Saturday, 26 January 2013

ആളൊരുങ്ങി, അരങ്ങുണരുന്നു


 


പടനായകര്‍ രംഗ പ്രവേശം ചെയ്തു. ഇനി യുദ്ധത്തിന്‍റെ  കാഹളം മുഴങ്ങുകയേ വേണ്ടൂ. രാഹുല്‍ ഗാന്ധിയും നരേന്ദ്ര മോഡിയും ഗോദയില്‍ നേര്‍ക്ക്‌ നേര്‍. ആരായിരിക്കും യു പി എയെയും എന്‍ ഡി എയെയും നയിക്കുക എന്ന് കോണ്‍ഗ്രസ്സും ബി ജെ പിയും പരസ്യമായി  പറഞ്ഞിട്ടില്ല എങ്കില്‍ കൂടി പരോക്ഷമായി, രാഹുലും മോഡിയും തമ്മിലാകും മത്സരം എന്ന് ഉറപ്പിച്ച രീതിയില്‍ ആണ് പ്രചാരണ മാനേജര്‍മാര്‍ കാര്യങ്ങള്‍ കൈകാര്യം ചെയുന്നത്. പൊതു ജനമദ്ധ്യത്തില്‍ ഇങ്ങനെ ഒരു ചര്‍ച്ച നടത്തുക എന്നതില്‍ രണ്ടു പാര്‍ട്ടികളും ഏറെക്കുറെ വിജയിക്കുകയും ചെയ്തതോടൊപ്പം പ്രാദേശിക  പാര്‍ട്ടികളില്‍ നിന്നുള്ള പ്രധാനമന്ത്രി മോഹികളെ ഒരു പരിധിവരെ അകറ്റി നിര്‍ത്തുവാനും തത്ക്കാലത്തേക്ക് അവര്‍ക്കായി.


ജയപ്പൂരില്‍ നടന്ന ചിന്തന്‍ ശിബിരത്തിലൂടെ ആണ് കോണ്‍ഗ്രസ്‌ രാഹുല്‍ ഗാന്ധിയെ നേതൃത്വത്തിലേക്ക് കൊണ്ട് വന്നത് എങ്കില്‍  ബി ജെ പി എന്ന പാര്‍ട്ടിക്ക് യാതൊരു പ്രാധാന്യവും കല്‍പ്പിക്കാതെ സംഘപരിവാര്‍  ആണ്  വ്യക്തമായ മുന്നൊരുക്കത്തിലൂടെ   നരേന്ദ്ര മോഡിയെ പ്രധാന മന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നത്.   ബി ജെ പി എന്ന പാര്‍ട്ടിയെ  സംഘ പരിവാര്‍ പൂര്‍ണ്ണമായും ഹൈ ജാക്ക് ചെയ്തതിന് ഏറ്റവും പ്രധാനമായ തെളിവ് ആണ് നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയത്


അധികാര സ്ഥാനങ്ങളില്‍ നിന്ന് പുറം തിരിഞ്ഞു നില്‍ക്കുകയായിരുന്ന രാഹുലിനെ, മറ്റൊരു നിഷേധിക്കലിനു അവസരം കൊടുക്കാതെ, സമര്‍ത്ഥമായി നടത്തിയ  കരുനീക്കങ്ങള്‍ക്കൊടുവില്‍ അധികാരക്കസേരയില്‍ പിടിച്ചിരുത്തുവാന്‍ ഹൈക്കമാണ്ടിനു സാധിച്ചു. ചിന്തന്‍  ശിബിരത്തിലും   സൌമ്യനായ ഒരു നിഷേധിയുടെ സ്വരത്തില്‍ ആയിരുന്നു രാഹുലിന്‍റെ  പെരുമാറ്റം. യുവ ജനങ്ങളെ രാഷ്ട്രീയ നേതൃത്വത്തിലേക്ക് കൊണ്ട് വരികയും അവരിലൂടെ നവ ഭാരത സൃഷ്ടി നടത്തുകയും ആണ് രാഹുല്‍ വിഭാവന ചെയ്യുന്നത്. ജയപ്പൂരില്‍ കോണ്‍ഗ്രസിനെ ശുദ്ധീകരിക്കുക എന്ന നിശ്ചയ ദാര്‍ഢ്യ ത്തില്‍ ഇറങ്ങി പുറപ്പെട്ട പോലെ,  കോണ്‍ഗ്രസിനെയും അതിന്‍റെ  വൃദ്ധ നേതൃത്വത്തേയും നിശിതമായി വിമര്‍ശിക്കുന്നതില്‍ ആയിരുന്നു രാഹുല്‍ കൂടുതല്‍ സമയവും ചിലവഴിച്ചത്. രാഹുലിന്‍റെ  പ്രസംഗം കോണ്‍ഗ്രസിലെ തന്നെ അധികാരത്തിനു പുറത്തു നില്‍ക്കുന്നവരെയും വിമത സ്വരം പുറപ്പെടുവിച്ചു ഇടഞ്ഞു നില്‍ക്കുന്നവരെയും ഊര്‍ജ്ജസ്വലരാക്കുവാന്‍ ഒരു പക്ഷെ സഹായിച്ചേക്കാം. രാഷ്ട്രത്തെ ശക്തിപ്പെടുത്തണമെങ്കില്‍ അല്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തണമെങ്കില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തണം എന്ന തിരിച്ചറിവ് ആയിരിക്കാം രാഹുലിനെ നിയന്ത്രിക്കുന്നത്‌.

 

കുടുംബ വാഴ്ച ആയിരിക്കും രാഹുലിലൂടെ കോണ്‍ഗ്രസ്‌ നേതൃത്വം ഉദ്ദേശിക്കുന്നത് എങ്കിലും രാഹുല്‍ അവസരം  കിട്ടുമ്പോഴൊക്കെ കുടുംബ വാഴ്ച്ചക്ക് എതിരെ സംസാരിക്കുകയും, കുടുംബ വാഴ്ച്ചയ്ക്കുപരി,  തന്‍റെ  പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മാത്രമാണ് താന്‍ ഇന്നത്തെ നിലയില്‍ എത്തിയത് എന്നും വീമ്പിളക്കാറുണ്ട്.  ഭരണ പരിചയം തീരെ ഇല്ലാത്തത് തന്നെ   ആയിരിക്കും രാഹുലിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാന അയോഗ്യത. രാജ്യം പ്രധാനമായ പ്രശ്നങ്ങള്‍ അഭിമുഖീകരിച്ചപ്പോള്‍ ഒന്നും രാഹുലിനെ ഒരിടത്തും കണ്ടിരുന്നില്ല  പ്രധാന വിഷയങ്ങളില്‍ ഒന്നും    അഭിപ്രായം പറഞ്ഞില്ല എന്നതും രാഹുലിന്‍റെ  പോരായ്മയാണ്.  രാഹുലിന് ഇത് വരെ ഒരു ജനകീയ നേതാവാകുവാന്‍ കഴിഞ്ഞിട്ടില്ല.. ഉത്തര്‍ പ്രദേശിലും , ബീഹാറിലും  തെരഞ്ഞെടുപ്പിന്‍റെ  നേതൃത്വം ഏറ്റെടുത്തു എങ്കിലും അവിടങ്ങളിലെ പ്രാദേശിക വിഷയങ്ങളില്‍ ഇടപെടുവാനോ  ജനങ്ങളുടെ വിശ്വാസ്യത നേടിയെടുക്കാനോ കഴിഞ്ഞില്ല പത്രക്കാരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറി നടക്കുകയും പ്രധാന വിഷയങ്ങളില്‍ അഭിപ്രായം പറയാതിരിക്കുകയും ചെയ്യുന്നത് പ്രധാനമന്ത്രിയാകാന്‍ തയ്യാറാവുന്ന ഒരു  നേതാവിന് യോജിച്ചതല്ല. . ഇന്ത്യയെ കുറിച്ച് തനിക്കൊരു സ്വപ്നം ഉണ്ടെന്നും  ഇന്ത്യന്‍ യുവ ജനത സ്വപ്നം കാണണം എന്നും പറയുന്നതല്ലാതെ ഇന്ത്യയിലെ സാമൂഹിക മണ്ഡലത്തില്‍ എങ്ങനെ വികസനം കൊണ്ട് വരണം എന്നതിനെ കുറിച്ച്  വ്യക്തമായ രൂപം ഇല്ലാത്ത നേതാവാണ്‌ രാഹുല്‍ ഗാന്ധി. നെഹ്‌റു ഗാന്ധി കുടുംബത്തിലൂടെ ജനങ്ങളുടെ ഇടയിലേക്ക് കെട്ടിയിറക്കപ്പെട്ട ഒരു നേതാവില്‍ നിന്ന് ജനം ഇതില്‍ കൂടുതല്‍ പ്രതീക്ഷിച്ചു.. സാമ്പത്തീക സാമൂഹിക മേഖലയില്‍ മാത്രമല്ല വിദേശ നയ രൂപീകരണ വിഷയങ്ങളിലും വ്യക്തമായ ഒരു അഭിപ്രായം പറയുവാന്‍ രാഹുലിന് ആവുന്നില്ല . ദളിതരോടൊപ്പം ഉണ്ടും ഉറങ്ങിയും അവരോടു ഐക്യദാര്‍ഢ്യം  പ്രകടിപ്പിക്കുവാന്‍ ശ്രമിച്ചെങ്കിലും അവരുടെ വിഷയങ്ങളിലും വേണ്ടത്ര ആഭിമുഖ്യം പ്രകടിപ്പിക്കുവാന്‍ കഴിഞ്ഞിട്ടില്ല.  മുന്നില്‍ നിന്ന് നയിക്കുവാന്‍ കിട്ടിയ പല അവസരങ്ങളും നഷ്ടപ്പെടുത്തുകയും ജനങ്ങളുടെ പ്രശ്നങ്ങളില്‍ നിന്ന് മുഖം തിരിക്കുകയും ചെയ്തതായിട്ടാണ് ജനങ്ങള്‍ക്ക്‌ പലപ്പോഴും തോന്നിയിട്ടുള്ളത്. ഇന്ത്യ നേരിടുന്ന ഏറ്റവും പ്രധാന പ്രശ്നങ്ങള്‍, ജാതിയുടേയും മതത്തിന്‍റേയും ഗോത്രത്തിന്‍റേയും നേതൃത്വത്തിലുള്ള വോട്ടു ബാങ്കുകളും  നേതാക്കളുടെ അഴിമതിയും ആണെങ്കിലും  സെന്‍സിറ്റീവ് ആയ ഈ വിഷയങ്ങളില്‍ ഇന്ത്യക്ക് എങ്ങനെ നേതൃത്വം കൊടുക്കും എന്നതിന് ഒരു രൂപ രേഖ ഇനിയും ഉരുത്തിരിഞ്ഞിട്ടില്ല.  

വിദേശത്തുള്ള കള്ളപ്പണ വിഷയത്തിലും അഴിമതിക്കെതിരായ അണ്ണാ ഹസാരെയുടെ സമരങ്ങളിലും ഡല്‍ഹി കൂട്ട മാനഭംഗ വിഷയത്തിലും, ഈയിടെ ഉണ്ടായ ഇന്ത്യ പാകിസ്താന്‍ സംഘര്‍ഷങ്ങളിലും   രാഹുലിന്‍റെ  ശബ്ദം ഒരു നേതാവിന്‍റേതായിരുന്നില്ല.  

കോണ്‍ഗ്രസ് പ്രസിഡന്‍റ്‌ പദവി രാഹുലിന് കൊടുത്ത്, യു പി എ അധ്യക്ഷ സ്ഥാനം നില നിര്‍ത്തി പൊതു തെരഞ്ഞെടുപ്പിന് ശേഷം സമ്പൂര്‍ണ്ണ   രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കാനായിരുന്നു സോണിയയുടെ ആഗ്രഹം എങ്കിലും രണ്ടാം യു പി എ സര്‍ക്കാരിന്‍റെ ജനദ്രോഹപരമായ തീരുമാനങ്ങള്‍ ഓരോ ഇന്ത്യക്കാരനിലും ഏല്‍പ്പിച്ച മുറിവുകള്‍ ഉണങ്ങുന്നതിന് മുമ്പ്  ഒരു വിരമിക്കലിന് കോണ്‍ഗ്രസ് മേലാളന്മാര്‍ സോണിയക്ക് അനുമതി കൊടുത്തിട്ടില്ല.  അഴിമതിയും യുവ ജനങ്ങളുടെ രോഷ പ്രകടനങ്ങളും കണ്ട, പോയ വര്‍ഷങ്ങളില്‍ ഡീസല്‍ പെട്രോള്‍ പാചക വാതക സബ്സിഡികള്‍ എടുത്തു കളഞ്ഞ്  ജനജീവിതം ദുസ്സഹമാക്കിയ ഈ ഭരണത്തിനു ശേഷം എന്ത് പറഞ്ഞു കൊണ്ടാവും രാഹുല്‍ ജനങ്ങളെ അഭിമുഖീകരിക്കുക?. രാഹുലിനെ പോലെ ഒരു പുതു മുഖത്തെ മുന്നില്‍ നിര്‍ത്തി, നെഹ്‌റു ഗാന്ധി പാരമ്പര്യത്തിലൂടെ വീണ്ടും അധികാരത്തില്‍ എത്താമെന്നായിരിക്കണം കോണ്‍ഗ്രസ്സിന്‍റെ  മനപ്പായസം.

 മറു വശത്താകട്ടെ വര്‍ഗീയ വാദി ആയ നരേന്ദ്ര മോഡി ബി ജെ പിയുടെ അകത്തളങ്ങളിലെ പ്രതി ബന്ധങ്ങളെ ആര്‍ എസ് എസ്സി ന്‍റേയും സംഘികളുടെയും പിന്തുണ കൊണ്ട് ഇല്ലാതാക്കി, ഡല്‍ഹി പിടിച്ചെടുക്കുക എന്ന ഒറ്റ ചിന്തയില്‍ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചു കൊണ്ടിരിക്കയാണ്.   മിതവാദികളായ  സുഷമയും അരുണ്‍ ജെയ്റ്റ്ലിയും നിതിന്‍ ഗദ്കരിയും സാക്ഷാല്‍ അദ്വാനിയും   മോഡിയുടെ ജൈത്ര യാത്രയുടെ  പുകമറയില്‍ വീണു പോയി. ഗുജറാത്തില്‍ നടന്ന തെരഞ്ഞെടുപ്പിലൂടെ മൂന്നാമതും വിജയ രഥത്തില്‍ ഏറുവാനും അവിടെ പാര്‍ട്ടിയെ കൈക്കുമ്പിളില്‍ ഒതുക്കുവാനും മോഡിക്ക് കഴിഞ്ഞത് മോഡിയുടെ വിജയം തന്നെ ആണ്. ഒരു വിഭാഗം ജനങ്ങളെ എന്നും കൂടെ നിര്‍ത്തുവാനും അവര്‍ക്ക് വേണ്ടതൊക്കെ നല്‍കുമ്പോള്‍ മറ്റൊരു വിഭാഗം ജനങ്ങളെ കടുത്ത ദുരിതത്തിലേക്ക് തള്ളി വിടുവാനും   വെറുപ്പും വിദ്വേഷവും നിലനിര്‍ത്തുവാനും  മോഡിയെ  പോലൊരു നേതാവിനെ കഴിയൂ.  വ്യക്തമായ ആസൂത്രണത്തിന്‍റെയും   ഭരണ നിപുണതയുടെയും ഉദാഹരണം ആണ് നരേന്ദ്ര മോഡി. ഗുജറാത്തില്‍ പത്തു ശതമാനത്തിലധികം ജനസംഖ്യ ഉള്ള ന്യൂന പക്ഷ സമുദായത്തിലുള്ളവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ ഒരൊറ്റ സീറ്റും കൊടുക്കാതെ, പാര്‍ട്ടിയിലെ തന്നെ ഒരു  മുസ്ലീം നേതാവിനെയും തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് ഇറക്കാതെ, ആര്‍ എസ് എസ്സിന്‍റെ  അജണ്ട വ്യക്തമായി നടപ്പിലാക്കിയ  നേതാവാണ്‌ മോഡി. അങ്ങനെ ഒരു അജണ്ട പ്രവര്‍ത്തീകമാക്കുവാന്‍  നരേന്ദ്ര മോഡിക്ക് മാത്രമേ കഴിയൂ എന്ന തിരിച്ചറിവില്‍ ആണ് സംഘി നേതൃത്വം. എതിര്‍ പാര്‍ട്ടികളില്‍ മാത്രമല്ല സ്വന്തം പാര്‍ട്ടിയില്‍ പോലും ഒരു രണ്ടാം നിര നേതൃത്വം വളര്‍ന്നു വരുവാന്‍ ആഗ്രഹിക്കാത്ത നേതാവാണ്‌ നരേന്ദ്ര മോഡി.

