Wednesday, 26 September 2012

എയര്‍ കേരളയും പ്രവാസിയുടെ ഓഹരിയെന്ന സ്വപ്നവുംമുപ്പതു ലക്ഷത്തിലധികം മലയാളികള്‍ പ്രവാസികള്‍ ആയിട്ടുള്ള ഒരു സംസ്ഥാനം ആണ് കേരളം. മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത വിധം മൂന്നു ഇന്‍റര്‍ നാഷണല്‍ വിമാനത്താവളങ്ങള്‍ ഉള്ള സംസ്ഥാനവും ഇന്ത്യയില്‍ ആദ്യമായി പൊതു ജന പങ്കാളിത്തത്തോട്  ( സ്വകാര്യ മുതലാളി പങ്കാളിത്തം )കൂടി വിമാനത്താവളം നിര്‍മ്മിച്ച്‌ വിജയകരമായി നടത്തുകയും ചെയുന്നതും കേരളത്തില്‍ ആണ്. കണ്ണൂരിലും, ആറന്മുളയിലും, ഇടുക്കിയിലും എന്ന് വേണ്ട, ഓരോ ജില്ലകള്‍ക്കും വിമാനത്താവളങ്ങള്‍ എന്ന ആശയത്തിന് ഉടമകളും ആണ് മലയാളികള്‍.

ഇന്ത്യയില്‍, പ്രവാസങ്ങളുടെ തുടക്കം തന്നെ ഒരു പക്ഷെ കേരളത്തില്‍ നിന്നാകാം. കേരളീയര്‍ തങ്ങളുടെ അദ്ധ്വാനം കൊണ്ട് മാത്രം ഉണ്ടാക്കിയെടുത്ത അല്ലെങ്കില്‍ വികസിപ്പിച്ചെടുത്ത രാജ്യങ്ങള്‍  ആണ് ഇന്ന് കാണുന്ന ഗള്‍ഫ്‌ രാജ്യങ്ങള്‍.,. ഗള്‍ഫ്‌ രാജ്യങ്ങള്‍ ഇന്നത്തെ അവസ്ഥയില്‍ ആയിരിക്കുന്നതിന്റെ പിന്നില്‍ കേരളത്തിലെ പ്രവാസികളുടെ ആശയങ്ങളും കഠിനാദ്ധ്വാനങ്ങളും ആണ് എന്നതില്‍ ആര്‍ക്കും  സംശയമില്ല.


എയര്‍ ഇന്ത്യ മാത്രമായിരുന്നു ഇന്ത്യന്‍ പ്രവാസികളുടെ ഏക ആശ്രയം. കെടുകാര്യസ്ഥതയും അഴിമതിയും നിയമക്കുരുക്കുകളും കൊണ്ടും രാഷ്ട്രീയക്കാരും  ഉദ്യോഗസ്ഥരും ജീവനക്കാരും കൂടി ബലാല്‍സംഗം ചെയ്തു കൊന്നു കൊണ്ടിരിക്കുന്ന,   മരണക്കിടക്കയില്‍ ആണ് എയര്‍ ഇന്ത്യ. തങ്ങളുടെ ഏറ്റവും പഴകിയ വിമാനങ്ങള്‍ ആണ് അവര്‍ ഗള്‍ഫ്‌ കേരള സെക്ടറിലേക്ക് അയക്കുന്നത്. കേരളത്തില്‍ നിന്ന് ഗള്‍ഫ്‌ സെക്ടറില്‍ ജോലിക്ക് പോകുന്നവര്‍ എല്ലാം ജീവിക്കാന്‍ നിവൃത്തിയില്ലാത്ത പട്ടിണിയും പരിവട്ടവും ആയി മാത്രം കഴിയുന്ന ജനതതി ആണ് എന്നും അവര്‍  അശ്പ്രിശ്യര്‍ ആണെന്നും ഉള്ള ഉത്തരേന്ത്യന്‍ സവര്‍ണ്ണ മനസുകളില്‍ നിന്നാണ് എയര്‍  ഇന്ത്യയുടെ ഏറ്റവും മോശമായ സര്‍വീസുകള്‍ ഈ സെക്ടറില്‍ നല്‍കുവാന്‍ കാരണം. മരണക്കിടക്കയില്‍ കിടക്കുന്ന എയര്‍ ഇന്ത്യക്ക്‌ ഇടയ്ക്ക് കിട്ടുന്ന ഓക്സിജന്‍ ആണ് ഗള്‍ഫ്‌ സര്‍വീസുകള്‍. എന്ന കാര്യം പോലും ഉത്തരേന്ത്യന്‍ സവര്‍ണ്ണ മനാസുകള്‍ ബോധപൂര്‍വം മറക്കുകയായിരുന്നു. ഗള്‍ഫിലെ മറ്റു എയര്‍ ലൈനുകളും ആയി കോഡ്‌ ഷെയറിംഗില്‍ കൂടി പോലും, തങ്ങളുടെ വിമാനങ്ങള്‍ ഓടിക്കാതെ പണം ഉണ്ടാക്കിക്കൊണ്ടിരുന്ന ഒരു മേഖല ആണ് ഗള്‍ഫ്‌ മേഖല. പലപ്പോഴും എയര്‍ ഇന്ത്യയിലെ സമരങ്ങളും രാഷ്ട്രീയ ഉദ്യോഗസ്ഥ തീരുമാനങ്ങളും നടപടികളും , വിദേശ എയര്‍ ലൈനുകളെ സഹായിക്കുവാന്‍ ഉള്ളതായിരുന്നു. ഒരിക്കലും പാഠം പഠിക്കാത്ത എയര്‍ ഇന്ത്യ വിസ്മ്രിതിയിലേക്ക് നടന്നടുക്കുന്ന കാഴ്ചകള്‍ ആണ് നാം ഇന്ന് കാണുന്നത്.


എയര്‍ ഇന്ത്യയും വിദേശ എയര്‍ ലൈനുകളും കൂടി മലയാളി യാത്രികരെ പിഴിഞ്ഞ് കൊണ്ടിരിക്കുമ്പോള്‍ ആണ് ഗള്‍ഫ്‌ മേഖലയില്‍ നിന്ന് ആദ്യമായി, ഷാര്‍ജയില്‍ നിന്ന് എയര്‍ അറേബ്യ എന്ന ലോ ബഡ്ജെറ്റ്‌ എയര്‍ ലൈന്‍ പറന്നു തുടങ്ങിയത്. ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ട് എയര്‍ അറേബ്യ നടത്തിയ മാസ്മരിക പ്രകടനം വ്യോമ മേഖലയില്‍ തന്നെ വലിയ ഒരു സംസാര വിഷയം ആയി. എയര്‍ അറേബ്യ വലിയ വിജയം കരസ്ഥമാക്കിയ ഒരു ബിസിനസ് മോഡല്‍ ആയിട്ടാണ്  ഇന്ന് ബിസിനസ് ലോകം കണക്കാക്കുന്നത്. കൃത്യതയാര്‍ന്ന ഓപ്പറേഷന്‍സ് ആണ് ഈ മോഡലിന്റെ ഏറ്റവും വലിയ വിജയം.  എയര്‍ അറേബ്യയെ കണ്ടു കൊണ്ട്  എയര്‍ ഇന്ത്യ, അവരുടെ എക്സ്പ്രസ്സ്‌ സര്‍വീസുകള്‍ തുടങ്ങിയെങ്കിലും എയര്‍ ഇന്ത്യയിലെ സ്വഭാവ ദൂഷ്യങ്ങള്‍ അതിനെയും ശരശയ്യയില്‍ എത്തിച്ചു.


ഉത്സവ കാലത്തും സ്കൂള്‍ അവധിക്കാലത്തും താങ്ങുവാന്‍ കഴിയാത്ത നിരക്കുകള്‍, കൃത്യതയില്ലാത്ത സര്‍വീസുകള്‍, ടിക്കറ്റും ആയി എയര്‍ പോര്‍ട്ടില്‍ ചെന്ന് ചെക്ക് ഇന്‍ കഴിയുമ്പോള്‍ റദ്ദാക്കപ്പെടുന്ന സര്‍വീസുകള്‍, ആവശ്യ നേരത്ത് ടിക്കറ്റുകള്‍ ഇല്ലാത്ത അവസ്ഥ, സര്‍വീസുകള്‍ കൂട്ടാതോടെ റദ്ദാക്കപ്പെടുന്ന അവസ്ഥകള്‍, മലയാളി ഏറ്റവും അധികം ദുരിതം അനുഭവിച്ചു കൊണ്ടിരുന്നത് തങ്ങളുടെ വിമാനയാത്രകളില്‍ ആയിരുന്നു. ഗള്‍ഫില്‍ ജോലി ചെയുന്ന പലരുടെയും വിസയുടെ കാലാവധികള്‍ അവസാനിക്കുകയും പലരുടെയും ജോലികള്‍ നഷ്ടപ്പെടുവാനും എയര്‍ ഇന്ത്യ കാരണമായി.

ആഗോളീകരണത്തിന്റെയും പുത്തന്‍ സാമ്പത്തീക വ്യവസ്ഥകളുടെയും ഫലമായി ഇന്ത്യയില്‍ സര്‍വീസുകള്‍ നടത്തിയിരുന്ന ജെറ്റ്‌ എയര്‍, കിംഗ്‌ ഫിഷര്‍, സ്പൈസ് എയര്‍, ഇന്‍ഡിഗോ തുടങ്ങിയ വിമാനക്കമ്പനികളും ഇപ്പോള്‍ കേരളത്തിലേക്ക് സര്‍വീസുകള്‍ നടത്തി തുടങ്ങിയിരിക്കയാണ്. വലിയൊരു ആശ്വാസം ഈ വിമാനങ്ങള്‍ ഒക്കെ നല്‍കുന്നുണ്ടെങ്കിലും അതും പര്യാപ്തമാകുന്നില്ല. അങ്ങനെയിരിക്കെയാണ് പ്രവാസിയുടെ കയ്യിലെ മൂലധന നിക്ഷേപത്തില്‍ കണ്ണ് വച്ച് കൊണ്ട് പുതിയൊരു എയര്‍ ലൈന്‍ എന്ന സ്വപ്നം സിയാലിനെയും ഗള്‍ഫ്‌ വ്യാപാരികളുടെയും ഉറക്കം നഷ്ടപ്പെടുത്തിയത്.

ബിസിനസ് മോഡല്‍എമേര്‍ജിംഗ് കേരളയുടെയും ഉമ്മന്‍ ചാണ്ടിയുടെയും അതിലുപരി പ്രവാസി സമൂഹത്തിന്‍റെയും സ്വപ്നവും ബൈ പ്രോഡക്റ്റും ആണ് എയര്‍ കേരള. എയര്‍ കേരള, കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കൊണ്ട് വന്ന പ്രൊജക്റ്റ്‌ ആയിരുന്നു എങ്കിലും എമേര്‍ജിംഗ് കേരള വരെ സാങ്കേതികത്വം ആരോപിക്കപ്പെട്ടു പൊടീ പിടിച്ചു കിടക്കുകയായിരുന്നു. എമേര്‍ജിംഗ് കേരളയിലൂടെ ആ പൊടി ഒക്കെ തട്ടി മാറ്റി വീണ്ടും  സജീവ പരിഗണനയില്‍ എത്തിയിരിക്കയാണിപ്പോള്‍. .


സിയാല്‍ മാതൃകയില്‍ 26% സര്‍ക്കാര്‍ ഓഹരിയും 74% സ്വകാര്യ പങ്കാളിത്തവുമായിട്ടാകും എയര്‍ കേരള ആരംഭിക്കുക. എമേര്‍ജിംഗ് കേരളയ്ക്ക് മുന്നേ തന്നെ, ഗള്‍ഫിലെ ചില വ്യാപാരികള്‍ എയര്‍ കേരളയില്‍ തൂങ്ങി ചില പറക്കലുകള്‍ നടത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരും കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും (സിയാല്‍) സംയുക്തമായാണ് എയര്‍കേരള രൂപീകരിക്കുക. എയര്‍ കേരളയ്ക്ക് അനുമതി നേടാന്‍ കമ്പനി ചെയര്‍മാന്‍ എന്ന നിലയില്‍ മുഖ്യമന്ത്രി തന്നെ മുന്‍കൈയെടുത്ത് കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തുന്നു.

എയര്‍ കേരളയുടെ ആദ്യ ഡയറക്ടര്‍ ബോര്‍ഡ് യോഗം  ലേ മെറിഡിയന്‍ ഹോട്ടലില്‍ ഇതിനിടയില്‍ നടക്കുകയും കാര്യങ്ങള്‍ ത്വരിത ഗതിയില്‍ മുന്നോട്ടു പോവുകയും ചെയ്തിരിക്കുന്നു. മുഖ്യമന്ത്രിക്കു പുറമെ, സിയാലില്‍ നിന്നുള്ള മൂന്ന് അംഗങ്ങളും മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, കെ. ബാബു, കെ.സി. ജോസഫ് എന്നിവരെയും ഉള്‍പ്പെടുത്തി ഡയറക്ടര്‍ ബോര്‍ഡ് പുനഃസംഘടിപ്പിച്ചിട്ടുണ്ട്. എയര്‍ കേരള' പദ്ധതിയുടെ സാധ്യതാ പഠനം നടത്താന്‍ സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ വി.ജെ. കുര്യനെ സിയാല്‍ ചെയര്‍മാന്‍  യോഗം ചുമതലപ്പെടുത്തിയിരിക്കയാണ്. പദ്ധതി നടപ്പാക്കാന്‍ പ്രവാസി മലയാളികളില്‍ നിന്ന് 200 കോടി രൂപ ശേഖരിക്കും. ആദ്യഘട്ടത്തില്‍ അഞ്ച് വിമാനങ്ങള്‍ ഉപയോഗിച്ച് ആഭ്യന്തര സര്‍വ്വീസാണ് നടത്തുക.കൊച്ചയില്‍ നിന്നായിരിക്കും ആദ്യ അഭ്യന്തര സര്‍വീസ് നടത്തുക. 2013 മാര്‍ച്ചില്‍ ആഭ്യന്തര സര്‍വീസ് ആരംഭിക്കാനായാല്‍ ഒരു വര്‍ഷം കഴിഞ്ഞ് അന്താരാഷ്ട്ര സര്‍വീസും നടത്താനാകുമെന്ന് സര്‍ക്കാരും സിയാലും കണക്കുകൂട്ടുന്നു. രണ്ടാംഘട്ടത്തില്‍ ഗള്‍ഫ് മേഖലകളിലേക്ക് സര്‍വ്വീസ് ആരംഭിക്കും. തുടര്‍ന്ന് കൂടുതല്‍ മേഖലകളിലേക്ക് സര്‍വ്വീസ് ആരംഭിക്കുകയാണ് ലക്ഷ്യം. എല്ലാം വളരെ ധൃതി പിടിച്ചു ആണ് നടക്കുന്നത്. അതി വേഗം ബഹു ദൂരത്തിലെക്കുള്ള കാല്‍വയ്പ്പുകള്‍ പിഴക്കാതിരുന്നാള്‍ പ്രവാസികള്‍ക്ക്‌ കൊള്ളാം.


അഞ്ചു വര്ഷം ദേശിയ രംഗത്ത് സര്‍വീസ്‌ നടത്തിയുള്ള പരിചയവും ഇടവും കുറഞ്ഞത് ഇരുപതു വിമാനങ്ങള്‍ വേണം എന്ന നിബന്ധനയും ആണ് എയര്‍ കേരളയെ തുടക്കത്തില്‍ ഈ സംരംഭത്തില്‍ നിന്നും അകറ്റി നിര്‍ത്തിയത് എങ്കിലും ഈ തടസങ്ങള്‍ ഒഴിവാക്കി ഒരു വര്‍ഷത്തെ അഭ്യന്തര സര്‍വീസുകള്‍ക്ക് ശേക്ഷം വിദേശ പറക്കലുകള്‍ക്ക് അനുമതി നല്‍കാം എന്ന് പ്രധാനമന്ത്രി നല്‍കിയ ഉറപ്പിന്മേല്‍ ആണ് എയര്‍ കേരള സ്വപ്നങ്ങള്‍ വീണ്ടും ചിറകു വിരിയിക്കുന്നത്.  ഇന്ത്യയിലെ മറ്റു സ്വകാര്യ വിമാന  കമ്പനികള്‍ക്ക് ഇല്ലാത്ത ഒരു സാധ്യത, എയര്‍ കേരളയില്‍ സിയാല്‍ പണം മുടക്കുന്നതിനാല്‍, കൊച്ചിന്‍ എയര്‍പോര്‍ട്ട് എയര്‍ കേരളയുടെ ബേസ് ആക്കി മാറ്റുവാന്‍ സാധിക്കും എന്നുള്ളതാണ്. പക്ഷെ സിയാല്‍ ഫ്രീ ആയിട്ട് എയര്‍ കേരളയുടെ വിമാനങ്ങള്‍ക്ക് സേവന വേതന വ്യവസ്ഥകള്‍ നല്‍കും എന്നുറപ്പില്ല.

ചില പ്രധാന സംശയങ്ങള്‍ഏഴു വര്‍ഷങ്ങള്‍ക്കു മുന്‍പ് എയര്‍ കേരള എന്ന ആശയം ഉരുത്തിരിഞ്ഞു വന്ന സമയത്തുള്ള അവസ്ഥ അല്ല ഇന്ന്. എയര്‍ ഇന്ത്യ മാത്രം അടക്കി വാണിരുന്ന വ്യോമയാന മേഖലയില്‍ ഇന്ന് സ്വകാര്യ വിമാനങ്ങള്‍ വട്ടമിട്ടു പറക്കുന്ന കാഴ്ച ആണ്. പുതിയ എയര്‍ കേരള പ്രവര്‍ത്തി പഥത്തില്‍ എത്തുമ്പോള്‍ ഈ സ്വകാര്യ വിമാനക്കമ്പനികളും ആയി എയര്‍ കേരളയ്ക്ക്  മത്സരിക്കുവാന്‍ കഴിയുമോ?

മലയാളി യാത്രക്കാരന്‍ ഏറ്റവും കുറഞ്ഞ ചിലവില്‍ യാത്ര ചെയുവാന്‍ ശ്രമിക്കുന്നവന്‍ ആണ്. എയര്‍ കേരളയുടെ ചാര്‍ജുകളെക്കാള്‍ കുറഞ്ഞ ചാര്‍ജില്‍ മറ്റാരെങ്കിലും യാത്രാ സൌകര്യം ഒരുക്കിയാല്‍ പ്രവാസി യാത്രക്കാരന് എയര്‍ കേരളയെ മറക്കും. അങ്ങനെ മറക്കാതിരിക്കാന്‍ ആയിരിക്കും ഓഹരി ഉടമ എന്ന തിളക്കമാര്‍ന്ന ലേബല്‍ കൊടുത്ത് പ്രവാസിയെ എയര്‍ കേരളയില്‍ യാത്ര ചെയുവാന്‍ നിര്‍ബന്ധിപ്പിക്കുക. അങ്ങനെ എയര്‍ കേരളയില്‍ യാത്ര ചെയുവാന്‍ ഉടമകളായ യാത്രക്കാരെയും വലിയ മാര്‍ക്കറ്റിംഗ് മിടുക്കില്ലാതെ സംഘടിപ്പിക്കുക.

സിയാല്‍ മാതൃകയില്‍ നടത്തുന്ന എയര്‍ കേരള എന്ന കമ്പനിയില്‍ സര്‍ക്കാരിന്റെയും സിയാലിന്റെയും മൂലധനം എത്ര വീതം ആയിരിക്കും. 26% സര്‍ക്കാര്‍ മുതല്‍ മുടക്കും എന്ന് പറയുന്ന റിപ്പോര്‍ട്ടുകളില്‍ സിയാലിന്റെ മൂലധനത്തെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്നില്ല. ഡയറക്ടര്‍ ബോര്‍ഡില്‍ സര്‍ക്കാറിന്റെയും, സിയാലിന്റെയും പ്രതിനിധികള്‍ മാത്രം ആണുള്ളത്, എന്ന് പറയുമ്പോള്‍ പോലും സര്‍ക്കാര്‍ പ്രതിനിധികള്‍ സിയാല്‍ ഡയറക്ടര്‍ ബോര്‍ഡ്‌ അംഗംങ്ങള്‍ കൂടി ആണ്. ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത്, സിയാല്‍ 26%  ഓഹരി മുതല്‍ മുടക്ക് നടത്തുകയും, സര്‍ക്കാര്‍ സിയാലില്‍ പങ്കാളി ആയതിനാല്‍ സിയാലിന്റെ പങ്കാളിത്തം ആണ് സര്‍ക്കാര്‍ പങ്കാളിത്തം എന്നും വ്യക്തതയില്ലാത്ത റിപ്പോര്‍ട്ടുകള്‍ വരുന്നു. 74% പണം പാവപ്പെട്ട ഗള്‍ഫ്‌ യാത്രക്കാരനില്‍ നിന്നും സ്വീകരിക്കുക എന്ന നയം ആണ് എയര്‍ കേരളയുടെ ഡയറക്ടര്‍ ബോര്‍ഡ്‌ കൈക്കൊണ്ടിരിക്കുന്നത്.

