Wednesday, 9 March 2016

നിമ്മിയും ശ്രീലക്ഷ്മിയും പിന്നെ വനിതാ ദിനവും

ഇന്ന് വനിതാദിനം ആണ്..
പക്ഷെ ഇന്നൊരു വനിത പ്രത്യേകമായി എന്‍റെ ഓര്‍മയില്‍ ജ്വലിച്ചു നില്‍ക്കുന്നു.
മറ്റാരുമല്ല,
നിമ്മി ആണത്.
മിനിയാന്ന് നമ്മെ വിട്ടു പോയ കലാഭവന്‍ മണിയുടെ ഭാര്യ.
മണിയുടെയും നിമ്മിയുടെയും മകള്‍ ശ്രീലക്ഷ്മിയും എന്‍റെ മനസ്സില്‍ ഒരു തേങ്ങലായി.
മണി
നല്ലൊരു നടനാണ്‌.
നല്ലൊരു പാട്ടുകാരന്‍ ആണ്.
പ്രത്യേകിച്ച് നാടന്‍ പാട്ടില്‍ അഗ്രഗണ്യന്‍
നല്ലൊരു സഹകാരി
നാട്ടുകാരുടെയും പാവപ്പെട്ടവരുടെയും എന്ത് ആവശ്യങ്ങള്‍ക്കും കൂടെയുണ്ടാവും.
എല്ലാവരെയും കൈ മെയ് മറന്നു സഹായിക്കും.
വെറുമൊരു സാധാരണക്കാരനെ പോലെ നാട്ടില്‍ എല്ലായിടത്തും മണി ഏതു ആവശ്യത്തിനും കൂടെ ഉണ്ടാവും.
മികച്ച അഭിനേതാവായ മണി, ചെറു വേഷത്തില്‍ നിന്നും വില്ലനായും നായകനായും മലയാളിയുടെ സ്വീകരണമുറിയിലും അഭ്രപാളികളിലും നമ്മുടെ ഹൃദയത്തിലും നിറഞ്ഞുനിന്നു.
മണിക്ക് രോഗമായിരുന്നു.
മാരകമായ കരള്‍ രോഗം.
രോഗം മാറുന്നതിനായി അദേഹം മരുന്നുകള്‍ കഴിച്ചിരുന്നു.
മദ്യം ഈ രോഗത്തിന് ഏറ്റവും വലിയ ശത്രു ആണ് എന്ന് അദേഹത്തിന് അറിയാമായിരുന്നു.
എന്നിട്ടും മണി കുടിച്ചു.
നിര്‍ത്താതെ കുടിച്ചു.
സുഹൃത്തുക്കളോടൊപ്പം മതിവരുവോളം കുടിച്ചു.
ഒപ്പം കുടിച്ച സുഹൃത്തുക്കള്‍ക്കും അറിയാമായിരുന്നു മണിയുടെ അസുഖവും, ആ അസുഖത്തിന്‍റെ ഏറ്റവും വലിയ ശത്രു ആണ് മദ്യം എന്നും.
ഒരൊറ്റ സുഹൃത്ത് പോലും മണിയെ ഈ രോഗാവസ്ഥയില്‍ മദ്യം കഴിക്കുന്നതില്‍ നിന്നും വിലക്കിയില്ല,
മറിച്ചു കൂടെയിരുന്നു കുടിച്ചു.
അവരാരും മണിക്ക് ഭാര്യയും മകളും അടങ്ങിയ ഒരു കുടുംബവും ഉണ്ടെന്ന കാര്യം ഓര്‍മ്മിച്ചില്ല.
മണി നിമ്മിയെയും ശ്രീലക്ഷ്മിയെയും എന്തുകൊണ്ട് ഓര്‍ത്തില്ല.
മണിയുടെ വേഷങ്ങള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന എനിക്ക് മണി ഒരിക്കലും ഒരു റോള്‍ മോഡല്‍ അല്ല.
മണിയുടെ സുഹൃത്തുക്കളെ പോലുള്ളവര്‍ ഒരിക്കലും നല്ല സുഹൃത്തുക്കള്‍ അല്ല.
നിമ്മിക്ക് ഇന്ന് ഭര്‍ത്താവില്ല,
ശ്രീലക്ഷ്മിക്ക് നഷ്ടപ്പെട്ടത് അച്ഛനെ ആണ്.
ഞാന്‍ മദ്യത്തിനു എതിരല്ല, മദ്യം കഴിക്കുന്ന ആള്‍ ആണ്.
എങ്കിലും ഇന്ന് ഈ വനിത ദിനത്തില്‍ എന്‍റെ മുന്നില്‍ നിമ്മിയുടെയും ശ്രീലക്ഷ്മിയുടെയും ഓര്‍മ്മകള്‍ കടന്നു വന്നപ്പോള്‍ ഇത്രയും പറയണം എന്ന് തോന്നി.
ഒരാള്‍ മരണപ്പെട്ടു കഴിഞ്ഞാല്‍ നല്ലതേ പറയാവൂ എന്ന കീഴ്വഴക്കം നിമ്മിക്കും ശ്രീലഷ്മിക്കും വേണ്ടി മാത്രമല്ല, കുടുംബത്തെ മറന്നു മദ്യപിക്കുന്നവര്‍ക്ക് വേണ്ടി കൂടി ഞാന്‍ മാറ്റി വയ്ക്കുന്നു.

Monday, 29 February 2016

തീവ്ര ദേശിയതയുടെ കുരുക്ക് മുറുകുന്നുവോ?



 കോൺഗ്രസ്സിനെ ഭരണത്തിൽ നിന്ന് തൂത്തെറിയുക മാത്രമല്ല, കോൺഗ്രസിനെയും അവരുടെ നേതാക്കളുടെയും പേരുകൾ പോലും ചരിത്രത്തിൽ നിന്നും തുടച്ചു നീക്കുക. അത്രയുണ്ട് സംഘപരിവാറിന് കോൺഗ്രസിനോടുള്ള പക. കോൺഗ്രസ്സിനെ ഇന്ത്യയിൽ നിന്നും തൂത്തെറിയുകയാണ് തങ്ങളുടെ ലക്ഷ്യം എന്നു പറഞ്ഞ അമിത് ഷായിൽ തുടങ്ങുന്നു ജവഹർലാൽ നെഹ്റു യൂണിവേർസിറ്റിയോടുള്ള സംഘപരിവാറിന്റെ സമീപനം. അതിനു മുന്നോടിയായി സംഘപരിവാറിനായി അധരവിസർജ്ജനം നടത്തുന്ന സുബ്രമണ്യം സ്വാമി വഴി ജെ.എൻ.യുവിനെതിരെ നിരന്തരം പ്രസ്താവനകൾ പുറപ്പെടുവിക്കുകയായിരുന്നു ആദ്യഘട്ടം. ജെഎൻയു, തീവ്രവാദികളെ പടുത്തുയർത്തുന്ന പ്രസ്ഥാനം ആണെന്നായിരുന്നു സ്വാമിയുടെ വാക്കുകളുടെ അർത്ഥം.

 ജെ .എൻ.യു വിനെ തകർക്കേണ്ടത് സംഘപരിവാറിന്റെ ആവശ്യമാണ്. അതുവഴി ജവഹർലാൽ നെഹ്റുവിനെ ഇന്ത്യൻ ചരിത്രത്തിൽ നിന്നും മായ്ച്ചു കളയുന്നതിനുള്ള തുടക്കമിടാം എന്നാവും അവർ കരുതിയിരിക്കുക. 'ജെ.എൻ.യു' എന്ന പേര് മാറ്റി 'ഹെഡ്ഗേവാർ സർവകലാശാല' എന്നാക്കണം എന്ന് ഇപ്പോൾ തന്നെ സംഘപരിവാറിൽ നിന്നും ആവശ്യം ഉയർന്നു തുടങ്ങിയിരിക്കുന്നു. ഇവിടെ തുടങ്ങിയാൽ ഇന്ദിരാ ഗാന്ധിയെയും രാജീവ് ഗാന്ധിയെയും പിന്നാലെ പിടി കൂടാം എന്നാവും സംഘ പരിവാർ വിചിന്തനം.


പ്രതിഷേധം  ഒരു മൌലീക അവകാശം ആയിട്ടാണ്  ജെഎന്‍ യു   വിദ്യാര്‍ഥികള്‍ കരുതുന്നത്. അതിന്റെ അലയൊലികള്‍ കാമ്പസിലുടനീളം കാണാം. പ്രതിഷേധിക്കുവാനുള്ള അവരുടെ അവകാശത്തെ തച്ചുതകര്‍ക്കുകയാണ്  തീവ്ര വലതുപക്ഷ പ്രസ്ഥാനങ്ങളായ സംഘപരിവാര്‍ സംഘടനകളുടെ അജണ്ട.  

ലോകത്തിലെ ഏറ്റവും സ്വതന്ത്രമായ വാഴ്സിറ്റികളുടെ പ്രഥമസ്ഥാനങ്ങളിൽ ജവഹർലാൽ നെഹ്റു സർവകലാശാലയും നിലകൊള്ളുന്നു. സർവകലാശാലകൾ സംവാദത്തിന്റെയും വിയോജിപ്പുകളുടെയും ഇടമാകണം എന്നാണ് പൊതു സങ്കൽപ്പം. എല്ലാ ആശയങ്ങൾക്കും എന്നും വളക്കൂറുള്ള മണ്ണാണ് ജെ.എൻ.യുവിലേത്. എക്കാലത്തും സ്വതന്ത്ര ചിന്തകളെയും അതിരുകളില്ലാത്ത സംവാദങ്ങളെയും ആവോളം പ്രോത്സാഹിപ്പിക്കുന്ന കലാശാലയാണ് ജെഎൻയു. വിദേശ രാജ്യങ്ങളിൽ നിന്നു പോലും അനേകം വിദ്യാർഥികൾ പഠിക്കുന്ന ഈ വിശ്വവിദ്യാലയം സ്വതന്ത്ര ആശയങ്ങൾ സംവേദിക്കുന്ന സംഗമവേദിയാണ്. ആ സ്വാതന്ത്ര്യം പങ്കുവച്ച് വളരുന്നത് കൊണ്ടാകാം, ഈ കലാലയത്തിൽ പഠിച്ച അനേകം പേർ നവ ഇന്ത്യയെ കരുപ്പിടിപ്പിക്കുവാൻ പോന്ന കരുത്തോടെ ഭരണത്തിന്റെ താക്കോൽ സ്ഥാനങ്ങളിൽ ഉപവിഷ്ടരായിരിക്കുന്നത്. തീവ്രദേശിയതയും അധികാരവും തീവ്രഹൈന്ദവതയാണ് സംഘ പരിവാറിന്റെ മുഖമുദ്ര.

ഇന്ത്യയിലെ സാധാരണക്കാർ വർഗീയതയിലോ തീവ്ര ഹൈന്ദവതയിലോ വിശ്വസിക്കുന്നില്ല. ഹിന്ദുത്വം എന്നത് ഒരു മതമായിരുന്നില്ല, ഒരു സംസ്കാരമായിരുന്നു. വർഗീിയത വളർത്തി ജനങ്ങളെ തമ്മിലടിപ്പിച്ചു അധികാരത്തിൽ കയറി ഭൂരിപക്ഷം വരുന്ന അവർണ്ണരും അശരണരും ആയ ഭാരതീയരെ സവർണ അധിനിവേശത്തിനു അടിമകളാക്കുകയാണ് സംഘ പരിവാറിന്റെ ലക്ഷ്യം.ഇന്ത്യയിലെ പല ദേശങ്ങളിൽ, പലവിധ ആചാരങ്ങളിൽ മുഴുകിയിരുന്ന ജനസമൂഹത്തെ അവരുടെ, വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും സെമറ്റിക്ക് കാഴ്ചപ്പാട് നൽകി ഭാരതീയ സംസ്കാരത്തെ മതമാക്കി മാറ്റി അവരെ ഭരിക്കുക എന്നതാണ് സംഘ പരിവാർ ലക്ഷ്യം. രാജ്യത്തിന് പേരും പെരുമയും സ്വാതന്ത്ര്യവും നേടിത്തരുന്ന കലാലയങ്ങളിൽ, തീവ്രദേശീയത ഉപയോഗിച്ച് ഇന്ത്യയുടെ കൌമാരക്കാരെയും യുവതയെയും സംഘപരിവാൾ ആശയങ്ങളിൽ തളച്ചിടുവാൻ ആണ് ശ്രമം. അതുവഴി തീവ്രവർഗീയതക്ക് വഴങ്ങാത്തവരെ കൂട്ടു ചേർക്കാമെന്ന് അവർ കരുതുന്നു.

 അധികാരത്തിനായി മതത്തെയും വർഗീയതയെയും എങ്ങനെ സമർത്ഥകമായി ഉപയോഗിക്കാം എന്നതിന്റെ വ്യക്തമായ തെളിവുകൾ ആണ് ബിജെപിയുടെ ചരിത്രം നമുക്ക് നൽകുന്നത് .ആദ്യം മതത്തിന് ചില ചട്ടക്കൂടുകൾ ഉണ്ടാക്കുക, തുടർന്ന് മതവിദ്വേഷം ഒരു വിഷയമായി പഠിപ്പിച്ച് അത് പ്രസംഗിക്കാൻ അറിയാവുന്ന പുരോഹിതരെ വാർത്തെടുത്ത്, പട്ടിണിയും പരിവട്ടവുമായി കഴിയുന്ന സാധാരണക്കാരെ പ്രകോപിപ്പിച്ച് കർസേവകർ ആക്കി മുന്നിൽ നിർത്തുക. ഇതാണ് സംഘപരിവാറിന്റെ ആയുധം. ഇന്ത്യയുടെ ചരിത്രം തെരഞ്ഞാല്‍  വർഗീയ കലാപങ്ങൾ ആണ് ബി.ജെ പി എന്ന സംഘപരിവാർ പാർട്ടിയെ എന്നും അധികാരത്തിൽ എത്തിച്ചിട്ടുള്ളത്. കലാപങ്ങളിലൂടെയും തീവ്ര ഹിന്ദുത്വത്തിലൂടെയും മാത്രമേ അധികാരത്തിലെത്തുവാൻ കഴിയൂ എന്ന തിരിച്ചറിവിലൂടെയാണ് സംഘപരിവാറുകൾ കലാപങ്ങളിലേക്ക് തിരിഞ്ഞത്. 

ഭാരത മണ്ണിൽ നടന്ന വർഗീയ ലഹളകൾക്ക് പിന്നിൽ എന്നും സംഘപരിവാർ അജണ്ടകൾ ആയിരുന്നു എന്ന് ചരിത്രം കാട്ടിത്തരുന്നു. അസംഖ്യം ചെറുതും വലുതുമായ വർഗീയകലാപങ്ങൾക്കൊടുവിൽ ആണ് ഓരോ തവണയും കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ബിജെപി അധികാരത്തിലേറിയത്.ഇന്ത്യൻ ദേശിയതക്ക് എതിരാണ് മുസ്ലീംമതമെന്ന് വരുത്തിത്തീർക്കാൻ സംഘ പരിവാർ നടത്തിയ പ്രചാരണങ്ങളും ക്രിസ്ത്യൻ മതപരിവർത്തനങ്ങൾക്ക് എതിരെ നടന്ന കലാപങ്ങളും ബി ജെ പി യിലൂടെ അധികാരം കയ്യാളുവാൻ സംഘപരിവാർ നടത്തിയ വിജയ തന്ത്രങ്ങൾ ആണ്. ബാബ്റി മസ്ജിദ് തകർക്കലും, കാണ്ടമാൽ നരനായാട്ടും, സംയോജ എക്പ്രസിലെ ബോംബ് സ്ഫോടനങ്ങളും ഗുജറാത്തിലും ഉത്തർപ്ര ദേശിലും മഹാരാഷ്ട്രയിലും ബീഹാറിലും കര്ണാ്ടകയിലും  നടന്ന കലാപങ്ങളും മറ്റു സംസ്ഥാനങ്ങളിലെ അസഹിഷ്ണുത വളർത്തുന്ന വിദ്വേഷ പ്രസംഗങ്ങളും സംഘ പരിവാർ അജണ്ടകളുടെ ഉദാഹരണങ്ങൾ മാത്രമാണ്.ഏറ്റവും ഒടുവിലായി ഗുജറാത്തിലെ കലാപങ്ങൾക്ക് തുടക്കമിട്ട ഗോദ്ര സംഭവത്തിൽ കർസേവകർ യാത്ര ചെയ്ത ട്രെയിൻ കത്തിച്ചതും സംഘപരിവാർ ആണെന്നുള്ള വെളിപ്പെടുത്തൽ പട്ടേൽ സമൂഹം പുറത്തു പറഞ്ഞിരിക്കുന്നു.

 ചരിത്രം തിരുത്തിയെഴുതുക എന്നതായിരുന്നു അധികാരം കിട്ടിക്കഴിഞ്ഞപ്പോൾ സംഘപരിവാർ ശക്തികളുടെ ആദ്യ അജണ്ട. ഇന്ത്യയുടെ ചരിത്രവും, സ്വാതന്ത്ര്യ സമരചരിത്രവും പോലും മാറ്റി എഴുതുവാനും സ്കൂൾ കരിക്കുലത്തിൽ ഹിന്ദുത്വ അജണ്ടകൾ കുത്തിവച്ചും കുട്ടികളുടെ പാഠപുസ്തകങ്ങളിൽ വെറുപ്പും വിദ്വേഷവും ദേശിയതയോടൊപ്പം ചാലിച്ചു കൊടുക്കുകയുമാാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ. കലാലയങ്ങളെയും വിദ്യാഭ്യാസ മേഖലയെയും 'വെടക്കാക്കി തനിക്കാക്കുക' എന്ന നയത്തിൻ, യാതൊരു വിദ്യാഭ്യാസ യോഗ്യതയും ഇല്ലാത്ത സീരിയൽ നടിയെ തലപ്പത്ത് പ്രതിഷ്ടിക്കുകയും അവരെ മുന്നിൽ നിർത്തി സംഘപരിവാർ വിദ്യാഭ്യസ രംഗം കയ്യടക്കുകയും ആണ്. കൌമാരത്തിൽ തന്നെ കുട്ടികളെ ആകർഷിക്കുവാൻ കഴിഞ്ഞ വർഷം പത്താം ക്ലാസ്സിൽ സി ബി എസ് സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ ഗ്രേഡ് വാങ്ങിയ കുട്ടികൾക്ക് വിദ്യാഭ്യാസ മന്ത്രിയുടെ പേർ വച്ചെഴുതിയ അനുമോദന കത്ത് അയച്ചിരുന്നു. പിന്നീടവർ ഉന്നത വിദ്യാഭ്യസ മേഖലയിലേക്കാണ് തിരിഞ്ഞത്.മദ്രാസ് ഐ ഐ ടി, ഹൈദരാബാദ് യൂണിവേഴ്സിറ്റി, ഇപ്പോഴിതാ ജവഹർലാൽ നെഹ്റു സർവവകലാശാല. ഡൽഹി്യിൽ തന്നെയുള്ള പ്രസിദ്ധമായ ജാമിയ മിലിയ, അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയും  ഐ.ഐ.ടി കൾക്കൊപ്പം സംഘ പരിവാർ നോട്ടമിടുന്ന അടുത്ത ഇരകൾ ആണ്. മുംബൈയിലെ ടാറ്റ ഇന്സ്റ്റി റ്റ്യൂട്ട് ആണ്  തങ്ങളുടെ അടുത്ത ഇരയെന്ന്  എ ബി വി പി പ്രഖ്യാപിച്ചു കഴിഞ്ഞു.  

സംവരണവും നികുതിയും

 രാജ്യത്തെ ന്യൂനപക്ഷമായ സവർണ്ണരുടെ മേധാവിത്വമുള്ള സംഘ പരിവാർ എല്ലാക്കാലത്തും സംവരണത്തിന് എതിരാണ്. ജാതിയത എന്നും ഇന്ത്യയിൽ നിലനിർത്തി ബ്രാഹ്മണിസത്തിന് അടിമകളായി മറ്റുള്ളവർ ജീവിക്കണം എന്ന കാഴ്ചപ്പാടാണ് സംഘ പരിവാറിന്റെത്. സംവരണം നിർത്തണലാക്കണം എന്ന് ആർ.എസ്.എസ്.മേധാവി മോഹൻ ഭാഗത്ത് അഭിപ്രായപ്പെട്ടതും അതിനു ശേഷം ദേശിയതയുടെ പേരിൽ മാധ്യമങ്ങൾ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളും ദളിത് വിദ്യർത്ഥിികൾക്കെതിരെ നടക്കുന്ന അക്രമങ്ങളും അവരുടെ സ്കോളർഷിപ്പുകൾ തടഞ്ഞു വയ്ക്കുന്നതും ഉദാഹരണങ്ങൾ ആണ്. രോഹിത് വെമുലയുടെ ആത്മഹത്യയിലേക്ക്  നയിച്ച  ഹൈദരാബാദ് സര്വലകലാശാലയിലെ സംഭവങ്ങള്ക്ക്   പിന്നിലും അവര്ണ്ണര്‍ക്കെതിരായ   ആക്രമണങ്ങള്‍ ആയിരുന്നു.   ജാതിയത നിലനിർത്തി തൊട്ടു കൂടാത്തവരും തീണ്ടിക്കുടാത്തവരും നമ്മുടെ സമൂഹത്തിൽ  എന്നും നിലനിൽക്കണം എന്നാഗ്രഹിക്കുന്നവർ ആണ് ആർ എസ് എസ്സും സംഘ പരിവാറും. അറിഞ്ഞും അറിയാതെയും ഈ സവർണ്ണ മേ ധാവിത്വത്തിനു മുന്നിൽ തല വച്ചു കൊടുക്കുന്ന അനേകരെ വളർത്തിക്കൊണ്ടു വരുവാനും സംഘ പരിവാറിനായി എന്നതാണ് അവരുടെ വിജയം. 

ജെ.എൻ.യു വിഷയത്തിൽ കാമ്പസിലെ ഹോസ്റ്റലിൽ ഭക്ഷണം കഴിക്കുന്ന വിദ്യാർഥി.കൾക്ക് നേരെ ക്യാമറ ചൂണ്ടി ആ ഭക്ഷണം പോലും തങ്ങൾ കൊടുക്കുന്ന നികുതിപ്പണം കൊണ്ടാണ് നിങ്ങൾ ഭക്ഷിക്കുന്നത് എന്ന് അട്ടഹസിക്കുന്നവർ സ്വയം പരിഹാസ്യർ ആവുകയാണ് എന്ന് അറിയുന്നില്ല. ലോകത്ത് മിക്ക രാജ്യങ്ങളിലും പൊതു വിദ്യാഭ്യസം സൌജന്യം ആണെന്നും ഉന്നത വിദ്യഭ്യസത്തിനു പലതരത്തിലുള്ള എൻഡോവ്മെൻറുകൾ ഫണ്ടുകൾ സ്കോളർഷിപ്പുകൾ എന്നിവ ഉള്ളതും സംഘപരിവാറുകാർ ഓർക്കുന്നത് നന്ന്. അതൊന്നുമല്ല സംഘ പരിവാരുകരുടെ പ്രശ്നം , രാജ്യത്ത് ദളിതർ ,അധ:കൃതർ എന്നൊക്കെ വിളിക്കപ്പെടുന്ന വിഭാഗത്തിൽ നിന്നും ബുദ്ധിജീവികളും സാഹിത്യകാരും രാജ്യതന്ത്രജ്ഞരും അടക്കം ഉന്നത ശ്രേണിയിലേക്ക് അനേകർ കടന്നു വരുന്നതാണ് ആത്യന്തികമായി അവരുടെ ഉറക്കം കെടുത്തുന്നത്.

നികുതിപ്പണത്തെ കുറിച്ച് വിലപിക്കുന്നവർ ലക്ഷക്കണക്കിനു കോടി രൂപയാണ് തങ്ങളെ പിൻതാങ്ങുന്ന കച്ചവടക്കാർക്ക് വേണ്ടി എഴുതിത്തള്ളുന്നത് എന്ന കാര്യം വിസ്മരിക്കരുത്. അദാനിക്കും അംബാനിക്കും ജിണ്ടാലിനും കച്ചവടക്കാര്ക്കും  വേണ്ടി ഇന്ത്യയെ വിറ്റ് മുടിക്കുമ്പോഴും അവരുടെ വൻ കടങ്ങൾ എഴുതി തള്ളുമ്പോഴും സാധാരണക്കാരെയും അവരുടെ നികുതി പണത്തെയും ഓർക്കുന്നത് നന്നാവും.

 ജെ.എൻ.യു വും തുടർക്കാഴ്ചകളും. 

മാവോയിസത്തിൽ വിശ്വസിക്കുന്ന തീവ്ര ഇടതുപക്ഷ ആഭിമുഖ്യമുള്ള ഡെമോക്രാറ്റിക്ക് സ്റ്റുഡൻസ് യൂണിയൻ സംഘടനയുടെ ചില മുൻ ജെഎൻയു വിദ്യാർത്ഥി കൾ ആണ് അഫ്സൽ ഗുരു, മക്ബൂൽ ഭട്ട് അനുസ്മരണം നടത്തുന്നത്. ഇന്ത്യയുടെ  രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ  കൊലയാളിയായ ഗോഡ്സെ അനുസ്മരണം  മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വം  നടന്ന  ജനുവരി 30 നു ജെഎന്യുടവില്‍ സംഘപരിവാര്‍  സംഘടനകള്‍ വര്ഷാ വര്ഷുങ്ങളില്‍  നടത്താറുണ്ടെന്നുള്ളത്  ജെഎന്യുാവിലെ സ്വതന്ത്ര നിലപാടിന്‌  ഉദാഹരണം  ആണ്.

യോജിപ്പുകളും വിയോജിപ്പുകളും സംവാദങ്ങളും  പതിവുള്ള  ഇടമാണ്  ജെഎന്യു എന്ന്  പറയാന്‍ വേണ്ടി  ആണ്  ഇതിവിടെ സൂചിപ്പിച്ചത്. അഫ്സല്‍ ഗുരുവിന്റെു വധശിക്ഷയുമായി  ബന്ധപ്പെട്ട കോടതിവിധിയും പരാമര്ശ്ങ്ങളും ജസ്റ്റിസുമാര്‍  ഉള്പ്പെവട്ട പ്രമൂഖര്‍  വരെ  ആ വിധിക്കെതിരെ നടത്തിയ  പ്രസ്താവനകളും   ആയിരിക്കാം വിദ്യാര്ത്ഥികള്‍ക്ക്    ഈ വിഷയത്തില്‍  സംവാദങ്ങള്ക്ക്  അവസരം  നല്കി്യത്.  അഫ്സല്‍ ഗുരു  വധത്തില്‍  എതിരഭിപ്രായം  പരസ്യമായി  ഇപ്പോഴും പ്രകടിപ്പിക്കുകയും  ആ വിധി അംഗീകരിക്കാത്തതുമായ  പി ഡി പി  എന്ന കക്ഷിയുമായിട്ടാണ്   ബിജെപി  ജമ്മുകാശ്മീരില്‍  ഭരണം  പങ്കിടുന്നത്   എന്നതും ഇത്തരുണത്തില്‍  ശ്രദ്ധേയമാണ്.  ഇന്ത്യയിൽ കാപിറ്റൽ പണിഷ്മെൻറ് വേണ്ട എന്ന് വാദിക്കുന്ന വിദ്യാർഥി സമൂഹം ആണ് ജെഎൻയുവിലെത്. പുരോഗമന രാജ്യമായ ഇന്ത്യയിൽ വധശിക്ഷ പാടില്ല എന്ന വിഷയത്തിൽ പൊതു ചർച്ച നടക്കുകയുമാണ്.പല പ്രമൂഖരും ഈ വിഷയത്തിൽ സംവാദങ്ങളിൽ ഏർപ്പെടുകയും അഭിപ്രായങ്ങൾ പങ്കുവയ്ക്കുകയുമുണ്ടായി. ജെഎന്യുങ വിലെ ചര്ച്ചഭ കേന്ദ്രീകരിച്ചതും  വധശിക്ഷയെ  എതിര്ത്തു   കൊണ്ടാണ്. 

 എബിവിപിയുടെ ശക്തമായ എതിർപ്പിനെ തുടർന്ന് പരിപാടി നടക്കുന്നതിനു അൽപം മുൻപ് പ്രോഗ്രാം തടഞ്ഞു കൊണ്ട് അറിയിപ്പ് കിട്ടി. തുടർന്ന് സംഘാടകർ ജെ.എൻ.യു യൂണിയൻ ചെയർമാ്നെയും, കാമ്പസിലെ പ്രധാന ഇടതുപക്ഷ സംഘടനകളായ ഐസ, എഐഎസ്എഫ്, എസ്എഫ്ഐ തുടങ്ങിയ സംഘടനകളുടെയും പിന്തുണ അഭ്യർത്ഥിക്കുന്നതും വിദ്യാർഥി യൂണിയൻ പ്രസിഡൻറ് കനയ്യകുമാർ യോഗത്തിൽ പ്രസംഗിക്കുന്നതും. ഉജ്ജ്വല വാഗ്മി കൂടിയായ കനയ്യ കുമാറിന്റെ പ്രസംഗത്തിൽ ഒരിടത്തും ദേശവിരുദ്ധതയുടെ ഒരംശം ഉണ്ടായിരുന്നില്ല എന്നത് അദേഹത്തിൻറെ പ്രസംഗം കേട്ടവർക്കും വായിച്ചവർക്കും മനസിലാവും. യോഗത്തിനിടയിൽ എബിവിപിയുടെയും, പുറത്തു നിന്നും കടന്നു വന്ന സംഘപരിവാർ സംഘത്തിന്റെയും കൂട്ടത്തിൽ നിന്ന് പ്രകോപനപരമായ മുദ്രാവാക്യങ്ങൾ ഉയരുകയും യോഗത്തിൽ പങ്കെടുക്കാൻ കാമ്പസിന് പുറത്തു നിന്ന് വന്ന കശ്മീർ സംഘത്തിൽ നിന്നും എതിർ മുദ്രാവാക്യങ്ങളും ഉണ്ടായി.അതിനിടയിൽ ആരൊക്കെയോ പാക്കിസ്ഥാൻ സിന്ദാബാദ്‌ എന്ന് വിളിക്കുകയുണ്ടായെന്നും, അത് യോഗത്തിൽ നുഴഞ്ഞു കയറിയ സംഘ പരിവാർ അംഗങ്ങൾ ആണെന്നും അതല്ല എഡിറ്റ് ചെയ്തു ചേർക്കപ്പെട്ടത് ആണെന്നും പറയപ്പെടുന്നു. ഫോട്ടോഷോപ്പു കൊണ്ടും  എഡിറ്റിങ്ങ് കൊണ്ടും തന്റെന മുഖച്ഛായ മിനുക്കുന്ന  ഒരു പ്രധാനമന്ത്രി  നേതൃത്വത്തിലുള്ളതിനാലവണം അദേഹത്തിന്റെ  അനുയായികളും  സംഘ പരിവാറിന്റെ വാലാട്ടികളായ   മീഡിയകളും   നടത്തിയ  വീഡിയോ എഡിറ്റിങ്ങില്‍ കൂടി  ഒരു പറ്റം  ചെറുപ്പക്കാരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുകയും അവര്ക്കെതിരെ  രാജ്യദ്രോഹത്തിനു  കേസെടുക്കുകയും  ചെയ്തു.  വീഡിയോ എഡിറ്റ്‌  ചെയ്തു സംപ്രേക്ഷണം ചെയ്ത സീ ന്യൂസ്  എഡിറ്റര്‍  രാജി വച്ചത് ഇക്കാര്യത്തിലെ  സംഘപരിവാര്‍  ഇരട്ടത്താപ്പ് വ്യക്തമാക്കുന്നു.       

വിയോജിപ്പ് പ്രകടിപ്പിക്കുന്നത് രാജ്യദ്രോഹം ആണെങ്കിൽ വിയോജിപ്പ് പ്രകടിപ്പിച്ച പി ഡി പി യോട് ചേർന്ന് നിൽക്കുന്ന ബിജെപിക്കാരും രാജ്യദ്രോഹികൾ അല്ലെ? കാഷ്മീരികൾ കൂടി പങ്കെടുത്ത യോഗത്തിൽ മനപ്പൂർവമായി പ്രകോപനം സൃഷ്ടിക്കുവാനും അതുവഴി ജെഎൻയു വിനെ തകർക്കാനുമുള്ള ആസൂത്രിതതമായ സംഘ പരിവാർ പദ്ധതിയായിരുന്നു ഇത്. കാശ്മീർ ഇന്ത്യയുടെ അഭിവാജ്യ ഘടകമാണ്, അത് പോലെ നിലനിർത്തേണ്ടതും നമ്മുടെ ആവശ്യമാണ്.  സംഭവം റിപ്പോർട്ട് ചെയ്ത ഉടനെ കാമ്പസിനകത്ത് നിന്നും ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡൻറ് കനയ്യകുമാറിനെ പോലീസ് ബലമായി പിടിച്ചുകൊണ്ട് പോയി രാജ്യദ്രോഹക്കുറ്റം ചുമത്തി തുറുങ്കിലടക്കുകയും ചെയ്തു.വിദ്യാർഥി് സമൂഹത്തെ മാത്രമല്ല ഇന്ത്യൻ മന:സാക്ഷിയെത്തന്നെ ഞെട്ടിച്ച ഈ സംഭവത്തിനെതിരെ പ്രതിഷേധം ഉയരുക സ്വാഭാവികം.സി പി എം നേതാവ് സീതാറാം യെച്ചൂരിയടക്കം ഇടതുപക്ഷ നേതാക്കളും കോണ്ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും ആനന്ദ് ശർമയും ജെഎൻയു വിലെത്തി വിദ്യാർഥി്കൾക്ക് പിൻതുണ നൽകി്.  

മാനുഷീകതയുടെയും സഹവർത്തിത്വത്തിന്റെയും സംവാദങ്ങളുടെയും വിയോജിപ്പുകളുടെയും സഹിഷ്ണുതയുടെയും ഉറവിടമായ കലാശാലകളിൽ നിന്ന് രാജ്യത്തെ അസഹിഷ്ണുതക്കെതിരെ, സമൂഹത്തിലെ അനീതിക്കെതിരെ, അസന്തുലിതാവസ്ഥക്കെതിരെ പോരാടുന്ന വിദ്യാർഥികളെ അപകീർത്തിപ്പെടുത്തി രാജ്യദ്രോഹികളാക്കുന്ന അനീതിക്കെതിരെയാണ് വിദ്യാർത്ഥി കളും പൊതുജനവും ഡൽഹിയിലും രാജ്യമൊട്ടാകെയും തെരുവിലിറങ്ങുന്നത്.

 അറസ്റ്റിനെ തുടർന്ന് പാട്യാല ഹൌസ് കോടതിയിൽ ഹാജരാക്കിയ കനയ്യ കുമാറിനെ സംഘ പരിവാറിന്റെ ഗുണ്ടകൾ ആയ ഒരു പറ്റം വക്കീലുമാർ, ബിജെപി നേതാക്കൾക്കൊൾക്കൊപ്പം മൃഗീയമായി മർദ്ദിച്ചു, അതും കോടതിക്കകത്ത്  ന്യായാധിപന്റെ മുന്നിൽ വച്ച് !  രണ്ടു ദിവസത്തെ റിമാൻഡിനു ശേക്ഷം മതിയായ പോലീസ് സംരക്ഷണം കൊടുക്കണം എന്ന സുപ്രീം കോടതി നിർദേശത്തിൽ വീണ്ടും പാട്യാല കോടതിയിൽ എത്തിച്ച കനയ്യ കുമാറിന് വീണ്ടും ക്രൂര മർദ്ദനം ഏൽക്കേണ്ടി വന്നു. പാട്യാല ഹൌസ് കോടതിയിലെ ന്യായാധിപൻ ഇതെല്ലാം കണ്ടു നിന്നതല്ലാതെ അക്രമികൾക്കെതിരെ നടപടിയെടുക്കാനോ സംഭവത്തെ അപലപിക്കാനോ ഒരു ശ്രമവും നടത്തിയില്ല. ഡൽഹി പോലീസ് കമ്മിഷണർ ഭീം സൈൻ ബാസ്സി യുടെ നേതൃത്വത്തിലുള്ള വൻ പോലീസ് സംഘം വെറും നോക്കു കുത്തികളായി മാറി. അക്രമം നടത്തിയ ഗുണ്ടകളെ അറസ്റ്റ് ചെയ്യാനോ അവർക്കെതിരെ കേസെടുക്കാനോ തുനിഞ്ഞില്ല എന്നത് ഖേദകരമാണ്. ജാമ്യം കൊടുക്കുന്നതിനു പകരം കനയ്യ കുമാറിന്റെ റിമാൻഡ് കാലാവധി ദീർഘിപ്പിക്കുകയാണ് ജഡ്ജി ചെയ്തത്. ഇതിലും പരിഹാസ്യമായ ഒരു വിധിയാണ് ജെഎൻയു സമരത്തിലെ വിദ്യാർത്ഥി കൾക്ക് പിൻതുണ പ്രഖ്യാപിച്ച രാഹുൽ ഗാന്ധിക്കെതിരെ രാജ്യ ദ്രോഹത്തിന് കേസെടുക്കണമെന്ന് അലഹബാദിലെ ഒരു കോടതി വിധി പ്രഖ്യാപിച്ചത്.

 ഭാരതീയ സമൂഹം ഇന്നിപ്പോൾ ഒരു കുരുക്കിൽ ആണ്. ശരിയും തെറ്റും വേർതിരിച്ചറിയാനാകാത്ത, തെറ്റിദ്ധരിക്കപ്പെടാവുന്ന, സത്യം തുറന്നു പറയാനാവാത്ത ഒരു വലിയ കുരുക്കിൽ. ആ കുറുക്കു മുറുക്കുകയാണ് സംഘ പരിവാർ, തീവ്രദേശിയതയിലൂടെ.  ദേശിയതയും രാജ്യ ദ്രോഹവും നിർവചിക്കുന്നതിൽ മാധ്യമങ്ങളും രാഷ്ട്രീയക്കാരും നിരൂപകരും ഒന്നാകെ പകച്ചു പോവുകയാണ്.അറസ്റ്റിനു ശേക്ഷം സംഘ പരിവാറിന്റെ വാലാട്ടിപ്പട്ടികൾ ആയ മാധ്യമമേലാളൻമാർ തീവ്രദേശിയതക്കായി വാദിക്കുകയും കുറെയധികം അസത്യങ്ങൾ വിളമ്പുകയും ചെയ്തു.ജനങ്ങൾ പൊതുവായ പ്രതികരണങ്ങൾക്ക് അശക്തർ ആണ്.തങ്ങളുടെ നിലപാടുകളെ ഭരണകൂടം എങ്ങനെ നോക്കിക്കാണും എന്ന ഭയം.ആ ഭയത്തിൽ നിന്നും അവരെ നയിക്കാൻ ചങ്കുറപ്പുള്ള നല്ലൊരു നേതൃത്വമില്ല എന്നതാണ് ഇന്ത്യയുടെ ഗതികേട്.  സംഘ പരിവാർ ഗൂഡാലോചനക്കെതിരെയും ഭരണകൂട ഭീകരതക്കെതിരെയും ശബ്ദമുയര്‍ത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മഹാത്മാഗാന്ധിയെ കൊന്ന ഗോഡ്സെക്ക് അമ്പലം പണിതു ദൈവ തുല്യമായി ആരാധിക്കണമെന്നു പറയുന്ന സംഘപരിവാർ പ്രഭുതികൾ നിർവചിക്കുന്ന ദേശസ്നേഹം ആണോ നമുക്കിന്നാവശ്യം?

Tuesday, 1 December 2015

വിജയ വഴികള്‍ - ടെക്നോപാര്‍ക്ക് സ്മരണകള്‍

ഇക്കഴിഞ്ഞ ഷാര്‍ജ പുസ്തകോത്സവത്തില്‍ നിന്നാണ് കേരളത്തിലെ ടെക്കി വിപ്ലവത്തിന് തുടക്കം കുറിച്ച തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്കിന്റെ ശില്‍പി ജി വിജയരാഘവന്‍ എഴുതിയ - വിജയ വഴികള്‍ ; എന്‍റെ ടെക്നോപാര്‍ക്ക് സ്മരണകള്‍ വാങ്ങിക്കുവാന്‍ ഇടയായത്.
സര്‍ക്കാര്‍ തലത്തിലെ ഒരു ബ്രഹത് പദ്ധതി സര്‍ക്കാറിന്റെ ഒരു നൂലാമാലകളും, രാഷ്ട്രീയ ഇടപെടലുകളും ഇല്ലാതെ എങ്ങനെ നടപ്പില്‍ വരുത്താമെന്നും അത് വഴി ഒരു പുതു തൊഴില്‍ സംസ്കാരം തന്നെയും രൂപപ്പെടുത്തുകയും കേരളത്തിലെ ആയിരക്കണക്കിന് യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുവാനുള്ള ഒരു നവീനാശയത്തെ നിശ്ചിത സമയത്തിനകം എങ്ങനെ വിജയകരമായി പ്രാവര്‍ത്തീകമാക്കാമെന്നും മലയാളിക്ക് മുന്നില്‍ കാണിച്ചു തന്ന ഒരു ഉദ്യോഗസ്ഥനാണ് ജി വിജയ രാഘവന്‍. ദീര്‍ഘവീക്ഷണത്തോടെയും തികഞ്ഞ പ്രൊഫഷണല്‍ സമീപനത്തോടെയും ഒരു പ്രസ്ഥാനത്തിന് അടിത്തറയിട്ടയതിന്റെ നാള്‍ വഴി വളരെ കൃത്യമായി വിശദീകരിക്കുകയാണ് ഈ പുസ്തത്തിലൂടെ.
കഴക്കൂട്ടത്ത് കാടുകയറികിടന്ന വൈദ്യന്‍കുന്നിനെ വ്യവസായ വിപ്ലത്തിലേക്ക് വഴിതെളിച്ച കഥയും , അതിന് പിന്നിലെ പരിശ്രമങ്ങളും വായനക്കാരന്റെ മുന്നിലെത്തിക്കുകയാണ് വിജയവഴികള്‍ എന്റെ ടെക്‌നോപാര്‍ക്ക് സ്‍മരണകള്‍. കേരളത്തിലെ യുവതയും സാമ്പത്തീക രംഗവും എന്നെന്നും കടപ്പെട്ടിരിക്കേണ്ടത് ഈ പദ്ധതി വിജയകരമായി പ്രാവര്‍ത്തീകമാക്കുവാന്‍ ഈ പദ്ധതിക്ക് പിന്നില്‍ യാതൊരു വിട്ടു വീഴ്ചക്കും വഴങ്ങാതെ അര്‍പ്പണബോധത്തോടെ, പ്രവര്‍ത്തിച്ച, അഴിമതിയെ തീണ്ടാപ്പാടകലെ നിര്‍ത്തിയ വിജയരാഘവനു പലപ്പോഴും മന്ത്രിമാരില്‍ നിന്നും രാഷ്ട്രീയക്കാരില്‍ നിന്നും മേലുദ്യോഗസ്ഥരില്‍ നിന്നും ഉണ്ടായ സമ്മര്‍ദ്ദങ്ങളെ എങ്ങനെ അതി ജീവിച്ചു എന്നും ഈ പുസ്തകത്തിലൂടെ വിശദീകരിക്കുന്നു.
കംപ്യൂട്ടര്‍വത്കരണത്തെ അടിമുടി എതിര്‍ത്തിരുന്ന ഇ. കെ. നായനാരും ഗൌരിയമ്മയും കേരളത്തിലെ ഇലട്രോണിക്സ് വിപ്ലവത്തിന്‍റെ പിതാവായ ശ്രീ കെ പി പി നമ്പ്യാരുടെ ടെക്നോപാര്‍ക്ക് എന്ന ആശയത്തെ കേരളത്തിലെത്തിക്കുന്നതില്‍ വഹിച്ച പങ്കിനെയും തുടര്‍ന്ന് കേരളം ഭരിച്ച കെ. കരുണാകരന്‍, എ കെ ആന്റണി, വി എസ് അച്ചുതാനന്ദന്‍, വ്യവസായ മന്ത്രിമാരായിരുന്ന പി കെ കുഞ്ഞാലിക്കുട്ടി, സുശീല ഗോപാലന്‍ തുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങളെയും വിലയിരുത്തുന്നുണ്ട്. ഒരു വിപ്ലവ പാര്‍ട്ടിയുടെ നേതാവായിരുന്നിട്ടും സാംബ്രാജിത്വ രാഷ്ട്രമായ അമേരിക്ക സന്ദര്‍ശിക്കുകയും സിലിക്കന്‍ വാലിയില്‍ പോയി അവിടുത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും കംപ്യുട്ടര്‍ വന്നാല്‍ തൊഴില്‍ നഷ്ടപ്പെടുമെന്ന് പറഞ്ഞ പാര്‍ട്ടി ലൈനിന് മുകളില്‍ ജനപക്ഷത്തു നിന്ന ഇ.കെ. നായനാരുടെ ഉറച്ച തീരുമാനവും ശ്രീ കെ പി പി നമ്പ്യാരുടെ ദീര്‍ഘവീക്ഷണവും വിജയരാഘവന്‍റെ പ്രതിബദ്ധതയും കുഞ്ഞാലിക്കുട്ടിയുടെ സര്‍വാത്മ പിന്തുണയും ആണ് ടെക്നോപാര്‍ക്ക്.
രാഷ്ട്രീയ നേതാക്കളില്‍ ശ്രീ വി എസ് അച്യുതാനന്ദനെ മാത്രമാണ് ഈ പുസ്തകത്തില്‍ നിശിതമായി വിമര്‍ശിക്കുന്നത്. അദേഹത്തിന്റെ വാക്കുകള്‍ - "
ഇടതുപക്ഷത്തെ മുഖ്യപാര്‍ട്ടിയുടെ രണ്ടു പ്രബല നേതാക്കളാണ് ഇ.കെ.നായനാരും വി.എസ്.അച്ചുതാനന്ദനും. രണ്ടു പേരും പാര്‍ട്ടിയുടെ സംസ്ഥാന ഘടകത്തിന്‍റെ തലവന്മാരും ദേശിയ തലത്തില്‍ പാര്‍ട്ടിയുടെ പരമോന്നത സമിതിയില്‍ അംഗംങ്ങളുമായിരുന്നു. ഇരുവരും പ്രതിപക്ഷ നേതാവായി നിയമസഭയിലും മുഖ്യമന്ത്രിയായി ഭരണരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചവരുമാണ്. എന്നിട്ടും വികസന കാര്യത്തില്‍ ഇരുവരുടെയും സമീപനങ്ങളില്‍ എങ്ങനെ ഇത്രമാത്രം അന്തരമുണ്ടായി എന്നത് ചിന്തിക്കേണ്ട വിഷയമാണ്. സമീപനങ്ങളിലെ ഈ വ്യത്യാസം പ്രത്യയശാസ്ത്രപരമോ സൈദ്ധാന്തികമോ അല്ല, വ്യക്തിപരമായ വീക്ഷണത്തിന്‍റെതാണ്. നായനാരുടെ സമീപനം എപ്പോഴും 'പോസിറ്റീവ്' ആണ്. ജനനന്മയാണ് അദേഹത്തിന്റെ ലക്ഷ്യം; സാമൂഹിക വികസനമെന്നതാണ് കാഴ്ചപ്പാട്. അച്ചുതാനന്ദനാകട്ടെ, നിലവിലുള്ള ഏതു സംവിധാനത്തില്‍ നിന്നുള്ള ഏതു മാറ്റത്തെയും എതിര്‍ക്കുന്നതിലാണ് രസം; വികസനത്തെ സംശയത്തോടെ വീക്ഷിക്കുക എന്നതാണ് സിദ്ധാന്തം. ഒരാള്‍ക്ക്‌ രാജ്യത്തിന്‍റെ സാമൂഹിക, സാമ്പത്തീക വികാസങ്ങളിലാണ് നോട്ടമെങ്കില്‍ വികസനത്തിന്‍റെ വഴികളില്‍ പുറംതിരിഞ്ഞു നില്‍ക്കുകയാണ് മറ്റെയാള്‍ "
അച്ചുതാനന്ദന്‍ ഒരാള്‍ കാരണം ആണ്, അമേരിക്കന്‍ കമ്പനിയായ സീ ഗേറ്റ് എന്ന കമ്പനി കേരളത്തിനു നഷ്ടമായതെന്നും ചൈനയില്‍ ഇപ്പോള്‍ പതിനായിരത്തിലധികം ജോലിക്കാര്‍ ചൈനയില്‍ സീ ഗേറ്റ് കമ്പനിയില്‍ ജോലി ചെയ്യുന്നു എന്നും വിജയരാഘവന്‍ പറയുന്നു. അച്ചുതാനന്ദന്‍ കേരള മുഖ്യമന്ത്രി ആയാല്‍ അതൊരു ഡിസാസ്റ്റര്‍ ആയിരിക്കും എന്ന അമരിക്കന്‍ കൊണ്സല്‍ ജെനറലിന്റെ അഭിപ്രായവും വിജയരാഘവന്‍ ഈ പുസ്തകത്തില്‍ എടുത്തു പറയുന്നുണ്ട്.
തുടക്കം മുതല്‍ ഒടുക്കം വരെ ഒറ്റ ഇരുപ്പില്‍ യാതൊരു മുഷിവും ഇല്ലാതെ വായിച്ചിരിക്കാവുന്ന ഗ്രന്ഥം. വ്യവസായികള്‍ കേരളത്തില്‍ നിന്നും മുഖം തിരിക്കുകയും വ്യവസായങ്ങള്‍ പിന്‍വാങ്ങുകയും ചെയ്തിരുന്ന ഒരു കാലഘട്ടത്തില്‍ നിന്നും ക്രമേണ സംസ്ഥാനത്തിന് നിക്ഷേപ സൗഹൃദസംസ്ഥാനമെന്ന അന്തരാഷ്ട്രപ്രശസ്തി നേടിക്കൊടുത്ത ഒരു പൊതുമേഖലാസ്ഥാപനത്തിന്റെ വളര്‍ച്ചയാണ് ഈ പുസ്തകത്തിലൂടെ വിജയരാഘവന്‍ വരച്ചു കാട്ടുന്നത്. ഒപ്പം കേരളത്തിന്റെ സാമൂഹിക സാമ്പത്തിക തൊഴില്‍ രംഗങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കു വഴിവെച്ച ഐ.ടി യുഗത്തിന്റെ കടന്നു വരവിന്റെ ചരിത്രവും.
അഴിമതി തൊട്ടു തീണ്ടാത്ത , സ്ഥിരം അഴിമതിക്കാര്‍ക്ക് പോലും അഴിമതിക്ക് ഒരവസരവും നല്‍കാതെ ടെക്നോപാര്‍ക്കിനെ രാജ്യാന്തര പ്രശസ്തിയിലെക്കുയര്‍ത്തിയ വിജയരാഘവന് കേരളത്തില്‍ ഇതുപോലുള്ള പദ്ധതികള്‍ ഇനിയും ഏറ്റെടുത്തു നടത്തുവാനുള്ള അവസരം കൈവരട്ടെ എന്ന് പ്രത്യാശിക്കുന്നു

Saturday, 12 September 2015

വെനീസ് എത്ര മനോഹരി !

തെ, ഇന്ന് ഇറ്റലിയോട് വിട പറയുകയാണ്‌. അതിനു മുന്‍പ് ഇറ്റലിയിലെ ഏറ്റവും മനോഹരമായ മനുഷ്യ നിര്‍മ്മിതമായ ദ്വീപ സമൂഹം കാണണം. 118 ദ്വീപുകള്‍ ചേര്‍ന്ന അതിമനോഹരമായ കെട്ടിട നിര്‍മ്മാണ വൈദഗ്ദ്ധ്യം വിളിച്ചോതുന്ന കലയുടെ മറ്റൊരു പറുദീസയാണ് വെനീസ്. കനാലുകള്‍ കൊണ്ടും ബ്രിഡ്ജുകള്‍ കൊണ്ടും ആണ് ഈ ദ്വീപ സമൂഹത്തെ ബന്ധിപ്പിച്ചിരിക്കുന്നത്. ചില ദ്വീപുകള്‍ക്കിടയിലെ കനാലുകള്‍ വളരെ ചുരുങ്ങിയതാവും. കനാലുകള്‍ക്കിരുവശവും നിന്ന് ഇരു ദ്വീപു നിവാസികള്‍ക്കും സംസാരിക്കാന്‍ സാധിക്കുന്ന അത്രയധികം അടുപ്പം.
ഇറ്റലിയിലെ വെനെറ്റോ പ്രവിശ്യയുടെ തലസ്ഥാനം ആണ് വെനീസ് നഗരം. ഒരു നഗരം മുഴുവന്‍ വെള്ളത്തില്‍ മുങ്ങി കിടക്കുന്നു. പൂര്‍ണ്ണമായും വേള്‍ഡ് ഹെറിറ്റേജ് സൈറ്റില്‍ ഇടം പിടിച്ച ഒരു നഗരം ആണ് വെനീസ്. വെനീസില്‍ എത്തിയാല്‍ നെതര്‍ലന്‍ഡ്‌സിന്‍റെ തലസ്ഥാനം ആയ ആംസ്റ്റര്‍ഡാം ആണ് ഓര്‍മ വരിക. ഏകദേശം മൂന്നു ലക്ഷത്തിലധികം ജനങ്ങള്‍ കടലില്‍ നിര്‍മ്മിച്ച ഈ നഗരത്തില്‍ അധിവസിക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ അതിശയം തോന്നിയേക്കാം. മനോഹരമായ ശില്പങ്ങളും കെട്ടിടങ്ങളും ഓരോ സഞ്ചാരിയെയും വെനീസിലേക്ക് ആകര്‍ഷിക്കും. മനുഷ്യരാല്‍ നിര്‍മ്മിക്കപ്പെട്ട ഏറ്റവും മനോഹരമായ സിറ്റി ആണ് 'അഡ്രിയാറ്റിക്കിലെ രാജ്ഞി' എന്നറിയപ്പെടുന്ന വെനീസ്. യൂറോപ്പിന്‍റെ പ്രണയ നഗരമായും വെനീസ് അറിയപ്പെടുന്നു.
ദുബായിലെ പാം ജുമൈറ, ഈ അടുത്ത കാലത്ത് പണി കഴിപ്പിച്ചിട്ടുള്ള മനുഷ്യ നിര്‍മ്മിത ദീപ സമൂഹമാണ്. അതിനെത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പേ വെനീസ് ഒരു വിസ്മയമായി നമുക്കിടയില്‍ ഉണ്ട്. മെര്‍ച്ചന്റ് ഓഫ് വെനീസ് എന്ന നാടകത്തിലൂടെ ഷേക്സ്പിയര്‍ പരിചയപ്പെടുത്തിയിട്ടുള്ള വെനീസ്, ആ നാടകം പഠിച്ച കാലത്ത്, കാണുവാന്‍ കഴിയും എന്ന് കരുതിയിരുന്നില്ല.
മനുഷ്യരാല്‍ നിര്‍മ്മിക്കപ്പെട്ട ഏറ്റവും മനോഹരമായ സിറ്റിയായാണ് 'അഡ്രിയാറ്റിക്കിലെ രാജ്ഞി'യായ വെനീസ് അറിയപ്പെടുന്നത് .
വെനീസിനെ കുറിച്ചുള്ള വിശ്വാസം അത് എ ഡി 421 ല്‍ നിര്‍മ്മിച്ച പട്ടണം ആണെന്നാണ്.‌. ഇറ്റലിയുടെ വടക്ക് കിഴക്ക് ജീവിച്ചിരുന്ന വെനെറ്റി എന്ന് വിളിക്കപ്പെട്ട ഒരു വിഭാഗം റോമന്‍ പൌരന്മാര്‍ നിര്‍മ്മിച്ചതാണ് ഈ പട്ടണമെന്നു കരുതപ്പെടുന്നു. ആറ്റില ഇറ്റലി ആക്രമിച്ചപ്പോള്‍ വെനീസിലെ ജനങ്ങള്‍ ഈ ദ്വീപുകളിലേക്കു രക്ഷപ്പെട്ട് ഇവിടെ താമസമുറപ്പിച്ചു... 568 ല്‍ ലൊംബാര്‍ഡിന്‍റെ ആക്രമണത്തില്‍ കൂടുതല്‍ പേര്‍ വന്‍കരയില്‍ നിന്നും ഈ ദ്വീപുകളിലേക്കു രക്ഷപ്പെടുകയും ഇവിടെ സ്ഥിര താമസമാക്കുകയും ചെയ്തു എന്നും ചരിത്രം പറയുന്നു. എണ്ണൂറുകളില്‍ വെനീസ് വലിയൊരു കച്ചവട കേന്ദ്രമായി മാറി. പതിമൂന്നാം നൂറ്റാണ്ടില്‍ ലോകത്തിലെ പ്രബല രാജ്യമായി വെനീസ് മാറി. റോമന്‍ സാമ്രാജ്യവുമായും ബൈസാന്റ്യന്‍ സാമ്രാജ്യവും മുസ്ലീം ലോകവുമായും കച്ചവടത്തില്‍ ഏര്‍പ്പെട്ട വെനീസ് വലിയ സാമ്പത്തിക ശക്തിയായി മാറി. തുര്‍ക്കിയും ആസ്ത്രിയയും ഇറ്റലിയും ഒക്കെ പലപ്പോഴായി ഈ പ്രദേശം കൈയേറി ഭരണം നടത്തി. ഇറ്റലി രൂപം കൊണ്ടപ്പോള്‍ വെനീസ് സ്വാഭാവികമായി ഇറ്റലിയുടെ ഭാഗമായി മാറി.
നവോത്ഥാന കാലഘട്ടം വെനീസിനെയും കലയുടെ കേളീ കേന്ദ്രമാക്കി. ഗോഥിക്ക് കെട്ടിട നിര്‍മ്മാണ രീതിയാണ് വെനീസില്‍ അവലംബിച്ചിട്ടുള്ളത്. ശില്പഭംഗിയാര്‍ന്ന കെട്ടിട സമുച്ചയങ്ങള്‍ നിറഞ്ഞ വെനീസ്, അതി മനോഹരിയാണ്. പള്ളികള്‍, കൊട്ടാരങ്ങള്‍, പിയാസകള്‍ , കനാലുകള്‍ എല്ലാം വെനീസിനെ സുന്ദരിയാക്കുന്നു. ഓരോ ദിവസവും ശരാശരി അര ലക്ഷം സഞ്ചാരികള്‍ ആണ് വെനീസ് സന്ദര്‍ശിക്കുന്നത്.
IMG 2926 
പാദുവയില്‍ നിന്ന് ഏകദേശം മുക്കാല്‍ മണിക്കൂര്‍ കൊണ്ട് ഞങ്ങള്‍ വെനീസിന്റെ തീരത്ത്‌ എത്തി. കടലില്‍ നങ്കൂരമിട്ടിരിക്കുന്ന വലിയ കപ്പലുകള്‍ മുതല്‍ ചെറിയ തോണികള്‍ വരെ നല്ല കാഴ്ചയാണ്. ഞങ്ങള്‍ ബസ്സില്‍ നിന്നിറങ്ങി, ബോട്ട് ജെട്ടിയിലേക്ക് നടന്നു. സഞ്ചാരികളെ സ്വീകരിക്കാനായി വഴിയോര കച്ചവടക്കാര്‍ നിരന്നു നില്‍ക്കുന്നു. രാവിലെ തന്നെ അനേകം സഞ്ചാരികള്‍ ബോട്ടുകള്‍ക്കായി കാത്തിരിക്കുന്നു. ഹലോജി, ഞങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ വാങ്ങി, ഞങ്ങളെ ബോട്ടില്‍ കയറുന്നതിനായി ക്യൂവില്‍ നിര്‍ത്തി. ടഗ് ബോട്ടുകള്‍, വാപൊറെറ്റോ, ബാര്‍ജുകള്‍ മൂന്നോ നാലോ പേര്‍ക്ക് കയറാവുന്ന സ്പീഡ് ബോട്ടുകള്‍, വലിയ ആഡംബരക്കപ്പലുകള്‍, ഇടത്തരം വലിപ്പമുള്ള വ്യക്തിഗത ആഡംബര സ്പീഡ് ബോട്ടുകള്‍, എന്നിങ്ങനെ വിവിധതരം ജലനൌകകള്‍ കായലില്‍ അങ്ങിങ്ങായി തെന്നി നീങ്ങുന്നു. വെനീസിലെ ഏറ്റവും വലിയ ആകര്‍ഷണം ഈ ജലനൌകകളും ജലസവാരികളും ആണ്. പന്ത്രണ്ടു മണി വരെയാണ് ഞങ്ങള്‍ക്ക് വെനീസില്‍ കറങ്ങുവാന്‍ ഉള്ള സമയം, ഏകദേശം മൂന്നു മണിക്കൂര്‍. തിരികെ വരുമ്പോള്‍ ബോട്ടില്‍ ആണ് ഞങ്ങള്‍ക്ക് ഉച്ച ഭക്ഷണം. അത് കഴിഞ്ഞു അന്ന് ഞങ്ങള്‍ ഇറ്റലിയോട് വിട പറയുകയാണ്‌. ഇറ്റലിയില്‍ നിന്ന് ആസ്ത്രിയയിലേക്ക്, അന്ന് തന്നെ ആണ് വാട്ടന്സില്‍ സ്വ്റോസ്കി ക്രിസ്റ്റല്‍സ് കാണുവാന്‍ പദ്ധതി ഇട്ടിരിക്കുന്നത്. ഹലോജി ഞങ്ങളെ അന്നത്തെ യാത്രയുടെ ചുരുക്കമെല്ലാം പറഞ്ഞു കേള്‍പ്പിച്ചു. ഗോണ്ടോള സവാരിക്ക് വലിയ വിലപേശല്‍ ഉണ്ടാവുമെന്നും അതിനാല്‍ ആര്‍ക്കെങ്കിലും ഗോണ്ടോള സവാരി ചെയ്യണമെങ്കില്‍, ഹലോജിക്ക് പരിചയമുള്ള ടീം ഉണ്ട്, അവര്‍ റേറ്റ് കുറച്ചു തരുമെന്നും ഹലോജി ഓര്‍മിപ്പിച്ചു. അതൊക്കെ ഹലോജിക്ക് കമ്മീഷന്‍ കൊടുക്കുന്ന ശിങ്കിടികള്‍ ആവും എന്ന് ഞങ്ങള്‍ ഊഹിച്ചു. എന്തായാലും ആരും ഈ ചുരുങ്ങിയ സമയം കൊണ്ട് ഗോണ്ടോളയില്‍ കയറുവാന്‍ സാധ്യത ഇല്ല എന്നും ഞങ്ങള്‍ മനസിലാക്കി. നാലുപേര്‍ക്ക് ഇരുന്നു തുഴഞ്ഞു പോകാവുന്ന ചെറിയ തുഴച്ചില്‍ നൌക ആണ് ഗോണ്ടോള. വെനീസില്‍ സാധാരണയായി എത്തുന്ന സഞ്ചാരികള്‍ ഗോണ്ടോളയിലൂടെ ദ്വീപ സമൂഹങ്ങള്‍ക്ക് വലംവയ്ക്കുക പതിവാണ്. കുമരകത്തും കുട്ടനാട്ടിലും ആലപ്പുഴയിലുമൊക്കെ ചെറിയ വഞ്ചികളില്‍ തുഴഞ്ഞു പോകുന്നതുപോലെയുള്ള ഒരനുഭവം. കാറ്റിനോടും ഓളങ്ങളോടും കിന്നരിച്ചു കൊണ്ടുള്ള വഞ്ചി തുഴയല്‍ ഹൃദ്യമായ അനുഭവമാകും.
ഞങ്ങള്‍ എല്ലാവരും ബോട്ടില്‍ കയറി. മുകളിലെ ഡെക്കില്‍ ആണ് ഞങ്ങള്‍ കയറിയത്. അതിനിടയില്‍ ബോട്ടിന്‍റെ ക്യാപ്റ്റനും ആയി ചില കശപിശ. എന്തായാലും അയാള്‍ ഞങ്ങളെ തുറിച്ചു നോക്കി അകത്തേക്ക് പോയി. ഞങ്ങള്‍ ക്യാമറയില്‍ കാഴ്ചകള്‍ ഒപ്പിയെടുക്കുവാന്‍ തുടങ്ങി. എല്ലാവരും വലിയ ത്രില്ലില്‍ ആണ്.. ബോട്ടില്‍ വച്ച് ഹലോജി വെനീസിനെ കുറിച്ച് ഞങ്ങള്‍ക്ക് കൂടുതല്‍ വിവരണങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു.
IMG 2960
ഏകദേശം അരമണിക്കൂര്‍ കൊണ്ട് സവാരി അവസാനിച്ചു. ഞങ്ങള്‍ വെനീസിലെ ബോട്ട് ജെട്ടിയില്‍ ഇറങ്ങി. നിരവധിയായി ബോട്ടുകള്‍ വന്നു കൊണ്ടിരിക്കുന്നു. നഗരം രാവിലെ തന്നെ ജനനിബിഡമാവുകയാണ്. ഇറ്റലിയിലെങ്ങും കണ്ട യുവത ഇവിടെയും തമ്പടിച്ചിരിക്കുന്നു. വളരെ പഴയ കെട്ടിടങ്ങള്‍ ആണെങ്കിലും വൃത്തിയായി പരിപാലിച്ചിരിക്കുന്നു. വെനീഷ്യന്‍ ഗ്ലാസിനും മുറാനോ ഗ്ലാസിനും പ്രസിദ്ധമാണ് വെനീസ്. ഹലോജി നേരത്തെ പ്ലാന്‍ ചെയ്തത് പ്രകാരം വലിയൊരു മുറാനോ ഗ്ലാസ് ഷോ റൂമിലേക്ക്‌ ആണ് ആദ്യം ഞങ്ങളെ കൊണ്ട് പോയത്. ഒരു ഇടുങ്ങിയ ഗോവണി കയറി ഞങ്ങള്‍ ആ ഷോപ്പിന്‍റെ ഉള്ളില്‍ എത്തി. അവിടെ ഗ്ലാസ്‌ നിര്‍മ്മിക്കുന്ന ഒരു ഉലയില്‍ ഞങ്ങള്‍ക്ക് വേണ്ടി പെര്‍ഫോം ചെയുവാന്‍ ഒരു മുറാനോ ഗ്ലാസ്‌ ശില്പി. സ്ഫടികത്തിന്റെ ഒരു കക്ഷണം ഒരു കൊടിലില്‍ വച്ച്, അദേഹം ഉലയിലേക്ക് നീട്ടി, അല്പസമയത്തിനകം കൊടിലിലെ സ്പടിക കക്ഷണം ഉരുകിത്തുടങ്ങി. ഉരുകിയ ആ ഗ്ലാസ് കൊണ്ട്, നിമിഷ നേരം കൊണ്ട് മറ്റൊരു കൊടില്‍ കൂടി ഉപയോഗിച്ച് ഫെറാറി കാറിന്‍റെ ലോഗോയിലുള്ള കുതിരയെ ഉണ്ടാക്കി. മനോഹരമായ ആ ശില്പത്തിലെക്ക് ഞങ്ങള്‍ മതിമറന്നു നോക്കി നില്‍ക്കവേ അയ്യാളുടെ കയ്യിലിരുന്ന ഒരു ന്യൂസ്‌ പേപ്പറില്‍ നിന്നും ഒരു ഭാഗം കീറി അയാള്‍ ആ ശില്പത്തിലേക്ക് ഇട്ടു. ഉടനെ ആ പേപ്പറില്‍ തീ ആളിക്കത്തി. മുന്നൂറു ഡിഗ്രി സെന്റിഗ്രേഡ്‌ ചൂടുണ്ട് ആ പ്രതിമയ്ക്ക് എന്നദ്ദേഹം വിശദീകരിച്ചു . തുടര്‍ന്ന് ഞങ്ങളെ വിശാലമായ മുറാനോ ഗ്ലാസ്സിന്റെ ഷോ റൂമിലേക്ക്‌ ആനയിച്ചു. പല വര്‍ണ്ണങ്ങളിലും ആകൃതിയിലുമുള്ള മനോഹരമായ കലാവിരുതുകള്‍ ഞങ്ങള്‍ ഇമ വെട്ടാതെ നോക്കി നിന്നു. ഷോ കേസുകളില്‍ മാത്രം കണ്ടിട്ടുള്ള കലാരൂപങ്ങള്‍. തൊട്ടും തലോടിയും നോക്കിയതല്ലാതെ ഞങ്ങളാരും അവ വാങ്ങുകയുണ്ടായില്ല.അവയുടെ കനത്ത വില തന്നെ കാരണം
കൈയിലെ യൂറോ കുറഞ്ഞുവരൂന്നു, അടുത്ത് കണ്ട എ ടി എം മെഷീനില്‍ നിന്ന് കുറച്ചു യൂറോ എടുത്തു. വെനീസിന്റെ ഹൃദയ ഭാഗമായ സെ. മാര്‍ക്സ് സ്ക്വയറിലേക്കാണ് യാത്ര. വെനീസിലെത്തുന്ന സഞ്ചാരികള്‍ക്ക് 9 -)ം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട, ഇവിടത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു അങ്കണമായ സെന്റ് മാര്‍ക്ക്സ് സ്ക്വയര്‍ ഒരിക്കലും ഒഴിവാക്കാനാവില്ല. ഇംഗ്ലീഷില്‍ സെന്റ് മാര്‍ക്ക്സ് സ്ക്വയര്‍ എന്നാണ് പറയുന്നതെങ്കിലും ഇറ്റലിക്കാര്‍ക്ക് ഇത് പിയാസ്സാ സാന്‍ മാര്‍ക്കോ ആണ്. വെനീസില്‍ പിയാസ എന്നറിയപ്പെടുന്നത് സെ. മാര്‍ക്ക്സ് സ്ക്വയര്‍ മാത്രമാണ്. യൂറോപ്പിന്റെ അങ്കണം എന്നാണു നെപ്പോളിയന്‍ സെ. മാര്‍ക്ക്സ് സ്ക്വയറിനെ വിശേഷിപ്പിച്ചത്. സെന്റ് മാര്‍ക്ക്സ് ബസിലിക്ക, ഡൌജിന്റെ കൊട്ടാരം , ബസിലിക്കയുടെ മണിമേട, എന്നിവയാണ് പിയാസ്സയിലെ പ്രധാന ആകര്‍ഷണങ്ങള്‍. ഇതിനൊക്കെ പുറമെ വെനീസിലെ പ്രധാനപ്പെട്ട സര്‍ക്കാര്‍ കെട്ടിടങ്ങളും ഓഫീസുകളുമൊക്കെ പിയാസ്സയിലാണുള്ളത്. ഇവിടെ എപ്പോഴും സന്ദര്‍ശകരുടെ വലിയ തിരക്കാണ്.
IMG 3021
സെന്റ് മാര്‍ക്ക്സ് ബസിലിക്കയുടെ തൊട്ടുതന്നെയുള്ളതും വെനീഷ്യന്‍ ഗോത്തിൿ മാതൃകയില്‍ നിര്‍മ്മിച്ചിട്ടുള്ളതുമായ ഡൌജിന്റെ കൊട്ടാരം 1923 മുതല്‍ ഒരു മ്യൂസിയമാണ്. 700 കൊല്ലത്തോളം ഈ കെട്ടിട സമുച്ചയം വെനീഷ്യന്‍ റിപ്പബ്ലിക്കിന്റെ സിരാകേന്ദ്രമായി വര്‍ത്തിച്ചുപോന്നു. വെനീസിലെ ഏറ്റവും പ്രധാനപ്പെട്ട കെട്ടിടവും ഇതുതന്നെയാണ്. 13 യൂറോ കൊടുത്താല്‍ കൊട്ടാരമടക്കം പിയാസ്സായിലെ എല്ലാ മ്യൂസിയങ്ങളും കയറിക്കാണാം. അതേ സമയം ബസിലിക്കയിലേക്ക് കയറാന്‍ ടിക്കറ്റിന്റെ ആവശ്യമില്ല. പക്ഷെ തെരുവോരങ്ങളില്‍ അലയുവാനും വായ് നോക്കി നടക്കുവാനും ആണ് ഞങ്ങള്‍ സമയം ചിലവഴിച്ചത്. കാരണം മ്യൂസിയങ്ങള്‍ ചുറ്റിക്കറങ്ങുവാനുള്ള സമയം അന്നത്തെ കാര്യപരിപാടിയില്‍ ഉണ്ടായിരുന്നില്ല. അതിനിടയില്‍ സുവനീറുകള്‍ മേടിക്കുവാനും സ്ത്രീകള്‍ സമയം കണ്ടെത്തി. പന്ത്രണ്ടു മണി ആയപ്പോഴേക്കും തെണ്ടിത്തിരിഞ്ഞു ഞങ്ങള്‍ ഹലോജി പറഞ്ഞ മീറ്റിംഗ് പോയിന്‍റില്‍ എത്തി. അല്പസമയത്തിനകം ഞങ്ങളുടെ ബോട്ട് എത്തി. ഇന്ന് ബോട്ടില്‍ ആണ് ഞങ്ങളുടെ ഉച്ച ഭക്ഷണം. വീണ്ടും ഇന്ത്യന്‍ ഉച്ച ഭക്ഷണം വെനീസിലെ ബോട്ടില്‍ വച്ച് ഞങ്ങള്‍ കഴിച്ചു. നല്ല വിശപ്പുണ്ടായിരുന്നതിനാലും ബോട്ടില്‍ വച്ചുള്ള ഭക്ഷണം ആയിരുന്നതിനാലും ഞങ്ങളെല്ലാം വളരെ മാന്യമായി പെരുമാറി. ഭക്ഷണം കഴിഞ്ഞപ്പോള്‍ ഹലോജി ഞങ്ങള്‍ക്ക് എല്ലാവര്ക്കും ഓരോ കുപ്പി വൈറ്റ് വൈന്‍ തന്നു. ഒരു ഫാമിലിക്ക്‌ ഒന്ന് എന്നാണ് പറഞ്ഞത് എങ്കില്‍ കൂടി ഞങ്ങള്‍ മൂന്നു ബോട്ടില്‍ അടിച്ചുമാറ്റി. ഇതിനിടയില്‍ ഞങ്ങളുടെ ബോട്ട് തീരമണഞ്ഞു കഴിഞ്ഞിരുന്നു. വെനീസിനോട് വിട പറഞ്ഞു ഞങ്ങള്‍ ബസ്സില്‍ കയറി. നാല് ദിവസം പോയതറിഞ്ഞില്ല. ഞങ്ങളിപ്പോള്‍ ഒരു കുടുംബം പോലെ ബസ്സിലെ എല്ലാവരും ആയി സൌഹൃദത്തിലായി.

വെനീസില്‍ നിന്ന് ഇന്ന്‍സ്ബ്രക്കിലേക്ക് ഏകദേശം നാനൂറു കിലോമീറ്റര്‍ യാത്രയുണ്ട്. വെനീസില്‍ നിന്ന് വെറോണ വരെ 120 കിലോമീറ്റര്‍ , അത് കഴിഞ്ഞു ആല്‍പ്സ് പാര്‍വത നിരകള്‍ക്കിടയില്‍ കൂടിയുള്ള റോഡിലൂടെ ആണ് യാത്ര. നാലുമണിക്ക് വാട്ടന്സില്‍ എത്തി, സ്വരോസ്കി ക്രിസ്റ്റല്‍ സന്ദര്‍ശിക്കുകയും അതിനു ശേഷം ഇന്ന്‍സ്ബ്രക്കില്‍ താമസിക്കുകയും ആയിരുന്നു ഞങ്ങളുടെ പ്ലാന്‍. പക്ഷെ ഞങ്ങള്‍ വാട്ടന്സില്‍ എത്തുമ്പോള്‍ താമസിച്ചേയ്ക്കും എന്നതിനാല്‍ അന്ന് ഇന്ന്‍സ്ബ്രക്ക് നഗരം ചുറ്റിക്കണ്ട്, പിറ്റേന്ന് വാട്ടന്‍സിലേയ്ക്ക് യാത്ര ചെയ്യാമെന്ന് തീരുമാനം മാറ്റി.
വെനീസില്‍ നിന്നും ആസ്ട്രിയയിലെ ഇന്ന്‍സ്ബ്രെക്കിലെക്കുള്ള യാത്ര അതിമനോരമായ ഓര്‍മ്മകള്‍ നിറഞ്ഞ അനുഭവമായിരുന്നു. കുട്ടികള്‍ ഒക്കെയും അന്താക്ഷരിയും കളികളും ആയി പിന്നില്‍. ഞാനും പാര്‍ത്ഥനും ഞങ്ങള്‍ക്ക് കിട്ടിയ വൈന്‍ അടിച്ചു കൊണ്ടേയിരുന്നു.ഞങ്ങളുടെ തൊട്ടു മുന്നിലെ സീറ്റില്‍ തൃശ്ശൂര്‍ സ്വദേശികളായ റോയിയും ഭാര്യ ജാസ്മിനും. കോണ്‍ഗ്രെസുകാരനായ റോയിക്ക് തീവ്ര സി പി എം ലൈനുള്ള ജാസ്മിന്‍. ജാസ്മിന്‍ തികഞ്ഞ പിണറായി ഭക്ത. കോണ്‍ഗ്രസിനെ പോലെ തന്നെ വി എസ്സും ജാസ്മിന് തൊട്ടുകൂടാത്തവന്‍. ഞാനും പാര്‍ത്ഥനും കൂടി ജാസ്മിനും ആയി തര്‍ക്കത്തില്‍, റോയിയോ, ഞങ്ങള്‍ക്ക് ഒപ്പവും. ദീര്‍ഘ യാത്രയായതിനാലാവും സ്ത്രീകള്‍ ഉറക്കത്തിലേക്ക് വഴുതി വീഴുന്നു. ആല്‍പ്സ് പര്‍വതനിരകള്‍ക്കിടയിലൂടെയുള്ള യാത്ര പച്ചപ്പട്ടു പുതച്ച മലനിരകളുടെ സൌന്ദര്യം, ഉറങ്ങാതിരുന്ന ക്യാമറകള്‍ പകര്‍ത്തിക്കൊണ്ടിരുന്നു. ദുബായിലെ ടണലുകള്‍ മാത്രം കണ്ടിരുന്ന പലരും പത്തും പതിനഞ്ചും കിലോമീറ്റര്‍ നീളമുള്ള തുരങ്കങ്ങള്‍ അദ്ഭുതത്തോടെ നോക്കിക്കണ്ടു.. ഒലിവും മുന്തിരിയും ആപ്പിളും വിളയുന്ന തോട്ടങ്ങള്‍. മലകളും പുല്‍മേടുകളും അപൂര്‍വമായി മാത്രം ജനവാസമുള്ള ഗ്രാമങ്ങള്‍. ഇടയ്ക്ക് വലിയ ചില പട്ടണങ്ങളും. ആകെക്കൂടി ചന്തമുള്ള ഭൂപ്രദേശം. സ്ക്രീന്‍ സേവറില്‍ മാത്രം കാണുന്നത്ര ഭംഗിയുള്ള കുന്നിന്‍ ചെരുവുകളും താഴവാരങ്ങളും മലനിരകളും, സഞ്ചാരികളെ മത്തു പിടിപ്പിക്കും.
IMG 3037
അനേകം രാജ്യങ്ങള്‍ സന്ദര്‍ശിക്കുവാന്‍ എനിക്ക് അവസരം കിട്ടിയിട്ടുണ്ട്, പക്ഷെ ഇനി ഒരിക്കല്‍ ഒരവസരം കിട്ടിയാല്‍ പോകുവാന്‍ ആഗ്രഹിക്കുന്ന രാജ്യം ഏതെന്നു ആരെങ്കിലും ചോദിച്ചാല്‍ ഒറ്റ ഉത്തരമേ ഉള്ളൂ... ഇറ്റലി. വളരെ ചുരുങ്ങിയ ദിനങ്ങള്‍ കൊണ്ട് ഞാന്‍ കണ്ട റോമയും, വത്തിക്കാനും, വെനീസും, പിസ്സയും, ഫ്ലോറന്‍സും ഇനിയും എന്നെ ഈ നഗരത്തിലേക്ക് മാടി വിളിച്ചു കൊണ്ടിരിക്കയാണ്. പോരാത്തതിന് ഞങ്ങള്‍ക്ക് പോകുവാന്‍ സാധിക്കാത്ത പോംപി നഗരവും, മിലാനും നേപ്പിള്‍സ് , സിസിലി തുടങ്ങി അനേകം കാഴ്ചകളും . അതിലുപരി ജാഡകളില്ലാത്ത ഇറ്റാലിയന്‍ സ്നേഹവും.

അതിര്‍ത്തി പിന്നിട്ടപ്പോള്‍, വീണ്ടും വരുമെന്ന് ആഗ്രഹിച്ചു കൊണ്ട് ഇറ്റലിയോട് ഞങ്ങള്‍ ആചാരം ചൊല്ലി പിരിഞ്ഞു. ഏകദേശം അഞ്ചര മണി ആയപ്പോള്‍ ഞങ്ങള്‍ ഇന്ന്‍സ്ബ്രെക്ക് പട്ടണത്തില്‍ എത്തിച്ചേര്‍ന്നു.

Friday, 4 September 2015

ഇന്ന്‍സ്ബ്രുക്കും സവറോസ്കി ക്രിസ്റ്റല്‍സും‏

ഏകദേശം   അഞ്ചരയോടെ ഞങ്ങള്‍ ആസ്ത്രിയയിലെ പ്രധാന നഗരങ്ങളിലൊന്നായ ഇന്ന്‍സ്ബ്രുക്കില്‍  എത്തിച്ചേര്‍ന്നു. കൂറ്റന്‍ മലനിരകള്‍ക്കിടയിലെ മനോഹരമായ പട്ടണം. ഇറ്റലിയില്‍ പൊതുവേ ചൂടുള്ള കാലാവസ്ഥ ആയിരുന്നു എങ്കില്‍ കൂടി, ഇന്ന്‍സ്ബ്രൂക്കില്‍  എത്തിയപ്പോള്‍ തണുപ്പിന്റെ ആവരണം ഞങ്ങളെ പതുക്കെ പിടി കൂടിയിരുന്നു. അഞ്ചര ആയെങ്കിലും സൂര്യന്‍ നല്ല പ്രകാശം ചുരത്തിയാണ് ഞങ്ങളെ എതിരേറ്റത്.

പടിഞ്ഞാറന്‍ ആസ്ത്രിയയിലെ ടൈറോള്‍ എന്ന സംസ്ഥാനത്തിന്‍റെ തലസ്ഥാനം ആണ് ഇന്ന്‍സ്ബ്രക്ക് എന്ന പട്ടണം. ആല്‍പ്സ്  പര്‍വത നിരകള്‍ക്കിടയിലെ മനോഹരമായ പട്ടണം ശൈത്യകാലത്ത് മാത്രമല്ല വേനല്‍ക്കാലത്തും വിനോദസഞ്ചാരികള്‍ക്ക് കുളിര്‍മയേകുന്ന പട്ടണം ആണ്. ഇറ്റലിയിലെ വെറോണയ്ക്കും ജെര്‍മനിയിലെ മ്യൂണിക്കിനും ഇടയിലുള്ള ഈ മനോഹരമായ പട്ടണത്തില്‍ രണ്ടു തവണ ശീതകാല ഒളിമ്പിക്സ് മല്‍സരങ്ങള്‍ നടന്നിട്ടുണ്ട്. ആല്‍പ്സ് പരവത നിരയിലെ ഏറ്റവും വലിയ സ്കീയിംഗ് കേന്ദ്രം കൂടിയാണ് ഇന്ന്‍സ്ബ്രക്ക് . ബസില്‍ നിന്നിറങ്ങി നടത്തിയ വിഗഹ വീക്ഷണത്തില്‍ കൂറ്റന്‍  ആല്‍പ്സ്  പാര്‍വത നിരകള്‍ക്കിടയിലെ ഒരു ചെറിയ പട്ടണമായിട്ടാണ് ഞാന്‍ ഇന്ന്‍സ്ബ്രെക്കിനെ കണ്ടത്. വാഹനം പാര്‍ക്ക് ചെയ്തു ഞങ്ങള്‍ സിറ്റി സെന്ററിലേക്ക് നടന്നു. ഞങ്ങളെ പോലെ തന്നെ മറ്റു പല വിനോദസഞ്ചാരികളും കാല്‍നടയായി സിറ്റി സെന്ററിനെ ലാക്കാക്കി മുന്നോട്ടു പോകുന്നു.

1000 വർഷത്തോളം പഴക്കമുള്ള നഗരമാണത്രേ ഇന്ന്സ്ബ്രുക്ക്. നഗരഹൃദയത്തിൽ ഇന്നു കാണുന്ന കെട്ടിടങ്ങളെല്ലാം 500ൽ പരം വർഷങ്ങളുടെ പഴക്കമുള്ളവയാണ്‌.മദ്ധ്യകാല യൂറോപ്പിന്റെ പ്രൌഡി വിളിച്ചോതുന്ന കെട്ടിടങ്ങള്‍ മനോഹരമായി സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. പതിനഞ്ചാം നൂറ്റാണ്ടില്‍ യൂറോപ്പിന്റെ രാഷ്ട്രീയ കേന്ദ്രവും മാക്സ്മിള്ളന്‍ ഒന്നാമന്റെ കാലത്തെ സാംസ്കാരിക  കേന്ദ്രവും  ഇന്ന്‍സ്ബ്രക്കിലാണ്. ഇവിടെ മാക്സ്മില്ല്യന്‍ ഒന്നാമന്റെ കല്ലറ ഇപ്പോഴും സംരക്ഷിച്ചിട്ടുണ്ട്. ഓള്‍ഡ്‌ സിറ്റിയില്‍ അനേകം ഭോജന ശാലകള്‍, അവിടെയുള്ള കസേരകള്‍ എല്ലാം തന്നെ നിറഞ്ഞിരിക്കയാണ്. വിനോദസഞ്ചാരികള്‍ മാത്രമല്ല, അവിടെ താമസമാക്കിയ ജനങ്ങളും വൈകുന്നേരം ഭക്ഷണം കഴിക്കുകയാണ്. നിറഞ്ഞു തുളുമ്പുന്ന ബിയര്‍ ഗ്ലാസ്സുകളും വൈന്‍ കുപ്പികളും ഇവിടുത്തെ ഭക്ഷണക്രമത്തിന്റെ ഭാഗമാണ്.
പതിനാലാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച, യൂറോപ്പിലെ തന്നെ ഏറ്റവും പുരാതന ഹോട്ടല്‍ ആയ ഗോള്‍ഡന്‍ റൂഫ്  ഇന്നും ഭംഗിയായി സംരഷിച്ചു പോരുന്നു.  ഇവിടുത്തെ  പ്രധാന ആകർഷണമാണ്‌ 1420 ഇൽ നിർമ്മിച്ച ഗോൾഡൻ റൂഫ്. 2500 ചെമ്പു തകിടുകൾ കൊണ്ടാണ്‌ ഈ മേൽക്കൂര ഒരുക്കിയിരിക്കുന്നത്. ലോകത്തിലെ ആദ്യത്തെ ഹോട്ടല്‍ ആണ് ഗോള്‍ഡന്‍ റൂഫ് എന്നാണ് ഹലോജി ഞങ്ങളോട് പറഞ്ഞിരിക്കുന്നത്.  വിസ്മയത്തോടെ ഞങ്ങള്‍ ആ ഹോട്ടലിനെ നോക്കി നിന്ന്, പലരും അതിനു മുന്നില്‍ നിന്ന് ഫോട്ടോ എടുക്കുന്നു.  ചെമ്പ്  കൊണ്ട് പൊതിഞ്ഞ ബാല്‍ക്കണിയുടെ മേല്‍ക്കൂര വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

അനേകം മ്യൂസിയങ്ങള്‍  അടങ്ങിയ സിറ്റി സെന്ററില്‍ നിന്ന് ഞങ്ങള്‍ പോയത് അടുത്തു തന്നെയുള്ള  സെ. ജേക്കബ് കത്തീദ്രലിലെക്കാന്. ഇന്ന്‍സ്ബ്രക്ക് കത്തീദ്രല്‍ എന്നും പതിനെട്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച  ഈ കത്തീദ്രല്‍ അറിയപ്പെടുന്നു.  ടര്‍ക്കിഷ് മാതൃകയിലുള്ള ഗോപുരങ്ങളോട് കൂടിയ ഈ ദേവാലയം അതി മനോഹരമാണ്. ദേവാലയത്തിനകത്ത് അനേകം ശില്‍പ്പങ്ങള്‍. ചുവരുകളില്‍ മനോഹരമായ ചിത്രങ്ങള്‍. മെഴുകുതിരി കത്തിക്കല്‍ ഇവിടെയുള്ള ഒരു അനുഷ്ടാനം ആയിട്ടാണ് കരുതുന്നത് എന്ന് തോന്നുന്നു. ഒരു വശത്ത്‌ അനേകം മെഴുകുതിരികള്‍ കാത്തിച്ചു വച്ചിരിക്കുന്നു. ഞങ്ങളുടെ കൂടെയുള്ള പലരും നേര്ച്ചപ്പെട്ടിയില്‍ പണമിട്ടു മെഴുകുതിരി കത്തിക്കുന്നത് കണ്ടു. പള്ളിക്കകത്ത് വലിയ ഒരു ഓര്‍ഗന്‍ സ്ഥാപിച്ചിട്ടുണ്ട്. വലിയ ഒരു വിസ്മയം പോലെ ആണ് ഞങ്ങള്‍ ആ പള്ളി കണ്ടിറങ്ങിയത്. വത്തിക്കാനിലെ സെ. പീറ്റേര്‍സ് ബസിലിക്ക കണ്ടിറങ്ങുമ്പോള്‍ ഈ പള്ളി വളരെ നിസ്സാരമാണെന്നു തോന്നിയേക്കാം, എങ്കിലും ഈ പള്ളിക്കുള്ളിലെ ശില്പങ്ങള്‍ സഞ്ചാരികളെ ആകര്‍ഷിക്കും.
പള്ളിയില്‍ നിന്നിറങ്ങി, കുട്ടികള്‍ക്ക് പലര്‍ക്കും വിശക്കുന്നു. ഞങ്ങള്‍ പുരാതന സിറ്റിയിലെ പുരാതന കെട്ടിടങ്ങള്‍ക്കിടയിലൂടെ നടന്നു. കുട്ടികള്‍ ഇതിനിടയില്‍ ബര്‍ഗര്‍ വാങ്ങി വന്നപ്പോള്‍ ആണ്, പുരാതനമാല്ലാത്തതെന്നു തോന്നിപ്പിക്കുന്ന ഒരു കട മക്ഡോണാഡ മാത്രമാണ് എന്നറിഞ്ഞത്. ചെറിയ പട്ടണം ആയതു കൊണ്ടായിരിക്കാം കുട്ടികള്‍ ഒക്കെ കൂട്ടം തെറ്റി, ഒറ്റയ്ക്ക് നടന്നു കാഴ്ചകള്‍ കാണാന്‍ പോയിട്ടും മാതാപിതാക്കള്‍ അതൊന്നും ശ്രദ്ധിക്കുന്നതായി കണ്ടില്ല. സിറ്റി ഹാളും, ഓപെറ ഹൌസും ഇമ്പീരിയല്‍ പാലസും ഒക്കെ ഇതിനിടയില്‍ ഒരു വിഗഹ വീക്ഷണത്തില്‍ ഞങ്ങള്‍ കണ്ടു.

തിരികെ ബസ്സിലേക്ക് പോകുവാന്‍ ശ്രമിക്കുമ്പോള്‍ ആണ് എവിടെ നിന്നെന്ന്നറിയില്ല, ഇരുപതോളം അംഗംങ്ങള്‍ അടങ്ങിയ ഒരു ബാന്‍ഡ്  സംഘം തങ്ങളുടെ വാദ്യോപകരണങ്ങള്‍ ആയി പെട്ടെന്ന് സിറ്റി സെന്ററിലെക്ക് എത്തിയത്. സുന്ദരികളും സുന്ദരന്മാരുമായ ആ സംഘത്തില്‍ ചെറുപ്പക്കാര്‍ മുതല്‍ പ്രായമായവര്‍ വരെയുണ്ട്. മോസ്സാര്‍റ്റ് , ബീതോവാന്‍ തുടങ്ങിയവര്‍ സംഗീതത്തെ ഉപാസിച്ച നാടായതു കൊണ്ടാകാം അനേകം ആളുകള്‍ ഇവരുടെ സംഗീതം ആസ്വദിക്കുവാന്‍ എത്തിയിരുന്നു. രണ്ടു മൂന്നു പാട്ടുകള്‍ കഴിഞ്ഞതോടു കൂടി ഹലോജി ഞങ്ങളെ അവിടെ നിന്നും വിളിച്ചു കൊണ്ട് പോയി ബസ്സില്‍ കയറ്റി.
ഇനി ഹോട്ടലിലേക്കുള്ള യാത്രയാണ്. ആസ്ത്രിയയിലെ ടൈറോള്‍ സംസ്ഥാനത്തെ ഏറ്റവും സുന്ദരവും പോപ്പുലറും ആയ സ്കീക്ക് അടുത്തുള്ള മനോഹരമായ, എന്നാല്‍ പഴക്കം തോന്നിപ്പിക്കുന്ന ഹോട്ടല്‍ ഒളിമ്പ്യയില്‍ ആണ് ഞങ്ങള്‍ക്ക് താമസം ഒരുക്കിയിരുന്നത്. ഇന്ന്‍സ്ബ്രെക്കില്‍ നിന്നും പതിനാറ് കിലോമീറ്റര്‍ മലമുകളിലേക്ക് യാത്ര ചെയ്യണം ഹോട്ടലില്‍ എത്താന്‍.  നമ്മുടെ നാട്ടിലെ  വന പ്രദേശത്തു കൂടി പോകുന്ന ഒരു പ്രതീതി ആണ് ഹോട്ടലിലേക്കുള്ള യാത്ര അനുസ്മരിപ്പിച്ചത്. നമ്മുടെ താമരശ്ശേരി  ചുരം ആണ് പെട്ടെന്ന് ഓര്‍മ വന്നത്. പൈന്‍ വൃക്ഷങ്ങള്‍ നിറഞ്ഞ ആ മലയിലേക്കുള്ള യാത്ര സാഹസീകം  എന്ന്  തന്നെ  പറയാം. മലമുകളില്‍ എത്തിയപ്പോഴേക്കും ഇരുട്ട് പടര്‍ന്നിരുന്നു. പക്ഷെ ചൂട് കാലമായിട്ടും നല്ല തണുപ്പ്. ശീത കാല ഒളിമ്പിക്സിനു വരുന്ന കായിക താരങ്ങള്‍ താമസിച്ചു കൊണ്ടിരുന്ന ഹോട്ടല്‍ ആണിത്. ഞങ്ങള്‍ റൂമില്‍ കയറി ഫ്രഷ്‌ ആയി. വളരെ വലിപ്പമുള്ള മുറികള്‍ . മലയോരത്തോട് ചേര്‍ന്ന മുറിയാണ് ഞങ്ങള്‍ക്ക് കിട്ടിയത്. ആ മുറിയില്‍ മാത്രം അഞ്ചു കട്ടിലുകള്‍ . ശൈത്യകാലത്ത് സ്കീയിങ്ങിനും മറ്റും അനേകര്‍ ഈ ഹോട്ടലുകളില്‍ താമസിക്കാറുണ്ട്‌. അത് കൊണ്ട് കൂടിയായിരിക്കാം ഇത്രയധികം ബെഡ്!

ഭക്ഷണത്തിനായി ഞങ്ങള്‍  ഒത്തു കൂടി, ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള വിനോദ സഞ്ചാരികളുടെ പല ഗ്രൂപ്പുകള്‍. ഞാനും പാര്‍ത്ഥനും ഷാജിയും ബിജുവും കുവൈറ്റില്‍ നിന്നുള്ള അച്ചായനും ഇതിനിടയില്‍ ഒരു ബോട്ടില്‍ സംഘടിപ്പിച്ചു. ഇന്ത്യക്കാര്‍ വിനോദ സഞ്ചാരത്തിനു വരുന്ന കാലമായതിനാലാകണം ഇന്ത്യന്‍ ഷെഫിനെ നാട്ടില്‍ നിന്ന് വരുത്തി ഇവിടെ ഭക്ഷണം പാകം ചെയിക്കുകയാണ്. വീണ്ടും  ഇന്ത്യന്‍ ഭക്ഷണം ന്യൂജെന്‍   കുട്ടികള്‍ക്ക് തീരെ താല്പര്യമില്ല അവരുടെ മുഖം കണ്ടാല്‍ . എങ്കിലും ഭക്ഷണം കഴിഞ്ഞു ഞങ്ങള്‍ നേരെ ഡിസ്കോ ഫ്ലോറിലേക്ക് ആണ് പോയത്. അവിടെ ഞങ്ങള്‍  കുറെ നേരം സംഗീതത്തിനൊപ്പം നൃത്തം ചവിട്ടി. ഞങ്ങളെപ്പോലെ തന്നെ വന്ന മറ്റു ടൂര്‍ ഗ്രൂപ്പുകള്‍ കൂടി ഡാന്‍സ് ഫ്ലോറില്‍ ഞങ്ങള്‍ക്കൊപ്പം ചുവടു വച്ചു.
പെട്ടെന്നാണ് ഹലോജിയുടെ അറിയിപ്പ് ഉണ്ടാകുന്നത്. ഹോട്ടലിന്‍റെ പിന്നിലുള്ള ഗ്രൗണ്ടില്‍ ഞങ്ങള്‍ക്കായി ക്യാമ്പ്‌ ഫയര്‍ ഒരുക്കിയിരിക്കുന്നു. ഞങ്ങള്‍ മുറ്റത്തു ചുറ്റും കൂടി തീയിലേക്ക് വിറകു കക്ഷണങ്ങള്‍ എറിഞ്ഞു കൊണ്ടിരുന്നു. നാലാം ദിവസം,  ഞങ്ങള്‍ എല്ലാവരെയും പരിചയപ്പെടുവാന്‍ കൂടി ഈ ഒത്തു ചേരല്‍ അവസരമാക്കി. ഇതിനിടയില്‍ ജോണ്‍സണ് ചെറിയ ഒരു പനി എന്ന് കേട്ടു , അതിനാല്‍ ജോണ്‍സന്‍ ഞങ്ങള്‍ക്കൊപ്പം കൂടിയില്ല. ക്യാമ്പ്‌ ഫയര്‍ കഴിഞ്ഞു ഞങ്ങള്‍ ഉറക്കത്തിലേക്ക് വഴുതി.
അതി രാവിലെ തന്നെ ഉറക്കം ഉണര്‍ന്നു, പ്രഭാത കൃത്യങ്ങള്‍ കഴിഞ്ഞു ഞങ്ങള്‍ ഹോട്ടലിനു ചുറ്റും  വലം വെച്ചു. വല്ലാത്ത തണുപ്പ്. ഹോട്ടലില്‍ നിന്ന് നോക്കുമ്പോള്‍ മലനിരകള്‍ക്കിടയില്‍   ആസ്ട്രിയൻ ആൽപ്സിലൂടെയുള്ള കേബിൾകാറുകളും മൗണ്ടൻട്രെയിനുകളും കാണാം. 1925 ഇൽ നിർമ്മിച്ച സ്കീ ജമ്പ് സ്റ്റേഡിയവും അവിടെ നിന്ന് കാണാം. 1964 ലും 1976 ലും ശൈത്യകാല ഒളിമ്പിക്സ് നടന്നത് ഇവിടെ വച്ചാണ്‌. രണ്ടു ഒളിമ്പിക്സിലും താരങ്ങള്‍ താമസിച്ച ഹോട്ടല്‍ ആണിത്. ഹോട്ടലിനു പിന്നില്‍ വേനല്‍ കാലമായിട്ടു പോലും മഞ്ഞിന്‍റെ തിരുശേഷിപ്പുകള്‍ കാണാം. മഞ്ഞു കാലത്ത് സ്വദേശികളും  വിദേശികളും സ്കീയിങ്ങിനായി വരുമ്പോള്‍ ആണ് ഈ ഹോട്ടലില്‍ ഉത്സവാന്തരീക്ഷം. ഭയങ്കര തിരക്കായിരിക്കും അന്നേരം. മനോഹരമായ പ്രകൃതി ഭംഗി ക്യാമറയില്‍ പകര്‍ത്തി മതി വരുന്നില്ല. ഹലോജിയുടെ ബാറ്റന്‍ കണ്ടിട്ടാകണം എല്ലാവരും ഭോജന ശാലയിലേക്ക് പോയി. യാത്രയില്‍ ആദ്യമായിട്ടാണ് നല്ല പ്രഭാത ഭക്ഷണം ലഭിച്ചത്. തനി കോണ്ടിനെന്റല്‍ ഭക്ഷണം. ഭക്ഷണം കഴിഞ്ഞു  ഞങ്ങള്‍  കുന്നിറങ്ങാന്‍ തുടങ്ങി. തലേ ദിവസം ലേറ്റ് ആയതിനാല്‍ കാണാന്‍ കഴിയാതിരുന്ന വറ്റെന്‍സിലെ സ്വവ്രോസ്കി  ക്രിസ്റ്റല്‍ വേള്‍ഡ് ആണ് അടുത്ത ലക്ഷം.

ഞങ്ങള്‍ വറ്റെന്‍സിലെ സ്വവ്രോസ്കി ക്രിസ്റ്റല്‍ പാലസില്‍ എത്തുമ്പോള്‍ മറ്റാരും എത്തിയിരുന്നില്ല. മ്യൂസിയം തുറന്നിട്ടും ഉണ്ടായിരുന്നില്ല.ആൽപ്സിന്റെ അടിവാരത്തിലുള്ള പ്രകൃതിരമണീയമായ ഒരു താഴ്വരയിലാണ്‌ സ്വരോവ്സ്കിയുടെ ആസ്ഥാനം. ഇതിനോട് ചേർന്നാണ്‌ ക്രിസ്റ്റൽ മ്യൂസിയം ഒരുക്കിയിരിക്കുന്നത്. നിറങ്ങളുടെയും വെളിച്ചത്തിന്റെയും ഒരു മായികലോകം എന്നു വേണമെങ്കിൽ ക്രിസ്റ്റൽ വേൾഡിനെ വിശേഷിപ്പിക്കാം. സ്ഥലകാല യാഥാർത്ഥ്യങ്ങൾക്ക് പ്രസക്തിയില്ലാത്ത ഈ അൽഭുതക്കാഴ്ചകളാണ്‌ ക്രിസ്റ്റൽവേൾഡിനെ ലോകത്തിലെ ഇതര മ്യൂസിയങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.

പച്ചില പടര്‍പ്പുകള്‍ മൂടിയ  ഒരു മൊട്ടക്കുന്നില്‍ കണ്ണുകളില്‍ രത്നങ്ങള്‍ പതിച്ച ഒരു വലിയ തല. വായില്‍ നിന്ന് ഒരു ചെറിയ വെള്ളച്ചാട്ടം, മുന്നിലുള്ള ചെറിയ ജലാശയത്തിലേക്ക്‌. ഞങ്ങള്‍ ആ ചെറിയ ജലാശയത്തിനു മുന്നില്‍ നിന്ന് സെല്ഫിയും ഫോട്ടോയും ഒക്കെ എടുത്തു. കുട്ടികള്‍ അടുത്തു കണ്ട ചെറിയ പാര്‍ക്കില്‍ കളികളില്‍ ഏര്‍പ്പെട്ടു. ഒരു കെട്ടിടം എന്ന് ഒരിക്കലും തോന്നാത്ത ആ മൊട്ടക്കുന്നിലെ ജയന്റ് എന്ന  രൂപത്തിന്‍റെ ചെവിയിലൂടെ ഞങ്ങള്‍ മ്യൂസിയത്തിലേക്ക് പ്രവേശിച്ചു.

1895 ല്‍ ഡാനിയേൽ സ്വരോവ്സ്കി ആണ്  സ്വരോസ്കി ക്രിസ്റ്റല്‍ സ്ഥാപിക്കുന്നത്.  1995 ല്‍ സ്വറോസ്കി ക്രിസ്റ്റല്‍സിന്‍റെ നൂറാം വാര്‍ഷികം പ്രമാണിച്ച് നിര്‍മ്മിച്ച ഈ മ്യൂസിയം ആന്ദ്രെ ഹെല്ലെര്‍ എന്ന മള്‍ട്ടിമീഡിയ ആര്‍ട്ടിസ്റ്റ്  ആണ്  രൂപകല്‍പന ചെയ്തത്. പത്തു ലക്ഷത്തോളം ആളുകള്‍ ആണ് ഓരോ വര്‍ഷവും ഈ മ്യൂസിയം കാണാന്‍ എത്തുന്നത് എന്നാണ് ഏകദേശ കണക്ക്.
മ്യൂസിയത്തിലേക്ക് കടക്കുന്ന സന്ദർശകരെ എതിരേല്ക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ ആഭരണക്കല്ലാണ്‌. 310000 കാരറ്റാണ്‌ ഇതിന്റെ തൂക്കം. സെന്റിനർ എന്നു പേരിട്ടിരിക്കുന്ന ഈ കല്ല് സ്വരോസ്കിയുടെ സ്ഥാപകനായ ഡാനിയേൽ സ്വരോവ്സ്കിക്ക് സമർപ്പിച്ചിരിക്കുന്നു. ഏതൊരാളും ഈ അമൂല്യമായ കല്ലിനു മുന്നില്‍ കണ്ണ് ചിമ്മാതെ നിന്ന് പോകും, അത്രയ്ക്കുണ്ട് സൌന്ദര്യം. പലതരം കല്ലുകൾ കൊണ്ട് ജീനിയും അലങ്കാരങ്ങളും ചെയ്തിട്ടുള്ള ഒരു കുതിരയുടെ ശില്പവും അതിനടുത്ത ബ്ലൂ ഹാളില്‍ ഉണ്ട്. ചെറുതും വലുതുമായ അനേകം ക്രിസ്റ്റല്‍ ശില്പങ്ങള്‍ മുന്നോട്ടുള്ള പ്രയാണത്തില്‍ കാണാം. പതിനാറു അറകളില്‍ ആയിട്ടാണ് ആ മ്യൂസിയം വിഭാവനം ചെയ്തിരിക്കുന്നത്.

സ്വരോവ്സ്കിയിലെ പ്രിസിഷൻ എഞ്ചിനീയർമാരുടെ കരവിരുത് തെളിയിക്കുന്ന മെക്കനിക്കൽ തീയേറ്ററാണ്‌ അടുത്ത സ്റ്റാളിൽ. വേഗത്തിൽ കറങ്ങുന്നതിനിടെ തുണ്ടുകളായി മുറിച്ച ഒരു മനുഷ്യരൂപം കൂടിച്ചേരുന്നതും നൃത്തം വയ്ക്കുന്നതുമൊക്കെയാണ്‌ അവിടത്തെ പ്രദർശനം. ഇറ്റലിയില്‍ കണ്ട മ്യൂസിയങ്ങളില്‍ നിന്ന് തികച്ചും വിഭിന്നമായ വേറിട്ടൊരു കാഴ്ച. മള്‍ട്ടിമീഡിയയും ക്രിസ്റ്റല്‍സും ലൈറ്റും എഞ്ചിനിയരിംഗും വിദഗ്ധമായി സമന്വയിപ്പിച്ച് ഒരു ഫൂഷന്‍ ഷോ.
മ്യൂസിയത്തിലെ ഏറ്റവും ആകർഷകമായ  ക്രിസ്റ്റൽ ഡോമാണ്‌ അടുത്തത്.  595 കണ്ണാടികൾ കൊണ്ടുതീർത്ത ഒരു കാലിഡസ്കോപ്പാണ്‌ ക്രിസ്റ്റൽ ഡോം. ഈ കാലിഡസ്കോപ്പിനുള്ളിലാണ്‌ സന്ദർശകരായ ഞങ്ങള്‍ ഇപ്പോള്‍. ഉള്ളിൽ നിന്നുള്ള പ്രകാശശ്രോതസ്സിന്റെ വ്യതിയാനത്തിനനുസരിച്ച് താരാപഥങ്ങൾ നിറഞ്ഞ നീലാകാശവും ആഴിയുടെ അഗാധതയും മനസ്സിന്റെ വിഹ്വലതകളുമെല്ലാം അതിനു ചേർന്ന സംഗീതത്തിന്റെ പശ്ചാത്തലത്തിൽ പ്രത്യക്ഷപ്പെടും. മനോഹരമായ ഒരനുഭൂതിയാണ്‌ ക്രിസ്റ്റൽഡോം. പ്രശസ്ത ഓപെറാ ഗായികയായ ജെസ്സി നോർമൻ ക്രിസ്റ്റൽ ഡോമിൽ നടത്തിയ ഒരു സംഗീതപരിപാടിയുടെ വീഡിയോ അടുത്ത സ്റ്റാളിലുണ്ട്. മഡഗാസ്കറിൽ നിന്ന് കൊണ്ടുവന്ന സുതാര്യമായ ഒരു സ്വാഭാവിക ക്രിസ്റ്റലിൽ ആ ശബ്ദവും പ്രകാശവും പ്രതിഫലിക്കുന്നു. മനുഷ്യ മനസ്സിന്റെ ആഴിയും പരപ്പും വളവും തിരിവും അഗാധകളും ആണ് ഈ അനുഭവം.


പ്രകാശവും ശബ്ദവും ചേർത്തിണക്കിയ സവിശേഷമായ ഒരു വിസ്മയം എന്ന് വിശേഷണമാണ്‌ 55 മില്ല്യൺ ക്രിസ്റ്റൽസ് കൊണ്ടൊരുക്കിയ അനന്തതയുടെ വിസ്മയം എന്ന പ്രദർശനം. എല്‍ സി ഡി  സ്ക്രീനിലെ മോഡേൺ ആർട്ടുകൾ  ഏതോ വിസ്മയ ലോകത്തില്‍ നമ്മെ കൊണ്ടെത്തിക്കുന്നു. ആര്‍ട്ടിസ്റ്റ് എന്താണ് ഉദ്ദേശിച്ചത് എന്നത് മനസിലാവുന്നില്ല.
പല ആകൃതിയിലുള്ള 48 ബഹുഭുജങ്ങളാള്‍  വിവിധ വർണ്ണങ്ങളുള്ള പ്രകാശത്തിന്റെ അകമ്പടിയോടെ പ്രദർശിപ്പിച്ചിരിക്കയാണ് പ്രതിഫലനം എന്ന അടുത്ത ഷോയില്‍. ശാസ്ത്രവും മതവും മനുഷ്യ പരിണാമത്തിനു വഴി തുറന്നതിന്റെ ഓര്‍മപ്പെടുത്തലുകള്‍ ആണ് പ്രതിഫലനം.
ഐസ്  പാസ്സേജ് , യാതൊരു ഒച്ചയനക്കവും ഇല്ലാത്ത ഒരിട നാഴി ആണ്. നമ്മള്‍ അതിലേക്കു കാലെടുത്തു വയ്ക്കുമ്പോള്‍ പെട്ടെന്ന് പ്രകാശമാനമായ ഒരു പ്രതലത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു. കൂടുതല്‍ ആളുകള്‍ ആ ഇടനാഴിയിലേക്ക്   വരുമ്പോള്‍  പ്രകാശത്തിന്റെയും തെളിമ വര്‍ദ്ധിക്കുന്നു.
സൈലന്റ് നൈറ്റ്‌ ആണ് മറ്റൊരു മാസ്മരീക അറ, 150,000 ക്രിസ്റ്റല്‍ കൊണ്ട് തീര്‍ത്ത മരം.  മരം കോച്ചുന്ന തണുപ്പു ഫീല്‍ ചെയ്യുന്ന പരിസരവും  ഇരുട്ടും, അതിനിടയ്ക്ക്  സ്പാര്‍ക്ക് ചെയുന്ന ക്രിസ്റ്റല്‍സ് നമുക്ക് നല്‍കുന്നത് നവ്യമായ റൊമാന്റിക് ഫീലിങ്ങ്സ്‌ ആണ്.
ഭാഷയുടെ അതിര്‍വരമ്പുകളെ തച്ചുടക്കുന്ന  ക്രിസ്റ്റല്‍ കാലിഗ്രാഫിയും മനോഹരമായിരിക്കുന്നു.
1895 മുതല്‍ ഇങ്ങോട്ടുള്ള സ്വറോസ്കി ക്രിസ്റ്റല്‍സിന്‍റെ വളര്‍ച്ചയെയാണ് ടൈംലെസ്സ് നമുക്ക് മുന്നില്‍ വിളമ്പുന്നത്. ഫമോസ് എന്ന സ്റ്റാളില്‍ ക്രിസ്റ്റല്‍ എങ്ങനെയാണ് കട്ട് ചെയുന്നത് എന്ന് കാണിച്ചു തരുന്നു.
അടുത്ത സ്റ്റാള്‍ ക്രിസ്റ്റല്‍ ഫോറെസ്റ്റ് ആണെന്നാണ്‌ തോന്നുന്നത്.   പ്രകൃതിയെയും സാങ്കേതികവിദ്യയെയും പ്രതീകാത്മകമായി ചേർത്തിണക്കി വച്ചിരിക്കുകയാണ്  ക്രിസ്റ്റൽ ഫോറസ്റ്റിൽ. ക്രിസ്റ്റൽ ഫോറസ്റ്റിലൂടെ നടക്കുമ്പോൾ അഗ്നിയുടെ വന്യതയും ജലത്തിന്റെ കുളിർമ്മയും സ്ഫടികത്തിന്റെ സുതര്യതയും കാഴ്ചക്കരുടെ മനസ്സിലേക്ക് ഒഴുകിയത്തും.
പ്രകാശത്തിന്റെ മനോഹരമായ ഈ മ്യൂസിയത്തിലെ ഒട്ടു മിക്ക ശില്പ ചാരുതകളും നേരിട്ട് ഗ്രഹിക്കുക അത്ര എളുപ്പമായിരുന്നില്ല എന്നെ പോലോരാള്‍ക്ക്. എല്ലാം കണ്ടും കേട്ടും ഞങ്ങള്‍ എത്തിയിരിക്കുന്നത് സ്വവരോസ്കി ക്രിസ്റ്റല്‍സിന്‍റെ വിശാലമായ ഷോറൂമില്‍ ആണ്.
ഞങ്ങളുടെ കൂടെയുണ്ടായിരുന്ന സ്ത്രീകളുടെ മുഖത്തു ക്രിസ്റ്റല്‍ പ്രഭ തെളിയുന്നതും ആണുങ്ങളുടെ മുഖം കരുവാളിക്കുന്നതും ഷോറൂമില്‍ കയറിയപ്പോള്‍ ഒന്ന് കാണേണ്ടത് തന്നെ. വീണ്ടും ഏകദേശം അര മണിക്കൂര്‍ നേരം ഷോറൂമില്‍. മനോഹരമായ് ആഭരണങ്ങളും ശില്പങ്ങളും എല്ലാം ഞങ്ങള്‍ നടന്നു കണ്ടു. പലരും പല വിധത്തിലുള്ള ആഭരണങ്ങളും സോവനീറുകളും വാങ്ങി. അപ്പോഴേക്കും ഹലോജിയുടെ വിസില്‍ മുഴങ്ങി കഴിഞ്ഞിരുന്നു. ഞങ്ങള്‍ ബസില്‍ കയറി ആസ്ത്രിയക്കും സ്വിറ്റ്സര്‍ലന്‍ഡിനും ഇടയിലുള്ള ചെറിയ രാജ്യമായ ലിക്സ്റെന്‍സ്റ്റെന്യ്യ്നിലെക്ക് യാത്ര തിരിച്ചു.

http://www.malayalanatu.com/component/k2/item/196-2015-07-31-03-28-00 

Monday, 24 August 2015

മേജറായ രൂപയും മൈനറായ യുവാനും

രൂപ മേജറായി, ഇനി അവള്‍ക്കു വോട്ടവകാശവും കല്യാണപ്രായവും ആയി. തിങ്കളാഴ്ച  രാവിലെ മുതല്‍ സോഷ്യല്‍ മീഡിയകളിള്‍ പ്രചരിച്ച തമാശ കാര്‍ട്ടൂണുകള്‍ യു എ ഇ നിവാസികളുടെത് ആയിരുന്നു.  ഒരു അറബ് എമിരേറ്റ്സ് ദിര്‍ഹം കൊടുത്താല്‍ പതിനെട്ടു  രൂപ ലഭിക്കുമെന്നായപ്പോള്‍ കടം മേടിച്ചും ലോണ്‍ എടുത്തും ക്രെഡിറ്റ്‌ കാര്‍ഡില്‍ നിന്ന് വലിച്ചും നാട്ടിലേക്ക് പണം ചവിട്ടുന്ന തിരക്കിലായിരുന്നു ഇന്ത്യക്കാര്‍ എന്നാണ് വാര്‍ത്ത. രൂപയെ കെട്ടിച്ചു വിടാനുള്ള സ്ത്രീധനം സ്വരൂപിക്കയായിരുന്നിരിക്കാം.

ഇന്ത്യന്‍ കറന്‍സി മാത്രമല്ല ഡോളറോ ഡോളറുമായി ബന്ധിച്ചിട്ടില്ലാത്തതുമായ  എല്ലാ കറന്‍സികളും താഴേക്കു നിപതിക്കുന്ന കാഴ്ച ആണ് തിങ്കളാഴ്ച ലോകം കണ്ടത്. . ലോകത്തിലെ എല്ലാ സ്റ്റോക്ക്‌ എക്സ്ചെഞ്ചുകളും നിലംപരിശായി.  തിങ്കളാഴ്ച  മാത്രം ഇന്ത്യന്‍  വിപണിക്ക് നഷ്ടപ്പെട്ടത്  ഏഴു  ലക്ഷം കോടി രൂപയാണ്.  എണ്ണ ഉത്പാദക രാജ്യങ്ങളുടെ സാമ്പത്തീക സ്ഥിതിയും കഴിഞ്ഞ ഒരു വര്‍ഷമായി പരുങ്ങലില്‍ ആണ്. എല്ലാ കഴിഞ്ഞ ഏഴു വര്‍ഷത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയിരിക്കുന്നു. സ്വര്‍ണ്ണവും വെറും മഞ്ഞളിച്ചു നില്‍ക്കുന്ന ഒരു ലോഹം മാത്രമായി മാറുന്ന കാഴ്ചയും നമ്മള്‍ കണ്ടു കൊണ്ടിരിക്കയായിരുന്നു.

ലോകത്തിലെ വമ്പന്‍ സ്രാവായ ചൈനയുടെ സമ്പദ് ഘടനയിലുണ്ടായ മാന്ദ്യം ആണ് ലോക വിപണിയെ കഴിഞ്ഞ ഏഴു വര്‍ഷത്തിലെ ഏറ്റവും വലിയ തകര്‍ച്ചക്ക് കാരണമാക്കിയത്. കുറെ  നാള്‍ ആയി മാന്ദ്യത്തില്‍ ആയിരുന്ന ചൈന ആഗസ്റ്റ്‌ പതിനൊന്നിനു നടത്തിയ യുവാന്‍റെ മൂല്യശോക്ഷണത്തില്‍ നിന്നാണ് ഈ വലിയ തകര്‍ച്ച ലോകമെങ്ങും അരങ്ങേറിയത്.  ഒന്‍പതു ശതമാനമാണ് ചൈന വിപണിയിലെ ഇടിവെങ്കില്‍ ഇന്ത്യന്‍ വിപണിയില്‍  തിങ്കളാഴ്ച  ആറു  ശതമാനത്തോളം തകര്‍ച്ച ആണ് നേരിട്ടത്. യൂറോപ്യന്‍ വിപണിയില്‍ നാലര ശതമാനവും തകര്‍ച്ച നേരിട്ടൂ .  അമേരിക്കന്‍ വിപണിയും ആറു ശതമാനം വരെ ഇടിഞ്ഞു വെങ്കിലും മൂന്നര ശതമാനം നഷ്ടത്തില്‍ ആണ്   വിപണി ക്ലോസ് ചെയ്തത്.

ലോകം വല്ലാത്തൊരു മാന്ദ്യത്തെ വരവേല്‍ക്കുകയാണ്. റഷ്യക്ക് എതിരെയുള്ള അമേരിക്കന്‍ ഉപരോധം മുതല്‍, രണ്ടായിരത്തി ഏഴിലെ കൊടിയ മാന്ദ്യത്തില്‍ നിന്ന് ഇനിയും കരകയറാത്ത യൂറോപ്പും ഗ്രീസ്, സ്പെയിന്‍ , ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളുടെ അധിക ചിലവിനാല്‍ നട്ടം തിരിയുകയായിരുന്നു. അമേരിക്ക തങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തിയതും ലോകത്തിലെ ഏറ്റവും വലിയ നിര്‍മ്മാണ രാജ്യമായ ചൈനയുടെ അസംസ്കൃത വസ്തുക്കളുടെ ആവശ്യകതയും   ആണ് ഈ മാന്ദ്യത്തിനു കാരണം. ചുരുക്കി പറഞ്ഞാല്‍  അമേരിക്കയും ചൈനയും തമ്മില്‍ നടന്ന മുതലാളിത്ത മേധാവിത്വ മത്സരം ആണ് ഇപ്പോഴുണ്ടായ ഈ ദുസ്ഥിതിക്ക് കാരണം. 2007 അമേരിക്കന്‍ മാന്ദ്യത്തിനു കാരണക്കാര്‍ എന്ന് അമേരിക്ക ഇന്നും കരുതുന്ന ചൈനയ്ക്കു കൊടുത്ത തിരിച്ചടിയായി നിരീക്ഷകര്‍ ഇതിനെ കാണുന്നു.  

മോഡിയിലുള്ള അമിത വിശ്വാസത്തില്‍ ഇന്ത്യന്‍ വിപണി ഒരു പരിധി വരെ പിടിച്ചു നിര്‍ത്താന്‍  റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്  അത്യദ്ധ്വാനം ചെയേണ്ടി വന്നിരുന്നു. പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന ഇന്ന് പലിശ നിരക്ക് കാല്‍ ശതമാനം കണ്ടു കുറച്ചതും ഇന്ന് ഇന്ത്യന്‍ വിപണിക്കും അമേരിക്കന്‍ വിപണിക്കും നേട്ടമായി. അതിനാല്‍  ഇന്ത്യന്‍ കറന്‍സി ഉള്‍പ്പെടെ ഇന്നലെ ഇടിഞ്ഞ കറന്‍സികളെല്ലാം ചെറിയ മുന്നേറ്റങ്ങള്‍ കാഴ്ച വയ്ക്കുകയും ചെയ്തു.    ചൈന ഒഴികെയുള്ള ലോക വിപണികള്‍ വീണ്ടും സജീവമാകുന്ന കാഴ്ചയാണ് ചൊവ്വാഴ്ച ലോകം ദര്‍ശിച്ചത്.

ആഗോള വിപണിയില്‍ എണ്ണ വില കൂടിയപ്പോഴും ഇന്ത്യയില്‍ വില കുറയ്ക്കാതെ കുത്തകകളെ സഹായിച്ചപ്പോള്‍ തന്നെ പെട്രോളിന്മേലുള്ള നികുതി കൂട്ടി അധികം ധനം സ്വരൂപിക്കുകയും അതുവഴി പണപ്പെരുപ്പം കുറയ്ക്കുവാന്‍ സഹായിച്ചതും കൊണ്ടാകാം സര്‍ക്കാര്‍ വിപണിയില്‍ കാര്യമായി ഇടപെടാതിരിക്കുന്നത്‌. ഈ ഒരു കാരണത്താല്‍ തന്നെ ഇന്ത്യക്ക് ഉടനൊന്നും പേടിക്കാന്‍ ഇല്ല. ഇന്ത്യയുടെ പക്കല്‍ 38000 കോടി ഡോളര്‍ കരുതലായുണ്ട്. ചൊവാഴ്ച റിസര്‍വ് ബാങ്ക് ഡോളര്‍ വിറ്റഴിക്കുകയും തദ്ദേശിയ ധനകാര്യ സ്ഥാപനങ്ങളെ കൊണ്ട് ഓഹരികള്‍ വാങ്ങിപ്പിക്കുകയും ചെയ്തു. ഈ സ്ഥിതി വരും ദിവസങ്ങളിലും തുടര്‍ന്നേക്കും.

യു എ ഇ ഉള്‍പ്പെടെ ഗള്‍ഫ് മേഖല വല്ലാത്ത സാമ്പത്തീക പ്രതിസന്ധിയില്‍ ആണ്. റഷ്യന്‍, ചൈനീസ്‌ വിനോദസഞ്ചാരികളുടെ വരവിലെ തളര്‍ച്ച സേവന മേഖലയെയും എണ്ണ വിപണിയിലെ കടുത്ത വിലയിടിവ് മറ്റെല്ലാ മേഖലകളെയും മാന്ദ്യത്തിലേക്ക് നയിക്കുകയാണ്.  റബര്‍ വിലയിടിവിനാല്‍ നട്ടം തിരിയുന്ന കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലും ദുബായ് അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് വിനിമയങ്ങള്‍ ഒന്നും തന്നെ നടക്കുന്നില്ല എന്നതും എടുത്തു പറയേണ്ടതാണ്. അനേകം പേര്‍ക്ക് ജോലി നഷ്ടപ്പെടുന്ന ഒരവസ്ഥ ഉണ്ടായിക്കൂടെന്നില്ല. പ്രവാസ സമൂഹം നെഞ്ചിടിപ്പിലാണ്.

നിത്യോപയോഗ സാധനങ്ങളായ ഉള്ളിയുടെയും തക്കാളിയുടെയും വിലകള്‍ മാനം മുട്ടെ നില്‍ക്കുകയാണ് ഇന്ത്യയില്‍. പെട്രോള്‍ വിലക്കുറവിനാല്‍   പണപ്പെരുപ്പം കുറഞ്ഞു നിന്ന അവസ്ഥയില്‍ നിന്ന് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം പണപ്പെരുപ്പം വീണ്ടും  വര്‍ദ്ധിപ്പിക്കും എന്നാണു നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. സര്‍ക്കാറിന്റെ ക്രിയാത്മക ഇടപെടല്‍ ഉറ്റു നോക്കുകയാണ് നിക്ഷേപക വൃന്ദം .

Saturday, 22 August 2015

സുഗന്ധി എന്ന ആണ്ടാൾ ദേവനായകി


സുഗന്ധി എന്ന ആണ്ടാൾ ദേവനായകിയാണ് ഇത്തവണ നാട്ടില്‍ പോയി വന്നപ്പോള്‍ വാങ്ങിയ പുസ്തകങ്ങളില്‍ ഒരെണ്ണം. ആദ്യംവായിച്ചതും അത് തന്നെ. മലയാളിയുടെ ഗള്‍ഫ് പ്രണയത്തിനു മുന്നേയുള്ള ആവാസ കേന്ദ്രമായിരുന്ന കൊളംബും ലങ്കയും ഗള്‍ഫ് പണത്തില്‍ ഓര്‍മ പോലും അല്ലാതെ മാറിയപ്പോള്‍ ടിഡി രാമകൃഷ്ണന്‍ ചരിത്രവും മിത്തും രാഷ്ട്രീയവും ദേശിയതയും ചേര്‍ത്തിണക്കി മനോഹരമായൊരു വായനയിലൂടെ ലങ്കയെ നമുക്ക് തിരികെ നല്‍കിയിരിക്കയാണ്.
ഈ പുസ്തകവും ആയി ഫ്ലൈറ്റില്‍ ഇരിക്കുമ്പോഴാണ് @കെ എം ജയഹരി മലയാളനാട് വാരികയില്‍ എഴുതിയ ആദ്യാക്ഷരമാണ് ആല്‍ഫ (http://malayalanatu.com/comp…/…/item/200-2015-07-31-16-00-04) എന്ന ലേഖനം വായിക്കുന്നത്. വിഷയം സദാചാരം ആയിരുന്നെങ്കിലും ആല്‍ഫ എന്ന നോവലിന് ഇക്കാലയളവില്‍ എഴുതപ്പെട്ട ഒരു പഠനമായിട്ടാണ് വായനയില്‍ തെളിഞ്ഞുവന്നത്.
. ഫ്രാന്‍സിസ് ഇട്ടിക്കോരയാകട്ടെ മലയാളക്കര ഒന്നടങ്കംഏറ്റെടുത്ത ഒരു മായാ പ്രപഞ്ചം തന്നെ വായനക്കാരുടെ മുന്നില്‍ സൃഷ്‌ടിച്ച നോവല്‍ ആണ്. വിവാദങ്ങളും വിമര്‍ശനങ്ങളും അതിലേറെസ്വീകാര്യതയും ഏറ്റുവാങ്ങിയ ഇട്ടിക്കോരക്ക് ശേക്ഷം എഴുതിയ കൃതിയെന്ന നിലയ്ക്ക് വളരെ ആകാംഷയോടെ ആണ് സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി വായനക്കാര്‍ ഏറ്റു വാങ്ങിയത്. പ്രമേയവും ആഖ്യാനവും ഇട്ടിക്കോരയില്‍ നിന്ന് തുലോം വ്യത്യസ്തമാണ് എന്ന് നോവലിസ്റ്റ് ആവര്‍ത്തിക്കുമ്പോള്‍ പോലും നോവലിന്‍റെ ശൈലിയില്‍ ഇട്ടിക്കോര ഒളിഞ്ഞു നോക്കുന്നത് വായനക്കാര്‍ക്ക് കാണാം.
. ജാഫ്ന മെഡിക്കല്‍ കോളജിലെ ഡോക്ടറായിരുന്ന രജനി തിരണഗാമ എന്ന മനുഷ്യാവകാശ പ്രവര്‍ത്തക 1989ല്‍ ശ്രീലങ്കയില്‍ വധിക്കപ്പെട്ടു.. എല്‍.ടി.ടി.ഇയോട് അനുഭാവമുണ്ടായിരുന്ന അവര്‍ പുലികളുടെയും സിംഹള പട്ടാളത്തിന്‍െറയും മനുഷ്യാവകാശ ധ്വംസനങ്ങളെ നിശിതമായി വിമര്‍ശിച്ചതിന്‍െറ ഫലമായിട്ടാണ് അവര്‍ വധിക്കപ്പെടുന്നത്. ആരാണ് രജനി തിരണഗാമയെ വധിച്ചത് എന്നത് ഇപ്പോഴും വളരെ ദുരൂഹമാണ്. മനുഷ്യാവകാശ പ്രവര്‍ത്തകയായ രജനി തിരണഗാമയെയും വീരപരിവേഷമുള്ള സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി എന്ന മിസ്റ്റിക്കല്‍ കഥാപാത്രത്തെയും സംയോജിപ്പിച്ചു കൊണ്ടുള്ള ഒരു ഞാണിന്‍മേല്‍ കളിയില്‍ ഭൂതവും വര്‍ത്തമാനവും ഭാവനയില്‍ ചാലിക്കുകയായിരുന്നു നോവലിസ്റ്റ് എന്നു വേണം കരുതാന്‍. ആധുനിക സാങ്കേതിക വിദ്യയും പ്രണയമില്ലാത്ത രതിയും യാഥാര്‍ത്ഥ്യങ്ങള്‍ക്കും മിത്തുകള്‍ക്കുമിടയില്‍ പലയാവര്‍ത്തി ഉരുവിടുന്നത് വായനക്കാര്‍ക്ക് അരോചകമാകുന്നു എന്ന് വേണം പറയാന്‍.
ചരിത്രവും വര്‍ത്തമാനവും ഒന്നുപോലെ ഹിംസകളുടെ നാടാണെന്നാണ് ശ്രീലങ്കന്‍ ചരിത്രം പറഞ്ഞു തരുന്നത്. പോരാട്ടങ്ങളുടെ ചിത്രമാണ്, ചരിത്രമാണ് ഈ നോവല്‍. സിംഹള പാണ്ഡ്യ ചേര ചോള യുദ്ധങ്ങള്‍ തുടങ്ങി തമിഴ് - സിംഹള വംശീയ പോരാട്ടങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ല ഇതിലെ യുദ്ധങ്ങള്‍ . മഹീന്ദ്ര രാജപക്സെയുടെ കാലത്ത് ചൈനയുടെ നീരാളിപ്പിടുത്തത്തില്‍ പെട്ടുപോയ ലങ്കയില്‍ പിടിമുറുക്കാന്‍ തത്രപ്പെടുന്ന അമേരിക്കന്‍ സി ഐ എ യെ തുറന്നു കാണിച്ചും ഇന്ത്യന്‍ താല്പര്യങ്ങളെയും അസഹിഷ്ണതെയെയും പറയാതെ തൊട്ടു കാണിച്ചും ഈ നോവല്‍ ഒടുവില്‍ ഫാസിസത്തിനും സര്‍ക്കാരിനുമെതിരായ പ്രക്ഷോഭങ്ങള്‍ക്ക് ഭാവിയില്‍ ജനാതിപത്യവിരുദ്ധതക്ക് സ്ഥാനമില്ല എന്ന് ഓര്‍മപ്പെടുത്തുന്നു.
യുദ്ധങ്ങള്‍ എന്നും സ്ത്രീകള്‍ക്ക് എതിരാണ്. യുദ്ധങ്ങളും പ്രഷോഭങ്ങളും പോരാട്ടങ്ങളും എല്ലാം മുന്‍നിരയില്‍ സ്ത്രീകള്‍ ഇല്ലെങ്കില്‍ പോലും യുദ്ധ കെടുതികള്‍ അനുഭവിക്കുന്നത് അവരാണ്. ക്രൂരമായ ബലാത്സംഗം, പട്ടിണി, കൊടുംപീഡനങ്ങള്‍ ഇവയെല്ലാം വിധിക്കപ്പെട്ടത് സ്ത്രീകള്‍ക്കാണ്. രജനിയും സുഗന്ധിയും മാത്രമല്ല ഈ നോവലിലെ സ്ത്രീ കഥാപാത്രങ്ങള്‍ എല്ലാം വിധിക്ക് മുന്നില്‍ തോല്‍ക്കുന്നതിനു കാരണവും വ്യക്തി എന്ന നിലയിലും സ്ത്രീ എന്ന നിലയിലും യുദ്ധത്തിന്‍െറ മനുഷ്യത്വരഹിതമായ വെല്ലുവിളികളെ നേരിടാന്‍ കഴിയാത്തത് കൊണ്ട്. മാത്രമാണ്. സ്ത്രീകള്‍ക്കെതിരായ എല്ലാവിധ അക്രമങ്ങള്‍ക്കും മനുഷ്യാവകാശ ധ്വംസനത്തിനും എതിരെ ഈ നോവല്‍ ശക്തമായ സന്ദേശം നല്‍കുന്നുണ്ട് എന്നതാണ് ഈ തോല്‍വിയിലും പ്രചോദനം നല്‍കുന്നത്.
മിത്തോളജിക്കലായി, രാഷ്ട്രീയപരമായി, വംശീയമായി, സാംസ്കാരികമായി വളരെ സങ്കീര്‍ണമായ ഒരു രാജ്യമാണ് ശ്രീലങ്ക. അത് കൊണ്ടാകാം നോവലിസ്റ്റ് പ്രമേയത്തില്‍ രാഷ്ട്രീയവും മിത്തും വംശീയതയും പോരാട്ടങ്ങളും കൊണ്ട് നോവലിനേയും സങ്കീര്‍ണ്ണമാക്കിയത്.
സിഗിരിയ വിവരണം ഇന്നും ലോകത്തിന്‍റെ പല ഭാഗത്തും ഉന്നത ശ്രേണിയില്‍ നടക്കുന്ന കച്ചവടങ്ങളുടെയും കാപട്യങ്ങളുടെയും ചതിയുടെയും കൂട്ടിക്കൊടുപ്പിന്റെയും വ്യഭിചാരത്തിന്‍റെയും ലോബിയിങ്ങിന്റെയും യാഥാര്‍ത്ഥ്യം വിളിച്ചു പറയുകയാണ്‌.
ചരിത്രമേത്, മിത്തേത്, യാഥാര്‍ഥ്യമേത്, ഭാവനയേത് എന്ന് തിരിച്ചറിയാന്‍ കഴിയാത്തവിധത്തില്‍ ഒരു സംഭ്രമം വായനക്കാരനുണ്ടാക്കുകയാണ് ഈ നോവലിലൂടെ. ഫ്രാന്‍സിസ് ഇട്ടിക്കോരയിലും ഇതേ ശൈലി തന്നെയാണ് കഥാകാരന്‍ ഉപയോഗിച്ചത്. ചില അവസരങ്ങളില്‍ പത്ര റിപ്പോര്‍ട്ടുകള്‍ പോലെ ആഖ്യാനം വഴിമറന്നു പോയോ എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു.
ഈഴത്തിനോടോ മറ്റേതെങ്കിലും പോരാട്ടങ്ങളോടോ ഒരു പ്രതിപത്തിയും ഇല്ല എന്ന് പറയുമ്പോള്‍ കൂടി തമിഴ് വംശീയതക്ക് പിന്തുണ നല്‍കുന്ന ഒരു ശൈലി സ്വീകരിച്ചിരിക്കുന്നത് ഈ നോവലിന്‍റെ തമിഴ് പരിഭാഷയ്ക്ക് കിട്ടാനിടയുള്ള സ്വീകാര്യതക്ക് വേണ്ടിയിട്ടാകണം. ഇത് പറയാന്‍ കാരണം ഇട്ടിക്കോര എഴുതുമ്പോള്‍ നോവലിസ്റ്റ് ആ നോവലിന്‍റെ കച്ചവട സാധ്യത പരിഗണിച്ചിരുന്നില്ല എന്ന് പ്രസ്താവിച്ചത് ശ്രദ്ധയില്‍ പെട്ടത്കൊണ്ടാണ്.