Saturday, 24 March 2012

ഒരു വടക്കന്‍ തെരഞ്ഞെടുപ്പിന്റെ ബാക്കി പത്രം.

ഉത്തര്‍ പ്രദേശ്‌, ഉത്തരാഖണ്ഡ്‌, പഞ്ചാബ്‌, ഗോവ, മണിപ്പൂര്‍ നിയമ സഭാ തെരഞ്ഞെടുപ്പുകള്‍ വളരെ സമാധാനപരമായി നടത്തുന്നത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ നിപുണതയില്‍ സന്തോഷിക്കാം. പല ഘട്ടങ്ങളില്‍ ആയി നടത്തിയ ആ തെരെഞ്ഞെടുപ്പുകള്‍ക്കൊടുവില്‍ ഈ മാസമാദ്യം തന്നെ അതിന്‍റെ ഫലം പുറത്തു വന്നപ്പോള്‍ ഏറെക്കുറെ പ്രതീക്ഷിച്ച ഫലങ്ങള്‍ തന്നെ ആയിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തെ എക്കാലവും നിയന്ത്രിക്കുവാന്‍ തക്ക അംഗ ബലമുള്ള, ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍ പ്രദേശും , ചെറുതെന്കില്‍ കൂടി പ്രബല ശക്തിയായ പഞ്ചാബും ആയിരുന്നു എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബ്രഹ്മിന്‍ ദളിത്‌ ഐക്യം ഉണ്ടാക്കി, എല്ലാ പ്രവചനങ്ങളെയും കട പുഴക്കി അധികാരത്തില്‍ വന്ന മായാവതി സര്‍ക്കാരിനെതിരെ ജനങ്ങള്‍ ഈ വോട്ടെടുപ്പില്‍ അണി നിരന്നു. പ്രതി പക്ഷത്തിരുന്നപ്പോള്‍ , അലസത കൈ വെടിഞ്ഞു ജനങ്ങളുടെ ക്ഷേമ പ്രവര്‍ത്തനത്തില്‍ ജാഗരൂകരായിരുന്ന മുലായം സിംഗ് യാദവും മകന്‍ അഖിലേഷ്‌ സിംഗ് യാദവും വ്യക്തമായ ഭൂരിപക്ഷത്തോട് കൂടി അധികാരത്തില്‍ തിരിച്ചെത്തിയിരിക്കയാണ്.

ലോകസഭാ തെരഞ്ഞെടുപ്പില്‍ നിന്ന് കിട്ടിയ ഉര്‍ജ്ജവുമായി യു പി പിടിച്ചെടുക്കാന്‍ സര്‍വ സന്നാഹവും ആയി പുറപ്പെട്ട ഡല്‍ഹി രാജാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ്സും ഒരു പറ്റം നേതാക്കളുടെ മാത്രം ഇടയില്‍ പെട്ട് നട്ടം തിരിയുന്ന കാഴ്ച നാം കണ്ടു. പടല പിണക്കങ്ങള്‍ കൊണ്ട് ജീര്‍ണ്ണാവസ്ഥയില്‍ ആയിരുന്ന ബി ജെ പി നില മെച്ചപ്പെടുത്തി ഇല്ലെങ്കില്‍ പോലും യു പി യില്‍ തങ്ങള്‍ അവഗണിക്കാനാവാത്ത ഒരു ശക്തി ആണ് എന്ന് വിളിച്ചറിയിക്കുന്നു..

ജാതി രാഷ്ട്രീയം ഏറ്റവും ശക്തമായ നിലയില്‍ ആണ് ഇന്നും യു പി യില്‍., എങ്കിലും ഒരു വലിയ ഭരണ വിരുദ്ധ തരംഗം ആണ് യു പിയില്‍ സമാജ് വാദി പാര്‍ട്ടിയെ അധികാരത്തില്‍ എത്തിച്ചത്. കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് തന്നെ യു പി യില്‍ അഴിമതിയും താന്‍പോരിമയും പക്ഷപാതവും കൊണ്ട് കളം നിറഞ്ഞാടിയ മായാവതിക്കും ജനങ്ങളുടെ കോടതിയില്‍ നിന്നു ശിക്ഷ ഏറ്റു വാങ്ങേണ്ടി വന്നു.


ജനാധിപത്യത്തിന്റെ ഏറ്റവും വലിയ വിജയം ആണിത്. ജനാധിപത്യത്തില്‍ ഒരിക്കല്‍ തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാല്‍ എന്ത് തോന്ന്യവാസവും കാണിക്കാം എന്ന് കരുതുന്ന ഈ നേതാക്കള്‍ ജനങ്ങളുടെ പ്രതികരണങ്ങള്‍ അറിയുന്നത് നന്നായിരിക്കും. മുഖ്യ മന്ത്രി ആകുന്നതോട് കൂടി, ഒരു സംസ്ഥാനത്തിന്‍റെ മുഴുവന്‍ സ്വന്തം ആണ്, അല്ലാതെ സ്വന്തം കീശ വീര്‍പ്പിക്കുന്നതിനും സ്വന്തക്കാര്‍ക്കും ഇഷ്ടക്കാര്‍ക്കും പാര്‍ട്ടിക്കാര്‍ക്കും മാത്രം വേണ്ടി ഭരണം നടത്തുന്ന നേതാക്കള്‍ ആണ് എന്ന മിഥ്യാ ബോധത്തില്‍ നിന്ന് ഇനിയെങ്കിലും തിരികെ വരണം.

യു പി യിലുടനീളം മുലായം സിംഗിനും അഖിലെഷിനും അനുകൂലമായ ഒരു തരംഗം തന്നെ വീശി അടിച്ചു. അതില്‍ പല വന്‍ മരങ്ങളും കട പുഴകി വീണു. വലിയ വീമ്പു പറച്ചിലും ആയി യു പി പിടികുവാന്‍ മാസങ്ങളോളം ദളിത്‌ ഭവനങ്ങളില്‍ ഉണ്ടും ഉറങ്ങിയും നടന്ന രാഹുലിന് സംഭവിച്ചത്, തന്‍റെ ഉപജാപ സംഘത്തില്‍ കുറെ കൂടി ആളെ കൂട്ടാന്‍ സാധിച്ചു എന്ന് മാത്രം. അതല്ലാതെ ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് അവരുടെ പ്രശ്നങ്ങള്‍ അറിയുന്ന, അവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സാധാരണ പ്രവര്‍ത്തകരെ കണ്ടെത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല. കുടുംബ പാരമ്പര്യം തനിക്ക് തന്നെ പാരയാകുന്ന ഒരു കാഴ്ച ആണ് യുവ രാജാവിന് യു പി യില്‍ അനുഭവിക്കേണ്ടി വന്നത്. പല പല്ല് കൊഴിഞ്ഞ സിംഹംങ്ങളും തങ്ങളുടെ മക്കള്‍ക്കും ആശ്രീതര്‍ക്കും സീറ്റ് സംഘടിപ്പിച്ചു കൊടുക്കുന്നത് തടയുവാന്‍ രാഹുലിന് ആയില്ല. സീറ്റ് കിട്ടാതെ വന്നവര്‍ മറ്റു പാര്‍ട്ടികളില്‍ അഭയവും തേടി.

മുസ്ലീം വോട്ടുകള്‍ ഏകീകരിക്കുക ആയിരുന്നു യു പിയില്‍ കോണ്‍ഗ്രസ്‌ നടത്തിയ മറ്റൊരു ശ്രമം. സമാജ് വാദി പാര്‍ട്ടി, ബി എസ പി എന്നിവരുടെ കൂടെ കൂടിയ മുസ്ലീം വോട്ടുകളെ തിരികെ കൊണ്ടുവരുവാന്‍ നടത്തിയ നീക്കവും വിവാദങ്ങളിലും വാഗ്ദാനങ്ങളിലും മാത്രമൊതുങ്ങി. സല്‍മാന്‍ ഖുര്‍ഷിദിനെ പോലുള്ള കേന്ദ്ര മന്ത്രിമാര്‍ ഈ വിഷയത്തില്‍ ശരിക്കും പുലി വാല് പിടിച്ചു. യു പി യിലെ മുസ്ലീം വോട്ടു ബാങ്കുകളില്‍ വ്യക്തമായ വില്ല വീഴ്ത്തിയ മറ്റൊരു പ്രധാന പാര്‍ട്ടി, യു പി യില്‍ മുസ്ലീംകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന പീസ്‌ പാര്‍ട്ടി ആണ്. മുസ്ലീംകള്‍ക്കിടയില്‍ നല്ല സ്വാധീനം ഉണ്ടാക്കുവാനും ചില സീറ്റുകളില്‍ വിജയിക്കാനും ഇവര്‍ക്കായി.


മറ്റൊരു സവിശേഷത, യു പി യിലെ ജനങ്ങള്‍ കാറ്ററിഞ്ഞു തൂറ്റി എന്നുള്ളതാണ്. വോട്ടുകള്‍ പലതായി വീതിച്ചു പോകാതെ ജയിക്കും എന്ന് തോന്നിയ പാര്‍ട്ടിക്ക് വേണ്ടി വോട്ടു ചെയ്തു. അതിനാല്‍ ഒരു രാഷ്ട്രീയ പ്രതി സന്ധി യു പിയില്‍ ഉണ്ടായില്ല. കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും വില പേശല്‍ തന്ത്രവും ഇതോടെ പൊളിഞ്ഞു.

പഞ്ചാബില്‍ ആന്‍റി എസ്റ്റാബ്ലിഷ്മെന്റ് വോട്ടുകള്‍ മാറി മാറി സര്‍ക്കാറുകളെ വരിച്ചിരുന്നു എങ്കിലും ഇത്തവണ കൊണ്ഗ്രെസ്സിന്റെ ആ പ്രത്യാശയും ഗുണം ചെയ്തില്ല. വികസനമെന്ന അജണ്ട ആയിരുന്നു പഞ്ചാബില്‍ പ്രകാശ്‌ സിംഗ് ബാദലിന്റെ മന്ത്രിസഭ നടത്തിയിരുന്നത്. ജന പ്രതിനിധികള്‍ ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ചതും പ്രവചനങ്ങളെ കാറ്റില്‍ പറത്തി അകാളിദലിനെ വീണ്ടും അധികാരത്തിലെത്തിച്ചു.

അഴിമതിയുടെ ആള്‍ രൂപമായിരുന്ന രമേഷ് പോഖര്യാല്‍ നിഷാന്‍ഖ വരുത്തി വച്ച പേര് ദോഷം ബി സി ഖണ്ഡൂരി എന്ന അഴിമതി വിരുദ്ധ നേതാവിന്റെ നേതൃത്വത്തില്‍ ഉത്തരാഖണ്ടില്‍ ബി ജെ പിക്ക് കുറച്ചെങ്കിലും മാറ്റി മറിക്കാനായത് കോണ്‍ഗ്രസിലെ വിമത ശല്യം ഒന്ന് കൊണ്ട് മാത്രം ആണ്. പത്തിലധികം സീറ്റുകളില്‍ കോണ്‍ഗ്രസ്‌ വിമതര്‍ കോണ്‍ഗ്രസിന്‍റെ പരാജയത്തിന് വഴി തെളിച്ചു എന്നത് പ്രത്യേകം പ്രസ്ഥാവ്യം ആണ്. ഒടുവില്‍ റിബല്‍ ആയി ജയിച്ചു വന്ന ചില എം എല്‍ എ മാരെ കൂട്ടി ഒരു മന്ത്രി സഭ ഉണ്ടാക്കുവാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞു എങ്കില്‍ കൂടി ഗ്രൂപ്പിസം പാര്‍ട്ടിയെ വല്ലാതെ കാര്‍ന്നു തിന്നുകയാണ് .


ഗോവയില്‍ കോണ്‍ഗ്രസിനു പ്രതീക്ഷിച്ച തോല്‍വി താന്നെ ആണ് പിണഞ്ഞിരിക്കുന്നത്. കോണ്‍ഗ്രസ്‌ എന്നാല്‍ ചില കുടുംബങ്ങള്‍ മാത്രം ആണ് ഗോവയില്‍.,. ഭാര്യക്കും, മക്കള്‍ക്കും, മരുമക്കള്‍ക്കും, സഹോദരങ്ങള്‍ക്കും കൊച്ചു മക്കള്‍ക്കും ഒക്കെ സീറ്റ് മേടിച്ചു കൊടുക്കുവാന്‍ ആയിരുന്നു അവിടെ നേതാക്കള്‍ക്ക് താലപര്യം. കൂടാതെ അഴിമതി അതിന്‍റെ പാരമ്യതയില്‍ ആയിരുന്നു പരുലെക്കറിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ ഇരുന്ന കോണ്‍ഗ്രസ്‌ മന്ത്രിസഭയില്‍.,. ഗോവയില്‍ ബി ജെ പി അല്ലാതെ മറ്റൊരു ഓപ്ഷന്‍ വോട്ടര്‍ മാര്‍ക്കിടയില്‍ ഇല്ലയിര്‍ന്നു..


മണിപ്പൂരില്‍ ഇപ്പോഴും കൊണ്ഗ്രെസ്സിനു ഒരു ബദല്‍ ഇല്ല എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു...


ഈ തെരഞ്ഞെടുപ്പ് ഓരോ രാഷ്ട്രീയ കക്ഷികള്‍ക്കും നല്‍കുന്ന പാഠം, അധികാരത്തില്‍ കയറിക്കഴിഞ്ഞാല്‍ ജനങ്ങളുടെ നെഞ്ചത്തേക്ക് കയറുന്നവര്‍ക്ക് അടുത്ത തെരഞ്ഞെടുപ്പില്‍ വീണ്ടും ജനങ്ങളുടെ കാല്‍ക്കീഴില്‍ ചവിട്ടി അരയെണ്ടി വരും എന്നുള്ളതാണ്. അഴിമതിയിലുപരി ജനം നോക്കുന്നത് അവരുടെ കൈ അകലത്ത് തങ്ങളുടെ ജന പ്രതിനിധികളെ കിട്ടുന്ന എന്നുള്ളതാണ്. അഴിമതി നടത്തിയാലും ജനകീയന്‍ ആകുക എന്നതായിരിക്കണം ജന പ്രതിനിധികള്‍ ഇനി ചെയ്യേണ്ടത്.

1 comment:

  1. വസ്തുതകളെ ഉചിതമായി വിലയിരുത്താൻ ശ്രമിച്ചു. തുടർന്നെഴുത്തിന് ആശംസകൾ...

    ReplyDelete