Thursday, 30 October 2014

റോമായിലെ വിശേഷങ്ങള്‍

   റോമായിലെ വിശേഷങ്ങള്‍

ഒരു സ്വപ്ന സാക്ഷാത്ക്കാരം. കുടുംബവുമായി ഒരു യൂറോപ്യന്‍ പര്യടനം. ഇറ്റലി, വത്തിക്കാന്‍, ആസ്ത്രിയ, സ്വിറ്റ്സര്‍ലന്‍ഡ്, ഫ്രാന്‍സ്, തുടങ്ങിയ രാജ്യങ്ങള്‍. ഞങ്ങളുടെ കമ്പനിയില്‍ നിന്ന് തന്നെയുള്ള  ജോണ്‍സനും കുടുംബവും ബിജുവും അദേഹത്തിന്റെ കുടുംബവും മാത്രമല്ല ഞങ്ങളുടെ അടുത്ത സുഹൃത്തായ പാര്‍ത്ഥസാരഥിയും കുടുംബവും. ഇന്ത്യയിലെ പ്രശസ്തമായ ടൂര്‍ ഓപ്പറേറ്റിങ് കമ്പനി ആയ കോക്സ് ആന്‍ഡ്‌ കിംഗ്സ് ആണ് ടൂര്‍ അറേഞ്ച് ചെയുന്നത്. ഞങ്ങള്‍ക്കൊപ്പം പരിചയമില്ലാത്ത മറ്റ് എട്ടു കുടുംബങ്ങള്‍ കൂടി. കുട്ടികള്‍ അടക്കം എല്ലാവരും ടൂര്‍ എന്ന് കേട്ടപ്പോള്‍ മുതലേ വലിയ  ത്രില്ലില്‍ ആയിരുന്നു. യാത്രക്കുള്ള ഒരുക്കങ്ങള്‍ വളരെ മുന്നേ തുടങ്ങിയിരന്നു.  ഇറ്റലി, സ്വിറ്റ്സര്‍ലന്‍ഡ് ഒഴികെയുള്ള മറ്റു രാജ്യങ്ങള്‍ ഞാന്‍ സന്ദര്ശിച്ചിട്ടുള്ളതിനാല്‍ ഈ രാജ്യങ്ങളിലെ  വിവരങ്ങള്‍ അറിയുവാന്‍ ആയിരുന്നു എന്റെ ശ്രമങ്ങള്‍. 

അബുദാബി എയര്‍പോര്‍ട്ടില്‍ നിന്ന് രാത്രിയുള്ള അലിറ്റാലിയ വിമാനത്തില്‍ ആണ് ഞങ്ങള്‍ യാത്ര തിരിക്കേണ്ടത്. ഒന്‍പതു മണിയോടെ   ഞങ്ങള്‍ കരാമയിലെ കോക്സ് ആന്‍ഡ്‌ കിംഗ്സ് ഓഫീസിനടുത്തുള്ള പാര്‍ക്കിങ്ങില്‍ ഞങ്ങള്‍ക്കായി കരുതിയ ബസ്സില്‍ ലഗേജും ആയി എത്തി. വാഹനത്തില്‍ ഇരുപതോളം പേരെ ഉള്ളൂ. ബാക്കിയുള്ളവര്‍ അബുദാബി എയര്‍പോര്‍ട്ടില്‍ എത്തും. പതിനൊന്നു മണിയോടെ ഞങ്ങള്‍ എയര്‍ പോര്‍ട്ടില്‍ എത്തി. ചെക്കിന്‍ ഒക്കെ വളരെ എളുപ്പത്തില്‍ നടന്നു. പരിചയമില്ലാത്ത കുടുംബങ്ങളെ ഒക്കെ ഞങ്ങള്‍ പരിചയപ്പെട്ടു. രാത്രി രണ്ടു മണിയോടെ വിമാനം ആകാശത്തിലെക്കുയര്‍ന്നു. 

രാവിലെ ഏഴു മണിക്ക് അലിറ്റാലിയ  വിമാനം റോമിലെ ലിയോനാര്‍ഡോ ഡാവിഞ്ചി വിമാനത്താവളത്തില്‍ പറന്നിറങ്ങി. അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് എമിഗ്രേഷന്‍ എരിയയിലെക്ക് ഉള്ള ദൂരം ട്രെയിനില്‍ ആണ് യാത്ര ചെയ്തത്. ബാഗേജും ആയി പുറത്തിറങ്ങിയപ്പോള്‍ സ്യുട്ട് ധരിച്ച ഒരു മധ്യവയസ്കന്‍ കോക്സ് ആന്‍ഡ്‌ കിംഗിന്റെ ഒരു പോസ്റ്ററും പിടിച്ചു  ആഗമന ഏരിയയില്‍ നില്‍ക്കുന്നു. ഞങ്ങള്‍ നാല്‍പ്പതു  പേരും ഓരോരുത്തരായി പോയി ഹാജര്‍ വച്ച്. അവിടെ  വച്ച് തന്നെ അദേഹത്തിന്റെ നാവില്‍ നിന്ന് ഹലോജി എന്ന   ഒരു പുതിയ പദം കേട്ടതിലുള്ള നെടുവീര്‍പ്പില്‍ ആയിരുന്നു ഞങ്ങള്‍ എല്ലാവരും. എന്തിനും ഏതിനും ഹലോജി എന്ന അഭിസംബോധന   കൊണ്ടായിരുന്നു അദേഹത്തിന്റെ തുടക്കം. എയര്‍ പോര്‍ട്ടിലെ കാശ് കൈമാറ്റം ചെയുവാനുള്ള കൌണ്ടറിനെ കുറിച്ചും പണം പിന്‍വലിക്കുവാന്‍ ഉള്ള എ ടി എം മെഷീനുകളെ കുറിച്ചും ഒരു ഹ്രസ്വ പ്രസംഗം തന്നെ അദേഹം നടത്തി. ഈ ടൂറില്‍ പല ഓപ്ഷണല്‍ പാക്കേജുകള്‍ ഉണ്ടെന്നും അതിനൊക്കെ പണം വേണമെന്നും അദേഹം ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്നു. വീണ്ടും  ഹാജര്‍ എടുത്തു അദേഹം ഞങ്ങളെ ഹോട്ടലിലേക്ക് കൊണ്ട് പോകാന്‍ വന്ന ബസ്സില്‍ കയറ്റി. 

 പുറത്ത് കനത്ത മഴ. മഴ കണ്ടപ്പോള്‍ ഗള്‍ഫില്‍ നിന്ന് പോയ ഞങ്ങള്‍ക്ക് ആദ്യം ഒരു കുളിര്‍മ തോന്നിയെങ്കിലും പലരുടെയും മുഖം മഴക്കാറ് നിറഞ്ഞ ആകാശം പോലെയായി. ഇത്രേം പണോം കൊടുത്ത് ഇറ്റലി കാണാന്‍ വന്നപ്പോള്‍ ഇത് പോലെ കനത്ത മഴ പെയ്താല്‍ ഇറ്റലിയില്‍ എന്തു കാണും എന്ന ആശങ്ക.  ഹലോജി എന്ന പേര് ഞങ്ങള്‍  ചാര്‍ത്തി കൊടുത്ത യെസ്ഡി എന്ന ഞങ്ങളുടെ, ലണ്ടനില്‍ സ്ഥിര താമസമാക്കിയ  മുംബൈക്കാരന്‍ ടൂര്‍ മാനേജര്‍ എന്ന ഗൈഡ് ബസ്സിലെ മൈക്ക് അപ്പോഴേക്കും കൈക്കലാക്കി, ഞങ്ങളെ സമാധാനിപ്പിച്ചു. കഴിഞ്ഞ നാല് ദിവസമായി ഇറ്റലിയില്‍ നല്ല ചൂടായിരുന്നു. സാധാരണ നാല് ദിവസം നല്ല ചൂടുണ്ടായാല്‍ അഞ്ചാം ദിവസം ഇറ്റലിയില്‍ മഴ പെയ്യുമെന്നും, മഴ കഴിഞ്ഞാല്‍ വീണ്ടും പഴയ പോലെ ആകാശം സൂര്യ ശോഭയില്‍ തിളങ്ങുമെന്നും അറിയിച്ചപ്പോള്‍ ആണ് പലര്‍ക്കും ശ്വാസം നേരെ വീണത്‌. ഏകദേശം ഒരു മണിക്കൂര്‍ ബസ്സില്‍ യാത്ര ചെയ്തു വേണം റോമിന്റെ പ്രാന്ത പ്രദേശമായ ഫിയാനോ എന്ന ചെറു പട്ടണത്തില്‍ എത്തുവാന്‍... യൂറോപ്പിനെ കുറിച്ച് സ്വപ്നങ്ങളുമായി വന്ന പലരുടെയും മുഖം കരുവാളിച്ചിരിക്കുന്നത് ഞാന്‍ കണ്ടു. കാരണം എന്തെന്നല്ലേ, കുറെ സൂര്യകാന്തി പാടങ്ങളും പുല്‍മേടുകളും കൃഷിയിടങ്ങളും മാത്രം ഉള്ള ഒരു പ്രദേശത്തു കൂടി ആണ് ഞങ്ങളുടെ  വാഹനം മുന്നോട്ടു പോയിക്കൊണ്ടിരുന്നത്. ഒരു മാതിരി തമിഴ്നാട്ടിലെ കൃഷിയിടങ്ങളില്‍  കൂടി പോകുന്ന അനുഭവം. ഇതാണോ ഇറ്റലി, ഇത് കാണാനാണോ നമ്മള്‍ വന്നത് എന്ന മുഖഭാവം. 

ഇതിനിടയില്‍ ഹലോജി, ഇറ്റലിയെ കുറിച്ചും ഞങ്ങളുടെ ട്രിപ്പിനെ  കുറിച്ചും വാചാലനാകാന്‍  തുടങ്ങി. പിന്നില്‍ ഇരിക്കുന്ന ഞങ്ങള്‍ കരുതി ഹലോജി, ഏതോ ബുക്ക് നോക്കി വായിക്കുകയാണ് എന്ന്. അത്രക്ക് വ്യക്തതയോടെ ഓരോ സ്ഥലത്തെ കുറിച്ചും അയ്യാള്‍ വിക്കിപീഡിയ പോലെ ഞങ്ങളോടെ സംസാരിച്ചു കൊണ്ടിരുന്നു. യൂറോപ്പില്‍ നിയമം ഭയങ്കര കാര്‍ക്കശ്യം ആണെന്നും അതിനാല്‍ നിയമം അനുസരിക്കണം, ബസ്സില്‍ പോലും പൊടിയോ പോട്ടോ ഇടാന്‍ പാടില്ല, പോലീസ് ചെക്ക് ചെയ്യും, എന്നൊക്കെ പേടിപ്പിച്ചു. അത് പോലെ രണ്ടു ഓപ്ഷണല്‍ ടൂര്‍ ഈ യാത്രയില്‍ ഉണ്ടാകും, അതില്‍ ഒന്ന് സ്വിറ്റ്സര്‍ലാന്‍ഡിലെ യുങ്ങ്ഫ്രു എന്ന യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയിലേക്കുള്ള യാത്ര ആണ്. അതിനു പോകണം എങ്കില്‍ ആളൊന്നിനു 135 യൂറോ നല്‍കണം. രണ്ടു ഫ്രാന്‍സിലെ ലിഡോ ഷോ ആണ്. മോളിന്‍ റോ എന്ന ഈ ഷോയില്‍ കാബറെ ഡാന്‍സും പാരീസിലെ സുന്ദരികളായ നര്‍ത്തകികളുടെ നഗ്ന മാറിട പ്രദര്‍ശനവും ആണ്. ഇതില്‍ പതിനാറു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനമില്ല. ഇതിനായി ഓരോരുത്തരും 150 യൂറോ കൊടുക്കണം. അത് പോലെ ബസ്സിന്‍റെ ഡ്രൈവര്‍ക്ക് ഓരോ ആളും ഓരോ ദിവസം രണ്ടു യൂറോ വീതം ടിപ്പ് നല്‍കണം. പന്ത്രണ്ടു ദിവസത്തിനു പകരം പത്തു ദിവസത്തെ ടിപ്പ് ആയ ഇരുപതു യൂറോ ഒരാള്‍ക്ക് വീതം എല്ലാവരും ആദ്യ ദിവസം  തന്നെ ഈ ടിപ്പ് തുക  നല്‍കണം. യുങ്ങ്ഫ്രുവില്‍ പോകുവാന്‍ എല്ലാവരും തയ്യാര്‍ ആയി, ടിപ്പ് നല്‍കാനും. പക്ഷെ ലിഡോ ഷോയില്‍ പങ്കെടുക്കുവാന്‍ എന്തു കൊണ്ടോ ആരും തയ്യാറായില്ല, ഒരു പക്ഷെ എല്ലാവരും കുട്ടികളും ആയി ടൂറിനു വന്നത് കൊണ്ടാവും. . 

ബസ്സില്‍ വച്ച് തന്നെ ഹലോജി പറഞ്ഞു, ഹോട്ടല്‍ ചെക്ക് ഇന്‍  ടൈം രണ്ടു മണിയാണ്, പക്ഷെ പന്ത്രണ്ടു മണി മുതല്‍ റൂം കിട്ടിത്തുടങ്ങും. അത് വരെ ഞങ്ങള്‍ ലോബ്ബിയില്‍ ഇരിക്കണം. അത് പോലെ ഒഫീഷ്യല്‍ ടൂര്‍ ആരംഭിക്കുന്നത് അന്ന് വൈകുന്നേരം മുതല്‍ ആണ്. അതിനാല്‍  ബ്രേക്ക്ഫാസ്റ്റ്, ലഞ്ച് എന്നിവ ഞങ്ങള്‍ തന്നെ കണ്ടെത്തണം. എല്ലാവരും  പിറുപിറുത്തു കൊണ്ട്  പ്രിന്‍സ് ഇന്‍ എന്ന ഞങ്ങളുടെ ആദ്യ ദിവസത്തെ ഹോട്ടലിലേക്ക് കയറി. അതാ ഒരു പറ്റം ചൈനക്കാര്‍ ഹോട്ടലില്‍ നിന്നും ചെക്ക് ഔട്ട്‌ നടത്തുകയാണ്. ഞങ്ങള്‍ ലോബ്ബിയില്‍ ഇരുന്നു. അനേകം റൂമുകള്‍ ഉണ്ടെങ്കിലും മൂന്നു നിലയുള്ള ആ ഹോട്ടല്‍ പഴകിയതും ചെറുതും ആണ് എന്ന് ഞങ്ങള്‍ക്ക് തോന്നി. പക്ഷെ ഹലോജി, ഞങ്ങളോട് പറഞ്ഞിരുന്നു. യൂറോപ്പിലെ ഹോട്ടലുകള്‍ ദുബായിലേതു പോലെ ആര്‍ഭാടങ്ങള്‍ ഉള്ളതല്ല. അത് പോലെ റോമ സിറ്റിയില്‍ ഗ്രൂപ്പുകള്‍ക്ക് താമസിക്കുവാന്‍ ഹോട്ടലുകള്‍ കിട്ടില്ല. അതിനാല്‍ നഗരത്തില്‍ നിന്ന് മാറി  ഹൈവേയ്ക്ക് അടുത്തുള്ള ഹോട്ടലുകളില്‍ ആണ് താമസ സൌകര്യം ഒരുക്കിയത് എന്ന്. ( ആദ്യമായി ടൂറിനു വരുന്ന ഞങ്ങളെയൊക്കെ കളിപ്പിച്ചത് ആണോ എന്ന് സംശയം തോന്നാതിരുന്നില്ല)

ഞായര്‍ ആയതിനാല്‍ വളരെ ചെറിയ ആ പ്രദേശത്തെ മിക്ക കടകളും അടഞ്ഞു കിടക്കുന്നു. ഭക്ഷണ ശാലകള്‍ അടുത്തെങ്ങും ഉള്ളതായി കാണുന്നില്ല. അവിടെ ടൂറിസ്റ്റുകള്‍ക്ക് താമസിക്കുവാന്‍ വേണ്ടി  മാത്രമുള്ള കുറെ ഹോട്ടലുകള്‍, ഒരു അനിമല്‍ സൂപ്പര്‍ മാര്‍ക്കറ്റ്, റോഡിനു എതിര്‍ ഭാഗത്തായി ഒരു സെക്സ് ഷോപ്പ് , അതിനോടനുബന്ധിച്ചു ബാര്‍, അങ്ങനെ ചിലതൊക്കെ മാത്രം ആണ് ഞങ്ങള്‍ക്ക് കാണുവാന്‍ സാധിക്കുന്നത്. ലോബ്ബിക്കടുത്തുള്ള വാഷ് റൂമില്‍ പോയി എല്ലാവരും പല്ലു തേച്ചെന്നു വരുത്തി. കുട്ടികള്‍ക്ക് വിശക്കുന്നു, ഞങ്ങള്‍ പതുക്കെ ഇട വഴിയിലൂടെ നടന്നു. പെട്ടിക്കടകള്‍ പോലുള്ള ഭക്ഷണ ശാലകള്‍ക്കും ബാര്‍ എന്ന ബോര്‍ഡ്, പക്ഷെ എല്ലാം അടച്ചിട്ടിരിക്കുന്നു. നമ്മുടെ ഗ്രാമ പ്രദേശത്തെ ബേക്കറി പോലെ തോന്നിപ്പിക്കുന്ന ഒരു ചെറിയ ബാര്‍ മാത്രം തുറന്നിരിക്കുന്നു. അവിടെ ഇറ്റലിയിലെ ചില ബേക്കറി ഐറ്റംസ്, കേക്കുകള്‍, കോഫി, പലതരം വൈന്‍ തുടങ്ങിയവ ഉണ്ട്... ഞങ്ങള്‍ നാല്‍പ്പതു പേരെ കൊണ്ട് കടയും പരിസരവും നിറഞ്ഞു. ആദ്യം ഒരാള്‍ മാത്രമുണ്ടായിരുന്ന കടയിലേക്ക് ഉടനെ തന്നെ മറ്റു രണ്ടു സ്ത്രീകള്‍ കൂടി എത്തി. അവരെല്ലാവരും ഞങ്ങളുടെ ഓര്‍ഡര്‍ എടുക്കുകയാണ്. ഇറ്റാലിയന്‍ അല്ലാതെ മറ്റൊരു ഭാക്ഷ അവര്‍ക്ക് മനസിലാകില്ല. തൊട്ടു കാണിച്ചും എഴുതി കൂട്ടിയും സാധനങ്ങള്‍ വാങ്ങി ഞങ്ങള്‍ അത്യാവശ്യം വിശപ്പ്‌ മാറ്റി. ആദ്യ സിപ്പ്, വീനോ റോസായില്‍ തുടങ്ങി ഞങ്ങളുടെ ഞങ്ങളുടെ യൂറോപ്യന്‍ പര്യടനം. ഇറ്റലിയില്‍ റെഡ് വൈനിന് പറയുന്നത് വീനോ റോസാ എന്നാണ്. അഞ്ചു വയസാകുന്ന കുട്ടികള്‍ മുതല്‍ എല്ലാവരും അവിടെ വൈന്‍ കുടിക്കും എന്ന് ഹലോജി ബസ്സില്‍ വച്ച് തന്നെ ഞങ്ങളെ ഓര്‍മിപ്പിച്ചിരുന്നു. 

തിരികെ വന്നപ്പോഴേക്ക് ഹോട്ടല്‍ റൂം റെഡി. ഫ്രഷ് ആയി ഒരു ഉറക്കം കഴിഞ്ഞപ്പോള്‍ വീണ്ടും വിശപ്പിന്റെ വിളി. രണ്ടു മണി കഴിഞ്ഞതെ ഉള്ളൂ... ഹോട്ടലില്‍ ഉണ്ടായിരുന്ന ഭക്ഷണ ശാല രണ്ടു മണിക്ക് അടയ്ക്കും പോലും. എന്തായാലും പുറത്തിറങ്ങിയപ്പോള്‍ കൂടെ വന്നവരില്‍ പലരും ഞങ്ങളെ പോലെ ഭക്ഷണം കഴിക്കാനായി കറങ്ങിത്തിരിയുന്നു. ഹോട്ടല്‍ റിസപ്ഷനിസ്റ്റ് ആണ് ഹോട്ടലിനു തൊട്ടു പിന്നിലുള്ള ഷോപ്പിംഗ്‌ മാളിനെ കുറിച്ച് പറഞ്ഞത്. . ഞങ്ങള്‍ ഹോട്ടലിനു പിന്നിലെ ഷോപ്പിംഗ്‌ മാളില്‍ എത്തിയപ്പോള്‍ അവിടെ നിരവധി ഭക്ഷണ ശാലകള്‍, വലിയൊരു ഹൈപ്പര്‍ മാര്‍ക്കറ്റ്. എന്തായാലും ഞങ്ങള്‍,  ഞാനും സുഹൃത്തായ പാര്‍ഥനും കുടുംബവും ഒന്നിച്ചു വയറു നിറയുവോളം പിസ കഴിച്ചു. എട്ടു പേര്‍ പിസ കഴിച്ചതിനു വന്ന ബില്‍ വെറും എട്ടു യൂറോ മാത്രം. ഹൈപ്പര്‍ മാര്‍ക്കറ്റില്‍ കയറി അത്യാവശ്യം അന്ന് രാത്രി സേവയ്ക്ക്  വേണ്ടുന്ന മദ്യം വാങ്ങി. കുറച്ചു പഴങ്ങളും. പഴങ്ങള്‍ക്ക് വളരെ വിലക്കുറവ്. 

ഓരോ ബിയറും നുണഞ്ഞു കൊണ്ട് ഹോട്ടലിലേക്ക് വന്നപ്പോള്‍ മുന്നില്‍ രണ്ടു കന്യാസ്ത്രികള്‍, അതും മലയാളികള്‍. കൂട്ടത്തില്‍ ഞങ്ങളോടൊപ്പം ടൂറിനു വന്ന റോയിയും. തൃശൂര്‍ നിവാസികള്‍ ആയ ഈ കന്യസ്ത്രിമാര്‍ വളരെ വര്‍ഷങ്ങള്‍ ആയി റോമിന് അടുത്തുള്ള ഒരു പുണ്യ കേന്ദ്രത്തിലെ മഠത്തില്‍ ആണ് പോലും താമസം. റോയി വരുന്നതിനാല്‍ റോയിയെ കാണാന്‍ ആണവര്‍ വന്നത്. അവര്‍ വരുമ്പോള്‍ ട്രെയിന്‍ സമരമായിരുന്നു, അതിനാല്‍ കുറെ ബുദ്ധിമുട്ടി ആണ് എത്തിയത് എന്ന് പറഞ്ഞു. കേരളത്തില്‍ മാത്രമല്ല ഇറ്റലിയിലും സമരങ്ങള്‍ നടക്കാറുണ്ട് എന്നവര്‍ പറഞ്ഞു. പിണറായി ഭക്തയായ ജാസ്മിന്‍ ആണ് റോയിയുടെ ഭാര്യ. അവര്‍ക്കൊരു മോനും. 

അഞ്ചു മണിയായപ്പോള്‍ എല്ലാവരും റോമിലേക്ക് പോകുവാന്‍ തയ്യാറായി ബസ്സില്‍ കയറി. ഹലോജി എല്ലാവരുടെയും ഹാജര്‍ എടുക്കുന്നുണ്ടായിരുന്നു. രാവിലെ എയര്‍പോര്‍ട്ടില്‍ നിന്ന് ഞങ്ങളെ കൊണ്ട് വന്ന ബസ്സല്ല, പുതിയൊരു ബസ്സ്‌. ബസ്സില്‍ കയറാന്‍ നേരത്ത് ഞങ്ങള്‍ അറിയാത്ത നാല് പുതിയ കുടുംബങ്ങള്‍. കാനഡയില്‍ നിന്ന് കൈക്കുഞ്ഞുങ്ങളുമായി ഒരു ഡല്‍ഹി കുടുംബം. ഡോ.ആശിഷും അമ്മയും ഭാര്യയും രണ്ടു കൈക്കുഞ്ഞുങ്ങളും. കാനഡയില്‍ നിന്ന് തന്നെ പട്ടേലും ഭാര്യയും. കുവൈറ്റില്‍ നിന്ന് ഒരു അച്ചായനും കുടുംബവും. കുവൈറ്റില്‍ നിന്ന് തന്നെ മറ്റൊരു ഗുപ്തയും കുടുംബവും. അഞ്ചു മണിയായപ്പോള്‍ ഞങ്ങള്‍ എല്ലാവരും ബസ്സില്‍ കയറി. ജോണ്‍സണ്‍ എന്ന എന്‍റെ സുഹൃത്തിനെയും കുടുംബത്തെയും മാത്രം കാണുന്നില്ല. ഒടുവില്‍ ഹലോജി തന്നെ അവരെ തപ്പിപ്പിടിച്ചു കൂടെ കൊണ്ട് വന്നു. 

ഹലോജി മൈക്കിലൂടെ റോമിനെ കുറിച്ചുള്ള കമന്ററി തുടങ്ങി. ബസ്സില്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ ഇടയ്ക്കിടയ്ക്ക് തന്നു കൊണ്ടിരുന്നു. ഞായറാഴ്ച ആയതിനാല്‍ ഒരു മണിക്കൂര്‍ കൊണ്ട് റോമില്‍ എത്താമെന്നും, വിക്കി പീഡിയയില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ ഈ ഒരു മണിക്കൂറില്‍ ഹലോജി ഞങ്ങള്‍ക്ക് പറഞ്ഞു തന്നു. തസ്കരന്മാര്‍ ധാരാളം ഉള്ള പട്ടണം ആണ് റോം, ഇന്ത്യന്‍ പാസ്സ്പോര്‍ട്ട് മോഷ്ടിക്കുവാന്‍ പ്രത്യേക സംഘം ഉണ്ടെന്നു പറഞ്ഞപ്പോള്‍ തന്നെ പാസ്പോര്‍ട്ട് സൂക്ഷിക്കുന്ന കുടുംബ നാഥമാര്‍ കൂടുതല്‍ ജാഗരൂകരായി. റോമിലെ റോഡുകളിലെ തിരക്കുകളെ കുറിച്ചും റോമില്‍ വലിയ ബസ്സുകള്‍ കടത്തിവിടണമെങ്കില്‍ പ്രത്യേക പാസ് എടുക്കെണ്ടുന്നതിനെ കുറിച്ചും ഗ്രൂപ്പായി വരുന്ന ടൂറിസ്റ്റുകള്‍ക്ക് സിറ്റിക്കകത്ത് ഹോട്ടലുകള്‍ താമസ സൌകര്യം പോലും കൊടുക്കില്ല. ഇതെല്ലാം സിറ്റിയിലെ തിരക്ക് നിയന്ത്രിക്കാന്‍ വേണ്ടി ആണ്. 

ഇപ്പോള്‍ ഞങ്ങള്‍ പുരാതന റോമിലെത്തി. ടൈബര്‍ നദിക്കരയില്‍ സ്ഥിതി ചെയുന്ന ഈ പുരാതനവും മനോഹരവുമായ പട്ടണത്തിനു 2500 ല്‍ അധികം വര്‍ഷത്തെ പഴക്കമുണ്ട്. ഐതീഹങ്ങള്‍ പറയുന്നതു ചെന്നായ വളര്‍ത്തിയ ഇരട്ട സഹോദരങ്ങള്‍ ആയ റോമുളാസ്, റെമുസ് എന്നീ സഹോദരന്മാര്‍ ആണ് റോം സിറ്റി പണിയുവാന്‍ തീരുമാനിച്ചത് എന്നാണ്. മലമുകളില്‍ സിറ്റി പണിയണമെന്ന് റോമുളാസും നദിക്കരയില്‍ പണിയണമെന്നു റെമുസും തീരുമാനമെടുക്കുകയും അവര്‍ തമ്മിലുണ്ടായ വാക്കു തര്‍ക്കം റെമുസിന്റെ മരണത്തില്‍ കലാശിക്കുകയും ചെയ്തു എന്നാണ് വിശ്വാസം. ബി സി 504 ല്‍ തന്നെ റിപ്പപ്ളിക്ക് ആയി അറിയപ്പെട്ടിരുന്ന റോമ സമ്പത്തിലും അധികാരശേക്ഷിയിലും വളരെ മുന്നിലായിരുന്നു. ബി സി 27 ല്‍ ആണ് അഗസ്റ്റസ് സീസറിന്റെ നേത്രുത്വത്തില്‍    റോമാ സാബ്രാജ്യം നിലവില്‍ വരുന്നത്. പ്രഗല്‍ഭന്മാരും വികടന്മാരും വിടന്മാരുമായ അനേകം ചക്രവര്‍ത്തിമാര്‍ ( അഗസ്റ്റസ് സീസര്‍, ജൂലിയസ് സീസര്‍, കലിഗുള, നീറോ, ടൈബീരിയസ് തുടങ്ങിയവര്‍) ഭരിച്ച റോമാ സാബ്രാജ്യം.  ഇതില്‍  ജൂലിയസ് സീസറിനെ അറിയാത്തവര്‍ വിരളമായിരിക്കും, കലിഗുള തികഞ്ഞ സെക്സ് മാനിയാക്കും.  നീറോ  ആകട്ടെ റോമ സാബ്രാജ്യം അഗ്നിക്കിരയാക്കുവാന്‍ കല്‍പ്പന കൊടുത്തിട്ട് നഗരത്തെ അഗ്നി വിഴുങ്ങുന്നത് കണ്ടു വീണ വായിച്ചിരുന്നത് വളരെ പ്രസിദ്ധവുമാണ്. കൂടാതെ ക്രിസ്തു ശിക്ഷ്യന്‍ ആയ പത്രോസിനെ തലകീഴായി കുരിശില്‍ തറച്ചതും നീറോ ആണെന്ന് പറയപ്പെടുന്നു.

ക്രിസ്ത്യാനിറ്റിയുടെ തുടക്കം മുതല്‍ വത്തിക്കാന്‍ രൂപീകൃതമാകുന്നത് വരെ പോപ്പിന്‍റെ വാസസ്ഥലവും റോം ആയിരുന്നു. റോമിന്‍റെ ഭരണത്തില്‍ പോപ്പിന്‍റെ ഇടപെടലുകള്‍ ഉണ്ടാവുക പതിവായിരുന്നു. റോമിന്‍റെ പുനരുദ്ധാരണത്തിനും നഗരം കെട്ടിപ്പോക്കുന്നതിനും അതാതു കാലങ്ങളിലെ പോപ്പുമാരുടെ ഇടപെടലുകളും ഉണ്ടായിട്ടുണ്ട്. 


ആദ്യ ദിനം റോമിലെ വീഥികളിലൂടെ ഒരു പനോരമിക് ടൂര്‍ ആണ് പ്ലാന്‍ ചെയ്തിരുന്നത്. വരുന്ന വഴിയില്‍ മാര്‍ക്കസ് അഗ്രിപ്പ പുരാതന റോമിലെ എല്ലാ ദൈവങ്ങള്‍ക്കും ആയി പണി കഴിപ്പിച്ച പന്തിയോന്‍ എന്ന ക്ഷേത്രം കണ്ടു. അത് പോലെ തന്നെ റോമില്‍ അവശേഷിച്ചിട്ടുള്ള ഹെര്‍ക്കുലീസ് ദേവന്‍റെ ക്ഷേത്രവും ഹലോജി ഞങ്ങള്‍ക്ക് കാണിച്ചു തന്നു. 

വഴിയില്‍ ഞങ്ങള്‍ക്ക് വത്തിക്കാന്‍ സിറ്റി എന്ന ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം ഞങ്ങള്‍ക്ക് ഹലോജി കാണിച്ചു തന്നു. നാളെയാണ് വത്തിക്കാന്‍ സിറ്റി കാണുവാന്‍ പോകുന്നത്. റോമിലൂടെ ഒഴുകുന്ന ടൈബര്‍ നദിയില്‍ 2500 വര്‍ഷത്തിനു മുന്‍പ് പണിത പാലം ഇപ്പോഴും ജനങ്ങള്‍ ഉപയോഗിക്കുന്ന വിവരം ആ പാലം കാണിച്ചു തന്നു കൊണ്ട് ഹലോജി പറഞ്ഞപ്പോള്‍ ഞാന്‍ നമ്മുടെ നാട്ടിലെ പാലങ്ങളുടെ അവസ്ഥ ഓര്‍ത്തുപോയി. 

പുരാതന റോമിന്റെ രാഷ്ട്രീയ-സാമ്പത്തിക സിരാകേന്ദ്രമായിരുന്നു റോമൻ ഫോറം. റോമന്‍ ഫോറം റോമിന്‍റെ പുരാതന ജീവിതത്തിന്‍റെ നാഴികക്കല്ലാണ്. പുരാതന റോമിന്‍റെ അവശിഷ്ടങ്ങള്‍,  റോമാ സാംബ്രാജിത്വത്തിന്റെ തിരുശേഷിപ്പുകള്‍  ഒക്കെ ചേര്‍ന്ന ഈ സ്മാരകം റോമില്‍ എത്തുന്ന സഞ്ചാരികളെ വളരെയധികം ആകര്‍ഷിക്കുന്നുണ്ട്.  പുരാതന റോമിന്‍റെ മറ്റൊരു പ്രധാന സ്മാരകം ആണ് കറക്കല്ല ബാത്ത്. റോമന്‍ ജനതക്ക് പരസ്യമായി കുളിക്കുവാന്‍ വേണ്ടി ഒരുക്കിയ കുളി മാളിക ആണ് കറക്കല്ല ബാത്ത്. 

വയ ഡേല്‍  കോര്‍സൊ  എന്ന പ്രസിദ്ധമായ വീഥിയിലൂടെയായി ഞങ്ങളുടെ യാത്ര. റോമിലെ പൌരാണികമായ പാലസുകള്‍, മനോഹരങ്ങളായ  കെട്ടിടങ്ങള്‍ എല്ലാം ഈ വീഥിയുടെ മാറ്റ് കൂട്ടുന്നു. വത്തിക്കാന്‍ രൂപീകൃതമാകുന്നതിനു മുന്നേ റോമില്‍ പോപ്പുമാര്‍ താമസിച്ചിരുന്നതും ഈ വീഥികളിലെ പാലസുകളില്‍ ആയിരുന്നു. ഏറ്റവും രസകരമായ ഒരു വസ്തുത 2500 വര്‍ഷം മുന്‍പ് ഈ പട്ടണം പണിയുമ്പോള്‍ പണിത റോഡുകളില്‍ വാഹനങ്ങള്‍ക്ക് പോകുവാന്‍ തക്ക വലിപ്പമില്ല. മോട്ടോര്‍ വാഹനങ്ങള്‍ കണ്ടു പിടിക്കപ്പെടും എന്ന ഒരു വീക്ഷണം ഇല്ലാതിരുന്നതിനാല്‍ ആകും തെരുവുകള്‍ വളരെ ഇടുങ്ങിയവ ആണ്. 

അവിടെ നിന്ന് ഞങ്ങള്‍ പോയത് ഇറ്റാലിയന്‍ പ്രസിഡന്റിന്‍റെ കൊട്ടാരം സ്ഥിതി ചെയുന്ന വഴിയിലൂടെ ആണ്. അതിനു തൊട്ടടുത്താണ് ഇന്ത്യന്‍ എംബസ്സി. വീണ്ടും ഞങ്ങള്‍ റോമന്‍ ഫോറത്തിന്‍റെ അരികില്‍ എത്തി. അവിടെ ഞങ്ങളെ ബസ്സില്‍ നിന്ന് ഇറക്കി വിട്ടു. തുടര്‍ന്ന് കാല്‍ നട  ആയി ഞങ്ങള്‍ കൊളോസ്സിയത്തിലെക്ക് പോയി. വളരെ ദൂരെ നിന്ന് തന്നെ ഞങ്ങള്‍  ആ അത്ഭുത കെട്ടിടം കണ്ടു. ഒരു കാലത്ത് മാര്‍ബിളില്‍ തീര്‍ത്ത ആ ആംഫിതീയേറ്റർ,  ഇന്ന് ഒരൊറ്റ മാര്‍ബിള്‍ കല്ലുകള്‍ പോലും ഇല്ലാതെ ഗതകാല സ്മരണകള്‍ അയവിറക്കി നില്‍ക്കുകയായിരുന്നു എങ്കില്‍ കൂടി ആ അന്തി വെയിലില്‍ അതൊരു മനോഹര കാഴ്ച ആയിരുന്നു. അഗ്നി ബാധയും ഭൂമി കുലുക്കവും മൂലം ഉണ്ടായ കേടുപാടുകള്‍, മാത്രമല്ല മാര്‍ബിളും കല്ലുകളും മോഷ്ടിക്കപ്പെടുകയും,   ചെയ്തിട്ടുംഇന്നും കൊളോസ്സിയം വലിയൊരു അത്ഭുതമായി നില കൊള്ളുന്നു. 

നീറോയുടെ കിരാത ഭരണത്തിനു ശേക്ഷം അധികാരത്തില്‍ വന്ന വെസ്പാവിയസ്, യുദ്ധ വിജയങ്ങള്‍ ആഘോഷിക്കുവാനും ഗ്ളാഡിയേറ്റർ ഫൈറ്റുകള്‍ നടത്താനും ജനങ്ങളെ രസിപ്പിക്കുവാന്‍ വേണ്ടിയുള്ള പോരാട്ട മത്സരങ്ങള്‍, നാടകങ്ങള്‍, മൃഗങ്ങളും ആയുള്ള പോരാട്ടങ്ങള്‍, പൊതു ശിക്ഷകള്‍ നടത്തുവാനും വേണ്ടി ആണ് ഈ ആംഫി തിയറ്റര്‍ സ്ഥാപിച്ചത്. ആദിമ കാലത്ത് ക്രിസ്തു മതം സ്വീകരിച്ചവരെ വന്യ മൃഗങ്ങള്‍ക്ക് ഇട്ടു കൊടുത്തതും അതിലൂടെ അനേകര്‍ രക്ത സാക്ഷിത്വം വരിച്ചതും ഈ കൊളോസിയത്തില്‍ ആണ്. 

എ ഡി 70 ല്‍ വെസ്പാവിയസ്  ചക്രവര്‍ത്തിയുടെ കാലത്ത് തുടങ്ങിയ കൊളോസിയത്തിന്റെ പണി അദേഹത്തിന്റെ പിന്‍ഗാമി ആയ ടൈറ്റസ്  എ ഡി  80 ല്‍ ആണ് പൂര്‍ത്തിയാക്കിയത്. വെസ്പാവിയസ്, ടൈറ്റസ് തുടങ്ങിയവരുടെ കുടുംബ പേരായ ഫ്ലാവിയന്‍ എന്ന പേരിട്ട ആംഫിതീയേറ്റർ, പക്ഷെ അറിയപ്പെട്ടത് അതിനടുത്തു സ്ഥാപിച്ചിരുന്ന നീറോയുടെ കൊളോസസ് എന്നറിയപ്പെട്ട  ചെമ്പ് പ്രതിമയുടെ പേരില്‍ ആണെന്ന് മാത്രം. കൊളോസസ് എന്ന നീറോയുടെ പ്രതിമ നശിപ്പിക്കപ്പെട്ടു എങ്കില്‍ കൂടി കൊളോസിയം എന്ന പേരില്‍ ഈ ലോകാത്ഭുതം ശ്രദ്ധ നേടി. 50,000 മുതല്‍ 80,000 വരെ പേര്‍ക്കിരിക്കാവുന്ന ഈ ആംഫിതീയേറ്റർ റോമന്‍ സാങ്കേതിക വിദ്യയുടെയും വാസ്തു ശില്‍പ വിദ്യയുടെയും ഉത്തമ ഉദാഹരണം ആണ്. റോമില്‍ തന്നെ, റോം ഒളിമ്പിക്സിന് വേണ്ടി നിര്‍മ്മിച്ച ഒരു ലക്ഷം പേര്‍ക്കിരിക്കാവുന്ന ഒളിമ്പിക്സ് സ്റ്റേഡിയത്തില്‍ എല്ലാവര്ക്കും അകത്തു പ്രവേശിക്കുവാന്‍ കുറഞ്ഞത്‌ ഒരു മണിക്കൂര്‍ വേണമെന്നിരിക്കെ, കേവലം 18 മിനിറ്റ് കൊണ്ട് കൊളോസിയം നിറയ്ക്കുവാന്‍ സാധിക്കുമായിരുന്നു. 

കൊളോസിയത്തിന്‍റെ മുകള്‍ ഭാഗത്തുള്ള റോഡിന്‍റെ പിന്‍വശത്തുള്ള  പുല്‍ത്തകിടിയില്‍ ഞങ്ങള്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തു. ഇതിനിടയില്‍ ഹലോജി ഞങ്ങളെ സമാധാനിപ്പിച്ചു. നാളെ ഞങ്ങളെ കൊളോസിയത്തില്‍ കൊണ്ട് പോകാം, ഇപ്പോള്‍ രാത്രി ഭക്ഷണത്തിനുള്ള സമയമാണ്. ഞങ്ങള്‍ കാല്‍നടയായി തിരക്കേറിയ റോമന്‍ വീഥിയിലൂടെ തിരികെ  നടന്നു. വഴിയരികില്‍ ജെര്‍മനിയുടെയും അര്‍ജെന്റീനയുടെയും മെസ്സിയുടെയും ജേര്‍സി അണിഞ്ഞു മുഖം മുഴുവന്‍ ഈ രാജ്യങ്ങളുടെ പതാകയുടെ ചായവും പുരട്ടി യുവതികളും യുവാക്കളും ചെറിയ പിസ്സേറിയകളില്‍ ടെലിവിഷന് മുന്നില്‍ കുത്തിയിരിക്കുന്നു.  അതെ, ലോക കപ്പ്‌ ഫൈനല്‍ മത്സരം കാണുവാന്‍ ആണിവര്‍ ഒത്തു കൂടിയിരിക്കുന്നത്. ഇറ്റലിക്കാരേക്കാള്‍ സന്ദര്‍ശകരാണ്‌ കൂടുതല്‍ ഈ നഗരത്തില്‍. ഇറ്റലിക്കാര്‍ക്ക് ഇഷ്ടം അര്‍ജെന്റീനയോടാണ് എന്ന് ഞങ്ങള്‍ ഇതിനിടയില്‍ സംസാരിച്ച ഇറ്റലിക്കാരില്‍ നിന്നും മനസിലാക്കി. എന്തായാലും കളി തുടങ്ങുന്നതിനു മുന്‍പ് തന്നെ ഹോട്ടലില്‍ എത്തണം. ഞങ്ങള്‍ നടന്നു മദര്‍ ഇന്ത്യ എന്ന ഇന്ത്യന്‍ ഭക്ഷണ ശാലയിലെത്തി.

മദര്‍ ഇന്ത്യ എന്ന ചെറിയ ബോര്‍ഡു കണ്ടു, ഇതേതോ ചെറിയ ഭക്ഷണ ശാല ആണ് എന്ന് കരുതി അകത്തു കയറിയപ്പോള്‍ പല മുറികളിലായി അനേകം പേര്‍ക്കിരിക്കാവുന്ന വലിയ ഭക്ഷണ ശാല ആണിതെന്നു മനസിലായി. പ്രഭാത ഭക്ഷണവും ഉച്ച ഭക്ഷണവും പിസ്സയും ഇറ്റാലിയന്‍ ഭക്ഷണവും ആയിരുന്നതിനാലാകണം, ചോറും വടക്കേ ഇന്ത്യന്‍ കറികളും കൂട്ടിയുള്ള ഭക്ഷണം കണ്ടപ്പോള്‍ ഒരു ആക്രാന്തം ആയിരുന്നു ഞങ്ങള്‍ക്ക്. കുട്ടികളും മുതിര്‍ന്നവരും അടക്കം എല്ലാവരും മത്സരിച്ചു ചിക്കന്‍ കറിയും ദാല്‍ കറിയും പൊട്ടറ്റോ കറികളും ഒക്കെ അകത്താക്കി. നല്ല എരിവുള്ള ഭക്ഷണം. ഞങ്ങള്‍ തിരികെ നടന്നു ബസ്സില്‍ കയറി. ബസ്സില്‍ കുട്ടികളും മുതിര്‍ന്നവരും ജെര്‍മനിക്കും അര്‍ജെന്റീനക്കും വേണ്ടി ചേരി തിരിഞ്ഞുള്ള ഗ്വാഗ്വ വിളികള്‍ ഇതിനിടയില്‍ തുടങ്ങി കഴിഞ്ഞിരുന്നു. 

ബസ് ഹോട്ടലില്‍ എത്തിയപ്പോഴേക്ക് ജെര്‍മനി - അര്‍ജെന്റീന മത്സരം ഇരുപതു മിനിറ്റ് പിന്നിട്ടിരുന്നു. ഞങ്ങള്‍ക്കൊപ്പം വലിയ ഒരു സംഘം ചൈന ടൂറിസ്റ്റുകളും മത്സരം കാണുവാന്‍ ലോബിയില്‍ ഒത്തു കൂടി. രണ്ടു ടീമുകള്‍ക്കും പിന്തുണക്കുവാന്‍ ഇന്ത്യക്കാരും ചൈനക്കാരും. കൂട്ടത്തില്‍ ഞാങ്ങളുടെ  കൂടെയുണ്ടായിരുന്ന രാജേഷിന്റെയും ഹേമയുടെയും മകന്‍ ജെര്‍മനിയുടെ ഒരു അസാധ്യ ഫാന്‍ ആണെന്ന് തെളിയിച്ചു കൊണ്ടിരുന്നു. 
                                                                                               

Thursday, 28 August 2014

മാര്‍ഷല്‍ ടിറ്റോയുടെ നാട്ടില്‍

ഫെബ്രുവരി അവസാനം സെര്‍ബിയയില്‍  പോകുവാന്‍ ഞാന്‍ ടിക്കറ്റ് ബുക്ക് ചെയ്തു. ആദ്യം എന്നോട് ഒറ്റയ്ക്ക് പോകുവാന്‍ ആണ് ആവശ്യപ്പെട്ടത് എന്നിരുന്നാലും ഞാന്‍ ഒറ്റയ്ക്ക് പോയത് കൊണ്ട് ശരിയായ ഗുണം ചെയ്യില്ല എന്ന കാര്യം മാനേജ്മെന്റിനെ ബോദ്ധ്യപ്പെടുത്തിയപ്പോള്‍ ഞാന്‍ ആവശ്യപ്പെട്ട പ്രകാരം ഞങ്ങളുടെ ഫാം മാനജര്‍ ആയ എമിലിനെ കൂടി എന്നോടൊപ്പം യാത്രയ്ക്ക് അനുവദിച്ചു.  

പക്ഷെ   ഫെബ്രുവരി, അഞ്ചു, ആറു, ഏഴു എന്നീ ദിവസങ്ങളില്‍ ബെര്‍ലിനില്‍  ഫ്രൂട്ട് ലോജിസ്റ്റിക്ക പ്രദര്‍ശനം നടക്കുന്നു. .   കമ്പനിയില്‍ നിന്ന് ഞങ്ങള്‍ അഞ്ചു പേര്‍ പ്രദര്‍ശനം കാണാന്‍ എത്തി. മുപ്പത്തി അഞ്ചോളം ഹാളുകളില്‍ നടക്കുന്ന പ്രദര്‍ശനം ആയതിനാല്‍ ഞങ്ങള്‍ ഓരോരുത്തരും പ്രത്യേകം പ്രത്യേകം ആയിരുന്നു സ്റ്റാളുകള്‍ ചുറ്റിയടിച്ചത്. എന്തെങ്കിലും പൊതുവായ താല്പര്യം ഉള്ള സ്റ്റാളുകളില്‍ ഞങ്ങള്‍ ഒന്നിച്ചു കണ്ടു മുട്ടുകയും ചെയ്തിരുന്നു. സായിദ് ഒഴികെ മറ്റെല്ലാവരും തിരികെ അബുദാബിയിലേക്ക് തിരികെ പോരുന്നു.  സായിദ് പ്രദര്‍ശനം കഴിയുന്ന അന്ന് തന്നെ രാത്രി സെര്‍ബിയയിലേക്ക് പോകും.  പൊതുവേ ഞാനും എമിലും സായിദും ഒന്നിച്ചാണ് പല മീറ്റിങ്ങുകളിലും പങ്കെടുത്തത്. തിരികെ ഹോട്ടലില്‍ വരുമ്പോഴും ഞങ്ങള്‍ ഒന്നിച്ചായിരിക്കും.  ബെര്‍ലിനിലെ രാത്രി കൌതുകങ്ങള്‍ ആസ്വദിക്കാനും  ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ഫാദിയെയും മൈക്കിളിനെയും  ഒഴിവാക്കിയാണ് ഞങ്ങള്‍ പൊയ്ക്കൊണ്ടിരുന്നത്. ആറാം തിയതി രാത്രിയില്‍ ആണ് സായിദ് പെട്ടെന്ന് തീരുമാനം മാറ്റിയത്. ഞാനും എമിലും പുള്ളിയോടൊപ്പം സെര്ബിയയിലെക്ക് പോകുന്നു. രാത്രി തന്നെ സായിദ്, സെക്രെട്ടറിക്ക് മെസേജ് അയക്കുകയും, അതി രാവിലെ തന്നെ ഞങ്ങളുടെ ടിക്കറ്റ് കണ്‍ഫേം ചെയ്തു കൊണ്ടുള്ള അറിയിപ്പ് വരികയും ചെയ്തു. ഞങ്ങള്‍ ഉടന്‍ തന്നെ സായിദ് ബുക്ക് ചെയ്ത ബെല്‍ഗ്രേഡിലെ ഹോട്ടലില്‍ റിസര്‍വേഷന്‍ ഉറപ്പാക്കുകയും ചെയ്തു. 


ഏഴാം തിയതി രാവിലെ തന്നെ പെട്ടിയൊക്കെ പായ്ക്ക് ചെയ്തു. വൈകിട്ട് ആറു മണിയോടെ എക്സിബിഷനില്‍ നിന്നും ഹോട്ടലില്‍ എത്തി ചെക്ക് ഔട്ട്‌ ചെയ്തു, നേരെ ബെര്‍ലിന്‍ എയര്‍ പോര്‍ട്ടില്‍. സെര്‍ബിയ ബെര്‍ലിന് അടുത്താണ് ഉള്ളതെങ്കിലും രാവിലെ മാത്രം ഒരു ഫ്ലൈറ്റ് ബെര്‍ലിനും സെര്ബിയക്കും  ഇടയില്‍ ഉള്ളൂ... അതിനാല്‍ ഞങ്ങള്‍ ഒന്‍പതു മണിയോടെ ബെര്‍ലിനില്‍ നിന്നും ഫ്രാങ്ക് ഫര്‍ട്ടിലേക്കുള്ള വിമാനത്തില്‍ ഫ്രാങ്ക് ഫര്‍ട്ടില്‍ എത്തുകയും അവിടെ നിന്ന് 11.30 നുള്ള ബെല്‍ ഗ്രേഡ് ഫ്ലൈറ്റില്‍ ബെല്‍ഗ്രേഡിലേക്ക് പോവുകയും ചെയ്തു. 

പൊതുവേ ജര്‍മനിയിലെ ജനങ്ങള്‍ നല്ലവര്‍ ആണ്, വളരെ മാന്യമായി പെരുമാറുന്നവര്‍. പക്ഷെ ബെര്‍ലിന്‍ എയര്‍പോര്‍ട്ടില്‍ ഒരു ജര്‍മ്മന്‍ കാരി എനിക്ക് മുന്നേ ഹാന്‍ഡ് ലഗേജ് സ്കാന്‍ ചെയ്യാന്‍ നിന്ന എമിലിനോട് ആവശ്യമില്ലാതെ കയര്‍ക്കുന്നത് കണ്ടു. എമില്‍ ഒന്നും മിണ്ടുന്നില്ല.  തുടര്‍ന്ന് എന്‍റെ ഊഴം ആയിരുന്നു, ഞാന്‍ ആദ്യം എന്‍റെ ഹാന്‍ഡ് ലഗേജ് സ്ക്രീന്‍  ചെയ്യാന്‍ വിട്ടപ്പോള്‍, ആ സ്ത്രീ എന്നോടും കയര്‍ത്തു. ആദ്യം പാസ്പോര്‍ട്ടും ബോര്‍ഡിംഗ് കാര്‍ഡും കാണിച്ചിട്ട് വേണം പോലും ലഗേജ് സ്കാന്‍ ചെയ്യാന്‍ പോലും. എന്തായാലും ഞാന്‍ അവരോടു ചൂടായി. എന്തു കൊണ്ട് ഇക്കാര്യം അറിയിക്കുന്ന ഒരു ബോര്‍ഡ് വച്ചില്ല, അല്ലെങ്കില്‍ ഇന്‍ഫോം  ചെയ്തില്ല എന്ന  എന്‍റെ ചോദ്യം അവരെ ഉത്തരം മുട്ടിച്ചു... എന്തായാലും എനിക്ക് പിന്നില്‍ നിന്നവര്‍ അടക്കം എല്ലാവരും എനിക്ക് പിന്തുണ നല്‍കി, ആ സ്ത്രീ പെട്ടെന്ന് മര്യാദക്കാരിയായി. ചെക്കിന്‍ കഴിഞ്ഞു ഞങ്ങള്‍ ലോഞ്ചില്‍ പോയിരുന്നു കോണിയാക്ക് രുചിച്ചു കൊണ്ടിരുന്നപ്പോഴേക്കും ബോര്‍ഡിംഗ് അറിയിപ്പ് കിട്ടി. .  

അര മണിക്കൂര്‍ താമസിച്ചാണ് വിമാനം ഫ്രാങ്ക് ഫര്‍ട്ടില്‍ ലാന്‍ഡ് ചെയ്തത്. അവിടെ നിന്ന് വീണ്ടും ലുഫ്താന്‍സ വിമാനത്തില്‍ ബെല്‍ ഗ്രേഡിലേക്ക്, അര മണിക്കൂര്‍ താമസിച്ചതിനാല്‍, വളരെ വേഗത്തില്‍ തന്നെ ഞങ്ങള്‍ ചെക്കിന്‍ ചെയ്തു. എന്തായാലും ഒരു മണി ആയപ്പോള്‍ ഞങ്ങളുടെ  വിമാനം ബെല്‍ഗ്രേഡിലെ നിക്കോളോ  ടെസ്ല   അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പറന്നിറങ്ങി. 

1856 ല്‍  ജനിച്ച പില്‍ക്കാലത്ത് അമേരിക്കന്‍ സിറ്റിസന്‍ ആയ സെര്‍ബിയക്കാരനായ   നിക്കോളാസ് ടെസ്ല എന്ന ശാസ്ത്രഞ്ജന്‍റെ പേരാണ് വിമാനത്താവളത്തിനു നല്‍കിയിരിക്കുന്നത്.  ആള്‍ട്ടര്‍നേറ്റീവ് വൈദ്യതി സപ്ലൈ സിസ്റ്റം തോമസ്‌ ആല്‍വ എഡിസനോടൊപ്പം വികസിപ്പിച്ച ശാസ്ത്രഞ്ജന്‍ ആണ് നിക്കോളാസ് ടെസ്ല. ടെസ്ലയുടെ ചിത്രമാണ് സെര്‍ബിയന്‍ ദിനാര്‍ എന്ന അവരുടെ കറന്‍സിയിലും ആലേഖനം ചെയ്തിരിക്കുന്നത്.

തെക്കന്‍ യൂറോപ്പിലെ ഏറ്റവും വലിയ സിറ്റികളില്‍ ഒന്നും ഏറ്റവും പുരാതനവും ആയ നഗരവും  ആണ് ബെല്‍ ഗ്രേഡ്. ഡാന്യുബ് നദിയും സാവ നദിയും ഒന്ന് ചേരുന്ന പ്രദേശം ആണ് സെര്‍ബിയക്കാര്‍ ബിയോ ഗാര്‍ഡ് എന്ന് വിളിക്കുന്ന ബെല്‍ഗ്രേഡ് പട്ടണം. ക്രിസ്തുവിനു മുന്‍പ് അയ്യായിരം വര്‍ഷത്തെ പാരമ്പര്യം അവകാശപ്പെടുന്ന സെര്‍ബിയ അനേകം കുടിയേറ്റങ്ങളുടെയും പ്രതികാരത്തിന്റെയും പിടിച്ചടക്കലുകളുടെയും ആകെത്തുകയാണ്. 

 ഒരു കാലത്ത് യുഗോസ്ലാവ്യ എന്ന പേരും മാര്‍ഷല്‍ ടിറ്റോ എന്ന് അറിയപ്പെട്ടിരുന്ന ഭാരണാധികാരിയെയും അറിയാത്ത ഇന്ത്യക്കാര്‍ കുറയും.  ഇന്ത്യന്‍ പ്രധാനമന്ത്രി ആയിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു, ഈജിപ്ഷ്യന്‍ പ്രസിഡന്റ്‌ ആയിരുന്ന ഗമാല്‍ അബ്ദുല്‍ നാസര്‍, യുഗോസ്ലാവ്യന്‍ പ്രസിഡന്റ്‌ ആയിരുന്ന മാര്‍ഷല്‍ ജോസെഫ് ടിറ്റോ, ഇന്തോനേഷ്യയുടെ ആദ്യ പ്രസിഡന്റ്‌ സുക്കാര്‍ണോ, ഘാനയുടെ ക്വാമെ നികുറ എന്നിവര്‍ ചേര്‍ന്ന് ബെല്‍ഗ്രേഡില്‍ വച്ച് രൂപം കൊടുത്ത ചേരി ചേരാ പ്രസ്ഥാനം വന്‍ ശക്തികള്‍ക്ക് എന്നും തലവേദന ആയിരുന്നു. ഇന്ത്യയും ഈജിപ്റ്റും യുഗോസ്ലാവ്യയും ആയിരുന്നു ചേരി ചേരാ പ്രസ്ഥാനത്തിന്‍റെ അമരക്കാര്‍. അതിനാല്‍ അമേരിക്കന്‍ പാശ്ചാത്യ ശക്തികളുടെ  കണ്ണിലെ കരടായി നില കൊണ്ട പ്രസ്ഥാനം ആയിരുന്നു ചേരി ചേരാ പ്രസ്ഥാനം. ചേരി ചേരാ പ്രസ്ഥാനത്തെ കുറിച്ച് പഠിച്ചപ്പോള്‍ ആണ് മാര്‍ഷല്‍ ടിറ്റോയും യുഗോസ്ലാവ്യയും മനസില്‍ നിറഞ്ഞു നിന്നത്. സെര്ബിയിലെക്കുള്ള യാത്രയെ കുറിച്ചോര്‍ത്തപ്പോള്‍ തന്നെ മാര്‍ഷല്‍ ടിറ്റോയുടെ ഗാംഭീര്യം തുളുമ്പുന മുഖഭാവങ്ങള്‍ ആണ് മനസിലേക്ക് ഓടി വന്നത്. 

ണ്ടാം ലോകമഹായുദ്ധത്തിന്‍റെ അന്ത്യം മുതല്‍ 1980 വരെ യൂഗോസ്ളോവിയയുടെ ഭരണാധികാരിയായിരുന്ന മാര്‍ഷല്‍ ജോസിഫ് ബോര്‍സ് ടിറ്റോ .രാജ്യയത്തിന്‍റെ അഭിവൃദ്ധിക്ക് വേണ്ടി അദ്ദേഹം പോരാടി. ടിറ്റോയുടെ നേതൃത്വത്തില്‍ യൂഗോസ്ളോവിയ ചേരിചേരാ പ്രസ്ഥാനത്തിന്‍റെ സ്ഥാപക രാജ്യങ്ങളിലൊന്നായി . നെഹ്രുവും ടിറ്റോവും ഈജിപ്തിലെ നാസറുമായിരുന്നു ചേരിചേരാ പ്രസ്ഥാനത്തിന്‍റെ ത്രിമൂര്‍ത്തികള്‍  ചേരിചേരാപ്രസ്ഥാനത്തിന്‍റെ വക്താവ് എന്ന നിലയില്‍ നെഹ്രുവുമായും ഇന്ത്യയുമായും മാര്‍ഷല്‍ ടിറ്റോവിനു അടുത്ത ബന്ധമുണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലൂടെ വരെ യൂഗോസ്ളോവിയയെ നോക്കിക്കണ്ട ധീരനായ നേതാവായിരുന്നു ടിറ്റോ. 1948 ല്‍ സ്റ്റാലിന്‍റെ നേതൃത്വത്തെ എതിര്‍ത്ത ആദ്യ കമ്മ്യൂണിസ്റ്റ് നേതാവാണ്. മാര്‍ഷല്‍ ടിറ്റോയുടെ മരണദിനം കേരളത്തില്‍ പൊതു അവധി ആയിരുന്നു എന്നതിനാല്‍ തന്നെ മലയാളികള്‍ക്ക് മാര്‍ഷല്‍ ടിറ്റോ വളരെയധികം സ്നേഹാദരവുകള്‍ ഉണ്ടായിരുന്ന നേതാവായിരുന്നു. 

വിമാനം ഇറങ്ങിയപ്പോള്‍ ആണ്, കയ്യിലുള്ള യൂറോ ഇവിടെ ചിലവാകില്ല, സെര്‍ബിയയുടെ കറന്‍സി സെര്‍ബിയന്‍ ദിനാര്‍ ആണ്, അതിനാല്‍ കറന്‍സി മാറ്റുന്ന മെഷീനില്‍ നൂറു യൂറോ മാറ്റിയെടുത്തു. കൈ നിറയെ നോട്ടുകള്‍ കിട്ടി. ഒരു യൂറോ എന്നത് ഏകദേശം 115 സെര്‍ബിയന്‍ ദിനാര്‍. ഇമിഗ്രേഷന്‍ ചെക്കിംഗ് കഴിഞ്ഞ ശേക്ഷം ഞങ്ങള്‍ ടാക്സിയില്‍ ഹോട്ടലിലേക്ക് പോയി. നഗര മദ്ധ്യത്തില്‍ എയര്‍ പോര്‍ട്ടില്‍ നിന്നും പതിനഞ്ചു കിലോമീറ്റെര്‍ അകലെയുള്ള ഫാല്‍ക്കന്‍സ്റ്റെയിനാര്‍ എന്ന ഹോട്ടലില്‍ ആണ് ഞങ്ങള്‍  താമസിച്ചത്. രാത്രി   രണ്ടു മണി ആയപ്പോള്‍ ആണ് ഞങ്ങള്‍  ഹോട്ടലില്‍ എത്തുന്നത്. 

1945 ല്‍ രണ്ടാം ലോക മഹാ യുദ്ധത്തിനു ശേക്ഷം മാസിഡോണിയ, ക്രോയേഷ്യ, സെര്‍ബിയ, മോണ്ടിനെഗ്രോ, ബോസ്നിയ ഹെര്സ്ഗോവിന, സ്ലോവനിയ  എന്നീ സോഷ്യലിസ്റ്റ്‌  റിപ്പപ്ലിക്കുകള്‍ ചേര്‍ന്ന്  രൂപം കൊണ്ട യുഗോസ്ലാവ്യ എന്ന രാജ്യം  1992 ല്‍ യുഗോസ്ലാവ്യന്‍ യുദ്ധത്തിനു ശേക്ഷം വീണ്ടും  ആറു കഷണങ്ങള്‍ ആയി രൂപപ്പെട്ടു.  കൊസൊവ, വോജ്വോദിന എന്നീ രണ്ടു സ്വയം ഭരണ പ്രദേശങ്ങള്‍ കൂടി യുഗോസ്ലാവിയയോട് കൂട്ടി ചേര്‍ക്കപ്പെട്ടു എങ്കില്‍ കൂടി ഇപ്പോള്‍ കൊസൊവ സ്വതന്ത്ര രാജ്യം ആയി മാറുവാനുള്ള ശ്രമത്തില്‍ സെര്‍ബിയയില്‍ നിന്നും വേര്‍പെട്ടു സ്വയം ഭരണം നടത്തുകയാണ്. സെര്‍ബിയയിലെ ജനങ്ങളും ആയി പഴയ യുഗോസ്ലാവ്യ, മാര്‍ഷല്‍ ടിറ്റോ എന്നിവരെ കുറിച്ചൊക്കെ സംസാരിച്ചപ്പോള്‍ അവരും ഇന്ത്യ, ജവഹര്‍ലാല്‍ നെഹ്‌റു , വി കെ കൃഷ്ണമേനോന്‍ എന്നിവരെ കുറിച്ചൊക്കെ വാചാലരായി. ചേരി ചേരാ പ്രസ്ഥാനത്തിനു നേതൃത്വം കൊടുത്തതിനാല്‍ ആണ് വിദേശ ശക്തികള്‍ യുഗോസ്ലാവ്യന്‍ യുദ്ധത്തിലൂടെ യുഗോസ്ലാവ്യയെ കീറി മുറിച്ചത് എന്നാണ് നാട്ടുകാരുടെ ഭാഷ്യം. മാര്‍ഷല്‍ ടിറ്റോയുടെ കാലത്ത് യുഗോസ്ലാവ്യ വലിയ് സാമ്പത്തീക ശക്തി ആയിരുന്നു എന്നാണ് സെര്‍ബിയക്കാര്‍ പറയുന്നത്. ഇന്നാകട്ടെ കൊടിയ സാമ്പത്തീക വിഷമതയില്‍ ജനങ്ങള്‍ പൊറുതി മുട്ടുകയാണ്. എത്ര സാമ്പത്തീക ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും സെര്‍ബിയക്കാര്‍ തങ്ങളുടെ പാരമ്പര്യത്തില്‍ ഏറെ അഭിമാനിക്കുന്നവര്‍ ആണ്, ജീവിത ശൈലി യൂറോപ്പിനോട് കിട പിടിക്കുന്നതും ആണ്. ഇപ്പോള്‍ സെര്‍ബിയ തങ്ങളുടെ റഷ്യന്‍ പിന്തുണയില്‍ നിന്ന്യൂ വഴുതി മാറി യൂറോപ്പും ആയി അടുക്കുകയാണ്. യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം ലഭിക്കുവാന്‍ ഇനി ഏതാനും കടമ്പകള്‍ മാത്രം. 

എമില്‍, ഒരു കാസിനോ ഭ്രാന്തന്‍ ആണ്. ഞാന്‍ കാസിനോ എന്ന ബോര്‍ഡ് കണ്ടിട്ടുള്ളത്  അല്ലാതെ ഇത് വരെ അകത്തു കയറിയിട്ടില്ല. വിമാനത്തില്‍ അടുത്തടുത്ത സീറ്റുകളില്‍ ഇരുന്നപ്പോള്‍ തന്നെ, കാസിനോയില്‍ പോകുന്ന കാര്യത്തില്‍ എന്നോട് ശട്ടം കെട്ടിയിരുന്നു. സായിദ്, രാവിലെ എട്ടു മണി ആകുമ്പോള്‍ ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞു ലോബിയില്‍ കാണണം എന്ന് പറഞ്ഞിട്ടാണ് ഉറങ്ങാന്‍ പോയത്. ഞങ്ങള്‍  റൂമില്‍ പോയി ലഗേജ് വച്ച് ഉടന്‍ തിരികെ വന്നു അടുത്തുള്ള കാസിനോയെ കുറിച്ചാണ് അന്വേഷിച്ചത്. വളരെ അടുത്തുള്ള പ്രസിദ്ധമായ കാസിനോയെ കുറിച്ച് റിസ്പ്ഷനിലുള്ള സുന്ദരി വാചാലയാകുകയും ഞങ്ങള്‍ക്ക് വേണ്ടി  ടാക്സി അറേഞ്ച് ചെയുകയും ചെയ്തു. എമില്‍ ഹോട്ടലില്‍ ഉള്ള വെണ്ടിംഗ് മെഷീനില്‍ വീണ്ടും യൂറോ മാറ്റി സെര്‍ബിയന്‍ ദിനാര്‍ എടുത്തിരുന്നു ഇതിനകം. 

ബെല്‍ഗ്രേഡിലെ ഏറ്റവും വലിയ കാസിനോ ആയ ഗ്രാന്‍ഡ്‌ കാസിനോ ബിയോഗ്രാഡ്  എന്ന വലിയ കാസിനോയുടെ മുന്നില്‍ ഞങ്ങള്‍ ടാക്സിയിറങ്ങി. വലിയ സെക്യുരിറ്റിയുള്ള വലിയ ഒരു കെട്ടിടത്തിലേക്ക് ഞങ്ങള്‍ ആനയിക്കപ്പെട്ടു. മെറ്റല്‍ ഡിക്റ്ററ്റര്‍ കടന്നു എയര്‍ പോര്ട്ടിലെതിനു സമാനമായ സെക്യൂരിറ്റി കടന്നു അകത്തു ചെന്നപ്പോള്‍ റിസപ്ഷന്‍ ഡെസ്കില്‍ ഞങ്ങളുടെ പാസ്പോര്‍ട്ട് കാണിച്ചു. അവര്‍ അത് മേടിച്ചു നോക്കിയതിനു ശേക്ഷം ഞങ്ങള്‍ക്ക് അകത്തു കടക്കുവാനുള്ള എന്‍ട്രി പാസ് നല്‍കി. അതുമായി വീണ്ടും സെക്യൂരിറ്റി കടമ്പ കടന്നു അകത്തു ചെന്നപ്പോള്‍ കാഷ്യര്‍ ഞങ്ങളെ സ്വാഗതം ചെയ്തു കൊണ്ട് ഞങ്ങളുടെ കയ്യില്‍ നിന്ന് പണം വാങ്ങി കാര്‍ഡിലേക്ക്‌ ട്രാന്‍സ്ഫര്‍ ചെയ്തു, ആ കാര്‍ഡ്‌ ഞങ്ങളെ തിരികെ ഏല്‍പ്പിച്ചു. കൂടെ രണ്ടു ഡ്രിങ്ക്സ് ഫ്രീ ആയി കഴിക്കാനുള്ള കൂപ്പണും. 

ഞാന്‍ ആദ്യമായിട്ടാണ് ഒരു കാസിനോയില്‍ എത്തിപ്പെടുന്നത്. ആയിരം സെര്‍ബിയന്‍ ദിനാര്‍ മാത്രമേ ഞാന്‍ എന്‍റെ കാര്‍ഡില്‍ ചാര്‍ജ് ചെയ്തിട്ടുള്ളൂ. എമില്‍ ആകട്ടെ, 20000 സെര്‍ബിയന്‍ ദിനാര്‍ ആണ് ആദ്യമേ തന്നെ ചാര്‍ജ് ചെയ്തിരിക്കുന്നത്. കുറച്ചു നേരം എമില്‍ തന്‍റെ കാര്‍ഡ് സ്ലോട്ട് മെഷീനില്‍ ഇട്ടു കളി തുടര്‍ന്ന്. ഞാന്‍ അത് കണ്ടു പഠിക്കുകയായിരുന്നു. അപ്പോഴേക്കും ഒരു സെര്‍ബിയന്‍ സുന്ദരി ഡ്രിങ്ക്സും ആയി വന്നു. അവളോട്‌ സെര്‍ബിയയിലെ ജീവിത രീതികള്‍ ചോദിച്ചറിഞ്ഞു. ചെറുപ്പക്കാരിയായ  അവരും മാര്‍ഷല്‍ ടിറ്റോയുടെ അപദാനങ്ങള്‍ വാഴ്ത്തുക ആയിരുന്നു. സെര്‍ബിയന്‍ ഭാഷ മാത്രം പഠിച്ചിരുന്നവര്‍ ഇപ്പോള്‍ ഇംഗ്ലീഷ് പരിജ്ഞാനത്തിനായി മുന്നിട്ടിറങ്ങുകയാണ്. കൃഷി ആണ് ജനങ്ങളുടെ പ്രധാന വരുമാന മാര്‍ഗം.  ലോക മഹായുദ്ധങ്ങള്‍ തുടങ്ങി ഇരുപതാം നൂറ്റാണ്ടിന്‍റെ അവസാനം വരെ നടന്ന യുദ്ധങ്ങള്‍ കാരണം സെര്‍ബിയക്ക് നഷ്ടപ്പെട്ടത് യുദ്ധ വീരന്മാരായ ആണുങ്ങളെ മാത്രമല്ല, ജനങ്ങളുടെ സമ്പത്തും ആണ്. 

കളി തുടങ്ങി അധികം സമയം ആകുന്നതിനു മുന്നേ എന്‍റെ പണം മുഴുവന്‍ മെഷീന്‍ അടിച്ചു മാറ്റി.   ഇതിനിടയ്ക്ക് എമിലിന് പണം ഇരട്ടിയാകുന്നത് ഞാനറിഞ്ഞു. എന്തായാലും അഞ്ചു മണിക്ക് ഞങ്ങള്‍ കാസിനോയില്‍ നിന്നും ഇറങ്ങിയപ്പോള്‍ എമിലും പാപ്പരായിരുന്നു. 

രാവിലെ ബ്രേക്ക് ഫാസ്റ്റ്.  ഹോസ്പിറ്റാലിറ്റിയുടെ കാര്യത്തില്‍ സെര്‍ബിയ തന്നെ ഏറ്റവും മികച്ചത് എന്ന് ആ ഹോട്ടലിലെ സ്റ്റാഫിന്റെ സേവനങ്ങളില്‍ നിന്നും മനസിലായി. ബ്രേക്ക് ഫാസ്റ്റിനിടയ്ക്കാണ് ഓഫീസിലെ മറ്റൊരു പരിചിത മുഖം കൂടി ശ്രദ്ധയില്‍ പെട്ടത്. അമീര്‍ കലാഫ്, ഈജിപ്റ്റുകാരനായ  ഞങ്ങളുടെ ഫിനാന്‍സ് മാനേജര്‍. അദേഹം തലേ ദിവസം നേരത്തെ തന്നെ ഹോട്ടലില്‍ എത്തിയിരുന്നു. 

ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞു ഞാനും എമിലും കൂടി പച്ചക്കറി മാര്‍ക്കറ്റ് സന്ദര്‍ശിക്കാനും തുടര്‍ന്ന് വൈവോദിനിയ എന്ന പ്രദേശം സന്ദര്‍ശിക്കാനും റിജിക് സ്വാന്‍ എന്ന കമ്പനിയുടെ പ്രതിനിധി ബോബനും ആയി അദേഹത്തിന്റെ കാറില്‍ സെര്‍ബിയയുടെ ഉള്‍പ്രദേശങ്ങളിലേക്ക് പോയി. ബോബന്‍, സെര്‍ബിയക്കാരന്‍ ആണ്, ഉച്ചരിക്കാന്‍ പ്രയാസമുള്ള സെര്‍ബിയന്‍ പേരായതിനാല്‍ ആവും ബോബന്‍ എന്നാണ് അദേഹം ഞങ്ങള്‍ക്ക് പരിചയപ്പെടുത്തിയത്.    അത്യാധുനിക രീതിയിലുള്ള നഴ്സറിയും ലെറ്റൂസ് ഇലകള്‍ കൃഷി ചെയുന്നതുമായ അതി വിപുലമായ ഗ്രീന്‍ ഹൌസിലേക്കാണ് ആദ്യം പോയത്. യാത്രയിലുട നീളം സെര്‍ബിയയുടെ ചരിത്രവും അതിലുപരി നാട്ടിലെ കൃഷി രീതികളെ പറ്റിയും മുന്തിരിത്തോട്ടങ്ങളെയും കുറിച്ചായിരുന്നു ബോബന്‍റെ വര്‍ത്തമാനം. ഒരു മതേതര രാജ്യമാണ് സെര്‍ബിയ എങ്കിലും ഭൂരി ഭാഗവും ഈസ്റ്റെണ്‍ ഓര്‍ത്തഡോക്സ് വിശ്വാസികള്‍ ആണ്. മലകള്‍ക്കിടയിലെ മുന്തിരിത്തോട്ടങ്ങള്‍ ഭൂരിഭാഗവും ഈ സഭയിലെ മൊണാസ്ട്രികളുടെ സ്വന്തം ആണ് എന്നാണ് ബോബന്‍ പറയുന്നത്. മലകളും കുന്നുകളും വന പ്രദേശങ്ങളും ചെറിയ ഗ്രാമങ്ങളും കടന്നു ഞങ്ങള്‍ ഒരു കുന്നിന്‍ മുകളിലെ മോഡേണ്‍ ആയ ഭക്ഷണ ശാലയിലെത്തി. അവിടെ ആഡംബര ഭക്ഷണ ശാലയില്‍ ആവോളം മേല്‍ത്തരം വീഞ്ഞു നുകര്‍ന്ന് ഞങ്ങള്‍ വീണ്ടും ബെല്‍ഗ്രേഡിലേക്ക് തിരിച്ചു. പട്ടണത്തില്‍ എത്തിയപ്പോള്‍ തന്നെ സായിദും അമീറും ഞങ്ങളെ സര്‍ക്കാറിന്റെ ഗസ്റ്റ് ഹൌസിലേക്ക് വിളിപ്പിച്ചു. അവിടെ ഒരു മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ മറ്റൊരു ഉച്ച ഭക്ഷണം. സെര്‍ബിയന്‍ ഭക്ഷണം രുചിക്കുവാനുള്ള അവസരം ഞങ്ങളുടെ നിറഞ്ഞ വയറുകള്‍ അനുവദിച്ചില്ല. 

തിരക്ക് കാരണം നഗര ഭംഗി ആസ്വദിക്കാനോ അവിടുത്തെ മോനുമെന്റ്സ് സന്ദര്‍ശിക്കാനോ സമയം കിട്ടിയില്ല. കാലങ്ങളായി യുദ്ധങ്ങള്‍ നടന്ന സ്ഥലമായതിനാല്‍ മിക്ക സ്മാരകങ്ങളും നശിച്ചു പോയി. രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ പണിത അതി പുരാതനമായ ബെല്‍ഗ്രേഡ് കോട്ടകള്‍ ആണ് സെര്‍ബിയ സംരക്ഷിക്കുന്ന ഏറ്റവും വലിയ സ്മാരകം. ഈ കോട്ടയ്ക്ക് ചുറ്റുമാണ് സെര്‍ബിയന്‍ സംസ്കാരം വളര്‍ന്നു പന്തലിച്ചത്.  മറ്റൊരു പ്രധാന ആകര്‍ഷണം നിക്കോള ടെസ്ല സയന്‍സ്  മ്യൂസിയം ആണ്. ലോകത്തിലെ ഏറ്റവും വലിയ ഓര്‍ത്തഡോക്സ് പള്ളിയായ സെയിന്‍റ് സാവ ചര്‍ച്ച് ബെല്‍ഗ്രേഡില്‍ ആണ്. യുഗോസ്ലാവിയന്‍ ചരിത്ര മ്യൂസിയം ആണ് പ്രധാനപ്പെട്ട മറ്റൊരു സ്മാരകം. ഇതില്‍ പൂക്കളുടെ വീട് എന്നറിയപ്പെടുന്ന ബ്ലോക്കില്‍ ആണ് മാര്‍ഷല്‍ ടിറ്റോയുടെ ശവ കുടീരം ഉള്ളത്. 

കഠിനമായ തണുപ്പിലും നനുനനുത്ത മഴയിലും ഞാനും അമീറും നഗര ഭംഗി കാണുവാനും ചില നൈറ്റ്‌ ക്ലബുകള്‍ സന്ദര്‍ശിക്കാനും ഇറങ്ങി. മറ്റു യൂറോപ്യന്‍ സിറ്റികളെ അപേക്ഷിച്ച് വളരെ കുറച്ചു നൈറ്റ്‌ ക്ലബുകള്‍ മാത്രമേ ബെല്‍ ഗ്രേഡില്‍ ഉള്ളൂ എന്നാണ് കേട്ടത്.  എങ്കിലും ഞങ്ങള്‍ ഒന്ന് രണ്ടു നൈറ്റ്‌ ക്ലബുകളില്‍ ഒരു ഓട്ട പ്രദക്ഷിണം നടത്തി തിരികെ വന്നു. തലേ ദിവസത്തെ ഉറക്ക ക്ഷീണം കാരണം നന്നായി ഉറങ്ങി. 

രാവിലെ പ്രഭാത ഭക്ഷണത്തിനു ശേക്ഷം ഞങ്ങള്‍ ഹംഗറിയുടെ അതിര്‍ത്തിയോടടുത്തുള്ള നൊവി സാദ് എന്ന മനോഹര പട്ടണത്തിലേക്ക് യാത്രയായി. സെര്‍ബിയന്‍ അധികൃതരും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നതിനാല്‍ നാല് വാഹനങ്ങളില്‍ ആയാണ് ഞങ്ങള്‍ യാത്രയായത്. പോകുന്ന വഴിയില്‍ മനോഹരമായ കൃഷിയിടങ്ങളും, ചെറു പട്ടണങ്ങളും കുന്നിന്‍ ചെരുവുകളും യുദ്ധത്തില്‍ തകര്‍ന്ന പ്രദേശങ്ങളും ഞങ്ങള്‍ സന്ദര്‍ശിച്ചു.  സെര്‍ബിയയിലെ വൈന്‍യാര്‍ഡുകള്‍ വളരെ പ്രസിദ്ധമാണ്. റഷ്യന്‍ പ്രസിഡന്റ്‌ വ്ലാഡിമര്‍ പുട്ടിന്‍ വൈന്‍ നുകരാന്‍ സെര്‍ബിയ സന്ദര്‍ശിച്ച കാര്യം ബോബന്‍ ഞങ്ങളെ ഓര്‍മിപ്പിച്ചു. സുന്ദരന്മാരും സുന്ദരികളും അടങ്ങുന്ന സെര്‍ബിയന്‍ ജനത അതിഥി സല്‍ക്കാരത്തില്‍ വളരെ മുന്നിലാണ് എന്നത് ഞങ്ങളുടെ യാത്രയില്‍ ബോധ്യമായി. മറ്റു യൂറോപ്യന്‍ ജനതയെക്കാള്‍ കുടുംബ മൂല്യങ്ങളില്‍ ഉറച്ചു വിശ്വസിക്കുന്നവര്‍ ആണ് ഭൂരിഭാഗം സെര്ബിയക്കാരും. ചെറിയ ഗ്രാമങ്ങളും പട്ടണങ്ങളും എല്ലാം വൃത്തിയായി, മനോഹരമായി സംരക്ഷിച്ചിരിക്കുന്നു. സെര്‍ബിയക്കാര്‍ വല്ലാത്ത യുദ്ധക്കൊതിയന്മാര്‍ ആണ് എന്ന് വേണം കരുതാന്‍. ലോക മഹായുദ്ധം തുടങ്ങുവാന്‍ തന്നെ ഒരു കാരണം സെര്‍ബിയ പിടിച്ചടക്കാന്‍ ഹംഗറിയും ഓസ്ട്രിയയും ചേര്‍ന്ന് നടത്തിയ ശ്രമത്തിന്‍റെ ഫലമായിട്ടാണല്ലോ. ഏറ്റവും ഒടുവില്‍ തൊണ്ണൂറുകളുടെ അവസാനം യുഗോസ്ലാവ്യ നാമാവശേഷമാകുന്നത് വരെ സെര്‍ബിയ യുദ്ധത്തില്‍ ആയിരുന്നു. നാറ്റോയുടെ ബോംബിംഗും യു എന്നിന്‍റെ സാന്ക്ഷന്‍സും കാരണം വാണിജ്യ, വ്യവസായ മേഖലകള്‍  പൂര്‍ണ്ണമായും തകരുകയും സെര്‍ബിയയുടെ സാമ്പത്തീക സ്ഥിതി താറുമാറാവുകയും ചെയ്തു. വലിയ കോള്‍ നിലങ്ങള്‍ ഉള്ള സെര്‍ബിയ വലിയ തോതില്‍ വൈദ്യുതി കയറ്റിയയക്കുന്ന ഒരു രാജ്യം ആണ്. 

നൊവി സാദ് വളരെ മനോഹരമായ ഒരു സിറ്റി ആണ്. ഇവിടെ കൂടുതലും ഹംഗറിയും ആയി ബന്ധം ഉള്ളവര്‍ ആണ് താമസിക്കുന്നത്. ഡാന്യുബ് നദിയുടെ തീരത്തുള്ള ഈ മനോഹര പട്ടണം വൈവോദിനിയ പ്രവിശ്യയുടെ തലസ്ഥാനവും സെര്‍ബിയയിലെ രണ്ടാമത്തെ വലിയ പട്ടണവും ആണ്. സെര്‍ബിയയിലെ ഏറ്റവും ഫലഭൂയിഷ്ടമായ കൃഷിയിടങ്ങള്‍ ഇവിടെയാണ്‌. സെര്‍ബിയന്‍ സാമ്പത്തീക ശക്തി കേന്ദ്രം കൂടി ആണ് നൊവി സാദ് പട്ടണം. ഇവിടെ വലിയ ഉയരമുള്ള കെട്ടിടങ്ങള്‍ ഒന്നും കാണുവാന്‍ കഴിയില്ല. വളരെ കുറച്ചു ജനങ്ങള്‍ മാത്രമുള്ള ചെറിയ പട്ടണം. യാത്രയിലെവിടെയും കൃഷിയിടങ്ങള്‍. ആപ്പിള്‍ , പീച്ച്, പ്ലം, ബെറീസ്, ആപ്രിക്കോട്ട്, നെക്ട്രിന്‍ തുടങ്ങിയ പഴ വര്‍ഗങ്ങള്‍ ആണിവിടുത്തെ പ്രധാന കൃഷി. ബാള്‍ക്കന്‍ പ്രവ്യശ്യയിലെ പ്രധാന മദ്യം ആയ റാക്കിയ പ്ലമ്മില്‍ നിന്നുമാണ് ഉത്പാദിപ്പിക്കുന്നത്. വൈന്‍ പോലെ തന്നെ റാക്കിയയും ഇവിടെ സര്‍വ സാധാരണമായി ഉപയോഗിക്കുന്നു. നോവിസാദിലെ പ്രസിദ്ധമായ് ഒരു ആപ്പിള്‍ തോട്ടവും ആപ്പിള്‍ സംസ്കരണ ശാലയും സന്ദര്‍ശിച്ച ശേക്ഷം ഞങ്ങള്‍ ഹോട്ടലിലേക്ക് മടങ്ങി. ഹോട്ടലില്‍ മടങ്ങിയെത്തി ഫ്രെഷ് ആയ ശേക്ഷം ഞങ്ങള്‍ സവാ നദിയോട് ചേര്‍ന്നുള്ള ഭക്ഷണശാലയില്‍ ഞങ്ങളുടെ സെര്‍ബിയന്‍ കമ്പനി നടത്തിയ വിരുന്നു സത്ക്കാരത്തില്‍ പങ്കെടുത്തു. മത്സ്യം പല രുചികളില്‍ ഇവിടെ പാകം ചെയ്യപ്പെടുന്നു. എരിവും പുളിയും ഇല്ലാതെ ആയിട്ട് കൂടി വീഞ്ഞിനോപ്പം മത്സ്യം വളരെ രുചികരം ആയിരുന്നു. 

രാവിലെ പ്രഭാത ഭക്ഷണം കഴിഞ്ഞു ചെറിയ ചില മീറ്റിങ്ങുകള്‍ക്ക് ശേക്ഷം ഞങ്ങള്‍ അബുദാബിയിലേക്ക് യാത്ര തിരിക്കാനായി ബെല്ഗ്രേഡ് അന്തരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചു. സമയം ധാരാളം ഉണ്ടായിരുന്നതിനാല്‍ ഡ്യൂട്ടി ഫ്രീ ഷോപ്പ് ചുറ്റി നടന്നു കണ്ടു. ദുബായ് ഡ്യൂട്ടി ഫ്രീ ഷോപ്പിനെക്കാള്‍ വളരെ ആദായകരം ആണ് ഷോപ്പിംഗ്‌. പന്ത്രണ്ടു മുപ്പതിന് പുറപ്പെട്ട ഇത്തിഹാദ് വിമാനത്തില്‍ അബുദാബിയിലേക്ക് പറന്നു. 

വാല്‍ക്കഷ്ണം 
സെര്‍ബിയയിലെ മസാജു പാര്‍ലറുകള്‍ വളരെ പ്രസിദ്ധമാണ്. വിദേശികള്‍ പോലും ഇവിടെ മസാജ് പാര്‍ലറുകള്‍ സന്ദര്‍ശിക്കുവാന്‍ എത്താറുണ്ട്. എന്‍റെ നടുവിനെ കുറെ നാളായി വേദനയുണ്ടെന്ന് കാര്യം അറിയാമായിരുന്ന ഞങ്ങളുടെ എം ഡി എന്നെയും മസാജിനായി നിര്‍ബന്ധിച്ചു. ഞാനും അവിടെ ഉണ്ടായിരുന്ന രണ്ടു ദിവസം ഹോട്ടലില്‍ തന്നെയുള്ള മസാജ് പാര്‍ലറില്‍ പോയി. ഏതോ ഹെര്‍ബല്‍ എണ്ണ ഉപയോഗിച്ച് ചെയ്ത ആ മസാജു എന്‍റെ നടുവ് വേദന ഗണ്യമായി കുറയ്ക്കുകയും ചെയ്തു. 


Monday, 20 January 2014

പെരുമനം: ആപ്പിലായ കോണ്‍ഗ്രസ്‌

പെരുമനം: ആപ്പിലായ കോണ്‍ഗ്രസ്‌:വിലക്കയറ്റവും അഴിമതിയും ക്രമ സമാധാന നിര്‍വഹണത്തിലെ പാളിച്ചകളും സാധാരണക്കാരനെ പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും  സര്‍ക്കാറിനും  എതിരെ തിരിക്കുകയായിരുന്നു. സംസ്ഥാന ഭരണങ്ങളോട് ഉണ്ടായ അനുകൂലമോ പ്രതികൂലമോ ആയ നിലപാടുകള്‍ക്കുമപ്പുറം മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ ഉള്ള രണ്ടാം യു പി എ മന്ത്രി സഭയോടുള്ള എതിര്‍പ്പാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. അണ്ണാ ഹസാരയുടെയും കിരണ്‍ ബേദിയുടെയും സാമി രാംദേവിന്റെയും മൃദു ഹിന്ദുത്വ രഹസ്യ അജെണ്ടയിലൂടെ ആണ് അഴിമതിക്കെതിരായ കുരിശു യുദ്ധമായി ഡല്‍ഹിയില്‍ അണ്ണാ ഹസാരയുടെ നിരാഹാര സമരത്തിനു വഴിയൊരുങ്ങുന്നത് 

Sunday, 19 January 2014

ആപ്പിലായ കോണ്‍ഗ്രസ്‌

ആപ്പിലായ കോണ്‍ഗ്രസ്‌

ഡല്‍ഹിയിലും ഇന്ത്യയിലെങ്ങും രാഷ്ട്രീയ മാറ്റങ്ങള്‍ വളരെ ധൃതഗതിയില്‍ ആണ് സംഭവിക്കുന്നത്‌. കോണ്‍ഗ്രസ്‌  തങ്ങളുടെ യുവ പ്രധാനമന്ത്രി സ്ഥാനത്തേക്ക്  ആയി വളര്‍ത്തിക്കൊണ്ടു വന്ന രാഹുല്‍ ഗാന്ധിയെ, പരസ്യ കമ്പനികളുടെ നേതൃത്വത്തില്‍  പ്രതിച്ഛായ മിനുക്കിയെടുത്ത നരേന്ദ്ര മോഡി വളരെ പെട്ടെന്ന് തന്നെ മലര്‍ത്തിയടിച്ചു. എന്നാല്‍ ഈ വര്‍ഷമാദ്യം  നടക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ആരുടേയും സഹായം ഇല്ലാതെ ഒറ്റയ്ക്ക് തന്നെ വിജയിക്കാന്‍ കഴിയും എന്ന് കരുതിയ ബി ജെ പി ക്കും നരേന്ദ്രമോഡിക്കും പെട്ടെന്ന് കാലിടറുന്നത് പോലെ.

പെട്ടന്നാണ് കേജരിവാളിന്റെ രൂപത്തില്‍ വടക്ക് നിന്ന് ഒരു സൂര്യോദയം പ്രത്യക്ഷപ്പെട്ടത്.. ഡല്‍ഹി നിയമ സഭാ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത വിജയം കൊയ്ത ആം ആദ്മി പാര്ട്ടിയും അവരുടെ നേതാവ് അരവിന്ദ് കെജരിവാളും ആണിപ്പോള്‍ ഇന്ത്യന്‍ ജനതയുടെ കണ്ണുകളില്‍ ആകെയുള്ളത്. കോണ്‍ഗ്രസോ, ബി ജെ പിയോ അതല്ലെങ്കില്‍ മറ്റു പ്രാദേശിക പാര്‍ട്ടികളോ ഒന്നും ഇപ്പോള്‍ ഇന്ത്യന്‍ ജനതയുടെ റഡാറില്‍ പ്രത്യക്ഷപ്പെടുന്നില്ല. പ്രത്യേകമായ ഒരു നയമോ പരിപാടികളോ കൊണ്ട് ശ്രദ്ധേയമല്ല ആം ആദ്മി പാര്‍ട്ടിയും അവരുടെ നേതാക്കളും. മറിച്ചു ഒരു നിഷേധ വോട്ടിന്റെ ബഹിസ്ഫുരണം ആണ് ഡല്‍ഹിയില്‍ അവര്‍ നേടിയ വിജയം. വിലക്കയറ്റവും അഴിമതിയും ക്രമ സമാധാന നിര്‍വഹണത്തിലെ പാളിച്ചകളും സാധാരണക്കാരനെ പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും  സര്‍ക്കാറിനും  എതിരെ തിരിക്കുകയായിരുന്നു. സംസ്ഥാന ഭരണങ്ങളോട് ഉണ്ടായ അനുകൂലമോ പ്രതികൂലമോ ആയ നിലപാടുകള്‍ക്കുമപ്പുറം മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ ഉള്ള രണ്ടാം യു പി എ മന്ത്രി സഭയോടുള്ള എതിര്‍പ്പാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. അണ്ണാ ഹസാരയുടെയും കിരണ്‍ ബേദിയുടെയും സാമി രാംദേവിന്റെയും മൃദു ഹിന്ദുത്വ രഹസ്യ അജെണ്ടയിലൂടെ ആണ് അഴിമതിക്കെതിരായ കുരിശു യുദ്ധമായി ഡല്‍ഹിയില്‍ അണ്ണാ ഹസാരയുടെ നിരാഹാര സമരത്തിനു വഴിയൊരുങ്ങുന്നത്. അഴിമതിക്കെതിരായ സമരങ്ങള്‍ ഒരു ബുദ്ധിജീവി പരിവേഷം സാധാരണ ജനതയ്ക്ക് ചാര്‍ത്തി കൊടുത്തതിനാല്‍ ആകും ജനങ്ങള്‍ ഒന്നായി സമര രംഗത്തേക്ക് ഇറങ്ങുകയും ചെയ്തു. പരമ്പരാഗത രാഷ്ട്രീയ കക്ഷികളോടു യുവ ജനങ്ങള്‍ക്കുള്ള  അമര്‍ഷവും സോഷ്യല്‍ മീഡിയകളുടെ സാധ്യതകളും ഈ സമരങ്ങള്‍ വിജയിപ്പിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചു. കേവലം സര്‍ക്കാറിന്  എതിരായ ഒരു സമരം എന്നതില്‍ കവിഞ്ഞു ജനങ്ങളുടെ വികാരം ശരിയായി മനസിലാക്കുന്നതിനും ആ വികാരത്തെ മെറ്റീരിയലൈസ് ചെയുവാനും അരവിന്ദ് കേജരിവാളിലെ കൂര്‍മ ബുദ്ധിക്കയതാണ് ആം ആദ്മി എന്ന പാര്‍ട്ടിയുടെ പിറവിക്ക് വഴി തെളിച്ചത്. അഴിമതിക്കെതിരെ ഒരു സമരം നടത്തി കോണ്ഗ്രെസ്സിനെയും അവരുടെ നേതാക്കള്‍ക്ക് എതിരെയും ജനങ്ങളെ ഉണര്‍ത്തി  അതിനിടയില്‍ കിട്ടുന്ന ഗ്യാപ്പില്‍ നരേന്ദ്ര മോഡിയെന്ന തീവ്ര ഹിന്ദുത്വ നേതാവിനെ അവതരിപ്പിക്കുകയായിരുന്നു സംഘ പരിവാറിന്റെ പദ്ധതി., അഴിമതിക്ക് ആകെ ഉള്ള ഒരേ ഒരു ബദല്‍ ആണ് നരേന്ദ്ര മോഡി എന്ന നിലയില്‍ ഹിന്ദി സിനിമകളില്‍  വില്ലനെ അടിച്ചു തകര്‍ത്ത്  പ്രത്യക്ഷപ്പെടുന്ന നായകനായിട്ടായിരുന്നു നരേന്ദ്ര മോഡിയുടെ രംഗ പ്രവേശം. അതും ജനകീയ നേതാക്കളുടെ അഭാവം കൊണ്ട് ശ്രദ്ധേയമായ റിംഗില്‍ വളരെ കരുതലോടെ അവതരിപ്പിക്കപ്പെട്ട നായകന്‍.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു വിജയംപരിശോധിക്കുകയാണ് എങ്കില്‍ ഒരു കാര്യം മനസിലാകും.  എങ്കില്‍, രാജസ്ഥാന്‍ കണ്ട ഏറ്റവും നല്ല മുഖ്യ മന്ത്രിമാരില്‍ ഒരാളായിരുന്നു അശോക്‌ ഗെലോട്ട്. ജനങ്ങള്‍ക്ക്  വേണ്ടി അനേകം കര്‍മ  പദ്ധതികള്‍ നടത്തിയും ധാരാളം വികസന പദ്ധതികള്‍ രാജസ്ഥാനിലേക്ക് കൊണ്ട് വരികയും ചെയ്തു ഖ്യാതി നേടിയ അദേഹം തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ്  നടന്ന എക്സിറ്റ് പോളുകളില്‍ എല്ലാം മുന്നില്‍ തന്നെ ആയിരുന്നു. പക്ഷെ തെരഞ്ഞെടുപ്പു ഫലം വന്നപ്പോള്‍ രാജസ്ഥാനിലെ ഏറ്റവും കനത്ത പരാജയം ആണ് കോണ്ഗ്രസ്‌ രാജസ്ഥാനില്‍ രുചിച്ചത്. 


മദ്ധ്യപ്രദേശിലും ജനവികാരം സര്‍ക്കാറിന് എതിരായിരുന്നു. അവിടെ കോണ്ഗ്രെസ്സിലെ സ്ഥിരം തമ്മിലടിയും കുതികാല്‍ വെട്ടുകളും നേതൃത്വത്തിലെ അപാകതകളും കോണ്ഗ്രെസിനു വിനയായി. ഒടുവില്ജ്യോതിരാദിത്യ സിന്ധ്യയെ രംഗത്ത് ഇറക്കിയെങ്കിലും ഉദ്ദേശിച്ച ഫലം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. ഛത്തിസ്‌ഗഡില്‍ നക്സല്‍ ആക്രമണം കോണ്ഗ്രെസ്സിനു ഒരു സഹതാപ തരംഗം ഉണ്ടാക്കി കൊടുത്തു എങ്കില്‍ കൂടി അവിടെയെല്ലാം നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രഹസ്യമായി നടന്ന വര്‍ഗീയ  ധ്രുവീകരണം ആണ് ബി ജെ പിക്ക് വന്‍ വിജയം നേടിക്കൊടുത്തത്. ഡല്‍ഹിയിലും ആം ആദ്മി വലിയ മുന്നേറ്റം ഉണ്ടാക്കിയപ്പോള്‍ ബി ജെ പി തങ്ങളുടെ പരമ്പരാഗത  വോട്ടുകള്‍ നില നിര്ത്തുകയും ഏറ്റവും വലിയ ഒറ്റക്കക്ഷി ആയി മാറുകയും ചെയ്തു. ബി ജെ പി യുടെ വോട്ടല്ല, മറിച്ചു കോണ്ഗ്രെസ്സിന്റെ വോട്ടുകളും നിക്ഷ്പക്ഷ വോട്ടുകളും ആണ് ആം ആദ്മി പാര്ട്ടി യെ തുണച്ചത്.

ഇന്ത്യന്‍ ജനതയുടെ വികാരങ്ങളെ ഒട്ടും തന്നെ മനസിലാക്കാത്ത ഒരു നേതാവാണ്‌ രാഹുല്‍ ഗാന്ധി. ഇന്ത്യയെ കുറിച്ച് രാജീവ് ഗാന്ധി കണ്ട സ്വപനം പോലെ രാഹുലിനും ഒരു സ്വപനം ഉണ്ടെന്നു അദേഹം പറയാറുണ്ടെങ്കിലും അദേഹത്തിന്റെ സ്വപ്നങ്ങള്‍ ശരിയായ രീതിയില്‍ അവതരിപ്പിക്കുവാന്‍ അദേഹത്തിനോ അത് ഉള്‍ക്കൊള്ളുവാന്‍  പൊതുജനത്തിനോ കഴിഞ്ഞിട്ടില്ല. ജനവികാരം മാനിക്കാതെയുള്ള ബുദ്ധിജീവി പരാമര്‍ശങ്ങള്‍ ആണ് പലപ്പോഴും രാഹുലില്‍ നിന്ന് ഉണ്ടായത്. അദേഹത്തിന്റെ പരാമര്‍ശങ്ങള്‍ എല്ലാം തന്നെ ദ്രിശ്യ ശ്രാവ്യ മാധ്യമങ്ങള്‍ വളരെ നെഗറ്റീവ് ആയി ആഘോഷിക്കുകയും തല്ഫ‍ലമായി പൊതു ജനം രാഹുലിനെ തിരസ്കരിക്കുന്നതും ആണ് ഇന്ത്യ കണ്ടത്. യുവ പ്രധാനമന്ത്രി എന്ന നിലയില്‍ വളര്ത്തി കൊണ്ട് വന്ന രാഹുലിലെ നിയമനിര്മ്മാണസഭകളിലെ നിസ്സംഗതയും അനവസത്തിലെ അപക്വമായ ഇടപെടലുകളും മൂലം ജനങ്ങള്‍ അദേഹത്തെ  കയ്യൊഴിഞ്ഞു. തെരഞ്ഞെടുപ്പിന് പാര്ട്ടിയെ ഒരുക്കുന്നതിന് പകരം പാര്ട്ടിയിലെ സംഘടന വിഷയങ്ങളില്‍ ആയിരുന്നു രാഹുലിന്റെ ശ്രദ്ധ. കോണ്ഗ്രസിലെ ഗ്രൂപ്പ് വഴക്കുകളും കുതികാല്‍ വെട്ടലുകളും ഒന്നും അവസാനിപ്പിക്കുവാന്‍ ഇദേഹത്തിന് സാധിച്ചതും ഇല്ല. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള സര്ക്കാറിന്റെ അഴിമതിയും പിടിപ്പുകെടുകളും വലിയോരളവ് വരെ പാര്‍ട്ടിക്കും  രാഹുലിനും വിനയായി. 


മറിച്ചു നരേന്ദ്ര മോഡി ആകട്ടെ, ജനങ്ങളുടെ സൂഷ്മ വികാരങ്ങളെ ശരിക്കും മുതലെടുത്ത്‌ കൊണ്ട് , വളരെ ചെറിയ ഒരു ഭൂമികയില്‍ പെട്ടെന്ന് ഒരു ബദല്‍ ആയി മാറുകയും അടുത്ത പ്രധാന മന്ത്രി ആണ് താന്‍ എന്ന് ഉറക്കെ പ്രഖ്യാപിക്കുകയും അത് ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്തു. മോഡിയുടെ പ്രതിച്ഛായ വര്ദ്ധി്പ്പിക്കുവാന്‍ ആര്‍ എസ് എസ് , വി എച് പി, തുടങ്ങിയ സംഘടനകളുടെ മേല്‍നോട്ടത്തില്‍  മാധ്യമങ്ങളെ ഉപയോഗിക്കുവാന്‍ പരസ്യ കമ്പനികളെയും പബ്ലിക് റിലേഷന്സ് കമ്പനികളെയും വിദഗ്ധമായി ഉപയോഗിക്കുവാന്‍ സംഘ പരിവാറിനായി.  ഉത്തരേന്ത്യയിലെ ജനങ്ങള്‍ മോഡിയെ തങ്ങളുടെ ഭാവി മുഖ്യ മന്ത്രി ആയി അംഗീകരിക്കുകയും, മറ്റൊരു ബദല്‍ ഇല്ലാത്തതിനാല്‍ ബി ജെ പിക്ക് സ്വാധീനമില്ലാത്ത തെക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളും മോഡിയെ പ്രാധാനമന്ത്രി ആയി കാണുവാന്‍ തങ്ങളുടെ മനസിനെ പാകപ്പെടുത്തുകയും ചെയ്തു കൊണ്ടിരിക്കയായിരുന്നു. 


പെട്ടെന്നായിരുന്നു എല്ലാം തകിടം മറിഞ്ഞത്. സോഷ്യല്‍ മീഡിയ, പത്രങ്ങള്‍, ചാനലുകളില്‍ എല്ലാം ലൈവ് ആയി നിന്നിരുന്ന മോഡിയും ഡല്‍ഹിയിലെ ആം ആദ്മി വിജയത്തോട് കൂടി കാണാമറയത്തേക്ക്  പോയിക്കൊണ്ടിരിക്കുന്നു. കോണ്ഗ്രിസിന്റെ സഹായത്തോടു കൂടി ഡല്‍ഹിയില്‍ സര്‍ക്കാര്‍  ഉണ്ടാക്കിയ അരവിന്ദ് കേജരിവാള്‍ തെരഞ്ഞെടുപ്പിന് മുന്പ് മാനിഫെസ്റ്റോയില്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം ഒന്നിന് പുറകെ ഒന്നായി നടത്തിക്കൊണ്ടിരിക്കുന്നതില്‍ ബദ്ധ ശ്രദ്ധാലുവും. വിലയിരുത്തലുകള്‍ക്ക്  സമയമായിട്ടില്ലെങ്കില്‍ കൂടി ജനങ്ങളുടെ കൈയ്യടി വാങ്ങുന്നതില്‍ കേജരിവാള്‍ ബഹുദൂരം മുന്നിലെത്തി. വീണു കിട്ടിയ അവസരം മുതലെടുത്ത്‌ ഫണ്ട്‌ പിരിവിനും അംഗംങ്ങളെ ചേര്‍ക്കുന്നതിനും ആം ആദ്മി പാര്‍ട്ടിയും മുന്നിട്ടിരങ്ങിയിരിക്കയാണ്.  എഴുപതുകളില്‍ ജെ പി മൂവ്മെന്റും അതിനു ശേക്ഷം കണ്ട ജനത പാര്‍ട്ടിയും പോലെ ആണ് ആം ആദ്മി പാര്ട്ടി നല്‍കുന്ന സ്വപനങ്ങളും. അടിയന്തിരാവസ്ഥ കഴിഞ്ഞു നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ  നിലംപരിശാക്കിക്കൊണ്ട് അധികാരത്തില്‍ വന്ന ജനതാ പാര്‍ട്ടിയില്‍ പ്രതിബദ്ധത ഉണ്ടായിരുന്ന അനേകം നേതാക്കള്‍ ഉണ്ടായിരുന്നു എങ്കില്‍ അടിയന്തിരാവസ്ഥ പോലെ തന്നെ ജനം കണക്കാക്കുന്ന അഴിമതിയവസ്ഥയില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കാന്‍ ഇറങ്ങി പുറപ്പെട്ടിരിക്കുന്ന ആള്‍ക്കൂട്ടത്തില്‍ പ്രവര്‍ത്തന പരിചയമോ നെത്രുത്വ വാസനയോ ഉള്ള നേതാക്കള്‍ വിരളം ആണ്. ശക്തമായ നയങ്ങളോ പരിപാടികളോ ഒന്നിച്ചു കൊണ്ട് പോകുവാന്‍ കെല്‍പ്പുള്ള നേതാക്കളോ ഇല്ലാത്തതിനാല്‍ ഏതു നിമിഷവും ഈ ആള്‍ക്കൂട്ടം  ചിന്നിച്ചിതറി പോകാം. 


