Friday 16 March 2012

ബെര്‍ലിന്‍ വസന്തം.


പി ഡി എഫ്‌പ്രിന്‍റ്ഇ മെയില്‍


ജെര്‍മനിയുടെ തലസ്ഥാനം ആയ ബെര്‍ലിനിലേക്ക് ഒരു യാത്ര. വളരെ അവിശ്വസനീയം ആയ ഒരു സ്വപ്നം. യാത്രകള്‍ വലിയ ആഗ്രഹം ആയിരുന്നു എങ്കിലും ഇങ്ങനെ ഒരു യാത്ര സ്വപ്നം മാത്രം ആയിരുന്നു. വളരെക്കാലം മുതലേ ഞാനും ബഷീറും സുഹൃത്തുക്കള്‍ ആണ്. ദുബായിലെ റിയല്‍ എസ്റ്റേറ്റ്‌ ബിസിനെസ്സ്‌ നേരിട്ട വന്‍ തകര്‍ച്ചയുടെ ഫലം, ബഷീറിന്റെ പഴം പച്ചക്കറി ബിസിനെസ്സില്‍ ജോലിക്ക് എനിക്കും ഒരു ക്ഷണം. ഇന്ത്യയില്‍ നിന്നുള്ള അവരുടെ കമ്പനിക്ക് യൂറോപ്പ്, റഷ്യ, ഉക്രൈന്‍ എന്നിവിടങ്ങളില്‍ പുതിയ മാര്‍ക്കറ്റ് കണ്ടു പിടിക്കുക, അത് പോലെ വിദേശ രാജ്യങ്ങളില്‍ നിന്ന് പഴം , പച്ചക്കറി എന്നിവ ദുബായിലേക്കും, ഇന്ത്യയിലേക്കും ഇറക്കുമതി. ഇതാണ് എന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്വം. യാത്രകള്‍ ഉണ്ടാകും എന്നും പറഞ്ഞിരുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ ആയി യൂറോപ്പ് പര്യടനം നടത്തുവാന്‍ അദേഹം എന്നെ ക്ഷണിച്ചിരുന്നു, കുടുംബ ബിസിനെസ്സ്‌ ആയതിനാലാവാം അവസാന നിമിഷം എല്ലാം മാറിപ്പോകും.. എന്തായാലും ഇത്തവണയും യൂറോപ്പില്‍ പോകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബഷീര്‍ വാചാലനായിരുന്നു എങ്കിലും , വിമാനത്തില്‍ കയറുന്നത് വരെയും എല്ലാം അവിശ്വസനീയം ആയിരുന്നു.

ജര്‍മ്മന്‍ കോണ്‍സുലേറ്റില്‍ പോയി, വിസ ഒക്കെ നേരത്തെ ശരിയാക്കി. 14 രാജ്യങ്ങളില്‍ യാത്ര ചെയാവുന്ന ഷെന്‍ഗന്‍ വിസ. ഷെന്‍ഗന്‍ വിസ കിട്ടിയപ്തിനു ശേക്ഷം ഉക്രൈന്‍ , റഷ്യന്‍ വിസക്ക് ഞങ്ങള്‍ ഒരു ഏജെന്റിനെ സമീപിച്ചു. റഷ്യന്‍ വിസ ഒരു ദിവസത്തിനകം കിട്ടും, പക്ഷെ ഉക്രൈന്‍ വിസ ഒരാഴ്ച കഴിഞ്ഞാലേ കിട്ടുകയുള്ളൂ .. ഉക്രൈന്‍ എംബസ്സിയില്‍ പോയി വിസ എടുക്കുന്നതില്‍ നിന്ന് ഉക്രൈന്‍ കാരിയായ മരിയ ഞങ്ങളെ വിലക്കി.കാരണമായി അവള്‍ പറഞ്ഞത് , ഉക്രൈന്‍ ജനത വല്ലാതെ കൈക്കൂലി മേടിക്കുന്നവര്‍ ആണ്, എജെന്റ് മുഖേന വിസ എടുക്കുന്നതാണ് ഉചിതം എന്നും പറഞ്ഞു. എന്തായാലും പോകുന്നതിനു മുന്‍പ് തന്നെ എല്ലാ വിസകളും അടിച്ചു കിട്ടി.

പതിനഞ്ചു ദിവസ യാത്ര ആണ് ഞങ്ങള്‍ പ്ലാന്‍ ചെയ്തത്. ഫെബ്രുവരി ഒന്‍പതിന് ബെര്‍ലിനില്‍ നടക്കുന്ന ഫ്രൂട്ട് ലോജിസ്റ്റിക്ക എന്ന എക്സിബിഷന്‍ ആണ് ഞങ്ങള്‍ പ്രധാനമായും ലക്ഷ്യം ഇട്ടതു. എന്റെ പഴയ സുഹൃത്തും ബഷീറിന്‍റെ ബിസിനെസ്സ്‌ പങ്കാളിയും ആയ ഒമാനിലുള്ള കനകന്‍ പിള്ള ചേട്ടനോട് കാര്യങ്ങള്‍ പറഞ്ഞു, അദേഹവും ഞങ്ങളോടൊപ്പം വരാന്‍ താല്പര്യം പ്രകടിപ്പിച്ചു. അദേഹത്തിന് പെട്ടെന്ന് നാട്ടിലേക്ക് പോകേണ്ടി വന്നതിനാല്‍ ജര്‍മ്മന്‍ വിസ മാത്രം ആണ് കിട്ടിയത്. വിസക്ക് വേണ്ടി, പോകുന്നതിനും തിരികെ വരുന്നതിനും ഉള്ള ടിക്കെറ്റുകള്‍ , ഹോട്ടല്‍ ബുക്കിംഗ്, ട്രാവല്‍ ഇന്‍ഷുറന്‍സ്‌ എന്നിവ റെഡിയാക്കിയത് അക്ബര്‍ ട്രാവല്‍സ് ആണ്. വിസക്കായി അവര്‍ ആദ്യം ഒരു ഡമ്മി ഹോട്ടല്‍ ബൂകിംഗ്, ഡമ്മി ടിക്കറ്റ് ഒക്കെ ശരിയാക്കി തന്നു.

എന്തായാലും എമിറേറ്റ്സ് എയര്‍ ലൈനിന്റെ , ദുബായ് - ഫ്രാങ്ക്ഫര്‍ട്ട് , ഫ്രാങ്ക്ഫര്‍ട്ട് - ബെര്‍ലിന്‍ , ബെര്‍ലിന്‍ - മോസ്കോ , മോസ്കോ - ദുബായ് ടിക്കെറ്റുകള്‍ ആണ് ഞങ്ങള്‍ എടുത്തത്. ഫെബ്രുവരി 8നു രാവിലെ 8.20 നു ആണ് ദുബായില്‍ നിന്ന് ഫ്ലൈറ്റ. എക്സി ബിഷന്‍ 9 മുതല്‍ 11 വരെ ആണ്. പിള്ള ചേട്ടന്‍ അതിരാവിലെ തന്നെ ഒമാനില്‍ നിന്ന് ദുബായ് എയര്‍ പോര്‍ട്ടില്‍ എത്തിയിട്ടുണ്ട്. ആറു മണിക്കൂര്‍ ആണ് ദുബായ് - ഫ്രാങ്ക്ഫര്‍ട്ട് ഫ്ലൈറ്റ് ടൈം. കൃത്യ സമയത്ത് തന്നെ വിമാനം ഫ്രാങ്ക് ഫര്‍ട്ട് വിമാനത്താവളത്തില്‍ എത്തി. തണുപ്പുകാലം ആയതിനാല്‍ മഞ്ഞു കട്ടകള്‍ നിറഞ്ഞ പ്രദേശം ആയിരിക്കും ജെര്‍മനി എന്നാണ് വിചാരിച്ചിരുന്നത് എങ്കിലും മഞ്ഞിന്റെ ഒരംശം പോലും കണ്ടില്ല, പകരം നല്ല വെയില്‍ എല്ലായിടത്തു. ഞങ്ങള്‍ക്ക് ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ നിന്ന് ബെര്‍ലിനിലേക്ക് എയര്‍ ബെര്‍ലിന്‍ വിമാനത്തില്‍ ആണ് ടിക്കറ്റ് ബുക്ക്‌ ചെയ്തിരിക്കുന്നത്. തണുപ്പ് കാലം ആയതിനാല്‍ മൂന്നു മണിക്കൂര്‍ സമയ വ്യത്യാസം. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ തന്നെ കസ്റ്റംസ്‌ കഴിഞ്ഞു ഞങ്ങള്‍ വിമാനത്താവളം ചുറ്റി നടന്നു കണ്ടു.

യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തീക കേന്ദ്രം ആണ് മെയിന്‍ നദിയുടെ തീരത്ത്‌ സ്ഥിതി ചെയുന്ന ഫ്രാങ്ക്ഫര്‍ട്ട്. അത് പോലെ തന്നെ ജെര്‍മ്മനിയുടെ ഏറ്റവും വലിയ വിമാനക്കമ്പനി ആയ ലുഫ്ത്താന്‍സ വിമാനക്കമ്പനിയുടെ ആസ്ഥാനവും, ജെര്‍മനിയിലെ ഏറ്റവും വലിയ എയര്‍ പോര്‍ട്ടും ഫ്രാങ്ക്ഫര്‍ട്ട് ആണ്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്, ജര്‍മ്മന്‍ ഫെഡറല്‍ ബാങ്ക്, ഫ്രാങ്ക്ഫര്‍ട്ട് സ്റ്റോക്ക്‌ എക്സ്ചേഞ്ച്, 300 ല്‍ അധികം ദേശിയ അന്തര്‍ ദേശിയ ബാങ്കുകള്‍ ഒക്കെ ഇവിടെ സ്ഥിതി ചെയുന്നു. ,

ഫ്രാങ്ക്ഫര്‍ട്ട് എയര്‍ പോര്‍ട്ടില്‍ വച്ച് ഇന്ത്യക്കാരും പരിചയക്കാരും ആയി , ദുബായിലും ഇന്ത്യയിലും ഉള്ള അനേകം സുഹൃത്തുക്കളെ കണ്ടു മുട്ടി. ദുബായില്‍ വച്ച് പോലും കാണാത്ത അനേകം ദുബായിക്കാര്‍ ഇവിടെ ബെര്‍ലിനിലെക്കുള്ള യാത്രക്കായി എയര്‍ പോര്‍ട്ടില്‍ .

എന്തായാലും 4.30 നു തന്നെ എയര്‍ ബെര്‍ലിന്‍ വിമാനത്തില്‍ കയറി. ഇവിടെ നിന്ന് ഒരു മണിക്കൂര്‍ യാത്ര. തണുപ്പ് കാലം ആണെങ്കിലും എയര്‍ പോര്ട്ടിനകത്ത് ആയത് കൊണ്ട് ഞങ്ങള്‍ക്ക് അതെപ്പറ്റി യാതൊരു ബോധ്യവും ഇല്ല. മയിന്‍ നദിയുടെ തീരത്ത്‌ മനോഹരമായ പട്ടണം.പക്ഷെ എവിടെയും പച്ച നിറമുള്ള പ്രദേശങ്ങള്‍ കാണുവാന്‍ ഇല്ല. കൃഷിക്ക് അനുയോജ്യം ആയ രീതിയില്‍ ഒരുക്കിയിട്ടിരിക്കുന്ന ഭൂപ്രദേശം പോലെ തോന്നും. , ചെറിയ ചെറിയ മൊട്ടക്കുന്നുകള്‍ , അതിനിടക്ക് ചെറിയ ജലാശയങ്ങള്‍ ... അനേകം വീടുകള്‍ ഉള്ള ചെറിയ ഗ്രാമങ്ങള്‍ ... കൂടുതലും വില്ലകള്‍ , വീടുകള്‍ എല്ലാം അടുത്തടുത്ത്... ബാക്കിയെല്ലാം കൃഷിയിടങ്ങള്‍ .. അനേകം വിന്‍ഡ്‌ മില്ലുകള്‍ , അവ കൌതുകമുനര്‍ത്തി.....വിമാനം ബെര്‍ലിനോടടക്കുന്നു, ചെറിയ മഴ. ഇപ്പോള്‍ ചെറിയ ചെറിയ വീടുകളുടെ കൂട്ടത്തിനോടുവില്‍ വലിയ വലിയ കെട്ടിടങ്ങളും കാണാം ...

ജെര്‍മനിയുടെ തലസ്ഥാനമായ ബെര്‍ലിനില്‍ രണ്ടു പ്രധാനപ്പെട്ട എയര്‍ പോര്‍ട്ടുകള്‍ ആണ് ഉള്ളത്. ഞങ്ങള്‍ ഇറങ്ങുന്നത് സിറ്റിയുടെ നടുവില്‍ ഉള്ള ടിജെല്‍ എയര്‍ പോര്‍ട്ടില്‍ ആണ്, അവിടെ ആണ് എയര്‍ ബെര്‍ലിന്‍ വിമാനക്കമ്പനിയുടെ ആസ്ഥാനവും. പഴയ പശ്ചിമ ജെര്‍മനിയുടെ ഭാഗം ആണ് ടിഗെല്‍ എയര്‍ പോര്‍ട്ട്. പഴി പൂര്‍വ ജെര്‍മനിയുടെ ഭാഗമാണ് ഷോണ്‍ ഫീല്‍ഡ്‌ എയര്‍പോര്‍ട്ട്. ടിജെല്‍ എയര്‍ പോര്‍ട്ട് ചെറിയ വിമാനത്താവളം ആണ്. വിമാനത്തില്‍ നിന്ന് ഇറങ്ങിയപ്പോള്‍ അസഹ്യമായ തണുപ്പ്. രണ്ടു ഡിഗ്രി സെന്റിഗ്രേഡ്‌ ആണ് അവിടുത്തെ തണുപ്പ്. ആദ്യമായിട്ടാണ് ഇത്ര അസഹനീയം ആയ തണുപ്പ് അനുഭവിക്കുന്നത്.

ബെര്‍ലിന്‍ പട്ടണം റൈന്‍ നദിയുടെ തീരത്താണ് സ്ഥിതി ചെയുന്നത്. വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ ആണ് ഞങ്ങള്‍ക്ക് ഒരു കാര്യം മനസിലായത്, അവിടെ ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ തുലോം പരിമിതം ആണ് എന്ന കാര്യം.

ബെര്‍ലിന്‍ ആണ് , ജെര്‍മനിയുടെ തലസ്ഥാനം. പതിമൂന്നാം നൂറ്റാണ്ടു മുതല്‍ ബെര്‍ലിന്‍ ചരിത്ര രേഖകളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട് എങ്കിലും പതിനേഴാം നൂറ്റാണ്ടില്‍ പ്രൂഷ്യയുടെ തലസ്ഥാനം എന്നാണ് അറിയപ്പെട്ടിരുന്നത്.രണ്ടാം ലോക മഹാ യുദ്ധത്തിനു ശേക്ഷം ആണ് ബെര്‍ലിന്‍ , പശ്ചിമ ബെര്‍ലിന്‍ , പൂര്‍വ ബെര്‍ലിന്‍ എന്ന് രണ്ടായി പിരിഞ്ഞതും , പശ്ചിമ ജെര്‍മനിയുടെയും പൂര്‍വ ജെര്‍മനിയുടെയും തലസ്ഥാനം ആയി മാറിയതും. ഈ രണ്ടു ഭാഗത്തിനും ഇടയില്‍ വലിയ ഒരു മതില്‍ നിര്‍മ്മിച്ച്‌, അതീവ ജാഗ്രതയുള്ള സൈനീക നിരീക്ഷണം നടത്തിയിരുന്നു. ഈ മതില്‍ ആണ് സു (കു)പ്രസിദ്ധമായ ബെര്‍ലിന്‍ മതില്‍ 1961 ല്‍ ആണ് ബെര്‍ലിന്‍ മതില്‍ പണിതത്. പശ്ചിമ ജെര്‍മനിയിലെ സ്വാതന്ത്ര്യവും സാമ്പത്തീക ഭദ്രതയും കണ്ടു കിഴക്കന്‍ യൂറോപ്യന്‍ ജനങ്ങള്‍ പശ്ചിമ ജെര്‍മനിയിലെക്ക് കടക്കുക പതിവായിരുന്നു... ഇതിനെ തടയിടുവാന്‍ ആണ് ജര്‍മ്മന്‍ മതില്‍ നിര്‍മ്മിച്ചത്..ഈ മതില്‍ നിര്‍മ്മാണം ശീത സമരത്തിനു വഴി തെളിച്ചു. ബെര്‍ലിന്‍ മതിൽ വഴി ആരെങ്കിലും പൂര്‍വ ജെര്‍മനിയില്‍ നിന്ന് പശ്ചിമ ജെര്‍മനിയിലേക്ക് നുഴഞ്ഞു കയറിയാല്‍ പട്ടാളം അവരെ കൊന്നിരുന്നു. അത്ര വെറുപ്പും വിദ്വേഷവും ആയിരുന്നു രണ്ടു രാജ്യങ്ങളും തമ്മില്‍ ...

എയര്‍ പോര്‍ട്ടില്‍ കുറച്ചു സമയം നിന്നു , ഹോട്ടലിലേക്ക് എങ്ങനെ പോകും? പുറത്തു മഴ പെയ്യുന്നു. ദുബായില്‍ കാണുന്നത് പോലെ അധികം ടാക്സികള്‍ ഇവിടെ ഇല്ല. ഞങ്ങള്‍ ടാക്സിക്കായി ക്യു നിന്നു. എന്തായാലും ചെറിയ ഇംഗ്ലീഷ് വാക്കുകള്‍ സംസാരിക്കുന്ന ഒരു ഡ്രൈവര്‍ ആണ് ഞങ്ങള്‍ക്ക് കിട്ടിയത്. ഞങ്ങളുടെ മൂന്നു പേരുടെയും വലിയ പെട്ടികള്‍ അദേഹം വളരെ കൂള്‍ ആയി വാഹനത്തില്‍ കയറ്റി. ഞങ്ങള്‍ പറഞ്ഞ ഹോട്ടല്‍ അദേഹത്തിന് മനസിലായില്ല, ഒടുവില്‍ ഞങ്ങള്‍ ഹോട്ടലിന്റെ അഡ്രസ്‌ അയാള്‍ക്ക് കൊടുത്തു, വാഹനത്തിലെ നേവിഗേറ്റര്‍ അദേഹം ഓണ്‍ ചെയ്തു. ഇരുപതു മിനിട്ടില്‍ ഞങ്ങള്‍ ഹോട്ടലില്‍ എത്തി...

ഇരുട്ടി തുടങ്ങുന്നു, കഠിനമായ തണുപ്പ്. ഞങ്ങള്‍ കരുതി ഹോട്ടലില്‍ നിന്ന് ഹോട്ടല്‍ ബോയ്‌ വന്നു ലഗേജു ഇറക്കും എന്ന്. പക്ഷെ ഇന്ത്യയിലും ദുബായിലും ഒക്കെ ഉള്ള ഈ കാര്യപരിപാടി അവിടെ ഇല്ല. യാതൊരു ബഹളം ഒന്നും ഇല്ല ഹോട്ടലില്‍ . സ്ട്രീറ്റിലും ജനങ്ങള്‍ ഒന്നും ഇല്ല, എവിടെയും വിജനത. എനിക്കും ബഷീറിനും മാത്രമേ ഹോട്ടലില്‍ റിസര്‍വേഷന്‍ ഉള്ളു, പിള്ള ചേട്ടനും കൂടി താമസിക്കുവാന്‍, മൂന്നു ബെഡ് ഉള്ള വലിയി മുറി അവര്‍ അറേഞ്ച് ചെയ്തു തന്നു... ആകെ ഹോട്ടലില്‍ കണ്ടത് രണ്ടു റിസപ്ഷനിസ്റ്റ്കള്‍ മാത്രം. ഞങ്ങള്‍ ലഗേജു മുറിയില്‍ കൊണ്ടേ വച്ച്, ഫ്രഷ്‌ ആയി തിരിച്ചു വന്നു... നല്ല വിശപ്പ്‌...ഏറ്റവും അടുത്ത ഇന്ത്യന്‍ ഭക്ഷണ ശാല ഞങ്ങള്‍ അന്വേഷിച്ചു. എനിക്കും പിള്ള ചേട്ടനും, ഏതെന്കിലും ഭക്ഷണം കിട്ടിയാല്‍ മതി, ഹോട്ടലിലെ റെസ്റ്റോരന്റില്‍ നിന്ന് ഭക്ഷണം കഴിക്കാനും ഞങ്ങള്‍ റെഡി. പക്ഷെ ബഷീറിന് ഇന്ത്യന്‍ ഭക്ഷണം നിര്‍ബന്ധം, അതും വെജിറ്റെറിയന്‍ മാത്രം. ഹലാല്‍ ഭക്ഷണം കിട്ടില്ലല്ലോ ജെര്‍മനിയില്‍ ... റിസപ്ഷനിസ്റ്റ് പറഞ്ഞു തന്ന ഇന്ത്യന്‍ ഭക്ഷണ ശാല തേടി അവര്‍ പറഞ്ഞു തന്ന വഴിയിലൂടെ ആ രാത്രിയില്‍ ഞങ്ങള്‍ നടന്നു... പോകുന്ന വഴിയില്‍ മിക്കവാറും കടകള്‍ എല്ലാം അടച്ചിരിക്കുന്നു... എങ്കിലും അപൂര്‍വം ആയി വഴിയില്‍ ചിലര്‍ ... മിക്കവര്‍ക്കും ഭാക്ഷ അറിയില്ല, അറിഞ്ഞാല്‍ തന്നെ ഇന്ത്യന്‍ ഭക്ഷണ ശാല അറിയില്ല. ഒടുവില്‍ ഒരു ചെറിയ ഗ്രോസറി ഷോപ്പില്‍ കയറി. അവിടെ മദ്യം കണ്ടപ്പോള്‍ പിള്ള ചേട്ടന് ഒരെണ്ണം മേടിക്കണം. ബഷീറിന് മദ്യം കഴിക്കുന്നത്‌ തന്നെ ഇഷ്ടം ഇല്ല, എങ്കിലും സൂത്രത്തില്‍ ഒരു വൈനും ഒരു വോട്കയും മേടിച്ചു... ഇന്ത്യം ഭക്ഷണ ശാല എന്ന ദൌത്യം ഉപേക്ഷിച്ചു, ഞങ്ങള്‍ തിരകെ ഹോട്ടലില്‍ പോയി എന്തെങ്കിലും കഴിക്കാം എന്ന് കരുതിയപ്പോള്‍ , ഒരു ബോര്‍ഡു കണ്ടു.

മുംതാസ്‌ മഹല്‍ , ഇന്ത്യന്‍ ഭക്ഷണ ശാല... വലിയ സന്തോസഹം തോന്നി... റെസ്റ്റോറന്റില്‍ വളരെ കുറച്ചു പേര്‍ മാത്രം. എന്തായാലും ഹിന്ദി സംസാരിക്കുന്ന വെയിറ്റര്‍ , ഞങ്ങള്‍ കാര്യം പറഞ്ഞു, ബഷീറിന് ഒപ്പം ഞങ്ങളും പച്ചക്കറി ഭക്ഷണം ഓര്‍ഡര്‍ ചെയ്തു... നല്ല തണുപ്പ്, പിള്ള പറഞ്ഞു നമുക്ക് ഓരോന്നോ വിട്ടാലോ? എന്തായാലും പറയുക തന്നെ..പിള്ളക്ക് ബഷീറിനടത്തു കുറച്ചു കൂടി സ്വാതന്ത്ര്യം ഉണ്ട്.. രണ്ടു പേര്‍ക്കും ഓരോ ചെറിയ ഗ്ലാസില്‍ വോഡ്ക വന്നു... സോഡയോ വെള്ളമോ കൂടെ വരും എന്ന് കരുതി കുറച്ചു നേരം ഇരുന്നു... പക്ഷെ വെയിറ്റര്‍ ഞങ്ങളെ ശ്രദ്ധിക്കുന്നു പോലും ഇല്ല... ഇതിനും മുന്‍പും ഡ്രൈ ആയി അടിച്ചിട്ടുണ്ട്... പക്ഷെ അതൊക്കെ, രണ്ടു മൂന്നെണ്ണം കഴിഞ്ഞിട്ട് മാത്രം. ഒടുവില്‍ എന്തും വരട്ടെ എന്ന് കരുതി പതുക്കെ എടുത്തു ചുണ്ടോടടുപ്പിച്ചു...പക്ഷെ തണുപ്പില്‍ അത് നന്നായി തോന്നി.. ഭക്ഷണം കഴിഞ്ഞു ഞങ്ങള്‍ നേരെ ഹോട്ടലിലേക്ക് നടന്നു... തണുപ്പ് ഉണ്ടെങ്കിലും മടുപ്പില്ല നടക്കാന്‍...റൂമില്‍ എത്തി, ഞാനും പിള്ള ചേട്ടനും ആദ്യം കുളിച്ചു വന്നു.. ബഷീര്‍ കുളിക്കാന്‍ പോയപ്പോള്‍ , ഞങ്ങള്‍ മേടിച്ച വോഡ്ക തുറന്നു, ഓരോ കവിള്‍ അകത്താക്കി ഒന്നും അറിയാത്തത് പോലെ കിടന്നുറങ്ങി.

രാവിലെ ഒന്‍പതു മണിക്ക് തന്നെ എക്സിബിഷന്‍ ഹാളില്‍ എത്തണം. എങ്കിലും അതിരാവിലെ ഉണര്‍ന്നു, റെഡിയായി. നല്ല ഒരു ബ്രെക്ഫാസ്റ്റ്‌ കഴിച്ചു....ചെറിയ മഴ പെയുഉന്നു.. എക്സിബിഷന്‍ ഹാളിലേക്ക് ഞങ്ങള്‍ ഒരു ടാക്സിയില്‍ കയറി.. ടാക്സിക്കാരനും ആയി സൗഹൃദം പങ്കു വച്ച്... ഇന്ത്യക്കാര്‍ ആണ് എന്ന് പറഞ്ഞപ്പോള്‍ അയ്യള്‍ക്ക് ഞങ്ങളോട് സ്നേഹക്കൂടുതല്‍ ... എക്സിബിഷന്‍ ഹാളിനു അടുത്ത ചെന്നപ്പോള്‍ അദേഹം ടാക്സിയുടെ മീറ്റര്‍ ഓഫ്‌ ചെയ്തു... വീണ്ടും വാഹനം ബെര്‍ലിനിലൂടെ മുന്നോട്ടു പോയി. ഏതാണ്ട് അര മണിക്കൂര്‍ അദേഹം ഞങ്ങളെ ബെര്‍ലിനില്‍ കറക്കി, തിരികെ എക്സിബിഷന്‍ ഹാളില്‍ കൊണ്ട് ചെന്നാക്കി... ആദ്യം മീറ്റര്‍ ഓഫ് ആക്കിയപ്പോള്‍ കണ്ട പണം മാത്രം മേടിച്ചു... ബാക്കി ഞങ്ങള്‍ക്ക് ഫ്രീ റൈഡ്...

അതി വിപുലം ആണ് എക്സിബിഷന്‍ ഹാള്‍..26 എക്സിബിഷന്‍ ഹാളുകള്‍ ചേര്‍ന്ന യൂറോപ്പിലെ തന്നെ ഏറ്റവും വലിയ എക്സിബിഷന്‍ സെന്ററുകളില്‍ ഒന്നായ മെസ്സേ ബെര്‍ലിന്‍ 1936 ല്‍ പണി കഴിപ്പിച്ചതാണ്....ലോകത്തിലെ ഏതാണ്ട് എല്ലാ രാജ്യങ്ങളില്‍ നിന്നും പ്രതിനിധികള്‍ എത്തുന്ന, നൂറില്‍ പരം രാജ്യങ്ങളുടെ സ്റ്റാളുകള്‍ ഉള്ള വിപുലമായ് ഫ്രൂട്ട് ആന്‍ഡ്‌ വെജിറ്റബില്‍ എക്സിബിഷന്‍ ആണ് ഫ്രൂട്ട് ലോജിസ്റ്റിക്ക.... എല്ലാ വര്‍ഷവും ഫെബ്രുവരി രണ്ടാം വാരത്തില്‍ ആണ് ഫ്രൂട്ട് ലോജിസ്റ്റിക്ക ബെര്‍ലിനില്‍ നടക്കുന്നത്...ഈ വര്ഷം130 രാജ്യങ്ങളില്‍ നിന്നും 56000ത്തില്‍ അധികം സന്ദര്‍ശകര്‍ , 2400 സ്റ്റാളുകള്‍ .. റഷ്യ, ഉക്രൈന്‍ എന്നീ രാജ്യങ്ങളിലെ ഇറക്കുമാതിക്കാരെ കാണുക ആണ് ലക്ഷ്യം, ഇന്ത്യയില്‍ ഉല്പാദിപ്പിക്കുന്ന തോംപ്സണ്‍ സീഡ്‌ലെസ്സ് എന്ന വൈറ്റ് ഗ്രേപ്സ് ആണ് ഞങ്ങള്‍ക്ക് കയറ്റി അയക്കുവാന്‍ ഉള്ളത്...

മഹാരാഷ്ട്രയിലെ നാസിക്കിലും സാംഗ്ലി, കൊല്‍ഹാപ്പൂര്‍ എന്നീ പ്രദേശങ്ങളില്‍ ആണ് ഇന്ത്യയില്‍ ഏറ്റവും നല്ല മുന്തിരി വിളയുന്നത്. ആട്ടം റോയല്‍ എന്ന പേരില്‍ അറിയപെടുന്ന കറുത്ത മുന്തിരി ശരദ്‌, തോംപ്സണ്‍ സീഡ്‌ ലെസ് എന്ന പച്ച മുന്തിരി ഇത് രണ്ടും ആണ് ഇന്ത്യയില്‍ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയുന്നത്...2010 ല്‍ മാത്രം 4000 ല്‍ അധികം കണ്ടെയ്നര്‍ (ഏകദേശം 50,000 മെട്രിക് ടന്‍ ) ഫ്രഷ്‌ മുന്തിരി ആണ് യൂറോപ്പിലേക്ക് കയറ്റി അയച്ചത്. എന്നാല്‍ ജെര്‍മനി ഇന്ത്യന്‍ മുന്തിരിയില്‍ നടത്തിയ രാസവസ്തു പരിശോധനയില്‍ അവര്‍ നിരോധിച്ച രാസവസ്തുക്കള്‍ ഉപയോഗിച്ചു എന്ന കാരണത്താല്‍ ഇന്ത്യന്‍ മുന്തിരിക്കു വിലക്ക് ഏര്‍പ്പെടുത്തിയിരിക്കയാണ്. മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങളില്‍ ആണ് യൂറോപ്പിലേക്ക് മുന്തിരി കയറ്റി അയക്കുന്നത്.

ഞങ്ങള്‍ നേരത്തെ തന്നെ അപ്പൊയിന്റ്മെന്റ് ‌ എടുത്തിരുന്ന റഷ്യന്‍ കച്ചവടക്കാരെ ആദ്യമേ പോയി കണ്ടു... റഷ്യന്‍ പഴം പച്ചക്കറി ബിസിനെസ്സുകാരില്‍ ഭൂരിഭാഗവും അസര്‍ബെയ്ജാനില്‍ നിന്നുള്ളവരാണ്. ഇംഗ്ലീഷ് സംസാരിക്കാന്‍ ഇവരില്‍ മിക്കവര്‍ക്കും കഴിയില്ല. അതിനാല്‍ ഇവര്‍ ദ്വിഭാഷികളായ റഷ്യന്‍ യുവതികളെ കൂടെ കൊണ്ട് നടക്കുന്നു... റഷ്യക്കാരും ആയി ഇടപഴകിയപ്പോള്‍ ശ്രദ്ധിച്ച ഒരു കാര്യം, സ്ത്രീകള്‍ , പത്യേകിച്ചു യുവതികള്‍ ആയവര്‍ മിക്കവാറും ഇംഗ്ലീഷ് സംസാരിക്കുന്നു, എന്നാല്‍ മിക്ക ആണുങ്ങള്‍ക്കും ഇപ്പോഴും ഇംഗ്ലീഷ് പരിജ്ഞാനം തുലോം കുറവാണ്.

നൂറില്‍ അധികം രാജ്യങ്ങളില്‍ നിന്നുള്ള പഴങ്ങളും പച്ചക്കറികളും കൊണ്ട് 26 സ്റ്റാളുകളും ഉത്സവ ലഹരിയില്‍ ആണ്... ഉച്ച ഭക്ഷണവും , ലഘു ഭക്ഷണവും എല്ലാം സ്ട്ടലുകളിലെ സാമ്പിളില്‍ കഴിച്ചു. ഇന്ത്യക്കാരോട് റഷ്യ ഒഴികെ ഉള്ള രാജ്യക്കാര്‍ പ്രത്യേക പരിഗണന തന്നു. ആറു മണിയോടെ തന്നെ എക്സിബിഷന്‍ സമാപിച്ചു എങ്കിലും പല സ്റ്റാളുകളിലും വൈനും മദ്യവും സൌജന്യം ആയി വിളമ്പുന്ന കാഴ്ച കണ്ടു ഞങ്ങള്‍ പുറത്തിറങ്ങി...പുറത്തു മരം കോച്ചുന്ന തണുപ്പില്‍ ടാക്സിക്കായി നീണ്ട നിര. ഞങ്ങളും ആ നിരയില്‍ സ്ഥാനം പിടിച്ചു.... കറുത്ത നിറത്തിലുള്ള നല്ല ആവി പൊന്തുന്ന ദ്രാവകം അവിടെ ക്യുവില്‍ വിതരണം ചെയുന്നു.. ഇവിടെയും കട്ടന്‍ കാപ്പി കിട്ടുമോ എന്നാ കൌതുകത്തോടെ ഞങ്ങള്‍ ഓരോ ഗ്ലാസ്‌ മേടിച്ചു. വായിലേക്ക് വച്ചപ്പോള്‍ ആണ്, ഞങ്ങള്‍ക്ക് മനസിലായത്, അത് ചൂടാക്കിയ വൈന്‍ ആയിരുന്നു എന്ന്. എന്തായാലും ചൂടുള്ള വൈന്‍ ആ തണുപ്പില്‍ എനിക്കും പിള്ള ചേട്ടനും അനുഗ്രഹമായി തോന്നി...

തിരികെ ഹോട്ടലില്‍ വന്നു ഫ്രഷ്‌ ആയി, ഞങ്ങള്‍ പതിവ് പോലെ ബെര്‍ലിന്‍ നഗരം കണ്ടു കണ്ടു ഒടുവില്‍ വീണ്ടും മുംതാസ് മഹല്‍ ഹോട്ടലില്‍ എത്തി, അതിന്റെ ഉടമസ്ഥന്‍ ആയ പാകിസ്ഥാനിയും ആയി സൗഹൃദത്തിലായി. യൂറോപ്പില്‍ സാധാരണ കാണുന്ന ഇന്ത്യന്‍ ഹോട്ടലുകള്‍ നടത്തുനത് ഇന്ത്യന്‍ കച്ചവടക്കാരെക്കള്‍ പാകിസ്ഥാനികള്‍ ആണ്, ഇംഗ്ലണ്ട് പോലുള്ള സ്ഥലങ്ങളില്‍ ബംഗ്ലാദേഷികളും അനേകം ഇന്ത്യന്‍ ഭക്ഷണ ശാലകള്‍ നടത്തുന്നു. ഞങ്ങള്‍ കണ്ട പാകിസ്ഥാനി , വര്‍ഷങ്ങള്‍ക്ക് മുന്‍പ് കള്ള വണ്ടി കയറി വന്നു പൌരത്വം നേടിയ ആള്‍ ആണ് എന്ന് തോന്നുന്നു, ഗ്രീസിലൂടെ ഇപ്പോഴും അനേകര്‍ ഇങ്ങനെ കടന്നു വരുന്നുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്. അദേഹത്തിന്റെ രണ്ടാം ഭാര്യ ആയ തുര്‍ക്കികാരി ആണ് അടുക്കളയില്‍ ഇന്ത്യന്‍ ഭക്ഷണം പാകം ചെയുന്നത്. വെയിറ്റര്‍ ഡല്‍ഹിക്കാരനും. കടയില്‍ തിരക്ക് കുറവാണ്, പക്ഷെ പാകിസ്ഥാനി പറഞ്ഞു , മെയ്‌ , ജൂണ്‍ മാസങ്ങളില്‍ കടയില്‍ വല്ലാത്ത തിരക്കാണ്, അപ്പോള്‍ നേപ്പാളില്‍ നിന്ന് വിദ്യാഭ്യാസത്തിനു വരുന്ന പെന്‍കുട്ടികള്‍ ആണ് അവിടെ വെയിറ്ററസ് ആയി വരുന്നത്.‌ സന്ദര്‍ശകര്‍ക്ക് ഏറ്റവും നല്ല സമയവും മെയ്‌, ജൂണ്‍ മാസങ്ങള്‍ ആണ്... തണുപ്പ് കാലം കഴിയുമ്പോള്‍ ആണ് ജനം പുറത്തിറങ്ങുന്നത്.

രണ്ടാം ദിവസവും ഞങ്ങള്‍ കൃത്യ സമയത്ത് തന്നെ എക്സിബിഷന്‍ ഹാളില്‍ പോയി... മിക്കവാറും ഓരോ ഹാളിലും ഓരോ രാജ്യക്കാരുടെ സ്റ്റാളുകള്‍ .. ഞങ്ങള്‍ ഇന്ത്യന്‍ സ്റ്റാള്‍ തേടി പോയി... ഇന്ത്യക്ക് പേരിനു ഒരു സ്റ്റാള്‍ മാത്രം. അതും സര്‍ക്കാരിന്റെ കയറ്റുമതി പ്രോത്സാഹിപ്പിക്കുവാന്‍ വേണ്ടി ഉള്ള സ്റ്റാള്‍ .. അവിടെ യാതൊരു തിരക്കും കണ്ടില്ല. രണ്ടാം ദിവസവും തിരക്കില്‍ ചേര്‍ന്ന്, നടന്നു... ബഷീറിന് ചില പാകിസ്ഥാന്‍ കച്ചവടക്കാരെ സുഹൃത്തുക്കള്‍ ആയി കിട്ടി. ഞാനും പിള്ള ചേട്ടനും കൂടി മറ്റൊരു സ്റ്റാളില്‍ എത്തി... ഇപ്പോള്‍ എക്സിബിഷന്‍ കഴിയുന്നു...അവിടെ വച്ച് ഒരു ഫ്രെഞ്ച് കാരനെ കണ്ടു മുട്ടി.

സൌജന്യം ആയി വൈന്‍ കിട്ടിയാല്‍ ആരെങ്കിലും വേണ്ടെന്നു പറയുമോ? ഒഴിച്ച് തരുന്നതോ, കോളേജൂ കുമാരിയായ ജര്‍മ്മന്‍ കാരി... അവളുമായി ഞങ്ങള്‍ പെട്ടെന്ന് ലോഹ്യത്തില്‍ ആയി, അതിനാല്‍ ഗ്ലാസ്സുകള്‍ നിറഞ്ഞു കൊണ്ടിരുന്നു. ബഷീര്‍ വന്നപ്പോഴേക്കും ഞങ്ങള്‍ അത്യാവശ്യം മൂഡില്‍ ആയി... ...എന്തായാലും ഞങ്ങള്‍ വീണ്ടും ടാക്സി ക്യൂവില്‍ ...

ഹോട്ടലില്‍ ചെന്ന് ഫ്രഷ്‌ ആയി, രാത്രിയില്‍ വീണ്ടും നഗരം ചുറ്റുവാന്‍ പോയി... മിക്കവാറും എല്ലാ കടകളും അടഞ്ഞു കിടക്കുന്നു.. റെയില്‍വെ സ്റേഷന് മുന്‍പില്‍ മാത്രം ട്രെയിന്‍ ഇറങ്ങി വരുന്ന, മൂടി പുതച്ച രൂപങ്ങള്‍ ... കുറച്ചധികം നടന്നു മടുത്തപ്പോള്‍ വീണ്ടും മുംതാസ്‌ മഹല്‍ .. ഭക്ഷണം കഴിഞ്ഞു ഹോട്ടലിലേക്ക്...ബഷീര്‍ കുറെ പാകിസ്ഥാന്‍ കച്ചവടക്കാരും ആയി ചര്‍ച്ചയിലും. പോകുമ്പോള്‍ പിള്ള ചേട്ടന്‍ പറഞ്ഞു...നമുക്ക് നൈറ്റ്‌ ക്ലബ്ബുകള്‍ സന്ദര്‍ശിക്കണം... പക്ഷെ ആര്‍ സഹായിക്കും? ആരെയും പരിചയം ഇല്ല... തിരികെ നാട്ടില്‍ വരുമ്പോള്‍ ഇതൊന്നും കണ്ടില്ല എന്ന് പറഞ്ഞാല്‍ മോശം അല്ലെ? ഒടുവില്‍ പിള്ള ചേട്ടന്‍ തന്നെ ഒരു ഉപായം പറഞ്ഞു... മുംതാസ്‌ മഹല്‍ റെസ്റ്റോറന്റിന്റെ ഉടമസ്ഥനും ആയി സംസാരിക്കാം... അയ്യാള്‍ ഞങ്ങളെ നൈറ്റ്‌ ക്ലബ്‌ എന്ന പേരില്‍ കാണിക്കാന്‍ കൊണ്ട് പോയത് ബെര്‍ലിനിലെ വേശ്യാലയങ്ങളില്‍ ആണ്. അധികൃതം ആയതും അല്ലാത്തതും ആയ അനേകം വേശ്യാലയങ്ങള്‍ ബെര്‍ലിനിലും പ്രവര്‍ത്തിക്കുന്നു എന്ന് അദേഹം പറഞ്ഞു. വേശ്യകള്‍ കൂടുതലും പഴയ റഷ്യയുടെ അംഗരാജ്യങ്ങളില്‍ നിന്ന് വന്നവരോ പൂര്‍വ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് വന്നവരോ ആണ് പോലും. ക്ലബ്ബുകള്‍ അല്ലാത്തതിനാല്‍ ഇത് പോലുള്ള പ്രദേശത്തു പോകുവാന്‍ താല്പര്യം തോന്നാത്തതിനാല്‍ ഞങ്ങള്‍ തിരികെ ഹോട്ടലില്‍ വന്നു.

നാളെ വെള്ളിയാഴ്ച. നാളെ ഒരു ദിവസം കൂടി മാത്രം എക്സിബിഷന്‍. എക്സിബിഷന്‍ കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഹോട്ടല്‍ കാലിയാക്കി ഹോളണ്ടിലേക്ക് പോകണം... രാവിലെ നേരത്തെ റെഡിയായി. പായ്ക്ക് ചെയ്തു... പക്ഷെ ഹോളണ്ടിലേക്കുള്ള യാത്രക്കായി ടിക്കറ്റ് ബുക്ക്‌ ചെയ്യണം... പക്ഷെ ഉച്ച കഴിഞ്ഞുള്ള എല്ലാ ട്രെയിനും വിമാനങ്ങളും ഫുള്‍ ആണ്... കാരണം എക്സിബിഷന്‍ കഴിഞ്ഞു ഹോളണ്ടില്‍ നിന്ന് വന്നവര്‍ എല്ലാം അന്ന് തന്നെ തിരികെ പോകുന്നു... ഹോട്ടലിലെ റിസപ്ഷനിസ്റ്റ്‌ , ക്രിസ്റ്റീന സുന്ദരിയായ ജര്‍മ്മന്‍കാരിയുമായി നല്ല സൌഹൃദത്തില്‍ ആയി..അവള്‍ പറഞ്ഞതനുസരിച്ച് ഒടുവില്‍ ഞങ്ങള്‍ , ഒരു ദിവസം കൂടി ആ ഹോട്ടലില്‍ തങ്ങുവാനും ശനിയാഴ്ച രാവിലെ ആംസ്റ്റര്‍ ഡാമിലേക്ക് പോകുവാനും തീരുമാനിച്ചു.

എക്സിബിഷന് ഹാളില്‍ ചെന്നപ്പോള്‍ ആണ് ഒരു കാര്യം മനസിലായത്.. ഞങ്ങള്‍ ആദ്യ ഒരു ദിവസത്തെക്ക് മാത്രമേ പാസ് എടുത്തിട്ടുള്ളൂ.. രണ്ടാം ദിവസം തിരക്കിനിടയില്‍ ചെക്കിംഗ് ഇല്ലാതെ അകത്ത് കടന്നു. ഇന്നിതാ മുന്നില്‍ പാസ്സ് ചെക്ക് ചെയുന്നു...എന്തായാലും ഞങ്ങളുടെ പാസ്‌ അവര്‍ ചെക്ക് ചെയ്തു, അകത്ത് കടത്തി വിട്ടു...

ഇന്ന് അവസാന ദിവസം ആണ്, ഞങ്ങള്‍ എക്സിബിഷന്‍ പൂര്‍ണ്ണമായി കാണുവാനായി വളരെ തിടുക്കത്തില്‍ തന്നെ ശ്രമിച്ചു. ഇന്ത്യന്‍ സ്റ്റാളില്‍ , ജെര്‍മനിയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജെനെറല്‍ വന്നിരുന്നു, അദേഹവും ആയി ഇന്ത്യന്‍ പഴങ്ങളുടെ ഇറക്കുമതിയെ കുറിച്ച് സംസാരിച്ചു.

സൗത്ത്‌ ആഫ്രിക്ക, ബ്രസീല്‍ , പെറു, ചിലി , അര്‍ജെന്റീന , ഹോളണ്ട് , ഇറ്റലി, തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു, പാകിസ്ഥാന്‍ സ്റ്റാളും സന്ദര്‍ശിച്ചു. അവിടെ ഞങ്ങളുടെ പാകിസ്ഥാനിലെ സഹ കച്ചവടക്കാരനെ കണ്ടു, അദേഹത്തിന്റെ സ്റ്റാളില്‍ ഞാനും പിള്ളചെട്ടനും ബഷീറും നില്‍ക്കുമ്പോള്‍ , ജെര്‍മനിയിലെ പാകിസ്ഥാന്‍ ഹൈ കമ്മീഷണര്‍ വന്നു. എന്നെയും ബഷീറിനെയും പാകിസ്ഥാനി ആണ് എന്ന് കരുതി , ഉറുദുവില്‍ ഞങ്ങളോട് സംസാരിക്കുന്നു. ഞങ്ങള്‍ക്ക് മറുപടി ഒന്നും പറയുവാന്‍ സാധിക്കാത്ത അവസ്ഥ. അബദ്ധത്തില്‍ എന്തെങ്കിലും പറഞ്ഞാല്‍ ഞങ്ങള്‍ പാകിസ്താനി അല്ല എന്ന് അദേഹത്തിന് മനസിലാവുകയും അത് ഒരു പക്ഷെ അദേഹത്തിന് നാണക്കെട് ഉണ്ടാകുകയും ചെയ്യും. ഏതോ പാകിസ്ഥാന്‍ ചാനലുകാര്‍ ആ രംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നു. ഹൈ കമ്മീഷണര്‍ പിള്ളയെ നോക്കിയിട്ട്, നിങ്ങള്‍ കാണ്ഡഹാറില്‍ നിന്നുള്ള ആളാണോ എന്ന് ...ഞാന്‍ പാകിസ്ഥാനി സുഹൃത്തിന്റെ മുഖത്തേക്ക് ദയനീയമായി നോക്കി, ഉടന്‍ തന്നെ ഞങ്ങളോടുള്ള ചോദ്യങ്ങള്‍ക്ക് അദേഹം മറുപടി പറഞ്ഞു തുടങ്ങി.

അവസാന ദിവസം ആയതിനാല്‍ ആകും എല്ലാവരും യാത്രക്കുള്ള ശ്രമങ്ങള്‍ തുടങ്ങുന്നു. മിക്ക സ്റ്റാളുകളിലും പായ്ക്കിംഗ് തുടങ്ങി... ഇപ്പോള്‍ എല്ലാവരുടെയും ശ്രദ്ധ ടി വി സ്ക്രീനുകളുടെ മുന്നിലേക്കാണ്. ഈജിപ്റ്റില്‍ ഹോസ്നി മുബാറക്‌ അധികാരത്തില്‍ നിന്നൊഴിഞ്ഞു, അവിടെ ജനാധിപത്യം അധികാരത്തിലേക്ക് വരുന്നതിന്റെ സന്തോഷത്തില്‍ ആണ് എല്ലാവരും. എവിടെയും വൈന്‍ ഒഴുകുന്നു. ഞങ്ങളും ആ സന്തോഷത്തില്‍ പങ്കുകാരായി.

അങ്ങനെ മൂന്നു ദിവസത്തെ ബെര്‍ലിന്‍ എക്സിബിഷന്‍ കഴിഞ്ഞു, ഞങ്ങള്‍ വീണ്ടും ഹോട്ടലിലേക്ക് ... ഇനി ബെര്‍ലിന്‍ ഒക്കെ ഒന്ന് ചുറ്റി കറങ്ങണം. സമയം ഇരുട്ടി തുടങ്ങിയിരിക്കുന്നു. ഹോട്ടലില്‍ വന്നു, ക്രിസ്റ്റീനയോട് ചോദിച്ചു മനസിലാക്കിയപ്പോള്‍ ആണ് അറിഞ്ഞത്, ബെര്‍ലിനില്‍ പറയത്തക്ക ടൂറിസ്റ്റു സ്പോട്ടുകള്‍ ഒന്നും ഇല്ല. ചില കോണ്‍സെന്ട്രേഷന്‍ ക്യാമ്പ്‌കള്‍ , ആയിരം അടി ഉയരം ഉള്ള ടി വി ടവര്‍ , പിന്നെ ബെര്‍ലിന്‍ മതില്‍ .. ബെര്‍ലിന്‍ മതില്‍ ഒന്ന് പോയി കാണണം എന്ന് കരുതി എങ്കിലും അത് കുറെ ദൂരെ ആണ് എന്നറിഞ്ഞതിനാല്‍ വീണ്ടും ബെര്‍ലിന്‍ സിറ്റി നടന്നു കാണുവാന്‍ ഞങ്ങള്‍ ഇറങ്ങി തിരിച്ചു. രാത്രി ഭക്ഷണത്തിനു മുംതാസ് മഹല്‍ റെസ്റ്റോറന്റില്‍ എത്തിയപ്പോള്‍ , അദേഹം അന്നു ഞങ്ങള്‍ക്ക് ഫ്രീ ആയി വൈന്‍ വിളമ്പി.

ബെര്‍ലിനില്‍ ഏറ്റവും ബുദ്ധിമുട്ടായി തോന്നിയത്, ഇവിടെ ഉള്ള വാഷ്‌ റൂമുകള്‍ ആണ്. പേപ്പര്‍ അല്ലാതെ, ഒരു ടോയിലറ്റില്‍ പോലും വെള്ളം ഇല്ല. ആദ്യ യാത്ര ആയതിനാല്‍ അപ്രതീക്ഷമായ ഈ വെള്ളമില്ലായ്മ ഞങ്ങളെ അലട്ടി. പക്ഷെ ഈ യാത്രയില്‍ ഞങ്ങള്‍ ശ്രദ്ധിച്ച മറ്റൊരു കാര്യം, ഇവിടെ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഉള്ള സമത്വം, പുരുഷന്മാര്‍ മാത്ര ഉപയോഗിക്കുന്ന പൊതു ടോയിലറ്റുകള്‍ പോലും സ്ത്രീകള്‍ വൃത്തിയാക്കുന്നു. അവര്‍ക്ക് അതൊരു ബുദ്ധിമുട്ടുള്ള പണിയായി തോന്നിയിട്ടും ഇല്ല. ബെര്‍ലിനില്‍ മിക്ക കച്ചവട സ്ഥാപനങ്ങളും രാവിലെ 9 മണിക്കോ 10 മണിക്കോ ആണ് തുറക്കുക, വൈകുന്നേരം 5 നോ 6 നോ അടയ്ക്കുകയും ചെയും. അതിനാല്‍ വീഥികള്‍ പലതും നിശ്ചലമായിരുന്നു.

എന്തായാലും വെളുപ്പിനെ എയര്‍ പോര്‍ട്ടില്‍ എത്തണം, പെട്ടികള്‍ വീണ്ടും പായ്ക്ക് ചെയ്തു, ബാക്കിയിരുന്ന വോഡ്കയും അകത്താക്കി സുഖ സുഷുപ്തിയിലേക്ക്...

6 comments:

  1. നൈറ്റ് ക്ലബ്ബ് എന്ന പേരിൽ എത്തിപ്പെട്ട വേശ്യാലയത്തിൽ കൂടുതലും റഷ്യൻ മാംസം. ജർമ്മനിയിൽ മാത്രമല്ല മറ്റ് പല രാജ്യങ്ങളിലേയും ചുവന്ന തെരുവുകളിൽ റഷ്യൻ മാംസം തന്നെയാണ് കൂടുതലും. ഡൽഹിയിൽ വരെ ഒരുകാലത്ത് റഷ്യൻ യുവതികളുടെ പരേഡായിരുന്നു.

    എങ്ങനെ കഴിഞ്ഞിരുന്ന രാജ്യമാണ്. എവിടെയാണ് പിഴവ് പറ്റിയതെന്ന് ആരെങ്കിലും അന്വേഷിച്ചോ ? പഠിച്ചോ ? ഉത്തരം വല്ലതും കിട്ടിയോ ? ആ... ആർക്കറിയാം.

    ReplyDelete
  2. ഞാന്‍ റഷ്യയില്‍ പോയപ്പോള്‍ ഈ വിഷയത്തെ കുറിച്ച് പല രാഷ്യക്കരോടും തിരക്കിയിരുന്നു. അവര്‍ പറഞ്ഞ മറുപടി തികച്ചും ഞെട്ടിപ്പിക്കുന്നത് ആയിരുന്നു. നമ്മുടെ നാട്ടില്‍ നിന്നൊക്കെ ജോലിക്കെന്നു പറഞ്ഞു കൊണ്ട് പോയി ചതിയില്‍ പെടുത്തുന്ന അതെ രീതി തന്നെ ആണ് റഷ്യയിലും മാംസ മാഫിയകള്‍ നടത്തിയിരുന്നതെ. അതെക്കുറിച്ച് ഞാന്‍ പിന്നാലെ എഴുതാം.

    ReplyDelete
  3. ഒരു യാത്ര പോയ സുഖം..

    ReplyDelete
  4. നന്ദി, ഇത് ആദ്യ എഴുത്ത് ആണ്. മലയാള നാടിനു വേണ്ടി എഴുതിയത്. അതിനാല്‍ പല തെറ്റുകളും ആണും.

    ReplyDelete