Friday, 16 March 2012

ഈ ലോകം സുരക്ഷിതമോ?

പത്തു വര്‍ഷങ്ങള്‍ക്കിപ്പുറം.

സെപ്റ്റംബര്‍ 11, 2011.

അമേരിക്കയിലും ലോകമെങ്ങും നടന്ന ഭീകര വാദത്തിനു എതിരായ അനുസ്മരണ ചടങ്ങുകള്‍ വളരെ ശ്രദ്ധയോടെ തന്നെ കണ്ടു. കൂട്ടത്തില്‍ ഗ്രൌണ്ട് സീറോയില്‍ നടന്ന ചടങ്ങുകള്‍ കണ്ണുകളെ ഈറനണിയിച്ചു.എന്തായിരിക്കാം ലോകത്തില്‍ സംഭവിച്ചത്, കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ക്കുല്ള്ളില്‍ ..

സെപ്റ്റംബര്‍ 11, 2001, പ്രത്യേകതകള്‍ ഒന്നും ഇല്ലാതിരുന്ന ഒരു സാധാരണ ദിവസം. അന്ന് ഞാന്‍ ഒമാനില്‍ ആയിരുന്നു. സാദാരണ പോലെ ജോലി കഴിഞ്ഞിറങ്ങി, സുവൈക്കില്‍ നിന്നും , ഞാനും കുടുംബവും അടുത്ത ഗ്രാമമായ ബര്‍ക്കയില്‍ ഒരു സുഹൃത്തിന്റെ വീട്ടില്‍ പോയിരുന്നു. ആരും പറഞ്ഞു കേട്ടില്ല, ഞങ്ങള്‍ ടി വി ഓണ്‍ ചെയ്തതും ഇല്ല. തിരികെ വീട്ടിലേക്കു പോകുമ്പോള്‍ റേഡിയോയില്‍ ആണ് ഞെട്ടിക്കുന്ന വിവരം കേട്ടത്.

19 ഭീകരവാദികള്‍ ,നാല് വിമാനങ്ങള്‍ റാഞ്ചി അമേരിക്കയെ വിറപ്പിച്ചു. അമേരിക്ക മുഴുവന്‍ ആക്രമണങ്ങള്‍ , എന്തും സംഭവിക്കാം, ഉദ്വോഗത്തിന്റെ മണിക്കൂറുകള്‍ ... ലോകം മുഴുവന്‍ വെറുപ്പും വിദ്വേഷവും നിറച്ചു അനേകരില്‍ ഭയം വളര്‍ത്തിയ ദിനമായി അത് മാറി. ഇരട്ടക്കെട്ടിടങ്ങളുടെ തകര്‍ച്ചയും അതിനെത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും ലോക ജനതയെ വിഭ്രാന്തിയില്‍ ആഴ്ത്തി. അന്ന് നടന്ന ആ ആക്രമണത്തില്‍ മാത്രം 3000 ല്‍ അധികം ആളുകള്‍ കൊല്ലപ്പെടുകയുണ്ടായി. പക്ഷെ തുടര്‍ന്നുണ്ടായ ഭീകരവാദത്തിന് എതിരായ ആക്രമണങ്ങളില്‍ ലോകത്താകമാനം പതിനായിരങ്ങള്‍ കൊല്ലപ്പെട്ടു.

പത്തു വര്‍ഷത്തിനു ശേക്ഷം നമുക്കൊന്ന് ആലോചിച്ചു നോക്കാം. മനുഷ്യരാശിയുടെ മേല്‍ ഉണ്ടായ മുറിവുകള്‍ ഉണങ്ങാന്‍ ഇനി നമ്മള്‍ എന്ത് ചെയ്യണം? നമ്മള്‍ ജീവിക്കുന്ന ലോകം സുരക്ഷിതമാണോ? നമ്മുടെ പിന്‍ തലമുറക്കെങ്കിലും സുരക്ഷിതമായ ഒരു ലോകം സ്വപ്നം കാണുവാന്‍ കഴിയുമോ? ചില സമുദായങ്ങളെ മുഴുവന്‍ സംശയ ദ്രിഷ്ടിയോടെ നോക്കുന്ന ഇന്നത്തെ അവസ്ഥക്ക് പരിഹാരം ഉണ്ടാകുമോ? അതോ ദുരന്ത ദിവസം നമ്മള്‍ ഓരോരുത്തരും ചോദിച്ച ചോദ്യം വീണ്ടും ആവര്‍ത്തിക്കുമോ? അടുത്തു എന്താണ്?

സെപ്തംബര്‍ 11 ചരിത്രത്തില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്, സാത്താന്റെ ദിനം എന്നാണ്. മനുഷ്യരാശിക്ക് എതിരെ നടന്ന ഏറ്റവും വലിയ ഒരു ആക്രമണമായി അതെന്നും ചരിത്രത്താളുകളില്‍ നിലനില്‍ക്കും. ഇസ്ലാമിക്‌ ഭീകരവാദം എന്നാ ഓമനപ്പേര് സാംബ്രാജിത്വം അതിനു ചാര്‍ത്തിക്കൊടുത്തു.

നീണ്ട പത്തു വര്‍ഷങ്ങള്‍ക്കിപ്പുറവും ലോകത്തെ പിടിച്ചു കുലുക്കിയ ആ ഭീകരവാദത്തിന്റെ കാരണങ്ങള്‍ അന്വേഷിക്കുകയാണ് ലോകം. അന്നു മുതല്‍ ഇന്നു വരെ കാരണങ്ങള്‍ അന്വേഷിക്കുന്ന ചോദ്യങ്ങള്‍ ഒന്ന് തന്നെ ആണ്. പത്തു നീണ്ട വര്‍ഷങ്ങള്‍ക്കു ശേക്ഷവും ഭീകരവാദത്തിന് എതിരെ യുദ്ധം പ്രഖ്യാപിച്ച ശകതികള്‍ക്ക് ഭീകരവാദത്തിന്റെ വേരുകള്‍ ഈ മണ്ണില്‍ നിന്നും അറുത്തു മാറ്റുവാന്‍ കഴിഞ്ഞിട്ടില്ല. പക്ഷെ ഇവരുടെ തെറ്റായ ചില തീരുമാങ്ങള്‍ ഭീകരവാദം വളര്‍ത്തുവാന്‍ കൂടുതല്‍ സഹായകം ആയി എന്ന് വേണം കരുതുവാന്‍. അഫ്ഘാനിസ്ഥാനിലും ഇറാഖിലും , പാകിസ്ഥാനിഇലും ഒക്കെ ഇപ്പോഴും ഈ ഭീകരവാദത്തില്‍ അനേകം ജനങ്ങള്‍ ജീവന്‍ പൊലിയുന്നു.

ഒരു കാര്യം വ്യക്തമായി, തോക്കുകള്‍ക്കും, ടാങ്ക്കള്‍ക്കും യുദ്ധ വിമാനങ്ങല്‍ക്കും ഒരിക്കലും ഭീകരവാദത്തെ ഈ മണ്ണില്‍ നിന്ന് തുടച്ചു നീക്കുവാന്‍ കഴിയില്ല. ഒന്നോ, രണ്ടോ, മൂന്നോ, അല്ലെങ്കില്‍ ഒരു പറ്റം ഭീകരരെ ഇങ്ങനെ കൊന്നോടുക്കുവാന്‍ കഴിഞ്ഞേക്കും, എന്നാല്‍ ഭീകരവാദത്തിന്റെ വേരുകള്‍ അറുക്കുവാന്‍ സാധിക്കുന്നില്ല. ഭീകരവാദത്തിന്റെ പിന്നിലെ ആശയം അപ്പോഴും നിലനില്‍ക്കുന്നു.

തോക്കുകള്‍ മാത്രം ഉപയോഗിച്ചുള്ള യുദ്ധം , ഭീകരവാദം എന്നാ ആശയത്തെയും, വര്‍ഗീയതെയെയും വളരുവാന്‍ സഹായിക്കുകയാണ് ചെയുന്നത്. അമേരിക്ക, പാശ്ചാത്യ രാജ്യങ്ങള്‍, ചില അറബ് രാജ്യങ്ങള്‍ ‍, പാകിസ്താന്‍ ഒക്കെ ഈ യുദ്ധത്തില്‍ പരാജയപ്പെടുകയാണ്, ഇത് കൂടുതല്‍ ഭീകരവാദം വളരുവാന്‍ വഴി തെളിക്കുന്നു. ഇവര്‍ ഒരിക്കലും ചികിത്സിക്കുന്നത് രോഗത്തെയല്ല , മരിച്ചു അതിന്റെ ലക്ഷണങ്ങളെ ആണ്.

അപ്പോള്‍ എവിടെ ആണ് രോഗം? രോഗം എവിടെ ആണ് എന്ന് ഇതുവരെയും ആര്‍ക്കും കണ്ടു പിടിക്കുവാന്‍ കഴിഞ്ഞിട്ടില്ല. നിരീക്ഷകരും, ബുദ്ധിജീവികളും , വിശാരദന്‍മാരും ഒക്കെ ഇപ്പോഴും ഭീകരവാദത്തിന്റെ കാരണങ്ങള്‍ തേടി പരക്കം പായുകയാണ്.

കൊലപാതകങ്ങള്‍ കൊലപാതകങ്ങള്‍ക്ക് വഴിയൊരുക്കുന്നു, ഒരിക്കലും അത് സമാധാനത്തിലേക്ക് നയിക്കുന്നില്ല എന്ന സത്യം എന്ത് കൊണ്ട് ഭീകരവാദത്തിന് എതിരെ യുദ്ധം ചെയുന്നവര്‍ എന്ന് പറയുന്നവര്‍ മനസിലാക്കുന്നില്ല. കൊലപാതകങ്ങള്‍ ഭീകരവാദത്തിന്റെ ആഘാതം ചിലപ്പോള്‍ ഒരളവു വരെ കുറച്ചേക്കാം, പക്ഷെ ഭീകരവാദത്തിന്റെ വേരുകള്‍ പിഴുതു കളയുവാന്‍ സാധിക്കുന്നില്ല. നിര്‍ഭാഗ്യവശാല്‍ ഭീകരവാദത്തിന്റെ വേരുകള്‍ പിഴുതെറിയുവാനുള്ള ശരിയായ മാര്‍ഗങ്ങള്‍ക്ക് ഇതുവരെയും തുടക്കം കുറിച്ചിട്ടില്ല എന്ന് വേണം പറയുവാന്‍. അമേരിക്കയുടെയും പാശ്ചാത്യ രാഷ്ട്രങ്ങളുടെയും നേതൃത്വത്തിലുള്ള അന്തര്‍ദേശിയ സമൂഹത്തിനു ഭീകരവാദത്തിന്റെ മൂല്യകാരണം കണ്ടെത്തുന്നതിന് ഇത് വരെ സാധിച്ചിട്ടില്ല , അവര്‍ ഇപ്പോഴും തെറ്റായ ദിശയിലൂടെ ആണ് നീങ്ങുന്നത്. നീണ്ട പത്തു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും, ഭീകരവാദം മനുഷ്യരാശിക്ക് മുന്നില്‍ പല്ലിളിച്ചു കാണിക്കുകയും വിറപ്പിക്കുകയും ചെയുന്നു - അമേരിക്കയിലും, യൂറോപ്പിലും, അറബ രാജ്യങ്ങളിലും ഏഷ്യയിലും ഇത് തന്നെ ആണ് സ്ഥിതി.

ദാരിദ്ര്യം.

ഒരു നേരം വിശപ്പടക്കാന്‍ കഴിയാത്തവര്‍, ഒരു തുള്ളി വെള്ളം കുടിക്കാന്‍ നിര്‍വാഹം ഇല്ലാത്തവര്‍, ഒരു ഗ്ലാസ്‌ പാല്‍ പോലും കണ്ടിട്ടില്ലാത്തവര്‍, ഒരു ഗുളിക മേടിച്ചു കഴിച്ചു രോഗം ശമിപ്പിക്കാന്‍ കഴിയാത്തവര്‍ , ഇവരെയൊക്കെ ആണ് നാം ഈ കാലഘട്ടത്തിലും സോമാലിയയില്‍ കാണുന്നത്. അത് പോലെ തന്നെ, അവഹെളിപ്പിക്കപ്പെടുന്ന ഒരു ജനത, നിരപരാധികളായ ഒരു സമൂഹത്തെ ക്രൂശിക്കുന്ന , ഒരു സമുദായത്തെ സംശയ ദ്രിഷ്ടിയോടെ വീക്ഷിക്കുന്ന സമൂഹം. സമത്വവും സാമൂഹിക നീതിയും നിഷേധിക്കുന്ന ഒരു സമൂഹം, അവര്‍ക്കും ഈ ലോകത്ത് മറ്റുള്ളവരെ പോലെ ജീവിക്കുവാന്‍ അവസരം ഇല്ലേ? ഭയത്തില്‍ മാത്രം ജീവിക്കുന്ന, ഏതു നിമിഷവും പീഡിപ്പിക്കപ്പെട്ടെക്കാം എന്ന ചിന്തയില്‍ ജീവിക്കുന്ന ജനം, മറ്റുള്ളവരെ വെറുക്കുവാനും സംശയിക്കാനും ഉതകുന്ന പാഠങ്ങള്‍ പകര്‍ന്നു കൊടുക്കുന്ന സമൂഹങ്ങള്‍ , ഒരു രാജ്യത്തിന്റെ സമ്പത്ത് മൊത്തമായും തനിക്കും കൂടെ നില്‍ക്കുന്നവര്‍ക്കും മാത്രം അവകാശപ്പെട്ടത് എന്ന ബോധ്യത്തില്‍ ആ രാജ്യത്തെ ജനങ്ങളെ ഒന്നാകെ അടിമത്തത്തിലെക്കും പട്ടിണിയിലേക്കും തള്ളി വിടുന്ന ഭരണകര്‍ത്താക്കള്‍ . മത പ്രവര്‍ത്തനത്തിന് വേണ്ടി മാത്രം , മതഗ്രന്ഥങ്ങള്‍ തെറ്റായി മാത്രം വ്യാഖ്യാനിച്ചു ജിഹാദിന് ആഹ്വാനം ചെയുന്നവര്‍ , ശരിയായ വിദ്യാഭ്യാസവും മറ്റു അടിസ്ഥാന സൌകര്യങ്ങള്‍ എല്ലാം നിഷേധിക്കപ്പെടുന്ന സമൂഹം, ഇവിടെ ഒക്കെ ഭീകരവാദം വളരുക മാത്രം ആണ്.

ഇന്ന് ഭീകര വാദം വളരുവാന്‍ അന്തരാഷ്ട്ര തലത്തില്‍ തന്നെ ഗൂഡാലോചന നടക്കുന്നുവോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. മൂന്നാം ലോക രാജ്യത്ത് ഭീകരവാദം ശ്കതിപ്പെടുന്നതിന്റെ ഗുണങ്ങളും ഇന്ന് സാമ്ബ്രാജിത്യ്വും ഭരണവര്‍ഗവും അനുഭവിക്കുന്നു എന്നതാണ് ഈ സംശയത്തിന് കാരണം. ഭീകരവാദത്തിന്റെ മറവില്‍ ചില രാഷ്ട്രങ്ങളെയും ജനങ്ങളെയും അപ്പാടെ അകറ്റി നിര്‍ത്തി അവര്‍ക്ക് നീതി നിഷേധിക്കുന്നതും ഭീകരവാദം വളരുവാന്‍ സഹായിക്കുന്നു.

ഭീകരാക്രമണത്തിന്റെ പത്തു വര്‍ഷങ്ങക്കിപ്പുറവും സോമാലിയയിലെ പട്ടിണി ചിത്രങ്ങള്‍ മനുഷ്യ മനസ്സിനെ ഞെട്ടിപ്പിക്കുന്നതാണ്. അത് പോലെ നാണക്കേടാണ് , ബാഗ്ദാദിലെ തെരുവുകളില്‍ ദിനം പ്രതി നൂറു കണക്കിന് മനുഷ്യര്‍ മരിച്ചു വീഴുന്നത്. അതിനേക്കാള്‍ ഒക്കെ വലിയ നാണക്കേടാണ്, ഇന്നും ബാഗ്ദാദില്‍ നിന്ന് കോടിക്കണക്കിനു ബാരല്‍ പെട്രോള്‍ കൊള്ളയടിക്കുന്നത്. അഫ്ഘാനിസ്ഥാനിലും ആഫ്രിക്കയിലും കുട്ടികള്‍ക്ക് പ്രാഥമീക വിദ്യാഭ്യാസത്തിനു പോലും വിദ്യാലയങ്ങള്‍ ഇല്ലാത്തത്... ഉദാഹരണങ്ങള്‍ അനേകം ഉണ്ട് നമുക്ക് മുന്നില്‍ .

ഇന്ന് ലോകത്ത്, ബുള്ളറ്റുകള്‍ക്കും, തോക്കിനും , ടാങ്കിനും , ബോംബിനും യുദ്ധത്തിനും വേണ്ടി ചിലവഴിക്കുന്ന പണം , എന്ത് കൊണ്ട് അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട ഒരു വലിയി ജനതയ്ക്ക് വിദ്യാഭ്യാസത്തിനും , അത് വഴി തൊഴിലിനും അങ്ങനെ ഉത്പാദനക്ഷമമായ ഒരു രാഷ്ട്രം കേട്ടിപ്പെടുക്കുന്നതിനും വിനിയോഗിച്ചു കൂടാ. പാവപ്പെട്ട രാഷ്ട്രങ്ങളുടെ ഉന്നമനത്തിനും, അവിടുത്തെ പട്ടിണി മാറ്റുവാനും, റോഡുകള്‍ , ആശുപത്രികള്‍ ഇവയൊക്കെ നിര്‍മിക്കുന്നതിനും, മനുഷ്യന്‍റെ ജീവിത നിലവാരം ഉയര്‍ത്തുവാനും എന്ത് കൊണ്ട് ഈ പണം ഉപയോഗിച്ച് കൂടാ. അമേരിക്കയെയും , പാശ്ചാത്യ രാജ്യങ്ങളെയും മാത്രമല്ല ഇക്കാര്യത്തില്‍ വിമര്‍ശിക്കേണ്ടത്, അറബ് രാജ്യങ്ങളും സാമ്പത്തീകമായി മുന്നില്‍ നില്‍ക്കുന്ന മുസ്ലീം രാജ്യങ്ങള്‍ക്കും ഇക്കാര്യത്തില്‍ വലിയ പങ്കു വഹിക്കുവാന്‍ ഉണ്ട്.

അമേരിക്കന്‍ പ്രസിഡന്റ്‌ ആയിരുന്ന ബുഷിന്റെ വാക്കുകള്‍ ഓര്മ വരുന്നു. നിങ്ങള്‍ ഒന്നുകില്‍ ഞങ്ങള്‍ക്കൊപ്പം , അല്ലെങ്കില്‍ ഭീകരവാദത്തിനോപ്പം. അമേരിക്കക്കൊപ്പം നില്‍ക്കാത്തവരെ എല്ലാം ഭീകരവാദികള്‍ ആക്കുവാന്‍ സെപ്തംബര്‍ 11 ലെ ആക്രമണത്തിനു ശേക്ഷം അമേരിക്ക ശ്രമിച്ചു, അമേരിക്കയെ എതിര്‍ത്തിരുന്നവര്‍ പോലും ഈ ചതിക്കുഴിയില്‍ പെട്ടെന്ന് വീണു പോയി, എന്നതാണ് ഈ പത്തു വര്‍ഷത്തിലെ ഏറ്റവും വലിയ ദുര്യോഗം. ബുഷിന്റെ ഈ ആഹ്വാനത്തെ എതിര്‍ത്തവരെ എല്ലാം തെരഞ്ഞു പിടിച്ചു , ഒറ്റപ്പെടുത്തി തകര്‍ക്കുക ആയിരുന്നു അമേരിക്കന്‍ ഭരണകൂടം ചെയ്തത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണം ആയിരുന്നു ഇറാഖില്‍ കണ്ടത്. ഇപ്പോള്‍ പശ്ചിമേഷ്യയിലും ചില ആഫ്രിക്കന്‍ രാജ്യങ്ങളിലും പല രൂപത്തില്‍ കാണുന്നത്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ച , അമേരിക്കയുടെ ഈ നീരാളി പിടുത്തത്തിന് ആക്കം കൂട്ടി. ആരും എതിര്‍ക്കനില്ലാതെ, ലോകത്തെ നിയന്ത്രിക്കാന്‍, അമേരിക്ക നടത്തിയ പരിശ്രമങ്ങള്‍ക്ക് ഒരു പരിധിവരെ വിജയം കാണുവാനും അവര്‍ക്കായി.

ഈ നീണ്ട പത്തു വര്‍ഷങ്ങള്‍ക്കു ശേക്ഷവും, ഇനിയെങ്കിലും ഭീകര വാദത്തിനു എതിരെ യുദ്ധം ചെയുന്നവര്‍ ഒന്ന് മനസിലാക്കണം, തങ്ങള്‍ ഇത് വരെ കൈക്കൊണ്ട മാര്‍ഗങ്ങള്‍ എല്ലാം തെറ്റായിരുന്നു എന്ന ബോധം. ഭീകരവാദം ഒറ്റപ്പെടലുകളില്‍ നിന്നാണ് രൂപം കൊള്ളുന്നത്‌, അതിനാല്‍ ഒറ്റപ്പെടുത്തി , ഒരു സമൂഹത്തെയും നശിപ്പിക്കാന്‍ ശ്രമിക്കാതെ, ഇന്ന് ഒറ്റപ്പെട്ടു പോയവരെ മുഖ്യധാരയിലേക്ക് കൊണ്ട് വന്നു , അവരുടെ ക്ഷേമ കാര്യങ്ങളില്‍ കൂടി ശ്രദ്ധിക്കുക. ഒന്ന് മനസിലാക്കുക, ഈ പത്തു വര്‍ഹ്സം കൊണ്ട് പഠിക്കാത്ത ഒരു പാഠം കൂടി പഠിക്കുക, ഭീകര വാദത്തെ തോക്ക് കൊണ്ട് നേരിടുന്നതിന് പകരം അവര്‍ക്ക് അല്പം സ്വാതന്ത്യവും ഭക്ഷണവും കൊടുത്ത് നോക്കുക. സുരക്ഷിതമായ ഒരു നവലോക സൃഷ്ടി യാഥാര്‍ത്യമാകും.

No comments:

Post a Comment