ജയൻ മാങ്ങാട് , ഞാൻ എന്നും അത്ഭുതത്തോടെ മാത്രം നോക്കി നിന്നിട്ടുള്ള ധിക്കാരി എന്നേ ഒറ്റ വാക്യത്തിൽ ജയനെ പരിചയപ്പെടുത്താൻ കഴിയുകയുള്ളൂ.
പട്ടാമ്പി കോളേജ്ഉം മലയാളനാട് വാരികയും സംയുക്തമായി സംഘടിപ്പിച്ച മലയാളനാട് കാർണിവലിൽ പങ്കെടുത്തു കൊണ്ടിരുന്നപ്പോൾ ആണ്, ജയൻ എന്നോട് പനങ്കള്ളിനെ കുറിച്ച് സംസാരിക്കുന്നതു. മദ്യത്തിൽ ഏറ്റവും നല്ലതു പനങ്കാള്ളാണ് എന്നും, തെങ്ങും കള്ളും ബീയറുമൊക്കെ ശരീരത്തെ ചൂടാക്കുമ്പോൾ പനങ്കള്ളു മാത്രമാണ് ശരീരത്തെ തണുപ്പിക്കുന്നതു എന്ന് പറഞ്ഞു തന്നു. ജയശീലൻ മാഷും സച്ചിതാനന്ദൻ പുഴങ്കര, ജോർജ് ആർ, സെബാസ്റ്യൻ എന്നിവർ പങ്കെടുത്ത കവി സംവാദത്തിൽ ഞാൻ മുഴുകിയിരിക്കുമ്പോൾ ആണ് മൊബൈലിൽ ജയന്റെ ഒരു കോൾ വരുന്നത്.
"ജെയിംസ് എവിടെയുണ്ട്? "
"മരച്ചുവട് മൂന്നിൽ, ഇവിടെ കവിത സംവാദം നടക്കുകയാണ്."
"നമുക്ക് പനങ്കള്ളു കുടിക്കാൻ പോയാലോ, കോളേജിന്റെ ഗേറ്റിനു വെളിയിലുണ്ട്"
പനങ്കള്ളു കുടിക്കാൻ എന്നെയും കൂടി ക്ഷണിച്ചതിലുള്ള സന്തോഷത്തോടെ ഞാൻ കോളേജ് ഗേറ്റിനു വെളിയിലേക്കു കുതിച്ചു.
ഗേറ്റിനു വെളിയിൽ ജയനും കവിയായ ശ്രീകുമാർ കാര്യാട് എന്നിവർക്കൊപ്പം പട്ടാമ്പിയുടെ ഏതോ ഒരു ഗ്രാമ ഭാഗത്തേക്ക് ഞങ്ങൾ ഓട്ടോയിൽ. സ്ഥാലം കണ്ടു പിടിക്കാൻ ഓട്ടോക്കാരൻ കൂടെയുള്ളതിനാൽ വലിയ ബുദ്ധിമുട്ട് ഉണ്ടായില്ല. അല്ലേലും ഓട്ടോക്കാർക്കു അറിയാത്ത ഏതു കള്ളു ഷാപ്പ്!
യുണൈറ്റഡ് നേഷൻസ് എങ്ങാനും കണ്ടാൽ പുരാവസ്തുവായി സംരക്ഷിക്കപ്പെടേണ്ട ഒരു കെട്ടിടത്തിന്റെ അകത്തളത്തിൽ ആണ് കള്ളുഷാപ്പ്. ഇവിടെ പനങ്കള്ളു മാത്രം വിൽക്കുന്ന ഇടമായതിനാൽ ആവും കള്ളുഷാപ്പ്പ് എന്ന ബോർഡൊന്നും വച്ചിട്ടില്ല, അതോ അനധികൃതമോ?
