Tuesday, 2 October 2012

ഹോളണ്ടിലെ ഗ്രാമങ്ങളിലേക്ക്...



അതിരാവിലെ  നാലരയ്ക്ക് തന്നെ കടുത്ത ഉറക്കത്തിന്റെ കരിമ്പടം തട്ടി അകറ്റി അലാറം ശബ്ദിച്ചു. ... അഞ്ചര ആകുമ്പോള്‍ എയര്‍ പോര്‍ട്ടില്‍ എത്തണം. ഏഴു മണിക്കാണ്  ആംസ്റ്റര്‍ ഡാമിലെക്കുള്ള കെ എല്‍ എം ഫ്ലൈറ്റ്. അഞ്ചു മണി ആകുമ്പോഴേക്കും ടാക്സി അറേഞ്ച് ചെയ്യാന്‍ റിസപ്ഷനിസ്റ്റിനോട് തലേന്നേ ചട്ടം കെട്ടിയിട്ടുണ്ട്. എഴുന്നേറ്റു ഫ്രഷ്‌ ആയി ബാഗും പെട്ടിയും ആയി പൂമുഖത്തേക്ക്  എത്തിയപ്പോഴേ ടാക്സി വെയിറ്റ് ചെയുന്നുണ്ടായിരുന്നു. അതെ, ഈ ടാക്സിക്കാരനും പാകിസ്ഥാനി ആണ്. ഡെന്മാര്‍ക്കില്‍ ജനിച്ചു വളര്‍ന്ന പാകിസ്ഥാനി. 




അഞ്ചര ആയപ്പോഴേ, ചെക്ക് ഇന്‍ ചെയ്തു. ചെക്കിന്‍ ചെയ്യാന്‍ ചെന്നപ്പോള്‍ കൌണ്ടറില്‍ ഇരുന്ന ഡാനിഷ് കാരനോട് ബഹളം വെയ്ക്കേണ്ടി വന്നു. കഴിഞ്ഞ തവണ വലിയ പെട്ടി ആയപ്പോള്‍ സൌകര്യക്കുറവ് കണക്ക് കൂട്ടി ഇത്തവണ രണ്ടു പെട്ടിയിലേക്ക് ലാഗേജു മാറ്റിയിരുന്നു. പക്ഷെ ലഗേജില്‍ രണ്ടു പെട്ടി പാടില്ല എന്നതാണ് എയര്‍ ലൈന്‍ നിയമം പോലും... അപ്പോള്‍ രണ്ടാമത്തെ പെട്ടിക്കു ഞാന്‍ എക്സ്ട്രാസ് കൊടുക്കണം പോലും.. ഇതെവിടുത്തെ ന്യായം? ഞാന്‍ അങ്ങോട്ട്‌ തട്ടിക്കയറിയപ്പോള്‍ സായിപ്പ് കുട്ടി, അടുത്ത ബാഗും ലഗേജിലേക്ക് അയച്ചു വളരെ മര്യാദ രാമനായി.


വീണ്ടും ആംസ്റ്റര്‍ ഡാമിലെ സ്കിപോള്‍ വിമാനത്താവളത്തില്‍. ..........,...
രണ്ടര മാസത്തിനു മുന്‍പ് ആദ്യമായി ഇവിടെ കാലുകുത്തുമ്പോള്‍ എന്‍റെ കൂടെ ബഷീറും, പിള്ള ചേട്ടനും ഉണ്ടായിരുന്നു... അതൊരു ധൈര്യം ആയിരുന്നു. പക്ഷെ ഇത്തവണ ആദ്യമായി എന്നെ സ്വീകരിക്കാന്‍ എയര്‍ പോര്‍ട്ടില്‍ ഒരു ഹോളണ്ടുകാരന്‍ വന്നിരിക്കുന്നു. കീസ് ദെന്‍ ബോര്‍ എന്നാണ് അദേഹത്തിന്റെ പേര്... നേരില്‍ കണ്ടിട്ടില്ല.. ചില ഇ മെയില്‍ ഇടപാടുകള്‍ മാത്രം.


കസ്റ്റംസ്‌ ക്ലിയര്‍ കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ തന്നെ കീസിനെ കണ്ടു. അദേഹത്തിന്റെ വാഹനം പാര്‍ക്കിംഗ് ഏരിയയില്‍ ആണ്... എന്‍റെ ബാഗേജു എടുക്കുവാന്‍ കീസും എന്നെ ഹെല്‍പ്‌ ചെയ്തു. ആംസ്റ്റര്‍ ഡാമിലെ ഏതെങ്കിലും ഹോട്ടലില്‍ ആയിരിക്കും എനിക്ക് താവളമോരുക്കുക എന്ന എന്‍റെ കണക്കു കൂട്ടല്‍ തെറ്റിച്ചു കൊണ്ട് വാഹനം നഗര പരിധി വിട്ടു മുന്നോട്ടു കുതിക്കുകയാണ്. ആംസ്റ്റര്‍ ഡാമില്‍ നിന്ന് ഏകദേശം നൂറ്റമ്പത് കിലോമീറ്റര്‍ അകലെ ഉള്ള ഒരു ഗ്രാമത്തിലേക്ക് ആണ് അദേഹം എന്നെ കൊണ്ട് പോയത്... വൃത്തിയുള്ള ഹൈവേ ....ചെറിയ വൃഷങ്ങളും പൂക്കളും വഴിയരികില്‍ എല്ലായിടത്തും കാണാം. സൂര്യന്‍ പതുക്കെ തല കാണിക്കുന്നതെ ഉള്ളൂ... പുറത്തു തണുപ്പ് പന്ത്രണ്ടു ഡിഗ്രീ മാത്രം... ജെല്‍ദര്‍ മേല്‍സന്‍ എന്ന സ്ഥലത്ത് ആണ് ഫ്രൂട്ട് മാസ്റ്റെര്സ് എന്ന കീസിന്റെ കമ്പനിയുടെ ആസ്ഥാനം, അതിനടുത്തു സബാമ്മള്‍  എന്ന ഒരു ചെറിയ പട്ടണത്തില്‍ ആണ് എനിക്ക് താമസ സൌകരും ഒരുക്കിയിരിക്കുന്നത്... 




സബാമ്മള്‍ എന്നതു ഒരു ചെറിയ ബിസിനസ് പട്ടണം ആണ്... ആകെ മുപ്പതോളം കെട്ടിടങ്ങള്‍ മാത്രം. ബിസിനസ് കാര്‍ക്ക് താമസിക്കുന്നതിനായി രണ്ടു ഹോട്ടലുകള്‍. ... , അടുത്തെങ്ങും ജനവാസം ഇല്ലാത്ത ഒരു പ്രദേശം എന്ന് തോന്നിപ്പോകും. കെട്ടിടങ്ങളില്‍ ഹോട്ടലുകള്‍ ഒഴിച്ച് എല്ലാം ഓഫീസ്‌ കെട്ടിടങ്ങള്‍ ആണ്. എനിക്ക് വേണ്ടി താമസ സൌകര്യം ഒരുക്കിയത് മനോഹരമായ അപ്പോളോ ഹോട്ടലില്‍ ആണ്... കീസ് എന്നെ ആ ഹോട്ടലില്‍ കൊണ്ട് ചെന്നാക്കി, കുറച്ചു കഴിയുമ്പോള്‍ തിരികെ വരാം എന്ന് പറഞ്ഞു യാത്രയായി.


ഫ്രഷ്‌ ആയി വന്നു പ്രഭാത ഭക്ഷണവും കഴിഞ്ഞപ്പോഴെക്ക് കീസ് എത്തി. അദേഹത്തോടൊപ്പം ജെല്‍ദര്‍മേല്സനിലെ അദേഹത്തിന്റെ കമ്പനി ആയ ഫ്രൂട്ട് മാസ്റ്റെര്സ് എന്ന കമ്പനിയിലേക്ക് പുറപ്പെട്ടു. ഹോളണ്ടിലെ ഏറ്റവും വലിയ പഴ വര്‍ഗങ്ങള്‍ കച്ചവടം ചെയുന്ന കമ്പനി ആണ് ഫ്രൂട്ട് മാസ്റ്റെര്സ്. സോഫ്റ്റ്‌ പഴങ്ങള്‍ ആയ ബെറി വര്‍ഗത്തില്‍ പെട്ട സ്ട്രോബെറി, റെഡ്‌ കറന്‍റ്, ബ്ലാക്‌ കറന്‍റ്, ബ്ലു ബെറി, ക്രാന്‍ ബെറി ഇവയുടെ ഉല്‍പാദനത്തിലും വിപണനത്തിലും ഇവര്‍ വളരെ പ്രശസ്തര്‍ ആണ്. അതോടൊപ്പം, ഹോളണ്ടില്‍ വിളയുന്ന ആപ്പിള്‍ , പിയെര്സ് എന്നിവയുടെ സിംഹ ഭാഗവും കച്ചവടം ചെയുന്നത് ഫ്രൂട്ട് മാസ്റ്റെര്സ് ആണ്. സ്വയമായി കൃഷി ചെയുന്നതിലുപരി മറ്റു രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയുന്നുണ്ട്. ഇന്ത്യയില്‍ നിന്ന് മഹാരാഷ്ട്രയിലെ നാസിക്‌, സാംഗ്ലി എന്നീ പ്രദേശങ്ങളില്‍ വിളയുന്ന മുന്തിരി ആണ് ഇവര്‍ ഇറക്കുമതി നടത്തുന്നത്. ഞങ്ങളുടെ കമ്പനി ആദ്യ വര്ഷം ഏതാണ്ട് നാല്പതു കണ്ടൈനര്‍ മുന്തിരി ആണ് ഇവര്‍ക്ക് കൊടുത്തത്. ഇവരും ആയി നേരിട്ട്  ഒരു പരിചയവും ഉണ്ടായിട്ടില്ല, വെറും ഇന്റര്‍നെറ്റ് വഴിയുള്ള പരിചയം മാത്രം.


ചിന്നി ചിന്നി പെയുന്ന മഴയും നല്ല തണുപ്പും, കീസ് അവരുടെ ഓഫീസ്‌, സ്റ്റോര്‍, പായ്ക്ക് ഹൗസ്‌ തുടങ്ങിയവ ചുറ്റിനടന്നു കാണിച്ചു. ദുബായിലെ വെജിട്ടബിള്‍ ഫ്രൂട്ട് മാര്‍ക്കറ്റിന്റെ അത്ര മാത്രം വലിപ്പം ഉള്ള അതി വിപുലം ആയ സന്നാഹങ്ങള്‍ ആണ് അവരുടെ ആസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്. അത് കൂടാതെ റോട്ടര്‍ ഡാമില്‍, ഇറക്കുമതി ചെയുന്ന സാധനങ്ങള്‍ സൂക്ഷിക്കുന്ന ബ്രഹത്തായ ഓട്ടോമാറ്റിക് സ്റ്റോര്‍.,. ഏകദേശം ഒരു മണിക്കൂറില്‍ കൂടുതല്‍ സമയം എടുത്തു അവരുടെ പായ്ക്ക് ഹൗസ്‌ ചുറ്റി നടന്നു കാണുവാന്‍, ആപ്പിള്‍ , പിയെര്സ് എന്നിവ പായ്ക്ക്‌ ചെയുന്ന മെഷീനുകളും കണ്ടു. അവിടെ കൂടുതല്‍ ആയി ജോലി ചെയുന്നത് പോളണ്ടില്‍ നിന്ന് വന്ന തൊഴിലാളികള്‍ ആണ്. പോളണ്ട് യൂറോപ്യന്‍ യൂണിയന്റെ ഭാഗം ആയപ്പോള്‍ അവര്‍ക്ക് കിട്ടിയ അവസരം അവര്‍ നന്നായി വിനിയോഗിക്കുന്നു. ലേബര്‍ ക്യാമ്പുകളില്‍ താമസിക്കുന്ന അവര്‍, കൃത്യ സമയത്ത് വരുന്നു, ജോലി ചെയുന്നു, പോകുന്നു.
സബാമ്മള്‍, ജെല്ദര്‍ മേല്സന്‍, എന്നിവ അടുത്തടുത്തുള്ള ചെറിയ മുനിസിപ്പാലിറ്റികള്‍ ആണ്. ഒരിടത്തും ജനവാസം ഉള്ളതായി കാണാന്‍ കഴിയില്ല. എട്ടും പത്തും ചെറിയ ഗ്രാമങ്ങള്‍ ചേര്‍ന്നതാണ് ഓരോ മുനിസിപ്പാലിറ്റിയും. ഓഫീസിലെ പണികള്‍ കഴിഞ്ഞു, കീസ് എന്നെയും കൊണ്ട് ഗ്രാമങ്ങള്‍ ചുറ്റിക്കറങ്ങുവാന്‍ പോയി. എല്ലാ ഗ്രാമത്തിലും മൂന്നു പതിറ്റാണ്ട് പഴക്കം ഉള്ള കാറ്റാടി യന്ത്രങ്ങള്‍ കാണാം. ചുവപ്പും കറുപ്പും വെളുപ്പും ചേര്‍ന്ന പെയിന്‍റ് ചെയ്ത ഇരു നില മാളികകള്‍, വീടുകള്‍ എല്ലാം വളരെ അടുത്തടുത്ത് ആണ് സ്ഥിതി ചെയുന്നതു. ഏകദേശം രണ്ടു മൂന്നു കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ ആണ് വീടുകള്‍ എല്ലാം. നമ്മുടെ നാട്ടിലെ പോലെ നാട്ടുകാരെ കാണിക്കുവാന്‍ വേണ്ടി അല്ല ഹോളണ്ടുകാര്‍ വീട് വച്ചിരിക്കുന്നത്. മിക്കവാറും എല്ലാ വീടുകളും ഒരു പോലെ. മിക്ക കമ്മ്യുണിട്ടികളിലും ഓരോ പള്ളിയും കുറെ  ചെറിയ റെസ്റ്റോരെന്റുകളും സ്കൂളും ഒക്കെ ഉണ്ട്. ഹോളണ്ടിലെ മനുഷ്യര്‍ പൊതുവേ സുന്ദരികളും സുന്ദരന്മാരും അല്ല. സ്കൂള്‍ ജീവിതം കഴിയുന്നതോടു കൂടി അവരുടെ സൌന്ദര്യം ഒക്കെ നഷ്ടപ്പെടുന്നത് പോലെ തോന്നുന്നു. വളരെ ഉയരമുള്ള ഇവര്‍ കൂടുതലും മെലിഞ്ഞ പ്രകൃതം ആണ്. എല്ലാവരും കൃഷി തുടങ്ങിയ കാര്യങ്ങളില്‍ വളരെ ഉത്സുകരാണ്. പാടത്തും, ഫാക്ടറികളിലും പണി എടുക്കുന്നവര്‍.,. എവിടെയും പച്ച നിറം . കുന്നുകള്‍ , മലകള്‍ ഒന്നും ഇല്ലാതെ നീണ്ടു നിവര്‍ന്നു കിടക്കുന്ന കൃഷിയിടങ്ങള്‍., അതിനടുത്തായി, കൃഷി ഉല്പന്നങ്ങള്‍ ശേഖരിക്കുവാനായി സ്റ്റോര്‍, പാലുല്‍പ്പാദനവും ഈ കൊച്ചു രാജ്യത്തെ ഏറ്റവും വലിയ വ്യവസായം ആണ്. അനേകം കന്നുകാലികള്‍ തോട്ടങ്ങളില്‍ മേയുന്നത് കാണുന്നത് കണ്ണിനു കൌതുക കരം. വയലില്‍ മേയുന്ന പഴുക്കള്‍ ഒക്കെയും, കറവ സമയം ആകുമ്പോള്‍ തന്നത്താന്‍ കറവ യന്ത്രത്തിനടുത്തെക്ക് പോകുന്നു. ഓരോ ഫാമുകല്‍ക്കിടയിലും ചാലുകളില്‍ കൂടി വെള്ളം ഒഴുകുന്നത്‌ കാണാം.


നെതര്‍ലണ്ടിലെ പ്രസിദ്ധമായ റൈന്‍ നദിയും വാല്‍ നദിയും ഒഴുകുന്നത്‌ ഈ പ്രദേശങ്ങളില്‍ കൂടി ആണ്. വാല്‍ നദിയിലൂടെ ആണ് മധ്യ യൂറോപ്പിലെ ചരക്കു ഗതാഗതം നീങ്ങുന്നത്. റോട്ടര്‍ ഡാമില്‍ നിന്ന് കപ്പലുകള്‍ വാല്‍ നദിയിലൂടെ ആണ് ജെര്‍മനി, ആസ്ട്രിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലേക്ക് ചരക്കുകള്‍  കൊണ്ട് പോകുന്നത്. നെതര്‍ലണ്ടിസ്ന്റെ മൂന്നില്‍ രണ്ടു ഭാഗവും വെള്ളപ്പൊക്ക കെടുതികള്‍ ഉണ്ടാകുവാന്‍ സാധ്യത ഉള്ള പ്രദേശമാണ്. മഴക്കാലങ്ങളില്‍ ഈ നദികളില്‍ ക്രമാതീതമായ രീതിയില്‍ ജലനിരപ്പ്‌ ഉയരാറുണ്ട്. പലപ്പോഴും കടല്‍ വെള്ളം ആണ് ഈ നദിയിലൂടെ ഒഴുകുന്നത്‌., കാരണം സമുദ്ര നിരപ്പില്‍ നിന്ന് താഴെ ആണ് നെതര്‍ലാന്‍ഡിലെ പല പ്രദേശങ്ങളും.
ജന സാന്ദ്രത ഒട്ടുമില്ലാത്ത വിജനമായ ഗ്രാമ റോഡുകള്‍ പോലും വളരെ വലിയ പ്ലാനിംഗില്‍ ആണ് നിര്‍മ്മിച്ചിട്ടുള്ളത്. ചെറിയ റോഡുകള്‍ക്ക് പോലും പാരലല്‍ ആയി ഇരു വശത്തും സൈക്കിള്‍ റോഡുകള്‍ ഉണ്ടെന്നുള്ളത് ആണ് പ്രത്യേകത. പ്രധാന വീഥികള്‍ ക്രോസ് ചെയുന്നിടങ്ങളില്‍ സൈക്കിള്‍ റോഡുകളില്‍ പോലും സിഗ്നലുകള്‍ ഉണ്ട്.
ഉച്ചക്ക് ശേക്ഷം കീസ് എന്നെ ഹോട്ടലില്‍ കൊണ്ടാക്കി, പിറ്റേന്ന് വരാം എന്ന് പറഞ്ഞു പോയി. ഹോട്ടലില്‍ ഇരുന്നു ബോറടിച്ചു, എന്തായാലും പുറത്തേക്കിറങ്ങി. ഹോട്ടലിനടുത്തായി കുറെ സ്റ്റേഡിയങ്ങള്‍ ഞാന്‍ കണ്ടു. ഫുട്ബാള്‍ കളി കാണാം എന്ന് കരുതി. റൂഡ്‌ ഗുല്ലിട്ടും മാര്‍ക്കോ വാന്‍ ബാസ്റ്റനും ഒക്കെ ഹോളണ്ടുകാര്‍ ആയിരുന്നല്ലോ. . സ്കൂള്‍ കുട്ടികള്‍ ആയിരിക്കണം, കുറച്ചധികം കുട്ടികള്‍ സൈക്കിളില്‍ അങ്ങോട്ട്‌ പോകുന്നത് കാണാം. സ്റ്റേഡിയത്തില്‍ ചെന്നപ്പോള്‍ ആണ് മനസിലായത് ഇത് ഹോക്കി സ്റ്റേഡിയം ആണ് എന്ന്. നാല് ഗ്രൌണ്ട്, നാലും ഹോക്കി കളിക്കുവാന്‍ വേണ്ടി. രണ്ടു ഗ്രൗണ്ടില്‍ പെണ്‍കുട്ടികളും രണ്ടു ഗ്രൗണ്ടില്‍ ആണ്‍കുട്ടികളും പ്രാക്ടീസ് ചെയുന്നു. സ്കൂള്‍ കുട്ടികള്‍ ആണ് എല്ലാം. ജനവാസം വളരെ കുറവായ ചെറിയ സ്ഥലങ്ങളില്‍ പോലും വിശാലമായ കളിക്കളങ്ങള്‍ ഹോളണ്ടില്‍ ഉണ്ടെന്നുള്ളത് എന്നെ അത്ഭുതപ്പെടുത്തി. വെറുതെ അല്ല, ഹോക്കിയില്‍ ഹോളണ്ട് വലിയ മുന്നേറ്റങ്ങള്‍ നടത്തുന്നത്. സമയം ഇരുട്ടി തുടങ്ങുന്നത് വരെ കളി കണ്ടു അവിടെ നിന്ന്, പതുക്കെ ഹോട്ടലിലേക്ക് നടന്നു. ഹോട്ടലില്‍ രാത്രിയില്‍ ഒരു റെസ്റ്റോറെന്റ് മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ, രണ്ടോ മൂന്നോ പേര്‍ മാത്രം അവിടെ. കോണിയാക് സിപ്‌ ചെയുമ്പോള്‍ ഒരു ഒറ്റപ്പെടലിന്‍റെ ഭീകരത മുന്നിലേക്ക്‌..