വിമാന കമ്പനിയുടെ സാധ്യതാ പഠന റിപ്പോര്‍ട്ടിന് ഏര്‍ണെസ്റ്റ് ആന്‍ഡ്‌ യംഗ് എന്ന കണ്സല്‍ട്ടന്‍സിയെ ആണ് നിയോഗിച്ചിരിക്കുന്നത്. 200 കോടി ആണ് കമ്പനിയുടെ ആദ്യ മുടക്കുമുതല്‍., പക്ഷെ ഇത്ര ചെറിയ തുക കൊണ്ട് ഒരിക്കലും ഒരു എയര്‍ ലൈന്‍ ലാഭത്തില്‍ നടത്തുക സാധ്യമല്ല. സിയാലിന്റെ ഓഹരി പങ്കാളിത്തം ഒരിക്കലും പണം ആയി ഈ കമ്പനിയില്‍ ഉണ്ടാകില്ല. അവരുടെ ഓഹരി പങ്കാളിത്തം കൊച്ചിന്‍ എയര്‍ പോര്‍ട്ട് നല്‍കുന്ന സര്‍വീസുകളില്‍ ഊതിപ്പെരുപ്പിക്കും ഈ റിപ്പോര്‍ട്ടില്‍ കൂടി. അത് കൊണ്ട് സിയാലിന്റെ ലാഭം  ഉയരുകയും അങ്ങനെ പാവപ്പെട്ട പ്രവാസിയുടെ പേരില്‍ സിയാല്‍ ഓഹരി ഉടമകള്‍ക്ക് സിയാലില്‍ നിന്ന് അധിക വരുമാനം ലഭിക്കുകയും ചെയ്യും.

മെച്ചപ്പെട്ട സര്‍വീസ്,  കുറഞ്ഞ നിരക്ക്,  കൂടുതല്‍ ലെഗേജ്,  കൃത്യതയുള്ള സര്‍വീസുകള്‍ തുടങ്ങിയവ ആണ് മലയാളികള്‍ പുതിയ എയര്‍ ലൈനില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. സീസണില്‍ ഏകദേശം ഇരുപതിനായിരത്തോളവും ഓഫ്‌ സീസണില്‍ പതിനായിരത്തോളവും മലയാളികള്‍ ആണ് ദിനം പ്രതി കേരളത്തിലെ എയര്‍ പോര്ട്ടുകളിലെ സേവനങ്ങള്‍ ഉപയോഗിക്കുന്നത് എന്നാണ് കണക്ക്. ഈ കണക്കുകളിലെ കളികള്‍ കണ്ടാണ് ഗള്‍ഫിലെ വ്യവസായികള്‍ പ്രവാസികളുടെ പണം മുതല്‍ മുടക്കായി സ്വപനം കണ്ടു എയര്‍ കേരളയ്ക്ക് വേണ്ടി മുന്നിട്ടിറങ്ങുന്നത്. സ്വന്തം എയര്‍ ലൈന്‍ എന്ന വികാരവും ആയി നടക്കുന്ന മലയാളി പ്രവാസി, കേരള വാസികളെ പോലെ പ്രതികരണ ശേക്ഷി ഉള്ളവരും അല്ല. അവരൊക്കെയും ദീര്‍ഘകാലത്തെ പ്രവാസ ജീവിതത്താല്‍ വരിയുടയ്ക്കപ്പെട്ടവര്‍ ആണ്. വരിയുടയ്ക്കപ്പെട്ടവനെ എങ്ങനെയും വരുതിയിലാക്കാം എന്ന സൈക്കൊളജി ആണ് എയര്‍ കേരളയുടെ കാര്യത്തിലും ഈ വ്യാപാരികള്‍ കച്ചവടം ചെയുന്നത്. അത് കൊണ്ടായിരിക്കാം, കേരളത്തിലെ താമസക്കാരായ ജനങ്ങളില്‍ നിന്ന് മുതല്‍ മുടക്കിന് ശ്രമിക്കാത്തതും.


തത്വത്തില്‍ എയര്‍ കേരളക്ക്‌ ചിലവാകുന്ന മുഴുവന്‍ തുകയും പ്രവാസിയില്‍ നിന്ന് പിടുങ്ങുകയും പ്രവാസിയുടെ പണത്തിന്‍റെ ഉറപ്പില്‍ ഇപ്പറയുന്ന വ്യാപാരികള്‍ എയര്‍ കേരളയെ ഹൈജാക്ക് ചെയുകയും ചെയുന്ന അവസ്ഥ ആകും ഇനി ഇവിടെ അരങ്ങേറുക. ഇരുനൂറു കോടി എന്ന തീരെ ചെറിയ തുക കൊണ്ട് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിടാന്‍ സാധിക്കുമെന്കിലും, ആദ്യ ഒരു വര്ഷം കൊണ്ട് തന്നെ അഭ്യന്തര സര്‍വീസിലൂടെ ഉണ്ടാകുന്ന വലിയ നഷ്ടം നികത്തുവാന്‍ ബാങ്കുകളില്‍ നിന്ന് ലോണ്‍ എടുക്കുകയും, ഒടുവില്‍ കിംഗ്‌ ഫിഷറിനും മറ്റു നിര്‍ത്തിപ്പോയ അനേകം എയര്‍ ലൈനുകള്‍ക്കും ഉണ്ടായ അവസ്ഥ എയര്‍ കേരളക്കും അധികം താമസിയാതെ ഉണ്ടായിക്കൂടെന്നില്ല. ബിസിനസ് യാത്രക്കാര്‍ ഏറ്റവും കുറഞ്ഞ ഒരു സെക്ടര്‍ ആണിത്. പതിനായിരം രൂപ മൂലധനം ഇറക്കാന്‍ കഴിവുള്ള എല്ലാവരെയും വിമാനക്കമ്പനിയുടെ ഉടമകള്‍ ആക്കുവാന്‍ നടക്കുന്ന ഗള്‍ഫിലെ വ്യാപാരികളുടെ ഈ ചൂണ്ടയില്‍ കൊരുക്കുവാന്‍ അനേകായിരം പ്രവാസികള്‍ തയ്യാര്‍ എടുത്തു കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.,. ഒരു വിമാനക്കമ്പനിയുടെ ഉടമ ആകുക എന്നതില്‍ കവിഞ്ഞു  എന്ത് ജീവിത സാഫല്യം എന്ന് കരുതുന്ന പ്രവാസിക്ക് ഈ ചൂഷണം മനസിലാവില്ല.

അഞ്ചു വര്‍ഷത്തെ കാലാവധിയിലും ഇരുപതു വിമാനം എന്ന സംഖ്യയിലും ഇളവുകള്‍ നല്‍കാം എന്ന ഉറപ്പില്‍ തുടങ്ങുന്ന ഈ കമ്പനിക്ക് ഇപ്പറഞ്ഞ ഇളവുകള്‍ ഉറപ്പുകള്‍ മാത്രമല്ലാതെ അനുമതിയായി കിട്ടുവാന്‍ ഉത്തരേന്ത്യന്‍ ലോബ്ബികളും മറ്റു എയര്‍ ലൈനുകളും അനുവദിക്കും എന്നും അവരുടെ സമ്മര്‍ദ്ദങ്ങള്‍ അതി ജീവിക്കാന്‍ സാക്ഷാല്‍ പ്രധാന മന്ത്രിക്കു കഴിഞ്ഞാല്‍ ഏറ്റവും എളുപ്പത്തില്‍, വാടകയുക്ക് എടുക്കുന്ന വിമാനങ്ങള്‍ കൊണ്ട് മാത്രം വലിയ പ്രശ്നങ്ങള്‍ ഇല്ലാതെ തന്നെ നടപ്പാക്കാന്‍ കഴിയുന്ന പദ്ധതി ആണിത്. ലാഭം വലിയൊരു മരീചികയായി, അല്ലെങ്കില്‍ കെടു കാര്യസ്ഥതയില്‍ നട്ടം തിരിയുന്ന മറ്റൊരു സര്‍ക്കാര്‍ കമ്പനി ആയി എയര്‍ കേരളയും നമ്മുടെ നാട്ടില്‍ ഉണ്ടാവും.


വാല്‍ക്കഷണം.