ഹൈസ്‌കൂൾ വരെ പഠിച്ച സ്‌കൂളിൽ കണ്ടിട്ടുള്ള, അല്ലെങ്കിൽ ഏതെങ്കിലും സ്‌കൂൾ പൂട്ടിയപ്പോൾ അവിടെ നിന്നും കൊണ്ട് വന്നതെന്നു തോന്നിപ്പിക്കുന്ന തരത്തിലുള്ള മൂന്നു ഡെസ്കും ബെഞ്ചും. ജാർക്കണ്ടിൽ നിന്നും നാട്ടിലെത്തിയ നിഷ്കളങ്കത മുട്ടി നിൽക്കുന്ന രണ്ടു ചെറുപ്പക്കാർ, അവരെ കണ്ടാൽ മലയാളം പഠിക്കാൻ വന്ന വിദ്യാർത്ഥികൾ എന്നേ തോന്നൂ. കള്ളു മാഷ് (വിൽപ്പനക്കാരൻ) ഒരു പ്രത്യേക പ്രകൃതക്കാരനാണ്, മുഷിഞ്ഞ വെള്ളമുണ്ടും തലയിൽ തോർത്ത് കൊണ്ടൊരു കെട്ടും. ഇൻഷുറൻസ് ഏജന്റിന്റെ സ്നേഹവായ്പോടെ ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു. ജാർക്കണ്ടു കുട്ടികളോടും ഞങ്ങൾ ലാൽസലാം പറഞ്ഞു, ( ബംഗാളികൾ ആണെന്ന് കരുതിയല്ല കേട്ടോ ) എന്നെയും കാര്യാടിനെയും കുട്ടികളുടെ ഇരുവശങ്ങളിലും ആയി ഇരുത്തി ജയൻ മനോഹരമായി ചിത്രങ്ങൾ എടുത്തു. ജയൻ ആ കുട്ടികളോടും വളരെ സ്നേഹത്തോടും ബഹുമാനത്തോടും കൂടിയാണ് ഇടപെട്ടത്. മലയാളികൾ ഒന്നും ഇപ്പോൾ പനങ്കള്ളു കുടിക്കുന്ന ശീലമില്ലെന്നു പരാതിപ്പെട്ട ഷാപ്പുടമയോടും അങ്ങനെ തന്നെ. യാതൊരു വലിപ്പ ചെറുപ്പവുമില്ല.
മലയാളനാട് വെബ് കമ്മ്യുണിറ്റിയിലെ വീറുറ്റ ചർച്ചകളിൽ കൂടിയാണ് ജയൻ മാങ്ങാടിനെ ഞാൻ പരിചയപ്പെടുന്നത്. നമ്മൾ ഒട്ടും കരുതാത്ത ട്വിസ്റ്റുള്ള വളരെ വിപ്ലവകരമായ ചിന്തകൾ ഇടപെടുന്നവർക്ക് ബാക്കി നൽകിയാണ് അന്നും ഇന്നും ജയൻ സംസാരിക്കുന്നതു. വളരെ ഹ്രസ്വാമായ വാക്കുകളിൽ സമൂഹത്തിലെ അഴുക്കു ചാലുകൾക്ക് എതിരെ ശക്മായി സംവദിക്കുന്ന വാക്കുകൾ ആണ് അദ്ദേഹത്തിന്റെ എഴുത്തുകൾ. നമ്മൾ ആരും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ് നൽകി, അക്ഷരങ്ങൾക്ക് മാസ്മരിക ഭാവം നൽകുകയാണ് ജയൻ തന്റെ എഴുത്തിലുടനീളം.
ആദ്യം കണ്ടു മുട്ടിയ അന്ന് മുതൽ ഇന്നും ഞാൻ ജയന്റെ വാക്കുകളെ ഫോളോ ചെയ്യുന്നുണ്ട്. ഭൂലോകത്തിലെ നാലിലൊന്നോളം രാജ്യങ്ങൾ സന്ദർശിക്കിച്ചിട്ടുള്ള ജയന് അസാമാന്യ ലോക വിവരമുണ്ട്. അതായിരിക്കാം അദ്ദേഹത്തിന്റെ എഴുത്തുകൾക്കു ഒരു അന്താരാഷ്ട്ര മാനം നൽകുന്നത്. ഒരിക്കൽ ഞാൻ സ്വീഡനിലെ ഹെൽസിംഗ്ബോർഗിൽ പോകുവാനുള്ള വഴി തിരഞ്ഞു ഗൂഗിളടക്കം തപ്പിയെങ്കിലും ജയനാണ് കൃത്യമായി വഴി പറഞ്ഞു തന്നത്.
പലപ്പോഴും ആക്ഷേപ ഹാസ്യത്തിലൂടെ ആണ് അദ്ദേഹം തന്റെ എഴുത്തുകൾ നിർവഹിക്കുക. പുതു തലമുറയിൽ ഇത്ര മനോഹരമായി, ആക്ഷേപ ഹാസ്യമെഴുതുന്നവർ വിരളമാകും. ഓരോ വാക്കിലെയും അർത്ഥം ഒന്നിലധികം തവണ വായിക്കുന്നതിലൂടെ മാത്രമേ ഗ്രഹിക്കാൻ കഴിയുകയുള്ളൂ. അത്ര ഗഗനമാണ് അദ്ദേഹത്തിന്റെ ഹാസ്യ സാഹിത്യമ. എഴുത്തിൽ മാത്രമല്ല, സംസാരത്തിലും നോട്ടത്തിലുമെല്ലാം ആൾ വലിയ തമാശക്കാരൻ ആണ്. പക്ഷെ ചിലർക്കെങ്കിലും ആ തമാശകൾ ഉൾക്കൊള്ളുവാൻ ആകുന്നില്ല എന്നതും യാഥാർഥ്യമാണ് . അദ്ദേഹത്തിന്റെ എഴുത്തിലെ ഓരോ വാക്കുകളും നൽകുന്ന അർത്ഥതലങ്ങൾ വിശാലമാണ്.
പരിചമുള്ളവർക്കെല്ലാം ജയൻ അടുത്ത സുഹൃത്ത് ആണ്. ജയനെ അറിയുന്ന എല്ലാവരും ജയനെ ഇഷ്ടാപ്പെടുവാൻ കാരണം, ജയന്റെ സ്നേഹ ബന്ധങ്ങള്ക്, പരിചയങ്ങൾക്കു വലിപ്പച്ചെച്ചെറുപ്പം ഇല്ല എന്നത് തന്നെ. പണ്ഡിതനോടും പാമരനോടും ഒരേ സ്നേഹ വാത്സല്യമെന്നതിനു ഏറ്റവും വലിയ ഉദാഹരണം ആണ് ജയൻ. സച്ചിമാഷിനോടും കെ ജി എസ്സിനോടും എല്ലാം ഉള്ള അതെ സ്നേഹബന്ധം ആണ് എന്നെ പോലുള്ളവരോടു പോലും അദ്ദേഹത്തിന് ഉള്ളത്. കള്ളുഷാപ്പിലെ ജാർക്കണ്ടുകാരോടും ( അന്യസംസ്ഥാന തൊഴിലാളി എന്ന് മലയാളികൾ ഓമനപ്പേരിട്ട് വിളിക്കുന്നവർ) ഇതേ സ്നേഹവായ്പുകൾ ആണ് ജയൻ പങ്കു വയ്ക്കുന്നത്. ഒരു പക്ഷെ മലയാളത്തിലെ ഏതാണ്ടെല്ലാ കവികളോടും സാഹിത്യകാരന്മാരോടും ഊഷ്മളമായ പരിചയവും സ്നേഹവും പങ്കു വയ്ക്കുവാൻ ജയനല്ലാതെ മറ്റാർക്ക് സാധിക്കുകയില്ല. ചലച്ചിത്രോത്സവങ്ങൾക്കാകട്ടെ, കാവ്യോത്സവങ്ങൾക്കാകട്ടെ, എല്ലാ സാഹിത്യ സാംസ്കാരിക പരിപാടികൾക്കും ജയനുണ്ടാകും കൂടെ.
ജയനോട് സംസാരിക്കുമ്പോൾ ആണ് അദ്ദേഹത്തിന് കവിതയോടും കലയോടും സാഹിത്യത്തോടുമുള്ള അഭിനിവേശവും അഗാധമായ അറിവും നമുക്ക് മനസിലാവുക. ഇത്രയേറെ അറിവുണ്ടായിട്ടും, നന്നായി എഴുതുമെന്നിരിക്കിലും കൂടുതൽ എഴുതാതെ, ഒരു പുസ്തകവും പ്രസിദ്ധീകരിക്കാതെ, ഒരു അംഗീകാരത്തിനും പിന്നാലെ പോകാതെ ജയൻ സാധാരണക്കാരുടെ കൂടെയായിരുന്നു. താൻ ജോലി ചെയുന്ന മൾട്ടി നാഷണൽ കമ്പനിയുടെ കൺട്രി ഹെഡ് ആയിട്ട് പോലും യാതൊരു ഹെഡ് വെയിറ്റും ഇല്ലാത്ത ജയന്റെ എഴുത്തിനു നല്ല വെയിറ്റ് ഉണ്ടെന്നു പറയാതെ വയ്യ.
ദീര്ഘങ്ങളായ എഴുത്തുകൾ കൊണ്ട് നമ്മെ ബോറടിപ്പിക്കുന്ന എഴുത്തല്ല ജയന്റേതു. ചിലപ്പോൾ ഒരു വരിയാകും, ഒരു ഖണ്ഡിക ആകും, അല്ലെങ്കിൽ ഒരു പേജാകും. ജയന്റെ ഓരോ ചെറു കുറിപ്പുകൾക്കും വിശാലമായ അർത്ഥതലങ്ങൾ ഉണ്ട്. അദ്ദേഹം എഴുതിയ ചൊക്ക് , കിം കിഡുക്കില്ലെങ്കിലെന്ത്? ബീമാപള്ളിയില്ലേ?, വയലൻസ് ഈസ് ദി ഒൺലി സൊല്യൂഷന്‍, പൈന്റ് , കോൺക്ലേവ് തുടങ്ങി മനോഹരങ്ങളായ എഴുത്തുകൾ. ആദ്യകാലങ്ങളിൽ മലയാള നാട് ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ജയന്റെ ആർട്ടിക്കിളുകൾ പ്രമുഖ മാധ്യമങ്ങളിലും പുനഃ പ്രസിദ്ധീകരിക്കുകയുണ്ടായി.
സ്റ്റുഡൻറ് ഫെഡറേഷനിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ പ്രാഗല്ഭ്യമ തെളിയിച്ച ജയൻ, ഇന്നുള്ള കമ്മ്യുണിസ്റ്റുകാർക്കില്ലാത്ത വിപ്ലവാഗ്നി മനസ്സിൽ കെടാതെ കൊണ്ടു നടക്കുന്ന മഹത്തായ കമ്മ്യുണിസ്റ്റ് ആണ്. ( ജയൻ ഒരിക്കലും ഏതെങ്കിലും ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നു എന്ന് എന്നോട് പറഞ്ഞിട്ടും ഇല്ല, ഒരു രാഷ്ട്രീയ പാർട്ടിയുടെ ലേബലിലും അറിയപ്പെടുന്ന ആളുമല്ല. അദ്ദേഹത്തെ അടുത്തു നിന്ന് കണ്ടപ്പോൾ, അദ്ദേഹത്തിലെ മാനുഷീക വശം കണ്ടപ്പോൾ ജയൻ ഒരു മഹത്തായ കമ്മ്യൂണിസ്റ്റ് ആണെന്ന് എനിക്ക് തോന്നിയത് മാത്രം ആണ്.) ഉറച്ച നിലപാടുകളും, മികച്ച ഇടപെടലുകളും, അതാണ് ജയനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്. ജാതി അമിത ഭ്രാന്തിനു എതിരെയാണ് ജയൻ പലപ്പോഴും സോഷ്യൽ മീഡിയയിൽ പേന ചലിപ്പിക്കാറുള്ളത്. എല്ലാ പൊതു പരിപാടികളിലും സജീവ സാന്നിധ്യമാണെങ്കിലും ജയന്റെ ചങ്കു നിറയെ സുഹൃത്തുക്കളോടും കുടുംബത്തോടുമുള്ള സ്നേഹമാണ്.
ജയന്റെ എഴുത്തിലും മാനുഷീകതയിലും ആകൃഷ്ടനായതിനാൽ ആകും, കവിതയുടെ കാർണിവൽ ഒന്നാം എഡിഷനിലും ഇക്കഴിഞ്ഞ രണ്ടാം എഡിഷനിലും ജയനോടൊപ്പം സഹവസിക്കാൻ എനിക്ക് അവസരം ലഭിച്ചത്. നാലു കൊല്ലം മുൻപ് ഒരിക്കൽ ഡൽഹിയിൽ പോയപ്പോൾ അന്നും ജയന്റെ മുറിയിൽ അന്തിയുറങ്ങിയ ഓര്മ ഇപ്പോഴുമുണ്ടു.
ഞാൻ അറിയുന്ന, ഞാൻ കണ്ട ജയനിൽ നിന്നും എത്രയോ മുകളിൽ ആണ് ഞാൻ അറിയാത്ത ജയൻ. അദ്ദേഹം എഴുതിയ "വെയ് രാജ വെയ് " എന്ന മലയാളിയുടെ ചൂതാട്ടങ്ങളെ കുറിച്ചെഴുതിയ പുസ്തകം നാളെ ( ഫെബ്രുവരി 12 നു ) തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ, ശ്രീ ഗൗരീദാസൻ നായർക്ക് ആദ്യ പ്രതി നൽകിക്കൊണ്ട് പ്രശസ്ത കവി ശ്രീ കെ ജി ശങ്കരപ്പിള്ള പ്രകാശനം ചെയുന്നു. ശ്രീ സന്തോഷ് ഏച്ചിക്കാനം പുസ്തക പരിചയം നടത്തുന്നു. ഡി സി ബുക്ക്സ് ആണ് വെയ് രാജ വെയ് പ്രസിദ്ധീകരിക്കുന്നത്. ഈ പുസ്തകത്തിന്റെ കണ്ടന്റ് എന്തെന്ന് എനിക്ക് ഒരു ഊഹവും ഇല്ല, എങ്കിലും എനിക്ക് പറയാനുള്ളത് ഇത് മാത്രം, ഇത് ജയൻ മാങ്ങാട് എഴുതിയ പുസ്തകം ആയതിനാൽ നമ്മൾ മലയാളിക്ക് പലയാവർത്തി വായിക്കാനുള്ള കണ്ടന്റ് അതിൽ ഉണ്ടാവും തീർച്ച. രണ്ടാഴ്ച മുന്നേ കവിതായിട്ട് കാർണിവലിൽ പങ്കെടുക്കാൻ വന്നതിനാൽ, വെയ് രാജ വെയ് യുടെ പ്രകാശന കർമ്മത്തിൽ പങ്കെടുക്കാൻ കഴിയില്ലല്ലോ എന്ന സങ്കടം ആണെനിക്ക്. ജയന്റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കുവാൻ സാധിക്കുന്നവർ നാളെ ചടങ്ങിന് എത്തുമല്ലോ. ഡി സി ബുക്സിൽ പോകുമ്പോൾ ജയന്റെ പുസ്തകം വാങ്ങി വായിക്കുമല്ലോ?