Friday 6 May 2016

ഞാന്‍ മുഖ്യമന്ത്രി ആയാല്‍

ഞാന്‍ മുഖ്യമന്ത്രി ആയാല്‍
--------------------------------------
ഞാന്‍ മുഖ്യമന്ത്രി ആയാല്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍
1) കേരളത്തിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനു സത്വര നടപടികള്‍ കൈക്കൊള്ളുകയും മാലിന്യ സംസ്കരണം ശാസ്ത്രീയമായി നടപ്പാക്കുകയും ചെയ്യും. വൃത്തിയും വെടിപ്പുമുള്ള റോഡുകളും കെട്ടിടങ്ങളും നാട്ടില്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തും. മാലിന്യ വിമുക്ത കേരളം ആണ് മുഖ്യ ലക്ഷ്യം.
2) കേരളത്തില്‍ മികച്ച ഗതാഗത ശ്രിംഖല ഉണ്ടാക്കും. ജനങ്ങളുടെ സഞ്ചാരത്തിനു പ്രഥമ പരിഗണന നല്‍കും. പ്രധാന റോഡുകള്‍ എല്ലാം നാലുവരിയും ആറു വരിയും ആക്കുകയും, മറ്റു റോഡുകള്‍ രണ്ടു വരിയും ആക്കി നവീകരിക്കും. മികച്ച റോഡുകള്‍ നിര്‍മ്മിക്കുക സര്‍ക്കാറിന്റെ ലക്ഷ്യമാക്കും. ചെറു പട്ടണങ്ങളെ മെട്രോ, സബര്‍ബന്‍, മോണോറെയില്‍ തുടങ്ങിയവയിലൂടെ ജില്ല ആസ്ഥാനവും ആയി ബന്ധിപ്പിക്കും. കടല്‍ മാര്‍ഗവും, കായല്‍, നദി മാര്‍ഗവും ഗതാഗത സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും.
3) ഗതാഗത തടസ്സം സൃഷ്ടിക്കുന്ന എല്ലാ പ്രകടനങ്ങളും നിര്‍ത്തലാക്കും. റോഡുകള്‍ ജനങ്ങള്‍ക്ക്‌ സഞ്ചരിക്കുവാനുള്ളതാണ്, അത് പൊതുയോഗങ്ങള്‍ക്കും പ്രകടങ്ങള്‍ക്കും മതാനുഷ്ടാനങ്ങള്‍ക്കും ഉള്ളതല്ല. ഗതാഗത തടസ്സം നടത്തുന്ന ഹര്‍ത്താലുകള്‍ ബന്ദുകള്‍ നിര്‍ത്തലാക്കും. സമരങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും പൊതു റോഡുകള്‍ ഉപയോഗിക്കുന്നതിനു പകരം പ്രത്യേക മൈതാനങ്ങളില്‍ നടത്തുന്നതിനു ക്രമീകരണം ഉണ്ടാക്കും. റോഡിനു ഭീക്ഷണി ആയിനില്‍ക്കുന്ന എല്ലാ കെട്ടിടങ്ങളും, മതങ്ങളുടെയും രാഷ്ട്രീയക്കാരുടെയും സ്തൂപങ്ങളും, ആരാധനാലയങ്ങളും, പ്രതിമകളും, കാണിക്കവഞ്ചികളും, നേര്ച്ചപ്പെട്ടികളും മാറ്റി സ്ഥാപിപ്പിക്കുകയോ പൊളിച്ചു മാറ്റുകയോ ചെയ്യും. തിരക്കുള്ള കവലകളില്‍ മേല്‍പ്പാലങ്ങളും ട്രാഫിക്ക് ലൈറ്റുകളും സ്ഥാപിക്കും.
4) സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഭയം കൂടാതെ ജീവിക്കുവാനുള്ള സൌകര്യം ഒരുക്കും. സ്ത്രീക്കും പുരുഷനും തുല്യത ഉറപ്പു വരുത്തുവാനുള്ള ശ്രമങ്ങള്‍ കാര്യഷമം ആക്കും. സ്ത്രീ സൗഹൃദം ആയ അന്തരീക്ഷം ഉറപ്പാക്കും. സ്ത്രീ പീഡനങ്ങള്‍ അനുവദിക്കില്ല.
5) വിദ്യാഭ്യാസ മേഖല പുനര്ക്രമീകരിക്കും. ഉന്നത വിദ്യഭ്യാസ മേഖലയില്‍ വലിയമാറ്റങ്ങള്‍ കൊണ്ട് വരും. സ്കൂളുകളിലെയും കോളേജുകളിലെയും അധ്യാപകര്‍ക്ക് ജോലിയില്‍ ആയിരിക്കുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടി മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തും. സര്‍ക്കാര്‍ ശമ്പളം പറ്റുന്ന എല്ലാ അധ്യാപകരെയും നിയമിക്കുക പി എസ് സി വഴിയാകും. എല്ലാവര്ക്കും ഒരേ രീതിയിലുള്ള പ്രാഥമിക വിദ്യാഭ്യാസത്തിനായി ശ്രമിക്കും. സ്കൂളുകളില്‍ മതപഠനം നടത്തുന്നത് നിരോധിക്കും. അധ്യാപകര്‍ക്ക്‌ ഓറിയന്റെഷന്‍ സംഘടിപ്പിക്കും. സ്കൂള്‍ വര്ഷം ആരംഭിക്കുന്നതിനു മുന്നേ പുസ്തകങ്ങള്‍ ലഭ്യമാക്കും. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗുണനിലവാരം ഉറപ്പു വരുത്തും. ഐ ഐ ടി പോലുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും രാജ്യാന്തരതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഗുണപരമായ വിദ്യാഭ്യാസം ജനങ്ങള്‍ക്ക്‌ നല്‍കുകയും ചെയ്യും.
6) കേരളത്തിലെ നദികള്‍, കുളങ്ങള്‍, കായലുകള്‍, മറ്റു ജലസ്രോധസുകള്‍ എന്നിവയെ സംരക്ഷിക്കുകയും വൃത്തിയായി സൂക്ഷിക്കുകയും ചെയ്യും. മഴവെള്ളം സംരക്ഷിക്കുകയും കൃഷിക്കും കുടിവെള്ളത്തിനും അവ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യും. പുഴകള്‍ക്കും മറ്റു അടുത്തു താമസിക്കുന്ന ജനങ്ങളുമായി ചേര്‍ന്ന് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പുഴ സംരക്ഷണ സമിതി ഉണ്ടാക്കും. ജലസ്രോതസുകള്‍ മലിനമാക്കുന്നവര്‍ക്ക് ഫൈനും മറ്റു കനത്ത ശിക്ഷകളും നല്‍കും.
7) കേരളത്തിലെ എല്ലാ ഭക്ഷണ ശാലകളിലും വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കും. മായം ചേര്‍ത്തതോ, വൃത്തിരഹിതമായ അന്തരീക്ഷത്തിലോ, ഹോട്ടലുകള്‍, ചായക്കടകള്‍ തുടങ്ങിയവ നടത്തുവാന്‍ അംഗീകാരം നല്‍കില്ല. സോഷ്യല്‍ ഓഡിറ്റിന് എല്ലാ ഭക്ഷണ ശാലകളെയും വിധേയമാക്കും.
8) ക്രമസമാധാനത്തിന് പ്രത്യേകമായ ശ്രദ്ധ നല്‍കും. എല്ലാ പഞ്ചായത്തിലും പോലീസ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. കൂടുതല്‍ പോലീസുകാരെ റിക്രൂട്ട് ചെയ്യും. മനുഷ്യന്‍റെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കും.
9) എല്ലാ പഞ്ചായത്തിലും ബിവരെജുകള്‍ സ്ഥാപിക്കും. ആവശ്യത്തിനു മദ്യം ലഭ്യമാക്കും. എല്ലാവര്‍ക്കും മദ്യം മേടിക്കുവാന്‍ ലൈസന്‍സ് നല്‍കും. ഉത്തരവാദിത്വം മറന്നു മദ്യം കഴിക്കുകയും സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയുന്നവരുടെ ലൈസന്‍സ് റദ്ദാക്കും. പഞ്ചായത്ത് തലത്തില്‍ ആകുംലൈസന്‍സ് നല്‍കുക.
10) എല്ലാ നിയോജകമണ്ഡലങ്ങളിലും ഓരോ വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കും. യുവ സംരംഭകര്‍ക്കായി സ്റ്റാര്‍ട്ട്‌ അപ്പുകള്‍ എല്ലാ വ്യവസായ പാര്‍ക്കുകളിലും നിര്‍മ്മിക്കും. ഓരോ പ്രദേശത്തെയും വിഭവ സമാഹരണവും ആയി ബന്ധപ്പെടുന്ന വ്യവസായങ്ങള്‍ സ്ഥാപിക്കും. ലോജിക്സ്ടിക്സ് പാര്‍ക്കുകള്‍ സ്ഥാപിക്കും.
12) പൊതു വിതരണ സമ്പ്രദായം കൂടുതല്‍ കാര്യക്ഷമമാക്കും. ഓരോ പഞ്ചായത്തിലും സഹകരണ സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തും. സഹകരണ സ്ഥാപനങ്ങളിലൂടെ പൊതു വിതരണ സംവിധാനം ഏകോപിപ്പിക്കും.
13) കൃഷിയില്‍ നൂതന മാറ്റങ്ങള്‍ കൊണ്ട് വരും. ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കും, ജലം പാഴാക്കാതിരിക്കാന്‍ ഹൈഡ്രോഫോണിക്ക് കൃഷിരീതി നടപ്പാക്കും. റബര്‍, തേയില തുടങ്ങിയ തോട്ടം മേഖലകളില്‍ അവയ്ക്ക് പകരം കൂടുതല്‍ പഴ വര്‍ഗങ്ങള്‍ കൃഷി ചെയുവാന്‍ നൂതന മാര്‍ഗങ്ങള്‍ സ്വീകരിക്കും. കോള്‍ഡ്‌ ചെയിന്‍ വഴി പഴങ്ങള്‍, പച്ചക്കറികള്‍ സംരക്ഷിക്കാനും വിതരണം നടത്തുവാനും ശ്രമിക്കും. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് നല്ലവില ഉറപ്പാക്കും. വാര്‍ഡ്‌ തലത്തില്‍ കര്‍ഷക കൂട്ടായ്മകള്‍ രൂപീകരിക്കും. കാര്‍ഷിക വിഭവങ്ങള്‍ വില്‍ക്കുവാനുള്ള നൂതനസംരഭങ്ങള്‍ക്ക് തുടക്കമിടും.
14) എല്ലാ പഞ്ചായത്തിലും മത്സ്യ മാംസ മാര്‍ക്കറ്റുകള്‍ സ്ഥാപിക്കും. അബോറ്റെയറുകളില്‍ മാത്രം ആകും ആടുമാടുകളെ അറുക്കുക. പൊതുസ്ഥലത്ത് കോഴികളെയോ ആടുമാടുകളെയോ അറുക്കുവാന്‍ അനുവദിക്കില്ല.
15) എല്ലാ പഞ്ചായത്തുകളിലും കളിക്കളങ്ങള്‍ നിര്‍മ്മിക്കും. സ്പോര്‍ട്സിനു പരമാവധി പ്രോത്സാഹനം നല്‍കും. അന്താരാഷ്ട്ര ടൂര്‍ണമെന്റുകള്‍ കേരളത്തില്‍ നടത്തുവാന്‍ എല്ലാശ്രമവും നടത്തും.
16) സര്‍വീസില്‍ നിന്ന് അവധിയെടുത്ത് രാജ്യത്തിന്‌ പുറത്തു പോയി ജോലി ചെയ്യുവാനും റിട്ടയര്‍ ആകാറാവുമ്പോള്‍ തിരികെ ജോലിയില്‍ പ്രവേശിക്കാനും പെന്‍ഷന്‍ വാങ്ങാനും അനുവദിക്കില്ല.
17) കേരളത്തിലെ പ്രധാന പട്ടണങ്ങളില്‍ ടൌണ്‍ പ്ലാനര്‍മാരെ നിയോഗിക്കുകയും രാജ്യാന്തര ഗുണമേന്മയില്‍ ശാസ്ത്രീയമായി പട്ടണങ്ങള്‍ കെട്ടിപ്പെടുക്കുകയുംചെയ്യും.
18) സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സര്‍ക്കാരിതര സ്ഥാപനങ്ങളില്‍എല്ലാം ഗുണമേന്മ പരിശോധനകള്‍ നടത്തി ഗ്രേഡ് നിശ്ചയിക്കും.
19) നാട്ടിലെ പൌരന്മാര്‍ക്ക് ആതുര സേവനങ്ങള്‍ സൌജന്യമായി ലഭിക്കുവാന്‍ ഇന്ഷുറന്സ് പരിരക്ഷ ഉറപ്പാക്കും. ആശുപത്രികളില്‍ നല്ലസേവനം ഉറപ്പാക്കുകയും, സ്വകാര്യ മേഖലയോട് കിടപിടിക്കുന്ന രീതിയില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ മാറ്റുകയും ചെയ്യും. കൂടുതല്‍ ഡോക്ടര്‍മാര്‍, നഴ്സുമാര്‍ എന്നിവരെ നിയമിക്കും.
20) ഭവനങ്ങള്‍ ഇല്ലാത്ത എല്ലാവര്ക്കും സര്‍ക്കാര്‍ ഭവന വായ്പ നല്‍കുകയോ, ഭവനങ്ങള്‍ നിര്‍മ്മിച്ച്‌ നല്‍കുകയോ ചെയ്യും.
21) എല്ലാവര്ക്കും ശുദ്ധമായ കുടിവെള്ളം വിതരണം ചെയ്യും.
22) പ്രായപൂര്‍ത്തിയയവര്‍ ഉഭയസമ്മത പ്രകാരം സെക്സില്‍ ഏര്‍പ്പെടുന്നത് കുറ്റകരമായി കാണില്ല. അവരുടെ സ്വകാര്യതയില്‍ കടന്നു കയറുന്നവര്‍ക്കെതിരെ നടപടികള്‍ ഉണ്ടാകും. സ്ത്രീകള്‍ക്കെതിരെയുള്ള എല്ലാ അക്രമങ്ങളെയും ശക്തമായി നേരിടും. വേശ്യാവൃത്തി തൊഴില്‍ ആയി സ്വീകരിച്ചവര്‍ക്ക് ലൈസന്‍സ് നല്‍കും.
22) സര്‍ക്കാറും ജനങ്ങളും തമ്മിലുള്ള അകലം കുറയ്ക്കും. ജനങ്ങള്‍ക്ക്‌ വേണ്ടുന്ന അടിസ്ഥാന സൌകര്യങ്ങള്‍ എല്ലാം ലഭ്യമാക്കും. എല്ലാ സര്‍ക്കാര്‍ രേഖകളും ഓഫീസുകളില്‍ കയറിയിറങ്ങാതെ ഓണ്‍ലൈനില്‍ ഡൌണ്‍ലോഡ് ചെയ്യാവുന്ന നിലയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മുഴുവന്‍ കമ്പ്യൂട്ടര്‍വല്ക്കരിക്കും. എല്ലാ വിധ ഫൈനുകളും ഓണ്‍ലൈന്‍ വഴി അടയ്ക്കുവാന്‍ സൌകര്യം ഒരുക്കും. സമയബന്ധിതമായി എല്ലാ അപേക്ഷകള്‍ക്കും മറുപടി നല്‍കും.
23) കെ.എസ്.ആര്‍.ടി.സി, കെ.എസ്.ഇ.ബി പോലുള്ള സ്ഥാപനങ്ങള്‍ ജനങ്ങളുടെ പങ്കാളിത്തത്തോടെ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കും. പുതുതായി നടപ്പാക്കുന്ന പദ്ധതികള്‍ എല്ലാം പൊതു ജനങ്ങളുടെ ഓഹരി പങ്കാളിത്തത്തോടെ ആകും നടപ്പാക്കുക. ലാഭവിഹിതം ജനങ്ങളുമായി പങ്കുവച്ചു കൊണ്ടുള്ള പദ്ധതികള്‍ ആകും. നഷ്ടത്തിലായ പൊതുമേഖല സ്ഥാപനങ്ങളും ഇത്തരുണത്തില്‍ പൊതുജന ഓഹരിയിലൂടെ ലാഭാത്തിലാക്കും. പൂട്ടിക്കിടക്കുന്ന ഫാക്ടറികള്‍ നവീനവല്‍ക്കരിച്ചു ലാഭത്തിലാക്കും.
24) ഗള്‍ഫില്‍ നിന്ന് വരുന്ന പണം മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കുകയും ലാഭവിഹിതം ഓഹരി ഉടമയ്ക്ക് മടക്കി നല്‍കുകയുംചെയ്യും. ഗള്‍ഫില്‍ നിന്ന് വരുന്നവരെ പുനരധിവസിപ്പിക്കുവാന്‍ സര്‍ക്കാര്‍ തലത്തില്‍ വ്യവസായങ്ങള്‍ തുടങ്ങും. വിദേശത്ത് താമസിക്കുന്നവര്‍ക്ക് വോട്ടവകാശം നിര്‍വഹിക്കുവാന്‍ അവസരം ഒരുക്കും.
25) ചെറുതും വലുതുമായ എല്ലാ അഴിമതികളും ഇല്ലാതാക്കും, ഭരണം കൂടുതല്‍ സുതാര്യമാക്കും. പ്രതിപക്ഷവുമായും പൊതുജനങ്ങളുമായും ചര്‍ച്ചകള്‍ നടത്തി പൊതു തീരുമാനത്തില്‍ മാത്രമേ വിവാദ പദ്ധതികള്‍ നടപ്പാക്കുകയുള്ളൂ. അഴിമതി നടത്തുന്നവര്‍ക്ക് കനത്ത ശിക്ഷ നല്‍കും. പൊതു ജീവിതത്തില്‍ നിന്നെന്നപോലെ സ്വകാര്യ ജീവിതത്തിലും എത്തിക്സ് ഉണ്ടാകേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തും.
26) സ്റ്റാര്‍ സൗകര്യം ഉള്ള വയോജന കേന്ദ്രങ്ങള്‍ നിര്‍മ്മിക്കും. വയോധികരെ നല്ല നിലയില്‍ സംരക്ഷിക്കും.
27) ആധുനീക രീതിയിലുള്ള ഡയറിഫാം, മത്സ്യക്കൃഷി, കോഴിവളര്‍ത്തല്‍, മാംസത്തിനായുള്ള കന്നുകാലി വളര്‍ത്തല്‍, അതോടനുബന്ധിച്ച് ഫീഡ് മില്ലുകള്‍ എന്നിവ നടത്തുവാന്‍ സംരംഭകരെ പ്രോത്സാഹിപ്പിക്കും. മത്സ്യം, മാംസം, മുട്ട, പച്ചക്കറികള്‍ എന്നിവയില്‍ സ്വയംപര്യാപ്തത കൈവരിക്കും.
28) ജനങ്ങളുടെ സന്തോഷത്തിനും സമാധാനത്തിനും വിനോദത്തിനും സാമ്പത്തീക നേട്ടത്തിനുമായി പ്രത്യേക ശ്രദ്ധ നല്‍കും.
29) എല്ലാ പൌരന്മാര്‍ക്കും തൊഴില്‍ ചെയ്തു ജീവിക്കുവാനുള്ള അവസരം ഉണ്ടാക്കും.
30) യാത്രക്കാര്‍ക്കായി ശുചിത്വമുള്ള കംഫര്‍ട്ട് സ്റ്റെഷനുകള്‍ പ്രധാന റോഡുകള്‍ക്ക് ഇരുവശവും നിര്‍മ്മിക്കും. വീടും നാടും റോഡും ശുചിയായി സൂക്ഷിക്കുവാന്‍ പ്രത്യേക കാംപൈനുകള്‍ സംഘടിപ്പിക്കും. മാലിന്യങ്ങള്‍ റോഡില്‍, പുഴകളില്‍, മറ്റു ജലശ്രോധസുകളില്‍ തള്ളുന്നവര്‍ക്ക് കനത്ത ഫൈന്‍ നല്‍കും.
31) എല്ലാ പഞ്ചായത്തിലും വിനോദത്തിനായി പബ്ലിക്ക് പാര്‍ക്കുകളും അനുബന്ധ വിനോദ ഉപാധികളും ഒരുക്കും.
32) മരങ്ങള്‍ക്ക് എല്ലാം നമ്പര്‍ നല്‍കി, ഓരോ മരവും മുറിക്കണമെങ്കില്‍ പ്രത്യേക അനുമതി മേടിക്കുകയും മുറിക്കുന്ന ഒരു മരത്തിനു പകരം കൂടുതല്‍ മരങ്ങള്‍ വച്ചു പിടിപ്പിക്കുകയും ചെയ്യും.
33) കോടതികളില്‍ കൂടുതല്‍ ജഡ്ജിമാരെ നിയമിക്കും, കെട്ടിക്കിടക്കുന്ന കേസുകളില്‍ എല്ലാം വേഗം തീരുമാനം എടുപ്പിക്കും.
34) ജാതീയമായ എല്ലാ വേര്‍തിരിവുകളും അവസാനിപ്പിക്കും. നമ്പൂതിരിയും നായാടിയും, ആദിവാസിയും ദളിതനും, പറയനും, ക്രിസ്ത്യാനിയും ഈഴവനും, മുസ്ലീമും, അവശനും നായരും സിറിയനും പുലയനും തുടങ്ങിയ പേരുകളില്‍ ഒരു മനുഷ്യനും അറിയപ്പെടാന്‍ പാടില്ല. ജാതീയത അവസാനിപ്പിക്കുവാന്‍, ഒരു പുതു സമൂഹത്തെ സൃഷ്ടിക്കുവാന്‍ ഉള്ള കര്‍മ്മ പദ്ധതികള്‍ക്ക് തുടക്കം കുറിക്കും.
35) ജാതി, മത, സമുദായ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും കണക്കുകള്‍ ഓഡിറ്റ് ചെയ്യും.
36) കള്ളപ്പണം പൂര്‍ണ്ണമായും തടയും, പൂഴ്ത്തിവയ്പ്, കരിഞ്ചന്ത തുടങ്ങിയവ നടത്തുന്നവരെ ശിക്ഷിക്കും.
37) പൊതു ജനത്തിനു എതിരായുള്ള നിയമങ്ങള്‍ പൊളിച്ചെഴുതും. നിയമം കര്‍ക്കശമാക്കും.
38) കേരളത്തില്‍ ജോലിക്ക് വരുന്ന അന്യസംസ്ഥാന ജോലിക്കാരുടെ ക്ഷേമത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കും.
39) പൊതു സ്ഥലം കയ്യെറിയുള്ള എല്ലാ കയ്യേറ്റങ്ങളും അവസാനിപ്പിക്കും. സ്വകാര്യ മേഖലയിലുള്ള എല്ലാ സര്‍ക്കാര്‍ ഭൂമിയും തിരിച്ചു പിടിക്കും.

40) ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും, ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും ഉള്ള പരിപൂര്‍ണ്ണ സ്വാതന്ത്ര്യം എല്ലാവര്ക്കും ഉണ്ടായിരിക്കും. 

41) ഭക്ഷണ സാധനങ്ങളില്‍ മായം ചേര്‍ക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കും.

42) വികസനത്തിന്‌ ആവശ്യമായ പണം സ്വദേശത്തും വിദേശത്തുമുള്ള ജനങ്ങളില്‍ നിന്ന് സമാഹരിക്കുകയും സമയബന്ധിതമായി ലാഭവിഹിതം തിരികെ നല്‍കുകയും ചെയ്യും.

1 comment: