Friday, 16 March 2012

2010 - പഞ്ചായത്ത് തെരഞ്ഞെടുപ്പു നല്‍കുന്ന പാഠം.

തോല്‍വിയും ജയവും കേരളത്തില്‍ ഓരോ അഞ്ചു വര്‍ഷവും മാറിക്കൊണ്ടിരിക്കുന്നു. ത്രിതല പഞ്ചായത്തുകളില് ഇത് ആശ്വസ്യവും നിയമസഭ തെരഞ്ഞെടുപ്പുകളില്‍ അനാവശ്യവും ആണ് എന്നാണ് എന്റെ അഭിപ്രായം. അധികാരം മത്തു പിടിച്ചു കഴിയുമ്പോള് നേതാക്കള്‍ തല മറന്നു എണ്ണ തേക്കുന്ന കാഴ്ചാ ആണ് കേരളത്തില്‍ നാം കാണുന്നത്. ഏറ്റവും കൂടുതല്‍ പണം തെരഞ്ഞെടുപ്പിന് ചിലവഴിക്കുന്നതും ഒരു പക്ഷെ കേരളത്തില്‍ ആയിരിക്കും. പക്ഷങ്ങള്‍ മാറി മാറി വരുന്നു എങ്കിലും എന്ത് കൊണ്ടാണ് ജനങ്ങളുടെ ഏറ്റവും ചെറിയ അവകാശങ്ങല്‍ പോലും ആരും സംരക്ഷിക്കാത്തത്. രാഷ്ട്രീയം വളര്‍ത്തുമ്പോള്‍ , രാഷ്ട്രത്തെ മറക്കുന്നത് എന്ത് കൊണ്ട്. രാഷ്ട്രത്തെ മറന്നു കൊണ്ടുള്ള രാഷ്ട്രീയം ആണോ നമുക്ക് വേണ്ടത്? . ജാതിയമായ, സാമുദായികമായ മത വര്ഗീയ ചിന്തകള് ഇളക്കി വോട്ടു പിടിക്കുവാന് മുന്നണികള് തമ്മില് മത്സരിക്കുന്നു. ആര്ജവം ഇല്ലാത്ത രാഷ്ട്രീയ നേതൃത്വത്തിന് പകരം ഗുണ്ടാ നേതാക്കന്മാരെ ഓര്മിപ്പിക്കുന്ന നേതാക്കള് ആണോ നമുക്കാവശ്യം. സൌമ്യമായി പെരുമാറുന്ന, ആരെയും ഭള്ളു വിളിക്കാത്ത, നല്ല ഇടപെടലുകള് നടത്തുന്ന, ഏതു നിമിഷവും, വിളിച്ചാല് വിളിയയലത്തുള്ള പാര്ട്ടിയും നേതാക്കളും. ജനം ഇന്ന് ആഗ്രഹിക്കുന്നതും അതാണ്. അവര് സമാധാനം ആഗ്രഹിക്കുന്നു എങ്കില് അതിനു ഉപോല്പലകം ആയ കര്ത്തവ്യങ്ങള് നടത്തുവാന് നമ്മുടെ നേതാക്കള് തയ്യാറാകുമോ? അല്ലാതെ സിനിമകളില് അധോലോക നായകര് പരിവേഷം എടുത്തണിയുന്നതാണോ അഭികാമ്യം. ലോകമെമ്പാടും നടക്കുന്ന അക്രമങ്ങള് കണ്ടു മനസ്സ് മടുത്ത ഒരു കാലഘട്ടത്തില് ആണ് നാം ജീവിക്കുന്നത് എന്നത് ഇവര് മറന്നു പോകുന്നോ?

ചെറുപ്പത്തില് ഞങ്ങളുടെ നാട്ടില് കള്ളു മോന്തി വൈകുന്നേരങ്ങളില് നാടൊട്ടുക്കും നടന്നു ചീത്ത വിളിക്കുന്ന ഒരു സാമൂഹ്യ ദ്രോഹി ഉണ്ടായിരുന്നു. സ്വന്തം ഭാര്യയേയും മക്കളെയും ഉപദ്രവിക്കുക, ചട്ടി, കഞ്ഞിക്കലം തുടങ്ങിയവ എറിഞ്ഞുടക്കുക. മാനം മര്യാദക്ക് ജീവിക്കുന്നവരെ ചീത്ത വിളിക്കുക. നാടിന്റെ സ്വൈരജീവിതം തകര്ക്കുക. അടുത്തെങ്ങും പോലീസെ സ്റ്റേഷന് ഇല്ലാത്തതിനാലും, പോലീസില് പരാതിപ്പെട്ടാല് വിശേഷമില്ലത്തതിനാലും ആരും പരാതി പറയുകയില്ലായിരുന്നു. സ്ത്രീകളും കുഞ്ഞുങ്ങളും ഇവരെ കാണുമ്പോള് വഴി മാറി നടക്കും. ബാക്കിയുള്ളവര് ഇതൊക്കെ ഒരു ദിനചര്യ പോലെ സഹിച്ചു കൊണ്ടിരുന്നു. വര്ഷങ്ങള് കഴിഞ്ഞു നാട്ടില് തിരിച്ചു ചെന്നപ്പോള് ഈ ശബ്ദം കേള്ക്കാതിരുന്നപ്പോല്‍ അന്വേഷിചു. സഹികെട്ടു ജനം അയ്യാളെ ഒരു ദിവസം തല്ലിക്കൊന്നു എന്നായിരുന്നു മറുപടി . അയ്യാളല്‍ വീരാരാധന തോന്നിയവരും നാട്ടില് ഇല്ലതിരുന്നിട്ടില്ല. അവരായിരുന്നിരിക്കണം കള്ളു മോന്താന് ഈ മനുഷ്യനെ സ്പോന്‍സര്‍ ചെയ്തിരുന്നത്.

മലയാള സിനിമയിലും ചിത്രം വിഭിന്നമല്ല, കള്ളന്മാരും കൊള്ളക്കാരും, അധോലോക നായകരും സാമൂഹ്യ ദ്രോഹികളും ഒക്കെ അഴിഞ്ഞാടിയ ഒരു കാലഘട്ടം. വില്ലന്മാരെ അനുകരിച്ചും, അവര്ക്ക് ഫാന്സ് അസോസിയേഷന് പോലും ഉണ്ടാക്കിയിരുന്ന, അവരെ ആരാധിച്ചിരുന്ന ഒരു സമൂഹം. മലയാള സിനിമ വിജയിക്കണമെങ്കില് നല്ല രണ്ടു തെറി എങ്കിലും പറയുകയും ത്യാഗരാജന് മാഷിന്റെ സ്റ്റണ്ട് രംഗങ്ങള് നിര്ബന്ധം എന്നും കരുതിയ ഒരു കാലഘട്ടം. ദ്വയാര്‍ത്ഥം വരുന്ന നെടുങ്കന്‍ ഡയലോഗുകള്‍ ... ഇന്ന് ആ അവസ്ഥയില് മാറ്റം വരുന്നു. ഇപ്പോള്‍ ഷാജി കൈലാസ് സിനിമകള് പോലും പരാജയപ്പെടുന്നത് നമ്മള് കാണുന്നില്ലേ?

എസ്താബ്ലിഷ്മെന്ടുകള്ക്കെതിരെ പ്രതികരിക്കുക, അല്ലെങ്കില് അതിനെതിരെ പ്രതികരിക്കാന് സാധാരണ ജനങ്ങളെ ഉത്ബോധിപ്പിച്ചത്, നമ്മുടെ പ്രബുദ്ധതയെ ഉണര്ത്തിയത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള് ആണ്. അവര്ക്ക് ഒരു പ്രത്യയ ശാസ്ത്രം ഉണ്ടായിരുന്ന്നു, കൂട്ടായ ചര്ച്ചകളും അവിടെ ഉരുത്തിരിയുന്ന ചിന്തകള്ക്കും ഒപ്പം അവര് അദ്ധ്വാന വര്ഗ്ഗത്തിന്റെ കൂടെ നില നിന്ന്. സമൂഹത്തില് നിന്നും ഒറ്റപ്പെട്ടു കിടന്നിരുന്ന അവര്ക്ക് അറിവും സ്വത്വ ബോധവും നല്കി മുഖ്യധാരയിലേക്ക് കൊണ്ടുവരുവാന് എന്നും അവര്ക്ക് മുന്നില് നടന്നു. കേരളത്തില് ഇന്ന് കാണുന്ന പല ആരോഗ്യപരമായ മാറ്റങ്ങള്ക്കും നേതൃത്വം നല്കി, വിദ്യാര്ത്ഥികള്ക്കും യുവജനങ്ങള്ക്കും തൊഴിലാളി വര്ഗത്തിനും എന്നും തുണയായി കൂടെ ഉണ്ടായിരുന്നു. നക്സലൈറ്റു പ്രസ്ഥാനങ്ങള് സായുധ വിപ്ലവത്തിലൂടെ മാത്രമേ പാവപ്പെട്ടവന് മോചനം ഉള്ളു എന്ന് ശഠിച്ചപ്പോള്, പാര്ലിമെന്റ് വ്യ്വസ്ഥിതിയിലൂടെയും ആ മോചനം സാധ്യമാക്കാം എന്ന ബോധ്യത്തില് കേരളത്തില് അവഗനിക്കപ്പെട്ടവര്ക്ക് വേണ്ടി അധികാര വര്ഗത്തിനോട് സമരം ചെയ്തു വിജയം വരിച്ച എത്രയോ വീര സമര ഗാഥകള്...

ഒടുവില് പാര്ലിമെന്ററി വ്യാമോഹം തലയ്ക്കു പിടിച്ചപ്പോള്, എന്നും അധികാരം കയ്യില് കിട്ടും എന്ന തോന്നലിനും, എന്നും അധികാരം വേണമെന്നും തോന്നിത്തുടങ്ങിയപ്പോള് തലയ്ക്കു ഭാരം വര്ദ്ധിച്ചു. ആഗോളവത്ക്കരണത്തെ കല്ലും നഖവും എതിര്ത്ത് പോരാടിയവര് ഒടുവില് അവയുടെ വക്താക്കളായി മാറുന്നതാണ് കേരളം കണ്ടത്. എല്ലാവരും അധികാരക്കസേരകളില് ഇരുപ്പുറപ്പിച്ചു, അല്ലെങ്കില് അതിനു ചുറ്റും വട്ടം കൂടി നിന്ന്. പൊതു ജന സമ്പര്ക്കം തീരെ ഇല്ലാതായി. തനിക്കെതിരെ ആരും ശബ്ദിക്കാന് പാടില്ല എന്ന ഒരു കല്പ്പന ഇറക്കി. എതിര്ക്കുന്നവന്റെ കാലു തല്ലി ഓടിക്കുക, ശബ്ടിക്കുന്നവന്റെ നാക്ക് പിഴുതെടുക്കുക എന്നതു ഒരു കര്ത്തവ്യം പോലെ വലിപ്പച്ചെറുപ്പം ഇല്ലാതവര് നടത്തിത്തുടങ്ങി.

മലയാള ഭാഷ ഏറ്റവും സമ്പന്ന മായ ഒരു കാലഘട്ടം ആയിരുന്നു, കഴിഞ്ഞു പോയ വര്‍ഷങ്ങള്‍ , മോഹന്‍ ലാലില്‍ നിന്നൊരു സവാരി ഗിരി ഗിരി യോ, സച്ചിതാനന്ദന്‍ മാഷ് തുടങ്ങിയ സാഹിത്യകാരില്‍ നിന്നും വല്ലപ്പോഴും കിട്ടുന്ന പുതിയ പദങ്ങളോ ആയിരുന്നു ഭാഷയുടെ മുതല്‍ക്കൂട് എങ്കില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ മലയാളത്തിനു ചാകര ആയിരുന്നു. നികൃഷ്ട ജീവികള്‍ , കൂലംകുത്തികള്‍ , കീടങ്ങള്‍ , പിതൃശൂന്യര്‍ , ശുംഭാന്മാര്‍ , പോഴന്മാര്‍ തുടങ്ങിയ വാക്കുകള്‍ ആയിരുന്നു ഭാഷയില്‍ കൂടുതലായി ഉപയോഗിച്ച് കൊണ്ടിരുന്ന വാക്കുകള്‍ . കെ ഇ എന്‍, പോക്കര്‍ നടത്തിയ റിസര്‍ച്ചും സ്വത്വ വാദവും മലയാള ഭാഷയെ സമ്പുഷ്ടമാക്കി. വിദ്യാഭ്യാസ ആതുരാലയ കച്ചവടങ്ങളില് കണ്ണ് നട്ടിരുന്ന ക്രൈസ്തവ മേലാളന്മാരും വിശ്വാസ മേഖലകളിലുള്ള കടന്നു കയറ്റത്തില് മുസ്ലിം, ക്രിസ്തീയ സഭകളും ഒരു വശത്തും മതമില്ലാത്ത ജീവനും ആയി രണ്ടാം മുണ്ടശ്ശേരി ആകാന് കച്ചകെട്ടി ബുദ്ധിജീവി ആയി എം എ ബേബിയും. വിദ്യാഭ്യാസ മേഖലകളില് ഉണ്ടായ കയേറ്റത്തിനു എതിരെ മുന്നിട്ടു ഇറങ്ങിയത് ക്രൈസ്തവ മേലാളന്മാര് ആയിരുന്നു എങ്കിലും വിദ്യാഭ്യാസ കച്ചവടം നടത്തുന്നവര് എല്ലാവരും അവര്ക്ക് പരിപൂര്ണ്ണ പിന്തുണ നല്കിയിരുന്നു.

വി എസ് അച്ചുതാനന്ദന് മുന്നിട്ടു നടത്തിയ മൂന്നാര് പോരാട്ടത്തെ അട്ടിമറിച്ചതും വി എസ്സിനെ ഒറ്റപ്പെടുത്താന് ശ്രമിച്ചതും, കേരളജനത വളരെ മനം പുരട്ടലോടെ ആണ് കണ്ടത്. മാധ്യമങ്ങളെയും സിന്ഡിക്കേറ്റിനെയും ഭള്ളു പറഞ്ഞപ്പോളൊന്നും അവര് മാത്രമല്ല ഒരു നിരീക്ഷകരും ഓര്ത്തില്ല കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ ഇടതുപക്ഷ വിജയത്തിന് മാധ്യമങ്ങള് നടത്തിയ സംഭാവന. വി എസ് എന്ന ഫാക്ടര് ചര്ച്ചാവിഷയം ആക്കിയും വി എസ്സിനെ പ്രൊമോട്ട് ചെയ്തും വി എസ്സിന് നിയമസഭ തെരഞ്ഞെടുപ്പില് സീറ്റ് നല്കുന്നതിനും അവര് നല്കിയ പങ്കു ഒരു തരംഗം ആക്കി വി എസ്സിനെ വിജയിപ്പിക്കുന്നതില് വരെ മാധ്യമങ്ങള് കൂടെ നിന്ന്. ഏ കെ ആന്റണി സര്ക്കാരിന്റെ നെറി കേട്ട പ്രവര്ത്തനത്തിനും പാര്ട്ടിയിലെ ഗ്രൂപ്പ് വഴക്കുകളും ഉണ്ടാക്കിയ വിരുദ്ധ വികാരം ഒരളവു വരെ എങ്കിലും കുറയ്ക്കുവാന് ഉമ്മന് ചാണ്ടി സര്ക്കാരിനു കഴിഞ്ഞിരുന്നു. വി എസ് തരംഗം ഉണ്ടായിരുന്നത് കൊണ്ട് മാത്രം ആണ് കഴിഞ്ഞ തെരഞ്ഞെടുപ്പില് പാര്ട്ടി ഇത്ര ഗംഭീരം ആയ ഒരു വിജയം നേടിയത്. അല്ലെങ്കില് അതൊക്കെ ലാവ്‌ലിന്‍ എന്ന മഞ്ഞുമലയില്‍ തട്ടി വ്യത്യസ്തമായ ഒരു വിധി ആയിരുന്നേനെ കേരളം കാണേണ്ടി വന്നിട്ടുണ്ടാവുക. ഒരു പക്ഷെ പിണറായിയും മാധ്യമങ്ങളും തമ്മിലുള്ള വ്യക്തിവൈരാഗ്യം ആകാം വി എസ് എന്ന ഒരു മുഖ്യമന്ത്രി കേരളത്തിന് ഉണ്ടായതിനു പിന്നില്... എന്തായാലും സി പി എമ്മിന്റെ വിജയത്തിന് മാധ്യമങ്ങള് ഇളക്കി വിട്ട വി എസ് എന്ന ഭൂതം കാരണമായി എന്നതായിരിക്കാം പിണറായിക്ക് അവരോടു ഒടുങ്ങാത്ത പക ഉണ്ടാകുവാന് കാരണം. വി എസ്സിന്റെ വിജയം മുഖ്യമന്ത്രി ആവുക എന്ന തന്റെ ആഗ്രഹത്തെ എന്നന്നേക്കും ആയി വെട്ടിനിരത്തും എന്ന് പിണറായി കരുതിയിട്ടുണ്ടാവില്ല. കേരളയാത്ര മാത്രം ആണ് ഇടതുപക്ഷ വിജയത്തിന് നിദാനം എന്ന പിണറായിയുടെ മൌഡ്യം ആയിരിക്കാം അദേഹത്തില് ഇന്ന് കാണുന്ന വെറുപ്പും ധാര്ഷ്ട്യവും ഇത്രയധികം ഉണ്ടാകുവാന് കാരണം.

ത്രിതല പഞ്ചായത്ത് വിജയത്തില് സാധാരണയായി ഒരു ഇടതുപക്ഷ മേല്ക്കോയ്മ പ്രകടമാണ്. വി എസ്സിനെ ഒരു മൂലക്കിരുത്താനും അധികാര സ്ഥാനങ്ങളിലെ മധുരം നൊട്ടി നുണയാനും മാധ്യമ ശ്രദ്ധ ആകര്ഷിക്കാനും വോട്ടു ചെയ്തവരെ ഒക്കെ അകറ്റി നിര്ത്തുവാനും ശ്രമിച്ച ഒരു കാലഘട്ടം അതായിരുന്നു കഴിഞ്ഞ നാലരക്കൊല്ലം. ഇതൊക്കെ ഓരോ ആഘോഷമാക്കി മാറ്റുവാനും അവയില് നിന്നൊക്കെ എസ എം എസ വഴിയും പരസ്യം മുഖേനെയും തങ്ങളുടെ വരുമാനം വര്ദ്ധിപ്പിക്കുവാന് മുഖ്യധാര മാധ്യമങ്ങള്ക്ക് കഴിഞ്ഞു. ഓരോ ദിവസവും ജനങ്ങള് കണ്ടു കൊണ്ടിരുന്നത് റിയാലിറ്റി ഷോകളുടെ അരങ്ങായിരുന്നു. ഇടപെട്ട എല്ലാ വിഷയത്തിലും പങ്കെടുത്ത ഓരോ അംഗങ്ങളും ഫൈനലില് വരെ എത്തുകയുണ്ടായി. തുടക്കത്തില് തന്നെ വകുപ്പ് വിഭജന അസ്വാരസ്യങ്ങളും പൂമൂടല് വിവാദവും ആയിരുന്നു ഈ സര്ക്കാരിനെ ജന ശ്രദ്ധയിലേക്ക് കൊണ്ട് വന്നതെങ്കിലും എം എ ബേബിയുടെ മതമില്ലാത്ത ജീവന് ആയിരുന്നു ഈശ്വര വിശ്വാസികളുടെയും മാതാപിതാക്കളുടെയും സമുദായ മേലാളന്മാരുടെയും എതിര്പ്പിനു മാറ്റ് കൂട്ടിയത്. അതിനിടയില് വര്ഷം തോറും ഉണ്ടായിക്കൊണ്ടിരുന്ന, ചിക്കന് ഗുനിയ, എലിപ്പനി, ടെന്ഗിപ്പനി തുടങ്ങിയ പനികള് ആരോഗ്യ മന്ത്രിയെയും പിടികൂടി. ഭൂമി ഇടപാടുകള്, കിനാലൂര് തുടങ്ങിയവ ഒക്കെയും എളമരം കരീമിനും താന് ചെയ്ത നല്ല തീരുമാനങ്ങളെ ജനങളുടെ ശ്രദ്ധയില് നിന്നും അകറ്റി. കേരളത്തില് പ്രമാദമായി നടന്നു കൊണ്ടിരുന്ന കൊലപാതകം, നിയമ ലന്ഘന വിഷയങ്ങളില് മക്കളുടെ പേരുകള് വലിച്ചിഴക്കപ്പെടുകയും ടോമിന് തച്ചങ്കരി എന്ന പോലീസുകാരന് ഉണ്ടാക്കികൊടുത്ത സല്പ്പേരും വിനയായി. ലാപ്ടോപ് ബാഗില് കണ്ട വെടിയുണ്ടയും കോലാഹലങ്ങളും ലാവ്ലിന്നോടൊപ്പം പിണറായിയെയും പിടികൂടി. വിവാദങ്ങള് ഉണ്ടായപ്പോഴെല്ലാം സംശയങ്ങള് ബാക്കി വെക്കുവാന് ഈ നേതാക്കള് എല്ലാം ശ്രമിക്കുകയും ചെയ്തു എന്നതാണ് പിണറായിയുടെ വീട് വിഷയത്തില് കണ്ടത്. പാര്ട്ടിക്ക് പത്രവും ചാനലും ഉണ്ട്, സ്വന്തം വീടിന്റെ ഒരു ചിത്രം എങ്കിലും അതിലൂടെ എങ്കിലും കാണിച്ചു തനിക്കെതിരെ വന്ന വികാരത്തെ തടുക്കുവാന് കഴിയുമായിര്ന്നു. മന്ത്രി ഗുരുദാസനും വ്യാജ മദ്യ ദുരന്തം കാരണം മുന് നിരയില് എത്തപെട്ടു. പാലോളിയും, ശര്മയും ആണ് കൂട്ടത്തില് അധികം എസ എം എസ നേടാതെ പോയ മത്സരാര്ഥികള് . മൂന്നാര് വിഷയവും പിണറായിയും ആയുള്ള ഒളി യുദ്ധവും വി എസ്സിനെ ശ്രദ്ധേയനാക്കി. മതമില്ലാത്ത ജീവനിലൂടെ കൂടുതല് വെറുപ്പ് വാങ്ങിയ എം എ ബേബിയ്ക്ക് പകരം ഡോ. തോമസ് ഐസക് എന്ന ജനകീയാസൂത്രണക്കാരനെ കോടിയേരിയെ മറി കടന്നു അടുത്ത മുഖ്യമന്ത്രി സ്ഥാനാര്ഥി ആക്കുക എന്ന പിണറായിയുടെ മോഹം ലോട്ടറിയിലൂടെ തട്ടിപ്പറത്താന് വി എസ്സിനാകുമോ? എം സി റോഡിന്റെ എന്ന് മാത്രമല്ല റോഡായ റോഡിലൊക്കെ കുഴികള് നിറയ്ക്കുവാന് ഇറങ്ങിത്തിരിച്ചിരിക്കുന്ന തോമസ് ഐസക്കിന് അതിനു സമയം ഉണ്ടാവുമോ? കാത്തിരുന്നു കാണാം. അഴിമതി രഹിത ചെക്ക് പോസ്റ്റുകള് സ്ഥാപിക്കുക വഴി നേടിയ പണം അദേഹം കെ എസ ടി പിക്ക് 100 കോടി പിഴ കൊടുത്തതിലൂടെ നശിപ്പിച്ചില്ലേ എന്നതാണ് മലയാളിയുടെ ആത്മഗതം. മന്തിസഭയുടെ തുടക്കത്തില്‍ ജി സുധാകരന്‍ സഖാവ് നാവിനെ കയറൂരി വിട്ടിരുന്നു എങ്കിലും, പാകവും പക്വതയും വന്നതിനാലോ, ശബരിമല, ഗുരുവായൂര്‍ ക്ഷേത്രം തുടങ്ങിയ ഇടങ്ങളിലെ സന്ദര്‍ശനവും സംസര്‍ഗവും കൊണ്ടോ , മലയാള സാഹിത്യത്തിനു മുതല്‍ കൂട്ടാവുന്ന സാഹിത്യ ശാഖയിലേക്ക് തിരിഞ്ഞത് ശുഭോദര്‍ക്കം.

കേരളത്തിലെ തെരഞ്ഞെടുപ്പുകളില്‍ വര്‍ഗീയ ധ്രുവീകരണം നടക്കുന്നുണ്ടോ? സമുദായങ്ങള്‍ എങ്ങനെ ചിന്തിക്കുന്നു.

ത്രിതല പഞ്ചായത്ത് പരാജയത്തില് ന്യൂനപക്ഷം മാത്രം അല്ല ഭൂരിപക്ഷവും വോട്ടു മറിച്ചു കുത്തി, സഭ മാത്രമല്ല, സഖാക്കളും മറിച്ചു കുത്തി എന്ന് ധരിക്കെണ്ടിയിരിക്കുന്നു. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികള് മലങ്കരയും, യാക്കൊബയും ഓര്ത്തോഡോക്സും ചേര്ന്നാല് വരിക പന്ത്രണ്ടിനും ഒരല്പം മുകളില് ശതമാനം മാത്രം, നാല് ശതമാനം ഉള്ള ലത്തീന് കത്തോലിക്കരെ കൂടി കൂട്ടിയാല് 17 ശതമാനം മാത്രം. ഇവരില് സുറിയാനിക്കാരില് യാക്കോബ ഒഴികെ ഉള്ള വോട്ടില് 60 % ആരും പറഞ്ഞില്ല എങ്കിലും UDF കൂടെ നില്ക്കുന്നതാണ്. മാണിയും ജോസെഫും കൂടി ഒരു 20 % വോട്ടു ബാങ്കുകളെ നിയന്ത്രിക്കുന്നു. ബാക്കി 10 % എന്നും LDF നൊപ്പം. ബാക്കി നിക്ഷ്പക്ഷരും. സാധാരണ ഗതിയില് ഇടതു പക്ഷ ആഭിമുഖ്യം പ്രകടമാക്കിയിരുന്ന ലത്തീന് ക്രിസ്ത്യാനികള് ആകട്ടെ ഇപ്പോള് UDF പാളയത്തോട് അടുക്കുന്ന കാഴ്ചയും കാണുന്നു. തിരുവനന്തപുരം, എറണാകുളം, കൊല്ലം , കോഴിക്കോട്, ആലപ്പുഴയിലോക്കെ അവരുടെ വോട്ടിംഗ് പാറ്റെന് കണ്ടാല് ഇത് മനസ്സിലാകും. ഗുജറാത്ത്, ഒറീസ്സ പ്രശ്നങ്ങള് ഉയര്ത്തിക്കാട്ടി അവിടങ്ങളില് ക്രിസ്ത്യന് മിഷനറിമാര് പീഡനത്തിന് ഇരയായപ്പോള് ക്രിസ്ത്യാനിയുടെ വോട്ടു ബാങ്കുകളില് കയറിപ്പറ്റാന് അവിടെ ചെന്ന് മാധ്യമങ്ങള്ക്ക് മുന്നില് പോസ് ചെയ്തത് ഉയര്ത്തിക്കട്ടിയിട്ടും സുറിയാനി അവന്റെ സ്വഭാവം മാറാന് കൂട്ടാക്കിയില്ല. സി എസ ഐ ഉള്പ്പെടെയുള്ള പ്രോട്ടസ്ടന്റ്റ് വിഭാഗം എന്നും LDF നൊപ്പം ആയിരുന്നു. സി എം എസ് കോളേജു വിഷയം അവരിലും ഒരു മനം മാറ്റത്തിന് പ്രേരണ കൊടുത്തിട്ടുണ്ടാകാം. ഒരു ശതമാനം വരുന്ന നവ ക്രിസ്ത്യാനികള് ( പെന്തകൊസ്തു വിഭാഗങ്ങള് ) സഖാവ് ഏ കെ നായനാരുടെ കാലം മുതലേ ഉറച്ച സി പി എം വോട്ടുകളാണ്. ആര് എസ് എസ് എന്ന ഉമ്മാക്കി കാണിച്ചു പേടിപ്പിച്ചു, അവര്ക്ക് വേണ്ടുന്ന സംരക്ഷണം കൊടുത്തു കൊള്ളാം എന്ന ഉറപ്പില് അവരുടെ വോട്ടിനായി അന്ന് കരാര് ഒപ്പിട്ടതാണ്. അതവര് ഒരു ബഹളവും ഇല്ലാതെ ചെയ്തു നന്ദി കാട്ടുന്നും ഉണ്ട്. ഈ സര്ക്കാരിന്റെ ചില കടുംപിടുത്തങ്ങളും മത മേലദ്ധയ്ക്ഷന്മാരോടുള്ള സമീപനവും, ഇടതു പക്ഷത്തോട് ചേര്ന്ന് നിന്നിരുന്ന ചെറിയ വിഭാഗത്തിലും അതൃപ്തി ഉണ്ടാക്കി കാണും, അതവര് വോട്ടായി പരിണാമിപ്പിച്ചു കാണും. . ക്രിസ്തീയ സഭക്കെതിരെ വിശിഷ്യ കത്തോലിക്കാ സഭക്കെതിരെ പ്രകോപനം സൃഷ്ട്ടിച്ചത് വഴി അവരോടു എതിര്പ്പുള്ളവരുടെ വോട്ടുകള് ഒന്നിച്ചു കൂട്ടം എന്ന ചിന്തയില് നിന്നാണ് ശ്രീ വിജയനും കൂട്ടരും അവരെ കൂടുതല് ഇകഴ്ത്താന് കോപ്പ് കൂട്ടിയത്. ഇതവരുടെ പാര്ട്ടി പ്രചാരണ തന്ത്രത്തിന്റെ ഭാഗം കൂടി ആണ്.

കേരളത്തില് ഏതാണ്ട് 24 ശതമാനം ആണ് മുസ്ലിം വോട്ടുകള്. അതില് ജമ അത്തെ ഇസ്ലാമി, പി ഡി പി തുടങ്ങിയവര് തുടര്ച്ചയായി LDF പക്ഷത്താണ് നില കൊള്ളുന്നത്. ഈശ്വര വിശ്വാസികളായ മുസ്ലിംങ്ങള് സാധാരണയായി വലതു പക്ഷ ആഭിമുഖ്യം ആയിരുന്നു പ്രകടിപ്പിച്ചിരുന്നത്. ബാബറി മസ്ജിദ് തകര്ച്ചക്ക് മുന്പ് , മുസ്ലിം ലീഗ്, അഖിലേന്ത്യാ ലീഗ് , കോണ്ഗ്രസ് എന്നിവര്ക്ക് മാത്രമായി പ്രധാനമായും വീതിച്ചു പോയ മുസ്ലീം വോട്ടുകള് ബാബറി മസ്ജിദ് തകര്ച്ചക്ക് ശേഷം പി ഡി പി, ജമ അത്തെ ഇസ്ലാമി, എന് ഡി എഫ് തുടങ്ങിയവര്ക്കൊപ്പം മാര്ക്സിസ്റ്റ് പാര്ട്ടിക്കും വീതം വെച്ച് കിട്ടി. മുസ്ലീം, ക്രിസ്ത്യന് വോട്ടുകള് ഏകീകരിക്കാന് മാര്ക്സിസ്റ്റ് പാര്ട്ടി നടത്തിയ ശ്രമങ്ങള്ക്ക് ബാബറി മസ്ജിദ് സംഭവം വലിയൊരു കടന്നു കയറ്റത്തിന് കാരണം ആയി. സംഘ പരിവാര്, ആര് എസ് എസ് , ബി ജെ പി തുടങ്ങിയ സംഘടനകള് മുസ്ലീംകളെ നിഷ്കാസനം ചെയ്യാന് വേണ്ടി മാത്രം ഉണ്ടായ സംഘടന എന്ന ചിന്ത പാര്‍വതീകരിച്ചു , ആ പേരുകള് പറയുന്നത് പോലും പാപം ആണ് എന്ന ഭയം ന്യൂനപക്ഷ സമുദായത്തില് വളര്ത്തി, ന്യൂനപക്ഷത്തിനെ ചെറുക്കാന് തങ്ങള്ക്ക് മാത്രമേ സാധിക്കുകയുള്ളൂ എന്ന പ്രചരണം വളരെ ശ്രദ്ധയോടെ നടത്തിയെങ്കിലും അതിനു ഫലപ്രാപ്തി കണ്ടു തുടങ്ങിയത് ബാബറി മസ്ജിദ് തകര്ച്ചക്ക് ശേഷം ആണ്. മുസ്ലീംകളുടെ മിശിഹാ ആണ് മാര്ക്സിസ്റ്റ് പാര്ട്ടി എന്ന ബോധ്യം അവരില് എത്തിക്കുവാന് നടത്തിയ ശ്രമം അങ്ങനെ കുറച്ചൊക്കെ വിജയിച്ചു. ഇറാഖു ഭരണാധികാരി സദ്ദാം ഹുസൈന് കൊല്ലപ്പെട്ടപ്പോള് ബന്ധു നടത്താന് മുന്പന്തിയില് സി പി എം ആയിരുന്നു, എന്ന വസ്തുതയും നാം തള്ളിക്കളയുന്നില്ല. മുസ്ലിംലീഗും കോണ്ഗ്രസ്സും ഒക്കെ ബന്ദില് സഹകരിക്കാന് നിര്ബന്ധിപ്പിക്കപ്പെടുകയായിരുന്നു. മഞ്ഞളാം കുഴി അലി, ജലീല്, ടി കെ ഹംസ എന്നിവരെ ഒക്കെ കൂടെ നിര്ത്തുവാനും അവര്ക്കായി. മലപ്പുറം ചുവന്നു എന്നവര് ശക്തമായ പ്രചാരണവും നടത്തി. UDF പിടിച്ചു കൊണ്ടിരുന്ന ഭൂരിഭാഗം മുസ്ലീം വോട്ടുകളില് ചെറിയ വിള്ളലുകള് സാധിച്ചിരുന്ന LDF നു ഇത്തവണ വലിയ തിരിച്ചടി ആയിരുന്നു മുസ്ലിം വോട്ടുകളില് വന്ന ഏകീകരണം.

എന്‍ എസ് എസ് മുന്‍ കാലങ്ങളിലെ പോലെ നിക്ഷ്പക്ഷ സമീപനം ആണ് നടത്തുന്നത് എങ്കില്‍ പോലും സി പി എമ്മിനോട് ആഭിമുഖ്യം കാട്ടിയിരുന്ന വെള്ളാപ്പള്ളിയുടെ എസ് എന്‍ ഡി പി യില്‍ വാക്കുകളില്‍ എങ്കിലും ഒരു യു ഡി എഫ് ചായവു ദ്രിശ്യമായി. അത് ഒരു പക്ഷെ വെള്ളാപ്പള്ളിയുടെ പാര്‍ലിമെന്ടരി മോഹങ്ങള്‍ തുഷാരിലൂടെ പൂവണിയാന്‍ നടത്തുന്ന ഒരു ശ്രമം അല്ലെ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ ജെ എസ് എസ് സ്ഥാനാര്‍ഥി ആയി തുഷാര്‍ രംഗ പ്രവേശം ചെയുവാന്‍ ഉള്ള സാധ്യതയും വെള്ളാപ്പള്ളിയെ വലതു പക്ഷത്തേക്ക് അടുപ്പിച്ചു കാണും.

മുസ്ലീം, ക്രിസ്ത്യന് വോട്ടുകളില് പത്തു ശതമാനം ഇക്കുറി വലതു പക്ഷത്തേക്ക് മാറിയിരിക്കാം, പക്ഷെ അതിനും കാരണക്കാര് സി പി എം നേതാക്കളുടെ വായ്ത്താരി ആണ്. പക്ഷെ ഇതിലെല്ലാം എത്രയോ കൂടുതലാണ് മാര്ക്സിസ്റ്റ് പാര്ട്ടിയില് ഉണ്ടായ കുത്തൊലിപ്പ്. ഒഞ്ചിയം, ഏറാമല, ഒറ്റപ്പാലം, ഷോര്ന്നൂര്, പള്ളിച്ചല്, വിളവൂര്ക്കല് , കുന്നംകുളം എന്നിവിടങ്ങളില് കണ്ട കൂലംകുത്തികള് വരുത്തി വച്ച നാണക്കേട് എത്ര തൂത്താലും മായാതെ കിടക്കും. കേരളീയ പൊതു സമൂഹത്തില് മാര്ക്സിസ്റ്റ് പാര്ട്ടിയില് നിന്നുണ്ടായ ഈ ഉരുള് പൊട്ടല് അവര്ക്കുണ്ടാക്കിയ തകര്ച്ച അതി ഭീമം ആയിരുന്നു... ഇവരെ നേരിടുവാന് പിണറായിയും കൂട്ടരും ഉപയോഗിച്ച ഭാഷ വലിയൊരു പങ്കു നിക്ഷ്പക്ഷ വോട്ടര് മാരെ കൂടി ശത്രു പക്ഷത്തേക്ക് മാറ്റി. ഹിട്ലര്ക്ക് ശേഷം എന്ന വിശേഷണത്തിന് പിണറായിയുടെ നാവ് അര്ഹത നേടിയോ എന്നൊരു സംശയം ജനങ്ങളില് ഉണ്ടാക്കി. ഇതില് നിന്നെല്ലാം വ്യത്യസ്തം ആയിരുന്നു, കേരള കോണ്ഗ്രസ് ജോസഫ് വിഭാഗം, ഐ എന് എല് തുടങ്ങിയ കക്ഷികളുടെ UDF ലേക്കുള്ള പാലായനം. ലോകസഭ തെരഞ്ഞെടുപ്പില് പി ഡി പി നേതാവ് അബ്ദുല് നാസ്സര് മദനിയെ ആലിംഗനം ചെയ്തതും, വര്ഗീയത വളര്ത്തി എന്ന ഒറ്റക്കാരണത്താല് തെരഞ്ഞെടുപ്പില് മത്സരിക്കാന് കൂടി അനുവാദം ഇല്ലാത്ത പി സി തോമസിനെ കൂടെ കൂട്ടിയതും മത നിരപേക്ഷ കക്ഷി എന്ന ലേബലിനെ ജനം സംശയത്തോട് കൂടി നോക്കിക്കണ്ട്.

