Thursday, 17 January 2013

വെളുത്ത രാവുകളില്‍ സെ.പീറ്റേര്‍സ് ബര്‍ഗ്


 വെളുത്ത രാവുകളില്‍ സെ.പീറ്റേര്‍സ് ബര്‍ഗ്
  അഞ്ചു മണിയായപ്പോള്‍ തന്നെ കെ എല്‍ എം വിമാനം സെ. പീറ്റേര്‍സ്ബര്‍ഗിലെ വിമാനത്താവളത്തില്‍ മുത്തമിട്ടു. ഒരിക്കല്‍ ഇവിടെ ഹോട്ടല്‍ ബുക്കിംഗോ മുന്നൊരുക്കങ്ങളോ ഇല്ലാതെ വന്നത് ഓര്‍മയില്‍ തെളിഞ്ഞു. അന്ന് ആകെ ഉണ്ടായിരുന്ന ബലം ബഷീര്‍ ആയിരുന്നു. പക്ഷെ ഇത്തവണ ഞാന്‍ ഒറ്റയക്ക് ആണ് വന്നിട്ടുള്ളത്. ആംസ്റ്റര്‍ ഡാമില്‍ വച്ച് തന്നെ ഉദ്സര്‍ എന്ന ക്ലൈന്‍റിനെ വിളിച്ചു പറഞ്ഞിരുന്നു. ഡ്രൈവറെ അയക്കാം എന്ന് അദേഹം പറഞ്ഞിട്ടുണ്ടായിരുന്നു. എമിഗ്രേഷന്‍ ക്ലിയറന്‍സില്‍ ഇപ്രാവശ്യം പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ലഗേജും എടുത്തു വെളിയില്‍ വന്നപ്പോഴേ ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയാത്ത ഡ്രൈവര്‍ എന്നെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.

ഉസ്ദാര്‍ അസര്‍ബൈജാനില്‍ നിന്നുള്ള കച്ചവടക്കാരന്‍. ആണ്. സെ.പീറ്റേര്‍സ് ബര്‍ഗ്- റഷ്യയിലെ രണ്ടാമത്തെ വലിയ പട്ടണം. രാജ്യത്തെ പ്രധാന തുറമുഖം ഇവിടെ ആയതിനാല്‍ ആകണം സെ. പീറ്റേര്‍സ് ബര്‍ഗ് ആണ് പ്രധാന കച്ചവട കേന്ദ്രം. കഴിഞ്ഞ തവണ തണുത്തുറഞ്ഞു കിടന്ന നഗരം,  വൈകുന്നേരമായിട്ടും ഉച്ച വെയിലിന്‍റെ തീവ്രതയില്‍ പ്രകാശമാനമായിരിക്കുന്നു. വെയിലിനു തീരെ ചൂടില്ല. വെളിയിലെ ചൂട് പതിനാറു ഡിഗ്രീ മാത്രം. ഡ്രൈവറോടൊപ്പം, ഉസ്ദാറിന്‍റെ  മക്കളും വാഹനത്തില്‍ ഉണ്ടായിരുന്നു. പത്തു വയസ്സ് തോന്നിക്കുന്ന മൂത്ത കുട്ടി നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നു. കുട്ടിയെ രണ്ടു മാസം ലണ്ടനില്‍ അയച്ചു ഇംഗ്ലീഷ് പഠിപ്പിക്കയായിരുന്നു ഉസ്ദാര്‍ ചെയ്തത്. പണമുള്ള റഷ്യക്കാര്‍ എല്ലാം  ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു വേണ്ടി മക്കളെ വിദേശങ്ങളില്‍ അയച്ചു പഠിപ്പിക്കയാണ് ഇപ്പോള്‍ ചെയ്യുന്നത്.


നേരെ പോയത് ഒരു ഷോപ്പിംഗ്‌ കോംപ്ലെക്സിലേയ്ക്കാണ്. അവിടെ ഉസ്ദാര്‍ എന്നെ കാത്തിരിക്കയായിരുന്നു. ഉസ്ദാറിന് വിപുലമായ ഒരു റെഡി മെയ്ഡ് ഷോപ്പ് ഉണ്ടായിരുന്നു,അവിടെ . കൂട്ടത്തില്‍ ജോണ്‍ ഹാട്ടര്‍ എന്ന ഒരു കാനഡക്കാരനും. അവിടെ നിന്നും എന്നെയും ജോണിനെയും ഉസ്ദാര്‍ അദേഹത്തിന്‍റെ  കാറില്‍ സെ. പീറ്റേര്‍സ് ബര്‍ഗിലൂടെ ഒഴുകുന്ന നെവാ നദിക്കരികെയുള്ള ഒരു ഭക്ഷണ ശാലയില്‍ കൊണ്ട് പോയി. ഒരു വലിയ പാര്‍ക്ക് പോലെ തോന്നിപ്പിക്കുന്ന പ്രവേശന കവാടത്തിലൂടെ അകത്ത് പോയി വാഹനം പാര്‍ക്ക് ചെയ്തു. ഭക്ഷണ ഹാള്‍ നെവാ നദിയോട് ചേര്‍ന്നാണ് സ്ഥിതി ചെയുന്നത്. നെവാ നദിക്കു അഭിമുഖമായി ഇരുന്നു കൊണ്ട് അനേകര്‍ അവിടെ ഭക്ഷണം കഴിക്കുന്നു. ഞങ്ങളും  നെവാ നദിക്കു അഭിമുഖമായി സീറ്റ് തരപ്പെടുത്തി. ഓളങ്ങള്‍ ഇല്ലാതെ, വളരെ ശാന്തമായി ഒഴുകുന്ന ഒരു മനോഹരമായ നദി ആണ് നെവ. യൂറോപ്പിലെ ഏറ്റവും വലിയ ശുദ്ധ ജല തടാകം ആയ ലടോഗയില്‍ നിന്നും ഉദ്ഭവിച്ച് സെ. പീറ്റേര്‍സ് ബര്‍ഗ് വഴി നെവാ കടലിടുക്കില്‍ നിപതിക്കുന്ന നദി ആണ് നെവാ നദി. വോള്‍ഗയും ഡാനൂബും കഴിഞ്ഞാല്‍ യൂറോപ്പിലെ ഏറ്റവും വലിയ നദി ആണിത് . നമ്മുടെ നാട്ടിലെ കായല്‍ പോലെ വളരെ ശാന്തം ആയാണ് നെവ ഒഴുകുന്നത്‌..,. വളരെ വീതി കൂടിയ ഇത് പോലൊരു നദി ആദ്യമായാണ്‌ കാണുന്നത്. ചില വിനോദ സഞ്ചാര ബോട്ടുകള്‍ മാത്രം ആണ് ഇപ്പോള്‍ നെവയില്‍ ഒഴുകി നടക്കുന്നത്. ഫെബ്രുവരിയില്‍, ആദ്യം, വന്നപ്പോള്‍ ഇവിടെ ഇങ്ങനെ ഒരു നദി ഉണ്ടായിരുന്നോ എന്ന് പോലും സംശയം ആയിരുന്നു. അന്ന് നദിയിലെ വെള്ളമെല്ലാം ഐസ് ആയി കിടക്കുന്ന കാഴ്ച ആണ് കണ്ടത്. ഇന്നിപ്പോള്‍ നെവ സുന്ദരിയായിരിക്കുന്നു.

 റഷ്യക്കാര്‍ ഭക്ഷണ സല്‍ക്കാരങ്ങളില്‍ വളരെ താല്‍പര്യം ഉള്ളവരാണ്. മല്‍സ്യ മാംസാദികളും ചീസും എ ന്നത്‌ പോലെ പഴങ്ങളും പച്ചക്കറികളും അവരുടെ ഭഷണത്തില്‍ ഗണ്യമായ പങ്കു വഹിക്കുന്നു. മൂന്നു പേരിരുന്ന ഞങ്ങളുടെ മേശയില്‍ പത്തു പേര്‍ക്ക് കഴിക്കാവുന്ന അത്രയും ഭക്ഷണ സാധനങ്ങള്‍....,.. ലഹരി നുരയുന്നതിനിടയില്‍ വളരെ വേഗം ഭക്ഷണം അകത്താക്കി.മൂന്നു മണിക്കൂറില്‍ അധികം അവിടെ കഴിച്ചു കൂട്ടിയിട്ടും പുറത്തു പ്രകാശത്തിനു ഒരു വ്യത്യാസവും കണ്ടില്ല. ഇപ്പോള്‍ സമയം രാത്രി പത്തു മണി.. കണ്ടാല്‍ നാട്ടിലെ നാലുമണിയുടെ പ്രതീതി. അത്രയ്ക്കാണ് പ്രകാശം.

കഴിഞ്ഞ തവണ സെ.പീറ്റേഴ്സ് ബര്‍ഗില്‍ വന്നപ്പോള്‍ ഇവിടം മഞ്ഞുകട്ടകള്‍ മൂടി ധവളാഭമായിരുന്നു- ഇത്തവണ പാതിരാവിലും സൂര്യന്‍ പ്രകാശിച്ചു നില്‍ക്കുന്ന അവസ്ഥ.

"വൈറ്റ് നൈറ്റ് " എന്ന പ്രതിഭാസത്തെ കുറിച്ച് ഉസ്ദാര്‍ വാചാലനായി. ജൂണ്‍ 11 മുതല്‍ ജൂലൈ 2 വരെ സെ. പീറ്റേര്‍സ് ബര്‍ഗില്‍ സൂര്യന്‍ അസ്തമിക്കയില്ല പോലും. അതെനിക്ക് ഒരു പുതിയ അറിവായിരുന്നു. 24 മണിക്കൂറും സൂര്യ പ്രകാശത്തില്‍ ജ്വലിച്ചു നില്‍ക്കുന്ന രാജ്യം. ആര്‍ട്ടിക്ക്‌ പ്രദേശത്തോട് അടുത്തു കിടക്കുന്ന മറ്റു പല രാജ്യങ്ങളിലും ഈ പ്രതിഭാസം ഉണ്ടാകും.  സെ. പീറ്റേര്‍സ് ബര്‍ഗിലെ ജനങ്ങള്‍ മുഴുവന്‍ ആഘോഷങ്ങളും ആയി ഈ സമയത്ത് ഉറങ്ങാതെ പൊതു നിരത്തുകളില്‍ ആയിരിക്കും  റഷ്യയില്‍ കൂടുതല്‍ വിവാഹങ്ങള്‍ നടക്കുന്നതും ഈ കാലയളവില്‍ ആണ്. സ്കൂളുകള്‍ മുതല്‍ ഉല്പാദന മേഖലയിലെ സ്ഥാപനങ്ങള്‍ അടക്കം എല്ലാം അവധിയില്‍ ആയിരിക്കും. വിദേശിയര്‍ സെ. പീറ്റേര്‍സ് ബര്‍ഗ് സന്ദര്‍ശിക്കുവാന്‍ തെരഞ്ഞെടുക്കുന്ന സമയവും ഇത് തന്നെ. രാത്രി പത്തു മണിയോടെ എന്നെ ഹോട്ടലില്‍ ആക്കി ഉസ്ദാര്‍ പോയി. കഴിഞ്ഞ തവണ തങ്ങിയ ഹോട്ടലില്‍ തന്നെ ആണ് ഇത്തവണയും താമസിച്ചത്. മറ്റു പല ഹോട്ടലുകള്‍ അന്വേഷിച്ചു എങ്കിലും ഇത്തവണ ജല വിഭവത്തെ കുറിച്ചുള്ള അന്തര്‍ദേശിയ സെമിനാര്‍ നടക്കുന്നതിനാല്‍ ഹോട്ടലുകള്‍ എല്ലാം നേരത്തെ തിരക്കില്‍ ആയിരുന്നു ...

ഒറ്റയ്ക്ക് ആയതിനാല്‍ ആകണം, നന്നായി ഉറങ്ങാന്‍ കഴിഞ്ഞില്ല. രാവിലെ  നേരത്തെ എഴുന്നേറ്റു കൌണ്ടറില്‍ പോയി ഞം ഞം കൂപ്പണും ആയി ബ്രേക്ക്‌ ഫാസ്റ്റ്‌ കഴിക്കാന്‍ പോയി. അവിടെ ഉള്ളവര്‍ എന്നെ തിരിച്ചറിഞ്ഞതില്‍ സന്തോഷം തോന്നി. ഒന്‍പതു മണി ആയപ്പോള്‍  ഫോണ്‍ കാര്‍ഡ്‌ സംഘടിപ്പിക്കുവാനായി കുറെ നടന്നു അടുത്തുള്ള മെട്രോ സ്റ്റേഷനില്‍ എത്തി. പ്രഭാതത്തില്‍ നല്ല തണുപ്പ് ഉണ്ട്... കാര്‍ഡ്‌ മേടിച്ചു തിരികെ വന്നപ്പോള്‍ തലേന്ന് കൂട്ടിക്കൊണ്ടു വന്ന ഡ്രൈവര്‍ വാഹനവും ആയി കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.അദ്ദേഹത്തോടൊപ്പം സോഫിസ്ക്യയിലെ പ്രധാന പഴം-പച്ചക്കറി മാര്‍ക്കറ്റില്‍ പോയി. കഴിഞ്ഞ തവണ ഇത് വഴി വന്നപ്പോള്‍ വലിയ ഐസ് കൂമ്പാരങ്ങള്‍ ആയിരുന്നു റോഡു മുഴുവന്‍. ഇപ്പോള്‍ ഇലകള്‍ നിറഞ്ഞ മരങ്ങളും റോഡുകളുടെ മനോഹാരിതയും എല്ലാം കാണാം. നല്ല തണുപ്പുണ്ട്, പോരാത്തതിന് നല്ല കാറ്റും. സോഫിസ്ക്യയിലെ ഓഫീസില്‍ കഴിഞ്ഞ തവണ കണ്ട മുഖങ്ങളില്‍ പലതും  തിരിച്ചറിഞ്ഞു. ഗോഡൌണുകളില്‍ എല്ലാം മറ്റു രാജ്യങ്ങളില്‍  നിന്നും ഇറക്കുമതി ചെയ്ത പച്ചക്കറികളും പഴവര്‍ഗങ്ങളും മാത്രം. റഷ്യയില്‍ മഞ്ഞ് മാറി കൃഷി തുടങ്ങിയിട്ടേ ഉള്ളൂ.. വിളവെടുപ്പ് തുടങ്ങാന്‍ ഇനിയും രണ്ടു മൂന്നു മാസങ്ങള്‍ വേണ്ടി വരും. പല ഗോഡൌണിലും പോയി അവിടെ സൂക്ഷിച്ചിരിക്കുന്ന ഉരുളക്കിഴങ്ങും ഉള്ളിയും ഒക്കെ കണ്ടപ്പോള്‍, മൂക്കത്ത് വിരല്‍ വച്ച് പോയി. ഇത്ര മാത്രം പച്ചക്കറികള്‍ റഷ്യക്ക് ആവശ്യമോ? ഉരുളക്കിഴങ്ങുകള്‍  ആണ് എവിടെയും.

 

സാധാരണയായി, റഷ്യക്കാര്‍ അവര്‍ക്ക് വേണ്ട ഉരുളക്കിഴങ്ങ് വേനല്‍ കാലത്ത് ഉത്പാദിപ്പിച്ച് തണുപ്പു കാലത്തേയ്ക്കു കൂടി കരുതുകയാണ് പതിവ്. പക്ഷെ കഴിഞ്ഞ വേനലിലെ ചൂട് റഷ്യയിലെ ഉരുളക്കിഴങ്ങ് കര്‍ഷകരെ ചതിച്ചു. മഞ്ഞും മഴയും മൂലം, വേനല്‍ കുറവാണ് എങ്കിലും വേനല്‍ ചൂട് മുപ്പതു ഡിഗ്രിക്ക്  മുകളില്‍ പോവുകയാണ് എങ്കില്‍ മണ്ണിലെ ജലാംശം നഷ്ടപ്പെട്ടുകയും കൃഷി നശിച്ചു പോവുകയും ചെയ്യും. ഇത്തവണത്തെ ഭക്ഷ്യക്ഷാമം ഉണ്ടായതങ്ങനെയാണ്..


ബ്രേക്ക്‌ ഫാസ്റ്റ്‌ കഴിക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ ഞാന്‍ അവരുടെ പാന്‍ട്രിയില്‍ പോയി. അവിടെ സുന്ദരിയായ റഷ്യന്‍ പെണ്‍കുട്ടി, മിലീസ്യാ... . പരിചയപ്പെട്ടു വന്നപ്പോള്‍ ആണ് മനസിലായത്, അവള്‍ ഉസ്ബെക്കിസ്ഥാനില്‍ നിന്നു ജോലി അന്വേഷിച്ചു എത്തിയ യുവതി ആണ് എന്ന്. അവള്‍ ആണ് ആ പാന്‍ട്രിയിലെ ഭക്ഷണം പാകം ചെയുന്നത്. കിട്ടുന്ന തുച്ഛമായ ശമ്പളം കൊണ്ടാണ് ആ കുട്ടിയും അവരുടെ ഉസ്ബെക്കിസ്ഥാനിലുള്ള കുടുംബവും ജീവിക്കുന്നത്. ദാരിദ്ര്യത്തിന്‍റെ കഥകളൊക്കെ ആ കുട്ടി അറിയാവുന്ന ഭാഷയില്‍ പങ്കു വച്ചു . വളരെ എളുപ്പത്തിലാണ് പാചകം. ഒന്നിനും എരിവും പുളിയും ഉപ്പും ഇല്ല. എല്ലാത്തിലും ആവശ്യത്തിനും അനാവശ്യത്തിനും സോസുകള്‍ ചേര്‍ത്തു ഉണ്ടാക്കുന്നു. അരിഞ്ഞ കാബേജും കാരറ്റും മയോന്നൈസും ചേര്‍ത്തു അതില്‍ കുറെ എണ്ണയും ഒഴിച്ച് ഇളക്കിയപ്പോള്‍ സാലഡ്‌ റെഡി ആയി. അന്ന് ഉച്ചയ്ക്കും അവരോടൊപ്പം, കിട്ടിയ ഭക്ഷണം കഴിച്ചു. ഉസ്ദാര്‍ ഓഫീസില്‍ എത്തിയപ്പോള്‍ വൈകുന്നേരം ആയി. അദേഹം എന്നെയും കാനഡക്കാരന്‍ സുഹൃത്തിനെയും കൊണ്ട് സെ. പീറ്റേര്‍സ് ബര്‍ഗ് സിറ്റി കാണിക്കുവാന്‍ കൊണ്ടുപോയി  പെട്ടെന്ന് കനത്ത മഴ പെയ്തു. അതിനാല്‍ വാഹനത്തിലിരുന്നു കൊണ്ട് മാത്രം സെ. പീറ്റേര്‍സ് ബര്‍ഗ് കണ്ടു.

സര്‍ ചക്രവര്‍ത്തിമാരുടെ കാലത്ത്  സ്ഥാപിച്ചതാണ്  സെ. പീറ്റേഴ്സ് ബര്‍ഗ്. 1914ല്‍ പെട്രോഗ്രാഡ് ആയും 1921 ല്‍ ലെനിന്‍ ഗ്രാഡ്‌ ആയും മാറിയെങ്കിലും , 1991 ല്‍ പഴയ പേരിലേക്ക് തിരിച്ചു വന്നു. അടിച്ചമര്‍ത്തലുകള്‍ ജനങ്ങളില്‍ ഏല്‍പ്പിച്ച വേദനകള്‍ ആകണം കാരണം, ലെനിന്‍ എന്ന പേര് ഉച്ചരിക്കുന്നത് പോലും റഷ്യക്കാര്‍ക്ക് ഇപ്പോള്‍ ചതുര്‍ത്ഥി ആണ്.

മ്യൂസിയങ്ങളുടെ നാടാണ് സെ.പീറ്റേഴ്സ് ബര്‍ഗ്.  നഗരത്തില്‍ തലങ്ങും വിലങ്ങും മ്യൂസിയങ്ങള്‍ ആണ്. പാര്‍ക്കുകളും അനവധി. ഉസ്ദാര്‍, ഒരു ടൂറിസ്റ്റ് ഗൈഡ് എന്ന പോലെ ഞങ്ങള്‍ക്ക് എല്ലാം വിവരിച്ചുതന്നുകൊണ്ടിരുന്നു. ലെനിന്‍ സ്ക്വയര്‍ കഴിഞ്ഞു മുന്നോട്ടു പോകുമ്പോള്‍ ആണ് അതി പുരാതനമായ വിന്‍റര്‍ പാലസും അതിനോട് ചേര്‍ന്ന് ഹെര്‍മിറ്റേജ് പാലസും.
ദി ഹെര്‍മിറ്റേജ് എന്ന പേരിലറിയപ്പെടുന്ന മ്യൂസിയം ലോകത്തിലെ ഏറ്റവും വലുതും പഴയതുമായ മ്യൂസിയങ്ങളില്‍ ഒന്നാണ്. 1764ല്‍ റഷ്യ ഭരിച്ചിരുന്ന കാതറൈന്‍ ദി ഗ്രേറ്റ് എന്ന ചക്രവര്‍ത്തിനി ആണ് ഹെര്‍മിറ്റേജ് പണി കഴിപ്പിച്ചത്. സന്ദര്‍ശകര്‍ക്ക് തുറന്നു കൊടുത്തത്  1852 ല്‍ മാത്രമാണ്. മൈക്കല്‍ ആഞ്ജലോ, പിക്കാസോ , ഡാവിഞ്ചി തുടങ്ങിയ ലോകോത്തര ചിത്രകാരന്മാരുടെതുള്‍പ്പെടെ ലോകത്തിലെ ഏറ്റവും  വലിയ പെയിന്‍റിംഗ് ശേഖരം ആണ് ഹെര്‍മിറ്റേജില്‍ സൂക്ഷിച്ചിരിക്കുന്നത്. മൂന്നു മില്ല്യണില്‍ അധികം കലാവസ്തുക്കള്‍ ഈ മ്യൂസിയത്തില്‍ ഉണ്ടെങ്കിലും അതില്‍ വളരെ കുറച്ചു മാത്രമേ സന്ദര്‍ശകര്‍ക്കായി പ്രദര്‍ശിപ്പിചിട്ടുള്ളൂ. അമൂല്യമായ കലാശേഖരം ആണ് ഈ മ്യൂസിയത്തില്‍ ഉള്ളത്. ഹെര്‍മിറ്റേജ് പാലസും വിന്‍റര്‍ പാലസും ഉള്‍പ്പെടെ ആറു  വലിയ കെട്ടിടങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് മ്യൂസിയം. മുഴുവന്‍ കാണുവാന്‍ ദിവസങ്ങള്‍ വേണ്ടി വരും- ഉസ്ദാര്‍ പറഞ്ഞു. മഴ മാറി, പക്ഷെ സന്ദര്‍ശക സമയം കഴിഞ്ഞു അതിനാല്‍ അകത്തു പ്രവേശിക്കണം  എന്ന എന്‍റെ ആഗ്രഹം ഉസ്ദാര്‍ ആദ്യമേ തള്ളിക്കളഞ്ഞു. കുറെ നേരം മ്യൂസിയത്തിന് മുന്നില്‍ നിന്നു. അകത്ത് കടക്കുവാന്‍ യാതൊരു മാര്‍ഗവും കണ്ടില്ല.

മ്യൂസിയം കഴിഞ്ഞു മുന്നോട്ടു പോകുമ്പോള്‍ വീണ്ടും നെവാ നദി. നദികള്‍ക്കിരുവശവും അതി മനോഹരമായ യൂറോപ്യന്‍ വാസ്തു ശില്പ വൈദഗ്ദ്ധ്യം  വിളിച്ചു പറയുന്ന കെട്ടിടങ്ങള്‍.ഇത്ര മനോഹരമായി ഈ കാലത്ത് പോലും കെട്ടിടങ്ങള്‍ ഉണ്ടാക്കുന്നില്ലല്ലോ, എന്നോര്‍ത്തു പോകും ഓരോന്നും  കാണുമ്പോള്‍. പോകുന്ന വഴിയില്‍ സോവിയറ്റ് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ ആസ്ഥാന മന്ദിരവും കണ്ടു. സാധാരണ വലിപ്പത്തില്‍ ഉള്ള ഒരു ചെങ്കൊടി മാത്രം ആണ് അതിനെ മറ്റു കെട്ടിടങ്ങളില്‍ നിന്ന് വേര്‍തിരിച്ചു കാണിക്കുന്നത്. നമ്മുടെ നാട്ടില്‍ കാണുന്നത് പോലുള്ള കൂറ്റന്‍ ഓഫീസ് കെട്ടിടങ്ങളോ, കൊടി തോരണങ്ങളോ, പോസ്റര്‍ പ്രളയമോ, ഫ്ലക്സ് ബോര്‍ഡുകളോ ഒന്നും കണ്ടില്ല. ആളും ഒച്ചയനക്കവും  ഇല്ലാത്ത ഒരു ചെറിയ കെട്ടിടം.

നെവാ നദിയിലൂടെ ബോട്ടുകള്‍ ടൂറിസ്റ്റുകളെയും കൊണ്ട് കറങ്ങുന്നു. നദിയുടെ ഒരു വശത്ത്‌ മനോഹരമായി പണിത ഒരു ബോട്ടിലേക്ക് ഞങ്ങളെ ഉസ്ദാര്‍ കൊണ്ട് പോയി. അതൊരു അതി മനോഹരമായ, വലിയ, ഭക്ഷണ ശാല ആയിരുന്നു. നദിയിലേക്കു കണ്ണ് നട്ടിരിക്കാവുന്ന നിലയിലുള്ള ഇരിപ്പിടത്തില്‍ ഞങ്ങളിരുന്നു. രുചികരമായ ഭക്ഷണവും മദ്യവും ഞങ്ങളുടെ മുന്നില്‍ നിരന്നു. രണ്ടു മണിക്കൂറില്‍ അധികം ഞങ്ങള്‍ അവിടെ ചിലവഴിച്ചു. റഷ്യന്‍ ഭക്ഷണങ്ങള്‍ ഇത്ര രുചികരമായിരിക്കും എന്ന് കരുതിയില്ല, എരിവും പുളിയും ഉപ്പും ഇല്ലെങ്കില്‍ കൂടി. ഭക്ഷണം കഴിഞ്ഞു ഞങ്ങളെ ഹോട്ടലില്‍ ആക്കി ആണ് ഉസ്ദാര്‍ പോയത്.

രാവിലെ തന്നെ റെഡിയായി, പ്രഭാത ഭക്ഷണവും കഴിഞ്ഞു ഡ്രൈവറെ നോക്കി മുറ്റത്തിറങ്ങി നില്‍ ക്കുകയാണ്. മഴ കഴിഞ്ഞതിനാല്‍ ആയിരിക്കണം നല്ല തണുപ്പ്. മുറ്റത്ത് മുഴുവന്‍ മണ്ണിരകള്‍. ..,ഇത്ര മാത്രം മണ്ണിരകളെ ഒരുമിച്ചു കണ്ടിട്ടില്ല...എവിടെ നിന്നാണോ ഇവയൊക്കെ വരുന്നത്. മഞ്ഞു മാറി വെയില്‍ വരുന്ന കാലമായതിനാല്‍ ആവണം ഇവയൊക്കെ പുറത്തേക്ക് വരുന്നത്. ഡ്രൈവര്‍ ഇന്ന് കൂടുതല്‍ സന്തോഷത്തില്‍ ആണ്. എന്നെ ചില പുതുവഴികളില്‍ കൂടി ആണ് ഓഫീസില്‍ കൊണ്ട് പോയത്. പോകുന്ന വഴികളില്‍ പല ഇടങ്ങളിലും പള്ളികള്‍ കാണാം. പള്ളികള്‍ക്കരികില്‍ വലിയ സെമിത്തേരികളും. കൂടുതലും യുദ്ധത്തില്‍ മരിച്ച പട്ടാളക്കാരുടെ ശവ കുടീരങ്ങള്‍.,. അവിടെയൊക്കെയും പൂക്കളും ആയി അനേകം പേര്‍.,. കമ്മ്യുണിസ്റ്റ് രാജ്യത്തില്‍ ഇത്രയധികം വിശ്വസികളോ ?

പ്രകാശപൂരിതമായ പ്രഭാതം. വല്ലാത്ത, ഒരു തണുപ്പുകാറ്റ് .
















രാവിലെ തന്നെ ഓഫീസില്‍ എത്തി. കണക്കുകള്‍ നോക്കി... ഒരു എത്തും പിടിയും കിട്ടുന്നില്ല... റൂബിളും ഡോളറും ദിര്‍ഹവും എല്ലാം കെട്ടുപിണഞ്ഞു ഒന്നും മനസിലാവുന്നില്ല... സുന്ദരി ആയ ഒരു റഷ്യന്‍ യുവതി ഓഫീസിലേക്ക് കടന്നു വന്നു സ്വയം പരിചയപ്പെടുത്തി... സലീന, ക്വാളിറ്റി കണ്‍ട്രോളര്‍ ആണ്. ഇന്നിനി അവളോടൊപ്പം ആണ്. ഞങ്ങളുടെ  കമ്പനി അയച്ച സാധനങ്ങള്‍ ക്വാളിറ്റി ഇല്ലാത്തത് ആണ് എന്ന് എനിക്ക് വിശദീകരിച്ചു തരിക ആണ് അവളുടെ ജോലി..സലീന ഒരു വിധം ഇംഗ്ലീഷ് സംസാരിക്കും. എന്നെയും കൂട്ടി അവള്‍ അവരുടെ കമ്പനിയുടെ ഗോഡൌണ്‍ എല്ലാം ചുറ്റി നടന്നു കാണിച്ചു. പരിചയപ്പെടലില്‍ ഞാന്‍ ദുബായില്‍ നിന്നാണ് വന്നത് എന്ന് കേട്ടപ്പോള്‍ അവള്‍ വല്ലതായത് പോലെ... മുപ്പതിന് മേല്‍ പ്രായം തോന്നിക്കുന്ന സലീനയുടെ കണ്ണുകളില്‍ ഒരിക്കലും ഇഷ്ടപ്പെടാത്ത ഒരു ചരിത്രം ഉറങ്ങി കിടക്കുകയായിരുന്നു. അവള്‍ അതിന്റെ കെട്ടുകള്‍ അഴിച്ചു തുടങ്ങി.

മോസ്കോയില്‍ നിന്നകലെ പെന്‍സാ എന്ന പ്രോവിന്‍സില്‍ ആണ് അവള്‍ വളര്‍ന്നത്‌..,. സോവിയറ്റ് യൂണിയ ന്‍റെ തകര്‍ച്ചയ്ക്ക് ശേഷം പട്ടിണിയും പരിവട്ടവും ആയി കഴിഞ്ഞിരുന്ന അവളുടെ കുടുംബത്തിനു അത്താണി ആയിരുന്നു നാട്ടില്‍ ജോലി വാഗ്ദാനവും ആയി വന്ന റഷ്യന്‍ കമ്പനി. ദുബായിലേക്ക് ജോലിക്ക് ആളെ ആവശ്യം ഉണ്ടെന്നു അറിഞ്ഞു ഇന്‍റര്‍വ്യൂവിനു പോയ സലീനയെ അവളുടെ സൌന്ദര്യം റിക്രൂട്ട്മെന്റില്‍ സഹായിച്ചു.  അവള്‍ ദുബായിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.  സലീനയുടെ ഗ്രാമത്തിലെ ഇരുപതില്‍ അധികം സുന്ദരികളായ, പതിനെട്ടു കഴിഞ്ഞ, പെണ്‍കുട്ടികളെ അവര്‍ ദുബായിലെ കമ്പനിയിലേക്ക് റിക്രൂട്ട് ചെയ്തു. ദുബായ് സലീനയുടേയും കുടുംബത്തിന്‍റേയും മുന്നില്‍ ഒത്തിരി മോഹന വാഗ്ദാനങ്ങള്‍ കണ്‍ തുറന്നിട്ടു .,. ഒടുവില്‍ അവളും ദുബായില്‍ എത്തിപ്പെട്ടു. എയര്‍ പോര്‍ട്ടില്‍ നിന്ന് തന്നെ കൂടെ ഉള്ളവരില്‍ നിന്ന് അവളെ വേര്‍ തിരിച്ചു ബര്‍ ദുബായിലെ ഏതോ ഫ്ലാറ്റില്‍ വളരെ കാലമായി വേശ്യാ വൃത്തി ചെയ്തു  ജീവിക്കുന്നവരുടെ ഇടയിലേക്ക് അവളും എടുത്തെറിയപ്പെട്ടു. ജീവിതം നരകത്തില്‍ അകപ്പെട്ട അവസ്ഥ.  അന്ന് റഷ്യന്‍ ഭാഷ മാത്രം അറിയുന്ന ആ കുട്ടി പകച്ചു പോയി. എതിര്‍പ്പുകള്‍ക്ക് യാതൊരു ഫലവും ഉണ്ടായിരുന്നില്ല, അവളെ ശാരീരികമായി ഉപദ്രവിക്കുകയും ബലാല്‍സംഗത്തിലൂടെ അവളുടെ എതിര്‍പ്പുകള്‍ ഇല്ലാതാക്കുകയും ചെയ്തു. അന്ന് വരെ റഷ്യന്‍ ഗ്രാമത്തില്‍ കഴിഞ്ഞിരുന്ന ആ കുട്ടി, മൂന്നു മാസക്കാലം വേശ്യയായി ജീവിച്ച അനുഭവം അയവിറക്കി. വൃത്തി ഹീനരായ അനേകം ആളുകള്‍ അവളോടൊപ്പം കഴിഞ്ഞെന്നും അതില്‍ ഇന്ത്യക്കാരും പാകിസ്ഥാനികളും അടക്കം അനേക രാജ്യക്കാര്‍ ഉണ്ടായിരുന്നെന്നും അവള്‍ പറഞ്ഞു. ദുബായ് റഷ്യന്‍ സ്ത്രീകളുടെ വേശ്യാലയം ആണ് എന്ന് അറിയപ്പെട്ടിരുന്നു എങ്കിലും, ഇവരൊക്കെ സ്വന്തം ഇഷ്ടത്തിനു ആണ് ഈ ബിസിനസ്സിനു വരുന്നത്  എന്നാണ് കരുതിയിരുന്നത്. ചൂഷക വര്‍ഗം എല്ലാ രാജ്യത്തും ഒരു പോലെ ആണ് എന്നവള്‍ പറഞ്ഞു തരികയായിരുന്നു. റഷ്യയില്‍ തിരികെ വന്നതിനു ശേഷം  തന്‍റെ ഗ്രാമത്തില്‍ പോയിട്ടില്ല എന്നാണ് അവള്‍ പറഞ്ഞത്. വിവാഹ ജീവിതത്തോടും പുരുഷന്മാരോടും എല്ലാവരോടും ജ്വലിക്കുന്ന കോപവുമായി ആയി അവള്‍ ജീവിക്കുന്നു. ദുബായ് ഇപ്പോഴും അവള്‍ക്കൊരു പേടി സ്വപ്നമാണ്  ഒടുവില്‍ കിട്ടിയ പണവും ആയി നാട്ടില്‍ എത്തി കോളേജു വിദ്യാഭ്യാസം പൂര്‍ത്തിയാക്കി സ്വന്തമായി ജോലി ചെയ്തു ജീവിക്കുന്നു.

സലീനയുടെ കഥ കേട്ടപ്പോള്‍ വല്ലാത്ത വിഷമം തോന്നി. റഷ്യന്‍ സ്ത്രീകളെ ഉപയോഗിച്ച് തന്നെ ആണ് ഗ്രാമങ്ങളിലെ കുട്ടികളെ വേശ്യാവൃത്തിക്കായി സംഘടിപ്പിക്കുന്നത്. ഇപ്പോള്‍ ഇതൊക്കെ റഷ്യന്‍ മാഫിയയുടെ പിടിയില്‍ ആണ് എന്നാണ് അവള്‍ പറഞ്ഞത്. നമ്മുടെ നാട്ടിലും ജോലിക്കെന്നു പറഞ്ഞു മറ്റു സ്ഥലങ്ങളില്‍ കൊണ്ട് പോയി സ്ത്രീകളെ വില്‍ക്കുന്ന കഥകള്‍ ഓര്‍ത്തു.... സ്ത്രീകള്‍ എന്നും എവിടെയും ചൂഷണം ചെയ്യപ്പെടുന്നു ആ അവസ്ഥയില്‍ നിന്ന് മാറാന്‍ അവള്‍ തന്നെ ഒരുങ്ങി ഇറങ്ങേണ്ടിയിരിക്കുന്നു.

വീണ്ടും ഓഫീസില്‍ സ്കൈപ്പ് തുറന്നപ്പോള്‍ ആസ്ത്രിയയില്‍ ഉള്ള സുഹൃത്ത്, ജോണി തോമസ്‌ ഓണ്‍ലൈനില്‍ വിശേഷങ്ങള്‍ ചോദിക്കുന്നു. ഞാന്‍ റഷ്യയില്‍ ആണ്, തിരികെ ഹോളണ്ടിലേക്ക് പോകുന്നു എന്ന് കേട്ടപ്പോള്‍ ഞാന്‍ വിയന്നയില്‍ ചെല്ലണമെന്നു നിര്‍ബന്ധിക്കുകയും അപ്പോള്‍ തന്നെ എനിക്ക് വിയന്നയിലേക്കുള്ള ടിക്ക റ്റ് റിസര്‍വ് ചെയ്യുകയും ചെയ്തു.

ദുബായില്‍ നിന്ന് പോകുമ്പോള്‍ ഉണ്ടായിരുന്ന ചുമ കൂടുതല്‍ കലശല്‍ ആയിരിക്കുന്നു..വല്ലാത്ത കഫക്കെട്ടും. എന്‍റെ അവസ്ഥ കണ്ട്,മരുന്ന് മേടിച്ചു കൊണ്ട് വരാമെന്ന് ഡ്രൈവര്‍ പറഞ്ഞു,  ഞാന്‍ മരുന്നിന്‍റെ ജെനെറിക് നെയിം ആണ് എഴുതി കൊടുത്തത്... സിഫ്രാ ഫ്ലോക്സാസിന്‍  , റഷ്യന്‍ മരുന്നുകളുടെ പേരുകള്‍ ഒന്നും എനിക്കറിയില്ലല്ലോ... ഡ്രൈവര്‍ മരുന്നുമായി വന്നപ്പോള്‍ ആണ് അറിയുന്നത്, ഇന്ത്യയുടെ മരുന്ന് കമ്പനികളുടെ വലിയ മാര്‍ക്കറ്റ്‌ ആണ് റഷ്യ. റെഡി ലാബോറട്ടറിസിന്‍റെ  മരുന്ന് ആണ് അയാള്‍ കൊണ്ട് വന്നത്...

ഓഫീസ് സമയം കഴിഞ്ഞ് ഉസ്ദാറിന്‍റെ   സഹോദരനായ രൂവീസ്, എന്നെയും കൂട്ടി ഭക്ഷണത്തിനു പുറപ്പെട്ടു. പോകുന്ന വഴിയില്‍ ഒരു ഇലട്രോണിക്ക് സൂപ്പര്‍ മാര്‍ക്കറ്റില്‍ കൊണ്ട് പോയി. ഒരു ടാബ്ലറ്റ് പി സി മേടിക്കണം, അതിനു ഞാന്‍ അഭിപ്രായം പറയണം പോലും. ദുബായിലെ ഹൈപ്പര്‍ മാര്‍ക്കറ്റുകളെക്കാള്‍ വലുപ്പമുള്ള ഇലട്രോണിക്ക് സ്റ്റോര്‍ ആയിരുന്നു അത്.. അനേകം മോഡലുകളില്‍ ടാബ്ലറ്റ് പി സി കള്‍  ., ഒടുവില്‍ അദ്ദേഹവും ഒരു ഐ പാഡ്  വാങ്ങി. അപ്പോഴേക്കും സമയം വളരെ വൈകിയിരുന്നു, പക്ഷെ സൂര്യന്‍ അസ്തമിച്ചിരുന്നില്ല. ഞങ്ങള്‍ ഒരു റെസ്റ്റോറന്‍റില്‍  എത്തി. അവിടെ അധികം ആളുകള്‍ ഇല്ലായിരുന്നു ഡാന്‍സ്‌ ഫ്ലോറില്‍ സുന്ദരികളായ റഷ്യന്‍ നര്‍ത്തകര്‍ ആടുന്നു.. കൂടെ അവരുടെ സുഹൃത്തുക്കളും. ഭക്ഷണം കഴിച്ചു പുറത്തു വന്നപ്പോഴും സൂര്യന്‍ അസ്തമിച്ചിരുന്നില്ല, ഞാന്‍ വാച്ചില്‍ നോക്കി. രാത്രി പതിനൊന്നു മണി. നാളെ സെ പീറ്റേഴ്സ് ബര്‍ഗില്‍ നിന്ന് വീണ്ടും ആംസ്റ്റര്‍ ഡാമിലെക്ക് പോകണം.

 













രാവിലെ എഴുന്നേറ്റു, ബാഗുകള്‍ പായ്ക്ക് ചെയ്തു. ഞംഞം കഴിഞ്ഞപ്പോഴേക്കു ഡ്രൈവര്‍ വന്നു. വീണ്ടും  നഗരത്തിലൂടെ ഒരു ഓട്ട പ്രദക്ഷിണം. ഓഫീസില്‍ ചെന്ന് കുറെ നേരം ഇ മെയില്‍ നോക്കി, പതിവിനു വിപരീതമായി ഉസ്ദാര്‍ നേരത്തെ എത്തി. കണക്കുകള്‍ നോക്കി. ചില ചില്ലറ അഡ്ജസ്റ്റ്മെന്‍റുകള്‍ നടത്തി. കഴിഞ്ഞ തവണ വന്നപ്പോള്‍ കണ്ട ചില സുഹൃത്തുക്കളെ അടുത്തുള്ള കമ്പനിയില്‍ പോയി കണ്ടു. അവരില്‍ പ്രധാനി എലീന ആയിരുന്നു. വെളുത്തു മെലിഞ്ഞ ഒരു സുന്ദരി കുട്ടി. കുറെ നേരം ബിസിനസ് കാര്യങ്ങള്‍ സംസാരിച്ചു നോവ്രുസ് എന്ന സുഹൃത്തിനെ കണ്ടു. ചെന്നപ്പോഴേ അദേഹം ബ്ലാക്ക് ലേബല്‍ എടുത്തു വീശി. കുറെ നേരം സൊറ പറഞ്ഞിരുന്നു നോവ്രൂസിനോപ്പം അദേഹത്തിന്‍റെ  സ്വന്തം ഹോട്ടലില്‍ പോയി. അവിടെ നിന്ന് ഭക്ഷണം കഴിച്ചു തിരികെ വന്നു. റഷ്യയിലെ ചെറിയ റെസ്റ്റോറന്‍റുകളില്‍ പോലും ആടാനും പാടാനും ഉള്ള സ്റ്റേജുകള്‍ ഉണ്ട്.  വീണ്ടും ഓഫീസില്‍ വന്നു മെയിലുകള്‍ ചെക്ക് ചെയ്തു. ഇനി അധികം സമയം ഇല്ല, സെ, പീറ്റര്‍സ് ബര്‍ഗിനോട് വിട പറയുന്നു... സെ. പീറ്റര്‍സ് വിമാനത്താവളത്തില്‍ നിന്ന് രാത്രി പത്തിന് മോസ്കോ വിമാനം. മോസ്കോവില്‍ നിന്ന് അതി രാവിലെ ആംസ്റ്റര്‍ ഡാമിലേയ്ക്ക്  വിമാനം. ആദ്യമായാണ്‌ പുളിക്കോവ ഒന്ന്  വിമാനത്താവളത്തില്‍ നിന്ന് വിമാനം കയറുന്നത്. നമ്മുടെ നാട്ടിലേത് പോലെ വലിയ സുരക്ഷയൊന്നും അവിടെ തോന്നിച്ചില്ല.

മോസ്കോയില്‍ മൂന്നു പ്രധാന എയര്‍ പോര്‍ട്ടുകള്‍ ആണുള്ളത്. കഴിഞ്ഞ തവണ ടോമോടെടോവ എയര്‍ പോര്‍ട്ട് വഴി ആണ് ദുബായിലേക്ക് മടങ്ങിയത്. പക്ഷെ ഇത്തവണ  ഷെറിമേത്യോവ ഇന്റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട്‌ വഴി ആണ് യാത്ര. ഏറോ ഫ്ലോട്ട് വിമാനക്കമ്പനി ഓപ്പറേറ്റ്  ചെയ്യുന്നത് ഷെറിമേത്യോവ എയര്‍ പോര്‍ട്ടില്‍ നിന്നാണ്. ഈ എയര്‍ പോര്‍ട്ടിനു രണ്ടു ടെര്‍മിനലുകള്‍ ആണുള്ളത്... ഞാന്‍ കയറിയ വിമാനം ഷെറിമേത്യോവ എയര്‍ പോര്‍ട്ടിലെ ഡൊമെസ്റ്റിക് ടെര്‍മിനലില്‍ ആണ് പറന്നെത്തിയത്‌., അവിടെ നിന്ന് ഇന്റര്‍ നാഷണല്‍ ടെര്‍മിനല്‍ വരെ എസ്കലേറ്റര്‍ വഴി വളരെയധികം ദൂരം നടക്കണം. ഒടുവില്‍ പതിനൊന്നരയോടെ രണ്ടാം നമ്പര്‍ ടെര്‍മിനലില്‍ ഇരിപ്പുറപ്പിച്ചു. മോസ്കോയിലെ രണ്ടാമത്തെ വലിയ വിമാനത്താവളം ആണ്. വളരെ നല്ല നിലയില്‍, അതി മനോഹരമായി ഒരുക്കിയിരിക്കുന്ന വിമാനത്താവളം. നല്ല ഉറക്കം വരുന്നു... പക്ഷെ നല്ല തണുപ്പുള്ള സ്റ്റീല്‍ കസാലകള്‍ മാത്രം. ഉറങ്ങാന്‍ കഴിയില്ല. ദുബായ് എയര്‍ പോര്‍ട്ടിലെ നീളം കൂടിയ, ഉറങ്ങുവാന്‍ വേണ്ടി സജ്ജീകരിച്ചിട്ടുള്ള ലെതര്‍ കസേരകള്‍ എന്നെ മോഹിപ്പിച്ചു കൊണ്ടിരുന്നു.... പക്ഷെ അത് പോലൊരെണ്ണം അവിടെ മുഴുവന്‍ പരതിയിട്ടും കണ്ടില്ല. ഉറക്കം വരാതെ ഇരുന്നും നടന്നും രാവിലെ അഞ്ചു മണി വരെ അവിടെ കഴിച്ചു കൂട്ടി. അതിരാവിലെ കെ എല്‍ എം വിമാനത്തില്‍ ആംസ്റ്റര്‍ഡാമിലേക്ക് ...

വിമാനത്തില്‍ തൊട്ടടുത്ത സീറ്റിലിരിക്കുന്ന റഷ്യന്‍ സുന്ദരി, വാ തോരാതെ സംസാരിച്ചു തുടങ്ങി. അവര്‍  ഹോളിഡെ  ആഘോഷിക്കുവാന്‍ അവരുടെ കാമുകനെ തേടി ആംസ്റ്റാര്‍ ഡാമിലേക്ക് പോവുകയാണ്. അവരും ഒരു കാലത്ത് ദുബായില്‍ ജീവിച്ചിരുന്നു എന്ന് പറയുകയുണ്ടായി. എന്തായാലും എനിക്ക് ഉറങ്ങാതിരിക്കാന്‍ കഴിഞ്ഞില്ല. എയര്‍ പോര്‍ട്ടില്‍ എനിക്കായി കീസ് കാത്തു നില്‍പ്പുണ്ടായിരുന്നു...


2 comments:

  1. റഷ്യന്‍ യാത്രയുടെ വിവരണം ഇഷ്ടമായി
    സാധാരണയായി അധികമാരും വിവരിക്കാത്ത പ്രദെശമാണല്ലോ റഷ്യ
    ബാല്യം മുതല്‍ റഷ്യയോട് ഒരു പ്രത്യേക ഇഷ്ടമുണ്ടായിരുന്നു
    പ്രഭാത് ബുക് ഹൌസ് വിലകുറച്ച് തരുന്ന റഹ്സ്യന്‍ പുസ്തകങ്ങള്‍ വായിച്ച് ഉണ്ടായ ഇഷ്ടം

    ReplyDelete
  2. അല്‍പ്പം താമസിച്ചു എങ്കിലും റഷ്യ എന്നെ ചൂട് പിടിപ്പിച്ചു . വോഡ്ക്ക , ലെനിന്‍ സാദാരണ പോലെ എനിക്കും ഇത്രേ അറിയൂള്ളായിരുന്നു എങ്കിലും ഇപ്പോള്‍ ഞാനും പറയും നോവ നദിയും വോള്ഗയും .....
    വളരെ നല്ല എഴുത്ത്

    ReplyDelete