Wednesday 9 March 2016

നിമ്മിയും ശ്രീലക്ഷ്മിയും പിന്നെ വനിതാ ദിനവും

ഇന്ന് വനിതാദിനം ആണ്..
പക്ഷെ ഇന്നൊരു വനിത പ്രത്യേകമായി എന്‍റെ ഓര്‍മയില്‍ ജ്വലിച്ചു നില്‍ക്കുന്നു.
മറ്റാരുമല്ല,
നിമ്മി ആണത്.
മിനിയാന്ന് നമ്മെ വിട്ടു പോയ കലാഭവന്‍ മണിയുടെ ഭാര്യ.
മണിയുടെയും നിമ്മിയുടെയും മകള്‍ ശ്രീലക്ഷ്മിയും എന്‍റെ മനസ്സില്‍ ഒരു തേങ്ങലായി.
മണി
നല്ലൊരു നടനാണ്‌.
നല്ലൊരു പാട്ടുകാരന്‍ ആണ്.
പ്രത്യേകിച്ച് നാടന്‍ പാട്ടില്‍ അഗ്രഗണ്യന്‍
നല്ലൊരു സഹകാരി
നാട്ടുകാരുടെയും പാവപ്പെട്ടവരുടെയും എന്ത് ആവശ്യങ്ങള്‍ക്കും കൂടെയുണ്ടാവും.
എല്ലാവരെയും കൈ മെയ് മറന്നു സഹായിക്കും.
വെറുമൊരു സാധാരണക്കാരനെ പോലെ നാട്ടില്‍ എല്ലായിടത്തും മണി ഏതു ആവശ്യത്തിനും കൂടെ ഉണ്ടാവും.
മികച്ച അഭിനേതാവായ മണി, ചെറു വേഷത്തില്‍ നിന്നും വില്ലനായും നായകനായും മലയാളിയുടെ സ്വീകരണമുറിയിലും അഭ്രപാളികളിലും നമ്മുടെ ഹൃദയത്തിലും നിറഞ്ഞുനിന്നു.
മണിക്ക് രോഗമായിരുന്നു.
മാരകമായ കരള്‍ രോഗം.
രോഗം മാറുന്നതിനായി അദേഹം മരുന്നുകള്‍ കഴിച്ചിരുന്നു.
മദ്യം ഈ രോഗത്തിന് ഏറ്റവും വലിയ ശത്രു ആണ് എന്ന് അദേഹത്തിന് അറിയാമായിരുന്നു.
എന്നിട്ടും മണി കുടിച്ചു.
നിര്‍ത്താതെ കുടിച്ചു.
സുഹൃത്തുക്കളോടൊപ്പം മതിവരുവോളം കുടിച്ചു.
ഒപ്പം കുടിച്ച സുഹൃത്തുക്കള്‍ക്കും അറിയാമായിരുന്നു മണിയുടെ അസുഖവും, ആ അസുഖത്തിന്‍റെ ഏറ്റവും വലിയ ശത്രു ആണ് മദ്യം എന്നും.
ഒരൊറ്റ സുഹൃത്ത് പോലും മണിയെ ഈ രോഗാവസ്ഥയില്‍ മദ്യം കഴിക്കുന്നതില്‍ നിന്നും വിലക്കിയില്ല,
മറിച്ചു കൂടെയിരുന്നു കുടിച്ചു.
അവരാരും മണിക്ക് ഭാര്യയും മകളും അടങ്ങിയ ഒരു കുടുംബവും ഉണ്ടെന്ന കാര്യം ഓര്‍മ്മിച്ചില്ല.
മണി നിമ്മിയെയും ശ്രീലക്ഷ്മിയെയും എന്തുകൊണ്ട് ഓര്‍ത്തില്ല.
മണിയുടെ വേഷങ്ങള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന എനിക്ക് മണി ഒരിക്കലും ഒരു റോള്‍ മോഡല്‍ അല്ല.
മണിയുടെ സുഹൃത്തുക്കളെ പോലുള്ളവര്‍ ഒരിക്കലും നല്ല സുഹൃത്തുക്കള്‍ അല്ല.
നിമ്മിക്ക് ഇന്ന് ഭര്‍ത്താവില്ല,
ശ്രീലക്ഷ്മിക്ക് നഷ്ടപ്പെട്ടത് അച്ഛനെ ആണ്.
ഞാന്‍ മദ്യത്തിനു എതിരല്ല, മദ്യം കഴിക്കുന്ന ആള്‍ ആണ്.
എങ്കിലും ഇന്ന് ഈ വനിത ദിനത്തില്‍ എന്‍റെ മുന്നില്‍ നിമ്മിയുടെയും ശ്രീലക്ഷ്മിയുടെയും ഓര്‍മ്മകള്‍ കടന്നു വന്നപ്പോള്‍ ഇത്രയും പറയണം എന്ന് തോന്നി.
ഒരാള്‍ മരണപ്പെട്ടു കഴിഞ്ഞാല്‍ നല്ലതേ പറയാവൂ എന്ന കീഴ്വഴക്കം നിമ്മിക്കും ശ്രീലഷ്മിക്കും വേണ്ടി മാത്രമല്ല, കുടുംബത്തെ മറന്നു മദ്യപിക്കുന്നവര്‍ക്ക് വേണ്ടി കൂടി ഞാന്‍ മാറ്റി വയ്ക്കുന്നു.

1 comment: