Monday, 19 March 2012

മോടി(ഡി)യായി അണിയിച്ചോരുക്കിയ മത സൌഹാര്‍ദ്ദ മാമാങ്കം.

അടുത്ത കാലത്ത് ഇന്ത്യയില്‍ നടന്ന ഏറ്റവും മോടിയായ നാടകം ആയിരുന്നു, ഗുജറാത്തിന്റെ തലസ്ഥാനമായ ‌ അഹമ്മദാബാദിലെ ഗു­ജ­റാ­ത്ത് സര്‍­വ­ക­ലാ­ശാലയുടെ കന്‍വെന്‍ഷന്‍ സെന്ററിലെ ശീതീകരണ മുറിയില്‍ കണ്ടത്...മത സൌഹാര്‍ദ്ദവും സമഭാവനയും വളര്‍ത്താന്‍ ലക്ഷ്യമിട്ട് ത്രിദിന സദ്ഭാവന നിരാഹാരത്തിന്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡി തന്‍റെ അറുപത്തി രണ്ടാം ജന്‍മദിനത്തില്‍ തുടക്കം കുറിച്ചത് വലിയ രാഷ്ട്രീയ ലക്ഷ്യങ്ങളോട് കൂടി ആയിരുന്നു. ഇത് ഒരിക്കലും പെട്ടെന്ന് എടുത്തു ചാടി നടത്തിയ നാടകം അല്ല.. കഥയും തിരക്കഥയും റിഹേഴ്സലുകള്‍ പോലും, പല രൂപത്തിലും ഭാവത്തിലും രൂപപ്പെടുത്തി, ഇന്ദ്രപ്രസ്ഥത്തില്‍ പലവുരു ഉപനാടകങ്ങള്‍ നടത്തി, ഒടുവില്‍ 2014 ല്‍ നടക്കാനിരിക്കുന്ന ഇന്ത്യാ മഹാ നാടകത്തില്‍ നായകനാവുവാന്‍ വേണ്ടി ഗുജറാത്തിലെ പട്ടിണിയും പരിവട്ടവും നീക്കി , എവിടെയും വികസനം സാധ്യമാക്കിയ പുതിയ അവതാരം.

മോഡി ഒരു പില്‍ക്കാഴ്ച

വളരെ അസ്സൂത്രിതമായിട്ടായിരുന്നു മോഡിയുടെ ഓരോ നീക്കവും. കേശുഭായി പട്ടേലിന് ശേക്ഷം അതുവരെ ജനപ്രിയനായി ബി ജെ പി യില്‍ തിളങ്ങി നിന്ന ശങ്കര്‍ സിംഗ് വഘേലയെ തള്ളി മാറ്റി, പാര്‍ട്ടിയുടെ ബുദ്ധികെന്ദ്രമായിരുന്നു സ്ട്രാറ്റജിസ്റ്റ് നരേന്ദ്ര മോഡിയെ ഗുജറാത്തില്‍ പ്രതിഷ്ടിച്ചതു വ്യക്തമായ ലക്ഷ്യത്തോടെ ആര്‍ എസ്സ് എസ്സ് ആയിരുന്നു.... ഇന്ത്യയിലെ മത ന്യൂന പക്ഷങ്ങള്‍ക്കെതിരെ പീഡനം അഴിച്ചു വിട്ടാല്‍ മാത്രമേ ഹൈന്ദവാ ഏകീകരണം സാധ്യമാകുകയുള്ളൂ, അതിലൂടെ മാത്രമേ ഇന്ത്യയില്‍ അധികാരം കയ്യാളുവാന്‍ സാധിക്കുകയുള്ളൂ എന്ന് മറ്റാരെക്കാളും അറിയാവുന്നത് ആര്‍ എസ്സ് എസ്സ് , ബജരംഗ് ദള്‍ ‍, വിശ്വ ഹിന്ദു പരിഷത്ത്‌ , തുടങ്ങിയവര്‍ അടങ്ങിയ സംഘ പരിവാര്‍ ആയിരുന്നു... അതിന്റെ ആദ്യ പടിയില്‍ അവര്‍ വിജയിക്കുകയും ചെയ്തു. 1991 ബാബറി മസ്ജിദ് തകര്‍ക്കുകയും ഹിന്ദു വികാരം ആളിക്കത്തിച്ചു പിന്നീട് വന്ന തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് വിജയിക്കാനായി.. മിതവാദി ആയ വാജ്പേയിയുടെ ഭരണത്തിന്റെ അവസാന ഭാഗത്ത്, ഇന്ത്യ തിളങ്ങുന്നു എന്ന മുദ്രാവാക്യവും ആയി ഭരണത്തിന്റെ തുടര്‍ച്ചയില്‍ കൂടുതല്‍ വര്‍ഗീയ വാദിയായ അദ്വാനിയിലേക്ക് അധികാരം കൈമാറുവാന്‍ എന്തായാലും ജനങ്ങള്‍ തയ്യാറായിരുന്നില്ല.

ഗുജറാത്തിലെ കാര്യവും വിഭിന്നമല്ല... മോഡി അധികാരത്തില്‍ കയറി എങ്കിലും ബി ജെ പി യുടെ ഭാവി ശോഭാനമായിരുന്നില്ല..2002 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ കടന്നു വരുവാന്‍ മോഡി കണ്ട കുറുക്കു വഴി ആയിരുന്നു ഗുജറാത്തില്‍ നടത്തിയ വംശഹത്യ... സബര്‍ മതി എക്സ്പ്രസ്സിലെ ഒരു ബോഗിയില്‍ യാത്ര ചെയ്തിരുന്ന അയോധ്യയിലെ കര്‍സേവ കഴിഞ്ഞു മടങ്ങിയ ഹിന്ദു കര്‍സേവകരെ ഒരു മുസ്ലിം ഭൂരിപക്ഷ പ്രദേശത്തു വച്ച് അഗ്നിക്കിരയാക്കുകയും അതിന്റെ കുറ്റം മുഴുവന്‍ മുസ്ലിം സമുദായത്തിന്റെ തലയില്‍ കെട്ടിവച്ചു ഒരു വര്‍ഗീയ കലാപം തന്നെ നടത്തി. നാളിതു വരെ ആയിട്ടും ഈ കലാപം ആസൂത്രണം ചെയ്തത് ആരെന്നു വ്യകതമായി തെളിയിക്കപ്പെട്ടിട്ടില്ല. ഈ കലാപത്തിലെ മോഡിയുടെ പങ്കിനെ ക്കുറിച്ച് അന്ന് ഡി ജി പി ആയിരുന്ന ആര്‍ ബി ശ്രീകുമാര്‍ , പോലീസ്‌ ഇന്റലിജെന്‍സ്‌ വിഭാഗം ഐ ജി സഞ്ജീവ് ഭട്ട് എന്നിവര്‍ വിശദമായിത്തന്നെ വ്യക്തമാക്കിയിരുന്നു... ആ കലാപത്തിലൂടെ അനേകം സ്ത്രീകള്‍ ബലാല്‍ സംഗത്തിന് ഇരയായി, അനേകം പേര്‍ കൊല്ലപ്പെട്ടു... ആയിരങ്ങള്‍ ഭവന രഹിതരായി... അനേകം മുസ്ലീം കച്ചവടക്കാര്‍ക്ക് തങ്ങള്‍ കെട്ടിപ്പൊക്കിയ കച്ചവടസ്ഥാപനങ്ങള്‍ നഷ്ടപ്പെട്ടു , എങ്കിലും മോഡി ആ വര്ഷം നടന്ന തെരഞ്ഞെടുപ്പില്‍ വമ്പിച്ച ഭൂരിപക്ഷത്തില്‍ വീണ്ടും മുഖ്യമന്ത്രിയായി. ഗുജറാത്ത്‌ കലാപത്തിനു മുന്‍പ് വരെ തെരഞ്ഞെടുപ്പില്‍ പരുങ്ങലില്‍ ആയിരുന്ന മോഡി, കലാപം കഴിഞ്ഞതോടു കൂടി അപ്രതിരോധ ശ്കതിയായി...വീണ്ടും മുഖ്യ മന്ത്രി ആയി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ തനിക്കെതിരെ തിരിഞ്ഞെക്കാം എന്ന് തോന്നിയ കലാപ കാലത്തെ അഭ്യന്തര മന്ത്രി ഹരെന്‍ പാണ്ഡ്യ പോലും കൊല്ലപ്പെട്ടു.

പബ്ലിക്‌ റിലേഷന്‍സ്‌

പബ്ലിക് റിലേഷന്‍സ്‌ വകുപ്പിനെ ഏറ്റവും സമര്‍ത്ഥമായി എങ്ങനെ ഉപയോഗിക്കാം എന്നും അത് വഴി പൊതു ജനത്തിനെ എങ്ങനെ കബളിപ്പിക്കാം എന്നും ലോകത്തിനു കാണിച്ചു കൊടുത്തത് മോഡി സര്‍ക്കാരിന്റെ ഗുജറാത്ത്‌ ആണ്....മോഡിയുടെ കടുത്ത ആരാധകര്‍ പോലും മോഡിയെ ഹൈന്ദവരുടെ രാജാവ്‌ എന്നൊക്കെ പ്രകീര്‍ത്തിക്കരുണ്ടെങ്കിലും ഗുജറാത്തിലെ പബ്ലിക് റിലേഷന്‍സ്‌ ഓഫീസര്‍മാര്‍ക്ക് മോഡി എന്നാല്‍ താടി വച്ച ദൈവം ആണ് എന്ന് 2008 ലെ അവരുടെ ഒരു പരസ്യം അവകാശപ്പെടുന്നു....ഗുജറാത്തിലെ പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പ് കൈകാര്യം ചെയുന്നത്, മോഡിയുടെ ഏറ്റവും വിശ്വസ്തരായ സംഘ പരിവാര്‍ സംഘം ആണ്. വിശ്വ ഹിന്ദു പരിഷത്ത്‌ അമേരിക്ക, എന്ന അമേരിക്കയിലെ വിശ്വ ഹിന്ദു പരിഷത്തിന്റെ നിയന്ത്രണത്തില്‍ ആണ് ഗുജറാത്തിലെ പബ്ലിക് റിലേഷന്‍സ്‌ വകുപ്പ്... മോഡിയുടെ വര്‍ഗീയ കലാപത്തില്‍ ഉള്ള പങ്കിനെ മറച്ചു വെയ്ക്കുവാന്‍, മോഡിയെ വികസന വാദി ആയിട്ടാണ് മീഡിയ വളര്‍ത്തിയത്...കോടിക്കണക്കിനു ജനങ്ങളുടെ നികുത്തിപ്പണം ആണ് മോഡിയുടെ മോടി കൂട്ടുവാനായി പബ്ലിക് റിലേഷന്‍സ്‌ ഉപയോഗിച്ചത്...വളരെ കുറഞ്ഞ കാലഘട്ടം കൊണ്ട്, മോഡിയെ ഇന്ത്യയിലെ മാത്രം അല്ല ലോകത്തിലെ തന്നെ കോര്‍പൊറേറ്റ്കളുടെ മിശിഹാ ആക്കി മാറ്റുവാന്‍ പബ്ലിക് റിലേഷന്‍ വകുപ്പിന് കഴിഞ്ഞു. വാണിജ്യ നഗരമായ മുംബൈയോട് അടുത്തു കിടക്കുന്ന അവികസിത പ്രദേശം മോഡി കോര്‍പൊറേറ്റുകള്‍ക്കായി തുറന്നിട്ട്‌ കൊടുത്തു, വ്യവസായത്തിന് മോഡി ആക്കം കൂട്ടി. അനേകം കോര്‍പൊറേറ്റുകള്‍ ഗുജറാത്തില്‍ വ്യവസായത്തിനു മുതല്‍ മുടക്കുവാന്‍ മുന്നോട്ടു വന്നു. ഗുജറാത്തില്‍ ഇവര്‍ നടത്തിയ ഇന്‍വെസ്റ്റ്‌മെന്റ്നേക്കാള്‍ പണം പരസ്യപ്പലകകള്‍ക്ക് കൊടുത്ത്. പിന്നീട് "വര്‍ഗീയ വാദി' എന്ന ലേബലില്‍ നിന്ന് നരേന്ദ്ര മോഡിയെ 'വികസനവാദി' എന്ന ലേബലിലേക്ക് മോഡിയെ പറിച്ചു നടുവാന്‍ പബ്ലിക് റിലേഷന്‍സ്‌ ശ്രമം തുടര്‍ന്ന് കൊണ്ടിരുന്നു. ഒടുവില്‍ അവര്‍ ഗുജറാത്തിനെ "മോഡി ലാന്‍ഡ്‌ " എന്ന് നാമകരണവും ചെയ്യുന്നു. മഹാത്മ ഗാന്ധിയും സര്‍ദാര്‍ പട്ടേലിനും മുകളില്‍ മോഡിയെ പ്രതിഷ്ഠിക്കാന്‍ ഇവര്‍ വെമ്പല്‍ കൊള്ളുന്നു.

2 ജി സ്പെട്രം അഴിമതി, കോമണ്‍വെല്‍ത്ത്‌ അഴിമതി ഇവയൊക്കെ കേന്ദ്ര സര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും അധികാരത്തില്‍ നിന്ന് പുറത്തേക്കെറിയുവാന്‍ തക്കം പാര്‍ത്തിരിക്കുമ്പോള്‍ പകരം വെയ്ക്കുവാന്‍ ഒരു നേതാവില്ലാത്ത അവസ്ഥ ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും തുറിച്ചു നോക്കുന്നു. ബി ജെ പി ആണെങ്കിലോ അന്തര്‍ ചിദ്രത്തില്‍ മുങ്ങി ആകെ അവശതയിലും. ഇടക്കാലത്ത് ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി മോഡിയാകും എന്നൊക്കെ പ്രചരണം ഉണ്ടായിരുന്നു എങ്കിലും കഴിഞ്ഞ ലോക സഭ തെരഞ്ഞെടുപ്പില്‍ അദ്വാനിക്ക് തന്നെ വീണ്ടും നറുക്ക് വീണു. അദ്വാനിയുടെ വമ്പന്‍ പരാജയത്തിന് ശേക്ഷം നടന്ന ബി ജെ പി യിലെ അധികാര കൈമാറ്റത്തില്‍ എന്ത് കൊണ്ടോ മോഡി തഴയപ്പെട്ടു. സുഷമ സ്വരാജ്, അരുണ്‍ ജയ്റ്റ്ലി, നിതിന്‍ ഗഡകരി , തുടങ്ങിയവര്‍ മുതല്‍ അദ്വാനിയും വരുണ്‍ ഗാന്ധി പോലും പ്രധാനമന്ത്രി കുപ്പായം തുന്നിച്ചു കാത്തിരിക്കുമ്പോള്‍ , ഇതില്‍ നിന്നെല്ലാം തികച്ചും വിഭിന്നമായ ഒരു മാര്‍ഗം ആണ് മോഡി തെരഞ്ഞെടുത്തത്. സംഘ പരിവാരിനെയും കോര്‍പൊ റേറ്റുകളെയും രംഗത്തിറക്കി , അണ്ണ ഹസാരെ, ബാബാ രാംദേവ്‌ തുടങ്ങിയവരെ കൊണ്ട് സത്യാഗ്രഹ സമരം നടത്തിക്കുകയും അത് ദ്രിശ്യ മാധ്യമങ്ങളില്‍ ആഘോഷമാക്കി മാറ്റുകയും ചെയ്തു. യെദിയൂരപ്പയും റെഡി മാരും കര്‍ണാടകത്തില്‍ അഴിമതിയില്‍ മുങ്ങിയപ്പോഴും അതൊക്കെ മറച്ചു വെക്കുവാന്‍ സംഘ പരിവാറിന്റെ ആസൂത്രണത്തിനു കഴിഞ്ഞു..ഒടുവില്‍ അഴിമതിക്കെതിരെ രഥയാത്ര നടത്തി തനിക്ക് ഇനിയും യവ്വനം ബാക്കി ഉണ്ട് എന്നറിയിക്കുവാന്‍ , അങ്ങനെ സുഷമ, ജയറ്റ്ലി, ഗാഡ്കാരികളെ പിന്നിലേക്ക്‌ മാറ്റുവാന്‍ അദ്വാനിക്കായി.

അമേരിക്കന്‍ പിന്നാമ്പുറ കേളികള്‍ .

ഇന്ത്യയിലെ ഭരണം അമേരിക്കയുടെ ചൊല്‍പ്പടിയില്‍ ആക്കുക, മാറി വരുന്ന സാമ്പത്തീക കാഴ്ചപ്പാടുകളില്‍ , ഇന്ത്യയും ചൈനയും അമേരിക്കക്ക് പിന്നില്‍ ഉറച്ചു നില്‍ക്കണം എന്നത് അമേരിക്കയുടെ സ്വപ്ന പദ്ധതി ആണ്.. മന്മോഹന്‍ സിങ്ങിലൂടെ അമേരിക്ക അതിനുള്ള ശ്രമങ്ങള്‍ നടത്തി എങ്കിലും ബി ജെ പി ഭരിച്ചിരുന്നപ്പോള്‍ , വാജ്പെയ് കൊടുത്ത സ്വാതന്ത്ര്യം മന്‍മോഹന്‍ സിംഗില്‍ നിന്നും ലഭിക്കുന്നില്ല എന്ന തിരിച്ചറിവ് ആണ്, അമേരിക്കയെ മോഡിയിലേക്ക് ആകര്‍ഷിക്കുന്ന ഘടകവും. അമേരിക്കയില്‍ സംഘപരിവാര്‍ വളരെ ആസൂത്രിതമായിട്ടാണ് കരുക്കള്‍ നീക്കുന്നത്. അമേരിക്കയില്‍ ആര്‍ എസ്സ് എസ്സ് , വിശ്വ ഹിന്ദു പരിഷത്ത്‌ തുടങ്ങിയ സംഘപരിവാര്‍ സംഘടനകള്‍ വളരെ സുസജ്ജരാണ്. അമേരിക്കയിലും ബ്രിട്ടനിലും ആര്‍ എസ്സ് എസ്സ് അറിയപ്പെടുന്നത് എച്ച് എസ്സ് എസ്സ് എന്നാ പേരില്‍ ആണ്. അവര്‍ക്ക് അമേരിക്കന്‍ സര്‍ക്കാരില്‍ നുഴഞ്ഞു കയറി നയരൂപീകരണ സമിതികളില്‍ അംഗങ്ങള്‍ ആകുവാന്‍ പോലും കഴിഞ്ഞു. ഹൈന്ദവാ നവോത്ഥാനം ലക്ഷ്യമാക്കി ഇന്ത്യയിലേക്ക് ഫണ്ടുകള്‍ കൊണ്ട് വരുന്നതിനു ഇന്ത്യാ ഡെവലപ്പ്മെന്റ് ആന്‍ഡ്‌ റിലീഫ്‌ ഫണ്ട് എന്ന പേരില്‍ അവര്‍ അമേരിക്കയില്‍ ഒരു ടാക്സ്‌ ഫ്രീ ഫണ്ട് രൂപീകരിച്ചു ഇന്ത്യയിലെ സംഘ പരിവാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് എത്തിക്കുന്നു. ആര്‍ എസ്സ എസ്സ് താത്വിക ആചാര്യനും എച്ച് എസ്സ് എസ്സ് സന്ഘ ചാലകും ആയ ശ്രീ ഭീംഷ അഗ്നിഹോത്രി , സംഘ പരിവാറിന്റെ ശ്രീ വിനോദ് പ്രകാശ്‌ തുടങ്ങിയവര്‍ ആണ് ഇന്ത്യ ഡെവലപ്മെന്റ് ആന്‍ഡ്‌ റിലീഫ്‌ ഫണ്ട്, ഏകല്‍ വിദ്യലായ്‌ തുടങ്ങിയവയുടെ അമരക്കാര് ‍. മാലേഗാവ്‌ സ്ഫോടന കേസില്‍ പോലും സാമ്പത്തീക സഹായം ഈ ഫണ്ടുകളില്‍ കൂടി ആയിരുന്നു ലഭിച്ചിരുന്നത്. മോഡിയുടെ പബ്ലിക് റിലേക്ഷന്‍സിനു മേല്‍നോട്ടം വഹിക്കുന്നതും അമേരിക്കയിലുള്ള സംഘ പരിവാര്‍ നേതൃത്വം ആണ്.

കോണ്‍ഗ്രസിനും സഖ്യ കക്ഷികള്‍ക്കും എതിരെ ഉയര്‍ന്നു വന്നിട്ടുള്ള അഴിമതി ആരോപണങ്ങള്‍ ജനശ്രദ്ധയില്‍ നിന്നു തിരിച്ചു വിടാതെ , വിദേശത്തെ കള്ളപ്പണത്തിന്റെ ഉറവിടങ്ങളെ ജനങ്ങളുടെ മുന്നില്‍ നിര്‍ത്തി, രാഹുല്‍ഗാന്ധിക്കെതിരെ പോലും സ്ത്രീ പീഡന വാര്‍ത്തകള്‍ സൃഷ്ടിച്ചു, ജനങ്ങളുടെ ഇടയില്‍ അശാന്തിയുടെ വിത്തുകള്‍ വിതച്ചു, ഒരു മോഡി ഊഴം ഇവര്‍ പദ്ധതി ഇട്ടു കഴിഞ്ഞു. 2014 ലെ ലോകസഭാ തെരഞ്ഞെടുപ്പ് വരെ ഈ വിഷയങ്ങള്‍ മാധ്യമങ്ങളില്‍ ശക്തമായി നിലനിര്‍ത്തി, ആ തെരഞ്ഞെടുപ്പില്‍ ഒരു മോഡിവിജയം , അതാണ്‌ സംഘ പരിവാര്‍ ലക്ഷ്യമിടുന്നത്. സ്വാമി രാംദേവിന്റെ സത്യാഗ്രഹം ചീറ്റി പോയി എങ്കിലും കോര്‍പൊറേറ്റ്കളുടെ സഹായത്തോടെ നടത്തിയ അണ്ണ ഹസാരെയുടെ സമരത്തെ വിജയ പാതയില്‍ എത്തികുവാന്‍ ഇവര്‍ക്കായി.

ഏറ്റവും ഒടുവിലായി, മോഡിയുടെ സദ്ഭാവന സത്യാഗ്രഹത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് , മോഡി ആണ് അടുത്ത പ്രധാനമന്ത്രി എന്നാ നിലയില്‍ അമേരിക്കന്‍ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പടയ്ക്കുവാന്‍ ഇവര്‍ക്ക് സാധിച്ചു. അടുത്ത തെരഞ്ഞെടുപ്പ്‌ നരേന്ദ്ര മോഡിയും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള പോരാട്ടം ആയിരിക്കുമെന്നും, രാഹുലിനെ എതിര്‍ക്കുവാന്‍ കരുത്തനായ് സ്ഥാനാര്‍ഥി മോഡി ആണ് എന്നും കോണ്‍ഗ്രെഷണല്‍ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കുവാന്‍ നരേന്ദ്ര മോഡിക്ക് ആകും എന്നവര്‍ കണക്ക് കൂട്ടുന്നു. പ്രധാനമന്ത്രി കുപ്പായം തയ്പ്പിച്ച സുഷമയും ജയ്‌റ്റലിയും ഗാഡ്കാരിയും എല്ലാം പെട്ടെന്ന് നിഷ്പ്രഭരായി. നാഗ്പൂരിലെ ആര്‍ എസ്സ എസ്സ് ആസ്ഥാനത്തേക്ക് സാക്ഷാല്‍ അദ്വാനിയെ വിളിപ്പിച്ചു, അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആകുവാന്‍ അദ്വാനി ഇല്ല എന്ന് പറയിപ്പിച്ചു.

വികസന വാദം.

അതല്‍ ബിഹാരി വാജ്പെയുടെ ഭരണത്തിന്റെ അവസാന കാലത്ത് 'ഇന്ത്യ തിളങ്ങുന്നു' എല്ലാ ശ്ലോകന്‍ ആയിരുന്നു, ഇന്ത്യന്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നത് എങ്കില്‍ മോഡിയുടെ ഗുജറാത്ത്‌, "വൈബ്രന്റ് ഗുജറാത്ത്"‌ ആണ് മാധ്യമങ്ങളില്‍ .. നരേന്ദ്ര മോഡി എന്നാല്‍ 'വൈബ്രന്റ് ഗുജറാത്ത്'‌ എന്നാ അര്‍ത്ഥത്തില്‍ ആണ് പബ്ലിക് റിലെക്ഷന്‍സ്‌ വകുപ്പ്‌ അവരുടെ പരസ്യങ്ങള്‍ രൂപപ്പെടുത്തിയിരിക്കുന്നത്. വിദേശ നിക്ഷേപ രൂപീകരണത്തിനായി ഒരു ഇന്‍വെസ്റ്റ്‌മെന്റ്‌ ഫോര്‍ട്ട്‌ഫോലിയോ തയ്യാറാക്കിയപ്പോള്‍ വളരെ കരുതലോടു കൂടി ആണ് ഓരോ കാര്യങ്ങളും നടത്തിയത്. ഗള്‍ഫ്‌ രാജ്യങ്ങളിലും മറ്റു മുസ്ലീം രാജ്യങ്ങളിലും ഈ സംഘത്തില്‍ മുസ്ലീം അംഗംങ്ങളെ ഇവര്‍ വളരെ വിദഗ്ധമായി ഉള്‍പ്പെടുത്തി.