ഇന്ന് വെള്ളിയാഴ്ച, ഇന്നും കീസ് വന്നു, ഓഫീസില്‍ പോയി. വൈകുന്നേരം വീണ്ടും  ഹോക്കി കളി കാണാന്‍ പോയി. അടുത്തെങ്ങും സൂപ്പര്‍ മാര്‍ക്കറ്റ്, ഗ്രോസറി എന്നിവ ഇല്ല. നല്ല തണുപ്പ് ഉള്ളതിനാല്‍ പുറത്തിറങ്ങി നടക്കാനും ആവേശം ഇല്ല. രണ്ടു മനുഷ്യരെ കാണുവാന്‍ ഉള്ള യാതൊരു മാര്‍ഗവും ഇല്ല. ലോഞ്ചില്‍ പോയിരുന്നാല്‍, അവിടെയും ആരും ഇല്ല. നാളെ ശനിയാഴ്ച ആയതിനാല്‍, ഓഫീസുകള്‍ അവധിയും. അതിനാല്‍ ബിസിനസ് ആവശ്യങ്ങള്‍ക്ക് വന്നവര്‍ എല്ലാം മടങ്ങി പോയിരിക്കുന്നു.
ശനിയാഴ്ച, ഇന്നാണ് ഏറ്റവും ബോറന്‍ ദിനം. കീസ് വരില്ല, രാവിലെ  മുതല്‍ വൈകുന്നേരം വരെ എങ്ങനെ ഹോട്ടലില്‍ കഴിച്ചു കൂട്ടും. പുറത്തിറങ്ങിയാല്‍ മറു വശം കാണാന്‍ കഴിയാത്ത അത്ര ദൂരത്തില്‍ കൃഷി ഫാമുകള്‍ മാത്രം. ഹൈ വേയിലൂടെ ചില ട്രക്കുകള്‍ മാത്രം ചീറി പാഞ്ഞു പോകുന്നു. ഒരു മരമോ, കുന്നോ മലയോ ഇല്ലാത്ത ഏറ്റവും ബോറന്‍ താഴ്വര. എവിടെയും ഒരേ കാഴ്ചകള്‍.,. എന്തായാലും നാല് മണി കഴിഞ്ഞപ്പോള്‍ തൊട്ടടുത്ത പട്ടണത്തിലേക്ക് ( ഗ്രാമ സിരാകേന്ദ്രത്തിലേക്ക്) നടന്നു. റോഡുകള്‍ക്ക് യെല്ലോ ഷോള്‍ഡര്‍ ഇല്ലാത്തതിനാല്‍ സൈക്കിള്‍ വീഥിയിലൂടെ നടന്നു. കുറെ ദൂരം നടന്നപ്പോള്‍ ഒരു ചെറിയ റൌണ്ട് എബൌട്ട്‌ കണ്ടു. അത് മുറിച്ചു കടക്കുമ്പോള്‍ കാറില്‍ വന്ന ആള്‍ കാറ് നിര്‍ത്തി അതില്‍ കയറാന്‍ പറഞ്ഞു. ആരാണെന്നും ഏതാണെന്നും അറിയില്ല, എങ്കിലും രണ്ടും കല്‍പ്പിച്ചു കയറി. അയ്യാള്‍ എന്നെ ഗ്രാമത്തില്‍ കൊണ്ട് ചെന്നാക്കി. ഒരു വലിയ സൂപ്പര്‍ മാര്‍ക്കറ്റ്‌, കുറെ ചെറിയ കടകള്‍,  റെസ്റ്റോറന്റുകള്‍, ഇത്രയും മാത്രമേ അവിടെ കണ്ടുള്ളൂ...നമ്മുടെ ഗ്രാമങ്ങളില്‍ കാണുന്നത് പോലെ മാത്രം. ഒരു വലിയ പള്ളിയുടെ മിനാരങ്ങള്‍ കാണാം. കുറെ നേരം അതിലെ കറങ്ങി നടന്നു. ഒറ്റയ്ക്ക് കറങ്ങാന്‍ ഉള്ള താല്പര്യം ഇല്ലാത്തതിനാല്‍ വീണ്ടും ഹോട്ടലിലേക്ക് നടന്നു. വീടുകളുടെ മുന്നില്‍ ചെറിയ കായ്കളും ആയി പിയെര്സ് ചെടികള്‍, പഴയ വീടുകള്‍ ആണെങ്കിലും മുറ്റം നിറയെ പല വിധത്തിലുള്ള ചെടികള്‍ പൂവിട്ടു നില്‍ക്കുന്നു. മിക്ക വീടുകള്‍ക്കും മതിലുകള്‍ ഉണ്ടാക്കിയിരിക്കുന്നത് ഈ ഫലവൃഷങ്ങള്‍ അടുപ്പിച്ചു നാട്ടു കൊണ്ടാണ്.


നാളെ ഞായറാഴ്ച റഷ്യയിലെ സെ. പീറ്റേര്‍സ് ബര്‍ഗിലേക്ക് പോകണം, അവിടെ ബഷീര്‍ വരാം എന്നാണ് പറഞ്ഞിട്ടുള്ളത്. ആംസ്റ്റര്‍ഡാം എയര്‍ പോര്‍ട്ടില്‍ നിന്ന് വളരെ അകലെ ആണ് ഞാന്‍ താമസിക്കുന്ന സബമ്മാള്‍, എയര്‍ പോര്‍ട്ടില്‍ കൊണ്ട് വിടാന്‍ കീസ് വരാമെന്നു സമ്മതിച്ചു എങ്കിലും ഞാന്‍ സ്നേഹ പൂര്‍വം അത് നിരസിക്കുകയായിരുന്നു . ഞായറാഴ്ച ഹോട്ടല്‍ വെക്കേറ്റ് ചെയ്യണം, പക്ഷെ തിരിയെ വീണ്ടും വരേണ്ടത്, ഈ ഹോട്ടലിലേക്ക് തന്നെ ആണ്. എന്തായാലും റിസപ്ഷനില്‍ പോയി, അവിടെ മേരി എന്ന റിസപ്ഷനിസ്റ്റ് മാത്രമേ ഉള്ളൂ. ഹോട്ടലില്‍ മറ്റാരും ഉള്ളതായി തോന്നുന്നില്ല. എല്ലാവരും വീക്കെന്‍ഡ് ആഘോഷിക്കുവാന്‍ പോയിരിക്കുന്നു. ആംസ്റ്റര്‍ ഡാം വിമാനത്താവളത്തിലേക്ക് പോകേണ്ട  മാര്‍ഗം മേരി വിവരിച്ചു തന്നു. 




രാവിലെ പതിനോന്നു മണിക്ക്  എയര്‍ പോര്‍ട്ടില്‍ എത്തണം. മേരി തന്നെ ടാക്സി ബുക്ക്‌ ചെയ്തിരുന്നു. ടാക്സിയില്‍ ദെന്‍ ബോഷ് എന്ന സ്ഥലത്തേക്ക് പോകണം, അവിടെ നിന്ന് ആംസ്റ്റര്‍ ഡാം റെയില്‍വേ സ്റേഷന്‍, വീണ്ടും അവിടെ നിന്ന് ഷിഫോള്‍ എയര്‍ പോര്ട്ടിലേക്ക്. എട്ടരയോടെ ടാക്സിക്കാരന്‍ വന്നു. വന്നപാടെ പറഞ്ഞു, മിനിമം ചാര്‍ജ്‌ 20 യൂറോ ആണ്, അത് കേട്ടതും ഞാന്‍ ഞെട്ടി പോയി. എങ്കിലും പോവാതെ തരമില്ല. ഒന്‍പതു മണിയോട് കൂടി ദെന്‍ ബോഷില്‍ എത്തി. വളരെ പുരാതനമായ ഒരു സിറ്റി ആണ് ദെന്‍ ബോഷ്. സാധാരണ ജനങ്ങള്‍ മതങ്ങളില്‍ നിന്ന് അകന്നു ജീവിക്കുന്ന രാജ്യം ആണ് നെതര്‍ലാന്‍ഡ്‌.., പ്രോട്ടസ്ഥന്‍റ് വിഭാഗം ആണ് രാജ്യത്ത്  ഉള്ളതില്‍ കൂടുതല്‍ ,  എങ്കിലും, ദെന്‍ ബോഷ് , കത്തോലിക്കര്‍ കൂടുതല്‍ തിങ്ങി പാര്‍ക്കുന്ന ഒരു പ്രദേശം ആണെന്നും, അതോരു റിലീജിയസ് സെന്റര്‍ ആണെന്നും ജൂത വംശജനായ ഡ്രൈവര്‍ പറഞ്ഞു. നോര്‍ത്ത്‌ ബ്രാബന്‍ എന്ന പ്രോവിന്‍സിന്റെ തലസ്ഥാനം കൂടി ആണ് ദെന്‍ ബോഷ്. ഇവിടെ നടക്കുന്ന തവള കാര്‍ണിവല്‍ വളരെ പ്രസിദ്ധം ആണ്.


ചെറിയ മഴയും കഠിനമായ തണുപ്പും ആണെങ്കിലും എവിടെയും പച്ചപ്പുകള്‍ കാണാം. അതിപുരാതനമായ കെട്ടിടങ്ങള്‍, കത്തീഡ്രലുകള്‍ , വ്യാപാര സമുച്ചയങ്ങള്‍ ഒക്കെ ദെന്‍ ബോഷിനെ മനോഹരിയാക്കുന്നു. താരതമ്യേന വലിയ റെയില്‍വേ സ്റ്റേഷന്‍ ആണ് എസ - ഹെത്രോജെന്ബോഷ്‌ എന്ന് മുഴുവന്‍ പേരുള്ള ദെന്‍ ബോഷിലെത്. സ്റ്റേഷനില്‍ പോയി ടിക്കറ്റെടുത്തു ഫ്ലാറ്റ് ഫോമില്‍ ചെന്ന്. പഴയതെങ്കിലും വളരെ വൃത്തിയായി സംരക്ഷിച്ചിരിക്കുന്ന സ്റ്റേഷന്‍.


എന്തായാലും ഏകദേശം ഒരു മണിക്കൂര്‍ സമയം കൊണ്ട്  ദെന്‍ ബാഷില്‍ നിന്ന്   ആംസ്റ്റര്‍ ഡാം സ്റ്റേഷനില്‍ എത്തി. ഞായര്‍ ആയതിനാല്‍ ആകണം ട്രെയിനില്‍ വളരെ കുറച്ചു പേര്‍ മാത്രം. അവിടെ നിന്നും എയര്‍ പോര്ട്ടിലേക്ക് അര മണിക്കൂര്‍ വീണ്ടും ട്രെയിനില്‍ യാത്ര. സ്ക്യ്പോള്‍ വിമാനത്താവളത്തിലെ ചെക്ക് ഇന്‍ മെഷീനില്‍ പോയി ചെക്ക് ഇന്‍ ചെയ്തു. കെ എല്‍ എം വിമാനത്തില്‍ തന്നെ വീണ്ടും റഷ്യയിലേക്ക്. ഇത്  രണ്ടാം പ്രാവശ്യം ആണ്  റഷ്യയിലെ സെ. പീറ്റേര്‍സ് ബര്‍ഗിലേക്ക്. തണുത്തുറഞ്ഞു ഐസ് മലകള്‍ മാത്രം ആയിരുന്ന റഷ്യയിലേക്ക് പോകുമ്പോള്‍ പക്ഷെ ഇത്തവണ കാലാവസ്ഥ വളരെ പ്രസന്നമാണ്. പഴയ യാത്രയിലെ ഓര്‍മ്മകള്‍ ഓരോന്നായി തെളിഞ്ഞു വന്നിരുന്നു വെങ്കിലും ഒറ്റക്കായത്തിന്റെ അന്യതാബോധം ഫ്ലൈറ്റില്‍ നിന്ന് കഴിച്ച മദ്യത്തിനും മാറ്റുവാന്‍ കഴിഞ്ഞില്ല.


Wednesday, 26 September 2012

എയര്‍ കേരളയും പ്രവാസിയുടെ ഓഹരിയെന്ന സ്വപ്നവും



മുപ്പതു ലക്ഷത്തിലധികം മലയാളികള്‍ പ്രവാസികള്‍ ആയിട്ടുള്ള ഒരു സംസ്ഥാനം ആണ് കേരളം. മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത വിധം മൂന്നു ഇന്‍റര്‍ നാഷണല്‍ വിമാനത്താവളങ്ങള്‍ ഉള്ള സംസ്ഥാനവും ഇന്ത്യയില്‍ ആദ്യമായി പൊതു ജന പങ്കാളിത്തത്തോട്  ( സ്വകാര്യ മുതലാളി പങ്കാളിത്തം )കൂടി വിമാനത്താവളം നിര്‍മ്മിച്ച്‌ വിജയകരമായി നടത്തുകയും ചെയുന്നതും കേരളത്തില്‍ ആണ്. കണ്ണൂരിലും, ആറന്മുളയിലും, ഇടുക്കിയിലും എന്ന് വേണ്ട, ഓരോ ജില്ലകള്‍ക്കും വിമാനത്താവളങ്ങള്‍ എന്ന ആശയത്തിന് ഉടമകളും ആണ് മലയാളികള്‍.

ഇന്ത്യയില്‍, പ്രവാസങ്ങളുടെ തുടക്കം തന്നെ ഒരു പക്ഷെ കേരളത്തില്‍ നിന്നാകാം. കേരളീയര്‍ തങ്ങളുടെ അദ്ധ്വാനം കൊണ്ട് മാത്രം ഉണ്ടാക്കിയെടുത്ത അല്ലെങ്കില്‍ വികസിപ്പിച്ചെടുത്ത രാജ്യങ്ങള്‍  ആണ് ഇന്ന് കാണുന്ന ഗള്‍ഫ്‌ രാജ്യങ്ങള്‍.,. ഗള്‍ഫ്‌ രാജ്യങ്ങള്‍ ഇന്നത്തെ അവസ്ഥയില്‍ ആയിരിക്കുന്നതിന്റെ പിന്നില്‍ കേരളത്തിലെ പ്രവാസികളുടെ ആശയങ്ങളും കഠിനാദ്ധ്വാനങ്ങളും ആണ് എന്നതില്‍ ആര്‍ക്കും  സംശയമില്ല.


എയര്‍ ഇന്ത്യ മാത്രമായിരുന്നു ഇന്ത്യന്‍ പ്രവാസികളുടെ ഏക ആശ്രയം. കെടുകാര്യസ്ഥതയും അഴിമതിയും നിയമക്കുരുക്കുകളും കൊണ്ടും രാഷ്ട്രീയക്കാരും  ഉദ്യോഗസ്ഥരും ജീവനക്കാരും കൂടി ബലാല്‍സംഗം ചെയ്തു കൊന്നു കൊണ്ടിരിക്കുന്ന,   മരണക്കിടക്കയില്‍ ആണ് എയര്‍ ഇന്ത്യ. തങ്ങളുടെ ഏറ്റവും പഴകിയ വിമാനങ്ങള്‍ ആണ് അവര്‍ ഗള്‍ഫ്‌ കേരള സെക്ടറിലേക്ക് അയക്കുന്നത്. കേരളത്തില്‍ നിന്ന് ഗള്‍ഫ്‌ സെക്ടറില്‍ ജോലിക്ക് പോകുന്നവര്‍ എല്ലാം ജീവിക്കാന്‍ നിവൃത്തിയില്ലാത്ത പട്ടിണിയും പരിവട്ടവും ആയി മാത്രം കഴിയുന്ന ജനതതി ആണ് എന്നും അവര്‍  അശ്പ്രിശ്യര്‍ ആണെന്നും ഉള്ള ഉത്തരേന്ത്യന്‍ സവര്‍ണ്ണ മനസുകളില്‍ നിന്നാണ് എയര്‍  ഇന്ത്യയുടെ ഏറ്റവും മോശമായ സര്‍വീസുകള്‍ ഈ സെക്ടറില്‍ നല്‍കുവാന്‍ കാരണം. മരണക്കിടക്കയില്‍ കിടക്കുന്ന എയര്‍ ഇന്ത്യക്ക്‌ ഇടയ്ക്ക് കിട്ടുന്ന ഓക്സിജന്‍ ആണ് ഗള്‍ഫ്‌ സര്‍വീസുകള്‍. എന്ന കാര്യം പോലും ഉത്തരേന്ത്യന്‍ സവര്‍ണ്ണ മനാസുകള്‍ ബോധപൂര്‍വം മറക്കുകയായിരുന്നു. ഗള്‍ഫിലെ മറ്റു എയര്‍ ലൈനുകളും ആയി കോഡ്‌ ഷെയറിംഗില്‍ കൂടി പോലും, തങ്ങളുടെ വിമാനങ്ങള്‍ ഓടിക്കാതെ പണം ഉണ്ടാക്കിക്കൊണ്ടിരുന്ന ഒരു മേഖല ആണ് ഗള്‍ഫ്‌ മേഖല. പലപ്പോഴും എയര്‍ ഇന്ത്യയിലെ സമരങ്ങളും രാഷ്ട്രീയ ഉദ്യോഗസ്ഥ തീരുമാനങ്ങളും നടപടികളും , വിദേശ എയര്‍ ലൈനുകളെ സഹായിക്കുവാന്‍ ഉള്ളതായിരുന്നു. ഒരിക്കലും പാഠം പഠിക്കാത്ത എയര്‍ ഇന്ത്യ വിസ്മ്രിതിയിലേക്ക് നടന്നടുക്കുന്ന കാഴ്ചകള്‍ ആണ് നാം ഇന്ന് കാണുന്നത്.


എയര്‍ ഇന്ത്യയും വിദേശ എയര്‍ ലൈനുകളും കൂടി മലയാളി യാത്രികരെ പിഴിഞ്ഞ് കൊണ്ടിരിക്കുമ്പോള്‍ ആണ് ഗള്‍ഫ്‌ മേഖലയില്‍ നിന്ന് ആദ്യമായി, ഷാര്‍ജയില്‍ നിന്ന് എയര്‍ അറേബ്യ എന്ന ലോ ബഡ്ജെറ്റ്‌ എയര്‍ ലൈന്‍ പറന്നു തുടങ്ങിയത്. ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ട് എയര്‍ അറേബ്യ നടത്തിയ മാസ്മരിക പ്രകടനം വ്യോമ മേഖലയില്‍ തന്നെ വലിയ ഒരു സംസാര വിഷയം ആയി. എയര്‍ അറേബ്യ വലിയ വിജയം കരസ്ഥമാക്കിയ ഒരു ബിസിനസ് മോഡല്‍ ആയിട്ടാണ്  ഇന്ന് ബിസിനസ് ലോകം കണക്കാക്കുന്നത്. കൃത്യതയാര്‍ന്ന ഓപ്പറേഷന്‍സ് ആണ് ഈ മോഡലിന്റെ ഏറ്റവും വലിയ വിജയം.  എയര്‍ അറേബ്യയെ കണ്ടു കൊണ്ട്  എയര്‍ ഇന്ത്യ, അവരുടെ എക്സ്പ്രസ്സ്‌ സര്‍വീസുകള്‍ തുടങ്ങിയെങ്കിലും എയര്‍ ഇന്ത്യയിലെ സ്വഭാവ ദൂഷ്യങ്ങള്‍ അതിനെയും ശരശയ്യയില്‍ എത്തിച്ചു.


ഉത്സവ കാലത്തും സ്കൂള്‍ അവധിക്കാലത്തും താങ്ങുവാന്‍ കഴിയാത്ത നിരക്കുകള്‍, കൃത്യതയില്ലാത്ത സര്‍വീസുകള്‍, ടിക്കറ്റും ആയി എയര്‍ പോര്‍ട്ടില്‍ ചെന്ന് ചെക്ക് ഇന്‍ കഴിയുമ്പോള്‍ റദ്ദാക്കപ്പെടുന്ന സര്‍വീസുകള്‍, ആവശ്യ നേരത്ത് ടിക്കറ്റുകള്‍ ഇല്ലാത്ത അവസ്ഥ, സര്‍വീസുകള്‍ കൂട്ടാതോടെ റദ്ദാക്കപ്പെടുന്ന അവസ്ഥകള്‍, മലയാളി ഏറ്റവും അധികം ദുരിതം അനുഭവിച്ചു കൊണ്ടിരുന്നത് തങ്ങളുടെ വിമാനയാത്രകളില്‍ ആയിരുന്നു. ഗള്‍ഫില്‍ ജോലി ചെയുന്ന പലരുടെയും വിസയുടെ കാലാവധികള്‍ അവസാനിക്കുകയും പലരുടെയും ജോലികള്‍ നഷ്ടപ്പെടുവാനും എയര്‍ ഇന്ത്യ കാരണമായി.

ആഗോളീകരണത്തിന്റെയും പുത്തന്‍ സാമ്പത്തീക വ്യവസ്ഥകളുടെയും ഫലമായി ഇന്ത്യയില്‍ സര്‍വീസുകള്‍ നടത്തിയിരുന്ന ജെറ്റ്‌ എയര്‍, കിംഗ്‌ ഫിഷര്‍, സ്പൈസ് എയര്‍, ഇന്‍ഡിഗോ തുടങ്ങിയ വിമാനക്കമ്പനികളും ഇപ്പോള്‍ കേരളത്തിലേക്ക് സര്‍വീസുകള്‍ നടത്തി തുടങ്ങിയിരിക്കയാണ്. വലിയൊരു ആശ്വാസം ഈ വിമാനങ്ങള്‍ ഒക്കെ നല്‍കുന്നുണ്ടെങ്കിലും അതും പര്യാപ്തമാകുന്നില്ല. അങ്ങനെയിരിക്കെയാണ് പ്രവാസിയുടെ കയ്യിലെ മൂലധന നിക്ഷേപത്തില്‍ കണ്ണ് വച്ച് കൊണ്ട് പുതിയൊരു എയര്‍ ലൈന്‍ എന്ന സ്വപ്നം സിയാലിനെയും ഗള്‍ഫ്‌ വ്യാപാരികളുടെയും ഉറക്കം നഷ്ടപ്പെടുത്തിയത്.

ബിസിനസ് മോഡല്‍



എമേര്‍ജിംഗ് കേരളയുടെയും ഉമ്മന്‍ ചാണ്ടിയുടെയും അതിലുപരി പ്രവാസി സമൂഹത്തിന്‍റെയും സ്വപ്നവും ബൈ പ്രോഡക്റ്റും ആണ് എയര്‍ കേരള. എയര്‍ കേരള, കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കൊണ്ട് വന്ന പ്രൊജക്റ്റ്‌ ആയിരുന്നു എങ്കിലും എമേര്‍ജിംഗ് കേരള വരെ സാങ്കേതികത്വം ആരോപിക്കപ്പെട്ടു പൊടീ പിടിച്ചു കിടക്കുകയായിരുന്നു. എമേര്‍ജിംഗ് കേരളയിലൂടെ ആ പൊടി ഒക്കെ തട്ടി മാറ്റി വീണ്ടും  സജീവ പരിഗണനയില്‍ എത്തിയിരിക്കയാണിപ്പോള്‍. .


സിയാല്‍ മാതൃകയില്‍ 26% സര്‍ക്കാര്‍ ഓഹരിയും 74% സ്വകാര്യ പങ്കാളിത്തവുമായിട്ടാകും എയര്‍ കേരള ആരംഭിക്കുക. എമേര്‍ജിംഗ് കേരളയ്ക്ക് മുന്നേ തന്നെ, ഗള്‍ഫിലെ ചില വ്യാപാരികള്‍ എയര്‍ കേരളയില്‍ തൂങ്ങി ചില പറക്കലുകള്‍ നടത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരും കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും (സിയാല്‍) സംയുക്തമായാണ് എയര്‍കേരള രൂപീകരിക്കുക. എയര്‍ കേരളയ്ക്ക് അനുമതി നേടാന്‍ കമ്പനി ചെയര്‍മാന്‍ എന്ന നിലയില്‍ മുഖ്യമന്ത്രി തന്നെ മുന്‍കൈയെടുത്ത് കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തുന്നു.

എയര്‍ കേരളയുടെ ആദ്യ ഡയറക്ടര്‍ ബോര്‍ഡ് യോഗം  ലേ മെറിഡിയന്‍ ഹോട്ടലില്‍ ഇതിനിടയില്‍ നടക്കുകയും കാര്യങ്ങള്‍ ത്വരിത ഗതിയില്‍ മുന്നോട്ടു പോവുകയും ചെയ്തിരിക്കുന്നു. മുഖ്യമന്ത്രിക്കു പുറമെ, സിയാലില്‍ നിന്നുള്ള മൂന്ന് അംഗങ്ങളും മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, കെ. ബാബു, കെ.സി. ജോസഫ് എന്നിവരെയും ഉള്‍പ്പെടുത്തി ഡയറക്ടര്‍ ബോര്‍ഡ് പുനഃസംഘടിപ്പിച്ചിട്ടുണ്ട്. എയര്‍ കേരള' പദ്ധതിയുടെ സാധ്യതാ പഠനം നടത്താന്‍ സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ വി.ജെ. കുര്യനെ സിയാല്‍ ചെയര്‍മാന്‍  യോഗം ചുമതലപ്പെടുത്തിയിരിക്കയാണ്. പദ്ധതി നടപ്പാക്കാന്‍ പ്രവാസി മലയാളികളില്‍ നിന്ന് 200 കോടി രൂപ ശേഖരിക്കും. ആദ്യഘട്ടത്തില്‍ അഞ്ച് വിമാനങ്ങള്‍ ഉപയോഗിച്ച് ആഭ്യന്തര സര്‍വ്വീസാണ് നടത്തുക.കൊച്ചയില്‍ നിന്നായിരിക്കും ആദ്യ അഭ്യന്തര സര്‍വീസ് നടത്തുക. 2013 മാര്‍ച്ചില്‍ ആഭ്യന്തര സര്‍വീസ് ആരംഭിക്കാനായാല്‍ ഒരു വര്‍ഷം കഴിഞ്ഞ് അന്താരാഷ്ട്ര സര്‍വീസും നടത്താനാകുമെന്ന് സര്‍ക്കാരും സിയാലും കണക്കുകൂട്ടുന്നു. രണ്ടാംഘട്ടത്തില്‍ ഗള്‍ഫ് മേഖലകളിലേക്ക് സര്‍വ്വീസ് ആരംഭിക്കും. തുടര്‍ന്ന് കൂടുതല്‍ മേഖലകളിലേക്ക് സര്‍വ്വീസ് ആരംഭിക്കുകയാണ് ലക്ഷ്യം. എല്ലാം വളരെ ധൃതി പിടിച്ചു ആണ് നടക്കുന്നത്. അതി വേഗം ബഹു ദൂരത്തിലെക്കുള്ള കാല്‍വയ്പ്പുകള്‍ പിഴക്കാതിരുന്നാള്‍ പ്രവാസികള്‍ക്ക്‌ കൊള്ളാം.


അഞ്ചു വര്ഷം ദേശിയ രംഗത്ത് സര്‍വീസ്‌ നടത്തിയുള്ള പരിചയവും ഇടവും കുറഞ്ഞത് ഇരുപതു വിമാനങ്ങള്‍ വേണം എന്ന നിബന്ധനയും ആണ് എയര്‍ കേരളയെ തുടക്കത്തില്‍ ഈ സംരംഭത്തില്‍ നിന്നും അകറ്റി നിര്‍ത്തിയത് എങ്കിലും ഈ തടസങ്ങള്‍ ഒഴിവാക്കി ഒരു വര്‍ഷത്തെ അഭ്യന്തര സര്‍വീസുകള്‍ക്ക് ശേക്ഷം വിദേശ പറക്കലുകള്‍ക്ക് അനുമതി നല്‍കാം എന്ന് പ്രധാനമന്ത്രി നല്‍കിയ ഉറപ്പിന്മേല്‍ ആണ് എയര്‍ കേരള സ്വപ്നങ്ങള്‍ വീണ്ടും ചിറകു വിരിയിക്കുന്നത്.  ഇന്ത്യയിലെ മറ്റു സ്വകാര്യ വിമാന  കമ്പനികള്‍ക്ക് ഇല്ലാത്ത ഒരു സാധ്യത, എയര്‍ കേരളയില്‍ സിയാല്‍ പണം മുടക്കുന്നതിനാല്‍, കൊച്ചിന്‍ എയര്‍പോര്‍ട്ട് എയര്‍ കേരളയുടെ ബേസ് ആക്കി മാറ്റുവാന്‍ സാധിക്കും എന്നുള്ളതാണ്. പക്ഷെ സിയാല്‍ ഫ്രീ ആയിട്ട് എയര്‍ കേരളയുടെ വിമാനങ്ങള്‍ക്ക് സേവന വേതന വ്യവസ്ഥകള്‍ നല്‍കും എന്നുറപ്പില്ല.

ചില പ്രധാന സംശയങ്ങള്‍



ഏഴു വര്‍ഷങ്ങള്‍ക്കു മുന്‍പ് എയര്‍ കേരള എന്ന ആശയം ഉരുത്തിരിഞ്ഞു വന്ന സമയത്തുള്ള അവസ്ഥ അല്ല ഇന്ന്. എയര്‍ ഇന്ത്യ മാത്രം അടക്കി വാണിരുന്ന വ്യോമയാന മേഖലയില്‍ ഇന്ന് സ്വകാര്യ വിമാനങ്ങള്‍ വട്ടമിട്ടു പറക്കുന്ന കാഴ്ച ആണ്. പുതിയ എയര്‍ കേരള പ്രവര്‍ത്തി പഥത്തില്‍ എത്തുമ്പോള്‍ ഈ സ്വകാര്യ വിമാനക്കമ്പനികളും ആയി എയര്‍ കേരളയ്ക്ക്  മത്സരിക്കുവാന്‍ കഴിയുമോ?

മലയാളി യാത്രക്കാരന്‍ ഏറ്റവും കുറഞ്ഞ ചിലവില്‍ യാത്ര ചെയുവാന്‍ ശ്രമിക്കുന്നവന്‍ ആണ്. എയര്‍ കേരളയുടെ ചാര്‍ജുകളെക്കാള്‍ കുറഞ്ഞ ചാര്‍ജില്‍ മറ്റാരെങ്കിലും യാത്രാ സൌകര്യം ഒരുക്കിയാല്‍ പ്രവാസി യാത്രക്കാരന് എയര്‍ കേരളയെ മറക്കും. അങ്ങനെ മറക്കാതിരിക്കാന്‍ ആയിരിക്കും ഓഹരി ഉടമ എന്ന തിളക്കമാര്‍ന്ന ലേബല്‍ കൊടുത്ത് പ്രവാസിയെ എയര്‍ കേരളയില്‍ യാത്ര ചെയുവാന്‍ നിര്‍ബന്ധിപ്പിക്കുക. അങ്ങനെ എയര്‍ കേരളയില്‍ യാത്ര ചെയുവാന്‍ ഉടമകളായ യാത്രക്കാരെയും വലിയ മാര്‍ക്കറ്റിംഗ് മിടുക്കില്ലാതെ സംഘടിപ്പിക്കുക.

സിയാല്‍ മാതൃകയില്‍ നടത്തുന്ന എയര്‍ കേരള എന്ന കമ്പനിയില്‍ സര്‍ക്കാരിന്റെയും സിയാലിന്റെയും മൂലധനം എത്ര വീതം ആയിരിക്കും. 26% സര്‍ക്കാര്‍ മുതല്‍ മുടക്കും എന്ന് പറയുന്ന റിപ്പോര്‍ട്ടുകളില്‍ സിയാലിന്റെ മൂലധനത്തെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്നില്ല. ഡയറക്ടര്‍ ബോര്‍ഡില്‍ സര്‍ക്കാറിന്റെയും, സിയാലിന്റെയും പ്രതിനിധികള്‍ മാത്രം ആണുള്ളത്, എന്ന് പറയുമ്പോള്‍ പോലും സര്‍ക്കാര്‍ പ്രതിനിധികള്‍ സിയാല്‍ ഡയറക്ടര്‍ ബോര്‍ഡ്‌ അംഗംങ്ങള്‍ കൂടി ആണ്. ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത്, സിയാല്‍ 26%  ഓഹരി മുതല്‍ മുടക്ക് നടത്തുകയും, സര്‍ക്കാര്‍ സിയാലില്‍ പങ്കാളി ആയതിനാല്‍ സിയാലിന്റെ പങ്കാളിത്തം ആണ് സര്‍ക്കാര്‍ പങ്കാളിത്തം എന്നും വ്യക്തതയില്ലാത്ത റിപ്പോര്‍ട്ടുകള്‍ വരുന്നു. 74% പണം പാവപ്പെട്ട ഗള്‍ഫ്‌ യാത്രക്കാരനില്‍ നിന്നും സ്വീകരിക്കുക എന്ന നയം ആണ് എയര്‍ കേരളയുടെ ഡയറക്ടര്‍ ബോര്‍ഡ്‌ കൈക്കൊണ്ടിരിക്കുന്നത്.

വിമാന കമ്പനിയുടെ സാധ്യതാ പഠന റിപ്പോര്‍ട്ടിന് ഏര്‍ണെസ്റ്റ് ആന്‍ഡ്‌ യംഗ് എന്ന കണ്സല്‍ട്ടന്‍സിയെ ആണ് നിയോഗിച്ചിരിക്കുന്നത്. 200 കോടി ആണ് കമ്പനിയുടെ ആദ്യ മുടക്കുമുതല്‍., പക്ഷെ ഇത്ര ചെറിയ തുക കൊണ്ട് ഒരിക്കലും ഒരു എയര്‍ ലൈന്‍ ലാഭത്തില്‍ നടത്തുക സാധ്യമല്ല. സിയാലിന്റെ ഓഹരി പങ്കാളിത്തം ഒരിക്കലും പണം ആയി ഈ കമ്പനിയില്‍ ഉണ്ടാകില്ല. അവരുടെ ഓഹരി പങ്കാളിത്തം കൊച്ചിന്‍ എയര്‍ പോര്‍ട്ട് നല്‍കുന്ന സര്‍വീസുകളില്‍ ഊതിപ്പെരുപ്പിക്കും ഈ റിപ്പോര്‍ട്ടില്‍ കൂടി. അത് കൊണ്ട് സിയാലിന്റെ ലാഭം  ഉയരുകയും അങ്ങനെ പാവപ്പെട്ട പ്രവാസിയുടെ പേരില്‍ സിയാല്‍ ഓഹരി ഉടമകള്‍ക്ക് സിയാലില്‍ നിന്ന് അധിക വരുമാനം ലഭിക്കുകയും ചെയ്യും.

മെച്ചപ്പെട്ട സര്‍വീസ്,  കുറഞ്ഞ നിരക്ക്,  കൂടുതല്‍ ലെഗേജ്,  കൃത്യതയുള്ള സര്‍വീസുകള്‍ തുടങ്ങിയവ ആണ് മലയാളികള്‍ പുതിയ എയര്‍ ലൈനില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. സീസണില്‍ ഏകദേശം ഇരുപതിനായിരത്തോളവും ഓഫ്‌ സീസണില്‍ പതിനായിരത്തോളവും മലയാളികള്‍ ആണ് ദിനം പ്രതി കേരളത്തിലെ എയര്‍ പോര്ട്ടുകളിലെ സേവനങ്ങള്‍ ഉപയോഗിക്കുന്നത് എന്നാണ് കണക്ക്. ഈ കണക്കുകളിലെ കളികള്‍ കണ്ടാണ് ഗള്‍ഫിലെ വ്യവസായികള്‍ പ്രവാസികളുടെ പണം മുതല്‍ മുടക്കായി സ്വപനം കണ്ടു എയര്‍ കേരളയ്ക്ക് വേണ്ടി മുന്നിട്ടിറങ്ങുന്നത്. സ്വന്തം എയര്‍ ലൈന്‍ എന്ന വികാരവും ആയി നടക്കുന്ന മലയാളി പ്രവാസി, കേരള വാസികളെ പോലെ പ്രതികരണ ശേക്ഷി ഉള്ളവരും അല്ല. അവരൊക്കെയും ദീര്‍ഘകാലത്തെ പ്രവാസ ജീവിതത്താല്‍ വരിയുടയ്ക്കപ്പെട്ടവര്‍ ആണ്. വരിയുടയ്ക്കപ്പെട്ടവനെ എങ്ങനെയും വരുതിയിലാക്കാം എന്ന സൈക്കൊളജി ആണ് എയര്‍ കേരളയുടെ കാര്യത്തിലും ഈ വ്യാപാരികള്‍ കച്ചവടം ചെയുന്നത്. അത് കൊണ്ടായിരിക്കാം, കേരളത്തിലെ താമസക്കാരായ ജനങ്ങളില്‍ നിന്ന് മുതല്‍ മുടക്കിന് ശ്രമിക്കാത്തതും.


തത്വത്തില്‍ എയര്‍ കേരളക്ക്‌ ചിലവാകുന്ന മുഴുവന്‍ തുകയും പ്രവാസിയില്‍ നിന്ന് പിടുങ്ങുകയും പ്രവാസിയുടെ പണത്തിന്‍റെ ഉറപ്പില്‍ ഇപ്പറയുന്ന വ്യാപാരികള്‍ എയര്‍ കേരളയെ ഹൈജാക്ക് ചെയുകയും ചെയുന്ന അവസ്ഥ ആകും ഇനി ഇവിടെ അരങ്ങേറുക. ഇരുനൂറു കോടി എന്ന തീരെ ചെറിയ തുക കൊണ്ട് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിടാന്‍ സാധിക്കുമെന്കിലും, ആദ്യ ഒരു വര്ഷം കൊണ്ട് തന്നെ അഭ്യന്തര സര്‍വീസിലൂടെ ഉണ്ടാകുന്ന വലിയ നഷ്ടം നികത്തുവാന്‍ ബാങ്കുകളില്‍ നിന്ന് ലോണ്‍ എടുക്കുകയും, ഒടുവില്‍ കിംഗ്‌ ഫിഷറിനും മറ്റു നിര്‍ത്തിപ്പോയ അനേകം എയര്‍ ലൈനുകള്‍ക്കും ഉണ്ടായ അവസ്ഥ എയര്‍ കേരളക്കും അധികം താമസിയാതെ ഉണ്ടായിക്കൂടെന്നില്ല. ബിസിനസ് യാത്രക്കാര്‍ ഏറ്റവും കുറഞ്ഞ ഒരു സെക്ടര്‍ ആണിത്. പതിനായിരം രൂപ മൂലധനം ഇറക്കാന്‍ കഴിവുള്ള എല്ലാവരെയും വിമാനക്കമ്പനിയുടെ ഉടമകള്‍ ആക്കുവാന്‍ നടക്കുന്ന ഗള്‍ഫിലെ വ്യാപാരികളുടെ ഈ ചൂണ്ടയില്‍ കൊരുക്കുവാന്‍ അനേകായിരം പ്രവാസികള്‍ തയ്യാര്‍ എടുത്തു കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.,. ഒരു വിമാനക്കമ്പനിയുടെ ഉടമ ആകുക എന്നതില്‍ കവിഞ്ഞു  എന്ത് ജീവിത സാഫല്യം എന്ന് കരുതുന്ന പ്രവാസിക്ക് ഈ ചൂഷണം മനസിലാവില്ല.

അഞ്ചു വര്‍ഷത്തെ കാലാവധിയിലും ഇരുപതു വിമാനം എന്ന സംഖ്യയിലും ഇളവുകള്‍ നല്‍കാം എന്ന ഉറപ്പില്‍ തുടങ്ങുന്ന ഈ കമ്പനിക്ക് ഇപ്പറഞ്ഞ ഇളവുകള്‍ ഉറപ്പുകള്‍ മാത്രമല്ലാതെ അനുമതിയായി കിട്ടുവാന്‍ ഉത്തരേന്ത്യന്‍ ലോബ്ബികളും മറ്റു എയര്‍ ലൈനുകളും അനുവദിക്കും എന്നും അവരുടെ സമ്മര്‍ദ്ദങ്ങള്‍ അതി ജീവിക്കാന്‍ സാക്ഷാല്‍ പ്രധാന മന്ത്രിക്കു കഴിഞ്ഞാല്‍ ഏറ്റവും എളുപ്പത്തില്‍, വാടകയുക്ക് എടുക്കുന്ന വിമാനങ്ങള്‍ കൊണ്ട് മാത്രം വലിയ പ്രശ്നങ്ങള്‍ ഇല്ലാതെ തന്നെ നടപ്പാക്കാന്‍ കഴിയുന്ന പദ്ധതി ആണിത്. ലാഭം വലിയൊരു മരീചികയായി, അല്ലെങ്കില്‍ കെടു കാര്യസ്ഥതയില്‍ നട്ടം തിരിയുന്ന മറ്റൊരു സര്‍ക്കാര്‍ കമ്പനി ആയി എയര്‍ കേരളയും നമ്മുടെ നാട്ടില്‍ ഉണ്ടാവും.


വാല്‍ക്കഷണം.

സിയാല്‍ കമ്പനിക്ക് എന്ത് കൊണ്ടും ഒരു വിമാനക്കമ്പനി തുടങ്ങുന്നത് വളരെ അനുയോജ്യം ആണ്. സിയാലിനു കോടിക്കണക്കിനു രൂപ ലാഭം ഉണ്ടാകുന്നതും പ്രവാസി മലയാളികള്‍ ഈ എയര്‍ പോര്ട്ടിലൂടെ യാത്ര ചെയുന്നത് കൊണ്ട് ആണ്. ഗള്‍ഫിലെ ഇപ്പറയുന്ന മലയാളി വ്യവസായികളുടെ ഗള്‍ഫിലെ ബിസിനസ് സാബ്രാജ്യവും നില നില്‍ക്കുന്നത് പ്രവാസി മലയാളികളുടെ സഹകരണം കൊണ്ട് കൂടി ആണ്. എന്ത് കൊണ്ട്, സിയാലിനും ഇപ്പറയുന്ന മലയാളി വ്യാപാരികള്‍ക്കും കൂടി അവരുടെ പേരില്‍ പ്രവാസികള്‍ക്കായി ഒരു എയര്‍ ലൈന്‍ തുടങ്ങി, കൃത്യതയാര്‍ന്ന സര്‍വീസുകള്‍ കുറഞ്ഞ ചിലവില്‍ നടത്തി, ചെറിയ ലാഭത്തോട് കൂടി എയര്‍ കേരള നടത്തിക്കൂടെ? പാവം പ്രവാസിയെ ഉടമസ്ഥാവകാശത്തില്‍ നിന്നും ഒഴിവാക്കിക്കൂടെ? അതല്ലെങ്കില്‍ പ്രവാസികളില്‍ നിന്നും പിരിക്കുന്ന ഈ തുക, ഡയറക്ടര്‍ ബോര്‍ഡ്‌ അംഗംങ്ങള്‍ക്ക് ബോര്‍ഡു മീറ്റീങ്ങുകള്‍ക്കുള്ള യാത്ര ചിലവും കോഫിക്കും മാത്രമേ തികയുകയുള്ളൂ...

Wednesday, 19 September 2012

പെരുമനം: മനസാക്ഷി മരവിച്ചിട്ടില്ലാത്തവര്‍ പ്രതികരിക്കുക.

പെരുമനം: മനസാക്ഷി മരവിച്ചിട്ടില്ലാത്തവര്‍ പ്രതികരിക്കുക.: ഹര്‍ത്താലും ബന്ദും കേരളത്തിന്റെ ദേശിയ ഉത്സവം ആണ്... ഓണവും ക്രിസ്മസും ബക്രീദും  വിഷുവും ഒക്കെ കേരളത്തില്‍ വ്യാപകമായി ആഘോഷിക്കപ്പെട...

Wednesday, 12 September 2012

എമേര്‍ജിംഗ്


ആഗോളീകരണം ഇഴഞ്ഞിഴഞ്ഞു നീങ്ങിയ ഒരു നട്ടുച്ചക്ക്  ആണ് ബാലന്‍  ആദ്യമായി സുഭാദ്രാമ്മയുടെ പടി കടന്നത്.  ആരെങ്കിലും തന്നെ ശ്രദ്ധിക്കുന്നുണ്ടോ എന്ന് നോക്കി. ക്യാമറ മുട്ടിയിട്ടു നടക്കാന്‍ വയ്യാത്ത കാലം ആണിത്...

ഇല്ല ആരും ഇല്ല. സുഭാദ്രാമ്മയും ഒറ്റക്കായിരിക്കണം എന്ന് ആശ്വസിച്ചു...

ശീല്ക്കാരങ്ങള്‍ കേള്‍ക്കുന്നത് പോലെ... ഈ സമയം അസമയം ആണല്ലോ? പിന്നെങ്ങിനെ?

എമെര്‍ജു ചെയ്തു നില്‍ക്കുമ്പോള്‍ എന്ത് അസമയം.

എന്തിനും ഏതിനും ഒരു സമയവും കാലവും ഒക്കെ ഉണ്ടെന്നു പറയുന്നത് വെറും മോഹ വാക്കുകള്‍ മാത്രം. ഒന്നിനും പതിരില്ല എന്ന് വെളിപ്പെട്ടു കൊണ്ടിരിക്കയാണല്ലോ? അല്ലെങ്കില്‍ ഇന്‍കെല്‍ ഇങ്ങനെ നിശാ ക്ലബുകള്‍ കൊണ്ട് വരുമോ? ശീതക്കട്ടകള്‍ കൊണ്ടുള്ള ക്രീമുകള്‍ കഴിച്ചു നന്നായി ഒന്ന് ഉഴിഞ്ഞു കിടക്കാം എന്ന് കരുതുമ്പോള്‍ ആണ് ഒരു പെരുപ്പ്. ആ പെരുപ്പാണ് എമേര്‍ജൂ ആയത്..

എമെര്‍ജു ചെയ്തപ്പോള്‍ ആണ് ബാലന് സുഭദ്രാമ്മയെ കാണണം എന്ന് പൂതി തോന്നിയത്. മറ്റു മാര്‍ഗം ഒന്നും ഇല്ലല്ലോ... വെറുതെ വെബ്‌ സൈറ്റിലും കണ്ണാടി ക്കൂട്ടിലും എടുത്തു വെയ്ക്കാന്‍ കഴിയില്ലല്ലോ... ഒരു ഉടമ്പടി എങ്കിലും നടത്തിയില്ലെങ്കില്‍?

പാസ്പോര്‍ട്ടും പണവും എയര്‍ ടിക്കറ്റും വെയ്ക്കുവാന്‍ വേണ്ടി വാങ്ങിയ കറുത്ത ബാഗിന്റെ വാല് ഇടത്തെ കൈയില്‍ ആണെങ്കിലും വലത്തു കൈ കൊണ്ട് കണ്ണാടി എടുത്തു തുടച്ചു. ഇനിയിപ്പോള്‍ പാണക്കാട്ടെക്ക് വാഹനം ഇല്ല. അവിടെ മുഴുവന്‍ എഡ്യൂ സിറ്റി ആക്കിയിരിക്കയാണ്. കുട്ടികള്‍ ഒക്കെ പഠിക്കട്ടെ... എന്നും വേളിയില്‍ പോകാനോ, വേളി കഴിക്കാനോ അത്ര എളുപ്പവുമല്ല. ബഷീറും വിഷനും ഇപ്പോഴും പിന്നാലെ ഉണ്ട്... ഇപ്പോള്‍ കോഴിക്കോട് എന്ന് കേള്‍ക്കുമ്പോഴേ വിറയ്ക്കും. പോരാത്തതിന് കുഴപ്പക്കാരന്‍ അളിയനും. അളിയന്മാര്‍ പണ്ടേ ഇങ്ങനെ ആണ്... കൊതിക്കെറുവ്... കൂട്ടിക്കൊടുപ്പ്...

എമെര്‍ജു ചെയ്തവനെ കൊണ്ട് ഒരു ഉടമ്പടി വയ്ക്കുക, അതില്‍ കൂടുതല്‍ ഒന്നും ഇഷ്ടന്റെ തോന്ന്യ വാസങ്ങളില്‍ ഇല്ലായിരുന്നു. കുറച്ചു കൂടി വടക്കുള്ള പഴയ വേതാളം  ആണെങ്കില്‍ ആരും കുനിഞ്ഞു നില്‍ക്കുന്നത് ഇഷ്ടപ്പെട്ടിരുന്നില്ല. ആരെങ്കിലും കുനിഞ്ഞു നിന്നാല്‍ അന്നേരം ഈ നേതാവിന് എമേര്‍ജിംഗ് ആകും. പക്ഷെ ഇപ്പോള്‍ ഏതാണ്ട് വയസായി. മഞ്ചേശ്വരാത്ത് എവിടെയോ ചരിയാറായി  പോലും. ഇനി ഇപ്പോള്‍ ഉലക്കയുടെ ആവശ്യം പോലും ഇല്ലാതായി.

കതകു തുറന്നത് സുഭദ്രാമ്മ അല്ലല്ലോ...
അല്ല, സുഭദ്രാമ്മ അല്ല....
അതോ സുഭദ്രാമ്മ ആണോ...

എവിടെയോ ചില വശപ്പിശകു...

വേളിയിലെ വെളിമ്പറമ്പില്‍ എവിടെയോ കണ്ട പോലെ...

സുഭാദ്രാമ്മക്ക് ഇത്രേം നിറമില്ലായിരുന്നു...

"അല്ല ഇതാര് ബാലനോ?"

ഇപ്പോള്‍ തീര്‍ച്ചപ്പെടുത്തി, എന്നെ ഇങ്ങനെ പേര് വിളിക്കണോങ്കി .. ഇത് സുഭദ്ര തന്നെ ആകും....

"ബാലനോന്നും അല്ലാന്നു ഇത് വരെ മനസിലായിട്ടില്ലേ... " ദ്വയാര്‍ത്ഥത്തില്‍ ആണ് ബാലന്‍ പറഞ്ഞതെങ്കിലും സുഭാദ്രക്ക് മനസിലായില്ല എന്ന് തോന്നുന്നു...

അല്ലേലും അവളിപ്പോള്‍ ബിസിനസ്സില്‍ കൊച്ചു പിള്ളേരെ വച്ച് വില പറയാന്‍ തുടങ്ങിയതോടു കൂടി ഉടമ്പടിയില്‍ ഒപ്പ് വയ്ക്കാന്‍ ആരെയും സമ്മതിക്കില്ല. പണം വാങ്ങി കീശയില്‍ ഇടുന്നതില്‍ മാത്രമേ താല്പര്യം ഉള്ളൂ...

അല്ല, നീയെത്ന്താടി ഇങ്ങനെ? കുമ്മായം മുഴുവന്‍ വാരി പൂശി?

"ദേ, എന്നെ കൊണ്ട് ഒന്നും പറയിക്കല്ല്... നിങ്ങള്‍  അല്ലെ പറഞ്ഞത് എമെര്‍ജു ചെയ്തു വരുന്നത് മുഴുവന്‍ വിദേശത്തു നിന്നാണെന്നു... "

"അതിനു? "

"നിങ്ങടെ അളിയന്‍ ദാ ഒന്ന് മയങ്ങി മുകളില്‍ കിടക്കുന്നു... അങ്ങേര പറയുവാ, ഇത് വരെ ഒരു മദാമ്മയും വന്നില്ല... ചാനല്‍കാര്‍ വരുമ്പോള്‍ അവര്‍ക്ക് മുന്നില്‍ ഞാന്‍ മദാമ്മ ആകണം പോലും എന്ന്... അതോണ്ട, ഇതെല്ലാം വാരി തേച്ചു നില്‍ക്കുന്നത്...

പക്ഷേങ്കി ഒന്ന് പറഞ്ഞേക്കാം ... ഈ ചായം തേച്ചു നിക്കണ എന്നെ പിടിച്ചോണ്ട് പോയി വേളിയില്‍ തുടങ്ങുന്ന മറ്റേ ക്ലബില്‍ ആടാന്‍ വിടരുത്... "

'അല്ല, ആ പൂതി മനസ്സില്‍ വെച്ചെരെ, അവിടെയ്ക്ക് ഞാന്‍ പുതിയ പിള്ളാരെ കണ്ടു വച്ചിട്ടുണ്ട്..' ആത്മഗതം നടത്തിയതല്ലാതെ വാക്കുകള്‍ വെളിയില്‍ ചാടിയില്ല.

ഇപ്പോള്‍ എല്ലായിടത്തു ഒരു മാതിരി മുന വെച്ച വര്‍ത്താനങ്ങള്‍ മാത്രം. ഇപ്പോള്‍ സുഭദ്രാമ്മയും.
സിന്ദാബാദ് ഇവളും വിളിച്ചു തുടങ്ങിയോ?

ബാലന് പെട്ടൊന്നൊരു അസ്വസ്ഥത... ഇനി ഇപ്പോള്‍ റീ ചാര്‍ജു ചെയേണ്ട അവസ്ഥയിലേക്ക് എമെര്‍ജന്‍ കൂപ്പു കുത്തി...
അയ്യാള്‍ തിരികെ നടന്നു... 

Friday, 31 August 2012

കോപ്പന്‍ഹാഗന്‍ - ചരിത്രത്തിന്‍റെ ഹൃദയത്തുടിപ്പുകള്‍


ഞങ്ങളുടെ കാര്‍ ഡ്രോജ്ടന്‍ തുരംഗം പിന്നിട്ടു ഇപ്പോള്‍  കോപ്പന്‍ഹാഗനിലേക്ക്  എത്തിച്ചേരുന്നു. സ്വീഡനിലെ കാലാവസ്ഥയില്‍ നിന്നും അല്പം കൂടി തണുപ്പ് അനുഭവപ്പെടുന്നുണ്ട് ഇവിടെ ഇപ്പോള്‍.  കോപ്പന്‍ ഹാഗനില്‍ ഞങ്ങള്‍ കാണേണ്ട ഇടങ്ങളെ കുറിച്ചൊക്കെ ടിക്കു ഇതിനിടയ്ക്ക് ഞങ്ങളോട്  പറഞ്ഞു കൊണ്ടിരുന്നു. രാജകൊട്ടാരങ്ങള്‍, ടിവോളി പാര്‍ക്ക് ഇതൊക്കെ കാണണം എന്ന് പ്രത്യേകം പറഞ്ഞു. ടിക്കുവിന്റെ കമ്പനിയുടെ ഒരു ഓഫീസ്‌, കോപ്പന്‍ ഹാഗനിലും പ്രവര്‍ത്തിക്കുന്നു. അവിടെ കൊണ്ട് പോയി ഞങ്ങളെ പരിചയപ്പെടുത്തുകയാണ് ടിക്കുവിന്റെ ലക്‌ഷ്യം. അത് കഴിഞ്ഞു സര്‍വ തന്ത്ര സ്വതന്ത്രര്‍ ആയി ഞങ്ങളെ ഇവിടെ തുറന്നു വിടും. നാളെ അതിരാവിലെ ആണ് ആംസ്റ്റര്‍ ഡാമിലേക്കുള്ള  ടിക്കറ്റ്‌ ബുക്ക്‌ ചെയ്തിരിക്കുന്നത്.

ലോകത്തില്‍ ഏറ്റവും അധികം സന്തോഷത്തോടു കൂടി ജീവിക്കുന്ന ജനസമൂഹം ആണ് ഡെന്മാര്‍ക്കിലേത് എന്നാണ് സര്‍വേകള്‍ എല്ലാം പറയുന്നത്.  ജനങ്ങളുടെ സാമ്പത്തീക ഭദ്രതയില്‍ ഏറ്റവും തുല്യത പുലര്‍ത്തുന്ന രാജ്യവും ഡെന്മാര്‍ക്ക് ആണ് - സോഷ്യലിസം . എങ്കിലും ലോകത്തിലെ ഏറ്റവും ജീവിത ചിലവുള്ള ഒരു പട്ടണം ആണ് ഡെന്മാര്‍ക്കിന്റെ തലസ്ഥാനമായ കോപ്പന്‍ഹാഗന്‍ ലോകത്തില്‍ ഏറ്റവും അഴിമതി കുറഞ്ഞ രാജ്യങ്ങളില്‍ ഡെന്മാര്‍ക്കിന്റെ സ്ഥാനം രണ്ടാമത് ആണ്. പക്ഷെ ജീവിത ച്ചെലവ് വളരെ കൂടിയ ഒരു രാജ്യം ആണ് ഡെന്മാര്‍ക്ക്‌. വ്യക്തി സ്വാതന്ത്ര്യം ഏറ്റവുമധികം സംരക്ഷിക്കപ്പെടുന്നതും ഡെന്മാര്‍ക്കില്‍ ആണ്. എന്ത് കൊണ്ടും എല്ലാവര്ക്കും ജീവിക്കുവാന്‍ ഇഷ്ടം തോന്നുന്ന  രാജ്യം.  ഡാനിഷ് ആണ് ഈ രാജ്യത്തിന്‍റെ ഔദ്യോഗിക ഭാഷ.  ഡാനിഷ് ക്രോണ്യ ഇവിടുത്തെ നാണയവും. യൂറോപ്യന്‍ യൂണിയനില്‍ അംഗം ആണെങ്കിലും യൂറോ സോണില്‍ ഡെന്മാര്‍ക്ക്‌ അംഗം അല്ല.


ലോകത്തില്‍ ആദ്യമായി പോണോഗ്രാഫി നിയമം മൂലം അംഗീകരിച്ചതും, പോണോ ചിത്രങ്ങള്‍ നിര്‍മ്മിച്ചതും ഡെന്മാര്‍ക്കില്‍ ആണ്. അത് പോലെ സ്വവര്‍ഗ രതി, സ്വവര്‍ഗ വിവാഹം തുടങ്ങിയവ ആദ്യം നിയമപരമായി അംഗീകരിച്ചതും ഡെന്മാര്‍ക്കില്‍ ആണ്. ഡാനിഷ്  ജനങ്ങളും അതീവ സുന്ദരന്മാരും സുന്ദരികളും ആണ്.
 
കോപ്പന്‍ ഹാഗനിലെ വീഥികളും വിജനങ്ങള്‍ ആണ്, ടിക്കു ഞങ്ങളെ പ്രധാന വീഥികളില്‍ കൂടി ഒക്കെ കറക്കിയതിനു ശേക്ഷം ആണ് ഓഫീസില്‍ കൊണ്ട് പോയത്. ഓഫീസിലെ ഡിജിറ്റല്‍ ബോര്‍ഡില്‍ എന്‍റെയും രോഹിത്തിന്റെയും പേരുകള്‍ മിന്നി മറയുന്നത് അപ്പോള്‍ ആണ് ശ്രദ്ധയില്‍ പെട്ടത്. അവര്‍ ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും സ്വാഗതം അരുളുന്ന സന്ദേശം ആണ് ഡിജിറ്റല്‍ ബോര്‍ഡില്‍ ഇട്ടിരിക്കുന്നത്. ചൂടുള്ള ചായ കുടിച്ചു, മേലധികാരികളും ആയി ബിസിനസ് വിശേഷങ്ങള്‍ പങ്കു വച്ച ശേക്ഷം  ഞാനും രോഹിത്തും കൂടി ആ പച്ചക്കറി മാര്‍ക്കറ്റ് ചുറ്റി നടന്നു. വളരെ വിശാലമായ കെട്ടിടങ്ങളും സൌകര്യങ്ങളും ഒക്കെ ഉണ്ടെങ്കിലും മിക്ക കടകളും അടഞ്ഞു കിടക്കുകയാണ്. കഴിഞ്ഞ നാല് മാസം ആയി, മഞ്ഞു കാലം ആയതിനാല്‍ അവരുടെ സ്വന്തം ഉല്‍പ്പന്നങ്ങള്‍ ഒന്നും മാര്‍ക്കറ്റില്‍ വിപണനത്തിന് വരുന്നില്ല. ഇപ്പോള്‍ പച്ചക്കറി, പഴ വര്‍ഗങ്ങള്‍ എല്ലാം ഇറക്കുമതി ചെയുകയാണ്. തുര്‍ക്കികള്‍ ആണ്  ഇവിടെ കൂടുതലും കച്ചവടം നടത്തുന്നത്. അവര്‍ കൂടുതലും ജനങ്ങളെ കബളിപ്പിക്കുന്നവര്‍ ആണ്, അതിനാല്‍ ഓരോ വര്‍ഷവും അവരുടെ കച്ചവട സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ അടച്ചു പൂട്ടുകയും പിന്നെ മറ്റൊരു പുതിയ പേരില്‍ പ്രത്യക്ഷപ്പെടുകയും ആണ് ചെയ്യുക പതിവ്.
കൂടിക്കാഴ്ചകള്‍ എല്ലാം കഴിഞ്ഞു, തലേ ദിവസം ഞങ്ങളോടൊപ്പം ഹെല്‍സിംഗ്ബോര്‍ഗില്‍ അത്താഴം കഴിക്കാനുണ്ടായിരുന്ന പീറ്റ് ഞങ്ങളെ ഡെന്മാര്‍ക്കില്‍ ഹോട്ടലിലേക്ക് കൊണ്ട് പോയി. പോകുന്ന വഴിയില്‍ ഒന്ന് രണ്ടു സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ,  ചില പ്രധാന വീഥികള്‍ ഒക്കെ  ഞങ്ങള്‍ക്ക് പരിചയപ്പെടുത്തി.  എന്‍റെ ത്രോട്ട് ഇന്‍ഫെക്ഷന്‍ ആകെ പ്രശനവും ആയി, ഇത്തവണ മരുന്നില്ലാതെ മാറില്ല എന്ന് തോന്നുന്നു. എന്തായാലും ഒരു ഫാര്‍മസിയില്‍ പോയി, അത്യാവശ്യം കഫ് സിറപ്പ് കൂടി വാങ്ങി.


ഡെന്മാര്‍ക്ക്‌ , ബിയര്‍ ബിസിനസ്സില്‍ വലിയ ഒരു സംഭവം ആണ്. ബിയര്‍ വ്യവസായത്തിന്‍റെ ഉറവിടവും ഡെന്മാര്‍ക്ക്‌ ആണ്. എവിടെയും കാള്‍സ്ബെര്‍ഗ് ബിയറിന്റെ പരസ്യങ്ങള്‍. പീറ്റ്‌, ഞങ്ങളെ കാള്‍സ്ബെര്‍ഗ് ബിയര്‍ ഉല്‍പാദിപ്പിക്കുന്ന പ്ലാന്‍റുകളുടെ അടുക്കല്‍ കൂടി കൊണ്ട് പോയി. ( പക്ഷെ കള്ളന്‍,  ഒരു ബിയര്‍ പോലും മേടിച്ചു തന്നില്ല ) ഡെന്മാര്‍ക്കിലെ ബിയര്‍ വ്യവസായത്തെ കുറിച്ചൊക്കെ സംസാരിച്ചു. നമ്മുടെ നാട്ടില്‍ പച്ച വെള്ളം കുടിക്കുന്നത് പോലെ ആണ്, രാവിലെയും വൈകിട്ടും ഒക്കെ, തണുപ്പ് കാലത്തും വേനല്‍ കാലത്തും ഒക്കെ ഇവര്‍, ആണും പെണ്ണും ബിയര്‍ കുടിക്കും.

അനേകം പാകിസ്ഥാനികള്‍ ഡെന്മാര്‍ക്കില്‍ സ്ഥിരമായി താമസിക്കുന്നു . കുടിയേറ്റക്കാരില്‍ അഞ്ചാം സ്ഥാനം അവര്‍ക്കാണ്. അറുപതുകളിലും എഴുപതുകളിലും ലേബര്‍ ക്ലാസ്സില്‍ ഉള്‍പ്പെടുത്തി ആണ്, പാകിസ്ഥാനികളെ ഡെന്മാര്‍ക്കില്‍ കൊണ്ട് വരുന്നത്. തുടക്കത്തില്‍ ആണുങ്ങള്‍ മാത്രം ആയിരുന്നു ഇവിടെ വന്നിരുന്നത്. പിന്നീട് മനുഷ്യാവകാശ പ്രവര്‍ത്തന ഫലം ആയി, അവരുടെ കുടുംബാംഗങ്ങളെ കൂടി ഇവിടെ കൊണ്ട് വരുവാന്‍ അനുമതി ലഭിച്ചു. ഒരിക്കല്‍ കിട്ടിയ അവസരം മുതലെടുത്ത്, പാകിസ്ഥാനികള്‍ , വിവാഹം കഴിച്ചും കഴിപ്പിച്ചും , കള്ളത്തരത്തില്‍ ഇവിടെ കുടിയേറി തുടങ്ങിയപ്പോള്‍ ഡെന്‍മാര്‍ക്കിലെ പൌരസമൂഹം ഇവര്‍ക്കെതിരെ തിരിയുകയും ഇവരുടെ കുടിയേറ്റത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു. ഇപ്പോള്‍ ഡെന്മാര്‍ക്ക്‌ നിയമ നിര്‍മ്മാണ സഭയില്‍ പോലും പാകിസ്താന്‍ പ്രാതിനിധ്യം ഉണ്ട്.  ഇവിടെ  പാകിസ്ഥാനികള്‍ പ്രധാനമായും ഡ്രൈവര്‍മാരായിട്ടാണ് തോഴിലെടുക്കുന്നത്. ഇവരാണ് ഇവിടെ ഉള്ള ടാക്സി ഡ്രൈവര്‍മാറില്‍ ഏറെയും. ഇവരാണ് ഡെന്മാര്‍ക്കിലെ വ്യഭിചാരം, മയക്കുമരുന്ന് , മാഫിയ ശ്രിംഘല  നിയന്ത്രിക്കുന്നതും.   അധോലോകം മുഴുവന്‍ ഇവരുടെ നിയന്ത്രണത്തില്‍ ആയതിനാല്‍ ഡെന്മാര്‍ക്കുകാര്‍ ഇവരെ സംശയ ദ്രിഷ്ടിയോടു കൂടി ആണ് ഇവരെ കാണുന്നത്.

പ്രസിദ്ധമായ കാള്‍ട്ടന്‍ ഹോട്ടലില്‍ ആണ് ഞങ്ങള്‍ക്ക് താമസമോരുക്കിയിരിക്കുന്നത്. ഹോട്ടലില്‍ ചെന്ന് ഫ്രഷ്‌ ആയി, ഞാനും രോഹിതും കൂടി സിറ്റി കാണുവാന്‍ ഇറങ്ങി തിരിച്ചു. ഞങ്ങള്‍  കുറെ ദൂരം നടന്നു, പ്രകൃതി ദ്രിശ്യങ്ങള്‍ എല്ലാം കണ്ടു ടിവോളി പാര്‍ക്കില്‍ പോകുവാനായി ബസ്‌ കാത്തു നിന്ന്. ബസ്സില്‍ ഒരു സ്ത്രീ ആണ് ഡ്രൈവര്‍. അവര്‍ തന്നെ ഞങ്ങള്‍ക്ക് ടിക്കറ്റ് നല്‍കി. ബസ്സില്‍ പ്രായമായവരും സ്ത്രീകളും ആണ് യാത്രക്കാരില്‍ കൂടുതലും. ഞങ്ങള്‍ ടിവോളി പാര്‍ക്കിനു മുന്നിലുള്ള  സ്റ്റോപ്പില്‍ ഇറങ്ങി. സിറ്റിയുടെ ഒത്ത നടുക്കാണ് ടിവോളി പാര്‍ക്ക് സ്ഥിതി ചെയുന്നത്. ടിവോളി പാര്‍ക്കിനു മുന്നില്‍ ആണ്, കോപ്പന്‍ഹാഗന്‍ സെന്‍ട്രല്‍ റെയില്‍വെ സ്റേഷന്‍. വളരെ പുരാതനമായ സ്റ്റേഷന്‍ ആണത്. ഇന്‍റര്‍ സിറ്റി ട്രെയിനുകള്‍ എല്ലാം ഇവിടെ നിന്നാണ് പുറപ്പെടുന്നത്. 1847 ല്‍ ആണ് ഈ സ്റ്റേഷന്‍ ആദ്യമായി ഇവിടെ പണിതത്. ഞങ്ങള്‍ റെയില്‍വേ സ്റ്റേഷനില്‍ കയറി നോക്കി. ഞങ്ങളുടെ കൈയില്‍ ഡെന്മാര്‍ക്കിന്റെ കറന്‍സി ഇല്ല. ഡോളര്‍ മാറി, ഡാനിഷ് ക്രോണര്‍   കയ്യില്‍ കരുതണം. ഒരു ഡോളറിനു അഞ്ചര  ഡാനിഷ് ക്രോണര്‍ ആണ് ഞങ്ങള്‍ക്ക് കിട്ടിയത്. പണം മാറിയ ഉടനെ ഞങ്ങള്‍ സ്റേഷന് അകത്ത് തന്നെ ഉള്ള ഫുഡ്‌ കോര്‍ട്ടില്‍ നിന്ന്  ഭക്ഷണം കഴിച്ചു.  പുറത്തു ചെറിയ ചാറ്റല്‍ മഴ ഉണ്ട് എങ്കിലും പ്രസന്നമായ അന്തരീക്ഷം. 


ഞങ്ങള്‍ വെളിയില്‍ ഇറങ്ങി, ഇപ്പോള്‍ മണി രണ്ടു കഴിഞ്ഞിട്ടെ ഉള്ളൂ. രാത്രി വരെ ചുറ്റിക്കറങ്ങണം, എങ്ങോട്ടു പോകണം, എവിടെ പോകണം എന്നൊന്നും അറിയില്ല. വെറുതെ കുറെ നേരം വെളിയില്‍ ഇറങ്ങി നഗരത്തിന്‍റെ വിഗഹ വീക്ഷണം നടത്തി. മുന്നില്‍ ടിവോളി പാര്‍ക്ക് മാടി വിളിക്കുന്നു. സ്കാഡിനെവിയയിലെ ഏറ്റവും വലിയ അമ്യുസ്‌മെന്റ് പാര്‍ക്കാണ് പ്രസിദ്ധമായ ടിവോളി ഗാര്‍ഡന്‍സ്‌. 1843 ല്‍ ആരംഭിച്ച ഈ പാര്‍ക്ക് ആണ്, ലോകത്തിലെ ഏറ്റവും പഴക്കമേറിയ രണ്ടാമത്തെ പാര്‍ക്ക്. പാരീസിലെ ഡിസ്നിലാന്‍ഡ്‌ കഴിഞ്ഞാല്‍, യൂറോപ്പില്‍ ഏറ്റവും അധികം ആളുകള്‍ സന്ദര്‍ശിക്കുന്ന പാര്‍ക്കും ടിവോളി ആണ്. ഞങ്ങള്‍ ടിവോളി ഗാര്‍ഡന്റെ ഗേറ്റില്‍ പോയി, എന്‍ട്രി പാസ്‌ എടുക്കുവാന്‍ നോക്കിയപ്പോള്‍ മനസിലായി, ഇത് ഞങ്ങള്‍ക്ക് പറ്റിയ  ഇടമല്ല എന്ന്. ഗാര്‍ഡനില്‍ അകത്ത് കടക്കുവാന്‍ മാത്രം 100 ക്രോണര്‍ ആണ് ചാര്‍ജു. ഞങ്ങള്‍ അവിടെ നിന്ന് തിരിഞ്ഞു നടന്നു. നഗരത്തിന്‍റെ മറു വശത്തു, തിരക്കുള്ള ഭാഗത്ത്  ഞങ്ങള്‍ നടന്നു ചെന്നപ്പോള്‍ അവിടെ   അനേകം ബസുകള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് കണ്ടു.. അവയില്‍ സൈറ്റ്  സീയിംഗിനു ഉള്ള മുകള്‍ ഭാഗം തുറന്ന ഇരു നില ബസ്സുകളും ഉണ്ട്. സിറ്റി കാണുവാന്‍ ഇതാണ് ഏറ്റവും നല്ല മാര്‍ഗം എന്ന് കരുതി ഞങ്ങള്‍ ഒരു ബസിനു അടുക്കലേക്ക് ചെന്നു. ബസിനു അടുക്കലെയ്ക്ക് ചെന്നപ്പോഴേ ബസ്സിന്റെ ഡ്രൈവര്‍ ഹിന്ദിയില്‍ ഞങ്ങളെ ബസ്സിലേക്ക് സ്വാഗതം ചെയുന്നു. 



" ആയിയേ... ആയിയേ... ബായി ആയിയേ.... "  ഈ വാക്കുകള്‍ കേട്ടപ്പോള്‍  ഞങ്ങള്‍ ശരിക്കും ഞെട്ടി. ഡെന്മാര്‍ക്കിലും ഹിന്ദി ആണോ പ്രധാന ഭാഷ? അതോ, ടൂറിസത്തിന് വേണ്ടി ഇവര്‍ ഹിന്ദി ഭാഷയില്‍ ഡ്രൈവര്‍മാര്‍ക്ക് പരിശീലനം കൊടുക്കുന്നത് ആണോ? എന്തായാലും ഹിന്ദിയില്‍ ഉള്ള  ഡ്രൈവറുടെ സംഭാക്ഷണം ഞങ്ങളെ സന്തോഷിപ്പിച്ചു. ടിക്കറ്റ്  എടുക്കാനായി ചെന്ന ഞങ്ങളോട് ഡ്രൈവര്‍ പറയുകയാണ്‌, ഒരു ടിക്കറ്റിനു 150 ക്രോണര്‍ ആണ്  ചാര്‍ജു. നിങ്ങള്‍ ടിക്കറ്റ് എടുക്കണ്ട, ഇറങ്ങുമ്പോള്‍ ഇഷ്ടം ഉള്ള തുക തന്നാല്‍ മതി. ടിക്കറ്റില്ലാതെ യാത്ര ചെയ്തു ഡെന്മാര്‍ക്കിലെ ജയിലില്‍ കിടക്കേണ്ടി വരുമോ എന്ന ഞങ്ങളുടെ ഭയം അസ്ഥാനത്ത്  ആണ് എന്നും അദേഹം ഞങ്ങളെ പറഞ്ഞു മനസിലാക്കി. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഡെന്മാര്‍ക്കില്‍ ജോലിക്കായി വന്ന പാക്കിസ്ഥാനി ആയിരുന്നു ഈ വാഹനത്തിന്റെ ഡ്രൈവര്‍. എന്തായാലും ഞങ്ങള്‍ മുകളിലെ ഓപ്പന്‍ ഡെക്കില്‍ ഇരുന്നു, ഹെഡ്  ഫോണ്‍ ചെവിയില്‍ തിരുകി അതില്‍ ഇംഗ്ലീഷ്  ഭാഷ  തെരഞ്ഞെടുത്തു. ടിക്കറ്റ് എടുക്കുകയാണ് എങ്കില്‍ പണം മുഴുവന്‍ കമ്പനിക്ക് പോകും, അല്ലെങ്കില്‍ കിട്ടുന്ന പണം ഡ്രൈവറുടെ പോക്കറ്റിലും.

ചരിത്രമുറങ്ങുന്ന പട്ടണം ആണ് കോപ്പന്‍ഹാഗന്‍,..  മനോഹരമായ റോഡുകളും തടാകങ്ങളും കനാലുകളും നിറഞ്ഞ തെരുവിലൂടെ ഞങ്ങളുടെ വാഹനം മുന്നോട്ടു നീങ്ങി. ഓരോ തെരുവിന്‍റെയും അവിടെ ഉള്ള കെട്ടിടങ്ങളുടെയും പ്രധാന ആകര്‍ഷണങ്ങളുടെയും വിശദാംശംങ്ങള്‍ ഹെഡ്‌ ഫോണിലൂടെ പറഞ്ഞു തന്നു കൊണ്ടിരുന്നു.
യാത്ര തുടങ്ങുമ്പോള്‍ ടിവോളി ഗാര്‍ഡന് എതിര്‍ ഭാഗത്ത്  പ്രമൂഖ ബിയര്‍ നിര്‍മ്മാതാവായ കാര്‍ല്സ്ബര്‍ഗ് നിര്‍മ്മിച്ച  ആര്‍ട്ട്‌ മ്യുസിയം കടന്നാണ് ഞങ്ങളുടെ ബസ്‌ മുന്നോട്ടു  പോകുന്നത്. മ്യുസിയത്തില്‍ ഞങ്ങള്‍ കയറിയില്ല എങ്കിലും അതിന്റെ പരിസരം പോലും അതി മനോഹരം എന്നെ പറയേണ്ടു. സ്കല്‍പ്ചറിനും പെയിന്റിംഗിനും പ്രാമുഖ്യം കൊടുക്കുന്ന ആര്‍ട്ട്‌ മ്യുസിയം ആണ് ഇത്. അതി പുരാതന സംസ്കാരങ്ങളുടെ   ഈജിപ്റ്റ്‌ , ഗ്രീസ്, റോമ, ഫ്രഞ്ച് തുടങ്ങിയ ഇടങ്ങളിലെ പുരാതനമായ സ്കല്‍പ്ചറുകളും ചിത്രങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ഡെന്മാര്‍ക്കിലെ ഏറ്റവും പ്രസിദ്ധനായിരുന്ന രാജാവ്‌, ക്രിസ്ത്യന്‍ നാലാമനെ കുറിച്ചാണ്  കൂടുതല്‍ കമന്ററിയും. 1588 മുതല്‍  1648 വരെ ഡെന്മാര്‍ക്ക്‌ ഭരിച്ച ക്രിസ്ത്യന്‍ നാലാമന്‍ ആണ് ഡെന്മാര്‍ക്കിന്റെ ഏറ്റവും ആദരണീയനായ, ജനങ്ങള്‍ ഏറ്റവും അധികം ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന രാജാവ്. യുദ്ധങ്ങള്‍ ജയിക്കുകയും തോല്‍ക്കുകയും, ഏറ്റവും സമ്പന്നനും ഏറ്റവും ദരിദ്രനും ആയ  രാജാവായിരുന്നു അദേഹം. സുന്ദരികള്‍ ആയ സ്ത്രീകള്‍ എന്നും ഇദേഹത്തിന്റെ ഒരു ബലഹീനത ആയിരുന്നു എന്നും ചരിത്രം പറയുന്നു.  സ്കാന്‍ഡിനെവിയന്‍ രാജ്യങ്ങളില്‍ ഏറ്റവും വലിയ ഉരുക്ക് മുഷ്ടി ഉണ്ടായിരുന്ന രാജ്യം ആയിരുന്നു ഡെന്മാര്‍ക്ക്‌. ഒരു കാലത്ത്, സ്വീഡനെയും, നോര്‍വേയെയും, ഇംഗ്ലണ്ടിനെയും ജെര്‍മനി, ഹോളണ്ട് തുടങ്ങിയ രാജ്യങ്ങളുടെ ഒരു ഭാഗത്തെയും ഭരിച്ചിരുന്നത് ഡെന്മാര്‍ക്ക്‌ ആണ്. വളരെ ശക്തവും സമ്പന്നവും ആയിരുന്നു ഡെന്മാര്‍ക്ക്‌. കലയ്ക്കും വിനോദത്തിനും അതിരറ്റ സംഭാവന  നല്‍കിയ  നാട് കൂടി ആണ്  ഡെന്മാര്‍ക്ക്‌..

 
ബസ്‌ മുന്നോട്ടു നീങ്ങുമ്പോള്‍ കോട്ടകളും കൊട്ടാരങ്ങളും മുന്നില്‍ നിറയുന്നു. നാലുവശവും കടല്‍ ആയതിനാല്‍ ആകും, ലോകത്തിലെ ഏറ്റവും ശക്തരായ നാവികര്‍ ആണ് ഡാനിഷ് കാര്‍. പല യുദ്ധങ്ങളും ഇവര്‍ ജയിച്ചത്‌, ഇവരുടെ നാവിക പ്പടയുടെ ശക്തി കൊണ്ടാണ്. പതിനഞ്ചാം നൂറ്റാണ്ടില്‍ നാവികര്‍ക്കും പട്ടാളക്കാര്‍ക്കും താമസിക്കുവാന്‍ ഒരുക്കിയിരുന്ന ബാരക്കുകളും കെട്ടിടങ്ങളും ഇന്നും ചരിത്രമായി അവശേഷിക്കുന്നു.

ഷേക്സ്പിയറുടെ ഹാംലെറ്റ് എന്ന കൃതിയില്‍ വിശേഷിപ്പിക്കുന്ന  ക്രോന്ബോര്ഗ് കോട്ട ആണ് ഡെന്മാര്‍ക്കിലെ എല്സ്നോറിലെ  മറ്റൊരു ആകര്‍ഷണം. കടലിനടുത്ത് ആണ്  മനോഹരമായ ഈ കോട്ട സ്ഥിതി ചെയുന്നത്.

ഡെന്മാര്‍ക്കിലെ പാര്‍ലിമെന്റ് മന്ദിരം , മന്ത്രി മന്ദിരങ്ങള്‍, സുപ്രീം കോര്‍ട്ട് എല്ലാം സ്ഥിതി ചെയുന്നത്  ക്രിസ്ത്യന്‍ബോര്‍ഗ് പാലസില്‍ ആണ്. അതി മനോഹരമാണ് ഈ കൊട്ടാര സമുച്ചയങ്ങള്‍. പഴമയുടെ വിശുദ്ധി അതി മനോഹരമായി സമജ്ജയിപ്പിച്ചിരിക്കുന്നു ഈ കൊട്ടാരവളപ്പില്‍.   അനേകം ശില്പങ്ങള്‍ കൊണ്ട്  നിറഞ്ഞിരിക്കയാണ് ഈ കൊട്ടാര വളപ്പ്...

കടല്‍ക്കരയില്‍ ഒരിടത്ത് ഞങ്ങളുടെ ബസ്‌ നിര്‍ത്തി, ഒരു ചെറിയ പാര്‍ക്കായിരുന്നു. അവിടെ ആണ്   എച്ചു. സി.  ആണ്ടെര്‍സന്‍ എന്ന വിഖ്യാത എഴുത്തുകാരന്‍ വിവരിച്ചു തന്ന  മേര്‍ മെയിഡ്  എന്ന മത്സ്യ കന്യക. മത്സ്യ കന്യകയുടെ ശില്‍പം ഡെന്മാര്‍ക്കിലെ വിനോദ സഞ്ചാരികളുടെ ഒരു വലിയ ആകര്‍ഷണം ആണ്. കുട്ടികാലത്ത് പഠിച്ച  ഹാന്‍ ക്രിസ്ത്യന്‍ ആണ്ടെര്സനെ കുറിച്ച് കൂടുതല്‍ അറിയുവാനും ഈ യാത്ര ഉപകരിച്ചു. 1805 ല്‍ ജനിച്ചു  1875 വരെ ജീവിച്ച ആണ്ടെര്സന്‍ കുട്ടികളുടെ സാഹിത്യത്തിന് വിലപ്പെട്ട സംഭാവനകള്‍ ആണ് തന്‍റെ ഫെയറി കഥകളിലൂടെ നല്‍കിയിട്ടുള്ളത്. ഇദേഹത്തിന്റെ പ്രധാന കൃതികള്‍  "The Steadfast Tin Soldier," "The Snow Queen," "The Little Mermaid," "Thumbelina," "The Little Match Girl," and "The Ugly Duckling." ഇവയാണ്.  



ഡാനിഷ് ജനത കടലും ആയി അഗാധ ബന്ധം പുലര്‍ത്തുന്ന  നാവികര്‍ ആണ്. ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനികള്‍  ടെന്മാര്‍ക്കിന്റെത് ആണ്. ഇവയെല്ലാം ഞങ്ങളുടെ ഹെഡ്‌ ഫോണില്‍ കൂടി വിവരിച്ചു തരുന്നു. വീണ്ടും മുന്നോട്ടു പോകുമ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനി ആയ എ പി എല്‍ മേര്‍സ്കിന്റെ ആസ്ഥാന മന്ദിരം കാണിച്ചു തന്നു. മനോഹരമായ വീഥികള്‍, പ്രകാശമുള്ള നല്ല കാലാവസ്ഥ. മഴ മാറിയിരിക്കുന്നതിനാല്‍ നല്ല തെളിഞ്ഞ അന്തരീക്ഷം.

ഇപ്പോള്‍ ഞങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന കെട്ടിടം റോസെന്‍ബെര്‍ഗ് പാലസ് ആണ്. ലോകത്തിലെ എല്ലാ സുഖഭോഗങ്ങളും  അനുഭവിക്കുവാന്‍ ക്രിസ്ത്യന്‍ നാലാമന്‍ തന്‍റെ കാലത്ത് പണി കഴിപ്പിച്ച അതി മനോഹരമായ കൊട്ടാരം ആണ്  റോസെന്‍ബെര്‍ഗ് കൊട്ടാരം. ഡാനിഷ് റിനൈസനന്‍സ്‌ മോഡലില്‍ ആണ് പ്രസിദ്ധമായ ഈ കൊട്ടാരം പണി കഴിപ്പിചിട്ടുള്ളത്.
റോസെന്‍ബെര്‍ഗ് കൊട്ടാര വീഥികല്‍ കടന്നു ബസ്‌ വീണ്ടും മുന്നോട്ടു പോയി കൊണ്ടിരുന്നു, ഇപ്പോള്‍ ഞങ്ങളുടെ മുന്നില്‍ മനോഹരമായ കനാലുകള്‍ കാണാം. നിഹാവുന്‍ എന്ന അതി മനോഹരമായ വാട്ടര്‍ ഫ്രന്റ് ആണ് ഇവിടം. ഡെന്മാര്‍ക്കില്‍ വരുന്ന വിനോദ സഞ്ചാരികള്‍ എല്ലാവരും ഇവിടെ വന്നു ഈ കനാലുകളുടെ സൌന്ദര്യം നുകരുന്നു. വളരെ പുരാതനമായ തടി കൊണ്ടുള്ള ബോട്ടുകള്‍ ഇപ്പോഴും ഇവിടെ ഉണ്ട്. കനാലുകളില്‍ ബോട്ടിംഗ് നടത്തുന്ന  ജനങ്ങള്‍.,.... എല്ലാ ബോട്ടുകളും നിറഞ്ഞു കവിഞ്ഞു  ജനങ്ങള്‍. എല്ലാവരുടെ കൈ വശവും ബിയര്‍ ടിന്നുകള്‍.,.... ജനങ്ങള്‍ ശരിക്കും ആഘോഷത്തിന്റെ തിമിര്‍പ്പില്‍ ആണ്. പല നിറത്തില്‍ വര്‍ണ്ണങ്ങള്‍ ചാലിച്ച പുരാതനമായ കെട്ടിടങ്ങള്‍ ആണ് കനാലുകള്‍ക്ക് ഇരുവശവും. അതി മനോഹരമായ വര്‍ണ്ണ ഉത്സവം.

ഫ്രീ ടൌണ്‍ ക്രിസ്ത്യാനിയയുടെ അടുക്കല്‍ കൂടി ആണ് ഇപ്പോള്‍ ബസ്‌ നീങ്ങുന്നത്. ഫ്രീ ടൌണ്‍ ക്രിസ്ത്യാനിയ  എന്നത് പേര് പോലെ തന്നെ ഒരു ഫ്രീ ടൌണ്‍ ആണ്. ഇവിടെ ആര്‍ക്കും എന്തും ആകാം. ഒരു രാജ്യത്തിനകത്ത് മറ്റൊരു നിയമവും ആയി പുതിയൊരു പ്രദേശം.   1617 ല്‍ ക്രിസ്ത്യന്‍ നാലാമന്‍ ആണ്, പഴയ കാല പട്ടാള ബാരക്കുകള്‍ ഉണ്ടായിരുന്ന ഈ പ്രദേശത്തെ ക്രിസ്ത്യാനിയ എന്ന പേര് നല്‍കി പ്രത്യേക നിയമങ്ങള്‍ ഉള്ള പ്രദേശം ആക്കി തിരിച്ചത്. കോപ്പന്‍ഹാഗന്‍ സിറ്റിക്ക് അകത്ത്, 34 ഹെക്ടര്‍ സ്ഥലത്താണ്, ലോകത്തെ എല്ലാ തോന്ന്യവാസങ്ങളും നടമാടുന്ന ഈ പ്രദേശം സ്ഥിതി ചെയുന്നത്. 


സ്വാതന്ത്ര്യം എന്ന പേരില്‍ എല്ലാവിധമായ  തെണ്ടിത്തരങ്ങളും നടക്കുന്ന സ്ഥലം എന്നാണ്, ഗൈഡ് ഇതേക്കുറിച്ച് വിശദീകരിച്ചു തന്നത്. ക്രിസ്ത്യന്‍ നാലാമന്‍ ആണ് ഇത് പണി കഴിപ്പിച്ചത് എങ്കിലും അതിനു ശേക്ഷം വന്ന എല്ലാ രാജാക്കന്മാരും ഭരണാധികാരികളും ഈ പ്രദേശത്തെ സംരക്ഷിച്ചു പോന്നു.  മുനിസിപ്പാലിറ്റിക്കോ അല്ലെങ്കില്‍ സര്‍ക്കാരിനോ, ഇവിടെ യാതൊരു അധികാരവും ഇല്ല. ഈ ചെറിയ പ്രദേശത്തു താമസിക്കുന്നവര്‍ക്ക് അവരുടെതായ നിയമം ആണ് ഉള്ളത്. ഫ്രീ ടൌണിനെക്കുറിച്ച്  വളരെ മോശമായ അഭിപ്രായങ്ങള്‍ ഉള്ളപ്പോള്‍ പോലും, ഇവിടെ ഉള്ള പഴയകാല ശില്പ സൌന്ദര്യം സംരക്ഷിക്കേണ്ട ഒന്നാണ്. ഇവടെ അനേകം കലാകാരന്മാര്‍ വന്നു തങ്ങളുടെ കലാവിരുത് പ്രകടിപ്പിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയം. 


ലോകത്തിലെ ഏറ്റവും ശക്തമായ ലഹരി പദാര്‍ഥങ്ങള്‍ ഇവിടെ വളരെ ഫ്രീ ആയി വിറ്റഴിയുന്നു. മാരിജുവാനയും കൊക്കയ്നും  കഞ്ചാവും ഹാഷിഷും എല്ലാം യാതൊരു മറയും ഇല്ലാതെ വില്‍ക്കുന്ന പ്രദേശം ആണ് ഫ്രീ ടൌണ്‍,... അത് പോലെ വസ്ത്രം ധരിച്ചും ധരിക്കാതെയും ഇഷ്ടം പോലെ ജനങ്ങള്‍ക്ക്‌ ഈ പ്രദേശത്തു കഴിയാം. ഇവിടെ ഗുണ്ടാ സംഘങ്ങള്‍ തിമിര്‍ത്തു വാഴുന്ന പ്രദേശം കൂടിയാണ്. ഈ പ്രദേശത്തു ഫോട്ടോ എടുക്കുവാന്‍ ആര്‍ക്കും അവകാശം ഇല്ല. ഇവിടെ മെഡിറ്റേഷ ന്‍, യോഗ എന്നിവയ്ക്ക് അനേകം പേര്‍ എത്തുന്നു എന്നതും വളരെ കൌതുകകരം ആണ്. സ്വവര്‍ഗ രതിയുടെ തലസ്ഥാനം ആയിട്ടാണ് ക്രിസ്ത്യാനിയ അറിയപ്പെടുന്നത് എങ്കിലും ഇവിടെ   വേശ്യാവൃത്തിയും അതിന്റെ ഉച്ചസ്ഥായിയില്‍ ആണ്. സ്വവര്‍ഗ രതിക്കാരുടെ ഫെസ്റ്റിവലുകള്‍ ഇവിടെ സംഘടിപ്പിക്കാറുണ്ട് എന്നതും പ്രത്യേകം എടുത്തു പറയേണ്ടത് ആണ്. സ്വകാര്യ വാഹനങ്ങള്‍ക്ക് പോലും ഈ പ്രദേശത്ത് കടക്കുവാന്‍ അനുവാദം ഇല്ല. കഴിഞ്ഞ കുറെ കാലങ്ങള്‍ ആയി, ഡെന്മാര്‍ക്ക്‌ സര്‍ക്കാര്‍, ഈ പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുവാന്‍ ശ്രമിച്ചു എങ്കിലും , ഈ പ്രദേശത്തെ ജനങ്ങളുടെ ചെറുത്തു നില്‍പ്പ് കാരണം അതിനു ഇത് വരെ കഴിഞ്ഞിട്ടില്ല. അത്ര മാത്രം ശ്കതമാണ്  ഇവിടെയുള്ള  മാഫിയ. സര്‍ക്കാര്‍ പരാജയപ്പെടുന്നത് ഇവരുടെ മുന്നില്‍ ആണ്.. നമ്മുടെ നാട്ടിലെ പാര്‍ട്ടി ഗ്രാമങ്ങള്‍ പോലെ... 


 
കോപ്പന്‍ ഹാഗനില്‍ യാത്ര ചെയുന്ന സഞ്ചാരികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട കൊട്ടാരം ആണ്, അമാലിയന്‍ബോര്‍ഗ് കൊട്ടാരം. ഇതാണ്  ഡെന്മാര്‍ക്കിലെ റോയല്‍ കുടുംബം താമസിക്കുന്ന മന്ദിരം. 1700 ല്‍ ആണ് ഡാനിഷ് ശില്പ കലാ സൗന്ദര്യത്താല്‍ ഈ കെട്ടിടം രൂപകല്‍പന ചെയ്തത്. നാല്  രാജകീയ കൊട്ടാരങ്ങള്‍ അടങ്ങിയ സൌധം ആണ് അമാലിയന്‍ബോര്‍ഗ്. ഡാനിഷ് റോയല്‍ ഗാര്‍ഡ്‌ ആണ് ഈ കൊട്ടാരത്തെ സംരക്ഷിക്കുന്നത്. ഇവിടെ റോയല്‍ ഗാര്‍ഡ്‌ ചേഞ്ച്‌ ചെയുന്നത് കാണുന്നത്  വളരെ വലിയ ഒരു ആകര്‍ഷണം ആണ്. അത് കാണുവാന്‍ പോലും സഞ്ചാരികള്‍ ഇവിടെ വരാറുണ്ട്. എല്ലാ ദിവസവും 11.45 നു ആണ് ഇവിടെ റോയല്‍ ഗാര്‍ഡ്‌ മാറുന്നത്...

ഞങ്ങളുടെ ബസ്‌ ഇപ്പോള്‍ എത്തി നില്‍ക്കുന്നത് അതി പുരാതനമായ സ്ട്രോഗേറ്റ്‌ സ്ട്രീറ്റില്‍ ആണ്. ഷോപ്പിംഗ്‌ ഏരിയ ആയതിനാല്‍ ആകണം, ഞങ്ങളുടെ ബസ്സില്‍ വന്നവരില്‍ പലരും ഇവിടെ തങ്ങളുടെ യാത്ര മുഴുമിപ്പിച്ചു ഷോപ്പിങ്ങിന് ആയി ഇറങ്ങി. വളരെ പഴക്കം ചെന്ന   എങ്കിലും മനോഹരമായി പരിപാലിച്ചിട്ടുള്ള  കെട്ടിടങ്ങള്‍ നിറഞ്ഞ വീഥി. ഇവിടെ ആണ് കോപ്പന്‍ ഹാഗനിലെ ഏറ്റവും വലിയ ഷോപ്പിംഗ്‌ കവാടം. ലോകത്തിലെ പ്രസിദ്ധമായ എല്ലാ ബ്രാന്‍ഡുകളും ഇവിടെ തങ്ങളുടെ ഷോപ്പുകള്‍ തുറന്നിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ കാല്‍നടക്കാരുടെ വീഥി എന്നാണു ഇത് അറിയപ്പെടുന്നത്. വീഥിയുടെ പ്രധാന കവലകളില്‍ ഇവിടം ഭരിച്ചിരുന്ന രാജാക്കന്മാരുടെ പ്രതിമകള്‍ തലയുയര്‍ത്തി നില്‍ക്കുന്നു.

അതെ, ഞങ്ങളുടെ ബസ്‌ യാത്ര അവസാനിക്കുകയാണ്. വീണ്ടും ടിവോളി ഗാര്‍ഡന് സമീപം ഞങ്ങളെ ബസ്സില്‍ നിന്നും ഇറക്കി. ഞാനും രോഹിതും ടിക്കറ്റ് എടുക്കാതെ ആണ് ബസില്‍ കയറിയത്. ഇറങ്ങുമ്പോള്‍ ഇഷ്ടം ഉള്ള തുക കൊടുക്കുവാന്‍ ആണ് ഞങ്ങളോട് പറഞ്ഞത്. ഞാനും രോഹിതും അമ്പതു ക്രോണര്‍ വീതം ഡ്രൈവര്‍ക്ക് കൊടുത്ത്  സലാം പറഞ്ഞു ബസ്സില്‍ നിന്നിറങ്ങി.  അയ്യാള്‍ക്കതു വലിയ സന്തോഷം നല്‍കി.

 ഇപ്പോള്‍ സമയം അഞ്ചു മണി ആകുന്നു.. ഇനിയും ധാരാളം സമയം ഉണ്ട്. മഴ ചെറുതായി പൊടിയുന്നു. എങ്കിലും ഞങ്ങള്‍ സ്ര്ടോഗറ്റ്‌ സ്ട്രീറ്റിലെക്ക് തന്നെ വീണ്ടും നടന്നു. ഡെന്മാര്‍ക്കിന്റെ ഓര്‍മ്മകള്‍ കാത്തു സൂക്ഷിക്കുവാന്‍ ചെറിയ ഒരു ഷോപ്പിംഗ്‌...,... ഒന്ന് രണ്ടു കടകളില്‍ കയറി വളരെ ചെറിയ  ചില തിരുശേഷിപ്പുകള്‍ ഒക്കെ സ്വന്തമാക്കി, തെരുവുകളില്‍ തലങ്ങും വിലങ്ങും നടന്നു. പാട്ടുകള്‍ പാടിയും, ഫാന്‍സി ഡ്രെസ് നടത്തിയും കുരങ്ങു കളിച്ചും ഒക്കെ പണം പിടുങ്ങുന്ന യാചകര്‍ തെരുവിന്‍റെ വശങ്ങളില്‍ സ്ഥിര താമസം ആക്കിയവരെ പോലെ... മനോഹരമായ ഒരു പാര്‍ക്കില്‍ എത്തിപ്പെട്ടു. അവിടെ കുറെ നേരം ഇരുന്നു, വീണ്ടും ഏതൊക്കെയോ തെരുവിലൂടെ ചുറ്റിക്കറങ്ങി, ലക്ഷ്യ ബോധമില്ലാതെ നടന്നു. ഇരുട്ട് വീണിട്ടില്ല എങ്കിലും ചെറിയ ചാറ്റല്‍ മഴ ഇപ്പോഴും അലോസരപ്പെടുത്തുന്നു. തിരികെ റെയില്‍വെ സ്റ്റേഷന് അടുത്തുള്ള ബസ്‌ സ്റ്റോപ്പിലേക്ക് ഞങ്ങള്‍ നടന്നു... 


നാളെ അതിരാവിലെ എനിക്ക് ആംസ്റ്റര്‍ ഡാമിലേക്ക് പോകണം. ആറര  മണിക്കാണ് ഫ്ലൈറ്റ്, അഞ്ചുയ്ക്ക് മുന്‍പെങ്കിലും എയര്‍ പോര്‍ട്ടില്‍ എത്തണം. രോഹിത്തും ഞാനും ഇവിടെ കോപ്പന്‍ ഗെഹനില്‍ വച്ച് വഴി പിരിയുകയാണ്. രോഹിത്തും നാളെ ആംസ്റ്റര്‍ ഡാമിലേക്ക് പോകും, മറ്റൊരു ഫ്ലൈറ്റില്‍, അവിടെ നിന്ന്  രണ്ടു നാള്‍ക്കകം നാട്ടിലേക്കും. എനിക്ക് ഈ ഒരു മാസം മുഴുവന്‍ ഹോളണ്ടിലും റഷ്യയിലും ആയി കഴിയണം... എന്തായാലും നേരത്തെ ഹോട്ടലില്‍ പോയി റസ്റ്റ്‌ എടുക്കാന്‍ തീരുമാനിച്ചു.
നല്ല വിശപ്പും ഉണ്ട്, പക്ഷെ എന്ത് കഴിക്കണം, ഇന്ത്യന്‍ ഭക്ഷണം വല്ലതും കിട്ടുമോ? രോഹിത്തിനു പ്രിയം ഇന്ത്യന്‍ ഭക്ഷണവും. ഞങ്ങള്‍ മുന്നോട്ടു നടക്കുമ്പോള്‍ റോഡു വക്കില്‍ ഇന്ത്യന്‍ ഹോട്ടലിന്‍റെ പരസ്യ ബോര്‍ഡും  ആയി ഒരു പാകിസ്ഥാനി പയ്യന്‍ നില്‍ക്കുന്നു. ഞങ്ങള്‍ അവനോടു പോയി വിവരങ്ങള്‍ തിരക്കി. അവന്‍ ഹിന്ദിയില്‍  തന്നെ  ഞങ്ങളോട്  ഹോട്ടലിന്‍റെ ലൊക്കേഷന്‍ വിശദീകരിച്ചു തന്നു. എന്തായാലും അവന്‍ തന്ന നിര്‍ദ്ദേശം അനുസരിച്ച് ഞങ്ങള്‍ ഇന്ത്യന്‍ ഹോട്ടല്‍ തപ്പി  കണ്ടു പിടിച്ചു. വളരെ ഇടുങ്ങിയ ഒരു ഹോട്ടല്‍., താഴെ വളരെ കുറച്ചു ഇരിപ്പിടങ്ങള്‍ മാത്രം. താഴെ രണ്ടു മേശകളും അവയ്ക്ക് നാല് കസേരകള്‍ വീതവും. അതില്‍ വെളുത്ത വര്‍ഗക്കാരായ രണ്ടു മൂന്നു പേര്‍.,  ഞങ്ങള്‍ മുകളിലെ നിലയിലേക്ക് പോയി, അവിടെ രണ്ടു വരികളില്‍ ആയി ആറു മേശകളും ഓരോന്നിനും നാല് കസാലകള്‍ വീതവും. വളരെ ചെറിയ റെസ്റ്റൊരെന്‍റ്. ഓര്‍ഡര്‍ എടുക്കാന്‍ വന്ന  ആള്‍ പാകിസ്ഥാനി ആണ്, പക്ഷെ മെനു കാര്‍ഡില്‍ എല്ലാം ഇന്ത്യന്‍ വിഭവങ്ങളും. ഞങ്ങള്‍ ഓര്‍ഡര്‍ കൊടുത്ത് കുറെ നേരം ഇരുന്നു, അതിനിടയില്‍ എല്ലാ മേശകളും ആളുകളെ കൊണ്ട് നിറഞ്ഞു. ഞങ്ങള്‍ ഒഴിച്ച് ബാക്കി ഉള്ളവര്‍ എല്ലാം വെളുത്ത വര്‍ഗക്കാര്‍, തദ്ദേശിയരോ, വിനോദ സഞ്ചാരികളോ... അറിയില്ല. എന്തായാലും വളരെ നേരത്തിനു ശേക്ഷം ഭക്ഷണം വന്നു... സര്‍വീസ്‌ ചെയ്യാന്‍ ഒരാള്‍ മാത്രവും... കുറെ കഴിഞ്ഞപ്പോള്‍ വഴിയില്‍ പ്ലക്കാര്‍ഡും പിടിച്ചു നിന്ന പയ്യനും സര്‍വീസിംഗിന് വന്നു... കച്ചവടത്തിന് വേണ്ടി മാത്രം, ഇന്ത്യന്‍ പേരുകള്‍ ഉപയോഗിക്കുന്നു എന്ന് മാത്രം, അല്ലാതെ ഇതൊരു ഇന്ത്യന്‍ റെസ്റ്റൊരെന്‍റ് അല്ല, പാക്കിസ്ഥാനി റെസ്റ്റൊരെന്‍റ് ആണ് എന്ന് ഞങ്ങള്‍ക്ക് മനസിലായി. കച്ചവട താല്പര്യത്തിന് വേണ്ടി മാത്രം ആണ് ഇന്ത്യയുടെ പേര് ഇവര്‍ ഉപയോഗിക്കുന്നത്. ചെറിയ  ഇടുങ്ങിയ  റെസ്റ്റൊരെന്‍റ് ആണെങ്കിലും ഇന്ത്യന്‍ എന്ന പേര് കേട്ടപ്പോള്‍ എല്ലാ മേശകളും വളരെ പെട്ടെന്ന് നിറഞ്ഞു.  ഇന്ത്യന്‍ ഭക്ഷണങ്ങള്‍ക്ക് വലിയ ഇഷ്ടം ആണ് വിദേശിയര്‍ക്കു, പലപ്പോഴും അവര്‍ കബളിപ്പിക്കപ്പെടുക ആണ് പതിവ്.

ഭക്ഷണം കഴിഞ്ഞു ഞങ്ങള്‍ ചെറു ചാറ്റല്‍ മഴയുടെ സൌന്ദര്യവും നുകര്‍ന്ന്, ബസ്‌ സ്റ്റോപ്പില്‍ നിന്നും ബസില്‍ കയറി, ഹോട്ടലിനു സമീപം ഉള്ള സ്റ്റോപ്പില്‍ ഇറങ്ങി. അടുത്തു കണ്ട മെട്രോ  ഹൈപ്പര്‍ മാര്‍ക്കറ്റില്‍ പോകുവാന്‍ എത്തിയപ്പോള്‍ അത് പൂട്ടിയിരിക്കുന്നതായി കണ്ടു. യൂറോപ്പിലെ ഏറ്റവും വലിയ സൂപ്പര്‍ മാര്‍ക്കറ്റ്‌ ചെയിനുകളില്‍ ഒന്നാണ് മെട്രോ, എങ്കിലും യൂറോപ്പില്‍ ഒരിടത്തും അത് ആറു മണിക്ക് ശേക്ഷം തുറന്നു പ്രവര്‍ത്തിക്കില്ല. തിരികെ ഹോട്ടലില്‍ എത്തി, ഫ്രഷ്‌ ആയി കിടക്കയിലേക്ക് ... 

Saturday, 25 August 2012

മേതിലും അനിലിന്‍റെ പരീക്ഷണങ്ങളും

  മേതില്‍ എടുക്കാന്‍ കയറിയത് ഡിലന്‍ തോമസ്എറിഞ്ഞ പന്ത് ആയിരുന്നു എന്ന് അറിയുവാന്‍ ഇത്ര കാലം വേണ്ടി വന്നുവല്ലോ.  രാവിലെ മേതിലിനെയും തോളിലേറ്റി ആണ് ഗര്‍ഹൂദിലെ  മിത്സുബിഷി സര്‍വീസ്സെന്‍ററില്‍ പോയത്. അദേഹത്തെ വായിച്ചിട്ടും ശ്ശി ആയി...


പുലവന്‍  ആകാശത്തിലേക്ക് കുത്തി നിര്‍ത്തിയ കയറിന്‍റെ മുകളില്‍ കയറി ഡിലന്‍ തോമസ് എറിഞ്ഞ പന്ത് എടുത്തു  തിരികെ വരണം . മറ്റൊന്നും അനിലിന്‍റെ മനസ്സില്‍ അതുവരെയും ഉണ്ടായിരുന്നില്ല. പക്ഷെ മനുഷ്യ വലയത്തിനു പുറത്തു കടന്നപ്പോള്‍  ആണ് ശോഭാ ഗോപിനാഥിനെ കാണുന്നത്. അവളോട്കുറെ ശ്രിംഗാരവും കഴിഞ്ഞു വേളിക്കാര്യം ആലോചിച്ചപ്പോള്‍ ആണ് അവള് മുന വെച്ചൊരു ചോദ്യം എറിഞ്ഞത്.  ശ്രിംഗാരം കഴിയുമ്പോള്‍ അയ്യാള്‍ ഈയിടെ ആയി എന്നും അസ്വസ്ഥനാണ്, അത് അനിലിലെ ആത്മാര്‍ഥത ഇല്ലായ്മ ആണെന്ന് ശോഭയ്ക്ക് നന്നായി അറിയാം. ആണുങ്ങള്‍ വലിയ വീണ് വാക്കുകള്‍  പറയുന്നവര്‍ ആണല്ലോ...  
"അനിലേട്ടന് ഒരു ഭാര്യേം കുടുംബോം ഉള്ളതല്ലേ... ഞാന്‍  വിവാഹ മോചനം നേടി ഇപ്പൊ ഒറ്റത്തടി ആണ്... എനിക്ക് പ്രശനം ഒന്നും ഇല്ല...ഇപ്പൊ വന്നു ശ്രിംഗരിച്ചു പോവുന്ന പോലെ ഇനിയും അങ്ങോട്ട്പോയാല്‍ പോരെ?" ഒറ്റത്തടി ആയിരിക്കുന്നതിലെ ആഹ്ലാതം ശോഭയുടെ കണ്ണുകളില്‍ അലയടിക്കുന്നത് കാണുവാന്‍ അനിലിനും കഴിഞ്ഞില്ല.
താക്കോല്‍ പഴുതിലൂടെ പത്രം ഇടുന്നതിനു പകരം മാപ്പ് എഴുതി വച്ചിട്ട് പോയവന്‍റെ ഉരുക്ക് വളകള്‍ അവന്‍റെ പോക്കറ്റില്‍ ഇപ്പോഴും കാണും.
ഞെട്ടിയുണര്‍ന്നു നോക്കിയപ്പോള്‍ ഫയലും പേപ്പറും ആയി തോമസ്മുന്നില്‍.
"ഇരുപത്തി അയ്യായിരത്തിന്‍റെ സര്‍വീസ്ആണ്..." ഞാന്‍ മൊഴിഞ്ഞു."ഇതെന്താ സാറേ, മീറ്റര്‍ മുപ്പതിനായിരം കടന്നല്ലോ, അപ്പോള്‍ ഇരുപത്തി അയ്യായിരത്തിന്റെ സര്‍വീസോ?"ചില ഇടവേളകള്‍ ഇങ്ങനെ ആണ്, അത് കാലവും ആയി ഒരു ബന്ധവും ഇല്ലാതെ കണ്ണ് മിഴിച്ചു കൊണ്ടിരിക്കും.സര്‍വീസ്കഴിഞ്ഞു പജെറോ, ഇനി നാല് മണിക്ക് മാത്രം. നീണ്ട എട്ടു മണിക്കൂറുകള്‍ എനിക്ക് മാത്രം സ്വന്തം. പോക്കറ്റിലെ നോള്‍ കാര്‍ഡില്‍ കൈ തടവി. ക്യാപ്റ്റന്‍ സുക്കൂര്‍, അപ്പോഴേക്കും ഹെലിക്കൊപ്റ്ററില്‍ നിന്നും കയര്‍ക്കോണിയില്‍ ഇറങ്ങി ഗുഹയുടെ മുന്നിലുള്ള തിട്ടില്‍ ഇറങ്ങിക്കഴിഞ്ഞിരുന്നു.  ഒരാള്‍ക്കോ അല്ലെങ്കില്രണ്ടു ഉടുമ്പിനോ മാത്രം നില്‍ക്കാവുന്ന തിട്ടയില്‍..,.ബ്രേക്കിംഗ് ന്യൂസ്കണ്മുന്നില്‍ .. അടക്കി പിടിച്ച സംസാരങ്ങള്‍ മാത്രം. ആള്‍ക്കൂട്ടങ്ങള്‍ അടക്കിപ്പിടിച്ച് മാത്രമേ ഇപ്പോള്‍ സംസാരിക്കാറുള്ളൂ. അവരുടെ ഉള്ളിലെ കത്തുന്ന തീപ്പന്തങ്ങള്‍ ഒക്കെ കരിന്തിരി ആയി. വ്യവസ്ഥിതികള്‍ ആയിരിക്കും കാരണം.
ആദ്യം അത് കണ്ടത് ആരാണ് എന്നറിയില്ല... അതി രാവിലെ ഫാക്ടറിയില്‍ ജോലിക്ക് പോയവര്‍ ആരോ ആകാം. തലേന്ന് നൈറ്റ്ക്ലബില്‍ ആടി പാടിയ ഒരു സുന്ദരിയുടെ മുഖം വേര്‍പെട്ട ഉടല്‍., . കീറിപ്പറിഞ്ഞ  ബ്ലവ്സിനുള്ളില്‍ നിന്നും മുലക്കച്ച വെളിയില്ചാടിയിരുന്നു... ഒരു മുലക്കണ്ണ്‍ ആരോ കടിച്ചു പറിച്ച  അവസ്ഥയിലും.  കയ്യിലിരുന്ന മൊബൈല്‍ ഫോണില്‍ നിന്ന് തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്‍പതില്‍ ആരുടെയോ വിരലുകള്‍ ഇക്കിളി ആയപ്പോള്‍ പട്ടാളക്കാര്‍ക്ക് പകരം വന്നത് പോലീസുകാര്‍ ആയിരുന്നു.ബ്രേക്കിംഗ് ന്യൂസില്‍ വെട്ടുകളുടെ എണ്ണം അടയാളപ്പെടുത്തി ചാനലുകാര്‍ മത്സരിച്ചപ്പോള്‍, അക്ഷരമാലയുടെ എണ്ണം കുറഞ്ഞതിനാലും , ഒരു കാരണം കൊണ്ട് തന്നെ ഗിന്നസ്ബുക്കില്‍ കയറാന്‍ സാധിക്കില്ലത്തതിന്‍റെ  വെവലാതിയിലും അവര്‍ ചര്‍ച്ചിച്ച് ശര്‍ദ്ദിച്ചു ക്ഷീണിതരായിരുന്നു.എത്ര ആയാലും അന്‍പത്തി ഒന്ന് വെട്ടു ഉണ്ടാവില്ല,  ആത്മഗതം പോലെ.മലയാളിക്ക് മാത്രമേ ഇത്രയും വെട്ടുകള്‍ക്ക് അവകാശം ഉള്ളൂ ..
രണ്ടു കെട്ടിടങ്ങല്‍ക്കിടയിലൂടെ രാജ വീഥിയിലേക്ക് കടക്കുമ്പോള്‍ വേവലാതി. ബസ്സ്റ്റോപ്പ്ഇടത്തോ വലത്തോ... കഷ്ടിച്ചു പത്തടി മുന്നോട്ടു നീങ്ങിയാല്‍ സംശയം അസ്ഥാനത്ത്  ആകും എങ്കിലും ഇടതാണോ വലതാണോ തങ്ങള്‍ എന്നറിയാതെ ആളിക്കത്തുന്ന അവസ്ഥ. ആറടിയില്‍  എല്ലാം തീരെണ്ടവന്റെ മുന്നില്‍ പത്തടി വലിയ ഒരു  സമസ്യ ആണ്. അവസ്ഥ തുടങ്ങിയിട്ടിപ്പോള്‍ കുറെ ആയി. മോഹങ്ങള്‍ ഇല്ലാതിരുന്ന പഴയ കാലം , അങ്ങനെ ഒന്നുണ്ടായിരുന്നോ. പിന്നിലേക്ക്പോകുന്ന വാച്ചുകള്‍ നിര്‍മ്മിക്കുന്ന സ്ഥാപനങ്ങള്‍ എല്ലാം പൂട്ടിപ്പോയി. കൃത്യം ഒന്‍പതര അടി നടന്നു കഴിഞ്ഞപ്പോള്‍   തന്നെ തനിക്ക് പോകേണ്ടത് ഇടത്താണ് എന്ന് ബോധ്യപ്പെട്ടു. എതിര്‍ വശത്തു നിന്ന് വരുന്നവന് വലത്താണതു. അപ്പോള്‍ ഇടത്തും വലത്തും തമ്മില്‍ ഒരു കസേര കളിയുടെ വട്ടം മാത്രം.
ബസ്സ്റ്റോപ്പില്‍ നില്‍ക്കുമ്പോഴും മേതില്‍ ഒരു തേള്‍ ആയി എന്നില്‍ പിടി മുറുക്കിക്കൊണ്ടിരുന്നു. ഇപ്പോള്‍ ആരാണ് ഗുഹയില്‍ കയറിയത്?  ഗോവിന്ദനോ, അരവിന്ദനോ? ഉടുമ്പിനെ പിടിക്കാന്‍ എന്ത് കൊണ്ടായിരിക്കണം ഗോവിന്ദന്‍ മല മുകളിലേക്ക് പോയത്? ഒരിക്കല്‍ പട്ടാളക്കാര്‍ നിരങ്ങിയ മലയില്‍ ഉടുമ്പുകള്‍ പോയിട്ട് ഒരു വേശ്യപോലും ഉണ്ടാവില്ല. കണ്ണില്‍ കണ്ട ജീവജാലങ്ങളുടെ മേല്‍ കാവടി ആടാതെ അവര്‍ തിരിച്ചു  പോകില്ല എന്നു  പത്ര വാര്‍ത്തകളില്‍ വായിച്ചത് ഇന്നലെ അല്ലെ?
ഇന്നലെകള്‍ എല്ലാം മരിച്ചു പോയത് അനില്‍ പ്രയാസപ്പെട്ടു ഓര്‍ത്തെടുത്തു.
മറക്കുവാനും മരിക്കുവാനും  വേണ്ടി മാത്രം  ജീവിക്കുന്നവര്‍!!! , !
ഗോവിന്ദനെ കാണാതായെന്നു ആരാണ് , ആരോടാണ് പറഞ്ഞത്? ഗോവിന്ദന്‍ തന്നെ ആണോ അത് പറഞ്ഞത്? നൈറ്റ്ക്ലബില്‍ ആടിയിരുന്ന സുന്ദരിയുടെ ശരീരം മുലക്കണ്ണ്‍ കടിച്ച രീതിയില്‍ ആദ്യം കണ്ടത് ആരെന്നു ഇപ്പോള്ആര്‍ക്കും തീര്‍ച്ചയില്ല. വാര്‍ത്ത എങ്ങനെ ആണ് പരന്നത് എന്ന് പോലും ഇപ്പോള്‍ എല്ലാവരും മറന്നു പോയി. ബ്രേക്കിംഗ് ന്യൂസ്കണ്ടു ഇറങ്ങി പുറപ്പെട്ട ക്യാമറക്കണ്ണുകള്‍ക്ക് അവിടെ ഒന്നും കണ്ടെത്തുവാന്‍ കഴിഞ്ഞില്ല. വാര്‍ത്ത കാണുകയാണോ, അതോ കേള്‍ക്കുകയാണോ? ഒന്നും മനസിലാകുന്നില്ല. കേള്‍ക്കുകയും കാണുകയും ചെയ്യാവുന്ന ഒന്നാണ് വാര്‍ത്ത എന്ന് അനിലിനും  മനസിലായി.
ചുവന്ന നിറമുള്ള ബസ്സുകള്‍ ചിലതൊക്കെ കടന്നു പോകുന്നു. നാലാം നമ്പര്‍ ബസ്സ് വരുന്നു, മേതിലില്‍ നിന്ന് കണ്ണെടുത്തു നോക്കി. പിന്നോരെണ്ണം സി ഒന്ന്. സി ഒന്ന് എന്ന ബസ്പോകുന്നത് കടല്‍ത്തീരത്തിലെക്ക് ആണ്. തനിക്ക് അവിടെ എന്തിനു പോകണം? തനിക്ക് പോകേണ്ടത് ഗുഹയിലേക്കാണ്. ക്യാപ്ടന്‍ സുക്കര്‍ക്ക് ഗുഹയില്‍ ഏതെന്കിലും കന്യകമാരെ കിട്ടിയിരിക്കുമോ? കിടിയെന്കില്‍ മേതില്‍ പോലും അറിയാതെ  ഒറ്റയ്ക്ക് അയാള്‍ ... ലോകത്ത് വിശ്വസിക്കാന്‍ കൊള്ളില്ലാത്തത് ക്യാപ്ടന്‍മാരെ മാത്രം ആണ് എന്ന് ചരിത്രവും വര്‍ത്തമാനവും പറഞ്ഞു തന്നിരിക്കുന്നു.
  
ഇനിയോരെണ്ണം  അറുപത്തി ഏഴ്... അതും തനിക്കുള്ളതല്ല.
അനില്‍ കണക്ക് കൂട്ടി... തനിക്ക് പോകേണ്ടത് മുപ്പത്തി മൂന്നു ആണ്... മൂന്നും മൂന്നും കൂട്ടി നോക്കി. ആറു... അറുപത്തി ആറല്ല, വെറും ആറു. മുപ്പത്തി മൂന്നിനു മാത്രമേ ഗുഹ വഴി പോകുവാന്‍ അനുവാദം ഉള്ളൂ...
കാല്‍സ്രായിയും കൈ നീളന്‍ ഷര്‍ട്ടും മഞ്ഞ കോണകം കഴുത്തില്‍ ധരിച്ചും ഗള്‍ഫില്‍ നിന്നും വന്നവന്‍ കലപ്പയെടുക്കുകയോ? സ്വന്തം ബാഗ് പോലും എടുക്കുവാന്‍ പാടില്ലാത്തവന്‍, അഥവ എടുത്താലും കണ്ടു നിന്നവന് അവന്‍ പറഞ്ഞ കൂലി കൊടുത്തില്ലെങ്കില്‍ ഉപരോധ സമരം നടത്തുവാന്‍ തയ്യാറാകുന്ന ആള്‍ക്കൂട്ടത്തിനു നേതൃത്വം കൊടുത്തത് ഗോവിന്ദന്‍.,
മേതില്കത്തിക്കയറിയപ്പോള്‍ ഒരു ചുവന്ന മുപ്പത്തി മൂന്നു  അനിലിനെ കൂടാതെ  പോയി.
നിരാശ  അനിലിനെ തെല്ലും ബാധിച്ചില്ല എന്ന് പെട്ടെന്ന്  തന്നെ അറിഞ്ഞു. തിരിച്ചറിവുകള്‍ തരുന്ന ബലത്തില്‍ വരമ്പിലെ കൊറ്റി വെറും ഒരു പാവ ആയിരുന്നോ എന്നും  സംശയം.ഇതിനിടയില്‍ ഇതെങ്ങനെ  സംഭവിച്ചു!.. എപ്പോഴോ വന്ന മറ്റൊരു മുപ്പത്തി മൂന്നില്‍ ഇപ്പോള്‍ അനില്‍ . അയ്യാള്‍ അറിയാതെ. അതെ, ഇതും ചുവന്ന മുപ്പത്തി മൂന്നു. നഗരത്തില്‍ ചുവപ്പല്ലാത്ത വാഹനം കണ്ടിട്ടില്ല. ലോകം തന്നില്‍ നിന്നും ഓടി ഒളിക്കുന്ന അനുഭവം അനിലിന്. ഇടയ്ക്കെപ്പോഴോ മേതിലില്‍ നിന്ന് മിഴികള്ഉയര്‍ത്തിയപ്പോള്‍ മുപ്പത്തി മൂന്നു പിന്നിലേക്ക്പോകുന്നത് പോലെ തോന്നി. പിന്നിലേക്കും മുന്നിലേക്കും അങ്ങനെ ഓടുന്നത് പ്രായത്തിന്റെ ഒരു ഹരം ആയിരിക്കും. പുലവന്റെ കയര്‍ ഇപ്പോഴും ആകാശത്തേക്ക് ഉയര്‍ന്നു തന്നെ നില്‍ക്കുന്നുണ്ടാവണം.ഇപ്പോള്‍ മുപ്പത്തി മൂന്നു ഒരു തുരംഗത്തിലേക്ക് കയറി. ക്യാപ്റ്റന്‍ സുക്കര്‍ ഗുഹയില്‍ കയറിയത് പോലെ... പ്രകാശം ഇപ്പോള്‍ മേതിലില്‍ നിന്ന് മാത്രം. ബാക്കിയെല്ലാം അണഞ്ഞു പോയി.ആള്‍ക്കൂട്ടത്തെ ഭക്ഷണത്തിനായി വീട്ടിലേക്കു പറഞ്ഞു വിടുന്നതിലും എളുപ്പം ആരുടെയെങ്കിലും കയ്യില്‍ അഞ്ചപ്പവും രണ്ടു മീനും ഉണ്ടോ എന്ന് പരതിക്കൂടായിരുന്നോ ക്യാപ്റ്റനു? പുരാണങ്ങളില്‍ വിശ്വാസം ഇല്ലാത്തത് കൊണ്ടോ വായിക്കാത്തത് കൊണ്ടോ?
അതല്ലെങ്കില്‍ ബര്‍ക്കാ ദത്ത  നടത്തുന്ന തല്‍സമയ ദ്രിശ്യങ്ങള്‍ വീട്ടിലിരിക്കുന്ന സ്ത്രീകളും കുട്ടികളും കാണുകയായിരിക്കണം ... ഭക്ഷണത്തിനു പിരിഞ്ഞു പോകുവാന്‍ പറഞ്ഞിട്ടും ക്യാമറ ഓഫ് ആക്കുവാന്‍ ബര്‍ക്കയും കൂട്ടരും തയ്യാര്‍ അല്ല. അവര്‍ക്ക് എല്ലാം തല്‍സമയം. ഇന്നലെകളും നാളെകളും ആയി മാത്രം ജീവിച്ചിരുന്ന മനുഷ്യര്‍ക്ക് ഇപ്പോള്‍ തല്സമയത്തില്‍ ആണ് കണ്ണുകള്‍ ... വല്ലാത്ത ധൃതി ആണിപ്പോള്‍ .. സംഭോഗം പോലും ക്ഷണത്തില്‍ തീരുന്നതില്‍   ശോഭയും പരിഭവം പറഞ്ഞു തുടങ്ങിയിരിക്കുന്നു.
തല്‍സമയം തുടങ്ങിയ ശേക്ഷം എണ്ണയില്‍ ഓടിക്കളിക്കേണ്ട കോഴികള്‍   ഇപ്പോള്‍ ശീതമുറികളില്‍ കനവുകള്‍ കണ്ടു ഞെട്ടി ഉണരുന്നു.  അടുക്കളകള്‍ ഒരു നരകം ആണെന്ന് കോഴികളെ പോലെ തന്നെ ഭാര്യയും  തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. തല്‍സമയങ്ങള്‍ നല്‍കുന്ന തിരിച്ചറിവുകള്‍
ക്യാപ്റ്റന്‍ സുക്കര്‍ കൂര്‍മ ബുദ്ധിമാന്‍ ആണ്.  ബര്‍ക്കയുടെ തല്‍സമയ ദ്രിശ്യങ്ങള്‍ക്ക് മുന്‍പേ പോലെ   കാണികള്‍ ഇല്ലാത്തതിനാല്‍, തങ്ങളുടെ ഭാര്യമാരില്‍ പലരും രഞ്ജിനിയുടെ ശരീര ഭാഷയിലും കോടീശ്വരന്റെ ശബ്ദ സൌകുമാര്യത്തിലും   കണ്ണീര്‍ തുടയ്ക്കുക ആയിരുന്നു. ഒടുവില്‍ കോടീശ്വരന്റെ ഷിറ്റില്‍ പൊതിഞ്ഞ ഷവര്‍മ കഴിച്ചു അവര്‍ തിരികെ എത്തിയപ്പോള്‍ ബസ്തുരംഗം കടന്നു വെളിയിലേക്ക് വന്നിരുന്നു.
ഒരു ഇടവേള കഴിഞ്ഞു തിരികെ വരുന്നതിനിടയില്‍ നൈറ്റ്ക്ലബ്കാരിയുടെ മരണവും ആയി അനേകം കഥകള്‍ പോലീസിലെ തിരക്കഥ കൃത്തുക്കള്‍ പത്രക്കാര്‍ക്ക് പറഞ്ഞു കൊടുത്ത് കഴിഞ്ഞിരുന്നു. മണിക്കൂറുകള്‍ കഴിയുമ്പോള്‍ കഥകള്‍ പലതും ദുര്‍ഗ്രഹം ആയി മാറുന്നു.  മരിച്ചത് ശോഭ ഗോപിനാഥ് ആണെന്നും പരിമളം ആണെന്നും രണ്ടു നിഗമങ്ങളില്‍ ചെന്നെത്തി നില്ക്കുന്നു.  ഒരു നുണ പരിശോധന മാത്രം ബാക്കി.
വളരെ അപ്രതീക്ഷിതം ആയിരുന്നു.
സോണിയോടും സുനിലിനോടുമൊപ്പം പുസ്തകങ്ങള്‍ ചികയുമ്പോള്‍ അപ്രതീക്ഷിതമായിട്ടാണ് ഡിലന്‍ തോമസ്കയ്യില്‍ വന്നു പെടുന്നത്. വീര്യം നുരഞ്ഞു പൊന്തുമ്പോള്‍ ശബ്ദിച്ച മൊബൈല്‍ ഫോണ്‍ കൂടെയിരുന്നവര്‍ അറിയാതെ ചെവിയോടടുപ്പിച്ചു.  ഗൂഡാലോചനകള്‍ മറ്റാരും അറിയുന്നതില്‍ അനിലിന് താല്പര്യം ഇല്ലാതിരുന്നത് അയ്യാളുടെ ദുരാഗ്രഹങ്ങള്‍ കൊണ്ടാണ്... ദുരാഗ്രഹങ്ങള്‍ ഉള്ളിടത്ത് മാത്രമേ ഗൂഡാലോചനകള്‍ ജനിക്കുകയുള്ളൂ.
 
പെട്ടെന്ന് ഒന്ന് പതറി. പ്രതീഷിച്ചിരുന്നു എങ്കിലും ഇത്ര പെട്ടെന്ന് ഇങ്ങനെ സംഭവിക്കും എന്ന് കരുതിയില്ല. അനില്‍ തന്നിലേക്ക് ഒന്ന് നോക്കി. സ്വന്തം സ്വത്വത്തെ കുറിച്ച് ഓര്‍ത്തപ്പോള്‍ ഒരു വിങ്ങല്‍ ... കോലത്തില്‍ എങ്ങനെ പ്രത്യക്ഷപ്പെടും. ഒരു ഫേഷ്യല്‍ ചെയുന്നതിനു പോലും സമയം ഇല്ലല്ലോ. നേരിട്ട് മുന്നില്‍ ചെല്ലുന്നതിനാല്‍ ഫോട്ടോ ഷോപ്പ് ഉപകാരപ്പെടില്ലല്ലോ. മുഖ പുസ്തകവും മുഖവും തമ്മില്‍ പൊരുത്തപ്പെടുത്തുക തന്നെ. അതത്ര എളുപ്പമല്ലെങ്കില്‍ കൂടി.  പെണ്‍കുട്ടികള്‍ വന്ന വിമാനം ഉടനെ തിരികെ പോകുമത്രേ. ഡിലന്‍ തോമസിന്റെ പന്തും കയ്യിലെടുത്തു സദസ്സില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷനായി.
സ്റ്റിയറിംഗ് വീലിനു പിന്നിലിരിക്കുമ്പോള്‍ കുതിരകള്‍ മുന്നോട്ടു പാഞ്ഞു കൊണ്ടിരുന്നു. കുറെ വയസ്സന്മാര്‍ക്കൊപ്പം സുന്ദരികള്‍ വീര്‍പ്പു മുട്ടുന്നു. സുന്ദരികളെ എങ്ങനെ ഗ്രീറ്റ് ചെയ്യണം എന്നതായിരുന്നു അനിലിന്റെ ചിന്ത.   പാശ്ചാത്യ രീതിയില്‍ ഗ്രീറ്റ് ചെയ്യുവാന്‍ മനക്കൊട്ടയും ആയി എത്തിയെങ്കിലും മുണ്ടും ജൂബയും  ധരിച്ച തനി നാടന്‍ മേല്‍ ഷേവുനിസ്റ്റുകളെ കൂട്ടത്തില്‍ കണ്ടപ്പോള്‍ കൈകള്‍ കൂപ്പി വെറും നമസ്കാരങ്ങള്‍ കൊണ്ട് തരുണീ രത്നങ്ങളെ അനുഗ്രഹിച്ചു.
അതല്ല, ഇപ്പോള്‍ ചീക്സില്‍ മുത്തം കൊടുത്ത് ഗ്രീറ്റ് ചെയ്താലും പ്രശ്നങ്ങള്‍ ആകും. തന്നെക്കാള്‍ പൊക്കം കൂടിയ സുന്ദരികളെ ചീക്സില്‍  മുത്തം കൊടുക്കുമ്പോള്‍ അത് കഴുത്തില്‍ ആയേക്കാം. പൊക്കം കുറഞ്ഞവര്‍ക്ക് ആണെങ്കില്‍ അത് നിറുകയില്‍ ആവാനും ഉള്ള സാധ്യതകളെ നല്ലൊരു മാത്തമറ്റീക്ഷ്യനെ പോലെ ആരാഞ്ഞു.   രണ്ടായാലും  പണി പാളും. ലൈവ് സ്ട്രീമിംഗ് ഉള്ളതായതിനാല്‍ സംശയമില്ല. കരങ്ങള്‍ കൊണ്ടുള്ള ഗ്രീറ്റിംഗ് വെറും ഒരു ഉപചാരം മാത്രമായിരുന്നു എന്ന് കണ്ണുകള്‍ തമ്മിലുള്ള ആശ്ലെഷത്തില്‍ അറിഞ്ഞു. കരങ്ങള്‍ക്കും ചുംബനങ്ങള്‍ക്കും എത്രയോ കാതം അകലെ ആണ്  കണ്ണുകള്‍ ...
പക്ഷെ അനിലിന് ഒന്ന് നിശ്ചയം ഉണ്ടായിരുന്നു. ഇനി ഇത് പോലെ ഒരവസരം കൂടി ഉണ്ടാകരുത്. അതിനാല്‍ വീടിനകലെ റഷ്യന്‍ സ്കൂളിന്‍റെ മുന്നിലെ സ്റ്റോപ്പില്‍ തന്നെ ഇറങ്ങി. പച്ചപ്പില്ലാത്ത ചൂടന്‍ പ്രഭാതത്തില്‍ ചുറ്റും കാണുന്നതു  തീപ്പെട്ടിക്കൂടരങ്ങള്‍ മാത്രം.ഇംഗ്ലീഷ് അക്ഷരമാലയിലെ , എഫ് എന്നീ അക്ഷരങ്ങള്‍ പോലുള്ള വഴികള്‍ ആണ് എവിടെ നോക്കിയാലും. വളവുകള്ഇല്ലാത്ത നേരായ പാതകള്‍...,  അല്ലെങ്കിലും വളഞ്ഞ വഴികള്‍ നമ്മുടെ നാട്ടിലല്ലേ ഉള്ളൂ.. നേരെ വലത്തോട്ടു നടന്നു, ഇടത്ത് നിന്നും വലത്തോട്ടെക്കുള്ള ചുവടു മാറ്റം ഒരു അസ്വസ്ഥതയും അനിലില്‍ ഉണ്ടാക്കിയില്ല.
വളവില്ലാത്ത സി പോലുള്ള കെട്ടിടം. സി യ്ക്ക് അകത്ത് മുഴുവന്‍ ബൂര്‍ഷ കാറുകള്‍,.. സി പോലെ നടന്നാല്‍, സാരിയും ചുരിദാറും ഉടുപ്പിച്ച ഗ്ലാസ് ഹൌസിലെ പ്രതിമകളില്‍ നോക്കി നയന സുഖം പേറി കുളിര്മയില്‍ നടക്കാം.  ജീവിതത്തിലെ പരുപരുത്ത യാഥാര്‍ത്യങ്ങള്‍ അറിയണമെങ്കില്‍ വളവുകള്‍ ഇല്ലാതെ നേരെ നടക്കണം. സി എന്ന അക്ഷരം അങ്ങനെ ഡി ആയി മാറി. ഡി കയറിച്ചെന്നപ്പോള്‍ മുന്നില്‍ സലൂണ്‍.,.  ഈര്‍ച്ച വാള്‍, വെട്ടു കത്തി എസ് കത്തി, വടിവാള്‍, കൊടുവാള്‍, കോടാലി, എന്നിവയ്ക്ക് പകരം ചുറ്റികയും ഉളിയും മാത്രം. ഒന്ന് ഫേഷ്യല്‍ ചെയ്യണം. ഫഹദ്ഫാസിലിന്റെ മുടി പോലെ ഒന്ന് ക്രോപ്പ് ചെയ്യണം.
മേതിലിനെ കണ്ടിട്ടില്ല. എവിടെയോ ഒരു ഫോട്ടോ കണ്ടിട്ടുള്ളത് പോലെ. ആയിരത്തി തൊള്ളായിരത്തി എഴുപത്തി നാലില്‍ പബ്ലിഷ് ചെയ്ത പുസ്തകം. മീശയില്ലാത്ത സീരിയസ് ആയ മേതിലിനെ ഓര്‍മ്മിച്ചെടുക്കാന്‍ ശ്രമിക്കുമ്പോള്‍, ഫേസ്ബുക്കിലെ കെ സുധീഷിനെ ആണ് മുന്നിലേക്ക്കൊണ്ട് വരുന്നത്. ഒടുവില്‍ പുറം ചിട്ടയില്‍ കണ്ട മേതിലിന്റെ  പടത്തിനു  തന്റേ  തന്നെ ച്ഛായ. അനില്‍ ഒന്ന് ഞെട്ടി.   മേതിലില്‍ ഇപ്പോള്‍ താടി വളര്‍ന്നതായി സങ്കല്‍പ്പിക്കാന്‍ ഒരു വിഫല ശ്രമം നടത്തി. ഒരു വ്യത്യസ്തത...
നേരെ ചെന്നപ്പോള്‍, കിട്ടിയ ഇരിപ്പിടത്തില്‍ ഉപവിഷ്ടനായി.  സമയം ഇനിയും ആയിട്ടില്ല പോലും ,  മേതിലിനെ വായിക്കാന്‍ ഇനിയും സമയം.  ഇനി ഇപ്പോള്‍ പഴുതാരയെ എങ്ങനെ കൊല്ലാം എന്നൊരു വിദ്യ തന്നെ പഠിച്ചെടുക്കണം.   കഴിഞ്ഞ വാരം ആണ്, സുരേഷ് കോവിലകം പഴുതാര പിടിത്തം തൊഴില്‍ ആക്കിയതിനെ കുറിച്ച് സംസാരിച്ചത്. കൂട്ടത്തില്‍ ജോലി ചെയുന്ന കൊറിയക്കാര്‍ക്ക് പിടിച്ചു കൊടുക്കുന്ന ഓരോ പഴുതാരയ്ക്കും പത്തു ഡോളര്‍ വീതം കിട്ടുന്ന വിദ്യ.  പക്ഷെ പഴുതാരയെ കൊല്ലുന്ന വിദ്യ സുരേഷിനു അറിയില്ല. കൊല്ലുന്ന വിദ്യക്ക് കൂടുതല്‍ പണം ലഭിക്കുമെന്നതിനാല്‍ പറഞ്ഞു തരാത്തതാവും. പ്രവാസിക്കും വിദ്യ അറിഞ്ഞിരുന്നാല്‍ ക്വോട്ടെഷന്‍ ജോലി എങ്കിലും നടത്തി നാട്ടില്‍ ജീവിക്കാം. പ്രവാസ ജീവിതത്തിനു അങ്ങനെ വിരാമാമിടാം. അല്ലെങ്കിലും  കൊല ചെയ്യാന്‍ അറിയാത്തവരും ഭീരുക്കളും ആണ് പ്രവാസികള്‍ .
എന്തായാലും പരിമളത്തിന്‍റെ പാവടയ്ക്കിടയില്‍ കൂടി കയറുമെന്ന് പേടിപ്പിച്ച പഴുതാര, സ്പോഞ്ച് മണ്ണിലെ ചെടിയില്‍ ആണ് കയറിയതു. അതും ഒരൊറ്റ രാത്രി കൊണ്ട്. കുവൈറ്റിലെ പഴുതാരകള്‍ ഏതു ജാതി ആണ് എന്ന് പറയാന്‍ കഴിയില്ലല്ലോ.. ബ്രായില്‍ കൂടി കയറുമെന്ന് പേടിപ്പിച്ച തേള്‍ എന്തായാലും ഇത് വരെ മുലക്കണ്ണുകള്‍ ഇറുക്കാന്‍ തുടങ്ങിയിട്ടില്ല.
പരിമളം ആയിരുന്നോ, പരിമളം നഷ്ടപ്പെട്ടു റോഡരികില്‍ മുലക്കണ്ണുകള്‍ കടിച്ചു പറിച്ച  നിലയില്‍ കണ്ടത്. ഏതു പ്രത്യയ ശാസ്ത്രത്തിനു എതിരായാണ് പരിമളം പ്രവര്‍ത്തിച്ചത്?  കൊല്ലാന്‍ വിട്ടു പോയ ഒരു തേളും പഴുതാരയും കൂടി ആയിരിക്കുമോ കൊല നടത്തിയിരിക്കുക?
എന്തായാലും ഏലിയാസ്ഈര്‍ച്ചക്കാരനും പെരുന്തച്ചനും തമ്മിലുള്ള പങ്കു കച്ചവടം ഇഷ്ടപ്പെട്ടു. ഭരണപക്ഷവും പ്രതിപക്ഷവും പോലെ ഏണിയും പാമ്പും കളിക്കുന്നവര്‍..,.   ശവപ്പെട്ടി ഉണ്ടാക്കാന്‍ ഓര്‍ഡര്‍  കൊടുത്ത ഏലിയാസിനെ തന്നെ ശവപ്പെട്ടിക്കകത്ത് ഇട്ടു പെട്ടി ആഴിയുടെ അഗാതതയിലേക്ക് തള്ളിയത് ഏതു പ്രത്യയ ശാസ്ത്രം? നിലമുഴുവാന്‍ പോത്തിനെയും കൊണ്ട് പോയ അരവിന്ദനെ പിടിക്കാന്‍ ചൂണ്ടയും ആയി പോയ പാര്‍ട്ടി പ്രത്യയ ശാസ്ത്രം അല്ലിവിടെ. പക്ഷെ എലിയാസും പെരുന്തച്ചനും ഉറഞ്ഞു തുള്ളുന്ന ജാതിക്കൊമാരങ്ങള്‍, . കുത്തനെയും വിലങ്ങനെയും മാറി മാറി കുത്തി ചോര കുടിച്ചും വിശപ്പടക്കിയും  ഒടുവില്‍ രണ്ടു പേരും ജയിക്കുകയും രണ്ടു പേരും തോല്‍ക്കുകയും ചെയുമ്പോള്‍ ശവപ്പെട്ടിക്കച്ചവടം നടത്തുവാന്‍ തീരുമാനിക്കുമ്പോള്‍ ആണ് നാസര്‍ ഇക്കയുടെ സ്വരം.
"
ഇനി നിങ്ങള്‍... ", .. "
അനിലിന്‍റെ ഊഴം വന്നു. അയ്യള്‍ക്കും ഒരു ഊഴം ഉണ്ട്.
വെളുത്ത തുണി ഉടുത്ത  നസീറിക്ക, ആദ്യം അനിലിന്‍റെ കഴുത്തില്‍ ഒരു വെളുത്ത  ടേപ്പ് ചുറ്റി. പിന്നെ ഒരു വെളുത്ത തുണി, കസേരയിലിരുന്ന അനിലിന്‍റെ ദേഹമാകെ പുതപ്പിച്ചു. മുന്നിലെ കണ്ണാടിയില്‍ കണ്ട രൂപത്തില്‍ നോക്കിയപ്പോള്‍ ഭയം പല രൂപത്തില്‍ ...
മുന്നിലെ മേശമേല്‍, ഒരു ചെറിയ പാത്രത്തില്‍ വെളുത്ത പഞ്ഞി കൊണ്ട് ചെറിയ ഉരുളകള്‍ ഉരുട്ടി വച്ചിരിക്കുന്നു. മൂക്കിന്മേല്‍ വയ്ക്കുവാന്‍ ആകും.... കൊടുവാളും എസ് കത്തിയും ആയി നസീറിക്ക...പിന്നെ അനിലിന് ഒന്നും ഓര്‍മയില്ല.പുലവന്റെ തൂങ്ങിക്കിടക്കുന്ന ജഡം അഴിച്ചു മാറ്റി, മുകളിലേക്ക് കുത്തനെ ഉയര്‍ത്തി നിര്‍ത്തിയിരിക്കുന്ന കയറിലൂടെ അനില്‍ മുകളിലേക്ക് കയറി.  കയറ്റത്തില്‍ അനിലിന് തന്‍റെ കുട്ടിക്കാലം ഓര്മ വന്നു. അന്ന് പുലവന്‍ കൊടുത്ത പണം വീട്ടിലെ പട്ടിണി മാറ്റാന്‍ അമ്മയെ ഏല്‍പ്പിച്ചു കയറില്‍ കയറിയതും മുകളില്‍ എത്തുന്നതിനു മുന്‍പ് തന്നെ കയ്യില്‍ കരുതിയ കോഴിയെ ആള്‍ക്കൂട്ടത്തിലേക്ക് എറിഞ്ഞു കൊടുത്ത് പൂവലന്റെയും ആള്‍ക്കൂട്ടത്തിന്റെയും  ശ്രദ്ധ തിരിക്കുകയും ഒരു നിമിഷത്തില്‍ കയറിലൂടെ ഊര്‍ന്നിറങ്ങി ആള്‍ക്കൂട്ടത്തില്‍ ഒരാളായി മാറിയതും.എന്തായാലും ഇന്ന് ഡിലന്‍ തോമസ്എറിഞ്ഞ പന്ത് എടുത്ത മേതില്‍ കയറിയ സ്ഫടിക കൊട്ടാരത്തില്‍ തനിക്കും കയറണം. അനില്‍ മുകളിലേക്ക് കയറിക്കൊണ്ടിരുന്നു. പട്ടിണി കിടക്കുന്ന അമ്മയുടെ ശബ്ദം ഇന്നവനെ പിന്നിലേക്ക്വിളിക്കുന്നില്ല. അനില്‍ മുകളിലേക്ക് കയറിക്കൊണ്ടിരുന്നു. മുകളിലേക്ക് മാത്രം.


 ) 


( മേതില്‍ രാധാകൃഷ്ണന്‍റെ 'ഡിലന്‍ തോമസിന്‍റെ പന്ത്' എന്ന കഥാ സമാഹാരം വായിച്ചപ്പോള്‍ ഇങ്ങനെ എഴുതുവാന്‍ തോന്നി. )