രളയം ആണ് ഡച്ചുകാര്‍ എന്നും ഭയപ്പെടുന്നത്. കടല്‍ നിരപ്പില്‍ നിന്ന് താഴ്ന്ന പ്രദേശത്തെ സംരക്ഷിക്കുവാന്‍ ആണ് ഡച്ചുകാര്‍ വിൻഡ് മില്ലുകൾ ഉപയോഗിച്ചത്. ഇവയില്‍ നിന്ന് കിട്ടുന്ന ഊര്‍ജം കൊണ്ട്, അധികം വരുന്ന വെള്ളത്തെ കടലിലേക്കും ചെറു കായലിലേക്കും ഒഴുക്കിക്കളയുന്നു ഇവര്‍. വളരെ വലിപ്പം ഉള്ള ഈ വിൻഡ് മില്ലുകളില്‍ കുടുംബങ്ങള്‍ക്ക് താമസിക്കുവാനും ഉള്ള സൌകര്യങ്ങള്‍ ഉണ്ട്. മനോഹരമായ ഒരു വീട് കൂടി ആണ് ഓരോ വിന്‍ഡ്മില്ലും  .

കൃഷിയിടങ്ങളുടെ ദൗർലഭ്യമാണ്‌ ജനസാന്ദ്രത കൂടിയ നെതർലാൻഡ്സിനെ അലട്ടുന്ന ഒരു പ്രധാന പ്രശ്നം. ഇപ്പോൾ കാണുന്ന മിക്ക കൃഷിയിടങ്ങളും കായൽ നികത്തി ഉണ്ടാക്കിയവയാണ്‌. കായൽ നികത്തി കൃഷിയിടങ്ങളുണ്ടാക്കുക വളരെ സങ്കീർണ്ണമായ ഒരു പ്രക്രിയയാണ്‌ . ഇലക്ട്രിക്‌ മോട്ടോറുകളൊന്നും ഇല്ലാതിരുന്ന കാലത്ത്‌ കായലിൽ തടയണ കെട്ടി വിൻഡ്മില്ലുകൾ ഉപയോഗിച്ചാണ്‌ വെള്ളം പമ്പു ചെയ്തുകളഞ്ഞിരുന്നത്‌. ആദ്യ കാലത്ത് പ്രളയത്തെ തടുക്കുവാന്‍ ഉപയോഗിച്ചിരുന്ന വിൻഡ്  മില്ലുകള്‍ കൊണ്ട് തന്നെ കായല്‍ പരപ്പുകള്‍ നികത്തി കൃഷി ഇറക്കുവാനും ഇവര്‍ക്ക് സാധിച്ചു.    ഇങ്ങനെ നികത്തിയെടുക്കുന്ന കായൽ പിന്നീടു വർഷങ്ങളോളം കന്നുകാലികളുടെ മേച്ചിൽപുറമായി ഉപയോഗിക്കും. അവയുടെ കാഷ്ഠവും മറ്റും വീണു വീണു വളക്കൂറു നിറഞ്ഞ മണ്ണിലാണ്‌ കൃഷി ഇറക്കുക. 

ഡച്ചു പ്രതാപകാലമായ 17 ആം നൂറ്റാണ്ടിലാണ്‌ മിക്കവാറും വിൻഡ്മില്ലുകൾ നിർമ്മിച്ചിട്ടുള്ളത്. കായൽ നിരത്താനും കോഫീ, കൊക്കോ , ധാന്യങ്ങൾ എന്നിവ പൊടിക്കാനും മറ്റ് ഡ്രൈനേജ് ആവശ്യങ്ങൾക്കുമാണ്‌ അക്കാലത്ത് ഇവ ഉപയോഗിച്ചിരുന്നത്. കാലക്രമേണ വിൻഡ്മില്ലുകൾ ആവിയന്ത്രങ്ങൾക്കും ഇലക്ട്രിക് മോട്ടോറുകൾക്കും വഴിമാറി.19ആം നൂറ്റാണ്ടിൽ 36000 വിൻഡ്മില്ലുകൾ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ ഉള്ളത് ഏതാണ്ട് 1500 എണ്ണം മാത്രം. അവശേഷിക്കുന്ന ഈ വിൻഡ്മില്ലുകൾ ഹോളണ്ടിന്‍റെ  തനതായ മുഖമുദ്രയായി ലോകമെമ്പാടുമുള്ള ടൂറിസ്റ്റുകളെ ആകർഷിക്കുന്നു. വിൻഡ്മില്ലുകളും തെളിഞ്ഞ ആകാശവും കായല്‍പ്പരപ്പുമെല്ലാം കണ്ണുകൾക്ക് നല്ല വിരുന്നാണ്‌. ഓരോ വിൻഡ്മില്ലും കാറ്റിന്‍റെ  ദിശ അനുസരിച്ചു തിരിച്ചു വയ്ക്കണം. ഇതിനായി ചെറിയൊരു യന്ത്ര സംവിധാനം ഒരോ വിൻഡ്‌മില്ലിന്‍റെ  മുകളിലും  കാണാം. സന്ദര്‍ശകര്‍ ഇവിടെ വന്നു തിരികെ പോകുമ്പോള്‍ കൂടെ കൊണ്ട് പോകുന്നതും വിൻഡ് മില്‍ സ്മരണികകള്‍ ആണ്. ഞാനും വാങ്ങി ഒരെണ്ണം.

ഒറ്റയ്ക്കായതിനാലാകണം  ജെല്ദര്‍ മേല്സന്‍ പലപ്പോഴും എന്നെ മുഷിപ്പിച്ചു. എങ്കിലും വൈകുന്നേരങ്ങളില്‍ ഹോട്ടലിനു അടുത്തുള്ള ഹോക്കി മത്സരങ്ങള്‍ കാണാന്‍ പോകും, അല്ലെങ്കില്‍ അടുത്തുള്ള ഗ്രാമത്തിലേക്ക് കാല്‍നടയായി പോകും. ഒരു ദിവസം വില്ലേജിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറിയപ്പോള്‍ ഒരു കെയ്സ്   ബിയര്‍ മേടിക്കണം എന്നൊരു തോന്നല്‍.. മാര്‍ക്കറ്റില്‍ ഒരു പ്രധാന സെക് ഷന്‍ മദ്യത്തിനായി മാറ്റി വച്ചിരിക്കുന്നു. ആംസ്റ്റല്‍  ബിയര്‍ തന്നെ മേടിച്ചു. തിരികെ റൂമില്‍ വന്നു ബിയര്‍ ഒന്ന് രണ്ടെണ്ണം അകത്താക്കി.. ഒന്നും തോന്നിയില്ല . ബിയറിലെ ആല്‍ക്കഹോള്‍ കണ്ടെന്‍റ്  നോക്കിയപ്പോള്‍ ആണ് മണ്ടത്തരം മനസിലായത്.. ഞാന്‍ മേടിച്ചത് നോണ്‍ ആല്‍ക്കഹോളിക് ബിയര്‍  ആയിരുന്നു. ഗള്‍ഫില്‍ പല സ്ഥലത്തും നോണ്‍ ആല്‍ക്കഹോളിക് ബിയറുകള്‍ വാങ്ങാന്‍ കിട്ടും. അത് അവിടങ്ങളില്‍ ആല്‍ക്കഹോളിക് ബിയറുകള്‍ വില്‍ക്കാന്‍ പാടില്ലാത്തത് കൊണ്ടാണല്ലോ. ഈ സായിപ്പന്മാര്‍ ആല്‍ക്കഹോളിക് ബിയറുകള്‍ മാത്രമേ കുടിക്കൂ എന്നും അതിനാല്‍ അവ മാത്രമേ വില്‍ക്കുകയുള്ളൂ എന്നുമുള്ള ധാരണയാണ്, ലേബല്‍ പോലും നോക്കാതെ  ഈ ബിയര്‍ മേടിക്കുവാന്‍ എന്നെ പ്രേരിപ്പിച്ചത്.

ഞായറാഴ്ച വീണ്ടും മറ്റൊരു ബോറന്‍ ദിനം. എങ്കിലും ഒരു ടര്‍ക്കിഷ് ബാത്ത് നടത്തുവാന്‍ തീരുമാനിച്ചു. എന്താണ് ടര്‍ക്കിഷ് ബാത്ത് എന്ന് അന്ന് വരെ അറിയില്ലായിരുന്നു. അത് എങ്ങനെ ആണ് നടത്തേണ്ടത് എന്നും അറിയില്ല. ഉച്ച കഴിഞ്ഞു റിസപ്ഷനില്‍ ചെന്ന് മേരിയോടു കുറെ നേരം കത്തി വച്ചു . മേരി വിവാഹം കഴിച്ചിട്ടില്ല, കൂട്ടുകാരനും ഒന്നിച്ചു വിവാഹിതരെ പോലെ ജീവിക്കുന്നു. അവര്‍ക്ക് രണ്ടു ചെറിയ കുട്ടികള്‍ ഉണ്ട്. വിവാഹം പോലെ തന്നെ ഒരു ഉടമ്പടി ഉണ്ടാക്കി ഒപ്പ് വച്ചിട്ട് ആണ് ഇവര്‍ വിവാഹിതരെ പോലെ ജീവിക്കുന്നത്. കുട്ടികള്‍ ചെറിയവര്‍ ആയത് കൊണ്ട് മേരി മിക്കവാറും അവധി ദിവസങ്ങളില്‍ അല്ലെങ്കില്‍ നൈറ്റ്‌ ഡ്യൂട്ടി ആണ് ചെയ്യാറുള്ളത്. മേരിയുടെ കൂട്ടുകാരന്‍ പകല്‍ ഡ്യൂട്ടി മാത്രം ചെയ്യുന്നു. ആഴ്ചയില്‍ നാല് ദിവസം ആണ് മേരി ഡ്യൂട്ടി ചെയ്യു ന്നതു. മേരിയും കൂട്ടുകാരനും മാറി മാറി ആണ് കുട്ടികളെ നോക്കുന്നത്.

ടര്‍ക്കിഷ് ബാത്തിനെ കുറിച്ച് മേരി പറഞ്ഞു തന്നു. മേരി തന്ന ടവലുമായി ടര്‍ക്കിഷ് ബാത്ത് റൂമില്‍ കയറി. അവിടെ ചൂട് കുറയ്ക്കാനും കൂടുവാനും ഒക്കെ ഉള്ള സംവിധാനങ്ങള്‍ ഉണ്ട്. മുറിയില്‍ കയറിയപ്പോള്‍ തന്നെ ചെറു ചൂടുള്ള  സ്റ്റീം ശരീരത്തിനെ  ഒരു മയപ്പെടുത്തി . പക്ഷെ വളരെ പെട്ടെന്ന് തന്നെ മുറിയിലെ ചൂട് കൂടി.. ഒരു മാതിരി ആവിയില്‍ വെന്തെടുക്കുന്നത് പോലെ... എന്തായാലും ചൂട് കൂട്ടിയും കുറച്ചും അര മണിക്കൂര്‍ അതിനകത്തിരുന്നു. അടച്ചിട്ട മുറിയില്‍ ആവിയില്‍ നമ്മുടെ ശരീരത്തെ വേവിക്കുന്നതിനാണ് ടര്‍ക്കിഷ് ബാത്ത്, എന്ന് പറയുന്നത് എന്ന് ഞാന്‍ മനസിലാക്കി! പെട്ടെന്ന് ഒരു ഫാമിലി പിറന്ന പടി ടര്‍ക്കിഷ് ബാത്തിനായി റൂമിലേക്ക്‌ കയറി . എന്‍റെ  ബാത്ത് ഞാന്‍ അവിടെ അവസാനിപ്പിച്ചു.

 ഇനി നാല് ദിവസം കൂടി ഇവിടെ കഴിയണം. ദിവസവും രാവിലെ കീസ് എന്നെ ഓഫീസിലേക്ക് കൂട്ടികൊണ്ട് പോകുവാന്‍ വരും. ഉച്ചവരെ ഓഫീസില്‍ കറങ്ങി, എന്നെയും കൊണ്ട് ഏതെങ്കിലും ഗ്രാമങ്ങളില്‍ ഒക്കെ പോയി മൂന്ന് മണിയോട് കൂടി ഹോട്ടലില്‍ തിരികെ എത്തിക്കും.
ചില ഗ്രാമ പ്രദേശങ്ങളില്‍ പുല്ലുകള്‍ കൊണ്ട് മേഞ്ഞ വീടുകള്‍ ഇപ്പോഴും കാണാം.

വെള്ളിയാഴ്ച, ആസ്ത്രിയയുടെ തലസ്ഥാനമായ വിയന്നയിലേക്ക് പോകണം. അവിടെ സുഹൃത്തും കുടുംബവും താമസിക്കുന്നു, മറ്റു ചില നാട്ടുകാരും. വെള്ളിയാഴ്ച ഉച്ചയോടു കൂടി കീസ് എന്നെ വീണ്ടും ആംസ്റ്റര്‍ ഡാമില്‍ എത്തിച്ചു. ഞാന്‍ ഹോട്ടല്‍ ചെക്ക് ഔട്ട്‌ ചെയ്തിട്ടാണ് പോരുന്നത്. അതിനാല്‍ ലഗേജ് മുഴുവന്‍ കൂടെ കൊണ്ട് പോന്നു. ഇനി എന്തായാലും ജെല്ദര്‍ മേല്സനിലെക്കില്ല. എന്നെ കൊണ്ട് കീസും കമ്പനിയും മുഷിഞ്ഞിട്ടുണ്ടാവണം  . ദുബായിലേക്കുള്ള ടിക്കറ്റ് ബുധനാഴ്ച ത്തേയ്ക്കാണ്. ശനിയും ഞായറും വിയന്നയില്‍ ജോണിയോടൊപ്പം, തിങ്കളാഴ്ച  തിരികെ വരുമ്പോള്‍ ആംസ്റ്റാര്‍ ഡാമില്‍ തന്നെ ഉള്ള മറ്റേതെങ്കിലും ഹോട്ടലില്‍ താമസിക്കണം. സ്കിഫോള്‍ എയര്‍ പോര്‍ട്ടില്‍ ലഗേജു സൂക്ഷിക്കുന്ന അറയില്‍ ലഗേജു വച്ച് ക്രെഡിറ്റ്‌ കാര്‍ഡ്‌ സ്വീപ് ചെയ്തു പോന്നു. ആരും ഇല്ല അവിടെ നമ്മളെ സഹായിക്കാനോ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി തരാനോ. നമ്മുടെ ലഗേജ് വയ്ക്കുവാന്‍ സൌകര്യം ഉള്ള കാബിനെറ്റ്‌ നോക്കി അതില്‍ ലഗേജു വയ്ക്കുക. ലോക്ക് ചെയ്തു പോരണം. തിരികെ വരുമ്പോള്‍ നമ്മുടെ ക്രെഡിറ്റ്‌ കാര്‍ഡ്‌ കൊണ്ട് സ്വീപ് ചെയ്തു കാബിനെറ്റ്‌ തുറക്കണം. വാടക ക്രെഡിറ്റ്‌ കാര്‍ഡില്‍ നിന്ന് വക മാറിക്കൊള്ളും, നമ്മള്‍ ഒന്നും അറിയേണ്ട. ആസ്ത്രിയന്‍ എയര്‍ ലൈന്‍സിന്‍റെ  വിമാനത്തിലേക്ക് ചെക്കിന്‍ ചെയ്തതും അവിടെ സ്ഥാപിച്ചിരിക്കുന്ന മെഷീനില്‍ കൂടി. ഇപ്പോള്‍ വിയന്ന മാത്രം ആണ് മനസ്സില്‍, ജോണിയും കൂട്ടുകാരും.

വിയന്നയില്‍ നിന്ന് ആസ്ത്രിയന്‍ എയര്‍ ലൈന്‍സിന്‍റെ  വിമാനത്തില്‍ രാവിലെ പത്തു മണിയോടെ  വീണ്ടും സ്ക്യ്ഫോള്‍ വിമാനത്താവളത്തില്‍ ..ഇത്തവണ ആരും ഇല്ല എന്നെ സ്വീകരിക്കാന്‍. ഞാന്‍ ജെല്ദര്‍ മേല്സനില്‍ പോകുന്നില്ല, അതിനാല്‍ എയര്‍ പോര്‍ട്ടിനു അടുത്തായി തന്നെ ഒരു ഹോട്ടലില്‍ താമസിക്കണം. ലഗേജ് കാബിനറ്റില്‍ ചെന്ന്, എന്‍റെ  ലഗേജുമായി  തിരിച്ചെത്തി. എയര്‍ പോര്‍ട്ടില്‍ സ്ഥാപിച്ചിട്ടുള്ള മെഷീനില്‍ കൂടി തന്നെ എയര്‍ പോര്‍ട്ടിനു വളരെ അടുത്തുള്ള ഐബിസ് ഹോട്ടലില്‍ റൂം ബുക്ക്‌ ചെയ്തു. ഹോട്ടലിന്‍റെ  വാഹനം ഓരോ മണിക്കൂറിലും പാര്‍ക്കിംഗ് ഏരിയയില്‍ വരും. നമ്മുടെ ബുക്കിംഗ് കാണിച്ചു അതില്‍ കയറിയാല്‍ മതി. പതിനൊന്നു മണിയോടെ ഹോട്ടലില്‍ എത്തി. വൈകുന്നേരം വീണ്ടും എയര്‍ പോര്‍ട്ടില്‍ നിന്ന് ആംസ്റ്റാര്‍ ഡാം  സിറ്റിയിലേക്ക് ട്രെയിന്‍ യാത്ര. സിറ്റിയില്‍ ചെന്ന് എങ്ങോട്ടെന്നറിയാതെ കുറെ നടന്നു. കുറെ നടന്നപ്പോള്‍ കണ്ട ഒരു കടയില്‍ പാക്കിസ്ഥാന്‍കാരന്‍ ആയ ഒരു പയ്യന്‍സ്. .  നാട്ടില്‍ തോലിന്‍റെ  ബിസിനസ്സ് ചെയുന്ന കുടുംബത്തില്‍ നിന്നാണ്. ഈ അടുത്ത കാലത്ത് ആംസ്റ്റര്‍ഡാമില്‍ സ്ഥിര താമസം ആക്കിയ ഒരു പാക്കിസ്ഥാനി കുടുംബത്തിലെ പെണ്‍കുട്ടിയുമായി കല്യാണം കഴിഞ്ഞു. അങ്ങനെ ആണ് ഇവിടെ എത്തിപ്പെട്ടത്. യാതൊരു തിരക്കും ഇല്ലാതിരുന്ന ആ കടയില്‍ ഗ്രഹാതുരത്വം അനുഭവിക്കുന്ന ആ ചെക്കനുമായി സംസാരിച്ചിരുന്നു കുറെ നേരം . ചന്നം പിന്നം പെയ്യുന്ന മഴ, ഒറ്റക്കുള്ള നടത്തം മുഷിപ്പനായി തോന്നി ...  ആദ്യ തവണ പിള്ള ചേട്ടനും ബഷീറും ഉണ്ടായിരുന്നതിനാല്‍ തണുപ്പായിരുന്നിട്ടും നല്ല അനുഭവമായിരുന്നു . 

 ഇനി ഒരു ദിവസം കൂടി-- നാളെ തിരികെ ദുബായിലേക്ക് പോകണം. ചെറിയ ചില ഷോപ്പിംഗ്‌ ഒക്കെ ഉണ്ട്. വീണ്ടും  ട്രെയിനില്‍ സിറ്റിയിലേക്ക്. തലേന്ന് കണ്ട പാകിസ്ഥാനി ചെക്കന്‍ ഞാന്‍ കയറിയ കമ്പാര്‍ട്ട്മെന്‍റില്‍ ല്‍ ... വര്‍ത്തമാനം പറഞ്ഞു കൊണ്ടിരുന്നപ്പോള്‍ ഒരു ഹോളണ്ടുകാരി സ്ത്രീ ഞങ്ങള്‍ക്കരികില്‍ വന്നു സംസാരിച്ചു തുടങ്ങി. അവര്‍ക്ക് എന്‍റെ സ്വദേശം അറിയണം. ഇന്ത്യ എന്ന് പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുമ്പ്,അടുത്തിരുന്ന പാകിസ്ഥാനി പയ്യന്‍  അവന്‍റെ  സ്വദേശവും  ഇന്ത്യ ആണെന്ന് ചാടിക്കയറി പറഞ്ഞു. ഞാന്‍ അവന്‍റെ  മുഖത്തേക്ക് നോക്കി. സ്വന്തം നാട് ഏതെന്നു പോലും പറയുവാന്‍ പറ്റാത്ത അവന്‍റെ  പരിതാപകരമായ അവസ്ഥ ഞാനവിടെ കണ്ടു. സിറ്റിയില്‍ ഞാന്‍ വീണ്ടും തിരക്കിലേക്ക് എടുത്തെറിയപ്പെട്ടു. കുറെ വിന്‍ഡോ  ഷോപ്പിംഗ്‌ നടത്തി. തുണികള്‍ക്ക് ഒന്നും ദുബായിയെ അപേക്ഷിച്ച് വില കൂടുതല്‍ അല്ല. തെരുവ് കലാകാരന്മാരുടെ കലാവിരുതുകള്‍, ഭിഷക്കാരുടെ പ്രച്ഛന്ന വേഷങ്ങള്‍, ഒക്കെ കണ്ടു സുവനീര്‍ മേടിക്കുവാന്‍ ചില കടകള്‍ കയറിയിറങ്ങി. കന്നിബാല്‍  വില്‍ക്കുന്ന ഒരു കടയില്‍ കച്ചവടം നടത്തുന്നത്  കൗമാര പ്രായം തോന്നിപ്പിക്കുന്ന രണ്ടു ഗുജറാത്തി പെണ്‍കുട്ടികള്‍ ...


ഇന്ത്യന്‍ ഭക്ഷണം കഴിക്കണം, തിരക്ക് കുറഞ്ഞ ഒരു കടയില്‍ കയറി.  ഭക്ഷണത്തിനു ഓര്‍ഡര്‍ ചെയ്തിരിക്കുമ്പോള്‍ ഒരു ചാക്ക് ബസ്മതി അരി,  റൈസ് കുക്കര്‍ ഒക്കെ  ആയി ഒരു ഹോളണ്ട്  സ്വദേശിനി. കുറെ കഴിഞ്ഞപ്പോള്‍ അവര്‍ എന്‍റെ  മേശക്കു അഭിമുഖം ആയുള്ള സീറ്റില്‍ വന്നിരുന്നു. ഇന്ത്യ അവര്‍ക്ക് എന്നും ഉന്മാദം നല്‍കുന്ന രാജ്യം ആണ് എന്നും നിരവധി തവണ കൊച്ചി ഉള്‍പ്പെടെ ഇന്ത്യന്‍ പട്ടണങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട് എന്നും  അവര്‍ പറഞ്ഞു. പൂന യൂണിവേഴ്സിറ്റിയില്‍ അന്തര്‍ദേശിയ ബിസിനസ്സ് വിഷയത്തില്‍ വിസിറ്റിംഗ് പ്രഫസര്‍ കൂടി ആണവര്‍. വിവാഹമോചനം നേടിയ ഇവര്‍ രണ്ടു നേപ്പാളി കുട്ടികളെ ദത്തെടുത്തു വളര്‍ത്തുന്നുണ്ട്  പോളിഗമി സെക്സ് ജീവിതത്തിനു അടിമയാണ് അവരെന്നും, കൊച്ചിയില്‍ പോലും അവര്‍ക്ക് കാമുകന്‍ ഉണ്ടെന്നും ആ സംഭാഷണത്തിലൂടെ  ഞാനറിഞ്ഞു .

വീണ്ടും ഹോട്ടല്‍--- . ബുധനാഴ്ച, അതായത് പിറ്റേന്ന്  രാത്രി പത്തു മണിക്കാണ് എന്‍റെ  ഫ്ലൈറ്റ്. . വ്യാഴാഴ്ച അതി രാവിലെ ദുബായ് എയര്‍ പോര്‍ട്ടില്‍ മുത്തമിടും. ഈ ഒരു രാത്രി കൂടി കഴിച്ചു കൂട്ടിയാല്‍ മതി എന്ന ചിന്ത മാത്രം മനസ്സില്‍

രാവിലെ, ഹോട്ടലില്‍ നിന്നിറങ്ങി, ട്രെയിനില്‍ ആംസ്റ്റര്‍ ഡാം സിറ്റിയില്‍ ... ഡാം സ്ക്വയര്‍ വരെ മാത്രം നടന്നു. ഡാം സ്ക്വയറിന് സമീപം കനാലുകളുടെ  ഭംഗി ഒരാവര്‍ത്തി കൂടി ചുറ്റി നടന്നു കണ്ടു.  ഇന്ത്യന്‍ ഭക്ഷണം രുചിക്കുവാന്‍ ഗാന്ധി എന്ന ഇന്ത്യന്‍ ഭക്ഷണ ശാലയില്‍ ... പേര് ഇന്ത്യന്‍ ആണ് എങ്കിലും അത് നടത്തുന്നത് ശ്രീലങ്കക്കാര്‍ ആണ്... ഹോട്ടലില്‍ ഇരിക്കുവാന്‍ സീറ്റില്ല, നിറയെ ഇന്ത്യക്കാര്‍.....,...  ഇത്ര മാത്രം ഇന്ത്യക്കാരോ ഇവിടെ? ആശ്ചര്യം തോന്നി ... അന്വേഷിച്ചപ്പോള്‍ ആണ് അറിഞ്ഞത്, അവര്‍ ഡല്‍ഹിയില്‍ നിന്നുള്ള ഹരേ കൃഷ്ണ ഭക്തന്മാര്‍ ആണെന്ന് . ഹോട്ടലില്‍ നിന്ന് ചെക്ക് ഔട്ട്‌ ചെയ്തു. നാലു മണിയോടെ എയര്‍ പോര്‍ട്ടില്‍ എത്തി.കുറെ നേരം വെറുതെ കറങ്ങി നടന്നു സമയം കളഞ്ഞു. പെറുവില്‍ നിന്ന്, ഇറാക്കിലേക്ക് പോകുന്ന പട്ടാളക്കാര്‍ ആയിരുന്നു വിമാനത്തില്‍ കൂടുതലും. പെറുവില്‍ നിന്ന് ആംസ്റ്റാര്‍ ഡാമിലെത്തി, അവിടെ നിന്ന് ദുബായില്‍-പിന്നെ , ഇറാക്കില്‍ .. പെറുവിലെ ആളുകള്‍ ചെറുതായി ഹിന്ദി പറയുന്നു. ഇറാക്കില്‍ ഇന്ത്യക്കാരോട് അടുത്തിടപഴകിയും ഇന്ത്യന്‍ സിനിമകള്‍ കണ്ടും ആണ് അവര്‍ ഹിന്ദി സംസാരിക്കുന്നത് . ഏറ്റവും പിന്നിലെ റോവില്‍ ഞാന്‍ മാത്രം. പിന്നിലായതിനാല്‍ എപ്പോള്‍ വേണമെങ്കിലും മദ്യം കിട്ടും. ഭക്ഷണവും മദ്യവും അകത്തു കടന്നപ്പോള്‍ നല്ല ഉറക്കം. രാവിലെ ദുബായിയുടെ ആകാശത്തില്‍ വിമാനം എത്തിയപ്പോള്‍ ആണ് ഞാന്‍ ഉണര്‍ന്നത്....

Saturday, 26 January 2013

ആളൊരുങ്ങി, അരങ്ങുണരുന്നു


 


പടനായകര്‍ രംഗ പ്രവേശം ചെയ്തു. ഇനി യുദ്ധത്തിന്‍റെ  കാഹളം മുഴങ്ങുകയേ വേണ്ടൂ. രാഹുല്‍ ഗാന്ധിയും നരേന്ദ്ര മോഡിയും ഗോദയില്‍ നേര്‍ക്ക്‌ നേര്‍. ആരായിരിക്കും യു പി എയെയും എന്‍ ഡി എയെയും നയിക്കുക എന്ന് കോണ്‍ഗ്രസ്സും ബി ജെ പിയും പരസ്യമായി  പറഞ്ഞിട്ടില്ല എങ്കില്‍ കൂടി പരോക്ഷമായി, രാഹുലും മോഡിയും തമ്മിലാകും മത്സരം എന്ന് ഉറപ്പിച്ച രീതിയില്‍ ആണ് പ്രചാരണ മാനേജര്‍മാര്‍ കാര്യങ്ങള്‍ കൈകാര്യം ചെയുന്നത്. പൊതു ജനമദ്ധ്യത്തില്‍ ഇങ്ങനെ ഒരു ചര്‍ച്ച നടത്തുക എന്നതില്‍ രണ്ടു പാര്‍ട്ടികളും ഏറെക്കുറെ വിജയിക്കുകയും ചെയ്തതോടൊപ്പം പ്രാദേശിക  പാര്‍ട്ടികളില്‍ നിന്നുള്ള പ്രധാനമന്ത്രി മോഹികളെ ഒരു പരിധിവരെ അകറ്റി നിര്‍ത്തുവാനും തത്ക്കാലത്തേക്ക് അവര്‍ക്കായി.


ജയപ്പൂരില്‍ നടന്ന ചിന്തന്‍ ശിബിരത്തിലൂടെ ആണ് കോണ്‍ഗ്രസ്‌ രാഹുല്‍ ഗാന്ധിയെ നേതൃത്വത്തിലേക്ക് കൊണ്ട് വന്നത് എങ്കില്‍  ബി ജെ പി എന്ന പാര്‍ട്ടിക്ക് യാതൊരു പ്രാധാന്യവും കല്‍പ്പിക്കാതെ സംഘപരിവാര്‍  ആണ്  വ്യക്തമായ മുന്നൊരുക്കത്തിലൂടെ   നരേന്ദ്ര മോഡിയെ പ്രധാന മന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നത്.   ബി ജെ പി എന്ന പാര്‍ട്ടിയെ  സംഘ പരിവാര്‍ പൂര്‍ണ്ണമായും ഹൈ ജാക്ക് ചെയ്തതിന് ഏറ്റവും പ്രധാനമായ തെളിവ് ആണ് നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയത്


അധികാര സ്ഥാനങ്ങളില്‍ നിന്ന് പുറം തിരിഞ്ഞു നില്‍ക്കുകയായിരുന്ന രാഹുലിനെ, മറ്റൊരു നിഷേധിക്കലിനു അവസരം കൊടുക്കാതെ, സമര്‍ത്ഥമായി നടത്തിയ  കരുനീക്കങ്ങള്‍ക്കൊടുവില്‍ അധികാരക്കസേരയില്‍ പിടിച്ചിരുത്തുവാന്‍ ഹൈക്കമാണ്ടിനു സാധിച്ചു. ചിന്തന്‍  ശിബിരത്തിലും   സൌമ്യനായ ഒരു നിഷേധിയുടെ സ്വരത്തില്‍ ആയിരുന്നു രാഹുലിന്‍റെ  പെരുമാറ്റം. യുവ ജനങ്ങളെ രാഷ്ട്രീയ നേതൃത്വത്തിലേക്ക് കൊണ്ട് വരികയും അവരിലൂടെ നവ ഭാരത സൃഷ്ടി നടത്തുകയും ആണ് രാഹുല്‍ വിഭാവന ചെയ്യുന്നത്. ജയപ്പൂരില്‍ കോണ്‍ഗ്രസിനെ ശുദ്ധീകരിക്കുക എന്ന നിശ്ചയ ദാര്‍ഢ്യ ത്തില്‍ ഇറങ്ങി പുറപ്പെട്ട പോലെ,  കോണ്‍ഗ്രസിനെയും അതിന്‍റെ  വൃദ്ധ നേതൃത്വത്തേയും നിശിതമായി വിമര്‍ശിക്കുന്നതില്‍ ആയിരുന്നു രാഹുല്‍ കൂടുതല്‍ സമയവും ചിലവഴിച്ചത്. രാഹുലിന്‍റെ  പ്രസംഗം കോണ്‍ഗ്രസിലെ തന്നെ അധികാരത്തിനു പുറത്തു നില്‍ക്കുന്നവരെയും വിമത സ്വരം പുറപ്പെടുവിച്ചു ഇടഞ്ഞു നില്‍ക്കുന്നവരെയും ഊര്‍ജ്ജസ്വലരാക്കുവാന്‍ ഒരു പക്ഷെ സഹായിച്ചേക്കാം. രാഷ്ട്രത്തെ ശക്തിപ്പെടുത്തണമെങ്കില്‍ അല്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തണമെങ്കില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തണം എന്ന തിരിച്ചറിവ് ആയിരിക്കാം രാഹുലിനെ നിയന്ത്രിക്കുന്നത്‌.

 

കുടുംബ വാഴ്ച ആയിരിക്കും രാഹുലിലൂടെ കോണ്‍ഗ്രസ്‌ നേതൃത്വം ഉദ്ദേശിക്കുന്നത് എങ്കിലും രാഹുല്‍ അവസരം  കിട്ടുമ്പോഴൊക്കെ കുടുംബ വാഴ്ച്ചക്ക് എതിരെ സംസാരിക്കുകയും, കുടുംബ വാഴ്ച്ചയ്ക്കുപരി,  തന്‍റെ  പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മാത്രമാണ് താന്‍ ഇന്നത്തെ നിലയില്‍ എത്തിയത് എന്നും വീമ്പിളക്കാറുണ്ട്.  ഭരണ പരിചയം തീരെ ഇല്ലാത്തത് തന്നെ   ആയിരിക്കും രാഹുലിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാന അയോഗ്യത. രാജ്യം പ്രധാനമായ പ്രശ്നങ്ങള്‍ അഭിമുഖീകരിച്ചപ്പോള്‍ ഒന്നും രാഹുലിനെ ഒരിടത്തും കണ്ടിരുന്നില്ല  പ്രധാന വിഷയങ്ങളില്‍ ഒന്നും    അഭിപ്രായം പറഞ്ഞില്ല എന്നതും രാഹുലിന്‍റെ  പോരായ്മയാണ്.  രാഹുലിന് ഇത് വരെ ഒരു ജനകീയ നേതാവാകുവാന്‍ കഴിഞ്ഞിട്ടില്ല.. ഉത്തര്‍ പ്രദേശിലും , ബീഹാറിലും  തെരഞ്ഞെടുപ്പിന്‍റെ  നേതൃത്വം ഏറ്റെടുത്തു എങ്കിലും അവിടങ്ങളിലെ പ്രാദേശിക വിഷയങ്ങളില്‍ ഇടപെടുവാനോ  ജനങ്ങളുടെ വിശ്വാസ്യത നേടിയെടുക്കാനോ കഴിഞ്ഞില്ല പത്രക്കാരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറി നടക്കുകയും പ്രധാന വിഷയങ്ങളില്‍ അഭിപ്രായം പറയാതിരിക്കുകയും ചെയ്യുന്നത് പ്രധാനമന്ത്രിയാകാന്‍ തയ്യാറാവുന്ന ഒരു  നേതാവിന് യോജിച്ചതല്ല. . ഇന്ത്യയെ കുറിച്ച് തനിക്കൊരു സ്വപ്നം ഉണ്ടെന്നും  ഇന്ത്യന്‍ യുവ ജനത സ്വപ്നം കാണണം എന്നും പറയുന്നതല്ലാതെ ഇന്ത്യയിലെ സാമൂഹിക മണ്ഡലത്തില്‍ എങ്ങനെ വികസനം കൊണ്ട് വരണം എന്നതിനെ കുറിച്ച്  വ്യക്തമായ രൂപം ഇല്ലാത്ത നേതാവാണ്‌ രാഹുല്‍ ഗാന്ധി. നെഹ്‌റു ഗാന്ധി കുടുംബത്തിലൂടെ ജനങ്ങളുടെ ഇടയിലേക്ക് കെട്ടിയിറക്കപ്പെട്ട ഒരു നേതാവില്‍ നിന്ന് ജനം ഇതില്‍ കൂടുതല്‍ പ്രതീക്ഷിച്ചു.. സാമ്പത്തീക സാമൂഹിക മേഖലയില്‍ മാത്രമല്ല വിദേശ നയ രൂപീകരണ വിഷയങ്ങളിലും വ്യക്തമായ ഒരു അഭിപ്രായം പറയുവാന്‍ രാഹുലിന് ആവുന്നില്ല . ദളിതരോടൊപ്പം ഉണ്ടും ഉറങ്ങിയും അവരോടു ഐക്യദാര്‍ഢ്യം  പ്രകടിപ്പിക്കുവാന്‍ ശ്രമിച്ചെങ്കിലും അവരുടെ വിഷയങ്ങളിലും വേണ്ടത്ര ആഭിമുഖ്യം പ്രകടിപ്പിക്കുവാന്‍ കഴിഞ്ഞിട്ടില്ല.  മുന്നില്‍ നിന്ന് നയിക്കുവാന്‍ കിട്ടിയ പല അവസരങ്ങളും നഷ്ടപ്പെടുത്തുകയും ജനങ്ങളുടെ പ്രശ്നങ്ങളില്‍ നിന്ന് മുഖം തിരിക്കുകയും ചെയ്തതായിട്ടാണ് ജനങ്ങള്‍ക്ക്‌ പലപ്പോഴും തോന്നിയിട്ടുള്ളത്. ഇന്ത്യ നേരിടുന്ന ഏറ്റവും പ്രധാന പ്രശ്നങ്ങള്‍, ജാതിയുടേയും മതത്തിന്‍റേയും ഗോത്രത്തിന്‍റേയും നേതൃത്വത്തിലുള്ള വോട്ടു ബാങ്കുകളും  നേതാക്കളുടെ അഴിമതിയും ആണെങ്കിലും  സെന്‍സിറ്റീവ് ആയ ഈ വിഷയങ്ങളില്‍ ഇന്ത്യക്ക് എങ്ങനെ നേതൃത്വം കൊടുക്കും എന്നതിന് ഒരു രൂപ രേഖ ഇനിയും ഉരുത്തിരിഞ്ഞിട്ടില്ല.  

വിദേശത്തുള്ള കള്ളപ്പണ വിഷയത്തിലും അഴിമതിക്കെതിരായ അണ്ണാ ഹസാരെയുടെ സമരങ്ങളിലും ഡല്‍ഹി കൂട്ട മാനഭംഗ വിഷയത്തിലും, ഈയിടെ ഉണ്ടായ ഇന്ത്യ പാകിസ്താന്‍ സംഘര്‍ഷങ്ങളിലും   രാഹുലിന്‍റെ  ശബ്ദം ഒരു നേതാവിന്‍റേതായിരുന്നില്ല.  

കോണ്‍ഗ്രസ് പ്രസിഡന്‍റ്‌ പദവി രാഹുലിന് കൊടുത്ത്, യു പി എ അധ്യക്ഷ സ്ഥാനം നില നിര്‍ത്തി പൊതു തെരഞ്ഞെടുപ്പിന് ശേഷം സമ്പൂര്‍ണ്ണ   രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കാനായിരുന്നു സോണിയയുടെ ആഗ്രഹം എങ്കിലും രണ്ടാം യു പി എ സര്‍ക്കാരിന്‍റെ ജനദ്രോഹപരമായ തീരുമാനങ്ങള്‍ ഓരോ ഇന്ത്യക്കാരനിലും ഏല്‍പ്പിച്ച മുറിവുകള്‍ ഉണങ്ങുന്നതിന് മുമ്പ്  ഒരു വിരമിക്കലിന് കോണ്‍ഗ്രസ് മേലാളന്മാര്‍ സോണിയക്ക് അനുമതി കൊടുത്തിട്ടില്ല.  അഴിമതിയും യുവ ജനങ്ങളുടെ രോഷ പ്രകടനങ്ങളും കണ്ട, പോയ വര്‍ഷങ്ങളില്‍ ഡീസല്‍ പെട്രോള്‍ പാചക വാതക സബ്സിഡികള്‍ എടുത്തു കളഞ്ഞ്  ജനജീവിതം ദുസ്സഹമാക്കിയ ഈ ഭരണത്തിനു ശേഷം എന്ത് പറഞ്ഞു കൊണ്ടാവും രാഹുല്‍ ജനങ്ങളെ അഭിമുഖീകരിക്കുക?. രാഹുലിനെ പോലെ ഒരു പുതു മുഖത്തെ മുന്നില്‍ നിര്‍ത്തി, നെഹ്‌റു ഗാന്ധി പാരമ്പര്യത്തിലൂടെ വീണ്ടും അധികാരത്തില്‍ എത്താമെന്നായിരിക്കണം കോണ്‍ഗ്രസ്സിന്‍റെ  മനപ്പായസം.

 മറു വശത്താകട്ടെ വര്‍ഗീയ വാദി ആയ നരേന്ദ്ര മോഡി ബി ജെ പിയുടെ അകത്തളങ്ങളിലെ പ്രതി ബന്ധങ്ങളെ ആര്‍ എസ് എസ്സി ന്‍റേയും സംഘികളുടെയും പിന്തുണ കൊണ്ട് ഇല്ലാതാക്കി, ഡല്‍ഹി പിടിച്ചെടുക്കുക എന്ന ഒറ്റ ചിന്തയില്‍ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചു കൊണ്ടിരിക്കയാണ്.   മിതവാദികളായ  സുഷമയും അരുണ്‍ ജെയ്റ്റ്ലിയും നിതിന്‍ ഗദ്കരിയും സാക്ഷാല്‍ അദ്വാനിയും   മോഡിയുടെ ജൈത്ര യാത്രയുടെ  പുകമറയില്‍ വീണു പോയി. ഗുജറാത്തില്‍ നടന്ന തെരഞ്ഞെടുപ്പിലൂടെ മൂന്നാമതും വിജയ രഥത്തില്‍ ഏറുവാനും അവിടെ പാര്‍ട്ടിയെ കൈക്കുമ്പിളില്‍ ഒതുക്കുവാനും മോഡിക്ക് കഴിഞ്ഞത് മോഡിയുടെ വിജയം തന്നെ ആണ്. ഒരു വിഭാഗം ജനങ്ങളെ എന്നും കൂടെ നിര്‍ത്തുവാനും അവര്‍ക്ക് വേണ്ടതൊക്കെ നല്‍കുമ്പോള്‍ മറ്റൊരു വിഭാഗം ജനങ്ങളെ കടുത്ത ദുരിതത്തിലേക്ക് തള്ളി വിടുവാനും   വെറുപ്പും വിദ്വേഷവും നിലനിര്‍ത്തുവാനും  മോഡിയെ  പോലൊരു നേതാവിനെ കഴിയൂ.  വ്യക്തമായ ആസൂത്രണത്തിന്‍റെയും   ഭരണ നിപുണതയുടെയും ഉദാഹരണം ആണ് നരേന്ദ്ര മോഡി. ഗുജറാത്തില്‍ പത്തു ശതമാനത്തിലധികം ജനസംഖ്യ ഉള്ള ന്യൂന പക്ഷ സമുദായത്തിലുള്ളവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ ഒരൊറ്റ സീറ്റും കൊടുക്കാതെ, പാര്‍ട്ടിയിലെ തന്നെ ഒരു  മുസ്ലീം നേതാവിനെയും തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് ഇറക്കാതെ, ആര്‍ എസ് എസ്സിന്‍റെ  അജണ്ട വ്യക്തമായി നടപ്പിലാക്കിയ  നേതാവാണ്‌ മോഡി. അങ്ങനെ ഒരു അജണ്ട പ്രവര്‍ത്തീകമാക്കുവാന്‍  നരേന്ദ്ര മോഡിക്ക് മാത്രമേ കഴിയൂ എന്ന തിരിച്ചറിവില്‍ ആണ് സംഘി നേതൃത്വം. എതിര്‍ പാര്‍ട്ടികളില്‍ മാത്രമല്ല സ്വന്തം പാര്‍ട്ടിയില്‍ പോലും ഒരു രണ്ടാം നിര നേതൃത്വം വളര്‍ന്നു വരുവാന്‍ ആഗ്രഹിക്കാത്ത നേതാവാണ്‌ നരേന്ദ്ര മോഡി.

 
വര്‍ഗീയ അക്രമങ്ങള്‍ അഴിച്ചു വിട്ടും വര്‍ഗീയമായി വിഘടിപ്പിച്ചും മാത്രമാണ് ബി ജെ പി എന്നും അധികാരത്തില്‍ കയറിയിട്ടുള്ളത്‌. വാജ്പേയിയെ പോലെ ഉള്ള ഒരു മൃദു നേതാവിനെ അല്ല, ആര്‍ എസ് എസ്സിന് ഇന്ന് ആവശ്യം. മോഡിയെ പോലെ ഉള്ള ഒരു ഹാര്‍ഡ് ലൈനറെ  ആണ്.. അടുത്ത പൊതു തെരഞ്ഞെടുപ്പിന് മുന്‍പ് അധികാരത്തില്‍ മുത്തമിടുവാന്‍ മറ്റൊരു വര്‍ഗീയ ലഹള ആവശ്യമാണ്‌ എങ്കില്‍ അത് നടത്തുവാനും മോഡിയും കൂട്ടരും തുനിയാതിരിക്കില്ല. ഇന്ത്യ കണ്ട ഏറ്റവും വലിയ കുശാഗ്ര ബുദ്ധികളില്‍ ഒരാളാണ് നരേന്ദ്ര മോഡി .

 വാല്‍ക്കഷണം:-  ചെറുതും വലുതുമായ പ്രാദേശിക പാര്‍ട്ടികള്‍ ആവും ഇക്കുറി തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാവുന്നത്. ഉത്തര്‍ പ്രദേശില്‍ മുലായം സിങ്ങും, മായാവതിയും, ബീഹാറില്‍ നിതീഷ് കുമാറും ലാലുവും ശരദ് യാദവും പാസ്വാനും, ബംഗാളില്‍ മമതയും, ഒഡീസയില്‍ നവീന്‍ പട്നായക്കും, മഹാരാഷ്ട്രയില്‍ ശരദ് പവാറും, ആന്ധ്രയില്‍ ജഗന്‍ മോഹന്‍ റെഡിയും ചന്ദ്ര ബാബു നായിഡുവും കര്‍ണാടകയില്‍ യെദിയൂരപ്പയും ഗൌഡയും തമിഴ് നാട്ടില്‍ ജയലളിതയും കരുണാനിധിയും വരെ ആയിരിക്കും ഇക്കുറി തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക ശക്തികള്‍ ആവുക.  കേന്ദ്ര മന്ത്രി സഭയില്‍ പങ്കാളിയായിട്ടില്ല എങ്കില്‍ കൂടി സര്‍ക്കാര്‍ രൂപീകരണത്തില്‍ പലപ്പോഴും നിര്‍ണ്ണായക ശക്തികളായിരുന്ന ഇടതു പക്ഷ കക്ഷികള്‍ അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ വിഷയ, നേതൃത്വ ദാരിദ്രത്തില്‍ പെട്ടുഴലുന്ന ദുരവസ്ഥയും കാണാം- പരിതാപകരമാണത് .