 
വര്‍ഗീയ അക്രമങ്ങള്‍ അഴിച്ചു വിട്ടും വര്‍ഗീയമായി വിഘടിപ്പിച്ചും മാത്രമാണ് ബി ജെ പി എന്നും അധികാരത്തില്‍ കയറിയിട്ടുള്ളത്‌. വാജ്പേയിയെ പോലെ ഉള്ള ഒരു മൃദു നേതാവിനെ അല്ല, ആര്‍ എസ് എസ്സിന് ഇന്ന് ആവശ്യം. മോഡിയെ പോലെ ഉള്ള ഒരു ഹാര്‍ഡ് ലൈനറെ  ആണ്.. അടുത്ത പൊതു തെരഞ്ഞെടുപ്പിന് മുന്‍പ് അധികാരത്തില്‍ മുത്തമിടുവാന്‍ മറ്റൊരു വര്‍ഗീയ ലഹള ആവശ്യമാണ്‌ എങ്കില്‍ അത് നടത്തുവാനും മോഡിയും കൂട്ടരും തുനിയാതിരിക്കില്ല. ഇന്ത്യ കണ്ട ഏറ്റവും വലിയ കുശാഗ്ര ബുദ്ധികളില്‍ ഒരാളാണ് നരേന്ദ്ര മോഡി .

 വാല്‍ക്കഷണം:-  ചെറുതും വലുതുമായ പ്രാദേശിക പാര്‍ട്ടികള്‍ ആവും ഇക്കുറി തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാവുന്നത്. ഉത്തര്‍ പ്രദേശില്‍ മുലായം സിങ്ങും, മായാവതിയും, ബീഹാറില്‍ നിതീഷ് കുമാറും ലാലുവും ശരദ് യാദവും പാസ്വാനും, ബംഗാളില്‍ മമതയും, ഒഡീസയില്‍ നവീന്‍ പട്നായക്കും, മഹാരാഷ്ട്രയില്‍ ശരദ് പവാറും, ആന്ധ്രയില്‍ ജഗന്‍ മോഹന്‍ റെഡിയും ചന്ദ്ര ബാബു നായിഡുവും കര്‍ണാടകയില്‍ യെദിയൂരപ്പയും ഗൌഡയും തമിഴ് നാട്ടില്‍ ജയലളിതയും കരുണാനിധിയും വരെ ആയിരിക്കും ഇക്കുറി തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക ശക്തികള്‍ ആവുക.  കേന്ദ്ര മന്ത്രി സഭയില്‍ പങ്കാളിയായിട്ടില്ല എങ്കില്‍ കൂടി സര്‍ക്കാര്‍ രൂപീകരണത്തില്‍ പലപ്പോഴും നിര്‍ണ്ണായക ശക്തികളായിരുന്ന ഇടതു പക്ഷ കക്ഷികള്‍ അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ വിഷയ, നേതൃത്വ ദാരിദ്രത്തില്‍ പെട്ടുഴലുന്ന ദുരവസ്ഥയും കാണാം- പരിതാപകരമാണത് .  
 

1 comment:

  1. ആശയ്ക്ക് വകയുള്ള ആരുമില്ല

    ReplyDelete