പൊതുവേ വികാര ജീവികള്‍ ആയ ഇന്ത്യന്‍ ജനത ഇപ്പോള്‍ ആം ആദ്മി പാര്ട്ടിയില്‍ അംഗത്വം എടുക്കുന്നതിനായി ക്യൂ നില്ക്കുുകയാണ്. ഫണ്ട്‌ പിരിവും തകൃതിയായി നടക്കുന്നു. വാര്‍ത്തകളില്‍ ജനങ്ങള്‍ കാത്തിരിക്കുന്നതും ആം ആദ്മി പാര്‍ട്ടിയില്‍ ചേരുന്ന സെലിബ്രിറ്റികളുടെ എണ്ണം അറിയുവാന്‍ ആണ്. മാധ്യമങ്ങള്‍ക്കും പുതിയൊരു വിരുന്നാണ് ആം ആദ്മി. ഇതൊക്കെയാണെങ്കിലും  ഡല്‍ഹിയില്‍ ഇപ്പോള്‍ തന്നെ പാര്‍ട്ടിയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ആകാതെ കെജരിവാളും പരുങ്ങുകയാണ്. പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ എല്ലാം ആകെ അങ്കലാപ്പില്‍ ആണ്. ആം ആദ്മി പാര്‍ട്ടി ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നത്  കൊണ്ഗ്രെസ്സിനു ആണ്. കോണ്ഗ്ര്സിന്റെ വോട്ടുബാങ്കുകള്‍ ആണ് കേജരിവാള്‍ കവര്‍ന്നെടുക്കുന്നത്‌. ജനങ്ങളുടെ ഒഴിഞ്ഞു പോക്ക് കണ്ടിട്ടാവണം കൊണ്ഗ്രെസ്സ് സംസ്ഥാനഘടകങ്ങളില്‍  അഴിച്ചുപണി നടത്തുന്നു. രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ്‌, മദ്ധ്യപ്രദേശില്‍ അരുണ്‍ യാദവ്, ചത്തിസ്ഗഡില്‍ ഭുവേഷ് ബാഗല്‍, ഡല്‍ഹിയില്‍ അരവിന്ദ് സിംഗ് ലവ്ലി, ഹരിയാനയില്‍ അശോക്‌ തന്‍വര്‍ ‍, ഹിമാചലില്‍ സുഖിന്റ് സിംഗ് സുക്കു, ബീഹാറില്‍ അശോക്‌ ചൌധരി, തുടങ്ങി യുവാക്കളെ പി സി സി പ്രസിഡന്റ്‌ സ്ഥാനത്തേക്ക് കൊണ്ട് വന്നിരിക്കുന്നു. കേരളത്തില്‍ പോലും ഉമ്മന്‍ ചാണ്ടിയുടെയും രമേശിന്റെയും താല്പര്യത്തിനു വിരുദ്ധമായി ജി കാര്ത്തികേയനെ തഴഞ്ഞു വി ഡി സതീശനോ , അതെല്ലങ്കില്‍ ഒരു ഒത്തു തീര്‍പ്പ്  നോമിനിയായി വി എം സുധീരനോ കടന്നു കൂടാം. സുഖമില്ലാത്ത സോണിയ ഗാന്ധിക്ക് പകരം പ്രിയങ്ക വധേര ആകും ഇത്തവണ കോണ്‍ഗ്രസ്‌  പ്രചരണം നയിക്കുക. പക്ഷെ എന്തൊക്കെ തിരുത്തലുകള്‍ നടത്തിയാലും ജനത്തില്‍ നിന്ന് തീരെ അകന്നു പോയ കോണ്‍ഗ്രസിനും  രാഹുലിനും ഒരു തിരിച്ചു വരവിനുള്ള സമയം ഇല്ലാതായിരിക്കുന്നു. ലോകസഭയില്‍ വെറും രണ്ടക്ക സംഖ്യയിലേക്ക് മാറുന്നതോടൊപ്പം മുഖ്യ പ്രതിപക്ഷ കക്ഷി അല്ലെങ്കില്‍ രണ്ടാമത്തെ വലിയ ഒറ്റക്കക്ഷി ആകുവാന്‍ കോണ്‍ഗ്രസിന് കഴിയുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റു നോക്കുന്നത്.

എന്തായാലും പതിനേഴാം തിയതി നടക്കുന്ന എ ഐ സി സി സമ്മേളനത്തില്‍ വച്ച് പതിവിനു വിപരീതമായി കോണ്‍ഗ്രസ്‌  രാഹുലിനെ  പ്രധാനമന്ത്രി സ്ഥാനാര്ഥിയായി  പ്രഖ്യാപിച്ചു കൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടാന്‍ പാര്‍ട്ടിയെ സജ്ജമാക്കും എന്ന് കരുതിയെങ്കിലും പരസ്യമായി ഒരു പ്രഖ്യാപനം ഉണ്ടായിട്ടില്ല.  മന്മോാഹന്‍ സിംഗിനെ രാജി വയ്പിച്ചു, രാഹുലിനെ പ്രധാനമന്ത്രി ആക്കി തെരഞ്ഞെടുപ്പിനെ നേരിടണം എന്ന ആവശ്യവും കോണ്‍ഗ്രസില്‍  പരമപ്രധാനമായി അലയടിക്കുന്നുണ്ട്. ആം ആദ്മി നേടുന്ന വോട്ടുകള്‍ മിക്കതും കോണ്ഗ്രസിന്റെ വോട്ടുകള്‍ ആയതിനാല്‍ വലിയ ചില അട്ടിമറികള്‍ നടന്നില എങ്കില്‍ നരേന്ദ്ര മോഡിയുടെ വിജയം കുറച്ചു കൂടി എളുപ്പമാകുവാന്‍ നിലവിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ കാരണമായേക്കും. കോണ്‍ഗ്രെസ് എന്തായാലും ആപ്പിലായിരിക്കയാണ്.

Tuesday, 16 April 2013

ശ്രീലങ്കന്‍ വംശീയതയും തമിഴ് രാഷ്ട്രീയവും



  
 ശ്രീലങ്കന്‍ വംശീയതയും തമിഴ് രാഷ്ട്രീയവും



അടുത്ത കാലത്ത് സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലും ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലും സാധാരണക്കാരുടെ കണ്ണുകള്‍ നനയിച്ച ഒരു ചിത്രമായിരുന്നു വേലുപ്പിള്ള പ്രഭാകരന്റെ പന്ത്രണ്ടു വയസു മാത്രം പ്രായമായ മകന്റെ നിഷ്ഠുര കൊലപാതകം. വളരെ വേദനയുളവാക്കിയപ്രഭാകരന്റെ മകന്റെ മരണത്തെക്കുറിച്ചുള്ള വിവരങ്ങള്‍,   ചിത്രങ്ങള്‍, ദൃശ്യങ്ങള്‍ ഒക്കെ പുറത്തു വന്നതോട്കൂടിയാണ്  ശ്രീലങ്കയില്‍ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ തമിഴ്വികാരം   ആളിക്കത്തിക്കുവാന്‍ പ്രേരകമായത്. .  

കഴിഞ്ഞ നാല് വര്‍ഷമായി ശ്രീലങ്കയില്‍ യുദ്ധം അവസാനിച്ചിട്ട്. പക്ഷെ, തമിഴ് ജനതയുടെ മനസ്സില്‍ യുദ്ധം ഒരിക്കലും അവസാനിച്ചിരുന്നില്ല. അവരുടെ മുറിവുകള്‍ ഉണ്ടാക്കുവാന്‍ പോന്ന, അല്ലെങ്കില്‍ അവരുടെ പോരാട്ട വീര്യം നിലനിര്‍ത്തുവാന്‍ പോന്ന നേതൃത്വം വേലുപ്പിള്ള പ്രഭാകരന്റെ കൊലപാതകത്തോട് കൂടി എന്നേയ്ക്കുമായി നഷ്ടമായി. പകരം പുതിയൊരു നേതാവ് അവരില്‍ നിന്നും ഇതുവരെയും വളര്‍ന്നു വന്നില്ല. അല്ലെങ്കില്‍ വളര്‍ന്നു വരുവാന്‍ ശ്രീലങ്കന്‍ സൈന്യം അനുവദിച്ചില്ല. തമിഴ്ജനത തിങ്ങിപ്പാര്‍ക്കുന്ന വടക്കന്‍ ശ്രീലങ്ക ഇപ്പോഴും ശ്രീലങ്കന്‍ പട്ടാളത്തിന്റെ കനത്ത കാവലില്‍ ആണ്. അവിടെ ഓരോ ഇലയനങ്ങുനതും അവരുടെ ഇന്റെലിജെന്‍സ്‌ അറിയുന്നു. ഇപ്പോഴും ശ്രീലങ്കന്‍ സൈന്യത്തിന്റെ കിരാത അക്രമങ്ങള്‍ ആണ് തമിഴ് ജനതയുടെ മേല്‍ നടക്കുന്നത്. തിരുവായ്ക്ക് എതിര്‍ വായില്ല. റൈഡ് നടത്തി തമിഴ് ജനതയുടെ കയ്യില്‍ ഉണ്ടായിരുന്ന വെടിക്കോപ്പുകള്‍ എല്ലാം സൈന്യം പിടിച്ചെടുത്തു. പാലായനം ചെയ്ത അവര്‍ സ്വന്തമായി വീടും കുടിയും ഇല്ലാതെ ആട്ടിയിറക്കപ്പെട്ടവരെ പോലെ ജനിച്ചു വളര്‍ന്ന മണ്ണില്‍ ജീവിക്കുന്നു. അവരുടെ സ്ത്രീകള്‍ ബലാല്‍ക്കാരം ചെയപ്പെടുന്നു, കുട്ടികള്‍ പീഡനം അനുഭവിക്കുന്നു. രാജ്യ സുരക്ഷയുടെ പേരില്‍ അവരുടെ ഓരോ നീക്കവും ശ്രദ്ധിക്കപ്പെടുന്നു. യാതൊരു സ്വകാര്യതയുമില്ലാത്ത ജീവിതം ശ്രീലങ്കന്‍ തമിഴന്റെ ഉറക്കം കെടുത്തുന്നു.



തമിഴന്റെ മനസ് വളരെ തീവ്രമാണ്. തമിഴ് എന്ന വാക്ക് എവിടെയെല്ലാം കേള്‍ക്കുന്നോ, അവിടെ എല്ലാം തമിഴന്‍ ഓടിയെത്തും. വല്ലാത്തൊരു വൈകാരികത ആണ്, തമിഴ് എന്ന ഈ പദത്തിനോട്. തമിഴ് ദേശിയത ഒരു പ്രത്യേക ഈലം രൂപീകരിക്കുവാന്‍ പോലും തമിഴന്റെ മനസ്സിനെ രൂപപ്പെടുത്തിയിരിക്കയാണ്. നദീജല കാര്യത്തില്‍ ആയാലും, ഭാഷാ പ്രശ്നത്തില്‍ ആയാലും,  തമിഴ്‌നാടിന് ബാധകമാകുന്ന അല്ലെങ്കില്‍ തമിഴന്റെ സംസ്ഥാനത്തിന് ഏതെങ്കിലും തരത്തില്‍ ബാധകമായേക്കാവുന്ന ഒരു വിഷയമുണ്ടെങ്കില്‍ തമിഴ് ജനതയുടെ മനസ്സ് ആളിക്കത്തുംഅത്രയും തീവ്രമാണ് ഓരോ തമിഴന്റെയും മനസ്സ്. പലപ്പോഴും ഈ തീവ്രമനോഭാവം തന്നെയാണ് തമിഴ്‌നാട്ടിലെ മാറി മാറി വരുന്ന രാഷ്‌ട്രീയ കക്ഷികളും മുതലെടുക്കുന്നത്.  ലോകത്തിന്റെഏതു  ഭാഗത്ത് ജീവിക്കുന്ന തമിഴന്‍ ആണെങ്കിലും അവന്റെ മനസ് തമിഴ് ദേശിയതയില്‍ ഇഴുകി ചേര്‍ന്നിരിക്കുകയാണ്.

ശ്രീലങ്ക ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ തന്ത്രപ്രധാനമായ രാജ്യമാണ്.  അതിര്‍ത്തി  രാജ്യങ്ങളും ആയി അത്ര നല്ല ബന്ധം അല്ല ഇപ്പോള്‍ ഇന്ത്യക്ക് ഉള്ളത്. പാകിസ്ഥാന്‍ ഒഴികെയുള്ള അയല്‍പക്കക്കാരുമായി നല്ല ബന്ധം ഉണ്ടായിരുന്ന നമ്മുടെ രാജ്യത്തിന്‌, ഇപ്പോള്‍ ശ്രീലങ്ക, നേപ്പാള്‍, അഫ്ഘാനിസ്ഥാന്‍, മ്യാന്മാര്‍ തുടങ്ങിയ രാജ്യങ്ങളുമായി അത്ര സുഖകരമായ ബന്ധത്തില്‍ അല്ല. ഇത് ശക്തമായി തിരിച്ചറിയുന്ന ചൈന, ഇന്ത്യക്ക് ചുറ്റും തങ്ങളുടെ കോളനികള്‍ പണിയുകയാണ്. പാകിസ്ഥാനില്‍ ഗൌഡര്‍ തുറമുഖം മാത്രമല്ല, ആ പട്ടണം മുഴുവന്‍ അവര്‍ തങ്ങളുടെ നിയന്ത്രണത്തില്‍ ആക്കിയിരിക്കയാണ്. നേപ്പാളിലും, ബംഗ്ലാദേശിലും, ശ്രീലങ്കയിലും തങ്ങളുടെ കോളനികള്‍ സ്ഥാപിക്കുവാനുള്ള ഒരുക്കത്തില്‍ ആണ്. ഇത് ഫലത്തില്‍ ഇന്ത്യക്ക് വളരെ ദോഷകരമായി ഭാവിക്കും.

ശ്രീലങ്കയില്‍ നടക്കുന്നത്

 ശ്രീലങ്കന്‍ സൈന്യവും എല്‍.ടി.ടി.ഇ.യും തമ്മില്‍ നടന്ന യുദ്ധത്തിന്റെ അവസാനഘട്ടത്തില്‍ അന്താരാഷ്ട്ര മനുഷ്യത്വ നിയമത്തിന്റെയും യുദ്ധധാര്‍മികതയുമായി ബന്ധപ്പെട്ട വിവിധ ഉടമ്പടികളുടെയും നഗ്‌നമായ ലംഘനമാണ് നടന്നതെന്ന് യു.എന്‍. സെക്രട്ടറി ജനറല്‍ നിയോഗിച്ച സമിതി കണ്ടെത്തി. എല്‍.ടി.ടി.ഇ.ക്കെതിരായ ആക്രമണമെന്ന പേരില്‍ തമിഴ്‌വംശജരെ ഉന്‍മൂലനം ചെയ്യാന്‍ ശ്രമിക്കുകയാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍. അതില്‍ അവര്‍ മുന്നേറിക്കൊണ്ടിരിക്കുകയുമാണ്.  പരക്കെ ഷെല്ലാക്രമണം നടത്തി സാധാരണക്കാരെ കൊന്നൊടുക്കിപരിക്കേറ്റവരെ പ്രവേശിപ്പിച്ച ആസ്പത്രികള്‍ക്കും ആതുരസേവനം നടത്തിയിരുന്ന പ്രസ്ഥാനങ്ങളുടെ താവളങ്ങള്‍ക്കും നേരെ അവര്‍ ആക്രമണം നടത്തിയുദ്ധത്തില്‍ സര്‍വം നഷ്ടപ്പെട്ടവര്‍ക്ക് സഹായമെത്തിക്കുന്നത് വരെ  തടഞ്ഞുയുദ്ധമേഖലയ്ക്ക് വെളിയിലും അവര്‍ ആക്രമണം നടത്തിമാധ്യമങ്ങളെയും സര്‍ക്കാറിന്റെ വിമര്‍ശകരെയും ആക്രമിച്ചു തുടങ്ങിയ മനുഷ്യാവകാശ ലംഘനങ്ങള്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ നടത്തിയെന്നാണ് യു.എന്‍. സമിതി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇവയൊക്കെയും അന്താരാഷ്ട്ര മനുഷ്യത്വനിയമത്തിനു എതിരാണ്. 

എല്‍.ടി.ടി.ഇ.യുടെ ശക്തികേന്ദ്രമായ വന്നിയില്‍ 3,30,000 സാധാരണക്കാരെയാണ് അവര്‍ തടഞ്ഞുവെച്ചിരുന്നത്. യുദ്ധത്തിന്റെ അവസാനഘട്ടത്തില്‍ ഇവിടെ മനപ്പൂര്‍വം ഷെല്ലാക്രമണം നടത്തിയ ലങ്കന്‍സേന ഇവരില്‍ നല്ലൊരു ശതമാനത്തെ കൊന്നൊടുക്കി. ഇതിനെതിരെ ശബ്ദമുയര്‍ത്തിയ മാധ്യമങ്ങളെയും വിമര്‍ശകരെയും പലവിധ ഭീഷണികള്‍ വഴി നിശ്ശബ്ദരാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. ചിലരെ തട്ടിക്കൊണ്ടുപോയി. സ്ത്രീകളെയും പെണ്‍കുട്ടികളെയും ബലാല്‍സസംഗം ചെയ്തു. ഇവരില്‍ പലരും  എവിടെയെന്ന് ഇപ്പോഴും ആര്‍ക്കും  അറിയില്ല എന്നതാണ് വസ്തുത.

സാധാരണക്കാര്‍ക്ക് സുരക്ഷിതരായി കഴിയാമെന്ന് സര്‍ക്കാര്‍ തന്നെ പ്രഖ്യാപിച്ച യുദ്ധരഹിത മേഖലയില്‍ പിന്നീട് വ്യാപകമായ ഷെല്ലാക്രമണം നടത്തി. യു.എന്നും റെഡ്‌ക്രോസും ഭക്ഷണവും മറ്റവശ്യവസ്തുക്കളും സൂക്ഷിച്ചിരുന്ന ഇടങ്ങള്‍ ആക്രമിച്ചു. പരിക്കേറ്റവരെ കൊണ്ടുപോകാന്‍ തീരങ്ങളിലെത്തിയ റെഡ്‌ക്രോസിന്റെ കപ്പലുകള്‍ക്കു നേരെയും ആക്രമണമുണ്ടായി. ആസ്പത്രികളില്‍ ഷെല്ലുകള്‍ വര്‍ഷിച്ചു. വന്നിയിലെ എല്ലാ ആസ്പത്രികള്‍ക്കുനേരെയും പീരങ്കിയാക്രമണം നടത്തി. യുദ്ധമേഖലയില്‍ ഉണ്ടായിരുന്ന സാധാരണക്കാരുടെ എണ്ണം കുറച്ചുകാട്ടിബാക്കിയുണ്ടായിരുന്നവരെ  കൊന്നൊടുക്കി. യുദ്ധത്തിന്റെ അവസാനദിവസങ്ങളിലായിരുന്നു ഏറ്റവുമധികം കൂട്ടക്കുരുതിയെന്നാണ്  റിപ്പോര്‍ട്ട്.   
യുദ്ധത്തിന്റെ അവസാന അഞ്ചു മാസത്തിനിടെ ഏതാണ്ട് അറുപതിനായിരത്തോളം പേര്‍ കൊല്ലപ്പെട്ടിരിക്കാമെന്നാണ് ഐക്യരാഷ്ട്ര സഭ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. 




അമേരിക്കന്‍ തന്ത്രം.

ലോകത്ത് മനുഷ്യാവകാശ പ്രശ്നങ്ങള്‍ ശ്രീലങ്കയില്‍ മാത്രമല്ല. പലസ്തീനിലും സിറിയയിലും ഈജിപ്തിലും ലിബിയയിലും ഇറാക്കിലും അഫ്ഘാനിസ്ഥാനിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും   തികഞ്ഞ മനുഷ്യാവകാശ ധ്വംസനങ്ങള്‍ ആണ് നടക്കുന്നത് എന്നതില്‍ അമേരിക്കക്കും മറ്റു  ലോകരാജ്യങ്ങള്‍ക്കും യാതൊരു സംശയവും ഇല്ല. ഇവയില്‍ പല രാജ്യങ്ങളിലും അമേരിക്ക ആണ്  മനുഷ്യ്വവകാശ ധ്വംസനങ്ങള്‍ നടത്തുന്നത് എന്ന കാര്യം  മറച്ചു പിടിച്ചു കൊണ്ടാണ് അവര്‍ ശ്രീലങ്കന്‍ വിഷയം ഉയര്‍ത്തി കൊണ്ട് വരുന്നത് എന്നതും അവരുടെ നയങ്ങളിലെ ഇരട്ടത്താപ്പാണ് തുറന്നുകാട്ടുന്നത്.  

 ലോകസഭ തെരഞ്ഞെടുപ്പു അടുത്തു വരുന്ന സാഹചര്യത്തില്‍, നൂതന സാമ്പത്തീക ശകതിയായി വളര്‍ന്നു വരുന്ന, അമേരിക്കയ്ക്ക് ഭീഷണി സൃഷ്ടിച്ചേക്കാവുന്ന ഇന്ത്യയെ, ഇന്ത്യന്‍ ജനാധിപത്യത്തെ തന്നെ തച്ചുതകര്‍ക്കാന്‍ നടക്കുന്ന ഒരു അന്താരാഷ്ട്ര ഗൂഡാലോചനയുടെ ഭാഗമായിട്ടാണ് അമേരിക്ക യുഎന്നില്‍ ശ്രീലങ്കയിലെ തമിഴ് മക്കളുടെ മേല്‍ നടക്കുന്ന മനുഷ്യാവകാശ വിഷയത്തെ അവതരിപ്പിച്ചത്. ഒരു പക്ഷെ ഇതൊരു അമേരിക്കന്‍ - സീനായ് ഗൂഡാലോചന ആണോ എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു. വോട്ടെടുപ്പില്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യ മാത്രമാണ് അമേരിക്കയുടെ നിലപാടിനെ അനുകൂലിച്ചത്. ചൈനയും, പാകിസ്ഥാനും ഉള്‍പ്പെടെ മറ്റു രാജ്യങ്ങള്‍ അമേരിക്കന്‍ പ്രമേയത്തെ എതിര്‍ത്തു എങ്കിലും പ്രമേയം പതിമൂന്നിനു എതിരെ ഇരുപത്തിയഞ്ച് വോട്ടുമായി വിജയം നേടി.


ഐക്യരാഷ്ട്രസഭയില്‍ അമേരിക്ക അവതരിപ്പിച്ച  പ്രമേയത്തിന്റെ പ്രധാന  ഭാഗങ്ങള്‍ ഇന്നലെ ആയിരുന്നു. ലങ്കയിലെ മനുഷ്യാവകാശ ധ്വംസനങ്ങളെപറ്റി ശ്രീലങ്ക തന്നെ സ്വതന്ത്രവും വിശ്വസനീയവുമായ അന്വേഷണ നടത്തണമെന്ന്‌ പ്രമേയം ആവശ്യപ്പെടുന്നു. ലങ്കയിലെ വടക്കന്‍ പ്രവിശ്യയില്‍ തെരഞ്ഞെടുപ്പ്‌ നടത്താഌള്ള സര്‍ക്കാരിന്റെ തീരുമാനത്തെ പ്രമേയം സ്വാഗതം ചെയ്യുന്നുണ്ട്‌. എന്നാല്‍ തെരഞ്ഞെടുപ്പിന്‌ ശേഷം അധികാരം കൈമാറ്റം നടത്തണമെന്ന ജനങ്ങളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കണമെന്ന്‌ പ്രമേയം ആവശ്യപ്പെടുന്നു. നിതീന്യായ വ്യവസ്ഥ അറിയാതെ ലങ്കയില്‍ കൊലപാതകങ്ങളും പലരുടെയും തിരോധാനവും ഉണ്ടായിട്ടുണ്ട്‌. ഇത്‌ ലങ്കന്‍ സര്‍ക്കാര്‍ അന്വേഷിക്കണം. വടക്കന്‍ ശ്രീലങ്കയെ പട്ടാളമുക്തമാക്കുകനിഷ്‌പക്ഷമായ പരാതിപരിഹാരസംവിധാനം ഉണ്ടാക്കുകകരുതല്‍തടങ്കല്‍ നയം പുനപരിശോധിക്കുകപ്രവിശ്യകള്‍ക്കു അധികാരം നല്‍കുന്നതിന്‌ രാഷ്ട്രീയസമവായം കൊണ്ടുവരുകഎല്ലാവര്‍ക്കും സ്വതന്ത്രമായ ആശയപ്രകടനത്തിനുള്ള അവകാശം നല്‍കുക തുടങ്ങിയ ആവശ്യങ്ങളും പ്രമേയത്തില്‍ ഉന്നയിക്കുന്നുണ്ട്‌.
ശ്രീലങ്കയില്‍ ഇപ്പോഴും തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ അതീവ ഗുരുതരമാണെന്ന്‌ പ്രമേയം പറയുന്നു. സമാധാനപരമായി സംഘടിക്കാഌള്ള അവകാശം പോലും ലങ്കയില്‍ ഇല്ല. മാധ്യമപ്രവര്‍ത്തകര്‍ പോലും സ്വതന്ത്രരല്ല. മതത്തിന്റെയും ജാതിയുടെയും പേരില്‍  സമൂഹം ചേരിതിരിഞ്ഞിരിക്കുന്നവെന്നും നിയമസംവിധാനങ്ങള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നില്ലെന്നും പ്രമേയം കുറ്റപ്പെടുത്തുന്നുണ്ട്‌.  
ഇന്ത്യയുടെ ഇടപെടല്‍ മൂലം, കാതലായ ഒരു മാറ്റം ഈ പ്രമേയത്തില്‍ വരുത്തിയിരുന്നു. എല്ലാ മനുഷ്യാവകാശ ധ്വംസനങ്ങളെയും രാജ്യാന്തര മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷിക്കണം എന്ന ആദ്യ പ്രമേയത്തെ ഇന്ത്യയുടെ ഇടപെടല്‍ മൂലം ശ്രീലങ്ക അന്വേഷിക്കണം എന്നാക്കുവാന്‍ കഴിഞ്ഞു. പ്രമേയാവതരണത്തിനു മുന്‍പ് തന്നെ ഇന്ത്യന്‍ സര്‍ക്കാരിനെ കൂടുതല്‍ സമ്മര്‍ദ്ദത്തില്‍ ആക്കി കൊണ്ട് തമിഴ് നാട്ടിലെ പ്രബല കക്ഷിയായ കരുണാനിധിയുടെ ഡി എം കെ തമിഴ് വികാരം ആളിക്കത്തിച്ചു, സര്‍ക്കാരിനു നല്‍കിയിരുന്ന പിന്തുണ പിന്‍വലിക്കുകയും യു പി എ മുന്നണിയില്‍ നിന്ന് പടിയിറങ്ങുകയും ചെയ്തു.
തമിഴ് രാഷ്ട്രീയം.
തമിഴ് ദേശീയത ആളിക്കത്തിക്കുന്നതും അവരില്‍ തമിഴ് വൈകാരികത വളര്‍ത്തി തീവ്രഭാവത്തില്‍ നിലനിര്‍ത്തുന്നതും ലാഭം കൊയ്യുന്നതും തമിഴ്നാട്ടിലെ പ്രബല രാഷ്ട്രീയകക്ഷികള്‍ ആണ്. ദ്രാവിഡ കക്ഷികള്‍ മാത്രമാണ് ഇതില്‍ നിന്ന് ലാഭം കൊയ്യുന്നത്. ഇന്ത്യയേക്കാള്‍, തമിഴ്മക്കള്‍ എന്ന വികാരം ആണ് അവരില്‍ കുടി കൊള്ളുന്നത്‌. അല്ലെങ്കില്‍ ബോധ പൂര്‍വ്വം അവരില്‍ വളര്‍ത്തി എടുത്തിരിക്കുന്നത്.
ശ്രീലങ്കയിലെ തമിഴ്വംശജരുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുന്നതിൽ ഇന്ത്യയിലെ രാഷ്ട്രീയപാർട്ടികൾ ആത്മാർത്ഥമായ പരിശ്രമം നടത്തുന്നു എന്നതിലുപരി അധികാര കസേരയില്‍ മാത്രമാണ് അവരുടെ കണ്ണ് എന്നത് പ്രത്യേകം പറയേണ്ടത് ആണ്. നരകയാതന അനുഭവിക്കുന്ന ശ്രീലങ്കയിലെ തമിഴ്വംശജർക്ക് വേണ്ടി കഴിഞ്ഞ മൂന്നു വർഷവും ഒന്നും ചെയ്യാത്ത തമിഴ്നാട്ടിലെ രാഷ്ട്രീയ നേതൃത്വം പൊതുതിരഞ്ഞെടുപ്പ് അടുത്തതോടെ ബഹളം വയ്ക്കുകയാണ്.  പാലസ്തീനിലെയും മറ്റും മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ പ്രതികരിക്കുന്ന ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വം ലോകത്തിൽ ഏറ്റവും വലിയ വംശീയ വിദ്വേഷവും ആക്രമണവും നേരിട്ട തമിഴ്വംശജരുടെ ദുരിതത്തിൽ വേണ്ട വിധത്തിൽ പ്രതികരിക്കുകയോ ഇടപെടുകയോ ചെയ്തിട്ടില്ല എന്നതും ഓര്‍ക്കേണ്ടതാണ്.
തമിഴ് രാഷ്ട്രീയം, ദ്രാവിഡദേശീയതയില്‍ ആകെ കുഴഞ്ഞുമറിഞ്ഞു കിടക്കുകയാണ്. ഏറ്റവും പ്രബലനായിരുന്ന കരുണാനിധിയുടെ ഇപ്പോഴത്തെ അവസ്ഥ ഏറെ പരിതാപകരവും. ടൂ ജി സ്പെക്ട്രം മുതലുള്ള അഴിമതി  പ്രശ്നങ്ങള്‍, മക്കള്‍, മരുമക്കള്‍ , അനന്തരാവകാശി വിഷയങ്ങള്‍, പ്രായാധിക്യം ഇങ്ങനെ പ്രശ്നങ്ങള്‍ കൂനിന്മേല്‍ കുരു പോലെ ഒന്നിന് പിറകെ ഒന്നായി വന്നു അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ എട്ടു നിലയില്‍ പൊട്ടും എന്ന ബോധ്യത്തില്‍ ആണ് ശ്രീലങ്കന്‍ വിഷയത്തില്‍ തമിഴ് ദേശിയത എന്ന ബോംബിനെ മാറിലെറ്റി തമിഴ് ജനതയുടെ വികാരത്തെ ആളിക്കത്തിച്ചത്. ഒരുപക്ഷെ ജയലളിതക്കും മറ്റു രാഷ്ട്രീയ പ്രതിയോഗികള്‍ക്കും പോലും ചിന്തിക്കാന്‍ കഴിയാതിരുന്ന സമയത്ത് തമിഴ്നാടിനെ ഒറ്റയടിക്ക് തീക്കുണ്ടത്തിലേക്ക് എടുത്തെറിയാന്‍ കരുണാനിധിയുടെ കൌശലത്തിനു കഴിഞ്ഞു. തമിഴ് രാഷ്ട്രീയം ചുരുങ്ങിയ ദിവസം കൊണ്ട് വീണ്ടും കരുണാനിധിയുടെ കാല്‍ക്കീഴില്‍ അമരുന്നു. തമിഴ്ജനതയുടെ വികാരങ്ങള്‍, സമരങ്ങളായും, ആത്മാഹുതി ആയും പൊതു പണിമുടക്ക് ആയും തകര്‍ത്താടിയപ്പോള്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുവാനും, ഒരു പക്ഷെ സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിന് വഴങ്ങിയില്ലെങ്കില്‍ രാജി ഭീഷണി മുഴക്കുവാനും കരുണാനിധിയിലും സമ്മര്‍ദ്ദം ഉണ്ടായി. അമരിക്കന്‍ പ്രമേയം ഇന്ത്യ ഇടപെട്ടു ലഘൂകരിച്ചു എന്നറിഞ്ഞപ്പോള്‍ കേന്ദ്ര സര്‍ക്കാരില്‍നിന്ന് രാജി വയ്ക്കുക മാത്രമേ മാര്‍ഗമുള്ളൂ എന്ന നിലയിലേക്കായി ഡി എം കെ. അയല്‍പക്കമായ ശ്രീലങ്കന്‍ സര്‍ക്കാരിനെ തള്ളിപ്പറഞ്ഞു, അമേരിക്കക്കൊപ്പം നില്‍ക്കുവാന്‍ ഇന്ത്യ തയ്യാറായി എങ്കിലും, ശ്രീ ലങ്കയില്‍ നടന്ന മനുഷ്യാവകാശ ലംഘനത്തിനോപ്പം, നരഹത്യക്കും വംശീയ ഉണ്മൂലനത്തിനും എതിരെ ഭേദഗതി അവതരിപ്പിക്കാനും ശ്രീലങ്കന്‍ സര്‍ക്കാരിന്റെ അന്വേഷണത്തിന് പകരം യു എന്നിന്റെ മേനോട്ടത്തില്‍ സ്വതന്ത്രമായ ഒരു അന്വേഷണ ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കാനും സര്‍ക്കാരിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തുവാന്‍ ആണ് ഡി എം കെ ശ്രമിച്ചത്‌. അങ്ങനെ പ്രമേയത്തിന് ഭേദഗതി അവതരിപ്പിക്കുകയാണ് എങ്കില്‍ പിന്തുണ വീണ്ടും നല്‍കാം എന്നും ഡി എം കെ ഉറപ്പു നല്‍കി.
 ശ്രീലങ്കയില്‍ തമിഴര്‍ നേരിടുന്ന കൊടിയ പീഡനങ്ങള്‍ ദേശീയ രാഷ്ട്രീയത്തില്‍ ഭൂകമ്പം സൃഷ്ടിക്കുന്നതിനിടയില്‍, പ്രശ്‌നം തമിഴ്നാട്ടില്‍ പ്രതിഷേധാഗ്നി പടര്‍ത്തുന്നു. ഇന്നിപ്പോള്‍ ഡി എം കെ മാത്രമല്ല, തമിഴ് ദേശീയതയുടെ  പേരും പറഞ്ഞു, ചെറുതും വലുതുമായ എല്ലാ സംഘടനകളും സമരത്തിന്റെ മുന്‍ നിരയില്‍ തന്നെ ഉണ്ട്.  വിദ്യാര്‍ഥികളില്‍ നിന്നാരംഭിച്ച ലങ്കന്‍ വിരുദ്ധ പ്രക്ഷോഭം വൈകാരികമായി മറ്റുള്ള സംഘടനകളിലേയ്ക്കും രാഷ്ട്രീയ പാര്‍ട്ടികളിലേയ്ക്കും കത്തിപ്പടരുകയാണ്. പ്രൊഫഷണല്‍ കോളേജുകളടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും  അനിശ്ചിതകാലത്തേയ്ക്ക് അടച്ചിട്ടിരിക്കുകയാണ്. പലയിടത്തും പ്രതിഷേധം റോഡ് ഗതാഗതത്തെ ബാധിച്ചു. ചിലയിടങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കു നേരെ ആക്രമണമുണ്ടായി. പലരും ആത്മാഹുതി നടത്തുന്നു.
ഫലത്തില്‍ ശ്രീലങ്കന്‍ വിഷയം കരുണാനിധിക്കും ഡി എം കെ ക്കും ഒരു തിരിച്ചു വരവാണ്. ടൂ ജി സ്പെക്ട്രം അഴിമതിയില്‍ ഒരു വില പേശലിനു ഒരവസരവും. കേന്ദ്രത്തില്‍ അടുത്ത ലോകസഭ തെരഞ്ഞെടുപ്പു ഫലവും എന്താവും എന്ന് പ്രവചിക്കുക വയ്യ. ആര് അധികാരത്തില്‍ വന്നാലും, കോണ്‍ഗ്രെസ്സിനോടും ബി ജെ പി യോടും കൂട്ട് കൂടുവാന്‍ ഇനി ഡി എം കെ ക്ക് ആവും. കരുണാനിധിയുടെ കണക്കു കൂട്ടല്‍ കൃത്യമായിരുന്നു. വെടികൊള്ളേണ്ടിടത്ത്  കൊള്ളേണ്ടതു പോലെ കൊണ്ടു. കരുണാനിധിക്ക് മനസമാധാനത്തോടെ ഉറങ്ങാം.