വര്ഗീയ കക്ഷികള് ജയിച്ച മണ്ഡലങ്ങളില് ഒന്ന് കണ്ണോടിച്ചാല് കാണുവാന് സാധിക്കുന്നത് ഇതിലും രസാവഹമായ കാര്യങ്ങള് ആണ്. ബി ജെ പി , എസ ഡി പി ഐ തുടങ്ങിയ കക്ഷികള് ജയിച്ച മണ്ഡലങ്ങള് മിക്കവയും മാര്ക്സിസ്റ്റ് പാര്ട്ടിയുടെ ശക്തിടുര്ഗങ്ങള് ആയിരുന്നു. അതുമല്ലെങ്കില് അവര് ജയിച്ച മണ്ഡലങ്ങളില് പലതിലും കാണുന്ന വോട്ടുകളുടെ എണ്ണം വളരെ ചിന്തനീയം ആണ്. സി പി എം ലോകസഭ തെരഞ്ഞെടുപ്പില് കാസര്ഗോട് മണ്ഡലത്തിലെ കാസര്ഗോട് മുനിസിപ്പാലിറ്റിയില് ബി ജെ പി ജയിച്ച വാര്ഡുകളില് സി പി എം സ്ഥാനര്തികള്ക്ക് കിട്ടിയ വോട്ടുകള് വിരളിലെന്നവുന്നതാണ്. ഒരു വോട്ടു മുതല് 55 വോട്ടുകള് ആണ് അവര്ക്ക് ഈ വാര്ഡുകളില് കിട്ടിയത് എന്ന് തെരഞ്ഞെടുപ്പു കമ്മിഷന്റെ കണക്കുകള് സൂചിപ്പിക്കുന്നു. കണ്ണൂര് മുനിസിപ്പാലിറ്റിയില് എസ ഡി പി ഐ ജയിച്ച വാര്ഡില് മൂന്നാം സ്ഥാനത്തായ LDF സ്ഥാനാര്ഥി പറഞ്ഞത് കോണ്ഗ്രസിനെ തോല്പിക്കുവാന് പാര്ട്ടിയുടെ വോട്ടുകള് എസ ഡി പി ഐ സ്ഥാനര്തിക്ക് മറിച്ചു കൊടുത്തു പോലും. കൈ വെട്ടു കേസില് പ്രതിയായ പ്രൊഫ്. അനസ്സു ജയിച്ച വാര്ഡില് കഴിഞ്ഞ തവണ സി പി എം ജയിച്ചതാണ് . ഇക്കുറി അവര് മൂന്നാം സ്ഥാനത്തേക്ക് പിന്തല്ലപ്പെട്ട്ടു പോയി. ബി ജെ പി യും എസ ഡി പി ഐ യും ജയിച്ച ചില സ്ഥലങ്ങളില്,മത്സരിച്ച സ്ഥാനാര്ഥി പോലും വോട്ടു ചെയ്യാത്ത മണ്ഡലങ്ങള് സി പി എമ്മിനുണ്ട്. ഇത് കേരളത്തില് എല്ലായിടത്തും കണ്ട കാഴ്ച ആണ്.

കാലം മാറി, കേരളവും. കേരളത്തിലെ ജനങ്ങളുടെ ജീവിത രീതിയില്‍ വലിയ മാറ്റങ്ങള്‍ കഴിഞ്ഞ പത്തു പതിനഞ്ചു കൊല്ലത്തിനിടയില്‍ ഉണ്ടായി എന്നാ കാര്യം വിസ്മരിച്ചു കൂടാ. ജീവിത ശൈലിക്ക് ഇണങ്ങുന്ന വിധം അവര്‍ സ്വാര്‍തന്മാരും ആയി. മതവും ജാതിയ ചിന്തകളും, വര്‍ഗീയ ചിന്തകളും വളരുന്നു. ഇന്ന് എല്ലാവര്ക്കും പേടി ആണ് , അക്രമങ്ങളെ ഭയം, ഉറക്കെ സംസാരിക്കുന്നവരെ പേടി... കേരളത്തിലെ രാഷ്ട്രീയ ചിത്രത്തിലും അതൊക്കെ മാറ്റങ്ങള്‍ വരുത്തും. പഴയ സി ഐ ടി യു സംസ്കാരത്തില്‍ നിന്നും ജനം മാറുന്നു. അവര്‍ അഭ്യസ്ത വിദ്യാര് ആണ്. അവരുടെ മുന്‍പില്‍ നല്ല മോഡലുകള്‍ ഉണ്ടാകണം. ഇന്നത്തെ രാഷ്ട്രീയക്കാര്‍ ഒരു ആത്മ പരിശോധന നടത്തുന്നത് നന്നായിരിക്കും, തങ്ങള്‍ നല്ല മാതൃകകള്‍ ആണോ എന്ന്. 

No comments:

Post a Comment