സിയാല്‍ കമ്പനിക്ക് എന്ത് കൊണ്ടും ഒരു വിമാനക്കമ്പനി തുടങ്ങുന്നത് വളരെ അനുയോജ്യം ആണ്. സിയാലിനു കോടിക്കണക്കിനു രൂപ ലാഭം ഉണ്ടാകുന്നതും പ്രവാസി മലയാളികള്‍ ഈ എയര്‍ പോര്ട്ടിലൂടെ യാത്ര ചെയുന്നത് കൊണ്ട് ആണ്. ഗള്‍ഫിലെ ഇപ്പറയുന്ന മലയാളി വ്യവസായികളുടെ ഗള്‍ഫിലെ ബിസിനസ് സാബ്രാജ്യവും നില നില്‍ക്കുന്നത് പ്രവാസി മലയാളികളുടെ സഹകരണം കൊണ്ട് കൂടി ആണ്. എന്ത് കൊണ്ട്, സിയാലിനും ഇപ്പറയുന്ന മലയാളി വ്യാപാരികള്‍ക്കും കൂടി അവരുടെ പേരില്‍ പ്രവാസികള്‍ക്കായി ഒരു എയര്‍ ലൈന്‍ തുടങ്ങി, കൃത്യതയാര്‍ന്ന സര്‍വീസുകള്‍ കുറഞ്ഞ ചിലവില്‍ നടത്തി, ചെറിയ ലാഭത്തോട് കൂടി എയര്‍ കേരള നടത്തിക്കൂടെ? പാവം പ്രവാസിയെ ഉടമസ്ഥാവകാശത്തില്‍ നിന്നും ഒഴിവാക്കിക്കൂടെ? അതല്ലെങ്കില്‍ പ്രവാസികളില്‍ നിന്നും പിരിക്കുന്ന ഈ തുക, ഡയറക്ടര്‍ ബോര്‍ഡ്‌ അംഗംങ്ങള്‍ക്ക് ബോര്‍ഡു മീറ്റീങ്ങുകള്‍ക്കുള്ള യാത്ര ചിലവും കോഫിക്കും മാത്രമേ തികയുകയുള്ളൂ...

4 comments:

 1. വളരെ വിശദമായ ലേഖനം. ആദ്യം അതിനു അഭിനന്ദനങ്ങള്‍ .. ഇനി വിഷയത്തിലേക്ക് വരുമ്പോള്‍ ചോദ്യ രൂപത്തില്‍ നല്‍കിയിരിക്കുന്ന പല ആശങ്കകളും പ്രസക്തമാണ്.ഏതു ബിസിനെസ്സ് സംരംഭത്തിനും ഇത്തരം ആശങ്കകള്‍ ഉണ്ടാകും. എന്നാല്‍ കാലാ കാലങ്ങളായി നാം അനുഭവിച്ചു വരുന്ന കാര്യങ്ങള്‍ ഓര്‍ക്കുമ്പോള്‍ ഇത് ആ ആശങ്കയില്‍ മാത്രം ഒതുങ്ങി നില്‍ക്കേണ്ട ഒന്നല്ല

  ReplyDelete
 2. ആശങ്ക നല്ലത് ആണ്. പക്ഷെ ചതിവു പറ്റാതിരിക്കുവാന്‍ നാം നിരന്തര ജാഗ്രതയുള്ളവര്‍ ആയിരിക്കണം.

  സിയാലിനെ സംഭന്ധിച്ചിടത്തോളം എയര്‍ കേരള എന്നത് ചിലവില്ലാതെ കിട്ടുന്ന ഒരു ഉപോല്‍പ്പന്നം മാത്രമാണ്.

  ReplyDelete
 3. ആശങ്ക ആവാം. ഇവിടെ ഈ കുറിപ്പില്‍ ആശങ്ക മാത്രമല്ല, ഒരുതരം അശുഭചിന്തയുടെ ആധിക്യമാണല്ലോ കാണുന്നത്....! (പിന്നെ പ്രവാസികള്‍ എത്ര "വരിയുടക്കപ്പെട്ടവരാ"ണെങ്കിലും മലയാളികള്‍ തന്നെയല്ലേ - അപ്പോള്‍ പിന്നെ പ്രതികരിക്കാതിരിക്കുന്നതെങ്ങനെ?)

  ReplyDelete
 4. പ്രതികരിക്കണം ... അനഗ്നെ ഒരു പ്രതികരാനം ആണിത്...

  ReplyDelete