മുസ്ലീം വംശ ഹത്യ നടത്തിയവര്‍ , മുസ്ലീങ്ങളിലെ വാണിജ്യ വിഭാഗങ്ങളില്‍ ഒന്നായ സുന്നി ബോഹ്ര മുസ്ലീങ്ങളെ തങ്ങളുടെ പക്ഷത്തേക്ക് അടുപ്പിച്ചു. അവര്‍ക്ക് കച്ചവടത്തിന് വേണ്ടുന്ന ഇളവുകള്‍ കൊടുക്കുകയും , അതോടൊപ്പം അവരുമായി ആലിംഗനത്തില്‍ നില്‍ക്കുന്ന ഫോട്ടോകള്‍ പ്രസിദ്ധീകരിച്ചും , അത് വഴി മോഡി ഒരു മുസ്ലീം പുനരുദ്ധാരകന്‍ എന്ന ലേബല്‍ ഉണ്ടാക്കിയെടുക്കുകയും ചെയ്തു. ഒന്‍പതു വര്‍ഷങ്ങള്‍ക്കു ശേക്ഷവും കലാപത്തിനു ഇരയായ മുസ്ലീംങ്ങളെ പൂര്‍ണ്ണമായി പുനര്ധിവസിപ്പിക്കുവാന്‍ സര്‍ക്കാരിനു ആയിട്ടില്ല. ഇപ്പോഴും ജുഹുല്‍പുര ഇതിനൊരു ഉദാഹരണം ആണ്. സാമൂഹികമായും സാമ്പത്തീകമായും ഇന്നും അവര്‍ അവഗണിക്കപ്പെടുന്നു. കച്ചവട സ്ഥാപങ്ങള്‍ നഷ്ടമായി പല മുസ്ലീം കച്ചവടക്കാരും തങ്ങളുടെ കച്ചവടം പുനരുജ്ജീവിപ്പിക്കുവാന്‍ വീണ്ടും ശ്രമം തുടങ്ങി. അവര്‍ തങ്ങളുടെ കച്ചവട സ്ഥാപനങ്ങളുടെ പേരുകള്‍ പോലും ഹൈന്ദവീകരിചിരിക്കുന്നു, മറ്റൊരു ആക്രമണം ഭയന്ന്. ഗുജറാത്തില്‍ 9 ശതമാനത്തില്‍ താഴെ ആണ് മുസ്ലീം ജനസംഖ്യ. അതില്‍ വളരെ ചെറിയ ഒരു വിഭാഗം മാത്രമാണ് തങ്ങളുടെ കച്ചവട താല്പര്യം മുന്‍നിര്‍ത്തി മോഡിയോടൊപ്പം നില്‍ക്കുന്നത്. മുസ്ലീം ജനസംഖ്യയില്‍ 12 ശതമാനത്തിനു മാത്രമേ ഗുജറാത്തില്‍ ഏതെങ്കിലും ഒരു ബാങ്കില്‍ അക്കൗണ്ട്‌ ഉള്ളു, അതില്‍ തന്നെ ബാങ്ക് ലോണ്‍ കിട്ടാന്‍ അര്‍ഹതയുള്ളവര്‍ കേവലം 3 ശതമാനത്തില്‍ താഴെ മാത്രം. ഗുജറാത്തില്‍ മുസ്ലീമ്കള്‍ക്ക് ജോലി ലഭിക്കുക ഇന്നും ഒരു മരീചികയാണ്. വിദ്യാഭ്യസ നിലവാരത്തില്‍ ഗുജറാത്ത്‌ ഇന്ന് ബീഹാറിനെക്കാള്‍ പിന്നില്‍ ആണെന്ന് പഠന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ടെക്സ്റ്റയില്‍സ് , ഡയമണ്ട് ബിസിനെസ്സില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന മുസ്ലീംകള്‍ ഇന്ന് എല്ലായിടത്തും പിന്തള്ളപ്പെട്ടിരിക്കുന്നു. ഒറീസ , ബീഹാര്‍, ജാര്‍ഖണ്ട് എന്നിവിടങ്ങളിലെക്കാള്‍ പട്ടിണി ഇന്ന് ഗുജറാത്തില്‍ നില നില്‍ക്കുന്നു. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ പട്ടിണി ഉള്ള ജില്ലകള്‍ ഇന്നും ഗുജറാത്തില്‍ ആണ്. 'വൈബ്രന്റ് ഗുജറാത്ത്'‌ സമ്മേളനങ്ങളില്‍ കോടിക്കണക്കിനു രൂപയുടെ കരാറുകള്‍ ഒപ്പിട്ടു ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതല്ലാതെ പദ്ധതികള്‍ എല്ലാം കടലാസുകളില്‍ മാത്രം. കരാര്‍ ഒപ്പിട്ട പദ്ധതികളില്‍ തന്നെ 20 ശതമാനം മാത്രമാണ് നടപ്പില്‍ വരുത്തുന്ന ഘട്ടത്തില്‍ ഉള്ളത്. പാവപ്പെട്ടവര്‍ കൂടുതല്‍ പാവപ്പെട്ടവരും കോടീശ്വരന്മാര്‍ കൂടുതല്‍ കോടികള്‍ കൊയ്യുന്നതും ആണ് മോഡിയുടെ വികസന പ്രക്രിയ. ടീ വി യിലും മാധ്യമങ്ങളിലും കട്ട്‌ ഔട്ട്‌ കളിലും മാത്രം ഒതുങ്ങുന്ന വികസനം ആണ് ഗുജറാത്തിലെ വികസനം.

ശിഷ്ടകാലം.

മോഡി ആണ് താരം, സന്ഘപരിവാറിലും, ബി ജെ പി യിലും. മോഡിയെ മോടിയാക്കി, ഇന്ത്യന്‍ മനസുകളിലും ഇന്ന് താരമാക്കുവാന്‍ അത്യദ്ധ്വാനം ചെയുകയാണ് സംഘ പരിവാര്‍ നേതൃത്വവും കോര്‍പൊറേറ്റുകളും. ഇന്ത്യയുടെ വിജയത്തില്‍ , വളര്‍ച്ചയില്‍ അതൃപ്തി ഉള്ള ചില വിദേശ ശക്തികളും മോഡിയെ ഫലപ്രദം ആയി ഉപയോഗിക്കുന്നു. ഏറ്റവും ഒടുവില്‍ ഇറങ്ങിയ ലൈഫ് സ്റ്റൈല്‍ മാഗസിന്‍ ആയ സൊസൈറ്റി മാസികയുടെ കവര്‍ പോലും , ബോളി വുഡ് , ഹോളി വുഡ് അഭിനേതാക്കളെ മാറ്റി നിര്‍ത്തി 'മോഡിവിജയം' ആഘോഷിക്കുന്നു.

ഗുജറാത്തില്‍ ഏറ്റവും അധിക കാലം മുഖ്യമന്ത്രി ആയിരുന്നത് നരേന്ദ്ര മോഡി ആണ്. മോഡിയുടെ ഭരണത്തോട് ഗുജറാത്തില്‍ തന്നെ എതിര്‍പ്പ് കൂടി വരുന്നു എന്നതിന്റെ തെളിവാണ് ഏപ്രിലില്‍ ഗാന്ധിനഗര്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ മോഡിക്കും ബി ജെ പി ക്കും ഉണ്ടായ പരാജയം. ബി ജെ പി യുടെ മുതിര്‍ന്ന നേതാവായ അദ്വാനിയുടെ സ്ഥിരം ലോകസഭ മണ്ഡലം കൂടി ആണ് ഗാന്ധി നഗര്‍ എന്നത് പ്രത്യേകം പ്രസ്താവ്യം ആണ്. ഗുജറാത്തിലെ സാധാരണ ജനങ്ങള്‍ ഇപ്പോഴും ദാരിദ്രത്തിലും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ അത്രുപ്തരും ആണ് എന്നതിന്റെ തെളിവാണ് ഗാന്ധിനഗര്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് ഫലം. ഗുജറാത്തിലെ കൊള്ളാവുന്ന സ്ഥലങ്ങള്‍ ഒക്കെയും തന്നെ പിന്‍ തുണക്കുന്ന കോര്‍പറേറ്റുകള്‍ക്ക് പണയപ്പെടുത്തിയിരിക്കയാണ് മോഡി സര്‍ക്കാര്‍ , അഴിമതി അതിന്റെ പാരമ്യതയില്‍ ആണെങ്കിലും അതൊക്കെയും മൂടി വെക്കുവാന്‍ പബ്ലിക് റിലെക്ഷന്‍സിനു കഴിയുന്നു... അടുത്ത വര്ഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മോഡി ഒരു പ്രധാനമന്ത്രി 'ഉല്പന്നം' ആണ് എന്ന് ബോധ്യപ്പെടുത്തി ഗുജറാത്ത് നഷ്ടപ്പെടാതിരിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നു. തെരഞ്ഞെടുപ്പ് വിജയത്തിനായി സംഘ പരിവാര്‍ ഇനിയും ഇന്ത്യയില്‍ കലാപങ്ങള്‍ സൃഷ്ടിക്കുമോ എന്ന ആശങ്കയും അസ്ഥാനത്തല്ല.

1 comment:

  1. Malayala film industrikku ethilum nalla thirakkathakrithine orikkalum kittilla..........:-)

    ReplyDelete