Thursday, 22 March 2012

വേദനാജനകം ഈ വേര്‍പാട്.

വേദനയോടെ ആണ് ആ വാര്‍ത്ത ശ്രവിച്ചത്. സഖാവ് സി കെ ചന്ദ്രപ്പന്‍ കഥാവശേഷനായി.

സാധാരണ നേതാക്കള്‍ മരിക്കുമ്പോള്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്ന ഒരു പ്രഹെളികയ്ക്ക് അപ്പുറം ഹൃദയത്തില്‍ നിന്ന് ഊര്‍ന്നു വന്നു കണ്ണുകളെ ഈറനണിയിച്ച വേദന. എന്‍റെ മനസ്സ് പറയുകയായിരുന്നു, അവസാനത്തെ കമ്മ്യുണിസ്റ്റ്‌ കാരനും അങ്ങനെ യാത്രാ മൊഴി ചൊല്ലുന്നു എന്ന്..

സഖാവ് പി കൃഷ്ണപിള്ള, സഖാവ് എ കെ ജി, ഇ എം എസ, ആര്‍ സുഗതന്‍, എം എന്‍ ഗോവിന്ദന്‍ നായര്‍ , പി കെ വി, ടി വി തോമസ്‌, സി അച്യുതമേനോന്‍ , പി സുരേന്ദ്ര നാഥ് തുടങ്ങിയ നേതാക്കളുടെ ശരിയായ് പിന്‍ഗാമി.

എന്ത് കൊണ്ടോ സഖാവ് സി കെ ചന്ദ്രപ്പനെ വല്ലാതങ്ങു ഇഷ്ടമായിരുന്നു. ഒരു പക്ഷെ അദേഹത്തിന്റെ ലാളിത്യവും വിനയവും എന്നാല്‍ കാര്‍ക്കശ്യവും നിറഞ്ഞ സമീപനമായിരുന്നിരിക്കണം. ജന്മിയായി ജനിച്ചു ലളിതമായി ജീവിച്ചു ആരോടും പകയില്ലാതെ മരിച്ച ഒരു രാഷ്ട്ര സ്നേഹി. ആദര്‍ശത്തിന്‍റെ ആള്‍ രൂപമായിരുന്നു സഖാവ് സി കെ. തലശ്ശേരിയില്‍ നിന്ന് ആദ്യം പാര്‍ലിമെന്റില്‍ എത്തിയപ്പോള്‍ തന്നെ മികച്ച പാര്‍ലിമെന്റെറിയന്‍ എന്ന് പേരെടുത്തിരുന്നു സഖാവ് സി കെ. വിഷയങ്ങള്‍ ആഴത്തില്‍ പഠിച്ചു മാത്രം പ്രസംഗിച്ചും പ്രവര്‍ത്തിച്ചും ജനങ്ങള്‍ക്ക്‌ വേണ്ടി മാത്രം ജീവിച്ച നേതാവ്. തലശ്ശേരി, കണ്ണൂര്‍, തൃശ്ശൂര്‍ മണ്ഡലങ്ങളെ ലോകസഭയിലും സ്വദേശമായ ചെര്‍ത്തലയെ നിയമ സഭയിലും പ്രതിനിധീകരിച്ച സഖാവ് സി കെ ചന്ദ്രപ്പന്‍ ആണ് , കഴിഞ്ഞ ലോക സഭയില്‍ ഏറ്റവും അധികം ബില്ലുകള്‍ അവതരിപ്പിച്ച ലോകസഭാംഗം എന്ന് കേള്‍ക്കുമ്പോള്‍ അതിശപ്പെടെണ്ടതില്ല.

എം പി എന്ന നിലയില്‍ പെന്‍ഷന്‍ കിട്ടിയപ്പോള്‍ എം എല്‍ എ എന്ന നിലയിലെ പെന്‍ഷന്‍ വേണ്ട എന്ന് പറഞ്ഞു തിരികെ കൊടുക്കുവാന്‍ ആദര്‍ശം പറയുന്ന മറ്റൊരു നേതാവിനും സാധിക്കുകയില്ല. ദേശിയ കാഴ്ചപ്പാടുള്ള ഒരു നേതാവായിരുന്നു സഖാവ് സി കെ. സംസ്ഥാന വിഷയങ്ങള്‍ക്കൊപ്പം തന്നെ ദേശിയ വിഷയങ്ങളിലും അദേഹം ശ്രദ്ധ പുലര്‍ത്തിയിരുന്നു.

വളരെ സൌമ്യന്‍ ആയിരുന്നു എങ്കിലും പറയേണ്ട സത്യങ്ങള്‍ ഒരു സങ്കോചവും കൂടാതെ ആരുടെ മുന്നിലും വെട്ടിത്തുറന്നു പറയുവാന്‍ ആര്‍ജ്ജവം ഉള്ള നേതാവായിരുന്നു സഖാവ് സി കെ ചന്ദ്രപ്പന്‍..,. വല്യേട്ടന്‍ മനോഭാവം വാക്കിലും പ്രവര്‍ത്തിയിലും കാണിച്ചു പോന്ന സി പി എമ്മിനെതിരെ പോലും ശബ്ദമുയര്‍ത്തുവാന്‍ അദേഹം ഒരു മടിയും കാട്ടിയിരുന്നില്ല.

ഒരു കാലത്ത് ജന്മിയായി ജനിച്ചു, ഉണ്ടായിരുന്നതെല്ലാം പാര്‍ട്ടിക്കും പൊതു ജനത്തിനും ആയി നീക്കി വച്ച കുമാരപ്പനിക്കാരുടെ മകന്‍ സഖാവ് സി കെ ചന്ദ്രപ്പന്‍, ആഗോളീ കരണകാലത്ത് ജന്മിത്തത്തിലേക്ക് തിരികെ പോകുന്ന കമ്മ്യുണിസ്റ്റ്‌കള്‍ക്ക് തിരിച്ചറിയാന്‍ കഴിയാത്ത ഒരു സമസ്യ ആണ്.

കുറച്ചു വൈകിപ്പോയി, സഖാവ് ചന്ദ്രപ്പന് സി പി ഐ നേതൃത്വത്തിലേക്ക് കടന്നു വരുവാന്‍. നിയമ സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേകഷവും പാര്‍ട്ടിക്ക് പുത്തനുണര്‍വും ഊര്‍ജ്ജ്വസ്വലതയും നല്‍കി പാര്‍ട്ടിയെ വിജയ പഥത്തി ലേക്ക് തിരികെ കൊണ്ട് വരുമ്പോള്‍ ആയിരുന്നു തികച്ചും ആകസ്മികമായ ഈ വേര്‍പാട്. സഖാവ് ചന്ദ്രപ്പനില്‍ നിന്ന് മലയാളികള്‍ കൂടുതല്‍ പ്രതീക്ഷിച്ചു. തനിക്ക് കാന്‍സര്‍ എന്ന മാരക രോഗം ആണെന്നറിഞ്ഞിട്ടും മുന്നണിയില്‍ യാതൊരു വിധ തെറ്റിദ്ധാരണയും ഉണ്ടാകാതിരിക്കാന്‍ അദേഹം പിറവത്ത് പോലും പോയി പ്രസംഗിച്ചു. അവിടെ നിന്ന് നേരെ ആശുപത്രിയിലെക്കും ആയിരുന്നു ആ യാത്ര.

അതെ സഖാവ് ചന്ദ്രപ്പന്‍ മരിച്ചിട്ടില്ല, ജനഹൃദയങ്ങളില്‍ അമരത്വം ഉള്ള നേതാവാണ് സഖാവ്.

1 comment: